We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany On 22-Aug-2020
1. മാലാഖമാര്‍ എന്ന പേരില്‍ വിശുദ്ധഗ്രന്ഥം വിശേഷിപ്പിക്കുന്ന ദൈവിക ദൗത്യവാഹകരായ അരൂപികള്‍ ഉണ്ട് എന്നത് സഭയുടെ വിശ്വാസസത്യമാണ്. യഹൂദരില്‍ സദുക്കായ വിഭാഗം മാലാഖമാരിലുള്ള വിശ്വാസം നിഷേധിച്ചിരുന്നു (അപ്പ 23:8). ദൈവിക ഗുണങ്ങളുടെ വൈയക്തികരൂപങ്ങളായി ചിത്രീകരിക്കപ്പെടുന്ന സാങ്കല്‍പിക പ്രതിഭാസങ്ങളായി മാലാഖാമാരെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. ബാബിലോണിയന്‍ - പേര്‍ഷ്യന്‍ പാരമ്പര്യങ്ങളില്‍നിന്ന് ബൈബിളില്‍ കടന്നുകൂടിയ ഐതിഹ്യകഥാപാത്രങ്ങളായി മാലാഖമാരെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം വ്യാഖ്യാനങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ട് നാലാം ലാറ്ററന്‍ സൂനഹദോസ് (1215 ഏ. ഡി) മാലാഖമാരുടെ അസ്ഥിത്വം ക്രൈസ്തവവിശ്വാസസത്യത്തിന്‍റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചു: "സമയത്തിന്‍റെ ആരംഭത്തില്‍ ദൈവം ഭൗതികലോകത്തോടൊപ്പം അരൂപികളായ മാലാഖാമാരേയും സൃഷ്ടിച്ചു" എന്നതായിരുന്നു സൂനഹദോസിന്‍റെ പ്രബോധനം "ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവായ" എന്ന വിശ്വാസപ്രമാണ പ്രമേയവും ഇതേ സത്യംതന്നെയാണ് വെളിപ്പെടുത്തുന്നത്. ദൃശ്യമായ ഈ ലോകത്തോടൊപ്പം അദൃശ്യരുംഅരൂപികളുമായ മാലാഖാമാരെയും ദൈവം സൃഷ്ടിച്ചു എന്നാണ് ഈ വിശ്വാസ പ്രഖ്യാപനം അര്‍ത്ഥമാക്കുന്നത്.
2. മാലാഖാമാരുടെ അസ്ഥിത്വത്തെക്കുറിച്ച് വി. ഗ്രന്ഥത്തിലുടനീളം തെളിവുകളുണ്ട് (പുറ 20:11; കൊളോ 1:16). ദൈവത്തിന്‍റെ സന്ദേശവാഹകരായി മാലാഖാമാര്‍ വരുന്നതിനെക്കുറിച്ചുള്ള നൂറുകണക്കിനു വിവരണങ്ങള്‍ ബൈബിളിലുണ്ട് (ഉല്‍പ 3:24; 16:7; 19:1; 24:7). "മാലാഖാ" എന്ന പദം അവരുടെ പ്രകൃതിയെയല്ല ദൗത്യത്തെയാണു സൂചിപ്പിക്കുന്നത് എന്ന വി. ആഗസ്തീനോസിന്‍റെ നിരീക്ഷണം തികച്ചും ശരിയാണ് (En. in Ps. 103.1= PL 37, 1348). കാരണം "മലാഖ്" എന്ന ഹീബ്രുക്രിയയ്ക്ക് അയയ്ക്കപ്പെടുക, അറിയിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. സ്വഭാവത്താല്‍ അരൂപികളായ അവര്‍ ദൈവത്തിന്‍റെ മുഖം സദാ ദര്‍ശിക്കുന്നവരും (മത്താ 18:9) ദൈവഹിതം നിറവേറ്റാന്‍ സന്നദ്ധരുമാണ് (സങ്കീ 103:20). അശരീരിക സൃഷ്ടികളായ മാലാഖാമാര്‍ ബുദ്ധിശക്തിയും ഇച്ഛാശക്തികളുമുള്ള വ്യക്തികളാണ് (CCC 330).
3. മാലാഖാമാരുടെ ദൗത്യം ക്രിസ്തു കേന്ദ്രീകൃതമാണ്. അവിടുത്തെ രണ്ടാമത്തെ ആഗമനത്തില്‍ മാലാഖാമാരുടെ സാന്നിധ്യമുണ്ടാകും (മത്താ 25:31). രക്ഷയുടെ അവകാശികള്‍ക്കു ശുശ്രൂഷചെയ്യാനുള്ള സേവകാത്മാക്കളാണവര്‍ (ഹെബ്രാ 1:14). രക്ഷകന്‍റെ വരവിനു വഴിയൊരുക്കാന്‍ പറുദീസായിലും (ഉല്‍പ 3:24) അബ്രാഹത്തിന്‍റെയും (ഉല്‍പ 18:2) ഹാഗാറിന്‍റെയും (ഉല്‍പ 16:7) പ്രവാചകന്മാരുടെയും (1 രാജാ 19:5) ജീവിതത്തിലും മാലാഖാമാര്‍ നിര്‍ണ്ണായകമായി ഇടപെടുന്നുണ്ട്. ദിവ്യരക്ഷകന്‍റെ ജനനത്തിലും സ്നാപകന്‍റെ ജനനത്തിലും മാലാഖാമാര്‍ ദൈവീക ദൂതന്മാരായി വരുന്നുണ്ട് (ലൂക്കാ 1:11,26; മത്താ 1:20; 2:13). തന്‍റെ ഏകജാതനെ ദൈവദൂതന്മാര്‍ ആരാധിക്കാന്‍ ദൈവം കല്‍പ്പിച്ചിരുന്നു (ഹെബ്രാ 1:6). അവിടുത്തെ മഹത്വമേറിയ രണ്ടാമത്തെ ആഗമനത്തിലും മാലാഖാമാരുടെ സാന്നിധ്യമുണ്ടാകും (മത്താ 13:41; 24:31; ലൂക്കാ 12:8-9).
4. ഈശോയുടെ തുടര്‍ച്ചയായ തിരുസഭയുടെ പ്രവര്‍ത്തനത്തിലും മാലാഖമാര്‍ നിര്‍ണ്ണായകമായി ഇടപെടുന്നുണ്ട് (അപ്പ 5:18-20; 8:26-29; 10:3-8; 12:6-11; 27:23-25). തിരുസ്സഭ ത്രിയേക ദൈവത്തെ ആരാധിക്കുന്നത് ക്രോവേന്മാരോടും സ്രാപ്പേന്മാരോടും മുഖ്യദൂതരോടും ചേര്‍ന്നാണ്. സഭാമക്കളുടെ ജനനം മുതല്‍ മരണംവരെ സംരക്ഷകരായി കാവല്‍മാലാഖമാരുണ്ടെന്ന് തിരുവചനവും (മത്താ 18:10; ലൂക്കാ 16:22; സങ്കീ 34:7; 91:10-13; ജോബ് 33:23-24; സഖ 1:12; തോബി 12:12) സഭാപാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാവല്‍ മാലാഖാമാരെക്കുറിച്ചുള്ള വ്യക്തമായ പ്രബോധനം സഭാപിതാവായ വി. ബേസില്‍ നല്‍കുന്നുണ്ട് (Adv. Eunomium 3.1 = PG 29.656).
മാലാഖാമാരുടെ എണ്ണം
5. മാലാഖാമാര്‍ അസംഖ്യമാണെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പതിനായിരങ്ങളും (ഹെബ്രാ 12:22) ആയിരങ്ങളും (ദാനി 7:10; വെളി 5:11) അനേക വൃന്ദങ്ങളുമായി (മത്താ 26:53) മാലാഖാമാരെക്കുറിച്ച് ബൈബിള്‍ പരാമര്‍ശിക്കുന്നുണ്ട്. സ്യൂഡോ ഡയനീഷ്യസിന്‍റെ കാലം മുതല്‍ മാലാഖമാരെ ഒന്‍പതു ഗണങ്ങളായി (നവവൃന്ദം) തരംതിരിക്കുന്ന പാരമ്പര്യം സഭയില്‍ രൂപപ്പെട്ടു: സെറാപ്പുകള്‍, കെരൂബുകള്‍, സിംഹാസനര്‍, പ്രധാനര്‍, ശാക്തികര്‍, ആധികാരികര്‍, ഉന്നതര്‍, മുഖ്യദൂതര്‍, സാദാ മാലാഖാമാര്‍ എന്നിങ്ങനെ ഒന്‍പതുഗണങ്ങളായാണ് മാലാഖാമാരെ തരംതിരിച്ചിരിക്കുന്നത്. മുഖ്യദൂതന്മാരെ ഏഴായി തരംതിരിക്കുന്ന ഒരു പാരമ്പര്യവും സഭയിലുണ്ട്. ഏഴു മുഖ്യ ദൂതന്മാരുടെ പേരുകളും അവരെ ദൈവം ഭരമേല്പിച്ച ദൗത്യങ്ങളും യഹൂദവിശ്വാസപ്രകാരം ചുവടെ ചേര്‍ക്കുന്നു: 1. മിഖായേല്‍ - മാലാഖാഗണങ്ങളുടെ തലവന്‍. നരക പിശാചില്‍നിന്നു സംരക്ഷണമേകുന്നു. 2. യോഫിയേല്‍ - വിജ്ഞാനത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും മധ്യസ്ഥനായാണ് ഈ മാലാഖാ അറിയപ്പെടുന്നത്.3. കെമുവേല്‍ - തകര്‍ന്നുപോയ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്നവനും ബന്ധങ്ങള്‍ തകരാതെ നിലനിര്‍ത്താനും ഈ മാലാഖയുടെ മാധ്യസ്ഥ്യം അനുഗ്രഹപ്രദമാണ്. 4. ഗബ്രിയേല്‍ - ദൈവികസന്ദേശവാഹകനായി പ്രത്യക്ഷപ്പെടുന്ന ഈ മാലാഖാ അച്ചടക്കത്തിന്‍റെ മധ്യസ്ഥനായാണ് കരുതപ്പെടുന്നത്. വഴിതെറ്റി ജീവിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കാന്‍ ഈ മാലാഖായ്ക്കു കഴിയും. 5. റഫായേല്‍ - വിവാഹത്തിന്‍റെയും ആരോഗ്യത്തിൻറെയും മധ്യസ്ഥനായ ഈ മാലാഖാ തോബിത്തിന്‍റെ അന്ധത സുഖപ്പെടുത്തുകയും തോബിയാസിന്‍റെ വിവാഹം നടത്തുകയും ചെയ്തു. 6. ഊറിയേല്‍ - സമാധാനത്തിന്‍റെ മാലാഖയായിട്ടാണ് ഊറിയേല്‍ അറിയപ്പെടുന്നത്. 7. സദിക്കിയേല്‍ - ക്ഷമയുടെയും പരസ്പരമുണ്ടായിരിക്കേണ്ട വിട്ടുവീഴ്ചാ മനോഭാവത്തിന്‍റെയും മധ്യസ്ഥനായാണ് ഈ മാലാഖാ അറിയപ്പെടുന്നത്. എന്നാല്‍, മാലാഖാമാരുടെ വിവിധവൃന്ദങ്ങളെക്കുറിച്ചുള്ള പഠനങ്ങളോ മുഖ്യദൂതന്മാരുടെ ദൗത്യ ക്രമീകരണങ്ങളോ സഭയുടെ വിശ്വാസസത്യങ്ങളുടെ ഭാഗമല്ല. സഭാപാരമ്പര്യത്തിലെ ചില ദൈവശാസ്ത്ര നിഗമനങ്ങളായി മാത്രം അവയെ മനസ്സിലാക്കിയാല്‍ മതി. മാലാഖാമാരെക്കുറിച്ചുള്ള വിശ്വാസസത്യത്തില്‍ താഴെപ്പറയുന്ന വസ്തുതകള്‍ പ്രസക്തമാണ്.
(a) മാലാഖാമാര്‍ അരൂപികളും ദൈവത്തിന്‍റെ സന്ദേശവാഹകരുമാണ്.
(b) സമയത്തിന്‍റെ ആരംഭത്തില്‍ ശൂന്യതയില്‍നിന്ന് ദൈവം പ്രപഞ്ചത്തോടൊപ്പം മാലാഖാമാരേയും സൃഷ്ടിച്ചു.
(c) മാലാഖാമാര്‍ അരൂപികളാകയാല്‍ അമര്‍ത്യരാണ് (ലൂക്കാ 20:30).
(d) അവര്‍ക്ക് ദൈവത്തെ മുഖാമുഖം ദര്‍ശിക്കാനുള്ള അനുഗ്രഹമുണ്ട്.
മാലാഖാമാരുടെ പതനം
6. ദൈവം മാലാഖാമാരെ സൃഷ്ടിച്ചപ്പോള്‍ അവയ്ക്ക് ബുദ്ധിയും വിവേകവും വരപ്രസാദവും നല്‍കിയിരുന്നു. ദൈവികവരപ്രസാദത്തോടു സ്വതന്ത്രമായി സഹകരിച്ച് ദൈവിക ദര്‍ശനത്തിന് തങ്ങളെത്തന്നെ യോഗ്യരാക്കേണ്ട ചുമതല മാലാഖാമാര്‍ക്കായിരുന്നു എന്ന് മധ്യകാലചിന്തകര്‍ പഠിപ്പിക്കുന്നുണ്ട് (പീറ്റർ ലൊംബാർഡ് Sent. II . d. 4-5). ചില മാലാഖാമാര്‍ തങ്ങളുടെ ദുഷ്ടത നിമിത്തം ഈ വിശ്വാസപരീക്ഷണവഴിയില്‍ (in statu viae) പരാജയമടഞ്ഞു. ദൈവനിഷേധികളായ അവര്‍ നിത്യനാശത്തിലെത്തി (2 പത്രോ 2:4; യൂദാ 6). ഇവരാണ് പിശാചുക്കളായി മാറിയത് എന്നാണ് പരമ്പരാഗത വിശ്വാസം.
പിശാചുക്കളെ തിന്മയുടെ ശക്തികളായിത്തന്നെ ദൈവം സൃഷ്ടിച്ചു എന്നു വാദിക്കുന്ന പാഷണ്ഡതകളാണ് മനിക്കേയിസവും ഗ്നോസ്റ്റിസിസവും. എന്നാല്‍ 1215 ലെ ലാറ്ററല്‍ സൂനഹദോസ് ഈ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്, ദൈവം നന്മയായി സൃഷ്ടിച്ച അരൂപികള്‍ തങ്ങളുടെ ദുഷ്ടതനിമിത്തം പിശാചുക്കളായി മാറുകയാണുണ്ടായത് എന്ന് പഠിപ്പിച്ചു. 2 പത്രോ 2:4; യൂദാ 6; ലൂക്കാ 10:8; വെളി 12:7 എന്നീ വചനഭാഗങ്ങളെ ആധാരമാക്കിയാണ് കൗണ്‍സില്‍ ഈ പ്രബോധനം നല്‍കിയത്. മാലാഖാമാരെ വഴിതെറ്റിച്ച പാപം അഹന്തയായിരുന്നുവെന്ന് വി. അഗസ്റ്റിനും മഹാനായ ഗ്രിഗറിയും വാദിക്കുന്നുണ്ട്. എന്നാല്‍ വി. ജസ്റ്റിനും തെര്‍ത്തുല്യനും അംബ്രോസുമൊക്കെ മാലാഖാമാരെ വഴിതെറ്റിച്ച പാപം ലൈംഗികപാപമായിരുന്നു എന്ന് ഉല്‍പ 6:1-4 ലെ വിവരണത്തെ ആധാരമാക്കി വാദിച്ചിരുന്നു. എന്നാല്‍ അരൂപികളായ മാലാഖാമാരെ ജഡമോഹങ്ങള്‍ ബാധിച്ചിരുന്നു എന്നു കരുതുക ദുഷ്കരമാണ്. അഹങ്കാരം സകലതിന്മകളുടെയും മാതാവാണെന്ന വി. ഗ്രന്ഥ ദര്‍ശനം (പ്രഭാ 10:15). പിശാചുക്കളുടെ ഉത്ഭവം അഹന്തയില്‍ നിന്നാണെന്ന സൂചന നല്‍കുന്നുണ്ട്. ഏശ 14:12 ല്‍ ബാബിലോണ്‍ രാജാവിന്‍റെ അഹന്തയും സ്വയം ദൈവമാണെന്ന ചിന്തയെയും ലൂസിഫറിന്‍റെ ചിന്തയോട് ഉപമിക്കുന്നുണ്ട്. ലൂസിഫറിന്‍റെ (വഴിതെറ്റിയ മാലാഖാമാരുടെ നേതാവ്) പാപം അഹന്തയായിരുന്നു എന്ന് ഇതില്‍ നിന്നും അനുമാനിക്കാം.
7. പിശാചുക്കള്‍ക്കു ലഭിച്ച ശിക്ഷ നിത്യമായിരുന്നുവെന്ന് വിശുദ്ധ ഗ്രന്ഥവും സഭാപാരമ്പര്യവും പഠിപ്പിക്കുന്നുണ്ട് (മത്താ 25:41; യൂദാ 6; വെളി 20:10). നരകം നിത്യമല്ലെന്നും ശപിക്കപ്പെട്ട മാലാഖമാര്‍ക്ക് കുറേക്കാലങ്ങള്‍ക്കുശേഷം മോചനം ലഭിക്കും എന്നും വാദിച്ച ഒരിജന്‍റെ അനുയായികളുടെ നിലപാടുകളെ ഏ. ഡി. 543 ലെ കോണ്‍സ്റ്റാന്‍റിനേപ്പിള്‍ സൂനഹദോസ് തള്ളിക്കളഞ്ഞു. നരകം നിത്യമാണെന്നും നരകവാസികള്‍ നിത്യശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായാല്‍ ഒരിക്കലും രക്ഷപ്രാപിക്കില്ലെന്നും കൗണ്‍സില്‍ പഠിപ്പിച്ചു.
8. ആദത്തിന്‍റെ പാപം മൂലം മനുഷ്യകുലത്തിന്‍റെയും ഈ ലോകത്തിന്‍റെയുംമേല്‍ പിശാചിന് ചില അധികാരങ്ങള്‍ ലഭിച്ചിരുന്നതായി ത്രെന്തോസ് സൂനഹദോസ് നിരീക്ഷിക്കുന്നുണ്ട് (ഉ 788, 793). ഈ ലോകത്തിന്‍റെ അധികാരി (യോഹ 12:31; 14:30), ഈ ലോകത്തിന്‍റെ ദേവന്‍ (2 കോറി 4:4) എന്നീ സംജ്ഞകള്‍ പിശാചിനെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ഉപയോഗിക്കുന്നതിന്‍റെ കാരണമിതാണ്. എന്നാല്‍ ഈശോയുടെ കുരിശുമരണത്തിലൂടെ സാത്താന്‍റെ ആധിപത്യം അവസാനിച്ചു. ഈ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടുകയും (യോഹ 12:31) മരണസാമ്രാജ്യത്തിന്‍റെ അധികാരി നശിപ്പിക്കപ്പെടുകയും ചെയ്തു (ഹെബ്രാ 2:14). ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തില്‍ സാത്താന്‍റെ പരാജയം പൂര്‍ണ്ണമാകും (കൊളോ 1:13; 2:15; 1 യോഹ 3:8). ഈശോയുടെ കുരിശുമരണം പിശാചിന്‍റെ പരാജയത്തിനു കാരണമായെങ്കിലും കുരിശുമരണത്തിന്‍റെ വരപ്രസാദം തിരസ്കരിക്കുന്നവരിലൂടെ സാത്താന് ഭൂമിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതായാണ് നാം മനസ്സിലാക്കേണ്ടത്. സാത്താനെ പരാജയപ്പെടുത്തിയ ക്രിസ്തുവില്‍ വിശ്വാസംവഴി പങ്കുചേരുക എന്നതാണ് സാത്താന്‍റെ ഉപദ്രവങ്ങളില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗം.
9. ഈ ഭൂമിയിലെ മനുഷ്യരുടെമേല്‍ പിശാചുവരുത്താനിടയുള്ള അസ്വസ്ഥതകളും അനര്‍ത്ഥങ്ങളും വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്:
(a ) മനുഷ്യനെ പാപത്തിലേക്കു പ്രേരിപ്പിക്കാന്‍ അലറുന്ന സിംഹത്തെപ്പോലെ സാത്താന്‍ പരിശ്രമിക്കുന്നു (1 പത്രോ 5:8). ആദിമാതാപിതാക്കളെയും (ഉല്‍പ 3:1-7) കായേനെയും (ഉല്‍പ 4:1-12) യൂദാസിനെയും (യോഹ 13:2,27) അനനിയാസിനെയും (അപ്പ 5:3) പാപത്തില്‍ വീഴിച്ചത് പിശാചാണ്. എന്നാല്‍ നമ്മുടെ കഴിവിന് അതീതമായി നമ്മെ പ്രലോഭിപ്പിക്കാന്‍ പിശാചിനെ ദൈവം അനുവദിക്കില്ല (1 കോറി 10:13).
(b ) മനുഷ്യന് ഭൗതീകമായ നാശനഷ്ടങ്ങളും ശാരീരികത്തകര്‍ച്ചകളുമുണ്ടാക്കാന്‍ പിശാച് പരിശ്രമിക്കും (തോബി 3:8; ജോബ് 1:12; 2:6; 1 കോറി 5:5).
(c) ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ വ്യക്തികളുടെ നിയന്ത്രണം തന്നെ പിശാച് ഏറ്റെടുക്കുകയും മനുഷ്യന് ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. പിശാചുബാധ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് വി. ഗ്രന്ഥത്തില്‍ അനേകം ദൃഷ്ടാന്തങ്ങളുണ്ട് (മത്താ 8:16-28; മര്‍ക്കോ 1:23-28). എന്നാല്‍ മനുഷ്യബുദ്ധിക്കു മനസ്സിലാകാത്ത സകല പ്രതിസന്ധികളെയും പിശാചുബാധയായി വ്യാഖ്യാനിക്കാനുള്ള പ്രവണത അപകടകരമാണ്. മധ്യകാലഘട്ടങ്ങളില്‍ വിശിഷ്യാ ഇന്‍ക്വിസിഷന്‍ കാലത്ത് പിശാചുബാധ ഒഴിപ്പിക്കല്‍ എന്ന പേരില്‍ അനേകം നിരപരാധികള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
angels and demons fall of angels existence of angels sin of Adam and Eve മലാഖ് groups of angels hierarchy of angels Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206