x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ശാസ്ത്രവും ദൈവശാസ്ത്രവും

west ശാസ്ത്രവും ദൈവശാസ്ത്രവും / പരിണാമസിദ്ധാന്തവും ദൈവശാസ്ത്രവും

ശാസ്ത്ര-മത ബന്ധത്തിന്‍റെ അവലോകനം

Authored by : Rev Dr. Augustine Pamplany On 27-May-2021

ശാസ്ത്ര-മത ബന്ധത്തിന്‍റെ അവലോകനം


പ്രകൃതിക്രമത്തിലെ വസ്തുക്കളെക്കുറിച്ചുള്ള ക്രമീകൃതമായ പഠനമായിട്ടാണ് ശാസ്ത്രം സാധാരണ വിലയിരുത്തപ്പെടുന്നത്. ബര്‍ട്രന്‍റ് റസ്സല്‍ ശാസ്ത്രത്തെ ഇപ്രകാരം നിര്‍വ്വചിക്കുന്നു: "നിരീക്ഷണവും യുക്തിയുമുപയോഗിച്ച് പരസ്പരബന്ധിതമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തലുകള്‍ നടത്താനും ഭാവിസംഭവങ്ങളെ പ്രവചനവിധേയമാക്കാനുമുള്ള ശ്രമം." [1]അലിസ്റ്റര്‍ ഇ മക്ഗ്രാത്തിന്‍റെ അഭിപ്രായത്തില്‍: "പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അനുമാനങ്ങളിലൂടെയും ഭൗതികലോകത്തിലെ പ്രതിഭാസങ്ങള്‍ക്ക് വിശ്വസനീയമായ വിശദീകരണങ്ങള്‍ നല്‍കിയും, പ്രകൃതിയിലെ സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും ക്രമീകൃതമായ നിരീക്ഷണത്തിലൂടെയും, അവയെ സംബന്ധിക്കുന്ന വസ്തുതകള്‍ കണ്ടെത്തുന്നതിനും അവയുടെയടിസ്ഥാനത്തില്‍ നിയമങ്ങളും തത്ത്വങ്ങളും രൂപീകരിക്കുന്നതിനുമുള്ള പഠനത്തിന്‍റെ ഒരു സംഘടിതമേഖലയും അറിവിന്‍റെ രൂപവുമാണ് ശാസ്ത്രം." [2] ശാസ്ത്രം സ്വാഭാവികപ്രകൃതിക്രമവുമായി ബന്ധപ്പെടുമ്പോള്‍ മതം പ്രകൃത്യതീതമായവയെയാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ത്തന്നെ മതം പലര്‍ക്കും ഒരു പ്രകൃത്യതീതശക്തിയിലുള്ള വിശ്വാസവും അമൂര്‍ത്തമായ ഒന്നിനോടുള്ള പ്രതിബദ്ധതയുമാണ്. ഇന്ദ്രിയങ്ങള്‍ക്ക് നേരിട്ട് വിഷയീഭവിക്കുന്നവയെയല്ല മറിച്ച് വസ്തുക്കളുടെ ഉയര്‍ന്ന ശ്രേണിയിലുള്ള സാക്ഷാത്കാരമാണ് മതം പരിഗണിക്കുന്നത്. അറിവ് അന്വേഷിക്കുന്ന ഒരു സംരംഭം എന്ന നിലയില്‍ ശാസ്ത്രം "യാഥാര്‍ത്ഥ്യത്തിന്‍റെ പ്രകൃതത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്നു; പ്രപഞ്ചത്തിന്‍റെ പെരുമാറ്റശൈലി മനസ്സിലാക്കുന്നതിലും പ്രവചിക്കുന്നതിലും ശാസ്ത്രം വിജയിക്കുന്നു... ശാസ്ത്രത്തിന്‍റെ വാദങ്ങള്‍ മതത്തിന്‍റേതില്‍ നിന്ന് വ്യത്യസ്തവും മേല്‍ക്കോയ്മയുള്ളതുമാണ്. കാരണം, ശാസ്ത്രം അതിന്‍റെ അന്വേഷണത്തില്‍ മതത്തേപ്പോലെ മുന്‍വിധികള്‍ വച്ചുപുലര്‍ത്തുന്നില്ല. മാത്രമല്ല മാറ്റമില്ലാത്തതും കഠിനവുമായ വസ്തുതകളിലല്ല അത് അടിസ്ഥാനമിട്ടിരിക്കുന്നതും." [3] കാള്‍സണ്‍ പ്രസ്താവിക്കുന്നതുപോലെ, മതത്തിനുമേല്‍ ശാസ്ത്രത്തിനുള്ള വാദങ്ങളുടെ അധീശത്വത്തിനുമേല്‍ സംവദിക്കാറായിട്ടില്ല. മതത്തിന് വ്യക്തികളുടെയും മനുഷ്യവംശം മുഴുവന്‍റെയും അര്‍ത്ഥവും ലക്ഷ്യവും നിര്‍വ്വചിക്കുന്നതിലും നയിക്കുന്നതിലും ശക്തമായ നിയന്ത്രണമുണ്ട്. മനുഷ്യന്‍റെ സാമൂഹികജീവിതത്തിലും വ്യക്തിയുടെമേലും മതത്തിനും ശാസ്ത്രത്തിനുമുള്ള ശക്തമായ സ്വാധീനം കണക്കിലെടുക്കുമ്പോള്‍ അവതമ്മില്‍ സാദ്ധ്യമായ ഏതൊരിടപഴകലും ആദ്യമായി അവയുടെ അടിസ്ഥാനനിഗമനങ്ങളും പഠനമേഖലയും രീതിശാസ്ത്രവും വ്യക്തമാക്കേണ്ടതുണ്ട്. 

സാധര്‍മ്മ്യങ്ങളും വ്യത്യാസങ്ങളും  മതത്തിനും ശാസ്ത്രത്തിനുമിടയിലുള്ള രീതിശാസ്ത്രപരവും ഘടനാപരവുമായ സാധര്‍മ്മ്യങ്ങളെക്കുറിച്ചുള്ള പുതുബോദ്ധ്യം അവതമ്മില്‍ ക്രിയാത്മകമായ പരസ്പരസഹകരണം എളുപ്പമാക്കുന്നു. ഭാഷാവിശകലനത്തിലും ചരിത്രപരമായ വിമര്‍ശനത്തിലും ഇരുപതാം നൂറ്റാണ്ടിലുണ്ടായ പുരോഗതി കഴിഞ്ഞകാലങ്ങളില്‍ മതശാസ്ത്രബന്ധത്തിന് വിഘാതമായിരുന്ന ജ്ഞാനമീമാംസാപരവും രീതിശാസ്ത്രപരവുമായ നിരവധി തടസ്സങ്ങളെ നീക്കംചെയ്തു. ശാസ്ത്രം നേരിട്ട വിമര്‍ശനാത്മകഅപഗ്രഥനവും പുതിയ ദൈവശാസ്ത്രാവബോധവുമായി ബന്ധപ്പെട്ട വിപ്ലവകരമായ പരിവര്‍ത്തനവും അവയുടെ തനിമയും വ്യതിരിക്തതയും കാത്തുസൂക്ഷിച്ചുകൊണ്ട് രണ്ടിന്‍റെയും യുക്തവും അനുകൂലവുമായ പ്രാതിനിധ്യത്തിന്‍റെ സാധ്യതയെ വിശാലമാക്കി. 


ഭാഷ: അക്ഷരാര്‍ത്ഥത്തിലുള്ളതും രൂപകാത്മകവും ശാസ്ത്രീയജ്ഞാനം പൂര്‍ണ്ണമായും കൃത്യമാണെന്ന് 1930-40 കാലയളവില്‍ പോസിറ്റിവിസ്റ്റുകള്‍ വാദിച്ചു. ഇന്ദ്രിയബദ്ധമായി സ്ഥിരീകരിക്കാന്‍ കഴിയുമ്പോഴാണ് പ്രസ്താവനകള്‍ അര്‍ത്ഥപൂര്‍ണ്ണമാവുക എന്ന് അവരുടെ സ്ഥിരീകരണതത്ത്വം (verification principle) പഠിപ്പിച്ചു. ഈ സ്ഥിരീകരണപദ്ധതി ഗണിതശാസ്ത്രപരമായ ന്യൂനീകരണ (quantitative reductionism) ത്തോടൊപ്പം ശാസ്ത്രത്തെ ബന്ധനസ്ഥമാക്കുകയും ശാസ്ത്രത്തില്‍ത്തന്നെ തൃപ്തിപ്പെടുത്താനാവാത്തവിധം കഠിനമായിത്തീരുകയും ചെയ്തു. ഇന്ന് ആധുനികശാസ്ത്രത്തിന്‍റെ പ്രതിസന്ധി രൂപപ്പെടുന്നത് ഏറ്റവുമധികം അതിന്‍റെ തന്നെ സംവിധാനങ്ങളില്‍നിന്നാണ്: "അപഗ്രഥിക്കുകയും വിശദീകരിക്കുകയും തരംതിരിക്കുകയും ചെയ്യുന്ന ശാസ്ത്രീയരീതി അതിന്‍റെ പരിമിതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്... ശാസ്ത്രീയലോകവീക്ഷണം വാക്കിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ ഒരു ശാസ്ത്രീയവീക്ഷണമല്ലാതായിത്തീര്‍ന്നു." [4] ഭൗതികശാസ്ത്രത്തിന്‍റെ മുഖ്യപുരോഹിതരില്‍ ഒരാളായ വെര്‍ണര്‍ ഹെയ്സന്‍ബര്‍ഗിന്‍റെ ഈ കുമ്പസാരം ശാസ്ത്രീയരീതിയുടെ പരിമിതികള്‍ വെളിപ്പെടുത്തി. ശാസ്ത്രത്തിന്‍റെ സിദ്ധാന്തങ്ങള്‍ക്കും സൂത്രസംജ്ഞകള്‍ക്കും ഉപരിയായി യാഥാര്‍ത്ഥ്യത്തിന് ഇനിയും കണ്ടെത്താത്ത തലങ്ങളുണ്ടെന്ന ശാസ്ത്രഭാഷയുടെ ഭാവാത്മകവിശദീകരണമായിരുന്നു അത്. പ്രത്യക്ഷഅര്‍ത്ഥത്തിനുപരിയായി സൂക്ഷ്മവിശദീകരണങ്ങളിലൂടെ മാത്രം സ്വാംശീകരിക്കാവുന്ന ആലങ്കാരികമായ ആഴം ശാസ്ത്രഭാഷയ്ക്കുണ്ട്. മറ്റുവാക്കുകളില്‍, സ്വന്തം സംവിധാനങ്ങളുടെ പരിമിതകളെക്കുറിച്ചുള്ള ശാസ്ത്രീയാവബോധം, ഭൗതികയാഥാര്‍ത്ഥ്യത്തിനുപോലും അളവുകള്‍ക്ക് വിധേയമായ സംജ്ഞകളുടെ പരിമിതചക്രവാളത്തില്‍ ഒതുങ്ങിനില്ക്കാനാവില്ല എന്നത് സമ്മതിക്കുന്നു. ഇന്ദ്രിയപരമായ അറിവിന്‍റെ അനുഭവം പകര്‍ന്നുനല്കുന്നതിന് ശാസ്ത്രജ്ഞരുപയോഗിക്കുന്ന ബിംബങ്ങളുടെയും സാദൃശ്യങ്ങളുടെയും രൂപകങ്ങളുടെയും അപൂര്‍ണ്ണമായ ഒരു പൊതുഅവലോകനം പോലും വിശദീകരണയോഗ്യമായ ഘടനകളില്ലാതെ നിലനില്ക്കുന്നില്ല. "പ്രപഞ്ചത്തെയാകമാനം വിശദീകരിക്കുന്ന ഭൗതികശാസ്ത്രജ്ഞരുടെ ഭാഷ ഉയര്‍ന്ന രീതിയില്‍ ആലങ്കാരികമാണ്. ഭൗതികശാസ്ത്രത്തില്‍, ആലങ്കാരികമാണെങ്കില്‍പ്പോലും പ്രപഞ്ചം മുഴവന്‍ ഒരു ഏകതയാണെന്ന വിശദീകരണത്തിന്‍റെ സാധ്യത യഥാര്‍ത്ഥത്തില്‍ അതില്‍ത്തന്നെ പ്രശ്നബാധിതമാണ്... ഭൗതികശാസ്ത്രവും വാനശാസ്ത്രവും തങ്ങളുടെ വിവരണങ്ങളില്‍നിന്ന് ഗണിതശാസ്ത്രത്തെ മാറ്റിനിര്‍ത്തുകയും കാവ്യമീമാംസയില്‍ നിന്ന് ആവിര്‍ഭവിച്ച് യോഗ്യരായ കേഴ്വിക്കാര്‍ക്ക് തങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊടുക്കാന്‍ സഹായകമായ രൂപക-നിയന്ത്രിതമായ (metaphoric-driven) മാതൃകകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു." [5] ശാസ്ത്രസംരംഭത്തിന് ഏറ്റവും അത്യന്താപേക്ഷിതവും നിരീക്ഷണത്തില്‍ നിന്ന് രൂപംകൊള്ളുന്നതുമായ ശാസ്ത്രീയസിദ്ധാന്തങ്ങളും മാതൃകകളും പ്രദര്‍ശിപ്പിക്കുന്നതും അക്ഷയമായ ഇതേ തലങ്ങള്‍ തന്നെയാണ്. ബാര്‍ബര്‍ ഒരു ശാസ്ത്രീയമാതൃകയെ നിര്‍വ്വചിക്കുന്നു: "സാധാരണമായ സംവിധാനങ്ങളും പ്രക്രിയകളുമായുള്ള സാധര്‍മ്മ്യങ്ങളും, നിരീക്ഷണങ്ങളുടെ ഒരു കൂട്ടത്തെ പരസ്പരം ബന്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള സിദ്ധാന്തനിര്‍മ്മാണവും അടിസ്ഥാനപ്പെടുത്തിയ ഒരു സൈദ്ധാന്തികമാതൃക, കൂടാതെ, ഒരു സാങ്കല്പികമാതൃക അല്ലെങ്കില്‍ പ്രക്രിയ." [6] നിരീക്ഷണവിധേയമായ ഒരു സംവിധാനത്തിന്‍റെ പെരുമാറ്റശൈലി വിശദീകരിക്കുന്നതിനുള്ള സിദ്ധാന്തരൂപീകരണത്തിനാണ് ഈ മാതൃക ഉപയോഗിക്കുന്നത്. [7]  ഇപ്പോള്‍ ശാസ്ത്രമാതൃകകളെ അവയില്‍ത്തന്നെ അടയ്ക്കപ്പെട്ടവയായി കണക്കാക്കാനാവില്ല. "അവ തുറവിയുള്ളതും വ്യാപ്തി വര്‍ദ്ധിപ്പിക്കാവുന്നതും പുതിയ സാങ്കല്പികസിദ്ധാന്തങ്ങളുടെ വിചാരണയ്ക്ക് വിധേയവുമാണ്." [8] ദാര്‍ശനികമായി പറഞ്ഞാല്‍, നമുക്ക് നേരിട്ട് പ്രവേശനം ലഭിക്കാത്തവയുടെ പ്രതീകാത്മകപ്രതിനിധിയാണ് ഈ മാതൃകകള്‍: "മാതൃകകള്‍ ഗൗരവമായി പരിഗണിക്കപ്പെടുന്നു, അക്ഷരാര്‍ത്ഥത്തിലല്ല. അവ യാഥാര്‍ത്ഥ്യത്തിന്‍റെ അക്ഷരചിത്രങ്ങളോ ഉപയോഗ്യയോഗ്യമായ കഥകളോ അല്ല. മറിച്ച് നിരീക്ഷണവിധേയമല്ലാത്തവയുടെ ഭാഗികവും താത്ക്കാലികവുമായ സങ്കല്പമാണ്. നമുക്ക് നേരിട്ട് കടന്നുചെല്ലാനാവാത്ത ലോകത്തിന്‍റെ വിവിധതലങ്ങള്‍ പ്രതീകാത്മകമായി അവ പ്രതിനിധീകരിക്കുന്നു." [9] വളരെ പ്രതീകാത്മകവും രൂപകബന്ധിതവുമാണ് മതത്തിന്‍റെ ഭാഷ എന്നു പറയാതെതന്നെ അറിയാം. ദൈവശാസ്ത്രത്തിന്‍റെ ഭാഷ "തനതായ ഉപയോഗമുള്ളതും, പ്രതീകങ്ങളുടെ ഒരു സംവിധാനവും വിശ്വാസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകവുമാണ്." [10] ബൈബിളില്‍ പ്രബലമായ പ്രതീകങ്ങളുടെയും ചിത്രങ്ങളുടെയും ഗുപ്തമായ ആഴങ്ങള്‍ വെളിപ്പെടാതെ ബൈബിള്‍സാഹിത്യം ശരിയായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. 'ദൈവവചനം' എന്ന വത്തിക്കാന്‍ കൗണ്‍സില്‍ രേഖ, കേള്‍വി, സംസാരം, കാഴ്ച എന്നീ ബൈബിള്‍ രൂപകങ്ങളുപയോഗിച്ച് ബൈബിള്‍ വെളിപാടുകളെ വിജയകരമായി സ്വാംശീകരിക്കുന്നു. [11] വാക്ക് അല്ലെങ്കില്‍ സംസാരരൂപേണയാണ് പഴയനിയമത്തിലെ വെളിപാട് അവതരിപ്പിക്കപ്പെടുന്നത് (ഏശ 1:2; ജറ 1:2; എസ 1:3; മിക്കാ 1:1).

ദൈവത്തിന്‍റെ സുഹൃത്തെന്നു വിളിക്കപ്പെട്ട അബ്രഹാമും ദൈവത്തോടു മുഖാമുഖം സംസാരിച്ച മോശയും അവയുടെ ആലങ്കാരികതലത്തിലാണ് പൂര്‍ണ്ണഅര്‍ത്ഥം നേടുന്നത്. സൃഷ്ടി വിവരണത്തിന്‍റെ പ്രതീകാത്മകഅര്‍ത്ഥം, പെസഹാവിരുന്നുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ തുടങ്ങിയവ പുരാതനകാലം മുതല്‍ മതപരമായ ഭാഷയും പ്രതീകങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സുവ്യക്തമാക്കുന്നു.  പ്രവാചകസാഹിത്യം മുഴുവനായും-അതിന്‍റെ ഭാഷ മാത്രമല്ല-പ്രതീകാത്മകപ്രവൃത്തികളിലും സൂചനകളിലും ആഴമായി മുഴുകുന്നു. സാവൂളില്‍ നിന്ന് യാഹ്വേ രാജ്യം അടര്‍ത്തിമാറ്റി എന്നതിന്‍റെ സൂചനയായി സാമുവലിന്‍റെ വസ്ത്രം സാവൂള്‍ കീറുന്നത് വിവരിക്കുന്നത്   (1 സാമു. 15:27), ഷിലോയുടെ പുതിയ വസ്ത്രം അബിജാ മുറിച്ചുവേര്‍പെടുത്തുന്നത് (1 രാജാ. 12:30), ആമോസിന്‍റെ ദര്‍ശനം, ഹോസിയായുടെ മക്കളുടെ പേരുകള്‍ (1:25-5:6-7; 2:21-23) എന്നിവയെല്ലാം പ്രവാചകസാഹിത്യത്തിലെ പ്രതീകാത്മകതയുടെ സൂചനകളാണ്. പുതിയനിയമവും പ്രതീകാത്മകമൂല്യമുള്ള സംഭവങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. അത്തിവൃക്ഷത്തിന്‍റെ നാശം, ദൈവാലയത്തിലെ തിരശ്ശീല കീറുന്നത്, വെളിപാട്ദര്‍ശനം മുതലായവ ചരിത്രപരമായ അവയുടെ പ്രാധാന്യത്തെക്കാളുപരി പ്രതീകാത്മകചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ദൈവസാന്നിദ്ധ്യത്തിന്‍റെ യഹൂദഅനുഭവങ്ങള്‍ വിശദമാക്കുന്ന സങ്കീര്‍ണ്ണമായ ഒരുകൂട്ടം പ്രതീകങ്ങള്‍ - കടന്നുവരുന്ന ദൈവം, നയിക്കുന്ന ദൈവം, നമ്മില്‍ വസിക്കുന്ന ദൈവം, മറഞ്ഞിരിക്കുന്ന ദൈവം - ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ചുള്ള അനുഭവങ്ങളെ വിശദീകരിക്കുന്നതിന് ഉപയോഗിക്കപ്പെട്ടു. [12] ദൈവശാസ്ത്രചിന്തയില്‍ എന്നും പ്രബലമായിക്കൊണ്ടിരിക്കുന്ന പ്രതീകങ്ങളുടെ സ്വാധീനമാണ് ഇത് കാണിക്കുന്നത്. മുകളില്‍ കണ്ട മതശാസ്ത്രഭാഷകളുടെ പ്രതീകാത്മകവും ആലങ്കാരികവുമായ മൂല്യം അവയെതമ്മില്‍ കൂട്ടിക്കെട്ടുന്നതിന് നമ്മെ അനുവദിക്കുന്നില്ല. ശാസ്ത്രീയവിശകലനങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ മതപരമായ ഭാഷയുടെ സ്മരണയുണര്‍ത്തുന്നതും അസ്തിത്വാത്മകവുമായ മൂല്യത്തെ അവഗണിക്കാനാവില്ല. ദൈവശാസ്ത്രപ്രസ്താവനകള്‍ ആലങ്കാരികവും പ്രതീകാത്മകവുമാകുന്ന നിരവധി മാര്‍ഗങ്ങളുടെ ആഴമായ വിശകലനത്തിന് ശേഷമല്ലാതെ, ശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ പരസ്പരബന്ധങ്ങള്‍ രൂപീകരിക്കാന്‍ ആരും മുതിരരുത്. വ്യക്തിപരമായ ഉള്‍ച്ചേരലും പ്രതിബദ്ധതയിലേക്കുള്ള വിളിയും മതപരമായ ഭാഷയില്‍ സഹജമാണ്. ധാര്‍മ്മികതയിലും ആചാരങ്ങളിലും പ്രകടമാകുന്ന മതപരമായ ബിംബങ്ങളും അനുഭവങ്ങളും തമ്മിലുള്ള ബന്ധം ശരിയായി മനസ്സിലാക്കുമ്പോൾ [13], മതപരമായ അനുഭവങ്ങളും ശാസ്ത്രീയഅറിവുകളും തമ്മിലുള്ള വികൃതമായ താരതമ്യങ്ങള്‍ ഒഴിവാക്കപ്പെടും. മിക്കവാറും എല്ലാ ശാസ്ത്രീയസൈദ്ധാന്തികപ്രതീകങ്ങളും ജ്ഞാനമീമാംസാതലത്തില്‍ പരിശോധിക്കുമ്പോള്‍ മതപരമായ പ്രസ്താവനകളുടെ പ്രതീകാത്മകമൂല്യം കൂടുതല്‍ അത്യന്താപേക്ഷിതവും യഥാര്‍ത്ഥവുമായിത്തീരുന്നു. 
ചരിത്രം: വസ്തുനിഷ്ഠമോ വ്യക്തിനിഷ്ഠമോ? "വസ്തുനിഷ്ഠമായ സിദ്ധാന്തങ്ങളായി കാണപ്പെടുന്നവ സംസ്കാരബന്ധിയും വിഷയബന്ധിയുമാണെന്ന് (cultural dependant and subject dependant) പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശാസ്ത്രം ഇപ്പോള്‍ മൊത്തത്തില്‍ ആപേക്ഷികമായ പദ്ധതിയായും, ഒരു പരിധിവരെ സാമൂഹ്യാദര്‍ശങ്ങളാലും മനോഭാവങ്ങളാലും സ്വാധീനിക്കപ്പെടുന്നതായും കരുതപ്പെടുന്നു. അറിവിലേക്കുള്ള ഏകമാര്‍ഗ്ഗം എന്ന ശാസ്ത്രത്തിന്‍റെ അധീശത്വവാദം അങ്ങനെ ഇല്ലാതാവുകയും, ലോകത്തിന്‍റെ അര്‍ത്ഥമന്വേഷിക്കുന്നതിന് സഹായകമായ നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്നായി അത് കാണപ്പെടുകയും ചെയ്യുന്നു." [14] ശാസ്ത്രജ്ഞാനത്തിന്‍റെ മാറുന്ന തലങ്ങളെ മൂണി (Mooney) "നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്ന്" എന്ന വിധത്തില്‍ വിശദീകരിക്കുന്നത് അല്പം അതിശയോക്തി കലര്‍ന്നതും തെറ്റിലേക്കു നയിക്കുന്നതുമാണ്. എങ്കിലും ശാസ്ത്രജ്ഞാനത്തിന്‍റെ പുതിയ വ്യാഖ്യാനങ്ങള്‍ അത് അവതരിപ്പിക്കുന്നു. വ്യക്തിസംസ്കാരബന്ധങ്ങളില്‍ നിന്നും തികച്ചും വേറിട്ട ശാസ്ത്രജ്ഞാനം പൂര്‍ണ്ണമായും വസ്തുനിഷ്ഠവും സാര്‍വ്വത്രികവുമാണെന്ന് കരുതപ്പെട്ടിരുന്നു. ശാസ്ത്രത്തിന്‍റെ ചരിത്രകാരന്മാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ധാരണകളെ ചോദ്യം ചെയ്തു. നിരവധി ശാസ്ത്രദാര്‍ശനികരുപയോഗിച്ചിരുന്ന 'വെല്‍ട്ടന്‍ഷാംഗ്' (weltanschauung) എന്ന സ്വീകൃതാശയം ശാസ്ത്രത്തിന്‍റെ വ്യക്ത്യേതരമായ വസ്തുനിഷ്ഠതയെ വെല്ലുവിളിച്ചു. യാഥാര്‍ത്ഥ്യത്തിന്‍റെ ശാസ്ത്രചിത്രത്തിനുമേല്‍ ശാസ്ത്രജ്ഞന്‍റെ വിശ്വാസങ്ങള്‍ക്കും ലോകവീക്ഷണത്തിനും വലിയ സ്വാധീനമുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇത് ശാസ്ത്രത്തെ ഭാഗികമായി ഒരു സാമൂഹികസംരംഭമാക്കുന്നു. വ്യക്തിപരവും സാമൂഹികവും ധൈഷണികവും സാംസ്കാരികവുമായ ഇടപഴകലുകളുടെ സങ്കീര്‍ണ്ണതയാണ് ഒരു സിദ്ധാന്തത്തിന്‍റെ സ്വീകാര്യതയും നിരാകരണവും നിര്‍ണയിക്കുന്നത്. [15] 

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭദശകങ്ങളില്‍ ഐന്‍സ്റ്റീന്‍റെ തന്നെ ക്വാണ്ടം സിദ്ധാന്തനിരാകരണവും വികസിക്കുന്ന പ്രപഞ്ചം (expanding universe) എന്ന സങ്കല്പത്തോടുള്ള പ്രതിരോധവും ഇതിനുദാഹരണങ്ങളാണ്. "ശാസ്ത്രം മറനീക്കുന്ന തെളിവുകള്‍ നമ്മുടെ പ്രബോധനങ്ങളിലെ വിശ്വാസസത്യങ്ങളുമായി സംഘര്‍ഷത്തിലാകുമ്പോള്‍ ശാസ്ത്രമനസ്സ് - തികച്ചും വസ്തുനിഷ്ഠമായ മനസ്സ് - പ്രതികരിക്കുന്നതിന്‍റെ രസകരമായ ചിത്രം നല്കുന്നു. വിശ്വാസങ്ങള്‍ തെളിവുകളുമായി സംഘര്‍ഷത്തിലാകുമ്പോള്‍ വിശ്വാസി പ്രതികരിക്കുന്നതുപോലെ തന്നെയാണ് ശാസ്ത്രജ്ഞരും പെരുമാറുന്നതെന്ന് ഇത് വ്യക്തമാക്കുന്നു..." [16] ഒരു വാനശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു. ശാസ്ത്രങ്ങളുടെ ഗണിതശാസ്ത്രപരവും അനുഭവാധിഷ്ഠിതവുമായ വസ്തുനിഷ്ഠത ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കുനേരെ വിശകലനാത്മകമായ സമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് വ്യക്തിനിഷ്ഠവും മൂല്യബന്ധിതവുമായ ധാരണകള്‍ക്ക് ഭാഗികമായി വഴിമാറിക്കൊടുത്തു.  ആധുനികബൈബിള്‍ പഠനങ്ങളിലുപയോഗിക്കുന്ന ചരിത്രപരവും വിമര്‍ശനാത്മകവുമായ രീതി ദൈവശാസ്ത്രത്തിന്‍റെ ആത്മാവിഷ്കാരത്തില്‍ തദനുസാരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പണ്ഡിതോചിതമായ ബൈബിള്‍ പഠനങ്ങള്‍ വെളിവാക്കുന്നത് വചനഭാഗങ്ങള്‍ അപ്രമാദിത്വമുള്ള ദൈവികകേട്ടെഴുത്തുകളല്ല എന്നാണ്. മറിച്ച് അവ ഇസ്രായേലിന്‍റെ ചരിത്രത്തിലോ ക്രിസ്തു എന്ന വ്യക്തിയിലോ ദൈവികസന്ദേശം വെളിപ്പെടുന്നു എന്ന അനുഭവത്തിന്‍റെ ദൈവപ്രചോദിതമായ വ്യാഖ്യാനങ്ങളാണ്. വിശുദ്ധ ഗ്രന്ഥം അങ്ങനെ ദൈവത്തിന്‍റെ ചരിത്രപരമായ വെളിപാട് അല്ലാതാവുകയും ചരിത്രപരമായി നിര്‍വ്വചിക്കാവുന്നതും സ്ഥലബന്ധിയായി രൂപപ്പെടുത്താവുന്നതും അര്‍ത്ഥദ്യോതകവുമായ ഒരുപകരണം എന്ന കാഴ്ചപ്പാടായി മാറുകയും ചെയ്തു. "കാരണം വ്യാഖ്യാനിക്കപ്പെടാത്ത അനുഭവം എന്നൊന്നില്ല. അതിനാല്‍ ബൈബിളില്‍ ഒരിക്കലും ദൈവത്തിന്‍റെ വ്യാഖ്യാനിക്കപ്പെടാത്ത വെളിപാടുണ്ടാവുക സാദ്ധ്യമല്ല." [17] മാതൃകാവിമര്‍ശനം (Form Criticism) സംശോധനാവിമര്‍ശനം (Redaction criticism) എന്നിവ വചനപ്രചോദനത്തെക്കുറിച്ചുള്ള രണ്ടു സാമൂഹ്യസിദ്ധാന്തങ്ങളാണ്. വചനരൂപീകരണത്തില്‍ സമൂഹത്തിന്‍റെയും വ്യക്തിയുടെയും സ്ഥാനം എന്താണെന്ന് അവ അന്വേഷിക്കുന്നു. മാതൃകാവിമര്‍ശനത്തിന്‍റെ [18] അഭിപ്രായത്തില്‍ ജീവിതസാഹചര്യങ്ങള്‍(Sitz im Leben)ക്കനുസരിച്ച് എഴുതപ്പെട്ട പാഠം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിശ്വാസിസമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ ഗ്രന്ഥകര്‍ത്താക്കള്‍ (hagiographers) സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെ പ്രതിനിധാനം ചെയ്യുന്നു. അങ്ങനെ ബൈബിള്‍ ഗ്രന്ഥങ്ങള്‍ ഒരു സമൂഹത്തിന്‍റെ കൂടെ ഉത്പന്നമായി മാറുന്നു. സംശോധനാവിമര്‍ശനം എഴുത്തുകാരുടെ ക്രിയാത്മകതയ്ക്കും വ്യക്തിപരതയ്ക്കും വലിയ പ്രാധാന്യം കൊടുക്കുന്നു. എഴുത്തുകാര്‍ വിഷയങ്ങളെ സമീപിക്കുന്നത് തികച്ചും അവരുടേതായ ദൈവശാസ്ത്രവീക്ഷണകോണുകളിലൂടെയാണ്. അങ്ങനെ സംശോധനാവിമര്‍ശനം വചനഗ്രന്ഥകാരന്മാരെ വെറും പാരമ്പര്യത്തിന്‍റെ സമ്പാദകര്‍ എന്ന നിലയില്‍നിന്ന് ദൈവശാസ്ത്രജ്ഞര്‍ എന്ന തലത്തിലേക്ക് ഉയര്‍ത്തി. ശാസ്ത്രീയവും മതപരവുമായ രീതികള്‍ തമ്മിലുള്ള ചരിത്രപരമായ പൊരുത്തം നാം ചിന്തിച്ചിരുന്നതുപോലെ ശാസ്ത്രം വസ്തുനിഷ്ഠമോ മതം വ്യക്തിനിഷ്ഠമോ അല്ലായെന്ന് ഉറപ്പിക്കുന്നു. എന്നിരുന്നാലും അവ തമ്മിലുള്ള പൊരുത്തങ്ങള്‍ സാധര്‍മ്മ്യത്തിന്‍റേത് (analogical) മാത്രമാണ്. ബൈബിള്‍ഗ്രന്ഥകാരന്‍റെ വ്യക്തിപരമായ അനുഭവത്തിന്‍റെ തീവ്രത, അനുരജ്ഞനത്തിനുള്ള അസ്തിത്വപരമായ ആവേശം, വചനരചനയുമായി യോജിച്ചുപോകുന്ന നവീകരണശ്രമങ്ങള്‍ (reorientation) തുടങ്ങിയവയ്ക്ക് ശാസ്ത്രത്തില്‍ പൊരുത്തങ്ങളില്ല. കൂടാതെ ദൈവശാസ്ത്രചലനാത്മകതയുടെ താത്കാലികത്വവും (ലോുീൃമഹശ്യേ) തുടര്‍ച്ചയും അതേ അളവില്‍ ശാസ്ത്രജ്ഞാനത്തിന്മേല്‍ ആരോപിക്കുക സാദ്ധ്യമല്ല.


മാതൃകകള്‍: നിശ്ചലമോ ചലനാത്മകമോ? മറ്റു സിദ്ധാന്തങ്ങളില്‍നിന്ന് ഭിന്നമായി ശാസ്ത്രം അടിസ്ഥാനമിട്ടിരിക്കുന്നത് നിരീക്ഷണത്തിലാണ് എന്ന പോസിറ്റിവിസ്റ്റുകളുടെ ന്യായവാദം 1930-കളിലും 1940-കളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഒരു സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനും പിന്നീട് ശാസ്ത്രചരിത്രകാരനുമായിത്തീര്‍ന്ന തോമസ് കൂണ്‍-ന്‍റെ 'ശാസ്ത്രവിപ്ലവത്തിന്‍റെ രൂപഘടന' (The Structure of Scientific Revolution) എന്ന പുസ്തകത്തിന്‍റെ പ്രകാശനം പോസിറ്റിവിസ്റ്റുകളുടെ ദര്‍ശനത്തിന് വലിയ ഒരു തിരിച്ചടിയായിരുന്നു. ശാസ്ത്രസമൂഹത്തിന്‍റെ ചിന്തയും പ്രവൃത്തിയും  മാതൃകകള്‍ (paradigms) നിയന്ത്രിക്കുന്നുവെന്ന് കുണ്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രത്തിലെ നിരീക്ഷണങ്ങളും മാനദണ്ഡങ്ങളും മാതൃകകളെ ആശ്രയിച്ചുള്ളതാണ്. ശാസ്ത്രജ്ഞരെ ഭരിക്കുന്ന ലോകവീക്ഷണങ്ങളാണ് മാതൃകകള്‍. അത് അവരുടെ ചോദ്യങ്ങളെയും പരിഹാരങ്ങളെയും നിര്‍വ്വചിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു.  സാധാരണശാസ്ത്രം അപ്രതീക്ഷിതമായ കണ്ടുപിടുത്തങ്ങള്‍ നടത്തുമ്പോള്‍ അത് മാതൃകാവ്യതിയാനത്തില്‍ (paradigm shift) കലാശിക്കുന്നു. ടോളമിയുടെ ലോകവീക്ഷണത്തില്‍നിന്ന് കോപ്പര്‍നിക്കസിന്‍റേതിലേക്കുള്ള മാറ്റം, ന്യൂട്ടന്‍റെ മെക്കാനിക്സിന് പകരമായുള്ള ക്വാണ്ടം-ആപേക്ഷികതാസിദ്ധാന്തങ്ങളുടെ ആവിര്‍ഭാവം എന്നിവ ഇത്തരം മാതൃകാവ്യതിയാനങ്ങള്‍ക്കുദാഹരണങ്ങളാണ്. രണ്ട് മാതൃകകള്‍ തുല്യതയില്ലാത്തവയാണ് (incommensurable) എന്നതിന്‍റെ അര്‍ത്ഥം വളരെ കുറച്ചു മാത്രമേ അവ തമ്മില്‍ പൊതുവായുള്ളു എന്നാണ്. അടിസ്ഥാനാശയങ്ങളായ സമയം, സ്ഥലം, പിണ്ഡം, പ്രവേഗം മുതലായവയുടെ പഴയതും പുതിയതുമായ മാതൃകകളിലുള്ള വ്യത്യസ്തമായ വിശദീകരണങ്ങള്‍ ഇത് വെളിവാക്കുന്നു. മാതൃകാവ്യതിയാനങ്ങള്‍ സാദ്ധ്യമാകുന്നത് കൂടുതലായും അന്തര്‍ജ്ഞാനം വഴിയായതിനാല്‍ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം അത് ഒരു മാനസാന്തരാനുഭവമാണ്. കൂണിനെ സംബന്ധിച്ചിടത്തോളം സ്ഥാപിതതാത്പര്യങ്ങളുമായി സംഘട്ടനത്തിലാകുന്ന രാഷ്ട്രീയവിപ്ലവങ്ങള്‍ പോലെയാണ് മാതൃകാവ്യതിയാനങ്ങള്‍.19  ശാസ്ത്രത്തിലെ മാതൃകാവ്യതിയാനങ്ങളെക്കുറിച്ചുള്ള കൂണിന്‍റെ വിശകലനം ദൈവശാസ്ത്രത്തിന്‍റെ മാതൃകാബന്ധിതമായ പരിണാമത്തെക്കുറിച്ച് വ്യക്തമായ രൂപം നല്കുന്നു. എല്ലാ ദൈവശാസ്ത്രസംവാദങ്ങളും സംഭവിക്കുന്നത് ഒരു മാതൃകയ്ക്കുള്ളിലാണ്.  കുണിന്‍റെ വിശകലനങ്ങള്‍ ഹാന്‍സ് ക്യൂംഗ് ദൈവശാസ്ത്രമാതൃകകളുടെ പരിണാമത്തില്‍ പ്രയോഗിക്കുന്നു. [20] "സാധാരണ ദൈവശാസ്ത്രം" "സാധാരണ ശാസ്ത്ര"ത്തെപ്പോലെ തന്നെ യാഥാസ്ഥിതികസ്വഭാവം പ്രകടിപ്പിക്കുന്നു. ദൈവശാസ്ത്രസംരംഭങ്ങള്‍ സമൂഹത്തിന്‍റെ പ്രതീക്ഷകളുടെ പശ്ചാത്തലത്തില്‍ നടപ്പില്‍ വരുത്തുമ്പോള്‍, നിലനില്ക്കുന്ന മാതൃകകള്‍ക്ക് അവ വെല്ലുവിളിയുയര്‍ത്തുന്നു. ഈ മാറ്റങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്‍റെ സമയങ്ങള്‍ ഉണ്ടെങ്കിലും, വിശകലനാത്മകമായ ഒരു രൂപഘടനയില്‍ പെട്ടെന്ന് എത്തിച്ചേര്‍ന്നുകൊണ്ട് ആ പ്രതിസന്ധി പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. ക്രിസ്തീയദൈവശാസ്ത്രത്തിന്‍റെ ചരിത്രത്തില്‍ ക്യൂംഗ് അത്തരം അഞ്ച് മാതൃകാവ്യതിയാനങ്ങളെ അടയാളപ്പെടുത്തുന്നു: ആദിമക്രിസ്ത്യാനികളുടെ അപ്പോകലിപ്റ്റിക് മാതൃക, സഭാപിതാക്കന്മാരുടെ കാലഘട്ടത്തിലെ ഗ്രീക്കുമാതൃക (Hellenistic paradigms), അതിന്‍റെ പരിണിതഫലമായ അഗസ്റ്റീനിയന്‍ മാതൃക, തോമസ് അക്വീനാസിന്‍റേതായ മാതൃക (Thomistic paradigms), വിമര്‍ശനാത്മകമായ നവോത്ഥാനമാതൃക എന്നിവയാണവ. തുല്യതയില്ലാത്ത ശാസ്ത്രീയമാതൃകകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ തുടര്‍ച്ചയും അടിസ്ഥാനആശയസ്ഥിരതയും നമുക്ക് കാണാനാകും. ഈ മാറ്റങ്ങളില്‍, ശരിയായ പാരമ്പര്യം നവീകരിക്കപ്പെടുന്നു, ക്രിസ്തുവിലൂടെയുള്ള ദൈവികവെളിപാടിന്‍റെ സന്ദേശം സംവേദനം ചെയ്യപ്പെടുന്നു.

പാരമ്പര്യത്തിലെ മാതൃകകളെ തമ്മില്‍ ഏകീകരിക്കുന്ന ചരടാണ് ക്രിസ്തീയവിശ്വാസത്തിന്‍റെ സത്യം.  ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള ഭാഷാപരവും ചരിത്രപരവും മാതൃകാപരവുമായ (paradigmatic) സാദൃശ്യങ്ങളും വ്യത്യാസങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ചര്‍ച്ചയുടെ ലക്ഷ്യം, ശാസ്ത്രമതസംരംഭങ്ങളുടെ ചില രീതിശാസ്ത്രമുന്‍വിധികളെ വിശദീകരിക്കുക എന്നതാണ്. ദൈവശാസ്ത്രസംജ്ഞകളുടെ (theological categories) വിശദമായ മതേതരത്വം പ്രത്യേക ചില ശാസ്ത്ര-മതസാഹിത്യങ്ങളില്‍ വ്യക്തമാകുന്നു. ഇത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം, "ശാസ്ത്രീയവും മതപരവുമായ സംരംഭങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിനുള്ള ഏതു ശ്രമവും കൃത്യമായ രീതിശാസ്ത്രത്തിന്‍റെയും അടിസ്ഥാനനിയമങ്ങളുടെയും കൂടെ ഫലമാണ്. ഇവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രസ്താവനകള്‍ ഏതു തരമാണ് എന്ന് മനസ്സിലാക്കുന്നതും, പ്രത്യേകമായി, സൗന്ദര്യശാസ്ത്രപരവും ധാര്‍മ്മികവും ഇഛാശക്ത്യനുസാരവുമായ ദൈവശാസ്ത്രഭാഷയുടെ സമ്പന്നത സംഘടിതമായി ശാസ്ത്രീയനിഗമനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതും ശ്രദ്ധേയമാണ്." [21]
2. വിജ്ഞാനത്തിലേക്കുള്ള പൊതുജിജ്ഞാസ [22] മനുഷ്യന്‍റെ ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ രണ്ട് സംരംഭങ്ങളായ മതവും ശാസ്ത്രവും അവന്‍റെ അസ്തിത്വത്തിന്‍റെ ഗുണവിശേഷങ്ങള്‍ നിര്‍ണ്ണയിക്കുകയും മനുഷ്യവംശം മുഴുവന്‍റെയും വിധി നിര്‍വ്വചിക്കുകയും ചെയ്യുന്നു. ശാസ്ത്രവും ദൈവശാസ്ത്രവും മുഖേന അവരുടെ അര്‍ത്ഥത്തിന്‍റെ ലോകത്തിലെ പ്രമാണവാക്യങ്ങളും അതിര്‍വരമ്പുകളും വ്യാപകമായി സംസ്കരിക്കപ്പെടുന്നു. പോയകാലത്തും ഇന്നും അവയ്ക്കിടയിലുള്ള പ്രകടമായ പൊരുത്തക്കേട് നിരവധി ഗൗരവതരമായ അടിസ്ഥാനചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനുപുറമേ അവയുടെ അര്‍ത്ഥനിര്‍മ്മാണദൗത്യത്തെക്കുറിച്ച് നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. അവയുടെ അന്വേഷണങ്ങളുടെ പരസ്പരബന്ധിതമായ രൂപഘടന നിലനില്ക്കുമ്പോള്‍ തമ്മില്‍ച്ചേരാതെ അവ പരസ്പരം കലഹിക്കുന്നുവെന്നതിന് എന്ത് ന്യായീകരണമാണുള്ളത്? മതപരമായ അനുഭവവും പരിമിതവും കൃത്യവുമായ അറിവിനുവേണ്ടിയുള്ള ദാഹവും തമ്മില്‍ നിലനില്ക്കുന്ന അസ്വസ്ഥത, നമ്മുടെ യുക്തിയുടെ അടിസ്ഥാനപരമായ ദ്വന്ദഭാവത്തെ വഞ്ചിക്കുകയാണോ അതോ വിജ്ഞാനപ്രക്രിയയിലെ പ്രത്യക്ഷത്തിലുള്ള വിരുദ്ധഘടകങ്ങളെ സംയോജിപ്പിക്കുന്നതില്‍ നാം പരാജയപ്പെടുകയാണോ ചെയ്യുന്നത്? മനുഷ്യയുക്തിയുടെ അടിസ്ഥാനപരമായ ഐക്യത്തിലുള്ള വിശ്വാസവും അടിസ്ഥാനപരമായ ചോദ്യങ്ങളോടുള്ള മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും താത്പര്യവും അവയുടെ ആശയപരമായ തലത്തിലെ അടിസ്ഥാനപരമായ ദ്വന്ദഭാവത്തെ നിരാകരിക്കുന്നു. സത്യത്തിനും സത്യത്തിനുമിടയില്‍ സംഘര്‍ഷങ്ങളുണ്ടാവുക സാദ്ധ്യമല്ല. ഇടപഴകലിന്‍റെ അഭിന്നവും ആശയപരവുമായ അടിസ്ഥാനങ്ങളും രൂപഘടനകളും ഒരിക്കല്‍ കണ്ടെത്തിയാല്‍ ശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ പ്രത്യക്ഷത്തില്‍ നിലനില്ക്കുന്ന സ്വരഭേദത്തിന്‍റെ ശരിയായ കാരണം മനസ്സിലാക്കാനാകും. പ്രശ്നങ്ങള്‍ തിരിച്ചറിയപ്പെടുമ്പോള്‍ പൊരുത്തക്കേടിനെക്കുറിച്ച് ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം പഠിക്കുന്നു. 


വെളിപാട്: ഒരു പുനര്‍സന്ദര്‍ശനം "യുക്തിയെ അന്വേഷിക്കുന്ന വിശ്വാസം" (faith seeking understanding) എന്നാണ് ദൈവശാസ്ത്രം പരമ്പരാഗതമായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. ഈ ഉദ്യമത്തിന്‍റെ ജ്ഞാനപശ്ചാത്തലം വെളിപാടിലും പാരമ്പര്യത്തിലും നിന്ന് രൂപംകൊള്ളുന്നു. ചരിത്രത്തില്‍ സംഭവിച്ച വെളിപാട് വചനത്തില്‍ നിവേശിക്കപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ ദൈവാനുഭവവും വ്യത്യസ്തരീതികളിലുള്ള അതിന്‍റെ പ്രകടനവും ആധികാരികതയുടെയും സത്യത്തിന്‍റെയും നിയമം സംസ്ഥാപിക്കുകയും അതിനോട് വിശ്വാസത്തിലൂടെ വിശ്വാസികള്‍ പ്രതികരിക്കുകയും ചെയ്യുന്നു. മതപരമായ ജ്ഞാനമീമാംസയുടെ അടിസ്ഥാനമായ വെളിപാട് ഭാഷ മനുഷ്യനിര്‍മ്മിതമായ ജ്ഞാനമീമാംസാനടപടിക്രമങ്ങള്‍ക്കു മുമ്പിലെ അഗാധതയുള്ള വിളംബരമാണ്. അത് യുക്തിപരവും സ്വാഭാവികവുമായ തലങ്ങള്‍ക്കുപരി സത്യത്തിന്‍റെ അയുക്തികവും അതിസ്വാഭാവികവുമായ ചക്രവാളത്തിന് സാക്ഷ്യം നല്കുന്നു. ശരിയായ അര്‍ത്ഥത്തില്‍ സ്വാംശീകരിക്കപ്പെട്ട വെളിപാട്, അറിയുന്നതിന്‍റെ മറ്റെല്ലാ രീതികളെയും ഉള്‍പ്പെടുത്തുന്നതും തുണയ്ക്കുന്നതുമായ ഒരു സമഗ്രപ്രവൃത്തിയാണ്. ആധികാരികമായ ഏതൊരു വെളിപാടിന്‍റെയും ഉള്ളടക്കം പോലെ വെളിപാടിന്‍റെ വ്യാഖ്യാനസങ്കേതങ്ങളും ഉപാധികളും ഒരുപോലെ ആധികാരികവും സാകല്യവും ചലനാത്മകവുമായിരിക്കണം. ദൈവികരഹസ്യങ്ങളുടെ ചരിത്രാതീതമാനങ്ങളെ അഭിമുഖീകരിക്കത്തക്കവിധം വ്യാഖ്യാനാധിഷ്ഠിതമായ ഒരു പരിപാടിയായിരിക്കണം ചരിത്രപരമായ വെളിപാടിന്‍റെ ആഖ്യാനവും.  എന്നിരുന്നാലും, വെളിപാടിന്‍റെ നിയമസാധുതയ്ക്കുവേണ്ടി യുക്തിപരവും ചരിത്രപരവുമായ തെളിവുകളെ വളരെയധികം ആശ്രയിക്കുന്ന വിശ്വാസ-പ്രതിരോധ ചിന്തകര്‍ (apologetic writers) അതിനെ ചരിത്രത്തിന്‍റെയും യുക്തിയുടെയും സങ്കുചിതരൂപഘടനകളോട് അടുപ്പിക്കുന്നു. വെളിപാടിന്‍റെ സംജ്ഞകള്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്നത് പ്രക്രിയകളെന്നതിലുപരി ഉത്പന്നങ്ങളായിട്ടാണ്. വെളിപാട്ഭാഷ അതില്‍ത്തന്നെ പൂര്‍ണ്ണമാണെന്ന് തിരിച്ചറിയുമ്പോള്‍ അവയെ സ്വാംശീകരിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം വിശ്വാസത്തിലേക്കു തന്നെയുള്ള ഒരു തിരിച്ചുപോക്കാണ്. ജ്ഞാനപ്രക്രിയയുടെ ഹൃദയത്തിലെ മൗലികമായ ദ്വന്ദഭാവത്തെ സ്ഥിരപ്പെടുത്തിക്കൊണ്ട് മറ്റു രീതികളുമായി യോജിക്കാത്ത അറിവിന്‍റെ ഒരു രീതി രൂപപ്പെടുന്നതിലൂടെ വെളിപാടിനുനേരെയുള്ള യാഥാര്‍ത്ഥ്യവാദപരമായ ഈ സമീപനം അതിന്‍റെ തന്നെ വിഭജനത്തെ ശക്തിപ്പെടുത്തുന്നു. കാവലില്‍ കാത്തുപരിപാലിക്കേണ്ട ഒരു വസ്തു എന്ന നിലയിലാണ് സത്യം പരിഗണിക്കപ്പെട്ടത്. വിശ്വാസത്തിനുമീതെയുള്ള അമിതാശ്രയത്വവും സത്യത്തിനുനേരെയുള്ള സ്ഥിരപ്പെട്ട മാനസികനിലപാടും ധാരണാധിഷ്ഠിതവും (cognitive) സ്വാഭാവികവുമായ വിശ്വാസ്യതയില്‍നിന്ന് വെളിപാട്സത്യത്തെ അന്യവത്കരിക്കുന്നതായി കാണപ്പെടുന്നു. അതിന്‍റെ അനന്തരഫലം എന്നത് വെളിപാടിന്‍റെ ചില കേഴ്വിക്കാരിലെങ്കിലും ഉണ്ടായ വിഭ്രാന്തിയായിരുന്നു (disillusionment).  അധികാരശ്രേഷ്ഠതയെ സംബന്ധിക്കുന്ന വാദത്തിന് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയുടെ വാക്കുകള്‍ തെളിവാണ്: "സഭയുടെ നിഗമനങ്ങള്‍ക്ക് വിധേയപ്പെടാന്‍ തയ്യാറാകുന്ന ദൂരംവരെ ശാസ്ത്രീയാന്വേഷണങ്ങള്‍ മുമ്പോട്ടുപോകും..." [23] അതിസ്വാഭാവികനിലപാടുകളുടെ അടിസ്ഥാനത്തിലുള്ള, വെളിപ്പെടുത്തപ്പെട്ട ജ്ഞാനത്തിന്‍റെ അധീശത്വത്തെ സംബന്ധിച്ച വാദങ്ങള്‍ വിമര്‍ശകരുടെ ആക്രമണങ്ങളാല്‍ വളരെപ്പെട്ടെന്ന് മുറിവേല്‍ക്കുന്നവയാണ്. കാരണം, സ്വാഭാവികവും അതിസ്വാഭാവികവുമായവയെക്കുറിച്ചുള്ള സങ്കുചിതധാരണകള്‍ അതിന്‍റെതന്നെ സമാനവര്‍ഗ്ഗങ്ങളിലുള്ള അടിസ്ഥാനഅനുമാനങ്ങളുടെ വിമര്‍ശനാത്മകവിശകലനങ്ങളെ തള്ളിക്കളയുന്നു. വിവരിക്കപ്പെടുന്ന വസ്തുവിന്‍റെ പദാര്‍ത്ഥപരവും ശാരീരികവും ജീവശാസ്ത്രപരവുമായി തൃപ്തികരമായ അറിവ് എന്നേക്കുമായി തത്ത്വദര്‍ശനരൂപീകരണത്തിന്‍റെ ശ്രദ്ധയില്‍നിന്ന് രക്ഷപെട്ടിരിക്കുന്നു. ആയതുകൊണ്ട് ദൈവശാസ്ത്രപരമായ അറിവിന്‍റെ അടിസ്ഥാനമെന്നത് നിര്‍ജ്ജീവങ്ങളായ ഒരുകൂട്ടം സംജ്ഞകളാണ് (static categories). ഇത് ദൈവശാസ്ത്രത്തിന്‍റെ വ്യാഖ്യാനശാസ്ത്രപരമോ അതീന്ദ്രിയമോ ആയ അവബോധത്തെ അവഗണിക്കുന്നതിന് ദൈവശാസ്ത്രപ്രസ്താവനകളുടെ ചരിത്ര-സാംസ്കാരിക ആശ്രിതത്വം മാറ്റിനിര്‍ത്തിയാല്‍, എല്ലാ ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്ന ഭൗതികവും ജൈവികവുമായ പ്രഭവത്വം, അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും എന്നിവയെക്കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ പരിഗണനകള്‍ എന്നിവ ഇപ്പോഴും ദൈവശാസ്ത്രത്തിന് പിടികൊടുക്കുന്നില്ല. സ്രഷ്ടാവിനെ സംബന്ധിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതില്‍ സൃഷ്ടവസ്തുക്കളുടെ സ്ഥാനം വിശുദ്ധഗ്രന്ഥം അടിവരയിടുന്നു. "എന്‍റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലംകൊണ്ടെന്ന പോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും" (ഏശ. 11:9). 

"ലോകസൃഷ്ടി മുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്ത്വവും സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്" (റോമ 1:20). നാലാം നൂറ്റാണ്ടില്‍ വിശുദ്ധ അഗസ്റ്റിന്‍ പ്രകൃതിയെ ദൈവത്തിന്‍റെ പ്രഥമവചനം എന്നു വിശേഷിപ്പിച്ചു. സൗന്ദര്യശാസ്ത്രപരവും ആലങ്കാരികവുമായ തലങ്ങള്‍ക്കപ്പുറം ഏതാനും മിസ്റ്റിക്കല്‍പാരമ്പര്യങ്ങളിലല്ലാതെ ക്രിസ്തീയചിന്തയില്‍ ഈ വാക്യങ്ങള്‍ ആവശ്യമായ പരിഗണന നേടിയോ എന്നു സംശയമാണ്.  ആധുനികയുഗത്തില്‍, ദൈവശാസ്ത്രഅടിസ്ഥാനങ്ങളുടെ മൂന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കാഴ്ചപ്പാടുകള്‍ നേരിടുന്ന ഗൗരവതരമായ വെല്ലുവിളി ഭൗതികശാസ്ത്രത്തില്‍നിന്നും തത്ത്വചിന്തയില്‍നിന്നുമാണ് വരുന്നത്. ചരിത്രവും ചരിത്രപരമായ സംജ്ഞകളും ക്രിസ്തീയദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനങ്ങളാണെങ്കിലും സ്ഥലം കാലം എന്നിവയുടെ ചരിത്രപരമായ അടിസ്ഥാനവ്യത്യാസങ്ങള്‍ ക്രിസ്തീയദൈവശാസ്ത്രത്തിന്‍റെ പിടിയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു. സ്ഥലം, കാലം, പദാര്‍ത്ഥം, ഊര്‍ജ്ജം തുടങ്ങിയ സദാ വളര്‍ന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയാടിസ്ഥാനങ്ങള്‍ക്ക് ദൈവശാസ്ത്രത്തിലെ തികച്ചും സ്ഥിരവും നിര്‍ണീതവുമായ ആശയങ്ങളെ പുനഃപരിശോധിക്കുന്നതിന് സാധിക്കും. ദൈവശാസ്ത്രാടിസ്ഥാനങ്ങളുടെ മുഴുവന്‍ അര്‍ത്ഥഭേദങ്ങളും (nuances) കണ്ടെത്തിക്കഴിയുമ്പോള്‍ നിരവധി അതിസ്വാഭാവികതകള്‍ സ്വാഭാവികങ്ങളും ചില "പ്രകൃതിനിയമങ്ങള്‍" വെറും "മാനുഷികനിയമങ്ങളും" ആയി മാറും.  ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് പാശ്ചാത്യതത്ത്വചിന്ത ഉജ്ജ്വലമായ ഒരു ചോദ്യമുയര്‍ത്തി: ഒരു വസ്തു എന്താണ്? ഇന്നും പാശ്ചാത്യതത്ത്വചിന്തയെ വേട്ടയാടുന്ന ജ്ഞാനമീമാംസാപരമായ പ്രതിസന്ധി "ഒരു വസ്തു എന്താണ്?" എന്നും "ആയിരിക്കുക എന്നതുകൊണ്ട് എന്തര്‍ത്ഥമാക്കുന്നു?" എന്നും ചോദിക്കുന്നു. [24] കാലത്തിന്‍റെ ജ്ഞാനമീമാംസാവിപ്ലവങ്ങളില്‍ ശാസ്ത്രത്തിന്‍റെയും തത്ത്വചിന്തയുടെയും അടിസ്ഥാനങ്ങള്‍ ഇളകിയതുപോലെ ഇത്തരം അടിസ്ഥാനപരമായ ജ്ഞാനമീമാംസാവിശകലനങ്ങള്‍ക്ക് വിധേയപ്പെടാത്ത ഒരു ദൈവശാസ്ത്രപ്രസ്താവത്തിനും കാലത്തിന്‍റെ പരീക്ഷണങ്ങള്‍ അതിജീവിക്കാനാവില്ല. വിമര്‍ശനാത്മകമായ സൂക്ഷ്മബുദ്ധികൊണ്ട് വെളിപാടിന്‍റെ സ്വാഭാവികവും ആന്തരികവുമായ ചലനാത്മകതകള്‍ വെളിപ്പെടുത്തിയില്ലായെങ്കില്‍, വെളിപാട് സത്യങ്ങള്‍, അഥവാ ദൈവശാസ്ത്രത്തിന്‍റെ ആരംഭംതന്നെ ഒരു ഉപയാഥാര്‍ത്ഥ്യമാണെന്നു തെളിയിക്കപ്പെടും. അത്തരത്തില്‍ ചുഴിഞ്ഞിറങ്ങിയുള്ള അന്വേഷണം വെളിപ്പെടുത്തപ്പെട്ട അറിവിനെ നാം മനസ്സിലാക്കിയിരിക്കുന്നതുപോലെ വസ്തുനിഷ്ഠവും അറിവ് ജനിപ്പിക്കുന്നതുമല്ലാത്ത ഒന്നായി പുനഃപരിശോധിക്കുന്നു. യുക്തിയും വിശ്വാസവും തമ്മിലുള്ള വെറും മിഥ്യയായ വൈരുദ്ധ്യത്തെ (dichotomy) തുടച്ചുമാറ്റിക്കൊണ്ട് അറിവിന്‍റെ ഐക്യത്തിലേക്കുള്ള ജ്ഞാനമീമാംസാപരമായ ഒരു വലിയ ഉണരലായിരിക്കും അത്. ഇതിന് വിരുദ്ധമായി മതവിശ്വാസങ്ങളുടെ അധീശത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ചിന്താസരണികള്‍ ഇപ്പോഴുമുണ്ട്. "മതചിന്ത എന്നത് ഭാഷയോടും ജീവിതപ്രശ്നങ്ങളോടും ബന്ധപ്പെട്ടതാണ്. അതിനാല്‍ ഉന്നതവൈദഗ്ധ്യമാര്‍ജ്ജിച്ചതും അപക്വവുമായ ശാസ്ത്രം പോലുള്ള സാങ്കേതികസംരംഭങ്ങളെ തടഞ്ഞുവെയ്ക്കേണ്ട ആവശ്യം അതിനില്ല." [25] "ശാസ്ത്രത്തിന്‍റെ ലോകവീക്ഷണമനുസരിച്ച് പ്രകൃതിക്കുള്ളില്‍ ദൈവത്തെക്കാണുക എന്നത് പ്രകൃതിക്ക് പുറത്തു കാണുന്നതിലും ഭേദമാണ്..." [26] ഈ പ്രസ്താവനകള്‍ പരമ്പരാഗതമായ ദ്വന്ദ-ജ്ഞാനമീമാംസയോടുള്ള ബൗദ്ധികവിധേയത്ത്വത്തെ സൂചിപ്പിക്കുന്നു. നാലാം നൂറ്റാണ്ടില്‍ത്തന്നെ വിശുദ്ധ അഗസ്റ്റിന്‍ ഇത്തരം ചിന്തയോട് പ്രതികരിച്ചിരുന്നുവെന്നത് തികച്ചും അത്ഭുതകരമാണ്: "ക്രൈസ്തവനല്ലാത്ത ഒരു വ്യക്തിക്കുപോലും ഒന്നോ രണ്ടോ കാര്യങ്ങള്‍ ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും ലോകത്തിന്‍റെ വ്യത്യസ്തഘടകങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുടെ ഉത്ഭവത്തെയും ചലനത്തെയും കുറിച്ചും അവയുടെ വലിപ്പത്തെയും അകലത്തെയും കുറിച്ചുപോലും അറിയാം... അവരുടെ കണക്കുകൂട്ടലുകളും അനുഭവങ്ങളും വെളിവാക്കുന്ന വസ്തുതകളെക്കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളാണ് അവയിലുള്ളത് എന്നതിനാല്‍ പിന്നീടെങ്ങനെയാണ് അവര്‍ നമ്മുടെ ഗ്രന്ഥങ്ങള്‍ വിശ്വസിക്കുക? മുന്‍വിധികളാല്‍ നയിക്കപ്പെടുന്നവര്‍, കൂടുതല്‍ വിവേകശാലികളും നമ്മുടെ വചനവ്യാഖ്യാനങ്ങള്‍ക്ക് വിധേയരല്ലാത്തവരുമായ അവരുടെ സുഹൃത്തുക്കള്‍ക്ക് വരുത്തുന്ന അപകടം വളരെ വലുതാണ്. തെറ്റിദ്ധാരണാജനകമായ തങ്ങളുടെ വാദഗതികള്‍ക്ക്  കൂടുതല്‍ ശക്തിപകരാന്‍ ആധികാരികമെന്ന നിലയില്‍ വചനത്തെ അവര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ഇത് സംഭവിക്കുന്നു. [27]" സഭ ഈയൊരവബോധത്തിലേക്ക് കടന്നുവന്നു എന്നത് ശുഭപ്രതീക്ഷ നല്കുന്ന വസ്തുതയാണ്. ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഇതിന് തെളിവാണ്. "ദൈവശാസ്ത്രം ഇന്ന് ശാസ്ത്രവുമായി വളരെയേറെക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്... മനുഷ്യവ്യക്തിക്ക് പ്രാഥമികപരിഗണന നല്കുന്നതിനാല്‍ എല്ലാ ശാസ്ത്രീയനിഗമനങ്ങളിലും ദൈവശാസ്ത്രത്തിന് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്... ഇന്നിന്‍റെ ശാസ്ത്രം പ്രകൃതിയെയും മനുഷ്യവംശത്തെയും ദൈവത്തെയും സംബന്ധിക്കുന്ന ദൈവശാസ്ത്രസംരംഭങ്ങളെ അപഗ്രഥിക്കുകയും അവയ്ക്ക് അറിവ് പകരുകയും ചെയ്യുമെന്ന് നമുക്കു പ്രതീക്ഷിച്ചുകൂടെ?" [28] ശാസ്ത്രമതവിഭജനത്തിലെ അടുത്ത ഘടകം സംസ്കാരമാണ് (culture). ആധുനികസംസ്കാരത്തിന്‍റെ പ്രായോഗികത - ജീവിതശൈലി, മൂല്യങ്ങള്‍, ഭാഷ, രൂപകങ്ങള്‍, മിത്തുകള്‍ - നിര്‍മ്മിക്കുന്നതും അവയുടെ അധികാരിയും ശാസ്ത്രമാണ്. ശാസ്ത്രസംസ്കാരം സാര്‍വ്വത്രികമാണ്. പീകോക്ക് നിരീക്ഷിക്കുന്നതുപോലെ, "ഇന്ന് എല്ലാ സാംസ്കാരിക അതിര്‍വരമ്പുകളെയും അതിലംഘിക്കുന്ന മനുഷ്യവംശത്തിന്‍റെ സാര്‍വ്വത്രികഭാഷ എന്നത് ശാസ്ത്രമാണ്." [29] ശാസ്ത്രയുഗത്തില്‍ ദൈവശാസ്ത്രസത്യങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ അവതരണം ദൈവശാസ്ത്രത്തിലേക്കുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകളുടെ സന്നിവേശം നിര്‍ബന്ധിതമാക്കുന്നു. "യുക്തിയെ നാം നമ്മുടെ ഉറവിടങ്ങളിലുപയോഗിക്കണം-ബൈബിള്‍, പാരമ്പര്യം... സ്രഷ്ടാവ് തന്‍റെ സൃഷ്ടിയോട് എന്നേക്കുമായി പറയുന്ന വാക്കുകള്‍ തനിക്ക് മനസിലാവുകയും പ്രതികരിക്കാന്‍ കഴിയുകയും ചെയ്യുന്ന ഭാഷയില്‍ കേള്‍ക്കണമെന്ന് വര്‍ത്തമാനകാലമനുഷ്യന്‍ ആവശ്യപ്പെടുന്നു." [30] അങ്ങനെ ശാസ്ത്രം ദൈവശാസ്ത്രത്തെ പ്രായോഗികാടിസ്ഥാനത്തില്‍ സാംസ്കാരികവൈവിദ്ധ്യമുള്ള ഒന്നായി അവതരിപ്പിക്കുന്നു. ശാസ്ത്രീയപിന്‍ബലമില്ലാത്ത ധാര്‍മ്മികമൂല്യങ്ങളും മാനദണ്ഡങ്ങളും ദൈവശാസ്ത്രപരമായി അനിയന്ത്രിതവും സാമൂഹികമായി സ്വാധീനശക്തിയില്ലാത്തതുമായിരിക്കും.ശാസ്ത്രവും വ്യാഖ്യാനവിധേയം (science as hermeneutical) ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അറിവിന്‍റെ ഏകതയ്ക്കുള്ള അവശ്യ ഉപലക്ഷ്യം ദൈവശാസ്ത്രവുമായി സൃഷ്ടിപരമായ സംവാദത്തിനുവേണ്ടിയുള്ള തുറവിയാണ്. മുമ്പ് ചര്‍ച്ച ചെയ്ത ശാസ്ത്രത്തിന്‍റെ ആത്മാവബോധത്തിലുള്ള രീതിശാസ്ത്രപരവും ജ്ഞാനമീമാംസാപരവുമായ വെല്ലുവിളികള്‍ ഭൗതികശാസ്ത്രപരവും ഗണിതശാസ്ത്രപരവുമായ യാഥാര്‍ത്ഥ്യവാദവുമായി ബന്ധപ്പെട്ട ന്യായീകരിക്കാനാവാത്ത വാദഗതികളെ നിഷ്കാസനം ചെയ്തു. ഭൗതികശാസ്ത്രജ്ഞനായ ഡെസ്പാഞ്ഞയുടെ അംഗീകരിക്കപ്പെട്ട ഒരു തരംതിരിവാണ് "അര്‍ത്ഥപൂര്‍ണ്ണവും" (meaningful) "ശാസ്ത്രീയമായി അര്‍ത്ഥപൂര്‍ണ്ണവും" (scientifically meaningful) എന്നത്. പദങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ അവ ശാസ്ത്രം കരസ്ഥമാക്കിയിരിക്കുന്ന അര്‍ത്ഥതലങ്ങളുടെ നിയന്ത്രിതചക്രവാളങ്ങളും അവയെ മറികടക്കുന്ന അനന്തമായ ചക്രവാളങ്ങളും തമ്മിലുള്ള വേര്‍തിരിവ് സുവ്യക്തമാക്കുന്നു. [31] ഭൂതകാലത്തിലെ ശാസ്ത്രസിദ്ധാന്തങ്ങളുടെ അഹങ്കാരോന്മത്തമായ വാദഗതികള്‍ സമര്‍ത്ഥിക്കാനാവാത്തവയാണ്. അവയുടെ പരിണാമാധീനമായ പുതിയ ധാരണകള്‍ കാരണം ശാസ്ത്രം ചലനാത്മകവും വ്യാഖ്യാനവിധേയവുമായ (hermeneutical) ഒരു സംരംഭമായി കണക്കാക്കപ്പെട്ടു. സത്യത്തിന്‍റെ കൈവശാവകാശക്കാരന്‍ എന്നതിലുപരി ശാസ്ത്രം യാഥാര്‍ത്ഥ്യത്തിനുവേണ്ടിയുള്ള ഒരു അര്‍ത്ഥി മാത്രമാണ്. ഒപ്പം കൂടുതല്‍ മാതൃകകളിലും ശരിയായ ആശയങ്ങളിലും അറിവുകളിലും നിന്നുമുള്ള തിരുത്തലുകള്‍ക്കും മെച്ചപ്പെടുത്തലുകള്‍ക്കും വിധേയവുമാണ്.  യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയചിത്രം വിശാലമാക്കുന്നതിന് സഹായകമായ ഒരു ബാഹ്യമായ ചലനാത്മകത മതസത്യങ്ങളും ശാസ്ത്രസത്യങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയുക എന്നതാണ്. "നിയമങ്ങളോടും ധാര്‍മ്മികമൂല്യങ്ങളോടും അടിസ്ഥാനപരമായ മതചിഹ്നങ്ങളോടുമുള്ള സത്യത്തിന്‍റെയും ജീവിതത്തിന്‍റെയും ബന്ധം അവഗണിക്കുന്ന ശാസ്ത്രസമൂഹം അതിനെയും അതിന്‍റെ സംസ്കാരത്തെയും ആശയപരമായ കീഴടങ്ങലിന് വിധേയമാക്കുന്നു." ശാസ്ത്രസാങ്കേതികപുരോഗതിയെക്കുറിച്ചുള്ള അജ്ഞതയെക്കാള്‍ മതത്തെക്കുറിച്ച്, അതിന്‍റെ ക്രിയാത്മകവും നാശോന്മുഖവുമായ വശങ്ങളുള്‍പ്പെടെയുള്ള അജ്ഞത ഒരു ശാസ്ത്രസംസ്കാരത്തിന് കൂടുതല്‍ ആപത്കരമാണ്. [32] ദൈവശാസ്ത്രവുമായി ശാസ്ത്രീയകണ്ടെത്തലുകളെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്ന ശാസ്ത്രീയപരിശീലനം സിദ്ധിച്ച ചിന്തകര്‍ക്ക് ദൈവശാസ്ത്രത്തെക്കുറിച്ചും ഒരാമുഖജ്ഞാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ദൈവം ഓരോ വ്യക്തിക്കും പ്രത്യേകശ്രദ്ധ നല്കിയിരുന്നുവെങ്കില്‍ പ്രപഞ്ചത്തില്‍ വ്യക്തികളുടെ എണ്ണം കുറഞ്ഞിരിക്കുമായിരുന്നുവെന്നത് ഒരു ഗ്രന്ഥകാരന്‍റെ ഗൗരവതരമായ അഭിപ്രായമാണ്. [33] "ലോകത്തിന്‍റെ അന്ത്യത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ദൈവത്തിനാകുമോ?" എന്നതാണ് മറ്റൊരു ഗ്രന്ഥകാരന്‍റെ ഉത്കണ്ഠ. [34] മനുഷ്യസാന്നിദ്ധ്യം മറ്റു ഗ്രഹങ്ങളിലുമുണ്ട് എന്ന് ഊഹിക്കുമ്പോള്‍ ക്രിസ്തു ഈ ഭൂമിയില്‍ മാത്രമാണ് ജനിച്ചത് എന്ന ക്രൈസ്തവവിശ്വാസം ഗൗരവതരമായ പ്രതിസന്ധി നേരിടുന്നുവെന്ന് ഭൗതികശാസ്ത്രജ്ഞനായ ഡേവിസ് പോള്‍ ചിന്തിക്കുന്നു. [35] ഇത്തരം ദൈവശാസ്ത്രഉത്കണ്ഠകള്‍ മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും തെറ്റായ ബന്ധങ്ങളെയാണ് അനാവരണം ചെയ്യുന്നത്. 
പൊതുജിജ്ഞാസ (The Common Quest) ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുണ്ടായിരുന്ന പ്രത്യക്ഷമായ ജ്ഞാനമീമാംസാവൈരുദ്ധ്യം (epistemological dichotomy) ഇല്ലാതെയാകുമ്പോള്‍ അവ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കപടഭാവം നാം തിരിച്ചറിയുന്നു. "മതവും ശാസ്ത്രവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ സംഘര്‍ഷമുണ്ടായിരുന്നുവോ എന്നു ചിന്തിക്കേണ്ടതില്ല; അവ സംഘര്‍ഷത്തിലാണ് എന്ന ചിന്തയാണ് വളര്‍ന്നുകൊണ്ടിരുന്നത്." [36] പ്രശ്നത്തിന്‍റെ കപടഭാവം തിരിച്ചറിയപ്പെടുമ്പോള്‍, ശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ ക്രിയാത്മകവും കാര്യമാത്രപ്രസക്തവുമായ ഇടപഴകല്‍ സാദ്ധ്യമാകും. എല്ലാം ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യം ദൈവമാണെങ്കില്‍ ജൈവ, രസതന്ത്ര, ഭൗതികശാസ്ത്രഭാഷകളും ആഴമായ ദൈവാനുഭവങ്ങള്‍ പകര്‍ന്നുതരും. സൃഷ്ടിയുടെ ദൈവികമായ ഐക്യം എന്ന ദൈവശാസ്ത്രവാദം യാഥാര്‍ത്ഥ്യത്തിന്‍റെ സമഗ്രവും ഏകീകൃതവുമായ ധാരണയെയാണ് പിന്‍ചെല്ലുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ ഈ സമഗ്രദര്‍ശനം പരസ്പരം പ്രായോഗികമാക്കുകയും പങ്കുവക്കുകയും ചെയ്യുമ്പോള്‍ മതവും ശാസ്ത്രവും അവയുടെ പരിമിതചക്രവാളങ്ങളെ സത്യത്തിന്‍റെയും യാഥാര്‍ത്ഥ്യത്തിന്‍റെയും വിശാലമാകുന്ന ചക്രവാളങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യും. ദൈവത്തെയും ലോകത്തെയും മനുഷ്യനെയും കുറിച്ചുള്ള അവന്‍റെ അന്വേഷണങ്ങളെ നിരവധി തലങ്ങളില്‍ ഈ ലയനം സ്വാധീനിക്കും. നമ്മുടെ തുടരന്വേഷണങ്ങള്‍ക്ക് അത് മാര്‍ഗ്ഗരേഖ നല്കും. അതിന്‍റെ സ്വാംശീകരണം മനുഷ്യവംശത്തിന് അനുപേക്ഷ്യമായിരിക്കും. വൈറ്റ്ഹെഡ് അഭിപ്രായപ്പെടുന്നതുപോലെ: "മതവും ശാസ്ത്രവും മനുഷ്യവംശത്തിന് എന്താണ് എന്നു ചിന്തിക്കുമ്പോള്‍, അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ തലമുറ എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ചരിത്രഗതി എന്നു പറയുന്നതില്‍ അതിശയോക്തിയില്ല." [37]

religion science scientific-religious relationship Review of the scientific-religious relationship Rev Dr. Augustine Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message