x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തു രഹസ്യങ്ങള്‍ ഒരു പഠനം

Authored by : Mar Joseph Pamplany On 27-Jan-2021

അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ അവതാരമാണ് യേശുക്രിസ്തു. ചരിത്രത്തില്‍ ദൈവത്തിന്‍റെ  സാന്നിധ്യമാണ് അവിടുന്ന്. ദൈവത്തിന്‍റെ സുതനായ അവിടുന്ന് പൂര്‍ണ്ണ മനുഷ്യനാണ്, ദൈവവുമാണ്. ദൈവം ആരാണെന്നു വെളിപ്പെടുത്തിയ യേശു, മനുഷ്യന്‍ എന്തായിരിക്കണമെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന യേശു, ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പൂര്‍ണ്ണ രൂപമാണ്. ദൈവം ആര്? മനുഷ്യന്‍ ആര്? എന്നീ ചോദ്യങ്ങളുടെ പൂര്‍ണ്ണമായ ഉത്തരം യേശുതന്നെ.

ദൈവികതയിലേക്കു വളരേണ്ട മാനവികതയെക്കുറിച്ച് യേശുക്രിസ്തു പഠിപ്പിച്ചു; സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. "അഹം" വെടിഞ്ഞ് പരോന്മുഖമായി ജീവിക്കേണ്ടതിന്‍റെ ആവശ്യകത ജീവിതത്തിലൂടെ അവിടുന്നു വ്യക്തമാക്കി. ഈ യേശുക്രിസ്തുവിനെ കൈവശംവച്ചാല്‍, അവിടുത്തേക്ക് പിടികൊടുത്താല്‍ മറ്റൊന്നും കൈവശംവച്ചുകൂടെന്നുള്ള കഠിന ഭയവും നാം പൂജിക്കുന്ന പലതും കൈവിട്ടുപോകുമെന്നുള്ള ആശങ്കയും യേശുവിനെ ഉള്‍ക്കൊള്ളുന്നതില്‍ നിന്നും പിന്‍തുടരുന്നതില്‍ നിന്നും നമ്മെ വിമുഖരാക്കുന്നു.

നമ്മെ സ്നേഹിക്കുന്നവന്‍ മനുഷ്യപുത്രനായ നമ്മെ ദൈവപുത്രരാക്കുന്നതിനുവേണ്ടി നമ്മിലേക്ക് ഇറങ്ങി ശ്രേഷ്ഠമായ മനുഷ്യദര്‍ശനം കാഴ്ചവച്ചു. ചരിത്രത്തില്‍ അവതീര്‍ണ്ണനായ യേശുക്രിസ്തുവിനെ  മനുഷ്യാവതാരത്തിനുമുമ്പുള്ള അവസ്ഥ, കന്യകയില്‍ നിന്നുള്ള ജനനം, പരസ്യശുശ്രൂഷയ്ക്ക് കളമൊരുക്കുന്ന രംഗങ്ങളായ യേശുവിന്‍റെ ജ്ഞാനസ്നാനം, അവിടുത്തെ പ്രലോഭനങ്ങള്‍ എന്നീ ജീവിതരഹസ്യങ്ങളുടെ ദൈവശാസ്ത്രപരമായ ഉള്‍കാഴ്ചയും അവ നമുക്കു നല്കുന്ന സന്ദേശവും എന്തെന്ന് കണ്ടെത്താനുള്ള പരിശ്രമമാണ് ഈ ലേഖനം.

യേശുവിന്‍റെ പൂര്‍വ്വാസ്ഥിത്വം (pre existence)

യേശുക്രിസ്തുവിന്‍റെ  മറ്റെല്ലാ പേരിനേയുംകാള്‍ പ്രാധാന്യമര്‍ഹിക്കുന്നതും ശ്രദ്ധേയവുമായ ഒന്നാണ് വചനം. വെളിപ്പെടുത്തപ്പെട്ട എല്ലാ ദൈവിക സത്യങ്ങളുടേയും സത്തയും സമാഹാരവുമായിട്ടാണ് യോഹന്നാന്‍ സുവിശേഷകന്‍ വചനത്തെ കാണുന്നതും അവതരിപ്പിക്കുന്നതും. സൃഷ്ടിയുടെ ആരംഭംമുതലെ ദൈവത്തോടുകൂടെ കര്‍മ്മനിരതനായിരുന്ന വചനത്തിന്‍റെ പൂര്‍വ്വാസ്ഥിത്വം യോഹന്നാന്‍ വ്യക്തമാക്കുന്നുണ്ട് (യോഹ 1,1:17,5-24).

യോഹന്നാന്‍ തന്‍റ സുവിശേഷത്തിന്‍റെ ആമുഖഭാഗത്ത് (1,1-18) മാത്രമാണ് യേശുവിനെ വചന (ho Logos) മായി അവതരിപ്പിക്കുന്നത്. വചനം എന്ന പദം ചരിത്രപുരുഷനായ യേശുവിനായി ഉപയോഗിക്കുന്ന 1 യോഹ. 1,1 ഉം വെളി. 19,13 ഉം യോഹന്നാന്‍റെ തന്നെ പാരമ്പര്യത്തില്‍നിന്നുള്ളതാണ് യോഹ. 1,1 ഉം 1 യോഹ. 1,1 ഉം യേശുവിന്‍റെ പൂര്‍വ്വാസ്ഥിത്വം എടുത്തുപറയുന്നു. യോഹ. 1,1 പൂര്‍വ്വാസ്ഥിത്വത്തില്‍നിന്ന് ചരിത്രത്തിലുള്ള അവതാരത്തേയും കൂടി വ്യക്തമാക്കുന്നു (ലൂക്കാ. 1,14).

'വചനം' (Logos) എന്ന പദത്തിന്‍റെ ഉറവിടത്തെക്കുറിച്ചുള്ള ഗവേഷണം ഗ്രീക്കുസംസ്കാരത്തിലെത്തിനില്ക്കുന്നു. വിജാതീയരായ 'സ്റ്റോയിക്' തത്ത്വചിന്തകന്മാര്‍ 'വചനം' കൊണ്ട് വിവക്ഷിക്കുന്നത് ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന, അതിനെ ഭരിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു ദിവ്യചൈതന്യവിശേഷമെന്നാണ്. ഈ ചിന്തയുടെ വെളിച്ചത്തില്‍ ചിലര്‍ നാലാമത്തെ സുവിശേഷത്തിന്‍റെ ആമുഖത്തിന്‍റെ ജ്ഞാനവാദപശ്ചാത്തലം വിശദീകരിക്കുന്നു.

വളരെ ശ്രദ്ധിച്ചു പഠിച്ചാല്‍ ഗ്രീക്കുസംസ്ക്കാരത്തിലെ 'വചന'ത്തെക്കുറിച്ചുള്ള ചിന്തയും യോഹന്നാന്‍റെ ആമുഖത്തിലെ കാഴ്ചപ്പാടും തമ്മില്‍ കാര്യമായ അന്തരം കാണാം. ഗ്രീക്കു തത്വശാസ്ത്രത്തില്‍ 'വചന'മെന്നത് ഈ ദൃശ്യപ്രപഞ്ചത്തിനാധാരമായ അതിഭൗതീക തത്വമാണ്. നിരന്തരം പ്രവര്‍ത്തന നിരതമായ ഒരു ക്രിയാത്മക ശക്തിയായിട്ടാണ് വചനത്തെ അവര്‍ കണ്ടിരുന്നത്. അല്ലാതെ യോഹന്നാനെപോലെ ചരിത്രാവതാരം ചെയ്ത വചനമായോ, വചനത്തിന്‍റെ വെളിപ്പെടുത്തപ്പെടല്‍ ചരിത്രത്തിലെ അദ്വിത്വീയ സംഭവമായോ കാണുന്നില്ല. ചുരുക്കത്തില്‍ ഗ്രീക്കു തത്വചിന്തയില്‍ 'വചനം' എന്നത് ദൈവത്തിനുള്ള മറ്റൊരു നാമമാണ്. യോഹന്നാനാകട്ടെ, ചരിത്രത്തിലെ അതുല്യസംഭവമായി അവതാരംചെയ്ത, മാംസം ധരിച്ച വചനമാകുന്ന യേശുവിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പൂര്‍വ്വാസ്ഥിത്വത്തിലും മനുഷ്യാവതാരത്തിലും വചനവും ദൈവവും ഒന്നാണെങ്കിലും, വചനമായ ദൈവം മാംസം ധരിച്ചതോടെ ചരിത്രപശ്ചാത്തലത്തില്‍ രണ്ടാണ്. അതായത് സ്വഭാവത്തില്‍ പിതാവും വചനവും ഒന്നാണെങ്കിലും, (യോഹ 10,50) വചനമായ ഈശോ പിതാവില്‍നിന്നും വ്യത്യസ്തനായ ഒരു വ്യക്തിയാണ്.

മാംസംധരിച്ച് നമ്മുടെ ഇടയില്‍ വസിച്ച 'വചന'ത്തെക്കുറിച്ചുള്ള യോഹന്നാന്‍റെ ചിന്തക്ക് നിദാനമായിട്ടുള്ളത് വിജാതിയ സംസ്കാരത്തേക്കാള്‍ പഴയനിയമത്തിലെ യഹൂദപാരമ്പര്യമാണെന്ന് വിശകലനം ചെയ്താല്‍ നമുക്ക് മനസ്സിലാകും. പ്രബോധനഗ്രന്ഥങ്ങളായ സുഭാഷിതങ്ങള്‍ 8,22-30 ഉം പ്രഭാഷകന്‍ 1,1-10 ഉം ഭാഗങ്ങളില്‍ പ്രതിപാദിക്കുന്ന വിജ്ഞാനത്തിന്‍റെ പൂര്‍വ്വാസ്ഥിത്വം, വിജ്ഞാനവും സൃഷ്ടിയും തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രസക്തചിന്തകളാണ് യോഹന്നാന്‍റെ 'വചന'ത്തിന് പശ്ചാത്തലം. "കര്‍ത്താവ് തന്‍റെ എല്ലാ സൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു. ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോള്‍ വിദഗ്ദ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ അവിടുത്തെ അരികിലുണ്ടായിരുന്നു" എന്ന പ്രഭാഷകന്‍റെ വാക്കുകളില്‍ (8, 22: 29-30) ജ്ഞാനത്തിന്‍റെ പൂര്‍വ്വാസ്ഥിത്വവും സൃഷ്ടിയിലുള്ള ഭാഗഭാഗിത്വവും വ്യക്തമാക്കുന്നു. എങ്കിലും ജ്ഞാനവും വചനവും തമ്മില്‍ അന്തരമുണ്ട്. ജ്ഞാനത്തെ ഒരിടത്തും ദൈവത്തിന്‍റെ വചനം എന്നു പറയുന്നില്ല. പൂര്‍വ്വാസ്ഥിത്വമുണ്ടെങ്കിലും വിജ്ഞാനം സൃഷ്ടിക്കപ്പെട്ടതാണ്; വചനം സൃഷ്ടിയില്‍ കര്‍മ്മനിരതമാണെങ്കിലും സൃഷ്ടിക്കപ്പെട്ടതല്ല.

മേല്‍പറഞ്ഞതിലുമുപരിയായി ഉല്പത്തിപുസ്തകം 1-3 അധ്യായങ്ങളിലെ പ്രതീകങ്ങളും പ്രയോഗങ്ങളും (ആദിയില്‍, സൃഷ്ടി, വെളിച്ചം, ജീവന്‍, അന്ധകാരത്തില്‍നിന്ന് പ്രകാശം), സീനായ്മലയിലെ ദൈവസാന്നിധ്യവര്‍ണ്ണനയ്ക്കുപയോഗിക്കുന്ന പ്രയോഗങ്ങളും (കൂടാരം, മഹത്വം) യോഹന്നാന്‍റെ ആമുഖഭാഗത്തു നാം കാണുന്നതും വ്യക്തമാക്കുന്നത് യോഹന്നാന്‍റെ "വചന"ത്തിന് ആധാരം പഴയനിയമപശ്ചാത്തലമാണെന്നതാണ്.

 മനുഷ്യാവതാരം 

ദൈവമായിരുന്ന വചനം മാംസമായിത്തീര്‍ന്നത് നമ്മുടെ മധ്യേ കൂടാരമടിച്ചു. ഈ വചനത്തില്‍ ദൈവത്തിന്‍റെ മഹത്വം നാം ദര്‍ശിച്ചു. വചനമായ യേശുവിന്‍റെ മാംസംധരിക്കല്‍, മനുഷ്യന്‍റെ ഇടപെടലുകള്‍ ഒന്നുംകൂടാതെ, ദൈവം തന്നെ മുന്‍കൈഎടുക്കുന്ന, അവിടുത്തെ അത്യപൂര്‍വ്വമായ അനുഗ്രഹത്തിന്‍റെ ഫലമായിരുന്നു.  വാര്‍ദ്ധക്യത്തേയും വന്ധ്യതയേയും തോല്പിച്ച് രക്ഷാകരപദ്ധതിയിലെ കഥാപാത്രങ്ങള്‍ ജന്മം കൊള്ളുന്നതിന്‍റെ കഥകള്‍ വി. ഗ്രന്ഥത്തിലുടനീളമുണ്ട്. ഇസഹാക്ക്, യാക്കോബ്, സാമുവല്‍, സ്നാപകന്‍ തുടങ്ങി ആ പരമ്പര നീളുന്നു.

ദൈവത്തിന്‍റെ അത്യപൂര്‍വ്വമായ ഇടപെടലിലൂടെയാണ് യേശുവിന്‍റെ മനുഷ്യാവതാരം. ദാവീദിന്‍റെ വംശത്തില്‍പ്പെട്ട ജോസഫുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന കന്യകാമറിയം നിയമാനുസൃതം വിവാഹവാഗ്ദാനം കഴിഞ്ഞിരുന്നെങ്കിലും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ അവര്‍ സഹവസിക്കാന്‍ തുടങ്ങിയിരുന്നില്ല (മത്താ. 1,18; ലൂക്കാ 1,27-34). സ്നാപകന്‍റെ ജനനം ദൈവത്തിന്‍റെ ദൂതന്‍ സഖറിയായെ അറിയിച്ച അതേ രീതിയില്‍തന്നെയാണ് ഗബ്രീയേല്‍ ദൂതന്‍ മംഗലവാര്‍ത്ത മറിയത്തെ അറിയിച്ചത്: "ദൈവകൃപനിറഞ്ഞവളേ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ... ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും, നീ അവന് യേശു എന്നു പേരിടണം (ലൂക്കാ 1,28-31). മനുഷ്യന്‍റെ ഇടപെടലുകള്‍ ഒന്നും കൂടാതെ ദൈവാത്മാവിന്‍റെ സൃഷ്ട്യന്മുഖശക്തിവഴിയാണ് കന്യകാമറിയത്തില്‍നിന്നുള്ള യേശുവിന്‍റെ ജനനം യോഹന്നാന്‍ 1,13-ല്‍ എടുത്തുപറയുന്നതുപോലെ, 'അവന്‍ ജനിച്ചത് രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ അല്ല, ദൈവത്തില്‍നിന്നത്രെ'(1:13). ആകയാല്‍ മറിയത്തില്‍നിന്ന് ജനിക്കുന്ന ശിശു പരിശുദ്ധനായിരിക്കും, ദൈവപുത്രനായിരിക്കും. ദൈവപുത്രനായ അവിടുന്ന് പൂര്‍ണ്ണമനുഷ്യനാണ്, ദൈവമാണ്. പരിശുദ്ധാത്മാവിലൂടെ യേശുവിന്‍റെ കന്യകാജനനം (മത്താ 1,18) യേശു എപ്രകാരം ദൈവപുത്രനായി ഭവിച്ചു എന്നതെടുത്തുകാണിക്കുന്നു.

ശിശുവിന്‍റെ ദൈവികമായ ഉത്ഭവരഹസ്യം ദൂതന്‍ ജോസഫിനും വെളിപ്പെടുത്തുന്നുണ്ട് (മത്താ 1,20-24). "ദാവീദിന്‍റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം" (മത്താ 1,20-21). മാലാഖയുടെ ഈ വാക്കുകളിലൂടെ, മറിയത്തെ ഭാര്യയായി സ്വീകരിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി വിവാഹകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനും പിറക്കാന്‍പോകുന്ന ശിശുവിനെ നാമകരണംചെയ്ത് പിതൃത്വം നിയമാനുസൃതം ഏറ്റെടുക്കാനുമാണ് ഇവിടെ ആവശ്യപ്പെടുന്നത്. ജോസഫിന്‍റെ നൈയാമിക പിതൃത്വംവഴി യേശു ദാവീദിന്‍റെ പുത്രനായിത്തീര്‍ന്നു. മിശിഹാ ദാവീദിന്‍റെ പുത്രനായിത്തീര്‍ന്നു. മിശിഹാ ദാവീദിന്‍ന്‍റെ പുത്രനായിരിക്കുമെന്ന യഹൂദവിശ്വാസവും പ്രതീക്ഷയും (2 സാമു 7; ലൂക്കാ 1, 32-33) ഇവിടെ സഫലമാകുന്നു.

ജോസഫിലൂടെ ദാവീദിന്‍റെ പുത്രനും പരിശുദ്ധാത്മാവിലൂടെ ദൈവപുത്രനുമായ യേശുവിലൂടെ ദൈവം ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേലായി, ദാവീദിന്‍റെ നഗരമായ യൂദായിലെ ബേത്ലെഹെമില്‍ ആണ് യേശുവിന്‍റെ ജനനം. അഗസ്റ്റസ്സീസറിന്‍റെ കല്പന അനുസരിച്ച്, ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലുംപെട്ട ജോസഫ്, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസ്രത്തില്‍നിന്ന് യൂദയായിലെ ബെത്ലെഹെമില്‍ ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ എത്തി (ലൂക്കാ 2,1-5) ലോകരക്ഷകന് പിറന്നുവീഴാന്‍ സത്രത്തില്‍ സ്ഥലം ലഭിച്ചില്ല. ആട്ടിടയര്‍ക്ക് ലഭിച്ച സന്ദേശം പുല്‍ത്തൊട്ടിലിലാണ് ജനനം എന്നു വ്യക്തമാക്കുന്നു. നമ്മോടുകൂടിയുള്ള ദൈവമായ അവിടുന്ന് കല്ലും മണ്ണുംകൊണ്ട് പണിതുയര്‍ത്തിയ സത്രത്തില്‍ മുറിയെടുത്തു വസിക്കുന്ന സഞ്ചാരിയല്ല. നമുക്കുവേണ്ടി നമ്മോടൊന്നാകാന്‍ വന്നവന്‍, പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശു, എല്ലാ ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്തയാണ്. അതിര്‍വരമ്പുകളില്ലാതെ, ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമില്ലാതെ, യൂദയായിലെ ആട്ടിടയര്‍ക്കും, പൗരസ്ത്യദേശത്തെ ജ്ഞാനികള്‍ക്കും എന്നുവേണ്ട സകലര്‍ക്കുംവേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്തയാണ് (ലൂക്കാ 2,10).

സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ ആരും സ്വര്‍ഗ്ഗരാജ്യത്തില്‍ കയറിയിട്ടില്ല എന്ന യേശുവിന്‍റെ വാക്കുകള്‍ (യോഹ 3,13) നിത്യമായി സ്വര്‍ഗ്ഗത്തിലായിരുന്ന ഏകവ്യക്തി, ദൈവത്തെ വെളിപ്പെടുത്തുന്ന ഏകവ്യക്തി താനാണെന്നതിനു തെളിവാണ്. ദൈവമായ അവിടുന്ന് മനുഷ്യനായി അവതരിച്ചത് എല്ലാ ജനതകളെയും ദൈവീകതയിലേക്ക് ഉയര്‍ത്താന്‍വേണ്ടിയാണ്. ഇതാണ് മനുഷ്യാവതാരം എന്ന മഹാസംഭവം.

 യേശുവിന്‍റെ ജ്ഞാനസ്നാനം

യേശുവിന്‍റെ രഹസ്യജീവിതത്തില്‍നിന്ന് പരസ്യശുശ്രൂഷയ്ക്ക് കളമൊരുക്കുന്ന രംഗമാണ് ജ്ഞാനസ്നാനം. യേശുവിന് വഴിയൊരുക്കാന്‍ വന്ന സ്നാപകയോഹന്നാന്‍ യൂദായായിലെ മരുഭൂമിയില്‍വന്നു പ്രസംഗിച്ചു: "മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (ലൂക്കാ 3,2). ആന്തരികജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താതെ ജ്ഞാനസ്നാനംപോലുള്ള ശുദ്ധികര്‍മ്മങ്ങളില്‍ മുഴുകരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുന്നു. ജനം അവന്‍റെ അടുത്തെത്തി പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദ്ദാന്‍ നദിയില്‍വച്ച് അവനില്‍ നിന്ന് സ്നാനം സ്വീകരിച്ചു (ലൂക്കാ 3,6).

യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിക്കാനാണ് യേശു ഗലീലിയില്‍ നിന്ന് യോര്‍ദ്ദാനിലേക്ക് വന്നത്. ദൈവപുത്രനായ യേശുവിന് വഴിയൊരുക്കാന്‍ വന്നവനില്‍ നിന്ന് അനുതാപത്തിന്‍റെ ജാഞാനസ്നാനം സ്വീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? യേശു ആരാണെന്ന് തിരിച്ചറിഞ്ഞ സ്നാപകന്‍ പാപികള്‍ക്കു നല്കപ്പെടുന്ന ജലംകൊണ്ടുള്ള സ്നാനം യേശു സ്വീകരിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. "ഞാന്‍ നിന്നില്‍ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുത്തേക്ക് വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ യേശുവിനെ തടഞ്ഞു" (ലൂക്കാ 3,14). സ്നാപകന്‍റെ തടസ്സവാദങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ  യേശു പറഞ്ഞു: "ഇപ്പോള്‍ ഇതു സമ്മതിക്കുക: അങ്ങനെ സര്‍വ്വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്" (ലൂക്കാ 3,15). രക്ഷാകരമായ ദൈവതിരുമനസ്സ് നിറവേറ്റാന്‍ യോഹന്നാനില്‍നിന്നുള്ള തന്‍റെ സ്നാനം ആവശ്യമാണെന്ന് യേശു വ്യക്തമാക്കുന്നു.

ഒരു ദൈവിക ദര്‍ശനത്തോടെയാണ് യേശുവിന്‍റെ ജ്ഞാനസ്നാനരംഗം അവസാനിക്കുന്നത്. സ്നാനവേളയില്‍ "അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവന്‍റെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരവും ഉണ്ടായി: നീ എന്‍റെ പ്രിയപുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" (ലൂക്കാ 3,21-22). ദൈവപുത്രനെന്ന യേശുവിന്‍റെ വ്യതിരിക്തത പരസ്യമായി അംഗീകരിക്കപ്പെടുന്ന ധന്യമുഹൂര്‍ത്തമാണിത്. പരസ്യശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്ന യേശു പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനാകുന്ന അനുഗ്രഹീതവേളയായിരുന്നിത്. ഈ ജ്ഞാനസ്നാനത്തിന്‍റെ  അദ്വിതീയ പ്രാധാന്യം അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയുന്നുണ്ട്; "യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച് യൂദയാമുഴുവനിലും സംഭവിച്ചകാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്മ പ്രവര്‍ത്തിച്ചുകൊണ്ടും പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റുസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം" (അപ്പ 10,37-38). അതെ, പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനാകുന്ന യേശു ദൈവപുത്രനായ മിശിഹാ (രക്ഷകന്‍) ആയി മുദ്രകുത്തപ്പെടുന്നു. രക്ഷാകരമായ പരസ്യശുശ്രൂഷയ്ക്ക് ജ്ഞാനസ്നാനവും തുടര്‍ന്നുണ്ടായ സ്വശരീരപ്രഖ്യാപനവും വഴി യേശു ഒരുക്കപ്പെട്ടു.

 യേശുവിന്‍റെ പ്രലോഭനങ്ങള്‍

യേശുവിന്‍റെ ജ്ഞാനസ്നാനവും മരുഭൂമിയിലെ പരീക്ഷണങ്ങളും സമവീക്ഷണ സുവിശേഷങ്ങളില്‍ പരസ്പരം ബന്ധിതമാണ്. നാല്പതു തവണ നീണ്ടു നിന്ന പ്രലോഭനങ്ങള്‍ യേശുവിനുണ്ടായി എന്നുമാത്രമേ മര്‍ക്കോസ് (1,12-13) പരാമര്‍ശിക്കുന്നുള്ളൂ. മത്തായിയും (4,1-11) ലൂക്കായും (4, 1-13) പ്രലോഭനങ്ങളുടെ സ്വഭാവം വിശദമാക്കുന്നുണ്ട്. മത്തായിയുടെ ദൃഷ്ടിയില്‍ മരുഭൂമിയില്‍ നാല്പതു രാവും നാല്പതു പകലും ചിലവഴിച്ചതിനുശേഷം മാത്രമാണ് യേശു പ്രലോഭിതനാകുന്നത്. എന്നാല്‍ മര്‍ക്കോസും ലൂക്കായും രേഖപ്പെടുത്തുന്നത് യേശു 40 ദിവസവും പിശാചിനാല്‍ പരീഷിക്കപ്പെട്ട് മരുഭൂമിയില്‍ കഴിഞ്ഞുകൂടി എന്നാണ്. എന്നാലും പ്രലോഭനങ്ങളെ വിശദമായി പറയുന്ന മത്തായി -- ലൂക്കാ സുവിശേഷങ്ങളിലെ വിശദാംശങ്ങള്‍ ഒന്നുതന്നെ.

ജ്ഞാനസ്നാനവേളയില്‍ യേശുവില്‍ ആവസിച്ച പരിശുദ്ധാത്മാവുതന്നെയാണ് അവിടുത്തെ പരീക്ഷിക്കപ്പെടാനായി മരുഭൂമിയിലേക്ക് ആനയിക്കുന്നത് (മത്താ 4,1 ലൂക്കാ 4,1). പരസ്യശുശ്രൂഷയ്ക്കു മുമ്പ് ദൈവത്തിന്‍റെ അറിവോടെ സാത്താന്‍റെ ഭാഗത്തുനിന്നുള്ള പ്രവേശന പരീക്ഷയാണ് പ്രലോഭനങ്ങള്‍. അതിലൂടെ മനുഷ്യന്‍റെ സ്വാഭാവികാഭിലാഷങ്ങളെ തകിടം മറിക്കുകയായിരുന്നില്ല ലക്ഷ്യം. മറിച്ച്, ജ്ഞാനസ്നാന വേളയില്‍ പ്രഖ്യാപിക്കപ്പെട്ട യേശുവിന്‍റെ ദൈവപുത്രത്വം പിശാച് പരീക്ഷണവിധേയമാക്കുകയാണ്. അവിടുത്തെ ദിവ്യദൗത്യവും രക്ഷാകരവേലകളും അവഗണിക്കാനുള്ള അഭ്യര്‍ത്ഥനയായിരുന്നു അത്. ലഭിച്ച അംഗീകാരമുദ്ര, (ദൈവപുത്രസ്ഥാനം) പ്രകടമാക്കാന്‍ പിശാച് യേശുവിനെ വെല്ലുവിളിക്കുന്നു. ആത്മാവിന്‍റെ ശക്തിയാല്‍ നിറഞ്ഞ യേശു പ്രലോഭനങ്ങളുടെ ഉറവിടമായ പൈശാചികശക്തിയെ നേരിടുന്ന രംഗമാണിത്.

"പ്രലോഭനത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ" (ലൂക്കാ 11,4) എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച യേശുതന്നെ പരസ്യജീവിതകാലത്തും പലവട്ടം പ്രലോഭിതനായിട്ടുണ്ട്. പരസ്യ ശുശ്രൂഷയുടെ ആരംഭത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും ഉണ്ടായ പ്രലോഭനങ്ങള്‍ യോഹന്നാന്‍ തന്നെ ഒന്നാം ലേഖനത്തില്‍ എടുത്തുപറയും പോലെ ക്രൈസ്തവരുടെ ജീവിതത്തിലും പ്രകടമാണ്. ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത (2,16) ഇവയൊന്നും പിതാവിന്‍റെതല്ല, ലോകത്തിന്‍റെതാണ്. ശുശ്രൂഷയുടെ ആരംഭത്തിലേ ഉണ്ടായ പ്രലോഭനങ്ങളെ യേശു എപ്രകാരം നേരിട്ടു, അതിജീവിച്ചു എന്നത് നമ്മുക്ക് പാഠമാണ്. പ്രലോഭനങ്ങളെ അവതരിപ്പിച്ചതിലുള്ള നാടകീയതക്കോ, അതിശയോക്തിക്കോ അല്ല, മറിച്ച് അവയുടെ അന്തരാര്‍ത്ഥത്തിനാണ് നാം പ്രധാന്യം കല്പിക്കുന്നത്.

ജ്ഞാനസ്നാന വേളയില്‍ യേശുവിന്‍റെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവ് അവിടുത്തെ നയിച്ചത് മരുഭൂമിയിലേക്കാണ്. പഴയ ഇസ്രായേല്‍ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് മോചിതരായി വാഗ്ദാനഭൂമിയിലേക്കുള്ള യാത്രയില്‍ മരുഭൂമിയിലൂടെ അലഞ്ഞുനടന്നത് 40 കൊല്ലമായിരുന്നല്ലോ (നിയമ 8,2). പരീക്ഷിക്കപ്പെടാനായി ഇസ്രായേലിനെ മരുഭൂമിയിലേക്ക് ആനയിച്ചത് ദൈവംതന്നെയാണ്. പുതിയ ഇസ്രായേലും ദൈവപുത്രനുമായ യേശുവും പൂര്‍വ്വികരെ പിന്‍തുടര്‍ന്ന് ഈജിപ്തിലെത്തി. ഇപ്പോഴിതാ അവരെപ്പോലെ മരുഭൂമിയില്‍ എത്തിയിരിക്കുന്നു. പഴയ ഇസ്രായേല്‍ ജനതയ്ക്ക് ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തത തെളിയിക്കേണ്ടിയിരുന്ന സ്ഥലമാണ് മരുഭൂമി. പഴയ ഇസ്രായേലില്‍നിന്ന് വ്യത്യസ്തമായി ദൈവത്തോട് വിശ്വാസവഞ്ചനകാട്ടാനുള്ള എല്ലാ പ്രലോഭനങ്ങളും യേശുനാഥന്‍ അതിജീവിക്കുന്നു.

പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ്  അവനെ സൃഷ്ടിച്ചത്. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു (ഉല്പ 1,31). ദൈവത്തിന്‍റെ കല്പന ലംഘിച്ച മനുഷ്യന്‍ ദൈവനിഷേധം പ്രകടമാക്കിയത് മനുഷ്യനിഷേധത്തിലാണ്. ആദം ഹവ്വായില്‍നിന്ന് അകന്നു (ഉല്പ. 3, 12-13); കായേന്‍ ആബേലിനെ നിഷ്ക്കരുണം വധിച്ചു (ഉല്പ 4, 8-16): തിന്മയുടെ ശക്തികള്‍ നന്മയെ കീഴ്പ്പെടുത്തുന്നതു കണ്ടപ്പോള്‍, മനുഷ്യന്‍ തന്‍റെ ഛായയും സാദൃശ്യവും വികലമാക്കുന്നതുകണ്ടപ്പോള്‍, "ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു" (ഉല്പ 6,6). വി. ഗ്രന്ഥത്തിലെ ഏറ്റവും വേദനാജനകമായ വാക്കുകളാണിവ.

നഷ്ടപ്പെടുത്തിയ ഛായയും സാദൃശ്യവും എന്തെന്ന് കാണിച്ചുതരുവാന്‍ ദൈവം വീണ്ടും മനസ്സായി. അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപം എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യ ജാതനുമായ (കൊളോ. 2, 15) യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിലൂടെ അവിടുന്ന്, അതു സാധിച്ചു. പൂര്‍വ്വാസ്ഥിത്വത്തില്‍ ദൈവത്തോടുകൂടി ആയിരുന്ന യേശുവിലൂടെയാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത് (കൊളോ.2, 19) ജ്ഞാനസ്നാനവേളയില്‍ പരിശുദ്ധാത്മാവില്‍ അഭിഷിക്തനായി മുദ്രകുത്തപ്പെട്ടു. തുടര്‍ന്ന് കര്‍മ്മഭൂമിയിലേക്ക് ഇറങ്ങുംമുമ്പ് യേശുവിനു തന്‍റെ ദൈവപുത്രത്വം തെളിയിക്കാന്‍ അവസരം ലഭിച്ചു. ആദിമാതാപിതാക്കളും പഴയ ഇസ്രായേലും പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടപ്പോള്‍ താന്‍ ആരാണെന്ന് അവബോധമുണ്ടായ യേശുനാഥന്‍ എല്ലാ പ്രലോഭനങ്ങളേയും ദൈവഹിതം ആരാഞ്ഞ്, അതിലാശ്രയിച്ചു കീഴ്പ്പെടുത്തി, താന്‍ ദൈവപുത്രനാണെന്നു തെളിയിച്ചു. പ്രവേശനപരീക്ഷയില്‍ നൂറുശതമാനവും യോഗ്യതനേടി കര്‍മ്മഭൂമിയിലേക്ക് ഇറങ്ങി. ജീവിതം ഒരു വെല്ലുവിളിയാക്കി. ആരേയും മാറ്റുവാന്‍ പരിശ്രമിച്ചില്ലെങ്കിലും, കണ്ടുമുട്ടിയവരെല്ലാം മാനസാന്തരത്തിലൂടെ ദൈവരാജ്യത്തിലെ അംഗങ്ങളായി. പുതുയുഗപിറവിക്ക് തുടക്കം കുറിച്ചു.

 യേശുവിന്‍റെ  അഭിധാനങ്ങള്‍

യേശുവിനെ വിശേഷിപ്പിക്കുവാനായി അനേകം അഭിധാനങ്ങള്‍ (ശേഹേലെ) പുതിയനിയമം ഉപയോഗിക്കുന്നുണ്ട്. ഓസ്കര്‍ കൂള്‍മാന്‍, ഫെര്‍ഡിനാന്‍റ് ഹാന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഈ അഭിധാനങ്ങളെ നാലുവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

  1. യേശുവിന്‍റെ പരസ്യജീവിതകാലത്തെ ദൗത്യത്തിനു പ്രാധാന്യം നല്‍കുന്ന അഭിധാനങ്ങള്‍: പ്രവാചകന്‍, ദാസന്‍, പ്രധാനപുരോഹിതന്‍.... തുടങ്ങിയവ.
  2. യേശുവിന്‍റെ ഇന്നും തുടരുന്ന ദൗത്യത്തിനു പ്രാധാന്യം നല്കുന്ന അഭിധാനങ്ങള്‍: കര്‍ത്താവ്, രക്ഷകന്‍.... തുടങ്ങിയവ.
  3. യേശുവിന്‍റെ പുനരാഗമനത്തിലെ ദൗത്യത്തെ സൂചിപ്പിക്കുന്ന അഭിധാനങ്ങള്‍: മിശിഹാ, മനുഷ്യപുത്രന്‍..... തുടങ്ങിയവ.
  4. യേശുവിന്‍റെ പൂര്‍വ്വാസ്തിത്വത്തെ (Preexistence) സൂചിപ്പിക്കുന്ന അഭിധാനങ്ങള്‍: വചനം, ദൈവപുത്രന്‍, ദൈവം.

യേശു എന്ന പേര് "ദൈവം രക്ഷിക്കുന്നു" എന്ന് അര്‍ത്ഥമുള്ള "യഹോഷുഅ" എന്ന ഹീബ്രുപദത്തിന്‍റെ ഗ്രീക്കു ലിപ്യന്തരണമായ "യേസൂ" എന്ന പദത്തില്‍നിന്ന് ഉത്ഭവിച്ചതാണ്

  • നസ്രായനായ ഈശോ - മര്‍ക്കോ 1:24; 10:47
  • ഗലീലിയനായ ഈശോ - മത്താ 26:69
  • മരപ്പണിക്കാരനായ ഈശോ - മര്‍ക്കോ 6:3
  • ജോസഫിന്‍റെ പുത്രനായ ഈശോ - ലൂക്കാ 3:24; യോഹ 1:45; 6:42;
  • തച്ചന്‍റെ മകന്‍ - മത്താ 13:55;
  • മറിയത്തിന്‍റെ പുത്രന്‍ -മര്‍ക്കോ 6:3; cf മത്താ 13:55, തുടങ്ങിയ വിശേഷണങ്ങളും   യേശുവിന് നല്‍കപ്പെട്ടിരിക്കുന്നു.

പുതിയ നിയമത്തിലെ ക്രിസ്തുശാസ്ത്രത്തില്‍ ആരംഭംമുതലേ കാണുന്ന ഒരു സംജ്ഞയാണ് കര്‍ത്താവ് (Lord). ഈ പദത്തിന് പൊതുവേ ഒരു വ്യാപകാര്‍ത്ഥമാണുള്ളത്. പഴയനിയമത്തില്‍ അതിന് അഭിഷിക്ത സൂചനയുണ്ടായിരുന്നു ദാവീദ് രാജാവിനെ ഉദ്ദേശിച്ച് "കര്‍ത്താവ്" (നാഥന്‍) എന്ന പദം പ്രയോഗിച്ച് കാണാം. അതേസമയം ദൈവനാമത്തിനു പകരം ഇതേപദം പഴയനിയമത്തില്‍ ഉപയോഗിച്ചു പോന്നു. ദൈവത്തിന് തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ മേലുള്ള ആധിപത്യമാണ് ഇതില്‍ പ്രകടമായിരുന്നത്. ഈ പ്രത്യേകാര്‍ത്ഥത്തിലാണ് പുതിയനിയമ ദൈവശാസ്ത്രത്തില്‍ ഈ പദം ക്രിസ്തുവിനെപ്പറ്റി ഉപയോഗിച്ചിരിക്കുന്നത്. ഉത്ഥാനാനുഭവത്തിന്‍റെ വെളിച്ചത്തിലും തിരഞ്ഞെടുക്കപ്പെട്ട ജനതയുടെമേല്‍ ദൈവത്തിനുള്ള അധികാരം മഹത്വീകൃതനായ ക്രിസ്തുവിനുണ്ടെന്നും അവിടുന്നത് പ്രയോഗിക്കുന്നുണ്ടെന്നും വ്യക്തമായി. അങ്ങനെ ആദ്യകാല ക്രിസ്തുശാസ്ത്രത്തില്‍ കര്‍ത്താവ് എന്ന സംജ്ഞ ക്രിസ്തുവിന്‍റെ ദൈവത്വം വ്യഞ്ജിപ്പിക്കാനുള്ള സുവിശേഷപദമായിത്തീര്‍ന്നു. യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകവഴി ദൈവം തനിക്ക് തന്‍റെ ജനതയുടെമേലുണ്ടായിരുന്ന അധികാരം യേശുവിന് ഏല്പിച്ചുകൊടുത്തു. "യേശു കര്‍ത്താവാകുന്നു" എന്ന വാക്യം ആദിമ വിശ്വാസപ്രഖ്യാപനങ്ങളില്‍ ശ്രദ്ധേയമാണ്.

ആദിമസഭ "ദൈവ"മെന്ന സംജ്ഞ ക്രിസ്തുവിനെപ്പറ്റി ഉപയോഗിച്ചുവോ എന്നതിനെക്കുറിച്ച് കൂടുതല്‍ സംശയത്തിനിടയുണ്ട്. ഇതിന്‍റെ സൂചനകള്‍ വി. പൗലോസിന്‍റെ ലേഖനങ്ങളിലുണ്ടോ എന്നത് പണ്ഡിതരുടെ ഇടയിലെ ഒരു വിവാദപ്രശ്നമാണ്. അദ്ദേഹത്തിന്‍റെ ലേഖനങ്ങളിലെ ചില ഭാഗങ്ങള്‍ ഈ വിശദീകരണത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും (ഉദാ. റോമാ 9:5) അവ ക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഉദ്ദേശിച്ചുള്ളതായും വ്യാഖ്യാനിക്കാവുന്നതാണ്. കൊറീന്ത്യര്‍ക്കുള്ള പ്രഥമ ലേഖനത്തില്‍ പൗലോസ് പ്രയോഗിച്ച പഥങ്ങള്‍ സ്ഥിരമായി അദ്ദേഹം തന്‍റെ മറ്റുലേഖനങ്ങളിലും ഉപയോഗിച്ചിരുന്നുവെന്ന് കരുതാം. അവിടെ ദൈവം എന്ന പദം പിതാവിന്‍റെ സംജ്ഞാ നാമമായും കര്‍ത്താവെന്ന പദം ക്രിസ്തുവിനുള്ള സവിശേഷ സ്ഥാനമായുമാണ് അദ്ദേഹം പ്രയോഗിച്ചിരുന്നത്. "പിതാവായ ഏകദൈവമേ നമുക്കുള്ളു... യേശുക്രിസ്തുവാകുന്ന ഏകകര്‍ത്താവും" (1 കോറി 8:6). വി. യോഹന്നാന്‍റെ കൃതികളിലാകട്ടെ, ദൈവം എന്ന പദം ക്രിസ്തുവിനെ ഉദ്ദേശിച്ചുതന്നെയാണ് പ്രയുക്തമായിരിക്കുന്നത് (യോഹ 1:1,18; 20:28). അതിനുള്ള വിശദീകരണം ഇതത്രേ. പുതിയനിയമ ദൈവശാസ്ത്രത്തിന്‍റെ ആരംഭംമുതല്‍ മറ്റുപല പദങ്ങളിലൂടെ ക്രിസ്തുവിന്‍റെ ദൈവത്വം സൂചിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ദൈവമെന്ന സംജ്ഞ ക്രിസ്തുവിനെ ഉദ്ദേശിച്ച് പ്രയോഗിക്കുവാന്‍ ദൈവശാസ്ത്രവിചിന്തനം കുറേക്കൂടി പുരോഗമിക്കേണ്ടിയിരിക്കുന്നു.

വിശുദ്ധ യോഹന്നാന്‍ ക്രിസ്തുവിനെപ്പറ്റി ഉപയോഗിക്കുന്ന മറ്റൊരുപദമാണ് "വചനം". ക്രിസ്തുവിന് പിതാവിനോടൊപ്പം നിത്യമായുണ്ടായിരുന്ന അസ്തിത്വത്തെ സൂചിപ്പിക്കുന്നതാണിത് (യോഹ 1:1,14; 1 യോഹ 1:1; വെളി 19:13 കാണുക). ഈ പദപ്രയോഗത്തിനും കൂറേ ദൈവശാസ്ത്രവിചിന്തനങ്ങള്‍ നടക്കേണ്ടിയിരുന്നു. ആരംഭംമുതലേ ഇത് ഉപയോഗിച്ചിരുന്നില്ല. പഴയനിയമത്തില്‍ ക്രിയാത്മകമായി സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയാണ് "വചനം" സൂചിപ്പിച്ചിരുന്നത്. ദൈവപ്രത്യക്ഷത്തിന് വൈയക്തിക സ്വഭാവം നല്‍കിയിരുന്നത് ചില സാഹിത്യ സങ്കേതങ്ങളുടെ സഹായാത്താലായിരുന്നു. ദൈവത്തിന്‍റെ ആത്മാവിഷ്കാരം ഉദാത്തവും അപ്രതീക്ഷിതവുമായ രൂപത്തില്‍ യേശുവില്‍ സാക്ഷാത്കൃതമായെന്ന് യോഹന്നാന്‍ ഗ്രഹിച്ചു. മര്‍ത്യനായിത്തീര്‍ന്ന ദൈവസുതന്‍ പിതാവില്‍നിന്നും വ്യതിരിക്തനാണെങ്കിലും മനുഷ്യാവതാരംവഴി മനുഷ്യര്‍ക്കുവേണ്ടിയുള്ള പിതാവിന്‍റെ പരിപൂര്‍ണ്ണമായ ആവിഷ്കാരമായിത്തീര്‍ന്നു.  അങ്ങനെ വചനം തികച്ചും പുതിയൊരര്‍ത്ഥത്തില്‍ അവിടുത്തേയ്ക്ക് യോജിച്ചു. മനുഷ്യാവതാരത്തില്‍ യേശുവിന് ലോകത്തിലുണ്ടായിരുന്ന ദൗത്യവും ദൈവികാവസ്ഥയിലെ അവിടുത്തെ സ്വഭാവവും വിശദീകരിക്കുവാന്‍ ഇതിലും പര്യാപ്തമായ മറ്റൊരുപദം ലഭിക്കുമായിരുന്നില്ല. മനുഷ്യാവതാരത്തില്‍ ദൈവം മനുഷ്യനോട് ഉച്ചരിച്ച വചനമായിത്തീര്‍ന്നു അവിടുന്ന്. കാരണം, അവിടുന്ന് ആദ്യംമുതലേ പിതാവായ ദൈവം ഉച്ചരിച്ച നിത്യവചനമായിരുന്നു.

പുതിയനിയമത്തില്‍ ക്രിസ്തുവിനെപ്പറ്റി പ്രയോഗിക്കുവാന്‍ തുടങ്ങിയതോടെ "ഇമ്മാനുവൽ" (ദൈവം നമ്മോടുകൂടെ) എന്ന പദത്തിനും അഭൂതപൂര്‍വ്വമായൊരു അര്‍ത്ഥം കൈവന്നു (മത്താ 1:23 കാണുക). മോശയ്ക്ക് ലഭിച്ച വെളിപാടിന്‍റെ സമയംമുതല്‍ ദൈവജനത്തെ ഉദ്ദേശിച്ചുള്ള ദൈവത്തിന്‍റെ വിമോചനവും വികാസജനകവുമായ സാന്നിദ്ധ്യം ഇസ്രായേല്‍ ജനതയുടെ മതാത്മകാനുഭവത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്നു. കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ ഈ സാന്നിദ്ധ്യം നിഗൂഢമായ രീതിയില്‍ പൂര്‍ണ്ണമായി സാക്ഷാത്കൃതമാകുമെന്ന് പ്രവാചകന്മാര്‍ അറിയിച്ചിരുന്നു. യേശുക്രിസ്തുവിലാകട്ടെ എല്ലാ പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതമായി ഈ സാന്നിദ്ധ്യം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. അവിടുത്തെ വ്യക്തിത്വരഹസ്യം ഇസ്രായേല്‍ക്കാരുടെ ദൈവപ്രചോദിത പ്രതീക്ഷകള്‍ക്കെല്ലാം അതീതമായിരുന്നു. അതുല്യവും അനിര്‍വചനീയവുമായ ഒരു ഗാഢസൗഹൃദം  സൃഷ്ടിച്ചുകൊണ്ട് മനുഷ്യനായ ദൈവസുതന്‍ മനുഷ്യരുടെ മദ്ധ്യേ പ്രത്യക്ഷനായി. യേശുവില്‍ ദൈവം, തനിക്കും മനുഷ്യര്‍ക്കും ഇടയിലുള്ള അനന്തദൂരം ഇല്ലാതാക്കി, മനുഷ്യരെ അവരുടെ നിലയിലേക്ക് ഇറങ്ങിവന്നുകൊണ്ട് അഭിമുഖീകരിച്ചു. കൂടാതെ, യേശുവിനെ സൂചിപ്പിക്കുവാനായി അനേകം സംജ്ഞകള്‍ പുതിയനിയമത്തിലുടനീളം കണ്ടെത്താം. ചുവടെ ചേര്‍ക്കുന്ന പട്ടികയില്‍നിന്ന് അവയുടെ ഏകദേശരൂപം ലഭിക്കും:

  1. മനുഷ്യപുത്രന്‍: 82 തവണ (മത്തായി - 30 തവണ, മര്‍ക്കോസ് - 14, ലൂക്കാ - 25 , യോഹന്നാന്‍ - 13)
  2. ദാവീദിന്‍റെ പുത്രന്‍: (മര്‍ക്കോസ് - 3, മത്തായി - 10, ലൂക്കാ - 4)
  3. ദൈവത്തിന്‍റെ പരിശുദ്ധന്‍: (മര്‍ക്കോ 1:24; ലൂക്കാ 4:34; യോഹ 6:69; നടപടി 2:27; 13:35; 1 യോഹ 2:20; വെളി 3:7; 16:5).
  4. മറിയത്തിന്‍റെ പുത്രന്‍: (മര്‍ക്കോ 6:3; മത്താ 13:55)
  5. പ്രവാചകന്‍: (മര്‍ക്കോ 6:14-16; 8:28; മത്താ 21:11; ലൂക്കാ 7:16; 24:19; യോഹ 6:14)
  6. റബ്ബി, റബ്ബൂനി, ഗുരു (മര്‍ക്കോസ് - 12, മത്തായി - 12, ലൂക്കാ - 17, യോഹന്നാന്‍ - 8)
  7. ദൈവത്തിന്‍റെ കുഞ്ഞാട്: (യോഹ 1:29,36; രള. നടപടി 8:32; 1 പത്രോ 1:19)
  8. സഹനദാസന്‍, ദാസന്‍: (ഏശ 42:1-4; 49:1-6; 50:4-9; 52:13-53:12; മര്‍ക്കോ 9:35; 10:42-45; യോഹ 13:1-20;നട 3:13-26; മത്താ 12:18-21; നട 3:13,26; 4:27,30)
  9. ശ്രേഷ്ഠപുരോഹിതന്‍: (ഹെബ്രാ 4:14)
  10. മണവാളന്‍: (മര്‍ക്കോ 2:19-20; മത്താ 9:15; ലൂക്കാ 5:34-35; യോഹ 3:29)
  11. അബ്രാഹത്തിന്‍റെ പുത്രന്‍: (മത്താ 1:1)
  12. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും വിധിയാളന്‍: (നട 10:42)
  13. ആത്മീയ പാറ: (1 കോറി 10:1)
  14. മൂലക്കല്ല്: (എഫേ 2:20)
  15. സഭയുടെ തലവന്‍: (എഫേ 5:23)
  16. അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപം: (കൊളോ 1:15)
  17. സൃഷ്ടിയുടെ ആദ്യഫലം: (കൊളോ 1:15)
  18. രാജാക്കന്മാരുടെ രാജാവ്: (1 തിമോ 6:15; വെളി 19:16)
  19. നമ്മുടെ വിശ്വാസത്തിന്‍റെ ആരംഭവവും പൂര്‍ത്തീകരണവും:(ഹെബ്രാ 12:2)
  20. ദൈവജനത്തിന്‍റെ ഇടയനും ആത്മാക്കളുടെ സംരക്ഷകനും:(1 പത്രോ 2:25; യോഹ 10:11-14)
  21. ആമ്മേന്‍: (വെളി 3:14; 3:7)
  22. യൂദായുടെ സിംഹം ദാവീദിന്‍റെ വേര്: (വെളി 5:5)
  23. പ്രഭാതനക്ഷത്രം: (വെളി 22:16)
  24. ഇടയന്‍, നല്ലയിടയന്‍:യോഹ10:11-16; ഹെബ്രാ13:20; 1പത്രോ 2:25;5:4; വെളി 7:17
  25. സഹായകന്‍: 1 യോഹ 2:1
  26. ആല്‍ഫായും ഒമേഗയും: വെളി 1:8,17; 2:8; 21:6; 22:13
  27. യാഹ്വേ എന്ന പദത്തിന്‍റെ അര്‍ത്ഥമായ "ഞാന്‍ ആകുന്നു" എന്ന അഭിധാനം യേശുവിനെ സൂചിപ്പിക്കുവാനായി പുതിയനിയമം ഉപയോഗിക്കുന്നുണ്ട്: യോഹ 6:35,41,48,51; 8:12; 9:5; 10:7,9,11,14; 11:25; 14:6; 15:1,5
  28. രക്ഷകന്‍: ലൂക്കായില്‍ മൂന്നുതവണയും അജപാലനലേഖനങ്ങളില്‍ 25 തവണയും ഉപയോഗിച്ചിരിക്കുന്നു.

ഈ സംജ്ഞകളോരോന്നും യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ വിവിധ സവിശേഷതകളെയും  അവിടുത്തെ ദൗത്യത്തിന്‍റെ പ്രത്യേകതകളെയും കുറിച്ചാണ് വെളിപ്പെടുത്തുന്നത്.

A study of the mysteries of Christ the christ the church Mar Joseph Pamplany pre existence of Jesus incarnation baptism of jesus temptations of jesus Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message