x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തുവിജ്ഞാനീയം ഉത്തരാധുനികചിന്തയുടെ സൈദ്ധാന്തികപശ്ചാത്തലത്തിൽ

Authored by : Noble Thomas Parackal On 29-May-2021

"വചനം മാംസമായി; നമ്മുടെ ഇടയില്‍ വസിച്ചു" (യോഹ. 1,14)
അര്‍ത്ഥമുള്ള ശബ്ദമാണ് വാക്ക്. അതിന് ഭാരവും മൂര്‍ച്ചയുമുണ്ട്; ചരിത്രവും ശാസ്ത്രവും ദര്‍ശനവും സംസ്കാരവുമുണ്ട്; ഭൂതവും ഭാവിയുമുണ്ട്. അതില്‍ കവിതയും സംഗീതവുമുണ്ട്. സഭ്യമായ വാക്ക് സംസ്കാരത്തിന്‍റെ ബാഹ്യപ്രകടനവും ചരിത്രത്തിന്‍റെ വിലയിരുത്തലുമാണ്. 'ഒരു വാക്കില്‍ എന്തിരിക്കുന്നു' എന്നല്ല, 'ഒരു വാക്കില്‍ എന്തെല്ലാമില്ലാതില്ല' എന്നതാണ് ആധുനികഭാഷാവിജ്ഞാനീയം തിരയുന്നത്. ഒരു ജനതയുടെ ആത്മാവ്തന്നെ അവരുടെ വാക്കുകളില്‍ കുടികൊള്ളുന്നു. പൈതൃകസമ്മാനമായ വാക്കില്‍ സംഗീതമുണ്ട്. അതിന് താളവും ഈണവുമുണ്ടെന്ന് ഭരതമുനി പറയുന്നു: "ഛന്ദോഹീനോ ന ശബ്ദോസ്തി; ന ഛന്ദ: ശബ്ദവര്‍ജജിതം!" ഛന്ദസ്സില്ലാതെ ശബ്ദമില്ല, ശബ്ദമില്ലാതെ ഛന്ദസ്സുമില്ല. ഇത് വാക്കിന്‍റെ സത്യമാണ്. പ്രപഞ്ചം തന്നെ പ്രസ്തരിക്കപ്പെട്ട താളമാണ്. കാലം ചിട്ടപ്പെടുത്തിയ വര്‍ണ്ണസംഗീതമാണ് ഭാഷ. വ്യക്തിയിലെ സ്ഥലകാലസംഘഗാനമാണത്[1]. വാക്കിന് ഈണം ലഭിക്കുമ്പോള്‍ അത് ഭാവനയെ, സംസ്കാരത്തെ, വികാരത്തെ ജ്വലിപ്പിച്ചു കാട്ടുന്നു; അനുഭവവേദ്യമാക്കുന്നു. താളവും ഈണവുമുള്ള വാക്ക് ശ്രോതാവിനുള്ളില്‍ വിതയ്ക്കപ്പെട്ട വിത്താകുന്നു. അത് സംഗീതവും സങ്കീര്‍ത്തനവുമാകുന്നു.


"വാചാ സര്‍വ്വാണി ഭൂതാനി" എന്ന് ഐതരേയാരണ്യക ഉപനിഷത്ത്. വാക്കില്‍ നിന്നാണ് എല്ലാം ഉണ്ടായത്; ഭൂതജാതങ്ങളെല്ലാം. ആദ്യമുണ്ടായതും വാക്കാണ്; നാദസ്വരൂപമായ വാക്ക്. വാക്കും ദൈവവും തമ്മിലുള്ള ആഴമായ ഈ ബന്ധം ഭാരതീയ ആദ്ധ്യാത്മികതയിലും സെമിറ്റിക് പാരമ്പര്യങ്ങളിലും സത്യത്തിന്‍റെ പ്രകാശം പ്രസരിപ്പിക്കുന്നുണ്ട്. യോഹന്നാന്‍റെ സുവിശേഷം പറയുന്നു: "ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെയായിരുന്നു. വചനം ദൈവമായിരുന്നു.... എല്ലാം അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല" (യോഹ 1:1-3). 'ഉണ്ടാകട്ടെ' എന്ന വാക്കിലൂടെ പ്രപഞ്ചസൃഷ്ടി പൂര്‍ത്തിയാക്കിയ ദൈവമാണ് വിശുദ്ധബൈബിളില്‍ നമ്മെ സ്വാഗതം ചെയ്യുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ പ്രപഞ്ചത്തിന്‍റെ ബിഗ്ബാംഗ് ഉത്ഭവവും ജീവിവര്‍ഗ്ഗങ്ങളുടെ പരിണാമത്തിലൂടെയുള്ള ആവിര്‍ഭാവവും 'സൃഷ്ടി' എന്ന ആശയത്തെ കാരുണ്യരഹിതമായി ആക്രമിച്ചുവെങ്കിലും സഭാപ്രബോധനങ്ങള്‍ വിശ്വാസത്തിലുറച്ചു നില്ക്കുന്നു. "ദൈവം തന്‍റെ വചനത്തെ ചുരുക്കി. അവിടുന്ന് അത് സംക്ഷിപ്തമാക്കി" (ഏശ 10:23; റോമ 9:28). പുത്രന്‍ തന്നെയാണ് വചനം--ലോഗോസ് എന്ന ഏറ്റുപറച്ചില്‍ അടിസ്ഥാനപരമായ ക്രൈസ്തവവിശ്വാസമാണ്. അങ്ങനെ, നിത്യനായ വചനം ചെറുതായി--ഒരു പുല്ക്കുടിലിനു യോജിച്ചവിധം അവിടുന്ന് ഒരു ശിശുവായി. വചനം നമ്മള്‍ ഗ്രഹിക്കുന്നതിനാണത്. ഇപ്പോള്‍ വചനത്തിന് ഒരു മുഖമുണ്ട്-നമുക്കു കാണാവുന്ന മുഖം: നസ്രത്തിലെ യേശുവിന്‍റെ മുഖം.[2]


വചനപഠനത്തിന്‍റെ വികസനത്തെയും സഭയുടെ പ്രബോധനാധികാരത്തെയും കുറിച്ചു പറയുമ്പോള്‍ 2010-ലെ സിനഡനന്തര അപ്പസ്തോലികാഹ്വാനമായ വെര്‍ബും ദോമിനി ചില ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്: വചനപഠനത്തിന് അന്വേഷണത്തിന്‍റെ പുതുരീതികളെക്കുറിച്ചുള്ള അറിവും അതിന്‍റെ സമുചിതമായ പ്രയോഗവും ആവശ്യമാണെന്നും സഭാപാരമ്പര്യത്തില്‍ സാഹിത്യത്തോടും അക്ഷരത്തോടുമുള്ള താത്പര്യം എല്ലായ്പോഴുമുണ്ടായിരുന്നുവെന്നും പ്രബോധനം ഓര്‍മിപ്പിക്കുന്നു. യൂറോപ്പിന്‍റെ ആശ്രമസംസ്കാരത്തിന്‍റെ അടിത്തട്ടില്‍ വാക്കിനോടുള്ള താത്പര്യം നിലനില്ക്കുന്നുണ്ട്. ദൈവത്തിനായുള്ള ആഗ്രഹം അതിന്‍റെ എല്ലാ മാനങ്ങളിലും വാക്കിനോടുള്ള സ്നേഹത്തിലുമുണ്ട്. എന്തെന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകളിലൂടെ ദൈവം നമ്മിലേക്കു വരുന്നു; നാം ദൈവത്തിലേക്ക് അടുക്കുന്നു. അതിനാല്‍ നാം ഭാഷയുടെ രഹസ്യം പഠിക്കണം. അതിന്‍റെ ഘടനയും പ്രകാശനരീതിയും മനസ്സിലാക്കണം. അതിനാല്‍ ദൈവത്തിനുവേണ്ടിയുള്ള അന്വേഷണത്തില്‍ ഭാഷയെക്കുറിച്ച് ധാരണ നല്കുന്ന ശാസ്ത്രങ്ങളും പ്രധാനപ്പെട്ടതായിത്തീരുന്നു.[3]

1.ഉത്തരാധുനികദര്‍ശനത്തിന്‍റെ ആവിര്‍ഭാവം

വാക്കിനോടുള്ള ഉത്തരാധുനികദാര്‍ശനികസമീപനം ചിട്ടപ്പെടുത്തിയത് ഫെര്‍ഡിനാന്‍റ് ഡി സൊഷൂറും[4] (Ferdinand de Saussure) ഴാക് ദറിദയുമാണ്[5] (jacques Derrida). ഘടനാവാദമെന്ന  രീതിശാസ്ത്രത്തിന്‍റെ രചയിതാവാണ് ഫെര്‍ഡിനാന്‍റ് ഡി സൊഷൂര്‍. നരവംശശാസ്ത്രജ്ഞനായ ലെവി സ്ട്രോസ്സിന്‍റെ[6] (Levi Strauss) സംഭാവനകളും ഘടനാവാദത്തെ വളര്‍ത്തിയിട്ടുണ്ട്. പദം സൂചിപ്പിക്കുന്നതുപോലെതന്നെ ഘടനയാണ് യാഥാര്‍ത്ഥ്യം എന്ന് അവര്‍ വാദിക്കുന്നു. ഭിന്നഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ഘടനയുണ്ടാകുന്നു. ആ ഘടകങ്ങളുടെ പാരസ്പര്യം നിര്‍ണ്ണയിക്കുന്ന ബന്ധങ്ങളുടെ പഠനമാണ് ഘടനാവാദം നടത്തുന്നത്. ഇവിടെ ഭാഷയെ ബാഹ്യലോകത്തെക്കുറിച്ചുള്ള അറിവ് സാധ്യമാക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന സ്വയംപൂര്‍ണ്ണമായ ഒരു ഘടനയായി സൊഷൂര്‍ അവതരിപ്പിക്കുന്നു. ഭാഷാവ്യവസ്ഥയെ നിയന്ത്രിക്കുന്ന ആന്തരികഘടനയെ ലാങ് (langue) എന്നും, ഭാഷയുടെ ബാഹ്യരൂപത്തെ പരോള്‍ (parole) എന്നും ഫ്രഞ്ച്ഭാഷയില്‍ അദ്ദേഹം വിശേഷിപ്പിച്ചു. 'ഭാഷ'യെന്നും 'ഭാഷണ'മെന്നും യഥാക്രമം ഇവയെ മലയാളീകരിക്കാവുന്നതാണ്. 'ഭാഷ' വ്യാകരണനിയമാവലികളും പദാവലികളും ഉള്‍ക്കൊള്ളുന്ന ആന്തരികസംവിധാനവും, 'ഭാഷണം' സംസാരത്തിലും എഴുത്തിലും പ്രയോഗിക്കപ്പെടുന്ന ബാഹ്യരൂപവുമാണ്.
ഈ പശ്ചാത്തലത്തിലാണ് ഴാക് ദറിദ രംഗപ്രവേശം ചെയ്യുന്നത്. അപനിര്‍മ്മാണം (deconstruction) എന്ന ആശയത്തിന്‍റെ പ്രയോക്താവാണ് അദ്ദേഹം. ഘടനാവാദത്തിന് ശേഷമാണ് ഇത് രൂപപ്പെടുന്നത്. അപനിര്‍മ്മാണം ഘടനാവാദത്തിന്‍റെ വിമര്‍ശനവും വാക്ക് വായിക്കപ്പെടുന്നതിന്‍റെ പുതുരീതിയുമാണ് അവതരിപ്പിച്ചത്. ഘടനാവാദത്തില്‍ ഒരു ഘടനയെ സാധ്യമാക്കുന്നത് അതിന്‍റെ കേന്ദ്രമാണ്. കേന്ദ്രമില്ലാത്ത ഘടന അവരെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്. പാഠ(text)ത്തിനകത്തോ പുറത്തോ ഉത്ഭവമായോ ലക്ഷ്യമായോ ഒരു കേന്ദ്രത്തെ സങ്കല്പിക്കുന്നു. എന്നാല്‍ ഘടനയെ നിയന്ത്രിക്കുന്ന ഒരു കേന്ദ്രത്തെ സങ്കല്പിക്കുന്നത് പുരാവസ്തുവിജ്ഞാനീയപരവും (archeological) യുഗാന്ത്യോന്മുഖവുമായ (eschatological) ചിന്തകളുടെ പൊതുസ്വഭാവമാണെന്ന് ദറിദ പറയുന്നു. മൗലികമായ തത്ത്വങ്ങളോടും കേന്ദ്രത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന ചിന്തകളെല്ലാം "സാന്നിദ്ധ്യത്തെ" 9presence) നാമകരണം ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. അതായത്, സത്ത (essence), അസ്തിത്വം (existence), പദാര്‍ത്ഥം 9substance), കര്‍ത്താവ് (subject), ബോധം (consciousness), ദൈവം (God), മനുഷ്യന്‍ (man) മുതലായ സംജ്ഞകളെ കേന്ദ്രീകരിച്ച് രൂപപ്പെടുന്ന തത്ത്വചിന്താപദ്ധതികളിലെല്ലാം ഏതോ ഒരു സാന്നിദ്ധ്യത്തിന്‍റെ പ്രതിനിധാനവും പകരംവെക്കലുമാണ് നടക്കുന്നത്. ഈ സാന്നിദ്ധ്യം ഒരിക്കലും നിലനില്ക്കാത്ത ഒരു സങ്കല്പം മാത്രമാണെന്ന് തിരിച്ചറിയുമ്പോഴാണ് അപകേന്ദ്രീകരണം (decending) നടക്കുന്നതെന്ന് ദറിദ അവകാശപ്പെടുന്നു[7]. ഇവിടെയാണ് അപകടം പതിയിരിക്കുന്നതും.
പാഠത്തിന് നിശ്ചിതമായ ഒരു കേന്ദ്രമില്ലാതായിത്തീരുമ്പോള്‍ സ്വാഭാവികമായും വായന അനന്തമായ മാറ്റിവെക്കലുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്കുന്നു. കേന്ദ്രസൂചിതം ഇല്ലാതാകുമ്പോള്‍ "അര്‍ത്ഥോത്പാദനത്തിന്‍റെ കളി" അനന്തമായി നീളുന്നു. അങ്ങനെ വായനയിലൂടെ പാഠത്തില്‍ നിന്നും (ഒരു വാക്കില്‍ നിന്നും) പുതിയ അര്‍ത്ഥതലങ്ങള്‍ ഉത്പാദിപ്പിക്കാമെന്ന് ദറിദ സമര്‍ത്ഥിക്കുന്നു. "രചയിതാവിന്‍റെ മരണം" (Death of author) എന്ന പ്രബന്ധത്തിലൂടെ റൊളാങ്ങ് ബാര്‍ത്ത്[8] (Roland Barthes) മുന്നോട്ട് വയ്ക്കുന്ന വായനയുടെ വിപുലീകരണം തന്നെയാണ് മറ്റൊരു രീതിയില്‍ അപനിര്‍മ്മാണവും ഉദ്ദേശിക്കുന്നത്. ഒരു രചന വായനക്കാരന് ലഭിക്കുന്ന പാഠമാണ്. അവിടെ എഴുത്തുകാരനെന്ന വ്യക്തി അപ്രസക്തമാവുകയും രചന അതിന്‍റെ ഭാഷയിലൂടെതന്നെ സംസാരിക്കുകയും ചെയ്യുന്നുവെന്ന് ബാര്‍ത്ത് വ്യക്തമാക്കുന്നു. പാഠത്തോടൊപ്പം പുതിയ രചയിതാവ് ജനിക്കുന്നു. എഴുത്തിന് മുമ്പോ ശേഷമോ നിലനില്ക്കാത്ത ഒരു രചയിതാവാണ് അത്. എഴുതപ്പെട്ട ഭാഷ സ്വതന്ത്രമായി നിലനില്ക്കുന്ന പാഠമായിത്തീരുകയും വായനക്കാരന്‍ എഴുത്തുകാരനെപ്പോലെ മറ്റൊരു രചയിതാവായിത്തീരുകയും ചെയ്യുന്നുവെന്നാണ് ബാര്‍ത്ത് സംഗ്രഹിക്കുന്നത്. ദറിദ അല്പംകൂടി മുമ്പോട്ടുപോയി ഒരു പാഠം അതിന്‍റെ വിമര്‍ശനംകൂടി അതില്‍ത്തന്നെ ഉള്‍ക്കൊള്ളുന്നതായി സമര്‍ത്ഥിക്കുന്നു. അപ്പോള്‍ ഒരു രചനയ്ക്ക് നിയതമായ ഒരര്‍ത്ഥം ആരോപിക്കാന്‍ നമുക്കാവില്ല. ഓരോ പാഠവും സ്വയം അതിന്‍റെ അര്‍ത്ഥോത്പാദനപരമായ അവകാശത്തെ തകര്‍ക്കുകയും വായനക്കാരന് അര്‍ത്ഥോത്പാദനപരമായ സ്വതന്ത്രലീലയിലൂടെ (freeplay) നിരവധി പാഠങ്ങളുത്പാദിപ്പിക്കാനുള്ള അവസരം നല്കുകയും ചെയ്യുന്നു.[9]
അങ്ങനെ ഒരേ വാക്കില്‍, ഒരേ രചനയില്‍ ഭിന്നമായ അര്‍ത്ഥതലങ്ങള്‍ സന്നിവേശിപ്പിക്കപ്പെട്ടു. വായനയുടെ രാഷ്ട്രീയം രൂപമെടുത്തു. നിയതമായ അര്‍ത്ഥം സൂചിപ്പിക്കുന്ന വാക്കുകളോ രചനകളോ ഇല്ലെന്നുവന്നു. ഭാഷാവിജ്ഞാനീയത്തിലെ ഈ വിപ്ലവാശയം സാഹിത്യനിരൂപണത്തിലും ഭാഷാപഠനത്തിലും വിമര്‍ശനത്തിലും മാത്രമൊതുങ്ങി നില്ക്കാതെ വചനമായ ദൈവത്തെയും മതാത്മകമായ വിശ്വാസപ്രബോധനങ്ങളെയും നിയതമായ ധാര്‍മ്മികമൂല്യങ്ങളെയും ആക്രമിക്കാന്‍ തുടങ്ങി. വായനയുടെ ഈ ദുഃസ്വാധീനം എല്ലാവരിലുമെത്തി. വിമര്‍ശനത്തിന്‍റെ വീക്ഷണങ്ങള്‍ വിശ്വാസത്തിലേക്കു സംവഹിച്ച പുതുതലമുറ ദൈവത്തെയും (ലോഗോസ്) ധാര്‍മ്മികനിയമങ്ങളെയും അപനിര്‍മ്മിക്കാന്‍ തുടങ്ങി. സാധാരണക്കാരന്‍റെ ചിന്തയെപ്പോലും അവരറിയാതെ സ്വാധീനിച്ച ഈ ദാര്‍ശനികപദ്ധതിയുടെ സ്വാധീനം മൂലം വിശ്വാസത്തില്‍ വിരുദ്ധവീക്ഷണങ്ങളുണ്ടായി; മനുഷ്യദൈവങ്ങളുണ്ടായി; പുതിയ സഭകളുണ്ടായി; നവസഭാവിഭാഗങ്ങളുണ്ടായി (sects). വാക്കിന്‍റെ/വചനത്തിന്‍റെ ദളിത്വായനയും സ്ത്രീപക്ഷവായനയും മാര്‍ക്സിസ്റ്റ് വായനയും രൂപപ്പെട്ടതിന്‍റെ പശ്ചാത്തലവും മറ്റൊന്നല്ല.

2. ഉത്തരാധുനികചിന്താസരണിക[ള്‍10]

ഉത്തരാധുനികത നിരവധി ചിന്തകളുടെ സംയുക്തമാണ്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് അതിന്‍റെ മുഖമുദ്ര. എങ്കിലും ഉത്തരാധുനികചിന്തയുടെ ചില പ്രമുഖപ്രവണതകളെ വിലയിരുത്തേണ്ടത് അതിന്‍റെ സ്വഭാവനിര്‍ണയത്തിന് അനിവാര്യമാണ്.

2.1 സത്താനിരാകരണം (denial of ontology): മനുഷ്യനെ ഇതരജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അവന്‍റെ സത്തയാണ്. അവന് വ്യക്തിത്വം നല്കുന്നതും അതാണ്. ഉത്തരാധുനികത ഈ സത്തയെ വെറും 'നിര്‍മ്മിതി'യായിട്ടാണ് പരിഗണിക്കുന്നത്. മനുഷ്യന്‍റെ സത്തയെ നിര്‍ണയിക്കുന്ന സത്തകള്‍ സമൂഹനിര്‍മ്മിതി മാത്രമാണത്രേ. അവ ചൂഷണത്തിനുള്ള തന്ത്രങ്ങളാണെന്നും ഉത്തരാധുനികത ചൂണ്ടിക്കാട്ടുന്നു (ഉദാ: വെളുത്ത വര്‍ഗ്ഗക്കാര്‍/കറുത്ത വര്‍ഗ്ഗക്കാര്‍, സ്ത്രീ/പുരുഷന്‍). ലക്കാന്‍റെയും ഫുക്കോയുടെയും ഉത്തരഘടനാപഠനങ്ങളാണ് ഈ വാദത്തിനാധാരം.

2.2 യാഥാര്‍ത്ഥ്യവാദത്തിന്‍റെ നിരാകരണം (denial of realism): പുരാതനവും ആധുനികവുമായ യാഥാര്‍ത്ഥ്യസങ്കല്പങ്ങള്‍ പലതും ഇവിടെ തകരുകയാണ്. നിശ്ചിതവും സ്വതന്ത്രവുമായ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഉത്തരാധുനികതയ്ക്ക് നിര്‍വ്വചിക്കാനാവില്ല. നിഷ്പക്ഷമായവയേയും സാര്‍വ്വത്രികമായവയേയും തള്ളിപ്പറയുന്ന ഉത്തരാധുനികവിവരണങ്ങള്‍ പക്ഷേ, വ്യക്തിനിഷ്ഠവും സമയബദ്ധവുമായ വിവരണങ്ങളെ ആഘോഷമാക്കുന്നു.

2.3 അടിസ്ഥാനങ്ങളിലുള്ള അവിശ്വാസം (disbelief in basics): ഉത്തരാധുനികതയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനങ്ങളിലുള്ള അവിശ്വാസം ഒരുതരം ജീവമന്ത്രമാണ്. നിയതമായ പാശ്ചാത്യതത്ത്വങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്ന ഉത്തരാധുനികത യാതൊരുവിധത്തിലുള്ള ആത്മീയദര്‍ശനങ്ങളിലും ഭൗതികസിദ്ധാന്തങ്ങളിലും വിശ്വസിക്കുന്നില്ല. സ്വതന്ത്രവ്യാപാരങ്ങളുടെ ആഘോഷശ്രേണിയായ ഉത്തരാധുനികചിന്ത എന്തിനെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള തുറവി കാണിക്കുന്നുവെങ്കിലും പരിമിതമായവയെല്ലാം തള്ളിക്കളയുന്നു. കേന്ദ്രീകൃതവാദങ്ങളെല്ലാം ഉത്തരാധുനികതയ്ക്ക് അന്യവും വര്‍ജ്ജ്യവുമാണ്.


2.4 ബഹുസ്വരത (plurality): ഉത്തരാധുനികത എന്തിനെയും സ്വീകരിക്കുകയും ഉള്‍ക്കാള്ളുകയും ചെയ്യുന്നു. തള്ളലുകളേക്കാള്‍ ഉള്‍ക്കൊള്ളലാണ് അതിന്‍റെ മുഖമുദ്ര. എല്ലാം ഒരേ പ്രാധാന്യത്തോടെ വീക്ഷിക്കുന്നു എന്നതിലാണ് ഉത്തരാധുനികതയുടെ ബഹുസ്വരത അടങ്ങിയിരിക്കുന്നത്. ദര്‍ശനങ്ങളും വ്യാഖ്യാനങ്ങളും ഒന്നുംതന്നെ പൂര്‍ണമല്ല, അവ യാഥാര്‍ത്ഥ്യനിര്‍മ്മിതിയുടെ ഘടകങ്ങള്‍ മാത്രമാണെന്ന ചിന്തയാണ് ഈ ബഹുസ്വരതയുടെ അടിസ്ഥാനം.


3. ഉത്തരാധുനികദൈവശാസ്ത്രം

ഉത്തരാധുനികതയുടെ പൊതുസ്വഭാവമാണ് ആധുനികതയോടുള്ള പ്രതിഷേധം. യുക്തിയുടെ കാലഘട്ടമായിരുന്ന 18-ാം നൂറ്റാണ്ടിലെ ദൈവശാസ്ത്രങ്ങളോടുള്ള അമര്‍ഷമാണ് ഉത്തരാധുനികദൈവശാസ്ത്രത്തിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്. ബുദ്ധിയിലൂടെ മാത്രമേ ദൈവത്തെ അറിയാന്‍ സാധിക്കൂ എന്നചിന്ത കാത്തുസൂക്ഷിച്ച യുക്തിവാദികളില്‍ നിന്നാണ് ആധുനികദൈവശാസ്ത്രത്തിന്‍റെ ആരംഭം കുറിക്കപ്പെടുന്നത്. തോമസ് അക്വീനാസിന്‍റെ ബൗദ്ധികസമീപനങ്ങളുടെ സൈദ്ധാന്തീകരണമാണ് ആധുനികദൈവശാസ്ത്രത്തിലുടനീളം സംഭവിച്ചത്. ബുള്‍ട്ടുമാന്‍റെ അനൈതിഹ്യവത്കരണ(demytologisation)വാദത്തോടെ രൂപംകൊണ്ട നവീനയാഥാസ്ഥിതികത്വം (neoorthodoxy) വൈരുദ്ധ്യാത്മക (dialectic) ദൈവശാസ്ത്രത്തിനു വഴിതുറന്നു. ദൈവശാസ്ത്രം എന്നത് ദൈവികമായ ഞാന്‍-നീ (i-Thou) ബന്ധത്തിന്‍റെ വ്യാഖ്യാനമായി. കാള്‍ ബാര്‍ത്തിന്‍റെ കാലത്തോടെ പൂര്‍ണ്ണവളര്‍ച്ചയിലെത്തിയ ഈ യുഗം 1960-കളോടെ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങള്‍ക്കും ദൈവമൃത്യു(death of God theology) ദൈവശാസ്ത്രത്തിനും വഴിമാറി.


യുക്തികൊണ്ട് അപഗ്രഥിക്കാനാവാത്തതിനെയെല്ലാം നിശ്ശേഷം തുടച്ചുമാറ്റിയപ്പോള്‍ ആധുനികതയ്ക്ക് യാതൊന്നും പകരംവയ്ക്കാനില്ലാതായിത്തീര്‍ന്നു. അത് ഭീകരമായ ഒരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഈ ശൂന്യതയോടുള്ള ഒരു പ്രതിഷേധമായിട്ടാണ് ഉത്തരാധുനികദൈവശാസ്ത്രം ആവിര്‍ഭവിക്കുന്നത്. സൈദ്ധാന്തവത്കരിക്കപ്പെട്ട ബൗദ്ധികസമീപനങ്ങളെയെല്ലാം ദൈവശാസ്ത്രാപഗ്രഥനങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് ഉത്തരാധുനികദൈവശാസ്ത്രം ശ്രമിക്കുന്നത്. ഭാവിയെ മുന്‍നിര്‍ത്തി വര്‍ത്തമാനകാലത്തെ ആഖ്യാനം ചെയ്ത ആധുനികതയുടെ കാഴ്ചപ്പാടിനു വിരുദ്ധമായി വര്‍ത്തമാനകാലത്തെ ഭൂതകാലത്തിന്‍റെ വെളിച്ചത്തില്‍ പുനരാഖ്യാനം ചെയ്യണമെന്നാണ് ഉത്തരാധുനികപക്ഷം. തത്ഫലമായി സത്താപരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുപരിയായി (metaphysical/ontological realities) സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ പ്രതിഷ്ഠിക്കാനാണ് ഉത്തരാധുനികത ശ്രമിക്കുന്നത്. അടിസ്ഥാനപ്രമാണങ്ങളില്‍ നിന്ന് വ്യതിരിക്തതകളിലേക്ക് നീങ്ങുന്ന പരമ്പരാഗതദൈവശാസ്ത്ര വിശകലനരീതിയ്ക്കു (deductive method) പകരമായി വ്യതിരിക്തതകളില്‍ നിന്ന് അടിസ്ഥാനപ്രമാണങ്ങളിലേക്ക് നീങ്ങുന്ന രീതി (inductive method) അവലംബിച്ചു എന്നതാണ് ഉത്തരാധുനികത ദൈവശാസ്ത്രത്തില്‍ വരുത്തിയ കാതലായ മാറ്റം. അടിസ്ഥാന ദൈവശാസ്ത്രങ്ങളേക്കാള്‍ വിമോചനദൈവശാസ്ത്രവും സാമൂഹിക-രാഷ്ട്രീയ ദൈവശാസ്ത്രസരണികളും മുഖ്യധാരാദൈവശാസ്ത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്.


3.1 അടിസ്ഥാനകാഴ്ചപ്പാടുകള്‍ [11]
ഉത്തരാധുനിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാടുകളെ മൂന്നായി തിരിക്കാം:


3.1.1 പ്രഖ്യാപിതമായ വിശ്വാസപ്രമാണങ്ങളോടും നിശ്ചയിക്കപ്പെട്ട നിയമസംഹിതകളോടുമുള്ള അകലം: ഇത്തരം വിശ്വാസപ്രമാണങ്ങളും നിയമസംഹിതകളും പരിണാമവിധേയമായ സംസ്കാരത്തിന്‍റെയും സാമൂഹികജീവിതത്തിന്‍റെയും ഫലമാണ്. നിശ്ചിതസ്ഥലകാലങ്ങളിലെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമായതിനാല്‍ അവയെ അടിസ്ഥാനവത്കരിക്കുന്നത് നിരര്‍ത്ഥകമാണ്. അതിനാല്‍ പ്രഖ്യാപിതവിശ്വാസസത്യങ്ങളുടെ അടിസ്ഥാനത്തില്‍ സന്മാര്‍ഗ്ഗജീവിതം കെട്ടിപ്പടുക്കുകയല്ല, മറിച്ച് യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ നിന്നും പുതിയ വിശ്വാസപ്രമാണങ്ങള്‍ രൂപപ്പെടുത്തുകയാണ് വേണ്ടത്. ഇവിടെ പരമ്പരാഗത ദൈവശാസ്ത്രം പൂര്‍ണമായും തിരസ്കരിക്കപ്പെടുന്നതിനാല്‍ അവയുടെ ദൈവനിവേശിതമാനവും അവഗണിക്കപ്പെടുന്നുണ്ട്. എങ്കിലും വിശ്വാസസത്യങ്ങള്‍ കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടേണ്ടതാണെന്ന സഭാനിലപാടുകളോട് അടുത്തുനില്ക്കുന്ന ചിന്തയാണ് ഇത്.


3.1.2 ദൈവശാസ്ത്രത്തെ ഒരു ജീവിതശൈലിയായി കണക്കാക്കണം: നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളുടെ അര്‍ത്ഥവും ആഴവും തിരയുന്ന ബൗദ്ധികവ്യാപാരങ്ങളോട് ഉത്തരാധുനികത സൂക്ഷിക്കുന്ന അകല്‍ച്ചയാണ് ഇവിടെ സ്പഷ്ടമാകുന്നത്. അനുദിനജീവിതത്തിന്‍റെ ദൈവശാസ്ത്രത്തോടും യഥാര്‍ത്ഥമായ ജീവിതാവസ്ഥകളോടും പ്രതികരിക്കുന്ന സ്ത്രീവിമോചനം, നീഗ്രോ, ദളിത് മൂല്യസംഹിതകള്‍, ഹിജഡകളുടെ ദൈവബോധം എന്നിങ്ങനെയുള്ള ഉപധാരാസരണികളെ subaltern theologies) ദൈവശാസ്ത്രത്തിന്‍റെ മുഖ്യധാരയില്‍ ഉത്തരാധുനികത അവതരിപ്പിക്കുന്നു. ശരിയായ ജീവിതം ശരിയായ തത്ത്വങ്ങളേക്കാള്‍ പ്രസക്തമാണത്രേ (orthopraxis replaces orthodoxy).


3.1.3 ദൈവശാസ്ത്രത്തിന്‍റെ വൈവിധ്യങ്ങളെ (Pluralism of theologies) പ്രോത്സാഹിപ്പിക്കുക: ദൈവശാസ്ത്രത്തേയും ദൈവശാസ്ത്രജ്ഞരേയും ഒരേ കുടക്കീഴില്‍ നിര്‍ത്താനുള്ള പരമ്പരാഗതശ്രമത്തിനെതിരേയുള്ള പ്രതിഷേധമാണ് ഈ സമീപനം. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ (magisterial teaching) ദൈവശാസ്ത്രത്തില്‍ ഒരു സമീപനം മാത്രമായാണ് പരിഗണിക്കപ്പെടേണ്ടത് എന്ന് അവര്‍ വാദിക്കുന്നു. പഠനങ്ങള്‍ സാധൂകരിക്കപ്പെടുന്നത് അവ സ്വീകരിക്കപ്പെടുന്നവരിലൂടെയാണ്.


3.2 ക്രിസ്തുവിജ്ഞാനീയം
ഉത്തരാധുനികത വളരെ ചെറുപ്പമാണ്. വ്യക്തികേന്ദ്രീകൃതവാദങ്ങളുടെ നിഷേധം പോലെ ശക്തമായ നിലപാടുകള്‍ അതിനുണ്ട്. വളര്‍ച്ചയുടെ പാതയില്‍ അത് നിരാകരിച്ചിരിക്കുന്നത് എന്തൊക്കെയാണെന്നതും വളരെ വ്യക്തമാണ്. പക്ഷേ, ഉത്തരാധുനികത ഉള്‍ക്കൊണ്ട പലതിനും പൂര്‍ണമായ വളര്‍ച്ച പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രിസ്തുവിജ്ഞാനീയം അതിനുദാഹരണമാണ്. അത് ആധുനികതയ്ക്കു മുമ്പുള്ള ക്രിസ്തുവിജ്ഞാനീയത്തിന് സമാനമാണ്. വര്‍ത്തമാനകാലക്രിസ്തുവിജ്ഞാനീയത്തില്‍, ഒരുപക്ഷേ കാലാന്തരത്തില്‍ ഒന്നായിത്തീര്‍ന്നേക്കാവുന്ന രണ്ടു ചിന്താധാരകള്‍ നമുക്ക് കാണാനാകും:[12]


3.2.1 സഭാപാരമ്പര്യത്തിലെ ക്രിസ്തു: മുകളില്‍പ്പറഞ്ഞ രണ്ടു ചിന്താധാരകളില്‍ ആദ്യത്തേതിലെ ക്രിസ്തു സഭാപാരമ്പര്യത്തിലെ കാല്‍സിഡോണിയന്‍ സൂനഹദോസില്‍ രൂപം കൊണ്ട ക്രിസ്തുവിനോട് ഏറെ സദൃശ്യനാണ്. സ്വാഭാവികാതീത വിവരണങ്ങളിലാണ് അതിന്‍റെ രഹസ്യം. മാനുഷിക-ദൈവികതലങ്ങള്‍ക്കിടയിലുള്ള വിഭജനരേഖയായി (intersection) മനുഷ്യാവതാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇത് ദൈവികവും മാനുഷികവുമായ പ്രകൃതങ്ങളുടെ കൂടിച്ചേരല്‍ എന്ന വൈരുദ്ധ്യത്തെ ഇല്ലാതാക്കുന്നുണ്ടെങ്കിലും ദൈവമെങ്ങനെ മനുഷ്യനായി എന്നു വിശദീകരിക്കുന്നില്ല.


യേശുവിലൂടെ മാനുഷികതലത്തില്‍ ദൈവം നടത്തുന്ന വിഭജനമാണ് നീതിമാന്മാരായിരിക്കാന്‍ നമ്മെ സഹായിക്കുന്നത്. മനുഷ്യനല്ല ദൈവമാണ് നീതിമാന്‍. മനുഷ്യസ്വഭാവത്തില്‍ നീതിപൂര്‍വ്വകമായത് ഒന്നും തന്നെയില്ലാത്തതിനാല്‍ അവനിലേക്കെന്തെങ്കിലും കൂട്ടിച്ചേര്‍ത്ത് അവനെ നീതിമാനാക്കുക സാധ്യമല്ല. അങ്ങനെയാണ് ഒരു മദ്ധ്യസ്ഥന്‍റെ സഹായം നമുക്ക് ആവശ്യമായി വരുന്നത്. മനുഷ്യനും ദൈവത്തിനുമിടയില്‍ ഒരു മദ്ധ്യസ്ഥനായി നിന്നുകൊണ്ട് ദൈവത്തിലേക്ക് സ്വാംശീകരിക്കപ്പെടാനുള്ള ഒരു പാലമായി അവിടുന്ന് വര്‍ത്തിക്കുകയാണ്. ഇപ്രകാരം ദൈവത്തിലേക്ക് സ്വാംശീകരിക്കപ്പെടുന്ന നാം അവിടുത്തേപ്പോലെയായിത്തീരുന്നു. ഇപ്രകാരം, നീതിമാനായ ദൈവവുമായി ഒന്നായിത്തീരുകയെന്നതാണ് നമ്മുടെ ലക്ഷ്യം.


3.2.2 ഉത്തരാധുനിക ദൈവശാസ്ത്രജ്ഞരുടെ യേശു: ആള്‍ത്തൈസര്‍, കോബ്, ലോത്യാര്‍ദ് എന്നിവരുടെ യേശുദര്‍ശനമാണിത്. ഇവരുടെ യേശുവിനെക്കുറിച്ച് പൊതുവില്‍ പറയാവുന്ന ഏറ്റവും ലളിതമായ പ്രസ്താവന "ലോകത്തിലുള്ള ദൈവികപ്രവര്‍ത്തനങ്ങളുടെ പ്രകൃതം വെളിപ്പെടുത്തുന്ന യേശുവിന്‍റെ ജീവിതത്തോടുള്ള ആകര്‍ഷണമാണ് ക്രിസ്തീയതയുടെ സത്ത" എന്നതാണ്. എല്ലാ ക്രിസ്തുവിജ്ഞാനീയവും ഇതേ ആശയം അവതരിപ്പിക്കുന്നതിനാല്‍ പ്രയോഗത്തില്‍ ഇത് ഒരാവര്‍ത്തനമാണ്. എന്നാല്‍ ദൈവത്തിന്‍റെ സമ്മര്‍ദ്ദരഹിതമായ non-coercive) പ്രകൃതത്തോട് ബന്ധപ്പെടുത്തിയാണ് ഇത് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സമ്മര്‍ദ്ദത്തിന്‍റെയല്ല, സമഗ്രവും ശക്തവുമായ പ്രേരണയുടെ (gentle persuation) മാതൃകയാണ് ഈശോ വെളിപ്പെടുത്തിയത്.


കോബിന്‍റെ (Cobb) ക്രിസ്തുവിവരണം ഇപ്രകാരമാണ്: മനുഷ്യചരിത്രത്തിലെ ഒരു പ്രത്യേകനിമിഷത്തിലെ ദൈവികോദ്ദേശത്തിനായി തന്‍റെ വാക്ക് (logos) അവിടുന്ന് സംസാരിക്കുന്നു. നസറത്തിലെ ഈശോ എന്ന പ്രത്യേക മനുഷ്യജീവിതത്തില്‍ ഈ വാക്ക് മാംസമായിത്തീരുകയും പൂര്‍ണമായി യാഥാര്‍ത്ഥ്യവത്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഈ വാക്ക് മാംസം ധരിക്കപ്പെട്ട മനുഷ്യവ്യക്തിയായതിനാല്‍ ഈശോ ക്രിസ്തുവായി അംഗീകരിക്കപ്പെട്ടു. അതിനാല്‍ ഒരുവന്‍ അവന്‍റെ ജീവിതത്തെ സംബന്ധിച്ചിടത്തോളമുള്ള ദൈവഹിതം എത്രത്തോളം നിറവേറ്റുന്നുവോ അത്രമാത്രം ക്രിസ്തു അവന്‍റെ ജീവിതത്തില്‍ സന്നിഹിതമായിരിക്കും. "ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു" എന്ന് പൗലോസ് ശ്ലീഹാ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഇതാണ്. അതിനാല്‍, ക്രിസ്തു എന്നേക്കുമായുള്ള ഒരാളല്ല. ദൈവത്തിന്‍റെ ഉദ്ദേശം പൂര്‍ത്തീകരിക്കുന്ന ഏതൊരു വ്യക്തിയും ക്രിസ്തുവാണ്.


തന്‍റെ ഉപമകളിലേക്ക് സ്വയം സന്നിവേശിപ്പിച്ച ഒരാളാണ് ആള്‍ത്തൈസറിന്‍റെ ക്രിസ്തു. കഥ തന്നെ സന്ദേശമാണെന്ന ആഖ്യാന ദൈവശാസ്ത്രത്തിന്‍റെ (narrative theology) കാഴ്ചപ്പാടിനോട് ഇത് കൂറു പുലര്‍ത്തുന്നുണ്ട്. ഓര്‍മ്മയില്‍ സൂക്ഷിച്ചുവച്ച് അനുസരിക്കാനുള്ള ആദര്‍ശങ്ങളുടെ ഒരു ശേഖരമല്ല ക്രിസ്തീയതയും ക്രിസ്തുവും. അത് സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും പ്രതിബദ്ധതയുടെയും ഒരു ജീവിതശൈലിയാണ്. ക്രിസ്തുവിനെയും ദൈവരാജ്യത്തെയും മാംസം ധരിപ്പിച്ച കഥകള്‍ പറഞ്ഞ ഒരാളാണ് ആള്‍ത്തൈസറിന്‍റെ "ഉപമകളിലെ ക്രിസ്തു". ദൈവവചനത്തെ സ്വാംശീകരിക്കാന്‍ ദൈവശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ പരിശ്രമിച്ചെങ്കിലും പ്രവര്‍ത്തനനിരതയായ സഭയ്ക്കു മാത്രമാണ് ക്രിസ്തുവിന്‍റെ സ്നേഹത്തെ ആവിഷ്കരിക്കാന്‍ സാധിച്ചത്. മനുഷ്യാവതാര ദൈവശാസ്ത്രത്തില്‍ സ്നേഹവിരുന്നിനെക്കുറിച്ചുള്ള ആശയം കണ്ടെത്താമെങ്കിലും അതിനപ്പുറം സ്നേഹമെന്ന ആദര്‍ശത്തിന്‍റെ സാന്നിദ്ധ്യം എവിടെയുമില്ല. ചുരുക്കത്തില്‍, യേശുവിന്‍റെയോ ദൈവശാസ്ത്രത്തിന്‍റെയോ വ്യാഖ്യാനമല്ല, കഥയുടെ ജീവിതമാണ് ക്രിസ്തുവിനെ പ്രകാശിപ്പിക്കുന്നത്.


3.3 യുഗാന്ത്യവും ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനവും[13]

പ്രപഞ്ചത്തിന്‍റെ പൂര്‍ണ്ണമായ നാശത്തെക്കുറിക്കുന്ന യുഗാന്ത്യദര്‍ശനങ്ങള്‍ക്കു പകരമായി സ്ഥലകാലപരിമിതികള്‍ക്കുള്ളില്‍ നിലകൊള്ളുന്ന ഒന്നാണ് ഉത്തരാധുനികത തിരഞ്ഞെടുക്കുന്നത്. യുഗാന്ത്യത്തെ അന്ത്യംവരെ കാത്തിരിക്കാതെ വര്‍ത്തമാനകാലത്തില്‍ ആവിഷ്കരിക്കാനാവില്ലേ എന്ന അന്വേഷണമാണ് ഇവിടെ നടക്കുന്നത്. ഇതിന് വിശുദ്ധ ഗ്രന്ഥാടിസ്ഥാനവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനം വൈകിയപ്പോള്‍ ആദിമസഭ അവന്‍റെ പ്രത്യാഗമനത്തെ നിത്യവും സംഭവിക്കുന്ന കൗദാശിക ആഗമനമായി പുനരാഖ്യാനം ചെയ്തു. പ്രത്യാഗമനത്തിന്‍റെ ഭാവിമാനത്തെ വര്‍ത്തമാനകാലത്തിലേക്ക് പുനരാഖ്യാനം ചെയ്യാനാകുമെന്നും അത്തരം പുനരാഖ്യാനം ക്രിസ്തീയപാരമ്പര്യത്തിന് വിരുദ്ധമല്ലെന്നും ഉത്തരാധുനികരക്ഷാശാസ്ത്രം വിശദീകരിക്കുന്നുണ്ട്. രക്ഷ എന്നത് ദൈവ-പ്രപഞ്ച-മനുഷ്യ (cosmotheandric) ബന്ധങ്ങള്‍ നൂതനതലത്തിലേക്ക് പ്രവേശിക്കുന്നതാണ്. ബന്ധങ്ങളുടെ നൂതനതലങ്ങളുടെ അപനിര്‍മ്മാണത്തിന് ക്രിസ്തുമാര്‍ഗ്ഗത്തോളം പ്രയോജനപ്പെടുന്ന മാതൃക മറ്റൊന്നുമില്ലെന്ന് ഉത്തരാധുനികത സമ്മതിക്കുന്നു. മനുഷ്യാവതാരം തന്നെ പുതുയുഗാരംഭമാകയാല്‍ യുഗാന്ത്യമെന്നത് നിത്യവും സംഭവിക്കുന്ന രക്ഷകന്‍റെ പ്രത്യാഗമനമാണ്. അത് തിരിച്ചറിയാതെ അവന്‍റെ രണ്ടാമത്തെ ആഗമനം നോക്കിപ്പാര്‍ത്തിരിക്കുന്നത് അബദ്ധമാണെന്ന് ഉത്തരാധുനികത സമര്‍ത്ഥിക്കുന്നു.


രക്ഷയിലേക്കുള്ള മാര്‍ഗ്ഗം അപരനാണെന്ന് കാട്ടിത്തന്നതാണ് ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ അനന്യതയായി ഉത്തരാധുനികത ചൂണ്ടിക്കാട്ടുന്നത്. അപരന്‍റെ സാന്നിദ്ധ്യം നിരന്തരം നമ്മെ കടന്നുപോകുന്ന ദൈവത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അപരന്‍റെ ഛായ ദൈവഛായ തന്നെയാകയാല്‍ ഓരോ ജന്മവും മനുഷ്യാവതാരത്തോളം വിലയുള്ളതാണ്. ഇക്കാരണത്താലാണ് രക്ഷാചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകസംഭവമായി മനുഷ്യാവതാരം മാറുന്നത്. മനുഷ്യാവതീര്‍ണ്ണനായ ക്രിസ്തു ഒരു തുറന്ന വിവരണമാണത്രേ 9open narrative). ദൈവം തന്നെത്തന്നെ മനുഷ്യര്‍ക്കു തുറന്നുവെളിപ്പെടുത്തുന്ന ക്രിസ്തുവാകുന്ന തുറന്ന വിവരണത്തില്‍ രക്ഷയുടെ മാനം സാര്‍വ്വത്രികമാകുന്നു. അങ്ങനെ ക്രിസ്തുവിലൂടെ കൈവരുന്ന രക്ഷയുടെ വ്യാഖ്യാനത്തിന് അനന്തമായ സാധ്യതകള്‍ ലഭിക്കുന്നു.


4. ക്രിസ്തുവിന്‍റെ അപനിര്‍മ്മിതികള്‍[14]

"അപനിര്‍മ്മിക്കപ്പെടുന്നതിന് സഭയ്ക്ക് ഒരു ഴാക് ദറിദയുടെ ആവശ്യമില്ല, കാരണം അതിന് ക്രിസ്തുവുണ്ട്. സഭയുടെ അപനിര്‍മ്മാണം ഉള്ളില്‍ നിന്നാണ് സംഭവിക്കുന്നത്" ജയിംസ് കെ.എ. സ്മിത്തിന്‍റെ വാക്കുകളാണിവ. ഉത്തരാധുനിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ക്രിസ്തുസംഭവങ്ങളെ വിലയിരുത്തുന്ന ചിന്തകര്‍ അപനിര്‍മ്മാണം എന്ന ഉത്തരാധുനികപ്രക്രിയയെ ക്രിസ്തുവിന്‍റെ പ്രവര്‍ത്തനശൈലിയായി തിരിച്ചറിയുന്നുണ്ട്. ഉത്തരാധുനികവ്യാഖ്യാനസങ്കേതങ്ങളുപയോഗിച്ച് നടത്തുന്ന ഇത്തരം വിശകലനങ്ങളെല്ലാം രൂപപ്പെടുത്തുന്നത് ഒരു ഉത്തരാധുനിക ക്രിസ്തുവിജ്ഞാനീയമാണ്. ഫരിസേയരും പുരോഹിതരും ദൈവവചനത്തെ വളച്ചൊടിച്ച് സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്നത് എതിര്‍ക്കുന്ന യേശുവിനെ സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. ദൈവം, സാബത്ത്, മനുഷ്യന്‍, നിയമം, സ്നേഹം, അധികാരം തുടങ്ങിയവയെക്കുറിച്ച് ആ കാലഘട്ടത്തിനുണ്ടായിരുന്ന നിരവധി മുന്‍വിധികളെ യേശു പൊളിച്ചെഴുതുന്നുണ്ട്. അവയില്‍ ചിലത് നമുക്കൊന്ന് പരിശോധിക്കാം:


4.1 ദൈവം
ഇസ്രായേലിന് യാഹ്വേ സ്രഷ്ടാവും പരിപാലകനും ഏകനും സര്‍വ്വശക്തനും നിത്യനും പരമാരാധ്യനുമായിരുന്നു. ജനത്തെ ദൈവത്തിന് വിധേയരാക്കുന്നതിനുവേണ്ടി നിയമഗ്രന്ഥത്തിന്‍റെ ഔദ്യോഗിക വ്യഖ്യാതാക്കള്‍ കണിശക്കാരനും ശിക്ഷിക്കുന്നവനുമായിട്ടാണ് ദൈവത്തെ അവതരിപ്പിച്ചത്. ഇത് യഹൂദരെ നിഷേധാത്മകമായിട്ടാണ് സ്വാധീനിച്ചത്. പുറപ്പാടിന്‍റെ ദൈവം അവര്‍ക്കപരിചിതനും അവരില്‍ നിന്ന് വിദൂരസ്ഥനുമായി നിന്നു. യാഹ്വേയുടെ രക്ഷാകരമായ സാന്നിദ്ധ്യം അവര്‍ക്ക് അനുഭവവേദ്യമായില്ല. മതാചാരങ്ങളിലുള്ള ശുദ്ധി ദൈവത്തോടുള്ള കടമയായി അവര്‍ കരുതി. ശുദ്ധി വ്യത്യസ്തതകള്‍ സൃഷ്ടിച്ചു. അവര്‍ക്കിടയിലുള്ള ബന്ധങ്ങളും അതുവഴി സങ്കീര്‍ണ്ണമായി. ധനികര്‍, ശക്തിയുള്ളവര്‍, അറിവുള്ളവര്‍ എന്നിവര്‍ ശുദ്ധരും പാവപ്പെട്ടവര്‍, രോഗികള്‍, നിരക്ഷരര്‍ എന്നിവര്‍ അശുദ്ധരുമായി. ശുദ്ധര്‍ അശുദ്ധരെ എല്ലായിടങ്ങളിലും നിന്ന് പുറന്തള്ളി. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് യേശു ജനിക്കുന്നത്.
പ്രകൃത്യതീതനായ ഒരു ദൈവത്തെക്കുറിച്ച് യേശു സംസാരിച്ചില്ല. അവിടുത്തെ ദൈവാനുഭവം അബ്ബാ-അനുഭവമായിരുന്നു. ദൈവത്തോട് കരുണയ്ക്ക് വേണ്ടി യാചിക്കുന്ന ഒരു ഭക്തനെപ്പോലെയായിരുന്നില്ല അവിടുന്ന്. അത്ഭുതകരമായ അടുപ്പം യേശുവിന് ദൈവവുമായുണ്ടായിരുന്നു. ഒരു ശിശുവിനേപ്പോലെ അവിടുന്ന് പിതാവിനെക്കുറിച്ച് സംസാരിച്ചു: "സര്‍വ്വവും എന്‍റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല" (മത്താ 11,27). പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരിക എന്ന് ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു, "എന്നെക്കാണുന്നവന്‍ പിതാവിനെക്കാണുന്നു" (യോഹ 14,9). ലോകത്തിന്‍റെ ഐക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന (യോഹ 17) പിതാവുമായുള്ള യേശുവിന്‍റെ വൈകാരികബന്ധമാണ് വെളിപ്പെടുത്തുന്നത്. പിതാവുമായുള്ള ഐക്യത്തിലാണ് അവിടുന്ന് മരണമടഞ്ഞതും, "പിതാവേ, അങ്ങയുടെ കരങ്ങളില്‍ ഞാനെന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു" (ലൂക്കാ 23,46). ഇപ്രകാരമെല്ലാം യഹൂദസമുദായത്തിന്‍റെ ദൈവഭയത്തെ ഇല്ലാതാക്കാന്‍ യേശു പരിശ്രമിച്ചു. പിതാവായ ദൈവത്തിന്‍റെ രക്ഷാകരമായ സ്നേഹം അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിന് സാബത്തിന്‍റെ പരിശുദ്ധക്രമങ്ങള്‍ വരെ ലംഘിക്കുന്ന യേശുവിനെ നാം കണ്ടുമുട്ടുന്നുണ്ട്.

4.2 അധികാരം

യഹൂദജനത്തിന്‍റെ അധികാരസങ്കല്പങ്ങളെ തകര്‍ത്ത് ദൈവരാജ്യത്തിന്‍റെ കാഴ്ചപ്പാടില്‍ അവയെ യേശു പുനര്‍നിര്‍മ്മിക്കുന്നു. ശക്തിയുപയോഗിച്ച് തന്‍റെ എതിരാളികളെ ഇല്ലാതാക്കിയ ഒരു അത്ഭുതശക്തിയല്ല യേശു. മറിച്ച്, പരാജിതരുടെയും വിധിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും അടയാളമായിരുന്നു അവിടുന്ന്. താന്‍ പിടിക്കപ്പെട്ടപ്പോള്‍ പ്പോലും ആയുധം ഉപയോഗിക്കുന്നതില്‍ നിന്ന് അവിടുന്ന് ശിഷ്യന്മാരെ വിലക്കി (മത്താ 26,52). കുരിശിലും അവിടുന്ന് ശക്തിയുടെ ചിഹ്നമായിരുന്നില്ല, ദൗര്‍ബല്യത്തിന്‍റെ അടയാളമായിരുന്നു. "ദൈവത്തിന്‍റെ ദൗര്‍ബല്യം" എന്ന് പൗലോസ് ശ്ലീഹാ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട് (1 കോറി 1,25). കുരിശില്‍ നിന്ന് വെളിപ്പെട്ടത് അഹിംസയുടെയും അപ്രതിരോധത്തിന്‍റെയും ക്ഷമയുടെയും കരുണയുടെയും സഹാനുഭൂതിയുടെയും ഉദാരതയുടെയും ദൃഷ്ടാന്തങ്ങളായിരുന്നു.
അധികാരത്തെക്കുറിച്ചുള്ള ആശയങ്ങള്‍ അപനിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി യേശു യഹൂദ അധികാരികള്‍ക്കു നേരെ തിരിഞ്ഞു. ദൈവത്തിന്‍റെ അധികാരമുപയോഗിച്ച് അപ്രതിരോധ്യരായവരെ അടിച്ചമര്‍ത്തിയിരുന്നവര്‍ അവിടുത്തെ വിമര്‍ശനത്തിന് വിധേയരായി. ആത്മീയകാപട്യങ്ങള്‍ക്കുനേരെ അവിടുത്തെ കോപം ജ്വലിച്ചു. ദൈവസ്നേഹത്തിനും പരസ്നേഹത്തിനും വിരുദ്ധമായതെല്ലാം, മനുഷ്യദൃഷ്ടിയില്‍ അവ എത്ര ശ്രേഷ്ഠമാണെങ്കിലും, അപനിര്‍മ്മിക്കപ്പെടേണ്ടതായി അവിടുന്ന് പരിഗണിച്ചു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ അവര്‍ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ അവന്‍റെ ശ്രദ്ധ സ്ത്രീയിലായിരുന്നില്ല, കുറ്റമാരോപിക്കുന്നവരുടെ കാപട്യത്തിലായിരുന്നു.


4.3 സ്വത്വബോധം (Identity)

യേശു അപനിര്‍മ്മിച്ച മറ്റൊരു ആശയം മനുഷ്യന്‍റെ സ്വത്വബോധമായിരുന്നു. നല്ല സമരായക്കാരന്‍റെ ഉപമ(ലൂക്കാ 10, 25-37)യുടെ ഒരു ഉത്തരാധുനികവായന ഇത് വ്യക്തമാക്കുന്നുണ്ട്. യേശുവിന്‍റെ കാലത്ത് 'ശുദ്ധിയും അശുദ്ധിയു'മാണ് ഒരു വ്യക്തി യഹൂദസമുദായത്തിന് അകത്താണോ പുറത്താണോ എന്ന് തീരുമാനിക്കുന്നതിന്‍റെ മാനദണണ്ഡം. ഉപമയിലെ പുരോഹിതനും ലേവായനും ദൈവാലയത്തിന്‍റെയും നിയമത്തിന്‍റെയും സംരക്ഷകരെന്ന നിലയില്‍ അവരുടെ സ്വത്വം പരിശുദ്ധിയോട് ബന്ധപ്പെടുത്തിയാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. എന്നാല്‍ പാപികളും അവിശ്വാസികളും രോഗികളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക് സ്വത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ ശുദ്ധി എന്ന ആശയത്തെത്തന്നെ കീഴ്മേല്‍ മറിച്ചുകൊണ്ട് യേശു സാധാരണക്കാര്‍ക്കും ഒരു സ്വത്വബോധം നല്കി. ഉപമയിലെ യാത്രക്കാരന്‍ ആക്രമിക്കപ്പെടുകയും അപഹരിക്കപ്പെടുകയും അര്‍ദ്ധപ്രാണനായി ഉപേക്ഷിക്കപ്പെടുകയും ചെയ്തതിനാല്‍ പൂര്‍ണമായും അസന്നിഹിതനാണ്. അവന്‍റെ ശരീരം ഒഴിവാക്കപ്പെടേണ്ട ഒന്നായിരുന്നു. എങ്കിലും അവന് പരിചരണങ്ങള്‍ ലഭിക്കുന്നു. സമരിയാക്കാരന് ദൈവപുത്രനെന്ന സ്വത്വം ലഭിക്കുന്നു. എല്ലാവരും ദൈവപുത്രരാണെന്ന വലിയ ഉള്‍ബോധ്യത്തിലേക്ക് ഓരോ ക്രിസ്തുശിഷ്യനും ക്ഷണിക്കപ്പെട്ടിരിക്കുന്നു.


5. ഉപസംഹാരം

ഭൂതകാലത്തിന്‍റെ നഷ്ടത്തിലും അസ്തിത്വത്തിന്‍റെ ശൈഥില്യത്തിലും ആത്മവത്തയുടെ തകര്‍ച്ചയിലും വിലപിച്ചിരുന്ന ആധുനികതയുടെ ശീലുകള്‍ക്ക് വിരുദ്ധമായി ഉത്തരാധുനികത അവയെ സാമൂഹികാസ്തിത്വത്തിന്‍റെയും സ്വഭാവത്തിന്‍റെയും പുതുരൂപമായി കണക്കാക്കി. വ്യക്തിപരതയില്‍ ഊന്നി ആധുനികത അവതരിപ്പിച്ച സൗന്ദര്യമൂല്യങ്ങളെ തിരസ്കരിച്ച ഉത്തരാധുനികത ആശയങ്ങളുടെയും ചിന്തകളുടെയും സാര്‍വ്വത്രികരൂപമാതൃകകളെ (universal design) തള്ളിക്കളഞ്ഞു. ചരിത്രത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പുനര്‍വായനകള്‍, പ്രത്യയശാസ്ത്രപ്രാമാണ്യത്തിന്‍റെ തിരസ്കരണം, ലിബറലിസത്തോടുള്ള സംഘര്‍ഷം, ശൈലീമിശ്രണം, വ്യവസ്ഥാപിതസങ്കല്പങ്ങളിലും വസ്തുനിഷ്ഠതയിലുമുള്ള അവിശ്വാസം എന്നിങ്ങനെയുള്ള ഉത്തരാധുനികപ്രവണതകളാണ് ക്രിസ്തുവിജ്ഞാനീയത്തിന്‍റെ നവവായനയിലും വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നത്. ഭാവാത്മകവും നിരഷേധാത്മകവുമായ സ്വാധീനങ്ങള്‍ ഇതിനുണ്ട്. ക്രിസ്തുവിജ്ഞാനീയത്തിന്‍റെ നവീനവ്യാഖ്യാനങ്ങള്‍ അതിന്‍റെ ശൈലികൊണ്ടും സ്വഭാവംകൊണ്ടും മാത്രമല്ല ഉള്ളടക്കം കൊണ്ടും സത്യവിശ്വാസത്തോട് ചേര്‍ന്നുപോകുന്നതല്ലെങ്കില്‍ വലിയ അപകടങ്ങളുണ്ടാകും. ഉത്തരാധുനികവ്യാഖ്യാനങ്ങള്‍ ഒരുപരിധിവരെ അത്തരത്തിലുള്ളതാണ്. എന്നാല്‍ അതേസമയം തന്നെ, ക്രിസ്തുസംഭവങ്ങളെ ആധികാരികവ്യാഖ്യാനങ്ങളോടു കൂറുപുലര്‍ത്തിക്കൊണ്ട് ഉത്തരാധുനികവ്യാഖ്യാനസങ്കേതങ്ങളുപയോഗിച്ച് വ്യാഖ്യാനിക്കുന്നത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും കാലോചിതമാണ്.                                                                                                                                                                                                                                                      
ഇപ്രകാരമൊക്കെയാണെങ്കിലും, ഉത്തരാധുനികതയുടെ ക്രിസ്തുവിജ്ഞാനീയ പ്രവണതകളെ വിലയിരുത്തുമ്പോള്‍ നാം മനസ്സില്‍ സൂക്ഷിക്കേണ്ടത് നൂറ്റാണ്ടുകളുടെ സഭാപാരമ്പര്യവും സത്യവിശ്വാസവുമാണ്. ഈ പ്രപഞ്ചം മുഴുവനും അതിന്‍റെ അസ്തിത്വത്തിനും നിലനില്പിനുമായി ദൈവത്തെ ആശ്രയിക്കുന്നു. വി. പൗലോസിന്‍റെ വീക്ഷണപ്രകാരം ക്രിസ്തുവിലൂടെയാണ് ദൈവത്തില്‍നിന്ന് എല്ലാം പുറപ്പെടുന്നത്. സര്‍വ്വവും ക്രിസ്തുകേന്ദ്രീകൃതമായ പ്രപഞ്ചത്തില്‍ ക്രിസ്തു സന്നിഹിതനാണുതാനും. അതിനാല്‍ സകലതും അവയുടെ അന്ത്യത്തില്‍ ക്രിസ്തുവില്‍ രജ്ഞിപ്പിക്കപ്പെടുകയും സഫലീകരിക്കപ്പെടുകയും പൂര്‍ത്തിയാവുകയും ചെയ്യും. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശക്തമായ സാന്നിദ്ധ്യം അങ്ങനെ സര്‍വ്വലോകത്തെയും ഒന്നിപ്പിക്കുന്നു.[15]
ഈ ക്രിസ്തുവിനെ നമ്മുടെ അയല്ക്കാരനോട് തുലനം ചെയ്യാനാവില്ല. മനുഷ്യനില്‍ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമുണ്ടെന്നുള്ളതിന് സംശയമൊന്നുമില്ല. പക്ഷേ അവരില്‍ ജീവിക്കുന്ന ആരോ ഒരാളല്ല ക്രിസ്തു. ക്രിസ്തു അവരുമായി താദാത്മ്യം പ്രാപിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ സഭയും ക്രിസ്തുവും അഭിന്നമാണ്. ക്രിസ്തു സഭയിലും വിശ്വാസികളിലും എല്ലാ മനുഷ്യരിലും ജീവിക്കുന്നു. എന്നാല്‍ എല്ലാ മനുഷ്യനിലും നിന്ന് അവിടുന്ന് ഭിന്നനാണ്. പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു അതുല്യനാണ്. അതിനാല്‍ ക്രിസ്തുവിനോട് അതുല്യവും അഭേദ്യവുമായ ഒരു ബന്ധമാണ് നമുക്കുണ്ടാകേണ്ടത്. സത്യവും യഥാര്‍ത്ഥവുമായ ഒരു ക്രിസ്തുവിജ്ഞാനീയത്തിനു മാത്രമേ നമ്മുടെ സകല അസ്തിത്വത്തേയും ക്രിസ്തുവിലേക്കു രൂപാന്തരപ്പെടുത്തുകയും അവനിലുള്ള ജീവിതം സാര്‍ത്ഥകമാക്കുകയും ചെയ്യുന്ന ബോദ്ധ്യത്തിലേക്കും വിശ്വാസത്തിലേക്കും നമ്മെ വളര്‍ത്തുവാന്‍ കഴിയൂ. ഉത്തരാധുനികയുഗത്തില്‍ ജീവിക്കുമ്പോഴും സത്യദൈവത്തിനുവേണ്ടിയുള്ള അഭിലാഷങ്ങള്‍ നമ്മെ അസ്വസ്ഥരാക്കട്ടെ. വിശ്വാസത്തിന്‍റെ തുറക്കപ്പെട്ട കവാടങ്ങള്‍ അതിനുള്ള പ്രേരണയും ശക്തിയുമാകട്ടെ!

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

Notes
1 പി മധുസൂദനൻനായർ, നാറാണത്തു ഭ്രാന്തൻ (കോട്ടയം : ഡി സി ബുക്‌സ്) ൨൦൦൫, പി.127
2 പോപ്പ് ബെനഡിക്ട് XVI, കർത്താവിന്റെ വചനം, നമ്പ . 12
3 കർത്താവിന്റെ വചനം, നമ്പ . 32 .
4 Ferdinand de Saussure is a Swiss linguist and Semiotician whose ideas laid a foundation for many significant developments in linguistics and Semiotics in 20th century.
5 Derrida is a French philosopher, born on 15th July, 1930, in French Algeria. He developed a form of semiotic analysis known as “Deconstruction”.
6 Levi Strauss is a French psychoanalyst and psychiatrist. Lacan’s post-structuralist theory rejected the belief that reality can be captured in language.
7 പി. കെ. പോക്കർ, ദറിദ- അപനിർമ്മാണത്തിന്റെ തത്വചിന്തകൾ (തിരുവനന്തപുരം: കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, 2002) പി.25
8 Roland Barthes was a French literary theorist, philosopher, linguist, critic and semiotician. His 1968 essay “Death of the Author” is very famousor its contribution to structural and post-structural theories.
or its contribution to structural and post-structural theories.
9 പി. കെ. പോക്കർ, ദറിദ- അപനിർമ്മാണത്തിന്റെ തത്വചിന്തകൾ (തിരുവനന്തപുരം: കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, 2002) പി.
10 Cf.രാജേഷ് എളൂക്കുന്നേൽ, "ഉത്തരാധുനികതയ്ക്ക് ഒരാമുഖം" ഇൻ ജീവധാര, വാല്യം XXXXIX 232, ഓഗസ്റ്റ് 2009 , pp .249 - 250 .
11 Cf. ജോസഫ് പാംപ്ലാനി, "രക്ഷ ഉത്തരാധുനികവീക്ഷണത്തിൽ",ഇൻ ജീവധാര, വാല്യം XXXVII 220 , ഓഗസ്റ്റ് 2007 , pp .201 -202 .
12 Cf. Jeremy, “Postmodern Christology”, Web, Accessed on 7th December 2012.
13 Cf. ജോസഫ് പാംപ്ലാനി, "രക്ഷ ഉത്തരാധുനികവീക്ഷണത്തിൽ",ഇൻ ജീവധാര, വാല്യം XXXVII 220 , ഓഗസ്റ്റ് 2007 , pp .205 - 207 .
14 Cf. Vincent Kundukulam, “Jesus, an Alternative: A Postmodern Search” in Jeevadhara, August 2011, pp. 444-447.
15 Cf. ഫെലിക്സ് പൊടിമറ്റം, എങ്ങനെ പ്രാത്ഥിക്കാം (ഡൽഹി: മീഡിയ ഹൗസ്, 2012) 33 -34

christology and postmodernims noble thomas parackal noble parackal fr noble parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message