We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany , Rev. Fr. Joseph Kakkaramattathil , Rev. Dr. Thomas Kochukarottu On 11-Feb-2021
അപ്പസ്തോലിക പിതാക്കന്മാര്‍
ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തിലും ജീവിച്ചിരുന്ന ക്രൈസ്തവ സാഹിത്യകാരന്മാരെയാണ് അപ്പസ്തോലിക പിതാക്കന്മാര്‍ എന്നു വിളിക്കുക. വി. ശ്ലീഹന്മാരുടെ പ്രബോധനരീതികളോട് അവരുടെ ഉപദേശങ്ങള്‍ക്കു വളരെ സാമീപ്യമുള്ളതിനാല്‍ അവര്‍ പ്രത്യേകം ബഹുമാന്യരായി ഗണിക്കപ്പെട്ടിരുന്നു. സഭാരംഭകാലത്ത് 'അപ്പസ്തോലിക പിതാക്കന്മാര്‍' എന്ന സംജ്ഞ അജ്ഞാതമായിരുന്നു. 17-ാം നൂറ്റാണ്ടിലെ പണ്ഡിതന്മാരാണ് ആ പേരിനു പ്രചുരപ്രചാരം നല്‍കിയത്. 1672-ല്‍ ജെ.ബി. കൊത്തെലിയെര്‍ ഈ സംജ്ഞയുടെ കീഴില്‍ അഞ്ചു സഭാസാഹിത്യകാരന്മാരെ ഉള്‍പ്പെടുത്തി: ബര്‍ണാബാസ്, റോമിലെ വി. ക്ലെമെന്‍റ്, അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ്, സ്മിര്‍ണയിലെ വി. പൊളിക്കാര്‍പ്പ്, ഹെര്‍മാസ്. ഈ പേരുകളോടുകൂടെ പിന്നീട് ഹിയെരാപ്പൊളീസിലെ പപ്പിയാസ്, ഡയാഗ്നേറ്റസിനുള്ള ലേഖനത്തിന്‍റെ കര്‍ത്താവ് എന്നീ പേരുകളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആധുനികകാലത്ത് ഡിഡാക്കെയുടെ കര്‍ത്താവിനെയും ഇതില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാം ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതിനാല്‍ ഒരേ സംജ്ഞയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
റോമിലെ നാലാമത്തെ മെത്രാനായിരുന്നു വി. ക്ളെമെന്‍റ്. പത്രോസ്, ലീനൂസ്, അനാക്ളെറസ്, ക്ളെമെന്‍റ് എന്നു തുടങ്ങുന്നു റോമിലെ മെത്രാന്മാരുടെ ലിസ്റ്റ്. (ഇരനെയൂസ് പാഷണ്ഡികള്‍ക്കെതിരെ= പാഷ 3:3-37; എവു സഭാ 3:15-34) വി. പൗലോസ്, ഫിലിപ്യ ലേഖനത്തില്‍ (4:3) പറയുന്ന 'ആയുസ്സിന്‍റെ പുസ്തകത്തില്‍ പേര് എഴുതപ്പെട്ടിരിക്കുന്ന' ക്ളിമ്മീസ് ഇദ്ദേഹമാണെന്ന് ഒരിജനും (+253) എവുസേബിയസും (+339) എപ്പിഫാനിയസും (+403) ജറോമും (+420) സാക്ഷിക്കുന്നു പക്ഷേ ഇതു തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. പത്രോസില്‍നിന്ന് നേരിട്ടു ക്ലെമെന്‍റിനു കൈവെപ്പ് കിട്ടിയെന്നു തെര്‍ത്തുല്യന്‍ സാക്ഷിക്കുന്നു (ദെ പ്രെസ്ക്രിപ്സിയോണെ 32). എപ്പിഫാനിയസിന്‍റെ അഭിപ്രായത്തില്‍ ക്ളെമെന്‍റ് പത്രോസില്‍നിന്നു കൈവെപ്പ് സ്വീകരിച്ചെങ്കിലും അനാക്ളെറ്റസിന്‍റെ മരണംവരെ കാത്തിരുന്നു. 92 മുതല്‍ 101 വരെ റോമിലെ മെത്രാനായിരുന്ന ക്ളെമെന്‍റിന്‍റെ ബാല്യകാലത്തെ സംബന്ധിച്ചു നമുക്ക് അറിവൊന്നുമില്ല. വി. പത്രോസിനോടും പൗലോസിനോടും ക്ളെമെന്‍റു നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നു ഇരനെയൂസ് പറയുന്നു.
'സെവുടൊ-ക്ളെമെന്‍റൈന്' സാഹിത്യത്തില്‍ ക്ലെമിന്‍റിനെ റോമന്‍ രാജകുടുംബാംഗമായി ചിത്രീകരിക്കുന്നുണ്ട്. 95-ലോ 96-ലോ കൊല്ലപ്പെട്ട ഒരു ക്ളെമെന്‍റ് റോമിലെ ക്ളെമെന്‍റാണെന്ന് ഡിയോകാസ്സിയുസ് (Hist. Rom.. 67,14) പറയുന്നു. ക്ളെമെന്‍റ് രക്തസാക്ഷിയായി മരിച്ചുവെന്ന് ഒരു പാരമ്പര്യവും ഉണ്ടു ഇവയ്ക്കൊന്നിനും വേണ്ടത്ര അടിസ്ഥാനം ഇല്ല.
മലങ്കര കത്തോലിക്കാ കുര്‍ബാനയിലെ അഞ്ചാം മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ (തുബ്ദേനില്‍) റോമിലെ വി. ക്ലെമെന്‍റിനെ ഓര്‍ക്കുന്നുണ്ട്. മലങ്കരക്രമത്തില്‍ ക്ളെമെന്‍റെിന്‍റെ പേരില്‍ ഒരു കുര്‍ബാന തക്സാ അറിയപ്പെടുന്നു. നവംബര്‍ 23-നാണ് ക്ളെമെന്‍റിന്‍റെ പെരുന്നാള്‍. ഡൊമിഷ്യന്‍, നേര്‍വാ ട്രാജന്‍ എന്നീ റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്താണ് ക്ളെമെന്‍റ് സഭയെ നയിച്ചത്. റോമിലെ ക്ളെമെന്‍റിന്‍റെ ദേവാലയം (ബസിലിക്ക) ക്ളെമെന്‍റിന്‍റെ വീട് ഇരുന്നിടത്താണ് എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനം
ക്ളെമെന്‍റു 95-നും 97-നും ഇടയ്ക്കു കൊറിന്തോസിലെ സഭയ്ക്ക് ഒരു ലേഖനം അയച്ചിട്ടുണ്ട്. വേദപുസ്തകത്തോടടുത്ത സ്ഥാനം ക്ളെമെന്‍റിന്‍റെ ലേഖനത്തിന് ആദിമസഭ നല്‍കി വന്നു. ലേഖനകര്‍ത്താവിന്‍റെ പേരും സ്ഥാനവും കാലവും കൃത്യമായി അറിയാവുന്നതില്‍ 'സബപ്പസ്തോലിക' കാലത്തെ ഏറ്റം പ്രധാനപ്പെട്ട രേഖയായി ഇതിനെ കണക്കാക്കാം. കാലത്തെ ഏറ്റം പ്രധാനപ്പെട്ട രേഖയായി ഇതിനെ കണക്കാക്കാം. ഡൊമിഷ്യന്‍റെ ഭരണകാലത്ത് കൊറിന്ത്യന്‍ സഭയിലുണ്ടായ ഒരു തര്‍ക്കമാണ് ഈ ലേഖനമെഴുതാന്‍ ക്ലെമെന്‍റിനെ പ്രേരിപ്പിച്ചത്. വി. പൗലോസ് കൊറിന്ത്യന്‍ സഭയിലെ തര്‍ക്കങ്ങളെ നിശ്ശിതമായി വിമര്‍ശിച്ചു. എന്നാല്‍ അവ വീണ്ടും നാമ്പെടുത്തു. സഭാധികാരികളെ ചിലര്‍ മല്ലയുദ്ധത്തിനിറങ്ങി. ചില അധികാരികളെ അവര്‍ സ്ഥാനങ്ങളില്‍നിന്ന് തുരത്തി. ഒരു ചെറിയ കൂട്ടം മാത്രം പ്രെസ്ബിറ്റര്‍മാരോട് വിസ്വസ്തത കാട്ടി. അവുടെ ഇടയിലെ കലഹം അവസാനിപ്പിച്ച് ഐക്യവും സമാധാനവും പുനഃസ്ഥാപിക്കുക എന്നതായിരുന്നു ക്ളെമെന്‍റിന്‍റെ ഉദ്ദേശം. കലഹത്തെപ്പറ്റിയുള്ള വാര്‍ത്ത റോമില്‍ എത്തിച്ചത് കൊറിന്തോസില്‍നിന്നു വന്ന റോമാക്കാരായിരിക്കാം.
ഒരാമുഖം (1-3), രണ്ടു പ്രധാന ഭാഗങ്ങള്‍ (4-36; 37-61). ഒരുപസംഹാരം (62-65) എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട് ലേഖനത്തിന്. വഴക്കിനു മുന്‍പുള്ള ശാന്തി നിറഞ്ഞ സഭാന്തരീക്ഷത്തെപ്പറ്റി ആമുഖം പ്രതിപാദിക്കുന്നു. അക്കാലത്തു നന്മചെയ്യാന്‍ സഭാംഗങ്ങള്‍ മുന്നിട്ടിരുന്നു; സഭ പുഷ്ടി പ്രാപിച്ചിരുന്നു; ഐക്യം പാലിച്ചിരുന്നു. മൂന്നാം അദ്ധ്യായം, ഇവയ്ക്കു കടകവിരുദ്ധമായ കലഹാന്തരീക്ഷം വിവരിക്കുന്നു. ഒന്നാമത്തെ പ്രധാനഭാഗം പൊതുസ്വഭാവമുള്ളതാണ്. സ്പര്‍ദ്ധയും വഴക്കും കലഹവും നിന്ദാര്‍ഹവും വര്‍ജ്യവുമാണെന്ന് ഇവിടെ എടുത്തുകാട്ടുന്നു. പഴയനിയമത്തില്‍നിന്നും ക്രൈസ്തവകാലത്തുനിന്നും നിരവധി ഉദാഹരണങ്ങളാല്‍ അതു വെളിവാക്കുന്നു (4-6). അനുതാപം, പ്രായശ്ചിത്തം, അതിഥിസല്‍ക്കാരം, ഭക്തി, എളിമ എന്നിവയ്ക്ക് അവരെ പ്രേരിപ്പിക്കുകയും അത്തരക്കാരുടെ മാതൃക ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ടീ ഭഗത്ത്. ദൈവത്തിന്‍റെ നന്മ, സൃഷ്ടിയില്‍ കാണുന്ന ഒത്തൊരുമ (വമൃാീി്യ), ദൈവത്തിന്‍റെ സര്‍വ്വശക്തി, ഉയിര്‍പ്പ്, വിധി, താഴ്മ, മിതത്വം, വിശ്വാസം എന്നിവയെപ്പറ്റി ക്ളെമെന്‍റ് ചുരുക്കി ചര്‍ച്ച ചെയ്യുന്നു.
രണ്ടാമത്തെ പ്രധാനഭാഗം കൊറിന്തോസുകാരുടെയിടയിലെ കലഹത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. പ്രകൃതിയിലെ ക്രമത്തിന്‍റെ സ്രഷ്ടാവ് സൃഷ്ടിയില്‍ ക്രമവും വിധേയത്വവും പ്രതീക്ഷിക്കുന്നു. റോമന്‍ സൈന്യത്തിന്‍റെയും പഴയനിയമഹയരാര്‍ക്കിയുടെയും അനുസരണയും ചിട്ടയും മാതൃകയായി എടുത്തുകാട്ടുന്നു. അതുപോലെ ക്രിസ്തു അപ്പസ്തോലന്മാരെയും അവര്‍ മെത്രാന്മാരെയും ഡീക്കന്മാരെയും നിയമിച്ചു. കലഹത്തിന്‍റെ സ്ഥാനത്തു സ്നേഹം ഉണ്ടാകണം. സ്നേഹം ക്ഷമിക്കാന്‍ നമ്മെ പ്രേരിപ്പിക്കണം. കലഹത്തിനു കാരണക്കാര്‍ അനുതപിക്കുക തന്നെ വേണം. സമാധാനം കൊറിന്തോസില്‍ പുനഃസ്ഥാപിക്കപ്പെട്ടു എന്ന സദ്വാര്‍ത്തയുമായി ദുതന്മാര്‍ എത്തട്ടെ എന്നു കത്തു പ്രത്യാശ പ്രകടിപ്പിക്കുന്നു.
സഭാചരിത്രം സംബന്ധിച്ച് ഈ രേഖയ്ക്കു വളരെ പ്രാധാന്യമുണ്ട്. പത്രോസിന്‍റെ റോമാവാസം, പൗലോസിന്‍റെ സ്പെയിന്‍ യാത്ര, അവരിരുവരുടെയും റോമില്‍വച്ചുള്ള മരണം എന്നിവ സ്പഷ്ടമായി ക്ലെമെന്‍റ് വിവരിക്കുന്നു.
"നമ്മുടെ തലമുറയിലെ മഹനീയ മാതൃകകള്‍ നമുക്കു പരിഗണിക്കാം. അസൂയയും വിദ്വേഷവും നിമിത്തം ശ്രേഷ്ഠതരവും അതിപരിശുദ്ധവുമായ തൂണുകള്‍ (ഗലാ 2:9) പീഡിപ്പിക്കപ്പെട്ടു; അവര്‍ മരണംവരെ പൊരുതി. ശ്രേഷ്ഠരായ ശ്ലീഹന്മാരെ നമുക്ക് അനുസ്മരിക്കാം. നിത്യമായ അസൂയ നിമിത്തം പത്രോസ് ഒന്നോ രണ്ടോ അല്ല അനേകം കഷ്ടതകള്‍ സഹിച്ചു. എങ്കിലും സാക്ഷ്യം നല്കി അവന് അര്‍ഹമായ മഹത്ത്വസ്ഥലത്തു പ്രവേശിച്ചു. അസൂയയിലും കലഹത്തിലും സഹനത്തിന്‍റെ പ്രതിഫലത്തിനുള്ള വഴി പൗലോസ് ചൂണ്ടിക്കാട്ടി. ഏഴു തവണ അദ്ദേഹം ചങ്ങലകളാല്‍ ബന്ധിതനായി; നാടുകടത്തപ്പെട്ടു; കല്ലെറിയപ്പെട്ടു (2 കൊറി. 11:23 ളള). അദ്ദേഹം കിഴക്കും പടിഞ്ഞാറും സന്ദേശവാഹകനായി, വിശ്വാസത്തിന്‍റെ ശ്രേഷ്ഠ പ്രതിഫലം നേടി. അദ്ദേഹം ലോകമെല്ലാം നീതി പ്രസംഗിച്ചു പശ്ചിമദേശത്തിന്‍റെ അറ്റം വരെ എത്തി. രാജാക്കന്മാരുടെ മുമ്പാകെ സാക്ഷ്യം വഹിച്ചിട്ട് ലോകത്തില്‍നിന്നു കടന്നുപോയി; സഹനത്തിന്‍റെ വിശിഷ്ട മാതൃകയായി തീര്‍ന്നശേഷം വിശുദ്ധ സ്ഥലത്തേക്ക് എടുക്കപ്പെട്ടു'(5:1-7).
ആറാം അദ്ധ്യായം നീറോയുടെ കാലത്തുണ്ടായ മതമര്‍ദ്ദന്തതെപ്പറ്റി സൂചിപ്പിക്കുന്നു. നിരവധി ക്രൈസ്തവര്‍ അന്ന് രക്തസാക്ഷികളായി; അവരില്‍ നിരവധിപേര്‍ സ്ത്രീകളായിരുന്നു:'വിശുദ്ധ ജീവിതം നയിച്ച ഇവരെ കൂടാതെ, അസൂയനിമിത്തം അനേകം പീഡകള്‍ സഹിക്കുകയും ശോഭ പരത്തുന്ന മാതൃകകളായിരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ ഒരു വലിയ കൂട്ടം നമ്മുടെ ഇടയില്‍ ഉണ്ട്'(6.1).
'നമ്മുടെ ഇടയില്‍' എന്നത് റോമാക്കാരുടെ ഇടയില്‍ എന്ന് സ്പഷ്ടമാണല്ലോ. ടാസിറ്റസ് തന്‍റെ കൃതിയില്‍ (Annals, 15.44) നീറോ കൊന്ന വലിയൊരു കൂട്ടത്തെപ്പറ്റി (multitudo ingrens) പറയുന്നത് ക്ളെമെന്‍റിന്‍റെ പരാമര്‍ശനവുമായി ഒത്തുപോകുന്നു.
ദൈവശാസ്ത്രം
(1) ഡോഗ്മകളുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് ഈ രേഖ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സഭാഭരണാധികാരത്തിന്‍റെ (ecclesiastical jurisdiction) മാനിഫെസ്റ്റോ എന്ന് ക്ളെമെന്‍റിന്‍റെ ലേഖനത്തെ വിളിക്കാം. അപ്പസ്തോലിക പിന്‍തുടര്‍ച്ചയെപ്പറ്റി വ്യക്തമായും സ്പഷ്ടമായും സംസാരിക്കുന്ന ആദ്യത്തെ രേഖയാണിത്. പ്രെസ്ബിറ്റര്‍മാരെ ജനങ്ങള്‍ക്ക് മാറ്റുവാന്‍ അധികാരമില്ലച കാരണം, ജനങ്ങളില്‍നിന്നല്ല അവര്‍ അധികാരം സ്വീകരിച്ചിരിക്കുന്നത്. ഭരിക്കുവാനുള്ള അധികാരം അവര്‍ അപ്പസ്തോലന്മാരില്‍ നിന്നുമാണ് പ്രാപിച്ചത്; അപ്പസ്തോലന്മാര്‍ ക്രിസ്തുവില്‍നിന്നും, ക്രിസ്തു ദൈവത്തില്‍നിന്നും (44:1-3).
(2) റോമന്‍സഭയുടെ അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ചു സംശയാതീതമായ തെളിവാണ് ഈ ലേഖനം. റോമന്‍സഭയുടെ പരമധികാരത്തെപ്പറ്റി രേഖ സംസാരിക്കുന്നില്ല. എന്നാല്‍ കൊറിന്തോസിലെ പ്രശ്നം ക്ളെമെന്‍റ് കൈകാര്യം ചെയ്ത രീതി റോമന്‍സഭയുടെ അധികാരത്തെ പ്രകടമാക്കുന്നു. ഒരധികാരി കീഴുള്ളവരോട് സംസാരിക്കുന്ന മട്ടിലാണ് റോമാസഭ കൊറിന്തോസിലെ സഭയോട് സംസാരിക്കുന്നത്. ദൂരെ സ്ഥിതി ചെയ്യുന്ന കൊറിന്തോസിലെ പ്രശ്നങ്ങളില്‍ നേരത്തെ തന്നെ ഇടപെടാന്‍ സാധിക്കാത്തതില്‍ ക്ളെമെന്‍റ് കുറ്റം ഏറ്റു പറയുന്നു. അവരെ ശാസിക്കുകയും തിരുത്തുകയും ചെയ്യുക തന്‍റെ കടമയായി റോമിലെ മെത്രാന്‍ കരുതി: പിണക്കവും കലഹവും പിളര്‍പ്പും പാപമാണെന്ന് അദ്ദേഹം സ്പഷ്ടമായി അവര്‍ക്കെഴുതി (59:1-2). പരിശുദ്ധാത്മാവിന്‍റെ പ്രേരണയാലാണ് താനിതെഴുതുന്നതെന്ന് ക്ളെമെന്‍റിനു ബോധ്യം ഉണ്ടായിരുന്നു. 'പരിശുദ്ധാത്മാവിനാല്‍ നാം നിങ്ങള്‍ക്കെഴുതിയത് നിങ്ങള്‍ അനുസരിക്കുകയും.... നിങ്ങള്‍ നമുക്കും ആനന്ദവും സന്തോഷവും പകര്‍ന്നു തരും'( 63:2).
(3) മരിച്ചവരുടെ ഉയിര്‍പ്പിനെപ്പറ്റി 24-ഉം 25-ഉം അധ്യായങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഫീനിക്സ് കഥയും ഈ ഭാഗത്താണ് വരുന്നത്. സഭാരേഖകളില്‍ ആദ്യമായി ഈ ഐതിഹ്യം പരാമര്‍ശിക്കുന്നത് ക്ളെമെന്‍റാണ്. പില്‍ക്കാല ക്രൈസ്തവ സാഹിത്യത്തിലും കലയിലും ഈ കഥ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
(4) ലോകത്തില്‍ ദൃശ്യമാകുന്ന ഐക്യം (harmony) 20-ാം അധ്യായത്തില്‍ ചര്‍ച്ചയ്ക്ക് വിഷയമാകുന്നു. സ്റ്റോയിക് തത്വശാസ്ത്രസ്വാധീനത്തിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്.
(5) ആരാധനാക്രമാം: (a). ഹയരാര്‍ക്കിയും അല്‍മായരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നുണ്ട് ലേഖനത്തില്‍. പഴയനിയമ ഹയരാര്‍ക്കിയില്‍ വിവിധ തരക്കാരുണ്ടായിരുന്നു. എന്നിട്ട് പറയുന്നു: അല്‍മായര്‍ അല്‍മായര്‍ക്കുവേണ്ടിയുള്ള നിയമത്താല്‍ ബന്ധിതരാണ് (40:5). ദൈവം ക്രമീകരിച്ചിട്ടുള്ളവയില്‍നിന്ന് നിന്ന് വഴുതിമാറാന്‍ ഒരുവനും പരിശ്രമിക്കാതെ ഓരോരുത്തരും സ്വന്തം മനസ്സാക്ഷിക്കനുസരണം തന്‍റെ സ്ഥാനത്തുനിന്ന് ദൈവത്തെ പ്രസാദിപ്പിക്കണം എന്നും ക്ളെമെന്‍റ് ഉപദേശിക്കുന്നു (41:1).
(b). ക്രിസ്റ്റ്യന്‍ ഹയരാര്‍ക്കിയിലെ അംഗങ്ങളെ എപ്പിസ്ക്കോപ്പോയ് (ഋുശരെീുീശ) എന്നും ദിയാക്കൊണോയ് (റശമസീിീശ) എന്നും ക്ളെമെന്‍റ് വിളിക്കുന്നു. ചിലയിടങ്ങളില്‍ അവരെ മൊത്തത്തില്‍ പ്രെസ്ബിത്തെറോയ് (ജൃലയ്യെലേൃീശ)എന്നാണു വിളിക്കുക (44:5; 57:1). വി. കുര്‍ബാന അര്‍പ്പണമാണ് അവരുടെ പ്രധാന ജോലി (4:44).
(c). അവസാന ഭാഗത്തുള്ള പ്രാര്‍ത്ഥന (59:4-61:3) റോമന്‍ സഭയ്ക്ക് മറ്റു സഭകളുടെ ഐശ്വര്യത്തിലുള്ള താല്പര്യം പ്രകടമാക്കുന്നു.
(6) പ്രയാസപൂര്‍ണ്ണവും അപകടം നിറഞ്ഞതുമായ സാഹചര്യത്തില്‍പോലും ക്രിസ്ത്യാനികള്‍ പൗരധര്‍മ്മം വെടിഞ്ഞ് തികച്ചും ആന്തരിക ജീവിതം മാത്രം നയിക്കുവാന്‍ പാടില്ലെന്ന് ക്ളെമെന്‍റ് അനുശാസിക്കുന്നു. ക്രൈസ്തവവിരുദ്ധവും ക്രൂരവുമായാലും സാമൂഹ്യമോ രാഷ്ട്രീയമോ ആയ സംഘടനകളെ ബലപ്രയോഗത്താല്‍ അട്ടിമറിക്കാന്‍ ക്രിസ്ത്യാനികള്‍ കൂട്ടുനില്‍ക്കരുത്. പ്രത്യുത മനുഷ്യഹൃദയങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും, അതു വഴി സമൂഹത്തില്‍ ചലനമുളവാക്കുകയും ചെയ്യത്തക്ക ഒരു പുളിപ്പായി ക്രിസ്ത്യാനികളും സഭയും വര്‍ത്തിക്കണം. അങ്ങനെ ധര്‍മ്മസമരപാതയിലൂടെ അന്തിമവിജയം കൈവരിക്കുകയാണ് ക്രൈസ്തവധര്‍മ്മം. മതപീഡത്തിന്‍റെ തീച്ചൂളയില്‍ കിടന്നുകൊണ്ടുള്ള ക്ളെമെന്‍റിന്‍റെ ഈ ഉപദേശം ഏറ്റം ശ്രദ്ധേയമാണ് (37:1-3).
ആദിമസഭയിലെ മഹനീയവ്യക്തികളില്‍ ഒരാളായിരുന്നു ക്ളെമെന്‍റ്. ലേഖനത്തില്‍ ക്ളെമെന്‍റിന്‍റെ പേരില്ല. 'റോമിലുള്ള ദൈവത്തിന്‍റെ സഭയാണ്' കത്തയയ്ക്കുന്നത്. തന്നെപ്പറ്റി പറയുമ്പോള്‍ 'നാം' എന്ന ബഹുവചനമാണ് ലേഖന കര്‍ത്താവ് ഉപയോഗിക്കുക. ഒരാള്‍ തന്നെ ആദ്യവസാനം എഴുതി എന്നു ലേഖനത്തില്‍ നിന്ന് വ്യക്തമാണ്. ആരാധനയുടെ അവസരം കൊറിന്തോസ് സഭയില്‍ പരസ്യമായി ഈ ലേഖനം വായിക്കപ്പെട്ടിരുന്നു എന്ന് കൊറിന്തോസിലെ ദിവന്നാസ്യോസ് സാക്ഷിക്കുന്നു (ക്രി. വ. 170). കൊറിന്തോസ് കൂടാതെ മറ്റു പല സഭാകേന്ദ്രങ്ങളിലും ആരാധനയ്ക്കിടയില്‍ ക്ളെമെന്‍റിന്‍റെ ലേഖനം വായിക്കപ്പെട്ടിരുന്നു എന്ന് എവുസേബിയസ് എഴുതുന്നു (സഭാ 4:23 11.3.16). യൂദമതത്തില്‍ നിന്നുള്ള ആളായിരുന്നു ക്ളെമെന്‍റ് എന്നുവേണം കരുതുവാന്‍. പഴയനിയമത്തില്‍ നിന്നുള്ള ഉദ്ധരണികളും, 'യൂദയോ-ക്രൈസ്തവ' ശൈലിയും ഇതു തെളിയിക്കുന്നു. പുതിയനിയമത്തില്‍നിന്ന് വളരെ കുറച്ച് ഉദ്ധരണികളേ ക്ളെമെന്‍റിന്‍റെ ലേഖനത്തില്‍ ഉള്ളൂ. ഒരു 'യൂദയോ-സ്റ്റോയ്ക്' പശ്ചാത്തലമാണ് ക്ളെമെന്‍റിന്‍റേത്. ക്രിസ്തുവിനെ 'നാമം' എന്നും (59:3) 'പ്രിയന്' എന്നും (59:3) 'പ്രിയ കുട്ടി' (ലഴലുലാലിീെ ുമശെ) (61:2-3) എന്നും വിളിക്കുന്നു. ഈ പ്രയോഗങ്ങള്‍ യൂദയോ ക്രൈസ്തവ സാഹിത്യ പശ്ചാത്തലത്തിലുള്ളവയാണ്. അവസാന പ്രാര്‍ത്ഥന പഴയനിയമ പശ്ചാത്തലമുള്‍ക്കൊള്ളുന്നതാണ് (59-61). ക്രൈസ്തവ സഭയുടെ 'പഴയ രേഖകളു'മായി (archaic literature) ക്ളെമെന്‍റിന് പരിചയമുള്ളതായി തോന്നുന്നു. 'ക്ളെമെന്‍റിന്‍റെ ഹോമിലെറ്റിക് ഹഗ്ഗാദ' ശൈലി (Homiletic Haggada) യൂദ പാരമ്പര്യത്തില്‍ നിന്നുള്ളതാണ് (4:1-12; 9:3-4; 10:1-7; 11:1-3; 12:1-7).
2. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് (+110)
അന്ത്യോക്യയിലെ മൂന്നാമത്തെ മെത്രാനായിരുന്നു വി. ഇഗ്നാത്യോസ് (ഇഗ്നേഷ്യസ്). പത്രോസ്, എവോദിയോസ്, ഇഗ്നേഷ്യസ് എന്നുതുടങ്ങുന്നു അന്ത്യോക്യയിലെ മെത്രാന്മാരുടെ പട്ടിക (എവു.സഭാ 3:36). മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ (9:33-36) പറയുന്ന ശിശു ഇഗ്നേഷ്യസ് ആയിരുന്നെന്ന് ഒരു പാരമ്പര്യം ഉണ്ട്. ഇഗ്നേഷ്യസിന് ശ്ലീഹന്മാരെ അടുത്തു പരിചയമുണ്ടായിരുന്നെന്നും സ്നേഹിതനായ പൊളിക്കാര്‍പ്പിനോടുകൂടെ വി. യോഹന്നാന്‍ ശ്ലീഹായുടെ പ്രസംഗങ്ങള്‍ കേട്ടിരുന്നെന്നും പറയപ്പെടുന്നു. ശ്ലീഹന്മാരുടെ കൈകളില്‍നിന്ന് കൈവയ്പ്പു ലഭിച്ച ആളാണ് അദ്ദേഹം എന്ന് വി. ജോണ്‍ ക്രിസോസ്തോം സാക്ഷിക്കുന്നു.
ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (98-117) വന്യമൃഗങ്ങള്‍ക്ക് എറിയപ്പെടാനായി ഇഗ്നേഷ്യസ് അന്ത്യോക്യയില്‍വച്ച് ബന്ധിതനായി. പട്ടാളക്കാര്‍ സിറിയായില്‍നിന്ന് റോമിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി നാഥനെ അനുഗമിച്ചു ജീവന്‍ ഹോമിക്കുന്നതു മഹാഭാഗ്യമായി അദ്ദേഹം കരുതി. റോമിലേയ്ക്കുള്ള യാത്രാമധ്യേ ഏഷ്യാമൈനറിലെ സഭകള്‍ക്കും പോളിക്കാര്‍പ്പിനും, റോമാസഭയ്ക്കുമായി അദ്ദേഹം ഏഴു ലേഖനങ്ങള്‍ എഴുതി. എഫേസോസ്, മഗ്നേഷ്യ, ത്രാള്ളിയ, ഫിലാഡെല്‍ഫിയ, സ്മിര്‍ണാ എന്നീ ഏഷ്യാമൈനറിലെ സഭാകേന്ദ്രങ്ങള്‍ക്കാണ് അദ്ദേഹം അഞ്ചു ലേഖനങ്ങള്‍ അയച്ചത്. എഫേസോസ്, മഗ്നേഷ്യ, ത്രാള്ളിയ, റോം എന്നിവിടങ്ങളിലെ സമൂഹങ്ങള്‍ക്കുള്ള കത്തുകള്‍ സ്മിര്‍ണായില്‍നിന്നും, പോളിക്കാര്‍പ്പിനും ഫിലാഡെല്‍ഫിയ, സ്മിര്‍ണാ എന്നിവിടങ്ങളിലെ സമൂഹങ്ങള്‍ക്കും ത്രോവാസില്‍ നിന്നുമാണ് എഴുതിയത്.
ഈ കത്തുകള്‍വഴി ഈ സഭാസമൂഹങ്ങള്‍ക്ക് ഇഗ്നേഷ്യസ് നന്ദി പറയുകയും, അവര്‍ തന്നോടു കാട്ടിയ ഔദാര്യത്തെ പുകഴ്ത്തുകയും ചെയ്യുന്നു. സഭാധികാരികളോടു വിധേയത്വമുള്ളവരായിരിക്കാനും അബദ്ധാഭിപ്രായങ്ങളില്‍നിന്ന് അകന്നിരിക്കാനും അദ്ദേഹം അവരെ ഉപദേശിക്കുന്നു. രക്തസാക്ഷിത്വത്തില്‍നിന്നു തന്നെ പിന്തിരിപ്പിക്കുന്ന ഒന്നും ചെയ്യാന്‍ ഇടയാകരുതെന്നു റോമിലെ സമൂഹത്തോട് അപേക്ഷിക്കുന്നു. യേശുക്രിസ്തുവിനുവേണ്ടി മരിക്കുക എന്നതിനേക്കാള്‍ അഭികാമ്യമായി അവന് ഒന്നുമില്ല-മരണം അവന് യഥാര്‍ത്ഥ ജീവിതത്തിന്‍റെ ആരംഭം മാത്രമാണ്. 'അടുത്തൊരള്‍ത്താര ഒരുക്കപ്പെട്ടിരിക്കുമ്പോള്‍ ദൈവത്തിനൊരു യാഗമായിത്തീരുക എന്നതിലുപരിയായി ഒന്നും നിങ്ങള്‍ എനിക്കനുവദിക്കേണ്ട...' (റോമാ 2:2). 'തടസ്സംകൂടാതെ എന്‍റെ അവകാശത്തെ പ്രാപിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാകട്ടെ; നിങ്ങളുടെ മഹാമനസ്കത എനിക്ക് ഹാനികരമായി നില്‍ക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. ദൈവത്തെ പ്രാപിക്കാന്‍ എനിക്ക് ഇനിയൊരിക്കലും ഇതുപോലൊരു അവസരം കിട്ടുകയില്ല. ഞാന്‍ ദൈവത്തിന്‍റെ ഗോതമ്പാണ്. ക്രിസ്തുവിനു പാവനമായ അപ്പം നിര്‍മ്മിക്കാന്‍ ഞാന്‍ വന്യമൃഗങ്ങളുടെ ദംഷ്ട്രകളാല്‍ പൊടിക്കപ്പെടട്ടെ' (റോമ 1:2; 2:1; 4:1).
സഭയിലെ ഐക്യം അഭംഗുരം കാത്തുപരിപാലിക്കാന്‍ കത്തുകളിലുടനീളം അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഉറച്ചവിശ്വാസവും പരിശുദ്ധാത്മശക്തിയും ധരിച്ച ഒരു യഥാര്‍ത്ഥ ഇടയനെയത്രെ അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ നാം കാണുന്നത്. രക്തസാക്ഷിത്വത്തിനുവേണ്ടി തീക്ഷ്ണതാപൂര്‍വ്വം ആഗ്രഹിക്കുന്ന ഒരു ധീരനേതാവിനെയാണ് ഇവിടെ നാം ദര്‍ശിക്കുക. ക്രിസ്തുവിനും ക്രിസ്തീയവിശ്വാസത്തിനുംവേണ്ടി കൊലയ്ക്കു വിധിക്കപ്പെട്ടവന്‍റെ ദൈവികധീരതയും നാഥനോടൊന്നിക്കാനുള്ള അടങ്ങാത്ത ദാഹവുമത്രെ ഈ കത്തുകളില്‍ കണ്ടെത്തുക.
യാത്രയ്ക്കിടയില്‍ പട്ടാളക്കാരുടെ മധ്യത്തില്‍ എഴുതപ്പെട്ടവയാകയാല്‍ ലേഖനങ്ങള്‍ക്കു ഒരേ പ്രതിപാദനരീതിയാണ്. മെത്രാനോടും വൈദികരോടും സഹകരിച്ച് സ്നേഹത്തിലും യോജിപ്പിലും ജീവിക്കാന്‍ തുടരെത്തുടരെ ഉദ്ബോധിപ്പിക്കുന്നു. ഈ ലോകത്തിലാണു ജീവിക്കുന്നതെങ്കിലും അദ്ദേഹം സ്വര്‍ഗീയജീവിതം ആരംഭിച്ചു കഴിഞ്ഞു. നമുക്കുവേണ്ടി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത യേശുക്രിസ്തു ഇഗ്നേഷ്യസിന്‍റെ ഓരോ നാടിയിടുപ്പിലും ജീവിച്ചു.
അന്ത്യോക്യയിലെ മെത്രാന്‍ എന്നനിലയില്‍ അവിടെയുണ്ടായിരുന്ന ക്രിസ്തീയ സമൂഹമത്രെ ഇഗ്നേഷ്യസിന്‍റെ പശ്ചാത്തലം. 'യൂദയോ-ക്രിസ്ത്യന്‍' ശൈലി ലേഖനങ്ങളില്‍ വ്യക്തമാണ്. യേശുക്രിസ്തുവിന്‍റെ ശരീരം യഥാര്‍ത്ഥമല്ലെന്നും മായയാണെന്നും 'ഡോസെറ്റിസ്റ്റുകള്‍' വാദിച്ചിരുന്നു. അദ്ദേഹം തന്‍റെ കത്തുകളില്‍ ഈ അബദ്ധസിദ്ധാന്തക്കാരെ എതിര്‍ത്തു. പൊന്തിയോസ് പീലാത്തോസിന്‍റെ നാളുകളില്‍ മരിച്ച നസ്രായനേശു സത്യമായും മനുഷ്യനായിത്തീര്‍ന്ന ദൈവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. 'ക്രിസ്തുവിന്‍റെ ശരീരം മായയാണെന്ന് ഡോസെറ്റിസ്റ്റുകള്‍ വാദിച്ചപ്പോഴും, യൂദയാ നാട്ടില്‍ അവന്‍റെ രക്തം തളംകെട്ടിക്കിടക്കുകയായിരുന്നു' എന്നു ജറോം (+420) പറഞ്ഞത് ഇത്തരുണത്തില്‍ സ്മര്‍തവ്യമാണ് (ലൂസിഫറിനെതിരെ,23).
അന്ത്യോക്യയില്‍ ഉരുത്തിരിഞ്ഞ ഒരു സിറിയന്‍ ക്രിസ്ത്യന്‍ സമൂഹമാണ് ഇഗ്നേഷ്യന്‍ കത്തുകളില്‍ പ്രത്യക്ഷപ്പെടുക. അതോടൊപ്പം 'ഡോസെറ്റിക്' പ്രശ്നങ്ങള്‍ നിറഞ്ഞ ഏഷ്യാമൈനര്‍ സഭയെയും നമുക്കു കാണാം. ലത്തീന്‍ചുവ കലര്‍ന്നതാണ്, എഗ്നാത്തുസ് എന്ന പേരെങ്കിലും അദ്ദേഹം ചിന്തയിലും വാക്കിലും തികച്ചും പൗരസ്ത്യനായി നിലകൊണ്ടു. 7 ലേഖനങ്ങള്‍ക്കു പുറമേ ഇഗ്നേഷ്യസിന്‍റേതായി അറിയപ്പെടുന്ന വേറെ ചില കൃതികളുമുണ്ട്. അവ അദ്ദേഹത്തിന്‍റേതല്ല എന്നത്രെ പണ്ഡിതമതം. മലങ്കരസഭ ഇഗ്നേഷ്യസിനെ അഞ്ചാം മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു
ദൈവശാസ്ത്രം
ദൈവത്തിന്‍റെ രക്ഷണീയ വ്യാപാരവേദിയാണ് ഈ പ്രപഞ്ചം. ഇഗ്നേഷ്യസിന്‍റെ ഒരു അടിസ്ഥാന ചിന്തയാണിത്. ഈ ലോകത്തിന്‍റെ അധികാരികളുടെ ക്രൂരതകളില്‍നിന്നും ലോകത്തെയും മനുഷ്യകുലത്തെയും രക്ഷിക്കാന്‍ ദൈവം തിരുമനസ്സായി. പ്രവാചകന്മാര്‍വഴി യൂദമതത്തിലൂടെ രക്ഷയ്ക്കുവേണ്ടി മനുഷ്യകുലത്തെ ദൈവം ഒരുക്കി. അവരുടെ പ്രതീക്ഷ ക്രിസ്തുവില്‍ പൂവണിഞ്ഞു. 'ദിവ്യപ്രവാചകന്മാര്‍തന്നെയും യേശുക്രിസ്തുവിന്‍റെ പാതയില്‍ ജീവിച്ചു' (മഗ്നേ. 9:2). മിശിഹായുടെ ദൈവത്വവും മനുഷ്യത്വവും സ്പഷ്ടമായി അദ്ദേഹം പഠിപ്പിച്ചു: 'ശാരീരികനും ആത്മീയനും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, ദൈവം മനുഷ്യനായവനും മൃത്യുവിന്‍റെ മധ്യത്തിലുള്ള യഥാര്‍ത്ഥ ജീവനും, മറിയത്തില്‍നിന്നും ദൈവത്തില്‍നിന്നും ജനിച്ചവനും, ആദ്യം സഹനാധീനനും പിന്നെ സഹനാതീതനുമായ നമ്മുടെ കര്‍ത്താവ് യേശുക്രിസ്തു എന്ന ഒരേയൊരു വൈദ്യന്‍ മാത്രമേ നമുക്കുള്ളു' (എഫേ 7:2). 'ശാരീരികമായി അവന്‍ ദാവീദിന്‍റെ വംശാവലിയില്‍നിന്നാണ്, ദൈവേച്ഛയാലും ദൈവശക്തിയാലും അവന്‍ ദൈവപുത്രനത്രെ: അവന്‍ സത്യമായും കന്യകയില്‍നിന്നു പിറന്നു. എല്ലാം പൂര്‍ത്തിയാക്കുവാന്‍ അവന്‍ യോഹന്നാനില്‍നിന്നു സ്നാനമേറ്റു' (സ്മിര്‍ണ 1:1).
ക്രിസ്തു സമായാതീതനും അദൃശ്യനുമാണ്: പോളിക്കാര്‍പ്പിനെഴുതുന്നു: 'കാലാതീതനും കാലരഹിതനും അദൃശ്യനുമായ ഏകനെപ്പറ്റി ചിന്തിക്കുക. അവന്‍ നമുക്കുവേണ്ടി ദൃശ്യനായി. സ്പര്‍ശനത്തിനും സഹനത്തിനും അതീതനായ അവന്‍ നമുക്കുവേണ്ടി എല്ലാം സഹിക്കുകയും ചെയ്തു' (3:2).
ക്രിസ്തുവിന്‍റെ മനുഷ്യത്വത്തെയും സഹനങ്ങളെയും നിഷേധിച്ച ഡോസെറ്റിസ്റ്റുകളെ ഇഗ്നേഷ്യസ് നിശിതമായി വിമര്‍ശിക്കുന്നു: 'ചില നിരീശ്വരന്മാര്‍, അതായത് അവിശ്വാസികള്‍, ജല്‍പിക്കുന്നതുപോലെ, അവന്‍റെ പീഢാനുഭവം വെറുമൊരു കാപട്യമായിരുന്നെങ്കില്‍ - അവരാണ് യഥാര്‍ത്ഥത്തില്‍ ജാലവിദ്യക്കാര്‍ - ഞാനെന്തിനാണ് തടവുകാരനായിരിക്കുന്നത്? ഞാന്‍ എന്തിന് വന്യമൃഗങ്ങളോടു യുദ്ധം ചെയ്യാനായി പ്രാര്‍ത്ഥിക്കുന്നു? അങ്ങനെയെങ്കില്‍ ഞാന്‍ ലക്ഷ്യമില്ലാതെ മരിക്കുന്നു.. അതെ, എന്‍റെ സാക്ഷ്യം കര്‍ത്താവിനെതിരെ കള്ളസാക്ഷ്യമാണ്. മാരകമായ ഫലം പുറപ്പെടുവിക്കുന്ന ഇത്തരം ദുഷിച്ച മുളകളില്‍നിന്ന് ഓടിയകലുവിന്‍. അതു രുചിച്ചുനോക്കുന്നവന്‍ അപ്പോഴെ മരിക്കുന്നു. അവയൊന്നും പിതാവിന്‍റെ കൃഷിയല്ല' (ത്രാള്ള്യ 10-11,1). 'അവര്‍ കുര്‍ബാനയില്‍നിന്നും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍നിന്നും അകന്നിരിക്കുന്നു. നമ്മുടെ പാപങ്ങള്‍മൂലം കഷ്ടപ്പെടുകയും തന്‍റെ നന്മയില്‍ മരിച്ചവരില്‍നിന്ന് പിതാവ് ഉയിര്‍പ്പിക്കുകയും ചെയ്ത നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ ശരീരമാണ് വി. കുര്‍ബാനയെന്ന് അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. ദൈവനാമത്തെ ചോദ്യംചെയ്യുന്നവര്‍ അവരുടെ തര്‍ക്കത്തില്‍ മരിക്കും. സ്നേഹിക്കുകയും ഉയര്‍പ്പില്‍ പങ്കുകാരാവുകയും ചെയ്യുകയായിരുന്നു അവര്‍ക്കു നല്ലത്. അപ്രകാരമുള്ളവരെ ഒഴിഞ്ഞുമാറുകയും അവരെപ്പറ്റി രഹസ്യമായോ പരസ്യമായോ സംസാരിക്കാതിരിക്കുകയും ചെയ്യുകയാണുത്തമം' (സ്മിര്‍ണ 6:3-7:1).
സഭയെ 'ആരാധനാസ്ഥലം' എന്ന് ഇഗ്നേഷ്യസ് വിളിക്കുന്നു (എഫേ 5:2; ത്രാള്ള്യ 7:2; ഫിലാ 4). വിശുദ്ധ കുര്‍ബാന 'അമര്‍ത്യതയുടെ ഔഷധവും മരണത്തിന് പ്രതിവിധിയും യേശുക്രിസ്തുവിലുള്ള നിത്യജീവനുമാണ്' (എഫേ 20:2). അദ്ദേഹം ഉപദേശിക്കുന്നു: 'ഒരേ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുവിന്‍. എന്തെന്നാല്‍ വൈദികസമൂഹത്തോടും എന്‍റെ സഹപ്രവര്‍ത്തകരായ ശെമ്മാശ്ശന്മാരോടും കൂടെ ഒരു മെത്രാന്‍ എന്നപോലെ നമ്മുടെ കര്‍ത്താവ് യേശുക്രിസ്തുവിന്‍റെ ശരീരവും നമ്മെ ഒന്നാക്കിത്തീര്‍ക്കുന്ന രക്തത്തിന്‍റെ കാസായും അള്‍ത്താരയും ഏകമാണ്' (ഫിലാ 4). സ്മിര്‍ണാക്കാര്‍ക്കുള്ള ലേഖനത്തില്‍ വളരെ വ്യക്തമായി കുര്‍ബാനയെപ്പറ്റി പ്രതിപാദിക്കുന്നു (7:1).
ക്രിസ്തുവിന്‍റെ സഭയെ ആദ്യമായി കത്തോലിക്കാ സഭ എന്നുവിളിച്ചത് ഇഗ്നേഷ്യസാണ്.. 'യേശുമിശിഹാ ഉള്ളിടത്ത് കത്തോലിക്കാ സഭയുണ്ട്. അതുപോലെ മെത്രാന്‍ അവിടെ സന്നിഹിതനാണോ, അവിടെ ജനങ്ങള്‍ ഒന്നിച്ചുകൂടട്ടെ' (സ്മിര്‍ണ 8:2). മെത്രാന്മാര്‍ക്കുള്ള സഭയിലുള്ള സ്ഥാനത്തെപ്പറ്റി വ്യക്തമായ ചിത്രം അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍നിന്നു ഗ്രഹിക്കാം. മെത്രാന്‍ ദൈവത്തെ പ്രതിനിധീകരിക്കുന്നു; വൈദികര്‍ ശ്ലീഹന്മാരെയും. ശെമ്മാശ്ശന്മാര്‍ ക്രിസ്തുവിന്‍റെ ശുശ്രൂഷകരാണ്. മെത്രാനുചുറ്റും ഒരുസമൂഹമായി അവര്‍ ഒന്നിച്ചുകൂടുന്നു (cf.മഗ്നേ 6:1-2). ദൈവത്തിന്‍റെ പ്രതിനിധിയാകയാല്‍ പ്രായംകുറഞ്ഞ മെത്രാനെപ്പോലും നിന്ദിക്കരുത്. (മഗ്നേ 3:1). ജനങ്ങളെ പഠിപ്പിക്കാനുള്ള ചുമതല മെത്രാനുള്ളതാണ്. തെറ്റിനും അബദ്ധത്തിനും അതീതരായിരിക്കാന്‍ എളുപ്പമാര്‍ഗ്ഗം മെത്രാനുമായി ചേര്‍ന്നിരിക്കയാണ് (ത്രാള്ള്യ 6; ഫിലാ 3).
ഐക്യത്തിനും സമാധാനത്തിനുംവേണ്ടി മെത്രാന്‍ വിശ്വാസികളെ നിരന്തരം ഉദ്ബോധിപ്പിക്കുന്നു (എഫേ 4). ആരാധനയുടെ പ്രധാനാചാര്യനും ദൈവീകരഹസ്യങ്ങളുടെ കാര്യവിചാരകനും മെത്രാനാണ്. മെത്രാനെക്കൂടാതെ സഭയില്‍ ഒന്നും ചെയ്തുകൂടാ: 'മെത്രാന്‍റെ മേല്‍നോട്ടം കൂടാതെ സ്നാനമോ, സ്നേഹഭോജനമോ അനുവദനീയമല്ല. മറിച്ച് അദ്ദേഹം അംഗീകരിക്കുന്നവയെല്ലാം ദൈവത്തിനു പ്രീതികരമാണ്. ഇങ്ങനെ നിങ്ങള്‍ ചെയ്യുന്നതെന്തും സാധുവും സുരക്ഷിതവുമായിരിക്കും' (സ്മിര്‍ണ 8:2). 'മെത്രാന്‍റെ അംഗീകാരം കൂടാതെ സഭയെ സംബന്ധിക്കുന്നതൊന്നും ആരും ചെയ്യരുത്. മെത്രാനാലോ, അദ്ദേഹം നിയോഗിക്കുന്നവരാലോ അര്‍പ്പിക്കപ്പെടുന്ന കുര്‍ബാന മാത്രം സാധുവായി കണക്കാക്കണം' (സ്മിര്‍ണ 8:1). വിവാഹവും മെത്രാന്‍റെ മുമ്പാകെയാണ് നടത്തേണ്ടത് (പോളി 5:2). ചുറ്റിക്കറങ്ങിനടന്ന 'പ്രവാചകന്മാരെ'പ്പറ്റി അദ്ദേഹം ഒന്നും പറയുന്നില്ല. ഡിഡാക്കെ അവരെ സ്തുതിച്ച് സംസാരിക്കുന്നു.
വിവാഹ കൂദാശയെ സംബന്ധിച്ച് ഇഗ്നേഷ്യസിന്‍റെ സ്വാധീനം വി. പൗലോസ് ശ്ലീഹായില്‍നിന്നാണ്. വിവാഹം ക്രിസ്തുവും തന്‍റെ വധുവായ സഭയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു: 'കര്‍ത്താവിനെ സ്നേഹിക്കാനും തങ്ങളുടെ ഭര്‍ത്താക്കന്മാരോടു സന്തുഷ്ടരായി വര്‍ത്തിക്കാനും എന്‍റെ സഹോദരിമാരോടു പറയണം. കര്‍ത്താവ് സഭയെ സ്നേഹിക്കുന്നതുപോലെ ഭാര്യമാരെ സ്നേഹിക്കുവാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എന്‍റെ സഹോദരന്മാരെ ഉദ്ബോധിപ്പിക്കുക' (പോളി 5:1). കന്യാത്വത്തെപ്പറ്റിയും അദ്ദേഹം ഉപദേശിക്കുന്നു: കര്‍ത്താവിന്‍റെ ശരീരത്തോടുള്ള ബഹുമാനാര്‍ത്ഥം ശുദ്ധതയില്‍ ജീവിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അവന്‍ ആത്മപ്രശംസകൂടാതെ അപ്രകാരം ചെയ്യട്ടെ (പോളി 5:2).
ഇഗ്നേഷ്യസ് റോമാസഭയെ വളരെ സ്തുതിച്ച് സംസാരിക്കുന്നു. റോമാക്കാര്‍ക്കുള്ള ലേഖനത്തിന്‍റെ ആമുഖം ശ്രദ്ധിക്കൂ: 'അത്യുന്നതനായ പിതാവിന്‍റെയും അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിന്‍റെയും കൃപ ലഭിച്ച സഭയ്ക്ക്: "നമ്മുടെ ദൈവമായ യേശുക്രിസ്തുവിന്‍റെ സ്നേഹത്താലും വിശ്വാസത്താലും സ്നേഹിക്കപ്പെട്ടതും പ്രകാശിതമായതും റോമന്‍ പ്രദേശത്തിന്‍റെ പ്രധാന സ്ഥലത്ത് അധ്യക്ഷ ആയിരുന്നതും (പ്രോകത്തേതായ് എന്‍ തോപോ കോറിയൂ റോമയ്സോന്‍) ദൈവത്തിനു ചേര്‍ന്നതും ബഹുമാനവും അഭിനന്ദനവും സ്തുതിയും വിജയവും വിശുദ്ധിയും അര്‍ഹിക്കുന്നതും സ്നേഹത്തില്‍ അധ്യക്ഷസ്ഥാനത്തിരിക്കുന്നതും ക്രിസ്തുവിന്‍റെ നിയമം അനുസരിച്ചുകൊണ്ട് പിതാവിന്‍റെ നാമം വഹിക്കുന്നതുമായ സഭയ്ക്ക് പിതാവിന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ എന്‍റെ അഭിവാദനങ്ങള്‍".
ഈ ആമുഖം മറ്റു ലേഖനങ്ങളുടെ ആമുഖത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ഇഗ്നേഷ്യസ് ഈ ഭാഗത്ത് റോമാസഭയെ വളരെ സ്തുതിച്ച് പറയുന്നു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇതു റോമാസഭ അര്‍ഹിക്കുന്നതുമാണെന്ന് അദ്ദേഹം കരുതുന്നു. ഈ ആമുഖത്തിലെ ഒന്നുരണ്ടു പ്രയോഗങ്ങള്‍ അപഗ്രഥിക്കാം:
(1) 'റോമന്‍ പ്രദേശത്തിന്‍റെ പ്രധാന സ്ഥലത്ത് അധ്യക്ഷ ആയിരിക്കുന്നതും'
(2) 'സ്നേഹത്തില്‍ അധ്യക്ഷ സ്ഥാനത്തിരിക്കുന്നതും.'
'റോമന്‍ പ്രദേശം' എന്നത് റോമിന്‍റെ ചുറ്റുമുള്ള സ്ഥലങ്ങള്‍ മാത്രമല്ല അര്‍ത്ഥമാക്കുക. റോമന്‍ പ്രദേശത്തിന്‍റെ വ്യാപ്തിയെന്താണ്? റോമന്‍ രൂപതയാണോ? റോമന്‍ സാമ്രാജ്യമാണോ? എല്ലാവരും ഒരേ രീതിയിലുള്ള അര്‍ത്ഥമല്ലിതിനു കൊടുക്കുക. 'റോമന്‍ സാമ്രാജ്യത്തിന്‍റെ പ്രധാന സ്ഥാനത്ത് (റോമില്‍) അധ്യക്ഷയായിരിക്കുന്ന സഭ' എന്ന് അനേകര്‍ മനസ്സിലാക്കുന്നു. 'തോപോ' എന്ന പദം ഏതെങ്കിലും രീതിയില്‍ പ്രാധാന്യമുള്ള സ്ഥലത്തെയോ, വസ്തുവിനെയോ കുറിക്കാന്‍ ഉപയോഗിക്കുന്നു. തോപോ കോറിയു എന്നതിനര്‍ത്ഥം പ്രധാനസ്ഥലം. 'കോറിയു' എന്നതിനു പകരം ക്രിസ്തു എന്നു വായിക്കണമെന്ന് ചിലര്‍ പറയുന്നു. ക്രിസ്തുവിന്‍റെ സ്ഥാനത്ത് അധ്യക്ഷയായിരിക്കുന്ന റോമാസഭ എന്ന് അര്‍ത്ഥംവരും. അതിന് അവര്‍ മറ്റു ന്യായങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു: മഗ്നേഷ്യര്‍ക്കുള്ള ലേഖനത്തില്‍ ഇപ്രകാരം കാണുന്നു: 'മെത്രാന്‍ ദൈവത്തിന്‍റെ സ്ഥാനത്തും പ്രെസ്ബിറ്റര്‍മാര്‍ ശ്ലൈഹികസമൂഹത്തിന്‍റെ സ്ഥാനത്തും അധ്യക്ഷന്മാരായിരിക്കട്ടെ. എനിക്കേറ്റവും പ്രിയപ്പെട്ട ഡീക്കന്മാര്‍ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷാസ്ഥാനം ഏറ്റെടുക്കട്ടെ'(6:1). ഇവിടെ 'തോപോണ്‍ തെവു'എന്നുള്ളതുപോലെയാണ് തോപോ ക്രിസ്തു എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഈ വ്യാഖ്യാനം എല്ലാവരും സ്വീകരിക്കുന്നില്ല.
'പ്രോകത്തേതായ്' (അധ്യക്ഷയായിരിക്കുക), 'പ്രോകത്തേമെനേ' (അധ്യക്ഷസ്ഥാനത്തിരിക്കുക) എന്നീ പദങ്ങള്‍ അധികാരത്തെ കുറിക്കുന്ന പദങ്ങളാണ്. വെറും ബഹുമാനത്തെ മാത്രം കുറിക്കുന്ന പദങ്ങളല്ല. ഇഗ്നേഷ്യസില്‍തന്നെ ഈ പദം അധികാരവുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. മഗ്നേഷ്യര്‍ക്കുള്ള ലേഖനം 6:2-ല്‍ മെത്രാനോടും അധ്യക്ഷന്മാരോടും യോജിച്ചു പോകുവിന്‍ എന്നുകാണുന്നു. 'പ്രോകത്തേമെനോയിസ്' എന്ന വാക്കാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. മഗ്നേഷ്യര്‍, 6:2-ല്‍ 'പ്രോകത്തേമെനു' എന്നാണ്. ഇത് സഭാധികാരവുമായി ബന്ധപ്പെടുത്തിയാണ് പ്രയോഗിച്ചിരിക്കുന്നത്. മറ്റൊരിടത്തും ഇതു കാണുന്നില്ല. റോമാലേഖനത്തിന്‍റെ ആമുഖത്തില്‍ കാണുന്ന 'ആധ്യക്ഷ്യം' എന്ന പദം സഭാധികാരത്തെയാണ് കുറിക്കുന്നത്. അവിടെ രണ്ടുപ്രാവശ്യം അദ്ദേഹം ഇതുപയോഗിക്കുന്നു. 'റോമന്‍ പ്രദേശത്തിന്‍റെ പ്രധാന സ്ഥലത്ത് അധ്യക്ഷയായിരിക്കുന്ന സഭ' എന്നത് റോമാസഭയ്ക്കുള്ള അധികാരത്തെ കുറിക്കുന്നതായി മനസ്സിലാക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.
'സ്നേഹത്തില്‍ ആധ്യക്ഷ്യം വഹിക്കുന്ന സഭ' എന്നതിന്‍റെ അര്‍ത്ഥവും ഇതിലേക്കാണു വിരല്‍ചൂണ്ടുന്നത്. ഇതു റോമാസഭയുടെ കാരുണ്യപ്രവര്‍ത്തികളെയാണ് സൂചിപ്പിക്കുന്നത് എന്നും പറയുന്നവരുണ്ട്. കാരുണ്യം കാട്ടുന്നതില്‍ റോമാസഭ എക്കാലവും മുന്‍പന്തിയില്‍നിന്നു. എന്നാല്‍ അതിലുപരിയായ ഒരു അര്‍ത്ഥം ഇതില്‍ കാണുന്ന അനേകം പണ്ഡിതന്മാരുണ്ട്. 'പ്രോകത്തേമെനേത്തേസ് അഗാപേസ്' എന്നതിലെ 'അഗാപെ' എന്നതിന്‍റെ അര്‍ത്ഥമെന്താണ്? ഇഗ്നേഷ്യസില്‍ 'അഗാപെ' സ്നേഹസമൂഹങ്ങളുടെ (സഭാസമൂഹങ്ങളുടെ) പേരാണ് (ഫിലാ 11,2; സ്മിര്‍ണ 12,1; ത്രാള്ളിയാ 13,1; റോമാ 9,3). സ്നേഹബന്ധത്തില്‍ അധ്യക്ഷയായിരിക്കുന്ന സഭ; അതായതു സാര്‍വ്വത്രിക സഭ. തന്‍റെ സ്നേഹത്താല്‍ ക്രിസ്തു സഭയ്ക്കു നല്‍കിയ അതിസ്വഭാവിക ജീവിതത്തിന്‍റെ പൂര്‍ണതയാണ് 'അഗാപെ'. സ്നേഹത്തില്‍ അധ്യക്ഷസ്ഥാനത്തിരിക്കുന്നു എന്നതിന്, നയിക്കാനും നേതൃത്വം നല്‍കാനും റോമാസഭയ്ക്കുള്ള അധികാരം എന്നര്‍ത്ഥം നല്‍കാം. സ്നേഹത്തിലും വിശ്വാസത്തിലും റോമാസഭ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നതാകാം കാരണം.
പ്രോകത്തേമായ് (അധ്യക്ഷയായിരിക്കുക) എന്നതിനുശേഷം പട്ടണം, നഗരം, സ്ഥലം എന്നിങ്ങനെയുള്ള പദങ്ങളാണു വരിക. 'സ്നേഹം' (അഗാപെ) എന്ന നാമം സാധാരണമല്ല. അപ്പോള്‍ സാര്‍വ്വത്രികമായ ഒരു മേല്‍ക്കോയ്മയാണ്; ചെറിയൊരു സ്ഥലത്തെയോ, ചില സംഗതികളുടെയോ മേലുള്ള മേല്‍ക്കോയ്മയല്ല വിവക്ഷ എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഈ വ്യാഖ്യാനം ഈ രീതിയില്‍ സ്വീകരിക്കാത്തവരുമുണ്ട്.
റോമാസഭ റോമന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനനഗരിയിലെ സഭയാണ്. വ്യക്തിപരമായി ഇഗ്നേഷ്യസിന് ഏറ്റവും പ്രിയപ്പെട്ട സഭയാണത്. അതുകൊണ്ടാണല്ലോ ഈ സഭയ്ക്ക് സ്തുതിയും പുകഴ്ച്ചയും ബഹുമാനാവും കൊടുക്കാന്‍ അദ്ദേഹം തയാറാകുന്നത്. 'ആക്സിയോ' കൊണ്ട് 6 വാക്കുകള്‍ തുടങ്ങുന്നു. അതുകഴിഞ്ഞാണ്, എപ്രകാരം സ്നേഹത്തില്‍ അധ്യക്ഷ സ്ഥാനത്തിരിക്കുന്നതെന്ന് പറയുന്നത്. ഇത്രമാത്രം ബഹുമാനാദരവുകളോടെ മറ്റൊരു സഭയെപ്പറ്റിയും അദ്ദേഹം പ്രസ്താവിക്കുന്നില്ല. ഏഷ്യാമൈനറിലെ സഭകളില്‍നിന്നു വ്യത്യസ്തമായ ചില സംഗതികള്‍ റോമാസഭയ്ക്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. റോമാസഭയ്ക്കു ശ്രേഷ്ഠ ശ്ലീഹന്മാരുടെ കല്പനകളും പ്രബോധനങ്ങളും ഉള്ളതിനാല്‍, തന്‍റെ കല്പനകളുടെ ആവശ്യമില്ലെന്ന് അദ്ദേഹം കരുതി: 'പത്രോസിനെയും പൗലോസിനെയുംപോലെ ഞാന്‍ നിങ്ങള്‍ക്ക് ഒരു കല്പനയും നല്‍കുന്നില്ല: അവര്‍ ശ്ലീഹന്മാരായിരുന്നു; ഞാനോ തടവുകാരന്‍. അവര്‍ സ്വതന്ത്രരായിരുന്നു; ഞാന്‍ ഇപ്പോഴും ഒരടിമ' (റോമാ 4:3).
'നിങ്ങള്‍ മറ്റുള്ളവരെ പഠിപ്പിച്ചവരാണ്' എന്ന് ഇഗ്നേഷ്യസ് പറയുന്നു (3,1). ക്ലെമെന്‍റ് കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനമായിരിക്കാം വിവക്ഷ. സ്നേഹംമൂലം ദൈവപുത്രന്‍ ധരയിലെത്തിച്ച പുതിയനിയമവും ക്രിസ്തുമതത്തിന്‍റെ സാരസത്തയും മനുഷ്യര്‍ക്കെല്ലാം അനുഭവവേദ്യമാക്കാന്‍ അവരെ ഭരിക്കാനും നയിക്കാനും ഒരു പ്രത്യേകാധികാരം റോമാസഭയ്ക്കുണ്ട്. 'നീ തിരിഞ്ഞു നിന്‍റെ സഹോദരന്മാരെ ഉറപ്പിക്കുക' എന്ന കര്‍തൃവചനം (ലൂ. 22:32) പത്രോസ് കാത്തുസൂക്ഷിച്ചു. റോമാസഭയും തദനുസരണം വര്‍ത്തിച്ചു. അതാണ് മുകളില്‍ പറഞ്ഞ വാചകത്തിന്‍റെ അര്‍ത്ഥം. റോമാക്കാരനല്ലാത്ത ഒരാള്‍ റോമാസഭയെ സ്തുതിച്ചു പറയുന്ന ആദ്യപരാമര്‍ശമാണിത്. തക്ക അടിസ്ഥാനത്തോടുകൂടിയാണ് ഇഗ്നേഷ്യസ് ഇപ്രകാരം ചെയ്യുക; അതായത് ശ്ലൈഹികാടിസ്ഥാനം. സത്യവിശ്വാസം അഭംഗുരം നിലനില്‍ക്കുന്നു; ക്രിസ്തുവിന്‍റെ സ്നേഹം ചുറ്റും പരത്തുന്നു. സ്നേഹസമൂഹങ്ങളുടെ അധ്യക്ഷയായിരുന്നുകൊണ്ട് മറ്റുള്ളവരെ പഠിപ്പിക്കുന്നു. ഇതൊക്കെയാണ് റോമാസഭയുടെ പ്രത്യേകതകള്‍. അവളുടെ മഹത്വത്തിന് ആസ്പദമായിട്ടുള്ളതും അവതന്നെ.
3. സ്മിര്‍ണായിലെ വി. പോളിക്കാര്‍പ്പ് (+ 156)
ശ്ലീഹന്മാരുടെ ശിഷ്യനായ പോളിക്കാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായിരുന്നു. യോഹന്നാന്‍ ശ്ലീഹായുടെ പാദത്തിലിരുന്ന് സദ്വാര്‍ത്ത ശ്രവിച്ചവനാണ് പോളിക്കാര്‍പ്പെന്ന് വി. ഇരനെയൂസ്, എവുസേബിയൂസ്, തെര്‍ത്തുല്യന്‍ എന്നിവര്‍ പറയുന്നു (ഇരനെവൂസ്, പാഷാ 3,3,4, എവുസേബിയസ്, സഭാ. 5:20.5) തെര്‍ത്തുല്യന്‍, ദെ പ്രെസ്ക്രിപ്സിയോണ ഹെരത്തിക്കോരും, 32:2).
ശ്ലീഹന്മാരാണ് അദ്ദേഹത്തെ സ്മിര്‍ണായിലെ മെത്രാനായി നിയമിച്ചതെന്ന് ഇരനെയൂസ് ഒരു കത്തയച്ചത്. 155-ല്‍ പോളിക്കാര്‍പ്പും അനിസെറ്റസ് മാര്‍പാപ്പായും തമ്മില്‍ സഭാ സംബന്ധമായ പല കാര്യങ്ങളും റോമില്‍വച്ച് ചര്‍ച്ച നടത്തി. 'ഉയിര്‍പ്പു ദിവസം' (ഝൗമൃീറേലരശാമിശാെ) സംബന്ധിച്ച പ്രശ്നവും അവരുടെ ചര്‍ച്ചയില്‍ പ്രധാന വിഷയമായിരുന്നു. ഒരു തീരുമാനവും എടുക്കാന്‍ അവര്‍ക്കു സാധിച്ചില്ല. പോളിക്കാര്‍പ്പ് യോഹന്നാന്‍ ശ്ലീഹായില്‍ നിന്നുള്ള പാരമ്പര്യവും അനിസെറ്റസ് തന്‍റെ മുന്‍ഗാമികളില്‍നിന്നുള്ള പാരമ്പര്യവും ഉയര്‍ത്തിക്കാട്ടി.
എന്താണീ 'ഉയിര്‍പ്പുദിവസം' സംബന്ധിച്ച പ്രശ്നം? ക്രൈസ്തവസഭയില്‍ ചിലയിടങ്ങളില്‍ ഉയിര്‍പ്പുദിവസം (ക്യാതാ) അഥവാ ക്രിസ്ത്യന്‍ പെസഹാ യൂദരീതിയനുസരിച്ച് നിസാന്‍ മാസം 14-ാം തീയതി ഘോഷിച്ചിരുന്നു. ആഴ്ചയില്‍ ഏതു ദിവസം വന്നാലും അന്നു ഘോഷിക്കുക; അല്ലാതെ, മറ്റിടങ്ങളിലെപോലെ അടുത്ത ഞായറാഴ്ച ആചരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഏഷ്യാമൈനറില്‍ ഈ പാരമ്പര്യം ശക്തിയായി പ്രചരിച്ചിരുന്നു. യോഹന്നാന്‍ശ്ലീഹായില്‍നിന്നു ലഭിച്ചതാണീ പാരമ്പര്യമെന്ന് അവിടുത്തുകാര്‍ അവകാശപ്പെട്ടു. സാര്‍ദിസിലെ മെലിറ്റോ, ഹിയരാപ്പൊളീസിലെ അപ്പൊള്ളിനാരിയൂസ്, സ്മിര്‍ണായിലെ പോളിക്കാര്‍പ്പ്, എഫെസൂസിലെ പോളിക്രാട്ടസ് എന്നിവര്‍ ഈ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി.
പോപ്പ് അതിസെറ്റസിനെ ഏഷ്യാറ്റിക് രീതിയിലേക്ക് ആനയിക്കാന്‍ പോളിക്കാര്‍പ്പ് ശ്രമിച്ചു; എന്നാല്‍ അതിലദ്ദേഹം വിജയിച്ചില്ല. എങ്കിലും അവരിരുവരും ഉത്തമ സുഹൃത്തുക്കളായി പിരിഞ്ഞു.
ഇരനെയൂസ് പോളിക്കാര്‍പ്പിനെപ്പറ്റി രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്: ഒരിക്കല്‍ പോളിക്കാര്‍പ്പിനെ കണ്ട മാര്‍സിയന്‍ എന്ന അപദ്ധോപദേശകന്‍ തന്നെ അറിയുമോ എന്നു പോളിക്കാര്‍പ്പിനോടു ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു: 'തീര്‍ച്ചയായും! സാത്താന്‍റെ ആദ്യജാതനെ എനിക്കറിയാം.'
ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം
ചുറ്റുമുള്ള ക്രൈസ്തവ സമൂഹങ്ങള്‍ക്കും ചില മെത്രാന്മാര്‍ക്കും പോളിക്കാര്‍പ്പ് കത്തുകള്‍ അയച്ചിരുന്നുവെന്നു ഇരനെയൂസ് സാക്ഷിക്കുന്നു (cf എവു. സഭാ. 5.20.8). അവയില്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം ലത്തീന്‍ വിവര്‍ത്തനങ്ങളിലൂടെ പൂര്‍ണ്ണമായി നമുക്കു കൈവന്നിട്ടുണ്ട്.
ഈ ലേഖനത്തിനു രണ്ടു ഭാഗങ്ങളുണ്ട്. (i) നേരത്തെ എഴുതപ്പെട്ട 13-ാം അധ്യായം. അതായത് ഇഗ്നേഷ്യസ് സ്മിര്‍ണായില്‍നിന്നു റോമിലേക്കു പോയ ഉടനെ പോളിക്കാര്‍പ്പ് ഇഗ്നേഷ്യസിന്‍റെ കത്തുകള്‍ ഫിലിപ്പിയാക്കാര്‍ക്കയച്ചു കൊടുത്തു. അവയ്ക്കൊരാമുഖക്കുറിപ്പായിട്ടാണു 13-ാം അധ്യായം. 1-12 വരെ അധ്യായങ്ങള്‍. ഏതാണ്ടു ഇരുപതോ അതിലധികമോ വര്‍ഷങ്ങള്‍ കഴിഞ്ഞാണു (ക്രി. വ. 135) ഈ ഭാഗം എഴുതപ്പെട്ടത്. ഏഷ്യാമൈനറില്‍ മാര്‍സിയന്‍റെ പാഷാണ്ഡതയ്ക്കെതിരായിട്ടാണ് ഇത്.
ഒമ്പതാം അധ്യായത്തില്‍ ഇഗ്നേഷ്യസ് മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു; പതിമൂന്നാം അധ്യായം ഇഗ്നേഷ്യസിന്‍റെ സാമീപ്യം വിവരിക്കുന്നു. എവുസേബിയസ് സഭാചരിത്രത്തില്‍ 9-ഉം 13-ഉം അധ്യായങ്ങള്‍ ഗ്രീക്കില്‍ ഉദ്ധരിക്കുന്നു. എന്നാല്‍ പതിമൂന്നാം അധ്യായത്തിന്‍റെ അവസാനവാചകം വിട്ടു കളഞ്ഞു: 'ഇഗ്നേഷ്യസിനെപ്പറ്റിയും അദ്ദേഹത്തോടുകൂടെ ഉള്ളവരെപ്പറ്റിയും നിങ്ങള്‍ക്കറിയാവുന്ന വസ്തുനിഷ്ഠമായ വിവരണങ്ങള്‍ ഞങ്ങളെ അറിയിക്കണം.' ലത്തീന്‍ വിവര്‍ത്തനത്തിലേ ഈ വാചകം ഉള്ളൂ. രണ്ടു ഭാഗവും ഒരു കത്തെന്നു കരുതിയാകാം ചേര്‍ന്നു പോകാന്‍ പ്രയാസമുള്ള ഈ വാചകം എവുസേബിയസ് വിട്ടുകളഞ്ഞത്. 14-ാം അധ്യായം ഒരു അനുബന്ധമാകാം.
പുതിയനിയമത്തിലും, ഡിഡാക്കെയിലും, ബര്‍ണബാസിലും, ഹെര്‍മാസിന്‍റെ ആദ്യഭാഗത്തും ഉള്ള പ്രബോധകശൈലിയാണു പോളിക്കാര്‍പ്പിന്‍റെ ലേഖനത്തിലുള്ളത്. വിനീതനും, ശുദ്ധമാനസനും, സത്യസന്ധനുമായ ഒരു ദൈവപുരുഷനെ നമുക്കതില്‍ കാണാം. അദ്ദേഹത്തിനു വലിയ താത്വിക പരിശീലനമൊന്നും സിദ്ധിച്ചിട്ടില്ല. ഗ്രീക്കിന്‍റെ പാണ്ഡിത്യമോ, പഴയനിയമത്തിന്‍റെ പരിജ്ഞാനമോ അദ്ദേഹത്തിനില്ല, ക്രിസ്തീയ പ്രബോധനങ്ങളെ നിരന്തരം അദ്ദേഹം ധ്യാനിച്ചിരുന്നു.
ലേഖനത്തിന്‍റെ ഉള്ളടക്കം
(1) ക്രിസ്തുവിന്‍റെ മനുഷ്യാവതാരം, കുരിശിലെ മരണം ആദിയായ കാര്യങ്ങള്‍ അബദ്ധോപദേശകര്‍ക്കെതിരെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടു പോളിക്കാര്‍പ്പ്. എന്തെന്നാല്‍ യേശുക്രിസ്തു ശരീരത്തില്‍ വന്നുവെന്നു പ്രഖ്യാപിക്കാത്തവന്‍ എതിര്‍ക്രിസ്തുവാകുന്നു. അതുപോലെ കുരിശിന്‍റെ സാക്ഷ്യം പ്രഘോഷിക്കാത്തവന്‍ പിശാചിന്‍റേതാകുന്നു. തന്‍റെ ദുഷ്ക്കാമത്തിനു വേണ്ടി കര്‍ത്തൃവചനങ്ങളെ കോട്ടിമാറ്റുകയും ഉയിര്‍പ്പും, വിധിയും ഇല്ലെന്നു പറയുകയും ചെയ്യുന്നവന്‍ സാത്താന്‍റെ ആദ്യജാതനാകുന്നു (7:1).
(2) ഫിലിപ്പിയായിലെ മെത്രാനെപ്പറ്റി പോളിക്കാര്‍പ്പ് ഒന്നും പറയുന്നില്ല. എന്നാല്‍ പ്രെസ്ബിറ്റര്‍മാരോടും ഡീക്കന്‍മാരോടുമുള്ള വിധേയത്വത്തെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. പ്രെസ്ബിറ്റര്‍മാരുടെ ഒരു കമ്മിറ്റിയായിരിക്കാം ഫിലിപ്പിയസഭയെ ഭരിച്ചിരുന്നത്. അദ്ദേഹം നല്ലൊരു പ്രെസ്ബിറ്റിന്‍റെ ചിത്രം വരച്ചുകാട്ടുന്നു: 'വൈദികരും അതുപോലെ അനുകമ്പയും എല്ലാവരോടും ദയയും ഉള്ളവരായിരിക്കണം. വഴിതെറ്റിപ്പോയവരെ തിരിച്ചു കൊണ്ടുവരണം. രോഗികളെ ശുശ്രൂഷിക്കണം, വിധവകളേയും അനാഥരേയും ദരിദ്രരേയും അവഗണിക്കരുത്; പിന്നെയോ ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ മാന്യമായതെന്തോ അതു ചെയ്യണം. അവര്‍ എല്ലാവിധ കോപത്തില്‍നിന്നും പക്ഷപാതത്തില്‍നിന്നും നീതിയില്ലാത്ത വിധിയില്‍നിന്നും ധനമോഹത്തില്‍നിന്നും അകന്നിരിക്കണം. ആരുടെയും കുറ്റങ്ങളെപ്പറ്റി വേഗത്തില്‍ വിശ്വസിക്കരുത്. നമുക്കെല്ലാം പാപങ്ങള്‍ ഉണ്ടെന്നറിഞ്ഞുകൊണ്ടു മറ്റുള്ളവരെ വിധിക്കുമ്പോള്‍ കര്‍ക്കശനായിരിക്കരുത്' (6:1).
(3) ദാനധര്‍മ്മം വലിയൊരു പുണ്യമായി പോളിക്കാര്‍പ്പ് എടുത്തുകാട്ടുന്നു. څകാരുണ്യപ്രവൃത്തി ചെയ്യാന്‍കഴിയുമ്പോള്‍, മാറ്റിവയ്ക്കരുത്. കാരണം, ദാനം മരണത്തില്‍നിന്നു സ്വതന്ത്രമാക്കുന്നു (10:2).
(4) രാഷ്ട്രീയാധികാരികള്‍ക്കുവേണ്ടി ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു (12:3).
പോളിക്കാര്‍പ്പിന്‍റെ രക്തസാക്ഷിത്വം
റോമില്‍നിന്നു തിരിച്ചെത്തിയ ഉടനെ (മിക്കവാറും ഫെബ്രുവരി 22, 156) പോളിക്കാര്‍പ്പു രക്തസാക്ഷിമകുടം ചൂടി. ഇതേപ്പറ്റി സ്മിര്‍ണായിലെ സഭ ഗ്രേറ്റര്‍ ഫ്രീജിയായിലെ ഫിലൊമെലിയം എന്ന സ്ഥലത്തെ ക്രിസ്തീയ സമൂഹത്തിനു ഒരു കത്തെഴുതിയിട്ടുണ്ട്.
വേദപുസ്തകത്തില്‍ ക്രിസ്തുവിന്‍റെ കുരിശുമരണത്തെയും വി. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചു സമ്യക്കായി വിവരിക്കുന്നുണ്ട്. വേദപുസ്തകത്തിനു പുറത്ത്, ക്രിസ്തുവിനെപ്രതി മരിച്ച ഒരാളെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റംപഴക്കം ചെന്ന രേഖ വി. പോളിക്കാര്‍പ്പിന്‍റെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചുള്ളതാണ്. രക്തസാക്ഷികളോടുള്ള വണക്കം സംബന്ധിച്ചുള്ള ഏറ്റം പുരാതന രേഖയും ഇതുതന്നെ (17:3). അതായത്, സഭയിലെ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങളോടുള്ള വണക്കവും, ആണ്ടുതോറും അവരുടെ ഓര്‍മ്മകൊണ്ടാടുന്ന രീതിയും ഈ രേഖയില്‍ ദൃശ്യമാണ് (18:2). മൃഗീയമായ നരവേട്ടയുടെ ദൃക്സാക്ഷി വിവരണമാണ് ഇവിടെ വരച്ചുകാണിച്ചിരിക്കുന്നത്. മാര്‍സിയന്‍ എന്നൊരാളാണിതെഴുതിയത്. പോളിക്കാര്‍പ്പിന്‍റെ രക്തസാക്ഷിത്വത്തോടടുത്ത കാലത്തുതന്നെ ഈ രക്തസാക്ഷി വിവരണം എഴുതപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്തു ചില കാര്യങ്ങള്‍ അതോടുകൂടി ചേര്‍ക്കപ്പെട്ടു. പോളിക്കാര്‍പ്പിന്‍റെ മഹനീയ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്നതാണ് ഈ രക്തസാക്ഷി വിവരണം. സ്താത്സിയൂസ് ക്വാഡ്രാത്തുസ് എന്ന പ്രോകോണ്‍സുള്‍, 'സത്യം ചെയ്യുക, ഞാന്‍ നിന്നെ മോചിപ്പിക്കാം, ക്രിസ്തുവിനെ ശപിക്കുക' എന്നു പറഞ്ഞപ്പോള്‍ പോളിക്കാര്‍പ്പു മറുപടി പറഞ്ഞു: ' 86 വര്‍ഷം ഞാന്‍ അവനെ സേവിച്ചു; അവന്‍ എനിക്കൊരു ദ്രോഹവും ചെയ്തിട്ടില്ല. എന്നെ രക്ഷിച്ച എന്‍റെ രാജാവിനെ പിന്നെ ഞാനെങ്ങനെ ശപിക്കും?'(9.3). അവര്‍ അവന്‍റെ ശരീരത്തില്‍ ആണിയടിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു: 'എന്നെ വിടുവിന്‍. കാരണം, ഈ അഗ്നി സഹിക്കാന്‍ എനിക്കു ശക്തി നല്കുന്നവന്‍ ആണികളില്‍നിന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്ന മുന്‍കരുതല്‍ കൂടാതെ തന്നെ നിശ്ചലമായി ചിതയില്‍ നില്‍ക്കാന്‍ എനിക്കു കഴിവുതരും' (13:3). വിവരണത്തിനിടയില്‍ കാണുന്ന പ്രാര്‍ത്ഥന, ക്രൈസ്തവ പ്രാര്‍ത്ഥനാചരിത്രം പഠിക്കുന്നവര്‍ക്കു വളരെ ഉത്തേജനകരമാണ് (14). ഈ പ്രാര്‍ത്ഥനയില്‍ ലിറ്റര്‍ജിക്കല്‍ ശൈലി പ്രതിധ്വനിക്കുന്നു.
ഹിയെരാപ്പൊളീസിലെ പപ്പിയാസ് (+130).
ഏഷ്യാമൈനറിലെ ഹിയെരാപ്പൊളീസിന്‍റെ മെത്രാനായിരുന്നു പപ്പിയാസ്. ഇദ്ദേഹം വി. യോഹന്നാനെ ശ്രവിച്ചിരുന്നെന്നും വി. പോളിക്കാര്‍പ്പിന്‍റെ ശിഷ്യനായിരുന്നെന്നും ഇരനെയൂസ് എഴുതിയിരിക്കുന്നു (പാഷ. 5, 33, 4= രേഖാശകലം 1:4). എവുസേബിയസിന്‍റെ വീക്ഷണത്തില്‍ പപ്പിയാസ് അതിബുദ്ധിമാനായിരുന്നില്ല; കൃതികളില്‍നിന്ന് അതു വ്യക്തവുമാണ് (സഭാ 3, 39,3). നൂറ്റിമുപ്പതാം ആണ്ടില്‍ 'കര്‍ത്തൃ വചനഭാഷ്യം (ലോഗി ഓന്‍ കുരിയാകോന്‍ എക്സെഗെസെയിസ്) എന്നൊരു കൃതി അഞ്ചു ഭാഗങ്ങളായി ഇദ്ദേഹം എഴുതി. പപ്പിയാസ് സഹസ്രാബ്ദവാഴ്ചയില്‍ (മില്ലേനിയത്തില്‍) വിശ്വസിച്ചിരുന്നു. സ്രോതസ്സുകളുടെ ശേഖരത്തിലും അവയുടെ വ്യാഖ്യാനത്തിലും വളരെ കുറച്ചേ വിമര്‍ശനബുദ്ധി പപ്പിയാസ് കാട്ടിയുള്ളൂ. ഇങ്ങനെയാണെങ്കിലും ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മൂപ്പന്മാരുടെ വാമൊഴിയില്‍ ചിലവ പപ്പിയാസ് വഴി നമുക്കു ലഭിച്ചിട്ടുളളതിനാല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നയാളാണ് അദ്ദേഹം. തന്‍റെ ഭാഷ്യത്തിനു കൂടുതലും പുതിയനിയമവാക്യങ്ങാണു പപ്പിയാസ് ഉപയോഗിച്ചതെങ്കിലും വാമൊഴിയായി എത്തിയിട്ടുളള കര്‍ത്തൃപ്രബോധനങ്ങളും തേടിപിടിക്കാന്‍ അദ്ധേഹം ശ്രദ്ധിച്ചു. മര്‍ക്കോസിന്‍റെ സുവിശേഷത്തെപ്പറ്റിയുളള പരാമര്‍ശനം (എവു.സഭാ.3, 39, 15-16) വളരെ വിലപ്പെട്ട ഒരു രേഖയാണ്. മത്തായി ആദ്യം എബ്രായഭാഷയില്‍ (സുറിയാനി - അറമായക്) ആണു തന്‍റെ സുവിശേഷം എഴുതിയതെന്നും പപ്പിയാസില്‍നിന്നു ഗ്രഹിക്കാം. പപ്പിയാസിന്‍റെ ജനനത്തെപ്പറ്റി കൃത്യമായി പറയുക പ്രയാസമാണ്. ക്രിസ്തു വര്‍ഷം 80-ാമാണ്ടിനു മുന്‍പു ജനിച്ചു എന്നു കരുതാം. മെത്രാന്‍ എന്ന നിലയിലുളള പ്രവര്‍ത്തനത്തെപ്പറ്റിയോ, അദ്ദേഹത്തിന്‍റെ സ്വഭാവത്തെപ്പറ്റിയോ നമുക്കു വിവരങ്ങളില്ല. അദ്ദേഹത്തിന്‍റെ കൃതിയും നമുക്കു നഷ്ടപ്പെട്ടിരിക്കുകയാണ്. ചില ചില്ലറ രേഖാശകലങ്ങളേ നമുക്കുകൈവന്നിട്ടുളളൂ. മരിച്ച സ്ഥലവും, സമയവും, രീതിയും നമുക്കജ്ഞാതമാണ്.
കര്‍ത്തൃവചനങ്ങളത്രയും പുതിയനിയമ ഗ്രന്ഥങ്ങളിലിലല്ല (യോഹ. 21:25) എന്നുകണ്ട സത്യാന്വേഷിയായ പപ്പിയാസ് കര്‍ത്തൃവചനങ്ങള്‍ തേടിയിറങ്ങി, ശ്ലീഹന്മാരില്‍ യോഹന്നാനെ മാത്രം ശ്രവിക്കാനിടയായ പപ്പിയാസ് മൂപ്പന്മാരോടാരാഞ്ഞു. ഇഗ്നേഷ്യസ്, പോളിക്കാര്‍പ്പ്, ഫിലിപ്പ് ആദിയായവരുടെ വിവരണങ്ങള്‍ അദ്ദേഹം കേട്ടു. മൂപ്പനായ യോഹന്നാനും അരിസ്തിയോനും ഇക്കാര്യത്തില്‍ വളരെ സഹായിച്ചു. അഞ്ചുവാല്യങ്ങളിലായി അവ ശേഖരിക്കാന്‍ പപ്പിയാസ് നന്നേ യത്നിച്ചു. ഉദ്ധേശശുദ്ധിയുണ്ടായിരുന്നെങ്കിലും പുരാണേതിഹാസ പ്രധാനമായ വിവരങ്ങള്‍ കത്തിക്കുറിച്ചതിനാല്‍ പപ്പിയാസ് അപ്പസ്തോലിക പിതാക്കന്മാരില്‍ ഒന്നാംകിടയില്‍ കരുതപ്പെടുന്നില്ല.
5. രക്‌തസാക്ഷിയായ വി. ജസ്റ്റിന്‍
രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് വിശ്വാസസമര്‍ത്ഥകരില്‍ അഗ്രഗണ്യനാണ് രക്തസാക്ഷിയായ വി. ജസ്റ്റിന്‍. ആദിമ ക്രൈസ്ത വസാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ മഹനീയമായൊരു വ്യക്തിത്വത്തിന്‍റെ ഉടമയാണദ്ദേഹം. പലസ്തീനായിലെ ഷേക്കേമില്‍ (ഫ്ളാവിയ നെയാപ്പൊളീസില്‍) അക്രൈസ്തവ മാതാപിതാക്കളില്‍നിന്ന് ജസ്റ്റിന്‍ ജനിച്ചു. സ്റ്റോയിക്, പെരിപതെറ്റിക്, പിത്തഗോറിയന്‍ സ്കൂളുകളൊന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല (സംവാദം, 2-8). കുറേനാള്‍ പ്ലറ്റോണിക് തത്വശാസ്ത്രത്തില്‍ അദ്ദേഹം വിശ്വസിച്ചു. എങ്കിലും അവസാനം പ്രവാചകന്മാര്‍ പ്രഘോഷിച്ച സത്യത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. സത്യം തേടിയുള്ള പ്രയാണത്തില്‍ അദ്ദേഹം സത്യം കണ്ടെത്തി. പ്രവാചകന്മാര്‍ വരച്ചുകാട്ടിയതും പലസ്തീനായില്‍ അവതരിച്ചതുമായ യേശുക്രിസ്തു എന്ന സത്യത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആ സത്യം സ്വീകരിച്ച് ജസ്റ്റിന്‍ സന്തുഷ്ടനായി (സംവാദം, 8).
ക്രിസ്ത്യാനികള്‍ മരണത്തെ തൃണവല്‍ഗണിച്ചുകൊണ്ട് യേശുക്രിസ്തുവിനെ പ്രഘോഷിച്ച സംഭവങ്ങളും ജസ്റ്റിന് പ്രചോദനമരുളി: 'പ്ലേറ്റോയുടെ പ്രബോധങ്ങളില്‍ ഞാന്‍ സന്തോഷിച്ചിരുന്നു: ക്രിസ്ത്യാനികളെപ്പറ്റി ചീത്തക്കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാന്‍ ആനന്ദിച്ചിരുന്നു. എന്നാല്‍ മരണത്തിന്‍റെ മുമ്പിലും മറ്റു ഭീകരയാഥാര്‍ത്ഥ്യങ്ങളുടെ മുമ്പിലും അവര്‍ നിര്‍ഭയരായി വസിക്കുന്നത് കണ്ടപ്പോള്‍, അവര്‍ ദുഷ്ടന്മാരോ സുഖഭോഗികളോ അല്ലെന്ന് എനിക്ക് ബോധ്യമായി' (അപ്പോളജി, 2, 12). തുറന്ന മനസ്സോടും നിരന്തര പ്രാര്‍ത്ഥനയോടുംകൂടെ അദ്ദേഹം ക്രിസ്തുവിനെ തേടി; അവസാനം ക്രിസ്തു അവനെ തന്‍റെ സ്വന്തമാക്കി (അപ്പോളജി, 2, 13).
എഫേസോസില്‍വച്ച് 130-ല്‍ ക്രിസ്ത്യാനിയായ ജസ്റ്റിന്‍ തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ ക്രിസ്തീയ വിശ്വാസം സംരക്ഷിക്കാന്‍ വിനിയോഗിച്ചു. ഗ്രീക്കുതാത്വികള്‍ ധരിക്കുന്ന 'പാലിയം' ധരിച്ചുകൊണ്ട് ചുറ്റിനടന്ന് പഠിപ്പിച്ചു; അന്തൊണീനുസ് പീയൂസിന്‍റെ കാലത്ത് റോമിലെത്തിച്ചേരുകയും അവിടെ ഒരു വിദ്യാപീഠം ആരംഭിക്കുകയും ചെയ്തു. ജസ്റ്റിന്‍റെ ശിഷ്യനായിരുന്നു താസ്യന്‍. ക്രെഷന്‍സ് എന്ന സിനിക് താത്വികന്‍റെ ശക്തിയായ എതിര്‍പ്പ് ജസ്റ്റിന് നേരിടേണ്ടിവന്നു. റോമില്‍വച്ച് 165-ാമാണ്ടില്‍ പ്രീഫെക്ട് ജൂനിയൂസ് റുസ്തിക്കുസ് ഭരണത്തിലിരിക്കുമ്പോള്‍ ജസ്റ്റിനും ആറ് കൂട്ടുകാരും കൊല്ലപ്പെട്ടു. അവരുടെ രക്തസാക്ഷിത്വവിവരണം നമുക്ക് ലഭിച്ചിട്ടുണ്ട്.
കൃതികള്‍
നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ജസ്റ്റിന്‍. എന്നാല്‍ മൂന്ന് കൃതികളേ നമുക്ക് കൈവന്നിട്ടുള്ളൂ. അവ എവുസേബിയസിനും സുജ്ഞാതമായിരുന്നു (സഭാ. 4, 18). രണ്ട് വിശ്വാസ സമര്‍ത്ഥനങ്ങള്‍ (അപ്പോളജി), യൂദനായ ട്രീഫോയുമായുള്ള സംവാദം എന്നിവയാണവ. തുറന്ന മനസ്സും സത്യസന്ധതയുള്ള ഒരു ഗ്രന്ഥകാരനെയുമാണ് കൃതികളില്‍ കാണാന്‍ കഴിയുക. തന്‍റെ എതിരാളികളുമായി ധാരണയിലെത്താന്‍ അദ്ദേഹം ഉദ്യമിക്കുന്നു. "സത്യം സംസാരിക്കാന്‍ കഴിവുണ്ടായിരിക്കുകയും എന്നാല്‍ സത്യം സംസാരിക്കാതിരിക്കയും ചെയ്യുന്നവനെ ദൈവം ശിക്ഷിക്കും" (സംവാദം, 82) എന്ന അഭിപ്രായമാണ് ജസ്റ്റിനുള്ളത്. ക്രൈസ്തവ ചിന്തയേയും ഗ്രീക്ക് തത്വശാസ്ത്രത്തേയും അനുരഞ്ജിപ്പിക്കാന്‍ തുനിഞ്ഞ ആദ്യത്തെ ക്രൈസ്തവതാത്വികന്‍ ജസ്റ്റിനാണ്.
റോമില്‍വച്ച് 148-നും 161-നും ഇടയ്ക്ക് രണ്ട് അപ്പോളജികള്‍ എഴുതി അന്തൊണീനുസ് പീയൂസിന് ജസ്റ്റിന്‍ സമര്‍പ്പിച്ചു. ഒന്നാമത്തേതിന് 68 അധ്യായങ്ങളും രണ്ടാമത്തേതിന് 15 അധ്യായങ്ങളുമാണുള്ളത്. രണ്ടാമത്തേത് പ്രത്യേകമായി റോമന്‍ സെനറ്റിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. മിക്ക പണ്ഡിതന്മാരുടേയും അഭിപ്രായത്തില്‍ രണ്ടാമത്തെ ''അപ്പോളജി' ഒന്നാമത്തേതിന്‍റെ അനുബന്ധമോ, ഒന്നാമത്തേതിനോടു പില്ക്കാലത്ത് കൂട്ടിച്ചേര്‍ത്തതോ ആകാനാണ് സാധ്യത. അതേപ്പറ്റി എവുസേബിയൂസ് എഴുതിയിട്ടുണ്ട് (സഭാ. 4:18).
ബഹുജനങ്ങളുടെ ആരവങ്ങളല്ല സത്യമാണ് ചക്രവര്‍ത്തി സ്വീകരിക്കേണ്ടതെന്നും ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള കേസുകള്‍ ചക്രവര്‍ത്തി നേരിട്ടു കൈകാര്യം ചെയ്യണമെന്നും ആമുഖത്തില്‍തന്നെ ജസ്റ്റിന്‍ ആവശ്യപ്പെടുന്നു. ഈ കൃതിക്ക് രണ്ടു ഭാഗങ്ങളുണ്ട്: ഒന്നാംഭാഗം (4-12) ക്രിസ്തുമതത്തിനെതിരേയുള്ള ഔദ്യോഗികമനോഭാവത്തെ നിശിതമായി വിമര്‍ശിക്കുന്നു. കോടതികളില്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയം, ക്രിസ്ത്യാനികള്‍ക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ എന്നിവയും അദ്ദേഹം ചോദ്യം ചെയ്യുന്നു: 'ക്രിസ്ത്യാനി എന്ന നാമം നിമിത്തം തന്‍റെ സഹവിശ്വാസികള്‍ പീഢിപ്പിക്കപ്പെടുന്നത് ക്രൂരതയാണ്. 'താത്വികന്‍' എന്നൊരാള്‍ പേരെടുത്താല്‍ റോമാക്കാര്‍ അയാളെ പീഢിപ്പിക്കുന്നില്ലല്ലോ. അത് അവന്‍റെ കുറ്റമോ, നിഷ്കളങ്കതയോ വ്യക്തമാക്കുന്നില്ല. അതുപോലെയാണ് 'ക്രിസ്ത്യാനി' എന്ന നാമം. തെറ്റിനല്ലേ ശിക്ഷയുള്ളൂ. തെറ്റ് ചെയ്തെന്ന് കോടതി തെളിയിക്കുകയും വേണം. ക്രിസ്ത്യാനികള്‍ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന തെറ്റുകള്‍ വെറും ദുരാരോപണങ്ങള്‍ മാത്രമാണ്. വിഗ്രഹാരാധന നിന്ദ്യമായതിനാലാണ് ക്രിസ്ത്യാനികള്‍ അതിന് ഒരുമ്പെടാത്തത്. കാലാന്ത്യത്തേയും മരണത്തേയുംകുറിച്ചുള്ള ചിന്ത തെറ്റുചെയ്യുന്നതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കുന്നു; അവരാണ് രാഷ്ട്രത്തിന്‍റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍'. രണ്ടാംഭാഗം (13-67) ക്രിസ്തുമതത്തിന്‍റെ ഒരു ന്യായീകരണമാണ്. സഭയിലെ ആരാധനയും സഭാസിദ്ധാന്തങ്ങളും ചരിത്രത്തില്‍ അതിനുള്ള അടിസ്ഥാനവും നിലനില്പിനുള്ള കാരണവും വരച്ചുകാട്ടുന്നു. അവസാനഭാഗം (68) ചക്രവര്‍ത്തിയോടുള്ള ഒരുപദേശമാണ്.
ഹഡ്രിയാന്‍ ചക്രവര്‍ത്തി 125-ല്‍ ഏഷ്യയിലെ പ്രോകോണ്‍ സുള്‍ മിനുചിയുസ് ഫുന്‍ദാനുസിനയച്ച ഒരു കത്തുകൂടി ജസ്റ്റിന്‍ ഇതിനോട് ചേര്‍ത്തിട്ടുണ്ട്. ക്രിസ്ത്യാനികളെ വിസ്തരിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നാലു കാര്യങ്ങളെപ്പറ്റി ഹഡ്രിയാന്‍ സംസാരിക്കുന്നു:
(1) ക്രിമിനല്‍ കോടതിയിലെ സാധാരണ നടപടി അനുസരിച്ച് ക്രിസ്ത്യാനികള്‍ വിധിക്കപ്പെടണം. (2) റോമന്‍ നിയമത്തിനെതിരെ തെറ്റു ചെയ്തെന്ന് തെളിയിക്കപ്പെട്ടാലേ ശിക്ഷിക്കാവൂ. (3) തെറ്റിന്‍റെ സ്വഭാവവും ഗൗരവവും അനുസരിച്ചാണ് ശിക്ഷിക്കേണ്ടത്. (4) തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടണം. ഈ രേഖ ലത്തീന്‍ ഭാഷയില്‍തന്നെ തന്‍റെ ഗ്രീക്കിലെഴുതിയ അപ്പോളജിയോടുകൂടി ചേര്‍ത്ത് ചക്രവര്‍ത്തിക്ക് സമര്‍പ്പിച്ചു (എവു. സഭാ. 4:8, 8). എവുസേബിയൂസ് അത് ഗ്രീക്കിലേക്ക് ഭാഷാന്തരം ചെയ്ത് തന്‍റെ സഭാചരിത്രത്തില്‍ ചേര്‍ത്തു (4:9).
അടുത്തകാലത്ത് റോമില്‍ നടന്ന ഒരു സംഭവം വിവരിച്ചുകൊണ്ടാണ് ഇതു തുടങ്ങുന്നത്. ക്രിസ്ത്യാനികളാണെന്ന് പ്രഖ്യാപിച്ച കാരണത്താല്‍ റോമിലെ പ്രീഫെക്ട് ഉര്‍ബിക്കൂസ് മൂന്നു ക്രിസ്ത്യാനികളെ തലവെട്ടിക്കൊന്നു. ഈ അപ്പോളജി റോമന്‍ ജനതയോട് നേരിട്ട് ജസ്റ്റിന്‍ തന്‍റെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. നിന്ദ്യമായ ക്രൂരതയ്ക്കെതിരെ അദ്ദേഹം ശക്തിയായി പ്രതിഷേധിക്കുകയും ദുരാരോപണങ്ങള്‍ക്ക് മറുപടി പറയുകയുമാണ്. സത്യത്തിനും സുകൃതത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന പിശാചുക്കളുടെ പ്രേരണമൂലമാണ് ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്നത്. തന്‍റെ ദാസന്മാരെ പരീക്ഷണവിധേയരാക്കാന്‍ ദൈവം അനുവദിച്ചെങ്കില്‍ മാത്രമേ അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ അവന് സാധിക്കൂ. ക്രിസ്തുമതത്തിന്‍റ ശ്രേഷ്ഠത പ്രഘോഷിക്കാന്‍ ഒരവസരമാണ് മതപീഢനം. സത്യത്തേയും ധര്‍മ്മത്തേയും മുന്‍നിര്‍ത്തി മാത്രമേ ക്രിസ്ത്യാനികളെ വിധിക്കാന്‍ പാടുള്ളൂ എന്ന അപേക്ഷയോടുകൂടി ഈ കൃതി അവസാനിപ്പിക്കുന്നു.
യൂദന്മാര്‍ക്കെതിരെ നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പുരാതന വിശ്വാസസമര്‍ത്ഥന കൃതിയാണിത്. ഈ കൃതിയുടെ ആമുഖവും 74-ാം അധ്യായത്തിന്‍റെ നല്ലൊരു ഭാഗവും നഷ്ടപ്പെട്ടു. അപ്പോളജികള്‍ക്കു ശേഷമാണ് ഈ ഡയലോഗ് എഴുതപ്പെട്ടത്. 120-ാം അധ്യായത്തില്‍ ഒന്നാം അപ്പോളജിയെപ്പറ്റി ഒരു പരാമര്‍ശമുണ്ട്. പഴയനിയമത്തിന്‍റെ യഹൂദഭാഷ്യമായ മിഷ്നയില്‍ പറയപ്പെടുന്ന റബി തര്‍ഫോണുമായി രണ്ടു ദിവസം നടത്തിയ ചര്‍ച്ചയാണ് ഈ കൃതി. എഫേസോസില്‍ വച്ചാണ് ചര്‍ച്ച നടന്നത് (എവു. സഭാ. 4, 18.6). മാര്‍ക്കുസ് പോംപെയുസ് എന്നയാളിനാണ് ജസ്റ്റിന്‍ ഈ കൃതി സമര്‍പ്പിച്ചിരിക്കുന്നത്. മൊത്തം 142 അധ്യായങ്ങളുണ്ട്. തന്‍റെ ആദ്യകാല ജീവിതത്തെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചും ചര്‍ച്ച ചെയ്തുകൊണ്ട് കൃതി ആരംഭിക്കുന്നു (2-8). ഈ കൃതിയെ മൂന്നു ഭാഗങ്ങളായി തിരിക്കാം: ഒന്നാംഭാഗം (9-47) പഴയ നിയമത്തെക്കുറിച്ചുള്ള ക്രിസ്തീയവീക്ഷണം വിവരിക്കുന്നു. മോശയുടെ നിയമത്തിന് താല്ക്കാലികമായ അധികാരമേ ഉണ്ടാ യിരുന്നുള്ളൂ. ക്രിസ്തുമതമാകട്ടെ സര്‍വ മനുഷ്യര്‍ക്കും വേണ്ടിയുള്ള നവീനവും നിത്യവുമായ നിയമമാണ്. രണ്ടാം ഭാഗം (48-100) ക്രിസ്തുവിനെ ദൈവമായി ആരാധിക്കുന്നത് ന്യായീകരിക്കുന്നു. മൂന്നാഭാഗം (109-142) ക്രിസ്തുവില്‍ വിശ്വസിക്കുകയും തന്‍റെ നിയമം അനുസരിക്കുകയും ചെയ്യുന്നവരെ പുതിയ ഇസ്രായേലായി ചിത്രീകരിക്കുന്നു. അവരാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ദൈവജനം.
ഈ സംവാദത്തില്‍ ജസ്റ്റിന്‍ പഴയനിയമം ഊന്നിപ്പറയുന്നു. ക്രിസ്തു ജനിക്കുന്നതിനുമുമ്പേ ക്രിസ്തീയ തത്വങ്ങള്‍ ഉണ്ടായിരുന്നു. പഴയനിയമപ്രവാചകന്മാരെയാണ് ഇതിന് അദ്ദേഹം കൂട്ടുപിടിക്കുന്നത്. പഴയ ഇസ്രായേലിന്‍റെ തിരസ്കാരവും വിജാതിയരുടെ തെരഞ്ഞെടുപ്പും ചര്‍ച്ചചെയ്യുന്ന പ്രവാചകവാക്യങ്ങള്‍ തെരഞ്ഞു പിടിച്ച് കുത്തിക്കുറിക്കുന്നതില്‍ ജസ്റ്റിന്‍ താല്പര്യം കാണിച്ചു. ട്രീഫോയുമായുള്ള സംവാദം നടന്ന രീതിയില്‍ കൃത്യമായി എഴുതിയതല്ല ഈ കൃതി. എഴുതുന്നതിനു മുമ്പ്, ബര്‍ കോക്ബായുടെ യുദ്ധകാലത്ത് എഫേസോസില്‍വച്ച് ഒരു സംവാദം നടന്നിരിക്കാം.
നഷ്ടപ്പെട്ട കൃതികള്‍
ഈ മൂന്നു കൃതികള്‍ കൂടാതെ ജസ്റ്റിന്‍ മറ്റ് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം നഷ്ടപ്പെട്ടു: (1) എല്ലാ പാഷണ്ഡതകള്‍ക്കുമെതിരെ: ഈ കൃതിയെപ്പറ്റി ഒന്നാം അപ്പോളജിയില്‍ ജസ്റ്റിന്‍ തന്നെ സംസാരിക്കുന്നു (26). (2)മാര്‍സിയനെതിരെ: ഐറേനിയസ് ഈ കൃതി ഉപയോഗിച്ചിട്ടുണ്ട് (പാഷ. 4, 6.2). അതേപ്പറ്റി എവുസേബിയൂസും സൂചിപ്പിക്കുന്നു (സഭാ. 4, 11.8 ff). (3) ഗ്രീക്കുകാര്‍ക്കെതിരേയുള്ള ചര്‍ച്ചകള്‍: 'ക്രിസ്ത്യാനികളും അക്രൈസ്തവരും ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പിശാചുക്കളുടെ സ്വഭാവത്തെപ്പറ്റി ജസ്റ്റിന്‍ പ്രതിപാദിക്കുന്നു' എന്ന് എവുസേബിയൂസ് പറയുന്നു (സഭാ. 4, 18,3). (4) ഗ്രീക്കുകാര്‍ക്കെതിരെ ഒരു ഖണ്ഡനകൃതി (എവു. സഭാ. 4,18,4). (5) ദൈവത്തിന്‍റെ പരമാധികാരം സംബന്ധിച്ച്: ഈ കൃതിയില്‍ വേദപുസ്തകത്തില്‍നിന്നും ഗ്രീക്കുതാത്വികരുടെ കൃതികളില്‍നിന്നും ഉദ്ധരണികള്‍ ഉണ്ടായിരുന്നു (എവു. സഭാ. 4,18,4). (6) ആത്മാവിനെക്കുറിച്ച്: ആത്മാവിനെക്കുറിച്ചുള്ള വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ട്, ഗ്രീക്ക് താത്വികരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. മറ്റൊരു ഗ്രന്ഥത്തില്‍ ഇവയെ ഖണ്ഡിച്ച് തന്‍റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താമെന്ന് ജസ്റ്റിന്‍ വാഗ്ദാനം ചെയ്യുന്നു (എവു. സഭാ. 4,18,5). (7) സങ്കീര്‍ത്തനം. (8) ഉയിര്‍പ്പിനെപ്പറ്റി.- ഈ കൃതികളൊന്നും നമുക്ക് കിട്ടിയില്ല. എന്നാല്‍ നിരവധി കൈയെഴുത്തു പ്രതികളില്‍ ജസ്റ്റിന്‍റെ പേരില്‍ ഒന്‍പതില്‍ കുറയാതെ ഗ്രന്ഥങ്ങള്‍ പ്രചരിച്ചിരുന്നു. ശൈലിയിലും ഉള്ളടക്കത്തിലും അവ ജസ്റ്റിന്‍റെ കൃതികളല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
ദൈവശാസ്ത്രം
ക്രിസ്തീയവിശ്വാസത്തിന്‍റെ എല്ലാ വശങ്ങളും വ്യാപകമായി ജസ്റ്റിന്‍ ചര്‍ച്ച ചെയ്യുന്നില്ല. തികച്ചും ദൈവശാസ്ത്രപരമായ അഞ്ചു കൃതികള്‍ നഷ്ടപ്പെട്ടവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നമുക്കു ലഭിച്ചിരുന്ന മൂന്നു കൃതികള്‍ ചില ദൈവശാസ്ത്രവശങ്ങള്‍മാത്രം പ്രതിപാദിക്കുന്നവയാണ്.
ജസ്റ്റിന്‍റെ ദൈവശാസ്ത്രത്തില്‍ പ്ലറ്റോണിക് ചിന്തയുടെ സ്വാധീനം വ്യക്തമാണ്. ദൈവം ആരംഭരഹിതനാണ്; നാമരഹിതനാണ്: 'ജനിച്ചവനല്ലാത്ത' എല്ലാറ്റിന്‍റെയും പിതാവിന് നാമമില്ല. അവിടുത്തെ ഏതു പേരു ചൊല്ലിവിളിച്ചാലും, പേരു കൊടുക്കുന്നവന്‍ അവിടുത്തേക്കാള്‍ പ്രായമുള്ളവനായിരിക്കണം. പിതാവ്, ദൈവം, സ്രഷ്ടാവ്, കര്‍ത്താവ് എന്നീ വാക്കുകള്‍ നാമങ്ങളല്ല, പിന്നെയോ, തന്‍റെ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നു രൂപീകരിക്കപ്പെട്ട പദങ്ങള്‍ മാത്രമാണ്... 'ദൈവം' എന്ന പദം നാമമല്ല, പിന്നെയോ, വിശകലനാതീതമായ ഒന്നിനെപ്പറ്റി മനുഷ്യസ്വഭാവത്തില്‍ സ്ഥാപിതമായിരിക്കുന്ന അഭിപ്രായമാണ്. ദൈവത്തെ കുറിക്കാനുള്ള ഏറ്റവും നല്ല പദം 'പിതാവ്' എന്നുള്ളതാണ്. അവിടുന്ന് സ്രഷ്ടാവാകയാല്‍ എല്ലാറ്റിന്‍റേയും പിതാവാണ്. പിതാവ് ആകാശങ്ങള്‍ക്കുമുകളില്‍ വസിക്കുന്നു. അവിടുത്തേക്ക് തന്‍റെ സ്ഥലത്തിരുന്ന് മാറാന്‍ സാധ്യമല്ല; അതുകൊണ്ട് ഈ ലോകത്തില്‍ കാണപ്പെടാനും പറ്റില്ല (സംവാദം, 60 127).
ദൈവവും മനുഷ്യനും തമ്മിലുള്ള വിടവു നികത്തുന്നത് വചനമാണ് (ലോഗോസ് ). ലോകവുമായി ദൈവത്തിനുള്ള ബന്ധമെല്ലാം വചനത്തിലൂടെ മാത്രമാണ്; വചനംവഴി ദൈവം ലോകത്തിന് സ്വയം വെളിപ്പെടുത്തുന്നു. ദൈവത്തിന്‍റെ വഴികാട്ടിയും മനുഷ്യന്‍റെ പ്രബോധകനുമാണ് വചനം. ആദ്യം ദൈവത്തിലുള്ള ശക്തിയായി വചനം വ്യാപരിച്ചു. എന്നാല്‍ ലോകസൃഷ്ടിക്കുമുമ്പ് അവിടുന്ന് പിതാവില്‍നിന്ന് ജനിച്ചു. അവിടുന്നുവഴി ലോകം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. വിളക്കില്‍നിന്ന് വിളക്കിലേക്ക് തീ പകരുമ്പോള്‍ ആദ്യത്തേത് കുറഞ്ഞുപോകുന്നില്ല; രണ്ടാമത്തേത് സ്വന്തമായി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതുപോലെയാണ് ദൈവവും വചനവും (സംവാദം, 61).
വചനത്തെ പിതാവില്‍നിന്ന് താഴ്ന്ന പടിയിലാണ് ജസ്റ്റിന്‍ കാണുന്നതെന്ന് അപ്പോളജി 2,6- ല്‍ നിന്ന് ചിലര്‍ അനുമാനിക്കുന്നു. ലോകം സൃഷ്ടിക്കാനും ഭരിക്കാനുംവേണ്ടി ലോകസൃഷ്ടിക്ക് മുമ്പാണ് വചനം ബാഹ്യമായി സ്വതന്ത്രനായത്. വ്യക്തിപരമായ ദൗത്യം വ്യക്തിപരമായ അസ്തിത്വം അവിടുത്തേക്ക് പ്രധാനം ചെയ്തു. അവിടുന്ന് ഒരു ദൈവിക വ്യക്തിയായി, എന്നാല്‍ പിതാവിന് കീഴ്പ്പെട്ട് മാത്രം (സംവാദം, 61)
വചനത്തെ സംബന്ധിച്ചുള്ള പ്രബോധനമാണ് ജസ്റ്റിന്‍റെ പ്രബോധനങ്ങളില്‍ പ്രധാനപ്പെട്ടത്. ഗ്രീക്കു തത്വശാസ്ത്രവും ക്രിസ്തുമതവും തമ്മിലുള്ള പാലമായി അതു വര്‍ത്തിക്കുന്നു. ദൈവവചനം പൂര്‍ണ്ണമായി ക്രിസ്തുവില്‍ പ്രത്യക്ഷപ്പെട്ടു; എങ്കിലും ക്രിസ്തുവിന്‍റെ വരവിനു വളരെ മുമ്പുതന്നെ വചനത്തിന്‍റെ വിത്ത് മനുഷ്യകുലത്തില്‍ ചിതറിക്കിടന്നിരുന്നു; വചനത്തിന്‍റെ വിത്ത് എല്ലാ മനുഷ്യരുടേയും ബുദ്ധിയില്‍ വിതയ്ക്കപ്പെട്ടിരിക്കുന്നു. പഴയനിയമപ്രവാചകന്മാരും ഗ്രീക്ക് താത്വികരും തങ്ങളുടെ ഉള്ളില്‍ വചനത്തിന്‍റെ മുളച്ചുവരുന്ന വിത്ത് വഹിച്ചിരുന്നു. ഹെരാക്ലിറ്റസ്, സോക്രട്ടീസ് തുടങ്ങിയവര്‍ വചനത്തിന്‍റെ നിയന്ത്രണത്തില്‍ ജീവിച്ചു. അപ്രകാരം ജീവിച്ചവര്‍ ക്രിസ്ത്യാനികളായിരുന്നു (അപ്പോളജി 1,46). ഇക്കാരണത്താല്‍ ക്രിസ്തുമതവും തത്വശാസ്ത്രവും തമ്മില്‍ സംഘട്ടനത്തിന് സ്ഥാനമില്ല. മനുഷ്യര്‍ സംസാരിച്ച നല്ല കാര്യങ്ങളെല്ലാം ക്രിസ്തുമതത്തിന്‍റെ സ്വന്തമാണ് (അപ്പോളജി, 2:10). വചനത്തെ ധ്യാനിച്ചതിന്‍റെ ഫലമായിട്ടാണ് അവര്‍ക്ക് ജ്ഞാനം ലഭിച്ചത്. വചനത്തെ പൂര്‍ണ്ണമായി കാണാന്‍ സാധിക്കാത്തതിനാല്‍ വികല ചിന്തയ്ക്ക് അധീനരായെന്നുമാത്രം. ചിലര്‍ പരസ്പരവിരുദ്ധങ്ങളായ തത്വങ്ങളും പ്രചരിപ്പിച്ചു.
ഗ്രീക്കു താത്വികര്‍ യഹൂദരുടെ സാഹിത്യമായ പഴയനിയമത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ കടമെടുത്തിട്ടുണ്ട്. അതുകൊണ്ട് സത്യത്തിന്‍റെ അംശം അവരില്‍ കണ്ടെത്തിയാല്‍ അത്ഭുതത്തിന് അവകാശമില്ല (അപ്പോളജി, 4:44). ക്രിസ്തുമതത്തില്‍ മാത്രമേ സത്യത്തിന്‍റെ പൂര്‍ണ്ണതയുള്ളൂ. കാരണം, ക്രിസ്തുവില്‍ സത്യം തന്നെ അവതരിച്ചു.
പൗലോസ്ശ്ലീഹാ ക്രിസ്തുവിനെ രണ്ടാമത്തെ ആദം എന്നു വിളിക്കുന്നു. മറിയത്തെ രണ്ടാമത്തെ ഹവ്വാ എന്നു വിളിക്കുന്ന ആദ്യത്തെ ക്രൈസ്തവസാഹിത്യകാരന്‍ ജസ്റ്റിനത്രേ: 'ക്രിസ്തു ഒരു കന്യകയിലൂടെ മനുഷ്യനായി. സര്‍പ്പത്തിന്‍റെ സ്വാധീനത്തിലുണ്ടായ അനുസരണക്കേട്, ഉത്ഭവിച്ചതുപോലെ തകര്‍ക്കപ്പെടാന്‍ വേണ്ടിയായിരുന്നു അത്. കന്യകയും കളങ്കരഹിതയുമായ ഹവ്വാ സര്‍പ്പത്തിന്‍റെ വചനം ഗര്‍ഭം ധരിച്ച് അനുസരണക്കേടും മരണവും പ്രസവിച്ചു. മറിയമാകട്ടെ, 'പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ നിഴലിക്കും' എന്ന ഗബ്രിയേല്‍ മാലാഖയുടെ മംഗലവാരത്ത ശ്രവിച്ചപ്പോള്‍ വിശ്വാസവും സന്തോഷവും സ്വീകരിച്ചു; അതിനാല്‍ അവളില്‍നിന്ന് ജനിച്ചവന്‍ ദൈവപുത്രനാകുന്നു. 'നിന്‍റെ വാക്കുപോലെ എന്നില്‍ ഭവിക്കട്ടെ' എന്ന് അവള്‍ മറുപടി പറയുകയും ചെയ്തു. അവളില്‍നിന്ന് അവിടുന്ന് പിറന്നു. നിരവധി വേദപുസ്തകഭാഗങ്ങള്‍ അവിടുത്തെപ്പറ്റി സംസാരിക്കുന്നതായി നാം തെളിയിച്ചിട്ടുണ്ട്. അവിടുന്ന്വഴി ദൈവം സര്‍പ്പത്തെയും സര്‍പ്പത്തേപ്പോലെയുമുള്ള മനുഷ്യരേയും ദൂതന്മാരെയും നശിപ്പിക്കുന്നു' (സംവാദം, 100).
സഭയില്‍ മാലാഖമാരെ വണങ്ങുന്നു എന്നതിന്‍റെ വ്യക്തമായ സാക്ഷ്യം ജസ്റ്റിന്‍ നല്‍കുന്നു (അപ്പോളജി, 1:6). അവര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നു (2:5). മാലാഖമാര്‍ക്ക് ആത്മീയ സ്വഭാവമുണ്ടെങ്കിലും അവര്‍ക്ക് മനുഷ്യരെപ്പോലെയുള്ള ശരീരമുണ്ട്. അവര്‍ സ്വര്‍ഗ്ഗീയ ഭക്ഷണത്താല്‍ പോറ്റപ്പെടുന്നു (സംവാദം, 57). മാലാഖമാരുടെ പാപം ലൈംഗികമാണ്. ചില മാലാഖമാര്‍ മനുഷ്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. അവരാണ് പിശാചുക്കള്‍ (അപ്പോളജി, 2:5). ക്രിസ്തു രണ്ടാമത് വന്നശേഷം പിശാചുക്കള്‍ നിത്യാഗ്നിയില്‍ എറിയപ്പെടും. അതുകൊണ്ട്, ഇക്കാലത്ത് മനുഷ്യരെ വഴിതെറ്റിക്കാന്‍ അവര്‍ക്ക് സാധിക്കും. ദൈവത്തിലേക്കും ദൈവവചനത്തിലേക്കുമുള്ള മാനസാന്തരം തടയുന്നതാണ് ഇപ്പോള്‍ അവരുടെ ജോലി (അപ്പോളജി, 1:26,28,54,57,62). പാഷണ്ഡികള്‍ പിശാചിന്‍റെ ഉപകരണങ്ങളാണ്. പിതാവിനെയും തന്‍റെ പുത്രനെയും അല്ലാതെ മറ്റൊരു ദൈവത്തെപ്പറ്റിയാണ് പാഷണ്ഡികള്‍ പഠിപ്പിക്കുന്നത്. യേശുക്രിസ്തുവില്‍ കാണപ്പെട്ട വചനത്തെ പീഢിപ്പിക്കാന്‍ പിശാചുക്കള്‍ യൂദന്മാരെ കുരുടന്മാരാക്കി. പുറജാതികളില്‍ നിന്ന് ക്രിസ്തു തന്‍റെ ശിഷ്യരെ സമ്പാദിക്കുമെന്ന് കണ്ട ശത്രു അത് തടയാനായി പരക്കം പായുന്നു. യേശുവിന്‍റെ നാമം പിശാചുക്കള്‍ക്ക് ഭീതിജനകമാണ് (സംവാദം, 30).
എല്ലാ മനുഷ്യര്‍ക്കും ദിവ്യത്വം നേടാന്‍ സാധിക്കുമായിരുന്നു. ദൈവം മനുഷ്യരെ ആദിയില്‍ സൃഷ്ടിച്ചപ്പോള്‍ ഇതായിരുന്നു അവസ്ഥ. ആദിമാതാപിതാക്കളുടെ പാപം നിമിത്തം മനുഷ്യരെല്ലാം മരണത്തിന് അധീനരായി. എന്നാല്‍ യേശുക്രിസ്തുവിന്‍റെ രക്ഷാകരകര്‍മ്മം വഴി ഈ ശക്തി മനുഷ്യര്‍ വീണ്ടെടുത്തു (സംവാദം, 81,124).
ഒന്നാം അപ്പോളജിയുടെ അവസാനം മാമ്മോദീസായേയും കുര്‍ബാനയേയും സംബന്ധിച്ച് ജസ്റ്റിന്‍ നല്‍കുന്ന വിവരണം വിലപ്പെട്ടതാണ്. മാമ്മോദീസായെപ്പറ്റി 61-ാം അധ്യായത്തില്‍ വിവരിക്കുന്നു: 'ക്രിസ്തുവില്‍ ഞങ്ങള്‍ നവീകരിക്കപ്പെടുമ്പോള്‍ എപ്രകാരമാണ് ദൈവത്തിന് ഞങ്ങളെത്തന്നെ സമര്‍പ്പിക്കുന്നത് എന്നുകൂടി വിവരിക്കാം. അതുകൂടി ചേര്‍ക്കാതിരുന്നാല്‍ വിവരണം പൂര്‍ണമായിരിക്കയില്ല. ഞങ്ങള്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തവ സത്യമാണെന്ന് വിശ്വസിക്കുകയും ബോധ്യംവരികയും തദനുസരണം ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു. അവരുടെ കഴിഞ്ഞകാല പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി ഉപവസിച്ചുകൊണ്ട് ദൈവത്തോടവര്‍ അപേക്ഷിക്കാനും ഞങ്ങള്‍ പഠിപ്പിക്കുന്നു. ഞങ്ങളും അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു; പിന്നീട് വെള്ളമുള്ളിടത്തേക്ക് ഞങ്ങള്‍ അവരെ കൂട്ടിക്കൊണ്ടുപോകുന്നു. ഞങ്ങള്‍ വീണ്ടും ജനിച്ചതുപോലെ അവരും അവിടെ പുനര്‍ജന്മം പ്രാപിക്കുന്നു. പിതാവും ലോകനാഥനുമായ ദൈവത്തിന്‍റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ വെള്ളത്താല്‍ കഴുകപ്പെടുന്നു. കാരണം, നിങ്ങള്‍ വീണ്ടും ജനിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ജനിച്ചയാളിന് വീണ്ടും അമ്മയുടെ ഉദരത്തില്‍ പ്രവേശിക്കുക സാധ്യമല്ലെന്നുള്ളത് എല്ലാവര്‍ക്കും വ്യക്തമാണല്ലോ.
ഞാന്‍ നേരത്തേ പറഞ്ഞതുപോലെ പാപം ചെയ്യുകയും പിന്നീട് അനുതപിക്കുകയും ചെയ്തവര്‍ എപ്രകാരം അവരുടെ പാപങ്ങളില്‍നിന്ന് മോചിതരാകുമെന്ന് ഏശയ്യാ പ്രവാചകന്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്: "കഴുകി വെടിപ്പാക്കുവിന്‍, നിങ്ങളുടെ ആത്മാക്കളില്‍നിന്ന് പാപം നീക്കിക്കളയുവിന്‍, നല്ലതുപ്രവര്‍ത്തിക്കാന്‍ പഠിക്കുവിന്‍, അനാഥര്‍ക്കും വിധവകള്‍ക്കുംവേണ്ടി ന്യായം വാദിക്കുവിന്‍. അതിനുശേഷം വരൂ, നമുക്ക് ഒരുമിച്ച് ന്യായവാദം നടത്താം. കര്‍ത്താവ് പറയുന്നു: നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പ് പോലെയാണെങ്കിലും ഞാന്‍ അവ വെള്ളക്കമ്പിളിപോലെ വെണ്‍മയുള്ളതാക്കും. അവ രക്തവര്‍ണ്ണംപോലെ ചെമന്നതാണെങ്കിലും ഞാന്‍ അവ മഞ്ഞുപോലെ വെണ്‍മയുള്ളതാക്കും. എന്നാല്‍ നിങ്ങള്‍ എന്നെ ശ്രവിക്കുന്നില്ലെങ്കില്‍ വാള്‍ നിങ്ങളെ സംഹരിക്കും. കാരണം, കര്‍ത്താവിന്‍റെ തിരുവായ് ഇത് അരുള്‍ ചെയ്തിരിക്കുന്നു" (ഏശ. 1:16-20).
ഇക്കാരണത്താലാണ്, അപ്പസ്തോലന്മാരില്‍നിന്ന് പഠിച്ചതനുസരിച്ച് ഞങ്ങള്‍ ചെയ്യുന്നതുപോലെ ഞങ്ങള്‍ മാമ്മോദീസാ മുക്കുന്നത്. ഞങ്ങളുടെ ആദ്യജനനം പൂര്‍ണ്ണമായും ഞങ്ങളുടെ അറിവ് കൂടാതെ നടന്നു. ഞങ്ങളുടെ മാതാപിതാക്കളുടെ സംയോഗത്താല്‍ ദ്രാവകരൂപത്തിലുള്ള വിത്തില്‍ നിന്ന് അവശ്യാവശ്യം ഞങ്ങള്‍ ജനിച്ചു. ദുഷ്ടവും പാപകരവുമായ ആചാരങ്ങള്‍ ഞങ്ങള്‍ പരിശീലിച്ചു. ആവശ്യത്തിന്‍റെയും അജ്ഞതയുടെയും മക്കളായി തുടരാതിരിക്കാനും എന്നാല്‍ അറിവിന്‍റെയും തിരഞ്ഞെടുപ്പിന്‍റെയും മക്കളായി തീരാനും ചെയ്തുപോയ പാപങ്ങള്‍ക്ക് ജലത്താല്‍ മോചനം പ്രാപിക്കാനുംവേണ്ടി പുനര്‍ജന്മം പ്രാപിക്കാനാഗ്രഹിക്കുകയും പാപങ്ങളെപ്പറ്റിയും ദുഃഖിക്കുകയും ചെയ്യുന്നവരുടെമേല്‍ പിതാവും ലോകനാഥനുമായ ദൈവത്തിന്‍റെ നാമം ഉച്ചരിക്കപ്പെടുന്നു. ഈ നാമത്താല്‍തന്നെ അവനെ വിളിച്ചുകൊണ്ട് കഴുകപ്പെടാനായി ജലത്തിലേക്ക് അവിടുന്ന് അവനെ നയിക്കുന്നു. പ്രകാശിപ്പിക്കല്‍ എന്ന് ഇത് വിളിക്കപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഗ്രഹിക്കുന്നവര്‍ ആത്മീയമായി പ്രകാശിതരാകുന്നു. പൊന്തിയോസ് പീലാത്തോസിന്‍റെ നാളുകളില്‍ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിന്‍റെ നാമത്തിലും യേശുവിനെപ്പറ്റി പ്രവാചകന്മാര്‍വഴി എല്ലാം വെളിപ്പെടുത്തിയ പരിശുദ്ധാത്മാവിന്‍റെ നാമത്തിലും പ്രകാശിതരായവര്‍ കഴുകപ്പെടുന്നു.
കുര്‍ബാനയെപ്പറ്റി ഒന്നാം അപ്പോളജി 65-67 വരെയുള്ള വിവരണം താഴെ ചേര്‍ക്കുന്നു: അധ്യായം 65:1. 'വിശ്വസിക്കുകയും ഞങ്ങളോടുകൂടെ ചേരുകയും ചെയ്തയാളിനെ ഇപ്രകാരം കഴുകിയശേഷം, ഞങ്ങള്‍ക്കു വേണ്ടിയും ഇപ്പോള്‍ പ്രകാശിപ്പിക്കപ്പെട്ട ആളിനുവേണ്ടിയും എല്ലായിടത്തുമുള്ള എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും ഒന്നിച്ചു പ്രാര്‍ത്ഥിക്കാനായി 'സഹോദരന്മാര്‍' എന്നു ഞങ്ങള്‍ വിളിക്കുന്നവര്‍ ഒന്നിച്ചു കൂടിയിരിക്കുന്നിടത്തേക്ക് ഞങ്ങള്‍ അയാളെ കൂട്ടിക്കൊണ്ടു പോകുന്നു. സത്യം ഗ്രഹിച്ച ഞങ്ങള്‍ സത്പ്രവൃത്തികള്‍ ചെയ്യാന്‍ യോഗ്യരായി കാണപ്പെടാനും കല്പനകളനുസരിച്ച് നിത്യരക്ഷ പ്രാപിക്കാനും ആഗ്രഹിക്കുന്നു. 2. പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ പരസ്പരം സമാധാനചുംബനം നല്കുന്നു'.
അധ്യായം. 66. 1. 'ഈ ആഹാരത്തെ ഞങ്ങള്‍ എവുക്കറിസ്തിയാ എന്നു വിളിക്കുന്നു; ഞങ്ങളുടെ പ്രബോധനം സത്യമാണെന്ന് വിശ്വസിക്കുകയും പാപമോചനത്തിനും പുനര്‍ജന്മത്തിനുമുള്ള സ്നാനത്താല്‍ കഴുകപ്പെടുകയും ക്രിസ്തു പഠിപ്പിച്ചതുപോലെ ജീവിക്കുകയും ചെയ്യുന്നവര്‍ മാത്രമേ ഇത് സ്വീകരിക്കുന്നുള്ളൂ.
കുര്‍ബാനയെപ്പറ്റിയുള്ള ആദ്യവിവരണം സ്നാനത്തോടു ബന്ധപ്പെടുത്തിയുള്ളതാണ്. അതായത്, സ്നാനാനന്തരമുള്ള കുര്‍ബാന. രണ്ടാമത്തെ വിവരണം ഞായറാഴ്ചതോറുമുള്ള കുര്‍ബാനയുടെ വിവരണമാണ്. രണ്ടുവിവരണങ്ങളും ഒരുപോലെയാണ്. മാമ്മോദീസായോട് ബന്ധപ്പെടുത്തിയുള്ള കുര്‍ബാനയില്‍ വായനയെപ്പറ്റി പറയുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള പ്രാര്‍ത്ഥനയെപ്പറ്റിയും അനാഫൊറയെപ്പറ്റിയും ഉള്ള രണ്ടു വിവരണങ്ങളും ഒന്നുപോലെയാണ്. അപ്പവും, വീഞ്ഞും വെള്ളവും കലര്‍ത്തിയ കാസായും സ്തോത്രാര്‍പ്പണത്തിന് ഉപയോഗിക്കുന്നു. കര്‍ത്താവ് കൃതജ്ഞതാസ്തോത്രമര്‍പ്പിച്ച് അപ്പത്തേയും വീഞ്ഞിനേയും തന്‍റെ ശരീരവും രക്തവുമാക്കി ശിഷ്യന്മാര്‍ക്കു നല്‍കി. 'ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. ഇത് എന്‍റെ ശരീരമാകുന്നു, ഇത് എന്‍റെ രക്തമാകുന്നു' എന്ന് കര്‍ത്താവ് ശിഷ്യന്മാരോട് കല്പ്പിച്ചതനുസരിച്ച് അവര്‍ ഈ രഹസ്യം ആചരിച്ചു. പിന്‍തലമുറയ്ക്ക് ഈ ദൗത്യം കൈമാറി. ഈ ആഹാരം 'എവുക്കരിസ്തിയ' എന്ന് അറിയപ്പെടുന്നു. ഇത് അവതരിച്ച കര്‍ത്താവിന്‍റെ ശരീരവും രക്തവുമാണ്. സാധാരണ അപ്പവും വീഞ്ഞുമല്ല. കുര്‍ബാനയ്ക്കായി ക്രിസ്ത്യാനികള്‍ ഒന്നിച്ചു കൂടുമ്പോള്‍ ആവശ്യക്കാരായ സഹോദരങ്ങളെ സഹായിക്കാനായി സംഭാവനകള്‍ കൊടുത്തിരുന്ന പതിവിനെപ്പറ്റി ജസ്റ്റിന്‍ സൂചിപ്പിക്കുന്നു.
ട്രീഫോയുമായുള്ള സംവാദത്തിലും കുര്‍ബാനയെപ്പറ്റി വിലപ്പെട്ട പരാമര്‍ശമുണ്ട്: അധ്യായം 41.1 'എല്ലാവിധ ദുഷ്ടതകളില്‍നിന്നും ആത്മാക്കള്‍ വിമുക്തമാകുന്നതിനുവേണ്ടി, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സഹിച്ച കഷ്ടാനുഭവത്തിന്‍റെ ഓര്‍മ്മയായി ആചരിക്കാന്‍ അവിടുന്ന് നമ്മോടു കല്പിച്ച കുര്‍ബാനയപ്പത്തിന്‍റെ മുന്‍കുറിയായിരുന്നു, കുഷ്ഠരോഗത്തില്‍ നിന്ന് വിമുക്തരായവര്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരുന്ന നല്ല അരിമാവിന്‍റെ അര്‍പ്പണം (ലേവ്യ. 14:10). ഈ ലോകത്തേയും അതിലുള്ള സകലത്തേയും മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ചതിനും, നാം ഏതിലേക്ക് പിറന്നു വീണുവോ ആ തിന്മയില്‍നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നതിന് ദൈവേഷ്ടപ്രകാരം സഹനാധീനന്‍ ആയിത്തീര്‍ന്ന കര്‍ത്താവിലൂടെ ശക്തികളെയും അധികാരങ്ങളെയും പൂര്‍ണ്ണമായി നശിപ്പിച്ചതിനും നാം ദൈവത്തിന് കൃതജ്ഞതാസ്തോത്രം അര്‍പ്പിക്കാനാണ് അവിടുന്ന് ഇപ്രകാരം നമ്മോട് കല്‍പ്പിച്ചത്.
അധ്യായം 70:4-ല്‍ 'തന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയും, അവിടുന്ന് ആര്‍ക്കുവേണ്ടി സഹിച്ചുവോ അവര്‍ക്കുവേണ്ടിയും, തന്‍റെ മനുഷ്യാവതാരത്തിന്‍റെ അനുസ്മരണയായി അര്‍പ്പിക്കുവാന്‍ നമ്മുടെ ക്രിസ്തു നമ്മോട് കല്‍പ്പിച്ച അപ്പത്തെപ്പറ്റിയും തന്‍റെ രക്തത്തിന്‍റെ അനുസ്മരണയായി നന്ദിയോടുകൂടെ അര്‍പ്പിക്കുവാന്‍ അവിടുന്നു കല്‍പ്പിച്ച കാസായെപ്പറ്റിയും ദൈവം ഈ വചനത്തിലും വ്യക്തമായി പറഞ്ഞിരിക്കുന്നു' (ഏശാ. 33:16).
അധ്യായം 117.1. 'യേശുക്രിസ്തു കല്‍പ്പിച്ചതുപോലെ തന്‍റെ നാമത്തില്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ ബലികളും, അതായത്, ലോകത്തില്‍ എല്ലായിടത്തും അപ്പത്തിന്മേലും വീഞ്ഞിന്മേലും ക്രിസ്ത്യാനികള്‍ അര്‍പ്പിക്കുന്ന തങ്ങളുടെ കൃതജ്ഞതാസ്തോത്രം തനിക്ക് പ്രിയങ്കരമാണെന്ന് ദൈവം നമ്മോട് മുന്‍കൂട്ടി അരുളി ചെയ്യുന്നു. 2. യോഗ്യരായ മനുഷ്യര്‍ ദൈവത്തിനര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും കൃതജ്ഞതാസ്തോത്രങ്ങളും മാത്രമാണ് പൂര്‍ണവും ദൈവത്തിന് പ്രീതികരവുമായ ബലികളെന്ന് ഞാനും പറയുന്നു. 3. ക്രിസ്ത്യാനികള്‍ അര്‍പ്പിക്കാന്‍ പഠിച്ചിട്ടുള്ള ബലികള്‍ ഖരരൂപത്തിലും ദ്രാവകരൂപത്തിലുമുള്ള ആഹാരംകൊണ്ടുള്ള അനുസ്മരണം മാത്രമാണ്. തങ്ങളുടെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന്‍ സഹിച്ച പീഡാനുബവം അതുവഴി അവര്‍ അനുസ്മരിക്കുന്നു. 4. ക്രൂശിക്കപ്പട്ട യേശുവിന്‍റെ നാമത്തില്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് പ്രാര്‍ത്ഥനകളും കൃതജ്ഞതാസ്തോത്രങ്ങളും അര്‍പ്പിക്കാത്ത ഒരൊറ്റ മനുഷ്യസമൂഹം പോലുമില്ല'.
മലാക്കിയുടെ പ്രവചനം ക്രിസ്തീയബലിയെക്കുറിച്ചാണെന്ന് ജസ്റ്റിന്‍ പഠിപ്പിക്കുന്നു. യഹൂദബലി നീക്കിക്കളഞ്ഞിട്ട് ക്രിസ്തീയബലി അവിടുന്ന് സ്വീകരിക്കുന്നു. ക്രിസ്തുവിന്‍റെ കല്പനയാണ് ക്രിസ്തീയബലിയുടെ ഉത്ഭവകാരണം. ഡിഡാക്കെയും മലാക്കിയെ ഉദ്ധരിക്കുന്നു. എന്നാല്‍ രണ്ടിടത്തും അല്പസ്വല്പ വ്യത്യാസങ്ങളോടെയാണ് ഉദ്ധരിക്കുന്നതും വ്യാഖ്യാനിക്കുന്നതും. ബലി (തുസിയാ), യോഗ്യരായ മനുഷ്യരുടെ പ്രാര്‍ത്ഥനകളിലും (എവുക്കായ്) കൃതജ്ഞതാസ്തോത്രങ്ങളിലും (എവുക്കരിസ്തിയാ)അടങ്ങിയിരിക്കുന്നു എന്ന് ജസ്റ്റിന്‍ പറയുന്നു. കര്‍ത്താവിന്‍റെ പീഢാനുഭവത്തിന്‍റെ അനുസ്മരണം ആചരിച്ചുകൊണ്ട് ഇപ്രകാരം ചെയ്യാനാണ് പാരമ്പര്യം പഠിപ്പിച്ചിരിക്കുന്നത്. മറ്റു ബലികളെപ്പറ്റി ക്രിസ്ത്യാനികള്‍ക്കറിയില്ല (സംവാദം, 117). ലോകം മുഴുവനുമുള്ള എല്ലാ ദൈവജനവും എല്ലായിടത്തും അര്‍പ്പിക്കുന്ന ബലിയാണിത്. ഇത് സാര്‍വത്രിക ബലിയാണ്.
ഈ അപ്പവും കാസായും അനുസ്മരണമാണ്. യഹൂദപശ്ചാത്തലമുള്ള ഒരു പദമാണിത്. തന്‍റെ ജനത്തിന് ദൈവം ചെയ്ത കാര്യം അനുസ്മരിക്കുക എന്നാല്‍ തന്‍റെ സജീവസാന്നിധ്യം പുതുക്കുക എന്നാണര്‍ത്ഥം. ഇപ്പോള്‍ ഇവിടെ അത് യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നു എന്നാണ് അതിന്‍റെ അര്‍ത്ഥം. കുര്‍ബാനയിലെ അനുസ്മരണം ക്രിസ്തുവിന്‍റെ പീഢാനുഭവത്തിന്‍റെ അനുസ്മരണമാണ് (സംവാദം, 41:1). ഈ അനുസ്മരണം നടത്തണമെന്ന് ക്രിസ്തു ഉദ്ദേശിക്കുകയും കല്പിക്കുകയും ചെയ്തതിനാലാണ് ഇത് യാഥാര്‍ത്ഥ അനുസ്മരണയായിതീരുന്നത്. മനുഷ്യനുവേണ്ടി പ്രപഞ്ചത്തെ സൃഷ്ടിച്ചതിനും യേശുക്രിസ്തുവഴി തിന്മയുടെമേല്‍ വിജയം കൈവരിച്ചതിനും ദൈവത്തിനു നന്ദിപറയുകയും മിശിഹായുടെ പീഢാനുഭവം അനുസ്മരിക്കുകയും ചെയ്തുകൊണ്ട് കുര്‍ബാനയപ്പം കാഴ്ചവയ്ക്കുന്നതാണ് ക്രൈസ്തവബലി. കുര്‍ബാനയെപ്പറ്റിയുള്ള വ്യക്തമായ പ്രബോധനമാണിത് (41:1).
കാലദേശാന്തരമനുസരിച്ച് അല്പസ്വല്പ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും, വി. കുര്‍ബാന അന്നും ഇന്നും ഒന്നുതന്നെ. അതേപ്പറ്റിയുള്ള ധാരണയും കര്‍മ്മവിധികളും മാറ്റമില്ലാതെ നിലനില്ക്കുന്നു. കുര്‍ബാന എന്ന ബലിയെപ്പറ്റി ശരിയായ വിവരണമാണ് ജസ്റ്റിന്‍ നല്കുന്നത്. മനുഷ്യരെ ക്രിസ്തുവില്‍ നവീകരിച്ചുകൊണ്ട് ദൈവത്തിന് ബലി അര്‍പ്പിക്കുന്നു. യഥാര്‍ത്ഥ സാഹോദര്യത്തില്‍ ജീവിക്കാന്‍ വിശ്വാസികളെ ചുമതലപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലൂടെ ഒന്നാംദിവസം പ്രപഞ്ചത്തിനു ലഭിച്ച നവീകരണം ഓരോ ഞായറാഴ്ച ആചരണത്തിലൂടെയും ആവര്‍ത്തിക്കപ്പെടുന്നു. തന്‍റെ പുത്രന്‍റെ ബലിയിലൂടെ പിതാവ് ഇപ്രകാരം മഹത്വീകരിക്കപ്പെടുന്നു.
യുഗാന്ത്യം സംബന്ധിച്ച് 'കിലിയാസ്റ്റിക്' ആശയങ്ങളാണ് ജസ്റ്റിന്‍ പുലര്‍ത്തിയിരുന്നത്: 'മരിച്ചവരുടെ ഉയര്‍പ്പിനുശേഷം ജറുസലേമില്‍ ആയിരം വര്‍ഷത്തെ ഭരണം ഉണ്ടായിരിക്കും. ജറുസലേം പണിയപ്പെടും; നവീകരിക്കപ്പെടും; വലിയ വികസനങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഞാനും മറ്റുള്ളവരും ഇപ്രകാരം ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ശരിയായിട്ടാണ് ചിന്തിക്കുന്നതെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്'. എന്നാല്‍ എല്ലാ ക്രിസ്ത്യാനികളും ഈ ആശയക്കാരല്ല എന്ന് ജസ്റ്റിന്‍ പറയുന്നു: 'സത്യവിശ്വാസത്തോടും ഭക്തിയോടുംകൂടെ ജീവിക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനികളില്‍ പലരും മറിച്ച് ചിന്തിക്കുന്നു എന്നുകൂടി പ്രസ്താവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'. (സംവാദം, 80). മരിച്ചവരുടെ ആത്മാക്കള്‍ ലോകാവസാനംവരെ പാതാളത്തില്‍ പാര്‍ക്കുന്നു. എന്നാല്‍ രക്തസാക്ഷികളുടെ ആത്മാക്കള്‍ ഉടനെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടും. പാതാളത്തില്‍തന്നെയും നല്ലവര്‍ ദുഷ്ടന്മാരില്‍നിന്ന് വ്യത്യസ്തമായ സ്ഥലത്തായിരിക്കും. നല്ലവര്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന സൗഭാഗ്യമോര്‍ത്ത് ദുഷ്ടന്മാര്‍ സന്തോഷിക്കുന്നു; വരാനിരിക്കുന്ന സൗഭാഗ്യമോര്‍ത്ത് ദുഃഖത്തിലായിരിക്കും (സംവാദം, 5:80).
ഡിഡാക്കെ
പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനം (ഡിഡാക്കെ തോന്‍ ദോദെക്കാ അപ്പസ്തോലോണ്‍) എന്നാണ് ഈ കൃതി അറിയപ്പെടുന്നത്. എന്നാലിതിന്‍റെ സമ്പൂര്‍ണനാമം 'പന്ത്രണ്ട് അപ്പസ്തോലന്മാര്‍വഴി പുറജാതികള്‍ക്കുള്ള കര്‍തൃപ്രബോധനം' (ഡിഡാക്കെ തൂ കുരിയു ദിയാ തോന്‍ ദോദെക്കാ അപ്പസ്തോലന്‍ തോയിസ് എത്നേസിന്‍) എന്നത്രേ. ഗ്രന്ഥത്തിന്‍റെ കര്‍ത്താവാരെന്നു കൃതിയില്‍ വ്യക്തമല്ല. തലക്കെട്ടിനെ ആധാരമാക്കി അപ്പസ്തോലന്മാര്‍ ഇതെഴുതിയെന്ന് അനുമാനിക്കാനാവില്ല.
സബപ്പസ്തോലിക കാലത്തെ ഒരു പ്രധാനപ്പെട്ട രേഖയാണിത്. സഭാനിയമത്തിന്‍റെ ഏറ്റവും പുരാതന സ്രോതസും ഇതുതന്നെ. 1873-ല്‍ ഫിലോത്തെയോസ് ബ്രിയെന്നിയോസ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഒരാശ്രമ ഗ്രന്ഥശേഖരത്തില്‍നിന്ന് ഇതു കണ്ടെടുത്തു. 1056-ല്‍ ലെയോ എന്ന എഴുത്തുകാരന്‍ പകര്‍ത്തി എഴുതിയതാണ് ഈ കൈയ്യെഴുത്തുരേഖ. സഭാരംഭകാലത്തേക്കു വളരെയധികം വെളിച്ചംവീശുന്ന ഗ്രന്ഥമാണിത്.
ധാര്‍മ്മിക നിയമസമാഹരണമാണിതിന്‍റെ ഉള്ളടക്കം. അതുപോലെ സമൂഹത്തിന്‍റെ ക്രമീകരണം സംബന്ധിച്ച പ്രബോധനങ്ങളും ആരാധനാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ടാം നൂറ്റാണ്ടിലെ ക്രൈസ്തവ ജീവിതനിയന്ത്രണ സംബന്ധിയായ നിയമങ്ങളില്‍ ഉള്‍ക്കൊള്ളുന്ന പില്‍ക്കാല സഭാനിയമങ്ങളുടെ മാതൃക ഇതില്‍ ദൃശ്യമത്രെ.
ഘടന
ഈ കൃതിക്കു രണ്ടു ഭാഗങ്ങളായി 16 അധ്യായങ്ങളാണുള്ളത്. അധ്യായം 1-10 ആരാധനാക്രമാനുഷ്ഠാന നിയമങ്ങള്‍ 11-15 ശിക്ഷണ നിയമങ്ങള്‍, കര്‍ത്തൃപുനരാഗമനം അനുശാസിക്കുന്ന ക്രൈസ്തവ ധര്‍മ്മങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അവസാനത്തെ അധ്യായം എന്നിങ്ങനെയാണ് 'ഡിഡാക്ക'യുടെ ഘടന.
സ്നാനാര്‍ത്ഥികള്‍ക്കുള്ള ഉപദേശമുള്‍ക്കൊള്ളുന്ന ആദ്യഭാഗം (1-6) ലിറ്റര്‍ജിക്കല്‍ ഭാഗമത്രെ. ധാര്‍മ്മികനിയമങ്ങള്‍ അനുശാസിക്കുന്ന രീതി രസകരമാണ്. 'രണ്ടു പാതകളുടെ' രീതിയാണ് അവയ്ക്കുള്ളത്. 'ജീവന്‍റെ വഴിയെന്നും മരണത്തിന്‍റെ വഴിയെന്നും പാതകള്‍ രണ്ടുണ്ട്' (1:1). തുടര്‍ന്നു രണ്ടുപാതകളെയും വിശദീകരിക്കുന്നു (1:2, 5:1). രണ്ടു പാതകളുടെ രീതിയിലുള്ള പ്രബോധനം ഗ്രീക്കുകാരില്‍നിന്ന് ഹെല്ലനിസ്റ്റിക് സിനഗോഗുകള്‍ സ്വീകരിച്ചു. അതു യൂദയോ-ക്രൈസ്തവ മണ്ഡലങ്ങളില്‍ സാധാരണയായിത്തീര്‍ന്നു (ഉദാ: ബര്‍ണാബാസിന്‍റെ ലേഖനം 18-20).
മാമ്മോദീസാ (7)
ഏഴുമുതല്‍ പത്തുവരെയുള്ള അധ്യായങ്ങള്‍ ലിറ്റര്‍ജിയുടെ ചരിത്രം പഠിക്കാന്‍ സഹായകമാണ്. സ്നാനത്തിനുള്ള നിര്‍ദേശങ്ങള്‍കൊണ്ട് അവ തുടങ്ങുന്നു: 'ജ്ഞാനസ്നാനം നല്‍കേണ്ടവിധം: താഴെ വരുംവിധമാണ് മാമ്മോദീസാ മുക്കേണ്ടത്. ജ്ഞാനസ്നാനത്തെപ്പറ്റി അര്‍ത്ഥിക്കു വേണ്ടത്ര ഉപദേശം നല്‍കിയശേഷം പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഒഴുകുന്ന ജലത്തില്‍ മാമ്മോദീസാ മുക്കണം. പ്രവഹിക്കുന്ന ജലം സൗകര്യമായില്ലെങ്കില്‍ മറ്റെന്തിലെങ്കിലും സ്നാനപ്പെടുക; തണുത്ത വെള്ളത്തില്‍ അസാധ്യമെങ്കില്‍ ചെറിയ ചൂടുള്ള വെള്ളത്തില്‍ മുക്കുക. ജലത്തില്‍ മുക്കുവാന്‍ സൗകര്യമില്ലെങ്കില്‍ പിതാവിന്‍റെയും പുത്രന്‍റെയും പിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ തലയില്‍ മൂന്നു പ്രാവശ്യം ജലമൊഴിക്കുക' (7:1-3). ഒഴുകുന്ന ജലത്തില്‍ മുക്കിയുള്ള സ്നാനമായിരുന്നു അന്നു നടപ്പിലിരുന്നതെന്നു ഇതില്‍നിന്നു വ്യക്തമാണ്. അവശ്യഘട്ടങ്ങളില്‍ തലയില്‍ വെള്ളമൊഴിച്ചു നടത്തുന്ന സ്നാനത്തെപ്പറ്റിയുള്ള ആദ്യപരാമര്‍ശം ഡിഡാക്കെയിലത്രേ.
സ്നാനാര്‍ത്ഥിയും സ്നാനം നല്‍കുന്നയാളും സ്നാനത്തിനുമുമ്പ് ഉപവസിക്കണമെന്ന് ഡിഡാക്കെ നിര്‍ദേശിക്കുന്നു (7:4). "ക്രിസ്ത്യാനികള്‍ ഉപവസിക്കേണ്ടതു ബുധനും വെള്ളിയുമാണ്; യൂദന്മാര്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉപവസിക്കുന്നു" (8:1). ദിവസത്തില്‍ മൂന്നുപ്രാവശ്യം കര്‍തൃപ്രാര്‍ത്ഥന ചൊല്ലണമെന്നു ഡിഡാക്കെ അനുസ്മരിപ്പിക്കുന്നു.
കുര്‍ബാന (9,10,14)
ഏറ്റവും പുരാതനമായ എവുക്കരിസ്തിയ പ്രാര്‍ത്ഥനകള്‍ ഒന്‍പതും പത്തും അധ്യായങ്ങളില്‍ ഉള്ളതിനാല്‍ അവ പ്രാധാന്യമര്‍ഹിക്കുന്നു: എവുക്കറിസ്തിയായെ സംബന്ധിച്ച് ഇപ്രകാരമാണ് നന്ദി പറയേണ്ടത് ഒന്നാമത് കാസായോടനുബന്ധിച്ച് 'ഞങ്ങളുടെ പിതാവേ, നിന്‍റെ പുത്രനായ യേശുവഴി നീ വെളിപ്പെടുത്തിയ നിന്‍റെ പുത്രന്‍ ദാവീദിന്‍റെ പരിശുദ്ധ മുന്തിരിച്ചെടിയെപ്രതി ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. നിനക്ക് എന്നും മഹത്വമുണ്ടായിരിക്കട്ടെ.' അതിനുശേഷം അപ്പംമുറിക്കലിനോടനുബന്ധിച്ച്: 'ഞങ്ങളുടെ പിതാവേ, നിന്‍റെ പുത്രനായ യേശുവഴി നീ വെളിപ്പെടുത്തിയ ജീവനേയും വിജ്ഞാനത്തെയുംപ്രതി ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. നിനക്ക് എന്നും മഹത്വമുണ്ടായിരിക്കട്ടെ. മുറിക്കപ്പെട്ട ഈ അപ്പം മലമുകളില്‍ ചിതറപ്പെട്ടു കിടക്കുകയും ശേഖരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒന്നായിത്തീരുകയും ചെയ്തതുപോലെ നിന്‍റെ രാജ്യത്തിലേക്കു ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു നിന്‍റെ സഭ ശേഖരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒന്നായിത്തീരുകയും ചെയ്തതുപോലെ നിന്‍റെ രാജ്യത്തിലേക്കു ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു നിന്‍റെ സഭ ശേഖരിക്കപ്പെടട്ടെ. എന്തെന്നാല്‍ യേശുക്രിസ്തുവഴി ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. കര്‍ത്താവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കാത്തവരാരും നിങ്ങളുടെ സ്തോത്രത്തില്‍നിന്നു ഭക്ഷിക്കുകയോ കുടിക്കയോ ചെയ്യാന്‍ നിങ്ങള്‍ അനുവദിക്കരുത്. എന്തെന്നാല്‍ തല്‍സംബന്ധമായി നമ്മുടെ കര്‍ത്താവ് പറഞ്ഞു: 'വിശുദ്ധമായവ നായ്ക്കള്‍ക്കു കൊടുക്കരുത്'.
ഈ ഭാഗം കുര്‍ബാനയെപ്പറ്റിയാണ് അല്ലാതെ ഭക്ഷണസമയത്തുള്ള പ്രാര്‍ത്ഥനയെ സംബന്ധിച്ചല്ല. സ്നാനവും കുര്‍ബാനയും ഒന്നിച്ചാണിവിടെ ചര്‍ച്ച ചെയ്തിരിക്കുന്നത്. സ്നാനം സ്വീകരിക്കാത്തവന്‍ കുര്‍ബാന സ്വീകരണത്തിന് അണയരുതെന്നും കല്പിക്കുന്നു. പത്താം അധ്യായത്തില്‍, കുര്‍ബാനസ്വീകരണാനന്തരമുള്ള ഒരു പ്രാര്‍ത്ഥനയുണ്ട്. "നിങ്ങള്‍ തൃപ്തരായ ശേഷം ഇപ്രകാരം നന്ദി പറയുവിന്‍, നിന്‍റെ പുത്രനായ യേശുവഴി നീ വെളിപ്പെടുത്തിയ വിജ്ഞാനത്തെയും വിശ്വാസത്തെയും അമര്‍ത്യതയെയുംപ്രതിയും പരിശുദ്ധ പിതാവേ, ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. നിനക്ക് എന്നും മഹത്വമുണ്ടായിരിക്കട്ടെ. സര്‍വ്വശക്തനായ കര്‍ത്താവേ, നിന്‍റെ നാമത്തെപ്രതി നീ എല്ലാം സൃഷ്ടിച്ചു. നിനക്കു നന്ദി പറയുവാന്‍ മനുഷ്യരുടെ സന്ധാരണാര്‍ഥം നീ ഭക്ഷണവും പാനീയവും നല്‍കി. എന്നാല്‍ ഞങ്ങള്‍ക്കു നിന്‍റെ പുത്രന്‍വഴി ആത്മീയഭക്ഷണവും പാനീയവും നിത്യജീവനും പ്രദാനം ചെയ്തു. നീ ശക്തനായതുകൊണ്ട് എല്ലാറ്റിനെയുംപ്രതി ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. നിനക്ക് എന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ (10:1-4). വിശുദ്ധ കുര്‍ബാനയെ ആത്മീയഭക്ഷണപാനീയങ്ങളെന്ന് ഡിഡാക്കെ വിളിക്കുന്നു. 'പരിശുദ്ധന്‍ സമീപിക്കട്ടെ. അല്ലാത്തവന്‍ അനുതപിക്കട്ടെ' എന്നും കൂട്ടിച്ചേര്‍ക്കുന്നു. ഉയര്‍പ്പു തിരുനാളിനു തൊട്ടുമുമ്പുള്ള സ്നാനവും സ്നാനാര്‍ത്ഥിയുടെ ആദ്യകുര്‍ബാന സ്വീകരണവുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്ന് സാഹചര്യത്തില്‍നിന്നും മറ്റു സമാന്തരരേഖകളില്‍നിന്നും വ്യക്തമാണ്.
സാധാരണ ഞായറാഴ്ച ആരാധനയെപ്പറ്റി 14-ാം അധ്യായം ചര്‍ച്ച ചെയ്യുന്നു: 'കര്‍ത്താവിന്‍റെ ദിവസത്തില്‍ നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ അപ്പം മുറിക്കുകയും നന്ദിപറയുകയും ചെയ്യുവിന്‍. നിങ്ങളുടെ ബലി ശുദ്ധമായിരിക്കാന്‍ അശുദ്ധമാകാതിരിക്കാന്‍, സഹോദരരോടു രമ്യതയില്ലാതിരിക്കുന്നവര്‍ യോജിക്കുന്നതുവരെ നിങ്ങളോടുകൂടെ ചേരരുത്. കാരണം, ഈ ബലിയെപ്പറ്റിയാണ് കര്‍ത്താവ് പറഞ്ഞത്, എപ്പോഴും എല്ലായിടത്തും എനിക്ക് പരിശുദ്ധമായ ബലി അര്‍പ്പിക്കുവിന്‍. എന്തെന്നാല്‍ ഞാന്‍ മഹാരാജാവാകുന്നു. എന്‍റെ നാമം വിജാതീയരുടെയിടയില്‍ വലുതാകുന്നു' (14:1-3).
കുര്‍ബ്ബാനയെ ബലി (തുസിയ) എന്നു വിളിക്കുന്നതും മലാക്കിയുടെ പ്രവചനം (1:11) ഉദ്ധരിക്കുന്നതും, വി. കുര്‍ബാന സ്വീകരിക്കുന്നതിനുമുമ്പ് പാപമോചനം അത്യാവശ്യമാണെന്നു പറയുന്നതും ശ്രദ്ധേയമാണ്. കുര്‍ബ്ബാനയ്ക്കിടയ്ക്കുള്ള ഒരു പാപമോചനമാണ് ഇവിടെ വിവക്ഷ (10:6). ദേവാലയത്തിലെ പ്രാര്‍ത്ഥനയ്ക്കു മുമ്പുള്ള കുമ്പസാരത്തെപ്പറ്റി 14:1-ല്‍ പരാമര്‍ശമുണ്ട്. 'സഭയില്‍ നിന്‍റെ പാപങ്ങള്‍ ഏറ്റുപറയുക. തെറ്റായ മനസ്സാക്ഷിയോടുകൂടി പ്രാര്‍ത്ഥിക്കാന്‍ ഒരുമ്പെടരുത്.'
സഭാധികാരികള്‍
സമൂഹങ്ങളുടെ തലവന്മാരെ 'എപ്പിസ്കോപ്പോയ്' എന്നും 'ദിയാക്കൊണോയ്' എന്നും ഡിഡാക്കെ വിളിക്കുന്നു. ഈ 'എപ്പിസ്കോപ്പോയ്' വൈദികര്‍ മാത്രമാണോ അതോ മെത്രാന്മാരാണോ എന്ന് രേഖയില്‍നിന്നു വ്യക്തമല്ല. പ്രെസ്ബിറ്റര്‍മാരെപ്പറ്റി ഡിഡാക്കെ സംസാരിക്കുന്നില്ല:
'നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനു യോഗ്യരായ മെത്രാന്മാരെയും ശുശ്രൂഷകരെയും നിങ്ങള്‍ തെരഞ്ഞെടുക്കണം. അവര്‍ ശാന്തരും വിശാലമനസ്കരും വിശ്വസ്തരും നന്നായി പരിശോധിക്കപ്പെട്ടവരും ആയിരിക്കണം. നിങ്ങള്‍ക്കുവേണ്ടിയുള്ള അവരുടെ ശുശ്രൂഷ പ്രവാചകന്മാരുടെയും ഉപദേഷ്ടാക്കളുടെയുംപോലെയാണ്. പ്രവാചകന്മാരോടും ഉപദേഷ്ടാക്കളോടുംകൂടെ അവര്‍ക്ക് നിങ്ങളുടെ ഇടയില്‍ മാന്യമായ സ്ഥാനമുണ്ട്' (15:1-2).
പ്രവാചകന്മാര്‍
ആദിമസഭയില്‍ പ്രവാചകന്മാര്‍ പ്രമുഖസ്ഥാനം അലങ്കരിച്ചിരിക്കുന്നു. 'അദ്ദേഹം (പ്രവാചകന്‍) നിങ്ങളുടെ മേല്‍പ്പട്ടക്കാരനാകുന്നു' (13,3). പ്രവാചകന്മാരെ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിക്കണം: 'അവരുടേതായ വിധത്തില്‍ നന്ദി പറയുവാന്‍ (എവുക്കരിസെയിന്‍) അവരെ അനുവദിക്കുവിന്‍' (10:7). അവര്‍ ആദ്യഫലത്തിന് അര്‍ഹരാണ്: 'മുന്തിരിയുടെയും ധാന്യങ്ങളുടെയും ആദ്യഫലങ്ങള്‍ പ്രവാചകന്മാര്‍ക്ക് കൊടുക്കുവിന്‍. അപ്പമുണ്ടാക്കുന്നെങ്കില്‍, ആദ്യത്തേത് എടുത്ത് കല്പനാനുസരണം കൊടുക്കുവിന്‍. അതുപോലെ വീഞ്ഞോ, എണ്ണയോ നിറച്ച ഭരണികള്‍ തുറക്കുമ്പോള്‍ ആദ്യമായി എടുത്ത് പ്രവാചകന്മാര്‍ക്കു നല്‍കുക. പണം, വസ്ത്രങ്ങള്‍ അതുപോലെ നിങ്ങളുടെ സമ്പാദ്യം ഒക്കെയും ആദ്യഫലം നിങ്ങള്‍ക്കു കൊടുക്കണമെന്നു തോന്നുന്ന രീതിയില്‍ എടുത്ത് കല്പനാനുസരണം കൊടുക്കുവിന്‍' (13:3-7). പ്രവാചകന്മാരെ വിധിക്കാന്‍ ജനങ്ങള്‍ക്കധികാരം ഇല്ലായിരുന്നു (11:11). പ്രവാചകന്മാരെ വിമര്‍ശിക്കുക പാപമായി കരുതപ്പെട്ടിരുന്നു: 'ഒരു പ്രവാചകന്‍ ഹര്‍ഷോന്മത്തമായ ഭാഷണങ്ങള്‍ നടത്തിയാല്‍ അവനെ പരീക്ഷിക്കുകയോ, പരിശോധിക്കുകയോ ചെയ്യരുത്. കാരണം, എല്ലാ പാപവും ക്ഷമിക്കപ്പെടും; ഈ പാപം ക്ഷമിക്കപ്പെടുകയില്ല' (11:7).
സഹോദര സ്നേഹത്തിനും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും ഡിഡാക്കെ പ്രാധാന്യം കൊടുക്കുന്നു. ദാനം കൊടുക്കല്‍ പ്രശംസനീയമാണ്. എന്നാല്‍ ഓരോരുത്തരും അവനവന്‍റെ ആവശ്യാനുസരണം അധ്വാനിച്ചു ജീവിക്കണം. ജോലി ചെയ്യാന്‍ കഴിവില്ലാത്തവന്‍ മാത്രമാണ് ദാനം സ്വീകരിക്കുന്നതിനു അര്‍ഹന്‍:
'വന്നവന്‍ ഒരു വഴിയാത്രക്കാരനാണെങ്കില്‍ നിങ്ങളാല്‍ ആവുംവിധം സഹായിക്കുവിന്‍. എന്നാല്‍ അവന്‍ നിങ്ങളോടൊപ്പം രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ താമസിക്കരുത്. ഏറിയാല്‍ മൂന്നു ദിവസം. അവന്‍ നിങ്ങളോടൊത്തു താമസിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൈത്തൊഴില്‍ പണിക്കാരനാണെങ്കില്‍ അവന്‍ അധ്വാനിക്കണം. അവന് ഒരു തൊഴിലും അറിയില്ലെങ്കില്‍, ക്രിസ്തുവിന്‍റെ ഒരു ശിഷ്യനും നിങ്ങളുടെയിടയില്‍ അലസനായി വര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍ നടപടി എടുക്കണം. അവന് അതിനു സമ്മതമല്ലെങ്കില്‍, അവന്‍ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നു, അത്തരക്കാരെ നിങ്ങള്‍ സൂക്ഷിക്കണം' (12:2-5).
സഭ സാര്‍വ്വത്രികമാണ്. എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു ലോകസഭയെയാണു ഡിഡാക്കെ കാണുന്നത്. 'എക്ലേസിയാ' എന്ന പദം പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ചുകൂടിയിരിക്കുന്ന വിശ്വാസികളുടെ സമൂഹത്തെ മാത്രമല്ല, ദൈവരാജ്യത്തില്‍ സ്ഥാപിക്കപ്പെടുന്ന പുതിയ ജനത്തെ-പുതിയ ക്രിസ്തീയ വംശത്തെ- സൂചിപ്പിക്കുന്നു. സഭ ഏകവും വിശുദ്ധവുമാണ്. സഭയുടെ ഐക്യത്തിന്‍റെ പ്രതീകമാണ് കുര്‍ബ്ബാനയപ്പം (9:4). സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു ശ്രദ്ധേയമാണ്: 'കര്‍ത്താവേ നിന്‍റെ സഭയെ ഓര്‍ക്കണമേ. എല്ലാവിധ തിന്മകളില്‍നിന്നും അവളെ രക്ഷിക്കണമേ. നിന്‍റെ സ്നേഹത്തില്‍ അവളെ പൂര്‍ണ്ണയാക്കണമേ. വിശുദ്ധീകരിക്കപ്പെട്ട അവളെ അവള്‍ക്കുവേണ്ടി നീ ഒരുക്കിയിരിക്കുന്ന നിന്‍റെ രാജ്യത്തിലേക്കു നാല് ദിക്കുകളില്‍നിന്നും ഒന്നിച്ചു ചേര്‍ക്കണമേ. എന്തെന്നാല്‍ ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു' (10:5).
കാലാന്ത്യം
ഡിഡാക്കെയില്‍ കാലാന്ത്യചിന്ത പ്രമുഖമായിട്ടുണ്ട്. കുര്‍ബാനയ്ക്കുള്ള പ്രാര്‍ത്ഥനകളില്‍ അതു സുതാര്യം വ്യക്തമാണ്: 'കൃപ വരികയും ഈ ലോകം കടന്നുപോകുകയും ചെയ്യട്ടെ.... ഞങ്ങളുടെ കര്‍ത്താവേ, വന്നാലും.'മാറാനാത്താ' (10:6) കര്‍ത്താവിന്‍റെ പുനരാഗമനം അടുത്തിരിക്കുന്നു, എന്നാല്‍ ആ സമയം അവ്യക്തമായി നിലകൊള്ളുന്നു. അക്കാരണത്താല്‍ വിശ്വാസികള്‍ കൂടെക്കൂടെ ഒന്നിച്ചുകൂടി, ആത്മീയ ജീവിതത്തിനുള്ള കാര്യങ്ങള്‍ ആരായണമെന്ന് ആദിമക്രൈസ്തവര്‍ വിശ്വസിച്ചിരുന്നു. കാലാന്ത്യത്തിന്‍റെ അടയാളത്തെപ്പറ്റി ഡിഡാക്കെ മുന്നറിയിപ്പു തരുന്നു: 'അന്ത്യനാളുകളില്‍ അസംഖ്യം കള്ളപ്രവാചകന്മാരും വഴിപിഴയ്ക്കുന്നവരും വര്‍ദ്ധിക്കും, ആടുകള്‍ ചെന്നായ്ക്കളായും സ്നേഹം വിദ്വേഷമായും മാറും. അധര്‍മം പെരുകുന്നതോടൊപ്പം മനുഷ്യര്‍ പരസ്പരം വെറുക്കുകയും പീഢിപ്പിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്യും. അപ്പോള്‍ ലോകചതിയന്‍ ദൈവപുത്രന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെടും. അവന്‍ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. ഭൂമി അവന്‍റെ കൈകളില്‍ നിപതിക്കും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത കൊടിയ ദ്രോഹം അവന്‍ കാട്ടിക്കൂട്ടും. അപ്പോള്‍ മനുഷ്യര്‍ അഗ്നിപരിശോധനയ്ക്കു വിധേയരാക്കപ്പെടും. അനേകര്‍ ഇടറുകയും നശിക്കുകയും ചെയ്യും. എന്നാല്‍ വിശ്വാസത്തില്‍ നിലനില്‍ക്കുന്നവര്‍ ശാപത്താല്‍തന്നെ രക്ഷപ്രാപിക്കും. അപ്പോള്‍ സത്യത്തിന്‍റെ അടയാളങ്ങള്‍ കാണപ്പെട്ടു തുടങ്ങും' (16:3-6). അതുകൊണ്ട് ക്രിസ്ത്യാനികള്‍ ഒരുക്കമുള്ളവരായിരിക്കാന്‍ ഡിഡാക്കെ ഉപദേശിക്കുന്നു: 'നിങ്ങളുടെ വിളക്കുകള്‍ കെട്ടുപോകുവാന്‍ അനുവദിക്കരുത്. നിങ്ങളുടെ അരകെട്ടി ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍ നമ്മുടെ കര്‍ത്താവ് വരുന്ന നാഴിക നിങ്ങള്‍ അറിയുന്നില്ലല്ലോ' (16:1). അവസാനത്തെ അധ്യായം മുഴുവന്‍ യുഗാന്ത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണ്.
എഴുതിയ കാലം
എഴുതിയ കാലത്തെപ്പറ്റി കൃതിയില്‍നിന്നു ഗ്രഹിക്കാനാവില്ല. ഡിഡാക്കെ തയാറാക്കിയ ആള്‍ അന്നു നിലവിലിരുന്ന ഗാര്‍ഹികവും ആരാധനാക്രമപരവുമായ പല നിയമങ്ങളും ഒന്നിച്ചുചേര്‍ത്തു. അവയെ ഒന്നിച്ചൊരു സമാഹാരമാക്കുന്നതിന് അയാള്‍ തത്രപ്പെട്ടില്ല. ഡിഡാക്കെയിലെ 'ഇരുവഴി'പ്രബോധനം മറ്റുപല പ്രാചീന കൃതികളിലും കാണാം. ഇതിന്‍റെ മൂലരൂപം അന്‍പതിനും എഴുപതിനും ഇടയ്ക്ക് വിരചിതമായി. ഇപ്പോഴുള്ള രൂപം 100 നും 150 നും ഇടയ്ക്കു സിറിയായില്‍വച്ച് എഴുതപ്പെട്ടെന്നു കരുതാം. പല പ്രാചീന ഗ്രന്ഥകര്‍ത്താക്കളും ഡിഡാക്കയെ പുതിയ നിയമത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ എവുസേബിയസ് (സഭാചരിത്രം 3,25,4), അത്തനാസ്യോസ് (ലേഖനം 39), റൂഫിനസ് (ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തിന്‍റെ വ്യാഖ്യാനം 38) എന്നിവര്‍ ഇതിന്‍റെ കാനോനികതയെ എതിര്‍ക്കുകയും ഇതൊരു 'അപ്പോക്രീഫാ' മാത്രമായതിനാല്‍ ബൈബിള്‍ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് വാദിക്കുകയും ചെയ്തു.
'സുറിയാനി ഡിഡസ്കാലിയ', 'ഹിപ്പോളിറ്റസിന്‍റെ അപ്പസ്തോലിക പാരമ്പര്യം', 'അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷന്‍സ' എന്നിവ ഡിഡാക്കെയെ മാതൃകയാക്കിയിട്ടുണ്ട്. സ്നാനാര്‍ത്ഥികളുടെ ഉപദേശാര്‍ത്ഥം ഇത് ഉപയോഗിക്കപ്പെട്ടിരുന്നു എന്നു വി. അത്തനാസ്യോസ് സാക്ഷിക്കുന്നു.
യൂദയോ-ക്രൈസ്തവ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞതാണ് ഡിഡാക്കെ. ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന രീതിയില്‍ എത്തുന്നതിനുമുമ്പ് ഇത് പല മാറ്റങ്ങളില്‍ക്കൂടി കടന്നുപോയിട്ടുണ്ട്. 'ഇരുപാത'ഭാഗം യൂദായിസ്റ്റിക്കാണ്. കുംറാന്‍ സമൂഹത്തില്‍ ഈ പ്രബോധനരീതി മൊത്തത്തില്‍ എസ്സീന്‍ സമൂഹത്തിന്‍റെ നിയമാവലിയോടു സദൃശ്യമാണ്. ഒഴുകുന്ന വെള്ളത്തിലുള്ള മാമ്മോദീസാ, ദിവസങ്ങളില്‍ മൂന്നുപ്രാവശ്യമുള്ള പ്രാര്‍ത്ഥന (8:3) എന്നിവ എസ്സീന്‍ നിയമങ്ങളോടു സദൃശ്യമാണ്. കുര്‍ബാനയെ സംബന്ധിച്ച പ്രാര്‍ത്ഥനകള്‍ യൂദപാരമ്പര്യങ്ങളോടു ബന്ധപ്പെട്ടവയും. അവയില്‍നിന്ന് ഉരുത്തിരിഞ്ഞവയുമാണ് (9-10). പ്രവാചകന്മാര്‍ക്കു ഡിഡാക്കെ നല്‍കുന്ന പ്രാധാന്യം യൂദയാ-ക്രൈസ്തവ പാരമ്പര്യത്തില്‍നിന്നുള്ളതാണ്. 'ഏശായായുടെ സ്വര്‍ഗ്ഗാരോഹണം' എന്ന അപ്പോക്രീഫല്‍ കൃതിയും (3:27) ഹെര്‍മാസിന്‍റെ ഇടയനും (കല്പന 11:7-9) പ്രവാചകന്മാര്‍ക്ക് ഇത്തരം പ്രാധാന്യം കൊടുക്കുന്നുണ്ട്. സുറിയാനി പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഡിഡാക്കെയില്‍ 'ഓശാനാ', 'മാറാനാത്താ', 'അമ്മീന്‍' എന്നീ അറമായ പദങ്ങളും കാണുന്നു.
ഹെര്‍മാസിന്‍റെ ഇടയന്‍
അപ്പസ്തോലിക പിതാക്കന്മാരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നെങ്കിലും ഹെര്‍മാസിന്‍റെ 'ഇടയന്‍' ഒരു അപ്പൊകാലിപ്റ്റിക് അപ്പൊക്രൈഫായാണ് റോമില്‍വച്ച് ഹെര്‍മാസിനുണ്ടായ വെളിപാടാണ് ഇതിന്‍റെ സംഗ്രഹം. രണ്ടു ദൂതന്മാര്‍-ഒന്ന് ഒരു വൃദ്ധയുടെ രൂപത്തിലും, മറ്റൊന്ന് ഒരിടയന്‍റെ രൂപത്തിലും-ഹെര്‍മാസിന് നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുത്തു. 'ഇടയ'ന്‍റെ പേരിനോട് ചേര്‍ന്നാണ് ഗ്രന്ഥം മുഴുവന്‍ അറിയപ്പെടുന്നത്.
ഗ്രന്ഥത്തിന് അഞ്ച് ദര്‍ശനങ്ങളും (visions) 12 കല്പനകളും (mandates) 10 ഉപമകളും (Parables) ഉണ്ട്. ഈ ഗ്രന്ഥം ദൈവനിവേശിതം ആണെന്ന് പലരും ധരിക്കുകയും പല സഭാസമൂഹങ്ങളിലും പരസ്യാരാധനയില്‍ ഇത് വായിക്കുകയും ചെയ്തു പോന്നു. 'വി. ഗ്രന്ഥം നന്നായി പറഞ്ഞിരിക്കുന്നു' എന്നു പറഞ്ഞാണ് ഇരനെയൂസ് 'ഇടയനി'ലെ ഒരു വാചകം ഉദ്ധരിച്ചിരിക്കുന്നത്, (പാഷ. 4. 20) എവുസേബിയസ് ഈ കാര്യം എടുത്തു പറയുന്നുണ്ട്. (സഭാ. 5. 8). ഗാള്ളിക്കന്‍ സഭയില്‍ ഇത് അറിയപ്പെട്ടിരുന്നു. അലക്സാണ്ട്രിയായിലെ ക്ലെമെന്‍റില്‍ ഇതില്‍നിന്ന് ഉദ്ധരണികളുണ്ട്. എല്ലായ്പ്പോഴും ഇതിലെ വെളിപാടിന്‍റെ ദൈവികസ്വഭാവം അംഗീകരിച്ചുകൊണ്ടുതന്നെയാണ് ക്ലെമെന്‍റ് (+215) ഉദ്ധരിച്ചിട്ടുള്ളത്. ഒരിജന്‍ (+253) മിക്കപ്പോഴും ഇതു ഉദ്ധരിക്കുകയും, വളരെ പ്രയോജനപ്രദവും, നിവേശിതവുമെന്ന് പറയുകയും ചെയ്തിട്ടുണ്ട് (റോമാലേഖനഭാഷ്യം 16:4). ഇതിന്‍റെ ദൈവനിവേശിത സ്വഭാവത്തെപ്പറ്റി സംശയമുള്ളവര്‍ക്ക് ത്യജിക്കാന്‍ ഒരിജന്‍ അനുവാദം നല്‍കുന്നു. ചിലര്‍ ഇത് ദൈവനിവേശിത ഗ്രന്ഥമായി അംഗീകരിക്കുന്നില്ല, എന്നാല്‍ പള്ളികളിലൊക്കെ പരക്കെ ഉപയോഗിക്കുന്നുണ്ട് എന്ന് എവുസേബിയസ് പറയുന്നു (സഭാ. 3.3). അത്തനാസ്യോസ് (+373) ഇത് പഴയനിയമത്തിലെ 'ഡെവുത്തെരൊകാനോനിക്കല്‍' ഗ്രന്ഥങ്ങളുടെകൂടെ ഉള്‍പ്പെടുത്തുന്നു. നിവേശിതമല്ലെങ്കിലും പ്രബോധനപ്രധാനമാണെന്ന് അത്തനാസ്യോസ് സമ്മതിക്കുന്നു. നാലാം നൂറ്റാണ്ടിലെ 'കോഡക്സ് സിനൈറ്റിക്കസി'ല്‍ ഈ ഗ്രീന്ഥം ഉണ്ട്.
'മൂറത്തോറിയന്‍ രേഖാശകല'മനുസരിച്ച് പീയൂസ് പാപ്പായുടെ ഭരണകാലത്ത് (140-150) ഒരു ഹെര്‍മാസാണിത് എഴുതിയത്. ജനങ്ങളുടെ ഭക്തിവര്‍ദ്ധനവിനും മറ്റും ഇത് വായിക്കാം. എന്നാല്‍ വി. ഗ്രന്ഥങ്ങളോടൊപ്പം പള്ളിയില്‍ പരസ്യമായി വേണ്ട എന്ന അഭിപ്രായമാണ് രേഖാശകലത്തിനുള്ളത്. 'ഇടയന്‍റെ പ്രാധാന്യത്തെപ്പറ്റി തെര്‍ത്തുല്യനും സാക്ഷ്യം നല്‍കുന്നു'. 'പ്രാര്‍ത്ഥനയെപ്പറ്റി'(ഉല ീൃമശേീില) എന്ന കൃതിയില്‍, പ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ ആളുകള്‍ ഇരിക്കുന്ന പതിവിനെ സംബന്ധിച്ച് തെര്‍ത്തുല്യന്‍ തര്‍ക്കിക്കുന്നു. 'പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഹെര്‍മാസ് കട്ടിലില്‍ ഇരുന്നു' എന്ന ഒറ്റ കാരണമേ ഇരിക്കാന്‍ പ്രേരകമായി തെര്‍ത്തുല്യന്‍ കാണുന്നുള്ളൂ.
രണ്ടാംനൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍, മിക്കസഭകളും 'ഇടയനു'നിവേശിതം കല്പിച്ചിരുന്നു. ഹെര്‍മാസിന്‍റെ ദര്‍ശനങ്ങള്‍ യഥാര്‍ത്ഥങ്ങളായി കരുതപ്പെട്ടിരുന്നു. 'ദൂരെയുള്ള പട്ടണങ്ങള്‍ക്ക്' ഈ ഗ്രന്ഥം അയച്ചുകൊടുക്കാന്‍ ഏതോ ഒരു ക്ലെമെന്‍റിന് ഗ്രന്ഥത്തില്‍ തന്നെ നിര്‍ദ്ദേശമുണ്ട്. (ദര്‍ശനം 2.4). അതിനാലായിരിക്കാം ആദിമസഭയില്‍ വളരെ ഉന്നതമായൊരു സ്ഥാനം ഇതിനുണ്ടായിരുന്നത്.
ഉള്ളടക്കം
ഒന്നാംഭാഗത്ത് (ദര്‍ശനം 1-4) വൃദ്ധയായ ഒരു സ്ത്രീയില്‍നിന്ന് ഹെര്‍മാസ് ദര്‍ശനം സ്വീകരിക്കുന്നതാണ്. സാവധാനം അവള്‍ യൗവനയുക്തയായി മാറുന്നു; ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട സഭയുടെ പ്രതീകമാണ് സ്ത്രീ. പാപപരിഹാരാര്‍ത്ഥം പ്രായശ്ചിത്തം അനുഷ്ഠിക്കാന്‍ സ്ത്രീ ഹെര്‍മാസിനെ ഉപദേശിക്കുന്നു. പണിതുകൊണ്ടിരിക്കുന്ന ഒരു ഗോപുരം മൂന്നാം ദര്‍ശനത്തില്‍ സ്ത്രീ അവനെ കാണിക്കുന്നു. ക്രിസ്തുമതത്തിന്‍റെ ഭാവിസൂചകമാണ് ആ ഗോപുരം. ചേരാത്ത കല്ലുകള്‍ ദൂരെ എറിയപ്പെടുന്നതുപോലെ അനുതപിക്കാത്ത പാപികള്‍ സഭയില്‍നിന്ന് തിരസ്കൃതരാകും. പിന്നീട് അലംകൃതയായ വധുവായി സഭയെ അവന്‍ കാണുന്നു. നാലാം ദര്‍ശനത്തില്‍ സ്ത്രീയുടെ രൂപം മാറി ഒരിടയന്‍ തല്‍സ്ഥാനത്ത് കാണപ്പെടുന്നു. അവന്‍റെയും പ്രസംഗവിഷയം അനുതാപമാണ്. അവനാണ് ഹെര്‍മാസിലെ കല്പനകളും ഉപമകളും പറഞ്ഞുകൊടുക്കുന്നത്.
രണ്ടാം ഭാഗത്തു 12 കല്പനകളും 10 ഉപമകളും ഉള്‍ക്കൊള്ളുന്നു. 12 കല്പനകള്‍ ക്രിസ്ത്യന്‍ ധര്‍മ്മസംഹിതാസമാഹാരമാണ്. അനുതാപത്തിന്‍റെ പുതിയ ജീവിതത്തിനാവശ്യമായ പ്രമാണങ്ങളാണവ. 10 ഉപമകളില്‍ ആദ്യത്തേ 5 എണ്ണം ധാര്‍മ്മികനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ക്രിസ്ത്യാനികള്‍ ഈ ധരയില്‍ പരദേശികളാണെന്ന് ഒന്നാം ഉപമ പഠിപ്പിക്കുന്നു. ആവശ്യക്കാരെ ധനവാന്മാര്‍ സഹായിക്കണം എന്ന് രണ്ടാമത്തേത് നിര്‍ദ്ദേശിക്കുന്നു. കഠിനമായ തെറ്റുകളാല്‍ സഭാജീവിതത്തില്‍ നിന്നകന്നവര്‍ അനുതാപം വഴി കൃപാവര ജീവിതത്തിലെത്തണം എന്ന് ഉപമ ചൂണ്ടിക്കാട്ടുന്നു. പത്താമത്തേത് ഈ കൃതിയുടെ ഉപസംഹാരമാണ്.
സഭയിലെ എല്ലാത്തരം ആളുകളെപ്പറ്റിയും ഹെര്‍മാസിന് പറയാനുണ്ട്. നല്ലവരും ദുഷ്ടരുമായ ക്രിസ്ത്യാനികളെ നാമതില്‍ കണ്ടുമുട്ടും. മെത്രാന്മാരെപ്പറ്റിയും, വൈദികരെപ്പറ്റിയും, ഡീക്കന്മാരെപ്പറ്റിയും സ്തുത്യര്‍ഹമായി വിവരിച്ചിരിക്കുന്നത് നമുക്കിവിടെ കാണാം. വിധിക്കേല്പിക്കപ്പെട്ടവരും, അഹങ്കാരികളും, കരുതലില്ലാത്തവരും, ആയ വൈദികരും, വിധവകളുടെയും അനാഥരുടെയും പണം സ്വന്തമാക്കിയ ഡീക്കന്മാരെയും നാം കണ്ടുമുട്ടുന്നു. സത്യവിശ്വാസാര്‍ത്ഥം ജീവന്‍ ഹോമിച്ച രക്തസാക്ഷികളെയും, വിശ്വാസത്യാഗികളായ മനുഷ്യരെയും, വെറും ലൗകികനേട്ടത്തിനുവേണ്ടി ദൈവത്തെയും സഹക്രിസ്ത്യാനികളെയും ശപിച്ച ജനങ്ങളെയും നമുക്കതില്‍ കാണാം. പാപ കളങ്കമേശാത്ത ജനങ്ങളെപ്പറ്റിയും എല്ലാവിധ പാപങ്ങളുമുള്ളവരെപ്പറ്റിയും ഹെര്‍മാസ് വിവരിക്കുന്നു. ധനം ഉണ്ടെങ്കിലും അത് ഇറുക്കിപ്പിടിച്ചുകൊണ്ടിരിക്കുന്നവരും ഉള്ള ധനം ദാനം ചെയ്യുന്നവരും എല്ലാം ഹെര്‍മാസില്‍ അപഗ്രഥനവിഷയമായിട്ടുണ്ട്. ചുരുക്കത്തില്‍ റോമാസഭയുടെ ഒരു ആത്മശോധനയാണ് 'ഇടയന്‍'.
നല്ല ജീവിതം നയിക്കുന്നവരാണു ഹെര്‍മസിന്‍റെ നോട്ടത്തില്‍ അധികം പേരും.
മാമ്മോദീസായ്ക്കുശേഷം പാപമോചനത്തിനു സഭയില്‍ സ്ഥാനമുണ്ട്. ഇതൊരു പുതിയ പ്രബോധനമല്ല. സ്നാനത്തിനു ശേഷമുള്ള പാപം സഭാംഗത്വം നഷ്ടമാക്കുന്നു എന്ന ചിലരുടെ പ്രബോധനം ഹെര്‍മാസ് സ്വീകരിക്കുന്നില്ല. ഒരു പാപിയും ഒഴിവാക്കപ്പെടുന്നില്ല അനുതപിക്കുന്നവരെല്ലാം രക്ഷപെടും. അനുതാപം മാനസ്സാന്തരത്തിലേക്കു നയിക്കണം. സഭ നല്‍കുന്ന അവസരം വീണ്ടും പാപംചെയ്യാനുള്ള അനുവാദമായി കരുതരുത്. കര്‍ത്താവു സമീപസ്ഥനാകയാല്‍ തെറ്റുകാരന്‍ എത്രയും വേഗം അനുതപിക്കണം. ഒട്ടും മാറ്റിവയ്ക്കാന്‍ പാടില്ല. ഗോപുരം പണി പൂര്‍ത്തിയാകുന്നതിനു മുന്‍പിതു നടന്നിരിക്കണം. പാപിക്ക് അനുതപിക്കാന്‍ അവസരം നല്കികൊണ്ടു പണി നിര്‍ത്തിവയ്ക്കപ്പെട്ടിരിക്കയാണ്.
പാപി മാനസ്സാന്തരപ്പെടണം; പ്രായശ്ചിത്തം ചെയ്യണം, ഉപവസിക്കണം, ജീവിതം നവീകരിക്കണം, ചെയ്ത പാപങ്ങള്‍ക്കു മോചനം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണം. പാപമോചനം വഴി ശുദ്ധീകരണവും വിശുദ്ധീകരണവും ലഭിക്കുന്നു. സഭ രക്ഷയ്ക്കുള്ള സ്ഥാപനമാണ്. മൂപ്പന്മാര്‍ പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥന അര്‍പ്പിക്കണം.
ഹെര്‍മാസിന്‍റെ ത്രിത്വം പിതാവും പരിശുദ്ധാത്മാവും മാത്രം ഉള്ളതാണ്. രണ്ടാമത്തെ ആളിനെ പുത്രനായി ഹെര്‍മാസ് കരുതുന്നു. മാനുഷികവശം പരിഗണിക്കപ്പെടുമ്പോള്‍ രക്ഷകന്‍ ദൈവത്തിന്‍റെ ദത്തുപുത്രനാണ്.
സഭ എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ളവളാണ്. അതിനാലത്രേ അവള്‍ വൃദ്ധയായിരിക്കുന്നത്. സഭയ്ക്കുവേണ്ടിയാണു പ്രപഞ്ചം മുഴുവനും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത് (ദര്‍ശനം, 2, 4, 1). ഗോപുരം സഭയെ സൂചിപ്പിക്കുന്നു. (ദര്‍ശനം, 3, 3, 31; ഉപമ 8. 13,1) വിജയസഭയുടെ പ്രതീകമാണു പണിതീര്‍ന്ന ഗോപുരം.
സ്നാനംവഴി അത്രേ മനുഷ്യര്‍ സഭയില്‍ പ്രവേശിക്കുന്നത് (ദര്‍ശനം, 3, 3.5). സ്നാനത്തെ മുദ്ര എന്നു ഒരിടത്തു ഹെര്‍മാസ് വിളിക്കുന്നു (ഉപമ, 9, 16). ശ്ളീഹന്മാരും പ്രബോധകരും മരിച്ചവരുടെ പക്കലേക്ക് ഇറങ്ങിച്ചെന്നു അവര്‍ക്കു സ്നാനം നല്‍കി. അങ്ങനെ ക്രിസ്തുവിനു മുന്‍പുള്ള നീതിമാന്മാര്‍ സഭയിലായി.
കല്പനയും ഉപദേശവും തമ്മിലൊരന്തരം ഹെര്‍മാസില്‍ കാണാം: 'കടപ്പെട്ട'കാര്യങ്ങളും, പുണ്യപൂര്‍ണ്ണതയ്ക്കു ചേര്‍ന്നവയും (ഉപമ, 5, 3, 3). മനുഷ്യഹൃദയങ്ങളെ വഴിതെറ്റിക്കുന്ന അരൂപികളെപ്പറ്റി ഹെര്‍മാസ് മുന്നറിയിപ്പു നല്‍കുന്നു (കല്പന, 6, 2, 1-4). നല്ല അരൂപികള്‍ നന്മയിലേക്കു നയിക്കുന്നു. അവര്‍ നന്മയും, വിശുദ്ധിയും, അടക്കവും, നീതിയും നമ്മില്‍ സംസാരിക്കുന്നു. നല്ലതും തീയതുമായ ആത്മാക്കള്‍ക്കു ഒരേ സമയം ഒരേ ഹൃദയത്തില്‍ കുടികൊള്ളുവാന്‍ സാദ്ധ്യമല്ല (കല്പന 5, 2, 5-7).
വ്യഭിചാരിണിയെ ദൂരെയകറ്റണം. അവള്‍ അനുതപിച്ചാല്‍ സ്വീകരിക്കണം. സ്വീകരിച്ചില്ലെങ്കില്‍ ഭര്‍ത്താവ് തെറ്റുകാരനാണ് (കല്പന 4, 1, 8).
ആദ്യവിവാഹത്തിലെ പങ്കാളി മരിച്ചാല്‍ പുനര്‍വിവാഹം ചെയ്യുവാന്‍ ഹെര്‍മാസ് അനുവദിക്കുന്നു. മിക്ക ആദിമ പിതാക്കന്മാരും ഇതിനെതിരായിരുന്നു (കല്പന, 4, 4, 1-2).
'രണ്ടു മാലാഖമാരുടെ തത്ത്വം' 'ഇരുപാതതത്ത്വത്തിന്‍റെ ഒരു വികസനമാണ്'. ഹെര്‍മാസിലും ഇരുപാത തത്ത്വത്തിന്‍റെ നിഴലുകള്‍ കാണാം (കല്പന, 6, 2).
രണ്ടാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന 'യൂദയോ-ക്രിസ്ത്യന്‍ സമൂഹത്തെ ഹെര്‍മാസ് പ്രതിനിധാനം ചെയ്യുന്നു'. 'വെളിപാട്' ഗ്രന്ഥങ്ങളിലെ ദര്‍ശനത്തിനു തുല്യമായവയാണു ഹെര്‍മാസിന്‍റെ വെളിപാടുകള്‍ (Visiions) കല്പനകള്‍ (Mandates). അരൂപികളെ തിരിച്ചറിയാനുള്ള ഒരു പ്രതിപാദനമാണ്. ഡിഡാക്കെയിലും ബര്‍ണബാസിന്‍റെ കത്തിലുമുള്ള 'ഇരുവഴി തത്വം തന്നെ മറ്റൊരു രൂപത്തില്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. ഉപമകള്‍ യൂദന്മാരുടെ 'അപ്പൊക്കലിപ്റ്റിക്' സാഹിത്യത്തില്‍ കാണുന്ന 'സിംബോളിക്കല്‍' ദര്‍ശനങ്ങള്‍ക്കുതുല്യമാണ്. ഉഗ്രകാരമുള്ള മാലാഖമാരുടെ വര്‍ണ്ണന (ഉപമ, 8, 1, 2) ഒരു സ്വര്‍ഗ്ഗാരോഹണത്തില്‍ മാലാഖ പ്രധാന കഥാപാത്രമാകുന്നത് (ഉപമ, 3.10,1) ആദിയായവ 'യൂദയോ-ക്രിസ്ത്യന്‍' പാരമ്പര്യത്തില്‍നിന്ന് വരുന്നതാണ്. 'പത്രോസിന്‍റെ സുവിശേഷത്തിലും' 'യൂദന്മാരുടെ അപ്പൊക്കലിപ്റ്റിക്' സാഹിത്യത്തിലും കുംറാന്‍ ആദ്ധ്യാത്മികതയിലും ഇത്തരം വര്‍ണ്ണനകള്‍ക്കു വളരെ പ്രസക്തിയുണ്ട്.
'മരിച്ചവരുടെ ഇടയിലേക്കുള്ള യാത്ര' പഴയനിയമവിശുദ്ധരുടെ രക്ഷയ്ക്കുവേണ്ടിയാണ് എന്ന ആശയം (ഉപമ, 9, 16. 2) 'പത്രോസിന്‍റെ സുവിശേഷ'ത്തിലും 'അപ്പസ്തോലന്മാരുടെ ലേഖനത്തിലും'കാണാം. അതായതു ഈ ആശയം യൂദയോ-ക്രിസ്ത്യനെന്നു ചുരുക്കം.
ഹെര്‍മാസിന്‍റെ 'ആന്‍ജെലോമോര്‍ഫിക്' ദൈവശാസ്ത്രം യൂദയോ-ക്രിസ്ത്യനാണ്. വചനമായ ദൈവം പ്രധാനപ്പെട്ട ആറു മാലാഖമാരില്‍ ഒരുവനാണ്. ത്രിത്വ തിയോളജിയുടെ സിംബലുകള്‍ 'ആന്‍ജെലോളജി'യില്‍നിന്നു കടമെടുത്തവയാണ്.
'നാമം' എന്ന പദം വചനത്തെ സൂചിപ്പിക്കുന്നതു യൂദയോ-ക്രിസ്ത്യനാണ്. 'സത്യസുവിശേഷം' (The Gospel of truth) എന്ന ഗ്നോസ്റ്റിക് കൃതിയില്‍ ഈ പ്രയോഗമുണ്ട്. ഗ്നോസ്റ്റിക്കുകാര്‍ ഇതു യൂദയോ-ക്രൈസ്തവ പാരമ്പര്യത്തില്‍നിന്നു എടുത്തതാണ്.
കുര്‍ബാനയെ ഭക്ഷണവുമായി ബന്ധിക്കുന്നതു യൂദയോ-ക്രിസ്ത്യന്‍ പാരമ്പര്യമാണ്.
'ഇരുമനസ്സ്' (double-mindedness) എന്ന പ്രയോഗം ഒരു 'റബീനിക്കന്‍' പദമാണ്. അതു യൂദ പാരമ്പര്യത്തില്‍നിന്നു വരുന്നതാണ്. 'ഇരുമനസ്സാണ്' സത്യത്തെ തിരസ്കരിച്ചു തിന്മയെ ആശ്ലേഷിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
ഏക ദൈവത്തില്‍ വിശ്വസിച്ച് അവനെ ഭയപ്പെടാനുള്ള കല്പന യൂദമതത്തില്‍നിന്നുള്ള സ്വാധീനമാണ്. ഹെര്‍മാസ് അതു വളരെ ശക്തിയായി പഠിപ്പിക്കുന്നു.
ചുരുക്കത്തില്‍ വളരെ ശക്തമായ ഒരു യഹൂദപശ്ചാത്തലം ഹെര്‍മാസില്‍ ദര്‍ശിക്കുവാന്‍ സാധിക്കും ഹെര്‍മാസിന്‍റെ യൂദയോ-ക്രിസ്ത്യന്‍ പാരമ്പര്യം കൃതിയില്‍ വളരെ സ്പഷ്ടമാണ്. പലരും ഹെര്‍മാസിനെ മന്ദബുദ്ധിയെന്നും 'ഭക്തന്‍' എന്നും മറ്റും പറഞ്ഞു പഴിക്കാറുണ്ട്. എന്നാല്‍ തന്‍റെ കാലത്തുണ്ടായിരുന്ന ക്രൈസ്തവ സമൂഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയവനാണു ഹെര്‍മാസ് എന്നു കൃതിയില്‍നിന്നു വ്യക്തമാണ്. അക്കാലത്തുള്ളവര്‍ എങ്ങനെ ചിന്തിക്കുകയും, പ്രവര്‍ത്തിക്കയും ചെയ്തിരുന്നുവെന്നു 'ഇടയ'നില്‍ നിന്നറിയുവാന്‍ നമുക്കു സാധിക്കും (L.W.Barnard, op. cit. P.63). ഹെര്‍മാസ് ഒരു ദൈവശാസ്ത്രജ്ഞനേയല്ല. ഹെര്‍മാസിലുള്ള ദൈവശാസ്ത്രം തികച്ചും അവ്യക്തമാണ്. അവനൊരു ദാര്‍ശനികനും പ്രവാചകനുമാണ്! അവന്‍ ദര്‍ശിച്ചവ കുത്തിക്കുറിക്കുവാന്‍ തത്രപ്പെട്ടു. അത് അവന്‍റെ ഭാഷാശൈലിയില്‍ക്കൂടി കടന്നപ്പോള്‍ 'ഇടയന്‍' പിറന്നു.
Apostolic Fathers catholic malayalam mananthavady diocese Rev. Fr. Joseph Kakkaramattathil Rev. Dr. Thomas Kochukarottu Bishop Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206