We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev Dr. Augustine Pamplany On 28-May-2021
ഭൗതികശാസ്ത്രത്തിലും ഭൗമശാസ്ത്രത്തിലും യുഗാന്തദര്‍ശനം (eschatology) അംഗീകരിക്കപ്പെട്ട ഒരു മേഖലയായിത്തീര്‍ന്നത് സമീപകാലത്ത് മാത്രമാണ്. മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നതും അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതുമായ "അവസാനവസ്തുക്കളെ"ക്കുറിച്ച് യുഗാന്തദര്‍ശനം ചിന്തിക്കുന്നു. പ്രത്യാശ മനുഷ്യനില്‍ അന്തസ്ഥിതമാണെങ്കില്‍ ആര്‍ക്കും യുഗാന്തദര്‍ശനത്തോട് നിസംഗത കാണിക്കാനാവില്ല. [1] യുഗാന്തദര്‍ശനത്തെ നാം വിശാലാര്‍ത്ഥത്തില്‍ രണ്ടായി തിരിക്കും: സമയബന്ധിതവും സത്താപരവും. [2] സമയബന്ധിതമായ യുഗാന്തദര്‍ശനം കൊണ്ട് നാമര്‍ത്ഥമാക്കുന്നത് സമയത്തില്‍ പൂര്‍ണത നേടുന്ന യുഗാന്തദര്‍ശനം എന്നാണ്. "എല്ലായപ്പോളും" എന്നതിന്‍റെ നിത്യമായ അവസ്ഥയാണ് അതിന്‍റെ പ്രാഥമിക പരിഗണന. നമ്മുടെ അനുദിനജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന സമയക്ലിപ്തതയെ മറികടക്കാന്‍ അത് ശ്രമിക്കുന്നു. അതുപോലെതന്നെ സത്താപരമായ യുഗാന്തദര്‍ശനം പദാര്‍ത്ഥത്തിന്‍റെയോ ആയിരിക്കുന്ന അവസ്ഥയുടെയോ താത്കാലികത്വത്തെ കൈകാര്യം ചെയ്യുന്നു. ആയിരിക്കുന്ന അവസ്ഥയുടെ പൂര്‍ണത എന്ന ഗൗരവതരമായ തലം പ്രസക്തമാകുന്നത് ഇവിടെയാണ്. കഴിഞ്ഞ നൂറ്റാണ്ടുമുതല്‍ ജര്‍മ്മന്‍ ഭൗതികശാസ്ത്രജ്ഞനായ ഹെര്‍മന്‍ വോണ്‍ ഹെംഗോള്‍ട്സ് തെര്‍മോഡൈനാമിക്സിന്‍റെ നിയമങ്ങള്‍ പ്രപഞ്ചത്തിന്‍റെ അവസാനത്തെക്കുറിച്ച് സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചു തുടങ്ങി. അതാണ് താപമൃത്യുസിദ്ധാന്തം (heat death).
ശാസ്ത്രീയസമൂഹം പൊതുവില്‍ ഈ കാഴ്ചപ്പാട് അംഗീകരിച്ചിരുന്നു. [3] പ്രപഞ്ചത്തെ ചൂടേറിയ മരണത്തിലേക്ക് നയിക്കുന്ന തെര്‍മോഡൈനാമിക്സിന്‍റെ രണ്ടാമത്തെ നിയമവും അതിന്‍റെ പ്രയോഗവും ഇന്ന് ഗൗരവതരമായി ചോദ്യം ചെയ്യപ്പെടുകയാണ്. സമകാലികശാസ്ത്രീയവൃത്തങ്ങളില്‍ മിക്കവാറും അതിന്‍റെ സ്വീകാര്യത നഷ്ടപ്പെട്ടു കഴിഞ്ഞു. [4] ശാസ്ത്രം ഇന്നു നല്കുന്ന വിവരങ്ങളനുസരിച്ച് ചൂടേറിയ മരണത്തെക്കുറിച്ച് നാം അസ്വസ്ഥരാകേണ്ടതില്ല. [5] ഡ്രീസിന്‍റെ അഭിപ്രായം ശ്രദ്ധേയമാണ്: "ഈ നിയമത്തിന്‍റെ (തെര്‍മോഡൈനാമിക്സിന്‍റെ) പൊതുവായ പ്രകൃതംകൊണ്ടും പ്രപഞ്ചമാകമാനം അതിന്‍റെ പ്രായോഗികതയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കൊണ്ടും പ്രപഞ്ചത്തിന്‍റെ അതിവിദൂരഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായ ഭൗതികശാസ്ത്രസിദ്ധാന്തങ്ങളിലാണ് അടിസ്ഥാനപ്പെടുത്തേണ്ടത്. സ്ഥലകാലങ്ങളുടെ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തമായ പൊതു ആപേക്ഷികതയും, പ്രപഞ്ചനിര്‍മ്മിതിയിലെ ഭൗതികഘടകങ്ങളെക്കുറിച്ച് പ്രസക്തമായ ക്വാണ്ടം സിദ്ധാന്തങ്ങളുമാണ് അവ." [6] ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കി സംവൃതവും വിവൃതവുമായ (closed and open) പ്രപഞ്ചത്തേക്കുറിച്ചും ക്വാണ്ടം മെക്കാനിക്സനുസരിച്ച് കുമിളപ്രപഞ്ചത്തെക്കുറിച്ചും (bubble universe) നാം പഠിക്കുന്നു. മഹാവിസ്ഫോടനസിദ്ധാന്തമനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത് എന്ന് കണ്ടെത്തിയപ്പോള്‍, അടുത്ത പ്രധാനപ്പെട്ട ചോദ്യം നാം ജീവിക്കുന്ന പ്രപഞ്ചം സംവൃതമാണോ വിവൃതമാണോ എന്നതായിരുന്നു. 1922-ല്‍ അലക്സാണ്ടര്‍ ഫ്രീഡ്മാന്‍ എന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ പ്രപഞ്ചത്തിന്‍റെ വികാസത്തെയും അതുപോലെതന്നെ അതിന്‍റെ നാശത്തെയും കുറിച്ച് പ്രവചിക്കുന്ന ഒരു പ്രപഞ്ചമാതൃക വികസിപ്പിച്ചു. അത് ഒരു സംവൃതപ്രപഞ്ചമാതൃകയായി അറിയപ്പെട്ടു. ഇതിനു വിരുദ്ധമായ വിവൃതമാതൃകയില്‍, കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗുരുത്വാകര്‍ഷണത്തോടുകൂടി അനന്തമായി വികസിക്കുന്ന പ്രപഞ്ചമാണുള്ളത്. സമാന്തരമാതൃകയില്‍ (flat model) തന്‍റെ തകര്‍ച്ചയെ തടയാനാവശ്യമായ വേഗതയിലാണ് പ്രപഞ്ചം വികാസം തുടരുന്നത്.
1. വിവൃതപ്രപഞ്ച യുഗാന്തദര്‍ശനം:
ജീവന്‍റെ നിത്യത (Open Universe Eschatology) പ്രപഞ്ചം തുറന്നതാണെങ്കില്‍ ഗാലക്സികള്‍ തമ്മിലുള്ള ശരാശരി അകലം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഏകദേശം 30K ഊഷ്മാവിലുള്ള പശ്ചാത്തല വികിരണം കൂടുതല്‍ വലിയ അളവുകളില്‍ വ്യാപിക്കും. അതിന് സാവധാനം ഊഷ്മാവും തീവ്രതയും നഷ്ടപ്പെട്ട് ഏകദേശം കേവലപൂജ്യത്തിലെത്തും. ഈ സിദ്ധാന്തത്തിന്‍റെ പ്രധാനവക്താവായ ഫ്രീമന്‍ ഡൈസൻ [7] താപമൃത്യുവെന്ന അതിന്‍റെ വിഷാദാത്മകവശത്തെ തിരുത്തിയെഴുതാന്‍ ശ്രമിച്ചു. ജീവിതത്തിന്‍റെ ഭാവി എന്ന അടിസ്ഥാനപ്രശ്നത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നു. വിദൂരഭാവിയില്‍ മനുഷ്യജീവന് യഥാര്‍ത്ഥത്തില്‍ എന്തു സംഭവിക്കും? പ്രപഞ്ചത്തിന്‍റെ വിവൃതമാതൃകയില്‍ ഒരുതരം ഡാര്‍വിനിസം പ്രായോഗികമാക്കാന്‍ ഡൈസന്‍ പരിശ്രമിക്കുന്നു. ജീവന്‍റെയും ബുദ്ധിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അടഞ്ഞ പ്രപഞ്ചത്തേക്കാള്‍ വിശാലമായ മേഖലകള്‍ തുറന്നുകൊടുക്കാന്‍ അതിനു കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. മാറുന്ന സാഹചര്യങ്ങളോട് ജീവന്‍ വളരെ വേഗം വിജയകരമായി പൊരുത്തപ്പെടുന്നത് പരിഗണിച്ച് മനുഷ്യന് പ്രത്യേകമായോ ജീവന് പൊതുവായോ ദ്രുതമാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വിവൃതപ്രപഞ്ചത്തോടും പൊരുത്തപ്പെടാന്‍ സാധിക്കും എന്ന് ഡൈസന്‍ ചിന്തിച്ചു. "ജീവന്‍റെയും ബുദ്ധിയുടെയും സ്വാധീനങ്ങളുള്‍പ്പെടുത്താതെ പ്രപഞ്ചത്തിന്‍റെ വിദൂരഭാവിയെ വിശദമായി കണക്കുകൂട്ടാന്‍ സാധിക്കുകയില്ല" എന്ന ഡൈസന്‍റെ വാദം ശരിയാണ്.
പ്രകൃതിനിര്‍ദ്ധാരണം വഴി ഉത്പാദിപ്പിക്കപ്പെട്ട ബുദ്ധിയുള്ള ജീവന് "അതിന്‍റേതായ ഉദ്ദേശലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രപഞ്ചത്തിന്‍റെ ഭൗതികവികാസനത്തെ നയിക്കാന്‍ കഴിയും." [8] "ദാര്‍ശനിക കാഴ്ചപ്പാടുകളെ ഗണിതശാസ്ത്ര സമവാക്യങ്ങളുമായി" കൂട്ടിക്കലര്‍ത്തുന്നതിനെക്കുറിച്ച് ഖേദിക്കാതെ, തന്‍റെ ലക്ഷ്യം "പ്രപഞ്ചത്തിന്‍റെ വിധി നിര്‍ബന്ധമായുമുണ്ടായിരിക്കേണ്ട സംഖ്യാസംബന്ധമായ അതിരുകള്‍ (numerical bounds)" [9] സ്ഥാപിക്കുകയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. രണ്ടാമതായി, നിസാരമായ കണങ്ങളിലേക്കുള്ള ഇല്ലായ്മയ്ക്കെതിരെ പ്രോട്ടോണുകള്‍ സ്ഥിരതയുള്ളവയാണെന്ന് അദ്ദേഹം ഊഹിച്ചു. യഥാര്‍ത്ഥത്തില്‍, ജീവന്‍റെ അനിര്‍വ്വചനീയമായ തുടര്‍ച്ചയ്ക്കുള്ള ഒരു മുന്‍വ്യവസ്ഥയായി പ്രോട്ടോണുകളുടെ (പദാര്‍ത്ഥത്തിന്‍റെ) നിലയ്ക്കാത്ത അസ്തിത്വത്തെ ദര്‍ശിക്കുകയാണ് ഡൈസന്‍ ചെയ്തത്. മറ്റ് ശാസ്ത്രജ്ഞരായ യൂക്കോ സെന്‍ഡോവിച്ച്, ജോണ്‍ ബാരോ, ഫ്രാങ്ക് ടിപ്ലര്‍ എന്നിവര്‍ പ്രോട്ടോണ്‍ നാശത്തിന്‍റെ സാദ്ധ്യത നിര്‍ദ്ദേശിക്കുകയുണ്ടായി. ഈ വെല്ലുവിളി സ്വീകരിച്ച് തന്‍റെ സിദ്ധാന്തം സ്വീകരിച്ച ഡൈസന്‍ എഴുതുന്നു: "പ്രോട്ടോണുകളില്ലാതെ നമുക്ക് അതിജീവിക്കാനാകുമോ എന്ന് എനിക്കറിയില്ല. പക്ഷേ അപ്പോള്‍പ്പോലും പ്രത്യാശയില്ലാത്ത സാഹചര്യത്തെക്കുറിച്ച് പറയാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. പൊരുത്തപ്പെടലിനെയും അമൂര്‍ത്തതയെയും കുറിച്ചുള്ള ഊഹങ്ങള്‍ ശരിയാണെങ്കില്‍, ബോധത്തിന്‍റെയും ജീവന്‍റെയും രൂപരേഖകള്‍ നഷ്ടം കൂടാതെ ഒരു മാധ്യമത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന് സാധിക്കും. പ്രോട്ടോണുകള്‍ ഇല്ലാതായ ശേഷവും നമുക്ക് ഇലക്ട്രോണുകളും പോസിട്രോണുകളും ഫോട്ടോണുകളും അവശേഷിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ചിന്തയുടെ രൂപരേഖകളുടെ വാഹകരായി മാംസവും രക്തവും അവശേഷിക്കുന്നു." [10] ജീവന്‍റെ അനിശ്ചിതതുടര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല അവസരമായി വിവൃതപ്രപഞ്ചത്തെ ഡൈസന്‍ പരിഗണിക്കുന്നു. "ഭാവിയെക്കുറിച്ച് നമുക്ക് സങ്കല്പിക്കാനാവുന്നിടത്തോളം എല്ലാം സംഭവിച്ചുകൊണ്ടിരിക്കും.
വിവൃതഭൗമശാസ്ത്രത്തില്‍ ചരിത്രത്തിന് അവസാനമില്ല." [11] സമീപകാലത്ത് പ്രസിദ്ധീകരിച്ച ബാരോയുടെയും ടിപ്ലറിന്‍റെയും സൈദ്ധാന്തികസംരംഭം ഈ കാഴ്ചപ്പാടിനെ പിന്താങ്ങുന്നു. [12] അവരുടെ സംയുക്തസംരംഭത്തില്‍ പ്രപഞ്ചത്തിന്‍റെ താപമൃത്യുവിനെക്കുറിച്ച് ഒരു പുതിയ ചിത്രം അവര്‍ വിവരിക്കുന്നു. അതില്‍ വിദൂരഭാവിയില്‍ ക്രമരഹിതവും അസ്ഥിരവുമാകുന്ന ഒരു വിവൃതപ്രപഞ്ചമാണുള്ളത്. പ്രശസ്തശാസ്ത്രജ്ഞനായ സ്റ്റീവന്‍ ഫ്രോട്ഷി ഇതിനെ പിന്താങ്ങിക്കൊണ്ട് എഴുതുന്നു: "ആധുനികഭൗമശാസ്ത്രം 19-ാം നൂറ്റാണ്ടിന്‍റെ ശ്രേഷ്ഠമായ താപമൃത്യുവോടെ ഇല്ലാതാകുന്നില്ല. ഇത്തരമൊരു മരണം സ്ഥിരഊഷ്മാവിലും പ്രപഞ്ചോപരിതലത്തിലുമുള്ള പദാര്‍ത്ഥത്തിന്‍റെ സ്ഥിരമായ സംതുലിതാവസ്ഥയിലാണ് സംഭവിക്കുക. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചം ഒരിക്കലും സംതുലിതാവസ്ഥയിലാവുകയോ സ്ഥിരഊഷ്മാവിലെത്തിച്ചേരുകയോ ചെയ്യുന്നില്ല." [13] ബുദ്ധിയുടെ അനിശ്ചിതമായ അതിജീവനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വിവൃതപ്രപഞ്ചത്തിന്‍റെ വിദൂരഭാവിയിലെ സാഹചര്യം ഇന്നു നാം മനസ്സിലാക്കുന്നതുപോലുള്ള ഒരു മനുഷ്യജീവിതവുമായി യോജിച്ചു പോവുകയില്ല. അതിനാല്‍ ജീവന്‍, പ്രത്യേകിച്ച് ബുദ്ധിയുള്ള ജീവന്‍, വിദൂരഭാവിയിലും അതിജീവിക്കാന്‍ തക്കവിധത്തില്‍ രൂപാന്തരപ്പെടുമെന്ന് ഡൈസന്‍ പ്രത്യാശിക്കുന്നു. അവബോധമുള്ള പദാര്‍ത്ഥത്തിന്മേലല്ല ഘടനയിലാണ് ജീവന്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് എന്ന് ഊഹിച്ചുകൊണ്ട്, ശരീരശാസ്ത്രബന്ധിയായ മാംസരക്തങ്ങളില്‍ നിന്നും ഓര്‍ഗാനിക് കെമിസ്ട്രിയുടെ വിശകലനങ്ങളില്‍ നിന്നും സ്വതന്ത്രമായ അമൂര്‍ത്തആശയങ്ങളായി ജീവനെയും ബുദ്ധിയെയും സങ്കല്പിക്കുവാന്‍ കഴിയും. ഡൈസന്‍ കൂട്ടിച്ചേര്‍ക്കുന്നു: "അടുത്ത 1010 വര്‍ഷങ്ങള്‍ക്കുള്ളില്‍ മാംസരക്തങ്ങളില്‍ നിന്നകന്ന് ഒരു അന്തര്‍നക്ഷത്രമേഘപടലത്തിലോ സചേതനമായ ഒരു കംപ്യൂട്ടറിലോ ജീവന് ഉത്ഭവിക്കാന്‍ സാധിക്കും എന്നത് ചിന്തനീയമാണ്." [14] ഈ മാതൃകയില്‍ അസാദ്ധ്യമായ ഒന്നാണ് ഡൈസന്‍ സ്ഥാപിക്കുന്നത്. അനന്തമായ വ്യക്തിനിഷ്ഠസമയത്തോടുകൂടിയ ഒരു ജീവിവര്‍ഗത്തെ നിയന്ത്രിതമായ ഊര്‍ജ്ജത്തോടുകൂടി നിയതമായ ഒരു വിവൃതപ്രപഞ്ചത്തില്‍ ജീവിക്കാന്‍ അദ്ദേഹം പ്രാപ്തനാക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സംവൃതമായ ഒരു പ്രപഞ്ചത്തില്‍ ഇത് സാധിക്കുകയില്ല. എന്നാല്‍, സംവൃതമായ ഒരു പ്രപഞ്ചത്തില്‍ മാത്രമേ അനന്തമായ വ്യക്തിനിഷ്ഠസമയത്തോടുകൂടിയ ജീവനെക്കുറിച്ച് ചിന്തിക്കാനാവൂ എന്ന് പറഞ്ഞ ടിപ്ലര്‍ ഈ ആശയത്തെ വ്യക്തമായി എതിര്‍ക്കുകയാണ്.
2. സംവൃതപ്രപഞ്ച യുഗാന്തദര്‍ശനം:
ഒമേഗാ പോയിന്‍റ് (Closed Universe Eschatology) പ്രപഞ്ചം സംവൃതമാണെങ്കില്‍ അതിന്‍റെ വികാസം ദീര്‍ഘകാലം നീണ്ടുനില്ക്കും. സാന്ദ്രത, നിര്‍ണായകസാന്ദ്രതയോട് എത്രമാത്രം സമീപസ്ഥമാണെന്നതിനെ ആശ്രയിച്ച് ഈ കാലയളവ് അകന്നുപോകും. ഇപ്പോഴത്തെ നിരീക്ഷിതതെളിവുകളോട് യോജിക്കുന്ന ഏറ്റും അടുത്ത സാദ്ധ്യത 50 ബില്യണ്‍ വര്‍ഷങ്ങളാണ്; എന്നാല്‍ അത് വളരെ കൂടുതലാണ് താനും. മാറ്റത്തിന്‍റെ തുടക്കം വരെയുള്ള ഭാവി വിവൃതപ്രപഞ്ചത്തിന്‍റെ സമയദൂരത്തോട് വളരെ സാമ്യമുള്ളതാണ്. പ്രപഞ്ചം ഒരിക്കലെങ്കിലും ഒന്നു ചുരുങ്ങിയാല്‍ അതിന്‍റെ സാന്ദ്രതയും ഊഷ്മാവും ഉയരും. [15] അവസാനം ഉയര്‍ന്ന ഊഷ്മാവുകളിലും സാന്ദ്രതകളിലുമെത്തുമ്പോള്‍ അത് മഹാവിസ്ഫോടനത്തിന്‍റെ വളരെ അടുത്തെത്തും. മഹാവിസ്ഫോടനത്തോട് തുല്യമായ ഒരവസ്ഥയില്‍ തകര്‍ച്ചയുടെ ഘട്ടം അവസാനിക്കും. അകലം പൂജ്യവും സാന്ദ്രത അനന്തവുമായിരിക്കും. ഊഷ്മാവും അങ്ങനെതന്നെ. അങ്ങനെ മഹാവിഭേദനം (Big Crunch) സംഭവിക്കുന്നു. അവിടെ, സ്ഥലം ഇല്ലാതാവുകയും പദാര്‍ത്ഥം എന്നേക്കുമായി നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഭാവിയില്‍ നിലനില്ക്കുന്ന ജീവനെ മൂന്ന് പ്രത്യേകതകളുടെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത് എന്ന് ടിപ്ലറും ബാരോയും വ്യക്തമാക്കുന്നു: 1) സമയം പോലെ അനന്തമായ എന്തിനോടെങ്കിലുമൊപ്പം പ്രപഞ്ചത്തിന്‍റെ അതിര്‍ത്തികള്‍ വരെയെങ്കിലും തുടരുന്ന വിവരസംസ്കരണം (information processing). 2) ഇപ്പോള്‍മുതല്‍ ആ അതിരുവരെ സംസ്കരിക്കപ്പെട്ട വിവരത്തിന്‍റെ അളവ് അനന്തമാണ്. 3) വക്രതയുടെ ഇലകള്‍ ഭാവിഅതിരുകളെ സമീപിക്കുന്നതനുസരിച്ച് സംഭരിക്കപ്പെട്ട വിവരത്തിന്‍റെ അളവ് വിട്ടുമാറുന്നു. അതിനാല്‍ ഒരു അനന്തമായ ജീവന്‍റെ സാദ്ധ്യത, വര്‍ത്തമാനകാലത്തിനും "അവസാനഅവസ്ഥയ്ക്കും" ഇടയില്‍ സംഭവിക്കുന്ന വിവരസംസ്കരണത്തിന്‍റെ വലിയതോതിലുള്ള സംലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. സംവൃതപ്രപഞ്ചത്തില്‍ അവസാനബിന്ദു (final singularity) വരെ ഓരോ അണുവിലും വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജം ആവശ്യമുണ്ടെന്ന് ടിപ്ലര്‍ സ്ഥിരീകരിക്കുന്നു. അവസാനഘട്ടത്തില്‍ ഊഷ്മാവ് അനന്തതയെ സമീപിക്കുകയും വലിയ അളവിലുള്ള ഊര്‍ജ്ജം ആവശ്യമായി വരികയും ചെയ്യുന്നു. ഈ ഊര്‍ജ്ജം അവസാനിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചംതന്നെ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സംവൃതപ്രപഞ്ചങ്ങളെല്ലാംതന്നെ അവസാനിക്കുമ്പോള്‍ ഇത്തരമൊരു സ്വാധീനത്തിന് വിധേയപ്പെടുമെന്ന് അദ്ദേഹം മനസ്സിലാക്കി. യഥാര്‍ത്ഥത്തില്‍ മറ്റു ദിശകളില്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഏതെങ്കിലും ഒരു ദിശയില്‍ അവ വികാസം പ്രാപിക്കുന്നുണ്ടാകും. "ഇത്തരമൊരു സ്വാധീനം (final singularity) വ്യത്യസ്ത ദിശകളില്‍ ഊഷ്മാവിന്‍റെ പ്രസരണത്തില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു. ഊഷ്മാവിലുള്ള ഈ വ്യതിയാനങ്ങള്‍ വര്‍ത്തമാനകാലത്തിനും അവസാനബിന്ദവിനുമിടയിലുള്ള വിവരസംസ്കരണത്തിന്‍റെ വലിയ അളവിനുവേണ്ട മതിയായ ഊര്‍ജ്ജം നല്കുന്നതായും മനസ്സിലാക്കാം." [16] നിശ്ചിതവും വസ്തുനിഷ്ഠവുമായ സമയത്തില്‍ അനന്തവും വ്യക്തിനിഷ്ഠവുമായ സമയം അനുഭവിക്കുന്നതിലുള്ള ബുദ്ധിമുട്ട് മറികടക്കുന്നതിന് ടിപ്ലര്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രാശയമാണിത്.
വിവരകൈമാറ്റത്തിന് ആവശ്യമായ ഊര്‍ജ്ജം ഇപ്രകാരം ലഭിക്കുമെന്ന് (from shear effect) അനുമാനിച്ചുകൊണ്ട് പെട്ടെന്ന് അവസാനിച്ചേക്കാവുന്ന ഒരു പ്രപഞ്ചത്തില്‍ ജീവന്‍റെ അനിശ്ചിതമായ തുടര്‍ച്ചയെപ്പറ്റി സംസാരിക്കാന്‍ നമുക്ക് സാധിക്കുന്നതിന് കാരണം, വര്‍ത്തമാനകാലത്തിനും അവസാനബിന്ദുവിനുമിടയിലുള്ള വിവരസംസ്കരണത്തിന്‍റെ വലിയ അളവിന് ആവശ്യമായ ഊര്‍ജ്ജം നിലനില്ക്കുന്നു എന്നതാണ്. "അടഞ്ഞ പ്രപഞ്ചത്തില്‍ വര്‍ത്തമാനകാലത്തിനും സമയത്തിന്‍റെ അവസാനത്തിനുമിടയില്‍ പരിമിതികളുള്ള സമയം മാത്രമാണ് ശേഷിക്കുന്നത് എങ്കിലും ഈ ഊര്‍ജ്ജം അവിടെ സന്നിഹിതമാണ്. അങ്ങനെ ഒരു സംവൃതപ്രപഞ്ചം പരിമിതികളോടുകൂടിയ ഒരു സമയഘട്ടത്തില്‍ മാത്രമാണ് നിലനിന്നത് എങ്കില്‍ക്കൂടിയും, ജീവനുള്ളവയെ സംബന്ധിച്ച് പ്രധാനപ്പെട്ടതായ സമയത്തിന്‍റെ അളവില്‍, അനന്തവും വ്യക്തിനിഷ്ഠവുമായ സമയത്തില്‍ അതിന് ആയിരിക്കുന്നതിന് സാധിക്കുന്നു." [17] ഇത്തരം "അനന്തവും വ്യക്തിനിഷ്ഠവുമായ സമയ"ത്തില്‍ ജീവന്‍ പ്രപഞ്ചത്തെ വലയം ചെയ്യുകയും കൂടുതല്‍ കൂടുതല്‍ പദാര്‍ത്ഥത്തെ അതിനോട് ചേര്‍ക്കുകയും ചെയ്യും. അങ്ങനെ ജീവനുള്ളവയും ഇല്ലാത്തവയുമായ പദാര്‍ത്ഥങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിന് അര്‍ത്ഥം നഷ്ടപ്പെടും. ഇവിടെയാണ് ഒമേഗാപോയിന്‍റ് സംജാതമാകുന്നത്. [18] അണുപ്രപഞ്ചശാസ്ത്രത്തിലെ (quantum cosmology) നിരവധി പ്രപഞ്ചങ്ങളിലെല്ലാം ജീവന്‍ ഉത്ഭവിക്കുകയാണെങ്കില്‍, അവയിലെല്ലാം ജീവന്‍ തുടര്‍ന്ന് നിലനില്ക്കുകയാണെങ്കില്‍, ഈ പ്രപഞ്ചങ്ങളെല്ലാം അവയ്ക്കിടയിലെ സാദ്ധ്യമായ സകലചരിത്രവും ഉള്‍ക്കൊണ്ടുകൊണ്ട് ഒമേഗാപോയിന്‍റിനെ സമീപിക്കും. ഒമേഗാപോയിന്‍റിലെത്തുമ്പോള്‍ ഒരു പ്രപഞ്ചത്തിലെ മാത്രമല്ല യുക്തിപരമായ നിലനില്പിന് സാദ്ധ്യതയുള്ള എല്ലാ പ്രപഞ്ചങ്ങളിലെയും പദാര്‍ത്ഥത്തിനും ശക്തികള്‍ക്കും മേല്‍ ജീവന്‍ നിയന്ത്രണം നേടിയിട്ടുണ്ടാകും. യുക്തിപരമായി സാദ്ധ്യതയുള്ള സര്‍വ്വപ്രപഞ്ചങ്ങളുടെയും സ്ഥലമേഖലകളിലേക്ക് ജീവന്‍ വ്യാപിച്ച്, യുക്തിപരമായി അറിയാന്‍ സാധ്യതയുള്ള ഓരോ അണു ജ്ഞാനവും ഉള്‍ക്കൊള്ളിച്ച്, അനന്തമായ അളവില്‍ വിവരശേഖരണം നടത്തും. ഇതാണ് അവസാനം. [19]
3. കുമിളപ്രപഞ്ച യുഗാന്തദര്‍ശനം:
കുട്ടിപ്രപഞ്ചങ്ങള്‍ (Bubble Universe Eschatology) ആന്ദ്രേ ലിന്‍ഡിന്‍റെ കുമിളപ്രപഞ്ച അഭ്യൂഹങ്ങളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകഴിഞ്ഞു. കുമിളകളുടെ ഒരു ഗണമുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന് വ്യക്തമായ പുരോഗതിയോ സ്ഥായിയായ ഒരവസ്ഥയോ ഇല്ല; മറ്റുള്ളവയുടെ പുതുതലമുറയെന്ന നിലയില്‍ പുതുകുമിളകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാല്‍ പുതിയ കുമിളകളില്‍ ജീവന്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. കൂടുതല്‍ ശക്തമായി, കുമിളകള്‍ തമ്മില്‍ ആശയവിനിമയം നടത്താമെന്നുവരെ അദ്ദേഹം സൂചിപ്പിക്കുന്നു. കുമിളകള്‍ക്കുള്ളിലെ അവസ്ഥയെന്നത് ശൂന്യമായ (vacuum) ഊര്‍ജ്ജത്തിന്‍റെ സാന്ദ്രതയെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ പ്രായോഗികപ്രാധാന്യത്തെ കാണിക്കുന്നു. ഭൗതികശാസ്ത്രജ്ഞരായ സിഡ്നി കോള്‍മാന്‍റെയും ഫ്രാങ്ക് ഡി ലൂസിയായുടെയും ആദ്യസംരംഭമാണ് "ശൂന്യതാ അപചയത്തിന്‍റെ അല്ലെങ്കില്‍ അതിന്മേലുള്ള ഭൂഗുരുത്വസ്വാധീനങ്ങള്‍" (Gravitational Effects on and of Vaccum Decay) എന്ന ഗ്രന്ഥം. 1980-ല്‍ ഫിസിക്കല്‍ റിവ്യൂവില്‍ പ്രസിദ്ധപ്പെടുത്തിയ ഈ ഗ്രന്ഥം അണുഭൗമശാസ്ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ പ്രപഞ്ചസങ്കല്പത്തിന് ഞെട്ടിപ്പിക്കുന്നതോ ക്രിയാത്മകമോ ആയ ഒരു കാര്യപത്രിക നല്കുന്നു. ഒരു ക്വാണ്ടംമെക്കാനിക്കല്‍ കാഴ്ചപ്പാടില്‍ നില്ക്കുമ്പോള്‍ ശൂന്യമായി നമുക്കു കാണപ്പെടുന്നവ യഥാര്‍ത്ഥത്തില്‍ ചിലപ്പോള്‍ "ഒരു ദിവസം മാത്രം നീണ്ടു നില്ക്കുന്ന ക്വാണ്ടംപ്രവര്‍ത്തനത്താല്‍ സംക്ഷുബ്ധവും ക്രമമില്ലാത്ത ഒരു വിനോദത്തിലെന്നപോല്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന പ്രേതരൂപികളായ കണങ്ങളാകാന്‍ സാധ്യതയുണ്ട്." [20] അത്തരമൊരു ശൂന്യാവസ്ഥ തനതായ ഒന്നായിരിക്കുകയില്ല; ശൂന്യമായി പ്രത്യക്ഷപ്പെടുകയും അണുപ്രവര്‍ത്തനത്തിന്‍റെ വ്യത്യസ്തതലങ്ങള്‍ ആസ്വദിക്കുകയും വ്യത്യസ്ത ഊര്‍ജ്ജനിലവാരങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന നിരവധി ക്വാണ്ടംഅവസ്ഥകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
അസ്ഥിരവും പ്രചോദിതവുമായ അവസ്ഥയിലുള്ള ഒരു ആറ്റം അതിന്‍റെ താഴ്ന്ന ഊര്‍ജ്ജതലത്തിലേക്ക് ഇല്ലാതാകാന്‍ പരിശ്രമിക്കുമെന്നത് ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ ഒരു അംഗീകൃതവസ്തുതയാണ്. അതുപോലെതന്നെ പ്രചോദിതമായ ശൂന്യാവസ്ഥയും അതിന്‍റെ താഴ്ന്ന ഊര്‍ജ്ജരൂപമായ ശരിയായ ശൂന്യതയിലേക്ക് ഇല്ലാതാവാന്‍ ശ്രമിക്കും. ആദ്യകാലപ്രപഞ്ചത്തിന് പ്രചോദനം അല്ലെങ്കില്‍ 'തെറ്റായ' ഒരു ശൂന്യാവസ്ഥ ഉണ്ടായിരുന്നുവെന്നും, ആസമയത്ത് അത് ഭ്രാന്തമായ രീതിയില്‍ വീര്‍ത്തുവന്നുവെന്നും, എന്നാല്‍ ഒരു കുറഞ്ഞ സമയത്തിനുള്ളില്‍ ശരിയായ ശൂന്യതയിലേക്ക് ഈ അവസ്ഥ ഇല്ലാതായി വീര്‍ക്കല്‍ (inflation) അവസാനിച്ചു എന്നുമുള്ള സിദ്ധാന്തത്തിന്മേലാണ് ഇന്‍ഫ്ളേഷനറി പ്രപഞ്ചം അടിസ്ഥാനമിട്ടിരിക്കുന്നത്. പ്രപഞ്ചത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ശരിയായ ശൂന്യതയോട് ചേര്‍ന്നുപോകുന്നു എന്നതാണ് സാധാരണ നിഗമനം; അതായത്, നമ്മുടെ യുഗത്തിലെ ശൂന്യസ്ഥലം സാദ്ധ്യമായ ഏറ്റവും താഴ്ന്ന ഊര്‍ജ്ജത്തോടുകൂടിയ ശൂന്യതയാണ്. ശരിയായ ശൂന്യതയുടെ ഊര്‍ജ്ജവും മര്‍ദ്ദവും ചേര്‍ന്ന് അണുനിമിഷങ്ങള്‍ക്കുള്ളില്‍ കുമിള വലയം ചെയ്തിരിക്കുന്ന മേഖല തകര്‍ക്കുംവിധം തീവ്രമായ ഒരു ഭൂഗുരുത്വമേഖല സൃഷ്ടിക്കുന്നു. ഇവിടെ വലിയ തകര്‍ച്ചയിലേക്കുള്ള മൃദുവായ വീഴ്ചയല്ല, മറിച്ച് പെടുന്നനെയുള്ള ഒരു നാശമാണ് (instant crunch) സംഭവിക്കുന്നത്. [21] വിരോധാഭാസമെന്നു പറയട്ടെ, അല്പം വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍, ശൂന്യമായ കുമിളകളുടെ രൂപീകരണം തന്നെ പുറത്തേക്കുള്ള വഴിയാണ്. പ്രപഞ്ചത്തിന്‍റെ ആഗതമാകുന്ന മരണത്തില്‍നിന്ന് രക്ഷനേടുന്നതിനുള്ള ഏകവഴി പുതിയൊരു പ്രപഞ്ചമുണ്ടാക്കി അതിലേക്ക് രക്ഷപെടുക എന്നതാണ്. വിചിത്രമെന്നു തോന്നുമെങ്കിലും അടുത്തകാലത്ത് ഭൗതികശാസ്ത്രജ്ഞര്‍ ഇത്തരം "കുട്ടിപ്രപഞ്ചങ്ങളെ"ക്കുറിച്ച് ചര്‍ച്ചചെയ്യുകയും സൈദ്ധാന്തികമായ സാധ്യതകള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
4. ദൈവശാസ്ത്രവിവക്ഷകള്‍
പ്രപഞ്ചാവസാനത്തെക്കുറിച്ചുള്ള മൂന്നു സിദ്ധാന്തങ്ങളും ജീവന്‍റെയും ബുദ്ധിയുടെയും തുടര്‍സാദ്ധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം നല്കുന്നതും ഗുണകരവുമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. തീര്‍ച്ചയായും, നിലനില്ക്കുമെന്ന് സങ്കല്പിക്കുന്ന ജീവനും ബുദ്ധിയും ഇന്നു നാമറിയുന്നതുപോലുള്ള മനുഷ്യജീവനോ ബുദ്ധിയോ ആയിരിക്കുകയില്ല. ഈ സിദ്ധാന്തങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ന്യൂനീകരണ (reductionist) തന്ത്രങ്ങളെയും അവഗണിക്കാന്‍ കഴിയില്ല. എന്നിട്ടും, ഇന്നത്തെ ശാസ്ത്രം ജീവന്‍റെ തുടര്‍ച്ചയ്ക്കോ നിത്യജീവിതത്തിനോ പൂര്‍ണമായും എതിരല്ല. അതേസമയം, നിഗമനങ്ങളധികവും പരീക്ഷണാര്‍ഥമുള്ളവയാണെന്നും ശാസ്ത്രജ്ഞരുടെ അനുമാനപരമായ അഭിനിവേശങ്ങളുടെ ഫലമാണെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. ഈ മൂന്നുസിദ്ധാന്തങ്ങള്‍ക്കും പ്രമാദവത്കരണ (falsification) സാദ്ധ്യത വളരെ അധികമാണ്. [22] എന്നിരുന്നാലും, ശാസ്ത്രം അവതരിപ്പിച്ച സമയബന്ധിയും സത്താപരവുമായ യുഗാന്തദര്‍ശനങ്ങള്‍ ക്രിസ്തീയതയുടെ യുഗാന്തദര്‍ശനമാതൃക പൂര്‍ത്തിയാക്കുന്നതില്‍ ഏറെ സഹായകരമാണ്. ക്രിസ്തുവും അവിടുത്തെ ഉത്ഥാനവും പൂര്‍ണതയിലെത്തിച്ച മനുഷ്യവ്യക്തിയുടെ സമയബന്ധിയും സത്താപരവുമായ സാക്ഷാത്കാരം, ശാസ്ത്രീയനിഗമനങ്ങളുടെ ദൈവശാസ്ത്രഅല്പഭേദങ്ങള്‍ വഴി വര്‍ധിപ്പിക്കാനാകും. മാത്രമല്ല, ശാസ്ത്രീയയുഗാന്തദര്‍ശനത്തിന്‍റെ അവിഭജിതമായ ഭൗതിക-പദാര്‍ത്ഥതലങ്ങള്‍ ദൈവശാസ്ത്രത്തിന് പ്രാപഞ്ചികാതീന്ദ്രിയത്വം, പ്രപഞ്ചത്തിന്‍റെ ക്രിസ്തുവത്കരണം തുടങ്ങിയവപോലുള്ള പുതിയ ഒരു പ്രവര്‍ത്തനപദ്ധതി തുറന്നുകൊടുത്തേക്കും. ശാസ്ത്രീയവും ബൈബിളധിഷ്ഠിതവുമായ യുഗാന്തദര്‍ശനങ്ങളുടെ പരസ്പരസ്വാതന്ത്ര്യവും പരസ്പരപൂരകത്വവും അംഗീകരിച്ചുകൊണ്ടു മാത്രമേ ശാസ്ത്രീയന്യൂനീകരണത്തിന്‍റെയും മതാത്മകസ്വപ്നാടനത്തിന്‍റെയും അപകടങ്ങള്‍ നമുക്കൊഴിവാക്കാനാവൂ. ശാസ്ത്രീയയുഗാന്തദര്‍ശനത്തിന്‍റെ ദൈവശാസ്ത്രവിവക്ഷകള്‍ മൂന്നാം ഭാഗത്ത് നാം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രപഞ്ചത്തിന്‍റെ അന്ത്യത്തെ സംബന്ധിക്കുന്ന ശാസ്ത്രീയ കാഴ്ചപ്പാടുകളും മതപരമായ കാഴ്ചപ്പാടുകളും തമ്മിലുള്ള സാമ്യങ്ങളും അന്തരങ്ങളും എന്തെന്ന് കുരുവിള പാണ്ടികാട്ട് വിശദീകരിക്കുന്നു: "ശാസ്ത്ര യുഗാന്ത്യദര്‍ശനവും ബൈബിള്‍ യുഗാന്ത്യദര്‍ശനവും താരതമ്യംചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതികള്‍ പ്രപഞ്ചത്തിന്‍റെ അന്ത്യത്തെക്കുറിച്ചാണ് ശാസ്ത്രസിദ്ധാന്തങ്ങള്‍ മുഖ്യമായും പ്രതിപാദിക്കുന്നതെന്നാണ്. വ്യക്തികളുടേയും സമൂഹത്തിന്‍റേയും അന്ത്യം അതിന്‍റെ വിചിന്തനപരിധിയില്‍ കാതലായി കടന്നുവരുന്നില്ല. ബൈബിള്‍ ദര്‍ശനമാകട്ടെ ഊന്നല്‍ നല്‍കുന്നത് പ്രധാനമായും വ്യക്തിപരവും സാമൂഹികവുമായ യുഗാന്ത്യത്തിനാണ്. ഇന്നത്തേതുപോലെ വ്യക്തികള്‍ക്കും മനുഷ്യജീവനും ഏറെക്കാലത്തേക്ക് നിലനില്‍ക്കാനാകില്ലെന്നു മാത്രമാണ് ശാസ്ത്രീയ കണ്ടെത്തലുകളില്‍ നിന്ന് ഉറപ്പിച്ചുപറയാവുന്നത്. പാനന്‍ബര്‍ഗ് സൂചിപ്പിക്കുന്നതുപോലെ "നിശ്ചിതമായ സമയം നല്‍കിയിട്ടില്ലെങ്കിലും, ആസന്നമായ ലോകാന്ത്യത്തെ വരച്ചുകാട്ടുന്ന ബൈബിള്‍ ദര്‍ശനം നിര്‍ണ്ണയാതീതമാംവണ്ണം അതിവിദൂരഭാവിയില്‍ സാംഗത്യമുള്ള ഒരു ലോകത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശാസ്ത്രപഠനങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതിനാല്‍ ഇവരണ്ടും ഒരേ സംഭവത്തെയാണ് പരാമര്‍ശിക്കുന്നതെന്ന് അത്ര എളുപ്പത്തില്‍ വാദിക്കാനാവില്ല." ഒരു വ്യക്തിയുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുക ഒരു പക്ഷേ അയാളുടെ മരണസമയത്തായിരിക്കും.
മനുഷ്യന്‍റെ ഭാഗധേയം ഏതുരൂപവും ഭാവവും കൈവരിക്കാന്‍ പരമ്പരാഗതമായി അന്ത്യവിധി എന്ന് നാം വിളിക്കുന്ന ഈ സംഭവും തീര്‍ച്ചയായും മഹാവിഭേദനവുമായി പൊരുത്തപ്പെടുന്നതല്ല. ശാസ്ത്രീയ യുഗാന്ത്യപഠനങ്ങള്‍ ബൈബിള്‍ യുഗാന്ത്യദര്‍ശനത്തിന്‍റെ പ്രാധാന്യത്തെ അല്‍പം പോലും കുറയ്ക്കുന്നില്ല. ഈ പ്രപഞ്ചം എന്നേയ്ക്കും നിലനില്‍ക്കുമെന്ന് ശാസ്ത്രം പറഞ്ഞാലും ദൈവശാസ്ത്രജ്ഞര്‍ ഭയപ്പെടേണ്ടതില്ല. പ്രപഞ്ചത്തിന്‍റെ നിത്യമായ നിലനില്‍പ് ബൈബിള്‍ യുഗാന്ത്യദര്‍ശനത്തിന്‍റെ അടിത്തറയിളക്കുന്നതല്ല. കാരണം പ്രപഞ്ചത്തിന്‍റെ നിലനില്‍പോ തകര്‍ച്ചയോ അല്ല ബൈബിള്‍ യുഗാന്ത്യദര്‍ശനത്തിന്‍റെ മുഖ്യ പ്രമേയം. നിത്യം നിലനില്‍ക്കുന്ന ഒരു പ്രപഞ്ചത്തില്‍പോലും വ്യക്തിപരവും സാമൂഹികവുമായ യുഗാന്ത്യത്തിന് പ്രസക്തിയുണ്ട്. ബൈബിള്‍ യുഗാന്ത്യദര്‍ശനത്തിന്‍റെ വിഷയം നിത്യജീവനാണ്; അല്ലാതെ നിലവിലുള്ള ജീവനല്ല. അതുപോലെ ബൈബിള്‍ യുഗാന്ത്യദര്‍ശനത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാക്കപ്പെട്ട ജീവനാണ്. അല്ലാതെ നിലവിലുള്ള ജീവന്‍റെ പരിപൂര്‍ണ്ണമായ പതിപ്പല്ല. നിത്യം നിലനില്‍ക്കുന്ന പ്രപഞ്ചത്തിലായാലും മഹാവിഭേദനത്തിലവസാനിക്കുന്ന പ്രപഞ്ചത്തിലായാലും ഇത് സാദ്ധ്യമാണ്. ശാസ്ത്രയുഗാന്ത്യപഠനത്തിന് തനതായ ലക്ഷ്യമുണ്ട്. എന്നാല്‍ അവയ്ക്ക് ബൈബിള്‍ ദര്‍ശനത്തിന് പകരം നില്‍ക്കാനാവില്ല. നീതിയുടേയും സ്നേഹത്തിന്‍റേയും അടിസ്ഥാനത്തിലുള്ള പ്രപഞ്ച പൂര്‍ത്തീകരണത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഒന്നുംതന്നെ പറയാനില്ല. ഇതിനര്‍ത്ഥം ബൈബിള്‍ യുഗാന്ത്യദര്‍ശനത്തിന് ശാസ്ത്ര യുഗാന്ത്യദര്‍ശനങ്ങളുടെ ഒരു ഉപകാരവുമില്ല എന്നല്ല. ശാസ്ത്രീയ കണ്ടെത്തുലുകളെ അവഗണിച്ചുകൊണ്ട് യുഗാന്ത്യത്തെക്കുറിച്ച് അര്‍ത്ഥവത്തായ പ്രസ്ഥാവനകളും സിദ്ധാന്തങ്ങളും ആവിഷ്കരിക്കാന്‍ ദൈവശാസ്ത്രത്തിന് ഒരിക്കലും ആകില്ല. അവിരാമമായ അന്വേഷണവും തുറവിയുമാണ് അനിവാര്യമായത്. ശാസ്ത്ര ബൈബിള്‍ ദര്‍ശനങ്ങള്‍ സംവാദത്തിലൂടെ ആഴപ്പെടണം."
theological critiques epoch-making philosophy Scientific And epoch-making philosophy scientific-eschatology- scientific-eschatology-and-theological-reflections- Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206