We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
ദൈവാരാധനയും_സമയവും
ദൈവാരാധനയിൽ സമയം ദൈവത്തിനുവേണ്ടിയുള്ള സമയമായിത്തീരുന്നു. സമയം എങ്ങനെ ചിലവഴിക്കണമെന്നറിയാത്ത നാം സമയം ചിലവഴിക്കാനുള്ള വഴികൾ തേടുന്നുണ്ട്. എന്നാൽ ദൈവം സമയത്തിൻറെ ഓരോ സെക്കൻറിനെയും വിശുദ്ധീകരിച്ചുകൊണ്ട് അതിനെ നിത്യതയിലേക്കുള്ള കവാടമാക്കി മാറ്റുന്നു. ആരാധനയുടെ ഓരോ നിമിഷത്തിലും നാം അനുഭവിക്കുന്നത് അതാണ്. സമയമെല്ലാം ദൈവത്തിൻറേതാണ്. ക്രൈസ്തവർ പ്രത്യേകമായി, ഈശോയുടെ ജീവിതത്തെയും പ്രബോധനത്തെയും സമയബന്ധിതമായി ഓർക്കുന്നു. അവയുടെ സജീവമായ സ്മരണകൾ സജീവനായ മിശിഹായുമായുള്ള കണ്ടുമുട്ടലും കൂടിയാണ്.
ആരാധനാക്രമവത്സരം
ഈശോയുടെ ജീവിതത്തിലെ രഹസ്യങ്ങളെ ഒരു വർഷം മുഴുവനുമെടുത്ത് അനുസ്മരിക്കുന്നതിനാണ് ആരാധനാക്രമവത്സരം എന്ന് പറയുന്നത്. ഈശോയുടെയും തിരുസ്സഭയുടെയും ജീവിതത്തെ അനുസ്മരിക്കുന്നതിലൂടെ ഇശോ സഭയിലൂടെ നേടിത്തരുന്ന ദൈവികമായ രക്ഷയുടെ അനുസ്മരണവും ആഘോഷവും ആരാധനയിൽ രൂപപ്പെടുന്നു. ഈശോയുടെ ജനനത്തിനായി കാത്തിരിക്കുന്ന കാലം മുതൽ (ആഗമനകാലം – മംഗലവാർത്തക്കാലം) മുതൽ ഈ അനുസ്മരണം ആരംഭിക്കുന്നു. വ്യത്യസ്ത സഭകളിൽ ഇവയുടെ ആഘോഷങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.
സീറോ മലബാർ സഭയിൽ ഒന്പതു കാലങ്ങളായി ഒരു വർഷത്തെ വിഭജിച്ചിട്ടുണ്ട്. ഈശോയുടെ ജനനം പ്രതീക്ഷിച്ചിരിക്കുന്ന മംഗലവാർത്തക്കാലത്തോടെ ആരംഭിച്ച് തിരുസ്സഭയെ വിശുദ്ധീകരിച്ച് ദൈവത്തിന് സമർപ്പിക്കുന്ന പള്ളിക്കൂദാശാക്കാലത്തോടെയാണ് അത് സമാപിക്കുന്നത്. മംലവാർത്തക്കാലം, പിറവിക്കാലം, ദനഹാക്കാലം, നോന്പുകാലം, ഉയിർപ്പുകാലം, ശ്ലീഹാക്കാലം, കൈത്താക്കാലം, ഏലിയാ-സ്ലീവാ-മൂശക്കാലം, പള്ളിക്കൂദാശക്കാലം എന്നിവയാണവ.
സീറോ_മലങ്കര സഭയിൽ ഏഴു കാലങ്ങളാണുള്ളത്. ഉത്പത്തിപുസ്തകം ഒന്നാം അദ്ധ്യായത്തിൻറെ അടിസ്ഥാനത്തിൽ ലോകവും കാലവും ഏഴായി വിഭജിച്ചിരിക്കുന്നതായി കാണാം. മലങ്കരസഭയിലെ ആരാധനാവത്സരം ഏകദേശം ഏഴ് ആഴ്ചകൾ വീതമുള്ള ഏഴ് കാലങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ കാലങ്ങളെ കൃഷിയുടെ ഏഴു ഘട്ടങ്ങളോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. സൂബോറൊക്കാലം (വിത്ത്), യൽദാ ദനഹാക്കാലം (മുളക്കുക), നോന്പുകാലം (നനക്കലും വളമിടലും), കൃംതാക്കാലം (കതിര്), പെന്തക്കോസ്തുകാലം (കൊയ്ത്ത്), തേജസ്കരണക്കാലം (ശേഖരണം), സ്ലീവാക്കാലം (പാചകവും ഭക്ഷണവും).ലത്തീൻ സഭയുടെ ആഘോഷം ആറു കാലങ്ങളിലായിട്ടാണ്. ആഗമനകാലം, ക്രിസ്തുമസ്സ്കാലം, തപസ്സുകാലം, വിശുദ്ധവാരം, പെസഹാക്കാലം, ആണ്ടുവട്ടം
ഞായറാഴ്ചകളുടെ പ്രസക്തി
ക്രൈസ്തവആദ്ധ്യാത്മികതയിൽ കാലത്തിൻറെ കേന്ദ്രം തന്നെ ഞായറാഴ്ചയാണ്. കാരണം, അന്നാണ് നാം മിശിഹായുടെ ഉത്ഥാനത്തിരുന്നാൾ ആഘോഷിക്കുന്നത്. ഓരോ ഞായറാഴ്ചയും ഓരോ ചെറിയ ഉയിർപ്പുതിരുന്നാളുകളാണ്. ഞായറാഴ്ചകൾ അവഗണിക്കപ്പെട്ടാൽ മനുഷ്യന് ശേഷിക്കുന്നത് തൊഴിൽ ദിനങ്ങൾ മാത്രമായിരിക്കും. അവൻ ജോലി ചെയ്യാനുള്ള ഒരു മൃഗമോ യന്ത്രമോ ആയി തരംതാഴ്ത്തപ്പെടും. അതിനാൽ ഞായറാഴ്ചകളെ ശരിയാംവണ്ണം ആഘോഷിക്കാൻ നാം പഠിക്കണം. അല്ലെങ്കിൽ, സ്വർഗ്ഗത്തിൽ എന്തുചെയ്യണമെന്ന് നമുക്ക് അറിയാൻ പാടില്ലാതെയാകും. സ്വർഗ്ഗം അവസാനിക്കാത്ത ഞായറാഴ്ചയാണ്.
പഴയനിയമത്തിലും പുതിയനിയമത്തിലും ഞായറാഴ്ചയെ ആഴ്ചയുടെ ഒന്നാംദിവസമായി പരിഗണിച്ചിരുന്നു. ദൈവം ജോലിയിൽ നിന്ന് മാറി വിശ്രമിച്ച ദിവസം ഏഴാം ദിവസമായിരുന്നു. ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് വിശുദ്ധമാക്കി എന്ന് ഉത്പത്തി പുസ്തകത്തിൽ (2,2-4) നാം വായിക്കുന്നുണ്ട്. യഹൂദരുടെ സാബത്ത് ദിവസമായി അതിനാൽ ഏഴാം ദിവസം (ശനിയാഴ്ച) കണക്കാക്കപ്പെട്ടു. സാബത്തിനെ സംബന്ധിച്ച് യഹൂദർക്ക് നല്കപ്പെട്ടിരുന്ന നിയമം ഇതാണ് “സാബത്ത് വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓർമ്മിക്കുക. ആറുദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാൽ ഏഴാം ദിവസം നിൻറെ ദൈവമായ കർത്താവിൻറെ സാബത്താണ്. അന്ന് നീയോ നിൻറെ മകനോ മകളോ ദാസനോ ദാസിയോ നിൻറെ മൃഗങ്ങളോ നിന്നോടൊത്ത് വസിക്കുന്ന പരദേശിയോ ഒരു പ്രവൃത്തിയും ചെയ്യരുത്… അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.” (പുറ. 20,8-11). ഇസ്രായേൽ ജനവും ദൈവവുമായുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായിരുന്നു ഈ കല്പന. യഹൂദരുടെ ഈ സാബത്ത് തത്വത്തെ തിരുസ്സഭ ഇപ്പോൾ ക്രിസ്ത്യാനികൾക്കുവേണ്ടി ഞായറാഴ്ചകൾക്ക് ബാധകമാക്കിയിരിക്കുന്നു. ഞായറാഴ്ച ബലിയർപ്പണത്തിലുള്ള സജീവപങ്കാളിത്തവും സഭ നിഷ്കർഷിക്കുന്നു. സാബത്തിൻറെ ശരിയായ ആചരണം പഴയനിയമത്തിന് കീഴിൽ ഇസ്രായേലിന് നിർബന്ധമായിരുന്നതുപോലെ പുതിയജനമായ തിരുസ്സഭക്ക് പുതിയനിയമത്തിൻ കീഴിൽ ഞായറാഴ്ച ആചരണവും നിർബന്ധമാണ്.
ഞായറാഴ്ചകളിലും മറ്റു കടമുള്ള വിശുദ്ധദിനങ്ങളിലും ദൈവത്തിന് അർഹിക്കുന്ന ആരാധന തടസ്സപ്പെടുത്തുന്ന പ്രവൃത്തികളിലും ജോലികളിലും നിന്ന് വിട്ടുനിൽക്കാൻ തിരുസ്സഭ അനുശാസിക്കുന്നുണ്ട്. എന്നാൽ അതേസമയം കാരുണ്യപ്രവർത്തികൾ ചെയ്യാൻ കൂടുതലായി ഉത്സാഹിക്കുകയും വേണം. ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമവും ഉല്ലാസവും പ്രദാനം ചെയ്യണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. മേല്പറഞ്ഞ ദിനങ്ങളിൽ അക്രൈസ്തവരായ ജോലിക്കാർക്കുപോലും ഒഴിവു നല്കണമെന്നതാണ് വിശ്വാസത്തിൻറെയും പരസ്നേഹത്തിൻറെയും ദൈവാരാധനയുടെയും ഈ കാഴ്ചപ്പാട് നിർദ്ദേശിക്കുന്നത്. ആ ദിവസത്തെ കൂലി പോലും അവർക്ക് നല്കണമെന്ന് നിർദ്ദേശിക്കുന്ന പിതാക്കന്മാരുമുണ്ട്. ഗൗരവബുദ്ധിയോടെ ഞായറാഴ്ച ആചരണത്തെ നമുക്ക് സമീപിക്കാം.
വിശുദ്ധരുടെ ഓർമ്മദിവസങ്ങൾ
പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ഓർമ്മകൾപ്രത്യേകദിവസങ്ങളിൽ തിരുസ്സഭ കൊണ്ടാടാറുണ്ട്. മറിയത്തിന്റെ തിരുന്നാളുകൾ പലതുണ്ട്. മിശിഹായുടെ രക്ഷാകരകർമ്മത്തോട് അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന മറിയത്തെ സഭ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. സഹനങ്ങളിലൂടെ കടന്നുപോവുകയും മിശിഹായോടു കൂടെ മഹത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്തവർ എന്ന നിലയിലാണ് വിശുദ്ധരെയെല്ലാം തിരുസ്സഭ അനുസ്മരിക്കുന്നത്. മിശിഹായിലൂടെ പിതാവിലേക്ക് അടുക്കാനുള്ള മാതൃകകളാണ് അവർ. അവരുടെ യോഗ്യതകളിലൂടെ വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള ദൈവാനുഗ്രഹങ്ങൾ യാചിക്കാനും നമുക്ക് സാധിക്കും.
യാമപ്രാർത്ഥനകൾ
ഒരു വർഷം മുഴുവനുമെടുത്ത് മിശിഹായുടെ പെസഹാരഹസ്യങ്ങളെ അനുസ്മരിക്കുന്നതുപോലെ ഒരു ദിവസത്തിൻറെ യാമങ്ങളിൽ അവിടുത്തെ ജീവിതരഹസ്യങ്ങൾ ധ്യാനവിഷയമാക്കുന്നതാണ് യാമപ്രാർത്ഥനകൾ. സഭയുടെ സാർവ്വത്രികമായ പരസ്യപ്രാർത്ഥനയാണിത്. ബൈബിളിൽ നിന്നുള്ള വചനങ്ങളും വായനകളും കൊണ്ട് പ്രാർത്ഥിക്കുന്ന വ്യക്തി യേശുക്രിസ്തുവിൻറെ ജീവിതരഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിൽപ്രവേശിക്കുകയാണ് ചെയ്യുന്നത്.
പ്രാർത്ഥിക്കുന്ന വ്യക്തികളെയും ലോകത്തെയും ക്രമേണ പരിവർത്തനം ചെയ്യിക്കാൻ ഓരോ മണിക്കൂറിലും ത്രിയേകദൈവത്തിന് ലോകമെങ്ങും യാമപ്രാർത്ഥനകൾ അവസരം നല്കുന്നു. യാമങ്ങളുടെ ഈ പ്രാർത്ഥനയിൽ ഗൗരവപൂർവ്വം പങ്കുചേരാൻ എല്ലാ ക്രൈസ്തവർക്കും അതിനാൽ കടമയുണ്ട്. ലോകത്തിൽ എല്ലായിടത്തുനിന്നും ദൈവസന്നിധിയിലേക്കുയരുന്ന ആയിരക്കണക്കിന് സ്തോത്രങ്ങളോടും അപേക്ഷകളോടും അവർ തങ്ങളുടെ ശബ്ദം കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്.യാമപ്രാർത്ഥനകൾ പരിശുദ്ധമായ കുർബാനയാഘോഷത്തിൻറെ തുടർച്ച തന്നെയാണ്. കുർബാനയിലെ പെസഹാരഹസ്യങ്ങളുടെ അനുസ്മരണത്തെ ഒരു ദിവസത്തിൻറെ മുഴുവൻസമയത്തിലേക്കും സ്വാഗതം ചെയ്യലാണ് യാമപ്രാർത്ഥനകളിൽ നടക്കുന്നത്.
സമാപനം
ദൈവാരാധനക്ക് അണയുമ്പോൾ സമയബന്ധിതമായി അവ പൂർത്തിയാകണമെന്ന് ശഠിക്കുന്നവരാണ് നമ്മൾ. പൗരസ്ത്യ സഭകളുടെ ആരാധനയിൽ സമയമെന്നത് ഒരു പരിഗണനാവിഷയമേയല്ല. ദൈവികമായ ആരാധനയിൽ പങ്കുചേരുന്നവർക്ക് അത് കാലത്തിനപ്പുറം പോകുന്ന ആനന്ദത്തിൻറെ അനുഭവമാണ്. ആരാധനയിൽ ഇത്തരം ആനന്ദം കണ്ടെത്താൻ കഴിയാത്തവർക്കും ആരാധനയുടെ മണിക്കൂറുകളെക്കാൾ മറ്റുപലതിനും പ്രാധാന്യം കാണുന്നതുകൊണ്ടും സമയത്തെക്കുറിച്ച് നാം അധികമധികം ഉത്കണ്ഠാകുലരാണ്. സമയം മുഴുവൻ ദൈവത്തിൻറേതാണെന്ന ചിന്തയിൽ അവയെ വിശുദ്ധമായി ഉപയോഗിക്കാൻ കഴിയും വിധം പെസഹാരഹസ്യങ്ങളെ ജീവിതത്തിലുടനീളം ആഘോഷിക്കുന്നവരാകാൻ നമുക്ക് ശ്രമിക്കാം. അനുദിന ജീവിതത്തിൻറെ വിശുദ്ധിക്ക് യാമപ്രാർത്ഥനകളും ആരാധനാക്രമവത്സരത്തിൻറെ ചൈതന്യത്തിലുള്ള ധ്യാനവും പരിശുദ്ധ കുർബാനയുടെ ആത്മാർത്ഥമായ അർപ്പണവും നമ്മെ സഹായിക്കുക തന്നെ ചെയ്യും. കടമുള്ള ദിവസങ്ങളും ഞായറാഴ്ചകളും അവയുടേതായ ചൈതന്യത്തിൽ കൊണ്ടാടുന്നത് തിരക്കുപിടിച്ച ജീവിതത്തിൻറെ സ്വസ്ഥതക്ക് പോലും അനിവാര്യമാണ്.
time god worship Noble Thomas Parackal Noble Parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206