x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സാമുവേലിന്‍റെ ആത്മാവും മന്ത്രവാദിനിയും

Authored by : Mar Joseph Pamplany On 25-Aug-2020

 

സാമുവേലിന്‍റെ ഒന്നാം പുസ്തകം ഇരുപത്തിയെട്ടാം അധ്യായത്തില്‍ വിവരിക്കുന്ന മൃതസന്ദേശവിദ്യ പല ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്. ദൈവത്തിന്‍റെ മനുഷ്യനായ സാമുവേലിനെ വിളിച്ചുവരുത്താന്‍ ഒരു മന്ത്രവാദിനിക്ക് എങ്ങനെ കഴിഞ്ഞു? മരിച്ചുപോയ പൂര്‍വ്വികരുടെ ആത്മാക്കളെ ഏതെങ്കിലും കര്‍മ്മവിധികളിലൂടെ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമോ? വന്നത് സാമുവേലായിരുന്നെങ്കില്‍ അവന്‍ വരേണ്ടത് സ്വര്‍ഗ്ഗത്തില്‍ നിന്നല്ലേ? തുടങ്ങിയ അനേകം പ്രശ്നങ്ങള്‍ ഈ വചനഭാഗത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്നുണ്ട്.

1. ദൈവം കൈവിട്ടതിന്‍റെ ഫലമായി തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കു നീങ്ങുന്ന സാവൂളിന്‍റെ മരണ വെപ്രാളം വെളിവാക്കുന്ന വചന ഭാഗമാണിത്. സാമുവേലിനെക്കുറിച്ചും സാവൂളിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ പരസ്പര ബന്ധിയായതിനാല്‍ സാവൂളിന്‍റെ അന്ത്യനേരത്ത് ഇരുവരും സന്ധിക്കുന്നത് രചനാശാസ്ത്രപ്രകാരം ന്യായീകരിക്കത്തക്കതാണ്. ഇസ്രായേലില്‍ ദൈവവചനം ഇല്ലാതിരുന്ന കാലത്താണ് സാമുവേലിന്‍റെ കാലം ആരംഭിക്കുന്നത്. (3:1). ഇവിടെ അന്ത്യത്തിലും (28:6) വചനമില്ലാത്ത അവസ്ഥ തന്നെയാണ്. സാമുവേലിന്‍റെയും സാവൂളിന്‍റെയും കാലം മാറി പുതിയൊരു രാജഭരണക്രമം തുടങ്ങിയതിന്‍റെ സൂചനയാണിത്. സാമുവേലിന്‍റെ ആത്മാവിനുപോലും കാത്തിരിക്കുന്ന നാശത്തെക്കുറിച്ചേ പറയാനാവുന്നുള്ളൂ. സാവൂളില്‍നിന്നു വിപരീതമായി ദാവീദിനോടൊത്ത് ദൈവമുണ്ടായിരുന്നു. (22:10, 13,15,23:2,4;30:8) സാവൂളിന്‍റെ അവിശ്വസ്തത ഇസ്രായേലിന് നാശത്തെ പ്രവചിക്കുമ്പോള്‍ ദാവീദിലൂടെ പുതിയൊരു ഭരണക്രമം രൂപംകൊള്ളുകയാണ് എന്ന സൂചനയാണ് ഈ വചനഭാഗം തരുന്നത്.
തനിക്കെതിരേ പാളയമടിച്ചിരിക്കുന്ന ഫിലിസ്ത്യ സൈന്യത്തിനെതിരേ (28:4) യുദ്ധത്തിനു പുറപ്പെടും മുമ്പ് ദൈവഹിതമാരായാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സാവൂള്‍ മന്ത്രവാദിനിയെ സമീപിക്കുന്നത്. ദൈവഹിതമറിയുക എന്നതിനേക്കാള്‍ തന്‍റെ ഇഷ്ടമനുസരിച്ച് ദൈവം പ്രവര്‍ത്തിക്കുമോ എന്നാണ് സാവൂളിനറിയേണ്ടത്. 1 സാമു 15:10-35 ല്‍ സാമുവേലും സാവൂളും തമ്മില്‍ നടത്തുന്ന സംഭാഷണവുമായി ഈ സംഭവം (1 സാമു 28:3-25) അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു സംഭാഷണങ്ങളുടെയും ഇതിവൃത്തം ഒന്നുതന്നെയാണ്: സാവൂളിനെ ദൈവം തിരസ്കരിച്ചു. സാമുവേലിലൂടെ ദൈവഹിതം സാവൂളിനു വെളിപ്പെട്ടതാണെങ്കിലും (1 സാമു 15:10-35) അത് അംഗീകരിക്കാന്‍ സാവൂള്‍ തയ്യാറല്ല. ദൈവഹിതത്തെ തനിക്ക് അനുകൂലമാക്കാനാണ് സാവൂളിന്‍റെ ശ്രമം. ദൈവഹിതമറിയിച്ച് തിരിച്ചുനടക്കാനാഞ്ഞ സാമുവേലിന്‍റെ അങ്കിയില്‍ പിടിച്ചു നിര്‍ത്താന്‍ സാവൂള്‍ പരിശ്രമിച്ചപ്പോള്‍ അങ്കി (മെയോല്‍) കീറിപ്പോയി. (15:27). ഇതേ അങ്കിയും (മെയോല്‍) ധരിച്ചാണ് പരേതനായ സാമുവേലിന്‍റെ രൂപം പ്രത്യക്ഷപ്പെടുന്നത് (28:14). രണ്ടു സംഭവങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് ഈ സമാനതയിലൂടെ ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നത്.

2. ദൈവഹിതമറിയാനുള്ള അനുവദനീയമായ മാര്‍ഗ്ഗങ്ങള്‍ യഹൂദ നിയമത്തിലുണ്ട്. ദൈവത്തിന്‍റെ പുരോഹിതന്മാരിലൂടെയോ പ്രവാചകന്‍മാരിലൂടെയോ എഫോദ് (ഉറീം, തുമ്മീം) ഉപയോഗിച്ചോ ദൈവഹിതം അറിയാം. പക്ഷേ കര്‍ത്താവിന്‍റെ പുരോഹിതന്മാരെയെല്ലാം സാവൂള്‍ തന്നെ വധിച്ചതിനാല്‍ (22:6-23) ദൈവഹിതമറിയാന്‍ പുരോഹിതരാരും സാവൂളിന്‍റെ പക്ഷത്തില്ല. എഫോദും പുരോഹിതനായ അബിയാഥറും ദാവീദിന്‍റെ കൂടെയാണ് (30:7-8). താന്‍ തന്നെ കുഴിച്ച കുഴിയിലാണ് സാവൂള്‍ വീണിരിക്കുന്നത് എന്ന് വ്യക്തമാണ്. ദൈവത്തിന്‍റെ പ്രവാചകനായ സാമുവേല്‍ മരിച്ചതിനാല്‍ (28:3) ദൈവഹിതമറിയാന്‍ സാവൂളിന്‍റെ മുന്നില്‍ വഴികളൊന്നുമില്ല. സ്വപ്നത്തിലൂടെയോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ ദൈവം നേരിട്ട് തന്‍റെ ഹിതം വെളിപ്പെടുത്തുന്നുമില്ല. ഈ നിരാശയാണ് മന്ത്രവാദിനിയുടെ ഹിതം തേടാന്‍ സാവൂളിനെ പ്രേരിപ്പിക്കുന്നത് (28:7). സാവൂളിന്‍റെ ലക്ഷ്യം നല്ലതാണെങ്കിലും (ദൈവഹിതമറിയുക) അതിനായി അവന്‍ സ്വീകരിച്ച മാര്‍ഗ്ഗം (മൃതസന്ദേശവിദ്യ) തിന്മയുടേതായിരുന്നു.

3. സാമുവേലിന്‍റെ വരവിനുപിന്നിലെ കാരണം വിശദീകരിക്കുക ദുഷ്കരമാണ്. സഭാപിതാക്കന്മാര്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇതെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

(a) വി. ജെറോമിന്‍റെ അഭിപ്രായത്തില്‍ സാമുവേലിന്‍റെ പ്രത്യക്ഷപ്പെടല്‍ മന്ത്രവാദിനി നടത്തിയ ഒരു കണ്‍കെട്ടു വിദ്യമാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ സാമുവേല്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. (PL XXIV 108; XXV 119).

(b) വി. ബേസിലിന്‍റെ അഭിപ്രായത്തില്‍ പിശാചുതന്നെ സാമുവേലിന്‍റെ വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് (PG XXX, 497). നൈസായിലെ വി. ഗ്രിഗറിയും (PG LXV,107114) തെര്‍ത്തുല്യനും (PL II, 794) ഈ ചിന്താഗതിയെ പിന്താങ്ങിയവരാണ്.

(c) സാമുവേല്‍ യഥാര്‍ത്ഥത്തില്‍ വന്നു എന്ന ചിന്താഗതിയും നിലവിലുണ്ടായിരുന്നു. ജോസേഫുസും (JA VI,VIV,,2) വി. ജസ്റ്റിനും (PG,VI,721) ഒരിജനും (PG XIII,111-1028) വി. അംബ്രോസും (PL, XV, 1547) വി. അഗസ്തീനോസും (PL, XL 142-144) സാമുവേലിന്‍റെ വരവിന്‍റെ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചിരുന്നു.

(d) സാമുവേലിനെ ദൈവം അയച്ചതാണ് എന്ന് തെയഡോര്‍ (Theodoret) അഭിപ്രായപ്പെട്ടിരുന്നു (PG LXXX,589).
സാമുവേലിന്‍റെ വരവ് യഥാര്‍ത്ഥമാണെന്നും സാമുവേലിനെ ദൈവം തന്നെയാണ് അയച്ചതെന്നും കരുതാനാണ് കൂടുതല്‍ ന്യായങ്ങളുള്ളത്. മന്ത്രവാദിനി നടത്തിയ കണ്‍കെട്ടുവിദ്യയാണെങ്കില്‍ സാമുവേലിന്‍റെ വരവില്‍ അവള്‍ ഭയന്നുനിലവിളിക്കില്ലായിരുന്നു (28:12). പിശാച് സാമുവേലിന്‍റെ വേഷം ധരിച്ചുവന്നതാണെങ്കില്‍ അവന്‍ ഒരിക്കലും ദൈവഹിതം വെളിപ്പെടുത്തില്ലായിരുന്നൂ. പിശാചിന്‍റെ ഹിതം എപ്പോഴും ദൈവഹിതത്തിനു വിരുദ്ധമാണല്ലോ. സാമുവേലിനെ ദൈവമാണ് അയച്ചത് എന്നു വിശ്വസിക്കാന്‍ ഏറ്റവും അടിസ്ഥാനപരമായ കാരണം പ്രഭാ 46:20 ലെ പരാമര്‍ശമാണ്. "നിദ്ര പ്രാപിച്ചതിനുശേഷംപോലും സാമുവേല്‍ പ്രവചിച്ചു. രാജാവിനെ അവന്‍റെ മരണം മുന്‍കൂട്ടി അറിയിച്ചു. ജനത്തിന്‍റെ ദുഷ്ടത മായിച്ചുകളയാന്‍ മണ്ണില്‍നിന്ന് അവന്‍ സ്വരമുയര്‍ത്തി പ്രവചിച്ചു."

മൃതസന്ദേശവിദ്യ ചെയ്യാന്‍ വിസമ്മതിക്കുന്ന മന്ത്രവാദിനിയെ ദൈവനാമത്തില്‍ സത്യം ചെയ്തു ധൈര്യപ്പെടുത്തുന്ന സാവൂള്‍ (28:10) നമ്മില്‍ സഹതാപമുണര്‍ത്തുന്നു. ദൈവനാമത്തില്‍ തിന്മചെയ്യുന്നവരുടെയെല്ലാം പ്രതിനിധിയാണ് അയാള്‍. സാവൂള്‍ തന്‍റെ ആവശ്യം മന്ത്രവാദിനിയെ അറിയിച്ച ക്ഷണത്തില്‍ (28:11) സാമുവേല്‍ പ്രത്യക്ഷപ്പെടുന്നു. (28:12). സാമുവേലിനെ പ്രത്യക്ഷപ്പെടുത്താനായി അവള്‍ ഏതെങ്കിലും കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചതായി ഈ വിവരണത്തില്‍ കാണുന്നില്ല. മൃതസന്ദേശവിദ്യയ്ക്ക് നിശ്ചിതമായ കര്‍മ്മങ്ങളുണ്ട്. ഗില്‍ഗാമേഷ് പുരാണത്തിന്‍റെ സുമേറിയന്‍ ഭാഷ്യത്തില്‍ (BE XXI. 35) മൃതസന്ദേശവിദ്യയുടെ കര്‍മ്മങ്ങള്‍ വിവരിക്കുന്നുണ്ട്. ഭൂമിയില്‍ കുഴികുഴിച്ച് അതിനുള്ളില്‍ മന്ത്രവിധികളോടെ അനേകം വസ്തുക്കള്‍ നിക്ഷേപിക്കുകയും അവസാനം ആത്മാവിന് പാതാളങ്ങളില്‍നിന്ന് കയറിവരാനുള്ള കോവണി കുഴിയിലേക്ക് ഇറക്കിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാവൂള്‍ സമീപിച്ച എന്‍ദോറിലെ മന്ത്രവാദിനി ഇപ്രകാരം യാതൊരു കര്‍മ്മവും അനുഷ്ഠിക്കുന്നതിനു മുമ്പേതന്നെ സാമുവേല്‍ രംഗപ്രവേശനം ചെയ്തു (28:12).

4. സാമുവേലിനെ കണ്ടപ്പോള്‍ മന്ത്രവാദിനി ഉച്ചത്തില്‍ നിലവിളിച്ചു (28:12). തന്‍റെ മന്ത്രവിദ്യയിലൂടെയാണ് അവള്‍ സാമുവേലിനെ വരുത്തിയതെങ്കില്‍ സാമുവേല്‍ വന്നപ്പോള്‍ അവള്‍ നിലവിളിക്കില്ലായിരുന്നു. ഒന്നുകില്‍ മൃതസന്ദേശവിദ്യയുടെ പേരില്‍ അവള്‍ ആളുകളെ വഞ്ചിക്കുന്നവളായിരുന്നിരിക്കാം. അപ്രതീക്ഷിതമായി ആ രാത്രിയില്‍ ഒരു പരേതാത്മാവ് വന്നപ്പോള്‍ അവള്‍ നിലവിളിച്ചു പോയതാവണം. ഇനി അഥവാ അവള്‍ യഥാര്‍ത്ഥത്തില്‍ മൃതസന്ദേശവിദ്യക്കാരിയാണെങ്കില്‍തന്നെ ആ രാത്രിയില്‍ അവളുടെ കഴിവിന് അതീതമായ കാര്യങ്ങളാണ് സംഭവിച്ചത്. അതിനാലാണ് അവള്‍ നിലവിളിക്കുന്നത്. അവളുടെ നിലവിളിയുടെ കാരണം എന്താണെങ്കിലും വിവരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. സാമുവേല്‍ വന്നത് അവളുടെ മന്ത്രക്രിയയുടെ ഫലമായിട്ടല്ല.

5. എങ്കില്‍പിന്നെ സാമുവേല്‍ വന്നതെങ്ങിനെയായിരിക്കും? സാമുവേലിനെ ദൈവം അയച്ചതാവാം. മന്ത്രവാദി(നി)കളുടെ ലക്ഷ്യം തകര്‍ത്തുകൊണ്ട് അവരെ തന്‍റെ ഉപകരണങ്ങളാക്കിമാറ്റാന്‍ ദൈവത്തിനു കഴിയും. സംഖ്യ 23:1-30 ല്‍ ഇതിനു സമാനമായ സംഭവം കാണാന്‍ കഴിയും. ഇസ്രായേല്‍ ജനത്തെ ശപിക്കാനായി മൊവാബ്ബ് രാജാവായ ബാലാക്ക് ക്ഷണിച്ചുവരുത്തിയ ബാലാം എന്ന മന്ത്രവാദിയിലൂടെ ഇസ്രായേലിന്‍റെ രക്ഷയുടെ സന്ദേശം ദൈവം വെളിപ്പെടുത്തുന്നു (23:7-10,19-24). ദൈവമാണ് സാമുവേലിനെ അയച്ചത് എന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിസഹം. മോശയും ഏലിയായും അതിഭൗതിക ലോകത്തുനിന്ന് തിരിച്ചെത്തുന്നതിന്‍റെ വിവരണം പുതിയ നിയമത്തിലുണ്ടല്ലോ (മത്താ 17:3). അവര്‍ വന്നത് ദൈവശക്തിയാലാണ്. പൈശാചിക ശക്തിയാലാണ് സാമുവേല്‍ വന്നതെങ്കില്‍ അവന്‍ ഒരിക്കലും ദൈവഹിതം വെളിപ്പെടുത്തുകയില്ലായിരുന്നു. എന്നാല്‍ സാമുവേല്‍ സാവൂളിനോടുപറയുന്ന മുഴുവന്‍ കാര്യങ്ങളും ദൈവഹിത പ്രകാരമുള്ളതാണ്. തന്‍റെ മരണത്തിനു മുമ്പ് തന്നെ തന്നിലൂടെ ദൈവം വെളിപ്പെടുത്തിയ കാര്യങ്ങള്‍ (15:10-30) തന്നെയാണ് ഇവിടെ സാമുവേല്‍ വെളിപ്പെടുത്തുന്നത്. മന്ത്രവാദിയുടെ മൃതസന്ദേശവിദ്യയിലൂടെയല്ല സാമുവേല്‍ പ്രത്യക്ഷപ്പെട്ടത് എന്നതിന്‍റെ ഏറ്റവും വലിയ തെളിവ് സാമുവേല്‍ നേരിട്ട് സാവൂളിനോട് സംസാരിക്കുന്നു എന്നതാണ്. മൃതസന്ദേശവിദ്യയില്‍ കര്‍മ്മം അനുഷ്ഠിക്കുന്ന മന്ത്രവാദിനിയിലൂടെയല്ലാതെ പരേതാത്മാവ് ഒരിക്കലും നേരിട്ട് സംസാരിക്കുന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവിടെ സാമുവേല്‍ ആദ്യന്തം സംസാരിക്കുന്നത് സാവൂളിനോട് നേരിട്ടാണ്. മന്ത്രവാദിനിക്ക് ഈ സംഭാഷണത്തില്‍ യാതൊരു സ്ഥാനവുമില്ല. സാവൂളും നേരിട്ട് സാമുവേലിനോടാണ് സംസാരിക്കുന്നത് (28:15-16) ദൈവഹിതം അറിഞ്ഞു തളര്‍ന്നുവീണ സാവൂളിന് ഭക്ഷണമൊരുക്കിക്കൊടുക്കുന്ന രംഗത്ത് മാത്രമാണ് ഇനി മന്ത്രവാദിനിക്ക് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ളത് (28:21-24).

സാവൂളിന്‍റെ പരിത്യക്താവസ്ഥയുടെ പൂര്‍ണ്ണതയാണ് ഈ വിവരണത്തിന്‍റെ അന്തസത്ത. കേവലം ഒരു മന്ത്രവാദിനി വിളിച്ചിട്ടാണ് സാമുവേല്‍ വന്നത് എന്ന് സാവൂള്‍ കരുതുന്നുണ്ട് (28:13-14). സാവൂളിന്‍റെ ഈ തെറ്റിദ്ധാരണ തന്നെയാണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം. ഒരു ദുര്‍മന്ത്രവാദിനിക്കുപോലും ദൈവഹിതം വെളിപ്പെടുത്തികൊടുത്താലും സാവൂളിന് കൊടുക്കില്ല എന്ന തിരിച്ചറിവ് അവനു ലഭിക്കുന്നു. ദൈവഹിതത്തെ സ്വന്തം വരുതിയില്‍നിര്‍ത്താമെന്നുള്ള അവന്‍റെ മോഹത്തിനേറ്റ തിരിച്ചടിയാണത്. ദൈവഹിതം നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സാവൂള്‍ സ്വന്തം ഹിതങ്ങളുടെ നടത്തിപ്പുകാരനായപ്പോള്‍ ദൈവം അവനെ കൈവിട്ടു എന്ന സത്യം സാവൂള്‍ തിരിച്ചറിയുന്നു.

6. മൃതസന്ദേശവിദ്യക്കാരിയെ സമീപിച്ച സാവൂളിന്‍റെ പ്രവൃത്തി തെറ്റായിരുന്നെന്നും ദൈവത്തിന്‍റെ അപ്രീതിക്കു കാരണമായെന്നും വചനം സാക്ഷ്യപ്പെടുത്തുന്നു. 1 ദിന 10:13-14 ല്‍ ഇപ്രകാരം വായിക്കുന്നു. അവിശ്വസ്തതയാണ് സാവൂളിന്‍റെ മരണത്തിനു കാരണം. അവന്‍ കര്‍ത്താവിന്‍റെ കല്പന ലംഘിക്കുകയും ആഭിചാരകന്മാരുടെ (മൃതസന്ദേശവിദ്യ നടത്തുന്നവരുടെ) ഉപദേശം സ്വീകരിക്കുകയും ചെയ്തു. സാവൂള്‍ കര്‍ത്താവിന്‍റെ ഹിതം ആരാഞ്ഞില്ല. അവിടുന്ന് അവനെ വധിച്ചു."

സാമുവേലിനെ ദൈവമാണ് അയച്ചത് എന്നു പറയുമ്പോഴും ദൈവഹിതമറിയാന്‍ മന്ത്രവാദിനിയെ സമീപിക്കുന്ന സാവൂളിന്‍റെ പ്രവര്‍ത്തിയെ ദൈവം ഒരിക്കലും ന്യായീകരിക്കുന്നില്ല എന്നാണ് ഈ വചനം അര്‍ത്ഥമാക്കുന്നത്. 1 സാമു 28:3-25 ന്‍റെ സന്ദേശം ഇപ്രകാരം ചുരുക്കി വിവരിക്കാം.

(1) ദൈവഹിതമറിഞ്ഞിട്ടും അതു നിറവേറ്റാതെ ദൈവത്തെ പരീക്ഷിക്കാനൊരുമ്പെടരുത്.

(2) ദൈവസ്വരത്തിനു കാതടച്ചാല്‍ അവിശ്വസനീയവും അസാധാരണവുമായ വഴികളിലൂടെ ദൈവം നമ്മോടു സംസാരിക്കും.

(3) ഈ ലോകത്തിനുമപ്പുറം ഒരു ജീവിതമുണ്ട്.

(4) മാറ്റമില്ലാത്ത ദൈവവചനമാണ് വെളിപാടിന്‍റെ മാനദണ്ഡം. ദൈവിക വെളിപാടിനായി ദൈവവചനം വിലക്കുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കരുത്.

sammuel spirit of sammuel old testament the bible Saul and the witch sammuel's spirit and Saul Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message