x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

പരിഗണിക്കപ്പെടേണ്ട വാര്‍ദ്ധക്യം

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

 

ചികിത്സയും പരിചരണവും ഏറ്റവും കൂടുതല്‍ കൊടുക്കേണ്ട വ്യക്തികളാണ് പ്രായമായവര്‍. സ്വന്തമായി ഒന്നും ചെയ്യുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ശാരീരികമായ സിദ്ധികള്‍ കുറയുന്നു, ആരോഗ്യകരമായ പല പ്രശ്നങ്ങളും ഈ കാലഘട്ടത്തില്‍ അഭിമുഖീകരിക്കുന്നു. അതുപോലെ ശാരീരികവും മാനസികവും കുടുംബപരവുമായ പല പ്രശ്നങ്ങളും ഇവര്‍ നേരിടുന്നു. ഇങ്ങനെയുള്ളവര്‍ക്ക് പ്രത്യേകമായ പരിചരണം നല്‍കണമെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്.

സഭയ്ക്ക് പ്രായമായവരെക്കുറിച്ച് പ്രത്യേക കരുതലും സ്നേഹവുമുണ്ട്. റോമിലെ അല്‍മായരെക്കുറിച്ചുള്ള കൗണ്‍സില്‍ (1998) പ്രായമായവരുടെ മാഹാത്മ്യത്തെയും സഭയിലും ലോകത്തിലും അവര്‍ ചെയ്യേണ്ട ദൗത്യത്തെയുംകുറിച്ച് പറയുന്നുണ്ട്. വാര്‍ദ്ധക്യം ജീവിതത്തിലെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കുന്നതിനും ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിനുമുള്ള സമയമാണ്. ഇത് തിരസ്കരണം, നിരാശ, എതിര്‍പ്പ് എന്നീ അനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള സമയമല്ല. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം, എന്നാല്‍ ആദ്ധ്യാത്മിക പ്രതിസന്ധികള്‍ ഉണ്ടാകാതെ നോക്കണം.

  1. ഇന്നത്തെ അവസ്ഥ

ഇന്നത്തെ സമൂഹം പ്രായമായവര്‍ക്ക് വേണ്ട സ്ഥാനം നല്‍കുന്നില്ല. ഇളംതലമുറയ്ക്ക് പ്രായമായവരെ പരിചരിക്കുക എന്ന ഒരു ഉത്തരവാദിത്വമുണ്ട്. അവരുടെ മഹത്ത്വം മനസ്സിലാക്കാനും അവര്‍ ജീവിതത്തില്‍ ചെയ്ത നന്മകളെ അംഗീകരിക്കാനും ഉള്ള സമയമാണ്. അതുപോലെ മാനസികവും ആദ്ധ്യാത്മികവുമായി വളരാനും ഒരു സാഹചര്യം അവര്‍ക്ക് ഒരുക്കികൊടുക്കണം.

പ്രായമായവരോട് താത്പര്യമില്ലായ്മയാണ് ഇന്ന് കാണുവാന്‍ സാധിക്കുന്ന ഒരു പ്രവണത. കഴിവിന്‍റെയും ഉപയോഗത്തിന്‍റെയും  ഉപകാരത്തിന്‍റെയും വെളിച്ചത്തിലാണ് എല്ലാം കാണുന്നത്. അതായത് മറ്റുള്ളവരില്‍നിന്നും എനിക്കെന്ത് ലഭിക്കുമെന്നാണ് എല്ലാവരും നോക്കുന്നത്. വ്യക്തികളെക്കൊണ്ട് പ്രയോജനം ഒന്നും ഇല്ലെങ്കില്‍ അവരോട് താത്പര്യം ഇല്ല. നമുക്കുവേണ്ടി അവര്‍ ചെയ്ത കാര്യങ്ങളെ നന്ദിയോടെ ഓര്‍ക്കേണ്ട സമയമാണിത്. അതുകൊണ്ട് ഈ വ്യക്തികളെ ഒരിക്കലും മറക്കരുത്. പ്രായമുള്ളവര്‍ അനുഭവങ്ങള്‍ ധാരാളം ഉള്ളവരാണ്. അവരുടെ അനുഭവങ്ങളാണ് നല്ല തീരുമാനങ്ങളെടുക്കുവാന്‍ നമ്മെ സഹായിക്കുന്നത്. ഒറ്റപ്പെട്ട ദ്വീപുകളായി വളര്‍ന്നുവരാന്‍ ആര്‍ക്കുമാവില്ല. വൃദ്ധരും കുഞ്ഞുങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന സമൂഹവുമായി ബന്ധപ്പെട്ടാണ് സൗഹൃദം വളരുന്നത്.

  1. പ്രായമായവര്‍ ബൈബിളില്‍

വാര്‍ദ്ധക്യത്തിന്‍റെ പ്രാധാന്യം ബൈബിളില്‍ വ്യക്തമാക്കുന്നുണ്ട്. ലേവ്യരുടെ പുസ്തക (19,32) ത്തില്‍ പറയുന്നത് പ്രായമായ വ്യക്തികളെ ബഹുമാനിക്കണമെന്നാണ്. ബൈബിള്‍ ഇത് ദൈവപ്രമാണമായാണ് പഠിപ്പിക്കുന്നത് (നിയ 5,6). മാതാപിതാക്കളെ ബഹുമാനിക്കുക, ദൈവത്തെ ആരാധിക്കുന്ന വ്യക്തി അപ്പനെയും അമ്മയെയും ബഹുമാനിക്കും. അപ്പനെയും അമ്മയെയും ബഹുമാനിക്കാത്തവന്‍ ശപിക്കപ്പെട്ടവനാകട്ടെയെന്ന് പ്രഭാഷകന്‍റെ പുസ്തകം (3,16) പറയുന്നു.

സങ്കീര്‍ത്തനത്തില്‍ (44,2) പറയുന്നു: പൂര്‍വ്വപിതാക്കന്മാരുടെ പ്രവര്‍ത്തനമാണ് നമ്മെ രക്ഷിച്ചതെന്ന്. ദൈവം മോശയോട് പറയുന്നത് ഞാന്‍ പിതാക്കന്മാരുടെ ദൈവം ആണെന്നാണ് (പുറപ്പാട് 3,6). പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസ അനുഭവം നമുക്ക് മാതൃകയാണ്.

വാര്‍ദ്ധക്യം ഫലദായകമാണ് (സങ്കീ 92,14). ദൈവത്തിന്‍റെ ശക്തി പ്രായമായവരിലൂടെ വെളിപ്പെടുന്നു. ദൈവം തന്‍റെ വെളിപാടുകള്‍ തനിക്ക് ഇഷ്ടമുള്ളവരിലൂടെ നല്‍കുന്നു (1 കൊറി 1,27-29). അവിടുന്ന് വിശ്വാസികളുടെ പിതാവായി അബ്രാഹത്തെ തിരഞ്ഞെടുത്തു. വാര്‍ദ്ധക്യത്തില്‍ സാറായ്ക്കും (റോമാ 4,18-20) എലിസബത്തിനും (ലൂക്കാ 1,15-25) കുഞ്ഞുങ്ങളെ നല്‍കുന്നു. രക്ഷാകരചരിത്രത്തില്‍ പ്രായമായവര്‍ക്ക് സ്ഥാനം ഉണ്ട്. സങ്കീര്‍ത്തകന്‍ പറയുന്നത് (91,16) ദീര്‍ഘകാലം ജീവിതം കൊടുത്തുകൊണ്ട് ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കുമെന്നാണ്.

പ്രായമാകുന്ന അവസരത്തില്‍ ശാരീരിക ബുദ്ധിമുട്ടുകളും പ്രയാസവും ഉണ്ടാകുമെന്ന് ബൈബിള്‍ പറയുന്നു. സങ്കീര്‍ത്തകന്‍ പറയുന്നു (90,10) മനുഷ്യന്‍റെ ജീവിതം ഏറിയാല്‍ എഴുപത്, അല്ലെങ്കില്‍ എണ്‍പത്. വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതത്തെ മുഴുവനായി കാണണം (സഭാപ്രസംഗകന്‍ 12,1).  അതുകൊണ്ട് പ്രായമായ അവസരത്തിലും ദൈവത്തിലേക്ക് തിരിഞ്ഞ അബ്രാഹം സന്തോഷത്തോടെയാണ് മരിച്ചത്.

ബൈബിള്‍ പറയുന്നു വാര്‍ദ്ധക്യം വിജ്ഞാനപ്രദമാണ് വിജ്ഞാനം ദൈവത്തിന്‍റെ ദാനമാണ് (സങ്കീ 90,12). വിജ്ഞാനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനുഷ്യജീവന്‍റെ അര്‍ത്ഥം കണ്ടെത്തുകയും ദൈവത്തില്‍ എത്തിച്ചേരുകയെന്നതുമാണ്. ബൈബിള്‍ പറയുന്നത് ഈ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കണം എന്നാണ് (ലൂക്കാ 10,42).

വാര്‍ദ്ധക്യം ദൈവത്തെ മഹത്ത്വപ്പെടുത്തുവാനുള്ളതാണ് (സങ്കീ 71,1). പ്രാര്‍ത്ഥനയാണ് ആദ്ധ്യാത്മിക ജീവിതത്തിന്‍റെ കേന്ദ്രം. വാര്‍ദ്ധക്യത്തിലെ പ്രാര്‍ത്ഥന ദൈവത്തിലേക്ക് വ്യക്തിയെ തിരിക്കുന്നു. പ്രാര്‍ത്ഥന ഒരു സേവനമാണ്; സഭയ്ക്കും ലോകത്തിനുംവേണ്ടി പ്രായമായവര്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനം. എത്രബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും. മനസ്സുകൊണ്ടുള്ള പ്രാര്‍ത്ഥനപോലും വലിയ ശക്തിയുള്ളതാണ്. ഏകാന്തതയും നിരാശയുമൊക്കെ പ്രാര്‍ത്ഥിക്കുന്നതിലൂടെ മാറിപ്പോകുന്നു. പ്രാര്‍ത്ഥന ആദ്ധ്യാത്മികജീവിതം ഫലപ്രദമാക്കുന്നു.

വേദനയെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് വാര്‍ദ്ധക്യത്തില്‍ ഉണ്ടായിരിക്കണം. ചില അവസരത്തില്‍ ശാരീരികവേദന മാറ്റുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ട് ഇങ്ങനെയുള്ള വേദനകള്‍ എന്നതിന് വിശ്വാസത്തിന്‍റെ തലത്തില്‍ നിന്നുമാത്രമേ ഉത്തരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. സഹനത്തിലൂടെ വേദനയെ അതിജീവിക്കണം. തന്നെത്തന്നെ നല്‍കികൊണ്ട് ഈശോ ഇത് വെളിപ്പെടുത്തി. ഈശോ സഹനം സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചു. അവിടുത്തെ സഹനം സ്വതന്ത്രവും നിഷ്കളങ്കവുമായിരുന്നു. വാര്‍ദ്ധക്യം കര്‍ത്താവിന്‍റെ സഹനത്തില്‍ പങ്കുചേരുന്നതിനുള്ള നിമിഷങ്ങളാണ്. ജോബ് പറയുന്നത്, കര്‍ത്താവ് എന്‍റെ സഹനത്തില്‍ ജീവിക്കുന്നുവെന്നാണ്. സഹനം ദൈവിക പദ്ധതിയുടെ ഭാഗമാണ്. ഇതിനൊരു രക്ഷാകരമായ അര്‍ത്ഥമുണ്ട്. അതോടൊപ്പം സഹനത്തിന് മാനുഷികതലവും ഉണ്ട്. മനുഷ്യര്‍ തന്നെത്തന്നെ മനസ്സിലാക്കുന്നതും തന്‍റെ മഹത്ത്വം മനസ്സിലാക്കുന്നതും തന്‍റെ വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതും തന്‍റെ ലക്ഷ്യം മനസ്സിലാക്കുന്നതുമെല്ലാം സഹനത്തിലൂടെയാണ്.

  1. സഭയുടെ കടമ

വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കായി സഭ ഇന്ന് പലകാര്യങ്ങളും ചെയ്യുന്നുണ്ട്. പ്രായമായവരെ ഉപവി പ്രവൃത്തികളില്‍ പങ്കെടുപ്പിക്കുക, ശാരീരികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ അറിവുകള്‍ അവര്‍ക്ക് നല്‍കുക, അവര്‍ക്ക് സുവിശേഷപ്രഘോഷണങ്ങള്‍ നല്‍കുക, വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കാന്‍ സഹായിക്കുക. പ്രായമായവര്‍ക്ക് സമൂഹത്തിലും കുടുംബത്തിലും വിദ്യാഭ്യാസപരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അതുപോലെ പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും ഇവര്‍ക്ക് സാധിക്കും. ആദ്ധ്യാത്മികമായ എല്ലാ ആവശ്യങ്ങളും പ്രായമായവര്‍ക്ക് ചെയ്ത് കൊടുക്കണം. തീരാരോഗികള്‍ക്കും കിടക്കയില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കണം. ഇങ്ങനെയുള്ള സഹായം എല്ലാ സമൂഹത്തിനും ജാതിമത ഭേദമെന്യേ ചെയ്യണമെന്നാണ് സഭ പറയുന്നത്.

കുടുംബത്തിലും മറ്റ് സ്ഥാപനങ്ങളില്‍ കഴിയുന്നവര്‍ക്കും അവര്‍ സഭാസമൂഹത്തിന്‍റെ ഭാഗമാണെന്ന കരുതല്‍ നല്‍കണം. യുവതീയുവാക്കന്മാര്‍ പ്രായമായവരോടൊത്ത് ചിലവഴിക്കാന്‍ സമയം കണ്ടെത്തണം. ഇടവകയിലെ സംഘടനകള്‍ക്കും ഇവ ചെയ്യുവാന്‍ സാധിക്കും. അതുപോലെ പ്രായമായവരെ ഉള്‍പ്പെടുത്തി പല പദ്ധതികള്‍ തയ്യാറാക്കുക.

  1. പ്രായമായവരുടെ ചികിത്സ

പ്രായമായവര്‍ക്ക് ആവശ്യമായിരിക്കുന്ന ചികിത്സ നല്‍കണം. ഈ ചികിത്സ തുടര്‍ച്ചയുള്ളതായിരിക്കണം. കുടുംബത്തിലും ആശുപത്രിയിലും മറ്റ് സ്ഥാപനങ്ങളിലും ആവശ്യമായ പരിചരണം  കൊടുക്കണം. പ്രായമുള്ളവരെക്കൊണ്ട് പ്രയോജനം ഇല്ലെന്ന് കരുതി അവര്‍ക്ക് ചികിത്സ കൊടുക്കാതെ ഇരിക്കരുത്. അടിസ്ഥാനപരമായ ചികിത്സ അവരുടെ അവകാശമാണ്. സാമ്പത്തികമായി മറ്റുള്ളവര്‍ സഹായിക്കുകയാണെങ്കില്‍ ഇങ്ങനെ ബുദ്ധിമുട്ടുന്ന പ്രായമുള്ള രോഗികളെ സഹായിക്കുവാന്‍ കഴിയും.

ചുരുക്കത്തില്‍ പ്രായമുള്ളവര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മാറ്റുവാന്‍ സാധിക്കുന്നത് എല്ലാത്തരത്തിലും അവരെ നമ്മള്‍ സഹായിച്ചുകൊണ്ടാണ്. സാമ്പത്തികമായി മാത്രമല്ല നമ്മുടെ സാന്നിധ്യത്തിലൂടെയും അവരെ നമുക്ക് സഹായിക്കാം. അവരെ സഹായിക്കുന്നതിലൂടെ നമുക്ക് ദൈവത്തെ സ്തുതിക്കാം (സങ്കീ 79,13).

aging second childhood catholic malayalam mananthavady diocese Rev.Dr. Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message