We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021
കേരളത്തില്‍ പ്രതിദിനം ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ ഗര്‍ഭച്ഛിദ്രത്തിലൂടെ വധിക്കപ്പെടുന്നു. ഭാരതത്തില്‍ ദിനംപ്രതി അരലക്ഷത്തിലധികം കുട്ടികളാണ് ഗര്‍ഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെടുന്നത്. 1996 ല്‍ ഭാരതത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കണക്കനുസരിച്ച് 56,65,000 കുട്ടികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായി. ലോകത്തൊട്ടാകെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒരു വര്‍ഷം 5,13,00,000 ഗര്‍ഭസ്ഥശിശുക്കള്‍ നശിപ്പിക്കപ്പെടുന്നു. ഒരു മിനിറ്റില്‍ ഏതാണ്ട് 98 കുട്ടികളാണ് കൊലചെയ്യപ്പെടുന്നത്. മേല്‍പറഞ്ഞ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതാണ്. അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യന്മാരുടെയടുത്തും നടത്തപ്പെടുന്ന ശിശുഹത്യകള്‍ ഇതിന്‍റെ ഇരട്ടിയായിരിക്കും.
സ്ത്രീകളില്‍ സ്ഥിതിചെയ്യുന്ന അണ്ഡാശയത്തില്‍നിന്നുമാണ് ഓരോ മാസത്തിലും ഓരോ അണ്ഡം (Ovum) പുറത്തുവരുന്നത്. അണ്ഡവാഹിനിക്കുഴലിലൂടെ പ്രവേശിച്ച് (Fallopian Tube) ആ കുഴലിലെ ദ്രാവകത്തിലൂടെ സാവധാനം ഗര്‍ഭാശയത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ഈ സമയം പുരുഷനില്‍നിന്നും പുറപ്പെടുന്ന ബീജം, ഏറ്റവും ആദ്യം എത്തുന്നത്, അണ്ഡത്തിന്‍റെ ചര്‍മ്മം തുളച്ച് ഉള്ളില്‍ പ്രവേശിക്കുന്ന ഉടനെ അണ്ഡത്തിനുള്ളിലെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ മൂലം മറ്റു ബീജങ്ങള്‍ക്ക് ഉള്ളിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നു.
ഏതാനും മണിക്കൂര്‍കൊണ്ട് പുരുഷബീജത്തിലെ 23 ക്രോമസോമുകളും, സ്ത്രീയുടെ അണ്ഡത്തിലെ 23 ക്രോമസോമുകളും ഒന്നിച്ച് 46 ക്രോമസോമുകളുള്ള ഒരു കോശം രുപപ്പെടുന്നു. വീണ്ടും ഏതാനും മണിക്കൂറുകള്‍ (6) കഴിയുമ്പോള്‍ കോശവിഭജനം നടക്കുന്നു. അങ്ങനെ രണ്ട്, നാല്, എട്ട്, പതിനാറ് എന്നിങ്ങനെ വിഭജിച്ച് ഇതു വളരുന്നു.
ആദ്യത്തെ കോശം രൂപപ്പെടുന്ന സമയത്തുതന്നെ അതിന്‍റെ ലിംഗം, നിറം, ശരീരഘടന തുടങ്ങി എല്ലാംതന്നെ രൂപപ്പെടുന്നു. അവിടേയ്ക്ക് ഒന്നും പിന്നീട് കൂട്ടിചേര്‍ക്കപ്പെടുന്നില്ല. സൈഗോട്ട് എന്നറിയപ്പെടുന്ന ഈ ഭ്രൂണം ആറോ ഏഴോ ദിവസം കഴിയുമ്പോള്‍ അണ്ഡവാഹിനിക്കുഴലിലൂടെ നീങ്ങി അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ തുടങ്ങുന്നു. ഈ ഭ്രൂണം 40 ആഴ്ചകൊണ്ട് പൂര്‍ണ്ണ മനുഷ്യരൂപം പ്രാപിച്ചു ജനിക്കുന്നു. ഭ്രൂണത്തിനുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ നാം പലപ്പോഴും മനസ്സിലാക്കുന്നില്ല. ഒരു മനുഷ്യവ്യക്തിയാണ് അമ്മയുടെ ഉദരത്തില്‍ കഴിയുന്നത് എന്നുള്ള സത്യം മറച്ചുവച്ചാണ് പലരും ഗര്‍ഭച്ഛിദ്രത്തിനു തീരുമാനം എടുക്കുന്നത്. അമ്മയുടെ ഉദരത്തില്‍ കഴിയുന്ന കുഞ്ഞിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.
വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് ഭ്രൂണത്തെ നശിപ്പിക്കുന്നത്
3.1. വലിച്ചെടുക്കുന്ന രീതി (Suction method)
6 മുതല്‍ 12 ആഴ്ചവരെ പ്രായമുള്ള ശിശുക്കളെ, വാക്വം ക്ലീനര്‍ പൊടി വലിച്ചെടുക്കുന്നതുപോലെ ഗര്‍ഭപാത്രത്തില്‍നിന്നും ഉരിഞ്ഞെടുക്കുന്നു. തല വലുതായതിനാല്‍ അതു കൊടില്‍ ഉപയോഗിച്ചു നശിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിലേയ്ക്ക് യന്ത്രത്തിന്‍റെ കുഴല്‍ കടത്തിവിട്ട് ശിശുവിന്‍റെ ശരീരഭാഗങ്ങള്‍ വലിച്ചെടുക്കണം. എല്ലാ ഭാഗങ്ങളും ഉടഞ്ഞ് ഒരു കുഴമ്പുരൂപത്തിലായിരിക്കും പുറത്തു വരിക.
3.2. ഡി & സി (Dilatation& Curettage)
ഗര്‍ഭാശയ മുഖം വലുതാക്കിയശേഷം ക്യൂറേറ്റ് എന്ന മൂര്‍ച്ചയുള്ള ഒരു ഉപകരണം ഗര്‍ഭാശയത്തിലേയ്ക്ക് കടത്തി ശിശുവിനെ പലഭാഗങ്ങളാക്കി കഷ്ണിച്ച് പുറത്തെടുക്കുന്നു. എല്ലാ ഭാഗങ്ങളും പുറത്തു വന്നോ എന്നറിയാന്‍ അവ നിരത്തി വച്ച് നോക്കാറുണ്ട്. ഈ രീതിയില്‍ പലപ്പോഴും (bleeding) രക്തം പോകാറുണ്ട്. ഗര്‍ഭധാരണം നടന്ന് ആദ്യത്തെ പത്ത് ആഴ്ചയ്ക്കുള്ളിലാണ് ഈ ക്രൂരകൃത്യം നടത്തുന്നത്.
ഗര്‍ഭധാരണം കഴിഞ്ഞ് 4 നും 6 നും മാസത്തിനിടയിലാണ് ഇതു നടത്തുന്നത്. ഗര്‍ഭപാത്രത്തിലേയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്ന ആള്‍ വളരെ മൂര്‍ച്ചയുള്ള കത്തിപോലുള്ള ഒരു സാധനംകൊണ്ടു ശിശുവിനെ പല കഷ്ണങ്ങളായി തിരിക്കുന്നു. എല്ലാ ഭാഗങ്ങളും പുറത്തെടുത്തു കളയുന്നു.
എട്ടോ ഒന്‍പതോ മാസം പ്രായമായ ശിശുക്കളെ കൊല്ലുന്ന രീതിയാണിത്. ഗര്‍ഭപാത്രത്തിന്‍റെ വായ് ആയുധംകൊണ്ട് വികസിപ്പിച്ച് ഒരു കൊടില്‍ (forceps) ഗര്‍ഭപാത്രത്തിന്‍റെ ഉള്ളിലേയ്ക്കു കയറ്റി കാലുകള്‍ ബലമായിപിടിച്ചമര്‍ത്തി വലിച്ചു പുറത്തെടുക്കുന്നു. കൊടില്‍കൊണ്ടു ഞെക്കി വലിക്കുമ്പോള്‍ താങ്ങാന്‍ പറ്റാത്ത വേദനയില്‍ ശിശു കരയുന്നു. തുടര്‍ന്ന് വയറ്, നെഞ്ച്, കഴുത്തുവരെ ശക്തിയായി വലിച്ചെടുക്കുന്നു. തലയ്ക്കു വലിപ്പം ഉള്ളതിനാല്‍ തലയോട് തുളച്ച് ഓട്ടയുണ്ടാക്കി ഉരിഞ്ഞെടുക്കുന്നു. തലച്ചോറു മുഴുവന്‍ കുഴല്‍ വഴി ഉരിഞ്ഞെടുക്കുന്നു. കുട്ടിയുടെ മരണവെപ്രാളവും വേദനയുംകൊണ്ടുള്ള പിടച്ചിലും കരച്ചിലും സ്കാന്‍ ചിത്രത്തില്‍ കാണുവാന്‍ സാധിക്കും. വേദന മുഴുവനും സഹിച്ച് കുട്ടി മരിക്കുന്നു.
3.5. ഹിസ്റ്റോട്ടമി (Hysterotomy)
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയന്‍ രീതിയിലൂടെ പുറത്തെടുത്തു വളര്‍ത്താറുണ്ട്. ഇരുപത് ആഴ്ചയ്ക്കു മുകളില്‍ പ്രായമുള്ള ശിശുക്കളെ പുറത്തെടുത്തു കൊല്ലുന്ന രീതിയാണ് ഹിസ്റ്റോട്ടമി. ഇങ്ങനെ എടുക്കുന്ന ശിശുക്കളെ തലകീഴായി വെള്ളത്തില്‍ മുക്കിയോ, ശ്വാസം മുട്ടിച്ചോ ആണ് കൊല്ലുന്നത്.
3.6. ലവണലായനി (Saline Poisoning)
ആദ്യത്തെ മൂന്നു മാസം കഴിഞ്ഞ ഭ്രൂണത്തെ ലവണലായനിയിലൂടെ നശിപ്പിക്കുന്നു. വളരെ കട്ടികൂടിയ ഉപ്പുലായനി ഗര്‍ഭപാത്രത്തിലുള്ള അമ്നിയോട്ടിക് ലായനിയില്‍ കലര്‍ത്തുന്നു. ശിശു ഈ ലായനി കുടിക്കുന്നു. കഠിനവേദനമൂലം ഏതാനും മണിക്കൂറിനകം ശിശു മരിക്കുന്നു. ഈ മരിച്ച കുഞ്ഞിനെ അമ്മ പ്രസവിക്കുന്നു.
3.7. RU 486
ഫ്രാന്‍സില്‍ എറ്റിയേ സോവിയെ എന്ന ഡോക്ടര്‍ കണ്ടുപിടിച്ച RU486 ഇന്ന് ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്. സ്ത്രീകളുടെ ശരിയായ ആര്‍ത്തവപ്രവര്‍ത്തനനിയന്ത്രണത്തിനും ഗര്‍ഭധാരണത്തിനും ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ച യ്ക്കും ഏറ്റവും ആവശ്യമായിരിക്കുന്ന പ്രൊജൊസ്ത്രോണ്‍ എന്ന ഹോര്‍മോണിനെ ഈ രാസവസ്തു നശിപ്പിക്കുന്നതുവഴി ശിശു മരിക്കാന്‍ ഇടയാകുന്നു. വിദേശരാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്ന ഈ രീതി ഭാരതത്തില്‍ സുലഭമായി ഉപയോഗിക്കപ്പെടുന്നു.
അസൗകര്യങ്ങള്‍ നീക്കുവാനും അഭിമാനം സംരക്ഷിക്കുവാനും ശരീരസൗന്ദര്യം നിലനിര്‍ത്താനും വേണ്ടിയാണ് പലരും ഗര്‍ഭച്ഛിദ്രം നടത്തുന്നത്. ഗര്‍ഭച്ഛിദ്രത്തിനുപയോഗിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങള്‍ എല്ലാംതന്നെ പല ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും എന്ന സത്യം അവഗണിക്കപ്പെടുന്നു. രാസവസ്തുക്കളും മറ്റു മാരകായുധങ്ങളും ഗര്‍ഭാശയത്തില്‍ കടത്തി ഗര്‍ഭച്ഛിദ്രം നടത്തുന്നതുവഴി ഗര്‍ഭാശയം വ്രണിതമാകുകയും പഴുപ്പും, വീക്കവും ഉണ്ടാവുകയും ചെയ്യുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്നതുമൂലം നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകുവാനും സാധ്യതയുണ്ട്.
ഗര്‍ഭച്ഛിദ്രം നടത്തുന്നവരില്‍ 0.06% വരെ മരണത്തിനിരയാകാറുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വന്ധ്യത, അണ്ഡവാഹിനിക്കുഴലിലെ ഗര്‍ഭധാരണം, ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍, ഗര്‍ഭധാരണത്തില്‍ ഗര്‍ഭാശയത്തിന്‍റെ നിസ്സഹകരണം, സ്വാഭാവിക ഗര്‍ഭച്ഛിദ്രം, മൂത്രാശയ സംബന്ധമായ തകരാറുകള്‍ എന്നിവയും ശാരീരികമായി സംഭവിക്കാവുന്ന തകരാറുകളാണ്. ഒരിക്കല്‍ ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ പിന്നീട് ഗര്‍ഭം സ്വാഭാവികമായി അലസുന്നതിനും സമയമെത്താതെ പ്രസവിക്കുന്നതിനും പ്രസവാവസരത്തിലും അതിനു മുന്‍പും കുഞ്ഞുമരിക്കുന്നതിനും ഉള്ള സാധ്യത കൂടുതലാണ്.
ഗര്‍ഭച്ഛിദ്രം നടത്തിക്കഴിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണെന്നത് മേല്‍പറഞ്ഞ കാര്യങ്ങള്‍കൊണ്ട് വ്യക്തമാണല്ലോ. പ്രകൃതിയുടെ സ്വാഭാവികതയ്ക്കു ബലപ്രയോഗത്തിലൂടെ കടിഞ്ഞാണിടുമ്പോള്‍ ഗര്‍ഭാശയംതന്നെ ഗര്‍ഭധാരണത്തിനു യോഗ്യമല്ലാതാകുന്നു. ദൈവം എപ്പോഴും ക്ഷമിക്കുന്നു. മനുഷ്യന്‍ ചിലപ്പോഴൊക്കെ ക്ഷമിക്കുന്നു. എന്നാല്‍ പ്രകൃതി എപ്പോഴും പ്രതികരിച്ചുകൊണ്ടേയിരിക്കും.
ഗര്‍ഭച്ഛിദ്രം നടത്തുന്നതിനു പലരും പറയുന്ന മാനസിക കാരണങ്ങള്‍ സാമൂഹികമായ സമ്മര്‍ദ്ദം, മാനസിക വിഭ്രാന്തിക്കുള്ള സാധ്യത, കുട്ടികളുടെ എണ്ണക്കൂടുതല്‍, ആത്മഹത്യക്കുള്ള പ്രവണത, മാനസിക പക്വത ഇല്ലായ്മ, ഗര്‍ഭിണി ആരെയെങ്കിലും കൊല്ലുമെന്ന ഭയം, ദീര്‍ഘമായ അസുഖം, കുട്ടിക്ക് അസുഖം ഉണ്ടാകുമെന്ന ഗര്‍ഭിണിയുടെ ഉല്‍കണ്ഠ എന്നിവയെല്ലാമാണ്. എന്നാല്‍ ഇന്ന് മാനസികാരോഗ്യത്തിനുവേണ്ടി നടത്തുന്ന ഗര്‍ഭച്ഛിദ്രം പല മാനസിക അസ്വസ്ഥതകള്‍ക്കും കാരണമാകുന്നതായാണ് നമുക്കു കാണാന്‍ കഴിയുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുന്നവരില്‍ കടുത്ത കുറ്റബോധം ഉണ്ടാകുന്നു. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകള്‍ കൂടുതല്‍ മാനസികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി കാണപ്പെടുന്നു. പല പഠനങ്ങളും തെളിയിക്കുന്നത് ഗര്‍ഭച്ഛിദ്രം നടത്തിയവര്‍ക്ക് മാനസികമായി സമാധാനം അനുഭവിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്.
സമൂഹത്തിന്‍റെ നിലനില്പിനുതന്നെ അടിസ്ഥാനമായിരിക്കുന്നത് സ്വാതന്ത്ര്യമാണ്. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് മാറിയിരിക്കുന്നു. സ്വാതന്ത്ര്യത്തെ വ്യക്തിതാല്പര്യമായാണ് പലരും കാണുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ ഇതാണ് പ്രേരിപ്പിക്കുന്നത്. ഇതു സ്വാതന്ത്ര്യത്തിന്‍റെ ദുര്‍വിനിയോഗമാണെന്നു പറയാം. ഗര്‍ഭച്ഛിദ്രം സമൂഹത്തിന്‍റെ നിലവാരം താഴ്ത്തുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ വ്യക്തികള്‍ തമ്മിലുള്ള ബന്ധം മുറിക്കപ്പെടുകയും സമൂഹജീവിയായി കഴിയേണ്ട മനുഷ്യന്‍ സ്വാര്‍ത്ഥനായിത്തീരുകയും ചെയ്യുന്നു. സമൂഹത്തില്‍ ജീവിക്കുവാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഉന്‍മൂലനം ചെയ്യുകയാണ് ഗര്‍ഭച്ഛിദ്രത്തിലൂടെ. ഇതുവഴി സ്നേഹരഹിതവും സ്വാര്‍ത്ഥപൂര്‍ണ്ണവുമായ ഒരു സമൂഹവും രൂപപ്പെടുന്നു. ഗര്‍ഭച്ഛിദ്രം സാമൂഹിക മൂല്യങ്ങള്‍ക്കെതിരേയുള്ള ഒരു പ്രവൃത്തിയാണ്.
അടിസ്ഥാനപരമായി നിയമത്തിന്‍റെ ലക്ഷ്യം നന്മ ചെയ്യണം തിന്മ ചെയ്യരുത് എന്നതാണ്. ഇത് ധാര്‍മ്മിക മൂല്യങ്ങളിലധിഷ്ഠിതമായിരിക്കണം. നിര്‍ഭാഗ്യവശാല്‍ എല്ലാ നിയമങ്ങളും ഇപ്രകാരമല്ല. ഈ സാഹചര്യത്തില്‍ 1971 ല്‍ ഇന്ത്യയില്‍ എം.ടി.പി. ആക്ട് (Medical Termination of Pregnency Act) എന്ന നിയമത്തെ മനസ്സിലാക്കാം. ഈ നിയമമനുസരിച്ച് 12 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭസ്ഥശിശുവിന് അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടാകുകയോ ബലാത്സംഗത്തിനു വിധേയയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് ഗര്‍ഭധാരണം മാനസികത്തകര്‍ച്ചയ്ക്ക് ഇടയാക്കുകയോ, ഗര്‍ഭം സ്ത്രീയുടെ ജീവന് ഭീഷണി ആകുകയോ ചെയ്താല്‍ ഭ്രൂണഹത്യക്ക് അംഗീകാരമുള്ള ആശുപത്രിയില്‍ ഭ്രൂണഹത്യ നടത്താമത്രേ. ഈ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി നടത്തുന്ന എല്ലാ ഭ്രൂണഹത്യകളും ഇന്ത്യയില്‍ ശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളാണ്. എം.ടി.പി. നിയമം ലംഘിച്ചും നിയമത്തിന്‍റെ മറവിലും അംഗീകാരമുള്ളതും ഇല്ലാത്തതുമായ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഭ്രൂണഹത്യകള്‍ കണക്കില്ലാതെ തുടരുന്നു.
ക്രൈസ്തവര്‍ എന്ന നിലയില്‍ വേണം നാം ഈ നിയമത്തെ വിലയിരുത്തേണ്ടത്. ഈ നിയമത്തിന് ധാര്‍മ്മിക അടിത്തറ ഇല്ല എന്നുള്ളത് ഒരു വസ്തുതയാണ്. മാതാവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നെങ്കിലും ഒരു ശിശുവിന്‍റെ അവകാശങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നില്ല. ബലാല്‍സംഗത്തിന്‍റെയോ, അംഗവൈകല്യത്തിന്‍റെയോ മറ്റ് കാരണങ്ങളുടെയോ പേരില്‍ നടത്തുന്ന ഗര്‍ഭച്ഛിദ്രം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുകയില്ല. ഇവിടെ കുട്ടിയെ ശിക്ഷിക്കാന്‍ നിരപരാധിയായ പിഞ്ചുകുഞ്ഞ് എന്തു ചെയ്തു? അതുകൊണ്ട് ഇന്ന് ഇവിടെ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്രനിയമത്തെ ധാര്‍മ്മികമായി വിലയിരുത്തേണ്ടിയിരിക്കുന്നു. ഗര്‍ഭച്ഛിദ്രം നിയമമാക്കുന്നതു ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുകയേ ഉള്ളൂ.
മനുഷ്യജീവന് വെല്ലുവിളി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏതു ഘട്ടത്തിലായിരുന്നാലും ജീവന്‍ നശിപ്പിക്കാനുള്ള ശ്രമം ജീവിക്കുവാനുള്ള മൗലികാവകാശത്തിന്‍റെ കടുത്ത ലംഘനമാണ്. ചിലരുടെ കാഴ്ചപ്പാട് ബീജസങ്കലനം നടന്ന് കുറച്ചു ദിവസത്തിനുശേഷമേ ഭ്രൂണം മനുഷ്യവ്യക്തിയാകുന്നുള്ളൂ എന്നുള്ളതാണ്. എന്നാല്‍ ഇത് സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഓര്‍മ്മപ്പെടുത്തുന്നു "ബീജസങ്കലനം നടക്കുന്ന സമയം മുതല്‍ ഒരു പുതിയ ജീവന്‍ തുടങ്ങുന്നു. അത് ഒരു പുതിയ മനുഷ്യജീവിയുടെ സ്വന്തം വളര്‍ച്ചയോടുകൂടിയ ജീവനാണ്. അപ്പോള്‍ത്തന്നെ അത് മാനുഷികമല്ലെങ്കില്‍ പിന്നെ ഒരിക്കലും അത് മാനുഷികമാകുകയില്ല. മനുഷ്യജീവി ഗര്‍ഭധാരണത്തിന്‍റെ നിമിഷം മുതല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. അതുകൊണ്ട് ആ നിമിഷം മുതല്‍ ഒരു വ്യക്തിയെന്ന നിലയില്‍ അതിനുള്ള അവകാശങ്ങള്‍ അംഗീകരിക്കപ്പെടണം" (ജീവന്‍റെ സുവിശേഷം പേജ് 60).
ഗര്‍ഭച്ഛിദ്രം ഗൗരവമായ പാപമാണ്. ഗര്‍ഭച്ഛിദ്രം നടത്തുന്ന വ്യക്തി കൊല്ലരുത് എന്ന ദൈവിക നിയമത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെയുള്ള സഭാപാരമ്പര്യം ഇതാണ് വ്യക്തമാക്കുന്നത്. ഉദാഹരണമായി ഡിഡാക്കെ (പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ 2,1-2) പ്രതിപാദിക്കുന്നു, നീ ഗര്‍ഭച്ഛിദ്രം നടത്തുകയോ, നവജാതശിശുവിനെ നശിപ്പിക്കുകയോ അരുത്. ഇതേ ആശയം തന്നെ മറ്റ് പല സഭാപിതാക്കന്മാരുടെ കൃതിയിലും നമുക്ക് കാണുവാന്‍ സാധിക്കും.
ഗര്‍ഭച്ഛിദ്രം തെറ്റാണെന്ന് പറയുവാന്‍ സാധിക്കുന്നത് ജീവന്‍റെ ഉറവിടം ദൈവമായതിനാലാണ്. ദൈവം മരണത്തെ സൃഷ്ടിച്ചില്ല. ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല. എന്തെന്നാല്‍ നിലനില്‍ക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത് (ജ്ഞാനം 1,13-14). സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്ന വ്യക്തി ദൈവത്തിന്‍റെ സൃഷ്ടി കര്‍മ്മത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു, സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍" (ഉല്പത്തി 1,28).
ഗര്‍ഭസ്ഥശിശുവിന് ദൈവത്തിന്‍റെ ഛായയാണ്. ഉല്പത്തി 1,26ല്‍ പറയുന്നു. നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. സങ്കീര്‍ത്തകന്‍ 139,13 ല്‍ അവതരിപ്പിക്കുന്നു; അവിടുന്നാണ് എന്‍റെ അന്തരംഗത്തിന് രൂപം നല്‍കിയത്. എന്‍റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. എന്നാല്‍ പലപ്പോഴും ഈ സത്യം പലരും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
ഗര്‍ഭച്ഛിദ്രം ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ നിഷേധിക്കുകയാണ്. ഇത് പ്രകൃതി നിയമത്തിന് എതിരാണ്. കാരണം മനുഷ്യന്‍ ബുദ്ധിയുള്ള ജീവിയാണ്. അവന് സത്യത്തെ അറിയാനും തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇതുതന്നെയാണ് ജീവിക്കുവാനുള്ള അവന്‍റെ അവകാശം.
മനുഷ്യഭ്രൂണത്തിന് അതിന്‍റെ ആരംഭം മുതല്‍ മനുഷ്യവ്യക്തി ആകുവാനുള്ള എല്ലാ കഴിവുകളും ഉണ്ട്. ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ പലപ്പോഴും ഭ്രൂണത്തെ മറ്റൊരു വ്യക്തിയായി കാണുന്നില്ല. എല്ലാ മനുഷ്യരും തുല്യരാണ് എന്ന സത്യത്തിനെതിരായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
ലൈംഗികതയിലുള്ള ദുഃസ്വാതന്ത്ര്യമാണ് മറ്റ് ചില അവസരങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ശാരീരിക ലൈംഗിക ബന്ധങ്ങള്‍ അവസാനം ഗര്‍ഭച്ഛിദ്രത്തില്‍ വന്നെത്തുന്നു. എല്ലാ ലൈംഗിക ബന്ധങ്ങളും ഒരേ സമയം ജീവദായകവും സ്നേഹദായകവും ആയിരിക്കണം (GS 47-52, Pontifical Council for Family, The truth and meaning of Human Sexuality No . 53). സ്വന്തം ഇഷ്ടം മാത്രം ആഗ്രഹിക്കുന്ന വ്യക്തി ഇങ്ങനെയുള്ള തിന്മകള്‍ക്ക് കൂട്ട് നില്‍ക്കുന്നത് ജീവനെ നശിപ്പിക്കുവാനാണ് പ്രോത്സാഹിപ്പിക്കുവാനല്ല എന്നല്ലേ നമുക്ക് വിലയിരുത്താനാവൂ.
കുട്ടികളുടെ എണ്ണം അധികമാകുന്നു എന്ന പ്രചരണം ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ വാദമാണ്. ഉത്തരവാദിത്തപൂര്‍ണ്ണമായ പിതൃത്വവും മാതൃത്വവും ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ കുടുംബത്തിന് ആവശ്യമായ കുട്ടികളെ ജനിപ്പിക്കുക എന്നതാണ്. ജീവിതത്തിന്‍റെ സായാഹ്നത്തിലാണ് മാതാപിതാക്കന്മാരും ചിന്തിക്കുന്നത് ഒന്നോ രണ്ടോ കുട്ടികള്‍ തങ്ങള്‍ക്കു പോരാ എന്നത്. കുട്ടികളുടെ എണ്ണം കൂടുന്നതുകൊണ്ട് ദാരിദ്ര്യം കൂടുന്നില്ലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.
ജനസംഖ്യാ നിയന്ത്രണത്തിന്‍റെ പേരില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രം, ഗൗരവമായ തെറ്റായിട്ടുകാണണം. പലപ്പോഴും ജനപ്പെരുപ്പം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാത്തതാണ് ഇങ്ങനെയുള്ള അവസരവാദങ്ങള്‍ക്ക് വശംവദരായിത്തീരാന്‍ കാരണം, ഉദാഹരണമായി ഇന്ത്യയിലെ സ്ഥിതി മാത്രം പരിശോധിക്കാം. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ 1. ച.കി. മീറ്ററില്‍ 210 പേരാണ് താമസിക്കുന്നത് എങ്കില്‍ ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ 310 മുകളിലാണ്. ഒരു രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യമാത്രം കണക്കിലെടുത്തല്ല ജനപ്പെരുപ്പം വിലയിരുത്തേണ്ടത്. മറിച്ച് രാജ്യത്തിന്‍റെ വിസ്തീര്‍ണ്ണവും വിഭവശേഷിയും സാമ്പത്തികസ്ഥിതിയും തുടങ്ങി എല്ലാക്കാര്യങ്ങളും പരിഗണനയില്‍ എടുക്കണം. അങ്ങനെയെങ്കില്‍ 3,287,263 ച. കി.മീ. അധികമുള്ള ഇന്ത്യാ മഹാരാജ്യത്ത് എത്രയോ കോടി ജനങ്ങളെക്കൂടി സുഖമായി താമസിക്കാവുന്നതേയുള്ളൂ. ജനപ്പെരുപ്പം ഗര്‍ഭച്ഛിദ്രത്തിന് ഒരു കാരണമായി പരിഗണിക്കുവാന്‍ ഒരിക്കലും കഴിയില്ല.
ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗനിര്‍ണ്ണയം നടത്തി ഇഷ്ടമില്ലെങ്കില്‍ നശിപ്പിക്കുക, രോഗനിര്‍ണ്ണയം നടത്തി നല്ല ആരോഗ്യമില്ലെങ്കില്‍ കൊല്ലുക, കൃത്രിമ ബീജസങ്കലനംവഴി അനേകം ഭ്രൂണത്തെ സൃ ഷ്ടിച്ച് മെച്ചമായതിനെ തിരഞ്ഞെടുക്കുക, ചില രോഗങ്ങളുടെ ചികിത്സയ്ക്കായി കോശങ്ങള്‍ എടുത്തിട്ട് ഭ്രൂണത്തെ നശിപ്പിക്കുക എന്നിവയെല്ലാം ഗര്‍ഭച്ഛിദ്രത്തിന്‍റെ മറ്റു ചില മുഖങ്ങളാണ് (CCC 2274 75, Donum Vitae 1, 3-6). ഇത് മനുഷ്യജീവന്‍റെമേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമമാണ്.
ചിലര്‍ ഇന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നത് ബലാല്‍സംഗത്തിന്‍റെ പേരിലാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ബലാല്‍സംഗത്തിനുശേഷം ബീജസങ്കലനം നടത്താതിരിക്കുവാനുള്ള ധാര്‍മ്മികമായ അവകാശം ഉണ്ട്. കാരണം തന്‍റെ സമ്മതത്തിന് എതിരായിട്ടുള്ള ഒരു പ്രവൃത്തിയാണിത്. എന്നാല്‍ ബീജസങ്കലനം നടന്നുകഴിഞ്ഞാല്‍ അതു മനുഷ്യജീവനാണ്. ഒരിക്കലും ഒരു മനുഷ്യവ്യക്തി നശിപ്പിക്കപ്പെടുവാന്‍ പാടില്ല. ഇവിടെ ഒരു സ്ത്രീയുടെ സാമൂഹികവശവും ഒരു മനുഷ്യവ്യക്തിയുടെ ജീവിക്കുവാനുള്ള അവകാശവും ആണ് താരതമ്യപ്പെടുത്തുന്നത്. ഗര്‍ഭച്ഛിദ്രം എന്ന തിന്മ ബലാല്‍സംഗത്തിന് എതിരേയുള്ള ഒരു പരിഹാരമാര്‍ഗ്ഗമായി കാണുവാന്‍ സാധിക്കില്ല (Cf. National Conference of Catholic Bishops, Ethical and Religious Directives for Catholic Health Care Facilities (1995) No. 36). ഒരു സാമൂഹ്യതിന്മയ്ക്കെതിരേ അതിലും വലിയ മറ്റൊരു സാമൂഹ്യതിന്മ ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാവും?
വി. ഗ്രന്ഥവും സഭാപിതാക്കന്മാരുടെയും സഭയുടെയും പ്രബോധനങ്ങളും ഗര്‍ഭച്ഛിദ്രത്തെ ഗൗരവമായ പാപമായിട്ടാണ് കരുതുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുന്ന വ്യക്തി "നീ കൊല്ലരുത്" എന്ന ദൈവിക നിയമത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത് (പുറപ്പാട് 20,13). കൂടാതെ, ഗര്‍ഭസ്ഥശിശുവിനെ സംരക്ഷിക്കണമെന്ന ആശയം ബൈബിളില്‍ പല സ്ഥലങ്ങളിലും കാണുവാന്‍ സാധിക്കും (പുറപ്പാട് 21,22-25; ഏശയ്യ 49,15,44,2; ജറെമിയ 1,5; സങ്കീര്‍ത്തനങ്ങള്‍ 51,5; 127,3; 139,13-14; ജോബ് 31,15; ലൂക്കാ 1,15; ഗലാ 1,15).
ഡിഡാക്കെ (പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ 2,1-2) എന്ന ഗ്രന്ഥത്തില്‍, ഗര്‍ഭച്ഛിദ്രത്തിന്‍റെ സംശയാസ്പദമായ ന്യായീകരണ വാദങ്ങളെ തള്ളിക്കളഞ്ഞു. പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പ പറഞ്ഞു. "നേരിട്ടുള്ള എല്ലാ ഗര്‍ഭച്ഛിദ്ര ശ്രമങ്ങളും തെറ്റാണ്" (Cf. AAs 43 (1951) P. 838). ആരംഭംമുതലേ ദൈവത്തിന്‍റെ സര്‍ഗാത്മക പ്രവൃത്തി ഉള്‍ക്കൊള്ളുന്നതാകയാല്‍ മനുഷ്യജീവന്‍ പവിത്രമാണെന്ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു (Mater et Magistra., AAs 53 (1961) 447). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ "സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖയില്‍ (No. 15) ഗര്‍ഭച്ഛിദ്രവും ശിശുഹത്യയും പറയാന്‍പോലും പാടില്ലാത്ത കുറ്റങ്ങളായാണ് കരുതുന്നത്.
സഭയുടെ കാനോനിക ശിക്ഷണക്രമം പരിശോധിക്കുമ്പോള്‍, ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്ക് ആദിമ നുറ്റാണ്ടുകള്‍ മുതല്‍ ശിക്ഷ നല്‍കിയിരുന്നു എന്നു കാണുന്നു. 1917-ലെ കാനോന്‍ നിയമ സംഹിത ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്ക് സഭ ഭ്രഷ്ടുകല്പിച്ചിരുന്നു (Latin code No. 2350/1). പുതുക്കിയ കാനോന്‍ നിയമം ഈ നിലപാടു തന്നെ തുടരുന്നു. (Latin code 1329, Eastern code 1417) സഭ നല്‍കുന്ന ശിക്ഷയുടെ ഉദ്ദേശ്യം ഗര്‍ഭച്ഛിദ്രം എന്ന പാപത്തിന്‍റെ ഗൗരവത്തെപ്പറ്റി ഒരു വ്യക്തിയെ പൂര്‍ണ്ണമായി ബോധ്യപ്പെടുത്തുകയും മാനസാന്തരവും അനുതാപവും വളര്‍ത്തുകയും ചെയ്യുക എന്നതാണ്.
ഗര്‍ഭച്ഛിദ്രം നടത്തിയവരോട് ജോണ്‍ പോള്‍ മാര്‍പ്പാപ്പ പറയുന്നു: "തീര്‍ച്ചയായും സംഭവിച്ചതു തെറ്റാണ്-തെറ്റായി തുടരുകയും ചെയ്യും. എന്നാലും അധൈര്യരാവുകയോ പ്രത്യാശ നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. മറിച്ച്, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കുകയും സത്യസന്ധതയോടെ അതിനെ നേരിടുകയും ചെയ്യുക. വിനയത്തോടും വിശ്വാസത്തോടുംകൂടെ അനുതപിക്കുക. കാരുണ്യത്തിന്‍റെ പിതാവ്, കുമ്പസാരം എന്ന കൂദാശയിലൂടെ തന്‍റെ മാപ്പും സമാധാനവും നിങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണ്. ഒന്നും സുനിശ്ചിതമായി നഷ്ടപ്പെട്ടില്ലെന്നു നിങ്ങള്‍ മനസ്സിലാക്കും. ഇപ്പോള്‍ കര്‍ത്താവില്‍ ജീവിക്കുന്ന നിങ്ങളുടെ കുട്ടിയോടു മാപ്പ് ചോദിക്കാനും കഴിയും" (ജീവന്‍റെ സുവിശേഷം 99).
ഉപസംഹാരം
പ്രത്യക്ഷമായ ഗര്‍ഭച്ഛിദ്രം തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നു. ഇവിടെ ലക്ഷ്യവും മാര്‍ഗ്ഗങ്ങളും ഒരു വ്യക്തിയെ നശിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു. അതുകൊണ്ട് ഇത് ധാര്‍മ്മികമായും തെറ്റാണ്. മനുഷ്യജീവനെ സേവിക്കുന്ന ഒരു ജനമായാണ് നാം വളരേണ്ടത്. ഇത് എല്ലാ വ്യക്തികളുടെയും ഉത്തരവാദിത്വമാണ്. മനുഷ്യജീവനെക്കുറിച്ച് സഭയുടെ വ്യക്തമായ ഒരു കാഴ്ചപ്പാട് സഭാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കണം. വിശ്വാസപരിശീലനത്തില്‍, മതപ്രസംഗങ്ങളുടെ വിവിധ രൂപങ്ങളില്‍, വ്യക്തിപരമായ സംഭാഷണത്തില്‍, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഈ കാഴ്ചപ്പാട് വളര്‍ത്തുവാന്‍ സാധിക്കും.
അവിഹിതഗര്‍ഭം, കുട്ടികള്‍ കൂടുതല്‍, ജനപ്പെരുപ്പം, അംഗവൈകല്യമുള്ള കുഞ്ഞ് തുടങ്ങിയ ചിന്തകളുമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ പോകുന്ന വ്യക്തികളെ അതില്‍നിന്നും നാം പിന്തിരിപ്പിക്കണം. കൂടാതെ അംഗസംഖ്യ കൂടുതല്‍ ഉള്ള കുടുംബങ്ങളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും നാം സഹായിക്കണം. ഇന്ന് ജീവനെ നശിപ്പിക്കുന്ന ഒരു സംസ്കാരമല്ല ആവശ്യം. മറിച്ച്, മനുഷ്യജീവനെ സംരക്ഷിക്കുന്ന-ജീവനെ സ്നേഹിക്കുന്ന-വളര്‍ത്തുന്ന വ്യക്തികളായി തീരുവാന്‍ നമുക്ക് പരിശ്രമിക്കാം.
Abortion catholic malayalm mananthavady diocese Hysterotomy Rev. Dr. Scaria Kanyakonil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206