x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ പരിശുദ്ധ ത്രിത്വം

ദൈവത്തിന്റെ അസ്തിത്വം മനുഷ്യന്റെ സ്വാഭാവിക ബുദ്ധിയിൽ മനസിലാക്കാൻ കഴിയുമോ?

Authored by : Fr. George Panamthottam CMI On 22-Aug-2022

എല്ലാ വസ്തുക്കളുടെയും ആദികാരണവും പരമാന്ത്യവുമായ ദൈവത്തെ, മനുഷ്യന് തന്റെ സ്വാഭാവിക ബുദ്ധിപ്രകാശത്തിൽ, സൃഷ്ടവസ്തുക്കളെ കുറിച്ചുള്ള പരിചിന്തനത്തിലൂടെ അറിയാൻ കഴിയും. ഈ കഴിവ് നമുക്ക് ലഭിച്ചിരിക്കുന്നതുകൊണ്ടാണ് ദൈവത്തിന്റെ വെളിപാടുകളെ മനസിലാക്കാൻ നമുക്ക് കഴിയുന്നത്. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ടാണ് നമുക്കു ഈ കഴിവുള്ളത്. ദൈവം പ്രപഞ്ചത്തിന്റെ സൃഷ്ടാവും സംരക്ഷകനും നിയന്താവും അദൃശ്യനാണെങ്കിലും വ്യക്തിത്വത്തോട് കൂടിയ ഏക ദൈവമാണെന്ന യാഥാർത്ഥ്യം സംശയരഹിതമായി മനസിലാക്കാനുള്ള ജ്ഞാനവും മനുഷ്യന്റെ സ്വാഭാവിക ബുദ്ധിപ്രകാശത്തിൽ നേടിയെടുക്കാൻ കഴിയും.

എന്നാൽ, ദൈവത്തിന്റെ അസ്തിത്വത്തെ ഒരാൾ സ്വാഭാവിക ബുദ്ധി കൊണ്ടു മാത്രം മനസിലാക്കാൻ ശ്രമിച്ചാൽ കുറെയേറെ പ്രതിബന്ധങ്ങൾ നേരിടേണ്ടിവരും. കാരണം, ദൈവത്തിന്റെ അസ്തിത്വവും ദൈവ-മനുഷ്യ ബന്ധങ്ങളും സംബന്ധിക്കുന്ന കാര്യങ്ങൾ മനുഷ്യന്റെ ഇന്ദ്രിയമണ്ഡലത്തിന് അതീതമാണ്. ഇന്ദ്രിയങ്ങളുടെ ബലഹീനതകൾ മനുഷ്യനെ ഈ സനാതന സത്യങ്ങൾ ഗ്രഹിക്കുന്നതിന് തടസപ്പെടുത്തുന്നു. അതിനാൽ, മനുഷ്യബുദ്ധി ദൈവാവിഷ്കരണത്താൽ പ്രകാശിതമായാൽ മാത്രമേ ഈ സത്യങ്ങൾ അതിന്റെ പൂർണ്ണതയിൽ ഗ്രഹിക്കാൻ കഴിയൂ.

സ്വയം വെളിപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നുണ്ട്. ഈ വെളിപ്പെടുത്തൽ നമുക്ക് വ്യക്തമാകണമെങ്കിൽ നമ്മുടെ ബാഹ്യമായ കണ്ണുകൾ മാത്രം തുറന്നാൽ പോരാ. ആന്തരികമായ കണ്ണുകളും തുറക്കണം. അതെങ്ങനെയാണ്? സമ്പൂർണ്ണ സമർപ്പണ മനോഭാവത്തിൽ ഹൃദയവും മനസും തുറന്നു കൊടുത്ത് ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവത്തിന് നമ്മോടുള്ള അനന്തമായ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടണം. ദൈവത്തെയും അവിടുത്തെ സൃഷ്ടവസ്തുക്കളെയും തീക്ഷ്ണമായ ആഗ്രഹം ഉണ്ടാകണം. അങ്ങനെ, ദൈവത്തിന്റെ സ്നേഹത്തിനും വെളിപാടുകൾക്കും പ്രത്യുത്തരം നൽകി ജീവിക്കാൻ തുടങ്ങണം. ഈ പ്രത്യുത്തരമാണ് നമ്മുടെ വിശ്വാസജീവിതം.

വിശ്വാസത്തിന്റെ നിർവചനം

വിശ്വാസത്തിന് തിരുസഭ നൽകുന്ന നിർവചനം ഇപ്രകാരമാണ്. തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്നെത്തന്നെ മനുഷ്യന് പ്രദാനം ചെയ്യുകയും സ്വജീവിതത്തിൽ ആത്യന്തിക ലക്ഷ്യം അന്വേഷിക്കുന്ന മനുഷ്യന് അതിസമ്പുഷ്ടമായ പ്രകാശം നൽകുകയും ചെയ്യുന്ന ദൈവത്തിനു മനുഷ്യൻ നൽകുന്ന പ്രത്യുത്തരമാണ് വിശ്വാസം. വിശ്വാസത്തിലൂടെ ബുദ്ധിക്ക് അതീതമായ ദൈവിക കാര്യങ്ങൾ ഗ്രഹിക്കാനുള്ള പ്രകാശം നമുക്കു ലഭിക്കുന്നു.

മനുഷ്യൻ ഒരു മതാത്മക ജീവി

ദൈവത്തെ അന്വേഷിക്കാനുള്ള ഒരു ദാഹം ദൈവം മനുഷ്യഹൃദയത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. മനുഷ്യൻ ദൈവത്താലും ദൈവത്തിന് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവനായതുകൊണ്ട് അവന് ദൈവത്തെ അന്വേഷിക്കാനുള്ള പ്രവണതയുണ്ട്. മനുഷ്യൻ നിരന്തരം അന്വേഷിക്കുന്ന സത്യവും സൗഭാഗ്യവും സമാധാനവുമൊക്കെ ദൈവത്തിലല്ലാതെ മറ്റൊന്നിലും കാണാൻ കഴിയില്ല. ദൈവത്തോട് സമ്പർക്കം പുലർത്താനുള്ള ക്ഷണം മനുഷ്യന്റെ അസ്ത്വിത്വത്തിൽത്തന്നെ നൽകപ്പെട്ടിരിക്കുന്നതാണ്. ചരിത്രത്തിലുടനീളം പരിശോധിക്കുമ്പോൾ ഇന്നുവരെയും പലവിധത്തിൽ മനുഷ്യർ അവരുടെ ദൈവാന്വേഷണത്തിന് മതവിശ്വാസങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമൊക്കെ പ്രകാശം നൽകുന്നുണ്ട്. ഈ കാരണങ്ങളാൽ തന്നെ മനുഷ്യനെ ഒരു മതാത്മക ജീവി എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

ദൈവാസ്തിത്വത്തിന്റെ തെളിവുകൾ

ദൈവാന്വേഷിയായ മനുഷ്യൻ ദൈവത്തെ അറിയുന്നതിനുള്ള ചില മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. ഇവയെ പ്രകൃതിശാസ്ത്രങ്ങൾക്കനുസൃതമായ തെളിവുകളായിട്ടല്ല നാം മനസിലാക്കുന്നത്. പ്രത്യുത, സത്യത്തെ പറ്റി നമുക്ക് ശരിയായ ഉറപ്പ് നൽകുന്നതിന് സഹായകരമായ ബോധ്യങ്ങൾ നൽകുന്ന വാദമുഖങ്ങളായിട്ടാണ്. ഇവയിൽ പ്രധാനമായി പ്രപഞ്ചവും മനുഷ്യനുമാണ്.

പ്രപഞ്ചത്തിന്റെ ചലനം, കാര്യക്ഷമത, ക്രമം, സൗന്ദര്യം തുടങ്ങിയവയെ നിരീക്ഷിച്ചാൽ മനുഷ്യന് പ്രപഞ്ചത്തിന്റെ ആരംഭവും നിയന്താവുമായ ദൈവത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നു. വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നു. “ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുന്നതൊക്കെ അവർക്ക് വ്യക്‌തമായി അറിയാം, ദൈവം അവർക്ക് അവയെല്ലാം വെളിപെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടി മുതൽ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും സൃഷ്ട വസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്” (റോമാ 1: 19, 20). പ്രപഞ്ചത്തിലേക്ക് നോക്കുന്ന സത്യാന്വേഷിയായ ഏതൊരു മനുഷ്യനും ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാൻ കഴിയില്ല.

സത്യത്തോടും സൗന്ദര്യത്തോടുമുള്ള ഉന്മുഖതയും ധാർമിക നന്മയെക്കുറിച്ചുള്ള ബോധവും സ്വാതന്ത്ര്യവും മനഃസാക്ഷിയുടെ സ്വരവും അനന്തതയ്ക്കും സൗഭാഗ്യത്തിനും വേണ്ടിയുള്ള അഭിവാഞ്ഛയും ഉള്ള മനുഷ്യൻ ദൈവാസ്തിത്വത്തെക്കുറിച്ച് തന്നോടുതന്നെ ചോദിക്കുന്നു. ഇവയിലൊക്കെ മനുഷ്യൻ താൻ സംവഹിക്കുന്ന നിത്യതയുടെ ആത്മാവിനെ ദർശിക്കുന്നു. ഈ ആത്മാവിന്റെ ഉല്പത്തി ദൈവത്തിൽ നിന്നു മാത്രമാണെന്ന സത്യം മനുഷ്യനു കണ്ടെത്താൻ കഴിയുന്നു.

ഇപ്രകാരം, വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ സകലത്തിന്റെയും ആദികാരണവും പരമലക്ഷ്യവുമായ ഒരു യാഥാർത്ഥ്യമുണ്ടെന്ന് അറിയാൻ മനുഷ്യനു സാധിക്കുന്നു. ഈ യാഥാർത്ഥ്യത്തെ ദൈവം എന്ന് പേരിട്ട് വിളിക്കുന്നു. വ്യക്തിത്വത്തോടുകൂടിയ ദൈവത്തെ അറിയാനുള്ള കഴിവ് ബുദ്ധിയിലൂടെ ദൈവം മനുഷ്യനു നൽകുകയും മനുഷ്യന്റെ മുൻപിൽ സ്വയം വെളിപ്പെടുത്താൻ ദൈവം തിരുമനസാകുകയും ചെയ്യുന്നു.

വിശ്വാസവും യുക്തിയും

വിശ്വാസം യുക്തിക്ക് അതീതമാണെങ്കിലും വിശ്വാസവും യുക്തിയും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല. മനുഷ്യനു സ്വയം വെളിപ്പെടുത്തുകയും അവനിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്ത ദൈവം തന്നെയാണ് മനുഷ്യനിൽ ബുദ്ധിയുടെ പ്രകാശം നിക്ഷേപിച്ചതും. യുക്തിയെ ദൈവത്തിനു നിഷേധിക്കാൻ കഴിയില്ല. ഈ കാരണങ്ങളാൽ വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലും ക്രമബദ്ധമായ ഗവേഷണങ്ങൾ, അവ യഥാർത്ഥത്തിൽ ശാസ്ത്രീയ രീതിയിലും ധാർമിക നിയമങ്ങളനുസരിച്ചും നടത്തുന്നെങ്കിൽ ഒരിക്കലും വിശ്വാസത്തിനു വിരുദ്ധമാകുന്നില്ല. കാരണം, ഭൗതിക യാഥാർത്ഥ്യങ്ങളുടെയും വിശ്വാസ യാഥാർത്ഥ്യങ്ങളുടെയും ഉറവിടം ഒരേ ദൈവം തന്നെയാണ്. സ്ഥിരോത്സാഹത്തോടും വിനയത്തോടും കൂടി പ്രപഞ്ച രഹസ്യങ്ങളിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കുന്നവർ അവരറിയാതെതന്നെ ദൈവകരത്താൽ നയിക്കപ്പെടുന്നു. അതിനാൽ, ദൈവാന്വേഷണത്തിൽ വിശ്വാസവും യുക്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. വിശ്വസിക്കാൻ വേണ്ടി ഒരാൾ ഗ്രഹിക്കുന്നു. ഗ്രഹിക്കാൻ വേണ്ടി വിശ്വസിക്കുന്നു.

Living faith series : 1 (ചോദ്യം:1)

ദൈവത്തിന്റെ അസ്തിത്വം മനുഷ്യന്റെ സ്വാഭാവിക ബുദ്ധിയിൽ മനസിലാക്കാൻ കഴിയുമോ? Living faith series : 1 (ചോദ്യം:1) പരിശുദ്ധ ത്രിത്വം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message