We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 07-Sep-2020
കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാതെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാമോ എന്ന ചോദ്യത്തിനു പിന്നില്‍ പ്രധാനമായും മൂന്നു ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
(1) കുമ്പസാരിക്കാതെ വി.കുര്‍ബ്ബാന സ്വീകരിക്കാമോ?
(2) പാപമില്ലാത്ത അവസ്ഥയില്‍ മനുഷ്യന്‍ കുമ്പസാരിക്കേണ്ടതുണ്ടോ?
(3) വി. കുര്‍ബ്ബാനയില്‍ പാപങ്ങള്‍ മോചിക്കപ്പെടുന്നതിനാല്‍ വി.കുര്‍ബ്ബാന സ്വീകരണത്തിന് കുമ്പസാരം ആവശ്യമുണ്ടോ?
ഈ ചോദ്യങ്ങളുടെ ഉത്തരം വി. കുമ്പസാരം എന്ന കൂദാശയെക്കുറിച്ച് സഭാപ്രബോധനങ്ങളുടെ, വിശിഷ്യാ ത്രെന്തോസ് സൂനഹദോസിന്‍റെ പഠനങ്ങളുടെ വെളിച്ചത്തിലാണ് മനസ്സിലാക്കേണ്ടത്. സൂനഹദോസിന്‍റെ പ്രബോധനങ്ങള്‍ വിശദീകരിക്കാന്‍ ഈ അധ്യായത്തിന്‍റെ പരിമിതിയില്‍ സാധ്യമല്ലാത്തതിനാല്‍ പ്രശ്നോത്തരിയിലേക്ക് നേരിട്ട് നമുക്ക് പ്രവേശിക്കാം.
1. കുമ്പസാരം എന്ന കൂദാശയെ കുര്‍ബ്ബാന സ്വീകരണത്തിന് ഒരുക്കമായിട്ടുള്ള കൂദാശയായിമാത്രമാണ് പലരും സാമാന്യഗതിയില്‍ മനസ്സിലാക്കുന്നത്. എന്നാല്‍ മറ്റേതൊരു കൂദാശയുംപോലെ വരപ്രസാദപൂര്‍ണ്ണതയുള്ള കൂദാശയാണ് കുമ്പസാരം. പാപമോചനത്തിന്‍റെ വരപ്രസാദം നല്കുന്നതിനാല്‍ വി.കുര്‍ബ്ബാന സ്വീകരണത്തിന് വിശ്വാസിയെ യോഗ്യമാക്കാന്‍ കുമ്പസാരം എന്ന കൂദാശയ്ക്ക് കഴിയുമെന്നതിനാലാണ് കുമ്പസാരത്തെ ഒരുക്കകൂദാശയായിമാത്രം പലപ്പോഴും പലരും കരുതുന്നത്. വരപ്രസാദാവസ്ഥയിലായിരിക്കുന്ന വ്യക്തിക്ക് കുമ്പസാരിക്കാതെ വി.കുര്‍ബ്ബാന സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല. സഭാനിയമമനുസരിച്ച് യോഗ്യതയോടെയുള്ള കുര്‍ബ്ബാനസ്വീകരണത്തിന് അഞ്ച് വ്യവസ്ഥകള്‍ പാലിക്കപ്പെടേണ്ടതുണ്ട്: വരപ്രസാദാവസ്ഥയിലായിരിക്കുക, മാരകപാപങ്ങള്‍ക്ക് കുമ്പസാരത്തിലൂടെ പാപമോചനം നേടുക, വി.കുര്‍ബ്ബാനയിലെ വസ്തുഭേദത്തില്‍ (അപ്പവും വീഞ്ഞും ഈശോയുടെ ശരീരരക്തങ്ങളായി മാറുന്നു എന്ന വിശ്വാസം) വിശ്വസിക്കുക, വി.കുര്‍ബ്ബാന സ്വീകരണത്തിന് മുമ്പായി ഒരു മണിക്കൂറില്‍ കുറയാതെ ഉപവസിക്കുക, സഭയുടെ കൂട്ടായ്മയില്‍ അംഗമായിരിക്കുക എന്നിവയാണ് പ്രസ്തുത വ്യവസ്ഥകള്‍.
2. വി.കുര്‍ബ്ബാന സ്വീകരിക്കാന്‍ കുമ്പസാരിക്കണമോ എന്നചോദ്യം പ്രസക്തമാണ്. സത്താപരമായി തിന്മയായിട്ടുള്ള (intrinsic evil) മാരകപാപങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തി കുമ്പസാരിച്ച് പാപമോചനം നേടിയശേഷമേ വി.കുര്‍ബ്ബാന സ്വീകരിക്കാന്‍ പാടുള്ളു എന്ന് സഭാനിയമം അനുശാസിക്കുന്നു. മനഃപൂര്‍വ്വമുള്ള കൊലപാതകം, ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗഭോഗം, വ്യഭിചാരം, തുടങ്ങിയ പാപങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. മാരകപാപങ്ങളുടെ വിശദമായ പട്ടിക 1 കൊറി 6:9-10; ഗലാ 5:19-21 എന്നീ വചനഭാഗങ്ങളില്‍ ലഭ്യമാണ്. വി.കുര്‍ബ്ബാന വിശുദ്ധ ജനത്തിന് മാത്രമുള്ളതാണ് എന്ന നിലപാട് സഭാപാരമ്പര്യത്തില്‍ തുടക്കംമുതലേ ഉണ്ടായിരുന്നു. അയോഗ്യതയോടെ കര്‍ത്താവിന്‍റെ ശരീരം ഭക്ഷിക്കുന്നവര്‍ രോഗികളും മരിച്ചവരുമാകുമെന്ന് പൗലോസ്ശ്ലീഹാ മുന്നറിയിപ്പു തരുന്നുണ്ടല്ലോ (1 കൊറി 11:27-28). വിശുദ്ധരായവര്‍ വി.കുര്‍ബ്ബാന സ്വീകരണത്തിനായി മുന്നോട്ടുവരട്ടെ, അശുദ്ധരായവര്‍ അനുതപിക്കട്ടെ എന്ന ഡിഡാക്കെയുടെ പ്രബോധനവും (did. 10) ഈ നിഗമനത്തെ സാധൂകരിക്കുന്നു. എന്നാല്‍, മരണാസന്നരെയും കുമ്പസാരിക്കാന്‍ ഗൗരവമായ അസൗകര്യമുള്ളവരെയും (physically or morally), സാദ്ധ്യമായ ഏറ്റവും അടുത്ത അവസരത്തില്‍ കുമ്പസാരിക്കും എന്ന് പ്രതിജ്ഞയെടുത്ത് പാപത്തെയോര്‍ത്ത് അനുതപിക്കുന്നവരെയും കുമ്പസാരിക്കാതെതന്നെ വി.കുര്‍ബ്ബാന സ്വീകരിക്കാന്‍ സഭാനിയമം അനുവദിക്കുന്നുണ്ട്. അനുതപിക്കുക എന്നതില്‍ ഏറ്റവും വേഗത്തില്‍ കുമ്പസാരിച്ച് പ്രസ്തുത പാപത്തിന് മോചനം നേടും എന്ന ഉറച്ച തീരുമാനവും അടങ്ങിയിട്ടുണ്ട്. കുമ്പസാരിക്കാതെ അനുതപിച്ച് കുര്‍ബ്ബാന സ്വീകരിക്കാമോ എന്ന ചോദ്യത്തില്‍ കുമ്പസാരവും അനുതാപവും തമ്മിലുള്ള പാരസ്പര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു എന്നതാണ് സത്യം.
3. പാപമില്ലാത്തവര്‍ കുമ്പസാരിക്കോണ്ടതുണ്ടോ എന്ന ചോദ്യം ആധ്യാത്മിക യാഥാര്‍ത്ഥ്യത്തിലെന്നതിനേക്കാള്‍ കേവലയുക്തിയില്‍ അധിഷ്ഠിതമാണ്. "എല്ലാ മനുഷ്യരും പാപംചെയ്ത് ദൈവകൃപ നഷ്ടമാക്കി" (റോമാ 3:23); നീതിമാന്‍പോലും ദിവസത്തില്‍ ഏഴുതവണ പാപം ചെയ്യുന്നു തുടങ്ങിയ തിരുവചനങ്ങള്‍ പാപത്തിന്‍റെ സാര്‍വ്വത്രികതയേയാണ് ബോധ്യപ്പെടുത്തുന്നത്. കര്‍തൃപ്രാര്‍ത്ഥനയില്‍ "ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമേ" (ലൂക്കാ 11:4) എന്ന് പ്രാര്‍ത്ഥിക്കാന്‍ ഈശോ പഠിപ്പിച്ചിട്ടുണ്ടല്ലോ. പാപമില്ല എന്ന് അവകാശപ്പെടുന്നവര്‍ക്ക് കര്‍തൃപ്രാര്‍ത്ഥന അര്‍ത്ഥപൂര്‍ണ്ണമായി ചൊല്ലാനാവില്ല എന്ന് കരുതേണ്ടി വരില്ലേ. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ പരിപൂര്‍ണ്ണരായിരിക്കാനാണ് (മത്താ 6:48) ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നത്. സ്വര്‍ഗ്ഗീയപിതാവിന്‍റെ പരിപൂര്‍ണ്ണതയിലെത്തി എന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ലല്ലോ. സ്വര്‍ഗ്ഗപിതാവിന്‍റെ പൂര്‍ണ്ണതയോട് താരതമ്യം ചെയ്ത് സ്വയം പരിശോധിക്കുമ്പോഴാണ് പാപികളില്‍ ഒന്നാമനാണ് താന്‍ എന്ന അവബോധം പൗലോസ്ശ്ലീഹാ അടക്കമുള്ള അനേകം വിശുദ്ധര്‍ക്കുണ്ടായത്. "നമുക്ക് പാപമില്ലെന്ന് നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാവും... നാം പാപം ചെയ്തിട്ടില്ല എന്നുപറഞ്ഞാല്‍ നാം അവനെ (ക്രിസ്തുവിനെ) വ്യാജംപറയുന്നവനാക്കുന്നു" (1 യോഹ 8-10) എന്ന് അപ്പസ്തോലന്‍ പറയുന്നതിന്‍റെ അര്‍ത്ഥവും ഇതുതന്നെയാണ്. പാപമില്ല എന്നതല്ല പാപബോധമില്ല എന്നതാണ് നമ്മുടെ പ്രശ്നം. മാരകമായ കര്‍മ്മപാപങ്ങള്‍ ഇല്ലാത്തപ്പോഴും നമ്മിലെ പാപാഭിനിവേശങ്ങളെയും പ്രലോഭനങ്ങളെയും വെളിപ്പെടുത്തി നമ്മുടെ ആത്മീയാവസ്ഥയെ ആത്മീയ പിതാവിന്‍റെ മുന്നില്‍ തുറന്നുകാട്ടി കുമ്പസാരിക്കുന്നത് വരപ്രസാദദായകമാണ്.
ഇപ്രകാരമുള്ള കുമ്പസാരങ്ങള്‍ നാലുവിധത്തില്‍ ആത്മീയ വളര്‍ച്ച നേടിത്തരുമെന്ന് സാര്‍വ്വത്രിക മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു:
4. വി.കുര്‍ബ്ബാനയില്‍ പാപങ്ങള്‍ മോചിക്കപ്പെടുന്നു എന്നത് പൂര്‍ണ്ണമായും സത്യമാണ്. "ഇത് പാപമോചനത്തിനായി ചിന്തപ്പെടുന്ന എന്‍റെ രക്തമാണ്" എന്ന സ്ഥാപനവാക്യംതന്നെ വി.കുര്‍ബ്ബാനയുടെ പാപമോചന സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. ഭക്ഷണം ശരീരക്ഷീണം മാറ്റുന്നതുപോലെ ആത്മീയ ഭക്ഷണമായ വി.കുര്‍ബ്ബാന ആത്മാവിന്‍റെ തളര്‍ച്ചയായ പാപത്തെ പരിഹരിക്കുന്നു (CCC 1394). വി.കുര്‍ബ്ബാനയിലൂടെ ലഘുപാപങ്ങള്‍മാത്രമേ മോചിക്കപ്പെടുന്നുള്ളു എന്ന് ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നുണ്ട് (DS 1638). മാരകപാപങ്ങള്‍ വി.കുമ്പസാരത്തിലൂടെയാണ് മോചിക്കപ്പെടുന്നത്. യേശുവിന്‍റെ കുരിശിലെ രക്ഷാകര ബലിയുടെ ആവര്‍ത്തനമായ വി.കുര്‍ബ്ബാനയിലൂടെ മോചിക്കപ്പെടാത്ത പാപങ്ങളില്ല; അതിനാല്‍ കുമ്പസാരം ആവശ്യമില്ല എന്നു വാദിക്കുന്നവരുണ്ട്. ഈ വാദഗതി ശരിയല്ല. എല്ലാ കൂദാശകളിലെയും വരപ്രസാദത്തിന്‍റെയും ഉറവിടം ഈശോയുടെ കുരിശിലെ ബലിയാണ്.
വിവിധ കൂദാശകളിലൂടെ ലഭിക്കുന്ന വരപ്രസാദം വിശ്വാസിയില്‍ ഉളവാക്കുന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. ഓരോ കൂദാശയുടെയും വരപ്രസാദത്തിന് തനതുസ്വഭാവമുണ്ട്. ഉദാഹരണമായി വിവാഹത്തില്‍ ലഭിക്കുന്ന വരപ്രസാദവും തിരുപ്പട്ടത്തില്‍ ലഭിക്കുന്ന വരപ്രസാദവും സ്വീകര്‍ത്താക്കളില്‍ ഉളവാക്കുന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. മാമ്മോദീസാ, കുമ്പസാരം, വി.കുര്‍ബ്ബാന, രോഗീലേപനം എന്നീ കൂദാശകള്‍ പാപമോചനം നല്കാന്‍ പര്യാപ്തമായ കൂദാശകളാണ്. എന്നാല്‍ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയുടെ മാരകപാപങ്ങള്‍ കുമ്പസാരത്തിലൂടെ മാത്രമേ മോചിക്കപ്പെടുന്നുള്ളു (കുമ്പസാരിക്കാന്‍ സാധിക്കുന്ന സാഹചര്യമാണെങ്കില്‍) എന്നതാണ് സഭാപ്രബോധനം. കാരണം കുമ്പസാരം എന്ന കൂദാശയുടെ വരപ്രസാദത്തിനു മാത്രമേ മാരകപാപങ്ങളുടെ മോചനം എന്ന ഫലം ഉളവാക്കാന്‍ കഴിയുകയുള്ളു. തന്മൂലം മാരകപാപം ചെയ്തവര്‍ കുമ്പസാരിക്കാതെ വി. കുര്‍ബ്ബാന സ്വീകരിക്കുന്ന രീതി സഭാപ്രബോധനങ്ങള്‍ക്കു വിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണ്.
confession holy communion Mar Joseph Pamplany confession and receiving communion confession and need the sinless confess? confession and spiritual growth Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206