x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സ്ഥൈര്യലേപനം എന്ന കൂദാശ

Authored by : Ann Mary Joseph On 25-May-2021

സ്ഥൈര്യലേപനം എന്ന കൂദാശ

സ്ഥൈര്യലേപനം എന്ന കൂദാശയെ വേഗത്തിൽ മനസ്സിലാക്കാൻ ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് പോകാം.കാൽപ്പന്തുകളിയിൽ ഒത്തിരി കഴിവും സാമർഥ്യവും ഉള്ള ഒരു കളിക്കാരൻ. അവൻ കളിക്കളത്തിലേയ്ക്ക് ഇറങ്ങുകയാണ്. അതിനു മുന്നോടിയായി അവൻറെ കോച്ച് അവൻറെ തോളിൽ കൈവച്ച് അവസാനനിർദ്ദേശങ്ങളും ആത്മധൈര്യവും പകർന്നുകൊടുക്കുന്നു. ആ കോച്ചിൻറെ നിർദ്ദേശങ്ങൾ പാലിക്കുന്നതുവഴി വിജയം കരസ്ഥമാക്കാൻ അവനു കഴിയുന്നു.

ഇതിനോട് സമാനമായ രീതിയിൽ നമുക്ക് സ്ഥൈര്യലേപനം മനസ്സിലാക്കാം. സർവ്വശക്തനായ ദൈവം നമ്മുടെ മേൽ തൻറെ കൈകൾ വയ്ക്കുന്നു. നാം ജീവിതത്തിൻറെ മണ്ഡലത്തിലേയ്ക്കു കാൽ എടുത്തു വയ്ക്കുന്നു. നാം എന്താണ് ചെയ്യേണ്ടതെന്ന് പരിശുദ്ധാത്മാവിലൂടെ നമുക്ക് അറിവ് കിട്ടുന്നു. അവിടുന്ന് നമുക്ക് നൽകിയിട്ടുള്ള ലക്ഷ്യം പൂർത്തീകരിക്കാൻ നമുക്ക് ശക്തി ലഭിക്കുന്നു. അവിടുന്ന് നമ്മെ ഏൽപ്പിച്ച ദൗത്യം ധൈര്യപൂർവ്വം ഏറ്റെടുക്കുവാനും അവിടുത്തെ സ്നേഹം അനുഭവിച്ചറിയുവാനും അവിടുത്തെ വിശ്വസ്തതയെ ഒറ്റിക്കൊടുക്കാതെ അതു മുറുകെപ്പിടിക്കുവാനും സാധിക്കുന്നു. അങ്ങനെ അവിടുത്തേയ്ക്കായി കളിയിൽ വിജയം വരിക്കുവാൻ നമുക്ക് കഴിയുന്നു.

എന്താണ് സ്ഥൈര്യലേപനം?

മാമ്മോദീസയെ പൂർത്തീകരിക്കുന്ന കൂദാശയാണ് സ്ഥൈര്യലേപനം. അതിലൂടെ പരിശുദ്ധാത്മാവിൻറെ ദാനം നമ്മുടെ മേൽ ചൊരിയപ്പെടുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുർബ്ബാന എന്നിവയാണ് ക്രൈസ്തവ പ്രാരംഭ കൂദാശകൾ. അവയുടെ ഐക്യം സംരക്ഷിക്കപ്പെടേണ്ടതാണ്. മാമ്മോദീസയിലൂടെ നാം സ്വീകരിക്കുന്ന കൃപാവരത്തിൻറെ പൂർത്തീകരണത്തിനു സ്ഥൈര്യലേപനം എന്ന കൂദാശ അനിവാര്യമാണ്. മാമ്മോദീസ സ്വീകരിക്കുന്ന ഒരു വ്യക്തി സഭയിലെ അംഗമാകുന്നതുപോലെ സ്ഥൈര്യലേപനം സ്വീകരിക്കുന്നതുവഴി സഭയോട് പൂർണ്ണമായി ബന്ധിക്കപ്പെടുകയും പരിശുദ്ധാത്മാവിൻറെ സവിശേഷശക്തിയാൽ സമ്പന്നരാക്കപ്പെടുകയും സഭയുടെ പൂർണ്ണതയുള്ള, ഉത്തരവാദിത്വബോധമുള്ള പൂർണ അംഗമായിത്തീരുകയും ചെയ്യുന്നു. കൂടാതെ, അവർ ക്രിസ്തുവിൻറെ യഥാർത്ഥ സാക്ഷികൾ എന്ന നിലയിൽ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കുവാൻ കൂടുതൽ കടപ്പെട്ടവരായിത്തീരുന്നു. പെന്തക്കുസ്താ ദിവസം സമ്മേളിച്ചിരുന്ന ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്നതുപോലെ, സഭ ആർക്കുവേണ്ടി പരിശുദ്ധാത്മാവിൻറെ ദാനം യാചിക്കുന്നുവോ ആ വ്യക്തിയുടെ മേൽ അവിടുന്ന് ഇറങ്ങിവരുന്നു. അതു ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ അവനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

“പുരമുകളിൽ നിന്ന് സുവിശേഷം പ്രഘോഷിക്കുക എന്നത് നിൻറെ വിളിയുടെ ഒരു ഭാഗമാണ്. വാക്കുകൾക്കൊണ്ടല്ല പിന്നെയോ, നിൻറെ ജീവിതം വഴി”.
(വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫോക്കാൾഡ്)

ദൈവത്തിൻറെ ശിശുവായി ജീവിക്കാൻ സ്വതന്ത്രമായി നിശ്ചയിക്കുന്ന ഒരു വ്യക്തി , കൈവയ്പ്പ്, ക്രിസം (മൂറോൻ) കൊണ്ടുള്ള ലേപനം, എന്നീ അടയാളങ്ങൾ വഴി ദൈവത്തിൻറെ ആത്മാവ് ലഭിക്കാൻ അപേക്ഷിക്കുകയും വാക്കിലും പ്രവൃത്തിയിലും ദൈവത്തിൻറെ സ്നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കാനുള്ള കൃപ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. വളരെമുമ്പേതന്നെ, പരിശുദ്ധാത്മാവിൻറെ ദാനത്തെ കൂടുതൽ നന്നായി സൂചിപ്പിക്കാൻ സുഗന്ധതൈലം (ക്രിസം) കൊണ്ടുള്ള പൂശൽ കൈവയ്പ്പിനോട് കൂട്ടിച്ചേർക്കപ്പെട്ടു. ഈ അഭിഷേകം, “അഭിഷിക്തൻ” എന്നർത്ഥമുള്ള “ക്രൈസ്തവൻ” എന്ന പേരിൻറെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. കൂടാതെ ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത ഈശോയുടെ അഭിഷേകത്തിൽനിന്ന് ഉത്ഭവിക്കുന്നതുമാണ്.

ക്രിസം (മൂറോൻ): ഗ്രീക്കുഭാഷയിലെ “ഖ്റിസ്മ” (അഭിഷേകത്തിനുള്ള എണ്ണ) എന്ന വാക്കിൽനിന്നാണ് ഇംഗ്ലീഷിൽ “ക്രിസം” എന്ന വാക്കുണ്ടായത്. ഗ്രീക്കിൽ “ഖ്റിസ്തോസ്” എന്നതിന് “അഭിഷിക്തൻ” എന്നാണ് അർത്ഥം. ഒലിവ് എണ്ണയും ബാൾസവും(ഒരുതരം സസ്യത്തിൽ നിന്നുണ്ടാക്കുന്ന പരിമളതൈലം) കൂട്ടിച്ചേർത്തു നിർമ്മിക്കുന്ന എണ്ണയാണ് ക്രിസം. പെസഹാ വ്യാഴാഴ്ച രാവിലെ മെത്രാൻ അതു പവിത്രീകരിക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, വൈദികപട്ടാഭിഷേകം, മെത്രാഭിഷേകം എന്നിവയ്ക്കും, അൾത്താരകളും മണികളും അഭിഷേചിക്കാനും അത് ഉപയോഗിക്കുന്നു. സന്തോഷം, ശക്തി, ആരോഗ്യം, എന്നിവയുടെ പ്രതീകമാണ് എണ്ണ . ക്രിസം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടവർ “ക്രിസ്തുവിന്റെ സൗരഭ്യം” വ്യാപിപ്പിക്കണമെന്നാണ് സങ്കല്പിക്കപ്പെടുന്നത്. വചനം ഇങ്ങനെ പറയുന്നു:

“എന്തുകൊണ്ടെന്നാൽ, രക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്‌.” (2 കോറിന്തോസ്‌ 2 : 15).

ഇന്നുവരെ ഈ അഭിഷേകകർമം പൗരസ്ത്യ പാശ്‌ചാത്യസഭകളിൽ തുടർന്നുപോരുന്നു. ഇക്കാരണത്താൽ പൗരസ്ത്യസഭകൾ ഈ കൂദാശയെ തൈലാഭിഷേകം, അതായത് തൈലം എന്നർത്ഥം വരുന്ന മൂറോൻ കൊണ്ടുള്ള അഭിഷേകം എന്നു വിളിക്കുന്നു. പാശ്‌ചാത്യസഭകളിൽ സ്ഥൈര്യലേപനം എന്നത്, മാമ്മോദീസയുടെ സ്ഥിരീകരണം, മാമ്മോദീസയിലെ കൃപാവരത്തിൻറെ ശക്തിപ്പെടുത്തൽ എന്നിവയെ ഒരേസമയം സൂചിപ്പിക്കുന്നു.

സ്ഥൈര്യലേപനകൂദാശയെക്കുറിച്ച്‌ വിശുദ്ധ ലിഖിതം എന്തു പറയുന്നു?

മിശിഹായുടെ മേൽ പരിശുദ്ധാത്മാവിൻറെ പ്രവഹിക്കലുണ്ടാകുമെന്നു പഴയനിയമത്തിൽ ദൈവജനം പ്രതീക്ഷിച്ചിരുന്നു. യേശു യോഹന്നാനിൽ നിന്നു മാമ്മോദീസ സ്വീകരിച്ച സമയത്തു അവിടുത്തേമേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്നത്, വരാനിരിക്കുന്ന ദൈവപുത്രനായ മിശിഹാ അവിടുന്നുതന്നെയാണ് എന്നതിൻറെ അടയാളമായിരുന്നു. ഈശോ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി; അവിടുത്തെ ജീവിതവും ദൗത്യവും അവിടുത്തേക്ക് പിതാവ് നൽകിയ പരിശുദ്ധാത്മാവിനോടുള്ള സമ്പൂർണ സംസർഗത്തിൽ നിർവഹിക്കപ്പെട്ടു.

ആത്മാവിൻറെ ഈ പൂർണ്ണത മിശിഹായിൽ മാത്രം നിലനിൽക്കാനുള്ളതായിരുന്നില്ല, പിന്നെയോ, അവിടുത്തെ നാമം ഏറ്റുപറയുന്നവരിലേക്ക് മുഴുവൻ കൈമാറാനുള്ളതായിരുന്നു. പരിശുദ്ധാത്മാവിൻറെ ഈ വർഷിക്കൽ ഈശോ പല സന്ദർഭങ്ങളിലും വാഗ്‌ദാനം ചെയ്തിട്ടുണ്ട്: “എന്താണു പറയേണ്ടതെന്ന്‌ ആ സമയത്തു പരിശുദ്‌ധാത്‌മാവു നിങ്ങളെ പഠിപ്പിക്കും.” (ലൂക്കാ 12 : 12). “എങ്കിലും, സത്യം ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നൻമയ്‌ക്കുവേണ്ടിയാണ്‌ ഞാൻ പോകുന്നത്‌. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയയ്‌ക്കും.
അവൻ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും… സത്യാത്‌മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.” (യോഹന്നാൻ 16 : 7-13)

ആദ്യമായി ഉയിർപ്പുദിനത്തിലും പിന്നീട് ഏറ്റവും ശ്രദ്ധേയമായ വിധത്തിൽ പന്തക്കുസ്‌തായിലും അവിടുന്ന് ഈ വാഗ്ദാനം നിറവേറ്റി. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അപ്പസ്തോലന്മാർ ദൈവത്തിൻറെ ശക്തമായ പ്രവൃത്തികളെ പ്രഘോഷിക്കാൻ തുടങ്ങി. അതുവഴി ദൈവത്തിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിച്ചവർ പരിശുദ്ധാത്മാവിൻറെ ദാനങ്ങൾ സ്വീകരിക്കുകയും ചെയ്തു. ആ സമയം മുതൽ അപ്പസ്തോലന്മാർ പുതുതായി മാമ്മോദീസ സ്വീകരിക്കുന്നവർക്ക് ക്രിസ്തുവിൻറെ ഹിതം നിറവേറ്റിക്കൊണ്ടു, മാമ്മോദീസയുടെ കൃപാവരത്തെ പൂർണമാക്കുന്ന പരിശുദ്ധാത്മാവിൻറെ ദാനം കൈവയ്പ്പുവഴി നല്കിപ്പോന്നു. സ്ഥൈര്യലേപനം എന്ന കൂദാശ സ്വീകരിക്കുന്ന ഏതൊരു വ്യക്തിയും ഇതേ ആത്മാവിൻറെ ദാനങ്ങൾ തന്നെയാണ് സ്വീകരിക്കുന്നത്. സഭയിൽ പെന്തക്കുസ്തയുടെ കൃപാവരത്തെ ഒരുവിധത്തിൽ ശാശ്വതമാക്കുന്ന സ്ഥൈര്യലേപനകൂദാശയുടെ ഉറവിടമെന്ന നിലയിൽ കൈവയ്പ്പിനെ കത്തോലിക്കാപാരമ്പര്യം യോഗ്യമായി അംഗീകരിക്കുന്നുണ്ട്.

“സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്‌തോലൻമാർ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക്‌ അയച്ചു. അവർചെന്ന്‌ അവിടെയുള്ളവർ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കേണ്ടതിന്‌ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. കാരണം, അതുവരെ പരിശുദ്‌ധാത്‌മാവ്‌ അവരിലാരുടെയും മേൽ വന്നിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ ജ്‌ഞാനസ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്‌തിരുന്നുള്ളു.” (അപ്പ. പ്രവർത്തനങ്ങൾ 8 : 14-16)

 

annointing sacrament church Ann Mary Joseph Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message