We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Kuruvila Pandikattu On 26-May-2021
ആമുഖം
2009, നവംബര്‍ 24, ചൊവ്വാഴ്ചയായിരുന്നു ചാള്‍സ് ഡാര്‍വിന്‍റെ വംശോത്പത്തി പ്രസാധനം ചെയ്തതിന്‍റെ 150-ാമത് വാര്‍ഷികം. ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞന്‍ തന്‍റെ പുതിയ സിദ്ധാന്തമായ പരിണാമത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ ആദ്യപ്രിന്‍റിലെ 1250 കോപ്പികളും പെട്ടെന്നു വാങ്ങിത്തീര്‍ത്തു. ആ ഗ്രന്ഥത്തിന്‍റെ മുഴുവന്‍ തലക്കെട്ട്, "ജീവിതത്തിനുവേണ്ടിയുള്ള സമരത്തില്‍ പ്രകൃതിനിര്‍ദ്ധാരണം, അല്ലെങ്കില്‍, അനുയോജ്യമായ വംശങ്ങളുടെ കാത്തുസൂക്ഷിക്കല്‍ വഴിയുള്ള ജീവോത്പത്തി" [2] എന്നായിരുന്നു.
എഴുതപ്പെട്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമെന്ന് ചാള്‍സ് ഡാര്‍വിന്‍റെ "വംശോത്പത്തി" വിശേഷിപ്പിക്കപ്പെട്ടു. ഈ ഗ്രന്ഥം എത്രമാത്രം പ്രധാനപ്പെട്ടതാണ്? തോമസ് ഹെന്‍റി ഹക്സലി പറയുന്നതനുസരിച്ച് "വംശോത്പത്തി" ന്യൂട്ടന്‍റെ "പ്രിന്‍ചിപ്പിയ"യ്ക്കു ശേഷം മനുഷ്യകരങ്ങളില്‍ സംലഭ്യമായ അറിവിന്‍റെ ഏറ്റവും ശക്തമായ ഉപകരണമാണ്. അതിനെക്കുറിച്ച് ചിന്തിക്കാതിരുന്ന താന്‍ എത്രമാത്രം വിഡ്ഡിയാണെന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നു [3].
ഡാര്‍വിന് ശേഷമുള്ള ഏറ്റവും പ്രശസ്തനായ പരിണാമശാസ്ത്രജ്ഞനും ഹാര്‍വാര്‍ഡിലെ ജൈവശാസ്ത്രജ്ഞനുമായ ഏര്‍ണസ്റ്റ് മെയര്‍ പറയുന്നു: "ഡാര്‍വീനിയന്‍ പരിണാമം മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൗദ്ധികവിപ്ലവമാണെന്ന വാദത്തെ ഖണ്ഡിക്കുക വിഷമകരമായിരിക്കും." അതുപോലെ തന്നെ ഹാര്‍വാര്‍ഡിലെ പാലയന്‍റോളജിസ്റ്റും ശാസ്ത്രചരിത്രകാരനുമായ സ്റ്റീഫന്‍ ജെയ് ഗോള്‍ഡ് പരിണാമസിദ്ധാന്തത്തെ പാശ്ചാത്യചിന്തയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അരഡസന്‍ ആശയങ്ങളിലൊന്നായി സ്ഥിരീകരിക്കുന്നുണ്ട് [4].
പ്രകൃതിനിര്‍ദ്ധാരണത്തിലൂടെയുള്ള പരിണാമസിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് ഡാര്‍വിന്‍റെ ഗ്രന്ഥം ശാസ്ത്രജ്ഞരുടെ പ്രപഞ്ചദര്‍ശനത്തെ വ്യതിചലിപ്പിക്കുകയും ഇന്നത്തെ ജൈവശാസ്ത്രഗവേഷണങ്ങള്‍ക്ക് രൂപം നല്കുകയും ചെയ്തു. പ്രത്യക്ഷപ്പെട്ട നാള്‍മുതല്‍, ഇന്നു കൂടുതലായി, ഈ ഗ്രന്ഥം വിവാദവിഷയമാണ്. അതുകൊണ്ടാണ് 1859-ല്‍ വിപ്ലവഗ്രന്ഥമായ "വംശോത്പത്തി"യോടൊപ്പം നിരവധി ഗ്രന്ഥങ്ങള്‍ ബ്രിട്ടനില്‍നിന്നും പ്രസാധനം ചെയ്യപ്പെട്ടത്. "ഒരു പുസ്തകമായിരിക്കുന്നതിന്‍റെ ഏറ്റവും പ്രശസ്തമായ ഉദാഹരണം 1844-ല്‍ വിക്ടോറിയന്‍ ബ്രിട്ടനില്‍ പുറത്തുവന്നു - അജ്ഞാതമായ ഒരു ബെസ്റ്റ് സെല്ലര്‍" എന്ന് ജീം എന്‍ഡേഴ്സ്ബി പറയുന്നു. "സൃഷ്ടിയുടെ സ്വാഭാവികചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍" [5] എന്ന് അത് വിളിക്കപ്പെട്ടു.
സസക്സ് സര്‍വ്വകലാശാലയിലെ ശാസ്ത്രചരിത്ര പ്രൊഫസറും, "ജീവോത്പത്തി"യുടെ ഒരു സ്മരണികാപതിപ്പിന്‍റെ ആമുഖരചയിതാവുമായ എന്‍ഡേഴ്സ്ബിയുടെ അഭിപ്രായത്തില്‍, "സൃഷ്ടിയുടെ സ്വാഭാവികചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍" ജനഭാവനയെ കീഴടക്കിയിട്ടുണ്ടാകാം. പക്ഷേ, വസ്തുതാപരമായ നിരവധി തെറ്റുകളാല്‍ ശാസ്ത്രജ്ഞരും, മതാത്മകമായ വിശ്വാസസത്യങ്ങളോടുള്ള അവജ്ഞ നിമിത്തം പുരോഹിതരും അതിനെ നിശിതമായി ആക്രമിച്ചിട്ടുണ്ട്. ഡാര്‍വിന്‍റെ ഗ്രന്ഥത്തിന് കൂടുതല്‍ ഭാവാത്മകമായ ഒരു സ്വീകരണം ലഭിച്ചിരുന്നു. എന്‍ഡേഴ്സ്ബി തീര്‍ച്ചപ്പെടുത്തുന്നു: "ഡാര്‍വിന്‍റെ ഗ്രന്ഥത്തില്‍ ജനത്തെ ആകര്‍ഷിച്ചത് ആശയത്തേക്കാളേറെ ആ പുസ്തകം തന്നെയായിരുന്നു. നിരവധി തെളിവുകളും വിശദീകരണങ്ങളും അതിലുണ്ടായിരുന്നു എന്നത് വസ്തുതയാണ്" [7].
യഥാര്‍ത്ഥത്തില്‍ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട ഉടനെ പുതിയ ആശയത്തെ ഇഷ്ടപ്പെട്ടെത്തിയത് ശാസ്ത്രജ്ഞര്‍ മാത്രമായിരുന്നില്ല; നിരവധി ദൈവശാസ്ത്രജ്ഞരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഡാര്‍വിനെ സഭ തിരസ്കരിച്ചത് വളരെ പെട്ടെന്നും പൂര്‍ണമായിട്ടുമാണെന്ന് ചരിത്രം പറയുന്നു. സാഹചര്യം എത്ര വ്യത്യസ്തമായിരുന്നു എന്നാണ് എന്‍ഡേഴ്സ്ബി വിശദമാക്കുന്നത്. ഉദാഹരണത്തിന്, ആംഗ്ലിക്കന്‍ സഭയിലെ നേതൃനിരയിലുണ്ടായിരുന്ന ചാള്‍സ് കിംഗ്സ്ലിക്ക് ഡാര്‍വിന്‍ ഒരു പ്രതി അയച്ചുകൊടുത്തിരുന്നുവെന്ന് എന്‍ഡേഴ്സ്ബി പറയുന്നു. കിംഗ്സ്ലി ഡാര്‍വിന് തിരിച്ചെഴുതി: "ദൈവം മൃഗങ്ങളെയും സസ്യങ്ങളെയും സ്വയം ആവിര്‍ഭവിക്കുന്നതിനുള്ള കഴിവുകളോടുകൂടി സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നത്, അവിടുന്ന് അവയെ തുടര്‍ച്ചയായി സൃഷ്ടിച്ച് തന്‍റെ സൃഷ്ടിയുടെ വിടവുകള്‍ നികത്തി എന്നു വിശ്വസിക്കുന്നതുപോലെതന്നെ മഹനീയമാണ്." ഈ അഭിപ്രായത്തിന്മേല്‍ സന്തോഷവാനായ ഡാര്‍വിന്‍ "വംശോത്പത്തി"യുടെ തുടര്‍പതിപ്പുകളില്‍ അതുകൂടി ഉള്‍പ്പെടുത്തുകയുണ്ടായി.
1859 നവംബര്‍ 24-ന് ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് മതവും ശാസ്ത്രവും തമ്മിലുണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിണാമത്തെക്കുറിച്ചുള്ള ഡാര്‍വിന്‍റെ ആശയങ്ങളെക്കുറിച്ച് സംവദിച്ചിരുന്ന ശാസ്ത്രജ്ഞര്‍ അത് ഒരു മതേതരസാഹചര്യത്തില്‍ നടത്താന്‍ ഏറെ ശ്രദ്ധിച്ചിരുന്നു, "ഒരു ശാസ്ത്രീയപ്രശ്നമെന്ന നിലയില്‍ നമുക്കിതിനെക്കുറിച്ച് സംസാരിക്കാം എന്ന് ജനങ്ങള്‍ പറയുന്നത് കണ്ടു തുടങ്ങിയിരിക്കുന്നു" എന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡാര്‍വിന്‍ കറസ്പോണ്ടന്‍സ് പ്രോജക്റ്റിന്‍റെ ഡയറക്ടര്‍ ജിം സെക്കോര്‍ഡ് പറയുന്നു, "യഥാര്‍ത്ഥത്തില്‍ ആരാണിത്. ദൈവശാസ്ത്രത്തെ മറന്നുകളയൂ. അതേതെങ്കിലും രീതിയില്‍ തനിയെ പ്രവര്‍ത്തിച്ചുകൊള്ളും."
പല സാഹചര്യങ്ങളില്‍ ദൈവശാസ്ത്രം തനിയെ പ്രവര്‍ത്തിക്കുകയുണ്ടായില്ല. ലോകത്തിലെ പല മതങ്ങളിലും നിലനില്ക്കുന്ന ശക്തമായ പരിണാമവിരുദ്ധമനോഭാവം അതിനു തെളിവാണ്. "ജീവോത്പത്തി" അല്ല മതവും ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷമുണ്ടാക്കിയത് എന്ന് ജിം സെക്കോര്‍ഡ് പറയുന്നത്, 150 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഘര്‍ഷം ഉടലെടുത്തിരുന്നത് എങ്കില്‍ സത്യമാണ്.
"ശാസ്ത്രത്തെയും മതത്തെയും കുറിച്ചുള്ള ഈ സംവാദങ്ങള്‍, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, യഥാര്‍ത്ഥത്തില്‍ അവ വര്‍ദ്ധിച്ചത് കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളിലാണ്." സെക്കോര്‍ഡ് പറയുന്നു, "അങ്ങനെ ഡാര്‍വിന്‍ ഇത്തരം പ്രശ്നങ്ങളുടെ ഒരു സംസാരകാരണമായി. ജനങ്ങള്‍ ഡാര്‍വിനെ വായിക്കുകയും ഈ തുടര്‍സംവാദങ്ങള്‍ക്കെല്ലാം കാരണമായ ഒരു തെറ്റായ കാരണം എന്ന നിലയില്‍ അദ്ദേഹത്തെ വീക്ഷിക്കാനും തുടങ്ങി എന്നു ഞാന്‍ സംശയിക്കുന്നു."
1859-ലെ പ്രസാധനത്തിനു ശേഷമുള്ള ദശകങ്ങളില്‍, ഡാര്‍വിന്‍റെ സിദ്ധാന്തത്തിനു നിരവധി ശാസ്ത്രജ്ഞരില്‍ നിന്നു പിന്തുണ ലഭിക്കുകയും എല്ലാ മേഖലകളിലും അത് വളരാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ അത്തരം പിന്തുണകളില്‍ ചിലത് ഡാര്‍വിന്‍റെ ആശയങ്ങളെ തെറ്റിദ്ധരിച്ചതിന്‍റെ ഫലമാണെന്ന് എന്‍ഡേഴ്സ്ബി വിശ്വസിക്കുന്നു. പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള പരിണാമത്തില്‍ "പൂര്‍വ്വനിശ്ചിതമായ ഒരു അവസാനബിന്ദു" ഇല്ല എന്ന് അദ്ദേഹം വാദിക്കുന്നു [8].
ഡാര്‍വിന്‍റെ സിദ്ധാന്തത്തിന് സമകാലികലോകത്തിന്മേല്‍, പ്രത്യേകിച്ച് മതത്തിന്മേല്‍ ഉണ്ടായിരുന്ന സ്വാധീനത്തിലാണ് ഈ ലേഖനത്തില്‍ ഞാന്‍ ശ്രദ്ധയൂന്നുന്നത്. മഹത്തായ ആശയവും ഭക്തിയും ആരാധനയും നിറഞ്ഞ പ്രതികരണങ്ങളും അവതരിപ്പിച്ച ശേഷം പരിണാമസിദ്ധാന്തം മതത്തിന്മേലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കിടയിലെ മതശാസ്ത്രബന്ധത്തെ വിശകലനം ചെയ്യുന്നു. അവസാനമായി, യുക്തിപരവും ക്രിയാത്മകവുമായ ഒരു പ്രതികരണം വിശ്വാസികളില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും ഒരുപോലെ ഉണ്ടാകുന്നതിനുള്ള ആഹ്വാനവുമാണുള്ളത്.
മഹത്തായ ആശയം
പരിണാമത്തെക്കുറിച്ചുള്ള മഹത്തായ ആശയം യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്‍റേതല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ ഭാഗത്ത്. അടുത്തതായി ഡാര്‍വിന്‍റെ "ഉത്പത്തി"യിലെ മാനവമഹത്വത്തെ നാം കണ്ടെത്തുന്നു.
പുതിയതല്ലാത്ത ചിന്ത
ന്യൂയോര്‍ക്ക് ടൈംസിന്‍റെ കോളമെഴുത്തുകാരനായ ഒലിവിയ ജൂഡ്സണ്‍ പറയുന്നതുപോലെ, പരിണാമം സംഭവിക്കുന്നുവെന്നാദ്യം പറഞ്ഞത് ഡാര്‍വിനല്ല9. ഉദാഹരണത്തിന് പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍, അദ്ദേഹത്തിന്‍റെ മുത്തച്ഛനായിരുന്ന എരാസ്മൂസ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയിരുന്നു. വീണ്ടും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ഴീന്‍-ബാപ്റ്റിസ്റ്റ് ലാമാര്‍ക്ക് ഇതു സംബന്ധിച്ച ശക്തമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. എന്നിരുന്നാലും ലാമാര്‍ക്ക് ഒരു സാധ്യതാസംവിധാനത്തിന്‍റെ അഭാവത്തില്‍ പരാജിതനാവുകയാണുണ്ടായത്. പരിണാമം സംഭവിക്കുന്നത് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിരുന്നു, പക്ഷേ എന്തുകൊണ്ടാണെന്ന് അറിയാന്‍ കഴിഞ്ഞില്ല. പ്രകൃതിനിര്‍ദ്ധാരണമായിരുന്നു പിന്നീട് അതിനു ലഭിച്ച ഉത്തരം.
പ്രകൃതിനിര്‍ദ്ധാരണമാണ് ഡാര്‍വിന്‍റെ പ്രധാനആശയമായി നാം പലപ്പോഴും ചിന്തിക്കുന്നത്. അതും അദ്ദേഹമായിരുന്നില്ല ആദ്യം കണ്ടെത്തിയത്. കുറഞ്ഞപക്ഷം മറ്റു രണ്ടുപേര്‍-വില്യം വെല്‍ഡ് എന്ന ഡോക്ടറും പാട്രിക് മാത്യു എന്ന എഴുത്തുകാരനും-ഡാര്‍വിനും വര്‍ഷശങ്ങള്‍ക്കു മുമ്പേ അതു കണ്ടുപിടിച്ചിരുന്നു. ഡാര്‍വിന് [9] വയസ്സായിരുന്നപ്പോള്‍ 1818-ല്‍ വെല്‍സ് അത് ചുരുക്കത്തില്‍ വിശദീകരിക്കുകയുണ്ടായി. അഞ്ചുവര്‍ഷത്തെ ലോകപര്യടനത്തിനായി ബീഗിള്‍ കപ്പലില്‍ ഡാര്‍വിന്‍ കയറിയ വര്‍ഷം, 1831-ല്‍ മാത്യുവും അതു വിശദീകരിച്ചിരുന്നു [10].
സത്യത്തില്‍ യാത്രകഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ഡാര്‍വിന്‍ പരിണാമത്തിന്‍റെ സാധ്യതയെക്കുറിച്ച് അല്ലെങ്കില്‍ ജീവിവര്‍ഗ്ഗങ്ങളുടെ പരിവര്‍ത്തനസാധ്യതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്. ഈ സമയത്ത് അദ്ദേഹത്തിന്‍റെ വെന്‍ഡിന്‍റെയും മാത്യുവിന്‍റെ 'പ്രകൃതിനിര്‍ദ്ധാരണ'ത്തെക്കുറിച്ച് യാതൊന്നുമറിയുമായിരുന്നില്ല. തീര്‍ച്ചയായും രണ്ടു വിവരണങ്ങളും 'വംശോത്പത്തി' പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ അവ്യക്തതയില്‍ത്തന്നെ കഴിഞ്ഞു [11].
സസ്യങ്ങളെയും ജീവികളെയും പഠിച്ചും പരിണാമത്തെക്കുറിച്ച് ചിന്തിച്ചും 1858-ാടെ ഡാര്‍വിന്‍റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തയായിരുന്നു. പരിണാമം സംഭവിക്കുന്നത് എങ്ങനെ എന്ന് നോട്ടുബുക്കുകള്‍ അദ്ദേഹം എഴുതിനിറച്ചിരുന്നു. തന്‍റെ അപ്രതീക്ഷിതമരണത്തെപ്രതീക്ഷിച്ചിരുന്നാലെന്നതുപോലെ അതിനെത്തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതിന് 1844-ല്‍ ഈ വിഷയത്തെ സംബന്ധിക്കുന്ന ഒരു കൈയ്യെഴുത്തു പ്രതി അദ്ദേഹം തയ്യാറാക്കിയിരുന്നു. അടുത്ത ചില സുഹൃത്തുക്കളുമായും അദ്ദേഹം പരിണാമത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ യാതൊന്നും തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാല്‍ ആ വര്‍ഷം ജൂണില്‍ ആല്‍ഫ്രഡ് സെന്‍ വാലസ് എന്ന ചെറുപ്പക്കാരനില്‍ നിന്ന് ഡാര്‍വിന്‍ ഒരു പാക്കേജ് സ്വീകരിക്കുകയുണ്ടായി. അതില്‍ പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള പരിണാമത്തെക്കുറിച്ചുള്ള രൂപരൂഖയുടെ കൈയെഴുത്തുപ്രതിയായിരുന്നു ഉണ്ടായിരുന്നത്.
അടുത്തതായി സംഭവിച്ചത് ജീവശാസ്ത്രത്തിന്‍റെ ചരിത്രത്തില്‍ ഏറെ പ്രസക്തമാണ്. 1858 ജൂലൈ 1-ന് വാലസിന് കൈയെഴുത്തുപ്രതിയും, പ്രകൃതിനിര്‍ദ്ധാരണത്തെക്കുറിച്ചുള്ള ഡാര്‍വിന്‍റെ ഏതാനും പ്രസ്താവനകളും 1844-ലെ കൈയെഴുത്തുപ്രതിയുടെ ഒരു ഭാഗവും 1857-ല്‍ അദ്ദേഹം എഴുതിയ ഒരു കത്തിന്‍റെ ഭാഗവും ലണ്ടനിലെ ലീനിയന്‍ സൊസൈറ്റിയിലെ ഒരു കൂടിക്കാഴ്ചയ്ക്കിടയില്‍ വായിക്കപ്പെട്ടു. കണ്ടുപിടുത്തത്തിലുള്ള ഡാര്‍വിന്‍റെ അധീശത്വം ഉറപ്പിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ആസൂത്രണം ചെയ്തതായിരുന്ന ആ കൂടിക്കാഴ്ച.
ആ രാത്രിയില്‍ അവതരിപ്പിക്കപ്പെട്ട വസ്തുക്കളുടെ അടിസ്ഥാനത്തില്‍ വാലസിന്‍റെ കൈയ്യെഴുത്തുപ്രതിയായിരുന്നു കൂടുതല്‍ ആകര്‍ഷണീയം. അതു കൂടുതല്‍ വ്യക്തവും ലളിതവുമായിരുന്നു. എന്നിട്ടും വിജയിച്ചത് ഡാര്‍വിനാണ്. ദേവാലയത്തിലെ വെളുത്ത വെണ്ണക്കല്ലിലിരിക്കുന്ന ദൈവത്തെപ്പോലെ ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രധാനഹാളില്‍ അദ്ധ്യക്ഷത വഹിച്ചിരുന്നത് ഡാര്‍വിനാണ്. 'വംശോത്പത്തി'യായിരുന്നു അതിന് കാരണം. വരുന്ന വര്‍ഷം 'വംശോത്പത്തി' പ്രസാധനം ചെയ്യപ്പെടാതിരുന്നെങ്കില്‍ ലീനിയന്‍ സൊസൈറ്റിയിലെ കൂടിക്കാഴ്ച ശ്രദ്ധിക്കപ്പെടാതെ പോവുകയും മാത്യു-വെല്‍സ് നിഗമനങ്ങള്‍ പോലെ ഡാര്‍വിന്‍-വാലസ് പ്രസ്താവനകളും അപ്രസക്തമാകുമായിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമില്ലായിരുന്നുവെന്നതിന്‍റെ തെളിവാണ് ആ വര്‍ഷാവസാനം ലീനിയന്‍ സൊസൈറ്റി പ്രസിഡണ്ടിന്‍റെ വാക്കുകള്‍, "കഴിഞ്ഞുപോയ വര്‍ഷം, സുപ്രധാനവും വിപ്ലവകരവുമായ യാതൊരു കണ്ടുപിടുത്തവും രേഖപ്പെടുത്തിയിട്ടില്ല."
എന്നാല്‍ 'വംശോത്പത്തി' എല്ലാം മാറ്റിമറിച്ചുവെന്ന് ജഡ്സണ്‍ കുറിക്കുന്നു, "വംശോത്പത്തി"ക്കുമുമ്പ് ജൈവവൈവിദ്ധ്യങ്ങള്‍ തരം തിരിക്കാനും വിവരിക്കാനും മാത്രമേ സാധിച്ചിരുന്നുള്ളു; പിന്നീട് അത് വിശദീകരിക്കാനും മനസ്സിലാക്കാനും സാധിച്ചു. 'വംശോത്പത്തി'ക്കു മുമ്പ് ജീവിവര്‍ഗ്ഗങ്ങള്‍ സ്ഥിരഅസ്ഥിത്വങ്ങളും ദൈവസൃഷ്ടികളുമായിരുന്നു. പിന്നീട് അവ ദീര്‍ഘകാലം പിന്നിലേക്ക് പരന്നുകിടക്കുന്ന കുടുംബശാഖകളായി പരസ്പരബന്ധിതമായിത്തീര്‍ന്നു. ഒരുപക്ഷേ ഏറ്റവും പ്രധാനം 'വംശോത്പത്തി' നമ്മെക്കുറിച്ചുതന്നെയുള്ള നമ്മുടെ കാഴ്ചപ്പാടുകളെ തിരുത്തി എന്നതാണ്. അതു നമ്മെ ലളിതമായ തേനീച്ചകളെപ്പോലെ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗം തന്നെയാക്കി മാറ്റി; നമുക്കും കൃത്യമായ പൂര്‍വ്വപിതാക്കളോടുകൂടി ഒരു കുടുംബവൃക്ഷം കണ്ടെത്താനായി.
"വംശോത്പത്തി" ഏറെ ശക്തവും പ്രചോദനാത്മകവുമാക്കുന്നതിനെയും തന്‍റെ പൂര്‍വ്വികര്‍ തോറ്റിടത്ത് ഡാര്‍വിന്‍ വിജയിക്കുന്നതിന്‍റെയും കാരണം തന്‍റെ ഗ്രന്ഥത്തില്‍ പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള പരിണാമം സംഭവിക്കുന്നതിന്‍റെ ചെറുവിവരണം മാത്രമല്ല ഡാര്‍വിന്‍ നല്കുന്നതാണ് എന്നതാണ്. ജീവശാസ്ത്രത്തിന്‍റെ അന്നറിയപ്പെട്ടിരുന്ന എല്ലാ മേഖലകളില്‍ നിന്നുമുള്ള ശക്തമായ തെളിവുകളുടെ ഒരു ബൃഹത്ശേഖരവും അദ്ദേഹം അതില്‍ അവതരിപ്പിച്ചിരുന്നു.
അതേസമയം തന്‍റെ പക്കലുള്ള എല്ലാത്തരം തെളിവുകളും അദ്ദേഹം ഉപയോഗിച്ചു: അദ്ദേഹം നിരീക്ഷിക്കുകയും വാദിക്കുകയും താരതമ്യം നടത്തുകയും നിഗമനങ്ങളിലെത്തുകയും താന്‍ വായിച്ചപരീക്ഷണങ്ങള്‍ പല സന്ദര്‍ഭങ്ങളിലും സ്വയം നടത്തിയതിന്‍റെ ഫലങ്ങള്‍ വിവരിക്കുകയും ചെയ്തു. ഉദാഹരണത്തിന് അദ്ദേഹത്തിന്‍റെ ഒരു നിരീക്ഷണം, ഒരു ദ്വീപിലധിവസിക്കുന്നവര്‍ക്ക് ചെറിയ വ്യത്യാസങ്ങളോടെ തൊട്ടടുത്ത ഭൂഖണ്ഡത്തിലുള്ളവരോട് രൂപസാദശ്യമുണ്ടെന്നതാണ്. അതുകൊണ്ട് തെക്കേ അമേരിക്കയില്‍ നിന്ന് അകലെയുള്ള പക്ഷികള്‍ക്കും ചെടികള്‍ക്കും തെക്കേഅമേരിക്കയിലുള്ളവയോട് സാദൃശ്യമുണ്ട്. ആഫ്രിക്കയ്ക്കടുത്തുള്ള ദ്വീപുകളില്‍ ആഫ്രിക്കയിലുള്ള തരം ജീവജാലങ്ങളാണുള്ളത്.
അതിനുള്ള കാരണം അദ്ദേഹം പറയുന്നത്, പുതിയ ദ്വീപുകള്‍ അടുത്ത ഭൂഖണ്ഠങ്ങളിലുള്ള ജീവികളാല്‍ ആദ്യം കോളനിവത്കരിക്കപ്പെടുകയും പിന്നീട് അവ സ്വതന്ത്രമായി ആവിര്‍ഭവിക്കുകയും ചെയ്യുന്നു എന്നതാണ്. അദ്ദേഹം ചോദിക്കുന്നു: കടലില്‍ വളരെ ദൂരെയുള്ള ഭൂഖണ്ഡങ്ങളില്‍ നിന്ന് പുതിയ ദ്വീപുകളിലേക്ക് മൃഗങ്ങള്‍ക്കും ചെടികള്‍ക്കും എത്തിച്ചേരാനാകുമോ? ഇത് അന്വേഷിക്കുന്നതിനായി എത്രകാലം ചെടിവിത്തുകള്‍ക്ക് കടല്‍വെള്ളത്തില്‍ മുങ്ങിക്കിടക്കാനാകുമെന്നും പിന്നീട് വളരാനാകുമെന്നും അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ചുരുക്കത്തില്‍, തന്‍റെ നിഗമനങ്ങളെ അദ്ദേഹം വീണ്ടും വീണ്ടും പരീക്ഷിച്ചുകൊണ്ടിരുന്നു.
വീണ്ടും ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് അത്ഭുതകരമായ ദീര്‍ഘദര്‍ശനമുണ്ടായിരുന്നു. "വംശോത്പത്തി" പ്രകൃതിനിര്‍ദ്ധാരത്തെ സ്ഥാപിച്ചെടുക്കുന്നില്ല. കൂടുതലായും അനുമാനങ്ങളുടെയും ആശയങ്ങളുടെയും കലവറയാണ് അതിലുള്ളത്. അവയില്‍ച്ചിലത് മറ്റു ഗ്രന്ഥങ്ങളില്‍ അദ്ദേഹം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് ലൈംഗികനിര്‍ദ്ധാരണം നിരവധി ജീവിവര്‍ഗ്ഗങ്ങളിലെ പുരുഷവിഭാഗത്തിന് മനോഹരമായ വലിയ വാലുകളുണ്ട്. കാരണം അവയുടെ സ്ത്രീവിഭാഗം ഇണകളായി ഭംഗിയുള്ളവയെ ആവര്‍ത്തിച്ച് തിരഞ്ഞെടുത്തതിനാലാണ്. സമീപകാലം വരെ വിവാദപരമായ ആശയമായിരുന്നു ഇത്.
'വംശോത്പത്തി'ക്കു കുറവുകളില്ലായിരുന്നുവെന്നോ എല്ലാ വിധത്തിലും ഡാര്‍വിന്‍ ശരിയായിരുന്നുവെന്നോ ഇതര്‍ത്ഥമാക്കുന്നില്ല; അങ്ങനെയല്ല താനും. പരിണാമം എങ്ങനെ സംഭവിക്കുന്നു എന്നുപോലും ഗ്രന്ഥം വിശദീകരിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിതകാലത്തുപോലും അതു പൂര്‍ണ്ണമായില്ല: ആറു നവീകരിച്ച പതിപ്പുകള്‍ അദ്ദേഹം പുറത്തിറക്കുകയുണ്ടായി; ചിലപ്പോള്‍ മുമ്പത്തേതിനേക്കാള്‍ ബൃഹത്തായവയായിരുന്നു അവ [13]. പ്രപഞ്ചത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിശാലമായ അറിവും തന്‍റെ ആശയങ്ങളെക്കുറിച്ച് അദ്ദേഹം നടത്തുന്ന ആഴമായ വിശകലനങ്ങളും മൂലം 'വംശോത്പത്തി' ലോകത്തെക്കുറിച്ചുള്ള വളരെ പുതിയ ഒരു ദര്‍ശനം അവതരിപ്പിക്കുന്നുണ്ട്. ആ ദര്‍ശനം എല്ലാ വിശദാംശങ്ങളോടും കൂടെ സാധ്യമായ എല്ലാ അറിവുകളും സംലഭ്യമാക്കി. അത് ലോകത്തില്‍ എന്നേക്കുമായി മാറ്റങ്ങള്‍ വരുത്തി.
ഈ ജീവിതവീക്ഷണത്തിന്‍റെ മഹത്വ: അകപ്പെട്ടുപോയ തീരം
"വംശോത്പത്തി"യുടെ ഒരു സംക്ഷിപ്തരൂപം ഡാര്‍വിന്‍ നിര്‍ദ്ദേശിച്ച മഹത്തായ ദര്‍ശനത്തെക്കുറിച്ച് നമുക്ക് അറിവ് നല്കുന്നു [15].
ഭൂമിയുടെ ചരിത്രത്തിന്‍റെ ആദ്യതാളുകളില്‍ ജീവരൂപങ്ങള്‍ എണ്ണത്തില്‍ക്കുറവും ലളിതവുമായിരുന്നപ്പോള്‍ മാറ്റത്തിന്‍റെ നിരക്ക് സാവധാനമായിരുന്നു; ജീവന്‍ ഉദയം ചെയ്ത സമയത്ത്, ലളിതഘടനയുള്ള വളരെ കുറച്ച് ജീവികള്‍ മാത്രം നിലനിന്നിരുന്നപ്പോള്‍ മാറ്റത്തിന്‍റെ വളരെ സാവധാനമായിരുന്നിരിക്കണം. എണ്ണമറ്റ ജീവജാലങ്ങളുടെ ഉത്ഭവകാരണമായ ആദ്യജീവി സൃഷ്ടിക്കപ്പെട്ടതുമുതലുള്ള കാലത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴറിയപ്പെടുന്ന ലോകത്തിന്‍റെ മുഴുവന്‍ ചരിത്രവും, നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കിലും ഇനിമുതല്‍ സമയത്തിന്‍െറ ഒരു ചെറിയ ഭാഗം മാത്രമായി കണക്കാക്കപ്പെടും.
വിദൂരഭാവിയില്‍ വളെര പ്രധാനപ്പെട്ട ഗവേഷണങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത് ഞാന്‍ കാണുന്നു. തരംതിരിവുകളനുസരിച്ചുള്ള മാനസികശക്തിയും കഴിവും മാനദണ്ഡമാക്കിയാണ് ഒരു പുതിയ അടിസ്ഥാനത്തിന്മേലായിരിക്കും പുതിയ മനഃശാസ്ത്രം. മനുഷ്യന്‍റെ ഉത്ഭവത്തിന്‍റെയും ചരിത്രത്തിന്‍റെയും മേല്‍ പ്രകാശം വീഴും.
നിരവധിതരം സസ്യജാലങ്ങള്‍ കൊണ്ട് വസ്ത്രം ധരിച്ച്, കുറ്റിച്ചെടികളിലിരുന്ന് പാടുന്ന പക്ഷികളോടും നിരവധി പ്രാണിവര്‍ഗ്ഗങ്ങളോടും ഇഴയുന്ന പുഴുവര്‍ഗ്ഗങ്ങളോടുമൊപ്പം കൂടിക്കുഴഞ്ഞ ഒരു ശേഖരണത്തെക്കുറിച്ച് ചിന്തിക്കുന്നത് രസകരമാണ്. പരസ്പരം വ്യത്യസ്തമായ ഈ സൃഷ്ടികള്‍, വളരെ സങ്കീര്‍ണമായ രീതിയില്‍ പരസ്പരം ആശ്രയിക്കുന്നവ, നമുക്കു ചുറ്റും പ്രവര്‍ത്തിക്കുന്ന നിയമങ്ങളാലാണ് രൂപപ്പെട്ടതെന്ന് ചിന്തിക്കുന്നതും രസകരമാണ്.
വിശാലമായ അര്‍ത്ഥത്തില്‍, ഈ നിയമങ്ങള്‍ പുനരുത്പാദനത്തോടൊപ്പമുള്ള വളര്‍ച്ചയാണ്; പുനരുത്പാദനത്തിലൂടെ സംഭവിക്കുന്ന കൈമാറ്റങ്ങളാണ്; ഉപയോഗത്തില്‍ നിന്നും നിരുപയോഗത്തില്‍ നിന്നും ജീവന്‍റെ ബാഹ്യഉപാധികളുടെ നേരിട്ടും അല്ലാതെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും സംഭവിക്കുന്ന വൈജാത്യമാണ്; ജീവനുവേണ്ടിയുള്ള സമരത്തിലേക്കു നയിക്കുന്ന വര്‍ദ്ധനവിന്‍റെ അനുപാതവും പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ പരിണിതഫലമെന്ന നിലയിലുള്ള സ്വഭാവങ്ങളുടെ വൈവിദ്ധ്യവും അവികസിതരൂപങ്ങളുടെ നിര്‍മ്മാര്‍ജ്ജനവുമാണ്.
അങ്ങനെ പ്രകൃതിയുടെ യുദ്ധത്തില്‍നിന്നും വരള്‍ച്ചയില്‍നിന്നും മരണത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഉയര്‍ന്നതരം ജീവജാലങ്ങളുടെ ഉത്പാദനം സംഭവിക്കുന്നു.
ഒന്നോ ഒന്നിലധികമോ രൂപങ്ങളിലേക്ക് നിശ്വസിക്കപ്പെട്ട ഈ ജീവിതവീക്ഷണത്തിന് അതിന്‍റെ നിരവധി ശക്തികളോടൊപ്പം മഹത്തായ ഗാംഭീര്യമുണ്ട്; ഗുരുത്വാകര്‍ഷണത്തിന്‍റെ നിശ്ചിതനിയമങ്ങള്‍ക്കനുസരിച്ച് ഈ ഗ്രഹം കറങ്ങിക്കൊണ്ടിരിക്കവേ, വളരെ ലളിതമായ തുടക്കത്തില്‍നിന്ന് എണ്ണമറ്റ, സുന്ദരവും അത്ഭുതകരവുമായ രൂപങ്ങള്‍ ഉത്ഭവിച്ചു.
മനുഷ്യന്‍റെ തനതായ കടമ
മനുഷ്യന്‍ സംശയലേശമെന്യേ കുറഞ്ഞതരത്തില്‍ രൂപീകരിക്കപ്പെട്ട ജീവികളില്‍ നിന്ന് ആവിര്‍ഭവിച്ചു എന്നാണ് ഡാര്‍വിന്‍റെ പക്ഷം. ഈ ഗ്രന്ഥത്തിന്‍റെ പ്രധാനആശയങ്ങള്‍ ഓര്‍മിപ്പിക്കുന്നതിന് അതിന്‍റെ ഒരു സംഗ്രഹം ധാരാളം മതി [16]. പിന്നീട് തെളിയിക്കപ്പെട്ട പല നിഗമനങ്ങളും വളരെ സൂക്ഷ്മമായിരുന്നു. ചിലത് തെറ്റാണെന്നും തെളിയിക്കപ്പെട്ടു. പക്ഷേ, എല്ലാ സന്ദര്‍ഭങ്ങളിലും എന്നെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക്ക നയിച്ച കാരണങ്ങള്‍ നല്കിയിട്ടുണ്ട്.
മനുഷ്യന്‍റെ സ്വാഭാവികചരിത്രത്തിലെ സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ക്കുമേല്‍ പരിണാമസിദ്ധാന്തം എത്രമാത്രം വെളിച്ചം വീശുമെന്ന് അറിയുന്നത് പ്രധാനപ്പെട്ടതാണ്. തെറ്റായ വസ്തുതകള്‍ ശാസ്ത്രപുരോഗതിയുടെ വലിയ പ്രതിബന്ധമാണ്. കാരണം അവ വളരെക്കാലം നിലനില്ക്കുന്നു; പക്ഷേ തെറ്റായ കാഴ്ചപ്പാടുകള്‍ക്ക് ഏതാനും തെളിവുകളുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ അപകടം കുറവാണ്. കാരണം തങ്ങളുടെ തെറ്റുകള്‍ തെളിയിച്ചെടുക്കുന്നതില്‍ എല്ലാവരും സന്തോഷിക്കുന്നു; ഇത് സംഭവിക്കുമ്പോള്‍ തെറ്റിനുനേരെയുള്ള ഒരു വഴി അടയുകയും അതേസമയം തന്നെ സത്യത്തിന്‍റെ ഒരു പാത തുറക്കപ്പെടുകയും ചെയ്യുന്നു.
ഇവിടെ നാമെത്തിച്ചേരുന്നതും ആധികാരികപ്രബോധനം നല്കുന്നതിന് യോഗ്യരായ പ്രകൃതിശാസ്ത്രജ്ഞര്‍ പിന്താങ്ങുന്നതുമായ പ്രധാനനിഗമനം മനുഷ്യന്‍ താഴ്ന്നതലത്തില്‍ രൂപീകരിക്കപ്പെട്ട ജീവയില്‍ നിന്നു രൂപംകൊണ്ടു എന്നുതന്നെയാണ്. ഈ നിഗമനം ഉറപ്പുനില്ക്കുന്ന അടിസ്ഥാനങ്ങള്‍ ഒരിക്കലും ഇളകുകയില്ല. കാരണം മനുഷ്യനും താഴ്ന്നതരം ജീവികളും തമ്മില്‍ ഭ്രൂണത്തിന്‍റെ വളര്‍ച്ചയിലും ശരീരഘടനയിലുമുള്ള സമാനതകള്‍ മുതലായവ ഒരിക്കലും ഖണ്ഡിക്കാനാവുന്ന വസ്തുതകളല്ല.
വളരെക്കാലം മുമ്പ് അറിഞ്ഞതാണെങ്കിലും മനുഷ്യോത്പത്തിയെപ്പറ്റി അടുത്തകാലം വരെ അവ യാതൊന്നും വെളിപ്പെടുത്തിയില്ല. ജീവലോകം മുഴുവനെയും കുറിച്ചുള്ള അറിവിന്‍റെ പ്രകാശത്തോടെ വീക്ഷിക്കുമ്പോള്‍ അവയുടെ അര്‍ത്ഥം അപ്രമാദരഹിതമാണ്. ഈ വസ്തുതകള്‍ മറ്റുള്ളവയോടൊപ്പം പരിഗണിക്കുമ്പോള്‍ മറ്റു സസ്തനികളോടൊപ്പം മനുഷ്യനും ഒരു പൊതുപൂര്‍വ്വികന്‍റെ പിന്തുടര്‍ച്ചക്കാരാണെന്ന നിഗമനത്തിലേക്ക് അവ വിരല്‍ചൂണ്ടുന്നു. പരിണാമമെന്ന വലിയ തത്വവും അതില്‍ ഉറച്ചുനില്ക്കുന്നു.
മനുഷ്യന് അവന്‍റെ ശരീരത്തിലും മാനസികകഴിവുകളിലും വ്യക്തിപരമായ വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് നാം കണ്ടു. ഈ വ്യതിയാനങ്ങള്‍ക്കു കാരണം ഒരേ പൊതുനിയമങ്ങളാണെന്നും ഇതേ നിയമങ്ങള്‍ താഴ്ന്നതരം ജീവികളും അനുസരിക്കുന്നുണ്ടെന്നും കാണപ്പെടുന്നു. രണ്ടു സന്ദര്‍ഭങ്ങളിലും പിന്തുടര്‍ച്ചയുടേതായ (കൈമാറ്റത്തിന്‍റേതായ) ഒരേ നിയമങ്ങള്‍ നിലനില്ക്കുന്നു. നിലനില്പിന് ആവശ്യമുള്ളതില്‍ കൂടുതലായി മനുഷ്യന്‍ വര്‍ദ്ധിക്കുവാന്‍ തുടങ്ങി; തത്ഫലമായി നിലനില്പിനായുള്ള കഠിനമായ സമരം പലപ്പോഴും അവനഭിമുഖീകരിക്കേണ്ടി വന്നു. പ്രകൃതിനിര്‍ദ്ധാരണം അതിന്‍റെ പരിധിയിലുള്ളവയെയെല്ലാം രൂപപ്പെടുത്തുകയും ചെയ്തു.
ഈ ഗ്രന്ഥത്തിന്‍റെ നിഗമനങ്ങള്‍ തീരെ മതാത്മകമല്ലെന്നു പറഞ്ഞു അവഗണിക്കാന്‍ സാധ്യതയുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഇവ തള്ളിക്കളയുന്നവര്‍, സാധാരണ പുനരുത്പാദനത്തിന്‍റെ നിയമങ്ങളിലൂടെ വ്യക്തിയുടെ ജനനത്തെ വിശദീകരിക്കുന്നതിനേക്കാള്‍, പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെയും വ്യതിയാനത്തിന്‍റെയും നിയമങ്ങളിലൂടെ താഴ്ന്ന രൂപങ്ങളില്‍ നിന്ന് രൂപപ്പെട്ട വ്യത്യസ്ത ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍ എന്ന വിശദീകരണം എങ്ങനെ മതാത്മകമല്ലാതാകുന്നു എന്ന് വിശദീകരിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
താഴ്ന്നതരം ജീവജാലങ്ങളില്‍ നിന്നാണ് മനുഷ്യന്‍ രൂപപ്പെട്ടത് എന്ന ഈ ഗ്രന്ഥത്തിന്‍റെ പ്രധാനനിഗമനം പലര്‍ക്കും സ്വീകാര്യമാവുകയില്ല എന്നത് ദുഃഖകരമാണ്. എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാക്കള്‍ പ്രാകൃതരായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ തകര്‍ന്ന ഒരു പ്രാകൃതതീരത്ത് ഫ്യൂജിയന്‍സിന്‍റെ ഒരു കൂട്ടം കണ്ടപ്പോള്‍ എന്നിലുണ്ടായ അത്ഭുതം നമ്മുടെ പൂര്‍വ്വികരും ഇപ്രകാരമായിരുന്നിരിക്കും എന്ന ചിന്തയാണ് എന്നില്‍ ജനിപ്പിച്ചത്. ആ മനുഷ്യര്‍ നഗ്നരും വിവിധവര്‍ണങ്ങളിലുള്ള ചായങ്ങള്‍ തേച്ചവരുമായിരുന്നു. അവരുടെ നീളമുള്ള മുടി കെട്ടിയിരുന്നു. അത്ഭുതം കൊണ്ട് അവരുടെ വായ തുറന്നിരുന്നു. അവരുടെ ഭാവപ്രകടനങ്ങള്‍ വന്യവും ഞടുക്കമുള്ളതുമായിരുന്നു. അവര്‍ക്ക് കലാരൂപങ്ങള്‍ ഉണ്ടായിരുന്നില്ല. ലഭ്യമായത് ഭക്ഷിച്ച് വന്യജീവികളെപ്പോലെ അവര്‍ ജീവിച്ചു; അവര്‍ക്ക് ഭരണസംവിധാനങ്ങളുണ്ടായിരുന്നില്ല; തങ്ങളുടെ ചെറിയ വംശത്തിന് പുറത്തുള്ളവരോടെല്ലാം കാരുണ്യരഹിതമായാണ് അവര്‍ പെരുമാറിയത്.
തന്‍റെ ഞരമ്പുകളിലൊഴുകുന്നത് താഴ്ന്നതരം ജീവികളുടെ രക്തമാണ് എന്നു നിര്‍ബന്ധപൂര്‍വ്വം വിശ്വസിക്കാന്‍ തന്‍റെ ദേശത്ത് ഒരു പ്രാകൃതനെ കണ്ടുമുട്ടിയ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവുകയില്ല. ഞാന്‍ തീര്‍ച്ചയായും തന്‍റെ ഉടമസ്ഥനെ സംരക്ഷിക്കുന്നതിനുവേണ്ടി ഭീകരശത്രുവിനോട് എതിരിട്ട ആ കുട്ടിക്കുരങ്ങന്‍റെ പിന്ഗാമിയാണ്. അല്ലെങ്കില്‍, ആക്രമണകാരികളായ നായ്ക്കളില്‍ നിന്ന് തന്‍റെ പങ്കാളിയെ സാഹസികമായി രക്ഷിച്ച മലമുകളിലെ പഴയ ബബൂണിന്‍റെ പിന്ഗാമിയാണ് ഞാന്‍. മറിച്ച് തന്‍റെ ശത്രുക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന, രക്തബലികളും ശിശുബലികളും അര്‍പ്പിക്കുന്ന ഭാര്യമാരെ അടിമകളെപ്പോലെ കരുതുന്ന മര്യാദയില്ലാത്ത അന്ധവിശ്വാസങ്ങള്‍ ധാരാളമുള്ള പ്രാകൃതരല്ല എന്‍റെ പൂര്‍വ്വപിതാക്കള്‍.
തന്‍റെ മഹത്വത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ അഹങ്കാരം ക്ഷമിക്കാവുന്നതാണ്. എന്നാല്‍ ഇപ്രകാരം മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത മഹത്വം വിദൂരഭാവിയില്‍ കൂടുതല്‍ ഉയര്‍ന്ന ഒരു ജീവിതശൈലിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ പ്രത്യാശയും ഭയങ്ങളുമല്ല നാമിവിടെ പരിഗണിക്കുന്നത് മറിച്ച് നമ്മുടെ ബുദ്ധിക്ക് കണ്ടെത്താനാവുന്ന സത്യത്തെ മാത്രമാണ്. എനിക്കു കഴിയുന്നതിന്‍റെ പരമാവധി തെളിവുകള്‍ ഞാന്‍ നല്കിയിട്ടുമുണ്ട്. കുലീനമായ നിരവധി കഴിവുകളും സൗരയൂഥത്തിന്‍റെ പ്രവര്‍ത്തന-ആവിര്‍ഭാവ സാധ്യതകള്‍ പോലും കണ്ടെത്തിയ സൂക്ഷ്മബുദ്ധിയും ഉണ്ടെങ്കിലും മനുഷ്യന്‍ ഇപ്പോഴും തന്‍റെ ശാരീരികരൂപത്തില്‍ താഴ്ന്ന തലങ്ങളില്‍ നിന്നുള്ള തന്‍റെ ആവിര്‍ഭാവത്തിന്‍റെ അടയാളങ്ങള്‍ പേറുന്നു.
150 വര്‍ഷങ്ങള്‍ക്കു ശേഷം: ആദരവും പ്രതിഷേധവും
150 വര്‍ഷങ്ങള്‍ക്കുശേഷവും ഡാര്‍വിന്‍റെ ആശയങ്ങളോട് ആരാധനയും വിരോധവും ഒരുപോലെ പ്രകടിപ്പിക്കപ്പെടുന്നത് ആശയത്തി</
സസ്തനികളെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹാളില്‍ നിങ്ങളുടെ ഏറ്റവും പഴയ പൂര്‍വ്വികരിലൊരാളെ കാണാനാകും. 210 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പത്തു സെന്‍റിമീറ്റര്‍ നീളമുള്ള ഒരു വസ്തു, മൊര്‍ഗാണുക്കോദോന്‍ ഓഹ്ലേരിയാണത്. "ബില്യണ്‍ കണക്കിന് പിന്ഗാമികളിലേക്ക് ഇതിന്‍റെ ഡി.എന്‍.എ. കൈമാറ്റം ചെയ്യപ്പെട്ടു, നിങ്ങളുടേതടക്കം" എന്ന് മ്യൂസിയം സൂക്ഷിപ്പുകാര്‍ പറയുന്നു. തന്‍റെ ഗവേഷണങ്ങളുടെ ആദ്യകാലത്ത്, 1844-ല്‍ ജീവിവര്‍ഗ്ഗങ്ങള്‍ മാറ്റമില്ലാത്തവയല്ല എന്ന തന്‍റെ സിദ്ധാന്തം അംഗീകരിക്കുന്നത്, "ഒരു കൊലപാതകക്കുറ്റം ഏറ്റുപറയുന്നതുപോലെ"യാണെന്ന് ഡാര്‍വിന്‍ തന്‍റെ സുഹൃത്തിന് എഴുതിയതില്‍ അത്ഭുതമില്ല. "മുന്‍കാലധാരണകളുടെ അന്ധത" എന്നദ്ദേഹം വിശേഷിപ്പിച്ചിരുന്നതിന്‍റെ ചുറ്റികാപ്രഹരത്താല്‍ തകര്‍ക്കപ്പെടുന്നത് പ്രതീക്ഷിച്ച് 20 വര്‍ഷങ്ങളോളം മിക്കവാറും എല്ലാ ദിവസവും അദ്ദേഹം ശര്‍ദ്ദിച്ചിരുന്നതിലും അതിശയമില്ല.
ശാസ്ത്രജ്ഞന്‍ ഭക്തിയോടെ അദ്ദേഹത്തെ കാണുന്നതിലും മ്യൂസിയങ്ങളും കോറിഡോറുകളും അദ്ദേഹത്തിന്‍റെ ഛായാചിത്രങ്ങളും വാക്കുകളും അത്ഭുതങ്ങളും കൊണ്ട് നിറയ്ക്കുന്നതിലും അത്ഭുതമില്ല. അബ്രഹാം ലിങ്കണ്‍ ജനിച്ച അതേ വര്‍ഷം അതേ ദിവസം ജനിച്ച ഡാര്‍വിന്‍ പക്ഷേ തന്‍റെ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ രാജ്യം ഭരിക്കുകയോ സൈന്യത്തെ നയിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്‍റെ 75 വര്‍ഷങ്ങള്‍ 19-ാം നൂറ്റാണ്ടില്‍ നെപ്പോളിയന്‍ മുതല്‍ ഐന്‍സ്റ്റീന്‍ വരെ പരന്നുകിടക്കുന്നു. ഇംഗ്ലീഷ് മതത്തിന്‍റെ ശത്രു എന്നതനുസ്മരിക്കാതെതന്നെ അദ്ദേഹം വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ അടക്കപ്പെട്ടു.
"150 വര്‍ഷങ്ങള്‍ക്കുമുമ്പ് ഡാര്‍വിന് തെറ്റിപ്പോയത് എന്താണ്?" അലന്‍ ആബേല്‍ തന്‍റെ ശിഷ്യനായ ജോണ്‍ ക്രെസ്സിനോട് ചോദിച്ചു. കരീബിയന്‍ ദ്വീപുകളിലെ ഹമ്മിംഗ് ബേര്‍ഡുകളുടെയും പുഷ്പങ്ങളുടെയും പരസ്പരബന്ധിതമായ ജീവിതങ്ങളെക്കുറിച്ച് പഠിച്ച ആ സ്മിത്സോണിയന്‍ സസ്യശാസ്ത്രജ്ഞന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്, "അധികമൊന്നുമില്ല!"
പ്രതിഷേധവും വേദനയും
അത്ഭുതകരമായ ഈ സത്യത്തിനെതിരേ ഉദിച്ച ആശയക്കുഴപ്പമായിരുന്നു "ഡാര്‍വിനില്‍ നിന്ന് ഒരു കുരങ്ങനെ സൃഷ്ടിക്കാം" എന്ന തലക്കെട്ടോടെ വന്ന ഒരു ഇമെയില്‍. യു.എസ്. റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന പാറ്റ് ബുക്കാനനില്‍ നിന്നായിരുന്നു അത്: വാര്‍ഷികാവസരം രേഖപ്പെടുത്തിക്കൊണ്ട് ബുക്കാനന്‍ എഴുതുന്നു, "ഡാര്‍വിനെ സാധൂകരിക്കാന്‍ 150 വര്‍ഷങ്ങളെടുത്തിട്ടും ഫോസില്‍ രേഖകള്‍ക്കു കഴിഞ്ഞില്ല. പ്രകൃതിനിര്‍ദ്ധാരണത്തെക്കുറിച്ചുള്ള ഡാര്‍വിന്‍റെ ഉദാഹരണങ്ങളുടെ കള്ളി വെളിച്ചത്തായിരിക്കുകയാണ്. 'അപകടകരമായ സിദ്ധാന്ത'മായി തെളിയിക്കപ്പെട്ട ഡാര്‍വിനിസം അവിതര്‍ക്കിതമാണ്."
ബുക്കാനന്‍ അവസാനിപ്പിക്കുന്നില്ല. അദ്ദേഹം തുടരുന്നു: "ഡാര്‍വിന്‍ എന്‍റെ ഉദ്ദേശത്തിന് യോജിക്കും എന്ന് മാര്‍ക്സ് എഴുതി. ഡാര്‍വിന്‍ ഹിറ്റ്ലറുടെ ഉദ്ദേശങ്ങള്‍ക്കും അനുയോജ്യനായിരുന്നു. ഡാര്‍വിനിസം ശാസ്ത്രമല്ല. അതു വിശ്വാസമാണ്. എന്നും അങ്ങനെ തന്നെ ആയിരുന്നു"19.
അമേരിക്കന്‍ ശാസ്ത്രജ്ഞരും മതവും
പരിണാമത്തിന്‍റെ ഡാര്‍വീനിയന്‍ മാതൃകയുടെ പശ്ചാത്തലത്തില്‍ മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇവിടെ നാം പഠിക്കുന്നത്. ശാസ്ത്രസമൂഹത്തിലെ അംഗങ്ങളെല്ലാം സാധാരണഗതിയില്‍ സംശയാലുക്കളായ തോമാമാരാണെങ്കിലും യാഥാര്‍ത്ഥ്യം വളരെയേറെ സങ്കീര്‍ണ്ണമാണ്. ചാള്‍സ് ഡാര്‍വിന്‍ പോലും ദൈവത്തെ അംഗീകരിച്ചിട്ടുണ്ടാവാം. ഭൂമിയില്‍ ജീവന്‍ രൂപപ്പെട്ടതെങ്ങനെ എന്നു വിവരിക്കുന്നതിന് ഇന്ന് അമേരിക്കയിലെ ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞരും ഡാര്‍വീനിയന്‍ പരിണാമം അടിസ്ഥാനമായെടുക്കുന്നു. പരിണാമസിദ്ധാന്തം മതത്തിനെതിരായാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിലും ശാസ്ത്രലോകത്തിന്‍റെ മതവിശ്വാസത്തെ അത് നശിപ്പിച്ചിട്ടില്ല20.
2009 മെയ്-ജൂണ്‍ മാസങ്ങളില്‍ പ്യൂ ഗവേഷണകേന്ദ്രം, അമേരിക്കയിലെ ശാസ്ത്രപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സംഘടനാംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഗവേഷണമനുസരിച്ച് ഭൂരിഭാഗം ശാസ്ത്രജ്ഞരും (51%) ദൈവത്തിലും അഭൗമശക്തിയിലും വിശ്വാസമുള്ളവരും ചെറിയൊരു വിഭാഗം (41%) വിശ്വാസമില്ലാത്തവരുമാണ്.
മാത്രവുമല്ല, ഇന്ന് ശാസ്ത്രജ്ഞരുടെ വിശ്വാസികളുടെ എണ്ണം നൂറുവര്‍ഷം മുമ്പുണ്ടായിരുന്നതിലും കുറവല്ല. സ്കോപ്സിന്‍റെ കുരങ്ങ്പരീക്ഷണങ്ങള്‍ക്ക് പതിനൊന്ന് വര്‍ഷങ്ങള്‍ക്കും, ഡി.എന്‍.എ.യുടെ ഘടന കണ്ടുപിടിക്കുന്നതിന് നാലു ദശകങ്ങള്‍ക്കും മുമ്പ്, 1914-ല്‍ മനഃശാസ്ത്രജ്ഞനായ ജെയിംസ് ല്യൂബ 1000 അമേരിക്കന്‍ ശാസ്ത്രജ്ഞരോട് ദൈവത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. ശാസ്ത്രലോകം രണ്ടായിത്തിരിഞ്ഞ് 42% ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതായും 42% വിശ്വസിക്കാത്തതായും അദ്ദേഹം നിരീക്ഷിച്ചു. അതിനുശേഷം ശാസ്ത്രജ്ഞര്‍ നിരവധി ഫോസിലുകള്‍ കുഴിച്ചെടുത്തുവെങ്കിലും അവരെല്ലാം വിശ്വാസികളായിത്തന്നെ തുടരുന്നു.
എന്നിരുന്നാലും ശാസ്ത്രജ്ഞരുടെ സമൂഹത്തിന് പൊതുജനത്തേക്കാള്‍ മതാത്മകത കുറവാണ്. പ്യൂ സര്‍വ്വേകളില്‍ 95% അമേരിക്കന്‍ പൗരന്മാരും ഏതെങ്കിലുമൊക്കെ ഉന്നതശക്തിയില്‍ വിശ്വസിക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ പരിണാമത്തെ സംബന്ധിച്ച് ശാസ്ത്രജ്ഞരുടെയത്രയും ഉറപ്പ് പൊതുജനത്തിനില്ല. മറ്റൊരു പ്യൂ സര്‍വ്വേയനുസരിച്ച്, സ്വാഭാവികപ്രതിഭാസങ്ങളുടെ ഫലമായി ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചു എന്ന് 87% ശാസ്ത്രജ്ഞന്മാരും വിശ്വസിക്കുമ്പോള്‍ പൊതുജനത്തില്‍ 32% മാത്രമേ അതു വിശ്വസിക്കുന്നുള്ളു.
ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ പൊതുജനത്തേക്കാള്‍ പിന്നിലാണ് ശാസ്ത്രജ്ഞരെന്നു മനസ്സിലാകുമ്പോള്‍, ഒരു പ്രത്യേകമത്തോട് ബന്ധപ്പെട്ടിരിക്കുന്നവരുടെ എണ്ണവും വളരെ കുറവാണെന്നത് നമ്മെ അത്ഭുതപ്പെടുത്തില്ല. അമേരിക്കന്‍ ജനതയുടെ 17%-നോട് താരതമ്യപ്പെടുത്തിയാല്‍ പകുതിയോളം അമേരിക്കന്‍ ശാസ്ത്രജ്ഞരും ഒരു പ്രത്യേക മതവീക്ഷണം ഇല്ലാത്തവരാണ്. അവര്‍ സ്വയം നിരീശ്വരവാദികളും അജ്ഞേയവാദികളുമായി വിശേഷിപ്പിക്കുന്നു.
51% പ്രൊട്ടസ്റ്റന്‍റുകാരും 24% കത്തോലിക്കരുമുള്ള പൊതുജനത്തേക്കാള്‍ പ്രൊട്ടസ്റ്റന്‍റുകാരും (21%) കത്തോലിക്കരും (10%) ശാസ്ത്രജ്ഞര്‍ക്കിടയില്‍ കുറവാണ്. ജനസംഖ്യയുടെ നാലിലൊന്നില്‍ കൂടുതലുള്ള (28%) ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്‍റുകാര്‍ ശാസ്ത്രസമൂഹത്തില്‍ ഒരു ചെറുന്യൂനപക്ഷം (4%) മാത്രമാണ്. എന്നാല്‍ ജനസംഖ്യയുടെ 21% മാത്രമുള്ള യഹൂദര്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ 8% ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
വൈദഗ്ദ്യം നേടിയ മേഖലയും പ്രായവുമനുസരിച്ച് ശാസ്ത്രജ്ഞരുടെ മതവിശ്വാസത്തിന്‍റെ തലങ്ങളിലും വ്യത്യാസമുണ്ടെന്ന് പ്യൂ സര്‍വ്വേകള്‍ കണ്ടെത്തുന്നു. ഉദാഹരണത്തിന്, വൈദ്യശാസ്ത്രവും ജീവശാസ്ത്രവും കൈകാര്യം ചെയ്യുന്നവരേക്കാള്‍ (32%) കൂടുതലായി രസതന്ത്രജ്ഞര്‍ (41%) ദൈവത്തില്‍ വിശ്വസിക്കുന്നു. അതുപോലെതന്നെ യുവശാസ്ത്രജ്ഞരാണ് (18-34) പ്രായമുള്ളവരേക്കാള്‍ കൂടുതലായി വിശ്വാസമുള്ളവര്‍.
1851-ല്‍ തന്‍റെ പത്തുവയസ്സുകാരിയായ ആനിയുടെ മരണം മൂലമുണ്ടായ ദുഃഖമാണ് ഡാര്‍വിന്‍ വിശ്വാസം നഷ്ടപ്പെട്ട ഒരു അജ്ഞേയവാദിയായിത്തീരാന്‍ കാരണം. അല്ലാതെ തന്‍റെ സിദ്ധാന്തം മതവിശ്വാസത്തോട് യോജിക്കാതെ വന്നതുകൊണ്ടല്ല എന്ന് അദ്ദേഹത്തിന്‍റെ കത്തുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ, അപ്പോള്‍പ്പോലും ഒരു ഉന്നതശക്തിയുടെ സാധ്യതയെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരുന്നില്ല. 'വംശോത്പത്തി'യുടെ അവസാനവാചകം ഒരു 'സ്രഷ്ടാവ്' "ഒന്നോ അതിലധികമോ ജീവരൂപങ്ങളിലേക്കോ" ജീവന്‍ നിശ്വസിക്കുന്നതിനേക്കുറിച്ചാണ് സംസാരിക്കുന്നത്; ആധുനികശാസ്ത്രജ്ഞര്‍ക്കിടയില്‍ വിശ്വാസത്തെക്കുറിച്ച് പ്യൂ നടത്തിയ സര്‍വ്വേയോട് ആധുനികപരിണാമസിദ്ധാന്തത്തിന്‍റെ പിതാവ് എപ്രകാരം പ്രതികരിക്കുമായിരുന്നു എന്ന സംശയം മാത്രമാണ് ഈ വാചകം നമ്മില്‍ ജനിപ്പിക്കുന്നത്21.
വിരോധത്തിന്‍റെ ആറു കാരണങ്ങള്‍
എന്നിട്ടുമെന്താണ് നിരവധി അമേരിക്കക്കാര്‍ പരിണാമസിദ്ധാന്തം സ്വീകരിക്കാത്തത്? 2001-ലെ ഒരു ഭീമമായ അഭിപ്രായസര്‍വ്വേ അനുസരിച്ച് 45% അമേരിക്കക്കാരും, "ദൈവം മനുഷ്യനെ അവന്‍റെ ഇപ്പോഴുള്ള രൂപത്തില്‍ പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഏതോ സമയത്ത് സൃഷ്ടിച്ചു" എന്ന പ്രസ്താവനയില്‍ വിശ്വസിക്കുന്നവരാണ്. അതേസമയം, "മനുഷ്യന്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് താഴ്ന്ന ജീവരൂപങ്ങളില്‍ നിന്ന് രൂപപ്പെട്ടു. എങ്കിലും ഈ പ്രക്രിയയെ നിയന്ത്രിച്ചത് ദൈവമാണ്" എന്ന സമന്വിതവീക്ഷണം സ്വീകരിച്ചിരിക്കുന്നവര്‍ 37% ഉണ്ട്. എന്നാല്‍ "മനുഷ്യന്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് താഴ്ന്ന ജീവരൂപങ്ങളില്‍ നിന്ന് രൂപപ്പെട്ടു. ദൈവത്തിന് അതില്‍ യാതൊരു പങ്കുമില്ല" എന്നു വിശ്വസിക്കുന്ന 12% ആള്‍ക്കാരും ഉണ്ട്.
പരിണാമസിദ്ധാന്തം സ്വീകരിക്കുന്നതിനോട് ജനങ്ങളെ വിമുഖരാക്കുന്ന ആറു കാരണങ്ങള്‍ മൈക്കിള്‍ ഷെര്‍മെര്‍ മുമ്പോട്ടുവയ്ക്കുന്നുണ്ട്22:
1. മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും സംഘട്ടനമാതൃക. മതവും ശാസ്ത്രവും തമ്മില്‍ ഒരു സംഘട്ടനം നിലവിലുണ്ടെന്നും അവയില്‍ ഒന്നു ശരിയും മറ്റൊന്നു തെറ്റുമായതില്‍ ഒരുവന്‍ ശരിയായത് തിരഞ്ഞെടുക്കേണ്ടതുണ്ട് എന്ന വിശ്വാസം.
2. ചില മതബോദ്ധ്യങ്ങള്‍ക്ക് പരിണാമസിദ്ധാന്തം വിരുദ്ധമാണെന്ന വിശ്വാസം. നിരവധി ആളുകള്‍ ചില മതവിശ്വാസങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രത്തെ ഉപയോഗിക്കുകയും അവ ചേരാതെ വരുമ്പോള്‍ ശാസ്ത്രത്തെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഭൂമിയിലെ ഫോസില്‍ ശേഖരത്തില്‍ ഉത്പത്തിയിലെ സൃഷ്ടിവിവരണം പ്രതിഫലിക്കുന്നുണ്ട് എന്നു തെളിയിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ നിരവധി ഭൗമശാസ്ത്രജ്ഞരെ, ഭൂമി കഴിഞ്ഞ 10,000 വര്‍ഷങ്ങള്‍ക്കിടയിലാണ് സൃഷ്ടിക്കപ്പെട്ടത് എന്ന നിഗമനത്തിലെത്തിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ ഭൗമശാസ്ത്രതെളിവുകള്‍ പ്രകാശം 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പ്രായമായ ഭൂമി എന്ന സത്യത്തിന് വിരുദ്ധമാണ്.
3. പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ. നിരവധിയാളുകള്‍ക്ക് പരിണാമസിദ്ധാന്തത്തെക്കുറിച്ച് അല്പജ്ഞാനമേ ഉള്ളു എന്നത് ഒരു പ്രധാനപ്രശ്നമാണ്. 2001-ലെ അഭിപ്രായസര്‍വ്വേയില്‍ കാല്‍ഭാഗത്തോളം ആളുകള്‍ക്കും പരിണാമസിദ്ധാന്തം സ്വീകാര്യമാണോ അല്ലയോ എന്നു പറയുന്നതിനുള്ള അറിവ് ഉണ്ടായിരുന്നില്ല. 34% ആളുകള്‍ മാത്രമാണ് സിദ്ധാന്തത്തെക്കുറിച്ച് ശരിയായ അറിവുള്ളവര്‍. വളരെ വിവാദപരമായതിനാല്‍ സ്കൂളുകളില്‍ ശാസ്ത്രാദ്ധ്യാപകര്‍ വിഷയം ഒഴിവാക്കിക്കളയുകയാണ് സാധാരണ ചെയ്യുന്നത്. കാരണം അതുമൂലം കുട്ടികളിലും മാതാപിതാക്കളിലും രൂപംകൊള്ളുന്ന അസ്വസ്ഥതകള്‍ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറല്ല.
4. പരിണാമം മനുഷ്യവംശത്തെ തരംതാഴ്ത്തിക്കളയുമെന്ന ഭയം. ഭൗമകേന്ദ്രീയതയുടെ മഹത്വത്തെ കോപ്പര്‍നിക്കസ് തകര്‍ത്തതിനുശേഷം ഡാര്‍വിന്‍, നാം വെറും മൃഗങ്ങളാണെന്ന വെളിപ്പെടുത്തല്‍ നടത്തി. ഏതൊരു മൃഗത്തെയും പോലെ പ്രകൃതിനിയമങ്ങള്‍ക്കും ചരിത്രപരമായ അധിനിവേശങ്ങള്‍ക്കും വിധേയരാകുന്നവര്‍.
5. ധാര്‍മ്മികനിശ്യൂന്നതാവാദവും പരിണാമവും തമ്മിലുള്ള താരതമ്യം. നവയാഥാസ്ഥിതികനായ ഇര്‍വിംഗ് ക്രിസ്റ്റോണ്‍ 1991-ല്‍ ഈ പ്രശ്നം അവതരിപ്പിക്കുകയുണ്ടായി: "മനുഷ്യാവസ്ഥയെപ്പറ്റി മറുപക്ഷമില്ലാത്ത എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത്, അര്‍ത്ഥരഹിതമായ ലോകത്തില്‍ അര്‍ത്ഥരഹിതമായ ജീവിതമാണ് തങ്ങള്‍ നയിക്കുന്നത് എന്ന് ചിന്തിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന സമൂഹത്തിന് അതിജീവിക്കാനാവില്ല എന്നതാണ്."
6. നമുക്ക് നിശ്ചിതമായ ഒരു മനുഷ്യപ്രകൃതിയുണ്ട് എന്ന് പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നതിനോടുള്ള ഭയം. പരിണാമസിദ്ധാന്തത്തോടുള്ള എതിര്‍പ്പിന്‍റെ ആദ്യ അഞ്ചുകാരണങ്ങളും രാഷ്ട്രീയ യാഥാസ്ഥിതികരില്‍ നിന്നാണ് വരുന്നത്. മനുഷ്യന്‍റെ ചിന്തയിലും പ്രവൃത്തിയിലും പരിണാമസിദ്ധാന്തം പ്രയോഗിച്ചാല്‍ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളും തത്വങ്ങളും പരാജയപ്പെടും എന്നു ഭയപ്പെടുന്നവരില്‍ നിന്നാണ് ഈ അവസാനകാരണം ഉത്ഭവിക്കുന്നത്. അതിനു കാരണം മനുഷ്യവംശത്തിന്‍റെ രൂപീകരണം രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥയെക്കാള്‍ ശക്തമാണ് എന്നതാണ്.
യുക്തിപൂര്‍വ്വമായ പ്രതികരണത്തിനായുള്ള കാത്തിരിപ്പ്
ഷെര്‍മെറുടെ അഭിപ്രായത്തില്‍ ഈ ഭയങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഒരാള്‍ വിശ്വാസിയാണെങ്കില്‍ ദൈവം പ്രപഞ്ചം എന്നാണ് സൃഷ്ടിത്-പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണോ പത്തു ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണോ-എന്നതു പ്രശ്നമല്ല. ആറു പൂജ്യങ്ങളുടെ വ്യത്യാസം സര്‍വ്വാതിശായിയും സര്‍വ്വശക്തനുമായ ദൈവത്തിന് അര്‍ത്ഥരഹിതമാണ്. എന്ന് സംഭവിച്ചു എന്ന അന്വേഷണമില്ലാതെയുള്ള സ്തുതികള്‍ക്ക് ദൈവികസൃഷ്ടിയുടെ മഹത്വം അര്‍ഹമാണ്.
അതുപോലെതന്നെ, ദൈവം എപ്രകാരമാണ്-അത്ഭുതകരമായി ഉച്ചരിച്ച വാക്കിലൂടെയാണോ പ്രപഞ്ചത്തിന്‍റെ സ്വാഭാവികശക്തികളിലൂടെയാണോ-ജീവന്‍ സൃഷ്ടിച്ചത് എന്നതും പ്രശ്നമല്ല. ദൈവത്തിന്‍റെ സൃഷ്ടിയുടെ ഔന്നത്യം ഏതു പ്രക്രിയയാണ് അവിടുന്നുപയോഗിച്ചത് എന്നന്വേഷിക്കാതെയുള്ള ഭക്ത്യാദരവുകള്‍ അര്‍ഹിക്കുന്നു.
അര്‍ത്ഥങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും വേണ്ടി ഇവിടെ നമ്മുടെ ജീവശാസ്ത്രത്തില്‍ നിന്നും മനുഷ്യവംശം ഉയിര്‍കൊള്ളുന്നു. പരസ്പരം സഹകരിക്കാനും പരോപകാരം ചെയ്യാനുമുള്ള പ്രവണതകളോടുകൂടി എന്നാല്‍ മത്സരാധിഷ്ടിതമായ മനോഭാവങ്ങളോടെ സാമൂഹികജീവികളായിട്ടാണ് നാം ആവിര്‍ഭവിച്ചത്. നമ്മുടെ നാഗരികതകളുടെ ലക്ഷ്യം ഹൃദയത്തിന്‍റെ അന്ധകാരത്തെ അതിജീവിക്കാന്‍ നമ്മെ സഹായിക്കുകയെന്നതും പ്രകൃതിയുടെ നല്ല മാലാഖമാരെക്കുറിച്ച് ഊന്നിപ്പറയുക എന്നതുമാണ്.
അങ്ങനെ, നിരീശ്വരവാദിയായ ഷെര്‍മര്‍, ശാസ്ത്രം-പ്രത്യേകിച്ച് പരിണാമസിദ്ധാന്തം-സ്വീകരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്. കാരണം, ദൈവികതയുടെ മാഹാത്മ്യം ഇത്രയുമാഴത്തില്‍ വെളിപ്പെടുത്തുന്നതില്‍ അതിനുള്ള പങ്ക് നമ്മുടെ പൂര്‍വ്വപിതാമഹന്മാര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. 4000 വര്‍ഷങ്ങള്‍ കൊണ്ട് നാം ഒരുപാട് പഠിച്ചിട്ടുണ്ട്. ഈ അറിവുകള്‍ ഒരിക്കലും നിഷേധിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യരുത്. പകരം, മാനുഷികധാരണകളും വിജ്ഞാനവും ആഗ്രഹിക്കുന്ന എല്ലാവരും ശാസ്ത്രത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്.
ഉപസംഹാരം: താങ്കള്‍ ഇവിടെയാണ്
ബീഗിളില്‍ ഡാര്‍വിന്‍ ചെയ്തതുപോലെതന്നെ സ്മിത്സോണിയന്‍ സസ്യശാസ്ത്രജ്ഞനായ ജോണ്‍ ക്രെസ്സും നിരവധി ദ്വീപുകളില്‍ നിന്ന് സസ്യങ്ങള്‍ ശേഖരിച്ചുകൊണ്ടു വന്നിട്ടുണ്ട്. എങ്ങനെയാണ് പക്ഷികളും സസ്യങ്ങളും ഒരു ദ്വീപില്‍ നിന്ന് മറ്റൊന്നിലേക്ക് പടര്‍ന്നുകൊണ്ട് ഒരുപോലെ ആവിര്‍ഭവിച്ചത് എന്ന അന്വേഷണത്തിലാണ് അദ്ദേഹം. ഓരോ രണ്ടു വര്‍ഷത്തിലും "വംശോത്പത്തി" വീണ്ടും വായിച്ചുകൊണ്ട് ഗ്രന്ഥകാരന് നേരെ അത്ഭുതപ്പെടാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
"ഡാര്‍വിന്‍ ഒരു ജീവശാസ്ത്ര പ്രതിഭയാണ്" എന്ന് ക്രെസ്സ് പറയുന്നു. "നാമെല്ലാം നമ്മുടേതായ സംഭാവനകള്‍ നടത്താന്‍ ശ്രമിക്കുന്നു. അതൊരുപക്ഷേ കരീബിയന്‍ പക്ഷികളുടെ പരിനാമമാകാം. അല്ലെങ്കില്‍ ജീവവൃക്ഷത്തിലേക്ക് ഒരു ശാഖ കൂടി ചേര്‍ക്കലാകാം." ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള അവസാനവാക്കല്ല "വംശോത്പത്തി" എന്നത് നാമെല്ലാം അംഗീകരിക്കുന്നു. ഡാര്‍വിന്‍റെ സിദ്ധാന്തപ്രകാരം മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് സ്വഭാവം കൈമാറ്റം ചെയ്യപ്പെടുന്നതിനെ വിശദീകരിക്കാന്‍ മാത്രം ജനിതകശാസ്ത്രം വളര്‍ന്നിട്ടില്ല. മനുഷ്യപരിണാമത്തെക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശങ്ങള്‍ "വംശോത്പത്തി"യില്‍ കൗശലപൂര്‍വ്വം അദ്ദേഹം ഒഴിവാക്കിയിരുന്നെങ്കിലും അതിന്‍റെ ഉള്‍പൊരുളുകള്‍ വ്യക്തമായിരുന്നു. ഗില്‍ബര്‍ട്ട് ആന്‍റ് സള്ളിവന്‍ പറയുന്നതുപോലെ: "നല്ല രീതിയില്‍ പെരുമാറിയിരുന്നുവെങ്കിലും ക്ഷൗരം ചെയ്ത ഒരു കുരങ്ങനാണ് ഡാര്‍വിന്‍റെ മനുഷ്യന്‍." ക്രെസ്സ് കൂട്ടിച്ചേര്‍ക്കുന്നു: "എല്ലാത്തിനെയും മനുഷ്യനോട് ബന്ധപ്പെടുത്തുന്ന എന്തോ ഒന്നുണ്ടെന്ന് ഡാര്‍വിന്‍ കാണിച്ചുതന്നു. ചില ആളുകള്‍ക്ക് അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്."
ഭിത്തിയിലെ ജീവവൃക്ഷം ചലിക്കുന്ന ഒരു പുരാതനവസ്തുവിനോടു കൂടി ആരംഭിച്ച് "താങ്കള്‍ ഇവിടെയാണ്" എന്ന സൂചകത്തില്‍ അവസാനിക്കുന്നു. "എനിക്ക് അതില്‍ യാതൊരു പ്രശ്നവുമില്ല" ആ സസ്യശാസ്ത്രജ്ഞന്‍ പുഞ്ചിരിച്ചു.
വംശോത്പത്തിയുടെ വാര്‍ഷികവും 2010-ലാരംഭിച്ച മനുഷ്യോത്പത്തിയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകളും കൊണ്ട് രണ്ടു വൈരുദ്ധ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനായി സ്മിത്സോണിയന്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. "ശാസ്ത്രം ഗൗരവമേറിയതാണ്" എന്ന് കമ്മറ്റിയംഗങ്ങളിലൊരാളായ ഡോ. കോണി ബെര്‍ത്ക അഭിപ്രായപ്പെടുന്നു. "ലോകകാര്യങ്ങളെക്കുറിച്ച് ശാസ്ത്രം പഠിച്ചറിഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നതില്‍ നിന്ന് ആരെയെങ്കിലും അവരുടെ മതവിശ്വാസങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ അത് സങ്കടകരമാണ്." ദൈവശാസ്ത്രസെമിനാരിയില്‍ പഠിപ്പിക്കുകയും ഭൂമിയില്‍ ആഴത്തിലുള്ള കാര്‍ബണെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്ന ഭൗമശാസ്ത്രജ്ഞയായ ബെര്‍ത്ക പരിണാമത്തെക്കുറിച്ച് മതപരവും മതേതരവുമായ വിലയിരുത്തലുകള്‍ നടത്തുന്നതിന് യോഗ്യയാണ്.
"ഡാര്‍വിന്‍ എന്തു വിശ്വസിച്ചിരുന്നു എന്നു പുറത്തുകൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്" എന്ന് ബെര്‍ത്ക പറയുന്നു. "തന്‍റെ മരണക്കിടക്കയില്‍ അദ്ദേഹം ദൈവത്തിലും ക്രിസ്തീയതയിലുമുള്ള വിശ്വാസം ഏറ്റു പറഞ്ഞു എന്നൊരു കഥയുണ്ട്. മിണ്ടാതിരുന്നുവെങ്കിലും അദ്ദേഹമൊരു നിരീശ്വരവാദിയായിരുന്നുവെന്ന് നിരീശ്വരവാദികള്‍ പറയുന്നു. ശാസ്ത്രീയ പ്രതികരണങ്ങള്‍ എന്തായിരിക്കുമെന്നതിലുപരി മതാധികാരികള്‍ എന്തു ചിന്തിക്കുമെന്ന വേദനയാണ് അദ്ദേഹത്തിന്‍റെ ഉറക്കം കളഞ്ഞത് എന്നു ഞാന്‍ വിചാരിക്കുന്നു."
"നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നത്?"ഒരു റിപ്പോര്‍ട്ടര്‍ അവളോട് ചോദിച്ചു. "ഞങ്ങള്‍ തനിമയുള്ളവരാണെന്ന് ഞാന്‍ ചിന്തിക്കുന്നു. പക്ഷേ ഭൂമിയിലെ സകലജീവനോടും ഞങ്ങളെ ബന്ധപ്പെടുത്തുന്ന ഒരു ചട്ടക്കൂടിനുള്ളിലാണത്", അവള്‍ മറുപടി പറഞ്ഞു. "ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെടുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്? നാം ദൈവത്തോടൊപ്പം സഹസൃഷ്ടികളാണ് എന്നാണ് അതിനര്‍ത്ഥം. മറ്റു സസ്തനികള്‍ക്കില്ലാത്ത കഴിവുകള്‍ നമുക്കുണ്ട്. പക്ഷേ ഈ തനിമ എന്തുതന്നെയായാലും അത് ആവിര്‍ഭവിച്ചതു മാത്രമാണ്."
സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഷേക്സ്പിയറിന്‍റെ 'ആന്‍റണിയും ക്ലിയോപാട്രയും' നാടകത്തില്‍ നിന്നുള്ള ഒരു വാചകം രേഖപ്പെടുത്തിയിട്ടുണ്ട്: "പ്രകൃതിയുടെ രഹസ്യങ്ങളുടെ അനന്തഗ്രന്ഥത്തില്‍ നിന്ന് ഒന്നുംതന്നെ എനിക്ക് വായിക്കാനാവുന്നില്ല"; രാജ്ഞിയുടെ ജാതകമെഴുതാന്‍ നിര്‍ബന്ധിതനായ ദീര്‍ഘദര്‍ശിയുടെ വാക്കുകള്‍.
ഒന്നരനൂറ്റാണ്ടുകള്‍ മുമ്പ് ചാള്‍സ് ഡാര്‍വിന്‍ ഇതേ ദീര്‍ഘദര്‍ശിയെ കണ്ടിട്ടുണ്ടാവാം. തന്‍റെ പ്രതീക്ഷ വംശോത്പത്തിയുടെ അവസാനഭാഗത്ത് അദ്ദേഹം രേഖപ്പെടുത്തിയത്, വിദ്യാസമ്പന്നരായ ആളുകള്‍ "ഇനിമേല്‍ ജീവരൂപങ്ങള്‍ക്കുനേരെ പ്രാകൃതന്‍ കപ്പലിനെ നോക്കുന്നതുപോലോലെ നോക്കരുത്" എന്നാണ്. ജീവരൂപങ്ങള്‍ രൂപപ്പെട്ടത് "അത്ഭുതകരമായ ഒരു സൃഷ്ടിപ്രക്രിയയിലൂടെയല്ല" മറിച്ച് "യഥാര്‍ത്ഥത്തില്‍ അത് ഒന്നോ അതിലധികമോ രൂപങ്ങളിലേക്ക് നിശ്വസിക്കപ്പെടുകയായിരുന്നു" എന്നാണ് അദ്ദേഹം ഉപസംഹരിക്കുന്നത്.
അപ്രകാരം വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടോയെന്നത് വലിയ വിവാദമായി അവശേഷിക്കുന്നു. ബെര്‍ത്ക പറയുന്നു, "ദൈവമാണ് ആരംഭമിടേണ്ടത് എങ്കില്‍ തീര്‍ച്ചയായും ദൈവം തന്നെയായിരിക്കും ഏറ്റവും ഒടുവിലും"25.
ദ ഹെരറ്റിക് ഇംപെരറ്റീവ്
നാം നമ്മെത്തന്നെയും സമൂഹത്തെയും വീക്ഷിക്കുന്ന രീതിയില്‍ പരിണാമസിദ്ധാന്തം ഗൗരവമായ മാറ്റങ്ങള്‍ വരുത്തി. ഒരു വിശ്വാസി തന്‍റെ വിശ്വാസത്തിന്‍റെയല്ല, ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിണാമസിദ്ധാന്തത്തെ വിശ്വസിക്കുകയോ വിശ്വാസിക്കാതിരിക്കുകയോ ചെയ്യേണ്ടത്. പരിണാമത്തിന്‍റെ ഇപ്പോഴുള്ള വിവരണങ്ങളെ നിരാകരിക്കുന്ന പുതിയ സിദ്ധാന്തങ്ങള്‍ ശാസ്ത്രം കൊണ്ടുവന്നേക്കാം. ഏറ്റവും നല്ലതേത് എന്നത് ശാസ്ത്രജ്ഞരാണ് തീരുമാനിക്കേണ്ടത്.
അതേസമയം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് വിമര്‍ശനാത്മകമായും ക്രിയാത്മകമായും അറിയുകയും മതജീവിതത്തിന്‍റെ വ്യത്യസ്തതലങ്ങളില്‍ അവ പ്രയോഗിക്കുകയും ചെയ്യുക എന്നതാണ് ആധുനികകാലത്തെ വിശ്വാസികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി: ദൈവമെന്ന ആശയത്തിന്‍റെ വളര്‍ച്ച, സത്യപ്രബോധനങ്ങളുടെ ഉത്ഭവവും പുരോഗതിയും വിശ്വാസിസമൂഹത്തിന്‍റെ ജീവിതാനുഭവങ്ങള്‍26. അതുപോലെതന്നെ, ശാസ്ത്രജ്ഞരഭിമുഖീകരിച്ച വെല്ലുവിളി പരിണാമദര്‍ശനങ്ങള്‍ ഒരു തത്വമെന്ന നിലയില്‍ ശാസ്ത്രത്തിലാകമാനം ഉപയോഗിക്കുക എന്നതാണ്. ഡാര്‍വീനിയന്‍ ഉള്‍ക്കാഴ്ചകളെ ശാസ്ത്രത്തെ ആപേക്ഷികവത്കരിക്കുന്നതിനും പരിണാമപ്രകൃതമുള്ള മതത്തോട് തുറവി കാണിക്കാനും ആദരവോടും ബഹുമാനത്തോടും കൂടി അവര്‍ക്കുപയോഗിക്കാവുന്നതാണ്.
ആവിര്‍ഭവിച്ചുവരുന്ന ഒരു മനുഷ്യരൂപത്തെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് കഴിയുകയില്ലേ? ഇപ്പോഴും തനതായ ഒരു സാധ്യതയിലേക്ക് തുറവിയുള്ള ഒരു സ്വയാവബോധം നമുക്ക് രൂപപ്പെടുത്താനാവുകയില്ലേ? അതാണ് ഇന്ന് ശാസ്ത്രജ്ഞരും വിശ്വാസികളും അഭിമുഖീകരിക്കുന്ന പ്രശ്നം. യുക്തിപൂര്‍വ്വകവും ക്രിയാത്മകവുമായ നിരവധി സാധ്യതകളില്‍ നിന്ന് തിരഞ്ഞെടുക്കേണ്ട ഒന്ന്!
science religion darwin a contemporary evaluation Kuruvila Pandikattu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206