x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ സഭാപിതാക്കന്മാർ

സുറിയാനി പിതാക്കന്മാർ

Authored by : Rev.Dr. Pauly Maniyattu On 11-Feb-2022

സുറിയാനി പിതാക്കന്മാർ

ദനഹാക്കാലത്തിലെ ആറാം വെള്ളിയാഴ്ച സുറിയാനി സഭകളുടെ മല്പ്പാന്മാരായ പിതാക്കന്മാരെ പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുസ്മരിക്കുന്നു. പൗരസ്ത്യസുറിയാനി ആരാധനക്രമത്തിനും ദൈവശാസ്ത്രത്തിനും ആദ്ധ്യാത്മികതയ്ക്കും അടിസ്ഥാനമിട്ട പിതാക്കന്മാരെ അനുസ്മരിക്കുമ്പോൾ മഹത്തായ സുറിയാനി പൈതൃകത്തിലൂടെ ദൈവം ക്രൈസ്തവലോകത്തിന് നൽകിയ അളവറ്റ ദാനങ്ങളെയോർത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം.

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ എന്നെന്നും പ്രഭചൊരിഞ്ഞ് വിരാജിക്കുന്ന ദീപസ്തംഭങ്ങളാണ് അഫ്രാത്ത്, അപ്രേം, നർസായി, സിറില്ലോണ, നിനിവേയിലെ ഐസക്ക്, മഹാനായ ബാബായി തുടങ്ങിയ പിതാക്കന്മാർ. അസ്സീറിയൻ സഭ ഈ ഓർമദിനത്തിൽ അംപ്രേം, നർസായി എന്നീ പിതാക്കന്മാർക്ക് പുറമേ മാർ അബ്രാഹം, മാർ ലുലിയാനെ മാർ യോഹന്നാൻ എന്നിവരെയും അനുസ്മരിക്കുന്നു. 

സുറിയാനി ദൈവശാസ്ത്ര പൈതൃകത്തിന് മാർഗനിർദേശം നൽകിയത് അഫ്രാത്ത്, അപ്രേം, നർസായി എന്നീ പിതാക്കന്മാരുടെ കൃതികളാണ്. അവരുടെ പാത പിന്തുടർന്ന് മറ്റു സുറിയാനി പിതാക്കന്മാർ ഈ പാരമ്പര്യത്തെ ഈടുറ്റ സംഭാവനകളാൽ സമ്പന്നമാക്കി. സുറിയാനി പിതാക്കൻമാർ പരിപോഷിപ്പിച്ചു വളർത്തിയ സുറിയാനി പൈതൃകം സാർവ്വത്രികസഭയ്ക്ക് നിസ്തുലമായ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഈശോമിശിഹായുടെയും പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാരുടെയും ആദിമസഭയുടെയും ഭാഷയും സംസ്കാരവുമുൾക്കൊള്ളുന്ന യഹൂദക്രൈസ്തവ പാരമ്പര്യത്തെ പരമാവധി വിശ്വസ്തമായി കാത്തുസൂക്ഷിക്കുന്ന ഒന്നാണ് പൗരസ്ത്യസുറിയാനി പാരമ്പര്യം.

ആദിമസഭയുടെ ആരാധനാജീവിതത്തിന്റെ മിക്ക ശൈലീവിഷയങ്ങളെയും കാത്തുസൂക്ഷിക്കുന്ന ഒരു പാരമ്പര്യം എന്ന നിലയിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന് ക്രൈസ്തവലോകത്തിൽ വിശിഷ്ടമായ ഒരു സ്ഥാനമുണ്ട്. ഈശോമിശിഹായുടെ സംസാരഭാഷയായ അതായത് വെളിപാടിന്റെ ഭാഷതന്നെയായ സുറിയാനിയിൽ ദൈവശാസ്ത്രരചനകൾ നിർവഹിച്ചു എന്നതുതന്നെ സുറിയാനി പിതാക്കന്മാരെ സവിശേഷപ്രാധാന്യമുളളവരാക്കുന്നു.

സുറിയാനി പിതാക്കന്മാരുടെ വിശുദ്ധഗ്രന്ഥവീക്ഷണം സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ്. വിശുദ്ധഗ്രന്ഥത്തെ ഒരു ചരിത്രവിവരണം എന്നതിനെക്കാൾ വിശ്വാസത്തിന്റെ ഗ്രന്ഥമായി കാണാനാണ് സുറിയാനി പിതാക്കന്മാർ താത്പര്യപ്പെട്ടത്. ചരിത്രപരവും വാച്യാർഥപരവുമായ വ്യാഖ്യാനത്തെക്കാൾ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കാനുതകുന്ന ആദ്ധ്യാത്മിക വ്യാഖ്യാനശൈലിയാണ് അഫ്രാത്ത്, അപ്രേം, നർസായി തുടങ്ങിയ പിതാക്കന്മാർ പുലർത്തിയിരുന്നത്.

പഴയനിയമത്തിലുടനീളം മിശിഹായുടെ പ്രതിരൂപങ്ങളും പ്രതീകങ്ങളും കണ്ടെത്തുന്ന ഒരു ശൈലിയാണ് സുറിയാനി പിതാക്കന്മാർ പുലർത്തിയിരുന്നത്. പ്രതീകങ്ങളിലൂടെയും പ്രതിരൂപങ്ങളിലൂടെയും പ്രവചനങ്ങളിലൂടയുമുള്ള പ്രഘോഷണമായി അഫ്രാത്തും, അപ്രേമും പഴയനിയമത്തെ കാണുന്നു. മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധലിഖിതത്തിൽ എഴുതിയിരിക്കുന്നത് മിശിഹായെക്കുറിച്ചാണെന്ന് എമ്മാവൂസിലേക്കുപോയ ശിഷ്യന്മാർക്ക് ഈശോ വ്യഖ്യാനിച്ചു കൊടുത്തു (ലൂക്ക 24:25-27). ഈശോയുടെ വ്യാഖ്യാനത്തിന്റെ അതേ ആധികാരികത തന്നെയാണ് സുറിയാനി പിതാക്കന്മാരും പിന്തുടർന്നത്.

വി.ഗ്രന്ഥത്തിലെന്നപോലെ പ്രപഞ്ചത്തിലുടനീളം ദൈവത്തിന്റെ അടയാളങ്ങളും പ്രതീകങ്ങളുമുണ്ടെന്ന് സുറിയാനി പിതാക്കന്മാർ പഠിപ്പിക്കുന്നു. വി.ഗ്രന്ഥം പോലെതന്നെ ദൈവിക വെളിപാടിന്റെ സുപ്രധാന മാധ്യമമാണ് പ്രകൃതിയെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. വിശ്വാസത്തിന്റെ ഉൾക്കണ്ണുകൾ കൊണ്ടു നോക്കുന്നവർക്കേ ഈ ദൈവിക അടയാളങ്ങൾ കാണാനാകൂ. ദൈവിക യാഥാർഥ്യത്തെ കണ്ടെത്തി അനുഭവിക്കാൻ വിശ്വാസത്തിന്റെ പ്രകാശപൂർണമായ കണ്ണുകളോടെ സൃഷ്ടിപഞ്ചത്തിലെ പ്രതീകങ്ങളിലേക്ക് നോക്കാൻ സുറിയാനി പിതാക്കന്മാർ നമ്മെ ക്ഷണിക്കുന്നു. “സൃഷ്ടാവ് സൃഷ്ടി”, “നിഗൂഢമായിരിക്കുന്നത് വെളിപ്പെടുത്തപ്പെട്ടത്" എന്നിങ്ങനെ പ്രപഞ്ചത്തിൽ കണ്ടുമുട്ടുന്ന വൈരുദ്ധ്യാത്മിക യാഥാർഥ്യങ്ങളുടെ താരതമ്യചിന്തയിലൂടെ ദൈവികരഹസ്യത്തിലേക്ക് അപ്രേം നമ്മെ ക്ഷണിക്കുന്നു.

ലളിതസുന്ദരങ്ങളായ കവിതകളിലൂടെയാണ് അത്യന്തം ഗഹനങ്ങളായ ദൈവികരഹസ്യങ്ങളെ അപ്രേം അവതരിപ്പിക്കുന്നത്. ഈ ദൈവികരഹസ്യങ്ങളെ പ്രാപിക്കാൻ ബുദ്ധിയുടെ പ്രഭാവമല്ല മനുഷ്യനെ സഹായിക്കുന്നത്. ധ്യാനാത്മകചിന്താശൈലിയോടെ, വിസ്മയഭരിതരായി ദൈവികരഹസ്യത്തിനു മുമ്പിൽ നിൽക്കുന്ന ഒരു വ്യക്തിക്കെ, ദൈവത്തെ അറിയാനും അനുഭവിക്കാനും കഴിയു. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് അവിടുത്തെ സഭയിൽ, ദൈവാരാധനയിലാണ് ദൈവികരഹസ്യാനുഭവം സിദ്ധിക്കുന്നതെന്ന് സുറിയാനി ദൈവശാസ്ത്രം ഊന്നിപ്പറയുന്നു.

സഭയുടെ ആരാധനാനുഭവത്തിൽ ദൈവികരഹസ്യത്തെ കണ്ടുമുട്ടുക എന്നത് സ്വർഗീയജീവിതത്തിലുള്ള പങ്കുചേരലാണെന്ന് സുറിയാനി പിതാക്കന്മാർ പഠിപ്പിക്കുന്നു. വിശുദ്ധകുർബാനയുടെ ആഴങ്ങളിലേക്കു നയിച്ചുകൊണ്ട് പെസഹാരഹസ്യത്തെയും സ്വർഗീയാരാധനയെയും സ്വായത്തമാക്കാൻ നർസായിയെപ്പോലുള്ള വ്യാഖ്യാതാക്കൾ ആഹ്വാനം ചെയ്യുന്നു. ദൈവമനുഷ്യബന്ധങ്ങൾക്ക് ഉത്തമ നിദർശനങ്ങൾ വരച്ചുകാട്ടാൻ സുറിയാനി പിതാക്കന്മാർക്കു കഴിഞ്ഞു. ഉദാത്തമായ ധ്യാനാത്മകചിന്തകളിലൂടെ സുറിയാനി പൈതൃകത്തിന്റെ താപസവീക്ഷണങ്ങളെ സമഗ്രമായി അവതരിപ്പിച്ച നിനിവേയിലെ ഐസക്കിന്റെ ചിന്തകൾ വിശ്വസാഹിത്യകാരനായ ദൊസ്തോവ്സ്തിയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

സുറിയാനി പാരമ്പര്യത്തിന്റെ വി. ഗ്രന്ഥാധിഷ്ഠിതവും ദൈവശാസ്ത്രപരവും ആരാധനക്രമപരവും ആദ്ധ്യാത്മികവുമായ അടിത്തറ പണിതുയർത്താൻ സഹായിച്ച സുറിയാനി പിതാക്കന്മാരെയോർത്ത് ദൈവത്തിന് നന്ദി പറയാം. അവരുടെ ധീരമാതൃകകൾ ഉത്തമവിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ നമ്മുക്ക് പ്രചോദനവും പ്രോത്സാഹനവുമായിത്തിരും.

സുറിയാനി പിതാക്കന്മാർ Rev.Dr. Pauly Maniyattu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message