x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

പരി. കുർബാനയും ജോൺപോൾ രണ്ടാമൻ മാർപാപ്പയും

Authored by : Dr. Jose Kochuparampil (ed.) On 28-Mar-2023

2. പരി. കുർബാനയും

ജോൺപോൾ രണ്ടാമൻ മാർപാപ്പയും

കാലംചെയ്ത ജോൺപോൾ രണ്ടാമൻ മാർപാപ്പാ പരിശുദ്ധ കുർബാനയെ കേന്ദ്രമാക്കി ജീവിച്ച ഒരു മഹാനായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ സംബന്ധിച്ച അദ്ദേഹത്തിന് കൗൺസിൽ അതിന്‍റെ ആദ്യത്തെ രേഖയ്ക്കു നൽകിയ പ്രാധാന്യം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. സഭയുടെ പുനരുജ്ജീവനത്തിനു സഭാസാക്ഷ്യം ശക്തമാക്കാനുള്ള ഉപാധിയായിട്ടാണ് സഭാപിതാക്കന്മാർ ആരാധനക്രമത്തെ കണ്ടത്. ആരാധനക്രമം, വിശിഷ്യാ പരി. കുർബാന, ക്രൈസ്തവജീവിതത്തിന്‍റെ കേന്ദ്രമാണെന്ന് അവർ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു: “സഭയുടെ പ്രവർത്തനംതന്നെ ആരാധനക്രമമാകുന്ന അത്യുച്ചസ്ഥാനത്തേയ്ക്കാണു തിരിഞ്ഞിരിക്കുന്നത്. അവളുടെ ശക്തി മുഴുവൻ നിർഗ്ഗളിക്കുന്നതും അവിടെനിന്നുതന്നെ” (SC 10).

ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അവസാനത്തെ ചാക്രികലേഖനം, ഏറെ നാളത്തെ വിചിന്തനത്തിന്‍റെ ഫലമായി വിരചിക്കപ്പെട്ട “സഭ പരിശുദ്ധകുർബാനയിൽ നിന്ന്" എന്ന ചാക്രികലേഖനം, അദ്ദേഹത്തിന്‍റെ മനസ്സു തുറന്നുകാട്ടുന്ന ഒരു രേഖയാണ്. സഭ അതിന്‍റെ ജീവൻ സ്വീകരിക്കുന്നത് പരി. കുർബാനയിൽനിന്നാണ്; സഭയുടെ രഹസ്യം മുഴുവൻ സമാഹരിക്കപ്പെടുന്നത് പരി. കുർബാനയിലാണ് എന്നെല്ലാമുള്ള അടിസ്ഥാന ബോദ്ധ്യങ്ങളാണ് ആ ലേഖനം എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സഭാജീവിതത്തിലെ പരി. കുർബാനയുടെ കേന്ദ്രസ്ഥാനീയതയെക്കുറിച്ച് സൂചിപ്പിച്ചശേഷം അദ്ദേഹം പറഞ്ഞത്, “എന്തെന്നാൽ സഭയുടെ ആദ്ധ്യാത്മിക സമ്പത്തുമുഴുവനും, അതായത്, നമ്മുടെ പെസഹാകുഞ്ഞാടും ജീവന്‍റെ അപ്പവുമായ മിശിഹാതന്നെ പരി. കുർബാനയിൽ അടങ്ങിയിരിക്കുന്നു (EE,1) എന്നായിരുന്നു. പരി. കുർബാനയേക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും നമുക്ക് വിഭാവനം ചെയ്യാനാവില്ല എന്ന ബോധ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

വിശ്വാസത്തിന്‍റെ രഹസ്യം

വിശ്വാസത്തിന്‍റെ മഹാരഹസ്യമെന്നനിലയിലാണ് പിതാവും പരി. കുർബാനയെ കണ്ടത്. നമ്മുടെ കൺമുൻപിലുള്ളത് അപ്പവും വീഞ്ഞും മനുഷ്യരുടെ പ്രാർത്ഥനയുമെല്ലാമാണെങ്കിലും അവിടെ നടക്കുന്നത് മിശിഹായുടെ പ്രവൃത്തിയാണ്; മിശിഹായുടെ "പെസഹാ"യുടെ സാന്നിദ്ധ്യമാണ് എന്ന സത്യമാണ് അദ്ദേഹം തന്‍റെ ലേഖനങ്ങളിൽ ഊന്നിപ്പറഞ്ഞത്. മിശിഹായുടെ രക്ഷാകരപ്രവൃത്തിയുടെ കൗദാശികമായ അവതരണമാണല്ലോ പരി. കുർബാന. അത് മിശിഹായുടെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. അത് സഭയെ മെനഞ്ഞെടുക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം സ്വർഗ്ഗീയജീവിതത്തിന്‍റെ മുന്നാസ്വാദനവും ഇവിടെ ആരംഭിക്കുകയാണ്. ഈ ദൈവികയാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവജീവിതം നിലകൊള്ളുന്നതെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. കുർബാനയർപ്പണം ഒരേസമയം, വേർപെടുത്താനാവാത്തവിധം കുരിശിലെ ബലി ചിരന്തനമാക്കുന്ന കൗദാശിക അനുസ്മരണവും കർത്താവിന്‍റെ തിരുശരീരരക്തങ്ങളിൽ പങ്കാളിത്തം നൽകുന്ന ദിവ്യവിരുന്നുമാണ്" (EE, 12).

ഇങ്ങനെയൊരു ദൈവികസത്യമായതുകൊണ്ടാണ് മനുഷ്യർ അത് സ്വേച്ഛപോലെ കൈകാര്യം ചെയ്യാൻ പാടില്ല എന്ന കർശനമായ നിലപാടിൽ മാർപാപ്പ ഉറച്ചുനിന്നത്. ഈ ദിവ്യരഹസ്യം മിശിഹാ സഭയെയാണ് ഏൽപ്പിച്ചിട്ടുള്ളത്. സഭയ്ക്കുമാത്രമേ അതിന്‍റെ ക്രമവത്കരണങ്ങൾ നിശ്ചയിക്കാനാവൂ എന്നായിരുന്നു പരി. പിതാവിന്‍റെ ബോധ്യം. പരി. കുർബാന ആരുടെയും സ്വകാര്യ സമ്പത്തല്ല എന്ന് അദ്ദേഹം പല പ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട് എന്നോർമ്മിക്കുന്നത് നല്ലതാണ്.

പരി. കുർബാനയുടെ ശ്ലൈഹികമാനം

മറ്റു മാർപാപ്പമാരൊന്നും വ്യക്തമായി പറഞ്ഞുവച്ചിട്ടില്ലാത്ത ഒന്നുരണ്ടു ചിന്തകൾ ജോൺ പോൾ മാർപാപ്പ ചൂണ്ടിക്കാണിക്കുകയുണ്ടായി. “സഭ വി. കുർബാനയിൽനിന്ന്" എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ 'ശ്ലൈഹിക' ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ അടിസ്ഥാനത്തിൽ പണിയപ്പെടുകയും ശ്ലൈഹിക പിൻഗാമികളുടെ ശുശ്രൂഷയിൽ വളർന്നുപന്തലിക്കുകയും ചെയ്യുന്ന സഭ ശ്ലൈഹികമാണെന്ന ബോധ്യം സഭയുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ്. പരിശുദ്ധകുർബാനയിൽ പങ്കെടുക്കുന്നതിനായി ശ്ലീഹന്മാരുടെ പ്രബോധനങ്ങളാണ് നമുക്കു കൈമുതൽ. ശ്ലൈഹികശുശ്രൂഷയിൽ പങ്കുവഹിക്കുന്നവരുടെ നേതൃത്വത്തിലേ പരി. കുർബാന പരികർമ്മം ചെയ്യാനാവൂ. പരി. കുർബാനയെ സംബന്ധിച്ചുള്ള ശരിയായ ബോധനം നൽകാനുള്ള ചുമതല ശ്ലൈഹിക പിൻഗാമികളുടേതാണ്. ഇങ്ങനെയെല്ലാം നോക്കുമ്പോൾ പരി. കുർബാനയുടെ ശ്ലൈഹികശുശ്രൂഷ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാം. പൗരോഹിത്യശുശ്രൂഷ എത്രമാത്രം അനുപേക്ഷണീയമാണെന്നാണ് പരി. പിതാവു ചൂണ്ടിക്കാട്ടുന്നത്. പരി. കുർബാനയുടെ സാധുവായ പരികർമ്മത്തിനു ശ്ലൈഹികശുശ്രൂഷ കൂടിയേ തീരൂ. പെസഹാവ്യാഴാഴ്ചതോറും വൈദികർക്ക് അയച്ചുകൊടുക്കുന്ന കത്തിൽ പൗരോഹിത്യവും പരി. കുർബാനയുമായുള്ള ബന്ധത്തിൻ്റെ പലവശങ്ങളും അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി.

പരി. കുർബാനയും കൂട്ടായ്മയും

പരി. കുർബാനയും സഭയിലെ കൂട്ടായ്‌മയുമായുള്ള ബന്ധത്തെക്കുറിച്ചു സവിസ്തരം തൻ്റെ ചാക്രികലേഖനത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. അദൃശ്യമായ കൂട്ടായ്മയെയും ദൃശ്യമായ കുട്ടായ്മയെയും കുറിച്ച് അവിടെ അദ്ദേഹം വിശദമായി വിവരിക്കുന്നത് ശ്രദ്ധേയമാണ്. കൗദാശികമായ ബലിയർപ്പണംവഴി ത്രിത്വെെയ്കദൈവവുമായി നമുക്കു കൂട്ടായ്മയുണ്ടാകുന്നു. ദൈവികജീവനിൽ നാം പങ്കാളികളാകുന്നു. പക്ഷേ ഈ ദൈവികജീവനിൽ പങ്കുകാരാകാൻ നാം പാപത്തിൽനിന്നു പിന്മാറി നമ്മെത്തന്നെ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് അനുരഞ്ജനകൂദാശയുടെ പ്രാധാന്യവും പരി. പിതാവു ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഒരുങ്ങി പരി. കുർബാനയിൽ പങ്കുചേർന്ന് ദൈവികജീവൻ സ്വീകരിക്കുന്നവർ അതു സ്വീകരിച്ച മറ്റു മനുഷ്യരുമായി അദൃശ്യമായ ബന്ധത്തിലാവുന്നു. അങ്ങനെയാണ് അദൃശ്യമായ കൂട്ടായ്മ വളരുന്നത്.

ദൃശ്യമായ കൂട്ടായ്മ

പക്ഷേ അദൃശ്യമായ കൂട്ടായ്മ ദൃശ്യമായ കൂട്ടായ്മയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കയാണ്. “സഭൈക്യത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ ഘടകാംശങ്ങൾ തമ്മിലുള്ള അഗാധബന്ധമാണ് രക്ഷാകര കൂദാശയായി സഭയ്ക്കടിസ്ഥാനമാകുന്നത് (EE, 35). ശ്ലീഹന്മാരുടെ പ്രബോധനങ്ങളും കൗദാശികശുശ്രൂഷയും സ്വീകരിക്കുന്നവരാണ് സഭാ സമൂഹമായി ദൃശ്യമാകുന്നത്. ദൃശ്യമായ ഈ സഭാസമൂഹവുമായുള്ള ബന്ധം കൂടാതെ കൂദാശകൾ സാധുവായി പരികർമ്മം ചെയ്യാനോ അവയിൽ പങ്കാളികളാകാനോ സാധിക്കില്ല. “സഭയിലെ കൂട്ടായ്മയുടെ പരമോന്നത കൗദാശിക ആവിഷ്കാരമായ പരി. കുർബാന, കൂട്ടായ്മയുടെ ബാഹ്യ കണ്ണികൾ ഭദ്രമായുള്ള സാഹചര്യത്തിലേ അർപ്പിക്കപ്പെടാവൂ.” (EE,38).

ഒരു പ്രാദേശിക സമൂഹത്തിന് ശ്ലൈഹികമായ സഭയോടു ബന്ധപ്പെടാതെ പരി. കുർബാന അർപ്പിക്കാനാവില്ല. പരി. കുർബാനയുടെ സാന്നിദ്ധ്യത്തിന് മെത്രാനോടും മാർപാപ്പയോടുമുള്ള ഗാഢമായ കൂട്ടായ്മയുണ്ടായിരിക്കണം. മെത്രാനാണ് പ്രാദേശിക സഭയിലെ കൂട്ടായ്മയുടെ അടിത്തറ. മെത്രാനോട് കൂട്ടായ്മയില്ലാതെ പരി. കുർബാന പരികർമ്മം ചെയ്യുക വൈരുദ്ധ്യമായിരിക്കും, വ്യർത്ഥമായ അഭ്യാസമായിരിക്കും. അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിൻ്റെ സുപ്രസിദ്ധമായ വാക്കുകൾ ഇവിടെ പരി. പിതാവു ഉദ്ധരിക്കുന്നുണ്ട്: "മെത്രാനോടൊപ്പമോ, മെത്രാൻ അധികാരപ്പെടുത്തുന്നവരോടൊപ്പമോ അർപ്പിക്കപ്പെടുന്ന പരി. കുർബാനയാണ് വാസ്തവം" (EE, 39). മാർപാപ്പയോടുള്ള ബന്ധവും ഇതുപോലെതന്നെ സുപ്രധാനമാണ്. മെത്രാനെയും, മാർപാപ്പയെയും പരി. കുർബാനയിൽ അനുസ്മരിക്കുന്നതിൻ്റെയും അവരുമായി യോജിപ്പിൽ ബലിയർപ്പിക്കുന്നതിൻ്റെയും ആവശ്യം പലരും മറന്നുപോകുന്നതായി കാണുന്നതുകൊണ്ട് പരി. പിതാവിൻ്റെ വിശദീകരണം തികച്ചും പ്രസക്തമാണ്.

പരി. കുർബാനയുടെ പരികർമ്മം

പരി. കുർബാനയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പരി. പിതാവ് പല രീതിയിൽ ശ്രമിച്ചതുപോലെതന്നെ പരി. കുർബാനയുടെ ഭക്തിയോടുകൂടിയ പരി. കർമ്മത്തിനു പരി. പിതാവ് പ്രാധാന്യം നൽകിയിരുന്നു. ബാഹ്യമായ അനുഷ്ഠാനങ്ങൾ മാത്രം പോരാ, അനുഗുണ മനോഭാവങ്ങളും ഉണ്ടായിരിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതു സാധിതമാക്കാനാണ് തൻ്റെ കാര്യാലയങ്ങളിലൂടെ പാശ്ചാത്യ പൗരസ്ത്യസഭകൾക്ക് പല നിർദേശങ്ങളും അടുത്തകാലത്ത് നൽകിയത്. ചാക്രികലേഖനത്തിലെ അഞ്ചാമദ്ധ്യായം പരികർമ്മത്തിൻ്റെ പല വശങ്ങളാണ് എടുത്തുകാട്ടിയിരിക്കുന്നത്.

പരി. കുർബാനയോടുള്ള വൈകാരികബന്ധം

സർവ്വോപരി, തൻ്റെ വ്യക്തിപരമായ ജീവിതത്തിൽ പരി. കുർബാനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു ജോൺപോൾ രണ്ടാമൻ മാർപാപ്പ. അദ്ദേഹത്തിൻ്റെ അജപാലന സന്ദർശനങ്ങളിലെല്ലാം ഏറ്റവും പ്രധാനപ്പെട്ടകാര്യം ആഘോഷമായ കുർബാനയർപ്പണമായിരുന്നു. അതിന് അദ്ദേഹം ഭക്തിപൂർവ്വം ഒരുങ്ങിയിരുന്നു. തികഞ്ഞ ഏകാഗ്രതയോടെ അത് പരികർമ്മം ചെയ്തിരുന്നു. ഏറെ നേരം പരി. കുർബാനയുടെ മുൻപിൽ അദ്ദേഹം ചെലവഴിക്കുകയും ചെയ്യുമായിരുന്നുവെന്നതാണ് വസ്തുത. പരി. കുർബാനയിലുള്ള ആഴമായ വിശ്വാസമാണ് അദ്ദേഹത്തിൻ്റെ വാക്കുകളെയും പ്രവൃത്തികളെയുമെല്ലാം നയിച്ചിരുന്നത്. രണ്ടായിരാമാണ്ടിലും, 2005 ലുമെല്ലാം പരി. കുർബാന വർഷമായി പ്രഖ്യാപിക്കുന്നതിന് ഈ വിശ്വാസം കാരണമായിരിക്കണം.

“സഭ പരിശുദ്ധകുർബാനയിൽ നിന്ന്" എന്ന ചാക്രികലേഖനത്തിൻ്റെ ആദ്യഭാഗത്ത് ഹൃദയസ്പർശിയായ ഓർമ്മയിൽ തനിക്ക് പരി. കുർബാനയോടുള്ള ഭക്ത്യാദരവുകൾ അദ്ദേഹം പ്രകടമാക്കുന്നുണ്ട്. ഈ വികാരം മറ്റുള്ളവരിലും ഉണർത്തുവാനുദ്ദേശിച്ചുള്ളതാണ് എന്നാണദ്ദേഹം സൂചിപ്പിക്കുന്നതും (No, 6). താൻ പല സ്ഥലങ്ങളിൽ, പല സാഹചര്യങ്ങളിൽ, പരി. കുർബാനയർപ്പിച്ച കാര്യത്തെക്കുറിച്ചെല്ലാം ഒരു വിധത്തിൽ ആവേശത്തോടെയാണ് പരി. പിതാവ് ഓർമ്മിക്കുന്നത് (No.8). 1980 - ൻ്റെ ആദ്യഭാഗത്ത് പരി. കുർബാനയെകുറിച്ച് പ്രതിപാദിച്ചുകൊണ്ടെഴുതിയ 'കർത്താവിൻ്റെ അത്താഴം' (Dominicae Cenae) എന്ന ശ്ലൈഹികലേഖനത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു. തുടർന്നു പറയുകയാണ്: "ഇന്ന് ആ ചിന്താധാര കൂടുതൽ ഹൃദയവികാരത്തോടും നന്ദിയോടുംകൂടി നവമായി ചർച്ച ചെയ്യുന്നു. സങ്കീർത്തകൻ്റെ വാക്കുകൾ ഞാനും ആവർത്തിക്കുന്നു: 'കർത്താവ് എൻ്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു ഞാൻ എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി, കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കും''. (സങ്കീ 16:12-13) (EE 9) അതേ, പരി. പിതാവ് ജോൺപോൾ രണ്ടാമൻ പരി. കുർബാനയുടെ മനുഷ്യനായിരുന്നു!

(സത്യദർശനമാല വാല്യം 12, ലക്കം 7, 2005 ഏപ്രിൽ 14)

പരി. കുർബാനയും ജോൺപോൾ രണ്ടാമൻ മാർപാപ്പയും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message