x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ശാസ്ത്രവും ദൈവശാസ്ത്രവും

west ശാസ്ത്രവും ദൈവശാസ്ത്രവും / പരിണാമസിദ്ധാന്തവും ദൈവശാസ്ത്രവും

പരിണമിക്കുന്ന സൃഷ്ടിയുടെ കൗദാശികസ്വഭാവം

Authored by : Peter M.J. Hess On 26-May-2021

പരിണമിക്കുന്ന സൃഷ്ടിയുടെ കൗദാശികസ്വഭാവംപരിണമിക്കുന്ന സൃഷ്ടിയുടെ കൗദാശികസ്വഭാവം

പീറ്റർ എം.ജെ ഹെസ്[1]


"ആകാശം ദൈവത്തിന്‍റെ മഹത്ത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു" (സങ്കീ. 19:1)."സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല ... വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു" (യോഹ. 1:3, 14).

ആമുഖം:

ദൈവം, സൃഷ്ടി, കൗദാശികത്വംലോകമതങ്ങളില്‍വച്ച് രണ്ട് പാരമ്പര്യങ്ങള്‍ പ്രത്യോകമായി പ്രപഞ്ചത്തിന്‍റെ കൗദാശികസ്വഭാവത്തെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ഹിന്ദുമതവും ക്രിസ്തുമതവും സൃഷ്ടിയിലെ ദൈവസാന്നിദ്ധ്യത്തെ വ്യത്യസ്തരീതികളില്‍ അവതരിപ്പിക്കുന്നു. യഹൂദ,ക്രിസ്തീയ വേദഗ്രന്ഥങ്ങളേക്കാള്‍ വൈവിദ്ധ്യങ്ങളുള്ള ഹൈന്ദവവേദസമാഹാരങ്ങളില്‍ സൃഷ്ടി ദൈവത്തിന്‍റെ സത്തയെ പ്രതിഫലിപ്പിക്കുന്ന ദര്‍ശനമാണ്: എണ്ണമറ്റവിധം പെരുകണമെന്നാഗ്രഹിച്ചുകൊണ്ട്, സ്വയം പല രൂപങ്ങളായി മാറണമെന്ന് തീര്‍ച്ചപ്പെടുത്തി ബ്രഹ്മന്‍ ധ്യാനത്തില്‍ മുഴുകി. ധ്യാനിച്ചുകൊണ്ട് അവിടുന്ന് സകലതും സൃഷ്ടിച്ചു. എല്ലാത്തിനെയും സൃഷ്ടിച്ചുകൊണ്ട് അവിടുന്ന് അവയിലേക്ക് പ്രവേശിച്ചു. അവയില്‍ പ്രവേശിച്ച് അവിടുന്ന് രൂപവും രൂപരഹിതവുമായി; നിര്‍വ്വചിക്കാനാവുന്നതും നിര്‍വ്വചിക്കാനാവാത്തതുമായി അവിടുന്ന് മാറി; ബലം നല്കുന്നതും നല്കാത്തതുമായി മാറി; അവബോധമുള്ളതും അവബോധമില്ലാത്തതുമായി മാറി; ബൃഹത്തും സൂക്ഷ്മവുമായി അവിടുന്ന് മാറി. അവിടുന്ന് എല്ലാമായി, അതിനാല്‍ ബുദ്ധിമാന്മാര്‍ അവിടുത്തെ യാഥാര്‍ത്ഥ്യമായി കണക്കാക്കുന്നു.  (തൈത്തരീയഉപനിഷദ് 2:b:1c)ഏകമായ ബ്രഹ്മത്തില്‍ നിന്ന് ആവിര്‍ഭവിച്ചുകൊണ്ട് ലോകം ജൈവപ്രകൃതത്തില്‍ വിവിധരൂപങ്ങളില്‍ വെളിപ്പെടുന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകം മുഴുവന്‍ ഒരു കൂദാശയും ദൈവത്തിന്‍റെ ദൃശ്യമായ വെളിപ്പെടലുമാണ്. പ്രകൃതിയിലെ ദൈവത്തിന്‍റെ വെളിപ്പെടലിനെയും പ്രത്യേകമായതിനെ അതിവര്‍ത്തിക്കുന്ന സാര്‍വ്വത്രികതയെയും വേദഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവാവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധന സ്വീകരിക്കുന്നത് ആരാണെന്ന് ശ്വേതാശ്വതാര ഉപനിഷദ് ചോദിക്കുന്നു: ലോകം വിശ്രമിക്കുന്ന ദേവന്മാരുടെ ദേവന്‍ ആരാണ്? ഇവിടെയുള്ള ഇരുകാലികളുടെയും നാല്ക്കാലികളുടെയും ദൈവം ആരാണ്?ഏതു ദൈവത്തിനാണ് നാം ആദരവോടെ കാഴ്ചകള്‍ സമര്‍പ്പിക്കുക?... അത് ലോകത്തെ കാലത്തില്‍ സംരക്ഷിക്കുന്നവനും,പ്രപഞ്ചത്തിന്‍റെ അധിനാഥനും എല്ലാ സൃഷ്ടികളിലും മറഞ്ഞിരിക്കുന്നവനുമാണ്. (ശ്വേതാശ്വതാര ഉപനിഷദ്, 3)ചുരുക്കത്തില്‍, ഉപനിഷത്തിലെ ഹൈന്ദവചിന്തയനുസരിച്ച് ദൈവം അല്ലെങ്കില്‍ ആദികാരണം പ്രകൃതിയിലൂടെ വെളിപ്പെടുന്നു. മാത്രമല്ല, അവിടുന്ന് പ്രകൃതിയുമായി ഒന്നാണ്. മനുഷ്യന്‍ ആത്യന്തികമായി പ്രകൃതിയോടും ദൈവത്തോടും ഒന്നായിരിക്കുകയും ചെയ്യുന്നു. ഇതിനു വിരുദ്ധമായാണ് പടിഞ്ഞാറിന്‍റെ ഏകദൈവകേന്ദ്രീകൃതമായ അതിഭൗതികവാദം ദൈവത്തെയും ദൈവത്തിന്‍റെ സൃഷ്ടിയെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഉത്പത്തി 1,2ലും സങ്കീര്‍ത്തനത്തിലും ഇത് ദൃശ്യമാണ്. "കര്‍ത്താവേ അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിദ്ധ്യപൂര്‍ണങ്ങളാണ്! ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മ്മിച്ചു; ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു. അതാ വിസ്തൃതമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യം ജീവികളെക്കൊണ്ട് അത് നിറഞ്ഞിരിക്കുന്നു" (സങ്കീ. 104, 24-25).

ഹെബ്രായ പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ സൃഷ്ടിയുടെ ദൈവശാസ്ത്രത്തില്‍ ലോകത്തിന്‍റെ വിവിധ ഘടകങ്ങളോടുള്ള ദൈവത്തിന്‍റെ സാരൂപ്യത്തെ ക്രിസ്തുമതം നിരാകരിക്കുന്നു. എന്നിരുന്നാലും ക്രിസ്തീയദൈവശാസ്ത്രം ദൈവത്തിന്‍റെ അനന്തമായ അതിശായികത്വത്തെ മാത്രമല്ല അന്തര്‍ലീനത്വത്തെയും അംഗീകരിക്കുന്നുണ്ട്. ദൈവം പ്രകൃതിയില്‍ പ്രത്യക്ഷമാണെന്ന ഹൈന്ദവകൗദാശികത്വത്തിന് വിരുദ്ധമായി ക്രിസ്തീയചിന്ത പ്രകൃതിയെ ദൈവീകയാഥാര്‍ത്ഥ്യത്തിന്‍റെ പരിധികളില്‍ ഒതുക്കുന്നു. ദൈവം പ്രകൃതിയില്‍ അന്തര്‍ലീനവും അതേസമയം അതിനെ അതിവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന തത്ത്വശാസ്ത്രചട്ടക്കൂട്ടില്‍ (panentheism) ക്രിസ്തീയദൈവശാസ്ത്രത്തെ കാണാവുന്നതാണ് [2]. കാരണം, അത് ദൈവത്തില്‍ നിലനില്ക്കുന്നു.

ദൈവശാസ്ത്രവും ആരാധനക്രമവും വിശുദ്ധ ഗ്രന്ഥവും വെളിപ്പെടുത്തുന്നതുപോലെ അപ്പത്തിലും വീഞ്ഞിലും എണ്ണയിലും ജലത്തിലും അഗ്നിയിലും പ്രകാശത്തിലും ദൈവികമായതിനെ അവതരിപ്പിക്കാന്‍ പ്രകൃതിക്കു സാധിക്കും.ആധുനികശാസ്ത്രം അടക്കിഭരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ലോകത്തിലെ മതവിശ്വാസികളെ ഉദ്ബോധിപ്പിക്കാന്‍ ക്രിസ്തീയ കൗദാശികത്വത്തിന് എങ്ങനെ സാധിക്കും? ആദിമസഭയിലെ ദൈവശാസ്ത്രജ്ഞരുടെയും ബൈബിള്‍ ഗ്രന്ഥകര്‍ത്താക്കളുടെയും ലോകത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്.

പുരാതനവും ചലനാത്മകവും രൂപപ്പെടുന്നതുമായ നമ്മുടെ പ്രപഞ്ചസങ്കല്പത്തിനു മുമ്പില്‍ നൂതനവും നിര്‍ണ്ണീതവും ചലനരഹിതവുമായ പ്രപഞ്ചചിത്രം വീണുടഞ്ഞു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ക്വാണ്ടം മെക്കാനിക്സാണെന്ന് ഭൗതികശാസ്ത്രം പഠിപ്പിക്കുന്നു. 13.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അത് ഉരുത്തിരിഞ്ഞതെങ്ങനെ എന്ന് പ്രപഞ്ചവിജ്ഞാനീയം പറഞ്ഞുതരുന്നു. നക്ഷത്രപരിണാമത്തിന്‍റെയും ഗ്രഹങ്ങളുടെ രൂപീകരണത്തിന്‍റെയും പ്രക്രിയകള്‍ വാനശാസ്ത്രം വ്യക്തമാക്കുന്നു. നക്ഷത്രങ്ങളിലെ ഭാരമുള്ള ഘടകങ്ങളുടെ ന്യൂക്ലിയോസിന്തെസിസിനെക്കുറിച്ചും ഗ്രഹങ്ങളുടെ മുന്‍കാലഅവസ്ഥകളെക്കുറിച്ചും രസതന്ത്രത്തിലും, ഭൂമിയിലെ ജീവന്‍റെ ചരിത്രത്തെക്കുറിച്ച് പരിണാമാത്മകജീവശാസ്ത്രത്തിലും നാം പഠിക്കുന്നു. ധാര്‍മ്മികബോധത്തിന്‍റെയും ആത്മീയതയുടേതുമുള്‍പ്പെടെയുള്ള മാനുഷികധൈഷണികതയുടെ പുരോഗതിയെ ന്യുറോസയന്‍സും മനഃശാസ്ത്രവും വിലയിരുത്തുന്നു. ദൈവത്തെ കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിയുകയില്ലെങ്കിലും ശാസ്ത്രീയവിഷയങ്ങളുടെ പ്രക്രിയകളില്‍ ദൈവം അന്തര്‍ലീനമാണെന്ന് ഒരു ക്രിസ്ത്യാനി വിശ്വസിക്കുന്നു [3]. 

നൂറ്റാണ്ടുകളിലൂടെ മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്‍റെ വിവരണാത്മകചട്ടക്കൂടുകള്‍ക്കിടയിലും ക്രിസ്തീയത അതിന്‍റെ അനിവാര്യമായ കൗദാശികസ്വഭാവം കാത്തുസൂക്ഷിച്ചിട്ടുണ്ട്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സൂചിപ്പിക്കുന്നതുപോലെ "മാംസം ധരിച്ച വചനത്തിന്‍റെ രഹസ്യത്തില്‍ മാത്രമാണ് മനുഷ്യന്‍റെ രഹസ്യം യഥാര്‍ത്ഥത്തില്‍ വ്യക്തമാകുന്നത്" [4]. മനുഷ്യാവതാരത്തില്‍, മനുഷ്യസൃഷ്ടിയുടെ കഴിവുകളിലൂടെ ദൈവികസത്യം വെളിവാക്കിക്കൊണ്ട്  ദൈവം പുരാതനവും ചലനാത്മകവുമായ സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. ഈ സത്യത്തെ നമുക്കു പലരീതികളില്‍ വെളിപ്പെടുത്താം. നരവംശശാസ്ത്രത്തിന്‍റെയോ പരിണാമാത്മകജീവിശാസ്ത്രത്തിന്‍റെയോ വീക്ഷണകോണില്‍, രൂപപ്പെട്ടുവരുന്ന ആദിമധൈഷണികതയുടെ ഏറ്റവും മെച്ചപ്പെട്ട ഭൗമികഅവതരണമായി മനുഷ്യന്‍ കാണപ്പെടുന്നു. ദൈവശാസ്ത്രകാഴ്ചപ്പാടില്‍, ധാര്‍മ്മികവും ആത്മീയവുമായ പ്രതികരണത്തിനുവേണ്ടി സൃഷ്ടിയില്‍ നിന്ന് ദൈവം വിളിച്ച അവിടുത്തെതന്നെ പ്രതിരൂപമാണ് (imego dei) മനുഷ്യന്‍. ഈ പ്രതികരണത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് മനുഷ്യാവതാരം. ആദിമജീനിന്‍റെ നീണ്ട ചരിത്രത്തിലും ദിനോസറിന്‍റെ ഡിഎന്‍എയിലും സൂപ്പര്‍നോവ പൊട്ടിത്തെറിയിലെ പൊടിപടലങ്ങളിലും മഹാവിസ്ഫോടനത്തിലെ ക്വാര്‍ക്കുകളിലും യേശു എന്ന വ്യക്തിയെ ദൈവം നിയോഗിച്ചു. സൃഷ്ടിയുടെ ഹൃദയമായ മനുഷ്യവ്യക്തിയില്‍ യേശുക്രിസ്തു മാംസം ധരിച്ചതിലൂടെ ദൈവം സൃഷ്ടിയെ തന്‍റേതാക്കി എന്ന് നസിയാന്‍സസിലെ വി. ഗ്രിഗറി പറയുന്നു [5].രൂപപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പ്രപഞ്ചത്തെ ദൈവശാസ്ത്രപരമായി മനസ്സിലാക്കുന്നതിന് കൗദാശികവീക്ഷണകോണ്‍ പ്രധാനപങ്കു വഹിക്കുന്നു. ഉത്പത്തിപുസ്തകത്തിലെ ഹെബ്രായവിവരണമനുസരിച്ച് ലോകം നല്ലതാണെന്നു ദൈവം കണ്ടു. അതില്‍ മനിക്കേയന്‍ വാദികളുടെയും കതാറുകളുടെയും അജ്ഞേയവാദികളുടെയും തിന്മയെന്ന നിലയിലുള്ള ഭൗതികലോകവീക്ഷണത്തിനെതിരെ ക്രിസ്തീയപാരമ്പര്യങ്ങള്‍ സൃഷ്ടിയുടെ നന്മയെ ഉയര്‍ത്തിപ്പിടിച്ചു.

കാള്‍ റാനര്‍ ഇത് സൂചിപ്പിക്കുന്നുണ്ട്: അവസാനമായുള്ള ആത്മസംവേദനത്തില്‍ ദൈവം തന്‍റെ സൃഷ്ടിയുടെ യാഥാര്‍ത്ഥ്യത്തിന്‍റെ പൂര്‍ണ്ണതയ്ക്കുമേല്‍ പിടിമുറുക്കിയെന്നത് ആത്മാവായിട്ടല്ല, മാംസമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതാണ് രക്ഷാകരചരിത്രത്തെ പ്രപഞ്ചചരിത്രത്തോട് ഇടകലര്‍ത്താന്‍ ക്രിസ്ത്യാനിയെ ധൈര്യപ്പെടുത്തുന്നത് [6]. കത്തോലിക്കാവീക്ഷണത്തില്‍ തീര്‍ച്ചയായും സൃഷ്ടി ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണ്. മനുഷ്യാവതാരത്തെ ഉള്‍ക്കൊള്ളുന്നതിനും അങ്ങനെ രൂപാന്തരപ്പെടുന്നതിനും ആ സൃഷ്ടിക്ക് കഴിവുണ്ട്. കത്തോലിക്കാപാരമ്പര്യത്തില്‍ സെ. അഗസ്റ്റിനും മാഞ്ഞൂസും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും കാത്തുസൂക്ഷിക്കുന്ന 'യൂണിത്താസ് സയന്‍സിയേ' (unitas scientiae) തത്ത്വമാണ് കൗദാശികവീക്ഷണകോണിന്‍റെ രണ്ടാമത്തെ പ്രയോഗസാദ്ധ്യത.

ഇത് സത്യത്തിന്‍റെയും അറിവിന്‍റെയും ഏകതയെക്കുറിച്ചുള്ള തത്ത്വമാണ്. ശാസ്ത്രവും മതവും വെളിപ്പെടുത്തുന്ന സത്യങ്ങള്‍ ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ശാസ്ത്രയുഗത്തിന്‍റെ ആരംഭത്തില്‍ ആദ്യകാല ജസ്വിട്ട് വൈദികര്‍ ഈ ഐക്യത്തെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചിരുന്നു [7]. പക്ഷേ, വിഭാഗീയതകളുടേതായ നമ്മുടെ ഈ യുഗത്തില്‍ ശാസ്ത്രത്തിന്‍റെ ഐക്യം ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. ബനഡിക്ട് മാര്‍പാപ്പ ലളിതമായ ബൈബിള്‍ വിവരണത്തേക്കാള്‍ സത്യത്തിന്‍റെ നിര്‍മ്മാണാത്മകമായ (architectonic) ദര്‍ശനത്തിനുവേണ്ടി വാദിക്കുന്നു:
വിശുദ്ധഗ്രന്ഥം അതിന്‍റെ പൂര്‍ണ്ണതയില്‍ ആദ്യാവസാനം ഒരു നോവലോ പാഠപുസ്തകമോ പോലെ എഴുതപ്പെട്ടതല്ല. അത് ജനത്തോടൊപ്പമുള്ള ദൈവത്തിന്‍റെ ചരിത്രത്തിന്‍റെ പ്രതിധ്വനിയാണ്. അങ്ങനെ ബൈബിള്‍ എന്നത്, കാലഘട്ടങ്ങളിലൂടെ മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്നതിന് ദൈവം അവരോടൊപ്പം നടത്തുന്ന കഠിനപ്രയത്നങ്ങളുടെ കഥയാണ്; പക്ഷേ, അതേസമയം, ദൈവത്തെ വരുതിയിലാക്കാന്‍ മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങളുടേയും കഥയാണത് [8].വിഭാഗീയതകള്‍ മാത്രമല്ല സത്യത്തെ ഐക്യത്തെ വെല്ലുവിളിച്ചിരിക്കുന്നത്. മറിച്ച് ശാസ്ത്രീയ അറിവിനെയും സാമൂഹികസംവിധാനങ്ങളെയും സ്ഥാപിതധാര്‍മ്മികനിയമങ്ങളെയും ഇളക്കിമറിക്കുന്ന മാറ്റങ്ങളും കൂടെയാണ്. പരിണാമാത്മകമായും പുരോഗമനാത്മകമായും എല്ലാ അനുഭവങ്ങളെയും തിരിച്ചറിയുന്ന വിമര്‍ശനാത്മകകഴിവ് മാറിക്കൊണ്ടിരിക്കുന്ന ഈ അറിവിനെ വിശദീകരിക്കാന്‍ ആവശ്യമാണ്. നാമിത് പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ -ഒരുനൂറ്റാണ്ടു മുമ്പ് ചില തത്ത്വങ്ങളുടെ കാര്യത്തില്‍ ന്യൂമാന്‍ ചെയ്തതുപോലെ [9] ദൈവശാസ്ത്രജ്ഞാനം കാലഘട്ടങ്ങള്‍ക്കനുസൃതമായി വ്യാഖ്യാനിക്കപ്പെടേണ്ടത് എന്തുകൊണ്ടാണെന്നും അത് നമ്മുടെ വിശ്വാസപാരമ്പര്യത്തിന് ഭീഷണിയാകാത്തത് എന്തുകൊണ്ടാണെന്നും നമുക്ക് മനസ്സിലാകും. 


മൂന്നാം സഹസ്രാബ്ദത്തിലെ വീക്ഷണവ്യതിയാനങ്ങള്‍ ഐക്യവും സംഘര്‍ഷവും നിസംഗതയും പരസ്പരഇടപഴകലുകളുമെല്ലാമായി 'പ്രകൃതിതത്ത്വശാസ്ത്രം' എന്നറിയപ്പെട്ടിരുന്ന ശാസ്ത്രങ്ങളുമായി ക്രിസ്തീയപാരമ്പര്യത്തിന് ഫലദായകവും നീണ്ടതുമായ ഇടപഴകലിന്‍റെ ഒരു കാലമുണ്ടായിരുന്നു [10]. ക്രിസ്തീയത അതിന്‍റെ വിശ്വാസികള്‍ സ്വീകരിച്ച ലോകവീക്ഷണത്തെയാണ് സ്വാഭാവികമായും പ്രതിഫലിപ്പിച്ചത്. എന്നാല്‍ അരസഹസ്രാബ്ദത്തിലേറെയായി ക്രിസ്തീയപടിഞ്ഞാറിന്‍റെ ഭൗതികലോകവീക്ഷണങ്ങള്‍ നാടകീയമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. നവോത്ഥാനകാലഘട്ടം വരെ മനുഷ്യരക്ഷ എന്ന ബൈബിള്‍ നാടകത്തിന് പിന്‍ബലമേകിയ ഭൗമകേന്ദ്രീകൃതപ്രപഞ്ചം, പ്രകൃതി-ജീവശാസ്ത്രങ്ങളുടെ കണ്ടുപിടുത്തങ്ങളോടെ അപ്രത്യക്ഷമാകാന്‍ തുടങ്ങി. പതിനേഴാം നൂറ്റാണ്ടിലെ അരിസ്റ്റോട്ടേലിയന്‍-ടോളമിക് പ്രപഞ്ചത്തിന്‍റെ നഷ്ടം ആധുനികമനസ്സിന് സ്ഥാനവ്യതിയാനങ്ങള്‍ വരുത്തി. അനുബന്ധമായി പാസ്കല്‍ പ്രസ്താവിക്കുന്നു, "ഈ വിശാലപ്രപഞ്ചങ്ങളുടെ നിതാന്തനിശബ്ദത എന്നെ പേടിപ്പെടുത്തുന്നു." [11] പതിനെട്ടാം നൂറ്റാണ്ടിലെ ഭൗമശാസ്ത്രപരമായി "ആഴമേറിയ സമയ"ത്തിന്‍റെ കണ്ടെത്തലും, പത്തൊമ്പതാം നൂറ്റാണ്ടിലെ ജീവന്‍റെ ചാക്രികപ്രകൃതത്തിന്‍റെ കണ്ടെത്തലും ലോകത്തെക്കുറിച്ചുള്ള ക്ലാസിക്കല്‍ചിന്തകളെ കൂടുതലായി പുറന്തള്ളുന്നവയായിരുന്നു. ശാസ്ത്രീയവിപ്ലവം എന്നു വിളിക്കപ്പെടുന്ന കാലത്ത് മദ്ധ്യകാലഘട്ടങ്ങളില്‍ വിശ്വാസവും യുക്തിയും തമ്മില്‍ നിലനിന്നിരുന്ന അടുത്ത ബന്ധം ദുര്‍ബലമായി [12]. ഇംഗ്ലീഷ് കവിയായ ജോണ്‍ ഡണ്‍ (1572-1635) ലോകവീക്ഷണങ്ങളിലെ ഈ മാറ്റത്തെ വിവരിക്കുന്നുണ്ട്. ആഴമായ അജപാലനതാത്പര്യങ്ങളുണ്ടായിരുന്ന അദ്ദേഹം പ്രകൃതിതത്ത്വചിന്തയില്‍ പുതിയ പ്രവണതകളെ ഏറെ താത്പര്യത്തോടെ പഠിച്ചു. പക്ഷേ, അവസാനം ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ അദ്ദേഹം തന്‍റെ ദൈവശാസ്ത്രതാത്പര്യങ്ങള്‍ക്കു മുന്നില്‍ അടിയറവച്ചു: 


സൂര്യനാണ് ചലിച്ചുകൊണ്ടിരുന്നത് എന്നു നാം വിചാരിച്ചിരുന്നിടത്ത് ഭൂമിയാണ് ചലിക്കുന്നതെന് അവതരിപ്പിച്ചുകൊണ്ട് അതിന് ഒരു സ്ഥിരസ്ഥാനം നല്കാത്ത പുതിയ തത്ത്വചിന്ത എനിക്കാവശ്യമില്ല; ഭൂമിക്കു മുകളില്‍ യാതൊന്നും ശാശ്വതമല്ലെന്നു തെളിയിക്കാന്‍, ഭൂമി തന്നെ ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്കു പറയേണ്ടി വരുന്നില്ല; . . .[13]"പഴയ തത്ത്വചിന്ത"യില്‍ തൂങ്ങിക്കിടന്നുകൊണ്ട് നാമൊരിക്കലും ശാസ്ത്രീയവിഷയങ്ങളെക്കുറിച്ചുള്ള ധാരണകള്‍ വളര്‍ത്തില്ലെന്ന ഡണ്ണിന്‍റെ വിധിതീര്‍പ്പ് പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രീയസര്‍വ്വാധികാര്യത്തിന്‍റെ നിയമസംഹിതയെ ഞെട്ടിപ്പിച്ചുകളഞ്ഞു:നമ്മുടെ അറിവുകള്‍ എത്ര അപൂര്‍ണ്ണങ്ങളാണ്! . . . പഴയ മനുഷ്യരുടെ കണ്ണടകള്‍ ഉപയോഗിച്ച് യുവാക്കള്‍ അവരുടെ കാഴ്ച ശരിയാക്കാറില്ല; എങ്കിലും നാമിപ്പോഴും അരിസ്റ്റോട്ടിലിന്‍റെ കണ്ണടകളുപയോഗിച്ച് പ്രകൃതിയെ വീക്ഷിക്കുന്നു.

മനുഷ്യശരീരത്തെ കാണാന്‍ ഗാലന്‍റെ കണ്ണടകളുപയോഗിക്കുമ്പോള്‍ ലോകത്തിന്‍റെ ചട്ടക്കൂടിനായി ടോളമിയുടേതാണ് ഉപയോഗിക്കുന്നത് [14]. ഡണ്ണിന്‍റെ ദൈവശാസ്ത്രവിദര്‍ശനവും വിശാലമായ ദൈവശാസ്ത്രപരിഗണനകളും ശ്രദ്ധേയമാണ്: ഭൗതികശാസ്ത്രത്തില്‍ "പുതിയ തത്ത്വചിന്ത" പോലും നമ്മെ സത്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. ആത്മീയമായ രക്ഷയിലേക്ക് നയിക്കുന്നില്ലായെങ്കില്‍ ഇതു മറ്റു മനുഷ്യഅറിവുകള്‍പോലെ താത്കാലികം മാത്രമായിരിക്കും. മൂന്നു നൂറ്റാണ്ടുകളിലായി പ്രപഞ്ചവിജ്ഞാനീയത്തിലും ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും മെഡിസിനിലും ഭൗമരസതന്ത്രത്തിലും സ്വാഭാവികചരിത്രത്തിലുമെല്ലാം സംഭവിക്കുന്ന വീക്ഷണവ്യതിയാനങ്ങള്‍ ബൗദ്ധികമായും ആത്മീയമായും നിരവധി പ്രതിസന്ധികള്‍ക്ക് കാരണമായി [15]. ദീര്‍ഘകാലമായി നിലനിന്നിരുന്ന മദ്ധ്യകാലഘട്ടലോകവീക്ഷണത്തിന്‍റെ തകര്‍ച്ച സംശയത്തിന്‍റെയും ശാസ്ത്രത്തോടുള്ള അവിശ്വാസത്തിന്‍റെയും വിത്തുകള്‍ പാകുകയും സ്വാഭാവികതത്ത്വശാസ്ത്രത്തില്‍ ദൈവശാസ്ത്രത്തിന്‍റെ ആശ്രിതത്ത്വത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു [16]. എന്നിരുന്നാലും, ഓരോ ലോകവീക്ഷണത്തിന്‍റെയും തകര്‍ച്ചയോടനുബന്ധിച്ച് പുതിയതൊന്ന് ആവിര്‍ഭവിക്കുന്നുണ്ട്. വിവിധ അളവുകളിലുള്ള മനോഭാവങ്ങളോടെ ആദ്യകാലആധുനിക മതസമൂഹങ്ങള്‍ അക്കാലത്തെ ശാസ്ത്രത്തിന്‍റെ ഏറ്റവും പ്രസക്തമായ മാതൃകകള്‍ സ്വീകരിക്കുകയും ഭൗമകേന്ദ്രീകൃതവാദം, അണുവാദം, രക്തത്തിന്‍റെ സഞ്ചാരം, ശൂന്യതയുടെ നിലനില്പ്, ഭൗമികമാറ്റങ്ങള്‍, പാരിസ്ഥിതികബന്ധങ്ങള്‍ എന്നിവയോട് പ്രതികരിക്കുകയും ചെയ്തു. പുതിയവിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇരുപതാം നൂറ്റാണ്ടില്‍ നമ്മുടെ ശാസ്ത്രീയവീക്ഷണത്തിന്‍റെ പുനഃക്രമീകരണം ത്വരിതപ്പെട്ടു. യുക്തിയുടെ മേലുള്ള നവോത്ഥാനകാലശ്രദ്ധ രീതിശാസ്ത്ര പ്രകൃതിവാദത്തിനു രൂപംകൊടുക്കുകയും ക്രമേണ അത് പലപ്പോഴും അതിഭൗതികപ്രകൃതിവാദമായി പരിണമിക്കുകയും ചെയ്തു.

പുതിയ ഗ്രന്ഥങ്ങളുടെ നിര മതപരിശീലനത്തെയല്ലമതവിശ്വാസത്തെത്തന്നെയാണ് ആക്രമിക്കുന്നത് [17]. ഈ വാദഗതികള്‍ക്ക് പ്രതിവാദങ്ങളുണ്ട്. ഇവ തമ്മിലുള്ള സംവാദത്തിന്‍റെ തീപ്പൊരികള്‍ മതത്തിനും ശാസ്ത്രത്തിനും ഒരുപോലെ ഗുണകരമാണ് [18]. പ്രകൃതിനിര്‍ദ്ധാരണത്തിലൂടെയുള്ള പരിണാമം ഒരു സാര്‍വ്വത്രികഅമ്ലമാണെന്ന് ഡാനിയന്‍ ഡെന്നെറ്റ് സമ്മതിക്കുന്നുണ്ട്, "അത് എല്ലാ പാരമ്പര്യആശയങ്ങളെയും ഭക്ഷിക്കുന്നു. പഴയ നാഴികക്കല്ലുകള്‍ ഇപ്പോഴും തിരിച്ചറിയാനാകുന്ന രീതിയില്‍, എന്നാല്‍ അടിസ്ഥാനപരമായ രൂപമാറ്റങ്ങളോടെ ഒരു വിപ്ലവാത്മകലോകവീക്ഷണം അവശേഷിപ്പിക്കുകയും ചെയ്യുന്നു." [19]പരിണാമസിദ്ധാന്തം പരിചയമുള്ള ഒരു ദൈവശാസ്ത്രജ്ഞന് ഇത് അപരിചിതമായിരിക്കുകയില്ല. മാത്രമല്ല, മതാത്മകചിന്തയോട് വിമര്‍ശനാത്മകസമീപനത്തിന് അത് സഹായകരവുമാണ്. അതിനാല്‍ ജോണ്‍ ഹോട്ട് പരിണാമസിദ്ധാന്തത്തെ "ദൈവശാസ്ത്രത്തിനുള്ള ഡാര്‍വിന്‍റെ സമ്മാന"മെന്ന് വിശേഷിപ്പിക്കുന്നു [20]. മതവിശ്വാസത്തെ പ്രപഞ്ചചരിത്രവുമായി ചേര്‍ത്തുവായിക്കാന്‍ പരിണാമം ദൈവശാസ്ത്രജ്ഞനെ നിര്‍ബന്ധിക്കുകയും, ലോകത്തോടു മുഴുവനായും ബന്ധപ്പെട്ടതും ക്രിയാത്മകമായതും കൂടെ സഹിക്കുന്നതും കാരുണ്യവാനുമായ ഒരു ദൈവത്തെക്കുറിച്ചുള്ള പശ്ചാത്തലം നല്കുകയും ചെയ്യുന്നു [21]. ശാസ്ത്രീയ സംസ്കാരത്തോടൊപ്പം രൂപാന്തരപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യാത്ത ദൈവശാസ്ത്രം ജീവനുള്ളതല്ല, മറിച്ച് ഒരു കാലത്തുണ്ടായിരുന്ന പാരമ്പര്യത്തിന്‍റെ ഫോസിലവശിഷ്ടം മാത്രമാണ്. നമ്മുടെ മദ്ധ്യകാലഘട്ട കത്തോലിക്കാപൂര്‍വ്വികര്‍ ജീവിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊന്നിലേക്ക് നമ്മെ കൊണ്ടുപോകുന്ന ആഗോളപരമായ അഞ്ച് ശാസ്ത്രീയസംസ്കാരികപ്രവണതകളാണ് ഇനി നാം കാണുവാന്‍ പോകുന്നത്.

1സ്ഥലം (space): ആപേക്ഷികമായി ചെറിയൊരു പ്രപഞ്ചത്തില്‍ നിന്ന് അനന്തമായ ഒന്നിലേക്ക് നമ്മുടെ വീക്ഷണകോണ്‍ മാറിയിട്ടുണ്ട്. ഗ്രീക്ക് വാനശാസ്ത്രം പഴയനിയമവീക്ഷണത്തെ (ബാബിലോണിയക്കാരില്‍ നിന്ന് സ്വീകരിച്ചത്) [22] മാറ്റി പ്രതിഷ്ഠിച്ചതുപോലെ പ്രപഞ്ചവിജ്ഞാനീയങ്ങള്‍ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. "പ്രാപഞ്ചികമായ ഒരു പാത്രം" [23] പോലെ ഏറ്റവും മോശമായ അവസ്ഥയില്‍ ഭൂമിയും അതിനുചുറ്റും ചന്ദ്രനും സൂര്യനും സ്ഥിരസ്ഥാനങ്ങളുള്ള നക്ഷത്രങ്ങളുമുള്ള മദ്ധ്യകാലഘട്ടത്തിലെ അരിസ്റ്റോട്ടേലിയന്‍-ടോളമിക്  പ്രാപഞ്ചികവിജ്ഞാനീയം, അറിയപ്പെടുന്ന പ്രപഞ്ചത്തിലെ മുന്നൂറോളം ബില്യണ്‍ ഗാലക്സികളിലെ നൂറു ബില്യണ്‍ നക്ഷത്രങ്ങളിലൊന്നായ സൂര്യനു ചുറ്റും ഗ്രഹണം ചെയ്യുന്ന ഗ്രഹങ്ങളുടെ ന്യൂട്ടോണിയന്‍ സംവിധാനത്തിന് വഴിമാറിക്കൊടുക്കുന്നു. കുസായിലെ നിക്കോളാസിന്‍റെ ദൈവത്തെക്കുറിച്ചുള്ള രൂപകം പ്രതിധ്വനിപ്പിച്ചുകൊണ്ട് എല്ലാ ദിശകളിലും പ്രപഞ്ചം അതിരുകളില്ലാതിരിക്കുന്നു.
2. കാലം (time): ആറു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ട സ്ഥിരമായ പ്രപഞ്ചത്തിന്‍റെ മദ്ധ്യകാലഘട്ടവീക്ഷണം ബൈബിള്‍ കാലയളവിലെ 6000 വര്‍ഷത്തേക്കാള്‍ പഴക്കമേറിയ ചരിത്രമുള്ള ചലനാത്മകപ്രപഞ്ചത്തിന് വഴിമാറിക്കൊടുത്തു. ന്യൂട്ടന്‍റെ കാഴ്ചപ്പാട് പിന്നീട് ഐന്‍സ്റ്റീന്‍റെ ആപേക്ഷികത, ക്വാണ്ടം മെക്കാനിക്സ്, ലെമറ്റയറുടെ പ്രപഞ്ചത്തിന്‍റെ മഹാവിസ്ഫോടനഉത്ഭവം എന്നിവയാല്‍ തിരുത്തിയെഴുതപ്പെട്ടു. 13.7 ബില്യണ്‍ വര്‍ഷങ്ങളിലെ പ്രാപഞ്ചികവികാസത്തിലൂടെ വാതകം നിറഞ്ഞ കേന്ദ്രത്തില്‍ നിന്ന് നക്ഷത്രങ്ങളുടെ നൂറുകണക്കിന് ബില്യണ്‍ ഗാലക്സികള്‍ രൂപപ്പെട്ടു. നക്ഷത്രങ്ങളില്‍ തന്നെ അണുകേന്ദ്രസംയോജനങ്ങളിലൂടെ ഭാരമേറിയ ഘടകങ്ങള്‍ രൂപപ്പെട്ടു. അന്തര്‍നക്ഷത്രവാതകങ്ങളിലും പൊടിയിലും നിന്ന് ഗ്രഹങ്ങളും മറ്റു നക്ഷത്രങ്ങളും രൂപപ്പെട്ടു. അനിശ്ചിതമായ ഭാവിയിലേക്ക് പ്രപഞ്ചം ഇനിയും വികസിച്ചുകൊണ്ടിരിക്കുമെന്നും ഇപ്പോള്‍ മുതല്‍ കോടാനുകോടി വര്‍ഷങ്ങള്‍ക്കുശേഷം അത് താപമൃത്യു അഭിമുഖീകരിക്കുമെന്നും അനുമാനിക്കപ്പെടുന്നു [24]. 
3. പരിണാമാത്മകബന്ധം (evolutionary relatedness): "അസ്ഥിത്വത്തിന്‍റെ നീണ്ട നിര" ഒരു പാരിസ്ഥിതികവലയായി രൂപാന്തരപ്പെട്ടു. സൃഷ്ടിവാരത്തിലെ നാല്, അഞ്ച്, ആറ് ദിവസങ്ങളില്‍ സസ്യങ്ങളും ജീവികളും അവയുടെ ആവാസവ്യവസ്ഥയോടൊപ്പം സൃഷ്ടിക്കപ്പെട്ടുവെന്ന ഉത്പത്തിപുസ്തകത്തിലെ വിവരണം ഭൂമിയിലെ ജീവന്‍ രൂപപ്പെട്ടത് നീണ്ട കാലത്തിലെ ചരിത്രത്തിലൂടെയും തലമുറകളുടെ പങ്കുവയ്ക്കലുകളിലൂടെയുമാണെന്ന വീക്ഷണത്തിന് വഴിമാറിക്കൊടുത്തു. മൃഗങ്ങളുടെ അപ്രത്യക്ഷമാകലിനെക്കുറിച്ചും ആഴമായ ഭൗമികസമയത്തെക്കുറിച്ചുമുള്ള പതിനെട്ടാം നൂറ്റാണ്ടിലെ കണ്ടുപിടുത്തങ്ങള്‍ ഡാര്‍വിന്‍റെയും ലാമാര്‍ക്കിന്‍റെയും വാലസിന്‍റെയും പരിണാമദര്‍ശനത്തിലേക്കും അവ, സമകാലീന പരിണാമസിദ്ധാന്തത്തിന്‍റെ കേന്ദ്രം രൂപപ്പെടുത്തുന്ന ആധുനികകൂടിച്ചേരലുകളിലേക്കും നയിച്ചു. മോളിക്യുലര്‍ ജനറ്റിക്സ്, എന്‍ഡോസിംബയോസിസ്, പരിണാമാത്മകജീവശാസ്ത്രം എന്നിവ അവയ്ക്ക് സഹായകമായി ഭവിച്ചു. അങ്ങനെ പാശ്ചാത്യശാസ്ത്രം, ഏകകോശത്തില്‍നിന്ന് ജീവന്‍റെ വൃക്ഷത്തിലേക്കുള്ള ഭൂമിയിലെ ജീവന്‍റെ ഏകീകൃതമായ ഒരു വിവരണം രൂപപ്പെടുത്തിയെടുത്തു. അതനുസരിച്ച് പ്രൈമേറ്റ്സ് (primates) ഒരു ശാഖയും മനുഷ്യന്‍ അതിലെ ഒരിലയുമാണ് [25]. 4. വ്യക്തിത്വം (personhood): മനുഷ്യവ്യക്തിയെക്കുറിച്ചുള്ള ക്രൈസ്തവവീക്ഷണം ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനോ-ശരീര ഐക്യം എന്ന ഹെബ്രായമനുഷ്യവീക്ഷണമായിരുന്നു ക്രിസ്തീയനരവംശശാസ്ത്രത്തിന്‍റെ കേന്ദ്രം. സഭാപിതാക്കന്മാരുടെ കാലഘട്ടത്തില്‍ ഇത് ആത്മാവിനെയും ശരീരത്തെയും രണ്ടായിക്കാണുന്ന പ്ലേറ്റോയുടെ ദ്വന്ദ്വവാദവുമായി കൂടിച്ചേര്‍ന്നു. മദ്ധ്യകാലഘട്ടത്തില്‍ തോമസ് അക്വീനാസ് സ്വീകരിച്ച അരിസ്റ്റോട്ടിലിന്‍റെ അതിഭൗതികശാസ്ത്രം ശരീരവും ആത്മാവും തമ്മില്‍ അടുത്തബന്ധമുണ്ടെന്നു സ്ഥാപിച്ചെങ്കിലും കര്‍ത്തേസിയന്‍ ദ്വന്ദ്വവാദത്തില്‍ പ്ലേറ്റോയുടെ സ്വാധീനം നിലനില്ക്കുക തന്നെ ചെയ്തു. നവോത്ഥാനത്തിനുശേഷം ദ്വന്ദ്വവാദത്തിന് പദാര്‍ത്ഥന്യൂനീകരണവുമായും ഏകജ്ഞാനമീമാംസയുമായും വേദി പങ്കിടേണ്ടിവന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ കത്തോലിക്കാദൈവശാസ്ത്രം ഹെബ്രായവീക്ഷണമായ മനോ-ശരീര ഐക്യമുള്ള വ്യക്തിയുടെ നേരെയാണ് നീങ്ങുന്നത് [26]. ഉത്ഭവത്തെക്കുറിച്ചുള്ള വ്യത്യസ്ത സിദ്ധാന്തങ്ങളും ഇതിനെ പിന്താങ്ങുന്നുണ്ട് [27]. പ്രപഞ്ചത്തോട് ആഴമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നായാണ് മനുഷ്യന്‍ ഇന്ന് മനസ്സിലാക്കപ്പെടുന്നത്. നമ്മുടെ പദാര്‍ത്ഥം കണികകളും നക്ഷത്രപൊടിപടലങ്ങളുമാണെന്നും ജനിതകവിവരങ്ങള്‍ നമ്മുടെ രൂപമാണെന്നുമുള്ള ആത്മാവബോധം നമ്മെയും പ്രപഞ്ചത്തെയും ദൈവത്തെയും മനസ്സിലാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. 
5. സാംസ്കാരികപുരോഗതി (cultural development): സംസ്കാരത്തിന്‍റെ സംവേദനത്തില്‍ നിന്നുള്ള അകല്‍ച്ചയില്‍ അവസാനത്തെ മാറ്റവും ദൃശ്യമാണ്. അതും വിരല്‍ ചൂണ്ടുന്നത് ഒരു പരിണാമാത്മകധാരണയിലേക്കാണ്. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളില്‍ പുരോഗമനത്തിന്‍റെ ആശയങ്ങള്‍ വ്യത്യസ്തവിഷയങ്ങളായ ഭാഷ, സംസ്കാരം, ധാര്‍മ്മികത, ആചാരങ്ങള്‍, മതബോധം എന്നിവയുടെ പഠനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഭാഷയ്ക്കും സംസ്കാരത്തിനും മനുഷ്യനും ഉപരിയായ വേരുകളുണ്ട്. ഒരുതരം ധാര്‍മ്മികത മൃഗങ്ങളുടെയിടയില്‍പ്പെലും നിലനില്ക്കുന്നു [28]. മനുഷ്യന്‍റെ സാംസ്കാരികപരിണാമങ്ങള്‍ മഹത്തായ ദാര്‍ശനികധാരകളും അതിഭൗതികധാരണകളും രൂപപ്പെടുത്തിയപ്പോഴാണ് മതവും ദൈവശാസ്ത്രവും ആവിര്‍ഭവിച്ചത്[29].  മൂന്നാം സഹസ്രാബ്ദത്തില്‍ മതവിശ്വാസികള്‍ക്കുമുമ്പില്‍ ഈ മഹത്തായ മാറ്റങ്ങള്‍ ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നാം അധിവസിക്കുന്നത് പുരാതനവും ചലനാത്മകവും രൂപപ്പെട്ടുകൊണ്ടിരിക്കുന്നുതമായ ഒരു പ്രപഞ്ചത്തിലാണെന്നും അതേസമയം തന്നെ അടിസ്ഥാനപരമായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും നാം കാത്തുസൂക്ഷിക്കുന്നുവെന്നും ഉള്ള യാഥാര്‍ത്ഥ്യം ഉത്തരാധുനികക്രൈസ്തവന്‍ മനസ്സിലാക്കണം. കൗദാശികമായ ക്രിസ്തീയ കാഴ്ചപ്പാട് പാരമ്പര്യത്തെ പുല്കാനും ആധുനികശാസ്ത്രത്തിന്‍റെ വിശാലമാകുന്ന ലോകവീക്ഷണത്തോട് പ്രതികരിക്കാനും നമ്മെ അനുവദിക്കുന്നു. വിശ്വാസവും യുക്തിയും സ്വാഭാവികമായി മതത്തോടും ശാസ്ത്രത്തോടും ബന്ധപ്പെട്ടിരിക്കുന്ന ജ്ഞാനമീമാംസാപരമായ വൈരുദ്ധ്യങ്ങളല്ല. ഈ രണ്ടു പദങ്ങളും ശാസ്ത്രീയ-ദൈവശാസ്ത്ര സംരംഭങ്ങളില്‍ പരസ്പരപൂരകങ്ങളായ സ്ഥാനങ്ങളാണ് വഹിക്കുന്നത്. ഏതൊരു മതപാരമ്പര്യത്തിന്‍റെയും കേന്ദ്രമാണ് വിശ്വാസം. അതില്ലാതെ മറ്റു സാഹിത്യത്തില്‍ നിന്ന് വേദഗ്രന്ഥത്തെ തിരിച്ചറിയാന്‍ കഴിയുകയില്ല; ആചാരങ്ങള്‍ക്ക് അവയുടെ അര്‍ത്ഥം നഷ്ടപ്പെടും. ക്രിസ്തീയചിന്തയില്‍ "പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവും" (ഹെബ്ര 11,1) എന്ന നിലയില്‍ വിശ്വാസം യുക്തിയുമായി പരസ്പരപൂരകബന്ധത്തില്‍ നിലനില്ക്കുന്നു. അത് ദൈവശാസ്ത്രവിശദീകരണത്തിനും നിര്‍വ്വചനത്തിനും ആവശ്യമാണ്: വിശ്വാസം ജനിപ്പിക്കുകയും രഹസ്യങ്ങള്‍ അനാവരണം ചെയ്യുകയും ചെയ്യുന്ന ദൈവം തന്നെ മനുഷ്യമനസ്സില്‍ പ്രകാശം വിതറുന്നു, ദൈവത്തിന് ദൈവത്തെത്തന്നെ നിഷേധിക്കാനാവില്ല. സത്യത്തിന് സത്യത്തെ എതിര്‍ക്കാനുമാവില്ല. തത്ഫലമായി അറിവിന്‍റെ എല്ലാ ശാഖകളിലും നടക്കുന്ന ഘടനാപരമായ ഗവേഷണങ്ങള്‍, അവ ശാസ്ത്രീയവും ധാര്‍മ്മികവുമാണെങ്കില്‍, വിശ്വാസവുമായി സംഘര്‍ഷത്തിലാവില്ല. കാരണം ലോകത്തിലെ വസ്തുക്കളും വിശ്വാസത്തിന്‍റെ  വസ്തുക്കളും ഒരേ ദൈവത്തില്‍ നിന്നാണ് പുറപ്പെടുന്നത് [30].


നവോത്ഥാനകാലഘട്ടം മുതല്‍ ശാസ്ത്രീയഗവേഷണങ്ങളില്‍ യുക്തി ഒരു പ്രധാനഘടകമാണ്. കാരണം തെളിവുകളെ വിലയിരുത്തുന്നതിനുള്ള സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നത് അവയാണ്. വിശ്വാസിക്ക് എല്ലായ്പോഴും വളെര പ്രധാനമായ ഒരു സ്ഥാനമുണ്ട്. ഒരു ശാസ്ത്രജ്ഞന്‍റെ അദ്ധ്വാനത്തിന്‍റെ കേന്ദ്രം തന്നെ ലോകം മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നും അതിനെക്കുറിച്ചുള്ള സത്യം കണ്ടുപിടിക്കാനാകുമെന്നുമുള്ള വിശ്വാസമാണ്. ഒരാളുടെ ജീവിതം ശാസ്ത്രത്തിന് സമര്‍പ്പിക്കണമോയെന്നത് വിശ്വാസത്തിന്‍റെ കാര്യമാണ്. മത്തില്‍ ഇപ്പോഴും വിശ്വാസത്തിന്‍റെ കൈമാറ്റം ശാസ്ത്രീയവിപ്ലവത്തിന് മുമ്പുണ്ടയിരുന്നത്പോലെ തന്നെ നടക്കുന്നു. ഇപ്പോഴാകട്ടെ വിശ്വാസി സമൂഹം അറിവിന്‍റെ രണ്ടു വഴികളുടെയും പിന്തുണ ആഘോഷിക്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിരീക്ഷിക്കുന്നു, "വിശ്വാസം യുക്തിയെ അടിസ്ഥാനമാക്കിയല്ല, അതിന് വേര്‍പിരിയാനാവുകയുമില്ല. അതേസമയം സ്വയം എത്തിച്ചേരാന്‍ കഴിയാത്ത ചക്രവാളങ്ങള്‍ കണ്ടെത്താന്‍ യുക്തിക്ക് വിശ്വാസത്തിന്‍റെ ശക്തമായ പിന്തുണ വേണം."[31] യുക്തിയും വിശ്വാസവും നിലനില്ക്കുന്നു എന്നതു മാത്രമല്ല എന്‍റെ കണ്ടെത്തല്‍, മറിച്ച് അറിവിന്‍റെ ഏതു പ്രക്രിയയിലും അവ പങ്കാളികളാണ് എന്നതുകൂടിയാണ്. 


കൗദാശികവീക്ഷണകോണും ശാസ്ത്രത്തിന്‍റെ വെല്ലുവിളിയുംപ്രപഞ്ചം സങ്കല്പിക്കാനാവാത്തവിധം വലുതും പുരാതനവുമാണെന്നും ഭൂമിയിലെ ജീവന് ഒരു ചരിത്രമുണ്ടെന്നും ജീവികള്‍ക്കെല്ലാം പൊതുപൈതൃകമുണ്ടെന്നും മനുഷ്യന്‍റെ ഭാഷയും സംസ്കാരവും കലയും ധാര്‍മ്മികതയും മതവുമെല്ലാം പുരാതനകാലത്തെ മനുഷ്യനുമുമ്പുള്ള മൃഗങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നുമെല്ലാമുള്ള കാഴ്ചപ്പാടിലെ വലിയ വ്യതിയാനങ്ങള്‍, മനുഷ്യചിന്തയുടെ എല്ലാ തലങ്ങളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ധാര്‍മ്മികദൈവശാസ്ത്രത്തിലും മതത്തിലും സൗന്ദര്യശാസ്ത്രത്തിലുമൊന്നും നമ്മുടെ ചിന്ത സ്ഥിരവും യൗവ്വനയുക്തവുമായ ഒരു പ്രപഞ്ചത്തെ കണ്ടെത്തുന്നില്ല. മറിച്ച് പുരാതനവും ചലനാത്മകവും പരിണാമാത്മകവുമായ ഒന്നിന്‍റെ സാദ്ധ്യത സങ്കല്പിക്കുകയാണ് ചെയ്യുന്നത്. മതവും ശാസ്ത്രവും തമ്മിലുള്ള മുഖാഭിമുഖങ്ങളില്‍ ഉണ്ടായിട്ടുള്ളത്രയും പ്രശ്നങ്ങള്‍ മറ്റെവിടെയും പരിണാമസിദ്ധാന്തം സൃഷ്ടിച്ചിട്ടില്ലെന്നു തീര്‍ച്ചയാണ്. ഉത്ഭവത്തെയും ഭാവിയെയും കുറിച്ചുള്ള പ്രപഞ്ചവിജ്ഞാനീയത്തിന്‍റെ അന്വേഷണങ്ങള്‍ സൃഷ്ടിയെയും യുഗാന്ത്യത്തെയും കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതും, മനുഷ്യന്‍റെ ഉത്ഭവത്തെയും പരിണാമാത്മകസഹനങ്ങളെയും കുറിച്ച് ജീവശാസ്ത്രത്തിന്‍റെ ചോദ്യങ്ങളും മനുഷ്യന്‍റെ ആത്മീയാനുഭവങ്ങളെയും അറിയുന്ന പ്രക്രിയയെയും കുറിച്ചുള്ള ന്യൂറോസയന്‍സിന്‍റെ ചോദ്യങ്ങളുമെല്ലാം ഈ പ്രശ്നത്തിലുള്‍പ്പെടുന്നു. ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ ഭാഗമായ പ്രപഞ്ചത്തിന്‍റെ കൗദാശികസ്വഭാവത്തോട് ശാസ്ത്രം വെളിപ്പെടുത്തുന്ന സത്യങ്ങള്‍ എങ്ങനെ വിശ്വസ്തത പുലര്‍ത്തുന്നുവെന്ന് മൂന്ന് ചോദ്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് നമുക്ക് പരിശോധിക്കാം.

കൗദാശികപ്രപഞ്ചത്തിലെ സൃഷ്ടിയുടെയും പരിണാമത്തിന്‍റെയും ദൈവം
ഒരു പഴത്തിന്‍റെ പരസ്പരപൂരകങ്ങളായ വിശദീകരണങ്ങളാണ് ""spherecity'' "orangeness''എന്നതുപോലെ സൃഷ്ടിയും പരിണാമവും പരസ്പരപൂരകങ്ങളായ വാക്കുകളാണ്. "സൃഷ്ടി" പരീക്ഷണവിധേയമല്ലാത്ത അതിഭൗതികവാദമാണ്. പ്രപഞ്ചത്തിന്‍റെ അസ്തിത്വം അതിനു പുറമേയുള്ള എന്തോ ഒന്നില്‍ ആശ്രയിച്ചിരിക്കുന്നു എന്ന വിശ്വാസമാണത്. എപ്പോള്‍ എങ്ങനെയാണ് പ്രപഞ്ചം രൂപപ്പെട്ടതെന്നോ, അത് സമയബന്ധിയായ ഒരു സംഭവമായിരുന്നുവെന്നോ യാതൊരു സ്ഥിരീകരണവും അത് നടത്തുന്നില്ല. "പരിണാമം" ഇതിനുവിരുദ്ധമായി ജീവന്‍ "രൂപമാറ്റങ്ങളോടു കൂടിയ ഒരു തുടര്‍ച്ച"യുടെ ഭാഗമാണെന്ന ജൈവശാസ്ത്രസിദ്ധാന്തമാണ്. ഒരു സിദ്ധാന്തമെന്ന നിലയില്‍ അത് പരീക്ഷണവിധേയമാണ്. ഭൂഗുരുത്വത്തെക്കുറിച്ചും അറ്റോമികഘടനയെക്കുറിച്ചും ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനങ്ങളെക്കുറിച്ചുമെല്ലാമുള്ള സിദ്ധാന്തങ്ങള്‍ പോലെ അതും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കൃത്യമായി വിവരിക്കുമ്പോള്‍ പരിണാമസിദ്ധാന്തം ദൈവത്തിന്‍റെ അസ്തിത്വത്തെയോ അസ്തിത്വമില്ലായ്മയെക്കുറിച്ചോ യാതൊന്നും പറയുന്നില്ല എന്നതിനാല്‍ അത് ഈശ്വരവിശ്വാസത്തോടും നിരീശ്വരവാദത്തോടും അജ്ഞേയതാവാദത്തോടും ഒരുപോലെ ചേര്‍ന്നുപോകുന്നതാണ്. ദുഃഖകരമെന്നു പറയട്ടെ, "സൃഷ്ടി" "സൃഷ്ടിവാദം" എന്നീ പുരാതനവും ആരാധ്യവുമായ പദങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ അടിസ്ഥാനവാദികളാല്‍ (ഫണ്ടമെന്‍റലിസ്റ്റ്) അടിച്ചമര്‍ത്തപ്പെട്ടു [32]. പിന്നീട് വളെര സാവകാശമാണ് അത് ദൈവശാസ്ത്ര ഉപയോഗങ്ങളില്‍ ഇടംകണ്ടെത്തിയത്. ക്രിസ്തീയചിന്തയായ സൃഷ്ടി പാശ്ചാത്യചിന്തയുടെ, പ്രത്യേകിച്ച് ശാസ്ത്രത്തിന്‍റെ പുരോഗതിക്ക് എത്ര ശക്തമായ സംഭാവനയായിരുന്നുവെന്ന് ക്രിസ്റ്റഫര്‍ കൈസര്‍ വിശദമായി വിവരിക്കുന്നുണ്ട് [33].


കഴിഞ്ഞവര്‍ഷം നാം ഡാര്‍വിന്‍റെ 150-ാം ജന്മദിനവും "ജീവിവര്‍ഗങ്ങളുടെ ഉത്പത്തി" എന്ന ഗ്രന്ഥം പ്രസാധനം ചെയ്യപ്പെട്ടതിന്‍റെ -ാം വാര്‍ഷികവും ആഘോഷിക്കുകയുണ്ടായി. പരിണാമസിദ്ധാന്തത്തിന്‍റെ ശാസ്ത്രീയപ്രാധാന്യം പോലെ തന്നെ ദൈവശാസ്ത്രപ്രയോഗസാധ്യതകളും ആഘോഷിക്കേണ്ടതുണ്ട്. പരിണാമസിദ്ധാന്തം "ഒരു സങ്കല്പസിദ്ധാന്തത്തേക്കാള്‍ ഉപരി"യാണെന്ന് 1996-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു [34]. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറയുന്നു, "ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ജനിതകമായി പരസ്പരബന്ധിതമാണെന്ന് അത് പറയുമ്പോള്‍, എല്ലാ ജീവിരൂപങ്ങളും ഒരു ആദിരൂപത്തില്‍ നിന്നുത്ഭവിച്ചതാണെന്നാണ് അത് അര്‍ത്ഥമാക്കുന്നത്." [35] പരിണാമാത്മകമായ സൃഷ്ടി എന്ന ശാസ്ത്രീയമാതൃക കത്തോലിക്കാവിശ്വാസത്തിനു മുമ്പില്‍ ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ആദിയിലേ നിലനില്ക്കുന്ന പദാര്‍ത്ഥത്തില്‍ നിന്നാണ് ദൈവം ലോകത്തെ രൂപപ്പെടുത്തിയതെന്ന് അരിസ്റ്റോട്ടില്‍ പറയുമ്പോള്‍ ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ദൈവം വാക്കുകൊണ്ട് ഇല്ലായ്മയില്‍ നിന്നാണ് അതിനെ സൃഷ്ടിക്കുന്നത്. ഇതിനുള്ള വിശുദ്ധഗ്രന്ഥ പിന്തുണ അവ്യക്തമാണു താനും [36]. ജോര്‍ജ് ലെമറ്റയറുടെ "മഹാവിസ്ഫോടന"ത്തോട് ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെ താരതമ്യപ്പെടുത്താനുള്ള പിയൂസ് പന്ത്രണ്ടാമന്‍ പാപ്പയുടെ ശ്രമം പക്വമായിരുന്നില്ല. ശാസ്ത്രീയസിദ്ധാന്തത്തിലൂടെ ദൈവശാസ്ത്രം വായിക്കുന്നതിനെതിരേ ലെമറ്റയര്‍ തന്നെ മാര്‍പാപ്പയോട് സൂചിപ്പിക്കുകയും ചെയ്തു [37].

ഇന്ന് മഹാവിസ്ഫോടനത്തിന്‍റെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പ്രപഞ്ചവിജ്ഞാനീയത്തിനുണ്ട്. എന്നാല്‍ അത് സൃഷ്ടിയുടെ ദൈവശാസ്ത്രത്തിന് വിരുദ്ധമായ യാതൊന്നും തന്നെ അവതരിപ്പിക്കുന്നില്ല38. "ചാഞ്ചാടിക്കൊണ്ടിരിക്കുന്ന (മഹാവിസ്ഫോടനങ്ങളും മഹാനാശങ്ങളുമുള്ള) ഒരു പ്രപഞ്ചത്തിലാണ് നാം അധിവസിക്കുന്നതെങ്കില്‍ത്തന്നെയും സൃഷ്ടിയെ നിലനിര്‍ത്തുന്ന ഒരു ദൈവത്തെ ഉള്‍ക്കൊള്ളാന്‍ അതിനു സാധിക്കും. എന്നാല്‍ ഭൂഗുരുത്വപരമായ അത്തരമൊരു നാശത്തിന് ആവശ്യമായ തമോപദാര്‍ത്ഥങ്ങള്‍ ഇല്ല എന്നാണ് തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്." [39] ഭൂമിയിലെ ജീവിതത്തിലും പ്രപഞ്ചത്തിന്‍റെ പരിണാമാത്മകധാരണയിലും ദൈവശാസ്ത്രത്തിന് പ്രസന്നമായ ഉറവിടങ്ങള്‍ - പ്രത്യേകിച്ച് മൂന്നാം സഹസ്രാബ്ദത്തിനുള്ള ക്രിസ്തുവിജ്ഞാനീയം - ഇലിയാ ദേലിയോ കണ്ടെത്തുന്നു.


പരിണാമം, ആത്മാവ്, ഉത്ഭവപാപം
പരിണാമസിദ്ധാന്തമയുര്‍ത്തുന്ന ഏറ്റവും പ്രധാനപ്രശ്നങ്ങളിലൊന്നാണ് മനുഷ്യവ്യക്തിയുടെ പ്രകൃതവും ഉത്ഭവപാപത്തിന്‍റെ ദൈവശാസ്ത്രത്തിന്‍റെ പരിണാമാത്മകവിവരണത്തിന്‍റെ സാദ്ധ്യതകളും. 1871-ല്‍ ഡാര്‍വിന്‍റെ "മനുഷ്യോത്പത്തി"യുടെ പ്രസാധനത്തോടെ മനുഷ്യന്‍റെ പരിണാമാത്മകചരിത്രവും മറ്റു മൃഗങ്ങളോടുള്ള ജനിതകബന്ധവും നിഷേധിക്കുക എന്നത് ബുദ്ധിമുട്ടായിത്തീര്‍ന്നു. മുഖ്യധാരാസഭകള്‍ (പ്രോട്ടസ്റ്റന്‍റ്, കാത്തലിക്ക്) പരിണാമത്തെ സാവധാനം ദൈവശാസ്ത്രത്തിലേക്ക് സ്വീകരിച്ചു. പന്ത്രണ്ടാം പിയൂസ് പാപ്പ "ഹ്യുമാനി ജെനെരിസി"ല്‍ (1950) മനുഷ്യശരീരത്തിന്‍റെ പരിണാമത്തെ അംഗീകരിച്ചെങ്കിലും, ആത്മാവ് ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അതിനുചുറ്റും ഒരു സംരക്ഷണകവചം സൃഷ്ടിച്ചു [40].


ആത്മീയമായത്, നിര്‍വ്വചനത്താല്‍ത്തന്നെ ശാസ്ത്രത്തിന് പുറത്താണ് കിടക്കുന്നത്. എന്നാല്‍ ആത്മാവിന്‍റെ അളവുകോലുകള്‍ എന്തെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. മനുഷ്യനായിരിക്കുക എന്നതുകൊണ്ട് എന്തുദ്ദേശിക്കുന്നു എന്ന രസകരവും പ്രധാനവുമായ തലത്തെ ശാസ്ത്രീയ പഠനങ്ങളില്‍ നിന്ന് എന്നേക്കുമായി ഒഴിച്ചുനിര്‍ത്തുന്നത് ശാസ്ത്രീയമായും ദൈവശാസ്ത്രപരമായും തെറ്റിലേക്കു നയിക്കും. മനുഷ്യന്‍ ഏകജോഡിയില്‍ നിന്നല്ല ആവിര്‍ഭവിച്ചത് എന്ന വീക്ഷണത്തെ (polygenism) ഹ്യുമാനി ജെനേരിസ് ശക്തമായി ഖണ്ഡിച്ചു.
ഒന്നുകില്‍ ആദത്തിനുശേഷം ഭൂമിയില്‍ സ്വാഭാവികമായല്ലാതെ ഉത്ഭവിച്ച മനുഷ്യര്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഒരു നിശ്ചിതഎണ്ണം ആദിമാതാപിതാക്കന്മാരെ ആദം പ്രതിനിദാനം ചെയ്യുന്നു എന്ന അഭിപ്രായത്തെ ഒരു കത്തോലിക്കന് സ്വീകരിക്കാനാവില്ല [41].
മനുഷ്യവംശം മുഴുവന്‍ ആദം, ഹവ്വ എന്ന ഒറ്റജോഡിയില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന വാദം (monogenism) ജനിതകശാസ്ത്രപരമായി അസാദ്ധ്യമാണ് എന്നതാണ് ഇവിടെ പ്രശ്നം. സ്വജാതീയപ്രത്യുത്പാദനം (in-breeding) ജനസംഖ്യാപാതം കുറയ്ക്കുന്നു. കാരണം ജനിതകവൈവിദ്ധ്യങ്ങളുടെ അഭാവം അതിനെ രോഗവിധേയമാക്കുന്നു. ഒരു ജീവിവര്‍ഗ്ഗത്തില്‍ ഇണകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ""genetic bottleneck'' എന്നു വിളിക്കപ്പെടുന്ന അവസ്ഥയിലെത്തിക്കുന്നു. ഒപ്പം നവീകരിക്കാനാവാത്തവിധം ജനിതകനാശത്തിന് വിധേയമാകുമെന്ന അപകടവും അഭിമുഖീകരിക്കുന്നു [42]. സുമാത്രയിലെ മൗണ്ട് തോബ മണ്ണൊലിപ്പ് ജനസംഖ്യ കുറയ്ക്കുന്നതിന് മതിയായ കാരണമായിരുന്നുവെങ്കിലും [44] കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ മനുഷ്യന് "catastrophic bottlenecks'' അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല [43]. ഹോമിനിഡുകള്‍ പൂര്‍ണ്ണമനുഷ്യാവബോധത്തിലേക്കു പരിണമിക്കാന്‍ 3000 മുതല്‍ 10000 വരെ ജോഡി ഇണകള്‍ ആവശ്യമായിരുന്നുവെന്നാണ് ചിലരെങ്കിലും കണക്കു കൂട്ടുന്നത് [45].


ഉത്പത്തിയിലെ ആദത്തിന്‍റെയും ഹവ്വയുടെയും കഥയെക്കുറിച്ച് ഇതെന്തു പറയുന്നു?

ഉത്പത്തി 1,11-ലെ പ്രപഞ്ചബന്ധിയായ മറ്റു കഥകളിലെന്നപോലെ ഉത്പത്തി ഗ്രന്ഥകാരന്‍(മാര്‍) ദൈവശാസ്ത്രഭാഷയുടെ ഗഹനമായ അടയാളങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. "ആദം" (പൊടി, മനുഷ്യവംശം), "ഹവ്വ" (ജീവനുള്ളവള്‍) എന്നത് വ്യക്തികളെയല്ല, മറിച്ച് മനുഷ്യവംശം മുഴുവനെയാണ് പ്രതിനിധീകരിക്കുന്നത്. മനുഷ്യവര്‍ഗ്ഗം യുക്തിബോധത്തിലേക്കും ധാര്‍മ്മികമനഃസാക്ഷിയിലേക്കും ആത്മീയാവബോധത്തിലേക്കും പരിണിക്കുമ്പോള്‍ ഈ പേരുകള്‍ അവയ്ക്ക് അനയോജ്യമാകും. കഥയനുസരിച്ച് ദൈവത്തിന്‍റെ നിശ്വാസം "ജീവനുള്ള" (nefesh hayya - living being) പുറപ്പെടുവിക്കുന്നത്. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഹോമിനിഡ് വംശത്തിലേക്ക് ആത്മാവിനെ സന്നിവേശിപ്പിച്ചുകൊണ്ട് ഉത്പത്തി 1,26-28; 2,7-25 വ്യാഖ്യാനിക്കുന്നതു തന്നെ അവ്യക്തമായിത്തീരുന്നു. അത്, ഹ്യുമാനി ജെനേരിസിനെ വൈരുദ്ധ്യവത്കരിക്കുകയും വിശുദ്ധ അഗസ്റ്റിന്‍ നിഷേധിച്ച ആദത്തിന്‍റെയും ഹവ്വയുടെയും അനുസരണക്കേടു കൊണ്ടു സംഭവിച്ച ഉത്ഭവപാപത്തെക്കുറിച്ചും "ശാരീരികമായി" തലമുറകളിലേക്ക് അത് കമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ചുമുള്ള പഠനങ്ങള്‍ നിരാകരിക്കുകയും ചെയ്യുന്നു [46]. എന്നിരുന്നാലും വിശുദ്ധ അഗസ്റ്റിന്‍ മാത്രമല്ല ഉത്ഭവപാപത്തെക്കുറിച്ച് ദൈവശാസ്ത്രപരമായ മാതൃക നല്കുന്നത്; ജെറി കോഴ്സ്മെയര്‍, ഇലിയ ദേലിയോ മറ്റനേകം വ്യക്തികളും ശാസ്ത്രത്തോടു പൊരുത്തപ്പെടുന്ന ഉത്ഭവപാപമാതൃകകളെ അവതരിപ്പിക്കുന്നവരാണ് [47].


പരിണാമത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യവ്യക്തിയുടെ പ്രകൃതത്തെ ദൈവശാസ്ത്രപരമായി നമുക്കു മനസ്സിലാക്കാനാവുന്നതെങ്ങനെയാണ്? പരമ്പരാഗതമായ ദ്വന്ദദര്‍ശനം ആത്മാവ് എന്താണെന്നും അത് ശരീരത്തോട് എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നിര്‍വ്വചചിക്കുന്നതിലുള്ള എക്കാലത്തെയും പ്രശ്നങ്ങള്‍ വഹിക്കുന്നു. മെച്ചപ്പെടുത്തിയ ദ്വന്ദവാദത്തിന്‍റെയും [48] ദ്വന്ദവാദത്തിന്‍റെയും ദ്വന്ദഭാവത്തിലുള്ള ഏകവാദത്തിന്‍റെയും [49] പ്രതിരോധത്തില്‍ നിന്ന് ന്യൂനീകരിക്കാനാവാത്ത ഭൗതികവാദത്തിന്‍റെ വ്യത്യസ്തരൂപങ്ങളിലേക്കും മനോശരീര ഐക്യത്തിന്‍റെ അവശ്യഘടകമെന്ന നിലയില്‍ ആത്മാവിനെക്കുറിച്ചുള്ള ദര്‍ശനങ്ങളിലേക്കും [50] സമകാലീനപരിഗണനകള്‍ വ്യാപിച്ചുകിടക്കുന്നു. മനുഷ്യേതരപൂര്‍വ്വികരില്‍ നിന്നുള്ള ശരീരപരിണാമത്തെ ഉള്‍ക്കൊള്ളാന്‍ ദൈവശാസ്ത്രം തയ്യാറായി. അതിനാല്‍ ഉത്പത്തിപുസ്തകത്തിലെ പ്രതീകാത്മകമായ സൃഷ്ടികഥ അക്ഷരാര്‍ത്ഥത്തിലല്ലാതെ നാം സ്വീകരിച്ചു. ഒപ്പം നമ്മുടെ വര്‍ഗത്തെ വ്യതിരിക്തമാക്കുന്ന ധാര്‍മ്മിക, ആത്മീയ കഴിവുകളുള്ള "ആത്മാവ്" അല്ലെങ്കില്‍ "ആത്മത്വ"ത്തിന്‍റെ പരിണാമത്തെ ഉള്‍ക്കൊള്ളാനും കൗദാശികകാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ദൈവശാസ്ത്രത്തിന് സാധിച്ചു. ദൈവം എല്ലാ വിധത്തിലും ഇടപെടുന്ന ഒരു സൃഷ്ടിയുടെ ദൈവശാസ്ത്രത്തിന്, മനുഷ്യന്‍റെ ഭൗതികപ്രകൃതിയുടെ പരിണാമത്തോടും സിരാദാനത്തിന്‍റെ (neural endowment) വര്‍ദ്ധനവിനോടുമൊപ്പം സാവധാനം രൂപപ്പെട്ടുവരുന്ന ആത്മാവിനെയും ഉള്‍ക്കൊള്ളാനാകും. ഇത് മനുഷ്യവ്യക്തിയെ മനോശരീര ഐക്യമായി പരിഗണിക്കുന്ന ഹെബ്രായപാരമ്പര്യത്തോട് യോജിക്കുകയും, നിരവധി പ്രധാനദൈവശാസ്ത്രപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു:

(1) പ്രപഞ്ചം ദൈവത്താല്‍ രൂപാന്തരീകരിക്കപ്പെട്ടു എന്ന കൗദാശികആശയത്തെ അത് കാത്തുസൂക്ഷിക്കുന്നു. "സൃഷ്ടി മുഴുവന്‍ ഈറ്റുനോവനുഭവിക്കുന്നു" (റോമ 8:22) എന്ന പൗലോസിന്‍റെ ദര്‍ശനത്തെ അപ്രസക്തമാക്കുകയും മനുഷ്യാത്മാക്കള്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു എന്ന പഠിപ്പിക്കുകയും ചെയ്യുന്ന പ്ലേറ്റോയുടെ ദ്വന്ദവാദത്തെ അത് നിരാകരിക്കുന്നു. ശരീരത്തില്‍ നിന്ന് പുറത്തു കടക്കുന്ന മനുഷ്യരുടെ ആത്മാക്കളെ മാത്രമല്ല സകല സൃഷ്ടികളെയും ഉള്‍ക്കൊള്ളുന്നതാണ് രക്ഷ.
(2) മനുഷ്യനും മനുഷ്യനു മുമ്പുള്ള ഹോമിനിഡുകളും തമ്മില്‍ നിലനില്ക്കുന്ന മനസ്സിലാക്കാനാവാത്ത വേര്‍തിരിവിനെ ഇത് പരിഹരിക്കുന്നു. ഭൂമിയിലെ ജീവന്‍ മുഴുവന്‍ ഒരു പൊതുപൈതൃകം പങ്കുവയ്ക്കുകയും ജീവന്‍റെ ഭൗതികവൃക്ഷത്തിലെ ഒരു ചില്ലയെ മാത്രം ബൗദ്ധികമായ ആത്മാവബോധമുള്ള മനുഷ്യന്‍ പ്രതിനിധാനം ചെയ്യുകയും ചെയ്യുമ്പോള്‍ അമര്‍ത്യമായ ഒരാത്മാവ് ഉള്ളതും ഇല്ലാത്തതുമായ ജീവികള്‍ തമ്മില്‍ കൃത്യമായ ഒരു വേര്‍തിരിവ് സാധ്യമല്ല. 98.4 ശതമാനം ജീനുകള്‍ മനുഷ്യന്‍ ചിമ്പാന്‍സികളുമായി പങ്കുവയ്ക്കുന്നു [51]. എന്നാല്‍ ഒരസ്തിത്വം മനുഷ്യന്‍റെ ഡി.എന്‍.എ. ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് തിരയുന്നത് ജനിതക അധീശത്വബോധമാണ്. മസ്തിഷ്കസങ്കീര്‍ണ്ണതയുടെ തലമനുസരിച്ച് എല്ലാ ജീവികളും ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. മനുഷ്യമക്കള്‍ക്ക് ജന്മം കൊടുക്കുന്ന മനുഷ്യരല്ലാത്ത മാതാപിതാക്കളുടെ തലമുറയും മനുഷ്യവംശം മുഴുവന്‍റെയും ഉത്ഭവകാരണമായ ഏകജോഡി ഇണകളെയും കുറിച്ചുള്ള അയുക്തികമായ പ്രശ്നത്തെ നാം പരിണാമമാതൃകയില്‍ ഒഴിവാക്കുന്നു.
(3) ദൈവത്തിന്‍റെ അദ്ധ്വാനം മുഴുവന്‍ പുതിയ സൃഷ്ടിയുടെ വിഷയമാണെന്ന പാരിസ്ഥിതിക ദൈവശാസ്ത്രത്തിന് അര്‍ത്ഥമുണ്ടാകുന്നു. സ്വയമുത്ഭവിച്ച ആദ്യ മോളിക്യൂള്‍ മുതല്‍ ബുദ്ധിയുള്ള ജീവികള്‍ വരെ, പ്രകൃതിയില്‍ ജീവനനുകൂലമായ സാഹചര്യങ്ങള്‍ ഉള്ള എല്ലാ ഇടങ്ങളും അതിലുള്‍പ്പെടുന്നു [52].
(4) യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ ദൈവശാസ്ത്രവീക്ഷണങ്ങളുടെ സമഗ്രത അത് കാത്തുസൂക്ഷിക്കുന്നു. ശാസ്ത്രത്തിന് മനസ്സിലാക്കാനാവാത്ത ആത്മാവിന്‍റെ ഒരു നിവേശനത്തെക്കുറിച്ച് ദൈവശാസ്ത്രം സ്ഥിരീകരണം നടത്തേണ്ടതില്ല. കാരണം അത്തരമൊരു നിവേശനം നടന്നിട്ടില്ല. കൗദാശികവീക്ഷണകോണില്‍ നിന്നുള്ള പരിണാമചരിത്രത്തില്‍ ശരീരത്തിന്‍റെ കഴിവുകളോടൊപ്പം ആനുപാതികമായിത്തന്നെയാണ് ആത്മാവും രൂപംകൊണ്ടത്. പരിണാമത്തില്‍, പരിണാമത്തോടുകൂടെ അതിനു വിധേയമായി ദൈവം പ്രവര്‍ത്തിക്കുകയാണെങ്കില്‍ (ലൂഥറിന്‍റെ ദിവ്യകാരുണ്യപ്രയോഗങ്ങള്‍) പരിണാമാത്മകജീവശാസ്ത്രം, ശാസ്ത്രം, ന്യൂറോസയന്‍സ് എന്നിവയ്ക്ക് വ്യക്തിത്വത്തെക്കുറിച്ചുള്ള വാദങ്ങള്‍ക്കു വേണ്ടി ദൈവശാസ്ത്രത്തെ ആശ്രയിക്കാനാകും.


ദൈവഛായയും വ്യക്തിത്വത്തിന്‍റെ വ്യാപ്തിയും
ആത്മാവുള്ള ആദിമജീവികളെ ആത്മാവില്ലാത്തവയില്‍നിന്നു കൃത്യമായി വേര്‍തിരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളോടു ബന്ധപ്പെട്ടതാണ, മനുഷ്യവംശത്തിന്‍റെ വ്യക്തിത്വപ്രകടനങ്ങളുടെ വ്യാപ്തിയെ സംബന്ധിക്കുന്ന പ്രശ്നം. സാധാരണ മനുഷ്യരെ ദൈവഛായ പേറുന്നവരായിക്കാണാനും അതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ മനുഷ്യര്‍ക്കും-മനുഷ്യര്‍ക്കു മാത്രം- അമര്‍ത്യമായ ആത്മാവ് നല്കാനും കഴിയുക എന്നത് ലളിതമാണ്. ജീവനോട് യോജിച്ചു പോകാത്ത ക്രോമോസോം സംബന്ധിയായ ഒരു അസാധാരണത്വം സൈഗോട്ടുകള്‍ക്കോ എംബ്രയോകള്‍ക്കോ ഉള്ളതുകൊണ്ടോ, അല്ലെങ്കില്‍ സാവധാനം പക്വമായി ഒരു സാധാരണ ജനനത്തിന് സാധ്യമല്ലാത്തവിധം ജനിതകമായിത്തന്നെ രൂപപ്പെട്ടതിനാലോ അമ്പതുശതമാനത്തോളം മനുഷ്യഗര്‍ഭങ്ങളും അലസിപ്പോകുന്നുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട് [53]. ഈ സൈഗോട്ടുകള്‍ക്ക് അമര്‍ത്യമായ ആത്മാവുകള്‍ ആരോപിച്ചാല്‍, അമ്പതോ അതിലധികമോ ശതമാനം മനുഷ്യരും ഈ ഭൂമിയില്‍ അവബോധത്തോടെ ജീവിച്ചിട്ടില്ല എന്നുവരും. മാത്രമല്ല, ധാര്‍മ്മികമോ മറ്റേതെങ്കിലും തരത്തിലുള്ള തീരുമാനങ്ങളോ എടുക്കാത്തതിനാല്‍ അവ നിത്യതയിലേക്കും പ്രവേശിച്ചിട്ടുണ്ടാകും. അതിനാല്‍ത്തന്നെ പകുതിയിലധികം മനുഷ്യരുടെയും നിത്യവിധി ധാര്‍മ്മികജീവിതത്തില്‍നിന്നും ചോദ്യങ്ങളില്‍ നിന്നും സ്വതന്ത്രമായതായിരിക്കും. എന്നാല്‍ ഈ എംബ്രയോകളുടെ കാര്യത്തില്‍ എന്തെങ്കിലും വിധിപറയാന്‍ തക്കവിധത്തിലല്ലാത്തതിനാല്‍, അതിന്‍റെ പ്രയോഗസാധ്യതകള്‍ അത്ര പ്രസക്തമല്ല.


ആത്മാവിനെയും ദൈവഛായയെയും കുറിച്ചുള്ള പഠനങ്ങള്‍ ഒരു തുടര്‍ച്ചയെന്ന നിലയില്‍ ഒരുമിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്ത തലച്ചോറുകളുള്ള എളുപ്പത്തില്‍ വേര്‍പെടുത്താവുന്ന സയാമീസ് ഇരട്ടകളുടെ കാര്യത്തിലും ദൈവശാസ്ത്രസമീപനം കൃത്യമാണ്. ഓരോ ഇരട്ടയും ആത്മാവുള്ള വ്യക്തിയാണ്. പാരസൈറ്റിക് ഇരട്ടകളുടെ കാര്യത്തില്‍ ഇതു വളരെ സങ്കീര്‍ണ്ണമാണ്. ഒരു ഇരട്ട എംബ്രയോ പൂര്‍ണ്ണമായി വിഭജിക്കപ്പെടാതിരിക്കുമ്പോള്‍, ഒരു എംബ്രയോ വളര്‍ച്ച മുരടിക്കുകയും ആരോഗ്യകരമായി വളര്‍ന്നുവരുന്ന അടുത്തതിനോട് ഒട്ടിച്ചേര്‍ന്നിരിക്കുകയും ചെയ്യും. ബിഹാറിലെ ലക്ഷ്മി താതമയുടെ (2005-ല്‍ ജനനം) പ്രശസ്തമായ കേസില്‍ ലക്ഷ്മിയുടെ ശരീരത്തില്‍ നിന്നും പുറത്തേക്കു വളര്‍ന്നു നിന്നിരുന്ന അവളുടെ ഇരട്ടയുടെ കൈകളും കാലുകളും സ്വതന്ത്രമായി ചലിപ്പിക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം ആ ഇരട്ടയ്ക്ക് തലയോ തലച്ചോറോ ഉണ്ടായിരുന്നില്ല. അതിന് ഒന്നും അനുഭവിക്കാനോ ആസ്വദിക്കാനോ പഠിക്കാനോ ധാര്‍മ്മികവിധികള്‍ നടത്താനോ ഒന്നും കഴിഞ്ഞില്ല. വികസിതമാകാത്ത വ്യക്തിത്വത്തോടും ബോധമില്ലാത്ത ജീവിതത്തോടും കൂടെ ലക്ഷ്മിയുടെ ഇരട്ട പൂര്‍ണമായും ഒരു സാദ്ധ്യതാവസ്ഥയില്‍ മാത്രം കഴിഞ്ഞു. അതിന്‍റെ യുഗാന്ത്യപരമായ അവസ്ഥ എന്നത് ജൈവികഅസ്തിത്വത്തിന്‍റെ കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രമായിരിക്കും. എന്നാല്‍ ലക്ഷ്മിയുടെ യുഗാന്ത്യഅവസ്ഥ ഭാഗികമായെങ്കിലും അവളുടെ ജീവിതകാലത്തെയും മരണസമയത്തെയും ധാര്‍മ്മികാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്.


ട്വിന്നിംഗ് സ്പെക്ട്രത്തിന്‍റെ മറ്റൊരറ്റത്ത് ഇതിലും സങ്കീര്‍ണ്ണമായ മറ്റൊരു പ്രതിഭാസമുണ്ട്. ബ്ലാസ്റ്റോസിസ്റ്റ് തലത്തില്‍ രണ്ട് ഫെര്‍ട്ടിലൈസ്ഡ് ഓവകളുടെ കൂടിച്ചേരല്‍ വഴിയായി നാലു ഗാമറ്റുകളുടെ ജനിതകസംഭാവനകള്‍ വഹിക്കുന്ന "ടെട്രാഗാമറ്റിക് കിമേറ"കള്‍ രൂപപ്പെടുന്നു54. പരുവപ്പെട്ടുകൊണ്ടിരിക്കുന്ന ബ്ലാസ്റ്റോസിസ്റ്റില്‍ ഓരോ ഓവയും (കോശങ്ങളും) അതിന്‍റെ തന്നെ സ്വഭാവപ്രത്യേകതകള്‍ പരിരക്ഷിച്ചുകൊണ്ട് മൊസൈസിസത്തിലോ ടിഷ്യുവിന്‍റെ കൂടിക്കലരലിലോ കലാശിക്കുന്നു. ഒരു ജോഡി ഗാമറ്റുകള്‍ ശരീരത്തിന്‍റെ ഒരു ഭാഗത്തിനാവശ്യമായ ജനിതകവിവരങ്ങളും മറ്റേ ജോഡി ശേഷിക്കുന്ന ഭാഗത്തിനാവശ്യമായതും നല്കുന്നു. XY ഗാമറ്റിക് തലയും XX ജോഡി ജെനിറ്റാലയും രൂപപ്പെടുത്തുന്ന ജെന്‍ഡര്‍ ഡയസ്ഫോറിയ പ്രതിഭാസത്തെ വിശദീകരിക്കാന്‍ മൊസൈസിസത്തിന് കഴിയും. ടെട്രാഗാമറ്റിക് കിമേറകള്‍ ബാഹ്യമായി സാധാരണ നിലയിലുള്ളവരും ഒരു ഏകീകൃത ആത്മാവബോധമുള്ളവരുമാണ്. ജനിതകപരിശോധനകളുടെ യുഗത്തിന് മുമ്പ് അവര്‍ ഒരിക്കലും തങ്ങളുടെ ദ്വന്ദഉത്ഭവത്തെക്കുറിച്ച് ബോദ്ധ്യമില്ലാതെ അവരെക്കുറിച്ച് തന്നെ "ഞങ്ങള്‍" എന്നല്ലാതെ "ഞാന്‍" എന്നാണ് ചിന്തിച്ചുകൊണ്ടിരുന്നത്.
ടെട്രാഗാമറ്റിക് കിമേറകളുടെ കാര്യത്തില്‍ ഗര്‍ഭധാരണസമയത്തെ അമര്‍ത്യാത്മാവിന്‍റെ ആവേശനം എന്ന തത്ത്വം അടിച്ചേല്പിച്ചാല്‍, ദൈവശാസ്ത്രപരമായി ഒരു ശരീരത്തില്‍ രണ്ട് ആത്മാക്കളുടെ സാന്നിദ്ധ്യത്തില്‍ നാമെത്തിച്ചേരും. ഒരെണ്ണം ആ ശരീരത്തിന്‍റെ മുഴുവന്‍ ജീവനും വേണ്ടി ആധിപത്യം നേടും. അതോ തലച്ചോര്‍ നല്കാത്ത ഗാമെറ്റ്സ് ഉള്ള ആത്മാവ് കൂടിച്ചേരലിന്‍റെ സമയത്ത് ദൈവത്താല്‍ എടുത്തു മാറ്റപ്പെടുമോ? രണ്ട് ആത്മാക്കളെയും അത്വഴി രണ്ട് ദൈവഛായകളെയും ഒരു വ്യക്തിയില്‍ നമുക്ക് സങ്കല്പിക്കാനാകുമോ? ടെട്രാഗാമറ്റിക് കിമേറകളുടെ കാര്യത്തില്‍ നമ്മുടെ ദൈവശാസ്ത്രനരവംശശാസ്ത്രം പുനര്‍വിചിന്തം ചെയ്യാന്‍ ശാസ്ത്രം നിര്‍ബന്ധിക്കുന്നുണ്ട്. "ആത്മാവ്" എന്ന പദം എളുപ്പത്തില്‍ ദ്വന്ദവാദത്തിലേക്ക് എത്തിച്ചേക്കാമെന്നും വെറുതെ "ഞാന്‍" എന്ന സര്‍വ്വനാമം മാത്രം ഉപയോഗിച്ചാല്‍ മതി എന്നും ജോസ് മരിയോ ഫ്രാന്‍സെസ്കോ മറ്റൊരു സന്ദര്‍ഭത്തില്‍ സൂചിപ്പിക്കുന്നുണ്ട്. "ആത്മാവ്" എന്ന പദത്തിന്‍റെ പുരാതനമായ മതസാംസ്കാരികപ്രാധാന്യം വച്ച് നോക്കുമ്പോള്‍ ഈ നിര്‍ദ്ദേശം പ്രായോഗികമല്ല.


എന്നിരുന്നാലും പരിണമിക്കുന്ന സൃഷ്ടിയുടെ കൗദാശികസ്വഭാവത്തിന്‍റെ വെളിച്ചത്തില്‍ 'ദൈവഛായ' എന്ന ആശയത്തെ പൂര്‍ണമായി ഒരു പുനരാലോചനയ്ക്കു വിധേയമാക്കാം. സൃഷ്ടിയെ അതിന്‍റെ ഉള്ളില്‍ നിന്ന് പ്രകാശിപ്പിച്ചുകൊണ്ട് ദൈവം സൃഷ്ടിയില്‍ മാംസം ധരിച്ചു. സൃഷ്ടിക്കപ്പെട്ട ക്രമം പൂര്‍ണമായും ഈയര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ ഛായയിലാണ്. ധാര്‍മ്മികപ്രതികരണങ്ങളുടെയും ആത്മീയാനുഭവങ്ങളുടെയും പരിണാമത്തിന്‍റെ തോതനുസരിച്ച് സൃഷ്ടിയുടെ വ്യത്യസ്ത ഘടകങ്ങള്‍ ഈ ഛായയെ വ്യത്യസ്ത അളവുകളില്‍ പ്രതിഫലിപ്പിക്കുന്നു. ദൈവഛായ ഒരു വ്യക്തിയുടെ ജീവിതത്തില്‍ രൂപപ്പെടുന്നതെങ്ങനെ എന്നതിലുപരി, ദൈവഛായയുടെ പ്രതിഫലനം അല്ലെങ്കില്‍ ആത്മീകരണം അല്ലെങ്കില്‍ വ്യക്തിത്വം ഗര്‍ഭധാരണസമയത്തെ സാങ്കല്പിക അസ്തിത്വാവസ്ഥയെ കുറച്ചുമാത്രം ആശ്രയിക്കുന്നതായി നാം തിരിച്ചറിയണം. ബുദ്ധിയേക്കാളും മറ്റേതെങ്കിലും ജനിതകപ്രത്യേകതകളെക്കാളും ആധികാരികബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവ് ദൈവഛായയെ പ്രതിഫലിപ്പിക്കുന്നതിന്‍റെ വ്യക്തമായ മാനദണ്ഡമാക്കാമെന്ന് നൊറീന്‍ ഹെര്‍സഫെല്‍ഡ് അഭിപ്രായപ്പെടുന്നുണ്ട്56. വ്യക്തിപരതയെക്കുറിച്ചുള്ള അവബോധം, ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള കഴിവ്, പൂര്‍ണ്ണത തേടാനുള്ള കഴിവ് എന്നിവ ഗര്‍ഭധാരണസമയത്തെ ഫെര്‍ട്ടിലൈസ്ഡ് ഓവയുടെ എണ്ണത്തേക്കാള്‍ ദൈവഛായയുടെ സാദൃശ്യത്തെ നിര്‍ണയിക്കാനാണ് ഉപയോഗപ്പെടുത്തേണ്ടത്.


ഉപസംഹാരങ്ങള്‍
പുരാതനവും ചലനാത്മകവും രൂപപ്പെടുന്നതുമായ ഒരു പ്രപഞ്ചത്തിലാണ് ഞാന്‍ അധിവസിക്കുന്നതെന്ന സത്യം തിരിച്ചറിയുന്ന ഒരു ഉത്തരാധുനിക ക്രിസ്ത്യാനിക്ക് തങ്ങളുടെ അടിസ്ഥാനപരമായ വിശ്വാസസത്യങ്ങളോട് വിശ്വസ്തരായിരിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യത്തോടെയാണ് നാം ആരംഭിച്ചത്. നിരവധി നൂറ്റാണ്ടുകളിലൂടെ ചുരുളഴിഞ്ഞ ക്രിസ്തീയ ലോകവീക്ഷണം നാം പഠിക്കുമ്പോള്‍, ലോകം യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയാണ് എന്ന ധാരണകളിലെ എണ്ണമില്ലാത്ത മാറ്റങ്ങളിലൂടെ കടന്നുപോയാണ് അത് അതിന്‍റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതെന്ന് നാം കാണുന്നു. അത്തരം ചരിത്രത്തില്‍ മതശാസ്ത്രസംഘര്‍ഷങ്ങള്‍ ഒരുപാട് ഇടങ്ങളിലൊന്നും നാം കാണുന്നില്ല. തന്‍റെ മതവിശ്വാസവും സൂര്യകേന്ദ്രീകൃതലോകവീക്ഷണത്തിന്‍റെ സത്യവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ തോന്നാത്തതില്‍ വിശ്വസ്തനായ ഒരു കത്തോലിക്കനായിത്തന്നെ ഗലീലെയോ ജീവിച്ചു. ഇന്ന് എത്ര വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ടാലും മതവിശ്വാസത്തിലെ തുടര്‍ച്ച തന്നെയാണ് ശാസ്ത്രീയയുക്തിയിലെ വിശ്വാസം [58]. അറിയുന്നതിന്‍റെ അത്ഭുതാവഹമായ ഒരു സംരംഭത്തിലെ സ്വാഭാവികപങ്കാളികളാണ് ദൈവശാസ്ത്രവും ശാസ്ത്രവും.
രൂപപ്പെടുന്ന സൃഷ്ടിയുടെ കൗദാശികസ്വഭാവത്തെക്കുറിച്ചുള്ള ചിന്ത നാം അധിവസിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ ആഴമേറിയ അറിവുകള്‍ നല്കിക്കൊണ്ട് നമ്മുടെ ദൈവശാസ്ത്രപദസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. സ്വാഭാവികലോകത്തെ വിശദീകരിക്കുന്ന പ്ലേറ്റോയുടെയോ അരിസ്റ്റോട്ടിലിന്‍റെയോ ന്യൂട്ടന്‍റെയോ ഡാര്‍വിന്‍റെയോ ശാസ്ത്രത്തിനു മുമ്പുള്ളതോ ഉത്തരാധുനികമോ ആയ ദാര്‍ശനികഭാഷയോ ശാസ്ത്രീയ മാതൃകകളോ ഉപയോഗപ്പെടുത്തിയാണ് രണ്ടു സഹസ്രാബ്ദത്തോളം ക്രിസ്ത്യാനികള്‍ തങ്ങളുടെ ദൈവശാസ്ത്രം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളില്‍ ലോകവീക്ഷണങ്ങളിലുണ്ടായ എല്ലാ മാറ്റങ്ങളോടും സമരസപ്പെട്ടതുപോലെ തന്നെ, നമ്മുടെ കാലഘട്ടത്തിലെ ക്രിസ്ത്യാനികളും ശാസ്ത്രീയവീക്ഷണമായ പുരാതനവും ചലനാത്മകവും പരിണാമാത്മകവുമായ പ്രപഞ്ചസങ്കല്പത്തോട് യോജിക്കും. നമ്മുടെ ബൈബിള്‍ വ്യാഖ്യാനങ്ങളും പഠനങ്ങളും മറ്റ് അടിസ്ഥാനപരമായ വിശ്വാസങ്ങളും പ്രകൃതിയെപ്പറ്റിയുള്ള ഒരു പ്രത്യേക കാഴ്ചപ്പാടിനോട് വേര്‍പെടാനാവാത്ത വിധം ഒട്ടിനില്ക്കുന്നില്ല എന്നതിനാല്‍ ശാസ്ത്രീയ മതപരവീക്ഷണകോണുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകേണ്ട ആവശ്യമില്ല. ബൈബിള്‍ വെളിപാടിനോടും ദൈവശാസ്ത്രപാരമ്പര്യത്തോടും രീതിശാസ്ത്ര സ്വാഭാവികവാദത്തിന്‍റെ പരിമിതികളെ തിരിച്ചറിയുന്ന ഒരു ശാസ്ത്രത്തോടും കൗദാശികവീക്ഷണകോണ്‍ ചേര്‍ന്നുപോകുന്നു.
ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം പരിണാമാത്മകപ്രപഞ്ചത്തിന്‍റെ പ്രകൃതം ശാസ്ത്രീയരീതികളിലൂടെ കണ്ടെത്തേണ്ട ഒരു ഗൂഢപ്രശ്നമാണ് [59]. ദൈവശാസ്ത്രജ്ഞര്‍ക്കും മതവിശ്വാസികള്‍ക്കും പ്രപഞ്ചം അനന്തമായ വിശാലമാണ്: നാം നിശബ്ദരായി അഭിമുഖീകരിക്കുന്ന ഒരു രഹസ്യമാണിത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതുന്നു:
"മനുഷ്യന്‍ ലോകം എന്നീ നിര്‍ണ്ണീതയാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള സത്യാന്വേഷണങ്ങള്‍ ഒരിക്കലുമവസാനിക്കില്ല എന്നും, മറിച്ച് പഠനത്തിന്‍റെ അടിയന്തിരവസ്തുക്കളേക്കാള്‍ ഉപരിയായി രഹസ്യത്തേക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കു അവ വിരല്‍ ചൂണ്ടുമെന്നും" ശാസ്ത്രജ്ഞര്‍ക്ക് നന്നായറിയാം [60].
ലോകത്തിന്‍റെ പുരാതനത്വവും ചലനാത്മകപ്രക്രിയകളും കാലഘട്ടങ്ങളുടെ സഹനങ്ങളും ഗൗരവമായെടുക്കുന്ന ഒരു പരിണാമാത്മകവീക്ഷണകോണില്‍ എഴുതപ്പെട്ട ദൈവശാസ്ത്രത്തിന് ഒരു രഹസ്യസ്വഭാവമുണ്ട് - രഹസ്യത്തിന്‍റെ ശൂന്യഭിത്തിയെ അഭിമുഖീകരിക്കുമ്പോള്‍ അതിനൊന്നും പറയാനില്ല. പ്രകൃതിയുടെയും നമ്മുടെ അറിയല്‍ പ്രക്രിയയുടെയും സൃഷ്ടാവ് ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. കാള്‍ റാനര്‍ പറയുന്നു, "അറിയുന്ന ഓരോ പ്രക്രിയയിലും ഒരു വ്യക്തി ദൈവത്തെ ആന്തരികമായി സ്വാംശീകരിക്കുന്നു; ഒരു വസ്തുവായല്ല, മറിച്ച രഹസ്യത്തിന്‍റെ ഒരു ചക്രവാളമായി" [61]. അവസാനമായി, ജോണ്‍പോള്‍ രണ്ടാമന്‍റെ വാക്കുകള്‍ കൂടി ശ്രദ്ധിക്കാം: "ഭൂമിയിലെ വസ്തുക്കളും വിശ്വാസത്തിന്‍റെ പരിഗണനകളും ഒരേ ദൈവത്തില്‍ നിന്നു വരുന്നു." ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള ഇടപഴകല്‍ "സത്യത്തോടുള്ള വലിയ സ്നേഹത്തിലേക്കു നയിക്കുകയും, മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥത്തിന്‍റെയും ദൈവത്തിന്‍റെ സൃഷ്ടിയുടെ ഉദ്ദേശത്തിന്‍റെയും സമഗ്രമായ ധാരണകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു" [62].

evolution creation evolution and creation the evolving creation Peter M.J. Hess Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message