We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Antony Nettikkattu C M On 03-Feb-2021
ജ്ഞാനസ്നാനം എന്ന കൂദാശയുമായി ബന്ധപ്പെട്ട് സഭകള്‍ തമ്മില്‍ പല അഭിപ്രായാന്തരങ്ങളുമുണ്ട്. ഇവയില്‍ പ്രധാനമായവ ചുവടെ ചേര്‍ക്കുന്നു:
കുട്ടികളെ പഴയ ഉടമ്പടിയിലേക്ക് കൊണ്ടുവരുന്ന വ്യവസ്ഥാപിത മാര്‍ഗമായിരുന്നു ഛേദനാചാരം (ഉല്പത്തി 17:1-14). ഛേദനാചാരത്തിനു പകരമാണ് ജ്ഞാനസ്നാനം. അതിനാല്‍ പുതിയ ഉടമ്പടിയിലേക്കുള്ള പ്രവേശനത്തിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗം കുട്ടികളുടെ ജ്ഞാനസ്നാനമാണ്. യഹൂദ മാതാപിതാക്കള്‍ 8 ദിവസം പ്രായമായ തങ്ങളുടെ മക്കളുടെ പേരില്‍ ദൈവവുമായി ഉടമ്പടിവച്ചു. അതുപോലെ ക്രൈസ്തവരായ മാതാപിതാക്കളും ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ തങ്ങളുടെ മക്കള്‍ക്കുവേണ്ടി ദൈവവുമായി ഉടമ്പടി വയ്ക്കുന്നു. കത്തോലിക്കാസഭ ശിശുക്കളെ ജ്ഞാനസ്നാനപ്പെടുത്തിയതിനു കാരണം, സഭയുടെ ആരംഭം മുതല്‍ അതായിരുന്നു ആചാരം എന്നതാണ്. ശിശുക്കളുടെ ജ്ഞാനസ്നാനത്തെ വിശുദ്ധ ലിഖിതം ഒരിക്കലും വിലക്കിയിട്ടില്ല. ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ മുഴുവന്‍ കുടുംബങ്ങളെയും ജ്ഞാനസ്നാനപ്പെടുത്തിയ അനവധി സന്ദര്‍ഭങ്ങള്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. അവയില്‍ കുട്ടികളും, വേലക്കാരും അവരുടെ മക്കളും എല്ലാം ഉള്‍പ്പെട്ടിരിക്കുന്നു. അവരെല്ലാം കൂടി എണ്ണത്തില്‍ അനവധിയുണ്ടായിരുന്നു. "കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ച അവള്‍ ഞങ്ങളോടു പറഞ്ഞു" (അപ്പോ 16:15). "അപ്പോള്‍ത്തന്നെ അവനും (പാറാവുകാരന്‍) കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു (അപ്പോ 16:33). സ്തെഫാനോസിന്‍റെ കുടുംബത്തെക്കൂടി ഞാന്‍ ജ്ഞാനസ്നാനപ്പെടുത്തിയിട്ടുണ്ട് (1 കോറി 1:16) (അപ്പോ 18:8; 11:14 ഭാഗങ്ങളും കാണുക). വിവേകപൂര്‍ണ്ണമായ നമ്മുടെ കാഴ്ചപ്പാടുപോലെ, വിശുദ്ധഗ്രന്ഥത്തിന്‍റേതായ ഈ ലോകകാഴ്ചപ്പാടില്‍, കുടുംബം എന്നാല്‍, കുട്ടികളും കൂടിയുള്ള ഭവനനിവാസികള്‍ എന്നാണ് അര്‍ത്ഥം. ഇത് പഴയനിയമത്തിലും വ്യക്തമായിരുന്നു. ജോസഫ് തന്‍റെ പിതാവിനും സഹോദരന്മാര്‍ക്കും പിതാവിന്‍റെ വീട്ടുകാര്‍ക്കുമെല്ലാം അംഗസംഖ്യയനുസരിച്ച് ആഹാരം കൊടുത്തുപോന്നു (ഉല്പ 47:12).
അപ്പസ്തോലന്മാരില്‍നിന്നും അവരുടെ തൊട്ടടുത്ത പിന്‍ഗാമികളില്‍ നിന്നും നേരിട്ട് വിശ്വാസം സ്വീകരിച്ച ആദിമ സഭാപിതാക്കന്മാരുടെ സാക്ഷ്യം ഈ ആചാരത്തിന്‍റെ സത്യാവസ്ഥ സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ പോളി കാര്‍പ്പിനെ നേരിട്ടു പരിശീലിപ്പിച്ചത് വിശുദ്ധ യോഹന്നാന്‍ സുവിശേഷകനായിരുന്നു. പോലികാര്‍പ്പിന്‍റെ പിന്‍ഗാമിയായിരുന്നു വിശുദ്ധ ഐറേനിയൂസ് (140-205) മതവിരോധികളെയും നിന്ദകരെയും എതിര്‍ക്കുന്നതിനിടയ്ക്ക് ഐറേനിയൂസ് സൂചിപ്പിച്ചിട്ടുള്ളത് ജ്ഞാനസ്നാനം, ശിശുക്കള്‍, കുട്ടികള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, പ്രായപൂര്‍ത്തിയായവര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍പ്പെടുത്തിയിരുന്നു എന്നാണ്. ഒറിജണ്‍ (180-255) സ്ഥിരീകരിക്കുന്നത്, ശിശുക്കളുടെയും കുട്ടികളുടെയും ജ്ഞാനസ്നാനം അപ്പോസ്തോലന്മാര്‍തന്നെ സ്ഥാപിച്ചതാണ് എന്നാണ്. കാര്‍ത്തേജിലെ കൗണ്‍സില്‍ (ഏ.ഡി. 253) ശിശുക്കള്‍ ജനിച്ചാല്‍ എത്രയും പെട്ടെന്ന് ജ്ഞാനസ്നാനം നടത്തണം എന്ന് കല്പിച്ചു. ശിശുക്കളുടെ ജ്ഞാനസ്നാനം ഒരു പുതുമയോ അല്ലെങ്കില്‍ വിപ്ലവകരമായ ഒരു ആശയമോ ആയിരുന്നെങ്കില്‍ സഭയ്ക്കുള്ളില്‍ത്തന്നെ കടുത്ത എതിര്‍പ്പുകള്‍ ഉണ്ടാകുമായിരുന്നു. പ്രായേണ, അത് സഭയില്‍ സാര്‍വ്വത്രികമായ ഒരു ആചാരം ആയിരുന്നു. ആദിമസഭയ്ക്കാണ് ക്രിസ്തുവിന്‍റെ ഇച്ഛയെക്കുറിച്ച് പുതിയതും നേരിട്ടുള്ളതുമായ അറിവ് ഉണ്ടായിരുന്നത്. ഈ അറിവ് ഈ ആചാരത്തിന്‍റെ അടിവേരായി ഭവിച്ചു.
റോമിലെ പ്രാചീന ശവകുടീരങ്ങളില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കുട്ടികളുടെ ശവസംസ്കാരത്തെക്കുറിച്ച് പറയുന്ന ലിഖിതങ്ങളുണ്ട്. അത്തരം ലിഖിതങ്ങളില്‍ ഒന്ന് ഇങ്ങനെ വായിക്കുന്നു: "പുതിയതായി ജ്ഞാനസ്നാനം സ്വീകരിച്ച അര്‍ക്കില്ലിയ ഇവിടെ ശയിക്കുന്നു. അവള്‍ക്ക് ഒരു വയസ്സും അഞ്ചുമാസവും ആയിരുന്നു പ്രായം. അവള്‍ ഫെബ്രുവരി 23-ാം തീയതി മരിച്ചു." ജ്ഞാനസ്നാനം സ്വീകരിയ്ക്കാത്ത കുട്ടിയ്ക്ക് ഉത്ഭവപാപം ഉണ്ടായിരിക്കും. അതിനാല്‍ അവനെ/അവളെ എത്രയും പെട്ടെന്ന് ജ്ഞാനസ്നാനപ്പെടുത്തണം. കുട്ടികളെ ആഴത്തില്‍ സ്നേഹിച്ച, ഏവരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ച, ക്രിസ്തു ആയിരിക്കും ഈ ആചാരത്തിന് അനുകൂലമായി ആദ്യം വാദിയ്ക്കുന്നത്.
ഒരുവന്‍ ആദ്യം വിശ്വസിക്കണം, പിന്നീട് ജ്ഞാനസ്നാനപ്പെടണം എന്ന് തെളിയിക്കാന്‍ ചില എതിരാളികള്‍ വിശുദ്ധലിഖിതങ്ങളില്‍നിന്ന് ഉദ്ധരിക്കുന്നു: അവരുടെ വാദം ഇതാണ്: യുക്തിയും വിവേകവും ശിശുക്കള്‍ പ്രാപിച്ചിട്ടുണ്ടാവില്ല. അതിനാല്‍, വിശ്വാസം തെരഞ്ഞെടുക്കുവാന്‍ അവര്‍ക്കു സാധിക്കുകയില്ല. അതിനാല്‍, അതിനാല്‍ അവരെ ജ്ഞാനസ്നാനപ്പെടുത്തരുത്. പരാമര്‍ശിക്കപ്പെടുന്ന വിശുദ്ധലിഖിതഭാഗങ്ങള്‍ ഇവയാണ്: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക" (അപ്പോ 16:31-33). കൂടാതെ ഒരുവന്‍ ആദ്യം വിശ്വസിക്കണം എന്നും പിന്നീട് ജ്ഞാനസ്നാനപ്പെടണം എന്നും വിശുദ്ധ മര്‍ക്കോസ് ചൂണ്ടിക്കാണിക്കുന്നു: "വിശ്വസിച്ച് സ്നാനം സ്വീകരിയ്ക്കുന്നവന്‍ രക്ഷിക്കപ്പെടും" (മര്‍ക്കോ 16:16). മറ്റുവാക്കുകളില്‍, വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം, അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ എന്നിവ അനുസരിച്ച് ആദ്യപടി പ്രസംഗിയ്ക്കുകയാണ്; പിന്നീട് ശ്രോതാക്കള്‍ വിശ്വസിക്കുകയും അവസാനം ജ്ഞാനസ്നാനം സ്വീകരിയ്ക്കുകയും ചെയ്യുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷം ഈ വേര്‍തിരിവ് കാണിക്കുന്നില്ല, കാരണം അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ പൊതുവായിട്ടുള്ളതാണ്. "ആകയാല്‍ നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്" (മത്താ 28:19-20). ഇവിടെ കര്‍ത്താവ് ശിഷ്യര്‍ക്ക് ത്രിമാന കല്പനയാണ് നല്കുന്നത്: അവര്‍ ശിഷ്യരെയുണ്ടാക്കണം; അവരെ ജ്ഞാനസ്നാനപ്പെടുത്തണം; രക്ഷയ്ക്ക് ആവശ്യമായവ പഠിപ്പിക്കണം. മത്തായിയുടെ സുവിശേഷമനുസരിച്ച്, ജ്ഞാനസ്നാനം ആദ്യം വരുന്നു; അതിനു പിന്നാലെ സുവിശേഷപ്രസംഗവും വിശ്വസിക്കലും. മര്‍ക്കോസ്, മത്തായി എന്നീ സുവിശേഷകര്‍ പരസ്പരവിരുദ്ധമായ ആശയങ്ങളാണോ പറയുന്നത്? ദൈവവചനം നിത്യസത്യമാണ്. അതില്‍ത്തന്നെ വൈരുദ്ധ്യം ഉണ്ടാകുകയില്ല. വ്യക്തമായ അനുമാനം ഇതാണ്. വിശ്വാസപ്രബോധനത്തിനു മുമ്പോ പിമ്പോ ജ്ഞാനസ്നാനം നല്കുവാന്‍ യേശുക്രിസ്തു തന്നെ ശിഷ്യരെ അധികാരപ്പെടുത്തി. അതായത്, ജ്ഞാനസ്നാനം ആദ്യം സ്വീകരിക്കുകയും തുടര്‍ന്ന് വിശ്വാസപ്രബോധനം നേടുകയും ചെയ്യുക അല്ലെങ്കില്‍ വിശ്വാസപ്രബോധനം നേടിയിട്ട് ജ്ഞാനസ്നാനം സ്വികരിക്കുക. ഇതുരണ്ടും ഒരുപോലെ സ്വീകര്യവും അനുവദനീയവുമാണ്. പ്രധാനപ്പെട്ട പ്രശ്നം ജ്ഞാനസ്നാനമാണ്. അല്ലാതെ സ്വീകര്‍ത്താവിന്‍റെ പ്രായമല്ല. മര്‍ക്കോസിന്‍റെ സുവിശേഷത്തിലുള്ള വ്യത്യാസം ക്രിസ്തീയതയുടെ ആദിമഘട്ടം അദ്ദേഹം അവതരിപ്പിക്കുന്നു എന്നതാണ്. അന്ന് അദ്ദേഹത്തിന് മുതിര്‍ന്നവരോട് ആദ്യം പ്രസംഗിയ്ക്കേണ്ടിയിരുന്നു. അതിനുശേഷം വിശ്വാസം പ്രകടിപ്പിച്ചവരെ ജ്ഞാനസ്നാനം ചെയ്യിക്കേണ്ടിയിരുന്നു. ഈ ഘട്ടത്തില്‍ ശിശുക്കളുടെ ജ്ഞാനസ്നാനം എന്ന പ്രശ്നം ഉയര്‍ന്നിട്ടില്ലായിരുന്നു, കാരണം അന്ന് ക്രൈസ്തവരോ, ക്രൈസ്തവ കുടുംബങ്ങളോ ഉണ്ടായിരുന്നില്ല. അപ്പസതോലന്മാര്‍ക്ക് സുവിശേഷം പ്രസംഗിയ്ക്കേണ്ടിയിരുന്നതുകൊണ്ട്, മുതിര്‍ന്നവരില്‍നിന്ന് അവര്‍ക്ക് ആരംഭിയ്ക്കേണ്ടിവന്നു. മുതിര്‍ന്നവരെ സ്നാനപ്പെടുത്തിയാല്‍ കുട്ടികളെ അവഗണിയ്ക്കുവാന്‍ സാധിക്കുമോ? ക്രിസ്തീയതയുടെ ആദിമഘട്ടം പ്രതിപാദിയ്ക്കുന്ന അപ്പസതോലപ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്, കുടുംബത്തിലെ എല്ലാവരും, മുതിര്‍ന്നവര്‍, കുട്ടികള്‍, വേലക്കാര്‍, കുടുംബാംഗങ്ങള്‍, അടിമകള്‍, അവരുടെ കുട്ടികള്‍ എന്നിങ്ങനെ എല്ലാവരും ജ്ഞാനസ്നാനപ്പെട്ടു, എന്നാണ്. "....അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു." (അപ്പോ 16:31-33). "കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ച അവള്‍..". (അപ്പോ 16:15). ഇപ്പോള്‍ ക്രിസ്തീയ കുടുംബങ്ങള്‍ മത്തായിയുടെ വിവരണമാണ് അവലംബിയ്ക്കുന്നത്. ശിശുക്കള്‍ക്ക് ജ്ഞാനസ്നാനം നല്കിയിട്ട്, മതബോധനത്തിലൂടെ, കുട്ടികള്‍ ക്രിസ്തീയ വിശ്വാസത്തില്‍ വളരുവാനും ദൈവകല്പനകള്‍ അനുസരിക്കുവാനും കത്തോലിക്കാമാതാപിതാക്കള്‍ കുട്ടികളെ സഹായിക്കുന്നു.
വിശ്വാസം മനുഷ്യന്‍റെ രക്ഷയ്ക്കായി അവന് സ്വതന്ത്രമായി നല്കിയ ഒരു ദൈവിക വരദാനമാണ്. വിശുദ്ധ പൗലോസ് ഇങ്ങനെ പറയുന്നു: "സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും, ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും... ഈ കൃപയാകട്ടെ അവിടുന്ന് തന്‍റെ ജ്ഞാനത്തിലും, വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു" (എഫേ 1:3-8). അവിടുന്ന് ഇച്ഛിയ്ക്കുന്നവരില്‍ അവിടുന്ന് ഇച്ഛിയ്ക്കുമ്പോള്‍ ദൈവം തന്‍റെ അനുഗ്രഹങ്ങള്‍ സ്വതന്ത്രമായി ചൊരിയുന്നു. ശൈശവ ജ്ഞാനസ്നാനത്തിന്‍റെ എതിരാളികള്‍ ഒട്ടും വഴങ്ങാത്ത മട്ടില്‍ ഊന്നിപ്പറയുന്നതായി തോന്നുന്നത് ദൈവത്തിന്‍റെ ഉദാരമനസ്കതയും സ്വതന്ത്രതയും കുട്ടികളിലേക്ക് വലിച്ചുനീട്ടരുത് എന്നാണ്. ശിശുക്കളെ സ്നേഹിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തിരുന്ന യേശു, അവരുടെ ആത്മീയവളര്‍ച്ചയ്ക്കു വേണ്ടത് ഒരുക്കുകയില്ലേ? യേശു കൈകള്‍വച്ചു പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി ചിലര്‍ ശിശുക്കളെ അവന്‍റെ അടുത്തുകൊണ്ടുവന്നു. ശിശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. അവന്‍ അവരുടെമേല്‍ കൈകള്‍ വച്ചശേഷം അവിടെ നിന്നു പോയി" (മത്താ 19:13-16). വീണ്ടും നാം ഇങ്ങനെ വായിക്കുന്നു: "ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മദ്ധ്യേ നിര്‍ത്തിക്കൊണ്ട് അരുളിചെയ്തു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാവുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു (മത്തായി 18:1-5).
കുട്ടികളെ വിശുദ്ധിയുടെ മാതൃകയായി പ്രതിഷ്ഠിച്ച യേശുവിന്, അവര്‍ ജ്ഞാനസ്നാനം സ്വീകരിക്കാതെയായിരിക്കുവാനും അങ്ങനെ അവര്‍ക്ക് സ്വര്‍ഗരാജ്യം നിഷേധിക്കപ്പെടുവാനും അനുവദിക്കാന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍, ദൈവത്തിന്‍റെ രഹസ്യങ്ങള്‍ യേശു കുട്ടികള്‍ക്ക് എങ്ങനെ വെളിപ്പെടുത്തിക്കൊടുക്കുന്നു എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം നമ്മെ അനുസ്മരിപ്പിക്കുന്നു. "യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്ന് മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു" (മത്താ 11:25). അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: ڇഈ വാഗ്ദാനം, നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്‍റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്" (അപ്പോ 2:39). "സന്താനങ്ങള്‍", "എല്ലാവരും" എന്നീ വാക്കുകളില്‍ "ശിശുക്കള്" ഉള്‍പ്പെടുന്നില്ലേ? ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ മക്കള്‍ പാഷണ്ഡരെപ്പോലെ വളരാന്‍ അനുവദിയ്ക്കണമോ? അവര്‍ സ്വര്‍ഗ്ഗരാജ്യത്തിനു പുറത്തു നിര്‍ത്തപ്പെടേണ്ടവരാണോ? ബുദ്ധിവൈകല്യം സംഭവിച്ചവര്‍, ശിശുക്കള്‍ എന്നിവര്‍ക്ക് ജ്ഞാനസ്നാനം നിഷേധിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്ന് അവരെ ഒഴിവാക്കാന്‍ നമുക്ക് സത്യസന്ധമായി സാധിക്കുമോ-യുക്തിപരത ഉപയോഗിക്കുവാന്‍ അവര്‍ക്ക് കഴിവില്ല എന്ന കേവലകാരണത്താല്‍? സര്‍വ്വകാരുണികനായ ദൈത്തോട് വ്യവസ്ഥകള്‍ കല്പിയ്ക്കുവാന്‍ അല്ലെങ്കില്‍ അവിടുത്തെ ഉദാരമനസ്കതയെ പരിമിതപ്പെടുത്തുവാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? അത്തരം സിദ്ധാന്തങ്ങള്‍ക്കായി വാദിയ്ക്കുന്നവര്‍ യേശുവിന്‍റെ ഈ വാക്കുകളെക്കുറിച്ചു വിചിന്തനം നടത്തുന്നത് നന്നായിരിക്കും:
"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുതളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിയ്ക്കുന്നുമില്ല" (മത്താ 23:13).
പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ കോരിച്ചൊരിയപ്പെടുന്നതിന്, പ്രായമോ ലിംഗഭേദമോ അപ്രസക്തമാണ്. ഒരു വ്യക്തിയിലും പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളെ പരിമിതപ്പെടുത്തുവാന്‍ നമുക്ക് അവകാശമില്ല. അത് ശിശുക്കള്‍, കുട്ടികള്‍, പ്രായപൂര്‍ത്തി ആയവര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ആരുമായിക്കൊള്ളട്ടെ. ആത്മാവിന് അത് ഇച്ഛിയ്ക്കുന്നവരില്‍, അത് ഇച്ഛിയ്ക്കുമ്പോള്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പരിശുദ്ധാത്മാവിന്‍റെ ശക്തിയെ നിയന്ത്രിക്കുവാനും അതിനു പരിധി നിര്‍ണ്ണയിക്കുവാനുമുള്ള ധൈര്യം ആര്‍ക്കാണുള്ളത്? നമുക്ക് പത്രോസിനെ ശ്രവിക്കാം: "നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്ക് ജ്ഞാനസ്നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ക്കു സ്നാനം നല്കുവാന്‍ അവിടുന്നു കല്പിച്ചു" (അപ്പ 10:47-48). ലൂക്കാസുവിശേഷകന്‍ നമ്മെ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: "മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി" (ലൂക്കാ 1:42). സ്നാപകയോഹന്നാന് എന്തെങ്കിലും വിശ്വസിക്കാന്‍മാത്രം പ്രായം എത്തിയിരുന്നോ? പരിശുദ്ധാത്മാവിന്‍റെ ശക്തി മനുഷ്യന്‍റെ പ്രായം, ബുദ്ധി എന്നിവയെ അതിജീവിക്കുന്നു.
ശിശുക്കളുടെയും കുട്ടികളുടെയും ജ്ഞാനസ്നാവേളയില്‍ തലതൊട്ടപ്പനും തലതൊട്ടമ്മയും ഉണ്ടായിരിക്കണം എന്ന് സഭ അനുശാസിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിക്കുന്നവരുടെ നാമത്തില്‍ അവര്‍ വിശ്വാസം പ്രകടിപ്പിക്കുകയും, അവര്‍ക്ക് ജ്ഞാനസ്നാനം നല്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് മതിയാവും. യേശു ഉയര്‍ത്തിപ്പിടിച്ച ആചാരവുമായി അത് പൊരുത്തപ്പെടുന്നുമുണ്ട്. മറ്റുവ്യക്തികളുടെ ആത്മീയ ശുഷ്കാന്തി, വിശ്വാസം എന്നിവ നിമിത്തം ദൈവം തന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു എന്ന് വിശുദ്ധലിഖിതങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. സോദോം നഗരത്തിനുവേണ്ടി അബ്രാഹാം ദൈവവുമായി മദ്ധ്യസ്ഥത യാചിക്കുന്നു (ഉല്പ 18:16-33). ശതാധിപന്‍റെ ഭൃത്യന്‍ സൗഖ്യപ്പെടുന്നത് യേശുക്രിസ്തുവിലുള്ള ശതാധിപന്‍റെ വിശ്വാസം നിമിത്തമാണ്. "പൊയ്ക്കൊള്‍ക: നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു" (മത്താ 8:5-13). ഇവിടെ ഭൃത്യന്‍ ഇടപെട്ടില്ല. ശതാധിപന്‍ യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നുവെന്നും അയാള്‍ അറിഞ്ഞിരുന്നില്ല. കാനാന്‍കാരിയായ സ്ത്രീയുടെ മകള്‍ സൗഖ്യപ്പെട്ടത് അവളുടെ അമ്മയുടെ അപേക്ഷമൂലമാണ് (മത്താ 15:21-28). തളര്‍വാതരോഗി സൗഖ്യപ്പെട്ടത്, അവന്‍റെ സ്നേഹിതരുടെ വിശ്വാസംമൂലമാണ്. "അപ്പോള്‍ നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു... അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി,... അവരുടെ വിശ്വാസം കണ്ടറിഞ്ഞ യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു...ഞാന്‍ നിന്നോടു പറയുന്നു: എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത്, വീട്ടിലേക്ക് പോകുക. തത്ക്ഷണം, അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേയ്ക്കുപോയി" (മര്‍ക്കോ 2:1-12). ഈ സംഭവത്തില്‍ തളര്‍വാതരോഗി സംഭവിച്ച കാര്യങ്ങള്‍ക്കെല്ലാം ഒരു മൂകസാക്ഷിയായിരുന്നു. അവന്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചില്ല. അത്രയ്ക്കുപോലും യേശുവില്‍ വിശ്വാസം പ്രകടിപ്പിച്ചില്ല (കൂടുതല്‍ സംഭവങ്ങള്‍ക്കായി മര്‍ക്കോ 5:22-44, 5:22-23, 35-42, 9:14-27 ഭാഗങ്ങള്‍ നോക്കുക). ചില വ്യക്തികളുടെ വിശ്വാസം കണ്ടിട്ട്, മറ്റുചില വ്യക്തികളുടെ നാമത്തില്‍ യേശു അത്ഭുതകരമായി ഇടപെട്ടു എന്ന് സുവിശേഷം വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ, ശിശുക്കളുടെയും, കുട്ടികളുടെയും, മാതാപിതാക്കള്‍, തലതൊട്ടപ്പനും അമ്മയും എന്നിവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ യേശുവിന് പാപങ്ങള്‍ ക്ഷമിക്കുവാന്‍ കഴിയും. കൂടാതെ, ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍ യുക്തിചിന്തയ്ക്കുള്ള പ്രായം എത്തുന്നതിനുമുമ്പ് മരിക്കുന്നു. അനുകമ്പയുടെ മൂര്‍ത്തിമത്ഭാവമായ, ഏവരും രക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന, കുട്ടികളെ തരളമായി സ്നേഹിച്ചിരുന്ന യേശുവിന്, തങ്ങളുടേതല്ലാത്ത കുറ്റം നിമിത്തം നിഷ്കളങ്കരായ ഇവര്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനം നിഷേധിക്കുവാന്‍ കഴിയുമോ?
ശുശ്രൂഷകന്‍റെ പരിശുദ്ധി ഗണിയ്ക്കാതെ, സ്വീകര്‍ത്താവിന്‍റെ ലിംഗഭേദം, പ്രായം എന്നിവ കണക്കിലെടുക്കാതെ ജ്ഞാനസ്നാനം ജന്മപാപവും കര്‍മ്മപാപവും കഴുകിക്കളയുന്നു എന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. അതിനാല്‍, ശിശുക്കള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അല്ലെങ്കില്‍ യുക്തിയും വിവേകവും ഉറയ്ക്കുന്ന പ്രായമാകുന്നതുവരെ എന്തിന് അവരുടെ ജ്ഞാനസ്നാനം വൈകിക്കണം? വാദഗതി കുറച്ചുകൂടി മുമ്പോട്ടു കൊണ്ടുപോയാല്‍, തങ്ങള്‍ക്ക് ഭക്ഷണം തരുന്നത് എന്തിന്, തങ്ങളെ കുളിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നത് എന്തിന് എന്ന് ശിശുക്കള്‍ മനസ്സിലാക്കിയെന്നു വരില്ല. എന്നുവച്ച്, മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്കരുത്, കുളിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്യരുത് എന്ന് അതിനര്‍ത്ഥമുണ്ടോ? കൂടാതെ, ശിശുക്കള്‍ക്ക് ജ്ഞാനസ്നാനം നല്കുന്നതില്‍നിന്ന് കര്‍ത്താവ് ഒരിടത്തും അപ്പസ്തോലന്മാരെ വിലക്കിയിട്ടില്ല എന്നതും പ്രസക്തമാണ്. ക്രൈസ്തവരായ മാതാപിതാക്കള്‍ക്കു ജനിച്ച പ്രായപൂര്‍ത്തിയായ കുട്ടികള്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനു മുമ്പ് മതപരമായ പരിശീലനം നേടിയതിന്‍റെ ഒറ്റ ഉദാഹരണം പോലും വിശുദ്ധഗ്രന്ഥം നല്കുന്നില്ല.
ഈ പ്രശ്നത്തില്‍ വെളിപാട് വ്യക്തമായ വെളിച്ചം വീശുന്നില്ല. അതിനാല്‍ ദൈവിക വെളിപാടിനാല്‍ പ്രബുദ്ധീകരിക്കപ്പെട്ട മനുഷ്യയുക്തിയെ നാം ആശ്രയിക്കേണ്ടതുണ്ട്. നേരേമറിച്ച്, ദൈവം നീതിമാനും, സത്യസന്ധനുമാണ് എന്ന് നമ്മുടെ ബുദ്ധിശക്തി ഓര്‍മ്മിപ്പിക്കുന്നു. ദൈവിക വെളിപാട് അനുസ്മരിപ്പിക്കുന്നത് ദൈവം കരുണാമയനും അനുകമ്പയുള്ളവനുമാണ് എന്നാണ്. വ്യക്തമായ അനുമാനം ഇതാണ്: യുക്തിചിന്തയ്ക്കു മാത്രമുള്ള പ്രായമെത്താത്ത ശിശുക്കള്‍ തന്മൂലം മനഃപൂര്‍വ്വം വ്യക്തിപരമായ പാപംചെയ്യാന്‍ ശേഷിയുള്ളവരല്ല. നീതിമാനും, സ്നേഹമയനും, കരുണാമയനും, അനുകമ്പ നിറഞ്ഞവനുമായ ദൈവത്തിന് അവരെ നരകത്തിലേക്ക് ശിക്ഷിച്ചുതള്ളുവാന്‍ കഴിയുകയില്ല. അതേസമയം ഈ ശിശുക്കള്‍ക്ക് ജന്മപാപം നിമിത്തം സ്വര്‍ഗപ്രവേശനത്തിന് അര്‍ഹതയില്ല. മാതാപിതാക്കളില്‍നിന്ന് അവരിലേക്ക് സംക്രമിക്കപ്പെട്ടതാണ് ജന്മപാപം. കത്തോലിക്കാസഭ ഇങ്ങനെ പഠിപ്പിക്കുന്നു: ജ്ഞാനസ്നാനം സ്വീകരിക്കാതെ മരിക്കുന്ന ശിശുക്കളെ സംബന്ധിച്ച്, അവരെ, അവര്‍ക്കുവേണ്ടിയുള്ള മൃതസംസ്കാരച്ചടങ്ങില്‍ ചെയ്യുന്നതുപോലെ, ദൈവകാരുണ്യത്തിന് സമര്‍പ്പിക്കുവാനേ സഭയ്ക്ക് സാധിക്കുകയുള്ളൂ. തീര്‍ച്ചയായും, സകല മനുഷ്യരും രക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ കാരുണ്യവും, യേശുവിന് കുഞ്ഞുങ്ങളോടുള്ള താരള്യവും, ഇങ്ങനെ പറയുവാന്‍ അവിടുത്തെ പ്രേരിപ്പിച്ചു: "ശിശുക്കള്‍ എന്‍റെയടുത്തുവരാന്‍ അനുവദിയ്ക്കുവിന്‍. അവരെ തടയരുത്" (മര്‍ക്കോ 10:14). ജ്ഞാനസ്നാനം സ്വീകരിക്കാതെ മരിച്ച കുഞ്ഞുങ്ങള്‍ക്ക് രക്ഷാമാര്‍ഗമുണ്ട് എന്ന് പ്രത്യാശിക്കാം
ചില പണ്ഡിതര്‍ "ലിംബോ" എന്ന ആശയം കണ്ടുപിടിച്ചിട്ടുണ്ട്. ജ്ഞാനസ്നാനം ലഭിക്കാതെ മരിക്കുന്ന ശിശുക്കള്‍ സ്വാഭാവിക സന്തുഷ്ടിയോടെ എന്നന്നേയ്ക്കുമായി ജീവിക്കുന്ന ഒരു അവസ്ഥയാണ് ഇത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ കത്തോലിക്കാസഭ, ഈ ആശയം ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. അവളുടെ മതബോധനത്തില്‍ ഇതെക്കുറിച്ച് പരാമര്‍ശവുമില്ല. സഭാചരിത്രത്തില്‍ വിശുദ്ധ തോമസ് ഉള്‍പ്പെടെ അനവധി ദൈവശാസ്ത്രജ്ഞന്മാര്‍ "ലിംബോ"യെ സ്വാഭാവികസന്തുഷ്ടിയുടെ ഒരു അവസ്ഥയായി കരുതിയിട്ടുണ്ട്. അതിലെ അന്തേവാസികള്‍ ദൈവത്തെ മുഖത്തോടു മുഖം ദര്‍ശിക്കുന്നില്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, "നിത്യസൗഭാഗ്യദര്‍ശനം" കൂടാതെയുള്ള സ്വാഭാവിക സന്തുഷ്ടിയുടെ ഒരു അവസ്ഥയാണ് ലിംബോ. ദൈവനീതിയുടെയും കാരുണ്യത്തിന്‍റെയും ദൈവികസവിശേഷതകള്‍ സംയോജിപ്പിച്ച് മുകളില്‍ പറഞ്ഞ പ്രശ്നത്തിന് തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്തുന്നു ലിംബോ എന്ന ആശയം.
1983-ല്‍ ചെന്നൈയിലെ അമ്മിണിഞ്ഞിക്കറൈയിലെ അസന്‍ഷന്‍ ചര്‍ച്ചില്‍ ഞാന്‍ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. അണ്ണാനഗറില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ ഒരുദിവസം എന്നെ ഓഫീസില്‍വന്നു കണ്ടു. ശൈശവ ജ്ഞാനസ്നാനത്തിന്‍റെ നിയമവിരുദ്ധ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞു. യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് 30-ാം വയസ്സില്‍ പ്രായപൂര്‍ത്തിയായിട്ട് ജ്ഞാനസ്നാനപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വാചാലമായി സംസാരിച്ചു. ആദിമസഭയില്‍ ശൈശവജ്ഞാനസ്നാനം പതിവായിരുന്നു എന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ഞാന്‍ ശ്രമിച്ചു. ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ജ്ഞാനസ്നാനത്തിനുള്ള അവസരം നിഷേധിച്ച്, സ്വര്‍ഗത്തില്‍നിന്ന് ഒഴിവാക്കുന്നത് രക്ഷകന്‍റെ അനുകമ്പാര്‍ദ്രമായ മനോഭാവത്തിന് വിരുദ്ധമായിരിക്കും എന്ന് ഞാന്‍ വ്യക്തമാക്കി. ശിശുമരണനിരക്ക് വളരെ ഉയര്‍ന്നിരിക്കുന്ന ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളെ സംബന്ധിച്ച് ഇത് ഏറെ ശരിയാണ്. നേരത്തെ വ്യക്തമാക്കിയ ചോദ്യങ്ങളിലെ വാദഗതികള്‍കൂടി ഞാന്‍ എന്‍റെ കാഴ്ചപ്പാടിനെ ബലപ്പെടുത്തുവാന്‍ കൂട്ടിച്ചേര്‍ത്തു. സകല വാദഗതികളും വ്യര്‍ത്ഥമായപ്പോള്‍ ക്രിസ്ത്യാനികളായ നാം അവിടുത്തെ ജീവിതത്തിന്‍റെ ഓരോ വിശദാംശവും പകര്‍ത്തണം എന്നുപറയുന്നത് "ഇത്തിരി അധികപ്പറ്റാണ്" എന്ന് ഞാന്‍ വ്യക്തമാക്കി. "നിങ്ങളുടെ വാദത്തില്‍ ഉറച്ചുനില്ക്കുകയാണെങ്കില്‍, 30-ാം വയസ്സില്‍ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിക്കണം; മൂന്നു വര്‍ഷത്തിനുശേഷം കുരിശില്‍ തറയ്ക്കപ്പെടണം." യുക്തി അമ്പരപ്പുളവാക്കുന്നതായിരുന്നു. അതിനാല്‍, പാസ്റ്റര്‍ക്കും പെട്ടെന്ന് അമ്പരപ്പായി. യേശുവിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിക്കുന്നതിന് പാസ്റ്റര്‍ ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ ജനിക്കണം, ഛേദനാചാരത്തിനു വിധേയനാകണം, ഈജിപ്തിലേക്കു പലായനം ചെയ്യണം, 12-ാം വയസ്സില്‍ ദൈവാലയത്തില്‍ കാണാതാകണം, 30-ാം വയസ്സില്‍ ജോര്‍ദ്ദാനില്‍ ജ്ഞാനസ്നാനപ്പെടണം, മരുഭൂമിയില്‍ 40 രാവും 40 പകലും ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയണം, ഗ്രാമങ്ങള്‍തോറും മൂന്നുവര്‍ഷക്കാലം ദൈവവചനം പ്രസംഗിക്കണം, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കണം, മരിച്ചവരെ ഉയിര്‍പ്പിക്കണം, ബ്രഹ്മചര്യമനുഷ്ഠിക്കണം, 33-ാം വയസ്സില്‍ ഒറ്റിക്കൊടുക്കപ്പെടണം, അവസാനം കാല്‍വരി മലയില്‍ കുരിശില്‍ തറയ്ക്കപ്പെടണം, അവസാനം മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത്, സ്വര്‍ഗ്ഗാരോഹണം ചെയ്യണം. സ്വന്തം ചിന്തയുടെ യുക്തിപരമായ പരിണതഫലങ്ങള്‍ കേട്ട് പാസ്റ്റര്‍ ശരിക്കും അമ്പരന്നു. ബഹളമൊന്നുമുണ്ടാക്കാതെ അദ്ദേഹം ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി. അടുത്തദിവസം അയാള്‍ ഉണര്‍ന്നത് കുറേക്കൂടി വിവേകിയായിട്ടായിരിക്കും എന്ന് ഞാന്‍ കരുതുന്നു. ബൈബിളിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം നമ്മെ ഒരിടത്തും എത്തിക്കുന്നില്ല എന്ന് നാം നമ്മെത്തന്നെ ബോദ്ധ്യപ്പെടുത്തണം. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം, ജ്ഞാനസ്നാനം എന്ന കൂദാശയിലൂടെ പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിയ്ക്കുക എന്നതാണ്. പ്രായം, അല്ലെങ്കില്‍ സ്ത്രീപുരുഷഭേദം ഇവയിലൊക്കെ നിര്‍ബന്ധം പിടിച്ചാല്‍ യഥാര്‍ത്ഥ വസ്തുത നഷ്ടമാകും.
വിശുദ്ധ മത്തായി ഇങ്ങനെ എഴുതുന്നു: "സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍നിന്നു കയറി..." (മത്താ 3:16). "അവന്‍ വെള്ളത്തില്‍നിന്നു കയറി" എന്ന വാക്യം, വെള്ളത്തില്‍ മുങ്ങിക്കൊണ്ടുള്ള ജ്ഞാനസ്നാനമാണ് യേശു സ്വീകരിച്ചത് എന്നു വ്യക്തമായി സൂചിപ്പിക്കുന്നില്ല. അതുകൊണ്ട്, ഈ ചോദ്യം ഊഹാധിഷ്ഠിതമാണ്, കൂടാതെ, വെള്ളത്തില്‍ മുങ്ങിക്കൊണ്ടുള്ള ജ്ഞാനസ്നാനം ആവശ്യമാണ് എന്ന് ഉദ്ധരണി വ്യക്തമാക്കുന്നില്ല. ഇത് ദൈവവചനത്തെ വളച്ചൊടിക്കലല്ലാതെ മറ്റൊന്നുമല്ല. പരിശുദ്ധാത്മാവിന്‍റെ ശക്തി, ജലത്തിന്‍റെ ഗുണമനുസരിച്ച് വ്യവസ്ഥീകരിക്കപ്പെടുന്നില്ല. വെള്ളം എടുക്കുന്ന സ്രോതസ്സിനെയും അത് ആശ്രയിക്കുന്നില്ല. നദിയോ, കിണറോ, തടാകമോ എന്നതും പ്രശ്നമല്ല. വെള്ളത്തില്‍ മുങ്ങുന്നത് ഒരു പക്ഷേ ശരീരത്തിലെ അഴുക്ക് വൃത്തിയാക്കുവാന്‍ സഹായകമായേക്കും. ജ്ഞാനസ്നാനത്തിന്‍റെ ഉദ്ദേശം. പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയിലൂടെ നമ്മുടെ പാപങ്ങള്‍ കഴുകി വൃത്തിയാക്കുക എന്നതാണ്. ഇതിന്, യേശു അവസാനത്തെ അത്താഴത്തില്‍ വ്യക്തമാക്കിയതുപോലെ ഒരു കപ്പ് വെള്ളമായാലും മതിയാവും. "ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്‍റെ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ! യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്‍റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളൂ. അവന്‍ മുഴുവന്‍ ശുചിയായിരിക്കും!" (യോഹ 13:10). ഇവിടെ, യേശു ജലത്തില്‍ മുങ്ങുന്നതു നിഷ്കര്‍ഷിക്കുന്നതിനു പകരം, ഒരു കപ്പു വെള്ളം കൊണ്ട് പത്രോസിന്‍റെ പാദങ്ങള്‍ കഴുകുന്നു. ജ്ഞാനസ്നാനംപോലെ, അത് ബാഹ്യമായ ഒരു അടയാളമായിരുന്നു. ആന്തരികശുചീകരണവും, ആന്തരിക കൃപയും ഉളവാക്കുന്ന ഒരു അടയാളം.
ആദിമ ക്രൈസ്തവര്‍ ജോര്‍ദ്ദാന്‍ പോയിട്ട്, കുറഞ്ഞപക്ഷം ഒരു പുഴയില്‍പ്പോലും മുങ്ങിയല്ല ജ്ഞാനസ്നാനപ്പെട്ടത് എന്ന് സുവിശേഷങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നു. പന്തക്കുസ്താദിനത്തില്‍ ജറുസലേമില്‍ നദികളില്ലായിരുന്നു എന്നത് അറിയപ്പെടുന്ന വസ്തുതയാണ്. ജോര്‍ദ്ദാന്‍നദി ആ നഗരത്തില്‍ നിന്ന് 300 കിലോമീറ്ററോളം അകലെയായിരുന്നു. ആ മൂവായിരം പേരും ജലത്തില്‍ മുങ്ങിയാണോ ജ്ഞാനസ്നാനം സ്വീകരിച്ചത്? അങ്ങനെയാണെങ്കില്‍ ഏതുനദിയില്‍? കൂടാതെ, എത്യോപ്യാക്കാരായ ഷണ്ഡന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് നദിയില്‍ മുങ്ങിയിട്ടായിരുന്നില്ല. ചെറിയ ഒരു കുഴിയിലോ, കുളത്തിലോ ഇറങ്ങി തലയില്‍ വെള്ളം തളിയ്ക്കുക മാത്രമേ ചെയ്തിട്ടുണ്ടാവുകയുള്ളൂ. "അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്ഡന്‍ പറഞ്ഞു. "എന്നെ ജ്ഞാനസ്നാനപ്പെടുത്തേണ്ടതിന് എന്തെങ്കിലും തടസ്സമുണ്ടോ?... അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷണ്ഡന് സ്നാനം നല്കി (അപ്പോ 8:36-38). അതുപോലെ, ശതാധിപനായ കൊര്‍ണേലിയൂസ് അയാളുടെ ഭവനത്തില്‍ വച്ചു സ്നാനപ്പെട്ടു. ഒരുപക്ഷേ, കിണറ്റില്‍നിന്നു കോരിയ വെള്ളമായിരിക്കാം അതിന് ഉപയോഗിച്ചത് (അപ്പോ 8:36-38). ജയിലറുടെയും അയാളുടെ മുഴുവന്‍ കുടുംബത്തിന്‍റെയും കഥയും ഇങ്ങനെ തന്നെയായിരുന്നു (അപ്പോ 16:33). ഈ രണ്ടു സംഭവങ്ങളിലും നദിയുടെയോ, അതില്‍ മുങ്ങുന്നതിന്‍റെയോ പ്രശ്നം ഉദിച്ചതേയില്ല.
ഈ വിഷയം ആഴത്തില്‍ അപഗ്രഥിച്ചാല്‍, അപ്പസ്തോലന്മാര്‍പോലും ജലത്താല്‍ സ്നാനപ്പെട്ടിരുന്നില്ല എന്ന് നമുക്ക് മനസിലാകും. അവര്‍ പരിശുദ്ധാത്മാവിനാലാണ് സ്നാനപ്പെട്ടത്. വാസ്തവത്തില്‍ സ്നാപകയോഹന്നാന്‍ ജനങ്ങളോട് ഇങ്ങനെ പറഞ്ഞിരുന്നു: "ഞാന്‍ ജലംകൊണ്ട് നിങ്ങളെ സ്നാനപ്പെടുത്തി... അവന്‍ പരിശുദ്ധാത്മാവിനാലും, അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും" (മത്താ 3:11). ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജ്ഞാനസ്നാനപ്പെടുക എന്നതാണ്. എന്നാല്‍, പ്രസ്തുത കൂദാശ നിര്‍വഹിക്കുന്നതിനുള്ള പ്രായോഗികരീതി, സഭയുടെ പ്രബോധനാധികാരത്തില്‍പ്പെടുന്നു. Didache അഥവാ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍, പുതിയനിയമം രചിക്കപ്പെട്ട അതേകാലത്ത് എഴുതപ്പെട്ടതാണ് (70-100 AD). അത് ഇങ്ങനെ പ്രസ്താവിക്കുന്നു: ജ്ഞാനസ്നാനം, ജീവജലത്തില്‍, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നല്കപ്പെടണം. ജീവനുള്ള ജലമില്ലെങ്കില്‍, മറ്റു സാധാരണ ജലമുപയോഗിക്കുക. തണുത്തവെള്ളം ഉപയോഗിക്കാനാവില്ല എങ്കില്‍, ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുക. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ശിരസ്സില്‍ മൂന്നുതവണ വെള്ളമൊഴിക്കുക" അതിനാല്‍, തലയില്‍ വെള്ളം ഒഴിക്കുന്ന ആചാരം, അപ്പസ്തോലിക കാലം മുതല്‍ കൈമാറി വന്നതാണ് എന്നു കാണാം. സഭാപിതാക്കന്മാരില്‍ ഒരാളായ ഒരിജന്‍ ഇതിനെ സാക്ഷ്യപ്പെടുത്തുന്നു.
ഉപസംഹാരമായി പറയാവുന്നത്, ജലത്തില്‍ മുങ്ങിയുള്ള ജ്ഞാനസ്നാനം അസാധുവാണ് എന്ന് കത്തോലിക്കാസഭ കരുതുന്നില്ല എന്നാണ്. പക്ഷേ, ഒരു സാര്‍വ്വത്രികരൂപം എന്ന നിലയ്ക്ക് അത് പ്രായോഗികമാണ് എന്നു കരുതുന്നില്ല. സഭയില്‍ ജ്ഞാനസ്നാനം നല്കുന്നത് തലയില്‍ വെള്ളം ഒഴിച്ചുകൊണ്ടാണ്. ഇതിന് കാരണം, ചില പ്രദേശങ്ങളില്‍ ആവശ്യത്തിനു ജലം ലഭ്യമല്ല എന്നതാണ്. കൂടാതെ, ശിശുക്കളെ സംബന്ധിച്ച് പൂര്‍ണ്ണമായും വെള്ളത്തില്‍ മുക്കുന്നത് ക്രൂരമായിരിക്കും. രോഗികള്‍ക്ക് അത് മാരകവും. തടവുപുള്ളികള്‍ക്ക് അസാദ്ധ്യവുമായിരിക്കും. അവസാനമായി, ഈ ആചാരം, അപ്പസ്തോലിക കാലംമുതല്‍ നമ്മിലേക്ക് എത്തിച്ചേര്‍ന്നതാണ്.
ഡോ. ആന്‍റണി നെറ്റി
Baptism Some Ecumenical Thoughts catholic malayalam Dr. Antony Nettikkattu C M Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206