We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021
ഗര്‍ഭധാരണം തടയുന്ന പ്രവൃത്തിയാണ് ഗര്‍ഭനിരോധനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതു പ്രധാനമായും രണ്ടു രീതികളിലാണ്-സ്ഥിരമായതും താല്‍ക്കാലികമായതും. ഉദാഹരണമായി സ്ത്രീകളിലും പുരുഷന്മാരിലും നടത്തുന്ന വന്ധ്യംകരണ ശസ്ത്രക്രിയകള്‍ സ്ഥിരമായിട്ടുള്ളതാണ്. സ്ത്രീകളിലെ അണ്ഡവാഹിനിക്കുഴലുകള്‍ മുറിക്കുകയോ കെട്ടിവയ്ക്കുകയോ കരിച്ചു കളയുകയോ ചെയ്യുന്നു. പുരുഷന്മാരിലെ ബീജവാഹിനിക്കുഴല്‍ മുറിച്ച് മാറ്റുകയോ കെട്ടിവയ്ക്കുകയോ കരിച്ചുകളയുകയോ ചെയ്യുന്നു. ലക്ഷ്യത്തെ അടിസ്ഥാനമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയെ രണ്ടായി തിരിക്കാം. പ്രത്യുല്‍പാദനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ശസ്ത്രക്രിയയ്ക്ക് പ്രത്യക്ഷവന്ധീകരണം എന്നും അണ്ഡവാഹിനിക്കുഴലോ, ബീജവാഹിനിക്കുഴലോ രോഗബാധിതമാകുമ്പോള്‍ അതിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തുന്നതിനെ പരോക്ഷ വന്ധീകരണം എന്നും പറയുന്നു. രണ്ടാമത്തേത് ധാര്‍മ്മികമായി ന്യായീകരിക്കാവുന്നതാണ്. കാരണം പ്രത്യുല്‍പാദനത്തെ തടയുകയല്ല, രോഗം സുഖപ്പെടുത്തുകയാണ് ഇവിടുത്തെ ലക്ഷ്യം.
താല്കാലികമായി ഗര്‍ഭനിരോധനം നടത്തുന്നതിന് ഉപയോഗിക്കുന്ന പല കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഗര്‍ഭനിരോധനഉറകള്‍, ഗുളികകള്‍, കുത്തിവയ്പ്, ജല്ലികള്‍, സ്പോഞ്ച്, ഡയഫ്രം, കോപ്പര്‍ടി, നോര്‍പ്ലാന്‍റ് തുടങ്ങിയവ.
വന്ധ്യംകരണ ശസ്ത്രക്രിയകളും ഇതര ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗവും ഇന്നു വളരെയേറെ വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു. മിക്ക രാജ്യങ്ങളും, സംഘടനകളും പ്രത്യക്ഷമായും പരോക്ഷമായും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ മറുവശത്ത് മതങ്ങളും മൂല്യബോധം ഉള്ളവരും ഇതു തെറ്റാണെന്നു പറയുന്നു. അതോടൊപ്പം സ്വാഭാവിക മാര്‍ഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവിക മാര്‍ഗ്ഗങ്ങളും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? പലരും ഈ രണ്ടു മാര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല. കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഇന്ന് മനുഷ്യജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും അവയെ അംഗീകരിക്കേണ്ട സാഹചര്യമാണ് വളര്‍ന്നുവരുന്നത്. വിവാഹ ജീവിതത്തിന്‍റെ ലക്ഷ്യം, ലൈംഗിക ബന്ധത്തിന്‍റെ അര്‍ത്ഥം, ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍, ആരോഗ്യപരമായ കാരണങ്ങള്‍, മാനസികമായ കാരണങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും സ്വാഭാവിക മാര്‍ഗ്ഗങ്ങളും തമ്മില്‍ ധാര്‍മ്മികതയുടെ തലത്തില്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട് എന്ന് കത്തോലിക്കാസഭ വ്യക്തമായി പഠിപ്പിക്കുന്നു. ധാര്‍മ്മിക കാരണങ്ങളാല്‍ സഭ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ അംഗീകരിക്കുന്നില്ല.
കുട്ടികള്‍ വേണ്ട എന്ന ചിന്ത സ്വാഭാവിക മാര്‍ഗ്ഗത്തിലും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിലും ഉണ്ടാകാം. എന്നാല്‍ പ്രധാന ധാര്‍മ്മിക വ്യത്യാസം ഇവ രണ്ടും രണ്ടു പ്രവൃത്തികളാണെന്നുള്ളതാണ്. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ദാമ്പത്യ ബന്ധത്തെ വികലമാക്കുന്നു.
കൃത്രിമ ഗര്‍ഭനിരോധനം ദാമ്പത്യ ബന്ധത്തിന്‍റെ അര്‍ത്ഥത്തെ നിഷേധിക്കുന്നു. ദമ്പതികള്‍ക്ക് തങ്ങളെത്തന്നെ പൂര്‍ണ്ണമായി നല്‍കുവാന്‍ സാധിക്കാത്തതുകൊണ്ട് അവര്‍ തമ്മിലുള്ള ഐക്യത്തിലേക്കു വരുന്നില്ല. സമ്പൂര്‍ണ്ണമായ ആത്മദാനം ശരീരത്തിലൂടെ ജീവനിലേക്കു തുറന്നിരിക്കേണ്ടതുണ്ട്. എന്നാല്‍ ശരീരത്തെ നിഷേധാത്മകമായ അര്‍ത്ഥത്തിലാണ് ഇവിടെ കാണുന്നത്. ശരീരത്തിന് അതിനാല്‍തന്നെ ജീവദായകമെന്ന അര്‍ത്ഥമുണ്ട്. ഇതു സത്താപരവും ജീവശാസ്ത്രപരവുമാണ്. ജീവദായകമെന്ന ഈ അര്‍ത്ഥത്തെയാണ് കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ നിഷേധിക്കുന്നത്.
കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ദാമ്പത്യ ബന്ധത്തിന്‍റെ സ്നേഹദായകമെന്ന അര്‍ത്ഥത്തെയും നിഷേധിക്കുന്നു. ഇവിടെ യഥാര്‍ത്ഥസ്നേഹം കാണുവാന്‍ സാധിക്കുകയില്ല. കാരണം ശരീരത്തിന്‍റെ പൂര്‍ണ്ണമായസമര്‍പ്പണം നടക്കുന്നില്ല. ലൈംഗികത, സുഖത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലല്ല. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്ന ആത്മദാനത്തിന്‍റെ ദൈവികസ്നേഹമാണത് (ദൈവം സ്നേഹമാകുന്നു 3,6). കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വഴിയുള്ള ദാമ്പത്യബന്ധത്തില്‍ ഇറോസ് (രതിസ്നേഹം) മാത്രമേയുള്ളു. ആത്മീയസ്നേഹം ഇവിടെയില്ല. ഇങ്ങനെ പെരുമാറുമ്പോള്‍ ലൈംഗികത ഒരു ആവശ്യവും അവകാശവുമായി മാത്രം കാണുന്നു (ജീവന്‍റെ സുവിശേഷം 13). ഇത് ദാമ്പത്യബന്ധത്തിന്‍റെ സ്നേഹദായകമെന്ന അര്‍ത്ഥത്തെ നിരസിക്കുന്നു.
ചുരുക്കത്തില്‍ ഗര്‍ഭനിരോധനത്തിന് ഇന്നുപയോഗിക്കുന്ന പല സാങ്കേതിക വിദ്യകളും പൂര്‍ണ്ണമായ സമര്‍പ്പണത്തെ തടയുന്നു. സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ തങ്ങളുടെ ലൈംഗിക ആഗ്രഹത്തെ വിവേകത്തോടെ നിയന്ത്രിച്ച് തക്ക സമയത്ത് പൂര്‍ണ്ണമായി ദാനം ചെയ്യുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 'കുടുംബം ഒരു കൂട്ടായ്മ' എന്ന ചാക്രിക ലേഖനത്തില്‍ (3,2) ഈ രണ്ടു പ്രവൃത്തികള്‍ തമ്മിലുള്ള വ്യത്യാസം പറയുന്നുണ്ട്: ദമ്പതികള്‍ കൃത്രിമ ഗര്‍ഭനിരോധനംവഴി സ്രഷ്ടാവായ ദൈവം പുരുഷന്‍റെയും സ്ത്രീയുടെയും അസ്തിത്വത്തിലും അവരുടെ ലൈംഗിക സമ്പര്‍ക്കത്തിന്‍റെ ചലനാത്മകതയിലും ആലേഖനം ചെയ്തിട്ടുള്ള രണ്ടു അര്‍ത്ഥങ്ങളെയും വേര്‍പെടുത്തുന്നു. അപ്പോള്‍ അവര്‍ ദൈവിക പദ്ധതിയുടെ വിധി തീര്‍പ്പുകാരായി പ്രവര്‍ത്തിക്കുകയാണ്. അവര്‍ 'സമ്പൂര്‍ണ്ണമായ ആത്മദാനം' എന്ന അതിന്‍റെ മൂല്യത്തെ നിഷേധിച്ചുകൊണ്ട് മാനുഷിക ലൈംഗികതയെയും അതോടൊപ്പം തങ്ങളെത്തന്നെയും തങ്ങളുടെ വിവാഹപങ്കാളിയെയും വഴിതെറ്റിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്നു. മാര്‍പ്പാപ്പ വീണ്ടും പറയുന്നു: നിഷ്ഫലകാലഘട്ടങ്ങളെ ആശ്രയിക്കുമ്പോള്‍ ദമ്പതികള്‍ മാനുഷിക ലൈംഗികതയുടെ ഏകീകൃതവും ജീവോല്‍പാദനപരവുമായ അര്‍ത്ഥങ്ങള്‍ തമ്മിലുള്ള അവിഭക്തമായ ബന്ധത്തെ ബഹുമാനിക്കുന്നു. അവര്‍ ദൈവികപദ്ധതിയുടെ കാര്യസ്ഥന്മാരെപ്പോലെ വര്‍ത്തിക്കുകയും വ്യതിചലിപ്പിക്കലോ, വ്യതിയാനമോ കൂടാതെ സമഗ്രമായ ആത്മദാനത്തിന്‍റെ മൗലികമായ ചലനാത്മകതയനുസരിച്ച് തങ്ങളുടെ ലൈംഗികതയില്‍നിന്നു പ്രയോജനം നേടുകയും ചെയ്യുന്നു. സ്നേഹത്തെ അതിന്‍റെ സംശുദ്ധമായ രീതിയില്‍ സ്വാഭാവിക മാര്‍ഗ്ഗത്തില്‍ പ്രകടിപ്പിക്കുന്നു.
ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും സ്വാഭാവികമാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമാണ്. മനുഷ്യജീവനു ജന്മം നല്‍കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുമുള്ള മാതാവിന്‍റെയും പിതാവിന്‍റെയും കടമകള്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ കുടുംബജീവിതത്തില്‍ അടങ്ങിയിരിക്കുന്നു (സഭ ആധുനിക ലോകത്തില്‍ 51,മനുഷ്യജീവന്‍ 10).
വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ സ്ത്രീകളില്‍ അണ്ഡവാഹിനിക്കുഴലുകള്‍ മുറിച്ചുകളയുന്നതോ, കെട്ടിവയ്ക്കുന്നതോ, കരിച്ചു കളയുന്നതോ വഴി ശരീരത്തിലെ ഒരു അവയവത്തിന്‍റെ പ്രവര്‍ത്തനത്തെ മനഃപൂര്‍വ്വം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന് എതിരായി ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്. ശരീര സമഗ്രതയുടെ ഘടകവും സന്താനോല്‍പാദനത്തിന് ആവശ്യവുമായ ശരീരഭാഗം നീക്കിക്കളയുന്ന പ്രവൃത്തിയാണിതെന്ന് പല ഡോക്ടര്‍മാരും ദമ്പതികളും മനസ്സിലാക്കുന്നില്ല. ചീത്ത ലക്ഷ്യത്തോടെ അംഗഭംഗം വരുത്തുന്നതുകൊണ്ട് അതിനാല്‍തന്നെ ഈ പ്രവൃത്തി തെറ്റാണ്. നിഖ്യാ സൂനഹദോസ് (കാനന്‍ 1) ഈ പ്രവൃത്തിയെ എതിര്‍ക്കുന്നു. സഭാപിതാവായ ജോണ്‍ ക്രിസോസ്തോം തന്‍റെ പ്രബന്ധങ്ങളില്‍ (Homilies on Mathew 62,3) "അംഗഭംഗപ്പെടുത്തുന്ന മനുഷ്യന്‍ ശാപം വരുത്തി വയ്ക്കുന്നു" എന്നു പ്രതിപാദിക്കുന്നു. പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ ക്രൈസ്തവ വിവാഹം (Casti Connubii 8) എന്ന ചാക്രികലേഖനത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ തെറ്റാണെന്നു പറയുന്നത് അതു പ്രത്യുല്‍പാദനം നടത്തുക എന്ന മനുഷ്യന്‍റെ സ്വാഭാവിക പ്രക്രിയയെ ഒഴിവാക്കുന്നതു കൊണ്ടാണ്.
നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ജനപ്പെരുപ്പം തടയുന്നതിന് ഒരു രാജ്യത്തിനും അവകാശമില്ല. കൂടാതെ വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടംപോലെ തങ്ങളുടെ അവയവങ്ങളെ നശിപ്പിക്കുവാനും അവകാശമില്ല. 1953 ഒക്ടോബര്‍ 8-ാം തീയതി നടന്ന ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ ഇപ്രകാരം പറഞ്ഞു: "രോഗപരമായ കാരണങ്ങളാല്‍ അല്ലാതെ നടത്തുന്ന വന്ധ്യംകരണ ശസ്ത്രക്രിയ സഭയുടെ സാര്‍വ്വത്രിക തത്വങ്ങള്‍ക്ക് എതിരാണ്." പോള്‍ ആറാമന്‍ മാര്‍പ്പാപ്പ 'മനുഷ്യജീവന്‍' (14) എന്ന ചാക്രിക ലേഖനത്തില്‍ ഗര്‍ഭഛിദ്രവും വന്ധ്യകരണ ശസ്ത്രക്രിയയും തെറ്റാണെന്നു പറയുന്നു. 'ജീവന്‍റെ സുവിശേഷം' (13) എന്ന ചാക്രിക ലേഖനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നത് ജനപ്പെരുപ്പം കുറയ്ക്കുവാന്‍വേണ്ടി ഈ മാര്‍ഗ്ഗം ഒരിക്കലും ഉപയോഗിക്കരുത് എന്നാണ്. കത്തോലിക്കാ ആശുപത്രികളില്‍ ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ
വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തരുത് (Statement on Sterilization Procedure in Catholic Hospitals, Nov 22, 1977).
സഭയുടെ തന്നെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. സഭാപിതാവായ വി. ജറോം പറയുന്നത് പല സ്ത്രീകളും ഗര്‍ഭനിരോധന ലായനികള്‍ കുടിക്കുന്നതിന്‍റെ ഫലമായി ജനിക്കുവാന്‍ പോകുന്ന കുഞ്ഞിനെ നശിപ്പിക്കുന്നു എന്നാണ് (Letter 12,13). സഭാപിതാക്കന്മാരായ അത്തനാഗോറസ്, അംബ്രോസ്, അഗസ്റ്റിന്‍, ബേസില്‍, ക്ലെമന്‍റ് ഓഫ് അലക്സാണ്ഡ്രിയ, എഫ്രേം, ജോണ്‍ ക്രിസോസ്റ്റോം, ഹിപ്പോളിറ്റസ്, ഒരിജന്‍, തെര്‍ത്തുല്യന്‍ തുടങ്ങിയവരുടെ എഴുത്തുകളില്‍ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ എതിര്‍ക്കുന്നുണ്ട്. പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പയുടെ 'ക്രിസ്തീയ വിവാഹം' എന്ന ചാക്രിക ലേഖനത്തില്‍ (54) പറയുന്നത് 'വിവാഹജീവിതത്തില്‍ ജീവനെ തടസ്സപ്പെടുത്തുന്ന ഏതു മാര്‍ഗ്ഗമാണെങ്കിലും അതു തെറ്റാണ്' എന്നാണ്. 'മനുഷ്യജീവന്‍' എന്ന ചാക്രികലേഖനം വ്യക്തമാക്കുന്നത് എല്ലാ ദാമ്പത്യ ബന്ധങ്ങളും ജീവനെ കൊടുക്കുവാന്‍ തുറവിയുള്ളതായിരിക്കണം എന്നത്രേ. 'സഭ ആധുനിക യുഗത്തില്‍' (51) എന്ന രേഖ പ്രതിപാദിക്കുന്നത് സഭ നിഷിദ്ധമായിക്കരുതുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സഭാമക്കള്‍ ഉപയോഗിക്കരുത് എന്നാണ്. 'കുടുംബം ഒരു കൂട്ടായ്മ' എന്ന ചാക്രിക ലേഖനത്തില്‍ (32) രേഖപ്പെടുത്തിയി രിക്കുന്നത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ദാമ്പത്യ ബന്ധത്തിന്‍റെ അര്‍ത്ഥത്തെ നിഷേധിക്കുന്നു എന്നാണ്. 'ജീവന്‍റെ സുവിശേഷം' (13) പ്രതിപാദിക്കുന്നത് വിവാഹ ജീവിതത്തിലെ ചാരിത്രശുദ്ധിയെ ഗര്‍ഭനിരോധനം നിരര്‍ത്ഥകമാക്കുന്നുവെന്നാണ്. കൂടാതെ പരാജയപ്പെട്ട ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളാല്‍ ഗര്‍ഭഛിദ്രം നടത്തപ്പെടുകയും ചെയ്യുന്നു. ധാര്‍മ്മികമായി ഗര്‍ഭനിരോധനം തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നത് ഇത് ജീവദായകം, സ്നേഹദായകം എന്നീ അര്‍ത്ഥങ്ങളെ വേര്‍തിരിക്കുന്നു എന്നതിനാലാണ്. സഭയുടെ പ്രബോധനത്തെ ഇപ്രകാരം സംഗ്രഹിക്കാം
ദാമ്പത്യബന്ധത്തിന്‍റെ അര്‍ത്ഥത്തിനെതിര്: ധാര്‍മ്മികമായി ഗര്‍ഭനിരോധനം തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നതിനുള്ള കാരണം ഇത് ജീവദായകം, സ്നേഹദായകം എന്നീ അര്‍ത്ഥങ്ങളെ വേര്‍തിരിക്കുന്നുവെന്നതാണ് (Familiars Consortio, No. 32).
ആന്തരികമായിതന്നെയുള്ള തിന്മ: കൃത്രിമഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ അതിനാല്‍തന്നെ ഗൗരവമുള്ള തിന്മയാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ അഭിപ്രായത്തില്‍ (സത്യത്തിന്‍റെ പ്രഭ 80), ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്ത്രീപുരുഷസംയോഗത്തെ മനഃപൂര്‍വ്വം സന്താനോല്‍പാദനരഹിതമാക്കുന്നു.
കാര്യസ്ഥതയ്ക്കെതിരേ: മനുഷ്യശരീരത്തിന്‍മേലും ജീവന്‍റെ മേലും ദൈവത്തിനാണ് അവകാശം. മനുഷ്യന്‍ ദൈവത്തിന്‍റെ കാര്യസ്ഥനാണ്. വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗത്തിലൂടെയും ദൈവം മനുഷ്യനെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിനെതിരായിട്ടാണ് പ്രവൃത്തിക്കുന്നത്.
അവയവത്തെ നശിപ്പിക്കുന്നു: പ്രത്യുല്‍പാദന അവയവത്തിന്‍റെ ഒരു പ്രവര്‍ത്തനമാണ് മനുഷ്യവംശത്തെ നിലനിര്‍ത്തുകയെന്നത്. പ്രത്യുല്‍പാദനത്തിന് ഒരു സാമൂഹികമാന്യതയുണ്ട്. മനഃപൂര്‍വ്വം കുഞ്ഞുങ്ങള്‍ വേണ്ടന്ന് വയ്ക്കുന്നത് സാമൂഹികതിന്മയാണ്. സമഗ്രതയെ നശിപ്പിക്കുന്നു: ശരീരത്തിലെ എല്ലാ അവയവങ്ങളും ശരീരത്തിന്‍റെ മൊത്തത്തിലുള്ള സമഗ്രതയെ ലക്ഷ്യമാക്കിയുള്ളതാണ്. ഇവിടെ സമഗ്രതയര്‍ത്ഥമാക്കുന്നത് ശരീരത്തിന്‍റെ സംതുലനാവസ്ഥയാണ്. പ്രത്യുല്‍പാദന അവയവം നശിപ്പിക്കുന്നതുവഴി ശാരീരിക സമഗ്രതക്കും പ്രവര്‍ത്തന സമഗ്രതയ്ക്കും കോട്ടം വരുന്നു.
ആരോഗ്യപരമായും വന്ധ്യംകരണ ശസ്ത്രക്രിയ അഭികാമ്യമല്ല. ശസ്ത്രക്രിയ കഴിഞ്ഞ് വീണ്ടും കുട്ടികള്‍ വേണം എന്നാഗ്രഹിച്ചാല്‍ നടക്കുകയില്ലല്ലോ. അണ്ഡവാഹിനിക്കുഴല്‍ മുറിച്ചു മാറ്റുന്നവര്‍ക്ക് പലപ്പോഴും രക്തസ്രാവം ഉണ്ടാകാറുണ്ട്. കൂടാതെ കഠിന വേദനയും അനുഭവപ്പെടും. ഹോര്‍മോണില്‍ വ്യത്യാസം വരുന്നതിന്‍റെ ഫലമായി അത് പ്രത്യുല്‍പാദനത്തെ തടയുന്നു. മാനസിക പ്രശ്നങ്ങള്‍ക്കും ഇതു കാരണമാകുന്നു. 1975 നുശേഷം ഏകദേശം ഇരുപതില്‍ അധികം രാസവസ്തുക്കള്‍ (Chemical Sterilizers) സ്ത്രീകളില്‍ വന്ധ്യംകരണം നടത്തുവാന്‍ ഉപയോഗിച്ചുവരുന്നു. ഇതിന്‍റെ ഉപയോഗം വളരെ ഗൗരവപൂര്‍ണ്ണമായ കാര്യമാണ്. അണ്ഡവാഹിനിക്കുഴലിനെ അടയ്ക്കുകയാണ് ഇവ ചെയ്യുന്നത്. ഇതിന്‍റെ ഫലമായി ബീജത്തിന് അണ്ഡത്തിന്‍റെ അടുത്തെത്തുവാന്‍ സാധിക്കുകയില്ല. ഈ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതുകൊണ്ട് മൂത്രാശയ സംബന്ധമായ അര്‍ബുദം ഉണ്ടാകാവുന്നതാണ്. അണ്ഡവാഹിനിക്കുഴലില്‍ ഭ്രൂണം വളരുവാനുള്ള സാദ്ധ്യതയുമുണ്ട്. ഇതു സ്ത്രീയുടെ മരണത്തിനു കാരണമാകും. പുരുഷന്മാരില്‍ വാസക്ടമി നടത്തുന്നതുകൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മൂത്രനാളത്തില്‍ കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാകും. വൃഷണങ്ങള്‍ക്ക് അര്‍ബുദം ബാധിക്കുവാനും സാധ്യതയുണ്ട്. ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ വീണ്ടും കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചാലും അതിനു കഴിവില്ലാതാകുന്നു.
പല കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും ഫലവത്തല്ല എന്നതാണ് സത്യം. എയ്ഡ്സ് വൈറസുകള്‍ ബീജത്തേക്കാള്‍ ചെറുതായതുകൊണ്ട് നിരോധിലൂടെ അവ കടന്നുപോകുന്നു. ലൈംഗിക രോഗ വൈറസുകളും കടന്നുവരുവാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായി പല ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. സ്ത്രീകള്‍ നിരോധ് ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഉറകള്‍ പലപ്പോഴും പല കാരണങ്ങള്‍കൊണ്ടും പൊട്ടുവാന്‍ ഇടയുണ്ട്. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ആര്‍ത്തവചക്രത്തിന്‍റെ ക്രമം തെറ്റിക്കുന്നു. രക്തസ്രാവം ഉണ്ടാക്കുന്നു. ശരീരവണ്ണം കൂട്ടുന്നു. ഭക്ഷണത്തോട് ആര്‍ത്തിയുണ്ടാകുന്നു. പെട്ടെന്നുള്ള മാനസിക അസ്വാസ്ഥ്യം, തലവേദന, ത്വക്ക് രോഗങ്ങള്‍ എന്നിവയിലേക്കും മറ്റു മാരക രോഗങ്ങളിലേക്കും നയിക്കുന്നു. പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഗുളികകളും അവരെ പലവിധ രോഗങ്ങള്‍ക്ക് അടിമയാക്കുന്നു. ഗര്‍ഭനിരോധനകുത്തിവയ്പ് നടത്തുന്നവര്‍ക്ക് അതിനുശേഷം ഗര്‍ഭധാരണം നടത്താന്‍ ആഗ്രഹമുണ്ടായാല്‍ പോലും ഒന്നുരണ്ടു വര്‍ഷത്തേക്ക് അതു നടക്കില്ല. ലൈംഗിക ബന്ധത്തിനു താല്പര്യക്കുറവ്, അമിതവണ്ണം, തലവേദന, മാനസിക പ്രശ്നങ്ങള്‍ എന്നിവയിലേക്ക് ഇതു നയിക്കുകയും, എല്ലുകളെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ യോനിയില്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ പോലെയുള്ള വസ്തുക്കള്‍ (spermicides ) ലൈംഗിക ബന്ധത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ അലര്‍ജിയും ഉണ്ടാക്കുന്നു. സ്പോഞ്ചിന്‍റെ ഉപയോഗവും അലര്‍ജി ഉണ്ടാക്കുന്നു. ചെറിയ ശസ്ത്രക്രിയയിലൂടെ ത്വക്കിന്‍റെ അടിയില്‍ നിക്ഷേപിക്കുന്ന ഗുളികകള്‍ (Norplant) ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നു. ഇടവിട്ട് രക്തം പോവുകയും മുടികൊഴിയുകയും ലൈംഗിക താല്‍പര്യം കുറയുകയും തലവേദന, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. ബീജത്തിന്‍റെ ചലനത്തെയോ ഗര്‍ഭ ധാരണത്തെയോ ഇല്ലാതാക്കുന്നതാണ ഐ. യു.ഡി. (IUD- Intra Uterine Device) യുടെ ഉപയോഗം. ഇതിന്‍റെ ഫലമായി എയ്ഡ്സും ലൈംഗികരോഗങ്ങളും പകരാം. കഠിന വേദന, അലര്‍ജി, ഗര്‍ഭപാത്രത്തിലുള്ള രക്തസ്രാവം തുടങ്ങിയവയ്ക്കുള്ള സാധ്യതയും ഉണ്ട്. ഡയഫ്രത്തിന്‍റെ ഉപയോഗം അലര്‍ജി ഉളവാക്കുന്നു. ഇതിന്‍റെ ഉപയോഗത്തിന് ഡോക്ടറുടെ സഹായം എപ്പോഴും ആവശ്യമാണ്.
ചുരുക്കത്തില്‍ സ്വാഭാവിക മാര്‍ഗ്ഗങ്ങളും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും രണ്ട് വ്യത്യസ്ത പ്രവൃത്തികളാണ്. ദാമ്പത്യ ബന്ധത്തിന്‍റെ ജീവദായകം, സ്നേഹദായകം എന്നീ അര്‍ത്ഥങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളതാണ് സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍. മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ അവയുടെ ഉപയോഗത്തിലില്ല. എന്നാല്‍ വിവാഹത്തിന്‍റെയും ലൈംഗികതയുടെയും അര്‍ത്ഥ ലക്ഷ്യങ്ങളെ മാറ്റുന്നതുകൊണ്ട് പ്രത്യക്ഷമായിട്ടുള്ള വന്ധ്യംകരണം, കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ല. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അധാര്‍മ്മികമാണ്. അതു വിവാഹബന്ധത്തിന്‍റെ അര്‍ത്ഥത്തെയും ലക്ഷ്യത്തെയും നിഷേധിക്കുന്നു.
Artificial contraception catholic malayalam mananthavady diocese Rev. Dr. Scaria Kanyakonil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206