x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ശാസ്ത്രവും ദൈവശാസ്ത്രവും

west ശാസ്ത്രവും ദൈവശാസ്ത്രവും / പരിണാമസിദ്ധാന്തവും ദൈവശാസ്ത്രവും

പരിണാമസിദ്ധാന്തവും ദൈവശാസ്ത്രവും

Authored by : Mar Joseph Pamplany On 27-May-2021

പരിണാമസിദ്ധാന്തവും ദൈവശാസ്ത്രവും


"ഇന്നു നിലനില്ക്കുന്ന തീര്‍ത്തും അരോചകമായ ദൈവസങ്കല്പം ദൈവത്തെ വല്ലപ്പോഴുമുള്ള (occassional) സന്ദര്‍ശകനായി അവതരിപ്പിക്കുന്നതാണ്. ശാസ്ത്രം വിശ്വാസിയുടെ ദൈവത്തെ അകലേക്ക് അകലേക്ക് കൊണ്ടുപോയി. ദൈവം പൂര്‍ണ്ണമായും പുറന്തള്ളപ്പെടുമെന്നു വന്ന നിമിഷത്തില്‍ ഡാര്‍വിനിസം പ്രത്യക്ഷപ്പെടുകയും ശത്രുവിന്‍റെ വേഷത്തില്‍ വന്ന് മിത്രത്തിന്‍റെ ജോലികള്‍ ചെയ്യുകയും ചെയ്തു. ഒന്നുകില്‍ ദൈവം പ്രപഞ്ചത്തിലെല്ലായിടത്തുമുണ്ട്, അല്ലെങ്കില്‍ എവിടെയുമില്ല." [1] മനുഷ്യബൗദ്ധികചരിത്രത്തിന്‍റെ മഹത്തായ നാഴികക്കല്ലുകളിലൊന്നാണ് ജീവവര്‍ഗ്ഗങ്ങളുടെ ഉത്പത്തിയില്‍ (Origin of Species) ത്തില്‍ ചാള്‍സ് ഡാര്‍വിന്‍ അവതരിപ്പിച്ച വിപ്ലവകരമായ സിദ്ധാന്തം. പ്രത്യക്ഷപ്പെട്ട നാള്‍മുതല്‍ പരിണാമസിദ്ധാന്തം ശാസ്ത്രമതസംവാദത്തിലെ ചൂടേറിയ ഒരു വിഷയമാണ്. വര്‍ദ്ധിച്ച ശാസ്ത്രീയവിശ്വാസ്യതയുടെ വെളിച്ചത്തില്‍ പരിണാമസിദ്ധാന്തം ഇന്നും ദൈവശാസ്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു


1. പ്രകൃതിനിര്‍ദ്ധാരണം

പരിണാമം സാദ്ധ്യമാക്കുന്ന പ്രകൃതിനിര്‍ദ്ധാരണം എന്ന സംവിധാനം നിര്‍ദ്ദേശിക്കുന്നതാണ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തിന്‍റെ തനിമ. "ഒരു പ്രത്യേകസമയത്ത് ഒരു പ്രത്യേകസാഹചര്യത്തോട് ഇണങ്ങിക്കഴിയാന്‍ സഹായിക്കുന്ന കഴിവുകളുള്ള ജീവികളുടെ അതിജീവനവും പുനരുത്പാദനവും പ്രോത്സാഹിപ്പിക്കപ്പെടുകയും അതേ സാഹചര്യത്തില്‍ ഇത്തരം കഴിവുകളില്ലാത്തവയെ ഇല്ലാതാക്കുകയുമാണ്" [8] പ്രകൃതിനിര്‍ദ്ധാരണം കൊണ്ടുദ്ദേശിക്കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അനുരൂപപ്പെടാന്‍ കഴിവുള്ളവയെ പ്രകൃതി തിരഞ്ഞെടുക്കുകയും അല്ലാത്തവയെ പ്രകൃതി ഒഴിവാക്കുകയും ചെയ്യുന്നു. പരിസ്ഥിതിയില്‍ ആപേക്ഷികമായ ദ്രുതമാറ്റങ്ങളുണ്ടായപ്പോഴാണ് വര്‍ഗ്ഗീകരണം (speciation) സംഭവിച്ചത്. തലമുറകളുടെ വ്യതിയാനങ്ങളുടെ മേല്‍ പ്രവര്‍ത്തിച്ച പരിസ്ഥിതിസമ്മര്‍ദ്ദങ്ങള്‍ വ്യത്യസ്തങ്ങളായ പിന്‍തലമുറകളെ ഉത്പാദിപ്പിച്ചു. ഈ വ്യത്യസ്തതകള്‍ സത്താപരമായിരുന്നതിനാല്‍ പിന്‍തലമുറകള്‍ക്ക് അവരുടെ പൂര്‍വ്വികരുമായി ഇണചേരുന്നതിന് സാധിക്കുമായിരുന്നില്ല. ലൈംഗികപുനരുത്പാദനം നടത്തുന്ന ജീവിവര്‍ഗ്ഗങ്ങളുടെ വര്‍ഗ്ഗീകരണത്തിന് കാരണം പുനരുത്പാദനത്തിലെ ഈ ഒറ്റപ്പെടുത്തലായിരുന്നു. ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവത്തിന് പിന്നിലെ രണ്ട് പ്രവര്‍ത്തനഘടകങ്ങള്‍ പ്രകൃതിനിര്‍ദ്ധാരണവും പൊതുപൈതൃകത്തിലെ വ്യതിയാനങ്ങളുമാണ്. അര്‍ഹതയുള്ളവരുടെ അതിജീവനം ഈ പ്രക്രിയയുടെ ഒരു പൊതുഘടകമാണ്. [9] 


പ്രകൃതിനിര്‍ദ്ധാരണം ഡാര്‍വിന്‍റെ തന്നെ വാക്കുകളില്‍: അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജീവികള്‍ ഉത്പാദിപ്പിക്കപ്പെട്ടാല്‍ സ്വാഭാവികമായി അതിജീവിക്കാനുള്ള മത്സരം തന്നെ ഉണ്ടാകും. ഒന്നുകില്‍ ഒരേതരം ജീവിവര്‍ഗ്ഗത്തിന്‍റെ ഇടയില്‍ത്തന്നെയുള്ള സമരം. അല്ലെങ്കില്‍ വിവിധതരം ജീവിവര്‍ഗ്ഗങ്ങള്‍ തമ്മിലോ അവയുടെ ഭൗതികജീവിതസാഹചര്യങ്ങളോടോ ഉള്ള സമരം...  ഇത്തരം പരിതോവസ്ഥയില്‍ പ്രകൃതിയോട് പൊരുത്തപ്പെടാന്‍ കഴിയുന്ന ജീവികളുടെ നിലനില്പും അല്ലാത്തവയുടെ നാശവുമാണ് പ്രകൃതിനിര്‍ദ്ധാരണം അഥവാ അര്‍ഹതയുള്ളവയുടെ അതിജീവനം കൊണ്ടുദ്ദേശിക്കുന്നത്. [10]


ഡാര്‍വിന്‍റെ അനുരൂപണമാതൃകയുടെ രണ്ടു തൂണുകള്‍ പ്രകൃതിനിര്‍ദ്ധാരണവും ലൈംഗികതെരഞ്ഞെടുപ്പുമായിരുന്നു. മറുലിംഗത്തിലുള്ള ഇണയുടെ മേലുള്ള അവകാശത്തിനുവേണ്ടി ഒരേ ലിംഗത്തിലുള്ള ജീവികള്‍ തമ്മിലുള്ള സംഘട്ടനമാണ് ലൈംഗികതിരഞ്ഞെടുപ്പ്. ഇതര്‍ത്ഥമാക്കുന്നത് അതിജീവനം എന്നത് ശരീരവും വലിപ്പവുമുപയോഗിച്ച് ഇണയെ ആകര്‍ഷിക്കാനുള്ള കഴിവിനെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്നത്രേ. പരിണാമത്തിന് കാരണമായ മറ്റൊരു ഘടകമാണ് ഉള്‍പ്പരിവര്‍ത്തനം (mutation). ഉള്‍പ്പരിവര്‍ത്തനം വഴി ജീവിവര്‍ഗ്ഗങ്ങളിലെ പൊടുന്നനെയുള്ള ഒരു മാറ്റമാണ് ഡാര്‍വിനുദ്ദേശിച്ചതെങ്കിലും അദ്ദേഹത്തിന് അത് പൂര്‍ണ്ണമായി വിശദീകരിക്കാനായില്ല.


2. മനുഷ്യപരിണാമം

മനുഷ്യന്‍ ജൈവപരിണാമത്തിന്‍റെ ഉത്പന്നമാണെന്നും ശേഷിക്കുന്ന ജീവിലോകത്തെ ബാധിക്കുന്ന സങ്കീര്‍ണ്ണപ്രക്രിയയായ ജൈവികഉത്ഭവത്തില്‍ (organic derivation) അവന്‍ പങ്കാളിയാണെന്നും ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. മനുഷ്യപരിണാമത്തിലെ ഓരോ ഘട്ടത്തെയും കുറിച്ച് നിരവധി കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിതമാണ്. മനുഷ്യജനിതക വൃക്ഷ നിര്‍മ്മാണം താത്കാലികം മാത്രമാണ്. ഫോസില്‍ പഠനരേഖകളനുസരിച്ച് ജീവവസ്തുക്കളുടെ പൊതുപിന്തുടര്‍ച്ചയില്‍ മനുഷ്യന് ഉന്നതസ്ഥാനമുണ്ട്. മനുഷ്യന്‍ നിവര്‍ന്നുനില്ക്കുന്നതിനാലുണ്ടാകുന്ന പ്രത്യേകതകളായ വക്രീകൃതമായ നട്ടെല്ല്, വലിയ വസ്തിപ്രദേശം, ലംബമായ മുകളിലും താഴെയുമുള്ള അവയവങ്ങള്‍ മുതലായവയും മറ്റു വ്യത്യസ്തതകളായ മുഖാസ്ഥികളുടെ കുറവ്, താടിയെല്ലിന്‍റെ പരിണാമം, മറ്റു പല്ലുകള്‍ക്കുമുകളില്‍ പുറത്തേക്കു തള്ളിനിക്കാത്ത കോമ്പല്ലിന്‍റെ സാന്നിദ്ധ്യം, കൈത്തണ്ടയുടെ മദ്ധ്യത്തിലെ അസ്ഥിയുടെ അഭാവം മുതലായവയും മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്താന്‍ സസ്യശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു. ഇവിടെയും പരിഹരിക്കപ്പെടേണ്ട ശാസ്ത്രീയപ്രശ്നങ്ങളുണ്ട്.


3. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ഗവേഷണങ്ങള്‍

 മനുഷ്യപ്രതിഭാസത്തിന്‍റെ പൂര്‍ണ്ണതയെ ഇതുപയോഗിച്ച് വിശദീകരിക്കാനാവില്ലെന്നും മനുഷ്യപരിണാമം ഒരു സ്വാഭാവികപ്രക്രിയയുടെ തുടര്‍ച്ചയാണെന്നു കാണിക്കാന്‍ മതിയായ തെളിവുകളില്ലെന്നും വരുന്നു. ആല്‍ഫ്രഡ് വാലസ് പറയുന്നതുപോലെ, "മനുഷ്യന്‍റെ ഭൗതികഘടന പ്രകൃതിനിര്‍ദ്ധാരണം വഴി മൃഗരൂപത്തില്‍നിന്ന് ആവിര്‍ഭവിച്ചതായതിനാല്‍ അവന്‍റെ ആന്തരികപ്രകൃതി അതേ കാരണങ്ങളാല്‍ത്തന്നെയാണ് രൂപപ്പെട്ടത് എന്നു പറയുക സാദ്ധ്യമല്ല." [15] മനുഷ്യാവബോധത്തിന്‍റെ പ്രത്യക്ഷത്തോടെ ആത്മാവിന്‍റെ (spirit) തലത്തിലേക്ക്, ലളിതമായ പ്രായോഗികബുദ്ധിയില്‍നിന്ന് കാണപ്പെടാത്ത പ്രപഞ്ചത്തിലേക്ക് പരിണാമം സഞ്ചരിക്കുന്നു. ഈ മാറ്റം സംഭവിക്കുന്നിടത്ത് പ്രകൃതിനിര്‍ദ്ധാരണത്തിന് അതിന്‍റെ വിശദീകരണശേഷി നഷ്ടപ്പെടുന്നു. 
പരിണാമസിദ്ധാന്തമനുസരിച്ച് മറ്റു സസ്തനികളെപ്പോലെ മനുഷ്യനും ഒരു പൊതുപൂര്‍വ്വികനില്‍ നിന്നാണ് ഉത്ഭവിച്ചത്. മനുഷ്യന്‍റെ പരിണാമദര്‍ശനം ശാസ്ത്രീയവൃത്തങ്ങളില്‍ സ്വീകരിക്കപ്പെട്ട ഒരനുമാനമാണ്. "കുരങ്ങിനെപ്പോലുള്ള ഒരു പൂര്‍വ്വികനില്‍ നിന്നാണ് മനുഷ്യന്‍ പരിണമിച്ചതെന്ന് എല്ലാവരും സമ്മതിക്കുന്നു. മനുഷ്യന് മനുഷ്യനേക്കാള്‍താഴ്ന്ന ഒരു പൂര്‍വ്വികനില്‍നിന്നുള്ള പരിണാമത്തിന് എന്തു തെളിവാണുള്ളത്? ശരീരശാസ്ത്രം, എംബ്രയോളജി, സൈറ്റോളജി, മോളിക്യുലര്‍ ബയോളജി എന്നിവയെല്ലാം മനുഷ്യനും മറ്റു മൃഗങ്ങളെപ്പോലെ പരിണമിച്ചുണ്ടായതാണെന്ന് സമ്മതിക്കുന്നു. ഈ തെളിവുകളെല്ലാമവഗണിച്ച് മനുഷ്യന്‍ ഒരു മൃഗപൂര്‍വ്വികനില്‍ നിന്നല്ല പരിണമിച്ചതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു മൃഗവും പരിണാമത്തിന്‍റെ ഫലമല്ല, പ്രത്യേകം സൃഷ്ടിക്കപ്പെട്ടതാണ് എന്നുവരും. ഇന്ന് ഒരു ശാസ്ത്രജ്ഞനും ഇത്തരമൊരു നിഗമനത്തിലെത്താന്‍ കഴിയുകയില്ല." [16]


താഴ്ന്നതരം ജീവികളില്‍നിന്നുള്ള മനുഷ്യപരിണാമത്തിന് പ്രബലമായ തെളിവുകളുണ്ട്. മനുഷ്യകോശങ്ങളിലെ ന്യൂക്ലിയസിന്‍റെ ഉള്ളടക്കത്തിലും മറ്റു മൃഗങ്ങളുടേതുപോലെ ഒരേ ഡി.എന്‍.എ ആണുള്ളത്. മനുഷ്യകോശങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് മറ്റു ജീവജാലങ്ങളുടേതെന്ന പോലെ ഒരേ രാസഘടനകള്‍ കൊണ്ടാണ്. മനുഷ്യപരിണാമത്തിന് ഉപോദ്ബലകമായി നല്കാന്‍ ഡാര്‍വിന് മതിയായ ഫോസില്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. 1848-ല്‍ ജിബ്രാള്‍ട്ടറില്‍ കണ്ടെത്തിയ കനത്ത അസ്ഥികളും, പുരികങ്ങളും വലിയ താടിയെല്ലുകളുമുള്ള തലയോട്ടിയും ജര്‍മ്മനിയിലെ നിയാന്‍ഡറില്‍ കണ്ടെത്തിയ മറ്റൊന്നും കുരങ്ങില്‍ നിന്നുള്ള മനുഷ്യന്‍റെ ഉത്ഭവത്തിന് തെളിവുകളാണ്. ഫ്രാന്‍സിലെ ഡോര്‍ഡോണില്‍ മനുഷ്യന്‍റെ അസ്ഥികൂടാവശിഷ്ടങ്ങള്‍ നിയാന്‍ഡര്‍താല്‍ മനുഷ്യന്‍റേതിനേക്കാള്‍ മെച്ചപ്പെട്ട ഉപകരണങ്ങളോടും കല്ലുകളോടുമൊപ്പം അടക്കം ചെയ്തിരുന്നത് കണ്ടെത്തി.  1942-ല്‍ റെയ്മണ്ട് ഡാര്‍ട്ട് സൗത്താഫ്രിക്കയില്‍ കുരങ്ങിന്‍റെയും മനുഷ്യന്‍റേയും സവിശേഷതകളുള്ള ഒരു കുട്ടിയുടെ തലയോട് കണ്ടെത്തി. 200,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയിലാണ് മനുഷ്യന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. തലച്ചോറിന്‍റെ വികാസമാണ് അവയുടെ പ്രത്യേകത. മനുഷ്യന്‍റെ വംശപരമ്പര(Descent of Man)യില്‍ ഡാര്‍വിന്‍ പറയുന്നതനുസരിച്ച് ജലഭയം (hydrophobia), വരിയോള (variola) തുടങ്ങിയ അസുഖങ്ങള്‍ മനുഷ്യന് താഴ്ന്നതരം ജീവികളില്‍ നിന്ന് സ്വീകരിക്കാനും അവയോട് സംവദിക്കാനും കഴിയും. മാത്രമല്ല, ഈ ഘടകങ്ങള്‍ അവയുടെ രക്തത്തിന്‍റെയും സംയുക്തകോശത്തിന്‍റെയും അടുത്ത സാദൃശ്യത്തെയും തെളിയിക്കുന്നു. മനുഷ്യന്‍റെ ശാരീരികഘടന അവന്‍റെ പിണ്ഡോത്പത്തിപരമായ പുരോഗതിയും (embryonic development), പൂര്‍ണ്ണവികാസം പ്രാപിക്കാത്ത അവയവങ്ങളുടെ (rudimentary organs) സമാനത മുതലായവ താഴ്ന്നതരം ജീവികളില്‍നിന്നുള്ള മനുഷ്യപരിണാമത്തെ സൂചിപ്പിക്കുന്നു. [17] 


4. പരിണാമവും ദൈവശാസ്ത്രവും

ഉത്ഭവിച്ച കാലത്തില്‍ നിന്ന് പരിണാമസിദ്ധാന്തം ഏറെദൂരം സഞ്ചരിച്ചിട്ടുണ്ട്. ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവത്തെയും അനുബന്ധപരിസ്ഥിതിഘടകങ്ങളെയും സംബന്ധിച്ചുള്ള സിദ്ധാന്തം എന്നതിലുപരി, അതിന്‍റെ സമീപകാലമുന്നേറ്റങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായ ചട്ടക്കൂടില്‍ ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ അടിക്കെട്ടുകളോടുകൂടി പരിണാമസിദ്ധാന്തത്തെ അവതരിപ്പിക്കുന്നുണ്ട്. മനസിനെയും ആത്മാവിനെയും സര്‍വ്വപ്രപഞ്ചത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയും വിധം പരിണാമം എന്ന ആശയത്തെ വികസിപ്പിച്ചും പരിണാമം ശാസ്ത്രീയതലങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കാതെ പ്രപഞ്ചത്തെ സാവധാനം ചുരുളഴിയുന്ന അവബോധത്തിന്‍റെ നാടകമായിക്കാണുന്ന മതബന്ധിയായ സാഹചര്യങ്ങളിലും ഏറെ പ്രാധാന്യം നേടി. അവരുടെ കരങ്ങളില്‍ പരിണാമം ദൈവികശക്തിയാലോ അജ്ഞാതമായ ആവിര്‍ഭാവപ്രവണതകളാലോ രൂപപ്പെടുത്തപ്പെട്ട പ്രാപഞ്ചികപ്രതിഭാസമായി മാറി. 


ഒരു പൊതുദാര്‍ശനികകാഴ്ചപ്പാടില്‍, പരിണാമസിദ്ധാന്തം ആന്തരികമായി ക്രിയാത്മകവും ചലനാത്മകവും പരിണാമബന്ധിയുമായ ഒരു ലോകവീക്ഷണം-സലനാത്മകമായ ലോകവീക്ഷണത്തിന് സ്ഥലം അനുവദിച്ചില്ല. ഇന്ന് കണ്ടെദാ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകം-അവതരിപ്പിക്കുന്നുവെന്ന് പറയാന്‍ കഴിയും. പെട്ടെന്നുള്ള സൃഷ്ടിയെക്കുറിച്ചുള്ള പഴയ സങ്കല്പങ്ങള്‍ അതിന്‍റെ നിശ്ചലവും കൃത്യവുമായ ഉത്ഭവവിവരണത്തില്‍ ചത്തിയിരിക്കുന്ന ലോകത്തിന്‍റെ പരിണാമാത്മകവും ചരിത്രപരവുമായ മാറ്റത്തിന് വിധേയമാകുന്നതുമായ പ്രകൃതം പരിണാമസിദ്ധാന്തത്തിനോട് കടപ്പെട്ടിരിക്കുന്നു. ഈ ലോകവീക്ഷണത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന പ്രപഞ്ചശാസ്ത്രവും (cosmology) നരവംശശാസ്ത്രവും സ്വയം മനസിലാക്കുന്നതിനും മറ്റേതൊരു യാഥാര്‍ത്ഥ്യത്തെ മനസിലാക്കുന്നതിനും നമ്മെ സഹായിക്കാനാകുംവിധം അഗാധമാണ്. ഡാര്‍വിന്‍റെ തന്നെ കാവ്യാത്മകനിരീക്ഷണം പരിണാമസിദ്ധാന്തത്തിനുള്ള പ്രോത്സാഹനമാണ്: "ഒന്നിലേക്കോ ഒന്നിലധികം ജീവികളിലേക്കോ നിശ്വസിക്കപ്പെട്ടതും അതിന്‍റെ എല്ലാ ശക്തികളോടു കൂടിയതുമായ ഒരു ജീവിതവീക്ഷണത്തിന് അതിന്‍റേതായ ഗാംഭീര്യമുണ്ട്; ഭൂഗുരുത്വത്തിന്‍റെ നിശ്ചിതനിയമങ്ങള്‍ക്കനുസരിച്ച് ഈ ഗ്രഹം ഭ്രമണം ചെയ്തുകൊണ്ടിരിക്കവേ, വളരെ ലളിതമായ ഒരാരംഭത്തോടെ മനോഹരവും അതിശയകരവുമായ എണ്ണമറ്റ ജീവരൂപങ്ങള്‍ ആവര്‍ഭവിച്ചു; ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്നു." [22]


പദാര്‍ത്ഥത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതും അന്തര്‍നിര്‍മ്മിതവുമായ സാധ്യതകളുടെ മഹത്തായ കണ്ടെത്തലാണ് കൂടുതല്‍ അടിസ്ഥാനപരമായ തലത്തില്‍ ഈ പുതിയ ലോകവീക്ഷണത്തിന്‍റെ സത്താപരമായ ഏകത്വം. പരിണാമാത്മകകാഴ്ചപ്പാട് പദാര്‍ത്ഥത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ വിശാലമാക്കി. സ്വയംക്രമീകൃത സംവിധാനങ്ങളിലേക്ക് മാറാനുള്ള പദാര്‍ത്ഥത്തിന്‍റെ കഴിവും കൂടുതല്‍ സങ്കീര്‍ണമായതിലേക്കുള്ള അവയുടെ ആകര്‍ഷണവുമാണ് പരിണാമപ്രക്രിയയുടെ ജീവത്ഘടകങ്ങള്‍. അവബോധം സിദ്ധിക്കുന്നതിനുവേണ്ടി പ്രത്യേകിച്ച് മനുഷ്യമസ്തിഷ്കം പോലെ സങ്കീര്‍ണമായ സംവിധാനത്തിലെ ആത്മാവബോധത്തിനു വേണ്ടി പദാര്‍ത്ഥം കടന്നുപോന്ന വഴികളും നടത്തിയ വിപ്ലവാത്മകതിരഞ്ഞെടുപ്പുകളും നമ്മെ അത്ഭുതപ്പെടുത്തും. "പ്രപഞ്ചപരിണാമത്തിലെ ഓരോ ഘട്ടത്തിലും പദാര്‍ത്ഥത്തിന്‍റെ സാദ്ധ്യതകള്‍ പ്രകാശിതമാകുന്നു. അവ ആദിമുതലേ പദാര്‍ത്ഥത്തില്‍ അന്ത:സ്ഥിതവും സാവധാനം ചുരുളഴിയുന്നവയുമാണ്." [23] ഈ മാറ്റത്തിന്‍റെ ആന്തരികവും സ്വയംഉള്‍ക്കൊള്ളുന്നതുമായ സംവിധാനം ദൈവികമായതിന്‍റെ നേരിട്ടുള്ള ഇടപെടലോ വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങളോ ആവശ്യപ്പെടുന്നു. അത് ദൈവികപ്രവൃത്തിയുടെയും ദൈവികപരിപാലനയുടെയും നിരവധി രൂപരേഖകള്‍ സംവഹിക്കുകയും ചെയ്യുന്നു. 


പരിണാമസിദ്ധാന്തത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന പദാര്‍ത്ഥസംവിധാനങ്ങള്‍ (mechanisms) സൂചിപ്പിക്കുന്നതുപോലെ ജീവനുള്ളവയുടെയും ജീവനില്ലാത്തവയുടെയും ലോകങ്ങള്‍ തമ്മിലുള്ള തുടര്‍ച്ച സിദ്ധാന്തത്തിന്‍റെ സമ്പൂര്‍ണ്ണവും പ്രാപഞ്ചികവുമായ പ്രയോഗക്ഷമതയെ നീതീകരിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ, പരിണാമസിദ്ധാന്തത്തിന്‍റെ നിയോ-ഡാര്‍വിനിയന്‍ പതിപ്പ് പദാര്‍ത്ഥത്തിന്‍റെ പരിണാമാത്മകഉത്ഭവത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിശാലമായ പ്രാപഞ്ചികപ്രക്രിയയെ കണ്ടെത്തുന്നു. "ഇന്ന് ജൈവപരിണാമത്തെ ഒരു പ്രാപഞ്ചികസന്ദര്‍ഭത്തില്‍ അവതരിപ്പിക്കാന്‍ നമുക്കു കഴിയും. പദാര്‍ത്ഥരൂപങ്ങള്‍ തുടര്‍ച്ചയായി രൂപാന്തരപ്പെട്ട് ആറ്റങ്ങളും തന്മാത്രകളും സങ്കീര്‍ണഘടനകളായി മാറുകയും അവ സ്വയം ജീവരൂപങ്ങളായി നിര്‍മിക്കപ്പെട്ട് ജീവനുള്ളവയായിത്തീരുകയും ചെയ്യുന്നു.. പുതിയ ജീവരൂപങ്ങളുത്പാദിപ്പിക്കാനുള്ള പദാര്‍ത്ഥത്തിന്‍റെ സാധ്യതാശക്തി ജീവരൂപങ്ങളുടെ ആരംഭത്തിനപ്പുറത്തേക്കും ഭൂമിയില്‍നിന്ന് അവ അപ്രത്യക്ഷമായേക്കാവുന്ന കാലത്തിനപ്പുറത്തേക്കും പരന്നുകിടക്കുന്നു." [24]


5. പരിണാമവും ദൈവികരൂപകല്പനയും

ശാസ്ത്രവും മതവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഗൗരവതരമായ ഒരു കാരണം ദൈവികബുദ്ധിപ്രാഭവവും പരിണാമവാദപരമായ രൂപകല്പനയുമായിരുന്നു. ചിലരെ സംബന്ധിച്ചിടത്തോളം പരിണാമം മതപരമായി നിഷ്പക്ഷമായ ഒരു തത്വമോ അല്ലെങ്കില്‍ പ്രപഞ്ചത്തിന്‍റെ ദൈവികരൂപകല്പനയെ സംബന്ധിക്കുന്ന മതാത്മകവാദഗതികളെ നിഷേധിക്കുന്ന ഒന്നോ ആയിരുന്നു. പരിണാമാത്മകമായ ലോകവീക്ഷണത്തില്‍ പ്രപഞ്ചം ദൈവമില്ലാത്തതും വ്യക്തിപരമല്ലാത്തതും ആയിരിക്കണം. പരിണാമസിദ്ധാന്തത്തിന്‍റെ മതവിരോധാത്മകമായ മൂന്ന് വാദഗതികള്‍ ഹോട്ട് വിശദീകരിക്കുന്നു. ആദ്യമായി, പ്രകൃതിയുടെ പ്രവര്‍ത്തനങ്ങള്‍ സാന്ദര്‍ഭികവും അയുക്തികവുമായിരിക്കും. കാരണം ജീവിവര്‍ഗ്ഗങ്ങളുടെ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്ന വ്യതിയാനങ്ങള്‍ തികച്ചും ക്രമമില്ലാത്തതാണ്. അടുത്തകാലത്തുപോലും ചില ജീവശാസ്ത്രജ്ഞര്‍ ജനിതകഉള്‍പ്പരിവര്‍ത്തനത്തിന്‍റെ കാരണം വെറും ആകസ്മികതയെന്ന് തീര്‍ച്ചപ്പെടുത്തുന്നു. രണ്ടാമതായി, നിലനില്പിനുവേണ്ടിയുള്ള സമരം അടിസ്ഥാനപരമായി ക്രൂരവും അനീതിപരവുമായ ഒരു പ്രപഞ്ചസംവിധാനത്തിലേക്ക് വിരല്‍ചൂണ്ടുന്നു. അതൊരിക്കലും നീതിമാനായ ഒരു ദൈവം എന്ന സങ്കല്പത്തോട് യോജിക്കുന്നില്ല. മൂന്നാമതായി, പ്രകൃതിനിര്‍ദ്ധാരണത്തിലെ ആത്മാവില്ലാത്ത പ്രക്രിയ ജീവിതത്തോടും മനുഷ്യവംശത്തോടും സൗഹൃദത്തിലല്ലാത്ത ഒരു ലോകത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. [25]


യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കുചിതകാഴ്ചപ്പാടുകളാല്‍ ഈ വാദഗതികളെല്ലാം തന്നെ ദാര്‍ശനികമായി അടിസ്ഥാനരഹിതമായി കാണപ്പെടുന്നു. അതിനാല്‍ സ്വാഭാവികദൈവശാസ്ത്രത്തിന്‍റെ ചട്ടക്കൂട്ടിലുള്ള പരമ്പരാഗത ദാര്‍ശനികകാഴ്ചപ്പാടുകളില്‍നിന്നും അവ എളുപ്പത്തില്‍ ഒഴിവാക്കപ്പെടും. പരിണാമസിദ്ധാന്തം ആവിര്‍ഭവിക്കുന്നതിനും വളരെ മുമ്പ് ആകസ്മികതയും ദൈവികപരിപാലനയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ലായെന്ന് വി. തോമസ് അക്വിനാസ് പ്രസ്താവിച്ചിട്ടുണ്ട്. "എല്ലാ വസ്തുക്കളും അനിവാര്യതയാലാണ് ഉത്ഭവിച്ചതെങ്കില്‍ ദൈവികപരിപാലനയുമായി അവ ഒത്തുപോകില്ല... അതിനാല്‍ ഒന്നും ആകസ്മികമായി സംഭവിക്കുന്നില്ലായെങ്കില്‍ അത് പരിപാലനയുടെ പ്രകൃതത്തിനും ലോകത്തിന്‍റെ പൂര്‍ണതയ്ക്കും വിരുദ്ധമായിരിക്കും." [26] ആകസ്മിക പ്രതിഭാസങ്ങളില്‍ ദൈവത്തിന്‍റെ കരം പീകോക്കും കണ്ടെത്തുന്നു. പീകോക്കിനെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്‍റെ മഹത്തായ സൃഷ്ടികര്‍മ്മത്തില്‍ പദാര്‍ത്ഥത്തിന്‍റെ സമ്പന്നമായ സാദ്ധ്യതകള്‍ വെളിപ്പെടുത്തുന്നതിനും ഉപയോഗത്തില്‍ വരുന്നതിനുമുള്ള ജൈവികഉപകരണമാണ് ആകസ്മികത. [27]


ദൈവപരിപാലനയുടെ സ്ഥാനത്തിന് പകരം ക്രമമില്ലായ്മയെ അവരോധിക്കുന്നതിനു മറുപടിയായി നമുക്കു പറയാന്‍ കഴിയുക നാം കരുതുന്നതൊക്കെ അവശ്യം ക്രമരഹിതമായിക്കൊള്ളണമെന്നില്ല എന്നാണ്. കാരണം, വീക്ഷണകോണിന്‍റെ പരിമിതികളാല്‍ സ്വാധീനിക്കപ്പെട്ടവയാണ് നമ്മുടെ സംവേദനങ്ങളും നിഗമനങ്ങളും. ശാസ്ത്രീയമായി അസംബന്ധമായ ഒരു ആകസ്മികത ദൈവികവീക്ഷണത്തില്‍ സമഗ്രവും യുക്തിപരവുമായിരിക്കാന്‍ ഇടയുണ്ട്. അനീതിപരവും ക്രൂരവുമായ പ്രപഞ്ചസംവിധാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിണാമവാദിയുടെ മതവിരോധതാത്പര്യം, ബൈബിളിലെ ആര്‍ദ്രനായ ദൈവം പോലും ജോബിന്‍റെ വേദനയിലും ക്രിസ്തുവിന്‍റെ കുരിശുമരണത്തിലും സ്വയം വെളിപ്പെടുത്തുന്ന ദൈവമാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധിക്കാവുന്നതാണ്. പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ അന്ധമായ പാതയെ ഉപരോധിക്കാന്‍ ഹോട്ട് ഭൂഗുരുത്വനിയമവുമായി ഒരു സാമ്യം കണ്ടുപിടിക്കുന്നു. ദുര്‍ബലരെയും ശക്തരെയും ഒരുപോലെ ഭൂഗുരുത്വം ചിലപ്പോള്‍ ഭൂമിയിലേക്കാകര്‍ഷിക്കുമെങ്കിലും ഒരു ദാര്‍ശനികനും ഭൂഗുരുത്വത്തെ ദൈവത്തിനെതിരായുള്ള ആയുധമായി ഉപയോഗിച്ചിട്ടില്ല. അതിനാല്‍ പ്രകൃതിനിര്‍ദ്ധാരണവും തീരെ സൗമ്യതയോടെ കാണുക സാദ്ധ്യമല്ല. [28] ഹോട്ട് നിരീക്ഷിക്കുന്നതുപോലെ പരിണാമം മുന്നോട്ടുവക്കുന്നത് ദൈവത്തിന് നേരെ നോക്കാന്‍ ഒരു പുതിയ മാര്‍ഗ്ഗം മാത്രമാണ്. "ദൈവികമായ ക്രിയാത്മകജീവന്‍ മനുഷ്യന്‍ മാത്രമല്ല എല്ലാ ജീവികളുമായും പങ്കുവയ്ക്കാനാഗ്രഹിക്കുന്ന ഒരു ദൈവമാണ് നമ്മുടേത്. ആ ദൈവം സൃഷ്ടിപ്രക്രിയയുടെ മേലുള്ള കാതലായ നിയന്ത്രണങ്ങള്‍ പരിത്യജിക്കുകയും ലോകത്തിന്‍റെ പരിണാമത്തില്‍ സൃഷ്ടിക്ക് ഒരു പ്രധാനസ്ഥാനവും പങ്കാളിത്തവും നല്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കുമായി തുറന്ന ലോകത്തോട് സമരസപ്പെടുന്ന ദൈവത്തിന്‍റെ ഇത്തരത്തിലുള്ള മഹത്തും സ്വയം നിഷേധിക്കുന്നതുമായ സ്നേഹമാണ് പരിണാമത്തിന്‍റെ ഭൗതികരേഖകളില്‍ നാം കണ്ടെത്തുന്ന അത്ഭുതം. ജീവിതത്തിലും അതിന്‍റെ പരിണാമത്തിലും നാം അഭിമുഖീകരിക്കുന്ന സമരങ്ങളോടും യുക്തിപരമായി അവ യോജിച്ചുപോകുന്നു." [29]


മാതാപിതാക്കളുടെയും പുതുതലമുറയുടെയും അവയവഘടനാനിര്‍മ്മാണം (organism) തമ്മിലുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതിന് ഡാര്‍വിനുപയോഗിക്കുന്ന വാക്കാണ് ജൈവികപരിണാമം (organic evolution). ഓര്‍ഗാനിക് പരിണാമപ്രക്രിയ പലപ്പോഴും അന്ധമായ ആകസ്മികതയുടെ മാത്രം ഫലമായി തെറ്റായി പ്രതിനിധാനം ചെയ്യപ്പെടാറുണ്ട്. [30] ഈ കാഴ്ചപ്പാട് ഡാര്‍വിന്‍റെ തന്നെ സംജ്ഞകളെ വഞ്ചിക്കുന്നു: "നമുക്കു വിശ്വസിക്കാനായാലും ഇല്ലെങ്കിലും, ഘടനയിലെ നിസാരമായ ഏതു വ്യതിയാനവും-വിവാഹത്തില്‍ ഓരോ ജോഡിയുടെയും ഐക്യം, ഓരോ വിത്തിന്‍റെയും വിതറല്‍-അതുപോലുള്ള മറ്റ് സംഭവങ്ങളും ഓരു പ്രത്യേകലക്ഷ്യത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയത്രേ." [31] "സ്രഷ്ടാവിനാല്‍ പദാര്‍ത്ഥത്തിന്മേല്‍ പതിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളെ" [32]ക്കുറിച്ച് സംസാരിക്കുന്നതില്‍ ഡാര്‍വിന്‍ ശ്രദ്ധാലുവായിരുന്നു. ഡാര്‍വിനിസത്തില്‍ ആകസ്മികതയുടെ പങ്കിനെക്കുറിച്ചുള്ള സംവാദം റിച്ചാര്‍ഡ് ഡോക്കിന്‍സ് സംഗ്രഹിക്കുന്നു: "ആകസ്മികമായി സൃഷ്ടിക്കപ്പെടാന്‍ സാധിക്കാത്തവിധം ജീവവസ്തുക്കള്‍ തീര്‍ത്തും അസംഭവ്യവും വളരെ സുന്ദരമായി രൂപീകരിക്കപ്പെട്ടതുമാണ്... ഡാര്‍വിനിയന്‍ പരിണാമം ക്രമമില്ലാത്തതാണെന്നുള്ള വിശ്വാസം വെറുതെയൊരു തെറ്റു മാത്രമല്ല. അത് സത്യത്തിന് ഘടകവിരുദ്ധമാണ്. ഡാര്‍വിനിയന്‍ പാചകവിധിയിലെ ഒരു നിസാരചേരുവ മാത്രമാണ് ആകസ്മികത... തിരഞ്ഞെടുപ്പിന്‍റെ ഒരു തലമുറയുടെ അവസാനഫലം തിരഞ്ഞെടുപ്പിന്‍റെ അടുത്ത ഒരു തലമുറയ്ക്കുള്ള തുടക്കമാണ്. അത് നിരവധി തലമുറകളിലേക്ക് നീണ്ടുപോകുന്നു." [33]


പരിണാമത്തിലെ സൃഷ്ടി ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് സൃഷ്ടി എന്ന ദൈവികകര്‍മ്മം പരിണാമകാഴ്ചപ്പാടില്‍ പുനര്‍നിര്‍വചിക്കാന്‍ സാധിക്കും. സൃഷ്ടി ഒരു ഉത്ഭവപ്രവൃത്തി ആകണമെന്നില്ല, മറിച്ച് നിരന്തരമായ ഒന്നായിരിക്കും. "ഉത്ഭൂതമാകുന്ന പ്രപഞ്ചത്തില്‍ സൃഷ്ടി ഇപ്പോഴും സംഭവിക്കുന്ന, ആരംഭത്തിലുള്ളതിനേക്കാള്‍ അല്പം പോലും ഭേദം കുറയാതെ മഹാവിസ്ഫോടനപ്രപഞ്ചം ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഏതുദിവസവും സൃഷ്ടിയുടെ പ്രഭാതമാണ്." [34] അതിവിദൂരഭാവിയില്‍ ആരംഭിച്ച് വളരെ പെട്ടെന്ന് പൂര്‍ത്തിയായ സൃഷ്ടി എന്ന കാഴ്ചപ്പാട് ഉപേക്ഷിക്കുവാന്‍ പരിണാമസിദ്ധാന്തം അങ്ങനെ ദൈവശാസ്ത്രത്തെ സഹായിച്ചു. പരിണാമകാഴ്ചപ്പാട് പ്രപഞ്ചപ്രക്രിയകളില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ഉത്ഭവത്തിന്‍റെ ദൈവികകര്‍മ്മവുമായി കൂടുതല്‍ യോജിപ്പിലാണ്. 
ഭാവിയിലേക്ക് സംവഹിക്കപ്പെടുന്ന സൃഷ്ടിയെ ആദ്യചലനമെന്ന നിലയില്‍ മനസ്സിലാക്കണം. ഇതൊരു തുടര്‍ച്ചയായ സൃഷ്ടിയാണ്. പരിണാമം ക്വാര്‍ക്കുകളില്‍നിന്നും ഗ്ലൂവോണുകളില്‍ നിന്നും മനുഷ്യനിലേക്ക് ആയിത്തീരുന്ന പ്രക്രിയയാണ്. നിരവധി ദൈവശാസ്ത്രജ്ഞര്‍ ഈ ആയിത്തീരല്‍ പ്രക്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ത്രിത്വഘടകത്തെ കണ്ടെത്തുന്നു. ലളിതമായ ഘടകങ്ങളെ സങ്കീര്‍ണ്ണങ്ങളായ മോളിക്യൂളുകളുമായി സംയോജിപ്പിക്കുകയും അവസാനമനുഷ്യന്‍ എന്ന സങ്കീര്‍ണ്ണമായ ജീവരൂപത്തെ ഉത്പാദിപ്പിക്കുകയും വീണ്ടും അതിന് ആത്മാവും അവബോധവും നല്കുകയും ചെയ്യുന്ന ഒരു ശക്തിയുണ്ട്. ഏകീകരിക്കുന്ന ശക്തിയായി സന്നിഹിതനാകുന്ന ദൈവത്തെ നമുക്കവിടെ കാണാം. ഏകദൈവമെന്ന ഐക്യഭാവത്തിന്‍റെയും ആയിത്തീരലിന്‍റെയും ഏറ്റവും നല്ല ഉദാഹരണമായതിനാല്‍ ത്രിത്വത്തിന് ഏകീകരിക്കുന്ന ശക്തിയാകാനും സാധിക്കും. അതിനാല്‍ അടിസ്ഥാനപരമായി പ്രപഞ്ചം സത്താപരമായി ത്രിത്വത്തില്‍ ഏകീകരിക്കപ്പെട്ട പരിണാമത്തിലെ സൃഷ്ടിയാണ്. [35] 


6. ക്രിസ്തീയനരവംശശാസ്ത്രവും പരിണാമവും

സൃഷ്ടിയുടെ പൂര്‍ണതയില്‍ അന്തര്‍ലീനമായിരിക്കുന്ന ഐക്യത്തിന്‍റെ നരവംശശാസ്ത്രപരമായ സ്വാധീനങ്ങളും നമുക്ക് അവഗണിക്കാനാവില്ല. മനുഷ്യന്‍റെ മനോശരീരഐക്യത്തിന്‍റെ പ്രാപഞ്ചികസാധ്യതകളെ വെളിപ്പെടുത്തുന്നതിനുള്ള തരിശുഭൂമിയാണ് പരിണാമസിദ്ധാന്തം. എന്നിരുന്നാലും പരിണാമസിദ്ധാന്തം സ്വീകരിക്കുമ്പോള്‍ മനുഷ്യമഹത്വത്തെ നഗ്നനായ വാനരന്‍റെ നിലയിലേക്ക് താഴ്ത്തുന്നുവെന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു. [36] പക്ഷേ പരിണാമസിദ്ധാന്തവുമായുള്ള സംവാദം "നമുക്കൊരിക്കലും ആയിത്തീരാന്‍ യോഗ്യതയില്ലാത്ത ബൃഹത്തായ ഉത്കൃഷ്ടതയാണ് നഗ്നവാനരന്‍" [37] എന്ന് നമ്മെ പഠിപ്പിച്ചുതരും. 


ആത്മാവെന്നു വിളിക്കുന്ന ഒരു ആത്മീയഘടകം മനുഷ്യനിലുണ്ടെന്ന് പരമ്പരാഗതമായി നാം കരുതിപ്പോരുന്നു. പരിണാമത്തിന്‍റെ പശ്ചാത്തലത്തില്‍ ആത്മാവിന്‍റെ ഉത്ഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മാവിന്‍റെ ഉത്ഭവത്തെ സംബന്ധിച്ച രണ്ട് അനുമാനങ്ങളാണുള്ളത്. മനുഷ്യന്‍ ജൈവികമായി ഗര്‍ഭസ്ഥനാകുമ്പോള്‍ ആത്മാവ് അവനിലേക്ക് ആവിര്‍ഭൂതമാകുന്നു. അത് പരിണാമപ്രക്രിയയ്ക്ക് ആത്മാവിന്‍റെ അവബോധം രൂപാന്തരീകരിക്കുന്നതിനുള്ള കഴിവ് നല്കുന്നു. രണ്ടാമതായി, ഓരോ മനുഷ്യനും ഉരുവാകുമ്പോള്‍ ദൈവം ഒരു പുതിയ ആത്മാവിനെ സൃഷ്ടിക്കുന്നുവെന്ന സങ്കല്പമാണ്. ആത്മാവിന്‍റെ പരിണാമത്തെക്കുറിച്ചുള്ള ഔദ്യോഗികകത്തോലിക്കാനിലപാട്, പ്രകൃതിനിര്‍ദ്ധാരണത്തിന് ആത്മീയവും അനശ്വരവുമായ ആത്മാവിനെ ഉത്പാദിപ്പിക്കാന്‍ കഴിയില്ലായെന്നതാണ്. ജൈവശാസ്ത്രപരമായ തുടര്‍ച്ചയെ ഒരു വസ്തുതയായി പരിഗണിക്കാമെങ്കിലും വെറും ഭൗതികപൂര്‍വ്വഗാമികള്‍ക്ക് മനുഷ്യാത്മാവിനെ വിശദീകരിക്കാനാവില്ലായെന്ന് Humani Generis  എന്ന ചാക്രികലേഖനത്തില്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ പറയുന്നു. പരിണാമസിദ്ധാന്തത്തോടുള്ള സഭയുടെ പ്രതികരണം പാടേയുള്ള നിഷേധത്തില്‍നിന്ന് ക്രമാനുഗതമായ സ്വീകരണത്തിലേക്ക് വഴിമാറിയിട്ടുണ്ട്.

1996ല്‍ പരിണാമസിദ്ധാന്തം വെറുമൊരു സങ്കല്പം മാത്രമല്ലെന്ന വിപ്ലവാത്മകമായ ഒരു നിരീക്ഷണം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തുകയുണ്ടായി. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സിനു നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു: 
നിങ്ങള്‍ തിരഞ്ഞെടുത്ത, സഭയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ജീവിതത്തിന്‍റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചു പ്രതിപാദിക്കുന്നതുമായ സിദ്ധാന്തത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അതിന്‍റെ ഭാഗങ്ങള്‍ മനുഷ്യന്‍റെ ഉത്ഭവത്തെയും പ്രകൃതത്തെയുംകുറിച്ചുള്ള പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്നു... നമ്മുടെ മുന്‍ഗാമി പിയൂസ് XII ന്‍റെ ചാക്രികലേഖനമായ ഹുമാനി ജെനേരിസ്, മനുഷ്യനെയും അവന്‍റെ വിളിയെയുംകുറിച്ചുള്ള വിശ്വാസസത്യവും പരിണാമവും തമ്മില്‍ വൈരുദ്ധ്യങ്ങളില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്... ഇന്ന്, ചാക്രികലേഖനത്തിന്‍റെ പ്രസിദ്ധീകരണത്തിന് ഏകദേശം അരദശകത്തിന് ശേഷം, പുതിയ അറിവുകള്‍ പരിണാമസിദ്ധാന്തം വെറുമൊരു അനുമാനം മാത്രമല്ല എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നുണ്ട്. അറിവിന്‍റെ നിരവധി മേഖലകളിലുള്ള കണ്ടുപിടുത്തങ്ങളിലൂടെ നിരവധി ഗവേഷകര്‍ ഈ സിദ്ധാന്തം ഇന്ന് അംഗീകരിച്ചിരിക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. [38]

Theory of evolution evolution and theology evolution Theory of evolution and theology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message