We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : G. Ricciotti, Translator-Thomas Nadakal On 26-Sep-2022
അധ്യായം 2
മഹാനായ ഹേറോദേസ്
6. യഹൂദ രാജാവായി സ്വയം പ്രഖ്യാപിച്ചു എന്ന കുറ്റം ആരോപിച്ചു കൊണ്ട് വധിക്കപ്പെട്ട യേശു ജനിച്ചത് ജന്മനാ ഒരു രാജാവോ ഒരു യഹുദനോ അല്ലാതിരുന്ന ഒരു 'യഹൂദരാജാ'വിന്റെ കാലത്താണ്.
യേശു ആരുടെ പ്രജയായി പിറന്നോ ആ മഹാനായ ഹേറോദേസ് യഹൂദ രക്തത്തിൽനിന്നുള്ളവനല്ലായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായ കൈപ്രോസ് (Kypros) ഒരറബിയും അച്ഛനായ അന്തിപ്പാത്തർ ഒരു ഇദുമ്യനുമായിരുന്നു. അതുകൊണ്ടായിരിക്കണം ഹേറോദേസിന്റെ ഒരടുത്ത സമകാലികൻ അദ്ദേഹത്തെ ഒരു സാധാരണ സ്വകാര്യപൗരനായിട്ടും അർദ്ധ യഹൂദനായ ഒരു ഇദുമ്യനായിട്ടും വിശേഷിപ്പിച്ചിരിക്കുന്നത് (Antiquities of the Jews, XIV, 403). യഹൂദൻ എന്നു പറയാൻ അദ്ദേഹത്തിനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പൂർവ്വികന്മാർ ബലപ്രയോഗത്താൽ യഹൂദല്ക്കരിക്കപ്പെട്ടവരായിരുന്നു എന്ന ഒരുകാര്യം മാത്രമായിരുന്നു. യൂദയായുടെ തെക്കു താമസിച്ചിരുന്ന ഇദുമേയക്കാർ ബി. സി. 110 വരെ വിജാതീയരായിരുന്നു. ആ വർഷം ജോൺ ഹിർക്കാനസ് ബലം പ്രയോഗിച്ചു അവരെ ഛേദനാചാരം നടത്തിക്കുകയും യഹൂദരാക്കി മാറ്റുകയും ചെയ്തു. എങ്കിലും, യഥാർത്ഥ യഹൂദർ അവരെ ജാരജാതരും കലഹപ്രിയരും അക്രമാസക്തരും ലഹളയുണ്ടാക്കുന്നതിൽ സന്തുഷ്ടചിത്തരുമായ ഒരു വർഗ്ഗമായാണു ഗണിച്ചിരുന്നത് (Wars of the Jews, IV, 231). ഇക്കാരണത്താൽ, റോമിനെതിരെ യഹൂദർ നടത്തിയ യുദ്ധത്തിൽ (A. D. 67-70) ജറുസലേമിലെ യഹൂദരോടുള്ള ഇദുമേയക്കാരുടെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു. ബന്ധവിരോധം മാത്രമേ അങ്ങനെയുള്ള ക്രുരതയ്ക്കു സാധുകണമായി ചൂണ്ടികാണിക്കാനുള്ളൂ.
ഗ്രീക്കുപുരാണത്തിൽനിന്ന് എടുത്തിട്ടുള്ള ഹേറോദേസ് (decendant of heros) എന്ന നാമം ഛേദനാചാരം ചെയ്ത തന്റെ പുത്രനു അന്തിപ്പാത്തർ നൽകിയതിൽ നിന്നുതന്നെ വ്യക്തമാവുക്കുന്നുണ്ട്. അദ്ദേഹം യഹൂദ മതചൈതന്യം ഒട്ടും ഉൾക്കൊണ്ടിരുന്നില്ലെന്ന്. അദ്ദേഹത്തിന്റെ ആ പുത്രനാകട്ടെ, തന്റെ നാമം യഥാർത്ഥത്തിൽ എന്തർത്ഥമാക്കുന്നുവോ അതു തന്നിൽ സാക്ഷാൽക്കരിക്കുകയും ചെയ്തു. ഹോറോദേസ് വീരോചിതമാംവിധം അക്ഷീണയത്നത്തിലും നിശ്ചയദാർഢ്യത്തിലും പ്രൗഢിയിലും, പ്രതാപത്തിലും, പ്രത്യേകിച്ച് ക്രൂരതയിലും മൃഗീയതയിലും മുന്നിട്ടുതന്നെ നിന്നിരുന്നു. അദ്ദേഹത്തിന്റെ സകല പ്രവൃത്തികളുടെയും പിന്നിലുണ്ടായിരുന്നത് സീമാതീതമായ അധികാര തൃഷ്ണയും അധികാരമത്തതയുമായിരുന്നു.
ആരുമല്ലാതിരുന്ന ഹേറോദേസ് നിരവധി പ്രതിബന്ധങ്ങൾ തരണംചെയ്ത് അവസാനം തനിക്കായി ജറുസലേമിൽ ഒരു സിംഹാസനം പടുത്തുയർത്തുന്നതിൽ വിജയം വരിച്ചു. വാസ്തവത്തിൽ അദ്ദേഹം അതു പടുത്തുയർത്തിയത് മറ്റൊരു സിംഹാസനത്തിന്റെ നാശനഷ്ടങ്ങളിന്മേലായിരുന്നു. അതാകട്ടെ യഹൂദ ജനതയുടേയും യഹൂദ മതത്തിന്റേയും ജേതാക്കളായ മക്കബായക്കാർ അവരുടെ പിൻഗാമികളായ ഹസ്മോണിയർക്കായി സ്ഥാപിച്ചതും. ആടിയുലഞ്ഞുകൊണ്ടിരുന്ന ആ യഹൂദ സിംഹാസനം അന്തിപ്പാത്തറിന്റെ ഉപജാപത്താൽ എന്നന്നേയ്ക്കുമായി പിഴുതെറിയപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രനായ ഹേറോദേസ് തന്റെ വഞ്ചനയും കർമ്മ കുശലതയും വിധിവിലാസവുംകൊണ്ടും റോമിന്റെ ധാർമ്മികവും ഭൗതികവുമായ സഹായം കൊണ്ടുമാണു ഹസ്മോണിയരുടെയും യഹൂദജനതയുടെയും ക്ലിയോപാട്രയുടെയും മേൽ വിജയം നേടിയെടുത്തതും മറ്റനേകം പ്രതിബന്ധങ്ങളെ തരണം ചെയ്തതും.
7. ഹേറോദേസ് റോമിനോട് എന്നും വിശ്വസ്തനായിരുന്നു. കാരണം, പൗരസ്ത്യദേശത്തും അന്ന് റോമായായിരുന്നു വൻശക്തി. റോമിന്റെ പ്രതിനിധികളിൽ ഏറ്റം ശക്തിയുള്ളവന്റെ കൂട്ടത്തിലായിരുന്നു അദ്ദേഹം. പ്രായോഗിക രാഷ്ട്രീയത്തിൽ മനസ്സൂന്നിയിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയ തത്വസംഹിതകളുടെ പിറകെ പോകാൻ നേരമില്ലായിരുന്നു. തന്റെ സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കിയിരുന്ന അദ്ദേഹത്തിന് ഏറ്റം ശക്തമായ രാഷ്ട്രത്തോടും ആ രാഷ്ട്രത്തിലെ ശക്തരായ ഭരണാധികാരികളോടും ഒട്ടിനില്ക്കാൻ കഴിഞ്ഞു. ഒരു സീസർ പക്ഷവാദിയാകാതെതന്നെ ആദ്യം സീസറിന്റെ പക്ഷത്തു അദ്ദേഹം ചേർന്നു, സീസർ വധിക്കപ്പെട്ടയുടനെ ഒരു റിപ്പബ്ലിക്കനാകാതെ തന്നെ സീസർ വിരോധിയായ കാഷ്യസിന്റെ കൂടെച്ചേർന്നു. പിന്നീട് കാഷ്യസിന്റെ ശത്രുവായ ആന്റെണിയുടെ കൂടെച്ചേരാനും അദ്ദേഹത്തിനു കഴിഞ്ഞു. ആന്റെണിയും അടിപ്പെട്ടപ്പോൾ, അദ്ദേഹം ഒക്ടാവിയന്റെ പക്ഷത്തായി. ഹേറോദേസ് ഒരിക്കലും ഒക്ടാവിയനെ ഉപേക്ഷിച്ചില്ല. കാരണം, അതിശക്തമായ റോമാസാമാജ്യത്തിലെ അതിപ്രബലനായ ചക്രവർത്തിയായിരുന്നു ഒക്ടാവിയൻ (Augustus Caesar). റോമിനെ പ്രീണീപ്പിച്ചുകൊണ്ടുള്ള ഹേറോദേസിന്റെ രാഷ്ട്രീയവും അതിൽ അദ്ദേഹം കൈവരിച്ച വിജയവും ഇങ്ങനെ സംക്ഷേപിക്കാം: അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജറുസലേമിലെ സിംഹാസനം റോമിനെ ആശ്രയിച്ചാണു നിലനില്ക്കുന്നത്. തന്മൂലം, റോമിന്റെ പക്ഷത്തു- ശക്തമായ റോമാക്കാരുടെ പക്ഷത്തു അദ്ദേഹം എപ്പോഴും നിന്നു. അത് റോമാക്കാരുടെ കാര്യമായതുകൊണ്ടല്ല, പിന്നെയോ തന്റെ സിംഹാസനക്കാര്യമായതു കൊണ്ടുമാത്രം.
ഡൊമീഷിയൂസ് കാൽവീന്തസും അസ്സീനിയുസ് പോള്ളിയോയും കോൺസുൾമാരായിരിക്കുമ്പോൾ ബി. സി. 40- ലെ ശരത്ക്കാലത്ത് ആന്റെണിയുടെയും ഒക്ടാവിയന്റെയും ഔദാര്യംകൊണ്ട് ഹേറോദേസ് റോമിൽവച്ച് രാജാവായി പ്രഖ്യാപിക്കപ്പെട്ടു. ആ പ്രഖ്യാപനത്തിനുശേഷം അദ്ദേഹം അനുഷ്ഠിച്ച ആദ്യത്തെ ഔദ്യോഗിക കർമ്മം ആന്റെണിയുടെയും ഒക്ടാവിയന്റെയും ഒപ്പം നടന്ന് കാപ്പിറ്റോളിൻ മലയിൽച്ചെന്നു റോമൻ വിധിയനുസരിച്ചു ജൂപ്പിറ്റർ കാപ്പിറ്റോളീനൂസ് ദേവനു കൃതജ്ഞതാ ബലി അർപ്പിച്ചതായിരുന്നു. അദ്ദേഹത്തിലെ യഹൂദചൈതന്യം എന്തു മാത്രമെന്ന് ഈ പ്രവൃത്തി സ്പഷ്ടമാക്കുന്നുണ്ട്. സുദീർഘമായ അദ്ദേഹത്തിന്റെ ഭരണകാലത്ത് മതത്തോടു അദ്ദേഹം സ്വീകരിക്കാനിരുന്ന നയത്തിന്റെ നാന്ദിയായി ഈ പ്രവർത്തിയെ വീക്ഷിക്കാം. കാപ്പിറ്റോളിൻ ജൂപ്പിറ്ററിന്റെ ക്ഷേത്രത്തിൽ പോയപ്പോഴുണ്ടായിരുന്ന ആ വികാരങ്ങളോടെ തന്നെ അദ്ദേഹം സത്യദൈവമായ യാഹ്വെയെ ആരാധിക്കുന്നതിനുവേണ്ടി ജെറുസലേം ദേവാലയത്തിലും പിന്നീട് പോയിട്ടുണ്ട്. അദ്ദേഹം മതത്തെ വീക്ഷിച്ചിരുന്നത് രാഷ്ട്രീയം കണക്കിലെടുക്കേണ്ട ഒരു സാമൂഹിക പ്രതിഭാസമെന്നനിലയിൽ മാത്രമായിരുന്നു.
8. ഹേറോദേസ് യഹൂദരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയിരുന്നില്ലെന്നു പറയാം. ജീർണ്ണിച്ചു കിടന്നിരുന്ന ജറുസലേം ദേവാലായം പുനരുധരിക്കുകയും റോമാസാമ്രാജ്യത്തിലെതന്നെ പ്രസിദ്ധിപെറ്റ രമ്യഹർമ്മ്യങ്ങളിലൊന്നായി അതിനെ മാറ്റുകയും ചെയ്ത അദ്ദേഹം അക്കാര്യത്തിൽ യഹൂദരുടെ സ്തുതി നേടി. രണ്ടു കാരണങ്ങളാലാകാം അദ്ദേഹം ആ സംരംഭത്തിനു മുതിർന്നത്. ഒന്ന് യഹൂദർക്കു തന്റെ നേരെയുള്ള വെറുപ്പ് അല്പമൊന്നു ശമിപ്പിക്കുക. രണ്ട്, വലിയ രമ്യഹർമ്മ്യങ്ങളും മറ്റു സൗധങ്ങളും പടുത്തുയർത്തുക. രണ്ടാമത്തേത് അക്കാലത്ത് സാമ്രാജ്യത്തിൽ അധികാരത്തിലിരുന്നവരുടെ ഒരു പ്രത്യേക സ്വഭാവമായിരുന്നു. ഏതായാലും, യഹൂദ മതത്തോടുള്ള ഭക്തിയോ താല്പര്യമോ അല്ല ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ചേതോവികാരമെന്നതു നിസ്തർക്കമത്രെ. അക്കാലഘട്ടത്തിൽ തന്നെ അദ്ദേഹം റോമൻ ദേവത (Dea Roma) യുടെ പേരിലും "ദിവ്യനായ" അഗസ്റ്റസിന്റെ (Divus Augustus) പേരിലും സമരിയായിലും സീസറിയാ നഗരത്തിലും പനെയാസിലും മറ്റും നിർമ്മിച്ച ക്ഷേത്രങ്ങൾ ഇതിനു തെളിവാണല്ലോ. യഹൂദമതത്തിന്റെ സർവ്വാദരണീയരായിരുന്ന മതാധികാരികളോട് അദ്ദേഹത്തിന് അത്ര ബഹുമാനമോ ആദരവോ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല പ്രധാനാചാര്യന്മാരെ അദ്ദേഹം തന്റെ ഇഷ്ടംപോലെ നിയമിക്കുകയും സ്ഥാനഭ്രഷ്‌ടരാക്കുകയും ചെയ്തിരുന്നു. തന്റെ ഇംഗിതത്തിനു വിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വാധീനമുള്ള സാൻഹെദ്രീൻ സംഘാംഗങ്ങളുടെയും പ്രീശരുടെയും നിയമജ്ഞരുടെയും തല തെറിപ്പിക്കുന്നതിനു അദ്ദേഹത്തിനു യാതൊരു കൂസലുമുണ്ടായിരുന്നില്ല.
തനി മതപരമായ കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. ഇടപെടാൻ ആഗ്രഹിച്ചിരുന്നുമില്ല. എന്നാൽ, പുറമേനിന്നുകൊണ്ട് അദ്ദേഹം മതപരമായ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയരംഗത്തു അവ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ കണക്കിലെടുത്തും, അക്കാലത്ത് പൊതുവെ എല്ലാ ഭരണാധികാരികൾക്കുമുണ്ടായിരുന്ന അന്ധവിശ്വാസത്തിന്റെ ഫലമായിട്ടുമാണ് ഇങ്ങനെയുള്ള ഒരു നിലപാട് അദ്ദേഹം സ്വീകരിച്ചത്. ഹേറോദേസിനെ സംബന്ധിച്ചിടത്തോളം ഈ അന്ധവിശ്വാസത്തിന്റെ പ്രസക്തി എന്തുമാത്രമെന്നു മനസ്സിലാക്കാവുന്നതേയുള്ളു. കാരണം, യഹൂദമതത്തോടു വളരെ അടുത്താണല്ലോ അദ്ദേഹം വളർന്നു വന്നത്. ഭാരപ്പെടുത്താത്ത യഹൂദാചാരങ്ങളും ചട്ടങ്ങളും ഒരു ദാക്ഷിണ്യമെന്ന നിലയിൽ അനുസരിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും സംശയാലുവായ അദ്ദേഹം നിഷ്കർഷ കാണിച്ചിരുന്നു. ജറുസലേം ദേവാലയ പുനർനിർമ്മിതിയിൽ അദ്ദേഹം യഹൂദ നിയമം അക്ഷരശ: അനുസരിച്ചതും പുരോഹിതനല്ലാതെ മറ്റാർക്കും പ്രവേശിക്കാനനുവാദമില്ലാതിരുന്ന അതി വിശുദ്ധസ്ഥലത്തു പ്രവേശിക്കാതിരുന്നതും ഇതിനുദാഹരണമാണ്. അതിനും പുറമേ, അദ്ദേഹം ഇറക്കിയിട്ടുള്ള നാണയങ്ങളിലെല്ലാംതന്നെ ജീവിക്കുന്ന മനുഷ്യരുടെ പ്രതിമകൾ ഒഴിവാക്കിയിരുന്നു. യഹൂദ നിയമത്തെ മാനിച്ചാണിത്. സില്ലേവൂസ് എന്ന അറബിയുമായുള്ള തന്റെ സഹോദരി സലോമിയുടെ വിവാഹം അയാൾ ഛേദനാചാരത്തിനു വഴങ്ങിയില്ല എന്ന കാരണത്താൽ അദ്ദേഹം അനുവദിക്കുകയുണ്ടായില്ല.
പക്ഷെ, ഇതെല്ലാം യഹൂദമതത്തോടുള്ള ഭക്തികൊണ്ടോ ആന്തരികാവബോധം കൊണ്ടോ ആയിരുന്നില്ലെന്നതാണ് പരമാർത്ഥം. പ്രായോഗിക പരിഗണനകൾ മാത്രമായിരുന്നു ഇവയുടെയെല്ലാം പിന്നിലെ രഹസ്യം. അദ്ദേഹത്തിന്റെ രാജകൊട്ടാരം തികച്ചും വിജാതീയമായിരുന്നു. അഴിമതിയുടെയും മേച്ഛമായ ചപലതയുടെയും കാര്യത്തിൽ അത് മറ്റ് പല പൗരസ്ത്യരാജകൊട്ടാരങ്ങളെയും മറികടന്നിരുന്നു. അതിന്റെ പ്രൗഢിയും പ്രതാപവും ഒരു പരിധിവരെ പുലർത്തിപ്പോന്നത് ദേവാലയത്തോടനുബന്ധിച്ചുണ്ടായിരുന്ന ദാവീദിന്റെ കുടീരം'' (David's Tomb) എന്ന അഭിധാനത്തിലറിയപ്പെട്ടിരുന്ന അറയിലെ നിക്ഷേപങ്ങൾ കൊണ്ടായിരുന്നു. രാത്രിയിൽ ഹേറോദേസ് തന്നെ ആ നിക്ഷേപകേന്ദ്രത്തിലെത്തി കവർച്ചയ്ക്കു നേതൃത്വം നല്കിയിരുന്നതിൽനിന്നും നമുക്കു മനസ്സിലാക്കാം എന്തു ബഹുമാനമാണ് അദ്ദേഹം ജറുസലേമിലെ യഹൂദ രാജകുടുംബസ്ഥാപകനായ ദാവീദിനു നല്കിയിരുന്നതെന്ന്.
മാമൂൽപ്രിയരായ പ്രീശന്മാരുടെ (Pharisees, ഫരിസേയർ) സ്വാധീന വലയത്തിൽ കഴിഞ്ഞുകൂടിയിരുന്ന ബഹുഭൂരിപക്ഷം യഹൂദർക്കും ജന്മനാ ഇദുമേയനും പ്രായോഗിക ജീവിതത്തിൽ വിജാതീയനുമായ ഹേറോദേസിനോടു അശേഷം ഇഷ്ടമില്ലായിരിന്നു. അദ്ദേഹം അവരുടെമേൽ ചുമത്തിയിരുന്ന ദുർവഹമായ നികുതിഭാരവും അവരുടെ അപ്രീതിയ്ക്കു മാറ്റു കൂട്ടിയിരുന്നു. ഈ നികുതികളാകട്ടെ അദ്ദേഹത്തിന്റെ സൗധനിർമ്മാണ പ്രക്രിയയ്ക്കും ദുഷിച്ച അരമന സംരക്ഷണത്തിനും വേണ്ടിയായിരുന്നു എന്നു വരുമ്പോൾ ആ വെറുപ്പ് ശതഗുണീഭവിക്കുകയല്ലേയുള്ളു. തൻ്റെ പ്രജകൾ തന്നെ അങ്ങേയറ്റം വെറുത്തിരുന്നെന്നും തന്റെ കുടുംബത്തിൽ എന്തെങ്കിലും ദൗർഭാഗ്യമുണ്ടാകുമ്പോൾ അവർ ഹൃദയം തുറന്നു സന്തോഷിച്ചിരുന്നെന്നും അദ്ദേഹത്തിനു നല്ലതുപോലെ അറിയാമായിരുന്നു. തന്മൂലം, അദ്ദേഹം തന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതിനും വാളിനു മൂർച്ച കൂട്ടിക്കൊണ്ടു പൊതുജനരോഷത്തെ നേരിടുന്നതിനും തീർച്ചയാക്കി.
9. ഒരു മനുഷ്യനെന്ന നിലയിലും ഒരു ഭരണാധികാരിയെന്ന നിലയിലും ഹേറോദേസിന്റെ തനിസ്വഭാവം ഇവിടെയാണു നാം കാണുന്നത്. മുകളിൽ പ്രസ്താവിച്ചതുപോലെ അദ്ദേഹത്തിന്റെ സകല പ്രവർത്തനങ്ങളുടെയും പിന്നിലെ പ്രേരകശക്തി അധികാരഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ ആ 'പേരിൽ' ധ്വനിച്ചിരുന്ന വീരസാഹസികത്വം അന്വർത്ഥമാക്കപ്പെട്ടത് അനിതരസാധാരണമായ ക്രൂരതയാൽ പരിപോഷിപ്പിക്കപ്പെട്ട ഈ അധികാരഭ്രാന്തായിരുന്നെന്നു തോന്നുന്നു. ക്രോധാവേശത്താൽ യാതൊരു വ്യത്യാസവും കൂടാതെ എല്ലാവരോടും ക്രൂരമായി പെരുമാറിയ ഒരു വ്യക്തി എന്നുള്ള ജോസിഫസിന്റെ വർണ്ണന ശരിതന്നെ (Antiquities of the Jews, XVII, 191). തന്റെ സിംഹാസനത്തിനെതിരായി ഗൂഢാലോചനകളും ഭീഷണികളുമാണവിടെയും എന്ന ചിന്ത സദാ ആവേശിച്ചിരുന്ന അദ്ദേഹം ക്രൂരതയുടെയും മൃഗീയതയുടെയും അതിരുകൾ ലംഘിച്ചത് മനസ്സിലാക്കാവുന്നതേയുള്ളൂ. ചരിത്രത്തിൽ ജീവിച്ചിരുന്ന ഒരു മഹാരക്തക്കൊതിയൻ എന്നദ്ദേഹത്തെ വിശേഷിപ്പിച്ചാൽ അതൊരതിശയോക്തിയല്ലതന്നെ. അദ്ദേഹം നടത്തിയിട്ടുള്ള ഏതാനും കൊലപാതകങ്ങളുടെ കഥ ഇത് വ്യക്തമാക്കും.
ബി. സി. 37-ൽ റോമൻ സൈന്യത്തിന്റെ സഹായത്തോടെ ഹേറോദേസ് ജറുസലേം നഗരം കീഴടക്കി. ഉടനെതന്നെ അദ്ദേഹം തന്റെ ഹസ്‌മോണിയൻ എതിരാളിയായ അൻ്റിഗോണസിന്റെ 45 അനുചരന്മാരെയും സൻഹെദ്രീൻ സംഘത്തിന്റെ വളരെയധികം അംഗങ്ങളെയും വധിച്ചു. ബി. സി. 35-ൽ അദ്ദേഹത്തിന്റെ സ്യാലനും, ഇഷ്ടപത്നീയായ മറിയാംമ്നെയുടെ സഹോദരനുമായ അരിസ്റ്റോബുളസിനെ അദ്ദേഹത്തിന്റെ കല്പനയനുസരിച്ച് ജറിക്കോയിലെ ഒരു കുളത്തിൽ മുക്കിക്കൊന്നു. ആ പതിനാറു വയസ്സുകാരനെ പ്രധാനാചാര്യനായി ഹേറോദേസ് നിയമിച്ചിട്ടു അധികനാളുകളായിരുന്നില്ല.
ബി. സി. 34-ൽ അദ്ദേഹം തന്റെ പിതൃവ്യനും സ്വന്തം സഹോദരി സലോമിയുടെ ഭർത്താവുമായ ജോസഫിനെ തൂക്കിലിടുകയുണ്ടായി. ഏറ്റം ശോകാത്മകവും എല്ലാവിധത്തിലും ഒഥെല്ലോയുടെ പത്നിവധത്തോടു സാമ്യമുള്ളതുമായ കൊലപാതകം അദ്ദേഹം നടത്തിയത് ബി. സി. 29-ൽ ആയിരുന്നു. തന്റെ ഇഷ്ടപത്നിയെയും താൻ പ്രാണനുതുല്യം സ്‌നേഹിച്ചിരുന്നവളുമായ ഹാസ്മോനിയൻ മറിയാംമ്നെയെ അന്തഃപുരത്തിലെ ഉപജാപകവൃന്ദം പറഞ്ഞുണ്ടാക്കിയ ഏഷണികളെ അടിസ്ഥാനമാക്കി അദ്ദേഹം നിഷ്കരുണം വധിച്ചു. എന്നാൽ, വധം കഴിഞ്ഞയുടനെ ദുഃഖാധിക്യത്താൽ ഭ്രാന്തുപിടിച്ച ഹേറോദേസ് കൊട്ടാരം സേവകരെ വിളിച്ചാജ്ഞാപിച്ചു മറിയാംമ്നെയെ ഉറക്കെ വിളിക്കാൻ- ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ വിളിക്കുന്നതുപോലെ!
ഏതാനും മാസങ്ങൾ കഴിഞ്ഞ് അദ്ദേഹം മറിയാംമ്നെയുടെ മാതാവായ അലക്സണ്ഡ്രയെ കൊന്നുകളഞ്ഞു
ബി. സി. 25-ൽ അദ്ദേഹം സ്വസഹോദരി പുനർവിവാഹം ചെയ്തിരുന്ന കൊസ്തൊബാറിനെയും ഹസ്‌മോണിയൻ പാർട്ടിയിലെ മറ്റനേകരെയും തൂക്കിലിട്ടു.
ഇഷ്ടപത്നിയായ മറിയാംമ്നെയിൽ അദ്ദേഹത്തിന് പല സന്താനങ്ങളുമുണ്ടായിരുന്നു. മറിയാംമ്നെയോടുള്ള മധുരസ്മരണ നിമിത്തം അവരെയെല്ലാവരെയും അദ്ദേഹം അതിരറ്റു സ്നേഹിച്ചു. അവരിൽ രണ്ടു പേരാണ് അലക്സാണ്ഡറും അരിസ്റ്റോബുളസും. അദ്ദേഹം വിദ്യാഭ്യാസാർത്ഥം അവരെ റോമിലേയ്ക്കയച്ചിരുന്നു. അഗസ്റ്റസ് സീസറിന്റെ കൊട്ടാരത്തിലെ വിശിഷ്ട അന്തേവാസികളായി കഴിഞ്ഞിരുന്നു അവർ. എന്നാൽ, അവർ ജറുസലേമിലേയ്ക്കു തിരിച്ചു വന്നപ്പോൾ അദ്ദേഹം അവരെയും വധിച്ചു; അവരുടെ ജീവൻ രക്ഷിക്കാൻ സീസർ കഴിവതു ശ്രമിച്ചതാണെങ്കിലും. ഈ അവസരത്തിലായിരിക്കണം ഫലിതമർമ്മജ്ഞനായ അഗസ്റ്റസ് ചക്രവർത്തി താഴെ പറയുന്ന പ്രസ്താവന- മാക്റോബിയൂസ് (Saturnal, II 4, 11) ആ പ്രസ്താവന രേഖപ്പെടുത്തിയിട്ടുണ്ട്- നടത്തിയത്: “ഹേറോദേസിന്റെ മകനായി പിറക്കുന്നതിൽ വളരെഭേദമാണ് അദ്ദേഹത്തിന്റെ പന്നിയായിട്ടു ജനിക്കുന്നത്. കാരണം, ഒരു യഹൂദനായി മാറിയ അദ്ദേഹം പന്നിയിറച്ചി തിന്നുകില്ല; തന്മൂലം പന്നിയെ കൊല്ലുകില്ല. പക്ഷേ, അദ്ദേഹത്തിനു തന്റെ മക്കളെ കൊല്ലാൻ കഴിയും, കൊന്നിട്ടുമുണ്ട്. ''
യുവാക്കളായ അലക്സാണ്ഡറിനോടും അരിസ്റേറാബുളസിനോടും പങ്കുചേർന്നു എന്ന കുറ്റമാരോപിച്ചു ഹേറോദേസ് തന്റെ ഗൂഢസംഘത്തെകൊണ്ട് മുന്നൂറോളം ഉദ്യോഗസ്ഥന്മാരെയും അക്കൂട്ടത്തിൽ വധിക്കുകയുണ്ടായി.
ബി.സി. 4-ൽ മരിക്കുന്നതിനു അഞ്ചുദിവസം മുമ്പ്, അനന്തരാവകാശിയായി നിശ്ചയിച്ചിരുന്ന കടിഞ്ഞൂൽ പുത്രൻ അന്തിപ്പാത്തറിനെ അദ്ദേഹം തൂക്കിലിട്ടു. ആ വധം അദ്ദേഹത്തെ വളരെ സന്തോഷിപ്പിച്ചുവത്രേ. കാരണം, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ആശവെടിഞ്ഞ അവസ്ഥയിലെത്തിയിരുന്നെങ്കിലും ഈ വധത്തെത്തുടർന്നു അതല്പംഭേദപ്പെട്ടതായനുഭവപ്പെട്ടു.
10. അന്ത്യമടുത്തപ്പോൾ ഹേറോദേസ് തന്റെ ജീവിതത്തിനു മുഴുവൻ പറ്റിയ ഒരു സംഗ്രഹമെന്ന നിലയിൽ മറ്റൊരു കാടോരകൃത്യം കൂടി ചെയ്യാൻ നിശ്ചയിച്ചു. തന്റെ മരണം സ്വപ്രജകളുടെയിടയിൽ സന്തോഷമേ ഉളവാക്കുകയുള്ളെന്നു അദ്ദേഹം മുൻകൂട്ടി കണ്ടു. അതങ്ങനെ ആയിരിക്കരുതെന്നു അദ്ദേഹത്തിനു നിർബന്ധവുമുണ്ടായിരുന്നു. തന്റെ മരണത്തോടനുബന്ധിച്ചു കുറച്ചുപേരെങ്കിലും കണ്ണീരൊഴുക്കണം. അതിനു അദ്ദേഹം കണ്ടു പിടിച്ച വിദ്യയെന്തെന്നോ! രാജ്യത്തിന്റെ നാനാഭാഗത്തും നിന്നുപ്രസിദ്ധരായ യഹൂദരെ അദ്ദേഹം രോഗിയായിക്കിടന്ന ജറീക്കോയിലേക്കു വിളിച്ചുവരുത്തി; അവരെയെല്ലാവരെയും കൽത്തുറുങ്കിലടച്ചു. നിഷ്കർഷാപൂർവ്വം പ്രാവർത്തികമാക്കാനായി ഇങ്ങനെയൊരു കല്പനയും അദ്ദേഹം നല്കി: ''എന്റെ കബറടക്ക സമയത്തു ഇവരെയെല്ലാവരെയും കൊന്നു കളയണം.'' ഈ സംഭവത്തിന്റെ സത്യാവസ്ഥയെപ്പറ്റി ചില ആധുനിക പണ്ഡിതന്മാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഹേറോദേസിന്റെ സ്വഭാവവും പ്രകൃതവും ക്രൂരമനസ്ഥിതിയുമൊക്കെ കണക്കിലെടുക്കുമ്പോൾ ഇങ്ങനെയൊരു കല്പന അദ്ദേഹം പുറപ്പെടുവിച്ചു എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ലെന്നു തോന്നുന്നു.
ഇതിനും പുറമേ, കുറെ നാളുകൾക്കുമുമ്പ് തന്റെ സിംഹാസനത്തിനു ഒരു ഭീഷണിയെന്നു തോന്നിയതുകൊണ്ട് ഹേറോദേസ് ബെത്‌ലെഹെമിലും പരിസരത്തുമുള്ള രണ്ടു വയസ്സും അതിനു താഴെയുമുള്ള ആൺകുട്ടികളെയെല്ലാം വധിക്കുന്നതിനു കല്പന പുറപ്പെടുവിക്കുകയും വധിക്കുകയും ചെയ്തു. ഈ സംഭവം അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജോസിഫസ് രേഖപ്പെടുത്തിയിട്ടില്ല. മത്തായി സുവിശേഷകൻ മാത്രമാണ് അതു രേഖപ്പെടുത്തിയിട്ടുള്ളത്. ജോസിഫസിന്റെ മൗനം അത് കാര്യമാക്കേണ്ടതില്ല. കാരണം, ഇങ്ങനെയൊരു സംഭവം ഹേറോദേസിന്റെ ജീവചരിത്രസ്രോതസ്സുകളിൽ ഉണ്ടെങ്കിൽത്തന്നെയും ജോസിഫസ് അതു തന്റെ ചരിത്രത്തിൽ സ്വീകരിക്കണമെന്നില്ലല്ലോ. കേവലം സാധുക്കളായ ഏതാനും ഇടയന്മാരുടെ കുറെ പിഞ്ചുകുഞ്ഞുങ്ങളുടെ വധം അതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റനേകവധങ്ങളുടെ മുമ്പിൽ നിഷ്പ്രഭമാണല്ലോ. വാസ്തവത്തിൽ ജോസിഫസിന്റെ ചരിത്ര രേഖകളും വി. മത്തായിയുടെ രേഖകളും പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു; ഹേറോദേസിന്റെ സ്വഭാവത്തിൻ്റെ ചിത്രം വരയ്ക്കുന്നതിൽ ഇരുവരും പരിപൂർണ്ണ യോജിപ്പിൽത്തന്നെ.
11. അവസാനമായി, റോമായുമായിട്ട്, നിഷ്‌കൃഷ്ടമായിപ്പറഞ്ഞാൽ ചക്രവർത്തിയുമായിട്ട് ആക്സിയം (Actium) യുദ്ധത്തിനു (സെപ്റ്റംബർ 2, 31 ബി. സി.) ശേഷമുള്ള ഹേറോദേസിന്റെ രാഷ്ട്രീയ നിലപാട് എങ്ങനെയുള്ളതെന്നു നോക്കാം. റോമായും റോമാ സാമ്രാജ്യവും കാതലായ അർത്ഥത്തിൽ അന്ന് അഗസ്റ്റസായിരുന്നു. നൈയാമികമായി റോമായുമായുള്ള ഹേറോദേസിന്റെ രാഷ്ട്രീയ നിലപാട് ഒരു സുഹൃത് സാമന്തരാജാവിന്റേതായിരുന്നു. അതികർക്കശഭരണാധികാരിയായിരുന്ന അഗസ്റ്റസിന് ഹേറോദേസിന്റെ ഈ നിലപാട് തികച്ചും തൃപ്തികരമായിരുന്നു. തന്മൂലം, ഹേറോദേസിന്റെ ഭരണകാലത്ത് തന്റെ രാജ്യാതിർത്തി വിസ്തൃതമാക്കുന്നതിനുവേണ്ട സഹകരണങ്ങളും ഇതരാനുഗ്രഹങ്ങളും ആ സാമാജ്യാധിപനിൽനിന്നും ഹേറോദേസിനു നിർലോഭം ലഭിച്ചിരുന്നു.
കപ്പം നല്കുക, റോമൻ സൈന്യങ്ങൾക്കു താവളമടിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ നല്കുക എന്നിവയിൽനിന്നു ഹേറോദേസിന്റെ രാജ്യം ഒഴിവാക്കപ്പെട്ടിരുന്നു. നീതിന്യായം, സാമ്പത്തികം എന്നീ കാര്യങ്ങളിൽ അദ്ദേഹത്തിന് പൂർണ്ണാധികാരമുണ്ടായിരുന്നു. അദ്ദേഹത്തിനു സ്വന്തമായി പട്ടാളവുമുണ്ടായിരുന്നു. സൈനികരിൽ ഭൂരിഭാഗവും യഹൂദരല്ലാത്ത സിറിയാക്കാരും ത്രാസിയാക്കാരും ഗോളുകാരും (ഫ്രഞ്ചുകാർ) ജർമ്മൻകാരുമടങ്ങിയ കൂലിപ്പടയായിരുന്നു. പക്ഷെ, ചക്രവർത്തിക്കു ആവശ്യമെന്നു തോന്നുമ്പോൾ ഈ സൈന്യത്തെ ഉപയോഗിക്കാമായിരുന്നു. സാമ്രാജ്യത്തിലെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെയും ഇടപെടലുകളുടെയും കാര്യത്തിൽ അദ്ദേഹം റോമായിൽനിന്നും അപ്പപ്പോൾ നിർദ്ദേശം സ്വീകരിക്കേണ്ടിയിരുന്നു. ചക്രവർത്തിയുടെ അനുവാദം കൂടാതെ യുദ്ധം ചെയ്യുന്നതിനു അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. രാജത്വം സംബന്ധിച്ച് അദ്ദേഹം ഇതിലും പരിമിതനായിരുന്നു. ആക്സിയം വിജയത്തിനു ശേഷം കുറേ മാസങ്ങൾ കഴിഞ്ഞ് റോഡ്സിൽ വച്ച് അഗസ്റ്റസ് ഹേറോദേസിന് വ്യക്തിപരമായിമാത്രം നല്കിയ ഒരാനുകുല്യമായിരുന്നു അദ്ദേഹത്തിന്റെ സിംഹാസനം. ചക്രവർത്തിയുടെ നേരിട്ടുള്ള അനുമതികൂടാതെ പിൻഗാമികളെ വാഴിക്കുന്നതിനോ അധികാരം പിൻഗാമികളിലേയ്ക്കു കൈമാറുന്നതിനോ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. അങ്ങനെ എല്ലാ വിധത്തിലും നിയന്ത്രിക്കപ്പെട്ട ഹേറോദേസ് യഥാർത്ഥത്തിൽ അഗസ്റ്റിസസിന്റെ ഒരാശ്രിതൻ മാത്രമായിരുന്നു. സ്വന്തം ഇംഗിതമനുസരിച്ചു ഹേറോദേസിൻറ ഭരണകാര്യങ്ങളിൽ ഇടപെടുന്നതിനു അഗസ്റ്റിസസിനു നിർബാധം കഴിയുമായിരുന്നു. വാസ്തവത്തിൽ, ബി. സി. 7-6 ൽ ഹേറോദേസ്, റോമൻചക്രവർത്തിയോട് കൂറും വിശ്വസ്തതയും വാഗ്ദാനം ചെയ്യാൻ തന്റെ പ്രജകളോടാവശ്യപ്പെട്ടു. ഇത് റോമിൽനിന്നു ലഭിച്ച കല്പനപ്രകാരമായിരുന്നു എന്നതിൽ സംശയമില്ല. കാരണം, ആ വർഷങ്ങളിൽ ഇതുപോലെയുള്ള കൂറും വിശ്വസ്തതാവാഗ്‌ദാനങ്ങളും സാമ്രാജ്യത്തിലെ മറ്റു പ്രോവിൻസുകളിലും നടക്കുകയുണ്ടായി.
തന്റെ റോമൻ യജമാനനെ പലവിധത്തിലും പ്രീണിപ്പിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതിൽ ഹേറോദേസ് പരാജയപ്പെട്ടില്ല. ഗംഭീരവും മനോഹരവുമായ സൗധങ്ങളും, സീസറിയ, സെബസ്‌തേ, അഗ്രിപ്പേയിയോൻ തുടങ്ങിയ നഗരങ്ങളും, ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ കുടുംബക്കാരുടെയും പേരുകളിൽ ഹേറോദേസ് പടുത്തുയർത്തി. തന്റെ കുടുംബകാര്യങ്ങൾ ഏറ്റം നിസ്സാരമായവകൂടി, അദ്ദേഹം അപ്പപ്പോൾ ചക്രവർത്തിയെ അറിയിച്ചുകൊണ്ടിരുന്നു. തന്റെ മക്കളെ കൊല്ലുന്നതിനുവേണ്ട അനുവാദം പോലും ചക്രവർത്തിയിൽനിന്നു വരുന്നതും കാത്തു അദ്ദേഹം ഇരുന്നിരുന്നു. അഗസ്റ്റസ് ദയാദാക്ഷിണ്യങ്ങളോടെയാണു സാധാരണയായി അദ്ദേഹത്തോടു വർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രശംസയും മുഖസ്തുതിയും അഗസ്റ്റസ് കാര്യമായിട്ടെടുത്തിരുന്നതേയില്ല. തന്റെ മേലുള്ള ഹേറോദേസിന്റെ രാഷ്ട്രീയാശ്രിതത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അഗസ്റ്റസ് തയ്യാറില്ലായിരുന്നു. ഹേറോദോസിന്റെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയുംമേൽ അഗസ്റ്റസിനുണ്ടായിരുന്ന പരമാധികാരത്തിനൊരുദാഹരണമാണു തഴെ കാണുന്ന സംഭവം;
തന്റെ രാജ്യാതിർത്തികൾക്കുള്ളിൽ പാഞ്ഞുകയറി കൊള്ളനടത്തികൊണ്ടിരുന്ന ബെഡുയിൻസിന്റെ ശല്യംകാരണം ബി.സി. 8-ൽ ഹേറോദേസ് നബറ്റേയന്മാർക്കെതിരായി ഒരു ഹ്രസ്വയുദ്ധം നടത്തി. തുടങ്ങിയത് സിറിയയിലെ റോമൻ ഡലഗേറ്റായ (Legate) സെൻസിയൂസ് സത്തൂർനിനൂസിന്റെ അംഗീകാരത്തോടെയായിരുന്നു. പക്ഷെ ഹേറോദേസ് അഗസ്റ്റസിനെ നേരത്തെ അറിയിക്കുകയാകട്ടെ അനുവാദം വാങ്ങിക്കുകയാകട്ടെ ചെയ്തിരുന്നില്ല. യുദ്ധതന്ത്രപരമായി ഈ സംഭവം നിസ്സാരമാണ്. എന്നാൽ, അതിന്റെ നടപടിയിലുണ്ടായ ക്രമരാഹിത്യം അതേ പറ്റിയുള്ള വാർത്ത അറിഞ്ഞപ്പോൾ അഗസ്റ്റസിൽ ഉളവാക്കിയ രോഷം ഭയങ്കരമായിരുന്നു. അഗസ്റ്റസ് വളരെ കഠിനമായ ഭാഷയിൽ ഒരെഴുത്തു അദ്ദേഹത്തിനു എഴുതി. ആ എഴുത്തിൽ പലതും പറഞ്ഞ കൂട്ടത്തിൽ ഇങ്ങനെ കൂടി ചക്രവർത്തി പറഞ്ഞിരിക്കുന്നു: "കഴിഞ്ഞ കാലത്ത് ഞാൻ നിന്നെ ഒരു സുഹൃത്തായി കരുതിയെങ്കിൽ ഇപ്പോൾ ഒരു പ്രജയായി കരുതുന്നു" എന്ന് (Antiquities of the Jews, XVI, 290). അഗസ്റ്റസിന്റെ കോപം ക്ഷണികമല്ലായിരുന്നു. തന്റെ നില ഭദ്രമാക്കുന്നതിനും വിശദീകരണം നല്കുന്നതിനുമായി ഹേറോദേസ് അയച്ച പ്രതിനിധിസംഘം പാലറ്റൈനിൽ സ്വീകരിക്കപ്പെട്ടില്ല. തന്റെ നാശമടുത്തു എന്നു കരുതി ഭയപ്പെട്ട ഹേറോദേസിന് കുറേ കഴിഞ്ഞു മാത്രമേ ബന്ധം സൗഹൃദമാക്കാനും സമാധാനത്തോടെ സിംഹാസനത്തിലിരിക്കാനും സാധിച്ചുള്ളു. അതാകട്ടെ റോമിലേയ്ക്കു പല പ്രതിനിധിസംഘങ്ങളെ അയച്ചതിനും അനുകൂലമായ മറ്റു പല സാഹചര്യങ്ങളും ഉണ്ടായതിനു ശേഷം മാത്രം.
12. മാസങ്ങൾ നീണ്ടുനിന്ന അതിവേദനയോടുകൂടിയ രോഗം അവസാനം അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു. ജറീക്കോയിൽവച്ചാണ് അദ്ദേഹം അന്തരിച്ചത്. മരിക്കുമ്പോൾ ഏകദേശം എഴുപതുവയസ്സുണ്ടായിരുന്നു. മുപ്പത്തേഴുവർഷം മുമ്പാണ് റോമിൽ വച്ചു അദ്ദേഹം രാജാവായി പ്രഖ്യാപിക്കപ്പെട്ടത്. റോമാനഗരസ്ഥാപനത്തിന്റെ 750-ാം വർഷം (A. U. C. 750) അതായത് ബി. സി. 4-ൽ ആണ് അദ്ദേഹം കാലഗതി പ്രാപിച്ചത്. മരണ തീയ്യതി കൃത്യമായി നിശ്ചയമില്ല. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആയിരിക്കാം. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം അത്യാഡംബരപൂർവ്വം ഹേറോദിയത്തിലേയ്ക്കു- ഇന്നത്തെ ജെബൽ ഫ്യൂരിഡിസ് (Jebel Fureidis, "Mount of Paradise") സംവഹിക്കപ്പെട്ടു. മരിക്കുന്നതിനു കുറെ മുമ്പ് അദ്ദേഹം തനിക്കു അന്ത്യവിശ്രമം കൊള്ളേണ്ട കല്ലറ അവിടെനിർമ്മിച്ചിരുന്നു.
ആ മലയുടെ മുകളിൽനിന്നു നോക്കിയാൽ കഷ്ടിച്ചു നാലു മൈൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബെത്ലെഹം പട്ടണം കാണാം അവിടെയാണു ഹോറോദേസിന്റെ മരണത്തിനു രണ്ടുകൊല്ലം മുമ്പ് യേശു പിറന്നത്.
ഹേറോദേസിനെ സംബന്ധിക്കുന്ന വിവരങ്ങൾക്കു നാം കടപ്പെട്ടിരിക്കുന്നതു യഹൂദ ചരിത്രകാരനായ ഫ്ളാവിയസ് ജോസിഫസിനോടത്രെ (A.D. 37-100). ഹേറോദേസിന്റെ സചിവനായ ഡമാസ്കസിലെ നിക്കൊളസിന്റെ രേഖകളാണു ജോസിഫസിന്നു ആധാരമായി നില്ക്കുന്നത്. ജോസിഫസിന്റെ Antiquities of the Jews, XV, 174-ൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ഹേറോദേസ് ഓർമ്മക്കുറിപ്പുകൾ എഴുതിയിരുന്നതായിട്ടറിയാം. എന്നാൽ, ജോസിഫസ് നേരിട്ട് അവയുമായി സമ്പർക്കപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. *Antiquities of the Jews, Wars of the Jews, Against Apion, Life എന്നീ നാല് ഗ്രന്ഥങ്ങൾ ജോസിഫസിന്റേതായുണ്ട്. പുതിയ നിയമ പഠിതാക്കൾക്കു ഇവ അമൂല്യ നിധികളത്രെ.
മഹാനായ ഹേറോദേസ് Antiquities of the Jews Wars of the Jews Against Apion Life ചരിത്രപുരുഷനായ ക്രിസ്തു G. Ricciotti Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206