We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
ക്ലോക്ക് സ്വയം കറങ്ങിത്തുടങ്ങുന്നതോടെ നിര്‍മ്മാതാവിന്‍റെ ജോലി അവസാനിക്കുന്നതു പോലെയല്ല സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയ ദൈവത്തിന്‍റെ അവസ്ഥ. ചരിത്രത്തിന്‍റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലെല്ലാം ദൈവം നേരിട്ടിടപെടുന്നു. ഇസ്രായേലിന്‍റെ തെരെഞ്ഞെടുപ്പും പരിപാലനവും ഈ ഇടപെടലുകളുടെ ഛായാചിത്രങ്ങളാണ്. കാലത്തിന്‍റെ നിന്മോന്നതങ്ങളില്‍ കണ്ണീര്‍ വാര്‍ത്തപ്പോഴും ദൈവത്തിന്‍റെ സ്വന്തം ജനം ഒരു രക്ഷകനെ കാത്തിരുന്നു. പഴയനിയമ ജനത പ്രതീക്ഷിച്ചിരുന്ന അഭിഷിക്തനാണ് കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ അവതീര്‍ണ്ണനായ നസ്രത്തിലെ യേശു. പഴയനിയമ പ്രതീക്ഷകളുടെ സാക്ഷാത്കാരമായി യേശുവിനെ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തില്‍
ദൈവത്തിന്‍റെ ഇടപെടലുകള്‍
യേശുവിന്‍റെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മനുഷ്യചരിത്രത്തില്‍ ദൈവം സജീവനായിരുന്നു. മനുഷ്യരുമായി ഉടമ്പടി ഒപ്പുവയ്ക്കുന്ന ദൈവത്തെയാണ് പഞ്ചഗ്രന്ഥി പരിചയപ്പെടുത്തുന്നത് (ഉല്പ 9-10; 15-17; 26:5; 28:12ളള ; 35:9-12; പുറ 6:2-8; 19-34). ഉടമ്പടി ഒപ്പുവയ്ക്കുന്നവര്‍ തുല്യ നിരയിലുള്ളവരാവണമെന്നതായിരുന്നുചട്ടം. പരമോന്നതനായ ദൈവസങ്കല്പം വച്ചുപുലര്‍ത്തിയിരുന്ന ഇസ്രായേല്‍ക്കാര്‍ക്ക് ഇങ്ങനെയൊരു ഉടമ്പടിയെപ്പറ്റി ചിന്തിക്കാനേ സാധ്യമല്ലായിരുന്നെങ്കിലും, സീനായ് ഉടമ്പടിയില്‍ ദൈവം ഒരു മനുഷ്യനെന്നതുപോലെ പെരുമാറുന്നതു നാം കാണുന്നു (പുറ 19-34). പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള ഒരു ഉടമ്പടി പത്രികക്കായിട്ടാണ് യാഹ്വേ മുന്‍കൈയെടുക്കുന്നത്.
ഇസ്രായേലിനെ തന്‍റെ സീമന്തപുത്രനായി അഭിസംബോധന ചെയ്യുമ്പോള്‍ (പുറ 4:22) യാഹ്വേ തന്‍റെ പിതൃസ്ഥാനം വെളിപ്പെടുത്തുന്നു. "അവിടുന്ന് അവനെ മരുഭൂമിയില്‍, ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു; താല്പര്യപൂര്‍വ്വം പരിചരിച്ച് തന്‍റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു" (നിയമാ 32:10) എന്ന് പറയുമ്പോഴും വത്സലനായ ഒരു പിതാവിന്‍റെ ചിത്രമാണ് അനാവൃതമാകുന്നത്. "ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്നേഹിച്ചു; ഈജിപ്തില്‍നിന്ന് ഞാന്‍ എന്‍റെ മകനെ വിളിച്ചു" (ഹോസി 11:1) വെന്നും, "ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്‍റെ ആദ്യജാതനും" (ജെറ 31:9) എന്നും പ്രവാചകന്മാരിലൂടെ ദൈവം സംസാരിക്കുമ്പോള്‍ വിടരുന്ന ചിത്രം വത്സലനിധിയായ ഒരു പിതാവിന്‍റേതു തന്നെ. ശാരീരികമായ പിതൃത്വത്തെക്കാളുപരി, ദൈവത്തിന്‍റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പില്‍നിന്നുത്ഭവിക്കുന്ന പിതൃത്വമാണിവിടെ വിവക്ഷ. ഇസ്രായേല്യര്‍ ദൈവത്തെ തങ്ങളുടെ പിതാവായി കരുതിയിരുന്നതിന് തെളിവുകള്‍ വേറെയുമുണ്ട് (ഉദാ: ഏശ 64:7; തോബിത് 13:3). രക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഏശയ്യ (63:16) ദൈവത്തിന്‍റെ പിതൃത്വം നോക്കിക്കാണുന്നത്.
യാഹ്വേയും ഇസ്രായേലുമായുള്ള ഗാഢബന്ധം ദ്യോതിപ്പിക്കുന്ന മറ്റൊരു പ്രതീകം വിവാഹബന്ധമാണ് അനുസരണമില്ലാത്ത മകനായും അവിശ്വസ്തയായ ഭാര്യയായും ജെറമിയ ഇസ്രായേലിനെ വിശേഷിപ്പിക്കുന്നു (63:19-22). മാനുഷിക ബന്ധങ്ങളുടെ ഏറ്റവും തീവ്രമായ പ്രകടനമാണ് വിവാഹബന്ധ (cf ഉല്പ 2:24) മെങ്കില്‍, കാമാന്ധയും അവിശ്വസ്തയുമായ ഒരു ഭാര്യയായിട്ടാണ് ഹോസിയ (1:1-3:5) ഇസ്രായേ ലിനെ ചിത്രീകരിക്കുന്നത് "ഞാനെന്‍റെ പ്രിയന്‍റേതാണ്, എന്‍റെ പ്രിയന്‍ എന്‍റേതു"മെന്ന് ഉത്തമഗീതം (6:3) പറയുമ്പോള്‍ ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രത നമുക്ക് ഗ്രഹിക്കാനാകും.
അര്‍ത്ഥം നഷ്ടപ്പെട്ട പഴയ ഉടമ്പടിക്കു പകരം ഹൃദയത്തില്‍ എഴുതപ്പെട്ട പുതിയ ഉടമ്പടിയെക്കുറിച്ചുള്ള ജെറമിയായുടെ പ്രവചനം (31:33) മനുഷ്യാവതാരരഹസ്യവുമായി സഗാഢം ബന്ധപ്പെട്ടിരിക്കുന്നു. മേലില്‍ നിയമങ്ങള്‍ വെളിയില്‍നിന്ന് അടിച്ചേല്പിച്ചിരിക്കുന്നതാവില്ലെന്നും, അത് ഹൃയങ്ങളില്‍നിന്ന് ഉദ്ദീപിക്കുമെന്നും പറയുമ്പോള്‍ മനുഷ്യഹൃദയങ്ങളിലേക്ക് ഇറങ്ങിവസിക്കുന്ന യാഹ്വേയുടെ ചിത്രമാണ് ജെറമിയ പങ്കുവയ്ക്കുന്നത്. ഉടമ്പടിയിലെ ഒരു കക്ഷിയായോ, ഒരു മകനായോ വധുവായോ മാത്രമല്ല, ദൈവാരൂപിയാല്‍ നിവേശിതനായ ഒരു പുതിയ മനുഷ്യനായാണ് എസെക്കിയേല്‍ പ്രവാചകന്‍ (36:26-27) ഇസ്രായേലിനെ കാണുന്നത്.
ഇസ്രായേലിന്‍റെ പ്രതീക്ഷ
വിശുദ്ധിയില്‍ തന്നെ ആരാധിക്കുന്നതിനായി ഒരു ജനതയെ യാഹ്വേ പരിപാലിച്ചുപോന്നു. ഈ ജനതയുടെ ചരിത്രം മുഴുവന്‍ ദൈവത്തിന്‍റെ മനുഷ്യാവതാരത്തിനുള്ള ഒരുക്കമായിരുന്നു. ഈ പ്രതീക്ഷകളെല്ലാം സഫലമാവുന്നത് ദൈവം "മനുഷ്യരോടുകൂടെ കൂടാരമടിക്കുമ്പോഴാണ്"(യോഹ 1:14). "പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും പിതാക്കന്മാരോട് സംസാരിച്ച ദൈവം അവസാനനാളുകളില്‍ തന്‍റെ പുത്രന്‍വഴി നമ്മോടു സംസാരിച്ചിരിക്കുന്നു"വെന്നാണ് ഹെബ്രായ ലേഖകന്‍ (1:1-2) മനുഷ്യാവതാരത്തെക്കുറിച്ച് പറയുന്നത്.
ജലപ്രളയത്തിനുശേഷം നോഹയുമായും (ഉല്പ 9-10) പിന്നീട് പിതാവായ അബ്രാഹവുമായും (ഉല്പ 15-17) ദൈവം ഉടമ്പടികള്‍ ഉണ്ടാക്കുന്നു. മനുഷ്യകുലത്തിനാകമാനം അനുഗ്രഹം നല്കുന്നതായിരുന്നു അബ്രാഹവുമായുള്ള ഉടമ്പടി (ഉല്പ 12:3). ഈ ദൈവ-മനുഷ്യകൂട്ടായ്മയുടെ ശാശ്വതപ്രതീകമായിരുന്നു പരിശ്ചേദനം (ഉല്പ 17:11). പിന്നീട് ഇസഹാക്ക് (ഉല്പ 26:25), യാക്കോബ് (ഉല്പ 28:11; 35:9-12) എന്നിവരുമായും ദൈവം ഉടമ്പടിയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ ജനതയ്ക്ക് അനന്യശ്രേഷ്ഠത നല്കിയത് സീനായ് ഉടമ്പടിയാണ് (പുറ 19-34). അതോടെ അവര്‍ "ഉടമ്പടിയുടെ ജനം" (people of the covenant) എന്നറിയപ്പെടാന്‍ തുടങ്ങി.
നാഥാന്‍റെ പ്രവചനം (2 സാമു 7) ഇസ്രായേലിന്‍റെ പ്രതീക്ഷകള്‍ക്ക് ഒരു പുതിയ മാനം നല്കുന്നു. ദാവീദിന്‍റെ സിംഹാസനം എന്നും നിലനില്ക്കുമെന്ന (2 സാമു 7:16) പ്രവചനം, മിശിഹാ ദാവീദിന്‍റെ ഗോത്രത്തില്‍ പിറക്കുമെന്ന വിശ്വാസത്തിന് ആക്കംകൂട്ടി. "ബേത്ലെഹേം-എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍നിന്നു പുറപ്പെടുമെന്ന" മിക്കായുടെ പ്രവചനവും (5:2) ഏശയ്യായുടെയും (11:1) ജെറമിയായുടെയും (23:5) പ്രവചനങ്ങളും, മിശിഹാ ദാവീദിന്‍റെ ഗോത്രത്തില്‍നിന്നാണെന്ന വിശ്വാസത്തിന് അടിവരയിട്ടു. ദൈവം നമ്മോടുകൂടെ-ഇമ്മാനുവേല്‍-എന്നാണ് ഒന്നാം ഏശയ്യാ (7:11) ഇതിനെ വിശേഷിപ്പിച്ചത്. ചുരുക്കത്തില്‍ ഉടമ്പടികളിലൂടെ വിരിയുന്ന പ്രതീക്ഷകളുടെ പരിസമാപ്തിയാണ് യേശുവില്‍ സംഭവിക്കുക. പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമായുള്ള പരിപൂര്‍ണ്ണസമാഗമം-ഉടമ്പടി-യേശുവിന്‍റെ വ്യക്തിത്വത്തില്‍ നമുക്ക് കാണാം.
രണ്ടാം ഏശയ്യായുടെ പ്രവചനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം സഹിക്കുന്ന ദാസന്‍റെ-എബെദ്-യാഹ്വേ-കീര്‍ത്തനങ്ങളാണ് (ഏശയ്യാ 42:1-7; 49:1-7; 50:4-9; 52:13-53:12). ഒന്നാം കീര്‍ത്തനത്തില്‍ ദൈവത്തിന്‍റെ പ്രീതിപാത്രമായ ദാസനെ ചിത്രീകരിച്ചിരിക്കുന്നു. ദൈവാരൂപിയില്‍ നിറഞ്ഞ് ഏവര്‍ക്കും നീതിനല്കുകയാണ് അവന്‍റെ ദൗത്യം. ദൈവദാസന്‍ ഇസ്രായേലുമായി തന്നെത്തന്നെ സാദൃശ്യപ്പെടുത്തുന്നു. ദാസന്‍റെ പരിപൂര്‍ണ്ണ നിഷ്കളങ്കതയാണു മൂന്നാം കീര്‍ത്തനത്തിന്‍റെ പ്രമേയം. നാലാം കീര്‍ത്തനത്തിലാണ് യേശുവിന്‍റെ സഹനങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചിട്ടുള്ളത് (ഏശ 52:12-53:13).
"ഇതാ മേഘങ്ങളില്‍ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു... എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്, അതൊരിക്കലും ഇല്ലാതാവുകയില്ല. അവന്‍റെ രാജത്വം അനശ്വരമാണ്" (ദാനി 7:13-14) എന്ന ദര്‍ശനം, യുഗാന്ത്യോന്മുഖവും രാജകീയവുമായ ദൈവരാജ്യയാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. "മനുഷ്യപുത്രന്" എന്ന സംജ്ഞ യേശു തനിക്കുവേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇതിനെക്കാള്‍, സഹനദാസനാ (എബെദ് യാഹ്വേ) യാണ് യേശു സ്വയം ചിത്രീകരിക്കുന്നത് (മര്‍ക്കോ 8:31; 9:31; 10:33).
ദാവീദിന്‍റെ ഗോത്രത്തില്‍ പിറക്കുന്ന രാജാവാണ് മിശിഹാ (2 സാമു 7:12-16; ജെറെ 23:5; ഏശ 11:1; സങ്കീ 89:4). മംഗളവാര്‍ത്തയിലും മാലാഖ ഈ സൂചന നല്കുന്നുണ്ട് (ലൂക്കാ 1:32-33). യൂദായുടെ ഭവനത്തില്‍നിന്ന് ചെങ്കോല്‍ ഒഴിയില്ലെന്നുള്ള യാക്കോബിന്‍റെ അനുഗ്രഹവും (ഉല്പ 49:9-10). "യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോലുയരും" എന്ന ബാലാമിന്‍റെ പ്രവചനവും (സംഖ്യ 24:17) രാജകീയ മിശിഹായെപ്പറ്റിയുള്ള പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു. സങ്കീര്‍ത്തനങ്ങളിലും ഈ സൂചനകള്‍ കാണാം (ഉദാ. 2:89; 109).
യേശു, "ക്രിസ്തു"വാണെന്ന് പത്രോസ് ഏറ്റുപറയുമ്പോള്‍ (മത്താ 16:16), അവന്‍തന്നെയാണ് ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്ന മിശിഹായെന്ന് വ്യക്തം. എമ്മാവൂസ് സംഭവത്തിലും (ലൂക്കാ 24:25-27) പിന്നീട് ശിഷ്യഗണത്തിനു പ്രത്യക്ഷപ്പെട്ടപ്പോഴും (ലൂക്കാ 24:44-46) "മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു" എന്ന് യേശു പറയുന്നു.
പഴയനിയമഗ്രന്ഥത്തിലെന്നപോലെ അപ്രമാണികഗ്രന്ഥങ്ങളിലും (എനോക്ക്, എസ്ദ്രോസ്) മിശിഹായെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഖുമ്രാന്‍ സമൂഹം (Qumran Communitty) ഒരു രാജമിശിഹായെയും പുരോഹിതമിശിഹായെയും പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയവിമോചകനായ ഒരു മിശിഹായെ കാത്തിരുന്നവരും കുറവല്ലായിരുന്നു (ലൂക്കാ 24:21). എവിടെനിന്നാണ് മിശിഹാ വരുന്നതെന്നകാര്യം ആരും അറിയില്ലെന്ന വിശ്വാസം (യോഹ 7:27) നിഗൂഡമായൊരു മിശിഹാസങ്കല്പമാണ്.
പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു
" നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്" (മത്താ 5:17) എന്ന വചനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് യേശുവെന്നു വ്യക്തമാക്കുന്നു. വി. പത്രോസിനോടൊപ്പം (1 പത്രോ 1:10-12) താഴെ വരുന്ന വാക്യങ്ങളും ഈ പൂര്‍ത്തീകരണ യാഥാര്‍ത്ഥ്യം വിളിച്ചോതുന്നു. മര്‍ക്കോ 14:61-62; 13:28; മത്താ 1:22; 2:15.17.23; 4:14; 8:17; 12:17; 13:15; 26:54.56; 27;7-10; ലൂക്കാ 4:21; 24:44; നട 1:16; 3:18; 13:27; യോഹ 12:38; 13:18; 15:25; 19:24.36. പഴയനിയമപ്രവചനങ്ങളെല്ലാം പുതിയനിയമത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു; അഥവാ പുതിയനിയമ പശ്ചാത്തലത്തിലാണ് പഴയനിയമത്തിന് അര്‍ത്ഥപൂര്‍ണ്ണത കൈവരുന്നത്.
സഭാപഠനങ്ങളിലും മേല്‍പറഞ്ഞ അഭിപ്രായം ശക്തിയായി നിലഴിക്കുന്നുണ്ട്. പുതിയനിയമത്തിലാണ് പഴയനിയമ പൂര്‍ണ്ണത (N.D.253) യെന്ന് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ (D.V. 16) പഠിപ്പിക്കുന്നു. ക്രൈസ്തവ-യഹൂദ സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ രേഖകളിലും (N/D.263) പഴയ-പുതിയ നിയമ ബന്ധത്തിന് അടിവരയിടുന്നുണ്ട്. പഴയനിയമജനത പ്രതീക്ഷിച്ചിരുന്ന പുരോഹിത-പ്രവാചക-രാജകീയ മിശിഹായാണ് യേശുവെന്ന് സാര്‍വ്വത്രികവേദോപദേശം (Catechism of the Catholic Church) പഠിപ്പിക്കുന്നു (Nos. 431 & 436).
ഉപസംഹാരം
പഴയനിയമകാലം മുഴുവന്‍ ഒരു പരിണാമപ്രക്രീയയായിരുന്നുവെന്നു പറയാം. യേശുവിലാണ് അതെത്തിനില്ക്കുന്നത്. സര്‍വ്വലോകത്തിനും പ്രകാശവും രക്ഷയുമായി യേശു ചരിത്രത്തിനു നടുവില്‍ നിലകൊള്ളുന്നു. സഭയിലൂടെ യേശുവചനങ്ങള്‍ നിറവേറുകയാണിന്ന്. ദൈവികപദ്ധതികള്‍ കാലാകാലങ്ങളില്‍ നിറവേറുന്നതിന്‍റെ ഭാഗമാണിതെല്ലാം. മാറാത്ത വാക്കിനുടമയായവന്‍ മനുഷ്യചരിത്രത്തില്‍ നടത്തിയ ഇടപെടലുകളൊന്നും നമുക്കു ചരിത്രമായിക്കൂടാ. അനുദിനജീവിതത്തിലെ തനിമയാര്‍ന്ന അനുഭവങ്ങളില്‍ ദൈവിക ഇടപെടലുകള്‍ നാമും സ്വന്തമാക്കണം. ഹൃദയം തുറക്കുകയാണ് ഇതിനുള്ള പോംവഴി. ജീവനുള്ള ദൈവത്തിന്‍റെ വലിയ പദ്ധതികള്‍ക്കെല്ലാം പ്രയോജകര്‍ നാംതന്നെയാണല്ലോ.
Christ-the fulfillment of promises Mar Joseph Pamplany the church christ promises made in the old testament intervensions of God hope of Israel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206