We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021
മരണത്തെ അഭിമുഖീകരിച്ച് കഴിയുന്ന തീരാരോഗികള്‍ക്ക് ചികിത്സ കൊടുക്കണമോ എപ്പോഴാണ് ചികിത്സ നിര്‍ത്താവുന്നത് എന്നതിനെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ചില തത്ത്വങ്ങള്‍ ഉണ്ട്. എന്താണ് സാധാരണ ചികിത്സയും (Ordinary/proportionate) അസാധാരണ ചികിത്സയും (Extaordinary/Disproportionate) അല്ലെങ്കില്‍ ആനുപാതിക ചികിത്സയും ആനുപാതികത അല്ലാത്ത ചികിത്സയും. ഇന്ന് ഇതിന് ഒരു നിര്‍വചനം കൊടുക്കാന്‍ വലിയ പ്രയാസമാണ്. പത്താം പീയൂസ് മാര്‍പാപ്പ ഇത് വ്യക്തമാക്കുന്നുണ്ട്. സമയം, സ്ഥലം, സാഹചര്യം, രോഗിയുടെ മൊത്തത്തിലുള്ള അവസ്ഥ ഇതനുസരിച്ചാണ് ഒരു രോഗിക്ക് സാധാരണ ചികിത്സയും അസാധാരണ ചികിത്സയും തമ്മില്‍ വ്യത്യാസപ്പെടുത്താവുന്നത്. കത്തോലിക്കാ സഭയുടെ അഭിപ്രായത്തില്‍ എല്ലാവര്‍ക്കും അടിസ്ഥാന ചികിത്സ ലഭ്യമാക്കണം. ഭക്ഷണം, വെള്ളം, ശുദ്ധീകരണം എന്നിവ ചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. പല ചികിത്സയും ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്നത് ഇന്ന് സാധാരണമാണ്.
സാധാരണയായി ചികിത്സ നിര്‍ത്തിവയ്ക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്: ആരോഗ്യപരമായി ചികിത്സകൊണ്ട് പ്രയോജനം ഇല്ല, രോഗിക്ക് ഈ ചികിത്സകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുന്നു, കൂടാതെ രോഗത്തേക്കാള്‍ അധികമായ ബുദ്ധിമുട്ട് രോഗിക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നു; ഇവയാണ് ചികിത്സ നിര്‍ത്തിവയ്ക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങള്‍.
മെഡിക്കലായിട്ടുള്ള ചികിത്സകള്‍ സാധാരണയായി ജീവനെ രക്ഷിക്കുവാനും ആരോഗ്യം നിലനിര്‍ത്തുവാനും രോഗം മാറ്റുവാനും വേദനയകറ്റുവാനും രോഗിയുടെ ആരോഗ്യം പരമാവധി നിലനിര്‍ത്താനുമൊക്കെയാണ് ഉപയോഗിക്കുന്നത്. രോഗികള്‍ക്ക് ഇങ്ങനെയുള്ള ചികിത്സയുടെ അര്‍ത്ഥം മനസ്സിലാകും. ഇതാണ് ന്യായപൂര്‍വ്വകമായ ചികിത്സ. എന്നാല്‍ ഫലശൂന്യവും കൂടുതല്‍ പ്രയാസവും ഉളവാക്കുന്ന ചികിത്സയുണ്ട്. ഇങ്ങനെയുള്ള ചികിത്സകൊണ്ട് രോഗം ഭേദമാകുകയില്ല. മറ്റു പുരോഗമനവും ഉണ്ടാകുന്നില്ല. ചികിത്സകൊണ്ട് കിട്ടുന്ന പ്രയോജനം പ്രതീക്ഷിക്കുമ്പോള്‍ അത് അമിതമായ ബുദ്ധിമുട്ടും പ്രയാസങ്ങളും രോഗിക്ക് ഉളവാക്കുന്നു. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ അത് അസാധാരണവും ആനുപാതികവുമല്ലാത്ത ചികിത്സയാണ്. ചികിത്സയിലെ അമിതമായ ബുദ്ധിമുട്ടുകള്‍ പ്രധാനമായും കഠിനമായ വേദന, അസ്വസ്ഥത, സുബോധം നഷ്ടപ്പെടുന്നു, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, ഒറ്റപ്പെടല്‍, താല്‍പര്യമില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട് ഇവയാണ്. ചില അവസരത്തില്‍ ഇത് കുടുംബത്തിന് അമിത ഭാരമായിത്തീരാം. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വസ്തുത ഉണ്ട്. ഒരു പ്രയോജനവുമില്ലാത്ത ചികിത്സ നിറുത്തുന്നത് ധാര്‍മ്മികമായും ന്യായീകരിക്കാവുന്നതാണ്. എന്നാല്‍ ഒരു രോഗിയുടെ ജീവിതംകൊണ്ട് ഒരു പ്രയോജനവുമില്ല എന്നു പറയുന്നതിനെ സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. ഈ ചിന്താഗതി ധാര്‍മ്മികമായും തെറ്റായ ഒന്നാണ്. എല്ലാ മനുഷ്യജീവനും അതില്‍തന്നെ പ്രയോജനമുള്ളതാണ്, വിലയുള്ളതാണ്.
പ്രയോജനമില്ലാത്ത ചികിത്സ നിര്‍ത്താന്‍ ഒരു രോഗിക്ക് ധാര്‍മ്മികമായ അവകാശമുണ്ട്. ഇങ്ങനെയുള്ളവരുടെ തീരുമാനത്തെ ബഹുമാനിക്കണം. ആത്മഹത്യ അല്ലെങ്കില്‍ ജീവനെ സ്വയം നശിപ്പിക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് ഒരു രോഗി തനിക്ക് ചികിത്സ വേണ്ടെന്ന് പറയുന്നതെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ഇത്തരം പ്രവണതകള്‍ രോഗികളില്‍നിന്നു മാറ്റേണ്ടത് അവരെ പരിചരിക്കുന്നവരുടെ കടമയാണ്.
ജീവനെ നിലനിര്‍ത്തുവാന്‍ സാങ്കേതികവിദ്യകളും നൂതന ഉപകരണങ്ങളും ഉപയോഗിക്കുന്നത് അഭികാമ്യമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡയാലിസിസും വെന്‍റിലേറ്ററിന്‍റെ ഉപയോഗവും.
ജീവനെ നിലനിര്‍ത്തുവാന്‍ നൂതന ഉപകരണങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് തോന്നുന്നപക്ഷം ഇവയുടെ ഉപയോഗം നിര്‍ത്തിവയ്ക്കാവുന്നതും ഈ തീരുമാനത്തെ ന്യായീകരിക്കാവുന്നതുമാണ്. ജീവനെ നിലനിര്‍ത്തുന്നതും എന്നാല്‍ മാറ്റിയാല്‍ പെട്ടെന്നുള്ള മരണത്തിലേക്കു നയിക്കുന്നതുമായ ഉപകരണങ്ങള്‍ മാറ്റുന്നത് അഭികാമ്യമല്ല. ഇന്ന് വെന്‍റിലേറ്ററിന്‍റെ ഉപയോഗം സാധാരണ ചികിത്സയുടെ ഭാഗമായികൊണ്ടിരിക്കുന്നു. എന്നാല്‍ മരണം സംഭവിച്ച ഒരു വ്യക്തിയെ വീണ്ടും വെന്‍റിലേറ്ററില്‍ നിലനിര്‍ത്തുന്നത് ആവശ്യമില്ല.
ആനുപാതികമല്ലാത്ത ചികിത്സകള്‍ നിര്‍ത്തുമ്പോള്‍ രോഗിക്കുള്ള മറ്റ് ചികിത്സകള്‍ നിറുത്തുവാന്‍ പാടില്ല. സുഖകരമായ പരിചരണം, ഭക്ഷണം, വെള്ളം, വൃത്തിയായ ചുറ്റുപാടുകള്‍, ഇവയെല്ലാം തുടരണം. മറ്റ് രോഗങ്ങള്‍ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം.
രോഗികള്‍ക്കും തങ്ങളുടെ അവസ്ഥ മനസ്സിലാക്കി കുടുംബത്തോടും ഡോക്ടറോടും അന്വേഷിച്ച് വിവിധ ചികിത്സയ്ക്കുള്ള തീരുമാനമെടുക്കാം. ഏതാണ് വേണ്ടത് ഏതാണ് വേണ്ടാത്തത് എന്നുമുള്ള തീരുമാനമെടുക്കാന്‍ സാധിക്കും. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ തങ്ങളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുവാന്‍ മറ്റുള്ളവരെ ഏല്പിക്കാവുന്നതാണ്.
തീരുമാനമെടുക്കാന്‍ കഴിവുള്ള രോഗികളോട് ഉത്തരവാദിത്വപ്പെട്ട ഡോക്ടര്‍മാര്‍ നടത്താന്‍ പോകുന്ന ചികിത്സയെക്കുറിച്ച് വിശദീകരിച്ചുകൊടുക്കണം. ഇവിടെ ചികിത്സ പ്രയോജനകരമാണോ അധികഭാരം ഉളവാക്കുന്നതാണോ എന്ന് രോഗിക്ക് ധാര്‍മ്മികമായി വിലയിരുത്താവുന്നതാണ്. ഇതിന്‍റെ വെളിച്ചത്തില്‍ ചികിത്സ നിറുത്തുകയോ തുടരുകയോ ചെയ്യാം.
എന്നാല്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വപ്പെട്ട വ്യക്തികളുമായി ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. ഇത് മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ഇങ്ങനെയുള്ള അവസരത്തില്‍ രോഗിയുടെ ആഗ്രഹം മുന്‍കൂട്ടി അറിയാമെങ്കില്‍ അത് അനുസരിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. രോഗി എന്തെങ്കിലും അടയാളം കാണിച്ചാല്‍ അത് സ്വീകരിക്കാവുന്നതാണ്. രോഗിയെ നോക്കുന്ന കുടുംബത്തിന്‍റെയും മറ്റുള്ളവരുടെയും സ്ഥിതിയും വിലയിരുത്തേണ്ടതാണ്. നല്‍കുന്ന ചികിത്സയെക്കുറിച്ചുള്ള കുടുംബത്തിന്‍റെയും മറ്റുള്ളവരുടേയും അഭിപ്രായം സ്വീകരിക്കണം. തീരുമാനങ്ങള്‍ നിയമാനുഷ്ഠിതമായിരിക്കണം. ചികിത്സകൊണ്ട് പ്രയോജനമില്ല അമിതഭാരമാണ് ഉണ്ടാകുന്നതെങ്കില്‍ ഡോക്ടര്‍ക്ക് അക്കാര്യം രോഗിയോടും ഉത്തരവാദിത്വപ്പെട്ടവരോടും പറയാവുന്നതാണ്.
ചികിത്സനിര്‍ത്തിവയ്ക്കുമ്പോള്‍ അത് സാമൂഹികവും ധാര്‍മ്മികവും കുടുംബപരവും സാംസ്കാരികവും മതാത്മകവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം. ഇതിന്‍റെ വെളിച്ചത്തില്‍ വേണം തീരുമാനമെടുക്കാന്‍. ചികിത്സ നിര്‍ത്തുന്ന സാഹചര്യത്തില്‍ രോഗിയുടെ അവസ്ഥയിലുള്ള വ്യത്യാസം മനസ്സിലാക്കി രോഗിക്ക് സ്വന്തമായോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ വീണ്ടും തുടരാന്‍ ആവശ്യപ്പെടാവുന്നതാണ്. അതിനുള്ള അവകാശം അവര്‍ ക്കുണ്ട്.
ചുരുക്കത്തില്‍ ചികിത്സ നിര്‍ത്തുവാനുള്ള കാരണങ്ങള്‍ മതപരവും ധാര്‍മ്മികമൂല്യങ്ങള്‍ക്ക് അനുസൃതവുമായിരിക്കണം.
Termination of treatment: Basic principles catholic malayalam Rev.Dr. Scaria kanyakonil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206