x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

യാമപ്രാത്ഥനകൾ

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 19-Aug-2022

280. വിശുദ്ധ ഗ്രന്ഥത്തിലും വിശുദ്ധ പാരമ്പര്യത്തിലും അടിയുറച്ച സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് യാമപ്രാർത്ഥനകൾ. ദിവസത്തിന്റെ വിവിധയാമങ്ങളിൽ പ്രാർത്ഥിച്ച് അവയെ വിശുദ്ധികരിക്കുന്നതിന് സഭ രൂപപ്പെടുത്തിയിരിക്കുന്ന പ്രാർത്ഥനയാണിത്. കൂദാശകളും കൂദാശാനുകരണങ്ങളും പോലെ യാമപ്രാർത്ഥനകളും സഭയുടെ ആരാധനക്രമത്തിന്റെ ഭാഗമാണ്. സഭയുടെ ഈ പൊതുപ്രാർത്ഥനവഴി മാമ്മോദീസ സ്വീകരിച്ച വിശ്വാസികൾ തങ്ങളുടെ രാജകീയപൗരോഹിത്യധർമ്മം നിർവഹിക്കുന്നു (CCC 1174). ശിരസ്സായ മിശിഹായോട് ചേർന്ന് മൗതികശരീരമായ സഭ പിതാവിനർപ്പിക്കുന്ന പ്രാർത്ഥനയെന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ഇതിനെ വിശേഷിപ്പിക്കുന്നത് (ആരാധനക്രമം 84). ദിവസത്തിന്റെ വിവിധയാമങ്ങളെയും വർഷത്തിന്റെ വിവിധ കാലങ്ങളെയും വിശുദ്ധീകരിക്കുവാൻ സഹായിക്കുന്ന പ്രാർത്ഥനകളാണിവ. സ്തുതിയുടെ ബലി, ആദ്ധ്യാത്മികബലി എന്നിങ്ങനെ വിശുദ്ധ ലിഖിതങ്ങളിലും ആരാധനാഗ്രന്ഥങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ശൈലികളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ജീവിതം രൂപാന്തരപ്പെടുത്തുകയും അതിനെ പരിശുദ്ധ ത്രിത്വവുമായി വ്യക്തിപരമായ കൂട്ടായ്മയിൽ എത്തിക്കുകയും കർത്താവിന്റെ പ്രത്യാഗമനത്തിന്റെ പ്രത്യാശ നല്കി നിരന്തരം ജ്വലിപ്പിക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ ആരാധനയായി സഭ ഇതിനെ കാണുന്നു. വിശുദ്ധ കുർബാനയിൽ നിന്നൊഴുകുന്ന ദൈവകൃപയാൽ ദിവസത്തിന്റെ ഓരോ നിമിഷത്തെയും പ്രകാശിപ്പിക്കുക എന്നതാണ് യാമപ്രാർത്ഥനകളുടെ ദൗത്യം. “വിശുദ്ധ കുർബാനയിൽ പ്രത്യേകിച്ചും, ഞായറാഴ്ചകളിൽ നാം ആഘോഷിക്കുന്ന മിശിഹാരഹസ്യം യാമപ്രാർത്ഥനയുടെ ആഘോഷത്തിലൂടെ ഓരോ ദിവസത്തിന്റെയും സമയത്തിൽ ഉൾച്ചേർക്കുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (CCC 1174). ക്രൈസ്തവ ആദ്ധ്യാത്മികതയുടെ പഠനക്കളരിയായ യാമപ്രാർത്ഥനകൾ സഭയുടെ പൊതു പ്രാർത്ഥനയായതു കൊണ്ട്, അവ ഭക്തിയുടെ ഉറവിടവും വൈയക്തികപ്രാർഥനയുടെ പോഷണവുമാണ് (ആരാധനക്രമം 90). മിശിഹാ രഹസ്യത്തിൽ ഉൾച്ചേർന്ന് പ്രാർത്ഥിക്കുന്നതിനും മിശിഹായോടൊത്ത് രക്ഷയുടെ അനുഭവത്തിൽ അനുദിനം ജീവിക്കുന്നതിനും വേണ്ടി, മിശിഹാരഹസ്യം മുഴുവനും ഒരു വർഷംകൊണ്ട് വളരെ വിശദമായി അനുസ്മരിച്ച് ആഘോഷിക്കുന്നതിന് സഭ ഒരുക്കിയിരിക്കുന്ന സഭയുടെ ശുശ്രൂഷയാണ് യാമപ്രാർത്ഥനകൾ. വിശുദ്ധ കുർബാനയിൽ ആഘോഷിക്കപ്പെടുന്ന രക്ഷാരഹസ്യം മുഴുവനും ആരാധനാവത്സരത്തിന്റെ പശ്ചാത്തലത്തിൽ ദിവസത്തിന്റെ വിവിധ യാമങ്ങളിൽ ആഘോഷിക്കുന്നു.

281. വിശുദ്ധ കുർബാനയുടെ ചൈതന്യം ദിവസത്തിന്റെ വിവിധയാമങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ദൈവസ്തുതികൾ ആലപിച്ച് ദിനരാത്രങ്ങൾ വിശുദ്ധീകരിക്കുവാൻ (ആരാധനക്രമം 84,88,94) യാമപ്രാർത്ഥനകൾ സഹായിക്കുന്നു. യാമപ്രാർത്ഥനകളിലൂടെ ജീവിതം മുഴുവൻ വിശുദ്ധ കുർബാനയോട് ചേർത്ത് ഒരു ബലിയായി രൂപാന്തരപ്പെടുത്താനും സാധിക്കുന്നു.

ക്രിസ്തീയ ജീവിതത്തിന്റെയും ക്രിസ്തീയാരാധനയുടെയും കേന്ദ്രം അൾത്താരയിലെ ബലിയായ വിശുദ്ധ കുർബാനയാണ് (ആരാധനക്രമം 10). ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാരഹസ്യം തിരുവചനത്തിലൂടെയും തിരുശരീരരക്തങ്ങളിലൂടെയും അനുഭവിച്ചാഘോഷിക്കുകയാണ് വിശുദ്ധ കുർബാനയിൽ. രക്ഷാകരരഹസ്യങ്ങളുടെ ആഘോഷമാണ് യാമപ്രാർത്ഥനകളിലും നടക്കുന്നത്. വിശുദ്ധ കുർബാനയിൽ രക്ഷാകരരഹസ്യങ്ങൾ ഹ്രസ്വവും കൗദാശികവുമായി ആവിഷ്കരിച്ച് ആഘോഷിക്കുമ്പോൾ യാമപ്രാർത്ഥനകളിൽ രക്ഷാകരരഹസ്യം മുഴുവനും, മംഗളവാർത്തക്കാലം മുതൽ പള്ളിക്കൂദാശക്കാലംവരെയുള്ള ആരാധനാവത്സരത്തിലൂടെ ക്രമമായി സവിസ്തരം അനുസ്മരിച്ചാഘോഷിക്കുന്നു.

വിശ്രമമില്ലാതെ പ്രാർത്ഥനയ്ക്കായി ആത്മാർപ്പണം ചെയ്ത് ജീവിച്ചിരുന്ന പിതാക്കന്മാരാലും സന്ന്യാസിമാരാലും മറ്റു വ്യക്തികളാലും രചിക്കപ്പെട്ട യാമപ്രാർത്ഥനകൾ പാരമ്പര്യമായി നമുക്കു ലഭിച്ചിരിക്കുന്ന വിലപ്പെട്ടതും നഷ്ടപ്പെടുത്താനാവാത്തതുമായ ആദ്ധ്യാത്മികസമ്പത്താണ്. യാമപ്രാർത്ഥനകളിലടങ്ങിയിരിക്കുന്ന അമൂല്യ മുത്തുകളെ കണ്ടെത്തണമെങ്കിൽ വിശുദ്ധ ലിഖിതങ്ങളെപ്പോലെ തന്നെ അവയെയും സൂക്ഷ്മപഠനത്തിനും വിചിന്തനത്തിനും വിധേയമാകണം. ക്രൈസ്തവ ആദ്ധ്യാത്മികതയെപ്പറ്റി പഠിക്കാനുള്ള ആധികാരികമായ ഉറവിടം യാമപ്രാർത്ഥനകളാണെന്ന് പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം 1996-ൽ നല്കിയ നിർദ്ദേശകരേഖയിൽ പ്രസ്താവിക്കുന്നു.

I യാമപ്രാർത്ഥനകളുടെ ഉത്ഭവവും വളർച്ചയും

പഴയനിയമപശ്ചാത്തലം

283. ഇസ്രായേൽജനത്തിന് പ്രാർത്ഥനയ്ക്കായുള്ള ദാഹം ജനിക്കുന്നത് ദൈവവുമായുള്ള ഉടമ്പടിയിൽ നിന്നാണ്. ദൈവജനത്തിന്റെ ഉടമ്പടിയനുഭവമായിരുന്നു അവരുടെ പ്രാർത്ഥനയുടെ അടിസ്ഥാനം. ദൈവത്തോടുകൂടെ സദാ ആയിരിക്കുവാൻ (നിയമാ 6:4-10) തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ, തങ്ങളെ സൃഷ്ടിച്ചതിനും അത്ഭുതകരമായി പരിപാലിക്കുന്നതിനും ദൈവത്തിന് കൃതജ്ഞതാസ്തോത്രങ്ങളും ബലികളും സമർപ്പിച്ചിരുന്നു. ദൈവവുമായി ഗാഢബന്ധം പുലർത്താൻ അവിടത്തെ വചനങ്ങൾ തന്നെ അവർക്ക് പ്രചോദനം നല്കി. ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനമെന്ന അവബോധവും, ദൈവം അവരുടെ സ്വന്തമെന്ന അറിവും (പുറ 19:5-6) ഉടമ്പടിയിൽ ആഴപ്പെടുവാൻ അവരെ സഹായിച്ചു. ഉടമ്പടി അനുസ്മരിക്കാനും ദൈവവുമായുള്ള ബന്ധത്തിൽ തുടരുവാനും ദിവസത്തിൽ പ്രത്യേക സമയങ്ങളും പ്രത്യേകസ്ഥലങ്ങളും അവർ കണ്ടെത്തി. ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയുമാണ് ഉടമ്പടി ബന്ധം സംരക്ഷിക്കപ്പെടുകയും പുഷ്ടിപ്പെടുകയും ചെയ്തത്.

ആരാധനയ്ക്കായി ഒരുമിച്ചുകൂടുമ്പോൾ സങ്കീർത്തനങ്ങൾ പാടി അവർ ദൈവത്തെ സ്തുതിച്ചിരുന്നു. അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പ്രത്യാശയുമെല്ലാം വ്യത്യസ്തമായ ജീവിതാനുഭവങ്ങളുടെ പ്രതിഫലനമെന്നരീതിയിൽ സങ്കീർത്തനങ്ങളിലൂടെ പ്രകടമാക്കിയിരുന്നു. രോഗത്തിൽനിന്നും അപകടത്തിൽ നിന്നും രക്ഷപ്പെടുമ്പോഴും അവർ സങ്കീർത്തനങ്ങളിലൂടെ ദൈവത്തെ സ്തുതിച്ച് മഹത്ത്വപ്പെടുത്തി.

പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും കർത്താവിന്റെ ഉടമ്പടിവചനങ്ങൾ ഓർത്ത് ദൈവത്തെ സ്തുതിക്കുന്ന ദൈവജനത്തെ സങ്കീർത്തനങ്ങളിൽ നാം കാണുന്നു (സങ്കീ 55:17). പാതിരാവിൽ ദൈവത്തെ സ്തുതിക്കാൻ ഉണരുന്ന ഭക്തനെയും (സങ്കീ 118; 62) ദിവസത്തിൽ ഏഴു പ്രാവശ്യം ദൈവത്തെ സ്തുതിക്കുന്ന (സങ്കീ 118:164) തീക്ഷ്ണതയുള്ള യഹൂദനെയും സങ്കീർത്തനങ്ങളിൽ കാണാം.

ദൈവം മോശവഴി ഇസ്രായേലിനോട് ആവശ്യപ്പെട്ടതനുസരിച്ച് രാവിലെയും വൈകിട്ടും അവർ ജറുസലേം ദേവാലയത്തിൽ ബലിയർപ്പണം നടത്തിയിരുന്നു (പുറ 29:38-41, 30:7-8, സംഖ്യ 28:38; 2 ദിന 15:16). ഈ ബലിയർപ്പണത്തിലും ധൂപാർപ്പണത്തിലും ലോകത്തിൽ എവിടെയെല്ലാം യഹൂദരുണ്ടോ അവരെല്ലാവരും ആത്മനാ പങ്കുചേർന്നിരുന്നു (യൂദി 9:1). ഇസ്രായേലിലെ എല്ലാ കുടുംബങ്ങളിലും ജറുസലേമിനുനേരെ തുറന്നുകിടക്കുന്ന ജാലകങ്ങൾ ഉണ്ടായിരുന്നു (ദാനി 6:10). ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ട അവസരത്തിൽ അടിമത്തത്തിലായിരുന്ന അവർ പ്രാർത്ഥിച്ചു: "കർത്താവേ, ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥന പരിമളധൂപമായും കൈകൾ ഉയർത്തുന്നത് സായാഹ്നബലിയായും സ്വീകരിക്കണമേ' (സങ്കീ 140:2).

284. ഇസ്രായേൽ ജനത്തിന്റെ പ്രാർത്ഥനാലയമായിരുന്നു സിനഗോഗ്. ദേവാലയം ഒന്നേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അനേകം സിനഗോഗുകൾ ഉണ്ടായിരുന്നു. എ.ഡി. 70-ൽ ജറുസലേം ദേവാലയം നശിപ്പിക്കപ്പെടുന്ന അവസരത്തിൽ ജറുസലേമിൽത്തന്നെ 394 സിനഗോഗുകളുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ബലിയർപ്പണം നടത്തിയിരുന്നത് ദേവാലയത്തിൽ മാത്രമായിരുന്നു. എന്നാൽ, ജനങ്ങൾ സമ്മേളിച്ച് പ്രാർത്ഥിച്ചിരുന്നതും വിശുദ്ധ ഗ്രന്ഥപാരായണവും പ്രബോധനവും നടത്തിയിരുന്നതും സിനഗോഗുകളിലാണ്. സിനഗോഗിൽ സാബത്തുദിവസങ്ങളിലെ പ്രാർത്ഥനകൾക്കു പുറമേ, ഉപവാസദിനങ്ങളായ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരുന്നു.

285. ഇസ്രായേലിലെ ഭവനങ്ങളിൽ പ്രാർത്ഥനാകേന്ദ്രങ്ങളായിരുന്നു. പ്രഭാതത്തിലും സായാഹ്നത്തിലും കുടുംബാംഗങ്ങൾ ഒരുമിച്ച് പ്രാർത്ഥിച്ചിരുന്നു. ഭക്ഷണവേളകളിൽ അവർ പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. പ്രകൃതിയിൽ ദൈവം ഒരുക്കിയ ഭക്ഷണപദാർത്ഥങ്ങളെ ഓർത്ത് അവർ ദൈവത്തിന് കൃതജ്ഞതയർപ്പിച്ചിരുന്നു. യഹൂദകുടുംബങ്ങളിൽ വലിയ പ്രാധാന്യത്തോടെ പെസഹാ ആചരിച്ചിരുന്നു. പുറത്തുപോകുമ്പോഴും വീട്ടിലായിരിക്കുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും അവർ പ്രാർത്ഥിച്ചിരുന്നു (നിയമാ 6:5-9).

യഹൂദപ്രാർത്ഥനാസമയങ്ങൾ

286. പ്രാർത്ഥിക്കാൻ പ്രത്യേകസ്ഥലങ്ങളുണ്ടായിരുന്നതുപോലെ പ്രത്യേക സമയങ്ങളും യഹൂദർക്ക് നിശ്ചയിക്കപ്പെട്ടിരുന്നു. പ്രഭാതവും സായാഹ്നവും ഇസ്രായേൽക്കാരെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനയുടെ നിർണ്ണായക സമയമായിരുന്നു. പ്രഭാതം രക്ഷയുടെയും പ്രതീക്ഷയുടെയും സമയമാണെങ്കിൽ, രാത്രി ദൈവപരിപാലനയുടെയും ദൈവകാരുണ്യത്തിന്റെയും സമയമായി അവർ കണക്കാക്കി.

ജറുസലേം ദേവാലയത്തിൽ പ്രഭാതത്തിൽ ബലിയർപ്പണവും സായാഹ്നത്തിൽ ധൂപാർച്ചനയും നടത്തിയിരുന്നു. ബി.സി. 5-ാം നൂറ്റാണ്ടിൽ ഹോളോഫർണസിന്റെ കൊട്ടാരവളപ്പിൽ കടന്നുചെന്ന വിധവയായ യൂദിത്തും ദാസിമാരും ജറുസലേം ദേവാലയത്തിൽ നടത്തിയിരുന്ന സായാഹ്ന ധൂപാർച്ചനയിൽ പങ്കെടുത്തിരുന്നതായി കാണുന്നു. (യൂദി 9:1). ബി.സി. 3-ാം നൂറ്റാണ്ടിൽ ജറൂസലേം ദേവാലയത്തിൽ നടന്നിരുന്ന സായാഹ്നബലിയെക്കുറിച്ച് എസ്രായുടെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട് (എസ്രാ 9:5). മിശിഹായുടെ വരവിന് മുമ്പുള്ള കാലഘട്ടത്തിൽ (ഏകദേശം ബി. സി. 164-ൽ) ദിവസം മൂന്നു നേരം പ്രാർത്ഥിക്കുന്നതായി ദാനിയേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (ദാനി 6:10).

287. ദൈവമായ കർത്താവ് ജന്മമേകിയതും തിരഞ്ഞെടുത്തതും കയ്യിലെടുത്ത് വളർത്തിയതും നടക്കാൻ പഠിപ്പിച്ചതുമായ ജനമാണ് ഇസ്രായേൽ (ഹോസി 11:3). തന്റെ വാത്സല്യഭാജനങ്ങളായി കണ്ട് അവിടുന്ന് നിരന്തരം തന്റെ വചനങ്ങൾ അവരെ അറിയിച്ചു കൊണ്ടിരുന്നു. പഴയനിയമം മുഴുവനും ശ്രദ്ധിച്ചുകേൾക്കാനുള്ള ക്ഷണമാണ് (Hear, Oh Israel, നിയമാ 6:4-9) അവർക്ക് നല്കപ്പെട്ടത്. ശ്രദ്ധിച്ചു കേൾക്കലാകട്ടെ, സദാ ദൈവത്തോടുകൂടെയായിരിക്കാൻ, ഉടമ്പടിയിൽ ഉറച്ചുനിൽക്കാനുള്ള വിളിയാണ്. "ഇസ്രായേലേ കേട്ടാലും" എന്നു തുടങ്ങുന്ന വചനം കൊണ്ടാരംഭിക്കുന്ന ഈ പ്രാർത്ഥന, 'ഷേമാ' (Shema) എന്ന പേരിലാണ് അറിയപ്പെടുന്നത്. യഹൂദപുരുഷന്മാർ എല്ലാവരും പന്ത്രണ്ടുവയസുമുതലെ 'ഷേമാപ്രാർത്ഥന' ചൊല്ലാൻ കടപ്പെട്ടിരുന്നു. പന്ത്രണ്ടുവയസുമുതൽ പ്രഭാതത്തിലും സായാഹ്നത്തിലും ഷേമാ ചൊല്ലി പ്രാർത്ഥിക്കുന്നത് ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനമായി യഹൂദർ കരുതി. കാലക്രമത്തിൽ, ഷേമാപ്രാർത്ഥനയ്ക്കു മുമ്പും പിമ്പും തെഫില്ല (Tefillah) പ്രാർത്ഥനയും (18 Benedictions or Blessings), അതിനോടുചേർത്ത് അവരുടെ വ്യക്തിപരമായ നിയോഗങ്ങളും സമർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. യുദിത്തും (യൂദി 9:1) എസ്രായും (എസ്രാ 9:5) ദാനിയേലും (ദാനി 6:10) പ്രഭാത സായാഹ്നബലികളുടെ സമയത്തും രാത്രിയിലും പ്രാർത്ഥിക്കുന്നതായി വി. ഗ്രന്ഥത്തിൽ കാണാം. ഭക്തനായ യഹൂദൻ ദിവസത്തിൽ ഏഴ് പ്രാവശ്യം പ്രാർത്ഥിച്ചിരുന്നു (സങ്കീ 118:164). ഏഴ് എന്ന സംഖ്യ പൂർണ്ണതയെ സൂചിപ്പിക്കുന്നു. ഏഴ് പ്രാവശ്യം പ്രാർത്ഥിക്കുന്നു എന്നു പറയുമ്പോൾ, ദിവസം മുഴുവൻ ദൈവത്തോടുകൂടെ ദൈവവുമായുള്ള നിരന്തരബന്ധത്തിൽ ആയിരുന്നു എന്നു വേണം മനസ്സിലാക്കാൻ.

പുതിയനിയമപശ്ചാത്തലം

288. യഹൂദ ആചാരപ്രകാരം ഈശോയും ശിഷ്യന്മാരും ജറുസലേം ദേവാലയത്തിലും (ലൂക്കാ 2:42) സിനഗോഗിലും (ലൂക്കാ 4:16-30) ഭവനങ്ങളിലും (അപ്പ 1:14; 2:46; 4: 23-31; 12:5-12) പ്രാർത്ഥിച്ചിരുന്നു. ദിവസത്തെ പല യാമങ്ങളായി തിരിച്ച് ഓരോ യാമത്തിലും യഹൂദർ പ്രാർത്ഥിച്ചിരുന്നതനുസരിച്ച് ആദിമ ക്രിസ്തീയ സമൂഹവും പ്രാർത്ഥിക്കുന്നതായി പുതിയനിയമം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

II ഈശോയുടെ പ്രാർത്ഥന

289. പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ഈശോ എപ്പോഴും പിതാവുമായി ഗാഢബന്ധത്തിലായിരുന്നു. അവിടത്തെ ജീവിതവും പ്രവർത്തനങ്ങളും പ്രാർത്ഥനയിൽ അധിഷ്ഠിതമായിരുന്നു. എങ്കിലും പ്രത്യേക സ്ഥലവും സമയവും പ്രാർത്ഥനയ്ക്കായി ഈശോ തിരഞ്ഞെടുത്തിരുന്നു. പ്രഭാതവും (മർക്കോ 1:35) സായാഹ്നവും (മത്താ 14:23) രാത്രിയും (ലൂക്കാ 6:12) ഈശോയുടെ പ്രാർത്ഥനാ വേളകളായിരുന്നു. തനിച്ചും (ലൂക്കാ 11:1) ശിഷ്യന്മാരോടൊന്നിച്ചും (യോഹ 17:1, ലൂക്കാ 9:28) ഈശോ പ്രാർത്ഥിച്ചു. ജീവിതത്തിന്റെ സുപ്രധാനഘട്ടങ്ങളിൽ അവിടുന്ന് പ്രാർത്ഥിക്കുന്നതായി കാണാം. തന്റെ പരസ്യജീവിതത്തിന് ഒരുക്കമായി 40 ദിനരാത്രങ്ങൾ അവിടു പ്രാർത്ഥനയിൽ ചെലവഴിച്ചു (മത്താ 4:1-11). ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പും (ലൂക്ക 6:12-13) ലാസറിനെ ഉയിർപ്പിക്കുന്നതിനുമുമ്പും (യോഹ 11:41-44) പരസ്യജീവിതത്തിന്റെ അവസാനവേളയിലും (യോഹ 17) ഗദ്സെമനിയിൽ തന്റെ പീഡാനുഭവത്തിനുമുമ്പും (മത്താ 26:36-46; മർക്കോ 14:32-42; ലൂക്കാ 22:39-46) കുരിശിൽ കിടന്നും (ലൂക്കാ 23:34-46) ഈശോ പ്രാർത്ഥിച്ചു.

ഈശോയുടെ പ്രാർത്ഥനയുടെ പ്രധാനഘടകം സങ്കീർത്തനങ്ങളായിരുന്നു. ഇസ്രായേൽ ജനത്തിന്റെ ദൈവാനുഭവത്തിൽനിന്ന് ഉരുത്തിരിഞ്ഞ സങ്കീർത്തനങ്ങൾ ഈശോയും മനഃപാഠമാക്കിയിരുന്നു. പെസഹാവിരുന്നിനു ശേഷം യഹൂദർ പാടിയിരുന്ന ഹല്ലേൽ സ്തോത്രഗീതം ഈശോ ആലപിച്ചു (മർക്കോ 14:26). ജീവിതത്തിന്റെ നിർണ്ണായക നിമിഷത്തിൽ വേദനയുടെ ആധിക്യത്തിൽ ഭക്തനായ യഹൂദൻ പ്രാർത്ഥിക്കുന്നതുപോലെ, കുരിശിൽ കിടന്ന ഈശോയും സങ്കീർത്തനങ്ങൾ ഉരുവിട്ടു പ്രാർത്ഥിച്ചു. “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” (സങ്കീ 22:1; മത്താ 27:46). ഓരോ ദിവസത്തിന്റെ അവസാനത്തിലും വിശ്രമത്തിനായി പോകുമ്പോൾ യഹൂദർ പ്രാർത്ഥിച്ചിരുന്ന സങ്കീർത്തനം ചൊല്ലി കുരിശിൽ കിടന്ന ഈശോ തന്റെ ജീവൻ പിതാവിന്റെ കരങ്ങളിൽ സമർപ്പിച്ചു (സങ്കീ 31:5; ലൂക്കാ 23:46).

ഈശോയുടെ പ്രാർത്ഥന ദൈവസ്തുതിയും കൃതജ്ഞതയും (മത്താ 11:25; യോഹ 17:1) നിറഞ്ഞതായിരുന്നു. യാചനയുടെയും (മത്താ 6:11-13) മാദ്ധ്യസ്ഥ്യത്തിന്റെയും (യോഹ 17:9-26) ഘടകങ്ങളും അവിടത്തെ പ്രാർത്ഥനയിൽ കാണാം. എപ്രകാരമാണ് പ്രാർത്ഥിക്കേണ്ടതെന്ന് തന്റെ പ്രബോധനങ്ങളിലൂടെ ഈശോ പഠിപ്പിക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ച് (ലൂക്കാ 11: 2) സ്ഥിരതയോടും (മത്താ 7:7-11) വിശ്വാസത്തോടും (മർക്കോ 11: 24) എളിമയോടും (ലൂക്കാ 18: 9) കൂടി നിരന്തരം (ലൂക്കാ 18:1) പ്രാർത്ഥിക്കുവാൻ ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു.

III ശിഷ്യന്മാരുടെ പ്രാർത്ഥന

290. ഈശോയിൽ കണ്ടതും ഈശോ പഠിപ്പിച്ചതുമായ മാതൃക ശിഷ്യന്മാർ സ്വന്തമാക്കി. ഈശോയുടെ സ്വർഗ്ഗാരോഹണത്തിനുശേഷം യൂദാസിനുപകരം ഒരാളെ ശ്ലൈഹിക ശുശ്രൂഷയ്ക്ക് തിരഞ്ഞെടുക്കുന്നതിനുമുമ്പ് ശിഷ്യന്മാർ ഒരുമിച്ചുകൂടി പ്രാർത്ഥനയിൽ ചെലവഴിച്ചു (അപ്പ 1:14, 24-25). സഭാസമൂഹത്തിന്റെ ശുശ്രൂഷയ്ക്കായി ഏഴ് ഡീക്കന്മാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പും അവർ പ്രാർത്ഥിച്ചു (അപ്പ 6:6). പൗലോസിനെയും സീലാസിനെയും പ്രേഷിതശുശ്രൂഷയ്ക്കായി അയയ്ക്കുന്നതിനുമുമ്പും ശ്ലീഹന്മാർ പ്രാർത്ഥിക്കുന്നുണ്ട് (അപ്പ 13:3).

ശ്ലീഹന്മാർ സങ്കീർത്തനങ്ങൾ പാടി പ്രാർത്ഥിക്കുകയും (അപ്പ 16:25) അപ്രകാരം പ്രാർത്ഥിക്കാൻ സമൂഹത്തെ ഉപദേശിക്കുകയും (കൊളോ 3:16; എഫേ 5:19) ചെയ്തു. അപേക്ഷകളോടും യാചനകളോടും കൂടി അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാവർക്കുംവേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ച് പ്രാർത്ഥിക്കുവാൻ (എഫേ 6:18, 1 തിമോ 2:1-2; ഫിലി 4:6; കൊളോ 4:2) പൗലോസ്ശ്ലീഹാ ഉപദേശിക്കുന്നു.

യഹൂദപാരമ്പര്യമനുസരിച്ചും ഈശോയിൽനിന്ന് പഠിച്ചതനുസരിച്ചും ശിഷ്യന്മാരും ആദിമക്രിസ്തീയസമൂഹവും ജറുസലേം ദേവാലയത്തിലും സിനഗോഗുകളിലും ഭവനങ്ങളിലും പ്രാർത്ഥിച്ചിരുന്നു. അനുദിനം ദേവാലയത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുകയും ഭവനംതോറും അപ്പം മുറിക്കുകയും ഒരുമിച്ച് ഭക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നതായി അപ്പസ്തോലപ്രവർത്തനങ്ങളിൽ കാണുന്നു (അപ്പ 2:46). മിശിഹായെ കർത്താവായി ആരാധിച്ച് (1 പത്രോ 3:15), ദൈവത്തെ സ്തുതിച്ച് സദാ ദേവാലയത്തിൽ കഴിയുന്നതായും (ലൂക്കാ 24:53) വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. പ്രാർത്ഥനയിലും ദൈവവചനശുശ്രൂഷയിലും വ്യാപൃതരായ (അപ്പ 6:2-4) ആദിമ ക്രിസ്തീയസമൂഹം യഹൂദപാരമ്പര്യമനുസരിച്ച് ദിവസത്തിന്റെ വിവിധയാമങ്ങളിൽ ഒരുമിച്ചു പ്രാർത്ഥിക്കുന്നത് കാണുന്നു. ഒമ്പതാം മണിക്കൂറിലെ (3.00 pm) പ്രാർത്ഥനയ്ക്കായി പത്രോസും യോഹന്നാനും ദേവാലയത്തിലേക്ക് പോകുമ്പോഴാണ് ദേവാലയ കവാടത്തിൽ കിടന്നിരുന്ന മുടന്തനായ മനുഷ്യനെ പത്രോസ് സുഖപ്പെടുത്തുന്നത് (അപ്പ 3:1-10), മൂന്നാം മണിക്കൂറിലും (9.00 am) (അപ്പ 12:5) മധ്യാഹ്നത്തിലും (noon) (അപ്പ 10:9) ഒമ്പതാം മണിക്കൂറിലും (3.00 pm) (അപ്പ 3:11, 10:3-30) പാതിരാവിലും (midnight) (അപ്പ 16:25) രാത്രിമുഴുവനും സഭ ഒരുമിച്ച് പ്രാർത്ഥിക്കുന്നതായി (അപ്പ 12:5-12) അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നുണ്ട്.

IV പ്രാർത്ഥനയെക്കുറിച്ച് ആദിമസഭാപിതാക്കൻമാർ

291. പ്രാർത്ഥനയെക്കുറിച്ചു സഭാപിതാക്കൻമാർ നല്കുന്ന പ്രബോധനം ശ്രദ്ധേയമാണ്. പുതിയനിയമഗ്രന്ഥങ്ങൾ എഴുതപ്പെടുന്നതിന് മുമ്പുതന്നെ എഴുതപ്പെട്ട പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനം എന്നറിയപ്പെടുന്ന ഡിഡാക്കേയിൽ (എ.ഡി. 50 -70 നും ഇടയിൽ) ദിവസത്തിൽ മൂന്നു പ്രാവശ്യം പ്രാർത്ഥിക്കണം എന്ന് നിർദ്ദേശിക്കുന്നു. ആദിമസഭയുടെ പ്രബോധനങ്ങൾ ഉൾക്കൊള്ളുന്ന ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തിൽ (Apostolic Constitution) എന്ന കൃതിയിൽ സങ്കീർത്തനങ്ങൾ ആലപിച്ചും പ്രാർത്ഥിച്ചും, എല്ലാ ദിവസവും പ്രഭാതത്തിലും പ്രദോഷത്തിലും കർത്താവിന്റെ ഭവനത്തിൽ ഒരുമിച്ചു കൂടണമെന്ന് ആഹ്വാനം ചെയുന്നുണ്ട്. യഹൂദ ക്രൈസ്തവർ ഒരുമിച്ചു കൂടി സങ്കീർത്തനങ്ങൾ ആലപിക്കുകയും ദൈവചനം വായിക്കുകയും വ്യാഖ്യാനിക്കുകയും മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നതായി രക്തസാക്ഷിയായ വി. ജസ്റ്റിൻ (എ.ഡി. 100-165) സാക്ഷ്യപ്പെടുത്തുന്നു. റോമിലെ ഹിപ്പോളിറ്റസിന്റെ (170-235) അപ്പസ്തോലിക പാരമ്പര്യം (Apostolic Tradition) എന്ന രേഖയിൽ, ക്രിസ്ത്യാനികൾ മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും അർദ്ധരാത്രിയിലും കോഴികൂവുന്ന മണിക്കൂറിലും പ്രാർത്ഥിക്കണമെന്ന് നിർദ്ദേശിക്കുന്നു. ഈ മണിക്കൂറുകളിലെ പ്രാർത്ഥനയുടെ പ്രാധാന്യം മിശിഹായുടെ പീഡാസഹന മരണോത്ഥാനരഹസ്യവുമായി ബന്ധപ്പെടുത്തി അദ്ദേഹം വിശദീകരിക്കുന്നു. വി. സിപ്രിയാൻ (+258) മൂന്ന്, ആറ്, ഒൻപത് മണിക്കൂറുകളെ തിരുമണിക്കൂറുകൾ ആയി കാണുന്നു. വി. ജോൺ ക്രിസോസ്തോം (+390) അന്ത്യോക്യൻ സഭയിൽ വിശ്വാസികളും ജ്ഞാനസ്നാനാർത്ഥികളും പ്രഭാത പ്രാർത്ഥനയിലും സായാഹ്ന പ്രാർത്ഥനയിലും പങ്കെടുത്തിരുന്നതായി പറയുന്നുണ്ട്. സങ്കീർത്തനങ്ങളും മദ്ധ്യസ്ഥ പ്രാർത്ഥനകളും മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും അത്താഴാനന്തരവും പ്രഭാതത്തിലും ചൊല്ലിയിരുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

292. നാലാം നൂറ്റാണ്ടിൽ ജറുസലേം സന്ദർശിച്ച സ്പെയിൻകാരിയായ എജേരിയായുടെ ഡയറിക്കുറിപ്പുകളിൽ ജറുസലേമിലെ ആഘോഷപൂർവ്വകമായ ആരാധാനക്രമത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. കർത്താവിന്റെ തിരുക്കല്ലറ സ്ഥിതിചെയ്യുന്ന ദൈവാലയത്തിൽ ആഘോഷപൂർവകമായ സായാഹ്നപ്രാർത്ഥന ദീപം കൊളുത്തി നടത്തിയിരുന്നതായി എജേരിയ വിവരിക്കുന്നു. "ദീപം തെളിച്ചുള്ള പ്രാർത്ഥന' (Lucerarium) എന്നാണ് സായാഹ്ന പ്രാർത്ഥന അറിയപ്പെട്ടിരുന്നത്. കർത്താവിന്റെ കബറിടത്തിൽ നിരന്തരമായി കത്തിക്കൊണ്ടിരിക്കുന്ന തിരിയിൽ നിന്ന് മറ്റു വിളക്കുകളും തിരികളും കത്തിച്ച് ദേവാലയത്തെ മുഴുവനും സായാഹ്നത്തിൽ പ്രകാശമാനമാക്കിയിരുന്നുവെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. കബറിടത്തിൽ കത്തുന്ന ദീപം ഉത്ഥിതനായ മിശിഹായെ സൂചിപ്പിക്കുന്നു. തന്റെ ഉത്ഥാനത്താൽ പാപവും മരണവുമാകുന്ന ഇരുട്ടിനെ കീഴ്പ്പെടുത്തി, ലോകത്തിനു മുഴുവൻ പ്രകാശം നല്കി, ഇന്നും ജീവിക്കുന്ന മിശിഹായെ ഈ സായാഹ്നദീപാർച്ചന പ്രാർത്ഥനയിലൂടെ വിശ്വാസികൾ ഏറ്റുപറയുന്നു.

നാലാം നൂറ്റാണ്ടോടുകൂടി യാമപ്രാർത്ഥനയ്ക്ക് വ്യക്തമായ രൂപഭാവങ്ങൾ ഉണ്ടായി. പഴയനിയമപശ്ചാത്തലത്തിൽ വളർന്നുവന്ന പ്രാർത്ഥനകളെ ഈശോയുടെയും ശിഷ്യന്മാരുടെയും പ്രാർത്ഥനാരീതികൾ കൂട്ടിച്ചേർത്ത് ആദിമസഭ രൂപപ്പെടുത്തിയത് മിശിഹാരഹസ്യത്തിൽ കേന്ദ്രീകരിച്ചാണ്. സങ്കീർത്തനങ്ങൾക്കും വിശുദ്ധ ഗ്രന്ഥവായനകൾക്കും പുറമേ സഭാപിതാക്കന്മാരുടെ ഗീതങ്ങളും (Ecclesiastical hymns) സന്ന്യാസമൂഹത്തിനുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാർത്ഥനകളും യാമപ്രാർത്ഥനയിൽ സ്ഥാനം പിടിച്ചു.

V കത്തീഡ്രൽ സന്ന്യാസപാരമ്പര്യങ്ങൾ

294. യാമപ്രാർത്ഥനകൾ നിയതമായ രൂപം പ്രാപിക്കുന്നത് കത്തീഡ്രൽ പാരമ്പര്യം, സന്ന്യാസപാരമ്പര്യം എന്നീ വ്യത്യസ്തമായ രണ്ട് പാരമ്പര്യങ്ങളിലൂടെയാണ്. വിവിധ കേന്ദ്രങ്ങളിലായി രൂപംകൊണ്ട് മൂന്നു വ്യത്യസ്ത യാമപ്രാർത്ഥനാപാരമ്പര്യങ്ങളെ കുറിച്ച് ആരാധനക്രമ പണ്ഡിതനായ ജെ. മത്തേയോസ് പ്രതിപാദിക്കുന്നുണ്ട്. ഇടവകദേവാലയങ്ങളോട് അനുബന്ധിച്ച് രൂപംകൊണ്ട് കത്തീഡ്രൽ ക്രമവും (Cathedral Office) ഈജിപ്തിലെ സന്ന്യാസാശ്രമങ്ങളിൽ രൂപംകൊണ്ട സന്ന്യാസക്രമവും (Monastic Office) നഗരങ്ങളിൽ വസിച്ചിരുന്ന സന്ന്യാസിമാരുടെ ആശ്രമങ്ങളോടനുബന്ധിച്ച് രൂപം കൊണ്ട നഗരസന്ന്യാസക്രമവും (Urban Monastic Office).

കത്തീഡ്രൽ പാരമ്പര്യം

295. കത്തീഡ്രൽ ദേവാലയങ്ങളിൽ മെത്രാന്മാരുടെ നേതൃത്വത്തിൽ ദൈവജനം ഒരുമിച്ച് പ്രാർത്ഥനകൾ നടത്തിയിരുന്നു. ഇതിനെ കത്തീഡ്രൽ പാരമ്പര്യം (കത്തീഡ്രൽ ക്രമം) എന്ന് വിളിക്കുന്നു. കത്തീഡ്രലിനെ, ആരാധാനക്രമ ജീവിതത്തിന്റെ കേന്ദ്രസ്ഥാനമായി ദൈവജനം കണ്ടിരുന്നു. കത്തീഡ്രലിൽ നടത്തപ്പെട്ടിരുന്ന ആരാധനാ ശുശ്രൂഷകൾ മറ്റ് ഇടവകകൾക്ക് മാതൃകയും പ്രചോദനവുമായി നിലകൊണ്ടു. മെത്രാന്മാരുടെ കീഴിലുള്ള ഇടവകകളിലും ദൈവാലയങ്ങളിലും ഇതേ ആരാധനാ ശുശ്രൂഷകൾ തന്നെയാണ് ഇടവക വൈദികരും വിശ്വാസികളും ചേർന്ന് നടത്തിയിരുന്നത്. ദൈവജനത്തിന്റെ മുഴുവൻ പ്രാർത്ഥനയായിരുന്നു കത്തീഡ്രൽ ക്രമം.

ദേവാലയത്തോടനുബന്ധിച്ച് രൂപംകൊണ്ട കത്തീഡ്രൽ യാമപ്രാർത്ഥനാക്രമം സാധാരണ ജനങ്ങൾക്ക് ദൈവാനുഭവം പകരുന്ന തരത്തിൽ ആകർഷകമാക്കിയിരുന്നു. കാലത്തിനും സമയത്തിനും യോജിച്ചവിധം തിരഞ്ഞെടുത്ത സങ്കീർത്തനങ്ങളും വിശുദ്ധ ഗ്രന്ഥവായനകളും, സ്തുതിപ്പുകളും, മദ്ധ്യസ്ഥ പ്രാർത്ഥനകളും, ദീപം കൊളുത്തൽ, ധൂപിക്കൽ, പ്രദക്ഷിണം തുടങ്ങിയവയും കത്തീഡ്രൽ പാരമ്പര്യത്തിന്റെ സവിശേഷതകളാണ്. മെത്രാൻ, വൈദികർ, ഡീക്കന്മാർ, വായനക്കാരൻ, ശുശ്രൂഷി, സമൂഹം എന്നിവർക്ക് യാമ പ്രാർത്ഥനയിൽ പ്രത്യേകഭാഗങ്ങൾ നീക്കിവച്ചിരിക്കുന്നു എന്നതും ഇതിന്റെ സവിശേഷതകളിൽപ്പെടുന്നു.

ഇന്നത്തെ യാമപ്രാർത്ഥനാഭാഗങ്ങളായ റംശായും സപ്രായും കത്തീഡ്രൽ ക്രമത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ്. 'കർത്താവേ, പ്രഭാതത്തിൽ ഞാൻ ഒരുങ്ങി അങ്ങേ പക്കൽ വരുന്നു' എന്ന സങ്കീർത്തനഭാഗം (സങ്കീ 5:3) പ്രഭാതപ്രാർത്ഥനയ്ക്കും 'എന്റെ പ്രാർത്ഥന സ്വീകരിക്കണമേ, പരിമളധൂപം പോലെ അത് അങ്ങേ പക്കലേക്കുയരട്ടെ. കർത്താവേ എന്റെ ഈ പ്രാർത്ഥന എന്റെ സായാഹ്നബലിയായി സ്വീകരിക്കണമേ' എന്ന സങ്കീർത്തനഭാഗം (സങ്കീ 140:2) സായാഹ്നപ്രാർത്ഥനയ്ക്കും ഊഷ്മളതയും ചൈതന്യവും പകരുന്നു.

പ്രഭാത, സായാഹ്ന പ്രാർത്ഥനകൾ കൂടാതെ ഞായറാഴ്ചയ്ക്കും പ്രധാന തിരുനാളുകൾക്കും ഒരുക്കമായി കോഴികൂവുമ്പോൾ (വെളുപ്പിന് മൂന്നുമണിക്ക്) ദൈവജനം ദേവാലയത്തിൽ വന്ന് പ്രാർത്ഥനാശുശ്രൂഷയിൽ പങ്കുകൊണ്ടിരുന്നു. ഉറക്കമിളച്ചുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ ജാഗരണപ്രാർത്ഥന (Vigil) എന്നു വിളിക്കുന്നു. സുറിയാനിസഭയിൽ ഈ പ്രാർത്ഥനയെ ഖാലാ ദ്ശഹ്റ എന്നാണ് പറയുന്നത്. നമ്മുടെ കർത്താവിന്റെ ഉയിർപ്പ് ആഘോഷിക്കുന്നതിന് ഒരുക്കമായി വലിയ ശനിയാഴ്ച രാത്രിയിലാണ് ഇത് ആദ്യമായി നടത്തിയിരുന്നത്. പിന്നീട് ഞായറാഴ്ചയെ ചെറിയ ഉയിർപ്പുതിരുനാളായി കണക്കാക്കി (ആരാധനക്രമം 106), ആദിമ ക്രിസ്തീയസമൂഹം എല്ലാ ഞായറാഴ്ചകളിലും, കോഴികൂവുമ്പോൾ, ജാഗരണപ്രാർത്ഥനയ്ക്കായി ദേവാലയത്തിൽ വന്നിരുന്നു. കർത്താവിന്റെ പ്രത്യാഗമനത്തിലുള്ള പ്രത്യാശ ജാഗരണപ്രാർത്ഥനയിൽ പ്രകടമാണ്.

സന്ന്യാസപാരമ്പര്യം

296. മരുഭൂമിയിലും വനാന്തരങ്ങളിലും താമസിച്ചിരുന്ന സന്ന്യാസിമാരുടെ ഇടയിൽ വളർന്നു വികസിച്ച പ്രാർത്ഥനയാണ് സന്ന്യാസ ക്രമം. കത്തീഡ്രൽ ക്രമത്തിൽ നിന്നു വ്യത്യസ്തമായി സന്ന്യാസക്രമത്തിൽ ബാഹ്യമായ ആഘോഷങ്ങൾ ഇല്ലായിരുന്നു. ദൈവവചനത്തിന് സമ്പൂർണ്ണ സമർപ്പണം ചെയ്ത സന്ന്യാസിമാർ വചനത്തോട് സജീവവും വിശ്വസ്തവുമായി സമ്പർക്കം നിരന്തരം പുലർത്തിയിരുന്നു. ഹൃദയത്തിൽ വചനം ധ്യാനിച്ച് നിലയ്ക്കാത്ത ദൈവ സ്തുതികൾ ആലപിച്ചിരുന്ന സന്ന്യാസിമാരുടെ ജോലി പ്രാർത്ഥനയായിരുന്നു.

വചനത്തെ നിധിയായി ഹൃദയത്തിൽ സൂക്ഷിച്ച് ധ്യാനത്തിൽ മുഴുകിയിരുന്ന സന്ന്യാസിമാരുടെ യാമപ്രാർത്ഥനകളിൽ സങ്കീർത്തനങ്ങളും ദൈവവചനഭാഗങ്ങളും തുടർച്ചയായി ചൊല്ലിയിരുന്നു (recitatio continua). സങ്കീർത്തനങ്ങൾ മുഴുവൻ ഒരു രാത്രികൊണ്ട് ചൊല്ലിത്തീർക്കുന്ന സന്ന്യാസിമാരും ഉണ്ടായിരുന്നു. ചിലർ സങ്കീർത്തനങ്ങളെ പല ഗണങ്ങളായി തിരിച്ച് ഒരാഴ്ച കൊണ്ടോ, രണ്ടാഴ്ചകൊണ്ടോ ചൊല്ലിയിരുന്നു.

നഗരസന്ന്യാസക്രമം (Urban Monastic Office)

297. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സന്ന്യാസപ്രസ്ഥാനങ്ങൾക്കു പ്രചാരമേറി. സന്ന്യാസികൾ തങ്ങൾക്കു ലഭിച്ച ദൈവാനുഭവം പങ്കുവയ്ക്കുവാനും സാധാരണക്കാരായ ജനങ്ങൾക്ക് ദൈവവചനം പറഞ്ഞുകൊടുക്കുവാനും നിത്യരക്ഷയുടെ മാർഗ്ഗം അവരെ പഠിപ്പിക്കുവാനുമായി വനാന്തരങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കു വന്നു. അവർ ഇടവകദേവാലയങ്ങളോടു ചേർന്ന് ദൈവജനത്തിന്റെ ഇടയിൽ താമസമാക്കി. അവരുടെ പ്രാർത്ഥനാ ശുശ്രൂഷകളിൽ ആകൃഷ്ടരായ ഭക്തരും തീഷ്ണമതികളുമായ വിശ്വാസികൾ കത്തീഡ്രൽ പ്രാർത്ഥനകളായ പ്രഭാത സായാഹ്ന പ്രാർത്ഥനകൾക്കു പുറമേ അനുദിനം സന്ന്യാസിമാർ നടത്തിയിരുന്ന മറ്റ് യാമങ്ങളിലെ പ്രാർത്ഥനകളിലും പങ്കെടുത്തു. അവരുടെ പ്രാർത്ഥനാജീവിതം ദൈവജനത്തിന് മാതൃകയും പ്രചോദനവുമായി കൂടിക്കലർന്നു. കത്തീഡ്രൽ ക്രമത്തിലെ ചില ഘടകങ്ങൾ സന്ന്യാസ ക്രമത്തിലേക്ക് സ്വീകരിക്കപ്പെട്ടു. ഉദാഹരണത്തിന് സന്ന്യാസക്രമത്തിൽ കാറോസൂസ പ്രാർത്ഥനയില്ല. എന്നാൽ സന്ന്യാസപാരമ്പര്യത്തിൽ വളർന്നുവന്ന ഇന്നത്തെ ലെലിയാപ്രാർത്ഥനയിൽ കാറോസൂസായുണ്ട്. സമന്വയിക്കപ്പെട്ട കത്തീഡ്രൽ സന്ന്യാസക്രമത്തെക്കുറിച്ച് നാലു മുതൽ ആറുവരെ നൂറ്റാണ്ടുകളിലുള്ള സഭാപിതാക്കന്മാരുടെ കൃതികളിൽ പ്രതിപാദിക്കുന്നുണ്ട്.

ഏഴ് യാമങ്ങളിലെ പ്രാർത്ഥനകൾ

298. യഹൂദപാരമ്പര്യമനുസരിച്ച് ആദിമസഭയും ഏഴ് യാമങ്ങളിൽ പ്രാർത്ഥിച്ചിരുന്നു. ഇതിൽ മൂന്ന് യാമങ്ങളിലെ പ്രാർത്ഥനകൾ കത്തീഡ്രൽക്രമത്തിലും നാലു യാമങ്ങളിലെ പ്രാർത്ഥനകൾ സന്ന്യാസപാരമ്പര്യത്തിലും വളർന്നുവന്നതാണ്. സുറിയാനിപാരമ്പര്യത്തിലെ ഏഴു യാമങ്ങൾ താഴെ പറയുന്നവയാണ്

  • റംശാ (Ramsa)                         - സായാഹ്നപ്രാർത്ഥന (6pm)
  • സുബആ (Subba'a)                  - അത്താഴാനന്തര പ്രാർത്ഥന (നിദ്രാ ജപം) (9pm)
  • ലെലിയാ (Lelya)                      - പാതിരാപ്രാർത്ഥന (Midnight)
  • ഖാലാ ദ്ശഹ്റ (Qala d' Sahra)      - കോഴികൂവുമ്പോളുള്ള പ്രാർത്ഥന (3am)
  • സപ്രാ (Sapra)                          - പ്രഭാതപ്രാർത്ഥന (6am)
  • ഖുത്തആ (Qutta'a)                  - പൂർവ്വ മദ്ധ്യാഹ്നപ്രാർത്ഥന (9am)
  • എന്താന (Endana)                    - മദ്ധ്യാഹ്നപ്രാർത്ഥന (noon)

സന്ന്യാസശ്രമങ്ങളിൽ ഏഴ് യാമങ്ങളിലും പ്രാർത്ഥിച്ചിരുന്നു. ഈ പതിവ് ഇന്നും ചില ആശ്രമങ്ങളിൽ തുടരുന്നുണ്ട്.

VI യാമപ്രാർത്ഥനകൾക്ക് നിയതരൂപം നല്കിയവർ

299. അനേകം സഭാപിതാക്കന്മാരുടെ അവിശ്രാന്തപരിശ്രമം യാമപ്രാർത്ഥനകളുടെ രൂപീകരണത്തിൽ ഉണ്ടായിട്ടുണ്ട്. നിസിബിസിലെ മെത്രാനായിരുന്നു മാർ ജേക്കബ്, മാർ ശിമയോൻ, ബർസാബാ, മാർ അപ്രേം, മാർ മറൂത്ത, നിസിബിസിലെ നർസായി, മാർ ബാബായി തുടങ്ങിയവരും യാമപ്രാർത്ഥനയുടെ രൂപീകരണത്തിൽ സംഭാവനകൾ നല്കി. മാർ അപ്രേമിന്റെ കീർത്തനങ്ങളാണ് യാമപ്രാർത്ഥയിലുപയോഗിക്കുന്ന ഗീതങ്ങളിൽ അധികവും. കയ്യെഴുത്ത് പ്രതികളായിരുന്ന യാമപ്രാർത്ഥനാ പുസ്തകങ്ങൾ ശേഖരിച്ച്, ഈശോയാബ് മൂന്നാമൻ പാത്രിയർക്കീസ് (647-657) അതിലെ സമന്വയിക്കപ്പെട്ട കത്തീഡ്രൽ സന്ന്യാസക്രമങ്ങളുടെ അംശങ്ങൾ തമ്മിൽ വേർതിരിച്ച് ആരാധനാ വത്സരത്തിനുയോജ്യമായ രീതിയിൽ പ്രാർത്ഥനകൾ ക്രമീകരിച്ചു. 19-ാം നൂറ്റാണ്ടുവരെ പൗരസ്ത്യസുറിയാനി സഭയിൽ ഈശോയാബ് പാത്രിയർക്കീസ് രൂപപ്പെടുത്തിയ യാമപ്രാർത്ഥനാപുസ്തകങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.

VII സീറോമലബാർ സഭയുടെ യാമപ്രാർത്ഥനകൾ

300. ശ്ലീഹന്മാരുടെ കാലത്തുതന്നെ ആരംഭിച്ച് ക്രമേണ വളർന്നു വികസിച്ച പൗരസ്ത്യ സുറിയാനി ആരാധാനക്രമമാണ് സീറോമലബാർ സഭയ്ക്ക് പൈതൃകമായി ലഭിച്ചിരിക്കുന്നത്. പഴയനിയമ പശ്ചാത്തലത്തിലുള്ള യഹൂദപ്രാർത്ഥനയുടെ ശൈലിയോടും പുതിയനിയമത്തിലെ ആദിമസഭയുടെ പ്രാർത്ഥനാശൈലിയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് സീറോമലബാർ സഭയുടെ യാമപ്രാർത്ഥനകൾ.

യാമപ്രാർത്ഥനാപുസ്തകങ്ങൾ

301. 1853-ലെ കൽദായ പാത്രിയാർക്കൽ സിനഡ്, യാമപ്രാർത്ഥനകളുടെ കയ്യെഴുത്തുപ്രതികൾ പരിശോധിച്ച് ദൈവശാസ്ത്രപരമായി എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ, അവ തിരുത്തി, ആവർത്തനങ്ങൾ നീക്കി, അച്ചടിക്കാൻ തീരുമാനിച്ചു. പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള റോമിലെ നിർദ്ദേശപ്രകാരം സുറിയാനി പണ്ഡിതരായ പോൾ ബഡ്ജാനെയും മാർ അബ്ദീശോ കയ്യാത്തിനെയും ഈ ദൗത്യം ഭരമേല്പിച്ചു. അവർ കയ്യെഴുത്തുപ്രതികൾ പരിശോധിച്ച് 1886-ൽ മൂന്നു വാല്യങ്ങളായി യാമപ്രാർത്ഥനകൾ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.ആരാധന ക്രമവത്സരത്തിലെ മൂന്നു തിരുനാളുകളെ കേന്ദ്രീകരിച്ചാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ദനഹാ, ഉയിർപ്പുതിരുനാൾ, പന്തക്കുസ്ത ഇതിൽ ഒന്നാമത്തെ വാല്യത്തിൽ മംഗളവാർത്തക്കാലം മുതൽ ദനഹാക്കാലം വരെയുള്ള പ്രാർത്ഥനകളും രണ്ടാമത്തെ വാല്യത്തിൽ നോമ്പുകാലത്തെയും ഉയിർപ്പുകാലത്തെയും പ്രാർത്ഥനകളും മൂന്നാമത്തെ വാല്യത്തിൽ ശ്ലീഹാക്കാലം മുതൽ പള്ളിക്കൂദാശക്കാലംവരെയുള്ള പ്രാർത്ഥനകളുമാണുള്ളത്.

302. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സുറിയാനി ക്രിസ്ത്യാനികളുടെ വികാരി ജനറാളായിരിക്കുമ്പോൾ (1861-1871) കേരളത്തിൽ ലഭ്യമായിരുന്ന യാമപ്രാർത്ഥനാപുസ്തകങ്ങളുടെ സുറിയാനി കയ്യെഴുത്തുപ്രതികൾ സമാഹരിച്ച് വൈദികരുടെ ഉപയോഗത്തിനായി യാമപ്രാർത്ഥനാഗ്രന്ഥം സ്വന്തം കൈപ്പടയിൽ എഴുതിയുണ്ടാക്കി. 1879-ൽ പുത്തൻപള്ളി സെമിനാരി പ്രസ്സിൽ അച്ചടിച്ച ഈ പ്രാർത്ഥന പുസ്തകങ്ങൾ പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ചു.

303. പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം, പോൾ ബഡ്ജാൻ എഡിറ്റു ചെയ്ത യാമപ്രാർത്ഥന പുസ്തകങ്ങൾ പുനഃപരിശോധിച്ചശേഷം 1939-ൽ സീറോ-മലബാർ, കൽദായ സഭകളുടെ ഉപയോഗത്തിനായി വീണ്ടും പ്രസിദ്ധീകരിച്ചു.

304. 1953-ൽ കേരളം സന്ദർശിച്ച പൗരസ്ത്യസഭാകാര്യാലത്തിന്റെ തലവൻ കർദ്ദിനാൾ യൂജിൻ ടിസറാങിന്റെ നിർദ്ദേശപ്രകാരം മാതൃഭാഷയിലേക്ക് സുറിയാനി യാമപ്രാർത്ഥന പുസ്തകങ്ങൾ വിവർത്തനം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 1973-ൽ ചേർന്ന സീറോമലബാർ ബിഷപ്സ് കോൺഫ്രൻസ് (SMBC) സീറോമലബാർസഭയ്ക്ക് യാമപ്രാർത്ഥന പുസ്തകങ്ങൾ തയ്യാറാക്കുന്നതിന് തീരുമാനിച്ചു. അതിനായി രൂപീകരിച്ച ലിറ്റർജിക്കൽ കമ്മിറ്റി തയ്യാറാക്കിയ പുസ്തകം സീറോമലബാർ സഭയുടെ യാമപ്രാർത്ഥനകൾ എന്ന പേരിൽ ഒരു വാല്യമായി പ്രസിദ്ധീകരിച്ചത് 1986-ൽ ആണ്. ഈ പുസ്തകത്തിൽ, സുറിയാനിയിലുള്ള യാമപ്രാർത്ഥനകളുടെ ഘടനയും തനിമയും ഒരു പരിധിവരെ നിലനിർത്തിയെങ്കിലും എല്ലാ കാലങ്ങളിലെയും തിരുനാളുകളിലെയും പ്രാർഥനകളും ഗീതങ്ങളും ഇതിൽ പൂർണ്ണമായി ഉൾക്കൊള്ളിച്ചിട്ടില്ലായിരുന്നു. എന്നാൽ, 1986 നു മുമ്പ് ആരാധനക്രമപരിഷ്കരണത്തിന് നേതൃത്വം വഹിച്ചിരുന്ന മാർ ജോസഫ് പാറേക്കാട്ടിൽ മെത്രാപ്പോലീത്തായുടെ നിർദ്ദേശാനുസരണം, ഫാ. ആബേൽ സി.എം.ഐ. സുറിയാനി യാമ പ്രാർത്ഥനകളുടെ ചില ഭാഗങ്ങൾ തിരഞ്ഞെടുത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കാനോന നമസ്കാരം എന്ന പേരിൽ മൂന്നു വാല്യങ്ങളിലായി വൈദികരുടെയും സമർപ്പിതരുടെയും ഉപയോഗത്തിനായി നല്കി. ഈ പുസ്തകത്തിൽ സുറിയാനിയിലുള്ള യാമപ്രാർത്ഥനകളുടെ ഘടന ഒരു പരിധിവരെ നിലനിറുത്തുന്നുണ്ടെങ്കിലും, മൂലകൃതിയുടെ തനിമയും ഉള്ളടക്കവും, എല്ലാ കാലങ്ങളിലെയും തിരുനാളുകളിലെയും പ്രാർത്ഥനകളും ഗീതങ്ങളും വേണ്ടത്ര ഉൾക്കൊള്ളിച്ചില്ല. ഈ രണ്ടു യാമപ്രാർത്ഥനാ ഗ്രന്ഥങ്ങളും ഇന്ന് ഉപയോഗത്തിലുണ്ട്. പൗരസ്ത്യസുറിയാനിപാരമ്പര്യത്തോട് വിശ്വസ്തത പുലർത്തുന്നതും സീറോമലബാർ സഭയുടെ അജപാലന പശ്ചാത്തലത്തിന് ഇണങ്ങുന്നതുമായ പുതിയ യാമപ്രാർത്ഥനക്രമം തയ്യാറാക്കാൻ സീറോമലബാർ സിനഡ് 2007 ൽ നിശ്ചയിച്ചു. സീറോമലബാർ ലിറ്റർജിക്കൽ കമ്മീഷൻ അതു തയ്യാറാക്കിവരുന്നു.

VIII പ്രധാന യാമങ്ങൾ

305. യാമപ്രാർത്ഥനകളിൽ സായാഹ്നപ്രാർത്ഥനയും രാത്രിജപവും പ്രഭാതപ്രാർത്ഥനയും പ്രധാന പ്രാർത്ഥനാ ഭാഗങ്ങളാണ്. സീറോമലബാർസഭയും ഈ മൂന്നു യാമങ്ങളിലാണ് ഇപ്പോൾ സാധാരണ പ്രാർത്ഥിക്കുന്നത്. റംശാ, സപ്രാ, ലെലിയാ എന്നിവയാണ് ഈ മൂന്ന് പ്രാർത്ഥനായാമങ്ങൾ. റംശായും സപ്രായും കത്തീഡ്രൽ ക്രമത്തിലും ലെലിയാ സന്ന്യാസക്രമത്തിലും രൂപപ്പെട്ടതാണ്.

റംശാ (സായാഹ്നപ്രാർത്ഥന)

306. റംശാ എന്ന സുറിയാനി വാക്കിന്റെ അർത്ഥം 'സായാഹ്നം' എന്നാണ്. സായാഹ്നത്തിൽ ചൊല്ലുന്ന പ്രാർത്ഥന റംശാ എന്ന പേരിൽ അറിയപ്പെടുന്നു. വിശുദ്ധ ഗ്രന്ഥപാരമ്പര്യമനുസരിച്ച് ദിവസം ആരംഭിക്കുക സായാഹ്നത്തോടെയാണ്. ഉത്പത്തി പുസ്തകത്തിൽ, ദിവസത്തിന്റെ ആരംഭം സായാഹ്നത്തിലാണ്: സന്ധ്യയായി, പ്രഭാതമായി, ഒന്നാം ദിവസം (ഉത്പ് 1:5). വിശുദ്ധ ഗ്രന്ഥത്തിലടിയുറച്ചതും യഹൂദപാരമ്പര്യത്തോടു ബന്ധമുള്ളതുമായ പൗരസ്ത്യ സുറിയാനി ആരാധനക്രമമനുസരിച്ച് ദിവസത്തിലെ ആദ്യ പ്രാർത്ഥന സായാഹ്നപ്രാർത്ഥനയാണ്. സായാഹ്നം പുതിയ പ്രഭാതത്തിന്റെ വരാനിരിക്കുന്ന യുഗത്തിന്റെ ആരംഭമാണ്. പുതിയ ദിവസത്തിന്റെ കവാടമാണ് സായാഹ്നം. അതിന്റെ താക്കോലാണ് സായാഹ്നപ്രാർത്ഥന. ഈ ലോകത്തിലെ ഒരു ദിവസം അതിന്റെ സായാഹ്നത്തിലെത്തുമ്പോൾ, ആരാധകർ പുതിയ ദിവസത്തിന്റെ ആരംഭത്തിലാണ്; പുതിയ യുഗത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും (വെളി 21:1-4) അവർക്കു മുമ്പിൽ വിരിയുകയാണ്.

സായാഹ്നപ്രാർത്ഥന, നമ്മുടെ ജീവിതസായാഹ്നത്തെയും മിശിഹായുടെ സായാഹ്നബലിയെയും നമ്മെ ഓർമ്മപ്പെടുത്തുന്നു. 'കർത്താവേ, എന്റെ ഈ പ്രാർത്ഥന എന്റെ സായാഹ്നബലിയായി സ്വീകരിക്കേണമേ' (സങ്കീ 140:2) എന്ന് നാം സായാഹ്നപ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നു. പുതിയ ദിവസം ആരംഭിക്കുമ്പോൾ അതിനെ വിശുദ്ധീകരിക്കുവാൻ ദൈവസന്നിധിയിലേക്കുയർത്തുന്ന പ്രാർത്ഥനയാണിത്.

റംശായുടെ പ്രധാന ഘടകങ്ങൾ

307. റംശായുടെ ആമുഖഭാഗം വിശുദ്ധ കുർബാനയിലേതുപോലെയാണ്. നവീകരിച്ച് പ്രസിദ്ധീകരിക്കുന്ന ക്രമമനുസരിച്ച് പ്രധാന തിരുനാളുകളിൽ റംശാ മദ്ബഹയിൽനിന്നുള്ള പ്രദക്ഷിണത്തോടെ തുടങ്ങുന്നുവെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കുർബാനയിലെ പ്രദക്ഷിണത്തിന് സമാനമാണ് ഈ പ്രദക്ഷിണം, കൈക്കസ്തൂരി കൊടുത്തു കൊണ്ട് പ്രാർത്ഥന ആരംഭിക്കുന്നത് അഭികാമ്യമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അനുരഞ്ജിതമായ സമൂഹത്തിനേ പ്രാർത്ഥിക്കാനായി ദൈവസന്നിധിയിലേക്ക് വരാൻ അവകാശമുള്ളൂ (മത്താ. 5:23-24) എന്നു വ്യക്തമാക്കുന്ന അനുഷ്ഠാനമാണ് കൈക്കസ്തൂരി എന്നറിയപ്പെടുന്ന സമാധാനം നല്കൽ. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിൽ ശ്രദ്ധാപൂർവ്വം സൂക്ഷിച്ചുപോരുന്ന ഒരു ഘടകമാണ് കൈക്കസ്തൂരി.

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തൂതി

308. റംശാ പ്രാർത്ഥന ആരംഭിക്കുന്നത് അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി' എന്ന് ചൊല്ലിക്കൊണ്ടാണ്.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ

309. കർത്തൃപ്രാർത്ഥന സുറിയാനി ആരാധനക്രമത്തിൽ ഉപയോഗിക്കുന്നത് കാനോനായോടു കൂടിയാണ്. ഏശയ്യാ പ്രവാചകനെയും (ഏശ 6:1-3) യോഹന്നാൻ ശ്ലീഹായുടെയും (വെളി 4:8) സ്വർഗീയ ദർശനമാണ് കർത്തൃപ്രാർത്ഥനയിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. മാലാഖാമാരും മനുഷ്യരും ഒന്നുചേർന്ന് സ്വർഗ്ഗീയ പിതാവിനെ സ്തുതിക്കുന്ന പരമോന്നതമായ ആരാധനയാണ് സഭയുടെ യാമപ്രാർത്ഥനകൾ.

സങ്കീർത്തനം

310. യാമപ്രാർത്ഥനയിലെ പ്രധാനഭാഗം സങ്കീർത്തനങ്ങളാണ്. സങ്കീർത്തനങ്ങളുടെ ലക്ഷ്യം ദൈവസ്തുതിയാണ്. ഇതിലൂടെ യാമപ്രാർത്ഥനകളുടെ അന്തഃസത്ത ദൈവസ്തുതിയാണെന്ന് ആരാധകരെ ഓർമ്മപ്പെടുത്തുന്നു. സായാഹ്നപ്രാർത്ഥനയിലെ ഈ പ്രാരംഭ സങ്കീർത്തനം കാലത്തിനും ദിവസത്തിനുമനുസരിച്ചാണ് തിരഞ്ഞടുത്തിരിക്കുന്നത്.

ധൂപാർച്ചനയും ഉത്ഥാനഗീതവും

311. ഞായറാഴ്ചകളിലും തിരുനാളുകളിലും പ്രാരംഭസങ്കീർത്തനത്തിനുശേഷം ധൂപാർപ്പണശുശ്രൂഷയുണ്ട്. 'മിശിഹാ കർത്താവേ, നരകുല രക്ഷകനേ...' എന്ന ഗാനം ആലപിക്കുമ്പോൾ ധൂപാർപ്പണം നടത്തുന്നു. പ്രാർത്ഥന പരിമളധൂപമായി ദൈവസന്നിധിയിലേക്ക് ഉയരുന്നതിന്റെ പ്രതീകമായി ഈ ശുശ്രൂഷ ആരാധകർക്ക് അനുഭവപ്പെടുന്നു. വെളിപാടുപുസ്തകത്തിൽ ദൈവസിംഹാസനത്തിനുമുമ്പിൽ നില്ക്കുന്ന മാലാഖാമാർ വിശുദ്ധരുടെ പ്രാർത്ഥനകളാകുന്ന പരിമളദ്രവ്യങ്ങളുടെ ധൂപം ദൈവസന്നിധിയിൽ സമർപ്പിക്കുന്നതായി പറയുന്നു (വെളി 8:4). ദൈവമഹത്വത്തിന്റെയും ദൈവശക്തിയുടെയും ദൈവസാന്നിദ്ധ്യത്തിന്റെയും പ്രതീകമായി വെളിപാടുപുസ്തകം ധൂപത്തെ അവതരിപ്പിക്കുന്നു (വെളി 15:8). പഴയ നിയമത്തിലും പുതിയനിയമത്തിലും ധൂപം ദൈവത്തിന്റെ രക്ഷാകരസാന്നിദ്ധ്യത്തിന്റെയും (പുറ 19: 16-18; 24:15-18; 33:9, ലൂക്കാ 1:10-11) മനുഷ്യൻ ദൈവത്തിന് നല്കുന്ന ആരാധനയുടെയും സമർപ്പണത്തിന്റെയും (മത്താ 2:11) പ്രതീകമായും കാണുന്നു. പ്രഭാതത്തിലും സായാഹ്നത്തിലും അഹറോൻ ഇസ്രായേൽ ജനത്തിനു മുഴുവനും വേണ്ടി കർത്താവിന്റെ മുമ്പിൽ ധൂപം അർപ്പിച്ചിരുന്നു (പുറ 30:7-8).

സാധാരണദിവസങ്ങളിൽ ഉത്ഥാനഗീതത്തോടെയാണ് ധൂപാർപ്പണം നടത്തുന്നത്. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടിനില്ക്കുന്ന സഭ, മണവാളനായ മിശിഹായുടെ മഹത്വപൂർണ്ണമായ പ്രത്യാഗമനത്തെ പ്രത്യാശയോടെ കാത്തിരിക്കുന്നു. പാപത്തിന്റെമേലും മരണത്തിന്റെമേലും വിജയംവരിച്ച് ഉത്ഥാനം ചെയ്ത മിശിഹായെ, മണവാട്ടിയായ സഭ (വെളി 22:5) സകലത്തിന്റെയും നാഥനായി ഏറ്റുപറഞ്ഞ് സ്തുതിക്കുന്നു. യുഗാന്തത്തിൽ ആരാധനാസമൂഹത്തിന് ലഭിക്കാനിരിക്കുന്ന പ്രകാശപൂർണ്ണവും മഹത്ത്വപൂർണ്ണവുമായ (വെളി 15:8) ജീവിതത്തെ പ്രതീകാത്മകമായി അവതരിപ്പിച്ച് ഉത്ഥാനഗീതം പാടുമ്പോൾ തിരിതെളിക്കുകയും ധൂപിക്കുകയും ചെയ്യുന്നു.

ഒനീസാകൾ: സഭാഗീതങ്ങൾ

312. സങ്കീർത്തനങ്ങളെ കൂടാതെ സഭാപിതാക്കന്മാർ രചിച്ച ഗീതങ്ങളും യാമപ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറോമലബാർസഭയിലെ യാമപ്രാർത്ഥനകളിലെ ഗീതങ്ങളിൽ അധികവും സഭാപിതാവായ വിശുദ്ധ അപ്രേമിന്റേതാണ്. ആരാധനാവത്സരത്തിലെ വിവിധ കാലങ്ങൾക്കനുസരിച്ചുള്ളവയാണ് ഈ ഗീതങ്ങൾ. ഓരോ കാലത്തിന്റെയും തിരുനാളിന്റെയും ചൈതന്യം ഉൾക്കൊള്ളത്തക്കവിധമാണ് ഈ ഗീതങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗീതങ്ങൾ ആരംഭിക്കുന്നത് ദൈവവചനഭാഗങ്ങൾ കൊണ്ടാണ്. സായാഹ്ന പ്രാർത്ഥനയിൽ മൂന്ന് സഭാഗീതങ്ങളാണുള്ളത്: ഓനീസാ ദക്ക്ദം (പ്രാരംഭഗീതം), ഓനീസാ ദ്വാസർ (അനുഗീതം), ഓനീസാ ദ്റംശ (സായാഹ്നഗീതം) അല്ലെങ്കിൽ ഓനീസാ ദ്വാസാലിക്കേ (രാജകീർത്തനം).

ഓനീസാ ദക്ക്ദം (പ്രാരംഭഗീതം)

313. സായാഹ്നപ്രാർത്ഥനയുടെ ഏറ്റവും പ്രധാനഭാഗമായി സഭാ പിതാക്കന്മാർ കണ്ടിരുന്നത് സായാഹ്നസങ്കീർത്തനങ്ങളെയാണ്. ഇതിനുമുമ്പേ വരുന്ന ഈ ഗീതത്തെ പ്രാരംഭഗീതം (ഓനീസാ ദക്ക്ദം) എന്ന് വിളിക്കുന്നു. ഓനീസാ ദക്ക്ദത്തിനു പകരം ശൂറായ എന്ന പേരിൽ ഒരു സങ്കീർത്തനം ആലപിക്കുന്ന പതിവുണ്ട്.

സായാഹ്നസങ്കീർത്തനങ്ങൾ (മറിയാ ക്രേസാക്)

314. സായാഹ്നപ്രാർത്ഥനയുടെ ഹൃദയം എന്നാണ് സായാഹ്നസങ്കീർത്തനങ്ങളെ വിളിക്കുന്നത്. 140, 141, 118, 116 എന്നീ സങ്കീർത്തനഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ് സായാഹ്നസങ്കീർത്തനങ്ങൾ. "കർത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു...' (മറിയാ ക്രേസാക്) എന്ന വാക്യത്തോടെ (സങ്കീ 140:1) ആരംഭിക്കുന്ന ഈ സങ്കീർത്തനങ്ങൾക്ക് മറിയാ ക്രേസാക് എന്ന ആദ്യവാക്കുകൾ തന്നെയാണ് സുറിയാനിമൂലം നല്കുന്ന പേര്. സായാഹ്നസങ്കീർത്തനങ്ങൾ ആലപിക്കുന്നത് കാനോനായോടുകൂടിയാണ്.

ഓനീസാ ദ്വാസർ (അനുഗീതം)

315. സായാഹ്നസങ്കീർത്തനങ്ങൾക്കു ശേഷം 'തുടർച്ച' എന്ന അർത്ഥത്തിലാണ് അടുത്ത ഗീതത്തെ ഓനീസാ ദ്വാസർ (അനുഗീതം) എന്ന് വിളിക്കുന്നത്. ഓനീസാ ദക്ക്ദത്തിലെന്നതുപോലെ കാലത്തിന്റെ ചൈതന്യം സ്ഫുരിക്കുന്നതാണ് ഈ ഗീതത്തിന്റെ ഉള്ളടക്കം

ത്രിശുദ്ധകീർത്തനം

316. സായാഹ്നപ്രാർത്ഥനയിലും പ്രഭാത പ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലേതുപോലെ പരിശുദ്ധനും ബലവാനും അമർത്യനുമായ ദൈവത്തെ പാടിസ്തുതിക്കുന്നു. സ്വർഗ്ഗത്തിൽ മാലാഖാമാരും വിശുദ്ധരും പരിശുദ്ധ ത്രിത്വത്തിന് നല്കുന്ന ഉന്നതസ്തുതിപ്പായിട്ടാണ് സഭാപിതാക്കന്മാർ ഈ കീർത്തനത്തെ കാണുന്നത്. യാമ പ്രാർത്ഥനകളിലൂടെ സ്വർഗ്ഗീയഗണങ്ങളുടെ നിരന്തരസ്തുതിപ്പിൽ സഭയും പങ്കുചേരുന്നു.

സുവിശേഷവായന

317. സായാഹ്നപ്രാർത്ഥനയിൽ ആ ദിവസത്തെ വിശുദ്ധ കുർബാനയിലെ സുവിശേഷഭാഗമാണ് വായിക്കുന്നത്. വിശുദ്ധകുർബാനയും യാമപ്രാർത്ഥനയും തമ്മിലുള്ള അഭേദ്യബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. യാമപ്രാർത്ഥനകൾ കുർബാനയാഘോഷത്തിനായി ദൈവജനത്തെ ഒരുക്കുന്നു.

കാറോസൂസ

318. പ്രഘോഷണപ്രാർത്ഥനയിൽ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. സുറിയാനി ടെക്സ്റ്റിൽ കാറോസൂസയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്. സാധാരണദിവസങ്ങളിൽ ഒന്നും മൂന്നും ഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്നു. ആദ്യത്തെ ഭാഗത്ത് ശുശ്രൂഷിയുടെ പ്രാർത്ഥനയ്ക്ക് മറുപടിയായി കർത്താവേ, ഞങ്ങളോട് കരുണയുണ്ടാകണമേ' എന്നും മൂന്നാമത്തതിൽ പ്രത്യുത്തരമായി അങ്ങയോട് ഞങ്ങൾ യാചിക്കുന്നു' എന്നും സമൂഹം പ്രാർത്ഥിക്കുന്നു. നോമ്പുകാലത്ത് നോമ്പിന്റെ ചൈതന്യം യാമപ്രാർത്ഥനയിലും നിലനിർത്തി രണ്ടാമത്തെ ഭാഗം കൂടി ചൊല്ലുന്നു. ഇതിന് സമൂഹം 'ആമേൻ' എന്ന് പ്രത്യുത്തരിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആരാധകർ തങ്ങളെത്തന്നെ സമർപ്പിച്ച് കാറോസൂസ അവസാനിപ്പിക്കുന്നു.

കൈവയ്‌പുപ്രാർത്ഥന

319. കാറോസൂസാപ്രാർത്ഥനയ്ക്കുശേഷം 'കൈവയ്പിനായി തല കുനിച്ച് ആശീർവാദം സ്വീകരിക്കാം' എന്ന് ശുശ്രൂഷി ആഹ്വാനം ചെയ്യുന്നു. ആദ്യകാലങ്ങളിൽ സായാഹ്നപ്രാർത്ഥന ഈ ആശീർവാദപ്രാർത്ഥനയോടെ അവസാനിക്കുമായിരുന്നു.

സീറോമലബാർ ബിഷപ്സ് കോൺഫറൻസ് 1986-ൽ പ്രസിദ്ധീകരിച്ച യാമപ്രാർഥനകളിലെ റംശയിൽ സഹജപം (ഹാസാ) എന്ന പേരിലാണ് ഈ ആശീർവാദപ്രാർത്ഥന കൊടുത്തിരിക്കുന്നത്. “സകലത്തെയും ആശീർവ്വദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സാന്ത്വനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനിലും ഉണ്ടായിരിക്കട്ടെ എന്ന ആശീർവ്വാദമാണ് ഈ പ്രാർത്ഥന. ദൈവം തന്റെ ആശീർവാദം സ്വീകരിക്കുവാൻ തലകുനിച്ചു നില്ക്കുന്ന ആരാധകരിലേക്ക് അനുഗ്രഹം വർഷിക്കുന്നു.

ഓനീസാ ദ്റംശാ/ വാസാലിക്കേ

320. കൈവയ്‌പുപ്രാർത്ഥനയെത്തുടർന്ന് സാധാരണദിവസങ്ങളിൽ ഓനീസാ ദ്റംശയും ഞായറാഴ്ചകളിൽ ഓനീസാ ദ്വാസാലിക്കേയും ആലപിക്കുന്നു. പ്രദക്ഷിണഗീതമായിട്ടാണ് ഓനീസാ ദ്വാസാലിക്കേ ഞായറാഴ്ചകളിലെ സായാഹ്നപ്രാർത്ഥനയിലേക്ക് കൂട്ടിചേർത്തത്. സായാഹ്നപ്രാർത്ഥനയുടെ അവസാനം ബേമ്മായിൽ വച്ചിരിക്കുന്ന കുരിശ് എടുത്ത് പ്രദക്ഷിണമായി മദ്ബഹായിൽ കൊണ്ടുചെന്ന് യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. സകലത്തിന്റെയും നാഥനായി ഉയിർത്തെഴുന്നേറ്റ കർത്താവിനെ രാജാവായി പ്രകീർത്തിച്ച് പ്രദക്ഷിണസമയത്ത് പാടിയിരുന്ന കീർത്തനമാണ് രാജഗീതം. സഭാസമൂഹത്തിൽ സന്നിഹിതനായിരിക്കുന്ന ഉത്ഥിതൻ പിതാവിന്റെ പക്കലേക്ക് ആരോഹണം ചെയ്യുകയും അവിടത്തെ വലത്തുഭാഗത്ത് ഉപവിഷ്ഠനാവുകയും ചെയ്തു എന്ന വിശ്വാസം പ്രഘോഷിക്കുന്ന ഈ ശുശ്രൂഷ സ്വർഗ്ഗോമുഖയാത്രചെയ്യാൻ ആരാധനാസമൂഹത്തിന് പ്രചോദനം നൽകുന്നു.

ശൂറായ/ആസ്വാസ

321. സായാഹ്നപ്രാർത്ഥനയിലെ ഒരു ചെറിയ ഗണം സങ്കീർത്തനങ്ങളാണ് ശൂറായ. സായാഹ്നപ്രാർത്ഥനയിലെ മൂന്നാമത്തെ സങ്കീർത്തനഭാഗമാണിത്. 118-ാം സങ്കീർത്തനത്തിന്റെ ഭാഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ, ഇതിനെ 'ആസ്വാസാ' എന്നാണ് വിളിക്കുക. 'ആസ്വാസ' എന്ന സുറിയാനി പദത്തിന്റെ അർത്ഥം അക്ഷരമാല എന്നാണ്. ഏറ്റവും വലിയ സങ്കീർത്തനമായ 118-ാം സങ്കീർത്തനം സുറിയാനി അക്ഷരമാലയ്ക്കൊത്ത് 22 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശൂറായ ത്രിത്വസ്തുതിയോടെ അവസാനിപ്പിച്ച് മൂന്നു പ്രാവശ്യം ഹല്ലേലുയ്യ ചൊല്ലുന്നു. പ്രധാന തിരുനാൾദിനങ്ങളിൽ ആരംഭത്തിലേതുപോലെ അവസാനത്തിലും 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലാൻ പുതിയ ക്രമം നിർദ്ദേശിച്ചിരിക്കുന്നു.

സമാപനപ്രാർത്ഥനകൾ

322. സമാപനപ്രാർത്ഥനകളിൽ സ്ലോസകളും (പ്രാർത്ഥനകൾ) വിശുദ്ധരോടുള്ള സഹായാഭ്യർത്ഥനയും (ദ്ഉദ്റാന) ഹൂത്താമ്മയും (മുദ്രവയ്ക്കൽ പ്രാർത്ഥന) ഉൾപ്പെടുന്നു.

323. ദ്ഉദ്റാന (സഹായാഭ്യർത്ഥന):

സായാഹ്നപ്രാർത്ഥനയുടെ അവസാനം, ഹൂത്താമ്മയ്ക്ക് തൊട്ടു മുമ്പ് തീർത്ഥാടകസഭ വിജയംവരിച്ച് മഹത്ത്വീകൃതസഭയോട് നടത്തുന്ന ഹൃദയസ്പർശിയായ അഭ്യർത്ഥനയാണ് ദ്ഉദ്റാന. പ്രാർത്ഥനയുടെ അവസാനഭാഗത്ത് വിശുദ്ധരെ പേരുചൊല്ലി വിളിച്ച് അവരുടെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ദുഷ്ടപിശാചിൽനിന്ന് അഭയവും സംരക്ഷണവും നല്കി തീർത്ഥാടകസഭയെ നിത്യസൗഭാഗ്യത്തിലേക്ക് നയിക്കണമെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.

324. ഹൂത്താമ്മ:

സഹായാഭ്യർത്ഥനയ്ക്കുശേഷം മ്ശംശാന, 'കർത്താവേ, ആശീർവദിക്കണമേ' എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ ആശീർവാദത്തിന് ഒരുങ്ങുവാൻ സമൂഹത്തെ ആഹ്വാനം ചെയ്യുന്ന പ്രാർത്ഥനയാണിത്. കാർമ്മികൻ സമാപന പ്രാർത്ഥന ചൊല്ലി സമൂഹത്തെ വിശുദ്ധസ്ലീവായുടെ അടയാളത്തിൽ മുദ്രവയ്ക്കുന്നു. ദൈവമഹത്വത്തിനും സഭയുടെ മഹത്ത്വത്തിനും സഭാംഗങ്ങളുടെ സ്ഥിതിക്കും ലോകം മുഴുവന്റെയും ഐശ്വര്യത്തിനും വേണ്ടി കാർമ്മികൻ ഹൂത്താമ്മയിൽ പ്രാർത്ഥിക്കുന്നു. ദുർബലരും പാപികളുമായ ആരാധനാസമൂഹത്തിനും സകലമനുഷ്യർക്കും വേണ്ടി കർത്താവിന്റെ കാരുണ്യവും ദയയും അപേക്ഷിച്ചുകൊണ്ടാണ് കാർമ്മികൻ ജനത്തെ ആശീർവദിക്കുന്നത്. വിശുദ്ധ കുർബാനയിലേതുപോലുള്ള മുദ്രവയ്ക്കൽ പ്രാർത്ഥനയാണ് സായാഹ്ന പ്രാർത്ഥനയിലും പ്രഭാതപ്രാർത്ഥനയിലും ഉള്ളത്. ഇവ രണ്ടും കത്തിഡ്രൽ പ്രാർത്ഥനയായി രൂപപ്പെട്ടതിനാലാണ് സമാനമായ ഹൂത്താമ്മ ഇവയിലുള്ളത്. ആഘോഷപൂർവ്വകമായ ക്രമത്തിൽ എല്ലാവരും കൈക്കസ്തൂരി (സമാധാനം) നല്കിയാണ് റംശാ അവസാനിപ്പിക്കുന്നത്. പ്രാർത്ഥനയിലൂടെ ആരാധനാസമൂഹം ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൂട്ടായ്മയിൽ വളർന്നു എന്നതിന്റെ പ്രഖ്യാപനമായിട്ടാണ് കൈക്കസ്തൂരി കൊടുക്കുന്നത്.

ലെലിയാ (നിശാപ്രാർത്ഥന)

325. മരണത്തെയും യുഗാന്തത്തെയുമാണ് ലെലിയാ (രാത്രിജപം) നമ്മെ അനുസ്മരിപ്പിക്കുന്നത്. മണവാളനെ എതിരേല്ക്കാൻ ഒരുങ്ങിയിരിക്കുന്ന തീർത്ഥാടകയായ സഭയ്ക്ക്, രാത്രിയും വിശ്രമവും അവളുടെ ജീവിതാന്ത്യത്തിൽ സംഭവിക്കാനിരിക്കുന്ന നിത്യനിദ്രയുടെയും നിത്യവിശ്രമത്തിന്റെയും മുന്നാസ്വാദനമാണ്.

സദാ ജാഗരൂകരായി ഉണർന്നിരിക്കണമെന്ന് ഉപദേശിച്ച കർത്താവിന്റെ വചനങ്ങൾ (മത്താ 24:42-44) ധ്യാനിച്ച്, അവിടത്തേ ആഗമനത്തിനായി ഒരുങ്ങിയിരുന്ന വിവേകമതികളായ കന്യകമാരെപ്പോലെയാണ് (മത്താ 25:1-10) സഭ ലെലിയാപ്രാർത്ഥനയ്ക്കണയുന്നത്. ലെലിയായിൽ യുഗാന്തദർശനമാണ് സഭ തന്റെ മക്കളെ ഓർമ്മിപ്പിക്കുന്നത്. ലെലിയാ അവസാനിക്കുന്നത് കാറോസൂസായോടും തുടർന്നുവരുന്ന സ്ലോസായോടുംകൂടിയാണ്.

ലെലിയായിലെ പ്രധാന ഘടകങ്ങൾ

326. റംശാനമസ്കാരത്തിലെന്നതുപോലെ കൈക്കസ്തൂരി കൊടുത്ത് ആരംഭിക്കുന്നത് അഭികാമ്യമാണെന്ന് നിർദ്ദേശിച്ചിരിക്കുന്നു. പ്രാരംഭപ്രാർത്ഥനകൾ സായാഹ്നപ്രാർത്ഥനയിലേതുപോലെയാണ്. സങ്കീർത്തനാലാപനത്തിന് ലെലിയാ വലിയ പ്രാധാന്യം കല്പിക്കുന്നു. രണ്ടോ മൂന്നോ സങ്കീർത്തനങ്ങളുടെ ഒരുഗണമായ മർമീസയാണ് സാധാരണദിവസങ്ങളിൽ ചൊല്ലുന്നത്. എന്നാൽ, ഞായറാഴ്ചകൾക്കും തിരുനാളുകൾക്കും പുതിയ ക്രമത്തിൽ മൂന്നു മർമ്മസകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. സങ്കീർത്തനങ്ങളുപയോഗിച്ചുള്ള പ്രാർത്ഥനയ്ക്ക് ഈശോയും ശിഷ്യന്മാരും ആദിമസഭയും പില്ക്കാലത്ത് സന്ന്യാസസമൂഹങ്ങളും നല്കിയ വലിയ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണ് ലെലിയാ പ്രാർത്ഥനയിലെ ദീർഘമായ സങ്കീർത്തനാലാപനത്തെ മനസ്സിലാക്കേണ്ടത്. ഈശോയ്ക്കും സഭയ്ക്കും ഏറെ പ്രിയങ്കരമായ സങ്കീർത്തനങ്ങളുപയോഗിച്ച് സഭാമക്കൾ ഉണർന്നിരുന്ന് പ്രാർഥിക്കുന്ന അനുഭവമാണ് സങ്കീർത്തനാലാപനം പ്രദാനം ചെയ്യുന്നത്.

327. ഓനീസാ ദ്മൗത്വ: മൗത്വ എന്ന സുറിയാനി വാക്കിനർത്ഥം 'ഇരിക്കുക' എന്നാണ്. നീണ്ട സങ്കീർത്തനങ്ങൾ നിന്നുകൊണ്ട് ചൊല്ലിയശേഷം, സന്ന്യാസിമാർ ഇരുന്ന് ആലപിച്ചിരുന്ന കീർത്തനമായതിനാൽ ഇതിനെ ഓനീസാ ദ്മൗത്വ എന്നു പറയുന്നു. ഈ കീർത്തനത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ആദ്യഭാഗം കാലത്തിനും ദിവസത്തിനുമനുസരിച്ച് മാറിവരുന്നതാണ്. ഓനീസായുടെ രണ്ടാം ഭാഗം വ്യതിയാനവിധേയമല്ല. സായാഹ്നപ്രാർത്ഥനയിലേതുപോലെ ഈ കീർത്തനങ്ങളും സഭാപിതാക്കന്മാരുടെ രചനയാണ്. ഈ കീർത്തനങ്ങളിലൂടെ ആരാധകരുടെ വിവിധ വികാരങ്ങൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. മിശിഹായുടെ പ്രിയ ശിഷ്യരും പ്രവാചകരും രക്തസാക്ഷികളുമായവരോടും ചേർന്ന് ദൈവത്തെ സ്തുതിക്കുന്നതിന് സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ ഇടയാക്കണമെന്ന് പ്രാർത്ഥിക്കുകയും വിശുദ്ധരുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

328. ഞായറാഴ്ചകളുടെയും തിരുനാളുകളുടെയും പുതിയ ക്രമത്തിൽ ശൂബാഹ എന്ന കാനോന ചേർത്തിട്ടുണ്ട്. സങ്കീർത്തനങ്ങളോ മറ്റ് വിശുദ്ധ ഗ്രന്ഥഭാഗങ്ങളോ തിരഞ്ഞെടുത്തതാണിത്. ശൂബാഹ ത്രിത്വസ്തുതിയോടെയും തുടർന്നുവരുന്ന പ്രാർഥനയോടെയും അവസാനിപ്പിക്കുന്നു. ശൂബാഹയ്ക്ക് മുമ്പ് കാർമ്മികൻ ശൂബാഹയുടെ സ്ലോസ ചൊല്ലുന്നു. ഞായറാഴ്ചകളിലും തിരുനാളുകളിലും സാധാരണദിവസങ്ങളിലുമുള്ള ഒരു ഘടകമാണ് തെശ്ബൊഹ്ത്ത. തെശ്ബൊഹ്ത്ത എന്ന സുറിയാനി വാക്കിനർത്ഥം 'സ്തുതിപ്പ്' എന്നാണ്. ലെലിയായിൽ ഇത് ഒരു സങ്കീർത്തനമോ കീർത്തനമോ ഉപയോഗിച്ച് ദൈവത്തെ സ്തുതിക്കുന്നതാണ്.

329. ലേഖനം: വിശുദ്ധ കുർബാനയിലേതുതന്നെ വായിക്കുന്നു.

330. കാറോസൂസ: പുതിയ ക്രമമനുസരിച്ച് തിരുനാൾ ദിവസങ്ങൾക്കുവേണ്ടി പ്രത്യേക കാറോസൂസയുണ്ട്. എന്നാൽ ഞായറാഴ്ചകൾക്കും സാധാരണദിവസങ്ങൾക്കും വേണ്ടി പൊതുവായ കാറോസൂസകളാണുള്ളത്.

331. സ്ലോസാ - സമാപനാശീർവാദപ്രാർത്ഥന: ഹൂത്താമ്മയ്ക്കു പകരം സ്ലോസകൊണ്ടാണ് ലെലിയാ അവസാനിപ്പിക്കുന്നത്. സഭ രാത്രിയിലും തന്റെ പ്രാർത്ഥന അവസാനിപ്പിക്കുന്നില്ല. മണവാളന്റെ വരവും പ്രതീക്ഷിച്ച് അവൾ ജാഗ്രതയോടെ (മത്താ 25:1) കഴിയുന്നു. ശരീരം വിശ്രമിച്ചാലും ഹൃദയവും മനസ്സും മിശിഹായുടെ പ്രത്യാഗമനനിമിഷത്തിലാണ്. മിശിഹായുടെ പ്രത്യാഗമനം സഭയുടെ വിശ്വാസത്തിലും പ്രാർത്ഥനയിലും അടിയുറച്ചിരുന്നു. വെള്ളയങ്കിയണിഞ്ഞ് ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ നിത്യം സ്തുതിപാടുന്ന വലിയ ജനതതിയോട് (വെളി 7:9-12) ചേരുന്നതുവരെ സഭ ഈ ഭൂമിയിൽ പ്രാർത്ഥനാനിരതയായി തുടരുന്നു.

സപ്രാ

332. “ഇതാ, മണവാളൻ! പുറത്തുവന്ന് അവനെ എതിരേല്ക്കുവിൻ" (മത്താ 25:6) എന്ന ആർപ്പുവിളികേട്ട് കത്തിച്ച തിരികളുമായി അവിടത്തെ എതിരേറ്റ കന്യകമാരെപ്പോലെ, 'നമുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ' എന്ന ശുശ്രൂഷിയുടെ ആഹ്വാനത്തോടെ സഭ നിദ്രയിൽ നിന്നുണർന്ന് മണവാളനോടൊത്ത് കീർത്തനം ആലപിക്കുന്നു. ഈ ദിവ്യഗീതം മണവാളനോടുള്ള മണവാട്ടിയുടെ സംഭാഷണമാണ് എന്ന് വത്തിക്കാൻ കൗൺസിൽ അനുസ്മരിപ്പിക്കുന്നു (ആരാധനക്രമം 84).

333. സീറോമലബാർ സഭയുടെ യാമപ്രാർത്ഥനയിൽ ഞായറാഴ്ച ദിവസങ്ങളിലെയും സാധാരണദിവസങ്ങളിലെയും പ്രാർത്ഥനയുടെ ഘടകങ്ങളിലും വിഷയത്തിലും വ്യത്യാസമുണ്ട്. ഞായറാഴ്ച ദിവസങ്ങളിലെ പ്രാർത്ഥനകളിൽ യുഗാന്തോന്മുഖദർശനം വ്യക്തമായി പ്രകാശിതമാകുന്നു. എന്നാൽ, സാധാരണദിവസങ്ങളിൽ സൃഷ്ടപ്രപഞ്ചത്തോടുചേർന്ന് ദൈവത്തിന് സ്തുതികീർത്തനങ്ങൾ ആലപിക്കുകയും അവിടത്തെ സംരക്ഷണം യാചിക്കുകയും ചെയ്യുന്നു. അനുതാപത്തിന്റെയും സ്തുതിയുടെയും യാചനയുടെയുമായ വിഷയങ്ങളും അതിനനുയോജ്യമായ ഘടകങ്ങളുമാണ് സാധാരണദിവസങ്ങളിലെ പ്രാർത്ഥനയിലുള്ളത്. അതുപോലെ സപ്രായിൽ വിശുദ്ധ കുർബാനയിലേതു പോലെ ഉത്ഥാനഗീതവും ത്രിശുദ്ധകീർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സപ്രായിലെ പ്രധാനപ്പെട്ട ഘടകങ്ങൾ താഴെപ്പറയുന്നവയാണ്:

പ്രാരംഭ പ്രാർത്ഥന (സ്ലോസാ)

334. സപ്രാ ആരംഭിക്കുന്നത് 'നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ' എന്ന ശുശ്രൂഷിയുടെ ആഹ്വാനത്തോടെയാണ്. മിശിഹാ നമ്മുടെ സമാധാനമാണ് (എഫേ 2: 14); ആരാധനാസമൂഹത്തിൽ സന്നിഹിതനായിരിക്കുന്ന മിശിഹായോടൊത്ത് പ്രാർത്ഥിക്കാനുള്ള ക്ഷണമാണിത്. തുടർന്നുവരുന്ന സ്ലോസാ സാധാരണദിവസങ്ങൾക്കും ഞായറാഴ്ചകൾക്കും തിരുനാളുകൾക്കും വ്യത്യസ്തമാണ്.

സാധാരണദിവസത്തിലെ സ്ലോസായിൽ സൃഷ്ടികൾക്കു മകുടമായ മനുഷ്യൻ സൃഷ്ടപ്രപഞ്ചത്തോടുചേർന്ന് ദൈവത്തെ സ്തുതിക്കുകയും അവിടത്തെ പരിപാലന ഏറ്റുപറയുകയും ചെയ്യുന്നു.

പ്രഭാതസങ്കീർത്തനങ്ങൾ

335. സായാഹ്നപ്രാർത്ഥനയിലേതുപോലെ സപ്രായുടെയും പ്രധാനഭാഗം സങ്കീർത്തനങ്ങളാണ്. എല്ലാ ദിവസങ്ങളിലും ആലപിക്കുന്നവയാണ് 100, 91, 104, 93, 51 എന്നീ സങ്കീർത്തനങ്ങൾ. 113, 148, 150 എന്നീ സങ്കീർത്തനങ്ങൾ പ്രധാനതിരുനാളുകളിൽ ആലപിക്കുന്നു.

ഉത്ഥാനഗീതം

336. സാധാരണദിവസങ്ങളിലെ സപ്രായിൽ ഉത്ഥാനഗീതവും ത്രിശുദ്ധകീർത്തനവും ആലപിക്കുന്നു. എന്നാൽ, ഞായറാഴ്ച സപ്രായിൽനിന്ന് വിശുദ്ധ കുർബാനയുടെ ഘടകമായ ഉത്ഥാനഗീതം ഒഴിവാക്കിയിരിക്കുന്നു.

പ്രഭാതഗീതം

337. കാലത്തിനനുസരിച്ചു വരുന്ന ഗീതങ്ങൾക്കുശേഷം ഞായറാഴ്ചകളിലും സാധാരണദിവസങ്ങളിലും പ്രഭാതഗീതത്തിന്റെ രണ്ടാം ഭാഗം, അതായത്, വ്യതിയാനവിധേയമല്ലാത്ത ഭാഗം പാടുന്നു. ദൈവത്തിന്റെ അനന്തമായ പരിപാലനയിൽ ആശ്രയിച്ച് പുതിയ ദിവസത്തിനുവേണ്ടി അനുഗ്രഹം യാചിക്കുന്ന ഗീതമാണിത്. രക്ഷകരചരിത്രത്തിൽ ദൈവം വഴിനടത്തുകയും പരിപാലിക്കുകയും ചെയ്ത വ്യക്തികളെയും സംഭവങ്ങളെയും അനുസ്മരിച്ചാണ് അവിടുത്തെ സംരക്ഷണം യാചിക്കുന്നത്. സഭ പ്രഭാതത്തിൽ നിദ്രയുണർന്ന്, തിരുസന്നിധിയിൽ ഒന്നുചേർന്ന്, ത്രിത്വയ്കദൈവത്തെ സ്രഷ്ടാവും രക്ഷകനുമായി ഏറ്റുപറഞ്ഞ്, ശാന്തിയും പാപരഹിതമായ ജീവിതവും ദിവസംമുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നു.

338. ഞായറാഴ്ചകളിലും തിരുനാളുകളിലും മൂന്നു ബാലന്മാരുടെ കീർത്തനവും നൂഹ്റാ കീർത്തനങ്ങളും (പ്രകാശകീർത്തനങ്ങൾ) പാടുന്നു. ഇതിന്റെ ആദ്യകീർത്തനം ഈശോമിശിഹാ എന്ന വാക്കുകളുടെ അക്ഷരം ഉപയോഗിച്ച് വിശുദ്ധ അപ്രേം രചിച്ചതാണ്. രണ്ടാമത്തെ കീർത്തനം രക്ഷാകരചരിത്രം വിവരിച്ച് നർസായി രചിച്ചതാണ്. ഈ കീർത്തനങ്ങൾ പ്രഭാതപ്രാർത്ഥനയിൽ നിത്യപ്രകാശമായ മിശിഹായെ പ്രകീർത്തിക്കുന്നു. പ്രഭാതത്തിലെ പ്രകാശരശ്മികളോടൊപ്പം രക്ഷകന്റെ പ്രകാശം എത്തുമെന്ന് പഴയനിയമജനത വിശ്വസിച്ചിരുന്നു (മലാ 4: 2). പഴയനിയമത്തിന്റെ പൂർത്തീകരണവും പുതിയനിയമജനതയുടെ പ്രത്യാശയുമായ മിശിഹാ, നിത്യപ്രകാശത്തിന്റെ സ്ഥലമായ സ്വർഗ്ഗീയജറുസലേമിലേക്ക് ആരാധകരെ ആനയിക്കുവാൻ, വീണ്ടും വരുമെന്ന പ്രത്യാശയോടെയാണ് സഭ പ്രാർത്ഥിക്കുന്നത്.

സമാപന പ്രാർത്ഥനകൾ

339. സമാപന പ്രാർത്ഥനകളിൽ ദൈവം സ്തുതിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യം ഉദ്ഘോഷിക്കുകയും മനുഷ്യഹൃദയങ്ങൾ ദൈവികവാസത്തിന് യോഗ്യമായ ആലയങ്ങളായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു. ക്രൈസ്തവസമൂഹത്തിലെ ജീവിക്കുന്നവരും മൃതിയടഞ്ഞവരുമായവരെ പ്രത്യേകം ഗണങ്ങളായി അനുസ്മരിച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു; അതുപോലെ, സർവസൃഷ്ടികൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.

340. സീറോമലബാർ സഭയുടെ യാമപ്രാർത്ഥനകളിൽ വിശുദ്ധ ലിഖിതങ്ങളും സൃഷ്ടജാലങ്ങളുമെല്ലാം ദൈവത്തിന്റെ നിഗൂഢ സത്യങ്ങളെ വെളിപ്പെടുത്തുന്നതായി ആരാധകർക്ക് അനുഭവപ്പെടുന്നു. കാലത്തിനനുസരിച്ചുള്ള ധ്യാനചിന്തകളും പ്രാർത്ഥനകളും ഓരോ യാമത്തിനും വേണ്ടി സഭ ഒരുക്കിയിരിക്കുന്നത് യാമപ്രാർത്ഥനകൾ വഴിയാണ്. കാലത്തിനനുസരിച്ചു വരുന്ന ഗീതങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും രക്ഷാകരസംഭവത്തിലെ വിവിധഘട്ടങ്ങളെ കുറിച്ച് ധ്യാനിക്കുവാനും രക്ഷാരഹസ്യം ജീവിതത്തിൽ സ്വായത്ത മാക്കുവാനും ഉപയുക്തമായ രീതിയിലാണ് യാമപ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രാർത്ഥിക്കുകയും ദൈവവചനം ജീവിക്കുകയും ചെയ്ത്, വിശുദ്ധിയിൽ പൂർണ്ണത പ്രാപിക്കുവാനുള്ള വഴിയാണ് ആരാധനാവത്സരത്തിനനുസൃതമായ സഭയുടെ യാമപ്രാർത്ഥനകൾ.

അടിക്കുറിപ്പുകൾ

  1. Congregation for the Eastern Churches, Instruction for Applying the Liturgical Prescriptions of the Code of Canons of the Eastern Churches, Vatican 1996, no.96.
  2. Congregation for the Eastern Churches, Instruction for Applying the Liturgical Prescriptions of the Code of Canons of the Eastern Churches, Vatican 1996, no. 97.
  3. J.P. Audet (ed.), Didaché: Instructions des apôtres, Paris 1958.
  4. M. Metzger, (ed.), Les constitutions apostoliques III, Paris 1985.
  5. La tradition apostolique de saint Hippolyte: Essai de reconstitution, Münster 1963.
  6. Cyprian, Treaties on Lord's Prayer, St. Vladmir's Seminary, 2004.
  7. John Chrysostome, Huit catéchèses baptismales, A.Wenger (ed.), Sources Chrétiennes, Vol. 50, Paris 1957.
  8. J. Wilkinson, Egeria's Travels, London 1971.

യാമപ്രാർത്ഥനകൾ യാമപ്രാർത്ഥനകളുടെ ഉത്ഭവവും വളർച്ചയും ഈശോയുടെ പ്രാർത്ഥന പ്രാർത്ഥനയെക്കുറിച്ച് ആദിമസഭാപിതാക്കൻമാർ കത്തീഡ്രൽ സന്ന്യാസപാരമ്പര്യങ്ങൾ സന്ന്യാസപാരമ്പര്യം നഗരസന്ന്യാസക്രമം (Urban Monastic Office) ഏഴ് യാമങ്ങളിലെ പ്രാർത്ഥനകൾ യാമപ്രാർത്ഥനകൾക്ക് നിയതരൂപം നല്കിയവർ സീറോമലബാർ സഭയുടെ യാമപ്രാർത്ഥനകൾ റംശാ (സായാഹ്നപ്രാർത്ഥന) ഒനീസാകൾ: സഭാഗീതങ്ങൾ സുവിശേഷവായന കാറോസൂസ ലെലിയായിലെ പ്രധാന ഘടകങ്ങൾ പ്രാരംഭ പ്രാർത്ഥന (സ്ലോസാ) പ്രഭാതസങ്കീർത്തനങ്ങൾ സമാപന പ്രാർത്ഥനകൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message