We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
വിശുദ്ധ കുർബാന നിലത്തുവീണാൽ
വിശുദ്ധ കുർബാന നല്കുന്ന സമയത്ത് ചിലപ്പോൾ തിരുശ്ശരീരമോ തിരുരക്തത്തുള്ളികളോ നിലത്ത് വീഴാനുള്ള സാദ്ധ്യതകളുണ്ട്. അതീവശ്രദ്ധയോടെ തിരുരഹസ്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണെങ്കിലും അപൂർവ്വമായെങ്കിലും കരങ്ങളിൽ നിന്നും നാവിൽ നിന്നുപോലും തിരുരഹസ്യങ്ങൾ താഴെവീഴുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എപ്പോൾ സംഭവിച്ചാലും വൈദികനോ ദിവ്യരഹസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ശുശ്രൂഷകനോ (ഡീക്കൻ, അതിസാധാരണ ശുശ്രൂഷകൻ) ഈശോയുടെ തിരുശരീരരക്തങ്ങൾക്ക് അർഹമായ ആദരവോടെ ആ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
ലത്തീൻ മിസ്സലിൽ (ആരാധനാക്രമഗ്രന്ഥം) നല്കിയിരിക്കുന്ന നിർദ്ദേശാനുസരണം, “തിരുശരീരമോ അതിൻറെ ചെറിയ ഭാഗങ്ങളോ താഴെവീണാൽ അത്യാദരവോടെ അത് തിരിച്ചെടുക്കണം. തിരുരക്തത്തുള്ളികളാണെങ്കിൽ അത് വീണ സ്ഥലം ശുദ്ധജലം ഉപയോഗിച്ച് കഴുകിയ ശേഷം ആ ജലം സങ്കീർത്തിയിൽ പ്രത്യേകമായി ഇത്തരം കാര്യങ്ങൾക്കുപയോഗിക്കുന്ന ബേസിനിൽ കളയണം”. ഇത്തരം ബേസിനുകൾ സങ്കീർത്തിക്കള്ളിലാണെങ്കിലും നേരെ ഭൂമിക്കടയിലേക്ക് തുറന്നിരുക്കുന്നവയാണ്. വളരെ കുലീനമായ രീതിയിൽ തിരുരഹസ്യങ്ങളുടെ കണങ്ങളുൾക്കൊള്ളുന്ന ജലം മണ്ണിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. തിരുരഹസ്യങ്ങൾ കൈകാര്യം ചെയ്യുന്നിടത്തെ വിരികളും പാത്രങ്ങളും (സങ്കീഞ്ഞുകളടക്കം) വൃത്തിയാക്കുന്പോൾ ആദ്യം ശുദ്ധജലത്തിൽ കഴുകിയശേഷം ആ ജലം ഇപ്രകാരമാണ് മണ്ണിലേക്ക് ഒഴുക്കേണ്ടത്. ഇത്തരം ബേസിനുകൾ ഇല്ലാത്തയിടങ്ങളിൽ ആളുകൾ ചവിട്ടി നടക്കുകയോ മറ്റൊരു വിധത്തിലും വൃത്തിഹീനമാക്കുകയോ ചെയ്യാത്ത മണ്ണിൽ ഈ ജലം ഒഴുക്കിക്കളയാവുന്നതാണ്.
താഴെവീഴുന്ന തിരുശരീരം ഭക്ഷ്യയോഗ്യമെങ്കിൽ ഉൾക്കൊള്ളുകയും ഭക്ഷ്യയോഗ്യമല്ലാതാവുകയാണെങ്കിൽ വൃത്തിയുള്ള പാത്രത്തിൽ ശുദ്ധജലമെടുത്ത് അതിൽ കുറച്ച് സമയം സൂക്ഷിക്കുക. അപ്പോൾ അത് ജലത്തിൽ ലയിക്കുകയും ആ ജലം മേൽപ്പറഞ്ഞപ്രകാരം ഒഴിച്ചുകളയുകയും ചെയ്യാം. വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കുന്പോഴാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞകാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നതുവരെ തിരുശ്ശരീരം ഒരു വെള്ളത്തുണി ഉപയോഗിച്ച് മൂടിയിടുകയും മറ്റാരും ആ ഭാഗത്തേക്ക് പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
“ഇതെൻറെ ശരീരമാകുന്നു, ഇതെൻറെ രക്തമാകുന്നു” എന്ന ഈശോയുടെ വാക്കുകളിൽ അത്രമേൽ വിശ്വസിക്കുന്നതുകൊണ്ടാണ് തിരുസ്സഭ ഇത്രമാത്രം ആദരവോടെ തിരുശരീരക്തങ്ങളുടെ ചെറുകണങ്ങളെപ്പോലും കൈകാര്യം ചെയ്യുന്നത്. നിലത്തുവീഴുന്ന തിരുശരീരരക്തങ്ങളുടെ കണങ്ങൾ വെള്ളത്തുണി കൊണ്ട് മൂടിയിട്ട ശേഷം അവ നിലത്തുനിന്ന് നേരിട്ട് നാവുകൊണ്ട് ഉൾക്കൊണ്ടിരുന്ന വിശുദ്ധരായ വൈദികർ ധാരാളമായി കത്തോലിക്കാസഭയിൽ ജീവിച്ചിരുന്നു. ഈശോയുടെ ശരീരക്തങ്ങൾ വീണ മൺതരികൾ പോലും മറ്റുള്ളവരാൽ ചവിട്ടപ്പെടരുതെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം.
വിശുദ്ധ കുർബാന ഉൾക്കൊള്ളുമ്പോൾ
ഇരുസാദൃശ്യങ്ങളിലും ഉൾക്കൊള്ളുമ്പോൾ മുട്ടിന്മേൽ നിന്ന് നാവിൽ കുർബാന സ്വീകരിക്കുന്ന പാരമ്പര്യം കത്തോലിക്കാസഭയിൽ ഉണ്ട്. സാഹചര്യങ്ങളും സമയവും മാനിച്ച് ആദരപൂർവ്വം നാവിൽ സ്വീകരിക്കുന്നവരും വിശുദ്ധ കുർബാന തിരുശ്ശരീരമായി മാത്രം നല്കുന്പോൾ കരങ്ങളിൽ സ്വീകരിക്കുന്നവരും ഉണ്ട്. പാശ്ചാത്യപൗരസ്ത്യ പാരന്പര്യങ്ങൾക്ക് ഇപ്രകാരം വിശുദ്ധ കുർബാന നല്കുന്നതിനുള്ള വ്യത്യസ്തമായ ദൈവശാസ്ത്രകാരണങ്ങളുണ്ട് (മുൻ ലേഖനങ്ങളിൽ പരാമർശിച്ചിട്ടുണ്ട്). കരങ്ങളിൽ സ്വീകരിക്കുന്നവർ ഇടതുകൈയുടെ അടിയിൽ വലതുകൈവച്ച് കുരിശാകൃതിയിലാണ് വിശുദ്ധ കുർബാനക്കായി കരങ്ങൾ നീട്ടുന്നത്. നമ്മുടെ കരങ്ങളാകുന്ന വിശുദ്ധ കുരിശിൽ ഈശോയുടെ തിരുശ്ശരീരം വയ്ക്കപ്പെടുന്നു. നമുക്കുവേണ്ടി കുരിശിൽ മരിച്ച ദൈവപുത്രൻറെ ശരീരരക്തങ്ങൾ ആ കുരിശോടു കൂടി നാം സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു.
ഇടതുകൈയിൽ നിന്ന് തിരുശരീരം വലതുകൈ കൊണ്ട് എടുത്ത് ഉൾക്കൊള്ളുകയാണ് വേണ്ടത്. ചിലർ വലതുകൈ മുകളിൽ വച്ച് കുർബാന സ്വീകരിക്കുകയും കൈയിൽ നിന്ന് നേരിട്ട് നാവുകൊണ്ട് ഉൾക്കൊള്ളുകയും ചെയ്യുന്നതും കാണാറുണ്ട്. ഒരു തരിപോലും കൈകളിൽ അവശേഷിക്കുന്നില്ലെന്ന് വിശുദ്ധ കുർബാന ഉൾക്കൊള്ളുന്നത് ഏതുരീതിയിലായാലും നാം ഉറപ്പാക്കേണ്ടതുണ്ട്.
സമാപനം
വിശുദ്ധ കുർബാനയിലെ തിരുശരീരക്തങ്ങൾ ഈശോ തന്നെയാണെന്ന ബോദ്ധ്യം അത് കൈകാര്യം ചെയ്യുന്നവരിൽ ആഴമായി പതിയാനും കണ്ടുനിൽക്കുന്നവരിൽ പോലും ഈശോയുടെ ശരീരക്തങ്ങളോട് ഭക്ത്യാദരവുകൾ ജനിപ്പിക്കാനും ഇപ്രകാരമുള്ള ശ്രദ്ധ കാരണമായിത്തീരും. മനുഷ്യൻ അർഹിക്കാത്ത ദാനമാണ് ദൈവത്തിൻറെ ശരീരരക്തങ്ങൾ. എത്രയോ സ്നേഹത്തോടും ആദരവോടും കൂടി നാമത് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്ന് തിരുസ്സഭയുടെ ഇത്തരം നിർദ്ദേശങ്ങളും കരുതലുകളും നമ്മെ ഓർമ്മിപ്പിക്കുന്നു.
eucharist ground fall Noble Thomas Parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206