x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

ദൈവാരാധനയിലെ സംഗീതത്തിന്റെ പ്രാധാന്യം

Authored by : Noble Thomas Parackal On 25-May-2021

ദൈവാരാധനയിലെ സംഗീതത്തിന്റെ പ്രാധാന്യം

ദൈവത്തെ സ്തുതിക്കാൻ വാക്കുകൾ മതിയാകാതെ വരുന്നിടത്ത് സംഗീതം നമ്മുടെ സഹായത്തിനെത്തുന്നു” (മതബോധനഗ്രന്ഥം 1156-1158,1191).

ആത്മാർത്ഥമായ ആരാധനയിൽ നാം ദൈവത്തോടൊപ്പം ആയിരിക്കുകയാണ്. ദൈവത്തോടൊപ്പമാവുക എന്നത് അവാച്യമായ ഒരനുഭവമാണ്. ആനന്ദത്തിൻറെ അസുലഭമായ അത്തരം സന്ദർങ്ങളിൽ വാക്കുകൾ അപ്രസക്തമാകുന്നു. അവിടെ സംഗീതം നമ്മുടെ സഹായത്തിനെത്തുന്നു. ആനന്ദത്തിൻറെ അനുഭവമാണ് സംഗീതമായിത്തീരുന്നത്. അതുകൊണ്ടാണ് സ്വർഗ്ഗത്തിൽ മാലാഖമാർ നിരന്തരം പാടുന്നത്. നമ്മുടെ പ്രാർത്ഥനയെ കൂടുതൽ തീക്ഷ്ണവും ആത്മാർത്ഥവും ആക്കിമാറ്റാൻ സംഗീതത്തിന് സാധിക്കും. പങ്കെടുക്കുന്ന എല്ലാവരുടെയും ഹൃദയങ്ങൾ കൂടുതൽ ആഴത്തിൽ ചലിപ്പിക്കാൻ സംഗീതം പര്യാപ്തമാണ്. ദൈവത്തിലേക്ക് അവരെ കൂടുതൽ അടുപ്പിക്കാനും ദൈവത്തിന് സ്വരമാധുര്യത്തിൻറെ വിരുന്നൊരുക്കാനും ആരാധനയിലെ സംഗീതം സഹായിക്കുന്നു. (YOUCAT 183, Edited)

ചിലപ്പോഴെങ്കിലും ആരാധനാക്രമത്തോടനുബന്ധമായുള്ള സംഗീതാലാപനം അരോചകമായി അനുഭവപ്പെടാറുണ്ട്. ആരാധനയിൽ ഗാനാലാപനം എന്നത് പ്രത്യേകം ഒരു ശുശ്രൂഷ തന്നെയാണ്. പൗരസ്ത്യസഭകളിൽ ആരാധനാക്രമസംഗീതം ആലപിച്ചിരുന്നവർക്ക് പ്രത്യേക പട്ടം തന്നെ നല്കിയിരുന്നു. സുറിയാനിദേവാലയങ്ങളുടെ ഘടനയിൽ ജനങ്ങൾ നിൽക്കുന്ന ഹൈക്കലയിൽ നിന്ന് ഒരുപടി ഉയരമുള്ള കെസ്ത്രോമ്മ എന്ന സ്ഥലത്താണ് ദേവാലയഗായകർ നിന്നിരുന്നത്. ഗാനാലാപനത്തിന് നേതൃത്വം നല്കുന്നവർക്ക് നല്കപ്പെട്ടിരുന്ന പ്രത്യേകസ്ഥാനം അവരുടെ ശുശ്രൂഷയുടെ ഗൗരവം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആരാധനയിലെ ഗാനാലാപനത്തിന് നേതൃത്വം നല്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്

1. ആരാധനാക്രമകാലത്തിനും ദൈവാരാധനയുടെ സന്ദർഭത്തിനും യോജിച്ച ഗാനങ്ങൾ തിരഞ്ഞെടുക്കണം.
2. ഉചിതമായ പരിശീലനം നടത്തുകയും കഴിയുമെങ്കിൽ ആരാധനാസമൂഹത്തിന് പങ്കെടുക്കാൻകഴിയുന്ന വിധത്തിൽ അവർക്കും പരിശീലനം ലഭിക്കാനുള്ള അവസരങ്ങൾ നല്കുകയും ചെയ്യണം.
3. ആത്മീയമായ ഉള്ളടക്കമുള്ളതും ഏതൊരാൾക്കും എളുപ്പത്തിൽ ആലപിക്കാവുന്നതുമായിരിക്കണം തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ
4. ഏതൊരാൾക്കും ആത്മീയഗാനങ്ങൾ ചിട്ടപ്പെടുത്താവുന്ന ഈ കാലത്ത് തിരഞ്ഞെടുക്കുന്ന ഗാനങ്ങളുടെ അർത്ഥവും വിശ്വാസത്തോടുള്ള അടുപ്പവും പരിശോധിക്കണം. നിരവധി ഗാനങ്ങളിൽ ദൈവശാസ്ത്രപരമായ തെറ്റുകൾ നിലവിലുണ്ട്.
5. സംഗീതോപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ദൈവാരാധന ശാന്തമാണ്. പങ്കെടുക്കുന്നവർക്ക് അരോചകമുണ്ടാക്കുന്നതും അവരുടെ ആന്തരിക നിശബ്ദതയെ ഭഞ്ജിക്കുന്നതുമായ ശബ്ദകോലാഹലങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
6. ആരാധനാക്രമസംഗീതം അതിന് നേതൃത്വം നല്കുന്നവരുടേത് മാത്രമല്ല. ദൈവജനം ഒന്നാകെയാണ് അതിൽ പങ്കുചേരുന്നത്. ദൈവജനത്തെ ആരാധനക്ക് സഹായിക്കുക എന്ന ചുമതലയാണ് ഗായകസംഘത്തിനുള്ളത്. ദൈവജനത്തിൻറെയൊന്നാകെ സ്ഥാനം അവർ ഏറ്റെടുക്കേണ്ടതില്ല.
7. ഇടവകകളിലെ ഗായകസംഘം തങ്ങളുടെ ശുശ്രൂഷകളെ ഗൗരവമായെടുക്കേണ്ടതും തങ്ങൾ ആലപിക്കാൻ പോകുന്ന ഗാനങ്ങൾ പലവിധ മാർഗ്ഗങ്ങളിലൂടെ (ആധുനികവും പരമ്പരാഗതവും) ദൈവജനത്തെ അറിയിക്കേണ്ടതും അവരുടെ കൂടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയും വിധം അവരെക്കൂടി പഠിപ്പിക്കേണ്ടതുമാണ്. അതിനാവശ്യമായ ഒരുക്കങ്ങൾക്ക് നേതൃത്വം നല്കാനും ഗാനശുശ്രൂഷകർക്ക് കഴിയണം.
8. പാടാൻ വേണ്ടി മാത്രമായി വരുന്ന തൊഴിലാളികളാകരുത് ഗാനശുശ്രൂഷകർ. അവർ ആത്മീയചൈതന്യമുള്ളവരും പ്രാർത്ഥനാചൈതന്യത്തിൽ ജീവിക്കുന്നവരും സന്മാതൃക നല്കുന്നവരുമായിരിക്കണം.

worship music importance Noble Thomas Parackal Noble Parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message