x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ദൃശ്യകലകളുടെ ക്രിസ്തുഭാഷ

Authored by : Dayi Kunnath On 29-May-2021

വര്‍ത്തമാനകാലത്തിന്‍റെ ഭാഷയിലും സംസ്ക്കാരത്തിലും കലയിലും കാഴ്ചപ്പാടുകളിലും ക്രിസ്തു എപ്രകാരം അവതരിപ്പിക്കപ്പെടുന്നുവെന്ന അന്വേഷണമാണ് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം. കാണാനും കേള്‍ക്കാനും ചിന്തിക്കുവാനുമുള്ള മനുഷ്യന്‍റെ കഴിവുകള്‍ ദൈവദാനമാണ്. ഇതേ കഴിവുകളുപയോഗിച്ചാണ് അവന്‍ ദൈവത്തെ കാണുകയും കേള്‍ക്കുകയും സംവദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നത്. ഇത്തരത്തില്‍, ദൈവവും മനുഷ്യനും തമ്മില്‍ നടത്തുന്ന പങ്കുവെയ്ക്കലിന്‍റെ ദൃശ്യ ഭാഷയാണ് സൃഷ്ടപ്രപഞ്ചം. ഒരു ചെറുപൂവിന്‍റെ സൗന്ദര്യത്തേക്കാള്‍ അധികമാണ് മനുഷ്യനിലുള്ള ദൈവഛായയുടെ ആകര്‍ഷണീയത. സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍ സൃഷ്ടപ്രപഞ്ചത്തിന്‍റെ ചലനത്തിലും സൗന്ദര്യത്തിലും ദൈവത്തെ കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടല്‍ കലാപരമായ അരങ്ങിന്‍റെ ഭാഷയിലേക്കും വര്‍ണങ്ങള്‍ നിറഞ്ഞ അത്ഭുതങ്ങളിലേക്കും വഴിതുറക്കുന്നു.

1. കലയുടെ ഭാഷ

അരങ്ങില്‍ അവതരിപ്പിക്കപ്പെടുന്ന ക്രിസ്തുവിനെ മനസ്സിലാക്കുന്നതിനു മുമ്പ് കലയുടെ ഭാഷ എന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കല ആവശ്യപ്പെടുന്ന ഭാഷയെ മൂന്ന് രീതികളിലാണ് നാം മനസ്സിലാക്കുന്നത്:

1.1 നിരീക്ഷണം
നിറങ്ങളെ തിരിച്ചരിയാനുള്ള മനുഷ്യന്‍റെ കഴിവ് വലിയൊരു അത്ഭുതമാണ്. നിറങ്ങളുടെ ചേര്‍ച്ചകള്‍ ആണ് കാഴ്ചയുടെ ആധാരം. കണ്ണുകൊണ്ട് കാണുന്നതു മാത്രമല്ല ഒരുവന്‍റെ നിരീക്ഷണത്തിന്‍റെ ഭാഗമാവുക. ഇന്ദ്രിയങ്ങളെ തേടിയെത്തുന്നതെന്തും അവന്‍റെ നിരീക്ഷണപരിധിയ്ക്കുള്ളിലുള്ളതാണ്. പുതിയ നിയമത്തിലെ ക്രിസ്തുശിഷ്യന്‍റെ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ ക്രിസ്തുവിന്‍റെ രൂപവും ചലനവും ഭാഷയും നിരീക്ഷണത്തിന്‍റെ ഭാഗമാകുകയാണ്. കലകള്‍ ആരംഭിക്കുന്നത് ഇത്തരത്തിലുള്ള നിരീക്ഷണത്തിലാണ്. സൃഷ്ടിയുടെ ആരംഭം മുതല്‍ ഈ പ്രവണത മനുഷ്യനില്‍ ദൃശ്യമാണ്. മൃഗങ്ങളുടെ ശബ്ദവും ചലനവും അനുകരിക്കാന്‍ മനുഷ്യന് കഴിഞ്ഞപ്പോള്‍ അവയെ വേട്ടയാടാനും മെരുക്കാനും മനുഷ്യന് സാധിച്ചു. അങ്ങനെ ഏതൊരു കലയുടെ തുടക്കത്തിലും നിരീക്ഷണം സ്ഥാനംപിടിക്കുന്നു.

1.2 ഭാവന
കാഴ്ചയില്‍ പതിഞ്ഞത് മനുഷ്യന്‍ മറക്കുന്നില്ല. കാഴ്ചകള്‍ മനസ്സിന്‍റെ ഏകാന്തതയില്‍ അവനെ ധ്യാനത്തിലേക്ക് നയിക്കുന്നു. കലയുടെ രണ്ടാം ഭാഗമായ ഭാവന ഇവിടെ ഇതള്‍വിരിയുകയാണ്. സുവിശേഷങ്ങളുടെ വായന സൃഷ്ടിക്കുന്ന ഭാവനയില്‍ സുവിശേഷത്തിലെ ക്രിസ്തുവും അവിടുന്ന് കണ്ടുമുട്ടുന്നവരും കലാകാരന്‍റെ മനസ്സില്‍ പുനര്‍ജനിക്കുന്നു.

1.3 ക്രിയാത്മകത
നിരീക്ഷണവും ഭാവനയുമാണ് ക്രിയാത്മകതയുടെ അടിസ്ഥാനം. കാഴ്ചകള്‍ കലാപരമായ ധ്യാനത്തിന് വിധേയമാകുമ്പോള്‍ എഴുത്തിന്‍റെയും ചിത്രകലയുടെയും ഫോട്ടോഗ്രഫിയുടെയും സിനിമയുടെയും ഭാഷകള്‍ രൂപപ്പെടുന്നു.

2. കലാപ്രകാശനങ്ങളെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍

വിവിധതരത്തിലുള്ള കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന നിലപാടുകളാണ് കത്തോലിക്കാസഭ എന്നും കൈക്കൊണ്ടിട്ടുള്ളത്. മാര്‍പാപ്പാ പദവിയില്‍ നിന്നും വിരമിച്ച ബനഡിക്ട് പിതാവിന്‍റെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മര്‍ത്തവ്യമാണ്: "ദൈവവചനവും സംസ്കാരവും തമ്മിലുള്ള ബന്ധം വിവിധ മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് കലകളില്‍, പ്രകാശനം കണ്ടിട്ടുണ്ട്. ഇക്കാരണത്താല്‍ പൗരസ്ത്യ-പാശ്ചാത്യനാടുകളിലെ മഹാപാരമ്പര്യങ്ങള്‍, വിശുദ്ധലിഖിതങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട കലാരൂപങ്ങളെ എന്നും വിലമതിച്ചിട്ടുണ്ട്. രൂപപരമായ കലകള്‍, ശില്പം, സാഹിത്യം, സംഗീതം എന്നിവ അതിന് ഉദാഹരണങ്ങളാണ്"[1]. കലാകാരന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഭയുടെ പാരമ്പര്യം ചരിത്രത്തില്‍ വളരെ പ്രകടമാണ്. മൈക്കല്‍ ആഞ്ചലോ, ലെയനാര്‍ദോ ദാവിഞ്ചി എന്നിവര്‍ ഉദാഹരണങ്ങള്‍ മാത്രം. ഇവരെല്ലാവരും വിശുദ്ധ ലിഖിതങ്ങളില്‍ നിന്നും പ്രചോദനം സ്വീകരിച്ചവരാണെന്നതാണ് സഭയ്ക്കുള്ളില്‍ അവരുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പരിശുദ്ധ പിതാവ് തുടരുന്നു:
"വിശുദ്ധലിഖിതങ്ങളില്‍ നിന്നു പ്രചോദനം സ്വീകരിച്ച 'സൗന്ദര്യാരാധകന്മാരായ' ആ കലാകാരന്മാരെ മുഴുവന്‍ സഭയും സിനഡുപിതാക്കന്മാരോടൊപ്പം അഭിനന്ദിക്കുകയും വിസ്മയപൂര്‍വ്വം വിലമതിക്കുകയും ചെയ്യുന്നു. അവര്‍ നമ്മുടെ ദേവാലയങ്ങള്‍ അലങ്കരിക്കാനും നമ്മുടെ വിശ്വാസം ആഘോഷിക്കാനും ആരാധനാക്രമം സമ്പന്നമാക്കാനും സഹായിച്ചിട്ടുണ്ട്"[2].

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനരേഖകള്‍ സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങളെ സംബന്ധിക്കുന്ന ഡിക്രി[3]യില്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. നല്ല പ്രസിദ്ധീകരണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കത്തോലിക്കാപ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു. മാന്യമായ വിനോദത്തിനും മാനുഷികസംസ്കാരത്തിനും ഉപകാരപ്രദമായ കലകള്‍ക്കും സഹായകമാകുന്ന ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും വേണം. മാന്യമായ ചലച്ചിത്രങ്ങളെ നിരൂപണം വഴിയായി അംഗീകരിച്ചും അവര്‍ഡുകള്‍ നല്കിയും പ്രോത്സാഹിപ്പിക്കണം. നാടകത്തെക്കുറിച്ചും സൂനഹദോസ് രേഖ സൂചിപ്പിക്കുന്നുണ്ട്: "പുരാതനവും കുലീനവുമായ നാടകകല സാമൂഹ്യസമ്പര്‍ക്കമാദ്ധ്യമങ്ങള്‍ വഴി ഇന്ന് എല്ലായിടത്തും പ്രചരിച്ചിട്ടുണ്ട്. ഇത് കാഴ്ചക്കാരുടെ സാംസ്കാരികവും സാന്മാര്‍ഗ്ഗികവുമായ അഭിവൃദ്ധിക്കുപകരിക്കുന്നവയാകാന്‍ പരിശ്രമിക്കേണ്ടതാണ്"[4].

3. ദൃശ്യകലകളിലെ ക്രിസ്തുസാന്നിദ്ധ്യം

വിവിധ കലാരൂപങ്ങളും അവയിലൂടെ പ്രകാശിതമാകുന്ന ക്രിസ്തുമുഖവും സ്ഥലവിസ്താരം ഭയന്ന് പ്രതിപാദനവിധേയമാക്കുന്നില്ല. എങ്കിലും ദൃശ്യകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയായ ചിത്രകല, നാടകം, സിനിമ എന്നിവ മാത്രം ഇവിടെ പരിശോധിക്കുകയാണ്. ക്രിസ്തുവിനെ അംഗീകരിച്ചും നിരാകരിച്ചും നിഷേധിച്ചും ഉള്ള അവതരണങ്ങള്‍ ഇവിടെ സുലഭമാണ്. എങ്കിലും ദൃശ്യകലകളിലെ ക്രിസ്തുസാന്നിദ്ധ്യം തിരയുമ്പോള്‍ ദൈവികത പ്രകാശിതമാകുന്ന കലാസൃഷ്ടികളാണ് ഈ ലേഖനത്തില്‍ കൂടുതലായും പരിഗണിക്കപ്പെടുന്നത്.

3.1 ചിത്രകല
യേശുവിന്‍റെ ആദ്യചിത്രങ്ങള്‍ കാണപ്പെട്ടത് റോമിലെ ഭൂഗര്‍ഭകല്ലറകളിലെ ഭിത്തികളിലാണ് (catacombs). എ.ഡി. 375-ല്‍ ആദിമക്രിസ്ത്യാനികള്‍ വരച്ച ഒരു യേശുചിത്രം കണ്ടെടുക്കുകയുണ്ടായി. പിന്നീട് വിശ്വാസികള്‍ യേശുവിന്‍റെ ചിത്രം കല്ലുകളിലും മാര്‍ബിളുകളിലും കൊത്തിയുണ്ടാക്കാന്‍ തുടങ്ങി. ആറാം നൂറ്റാണ്ടുമുതല്‍ക്ക് ക്രിസ്തുവിന്‍റെ ഐക്കണ്‍സ് പ്രചാരത്തിലായി. 1070-മുതല്‍ യേശുവിന്‍റെ ചിത്രങ്ങള്‍ ദേവാലയത്തിന്‍റെയും മറ്റും ചില്ലുകളില്‍ ആലേഖനം ചെയ്യാന്‍ തുടങ്ങി[5].

ചിത്രകലയുടെ ചരിത്രത്തില്‍ ക്രിസ്തുമുഖം പല രീതികളിലും ഭാവങ്ങളിലും പ്രത്യക്ഷമാകുന്നത് നമുക്ക് കാണാന്‍ സാധിക്കും. വിപ്ലവകാരിയായും തടവുപുള്ളിയായും പ്രവാചകനായും ഋഷിയായും സന്ന്യാസിയായും സാമൂഹ്യപരിഷ്കര്‍ത്താവായും ഹിപ്പിയായും ഗായകനായുമൊക്കെ യേശു ചിത്രകലയില്‍ പ്രത്യക്ഷപ്പെട്ടു. ഇത്രമാത്രം വ്യത്യസ്തമുഖങ്ങള്‍ യേശുവിന് ആരോപിക്കപ്പെടാനുള്ള കാരണം ദൈവശാസ്ത്രപരമാണ്. യേശുവെന്ന വ്യക്തിയെ ഒരൊറ്റ രൂപത്തിലോ ഭാവത്തിലോ ഒതുക്കി നിര്‍ത്തുക സാധ്യമല്ല. കാരണം അവന്‍ ദൈവമാണ്. അവനില്‍ ദരിദ്രനായ പീഡിതനെയും ശക്തനായ പ്രവാചകനെയും ഒരേസമയം നമുക്ക് കാണാന്‍ സാധിക്കും. ലോകത്തിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ മഹത്സൃഷ്ടികള്‍ പലതും ക്രിസ്തുവുമായി ബന്ധപ്പെട്ടതാണ്. ദാവിഞ്ചിയുടെ അന്ത്യഅത്താഴം ഇന്നും സമാനതകളില്ലാത്ത ദൃശ്യവിസ്മയമാണ്. റാഫേല്‍, മൈക്കല്‍ ആഞ്ചലോ, ദിയേഗോ വെലാസ്കസ്, ഹാന്‍സ് ഹോള്‍ബയ്ന്‍, എല്‍ ഗ്രേക്കോ . . . എന്നിങ്ങനെ ലോകപ്രശസ്തകലാകാരന്മാരുടെ ഒരു നീണ്ട നിരതന്നെ വ്യത്യസ്ത ക്രിസ്തുമുഖങ്ങളും ഭാവങ്ങളുമായി നമുക്കു മുമ്പില്‍ എത്തുന്നുണ്ട്.

കേരളത്തില്‍ കലയും സിനിമയും ഇത്തരുണത്തില്‍ ഏറെ പ്രാധാന്യം നേടിയിട്ടില്ല. എന്നാല്‍ കെ.സി.ബി.സി.യുടെ ബൈബിള്‍ വാരാചരണങ്ങള്‍ ഇപ്പോള്‍ ഈ രണ്ടുതലങ്ങളെയും കാര്യമായി പരിഗണിക്കുന്നുണ്ട് എന്നത് ശുഭസൂചനയാണ്. "കണ്ണുകള്‍ നമ്മെ ചതിക്കും. എന്നാല്‍ വചനം നല്കുന്ന കാഴ്ച വ്യത്യസ്തവും വിശ്വസനീയവുമാണ്. അതിനാല്‍ ദൈവത്തെ കൂട്ടുപിടിച്ചുള്ള കാഴ്ചയാണ് നാം തേടേണ്ടത്. ക്രിസ്തുവിനോടൊപ്പം കാഴ്ചകള്‍ കാണുക, കലകളില്‍ വ്യാപരിക്കുക-ദൈവദര്‍ശനത്തിന്‍റെ ഈ മാര്‍ഗ്ഗമാണ് നാം തേടേണ്ടത്"[6]. ദൃശ്യകലകള്‍ കേരളകത്തോലിക്കാസഭയുടെ വര്‍ത്തമാനകാല ആദ്ധ്യാത്മികജീവിതത്തില്‍ ഇടംകണ്ടെത്തുന്നതിന്‍റെ കാരണം ഈ അവബോധവും തിരിച്ചറിവുമാണ്.

"യേശുചിത്രങ്ങളുടെ ചരിത്രം, യേശുവിനെപ്പറ്റി രചിക്കപ്പെട്ട പണ്ഡിതോചിതപ്രബന്ധങ്ങളുടെ ചരിത്രത്തേക്കാള്‍ കൂടുതല്‍ സമ്പന്നമാണ്. ഇന്ന് മനുഷ്യമനസ്സുകളില്‍ യേശു വെറുമൊരാശയമോ ചിന്തയോ മാത്രമല്ല, രൂപഭാവങ്ങളോടെ എപ്പോഴും മനസ്സില്‍ തെളിഞ്ഞുവരുന്ന സ്നേഹകാരുണ്യങ്ങളുടെ ആള്‍രൂപമാണ്. ദൈവത്തിന്, ദൈവപുത്രന് ഈ രൂപവും ഭാവവും നല്കിയത് കലാകാരന്മാരാണ്"[7]. സഭയില്‍ കലാകാരന്മാര്‍ ആദരിക്കപ്പെടുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും ഇക്കാരണത്താലാണ്.

3.2 നാടകം
രംഗകലയുടെ ചരിത്രത്തില്‍ ലോകത്തെ ഇന്നും വിസ്മയിപ്പിക്കുന്നത് പ്രാചീന ഗ്രീക്ക് നാടകവേദിയാണ്. കാലത്തിന്‍റെ കഠിനങ്ങളായ പരീക്ഷണങ്ങള്‍ അതിജീവിച്ച് ആ നാടകങ്ങള്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിച്ചുകൊണ്ടിക്കുന്നു. ആകര്‍ഷിക്കുക മാത്രമല്ല അവ നവീനമായ ചിന്തകള്‍ക്കുള്ള പ്രേരകശക്തിയായും വര്‍ത്തിക്കുന്നു. ക്രിസ്തുവിനുമുമ്പ് ആറാംനൂറ്റാണ്ടിലാണ് ഈ നാടകങ്ങള്‍ അരങ്ങേറിയത്. നൂറ്റാണ്ടുകളോളം കോട്ടംതട്ടാതെ ഈ കലാരൂപം നിലനിന്നുപോന്നു. എന്നാല്‍ ഗ്രീക്ക് റോമന്‍ പാരമ്പര്യത്തില്‍ വികസിതമായ യൂറോപ്യന്‍ നാടകവേദി ക്രമേണ ശുഷ്കമാകുന്ന കാഴ്ചയാണ് മധ്യശതകങ്ങളുടെ ആദ്യഘട്ടത്തില്‍ നാം കാണുന്നത്. പിന്നീട് ലത്തീന്‍ നാടകവേദി സജീവമായെങ്കിലും അന്നത്തെ സഭാധികാരികള്‍ അത് വിഗ്രഹാരാധനയ്ക്കും മനുഷ്യശരീരഅവഹേളനത്തിനും നയനഭോഗത്തിനും തീവ്രവൈകാരികതയ്ക്കും ഊന്നല്‍ നല്കുന്നു എന്ന കാരണങ്ങളാല്‍ അതിനെ ബഹിഷ്കരിച്ചു. അതിനാല്‍ യൂറോപ്പിലെ നാടകവേദി ശുഷ്കമായി. നാടകവുമായി ബന്ധപ്പെട്ട കലാകാരന്‍മാര്‍ ഉത്സവപ്പറമ്പുകളിലും ചന്തകളിലും അവസരം തേടിനടന്നു.

തിയറ്ററുകളില്‍ കോമഡിഷോകളും ഡാന്‍സുമൊക്കെ അരങ്ങേറിയപ്പോള്‍ ജനം അവിടെ തടിച്ചുകൂടാന്‍ തുടങ്ങി. നാടകത്തിന്‍റെ ജനസമ്മതി മനസ്സിലാക്കിയ സഭാധികാരികള്‍ ക്രിസ്തുജീവിതത്തിന്‍റെ ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ നാടകം അരങ്ങിലെത്തിച്ചപ്പോഴും ജനം തടിച്ചുകൂടി. അരങ്ങിലെ ക്രിസ്തുവിനെ പള്ളി പ്രസംഗത്തേക്കാള്‍ നന്നായി അവര്‍ക്കു മനസ്സിലായി. പെസഹാതിരുനാള്‍ ദൃശ്യാവിഷ്കരണം ജനപ്രീതി നേടിയതോടെ ബൈബിള്‍ പ്രമേയങ്ങള്‍ ദേവാലയത്തിനുള്ളില്‍ തന്നെ അവതരിപ്പിക്കാമെന്ന് തീരുമാനമുണ്ടായി. ക്രിസ്മസ്സ്, പ്രത്യക്ഷീകരണതിരുനാള്‍, സ്വര്‍ഗാരോഹണം എന്നീ തിരുനാളുകള്‍ വിപുലമായ രീതിയില്‍ തിരുക്കര്‍മ്മ നാടകങ്ങളായി ദേവാലയങ്ങളിലരങ്ങേറി. ഏദന്‍തോട്ടം മുതല്‍ ഉത്ഥാനത്തിന്‍റെ കല്ലറവരെയുള്ള ദൃശ്യങ്ങള്‍ പലവേദികളിലായി അവതരിപ്പിച്ചു. അങ്ങനെ ക്രിസ്തുവും ക്രിസ്തുസംഭവങ്ങളും ആധാരമായ മിസ്റ്ററി, മിറക്കിള്‍, മൊറാലിറ്റി, പാഷന്‍ നാടകങ്ങള്‍ രൂപംകൊണ്ടു. നാടകകലയുടെ ചരിത്രത്തില്‍ തന്നെ ഇവയ്ക്ക് അതീവപ്രാധാന്യമാണുള്ളത്. പിന്നീട് ദേവാലയങ്ങളിലെ തിരക്കുമൂലം പള്ളിവിട്ട് നാടകങ്ങള്‍ നാടകശാലകളിലേക്കു വേദിമാറി. അങ്ങനെ ചരിത്രത്തില്‍, നാടകവേദി സുവിശേഷവത്കരണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയായിത്തീര്‍ന്നു. ഇതിന്‍റെ സ്വാധീനഫലമായാണ് യൂറോപ്യന്‍ മിഷനറിമാര്‍ നമ്മുടെ നാട്ടില്‍ സുവിശേഷമറിയിക്കാന്‍ ചവിട്ടുനാടകം എന്ന കലാരൂപം കൈമുതലാക്കിയത്.

മലയാളഭാഷ രൂപപ്പെടുന്നതിനു മുമ്പുതന്നെ നമ്മുടെ രംഗകലകളില്‍ ക്രൈസ്തവ ഇതിവൃത്തങ്ങള്‍ ഉണ്ടായിരുന്നുവത്രേ. എങ്കിലും കേരളത്തിലെ പാരമ്പര്യനാടകവേദിക്ക് കേരളക്രൈസ്തവരുടെ തനതായ സംഭാവന 'ചവിട്ടുനാടകം' തന്നെയാണ്. വിശ്വാസസംരക്ഷണാര്‍ത്ഥം വീരമരണം നിര്‍ഭയം നേരിടുന്ന ധീരസേനാനികള്‍, ചാരിത്ര്യസംരക്ഷണത്തിനായി ജീവാര്‍പ്പണം ചെയ്യുന്ന സ്ത്രീജനങ്ങള്‍ എന്നിങ്ങനെ മനുഷ്യമഹത്വത്തിന്‍റെ സുവര്‍ണ്ണമാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കഥകളായിരുന്നു ചവിട്ടുനാടകങ്ങളുടേത്. ഈ പ്രസ്ഥാനത്തിന്‍റെ ആദ്യകൃതികളാണ് 'കാറല്‍സ്മാന്‍ ചരിതം', 'ജനോവനാടകം', 'ബൃശീനനാടകം', 'അല്‍ഫോന്‍സ് നാടകം' എന്നിവ. ഇതിന്‍റെ അവശേഷിപ്പുകളായി അമ്പതോളം കൃതികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു[8].

1950-1970 കാലങ്ങളില്‍ ഒട്ടേറെ പ്രൊഫഷണല്‍ നാടകസമിതികള്‍ നിലവില്‍ വന്നു. അക്കൂട്ടത്തില്‍ ബൈബിള്‍ നാടകങ്ങള്‍ മാത്രമവതരിപ്പിക്കുന്ന നാടകസംഘങ്ങളുമുണ്ടായിരുന്നു. നാല്പതോളം ബൈബിള്‍ നാടകങ്ങളെഴുതിയ ജോസഫ് കരിങ്ങടയാണ് ബൈബിള്‍ നാടകരചയിതാക്കളില്‍ ശ്രദ്ധേയന്‍. 1960-കളിലും 1970-കളിലുമാണ് ഏറ്റവും കൂടുതല്‍ ബൈബിള്‍ നാടകങ്ങള്‍ കേരളത്തിലരങ്ങേറിയത്. 1959-ലാണ് സി.എല്‍. ജോസ് രംഗപ്രവേശം ചെയ്യുന്നത്. 'വേദനയുടെ താഴ്വരയില്‍' തുടങ്ങി ക്രൈസ്തവാന്തരീക്ഷത്തിലുള്ള നിരവധി നാടകങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്രിസ്തുവും ക്രിസ്തുവിന്‍റെ പ്രബോധനങ്ങളും തന്‍റെ തൂലികത്തുമ്പിലേക്കാവാഹിക്കാന്‍ കഴിഞ്ഞ കലാകാരനായിരുന്നു സി.എല്‍. ജോസ്. പറവൂര്‍ ജോര്‍ജ്ജ് എന്ന രചയിതാവിന്‍റെ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ', 'ദിവ്യബലി', 'നേര്‍ച്ചക്കോഴി' എന്നീ നാടകങ്ങളും ക്രിസ്തുവിന്‍റെ ജീവിതപശ്ചാത്തലത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചവയാണ്[9].

ക്രിസ്തുവിന്‍റെ രക്താഭിഷിക്തമായ മുഖം ഇന്ന് നാടകവേദികളില്‍ നിന്ന് അന്യംനിന്നുപോയിരിക്കുന്നു. അഭിനയിച്ചെടുക്കാന്‍ കഴിയാത്തത്ര ആധികാരികത ക്രിസ്തുവിനുണ്ടായിരുന്നു എന്നതുതന്നെയാണ് നാടകവേദികള്‍ ക്രിസ്തുമുഖത്തെ ആദരപൂര്‍വ്വം മാറ്റിനിര്‍ത്തിയതിന് കാരണം. ക്രിസ്തു എന്ന ചരിത്രപുരുഷന്‍ നാടകവേദികളില്‍ നിന്ന് അകന്നെങ്കിലും അവന്‍റെ പ്രതിച്ഛായകളും പ്രബോധനങ്ങളും നാടകത്തിന്‍റെ തിരശ്ശീലകളെ നിയന്ത്രിക്കുന്നുണ്ടെന്നത് സുവ്യക്തമാണ്.

3.3 സിനിമകള്‍
സിനിമ എന്ന മാധ്യമത്തിന്‍റെ ആരംഭം മുതല്‍തന്നെ ക്രിസ്തുവിന്‍റെ മുഖം അതില്‍ പ്രകാശിതമാകുന്നുണ്ട്. ക്രിസ്തുവിനെക്കുറിച്ചിറങ്ങിയ സിനിമകളുടെ പഠനം ചലച്ചിത്രനിര്‍മാണകലയുടെ വളര്‍ച്ചയുടെയും പരിണാമത്തിന്‍റെയും പഠനമായി മാറും. ഫ്രാന്‍സില്‍ നിര്‍മ്മിക്കപ്പെട്ട "ക്രിസ്തുവിന്‍റെ പീഡാസഹന"മെന്ന (La Passion du Christ) നിശബ്ദചിത്രമാണ് ക്രിസ്തുവിനെക്കുറിച്ചിറങ്ങിയ ആദ്യചിത്രം[10]. പിന്നീടങ്ങോട്ട് എല്ലാ ലോകഭാഷകളിലും യേശുചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അവ മനുഷ്യന്‍റെ വിശ്വാസവളര്‍ച്ചയ്ക്കും മാനസാന്തരങ്ങള്‍ക്കും കാരണമായി. അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചതും നിരൂപകശ്രദ്ധ പിടിച്ചുപറ്റിയതും വിശ്വാസികളെ സ്വാധീനിച്ചതുമായ ഏറ്റവുമൊടുവിലത്തെ ക്രിസ്തുചിത്രം 2004-ല്‍ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' (The Passion of the Christ) ആണ്. യേശുവിന്‍റെ പീഡാനുഭവങ്ങളെ മയമില്ലാതെ അവതരിപ്പിക്കുന്ന പ്രസ്തുത ചിത്രം ക്രിസ്തുവനുഭവിച്ച കഠോരപീഡകളിലേക്ക് ഒരെത്തിനോട്ടത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു.

മലയാളത്തിലും ക്രിസ്തുചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പി.ജെ. ചെറിയാന്‍റെ 'മിശിഹാചരിത്രം' (1955), പി.ജെ. ജോസഫിന്‍റെ 'ജീസസ്സ്' (1970) എന്നിവ ഉദാഹരണങ്ങള്‍. എന്നാല്‍ മലയാളം അടിസ്ഥാനമാക്കി ദൃശ്യരൂപത്തിലേക്ക് ബൈബിളിനെ വിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഒത്തിരിയൊന്നും ഉണ്ടായിട്ടില്ലെന്നു നിരീക്ഷപ്പെടുന്നു[11]. നിലവിലുള്ള ചിത്രങ്ങള്‍ പോലും അതാതു കാലഘട്ടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ടവ മാത്രമാണ്.

യേശുവിന്‍റെ ജീവിതം ഭാരതീയപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഹിന്ദിചലച്ചിത്രം 'ക്രിസ്തായന്‍' പ്രത്യകപരാമര്‍ശം അര്‍ഹിക്കുന്നു. മലയാളിയും എസ്.വി.ഡി. സഭാംഗവുമായ ഫാ. ജിയോ ജോര്‍ജ്ജാണ് പ്രസ്തുത ചലച്ചിത്രത്തിന്‍റെ സംവിധായകന്‍. യേശുവിന്‍റെ ജീവിതവും പീഡാസഹനങ്ങളും മരണവും ഉത്ഥാനവുമെല്ലാം തികച്ചും ഭാരതീയമായ സാഹചര്യങ്ങളിലൂടെ ദൃശ്യവത്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. "അമ്പതു വര്‍ഷം മുമ്പ് ഇത്തരത്തിലൊരു ചിത്രം നിര്‍മ്മിക്കപ്പെട്ടിരുന്നെങ്കില്‍ ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചും ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകളെ അതു തുടച്ചുനീക്കുമായിരുന്നു"[12] എന്ന് ഫാ. ജിയോ അഭിപ്രായപ്പെടുന്നു. ഭാരതത്തിന്‍റെ സുവിശേഷവത്കരണത്തിന് ഈ ചലച്ചിത്രം വഹിക്കാന്‍ പോകുന്ന സ്ഥാനം കണക്കിലെടുത്താണ് അദ്ദേഹം സംസാരിക്കുന്നത്.

കലാരൂപങ്ങളെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടു തന്നെയാണ് ചലച്ചിത്രങ്ങളുടെ കാര്യത്തിലും സാര്‍ത്ഥകമാകുന്നത്. നല്ല സിനിമകള്‍ ക്രിസ്തീയമൂല്യങ്ങള്‍ മാത്രമല്ല, ക്രിസ്തുവിനെത്തന്നെ പകര്‍ന്നുകൊടുക്കുന്നവയാകണം. ഏറ്റവും ശക്തമായ ദൃശ്യമാധ്യമമാണ് സിനിമ. അവിടെ അവതരിപ്പിക്കപ്പെടുന്ന ക്രിസ്തുബിംബങ്ങള്‍ക്ക് ജനമനസ്സുകളില്‍ സ്ഥായിയായ ഭാവവും സ്ഥാനവും സ്വന്തമാകും. അതിനാല്‍ പ്രേഷിതമേഖലകളിലേക്ക് ശ്രദ്ധ കൊടുക്കുമ്പോള്‍ നാം അവഗണിക്കാന്‍ പാടില്ലാത്ത മേഖലയാണ് സിനിമ.

ഉപസംഹാരം

ദൃശ്യകലകള്‍ ക്രിസ്തു എന്ന ചരിത്രപുരുഷന്‍റെ വ്യക്തിനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ക്കല്ല പ്രാധാന്യം നല്കുന്നത്; മറിച്ച് വസ്തുനിഷ്ഠമായ വിവരണങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഗ്രന്ഥത്തിലൂടെ നടത്തുന്ന ധ്യാനമനനങ്ങള്‍ക്കു പകരമാണ് മുകളില്‍ വിവരിച്ച തരത്തിലുള്ള ദൃശ്യമാധ്യമങ്ങളുടെ ആസ്വാദനം. ദൃശ്യകലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കു കൂട്ടുനില്ക്കുകയും അവ ആസ്വദിക്കാന്‍ വരുംതലമുറകളെ പ്രാപ്തരാക്കുകയുമാണ് നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ. ലേഖനത്തിന്‍റെ തുടക്കത്തില്‍ വിവരിച്ചിരിക്കുന്ന കലയുടെ ഭാഷ സ്വന്തമാക്കാന്‍ നമുക്ക് സാധിക്കുമ്പോഴാണ് ഇത്തരം കലാരൂപങ്ങളുടെ രൂപീകരണത്തിലേക്കും ആസ്വാദനത്തിലേക്കും അര്‍പ്പണമനോഭാവത്തോടെ കടന്നുവരാന്‍ നമുക്ക് കഴിയുകയുള്ളു. ശരിയായ നിരീക്ഷണപാടവവും നിഷ്കളങ്കമായ ഭാവനയും ക്രിയാത്മകതയും ഒത്തുചേര്‍ന്നു രൂപംകൊടുക്കുന്ന ദൃശ്യകലാരൂപങ്ങള്‍ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നതാകണം. ഏകദൈവമായ ക്രിസ്തുവായിരിക്കണം മനുഷ്യന്‍റെ സൗന്ദര്യാസ്വാദനത്തിന്‍റെ കേന്ദ്രം. ദൃശ്യകലകളിലൂടെ പ്രകാശിതമാകുന്ന ക്രിസ്തുമുഖത്തിന് അപാകതകളുണ്ടാകാന്‍ പാടില്ല. വിശ്വാസിയുടെ നിഷ്കളങ്കത നിറഞ്ഞ കണ്ണുകള്‍ക്ക് സര്‍പ്പത്തിന്‍റെ വിവേകവും കൂടിയേ തീരൂ. ദൃശ്യകലകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവയുടെ ശരിതെറ്റുകളെ വിലയിരുത്താനുള്ള ജാഗ്രതകൂടി നാം പ്രകടിപ്പിക്കേണ്ടതുണ്ട്. കാരണം കുറ്റവും കുറവുമില്ലാതെ ക്രിസ്തുവിനെ ലോകത്തിലവതരിപ്പിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു.

(ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.)

Notes
1 ബനഡിക്ട് XVI, കര്‍ത്താവിന്‍റെ വചനം, (കൊച്ചി: 2010) 112.
2 കര്‍ത്താവിന്‍റെ വചനം, 112.
3 Inter Mirifica, 14.
4 Inter Mirifica, 14.
5 ചാക്കോ പുത്തന്‍പുരയ്ക്കല്‍, യേശുക്രിസ്തു (ആലുവ: സെലസ്റ്റിയല്‍ ബുക്സ്, 2006) 201.
6 ഫ്രാങ്ക്ളിന്‍ എം., "ആത്മീയാന്വേഷണത്തിന്‍റെ കലാരൂപങ്ങള്‍" ശി സത്യദീപം, (2012 ജൂണ്‍ 20) 5-6.
7 ചാക്കോ പുത്തന്‍പുരയ്ക്കല്‍, യേശുക്രിസ്തു, 216.
8 cf. ടി. എം. എബ്രഹാം, "രംഗകലാസാഹിത്യത്തിലെ ക്രൈസ്തവസാന്നിദ്ധ്യം" ശി മതവും ചിന്തയും (2010 മെയ്-ജൂണ്‍) 62-63.
9 cf. ടി. എം. എബ്രഹാം, 64-68.
10 ചാക്കോ പുത്തന്‍പുരയ്ക്കല്‍, യേശുക്രിസ്തു, 192.
11 ഷിജു ആച്ചാണ്ടി, "ബൈബിളിന്‍റെ ദൃശ്യപരിഭാഷകള്‍" ശി സത്യദീപം (2012 ജൂണ്‍ 20) 1.
12 ഫ്രാങ്ക്ളിന്‍ എം., "ഭാരതീയനായ യേശു അഭ്രപാളികളില്‍" ശി സത്യദീപം (2013 ജനുവരി 30) 6.

visual arts christ and the visual arts Dayi kunnath Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message