We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021
ആമുഖം
ക്രിസ്തുവിന്മുമ്പ് 6-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജന്മമെടുത്ത ബുദ്ധമതത്തിനാധാരം ഗൗതമ ബുദ്ധന്‍റെ ഉപദേശങ്ങളാണ്. ഇന്നു നിലവിലിരിക്കുന്ന രൂപത്തിലുള്ള വ്യവസ്ഥാപിത ബുദ്ധമതം അദ്ദേഹം സ്ഥാപിച്ചുവെന്നു പറയാനാവില്ല. ഹിന്ദുമതത്തില്‍ അമിതസ്ഥാനം കൈക്കലാക്കിയിരുന്ന യജ്ഞങ്ങള്‍ക്കെതിരേയും വൈരുദ്ധ്യങ്ങളായ അനുഷ്ഠാന വിധികള്‍ക്കെതിരേയും അദ്ദേഹം നടത്തിയ പഠനങ്ങള്‍ ബുദ്ധമത സാന്മാര്‍ഗ്ഗിക തത്ത്വങ്ങള്‍ക്കു രൂപംനല്കി. ഭാരതത്തില്‍ ശോഷിച്ചുപോയെങ്കിലും ടിബറ്റ്, ശ്രീലങ്ക, ബര്‍മ്മ, സയാം, ചൈന, കൊറിയ, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ ബുദ്ധമത്തതിനു ധാരാളം അനുയായികളുണ്ട്. 330 മില്ല്യണ്‍ അംഗങ്ങളുള്ള ബുദ്ധമതത്തോട് പാശ്ചാത്യനാടുകളിലുള്ളവര്‍ക്ക് ഇന്നു താത്പര്യമേറിവരുകയാണ്. സിദ്ധാന്തങ്ങള്‍ക്കും ബാഹ്യാനുഷ്ഠാനങ്ങള്‍ക്കുമുപരി മനുഷ്യന്‍റെ ദൈനംദിനജീവിതത്തില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ പ്രാഥമികമായി ഗണിക്കുന്നതുകൊണ്ടും വ്യത്യസ്ത സംസ്കാരങ്ങളുമായി ഇണങ്ങി ചേര്‍ന്നുപോകാന്‍ കഴിയുന്നതു കൊണ്ടുമാകാം ബുദ്ധമതത്തിന് ഇന്നു പ്രചുരപ്രചാരം ലഭിക്കുന്നത്.
ബുദ്ധമത ചരിത്രം
ശ്രീബുദ്ധന്‍
ദക്ഷിണേന്ത്യയിലെ ഹിമാലയാടിവാരത്തിലുള്ള കപിലവസ്തുവില്‍ ഒരു പ്രഭുകുടുംബത്തിലാണ് ശ്രീബുദ്ധനായിത്തീര്‍ന്ന സിദ്ധാര്‍ത്ഥന്‍റെ (ബി.സി. 563-483) ജനനം. ബാലനായ സിദ്ധാര്‍ത്ഥനെ ഏറ്റവുമധികം ചിന്തിപ്പിച്ചത് രോഗം, വാര്‍ദ്ധക്യം, മരണം എന്നീ വസ്തുക്കളാണ്. യുവാവായ സിദ്ധാര്‍ത്ഥന്‍ ലോകം മുവുവന്‍ നിറഞ്ഞുനില്ക്കുന്ന കഷ്ടതകള്‍ക്കു കാരണമെന്താണെന്ന അന്വേഷണം ആരംഭിച്ച് അക്കാലത്തെ മതനേതാക്കന്മാരെയും പണ്ഡിതന്മാരെയും സമീപിച്ചു. പക്ഷേ അവര്‍ക്കൊന്നും അവനെ സമാശ്വസിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അവസാനം, ഉറച്ച മനസ്സോടും തുറന്ന മനോഭാവത്തോടുംകൂടെ സിദ്ധാര്‍ത്ഥന്‍ തീവ്രധ്യാനത്തില്‍ മുഴുകി. അതിന്‍റെ ഫലമായി അദ്ദേഹത്തിനു ബോധോദയം ഉണ്ടായി. ഈ ജ്ഞാനമാണ് ബുദ്ധമത തത്ത്വങ്ങളുടെ അടിസ്ഥാനമായിത്തീര്‍ന്നത്.
ഗൗതമന്‍ പുതിയ ഒരു ധര്‍മ്മ സ്ഥാപകനായ ബുദ്ധന്‍ ആയിത്തീരുമെന്ന് അസിതന്‍ എന്ന ജോത്സ്യന്‍ സിദ്ധാര്‍ത്ഥന്‍റെ ജനനകാലത്തുതന്നെ പ്രവചിച്ചിരുന്നു. മകന്‍ ഒരു ചക്രവര്‍ത്തിയായിത്തീരണമെന്നാഗ്രഹിച്ച അച്ഛന്‍ ശുദ്ധോദനനെ ഈ പ്രവചനം ഏറെ ദുഃഖിപ്പിച്ചു. ജനിച്ച് ഏഴാം ദിവസം അമ്മയായ മായാദേവി മരിച്ചുവെങ്കിലും അവളുടെ ഇളയ സഹോദരി മഹാപ്രജാപതി സിദ്ധാര്‍ത്ഥനെ വളര്‍ത്തിക്കൊണ്ടുവന്നു. മനുഷ്യ ജീവിതത്തിലെ ദുഃഖദുരിതങ്ങളൊന്നും അറിയാതിരുന്നാല്‍ മകന്‍ ഗൃഹത്യാഗം ചെയ്യുകയോ മുനിയായിത്തീരുകയോ ചെയ്യുകയില്ലെന്നു കരുതിയ ശുദ്ധോദനന്‍ സംലഭ്യമായ എല്ലാ സുഖസൗകര്യങ്ങളും ആഡംബരങ്ങളും അനുഭവിക്കാന്‍ അവന് അവസരമൊരുക്കി. കാലാവസ്ഥയ്ക്കനുസരിച്ച് മാറിത്താമസിക്കാന്‍ മൂന്നു കൊട്ടാരങ്ങളും സഹവസിക്കാന്‍ അരോഗദൃഢഗാത്രരും സുന്ദരരുമായ യുവതിയുവാക്കളെയും സിദ്ധാര്‍ത്ഥനു നല്‍കി. 16-ാമത്തെ വയസ്സില്‍ സുന്ദരിയും സുശീലയുമായ യശോധര എന്ന രാജകുമാരിയെ വിവാഹം കഴിപ്പിച്ചു. എന്നാല്‍, ഇവയൊന്നും സിദ്ധാര്‍ത്ഥനെ സന്തോഷിപ്പിച്ചില്ല. മറിച്ച്, മൂന്ന് അവസരങ്ങളിലായി ഒരു വൃദ്ധനെയും രോഗിയെയും മൃതശരീരത്തെയും കാണാനിടയായ സിദ്ധാര്‍ത്ഥന്‍ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അവസ്ഥകളെയും ജീവിതത്തിന്‍റെ തന്നെ ക്ഷണികതയെയും കുറിച്ചു മനസ്സിലാക്കി. ഈ അവസരത്തിലാണ് തല മുണ്ഡനം ചെയ്തു മഞ്ഞവസ്ത്രം ധരിച്ച പ്രശാന്തനായ ഒരു മുനിവര്യനെ കാണാനിടയായത്. അതുപോലെ ഒരു മുനിവര്യനാകാന്‍ സിദ്ധാര്‍ത്ഥന്‍ തീരുമാനിക്കുകയും 29-ാമത്തെ വയസ്സില്‍ കൊട്ടാരത്തിലെ സുഖസൗകര്യങ്ങളെല്ലാം വെടിഞ്ഞ് ഏകാന്തജീവിതത്തിലേക്കു പ്രവേശിക്കുകയും ചെയ്തു.
ആളാരകലാമന്‍, ഉദ്ദകരാമ പുത്രന്‍ എന്നീ ഗുരുക്കന്മാരുടെ അടുത്തു ശിക്ഷണം നേടിയെങ്കിലും മതിവരാതെ ഗയയ്ക്കടുത്തുളള ഗുരുവേലത്തില്‍ അഞ്ചു വര്‍ഷത്തോളം കഠിനമായ തപസ്സനുഷ്ഠിച്ചു. എന്നാല്‍, തപസ്സിന്‍റെ ഫലശൂന്യത മനസ്സിലാക്കിയ ഗൗതമന്‍ അവിടം വിട്ട്, ബുദ്ധഗയ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തെത്തി ധ്യാനമാര്‍ഗ്ഗം സ്വീകരിക്കുകയും ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനത്തില്‍ മുഴക്കുകയും ചെയ്തു. പ്രസ്തുത മാര്‍ഗ്ഗത്തിലൂടെ ഗൗതമന് ബോധോദയമുണ്ടാവുകയും എല്ലാ കഷ്ടതകളുടെയും മൂലകാരണം തൃഷ്ണയാണെന്നു തിരിച്ചറിയുകയും നിര്‍വ്വാണം അനുഭവിക്കുകയും ചെയ്തു. ധര്‍മ്മചക്രപ്രവര്‍ത്തനം എന്നറിയപ്പെടുന്ന തന്‍റെ ആദ്യ പ്രസംഗത്തില്‍ ദുഃഖം, ദുഃഖസമുദായം, ദുഃഖനിരോധനം, ദുഃഖനിരോധനത്തിലുളള അഷ്ടാംഗമാര്‍ഗ്ഗം എന്നീ സത്യങ്ങളായിരുന്നു പ്രതിപാദ്യം. ആദ്യമായി ബുദ്ധ ഭിക്ഷുകളായിത്തീര്‍ന്ന് ബുദ്ധസംഘത്തിനു തുടക്കം കുറിച്ചത് പ്രസ്തുത പ്രസംഗം ശ്രവിച്ച അഞ്ചു തപസ്വികളാണ്. അതിനുശേഷം ഉരുവേലം, മഗധ, കപില വസ്തു തുടങ്ങിയ സ്ഥലങ്ങളിലെ അനേകം ശ്രേഷ്ഠരും സാധാരണക്കാരുമായ മനുഷ്യര്‍ ബുദ്ധ സംഘത്തില്‍ ചേര്‍ന്നു. ഇവരില്‍ മകന്‍ രാഹുലന്‍, മാതുലപുത്രന്മാരായ ആനന്ദന്‍, അനിരുദ്ധന്‍, ദേവദത്തന്‍ എന്നിവരുമുള്‍പ്പെടുന്നു. അങ്ങനെ നാല്പത്തിയഞ്ചു വര്‍ഷക്കാലം ബുദ്ധന്‍ ധര്‍മ്മപ്രചാരണം നടത്തിക്കൊണ്ടു സഞ്ചരിച്ചു. മഗധ, കോസലം എന്നീ രാജ്യങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്.
80-ാമത്തെ വയസ്സില്‍ തന്‍റെ ഇഹലോകവാസാവസാനമായെന്ന് ബുദ്ധന്‍ അറിയിച്ചു. ബേലുവയില്‍വച്ചു രോഗം പിടിപെട്ടെങ്കിലും മരണം സംഭവിച്ചില്ല. തുടര്‍ന്നു പേവയിലേക്കും അവിടെനിന്നു കുശിനരയിലേക്കും പോയി. കുശിനരയില്‍വച്ച് ആനന്ദന്‍ ഒരുക്കിയ കിടക്കയില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്. 'എല്ലാ സങ്കരവസ്തുക്കള്‍ക്കും നാശം അനിവാര്യമാണ്. ജാഗ്രതയോടുകൂടി സ്വന്തം രക്ഷയ്ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കുക' എന്നായിരുന്നു ബുദ്ധന്‍റെ അവസാന വാക്കുകള്‍.
ബുദ്ധമതത്തിലെ അടിസ്ഥാന പ്രമാണങ്ങള്‍
സാധാരണയായി വികസിത മതങ്ങളില്‍ കാണുന്നതുപോലെ ഈശ്വരന്‍, പ്രപഞ്ചം, മനുഷ്യന്‍, മരണം തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളെക്കുറിച്ചുള്ള തത്ത്വവിചാരം മനുഷ്യനു ദുഃഖത്തില്‍നിന്ന് യഥാര്‍ത്ഥ മോചനം (Arhatship) നല്‍കുന്നില്ലെന്ന ചിന്തയായിരിക്കാം ഇത്തരം ദര്‍ശനങ്ങള്‍ രൂപപ്പെടാതിരുന്നതിന്‍റെ കാരണം. ജീവിതബന്ധിയായ സാന്മാര്‍ഗിക തത്ത്വങ്ങള്‍ക്കാണ് ശ്രീബുദ്ധന്‍ പ്രാധാന്യം നല്‍കിയത്. ഇഹലോക ജീവിതത്തില്‍ മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമായ ദുഃഖത്തില്‍നിന്നും ശാശ്വതമായ മോചനം നേടുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ദുഃഖത്തെ മനസ്സിലാക്കുക, അസംതൃപ്തി നിറഞ്ഞ ഇഹലോക ജീവിതത്തില്‍നിന്നു മുക്തി പ്രാപിക്കാന്‍ മാര്‍ഗ്ഗം കണ്ടുപിടിക്കുക എന്നിവയാണ് മുഴുവന്‍ ബുദ്ധപഠനങ്ങളുടെയും സാരാംശം.
ദുഃഖത്തിന്‍റെ സ്വഭാവം, കാരണം, ചികിത്സ എന്നിവയെപ്പറ്റി വിദഗ്ദ്ധനായ ഭിഷഗ്വരനെപ്പോലെ സൂക്ഷ്മമായി ധ്യാനിച്ചറിഞ്ഞ സത്യങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളതാണ് ആര്യസത്യചതുഷ്ടയം. ദുഃഖം, ദുഃഖസമുദായം, ദുഃഖനിരോധനം, ദുഃഖനിരോധമാര്‍ഗ്ഗം എന്നിവയാണ് ഈ സത്യങ്ങള്‍. അജ്ഞതയില്‍നിന്നു പൂര്‍ണ്ണ ജ്ഞാനത്തിലേക്കുള്ള വളര്‍ച്ച ആര്യസത്യ ചതുഷ്ടയത്തില്‍ അടങ്ങിയിരിക്കുന്നു.
ദുഃഖം: ബുദ്ധമതപ്രകാരം, യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ ലോകത്തെ വീക്ഷിക്കുന്ന വ്യക്തിക്ക് ഇഹലോകജീവിതം ദുഃഖമയമാണ് എന്നു മനസ്സിലാകും. മനുഷ്യ ജീവിതത്തിലെ ഒരേയെരുപ്രശ്നം ദുഃഖമാണ്. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മറ്റെല്ലാ പ്രശ്നങ്ങളും ദുഃഖത്തില്‍ ചേര്‍ന്നിരിക്കുന്നു. ജനനം, വാര്‍ദ്ധക്യം, രോഗം, മരണം, വ്യഥ, ആശ, നിരാശ തുടങ്ങി ബന്ധത്തില്‍നിന്നു ജനിക്കുന്ന എല്ലാം ദുഃഖം കലര്‍ന്നതാണ്. ബുദ്ധന്‍റെ അഭിപ്രായത്തില്‍, ലോകം സ്ഥാപിതമായിരിക്കുന്നതുതന്നെ ദുഃഖത്തിന്മേലാണ്. ഒന്നിനും ദുഃഖസത്യത്തില്‍ നിന്ന് ഒഴിവില്ല. ഇതു സാര്‍വ്വത്രിക സത്യമാണ്. അവിവേകികള്‍ക്കു മാത്രമാണ് ജീവിതം സന്തോഷപ്രദമായി തോന്നുന്നത്.
ദുഃഖത്തിനു മൂന്നു തലങ്ങളുണ്ടെന്ന് ബുദ്ധമതം പറയുന്നു. ദുഃഖ ദുഃഖാത്ത, സങ്കരദുഃഖാത്ത, വിപരിണാമ ദുഃഖാത്ത. ജനനം, വാര്‍ദ്ധക്യം, മരണം, രോഗം, വേര്‍പാട്, നിരാശ തുചങ്ങി ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന ദുഃഖങ്ങളുടെ ഗണമാണു ദുഃഖദുഃഖാത്ത. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി ഉണ്ടാകുന്ന ദുഃഖത്തെ സങ്കരദുഃഖാത്ത എന്നു വിളിക്കുന്നു. വസ്തുക്കളുടെയോ വികാരങ്ങളുടെയോ ക്ഷണികതയില്‍ നിന്നുണ്ടാകുന്ന ദുഃഖത്തെയാണ് വിപരിണാമ ദുഃഖാത്ത എന്നു വിളിക്കുന്നത്.
ദുഃഖനിരോധമാര്‍ഗ്ഗം: നാലാമത ആര്യസത്യം ദുഃഖനിരോധനത്തിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. ബുദ്ധന്‍ നിര്‍ദ്ദേശിക്കുന്ന ദുഃഖനിരോധന മാര്‍ഗ്ഗം എട്ട് ഉപായങ്ങള്‍ ഉള്‍ക്കൊ ള്ളുന്നു. അതിനാല്‍ ഈ മാര്‍ഗ്ഗത്തെ അഷ്ടാംഗിക മാര്‍ഗ്ഗം എന്നു വിളിക്കുന്നുണ്ട്. ഇതു ബുദ്ധമത സന്മാര്‍ഗശാസ്ത്രത്തിന്‍റെ സംക്ഷിപ്താവിഷ്കരണമാണ്.
a.സമ്യക്ദൃഷ്ടി (Right View): ലോകത്തെയും ആത്മാവിനെയും കുറിച്ചുള്ള മിഥ്യാധാരണയാണു ദൂഃഖത്തിന്‍റെ മൂലകാരണം. ആയതിനാല്‍ ദുഃഖ നിരോധനത്തിനുള്ള ഒന്നാമത്തെ ഉപായം സത്യത്തെക്കുറിച്ചു ശരിയായ ജ്ഞാനം സമ്പാദിക്കുക എന്നതാണ്. ആര്യസത്യ ചതുഷ്ടയത്തെക്കുറിച്ചുള്ള ശരിയായ അറിവാണു സമ്യക്ദൃഷ്ടി. ഇതു സൈദ്ധാന്തികമായ അറിവല്ല. ധാര്‍മ്മിക നവോത്ഥാനത്തിലേക്കും നിര്‍വ്വാണത്തിലേക്കും നയിക്കുന്ന അറിവാണത്.
b.സമ്യക് സങ്കല്പം (Right Resolve): സത്യത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം ജീവിത നവീകരണത്തിനു കാരണമാകണം. രാഗദ്വേഷാദികളില്‍നിന്നു വിമുക്തനായി ലോകത്തോടുള്ള മൈത്രി ഉപേക്ഷിച്ച് വളര്‍ന്നു വരുവാനുള്ള തീരുമാനമാണ് സമ്യക് സങ്കല്പം.
c.സമ്യക് വാക്ക് (Right Speech): ധ്യാനാത്മക ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഒരു വ്യക്തി വേദനിപ്പിക്കുന്നതും നിരര്‍ത്ഥകവുമായ വാക്കുകളുടെ പ്രയോഗം നിഹനിക്കണം. ഈ ആദര്‍ശമാണ് ബുദ്ധന്‍ സമ്യക് വാക്ക് എന്നതുകൊണ്ട് ഉദ്ദേശിച്ചി രിക്കുന്നത്. സത്യഭാഷണം, സദുപദേശം തുടങ്ങിയവയാല്‍ നന്മയ്ക്കുവേണ്ടി മാത്രം വാക്കുകള്‍ ഉപയോഗിക്കുന്നതാണിത്. തന്മൂലം മിഥ്യാഭാഷണം, ഏഷണി, വേദനിപ്പിക്കുന്ന വാക്കുകള്‍ എന്നിവ ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു.
d. സമ്യക് കര്‍മ്മം (Righrt conduct): വാക്കുകളുടെ ശരിയായ നിയന്ത്രണത്തോടൊപ്പം കര്‍മ്മങ്ങളും ശുദ്ധമാകണം. തെറ്റായ കര്‍മ്മങ്ങളില്‍ നിന്നുള്ള വിടുതലാണ് സമ്യക് കര്‍മ്മം. ഇതു ബുദ്ധമത ജീവിതശൈലിയുടെ അടിസ്ഥാന തത്ത്വങ്ങളായ പഞ്ചശീലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഹിംസ, മോഷണം, വ്യഭിചാരം, നുണ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയില്‍നിന്നുള്ള മോചനമാണ് ഇവിടെ വിവക്ഷിച്ചിരിക്കന്നത്. കര്‍മ്മങ്ങളില്‍ ന്യായവും ധര്‍മ്മവും ദീക്ഷിക്കണം. ഉദ്ദേശശുദ്ധിയോടുകൂടിയേ കര്‍മ്മങ്ങള്‍ അനുഷ്ടിക്കാവൂ.
e.സമ്യഗാജീവം (Right Livelihood): ഉപജീവനത്തിനുപോലും സത്യസന്ധത ഇല്ലാത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുതെന്നു ബുദ്ധന്‍ നിര്‍ദ്ദേശിക്കുന്നു. മദ്യവില്പന, ആയുധനിര്‍മ്മാണം, തുടങ്ങി മനുഷ്യാന്തസ്സിനു കളങ്കം വരുത്തുന്ന എല്ലാ പ്രവൃത്തികളും വര്‍ജ്ജിക്കേണ്ടതാണ്. ദുഃഖനിരോധത്തെ ലക്ഷ്യം വച്ചിടുന്നതിനാല്‍ ജീവികള്‍ക്കു ദുഃഖം വരുത്തിവയ്ക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നതു യുക്തിസഹമല്ല. താന്‍ വേദനയനുഭവിച്ചാലും മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്ന തത്ത്വമാണ് ഇവിടെ അന്തര്‍ലീന മായിരിക്കുന്നത്.
f.സമ്യക് വ്യായാമം (Right Effort): മനസ്സിന്‍റെ നിയന്ത്രണത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ജീവിത നവീകരണത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ ഭൂത-വര്‍ത്തമാനകാല വിചാരങ്ങള്‍ സ്വാധീനിക്കുന്നു. ആത്മനിയന്ത്രണത്തിലൂടെ തെറ്റായ വിചാരങ്ങളെ ഉന്മൂലനം ചെയ്താല്‍ മാത്രമേ നിര്‍വ്വാണം പ്രാപിക്കാന്‍ സാധിക്കൂ. ദുര്‍വിചാരങ്ങളെ നിസ്സേഷം നിഹനിച്ച് വീണ്ടും അവയ്ക്കു മനസ്സില്‍ ഇടം നല്‍കാതെ സത്ചിന്തകളെ ഉണര്‍ത്തി പോഷിപ്പിക്കുന്ന മാനസ്സിക പ്രയത്നങ്ങളുടെ സമുച്ചയമാണു സമ്യക് വ്യായാമം. ആദ്ധ്യാത്മിക സോപാന ത്തിലെത്തി നില്‍ക്കുന്ന വ്യക്തി അല്‍പസമയത്തേക്ക് ആത്മ നിയന്ത്രണത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതുപോലും ധാര്‍മ്മി കാധഃപതനത്തിനു കാരണമാകും.
g.സമ്യക് സ്മൃതി (Right Mindfulness): ശരീരം ദുഃഖഹേതുക്കളായ അശുദ്ധ പദാര്‍ത്ഥ നിര്‍വീതങ്ങളാണെന്ന് ആലോചിക്കുക, മനസ്സിനെ നിരീക്ഷിക്കുക, ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയ വിഷയങ്ങള്‍ എന്നിവയില്‍നിന്നുള്ള ബന്ധത്തെക്കുറിച്ചും ആ ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തെക്കുറിച്ചും സ്മരിക്കുക എന്നിവ ചേര്‍ന്നതാണ് സമ്യക് സ്മൃതി. ബാഹ്യവസ്തുക്കളെ വ്യക്തിയോടു സംബന്ധമില്ലാത്ത വെറും ബാഹ്യവസ്തുക്കളായി മാത്രം കാണാന്‍ പരിശീലിപ്പിക്കുന്ന പ്രക്രിയയാണത്.
h. സമ്യക് സമാധി (Right Concentration): മനസ്സിന്‍റെ ഏകാഗ്രതയാണ് ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏഴു ഘട്ടങ്ങള്‍ പിന്നിട്ട്, ദുര്‍വിചാരങ്ങളില്‍നിന്നും വികാരങ്ങളില്‍നിന്നും സ്വതന്ത്രനായി സാധകന്‍ ആഴമേറിയ ഏകാഗ്രതയിലേക്കു പ്രവേശിക്കുന്നു. ഇതിനു നാലു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ സാധകന്‍ മനസ്സിനെ സത്യത്തില്‍ കേന്ദ്രീകരിക്കുന്നു. തീവ്രധ്യാനത്തിന്‍റെ ഈ പടിയില്‍ യോഗി ആനന്ദമനുഭവിക്കുന്നു. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ സംശയങ്ങളെല്ലാം നിവാരണം ചെയ്യപ്പെട്ട് ആര്യത്യങ്ങളെക്കുറിച്ച് ആഴമേറിയ അവബോധം ലഭിക്കുന്നു. അതുകൊണ്ടു രണ്ടാം ഘട്ടത്തില്‍ സത്യാന്വേഷണം ആവശ്യമായി വരുന്നില്ല. ഈ ഘട്ടത്തില്‍ ആന്തരിക ശാന്തിയില്‍ സന്തോഷം അനുഭവപ്പെടുകയും അതിനെക്കുറിച്ചുള്ള അവബോധം സാധകനില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ മൂന്നാമത്തെ ഘട്ടത്തില്‍ സാധകന്‍ ഈ അനുഭവത്തോടുപോലും നിസ്സംഗത പുലര്‍ത്താന്‍ ശ്രമിക്കുന്നു. എങ്കിലും, താന്‍ അനുഭവിക്കുന്ന പൂര്‍ണ്ണ സമചിത്തതയെയും ശാരീരിക സ്വസ്ഥതയെയുംകുറിച്ച് ഇപ്പോഴും സാധകന് അവബോധമുണ്ട്. അതിനാല്‍ നാലാമത്തെ ഘട്ടത്തില്‍ ഈ അവബോധത്തെപ്പോലും നിരാകരിച്ച് പരിപൂര്‍ണ്ണ നിസ്സംഗത കൈവരിക്കാന്‍ ശ്രമിക്കണം. ഈ ശ്രമം സഫലമാകുമ്പോഴാണ് സാധകന്‍ നിര്‍വ്വാണം പ്രാപിക്കുന്നത്. അതോടെ എല്ലാ അനുഭവങ്ങളില്‍നിന്നും വിമുക്തനാവുകയും ചെയ്യുന്നു.
അഷ്ടാഗമാര്‍ഗ്ഗത്തെ മൂന്നായി തിരിച്ചിട്ടുണ്ട് : സാന്മാര്‍ഗ്ഗികതലം, ചിത്തതലം, ജ്ഞാനതലം എന്നിവയാണവ. സമ്യക് ദൃഷ്ടി, സമ്യക്സങ്കല്‍പം, സമ്യക് വാക്ക് എന്നിവ സാന്മാര്‍ഗ്ഗിക തലത്തില്‍പ്പെടുന്നു. ഇവ ആര്‍ക്കും പ്രാവര്‍ത്തികമാക്കാവുന്നതാണ്. സമ്യക് കര്‍മ്മം, സമ്യഗാജീവം, സമ്യക് വ്യായാമം എന്നിവ ചിത്തതലത്തില്‍പ്പെടുന്നു. സമ്യക്സമൃതി, സമയക്സമാധി എന്നിവ കൂടിച്ചേര്‍ന്നതാണു ജ്ഞാനതലം. ആര്യസത്യചതുഷ്ടയത്തില്‍ ആദ്യത്തെ മൂന്നു സത്യങ്ങല്‍ ബുദ്ധികൊണ്ടു ഗ്രഹിക്കേണ്ടവയാണ്. അവ ജ്ഞാനമാര്‍ഗ്ഗങ്ങളാണ്. നാലാമത്തെ ആര്യ സത്യം പ്രായോഗികമായ കര്‍മ്മപരിപാടിയാണ്. ഇതിനെ കര്‍മ്മമാര്‍ഗ്ഗം എന്നുവിളിക്കുന്നു. ജ്ഞാനമാര്‍ഗ്ഗത്തെയും കര്‍മ്മമാര്‍ഗ്ഗത്തെയും സമ്യക്കായി സമ്മേളിപ്പിച്ചിരിക്കുന്നുവെന്നുള്ളതാണ് ബുദ്ധദര്‍ശനത്തില്‍ നാം കാണുന്ന പ്രത്യേകത.
ആര്യസത്യചതുഷ്ടയത്തിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍: ദുഃഖത്തില്‍ നിന്നു മോചനം പ്രാപിക്കാന്‍ ശ്രീബുദ്ധന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണല്ലോ ആര്യസത്യചതുഷ്ടയത്തില്‍ നാം കണ്ടത്. ഈ പഠനങ്ങള്‍ക്ക് ആധാരമായി നില്‍ക്കുന്ന സിദ്ധാന്തങ്ങളാണ് താഴെ വിവരിചചിരിക്കുന്നത്.
പ്രതീത്യസമുദ്പാദം: ബുദ്ധമതത്തിന്‍റെ മുഖ്യ പ്രബോധനമായി പ്രതീത്യസമുദ്പാദം കണക്കാക്കാവുന്നതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും അസ്തിത്വം അവയുടെ കാരണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ പ്രപഞ്ചത്തിലെ യാതൊന്നും അകാരണമായി ഉരുവാകുന്നില്ലെന്നര്‍ത്ഥം. ഇപ്രകാരം പ്രപഞ്ചത്തിലെ ഭൗതികവും മാനസികവുമായ എല്ലാ പ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്ന സ്വാഭാവിക സാര്‍വ്വത്രിക കാര്യ-കാരണ നിയമ (Spontaneous and universal law of causation) ത്തെയാണ് പ്രതീത്യസമുദ്പാദം എന്നു വിളിക്കുന്നത്. ശ്രീബുദ്ധന്‍റെ അഭിപ്രായത്തില്‍ ഈ കാഴ്ചപ്പാട് ചില യാഥാര്‍ത്ഥ്യങ്ങള്‍ നിയന്ത്രണാതീതമായി, നിത്യമായി നിലനില്‍ക്കുന്നു (Eternalism) എന്ന വീക്ഷണത്തെയും ചില വസ്തുക്കള്‍ പൂര്‍ണ്ണമായും നശിച്ചുപോവുന്നു (Nihilism) എന്ന എതിര്‍ വീക്ഷണത്തെയും സമന്വയിപ്പിക്കുന്നു. പ്രതീത്യസമുദ്പാദം അനുസരിച്ചാണ് മനുഷ്യന്‍റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിലെ 12 കണ്ണികളെ (Twelve consecutive links) ശ്രീബുദ്ധന്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രതീത്യസമുദ്പാദം ശരിയായി ഗ്രഹിക്കാത്തതാണ് ഈ ലോകത്തിലെ പ്രശ്നങ്ങളുടെയെല്ലാം തന്നെ കാരണമെന്നാണ് ബുദ്ധന്‍റെ അഭിപ്രായം.
ക്ഷണികവാദം: എല്ലാ വസ്തുക്കളും ആപേക്ഷികമാണ്, മാറ്റത്തിനും നാശത്തിനും വിധേയമാണ്, ഒരു പ്രത്യേക സാഹചര്യത്തില്‍ ഉരുവാകുന്ന വസ്തു അത് ഉരുവാകുന്ന സാഹചര്യം ഇല്ലാതെയാവുമ്പോള്‍ നശിക്കുന്നു, തുടക്കമുള്ളതിനെല്ലാം ഒടുക്കവുമുണ്ട്, എന്നിങ്ങനെ പ്രാപഞ്ചിക വസ്തുക്കളുടെ അസ്ഥിരതയെപ്പറ്റിയുള്ള ശ്രീബുദ്ധന്‍റെ അഭിപ്രായങ്ങളാണ് ക്ഷണികവാദത്തിലൂടെ വെളിപ്പടുന്നത്.
അദ്ദേഹത്തിന്‍റെ അനുയായികള്‍ ഈ പഠനത്തെ കൂടുതല്‍ വിപുലമാക്കി. പ്രാപഞ്ചിക വസ്തുക്കള്‍ ആപേക്ഷികമായതിനാല്‍ അസ്ഥിരമാണെന്നു മാത്രമല്ല അവയൊക്കെ ഒരു നിമിഷത്തില്‍ കൂടുതല്‍ സമയം നിലനില്‍ക്കുന്നുമില്ല എന്നുകൂടി അവര്‍ വാദിച്ചു. ഈ പ്രബോധനം മനസ്സിലക്കുന്നതിനായി ഒരുദാഹരണമെടുക്കാം. ഒരു വസ്തു നിലനില്‍ക്കുന്നുവെന്നതിന്‍റെ മാനദണ്ഡം ഫലം പുറപ്പെടുവിക്കുവാനുള്ള അതിന്‍റെ കഴിവാണ്. ഒരു വിത്തിന്‍റെ കാര്യമെടുക്കുക. വിത്ത് ഒരു നിമിഷത്തിലധികം സമയം നിലനില്‍ക്കുന്നുവെങ്കില്‍ നിലനില്‍ക്കുന്ന ഓരോ നിമിഷത്തിലും പ്രത്യേകം ഫലമുളവാക്കാന്‍ അതിനു സാധിക്കണം. പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ലെന്നു നമുക്കറിയാം. വീട്ടിലെ പത്തായത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിത്ത് മുള പുറപ്പെടുവിക്കുന്നില്ല. അതു വിളനിലത്തു വിതച്ചുകഴിയുമ്പോഴാണ് മുളപൊട്ടുക. അങ്ങനെയെങ്കില്‍ പത്തായത്തിലിരുന്ന വിത്തും വിതയ്ക്കപ്പെട്ട വിത്തും വ്യത്യസ്തമാണെന്നു വരുന്നു. കാരണം അവ ഒരേ ഫലമല്ലല്ലോ പുറപ്പെടുവിക്കുന്നത്. ഇതിനു വിപരീതമായി, പത്തായത്തിലിരുന്ന വിത്തിന് മുള പുറപ്പെടുവിക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നും ആ കഴിവ് മണ്ണും ജലവും പോലെയുള്ള അനുകൂല സാഹചര്യങ്ങളില്‍ യാഥാര്‍ത്ഥ്യമാവുക മാത്രമേ ചെയ്തുള്ളൂവെന്നും അതുകൊണ്ട് പത്തായത്തിലിരുന്ന വിത്തും വിതയ്ക്കപ്പെട്ടവിത്തും ഒന്നുതന്നെയാണെന്നും ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ ക്ഷണികവാദാനുഭാവികളുടെ അഭിപ്രാ യത്തില്‍ ഈ വാദം ദുര്‍ബലമാണ്. കാരണം ആദ്യമണ്ടായിരുന്ന അവസ്ഥ വിത്തിനു മുള പുറപ്പെടുവിക്കാന്‍ കാരണമായില്ല. പുതിയ സാഹചര്യത്തില്‍ വിത്തിനു വന്ന മാറ്റമാണ് മുളപൊട്ടുവാന്‍ ഹേതുവായത്. അതിനാല്‍ വിത്തിനു സംഭവിച്ച മാറ്റം നാം അംഗീകരിച്ചേ പറ്റൂ. ഇതുപോലെ എല്ലാ വസ്തുക്കളും ഓരോ നിമിഷത്തിലും മാറ്റത്തിനു വിധേയമാണ്. കാരണം ആനിമിഷ ങ്ങളിലെല്ലാം അവ ഒരേ ഫലമല്ല പുറപ്പെടുവിക്കുന്നത്. അതിനാല്‍ ഒരു വസ്തു അതേ നിലയില്‍ ഒരുനിമിഷം മാത്രമേ നിലനില്‍ ക്കുന്നുള്ളൂ.
അനാത്മവാദം: മാറ്റത്തിന്‍റെ നിയമം സാര്‍വ്വത്രികമാണ്. മനുഷ്യനായാലും മൃഗമായാലും സചേതനങ്ങളായാലും അചേതനങ്ങളായാലും എല്ലാം ഈ നിയമത്തിനു വിധേയമാണ്. ആത്മാവിനെ സംബന്ധിച്ചിടത്തോളം ഈ നിയമം ബാധകമല്ലെന്നും അത് അനശ്വരമായി നിലനില്‍ക്കുന്നുവെന്നുമുള്ള ധാരണയുണ്ട്. എന്നാല്‍ ബുദ്ധന്‍ തന്‍റെ പ്രതീത്യസമുദ്പാദത്തിലൂടെയും മാറ്റത്തിന്‍റെ സാര്‍വ്വത്രിക നിയമത്തിലൂടെയും പരിണാമ വിധേയമല്ലാത്തതും അനശ്വരവുമായ ആത്മാവിന്‍റെ നിലനില്‍പിനെ നിരാകരിക്കുന്നു.
ആത്മാവിനു നിത്യതയില്ലെങ്കില്‍ എങ്ങനെയാണു ബുദ്ധ വീക്ഷണം തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നു ചോദിച്ചേക്കാം. അതുമല്ലെങ്കില്‍ ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം തുടങ്ങി ഒരു വ്യക്തിയുടെ വ്യത്യസ്താവസ്ഥകളെ തമ്മില്‍ എങ്ങനെയാണു ബന്ധിപ്പിക്കുക എന്നും ചിന്തിച്ചേക്കാം. നിത്യനായ ആത്മാവ് എന്ന സങ്കല്‍പം നിഷേധിക്കുന്നുവെങ്കിലും ജീവിതത്തെ രൂപീകരിക്കുന്ന തുടര്‍ച്ചയായ അവസ്ഥാന്തരങ്ങളെ ബുദ്ധമതം അംഗീകരിക്കുന്നു. ജീവിതം ഇടമുറിയാത്ത അവസ്ഥകളുടെ പ്രവാഹമാണ്. ഓരോ അവസ്ഥയ്ക്കും അതിന്‍റേതായ കാരണങ്ങളും സാഹചര്യങ്ങളുമുണ്ട്. ഒരവസ്ഥ മറ്റൊന്നിനു കാരണമാവുന്നു. അങ്ങനെ ജീവിതം കാരണങ്ങളാകുന്ന കണ്ണികള്‍ കോര്‍ക്കുന്ന ഒരു ചങ്ങലയാണ്.
ഈ തുടര്‍ച്ച മനസ്സിലാക്കാന്‍ ബുദ്ധാനുയായികള്‍ രാത്രി മുഴുവന്‍ കത്തിനില്‍ക്കുന്ന ഒരു വിളക്കിന്‍റെ ഉദാഹരണം എടുത്തു കാട്ടാറുണ്ട്. ഓരോ നിമിഷവും തീനാളത്തിന്‍റെ (flame) നിലനില്‍പ് അതിന്‍റെ നിയന്ത്രിത സാഹചര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു നിമിഷത്തിലെ തീനാളം മറ്റൊരു നിമിഷത്തേതില്‍നിന്നു തികച്ചും ഭിന്നമാണ്. എങ്കിലും ഓരോ നിമിഷത്തിലെയും തീനാളങ്ങള്‍ തമ്മില്‍ ഇടമുറിയാത്ത ബന്ധമുണ്ട്. ഒരു നിമിഷത്തെ തീനാളത്തിന് അതിനുമുമ്പുണ്ടായിരുന്ന തീ നാളത്തില്‍നിന്ന് ജ്വാല (light) ലഭിക്കുന്നതിനാല്‍ ഓരോ നിമിഷത്തിലെയും തീനാളങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും അവ തമ്മിലുള്ള ഇടമുറിയാത്ത തുടര്‍ച്ച പ്രകടമാണ്. അതിനാല്‍ ശ്രീബുദ്ധന്‍റെ വീക്ഷണത്തില്‍ പുനര്‍ജന്മം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരേ ആത്മാവ് ഒന്നിനു പുറകേ ഒന്നായി പുതിയ ശരീരങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല; മറിച്ച് അടുത്ത ജനമത്തോട് ഇപ്പോഴത്തെ ജീവിതാവസ്ഥ, കാര്യം കാരണത്തോട് എന്നപോലെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. അങ്ങനെ ആത്മാവ് എന്ന സങ്കല്‍പത്തിനു പകരം ഇടമുറിയാത്ത അവബോധാവസ്ഥകളുടെ അനുസ്യൂതമായ പ്രവാഹത്തെ ബുദ്ധാനുയായികള്‍ എടുത്തുകാണിക്കുന്നു.
ബുദ്ധ സങ്കല്‍പപ്രകാരം മനുഷ്യയാഥാര്‍ത്ഥ്യം മൂലസ്കന്ദങ്ങളായ ഭൗതിക ശരീരത്തിന്‍റെയും അമൂര്‍ത്ത ചിത്തത്തിന്‍റെയും അരൂപമായ പ്രജ്ഞയുടെയും സമുച്ചയമാണ്. ഇവയുടെ വേര്‍പിരിയല്‍ മനുഷ്യാസ്തിത്വത്തെ ഇല്ലാതാക്കു്നു. ആത്മാവ് അല്ലെങ്കില്‍ അഹം എന്നൊക്കെപ്പറയുന്നത് ഈ കൂടിച്ചേരലല്ലാതെ മറ്റൊന്നുമല്ല.
കര്‍മ്മഫല സിദ്ധാന്തം (The Theory of Karma): പ്രതീത്യ സമുദ്പാദ സിദ്ധാന്തത്തിന്‍റെ ഒരു വശം മാത്രമാണ് ഈ പ്രബോധനം. ഈ സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ വര്‍ത്തമാന കാലാവസ്ഥ അയാളുടെ ഭൂതകാല ചെയ്തികളുടെ ഫലമായിട്ടുള്ളതാണ്. അതുപോലെ അയാളുടെ ഭാവികാലം വര്‍ത്തമാനകാല ചെയ്തികളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യജീവിതത്തിലെ സുഖദുഃഖങ്ങളെ മനസ്സിലാക്കാന്‍ ഈ സിദ്ധാന്തം വളരെ ഉപകരിക്കുമെന്ന് ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നു.
ബുദ്ധമത വിഭാഗങ്ങള്‍
ഹീനയാനം, മഹായാനം എന്നിങ്ങനെ ബുദ്ധമതത്തെ രണ്ടായി തിരിച്ചിരിക്കുന്നു. ഹീനയാനത്തെ വടക്കന്‍ ബുദ്ധമതമെന്നും മഹായാനത്തെ തെക്കന്‍ ബുദ്ധമതമെന്നും വിളിക്കുന്നുണ്ട്. മഹായാനം വടക്കന്‍ രാജ്യങ്ങളായ ചൈന, ടിബറ്റ്, നേപ്പാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രചാരത്തിലായതെങ്കിലും ഇതിന്‍റെ ഉത്ഭവം തെക്കാണ്. ഹീനയാനം വടക്ക് ഉത്ഭവിച്ച് അവിടെത്തന്നെ വളര്‍ന്നുവന്നു. അശോകചക്രവര്‍ത്തിയുടെ കാലത്താണ് സിലോണ്‍, ബര്‍മ, സയാം (Siam) തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതു വ്യാപിച്ചത്.
ബുദ്ധന്‍ ഉപദേശിച്ച സിദ്ധാന്തങ്ങള്‍ അതേപടി അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണു തങ്ങളെന്ന് ഹീനയാനക്കാര്‍ അവകാശപ്പെടുന്നു. ഹീനയാന ബുദ്ധമതത്തിന്‍റെ അഭിപ്രായത്തില്‍ എല്ലാ വസ്തുക്കളും ക്ഷണികങ്ങളാണ്. നിര്‍വ്വാണത്തിനുശേഷം എന്തു സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ഇവര്‍ മൗനം പാലിക്കുന്നു. ജൈനമതക്കാരെപ്പോലെ ഇവരും ദൈവവിശ്വാസമില്ലാത്തവരാണെങ്കില്ലും ചാര്‍വ്വാക (Charvaka) ന്മാരില്‍നിന്നു വ്യത്യസ്തമായി ഇവര്‍ സാന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ലോകത്തില്‍ സാര്‍വ്വത്രികമായി കാണുന്ന നിയമത്തെ ഇവര്‍ "ധര്‍മ്മ" എന്നു വിളിക്കുകയും അതിനു ദൈവത്തിന്‍റെ സ്ഥാനം നല്‍കുകയും ചെയ്യുന്നു. ഇഹലോകത്ത് ആത്മനിയന്ത്രണംകൊണ്ടു നേടാവുന്ന നിര്‍വ്വാണത്തിനു പ്രകൃത്യതീതമായ ഒരു ദിവ്യശക്തിയുടെ സഹായം ആവശ്യമില്ലെന്ന് അവര്‍ വിശ്വസിക്കുന്നു.
ഹീനയാനക്കാരുടെ വീക്ഷണത്തില്‍ ഒരു വ്യക്തിയുടെ ജീവിതലക്ഷ്യം അര്‍ഹത (എല്ലാ ദുഃഖങ്ങളില്‍നിന്നും വിടുതല്‍ പ്രാപിക്കുന്ന അവസ്ഥ)യാണ്. ഈ ആത്യന്തിക ലക്ഷ്യം ഓരോരുത്തരും സ്വപരിശ്രമത്താല്‍ നേടിയെടുക്കേണ്ടതാണ്. ബുദ്ധന്‍റെ അവസാന വാക്കുകളില്‍ ഈ ആശയം സൂചിപ്പിക്കുന്നുണ്ട് : "പല ഘടകങ്ങളാല്‍ രൂപീകൃതമായ എല്ലാ വസ്തുക്കള്‍ക്കും നാശമുണ്ട്, ബോധപൂര്‍വ്വം മോചനത്തിനായി പരിശ്രമിക്കുക." ബുദ്ധന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ പിന്‍തുടരുന്നതു വഴി ഒരു വ്യക്തിക്ക് ഈ ലോകത്തിലോ വരും ലോകത്തിലോ മോചനം നേടാനാവുമെന്നും ഇവര്‍ കരുതുന്നു. ഹീനയാനക്കാര്‍ ഒരു "അര്‍ഹതി" നോട് മൂന്നു വ്രതങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഞാന്‍ ബുദ്ധനില്‍ അഭയം തേടുന്നു; ഞാന്‍ സംഘത്തില്‍ അഭയം തേടുന്നു (ബുദ്ധം ശരണം ഗഛാമി, ധര്‍മ്മം ശരണം ഗഛാമി, സംഘം ശരണം ഗഛാമി).
ഹീനയാനത്തില്‍നിന്നു വ്യത്യസ്തമായ ചില തത്ത്വങ്ങള്‍ മഹായാനം ഉള്‍ക്കൊള്ളുന്നുണ്ട്. ഉദാഹരണത്തിന്, ബുദ്ധനെ , സത്യം അല്ലെങ്കില്‍ ധര്‍മ്മം പഠിപ്പിക്കുന്നവനായി ഹീനയാനക്കാര്‍ കാണുമ്പോള്‍, മഹായാനക്കാര്‍ ദൈവമായും രക്ഷകനായും കാണുന്നു. രക്ഷ പ്രാപിക്കാന്‍ മറ്റുള്ളവരെ സഹായിക്കാമെന്ന് എല്ലാ മഹായാന അനുയായികളും വ്രതം എടുക്കാറുണ്ട്. ബുദ്ധന്‍ തന്‍റെ ജീവിതം മുഴുവന്‍ പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന വ്യക്തികളെ സഹായിക്കുന്നതിനു സമര്‍പ്പിച്ചതുപോലെ നിര്‍വ്വാണം ലക്ഷ്യംവച്ച് ജീവിക്കുന്നവര്‍ മറ്റുള്ളവരുടെ ധാര്‍മ്മികാവശ്യങ്ങളില്‍ സഹായിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്ന് ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു. മഹായാനത്തിലെ പൊതുവായ ചില ചിന്താരീതികള്‍ താഴെപറയുന്നവയാണ്.
a.ബോധിസത്വ സിദ്ധാന്തം: എല്ലാ ജീവജാലങ്ങളെയും ദുഃഖത്തില്‍നിന്നു വിമുക്തരാക്കുകയെന്ന ഉദ്ദേശത്തോടുകൂടി പൂര്‍ണ്ണജ്ഞാനം നേടുന്നതാണ് ബോധിസത്വം കൊണ്ടര്‍ത്ഥമാക്കുന്നത്. വ്യക്തിപരമായ മോചനമെന്നതിനെക്കാള്‍ സഹജീവികളുടെ മോചനമാണ് ജ്ഞാനസമ്പാദനത്തിന്‍റെ ലക്ഷ്യം. ലോകത്തില്‍നിന്നു മാറി ഏകനായി ജീവിക്കുന്നതിനുവേണ്ടിയല്ല, മറിച്ച്, പൂര്‍ണ്ണജ്ഞാനത്തോടും സ്നേഹത്തോടുംകൂടി സഹിക്കുന്ന വരുടെ കഷ്ടപ്പാടുകള്‍ നീക്കുന്നതിനും രക്ഷയിലേക്ക് അവരെ നയിക്കുന്നതിനും വേണ്ടിയാണ് ജ്ഞാനം നേടേണ്ടത്. മോചനം പ്രാപിച്ച വ്യക്തി തന്‍റെ ആഗ്രഹങ്ങള്‍ സഹജീവികളുടേതാക്കി മാറ്റുകയും അവരോടൊപ്പം സഹിക്കുകയും ചെയ്യുന്നു. മഹാകരുണയാണ് അവരുടെ പ്രത്യേകത. ആദ്ധ്യത്മികമായ ഈ ആദര്‍ശമാണ് ബോധിസത്വസിദ്ധാന്തം.
b. ബുദ്ധന്‍റെ ദൈവീകരണം: ജീവിത പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യന്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന ഒരു മഹാശക്തിയെക്കുറിച്ചു ചിന്തിക്കുന്നു. ഈ ശക്തിയാണു ദൈവം. മഹായാനക്കാര്‍ ശ്രീബുദ്ധനെ ദൈവമായി കാണുന്നു. വേദനിക്കുന്ന മനുഷ്യര്‍ കരുണയ്ക്കും സ്നേഹത്തിനും സഹായത്തിനുമായി ബുദ്ധനോടാണു പ്രാര്‍ത്ഥിക്കുന്നത്. പരമോന്നത യാഥാര്‍ത്ഥ്യത്തിന്‍റെ അവതാരവും പ്രപഞ്ചത്തിന്‍റെ നിയന്താവും എല്ലാവരുടെയും മോചനത്തിനായി ആകാംക്ഷയോടെ പ്രവര്‍ത്തിക്കുന്നവനും എല്ലാവരെയും ദുഃഖത്തില്‍ സഹായിക്കുന്നവനുമാണു ശ്രീബുദ്ധന്‍.
c.ആത്മാവിന്‍റെ പുനഃസ്ഥാപനം: ഹീനയാനക്കാര്‍ ആത്മ നിഷേധത്തില്‍ ഉറച്ചുനിന്നപ്പോള്‍ മഹായാനക്കാര്‍ ആത്മാസ്തിത്വത്തെ പ്രതിഷ്ഠിക്കുന്നതായി കാണുന്നു. ആത്മാവില്ലെങ്കില്‍ പിന്നെ എന്തിനു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യമാണ് ആത്മാസ്തിത്വം സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
ചുരുക്കത്തില്‍, സ്വപ്രയത്നത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനുള്ള ശ്രമമാണ് ഹീനയാനത്തില്‍ കാണുന്നതെങ്കില്‍ മഹായാനം ഏവര്‍ക്കും രക്ഷ വാഗ്ദാനം ചെയ്യുന്നു. നിര്‍വ്വാണമാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നവര്‍ മറ്റുള്ളവരുടെ രക്ഷയ്ക്കായി പരിശ്രമിക്കുന്നു. ഈ പരിശ്രമം എല്ലാ വ്യക്തികളെയും മോചനം പ്രാപിക്കാന്‍ സഹായിക്കുന്നു.
അന്തര്‍ജനത്തിലൂടെയും ധ്യാനത്തിലൂടെയും ജ്ഞാനോദയം സിദ്ധിക്കുമെന്നു വിശ്വസിക്കുന്ന ബുദ്ധമതവിഭാഗമാണ് സെന്‍ (Zen). ഭാരതത്തിലാണു സെന്‍ ഉത്ഭവിച്ചത് (ക്രി.പി. 500). ബോധിധര്‍മ്മ എന്നു പേരുള്ള ഒരു ഇന്ത്യന്‍ സന്ന്യാസി ഇതു ചൈനയിലേക്കു വ്യാപിപ്പിച്ചു. സെന്‍ ചൈനയില്‍ ചാന്‍ എന്നാണ് അറിയപ്പെടുന്നത്. താവോയിസത്തിന്‍റെ സ്വാധീനവും സഹായവും സെന്നിന്‍റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. എയ്സായി (Eisai) ഡോജന്‍ (Dogen) എന്നീ രണ്ടു ജപ്പാന്‍ പുരോഹിതരുടെ നേതൃത്വത്തില്‍ സെന്‍ ജപ്പാനിലേക്കും വ്യാപിച്ചു. എയ്സായി 1100-കളില്‍ റിന്‍സായി സ്കൂളും, ഡോജന്‍ 1200-കളില്‍ സോട്ടോ (Soto) സ്കൂളും ആരംഭിച്ചു. അങ്ങനെ ജപ്പാനില്‍ പ്രധാനപ്പെട്ട ഒരു സംസ്കാരമായി സെന്‍ വികസിച്ചു.
ജ്ഞാനോദയം പ്രാപിക്കുകയെന്നതാണ് സെന്നിന്‍റെ സുപ്രധാനലക്ഷ്യം. ജ്ഞാനോദയം സിദ്ധിച്ച അവത്ഥ "സറ്റോറി" എന്ന പേരില്‍ അറിയപ്പെടുന്നു. റിന്‍സായി, സോട്ടോ എന്നീ സ്കൂളുകള്‍ സറ്റോറി നേടിയെടുക്കന്‍ രണ്ടുതരത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിക്കുന്നത്. റിന്‍സായി വീക്ഷണമനുസരിച്ച് ചിന്തോദ്ദീപകമായ കടംകഥകളെക്കുറിച്ചു ധ്യാനിച്ച് അതിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നതുവഴി സറ്റോറി പ്രാപിക്കാന്‍ സാധിക്കും. ക്വാന്‍സ് (Koans) എന്നാണ് ഈ രീതിയെ അവര്‍ വിളിക്കുന്നത്. ഈ മാര്‍ഗ്ഗം അക്കാലത്തു ജീവിച്ചിരുന്ന ബുദ്ധിജീവികളെ വളരെ ആകര്‍ഷിച്ചു. സോട്ടോ സെന്നിലുള്ളവര്‍ ഈ മാര്‍ഗ്ഗത്തോടൊപ്പം മഹായാന ബുദ്ധമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങള്‍കൂടി വായിക്കുന്നു. ബോധോദയം ലഭിക്കുന്നതിനുവേണ്ടി ശാരീരികമായും ഇവര്‍ അധ്വാനിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്നതാണ് സോട്ടോ മാര്‍ഗ്ഗത്തിന്‍റെ പ്രത്യേകത. ജപ്പാനില്‍ സോട്ടോ വിഭാഗത്തിന് 67 ലക്ഷത്തിലധികം അനുയായികള്‍ ഉണ്ട്.
ജ്ഞാനോദയം സിദ്ധിച്ച വ്യക്തി സ്വയംപര്യാപ്തമായ ജ്ഞാനത്തിലും അനുഭവത്തിലും മാത്രം ഒതുങ്ങാതെ സഹജീവികളുടെ സമാധാനത്തിനും സന്തോഷത്തിനും ഉന്നമനത്തിനുംവേണ്ടി അധ്വാനിക്കുന്നു. അതിനാല്‍ തന്നെ സെന്‍ ഒരു പഠനരീതിയെന്നതിനേക്കാള്‍ ഒരു ജീവിതശൈലിയാണ്. ഇതു വ്യക്തിയെയും സമൂഹത്തെയും, അവന്‍ വസിക്കുന്ന പ്രപഞ്ചത്തെയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന. വാക്കുകള്‍ക്കും ലിഖിതങ്ങള്‍ക്കും ഇവിടെ അമിത പ്രാധാന്യമില്ല. കൈവിരല്‍ ചന്ദ്രനെ ചൂണ്ടിക്കാണിക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാഴ്ചയ്ക്ക് അതൊരു തടസ്സമാണ്. അതുപോലെ ലിഖിതങ്ങളും ഭാഷയും ജ്ഞാനോദയത്തിനു സഹായ ഘടകങ്ങള്‍ മാത്രമാണ്. അമിത പ്രാധാന്യം നല്‍കിയാല്‍ അതു ജ്ഞാനോദയത്തിനു തടസ്സമാകും.
ബുദ്ധമത ഗ്രന്ഥങ്ങള്‍
ബുദ്ധമതാനുയായികള്‍ വാമൊഴിയായി തലമുറകള്‍ക്കു കൈമാറിയിരുന്ന ബുദ്ധോപദേശങ്ങള്‍ കാലക്രമത്തില്‍ പുസ്തകരൂപം പ്രാപിച്ചവയാണ് ബുദ്ധമതഗ്രന്ഥങ്ങള്‍. ശ്രീബുദ്ധന്‍ തന്‍റെ പ്രബോധനങ്ങല്‍ ഒന്നും തന്നെ എഴുതി സൂക്ഷിച്ചിരുന്നില്ല. എങ്കിലും ശരിയായ പഠനത്തില്‍ നിന്നു ജനം വ്യതിചലിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വാസസംഹിത സ്വരൂപിക്കുക എന്നത് ഒരു ആവശ്യമായിമാറി. അപ്രകാരം സമാഹരിക്കപ്പെട്ടവയാണ് ത്രിപിടികങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ഇവ ശ്രീബുദ്ധന്‍റെ യഥാര്‍ത്ഥ പഠനങ്ങള്‍ അതേരൂപത്തില്‍ അല്ലെങ്കില്‍ അവയോടു വളരെയധികം അടുപ്പമുള്ളവയാണെന്നു പറയാം.
ബുദ്ധമതത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ത്രിപിടകങ്ങള്‍ സൂക്ഷിച്ചിരുന്നു. എങ്കിലും ഹീനയാന വിഭാഗത്തിന്‍റെ ഒരു ഘടകമായ "ഥേരവാദികള്" പാലി ഭാഷയില്‍ രേഖപ്പെടുത്തിയ ത്രിപിടകങ്ങളാണ് ഇന്നു നമുക്കു ലഭ്യമായിട്ടുള്ളത്.
ത്രിപിടികങ്ങള്‍ക്കു പ്രധാനമായും മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ഇവ "വിനയ പിടികം" "സൂത്ത പിടികം", അഭിദമ്മ പിടികം എന്നിവയാണ്. ബുദ്ധഭിക്ഷുക്കളുടെ ദൈനംദിന ജീവിതത്തിലെ പ്രമാണങ്ങള്‍, അവയുടെ വ്യാഖ്യാനങ്ങള്‍ എന്നിവ വിനയ പിടികത്തിലും ബുദ്ധന്‍റെ പ്രസംഗങ്ങളും പഠനങ്ങളും സൂത്ത പിടികത്തിലും ബുദ്ധമനശാസ്ത്രം പോലുള്ള വിഷയങ്ങള്‍ അഭിദമ്മ പിടികത്തിലും ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
ദൈനംദിന ജീവിതക്രമം വിവരിക്കുന്ന വിനയ പിടികത്തിനു മൂന്നു ഭാഗങ്ങള്‍ ഉണ്ട്. ഒന്നാം ഭാഗത്തില്‍ ശിക്ഷണ നിയമങ്ങളും ബുദ്ധന്‍ ഇവ നല്‍കുവാന്‍ ഇടയായ സാഹചര്യങ്ങളും വിവരിക്കുന്നു. മഹാവര്‍ഗ്ഗം, ചൂല്ല (ചെറിയ) വര്‍ഗ്ഗം എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങള്‍ ഇതില്‍ കാണാം. വിനയ പിടകത്തിന്‍റെ രണ്ടാം ഭാഗത്ത് ബുദ്ധന്‍റെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങല്‍, അദ്ദേഹത്തിന്‍റെ ചില പ്രധാന പ്രസംഗങ്ങള്‍, ഭിക്ഷു സംഘത്തിലേക്കു പ്രവേശിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട ക്രമങ്ങല്‍ തുടങ്ങിയവ വിവരിക്കുന്നു. വിനയപിടികത്തോടു പിന്നീടു കൂട്ടിച്ചേര്‍ത്ത മൂന്നാം ഭാഗത്ത് ഭിക്ഷുസംഘത്തിന്‍റെ പൊതു നിയമങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയിരിക്കുന്നു.
ബി.സി. മൂന്നാം നൂറ്റാണ്ടോടുകൂടി സൂത്ത പിടകം അഞ്ചു നികായങ്ങളായി തിരിച്ചു. ബുദ്ധന്‍റെ പഠനങ്ങള്‍ ഉള്‍ക്കൊള്ളന്ന ത്രിപിടികത്തിന്‍റെ പ്രധാന ഭാഗമായ സൂത്ത പിടികത്തിന്‍റെ ഒന്നാം നികായത്തില്‍ മുപ്പത്തിനാലു ദീര്‍ഘമായ പ്രഭാഷണങ്ങളും രണ്ടാം നികായത്തില്‍ അത്ര ദീര്‍ഘമല്ലാത്ത നൂറ്റിയമ്പത്തിരണ്ടു പ്രഭാഷണങ്ങളും മൂന്നാം നികായ സംയുക്തയില്‍ അമ്പത്തിയാറു തരം സൂത്രങ്ങള്‍ അടങ്ങുന്ന ബുദ്ധപ്രബോധനങ്ങളും അടങ്ങുമ്പോള്‍ 2,308 സൂത്രങ്ങളുടെ പതിനൊന്നു ഗണങ്ങള്‍ നാലാമത്തെ നികായമായ അംഗുത്തരയില്‍ കാണുന്നു. അംഗുത്തര നികായത്തെത്തുടര്‍ന്ന് ഒടുവില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗമാണ് അഞ്ചാം നികായമായ ഖുദുക നികായം. ഇതു ശ്രീബുദ്ധന്‍റെ മുന്‍ജന്മങ്ങളെ സംബന്ധിച്ചു പ്രതിപാദിക്കുന്നു.
വിനയ പിടികവും സൂത്ത പിടികവും പൂര്‍ണ്ണരൂപംകൊണ്ടശേഷം സമാഹരിക്കപ്പെട്ടതാണ് ത്രിപിടികങ്ങളില്‍ മൂന്നാമത്തേതായ അഭിദമ്മപിടികം. ബുദ്ധമനഃശാസ്ത്രം തുടങ്ങിയ ദുര്‍ഗ്രഹങ്ങളായ വിഷയങ്ങളെക്കുറിച്ച് ഇതില്‍ വിവരിക്കുന്നു.
എ.ഡി. ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തിലോ എഴുതപ്പെട്ടു എന്നു വിശ്വസി ക്കപ്പെടുന്ന ഗ്രന്ഥമാണു ബുദ്ധചരിതം. അന്നത്തെ പ്രമുഖ തത്ത്വചിന്തനും സന്യാസിയുമായിരുന്ന അവഘോഷ (Avaghosha) യാണ് ഈ ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് എന്ന് അനുമാനിക്കുന്നു. മഹായാനത്തിന്‍റെയും ഹീനയാനത്തിന്‍റെയും ആശയങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ ഇത് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു ഗ്രന്ഥമാണ്. ബുദ്ധന്‍റെ ആന്തരികചിന്തകള്‍, ദുഃഖത്തെക്കു റിച്ചുള്ള അവബോധം, ലൗകികജീവിതം ഉപേക്ഷിക്കേണ്ടതിന്‍റെ ആവശ്യം, പരമജ്ഞാനത്തിലേക്കു തിരിയേണ്ടതിന്‍റെ പ്രാധാന്യം എന്നിവയാണ് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.
മഹായാനക്കാരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന ഒരു ഗ്രന്ഥമാണ് പത്മസൂത്രം. ഇതിന്‍റെ പൂര്‍ണ്ണനാമം സദ്ധര്‍മ്മപുണ്ഡരിക സൂത്ത എന്നാണ്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തില്‍ ബോധിസത്വത്തെക്കുറിച്ചുള്ള ബുദ്ധോപദേശങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ബുദ്ധമതത്തില്‍ മഹായാന ഷാഖയുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പ്രാധാന്യമേറിയ ഒന്നാണു ലളിതവിസ്താരം. ശ്രീബുദ്ധന്‍റെ ജീവിതത്തെ സംബന്ധിക്കുന്ന വിവരണമാണ് ഇതിലെ പ്രതിപാദ്യം. പാലി ഗ്രന്ഥങ്ങളിലേതിനേക്കാള്‍ അത്ഭുതാ വഹവും അമാനുഷികവുമായ രീതിയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഇവകൂടാതെ സദ്ധര്‍മ്മ പുരികം, സുഖാവതിവ്യൂഹം, കാരണവ്യൂഹം, പ്രജ്ഞാപരിമിതം, അമിതായുര്‍ ധ്യാനസൂത്രം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും ബുദ്ധമതത്തില്‍ ദര്‍ശിക്കാനാവും.
Buddhism primitive religions mananthavady diocese catholic malayalam catholic different religions in world buddha Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206