x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ മരിയവിജ്ഞാനീയം

കാനായിലെ വിവാഹവേളയിൽ (യോഹ. 2:4) ക്രിസ്തു അമ്മയെ സ്ത്രീ എന്ന് അഭിസംബോധന ചെയ്തു. ഇവിടെ ക്രിസ്തു അമ്മയെ നിഷേധിക്കുകയായിരുന്നോ?

Authored by : Fr. George Panamthottam CMI On 12-Oct-2022

കാനായിലെ വിവാഹവേളയിൽ (യോഹ 2:4) മാത്രമല്ല മറ്റ് പല അവസരങ്ങളിലും ക്രിസ്തു അമ്മയെ “സ്ത്രീ” എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്.... "അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ നിന്റെ മകൻ" (യോഹ. 19:26). ക്രിസ്തു തന്റെ അമ്മയെ സ്ത്രീയെന്ന് വിളിച്ചത് അമ്മയെ നിഷേധിക്കാനായിരുന്നില്ല. അമ്മയെ ലോകത്തിനു വെളിപ്പെടുത്താനായിരുന്നു. കാനായിലെ വിവാഹവേളയിൽ വീഞ്ഞ് തീർന്നുപോയ വിവരം അമ്മ ക്രിസ്തുവിനെ അറിയിക്കുന്നു. എന്നാൽ, ഇവിടെ ക്രിസ്തുവിനോടോ മറിയത്തോടോ ആരും സഹായം ആവശ്യപ്പെടുന്നില്ല. വിരുന്നിനു ക്ഷണിച്ച് അതിഥികൾ സഹായം ആവശ്യപ്പെടാത്തപ്പോൾ അത്ഭുതം പ്രവർത്തിച്ച് സഹായിക്കേണ്ടതിന്റെ ആവശ്യകതയാണെന്നാണ് ക്രിസ്തു ചോദിക്കുന്നത്. എന്നിരുന്നാലും, മറിയത്തിന്റെ അപേക്ഷ മാത്രം പരിഗണിച്ച് ക്രിസ്തു അവിടെ അത്ഭുതം പ്രവർത്തിക്കുന്നു.

ഈ സംഭവത്തിലൂടെ മറിയത്തെ എതിർക്കുന്നവർ ക്രിസ്തു മറിയത്തെ നിഷേധിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ ചില ബൈബിൾ വിവർത്തനങ്ങളിൽ “സ്ത്രീയെ നിനക്കും എനിക്കും തമ്മിൽ എന്ത്?" എന്ന് എഴുതിയിരിക്കുന്നു. ഇവിടെ “തമ്മിൽ" എന്നൊരു വാക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ശരിയായ വിവർത്തനങ്ങളിൽ “സ്ത്രീയേ നിനക്കും എനിക്കും എന്ത്?" എന്നുമാത്രമേയുള്ളൂ.

അമ്മയെ ക്രിസ്തു എന്തുകൊണ്ട് “സ്ത്രീ” എന്ന് അഭിസംബോധന ചെയ്തു? ക്രിസ്തു അമ്മയെ “സ്ത്രീ” എന്നു വിളിച്ചത് മനഃപൂർവമാണ്. അവൾ അവിടുത്തെ അമ്മ മാത്രമല്ലെന്നും രക്ഷാകരചരിത്രത്തിലെ “സ്ത്രീ” യാണെന്നും അവിടുന്ന് ലോകത്തിന് വെളിപ്പെടുത്തുകയായിരുന്നു. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും" (ഉല്പ. 3-15). മനുഷ്യന്റെ നിത്യ ശത്രുവായ തിന്മയുടെ തല തകർക്കുന്ന സന്തതിക്ക് ജന്മംനല്കിയ “സ്ത്രീ"യാണ് മറിയം.

ഉൽപത്തി പുസ്തകത്തിൽ കാണുന്ന തിന്മയുടെ ശത്രുവായ സ്ത്രീ വെളിപാടിന്റെ പുസ്തകത്തിലും പരാമർശിക്കപ്പെടുന്നു. വാസ്തവത്തിൽ, ഉൽപത്തി പുസ്തകത്തിലെ പരാമർശം വെളിപാട് പുസ്തകം സ്ഥിരീകരിക്കുകയാണ്. "സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു” (വെളി. 12: 1,2). “സ്വർഗ്ഗത്തിൽ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്രസർപ്പം. അതിന് ഏഴുതലയും പത്തുകൊമ്പും. തലകളിൽ ഏഴ് കിരീടങ്ങൾ" (വെളി. 12-3). “ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു. അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവൻ" (വെളി. 12: 4,5). “അവന്റെ നാമം ദൈവവചനം എന്നാണ്” (വെളി. 13-15).

ആ പുരാതന സർപ്പം (പിശാച്) ശിശുവിനെ പ്രസവിച്ച സ്ത്രീയുടെ നാമം ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും കാണാം. “താൻ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോൾ, ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ചു സർപ്പം പുറപ്പെട്ടു. സർപ്പത്തിന്റെ വായിൽനിന്നു രക്ഷപ്പെട്ടു തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാൻ വേണ്ടി ആ സ്ത്രീക്ക് വൻ കഴുകന്റെ രണ്ട് ചിറകുകൾ നൽകപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവൾ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. സ്ത്രീയെ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്ന് നദിപോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു. എന്നാൽ, ഭൂമി അവളെ സഹായിച്ചു. അത് വായ് തുറന്ന് സർപ്പം വായിൽനിന്നും ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്പനകൾ കാണുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാൻ അതു പുറപ്പെട്ടു. അത് സമുദ്രത്തിന്റെ മണൽത്തിട്ടയിൽ നിലയുറപ്പിച്ചു (വെളി. 12: 12-17). ഉൽപത്തി പുസ്തകത്തിൽ ദൈവം അരുളിചെയ്ത സ്ത്രീയോടുള്ള ശത്രുത ഇവിടെ നിറവേറുന്നതായി കാണാം.

വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതുന്നു: “എന്നാൽ കാലസമ്പൂർണത വന്നപ്പോൾ അവൻ സ്ത്രീയിൽ നിന്നു ജാതനായി” (ഗലാ. 4:4).

ഉൽപത്തി പുസ്തകത്തിൽ ഒന്ന് മുതൽ മൂന്നുവരെയുള്ള അധ്യായങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് വചനം ഹവ്വായെ സ്ത്രീയെന്ന് വിളിക്കുന്നുണ്ട്. (ഉല്പത്തി 1:27, 2:22, 3: 1-2, 4, 12, 13, 15, 16, 17). ഏദൻ തോട്ടത്തിൽ വച്ച് ആദ്യ സ്ത്രീ ഹവ്വാ ദൈവത്തിന്റെ കല്പനയ്ക്ക് വിരുദ്ധമായി തിന്മ പ്രവർത്തിച്ചു. എന്നാൽ, പുതിയ നിയമത്തിന്റെ സ്ത്രീയായ മറിയം പറയുന്നു: “അവൻ (യേശു) നിങ്ങളോടു പറയുന്നത് ചെയ്യുവിൻ” (യോഹ. 2:5). ഒരു സ്ത്രീ മൂലം പാപം ലോകത്തിലേക്ക് വന്നെങ്കിൽ മറ്റൊരു സ്ത്രീയിലൂടെ രക്ഷ കൈവന്നു. ക്രിസ്തു കന്യകാമറിയത്തെ പുതിയ നിയമത്തിലെ “സ്ത്രീ”യായി പ്രഖ്യാപിക്കുകയാണ്. അവൾ തനിക്ക് ശാരീരിക ജന്മം നല്കിയ വ്യക്തി മാത്രമല്ലെന്നും ലോകത്തിന്റെ അമ്മയും രക്ഷണീയ കർമ്മത്തിലെ “സ്ത്രീ” യുമാണെന്നും ക്രിസ്തു ലോകത്തിന് വെളിപ്പെടുത്തുന്നു. ഇവിടെ ക്രിസ്തു മറിയത്തെ നിഷേധിക്കുകയല്ല,  തന്റെ അമ്മയെ പ്രകീർത്തിക്കുകയാണ് ചെയ്യുന്നത്.

കാനായിലെ വിവാഹവേളയിൽ (യോഹ. 2:4) ക്രിസ്തു അമ്മയെ സ്ത്രീ എന്ന് അഭിസംബോധന ചെയ്തു. ഇവിടെ ക്രിസ്തു അമ്മയെ നിഷേധിക്കുകയായിരുന്നോ? യോഹ 2:4 യോഹ. 19:26 വെളി. 13-15 വെളി. 12-3 വെളി. 12: 12-17 ഉല്പത്തി 1:27 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message