We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Kochuparampil (ed.) On 28-Mar-2023
ഭാഗം ഒന്ന്
പരി. കുർബാനവത്സരം സഭയോടൊത്ത്
2004 ജൂൺ മാസം 10-ാം തീയതി പരി. പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ 2004 ഒക്ടോബർ മുതൽ 2005 ഒക്ടോബർവരെ പരി. കുർബാനയുടെ വർഷമായിരിക്കുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. അതനുസരിച്ച് ഈ ഒക്ടോബർ മുതൽ സാർവ്വത്രികസഭയിൽ പരി. കുർബാനവർഷത്തിന് ആരംഭംകുറിച്ചു. “പരി. കുർബാന സഭയുടെ ജീവന്റെയും ദൗത്യത്തിന്റെയും ഉറവിടവും ഉച്ചകോടിയും'' എന്ന വിഷയത്തെ ആസ്പദമാക്കി 2005 ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ സാധാരണസമ്മേളനത്തിന്റെ സമാപനംവരെ പൊതുവായ ഈ വർഷാചരണം ദീർഘിക്കും.
പരി. കുർബാനയിൽ നാം ആഘോഷിക്കുന്ന രക്ഷാരഹസ്യത്തിന്റെ വിശദമായ അനുസ്മരണമാണ് ആരാധനാവത്സരത്തിൽ നടക്കുന്നത്. ആരാധനാവത്സരം സഭാജീവിതത്തിന്റെ താളവും ക്രമവും രൂപപ്പെടുത്തണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നവംബർ 28-ാം തീയതി ആരംഭിക്കുന്ന ആരാധനാവത്സരം മുഴുവൻ പരി. കുർബാനയുടെ വർഷമായി ആചരിക്കുന്നത് സമുചിതമാണ്.
“പരി. കുർബാനയുടെ ചൈതന്യം ജീവിക്കുന്നതിൽ തിരുസഭ പ്രത്യേകമാംവിധം വ്യാപൃതയായിരിക്കുന്ന ഈ വർഷത്തിൽ എമ്മാവൂസിലേയ്ക്കു യാത്ര ചെയ്യുന്ന ശിഷ്യന്മാരുടെ അനുയോജ്യമായ ഒരു മാർഗ്ഗദർശിയായി വർത്തിക്കുന്നു'' എന്നാണ് പരി. പിതാവ് ഒക്ടോബർ ഏഴാം തീയതി പ്രസിദ്ധീകരിച്ച “നാഥാ ഞങ്ങളോടൊത്തു വസിച്ചാലും'' എന്ന തന്റെ ശ്ലൈഹികലേഖനത്തിൽ പ്രസ്താവിക്കുന്നത് (MND, 2). നമുക്കും നമ്മുടെ രക്ഷയ്ക്കുവേണ്ടി നമ്മുടെ ഇടയിലേയ്ക്ക് വന്ന മിശിഹായോടൊത്ത്, അവിടുത്തെ രക്ഷാകരപ്രവൃത്തിയുടെ ആഘോഷമായ അനുസ്മരണത്തിൽ പങ്കുചേർന്ന് രക്ഷയുടെ ഫലം അനുഭവിക്കുന്നവരായിത്തീരാൻ കഴിയണം. ഇതിനു നമ്മെ സജ്ജരാക്കുകയാണ് ഈ വർഷാചരണത്തിന്റെ ലക്ഷ്യം. പെസഹാരഹസ്യത്തിന്റെ ആഘോഷമായ പരി. കുർബാനയിലെ സജീവഭാഗഭാഗിത്വത്തിലൂടെ രക്ഷയുടെ അനുഭവം കൈവരിക്കാൻ നമുക്കു ശ്രമിക്കാം.
രക്ഷകനായ മിശിഹായെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്: “മിശിഹാ മനുഷ്യ ചരിത്രത്തിന്റെ ലക്ഷ്യവും ചരിത്രത്തിന്റെയും സംസ്കാരങ്ങളുടെയും അഭിവാഞ്ചകളുടെയും കേന്ദ്രബിന്ദുവും മനുഷ്യവംശത്തിന്റെ സങ്കേതവും സർവ്വഹൃദയങ്ങളുടേയും ആനന്ദവും എല്ലാ അഭിലാഷങ്ങളുടേയും പൂർത്തീകരണവുമാണ് (GS)". മിശിഹായുടെ ജീവിതവും പീഡാനുഭവവും മരണവും ഉത്ഥാനവുമാകുന്ന യാഥാർത്ഥ്യമാണ് നമ്മുടെ രക്ഷയ്ക്കു നിദാനം. അവിടുത്തെ പെസഹായിൽ (കടന്നുപോകലിൽ) നാം ഭാഗഭാക്കുകളാകുമ്പോഴാണ് ഈ രക്ഷ സ്വാംശീകരിക്കാൻ കഴിയുന്നത്. ഈ പെസഹാരഹസൃമാണ് പരി. കുർബാനയിൽ നമുക്കു ലഭ്യമാകുന്നത്.
അതുകൊണ്ട് പരി. കുർബാനയെ ആഴത്തിൽ മനസ്സിലാക്കാൻ ഈ വർഷാചരണം നമ്മെ സഹായിക്കണം. പരി. കുർബാനയെ തിരുസഭ മനസ്സിലാക്കുന്നതുപോലെ മനസ്സിലാക്കാനാണ് നാം ശ്രമിക്കേണ്ടത്. പരി. കുർബാനയിലെ പ്രാർത്ഥനകളുടെയും അനുഷ്ഠാനങ്ങളുടെയും പ്രതീകങ്ങളുടെയും അർത്ഥം നാം നന്നായി അറിയണം. നമ്മുടെ കുർബാനയിലെ പ്രാർത്ഥനകളുടെ അർത്ഥം മനസ്സിലാക്കണമെങ്കിൽ അവയുടെ വി. ഗ്രന്ഥപശ്ചാത്തലം നന്നായി ഗ്രഹിക്കണം. അതിലെ മിക്കവാറും വാക്കുകൾ വി. ഗ്രന്ഥത്തിൽനിന്നുള്ളവയാണ്. സഭാപിതാക്കന്മാരുടെ വ്യാഖ്യാനംകൂടി മനസ്സിലാക്കുമ്പോൾ വ്യക്തിപരമായി അവ നമുക്കു കൂടുതൽ അനുഭവവേദ്യമാകും. അതു സാധിക്കാത്തതുകൊണ്ടാണ് പരി. കുർബാനയിൽനിന്ന് അനുഭവം കിട്ടുന്നില്ല, അത് വ്യക്തിപരമായ പ്രാർത്ഥനയാകുന്നില്ല എന്നൊക്കെ ചിലർ പറയാനിടയാകുന്നത്.
പരി. കുർബാനയുടെ വർഷം തിരുവോസ്തി എഴുന്നള്ളിച്ചുവച്ചുള്ള ആരാധനയ്ക്കുള്ള അവസരമായി മാത്രം നാം മനസ്സിലാക്കരുത്. രോഗികൾക്കും മറ്റുമായി നാം സൂക്ഷിക്കുന്ന തിരുവോസ്തിയിൽ നമ്മുടെ കർത്താവിന്റെ യഥാർത്ഥ സാന്നിധ്യം ഉണ്ടെന്നതു തീർച്ചയാണ്. അതുകൊണ്ട് അങ്ങനെ പരി.കുർബാന സൂക്ഷിക്കുന്നിടത്ത് പരസ്യാരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി വിശ്വാസികൾ കൂടുന്നത് പ്രസക്തമാണ്. “നാഥാ ഞങ്ങളോടൊത്തു വസിച്ചാലും" എന്ന ശ്ലൈഹികലേഖനത്തിൽ പറയുന്നതുപോലെ “ഈ കൂദാശയുടെ ഒരു ഭാഗവും അവഗണിക്കാൻ പാടില്ല“ എന്നത് പരമപ്രധാനമാണ് (MND 14). പരി. കുർബാന പുതിയ ജനതയ്ക്കു രൂപം കൊടുക്കുന്ന പുതിയ ഉടമ്പടിയാണ്, സ്വർഗ്ഗീയജീവിതത്തിന്റെ മുന്നാസ്വാദാനമാണ്; മിശിഹായോടു ചേർന്നുള്ള സഭയുടെ ആത്മാവിഷ്ക്കാരവും സമർപ്പണവുമാണ്. ഇങ്ങനെ പല രീതിയിൽ ആ രഹസ്യത്തെ നമുക്കു കാണാം. എന്നാൽ പരി. പിതാവു ചൂണ്ടിക്കാട്ടുന്നതുപോലെ, "വി. കുർബാനയെ നമ്മുടെ സാഹചര്യങ്ങളിലേയ്ക്ക് ചുരുക്കുന്നതിനുള്ള നിരന്തരപ്രലോഭനത്തിനു നാം വശംവദരാണ്” (MND, 14). അതിനാൽ ആ ദിവ്യരഹസ്യത്തിന്റെ വ്യപ്തിയിലേയ്ക്ക് നാം നമ്മെത്തന്നെ തുറന്നുകൊടുക്കുകയാണു വേണ്ടത്.
പരി. കുർബാനയെ നമ്മുടെ ഭക്ഷണമായി കാണുക എളുപ്പമാണ്. “പക്ഷേ വി. കുർബാന പ്രഥമവും പ്രധാനവുമായി ഒരു ബലിയാണെന്ന കാര്യം വിസ്മരിച്ചുകൂടാ. വി. കുർബാനയിൽ മിശിഹാനാഥൻ ഗാഗുൽത്തായിൽ എന്നന്നേയ്ക്കുമായി സമർപ്പിച്ച ബലി നവമായ വിധത്തിൽ നമുക്കു സന്നിഹിതമാകുന്നു” (MND, 15) എന്ന് പരി. പിതാവു ചൂണ്ടിക്കാട്ടുന്നു. മിശിഹായുടെയും സഭയുടെയും ആത്മസമർപ്പണത്തിൽ" ആത്മാർത്ഥമായും ഫലപ്രദമായും പങ്കുചേരാൻ നാം ഒരുങ്ങേണ്ടിയിരിക്കുന്നു. ആ സമർപ്പണത്തിൽ ഒന്നുചേരുമ്പോഴാണ് ഉത്ഥിതനായ മിശിഹായുടെ ജീവിതത്തിൽ നാം പങ്കുകാരാവുന്നത്.
പരി. കുർബാന സഭയുടെ പ്രവർത്തനമാകയാൽ അത് സഭയുടെ നിഷ്കർഷകൾ പാലിച്ചും ഭക്തിയോടും സ്നേഹത്തോടുംകൂടി പരികർമ്മം ചെയ്യപ്പെടേണ്ടതാണ്. "പരി. കുർബാന ഒരു മഹാരഹസ്യമാണ്. അതു മറ്റെല്ലാറ്റിനെക്കാളുമുപരി സമുചിതമായി ആഘോഷിക്കപ്പെടണം. ദിവ്യബലി ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടണം. ബലിയർപ്പണം, ഏല്പിക്കപ്പെട്ട കർമ്മങ്ങൾ കൃത്യമായി അനുഷ്ഠിക്കുന്ന കാർമ്മികനോടും സമൂഹത്തിന്റെ പങ്കാളിത്തത്തോടുംകൂടെ, നിയതമായ നിയമമനുസരിച്ച് എല്ലാ ആദരവോടുംകൂടിയായിരിക്കണം. ആരാധനക്രമത്തിലെ ഗാനശുശ്രൂഷ സമുചിതമായ 'പവിത്രത'യോടെയായിരിക്കണമെന്നത് ഗൗരവമായി പരിഗണിക്കപ്പെടണം" (MND,17). പരി. പിതാവിന്റെ ഈ നിർദ്ദേശങ്ങൾ വളരെ ശ്രദ്ധേയമാണ്. തികഞ്ഞ ഭക്ത്യാദരവുകളോടെയും സഭയോടു പൂർണ്ണമായി ചേർന്നും പരി. കുർബാന പരികർമ്മം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ദേവാലയത്തിലെ ക്രമീകരണങ്ങളും മറ്റും നമ്മുടെ ആരാധനയുടെ ചൈതന്യത്തിനു ചേർന്ന രീതിയിലായിരിക്കണം. ദേവാലയനിർമ്മിതിയിലും സഭയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടണം.
ബാഹ്യമായ ക്രമീകരണങ്ങൾക്കപ്പുറത്ത് ആന്തരികമായ ഒരുക്കം പരി. കുർബാന ഫലപ്രദമായി പരികർമ്മം ചെയ്യാൻ അത്യന്താപേക്ഷിതമാണ്. പാപങ്ങളിൽനിന്നു പിന്മാറി, അനുതാപത്തോടെ ദൈവഹിതത്തോടുള്ള വിധേയത്വത്തിലും സഹോദരങ്ങളോടുള്ള യോജിപ്പിലും വേണം നാം പരി. കുർബാനയിൽ സംബന്ധിക്കേണ്ടത്. ഇന്നു പരി. കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവെന്നുള്ളത് സന്തോഷകരമാണ്. എന്നാൽ ഉചിതമായ ആന്തരിക ഒരുക്കത്തിൽ നാം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും, കുമ്പസാരത്തിന്റെ - അനുരഞ്ജനകൂദാശയുടെ - ആവശ്യകതയെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരേകേണ്ടതുണ്ട്. ഗൗരവമായ പാപത്തോടെ പരി. കുർബാന സ്വീകരിക്കുന്നത് തീർച്ചയായും വലിയ തിന്മയാണ്; ദൈവികമായതിനോടുള്ള അവഹേളനമാണ്.
പരി. പിതാവ് ഊന്നിപ്പറയുന്ന ഒരു കാര്യം ഞായറാഴ്ച ആചരണത്തെക്കുറിച്ചുള്ളതാണ്. ഇക്കാര്യത്തിൽ നാം പ്രത്യേകം ശ്രദ്ധവയ്ക്കേണ്ടതുണ്ട്. ആദ്യംമുതലെ ക്രൈസ്തവരെ നാം കാണുന്നത് കർത്താവു ഉത്ഥാനം ചെയ്ത, ആഴ്ചയിലെ ആദ്യദിവസമായ ഞായറാഴ്ച ഒരുമിച്ചുകൂടി ശ്ലീഹന്മാരുടെ പ്രബോധനം ശ്രവിച്ച്, അപ്പംമുറിയ്ക്കൽ ശുശ്രൂഷയിൽ പങ്കുകൊണ്ട്, പ്രാർത്ഥിച്ച്, ഒരുമയിൽ ജീവിക്കുന്നവരായിട്ടാണ്. പരി. കുർബാനയിലൂടെ സഭ നിർമ്മിക്കപ്പെടുകയാണെന്ന് പരി. പിതാവ് “കർത്താവിന്റെ ദിവസം'' എന്ന അപ്പസ്തോലികലേഖത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഞായറാഴ്ചയാചരണത്തിലൂടെ സഭ മെനഞ്ഞെടുക്കപ്പെടുകയാണെന്നു മനസ്സിലാക്കി ഇടവകയിലെ പരി. കുർബാനയിലാണ് വിശ്വാസികൾ പതിവായി പങ്കെടുക്കേണ്ടത്. പരി. പിതാവ് തന്റെ ചാക്രികലേഖനത്തിൽ (Dies Domini) പരി. കുർബാനയുടെ ശ്ലൈഹികസ്വഭാവത്തെക്കുറിച്ചു പറയുന്നുണ്ട്. ശ്ലീഹന്മരുടെ പിൻഗാമികളിലൊരുവനോടു ചേർന്നുനിൽക്കുന്ന പ്രാദേശിക സംവിധാനമാണ് ഇടവക. അവിടത്തെ ബലിയർപ്പണത്തിലാണ് സാധാരണയായി എല്ലാവരും പങ്കുചേരേണ്ടത്.
വി. കുർബാനയും ജീവിതവും
പരി. കുർബാനയെ ആഴത്തിൽ മനസ്സിലാക്കുകയും ഭക്തിപൂർവ്വം പരികർമ്മം ചെയ്യുകയും ചെയ്യുന്നതുകൊണ്ടു മാത്രമായില്ല; അതിനെല്ലാമുപരിയായി ദിവ്യബലിയുടെ ചൈതന്യത്തിൽ ജീവിതത്തെ ക്രമപ്പെടുത്തുകയാണ് ആവശ്യമായിട്ടുള്ളത്. പരി. കുർബാനയിൽ ആഘോഷിക്കുന്ന വിശ്വാസം ജീവിതത്തിൽ പ്രായോഗികമാക്കണം. പരി. കുർബാനയിൽ കേന്ദ്രീകൃതമായ ഒരാദ്ധ്യാത്മികതയുടെ ആവശ്യകതയെപ്പറ്റി പരി. പിതാവു ചാക്രികലേഖനത്തിലും ശ്ലൈഹികലേഖനത്തിലും പറഞ്ഞിട്ടുണ്ട്. പരി. കുർബാനയിലൂടെ മിശിഹായിൽ ഒന്നുചേരുന്ന വിശ്വാസികൾ പ്രകടമാക്കേണ്ടത് ഒരുമയുടെയും ത്യാഗത്തിന്റെയും ജീവിതശൈലിയാണ്. തനിക്കുള്ളതു മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും കൂട്ടായ്മാബോധത്തിൽ പ്രവർത്തിക്കുവാനും എല്ലാവർക്കും കഴിയണം.
പരി. കുർബാനവത്സരം സഭയോടൊത്ത് പരി. കുർബാന ക്രൈസ്തവജീവിതകേന്ദ്രം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206