We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : K. Babu Joseph On 26-May-2021
കെ. ബാബു ജോസഫ് [1]
ജൈവികജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ഏകദേശം ആധികാരികമായ വിവരണമാണ് പരിണാമസിദ്ധാന്തം നല്കുന്നത്. ഏതാണ്ട് 3-4 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അന്നുമുതല്‍ അത് പരിണാമവിധേയമാണെന്നുമാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധി ചിന്തകര്‍ പരിണാമത്തിന്‍റെ ആശയം നേരത്തേ തന്നെ മുമ്പോട്ടുവച്ചിരുന്നുവെങ്കിലും ചാള്‍സ് ഡാര്‍വിനാണ് അതിന്‍റെ ആദ്യത്തെ ശാസ്ത്രീയവിവരണം അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പ്രകൃതിനിര്‍ദ്ധാരണമാണ് പരിണാമത്തിന്‍റെ കേന്ദ്രം. താഴ്ന്നതരം ജീവനില്‍ നിന്ന് ഉയര്‍ന്ന തരങ്ങളുണ്ടാകുന്നതിന് അത് ആവശ്യമാണ്. മതങ്ങള്‍ പഠിപ്പിക്കുന്ന സൃഷ്ടി എന്ന ആശയത്തിനു വിരുദ്ധമായി ഈ പ്രക്രിയ ആയിരക്കണക്കിന് മില്യണ്‍ വര്‍ഷങ്ങളെടുത്ത് സാവധാനമാണ് സംഭവിക്കുന്നത്. ഇണങ്ങിച്ചേരലിന്‍റെ നിരവധി ഘട്ടങ്ങളിലൂടെയാണ് പരിണാമം സംഭവിക്കുന്നത്. പരിണാമത്തെ ശാസ്ത്രമായും സൃഷ്ടിവാദത്തെ മനുഷ്യനിര്‍മ്മിതനിര്‍വ്വചനമായും കണ്ടാല്‍ മതവും ശാസ്ത്രവും തമ്മില്‍ യാതൊരുവിധ സംഘര്‍ഷത്തിന്‍റെയും ആവശ്യമുണ്ടാവില്ല.
പരിണാമസിദ്ധാന്തത്തിലെ ചില തുറന്ന പ്രശ്നങ്ങളാണ് ജീവന്‍റെ ഉത്ഭവവും ലഭ്യമല്ലാത്ത കണ്ണികളും. ഫോസില്‍ രേഖകളില്‍ പൊതുപൂര്‍വ്വികനും മനുഷ്യനും തമ്മില്‍ നിരവധി കണ്ണികള്‍ ലഭ്യമാണെന്നും, വിടവുള്ളത് പൊതുപൂര്‍വ്വികനും ചിമ്പാന്‍സിക്കും തമ്മിലാണെന്നുമാണ് ഇപ്പോഴത്തെ അഭിപ്രായം [2]. ഉത്ഭവത്തെക്കുറിച്ചുള്ള പ്രശ്നത്തിന് ശാസ്ത്രം കൃത്യമായൊരു പരിഹാരം നല്കുന്നില്ല. അതിനാല്‍ത്തന്നെ സൗരസംവിധാനത്തിന്‍റെയും ക്ഷീരപഥത്തിന്‍റെയും ഉത്ഭവത്തെക്കുറിച്ചും കൃത്യമായ സിദ്ധാന്തങ്ങളില്ല. ഭൗതികനിയമങ്ങള്‍ പ്രസക്തമല്ലാതിരുന്ന മഹാവിസ്ഫോടനത്തിന്‍റെ തെളിവ് അടിസ്ഥാനമിട്ടിരിക്കുന്നത് കാലത്തില്‍ ഗാലക്സികളുടെ പിന്നിലേക്കുള്ള ചലനത്തേക്കുറിച്ചുള്ള ചിന്തയിലും സ്ഥിരീകരിക്കപ്പെട്ട ഏതാനും ജോഡി പ്രവചനങ്ങളിലുമാണ്. അപൂര്‍ണ്ണത ശാസ്ത്രത്തിന്‍റെ മുഖമുദ്രയാണ്. എന്നാല്‍ ശാസ്ത്രത്തെ ആശ്രയിക്കുന്നതില്‍ നിന്ന് അതൊരുവനെ പിന്തിരിപ്പിക്കുന്നില്ല. കാരണം ശാസ്ത്രീയസിദ്ധാന്തങ്ങള്‍ തുറവിയുള്ളവയും പ്രമാദസാധ്യതയുള്ളവയുമാണ്.
പരിണാമസംവിധാനം ഒരിക്കല്‍ പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ട് സൃഷ്ടിവാദം അവിടെ സ്ഥാനം പിടിക്കുമെന്ന ചിന്ത അസ്ഥാനത്തെത്തിക്കുന്നതാണ് ഇപ്പോള്‍ ലഭ്യമാകുന്ന തെളിവുകള്‍. എങ്കില്‍ക്കൂടിയും ശാസ്ത്രത്തിന്‍റേതുപോലെ തന്നെ മതത്തിന്‍റെയും കൃത്യമായ സ്ഥാനം വിശദീകരിക്കാന്‍ കഴിയും. വെളിപാടിന്മേലുള്ള പരമ്പരാഗതമായ വിശ്വാസം കൊണ്ട്, മതപരമായ അനുഭവം അവര്‍ണ്ണനീയവും പ്രമാദവത്കരണസാധ്യതയില്ലാത്തവയുമാണ്. സമീപനത്തിലുള്ള വ്യത്യാസങ്ങളൊഴിച്ചാല്‍ മതത്തിനും ശാസ്ത്രത്തിനും പരസ്പരസ്പര്‍ദ്ധയില്ലാതെ ഒരുമിച്ചു കഴിയാനാകും. തമോഗര്‍ത്തങ്ങള്‍, മഹാവിസ്ഫോടനം തുടങ്ങിയ ഏകതകള്‍ ശാസ്ത്രത്തിനുണ്ട്. അവയുടെ നേരിട്ടുള്ള സ്ഥിരീകരണം സാദ്ധ്യമല്ല. പ്രമാദസാദ്ധ്യത ഇല്ലാത്ത ഈ മേഖലയില്‍ മതവും ശാസ്ത്രവും തമ്മില്‍ ചില സമാന്തരങ്ങള്‍ നാം കാണുന്നില്ലേ? ഒരര്‍ത്ഥത്തില്‍ അര്‍ത്ഥശൂന്യമായ സംസാരം ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, ഭൗതികശാസ്ത്രത്തിന്‍റെ ഭാഷയില്‍ ദൈവം അനന്തമായ ഊര്‍ജ്ജമായും അറിവായും ചിത്രീകരിക്കപ്പെട്ടേക്കാം. അനന്തശക്തിയും അറിവുമുള്ള ദൈവം എന്ന സാധാരണ ആശയത്തോട് ഈ വിവരണത്തെ ഒന്നു താരതമ്യപ്പെടുത്തുക. വിളിച്ചപേക്ഷിക്കുമ്പോള്‍ ഉപകാരങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തിയായിട്ടാണ് വിശ്വാസികള്‍ ദൈവത്തെ കാണുന്നത്. പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചില്ലെങ്കിലും ദൈവം പ്രവചനാതീതമായ രീതിയില്‍ പ്രതികരിക്കുന്നു. അതിനാല്‍ അവിടുത്തെ സാദ്ധ്യതാപദങ്ങളുപയോഗിച്ച് വിശദീകരിക്കാനാകുന്നു.
പരിണാമസിദ്ധാന്തത്തിന് ഒരു ശാസ്ത്രീയതത്ത്വത്തിന്‍റെയും മതത്തിന് ഒരു സാംസ്കാരിക അനിവാര്യതയുടെയും മേന്മ നല്കിക്കൊണ്ട് ശാസ്ത്രം എന്ന തലക്കെട്ടിനുകീഴെ അവയുടെ ഒരു സംയോജനം സാദ്ധ്യമാക്കുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം. ശാസ്ത്രം ആത്യന്തികമായി നിരീക്ഷണത്തില്‍ വിശ്വസിക്കുന്നതിനാല്‍ മതം അതിനെ നിഷേധിക്കാതെ അതിനോട് അനുരൂപപ്പെടാന്‍ ശ്രമിക്കണം. ഇത് ശാസ്ത്രീയവാദമല്ല; കാരണം രണ്ടിനും വ്യത്യസ്തമായ രണ്ട് പ്രസക്തമേഖലകളുണ്ട് - ശാസ്ത്രത്തിന് ഇന്ദ്രിയങ്ങളുടെ ലോകവും മതത്തിന് ആത്മാവിന്‍റെ ലോകവും. ശാസ്ത്രീയചായ്വുള്ള എന്തിലും അവസാനവാക്ക് ശാസ്ത്രത്തിന്‍റേതായിരിക്കണം.
ലേഖകന്‍ രണ്ടു ലേഖനങ്ങളും [3,4] ക്വാണ്ടം ഭൗതികശാസ്ത്രത്തില്‍ ആകൃഷ്ടനായി ദൈവസങ്കല്പത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ടും [5] തയ്യാറാക്കിയിട്ടുണ്ട്. ഈ ലേഖനത്തില്‍ പരിണാമസിദ്ധാന്തത്തെ അതിന്‍റെ ആധുനികരൂപത്തില്‍ ചുരുക്കമായി വിവരിക്കാനും ദൈവത്തെക്കുറിച്ചുള്ള ഒരു വിവരണത്തോട് അതിനെ ബന്ധപ്പെടുത്താനുള്ള ശ്രമവുമാണ് നടത്തുന്നത്. 'ഇരുലോകങ്ങളിലെയും' ഏറ്റവും നല്ലതിനെ ഈ സമീപനം ഉള്‍ക്കൊള്ളുന്നതിനാല്‍ ശാസ്ത്രജ്ഞരെയും ആത്മീയചിന്തകരെയും ഒരുപോലെ സംതൃപ്തരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.-
പരിണാമം ചുരുക്കത്തില്‍
ഫോസിലുകളെക്കുറിച്ച്, വംശനാശം വന്ന ജീവികളെന്ന വിവരണത്തിനു പകരം പരിണാമം എന്ന ആശയം ഗൗരവമായവതരിപ്പിച്ചത് ജീന്‍-ബാപ്റ്റിസ്റ്റെ ഡി ലാമാര്‍ക്ക് [6] എന്ന ജൈവശാസ്ത്രജ്ഞനാണ്. പരിസ്ഥിതിയോട് താദാത്മ്യപ്പെടുന്നതിലൂടെയാണ് ജീവിവര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുന്നതെന്ന് അദ്ദേഹം വാദിച്ചു. തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ട ആര്‍ജ്ജിതസ്വഭാവങ്ങളുടെ കൈമാറ്റം, ഉപയോഗം, നിരുപയോഗം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ സിദ്ധാന്തം രൂപീകരിക്കപ്പെട്ടത്. 1859-ല്‍ ഡാര്‍വിന്‍ പ്രസിദ്ധീകരിച്ച "ജീവോത്പത്തി" എന്ന ഗ്രന്ഥം എല്ലാ ജീവശാസ്ത്രജ്ഞന്മാര്‍ക്കും സ്വീകാര്യമായ പ്രകൃതിനിര്‍ദ്ധാരണം എന്ന സംവിധാനത്തെ നിര്‍വ്വചിച്ചു. അതേസമയത്തുതന്നെ സ്വതന്ത്രമായ രീതിയില്‍ ആല്‍ഫ്രഡ് വാലസും ഈ ആശയത്തിലെത്തിച്ചേര്‍ന്നിരുന്നു. ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനായിരുന്ന തോമസ് മാല്‍ത്തൂസിന്‍റെ ആശയമാണ് ഇരുവരെയും ആകര്‍ഷിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ജ്യാമിതീയതലത്തില്‍ ജനസംഖ്യവര്‍ദ്ധിക്കുമ്പോള്‍ അങ്കഗണിതാടിസ്ഥാനത്തില്‍ മാത്രമാണ് ഭക്ഷണവിതരണം വര്‍ദ്ധിക്കുന്നത്. അത് പാവപ്പെട്ടവര്‍ക്കിടയില്‍ നിലനില്പിനുവേണ്ടിയുള്ള സമരത്തിന് കാരണമാകുന്നു. കൂടുതല്‍ ഭക്ഷണം ലഭിക്കുന്നവര്‍ കൂടുതല്‍ പുനരുത്പാദനം നടത്തും. ജൈവശാസ്ത്രത്തിലെ പരിണാമസിദ്ധാന്തത്തില്‍ ഈ മത്സരം ഓരോ ജീവിവര്‍ഗ്ഗത്തിന്‍റെയും അംഗങ്ങള്‍ തമ്മിലാണ് നടക്കുക. അതിജീവിക്കുന്നവര്‍ കൂടുതല്‍ അര്‍ഹതയുള്ളവരും അവരുടെ പിന്‍തലമുറ ബാക്കിയുള്ളവരെ തുടച്ചുമാറ്റുകയും ചെയ്യും. അങ്ങനെ ആ ജീവിവര്‍ഗ്ഗം സാവധാനം മെച്ചപ്പെടുന്നു. പ്രകൃതിനിര്‍ദ്ധാരണത്തെ ഡാര്‍വിന്‍ വ്യക്തികളുടെ ലൈംഗികതിരഞ്ഞെടുപ്പിലേക്ക് മാത്രമായി ചുരുക്കി. ഭൂമിശാസ്ത്രപരമായി മാറ്റിനിര്‍ത്തപ്പെട്ട ഒരു ജീവിവര്‍ഗ്ഗത്തിന് ദീര്‍ഘകാലഘട്ടമെടുത്ത്, പരിസ്ഥിതിയോട് സ്വയം താദാത്മ്യപ്പെടുത്തിക്കൊണ്ട് മറ്റൊരു ജീവിവര്‍ഗ്ഗമായിത്തീരാന്‍ കഴിയും. 1813-ല്‍ ഡബ്ല്യു.സി. വെന്‍സ്, റോയല്‍ സൊസൈറ്റിക്കു മുമ്പാകെ അവതരിപ്പിച്ച പേപ്പറിലെ പ്രകൃതിനിര്‍ദ്ധാരണത്തെക്കുറിച്ചുള്ള ഭാഗം ഡാര്‍വിന്‍ തന്‍റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്:
ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളില്‍ ചിതറിത്താമസിക്കുന്ന മനുഷ്യന്‍റെ വിവിധ വൈവിദ്ധ്യങ്ങളില്‍ ഒന്ന് രാജ്യത്തിന്‍റെ രോഗങ്ങള്‍ അതിജീവിക്കാന്‍ മറ്റുള്ളവയെക്കാള്‍ കഴിവുള്ളവരായിരിക്കും. ഈ വംശം സാവധാനം വര്‍ദ്ധിക്കുകയും മറ്റുള്ളവ കുറയുകയും ചെയ്യും. അത് രോഗത്തോട് എതിരിട്ട് നില്ക്കാന്‍ കരുത്തില്ലാത്തതുകൊണ്ട് മാത്രമല്ല, തങ്ങളുടെ അയല്ക്കാരോടൊപ്പം കഴിയാനാകാത്തതുകൊണ്ടു കൂടിയാണ്. ഇപ്പറഞ്ഞതില്‍ നിന്നും ആ വംശത്തിന്‍റെ നിറം ഇരുണ്ടതാണെന്ന് ഞാന്‍ അനുമാനിക്കുന്നു. എന്നാല്‍ വൈവിധ്യങ്ങളുണ്ടാകുന്നതിനുള്ള സാഹചര്യം ഇനിയും നിലനില്ക്കുന്നു. അതിനാല്‍ കാലാന്തരത്തില്‍ കൂടുതല്‍ കൂടുതല്‍ ഇരുണ്ട വംശങ്ങള്‍ രൂപപ്പെടും. അങ്ങനെ ഏറ്റവും ഇരുണ്ടതായിരിക്കും പരിസ്ഥിതിക്ക് കൂടുതല്‍ യോജിച്ചത്. അതുത്ഭവിച്ച രാഷ്ട്രത്തില്‍ ആ വംശം മാത്രമല്ല ഉള്ളതെങ്കില്‍ക്കൂടിയും, ഏറ്റവും പ്രസക്തിയുള്ളത് അവയ്ക്കായിരിക്കും [7].
ഭൂമിയുടെ പുരാതനകാലങ്ങളില്‍ ജീവിച്ച് മണ്‍മറഞ്ഞുപോയവയുടെ ഫോസിലുകളില്‍ നിന്നാണ് പരിണാമത്തെ സംബന്ധിക്കുന്ന ഏറ്റവും ശക്തമായ തെളിവുകള്‍ വരുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവയോട് സാദൃശ്യമുള്ള ജീവികളുടെ ഫോസിലുകള്‍ കണ്ടെത്തുമ്പോള്‍ അവയെല്ലാം തന്നെ അവയുടെ ഇന്നുള്ള പ്രതിനിധികളെക്കാള്‍ ഏറെ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഈ നിരീക്ഷണം, ജീവികളെല്ലാം അവയുടെ പഴയകാലപതിപ്പുകളില്‍ നിന്ന് രൂപപരിണാമം സംഭവിച്ചാണുണ്ടായിരിക്കുന്നത് എന്ന ഡാര്‍വീനിയന്‍ സിദ്ധാന്തത്തെ പിന്താങ്ങുന്നു. ഭൂമികുലുക്കം, വെള്ളപ്പൊക്കം, അഗ്നിപര്‍വ്വതസ്ഫോടനങ്ങള്‍ എന്നിവയാല്‍ ഫോസിലുകള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍ ലഭ്യമല്ലാത്ത നിരവധി കണ്ണികളുണ്ട്. പൂര്‍വ്വികരും ആധുനികതലമുറയും തമ്മിലുള്ള വിടവ് പരിഹരിക്കാനുതകുംവിധം വല്ലപ്പോഴുമാണ് ഒരു ഫോസില്‍ ലഭിക്കുക. ഉരഗങ്ങളില്‍ നിന്നാണ് പക്ഷികള്‍ രൂപപ്പെട്ടതെന്ന് വിശ്വസിക്കണമെങ്കില്‍ ഈ രൂപപരിണാമത്തിന്‍റെ കാലഘട്ടത്തെ കുറിക്കുന്ന, രണ്ടു വിഭാഗങ്ങളെയും വേര്‍തിരിക്കുന്ന ഒരു ജീവിയെങ്കിലും ഉണ്ടാകണം. അങ്ങനെ 1861-ല്‍ കണ്ടെത്തിയ 145 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പകുതി ഉരഗവും പകുതി പക്ഷിയുമായ ആര്‍ക്കെയോപെട്രിക്സിന്‍റെ ഫോസില്‍ ഡാര്‍വിനിസത്തിന് ഒരു ശക്തമായ തെളിവാണ്. ജനിതകതലത്തില്‍ത്തന്നെ ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയിലെ പരസ്പരബന്ധത്തെക്കുറിച്ച് തെളിവുകളുള്ളതിനാല്‍ ജീവിലോകത്തില്‍ അതിന്‍റെ തെളിവുകള്‍ തേടുന്നത് അസംബന്ധമാണ്.
മരത്തില്‍ ജീവിക്കുന്ന പൈതൃകമുള്ള പ്രിമേറ്റുകള്‍ എന്ന സസ്തനിവര്‍ഗ്ഗത്തിലാണ് മനുഷ്യന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുരങ്ങന്മാരും വാലില്ലാക്കുരങ്ങന്മാരും മനുഷ്യരും ആന്ത്രോപോയ്സ് പ്രിമേറ്റ്സ് എന്ന ഗണത്തില്‍പ്പെടുന്നു. വളരെ വികസിച്ച മസ്തിഷ്കം, ദീര്‍ഘകാലമുള്ള ശൈശവം, ഒരുപാടു നാളത്തെ മാതൃപിതൃസംരക്ഷണം എന്നിവയാണതിന്‍റെ പ്രത്യേകതകള്‍. നേര്‍രേഖയിലുള്ള പിന്തുടര്‍ച്ചാക്രമത്തെക്കുറിച്ച് ഡാര്‍വിനു മുമ്പുണ്ടായിരുന്ന എല്ലാ പദ്ധതികളെയും അദ്ദേഹത്തിന്‍റെ ശാഖ വിരിക്കുന്ന പരിണാമം എന്ന വിപ്ലവാത്മകപ്രവണത ഇല്ലാതാക്കി. ഈ കാഴ്ചപ്പാടനുസരിച്ച് ഭൂമിയിലെ എല്ലാ ജീവിവര്‍ങ്ങള്‍ക്കും ഒരു പൊതുപൂര്‍വ്വികനും എല്ലാത്തരം ജീവനും ഒരു പൊതുഉറവിടവും ഉണ്ട്. ഇതാണ് പൊതുപിന്തുടര്‍ച്ചാസിദ്ധാന്തം (theory of common descent) എന്നറിയപ്പെടുന്നത്.
പുതിയ ജീവിവര്‍ഗ്ഗങ്ങളുണ്ടാകുന്നതിന്‍റെ പരിണിതഫലമാണ് ശാഖവിരിക്കല്‍. ശരീരഭാഗങ്ങളുള്‍പ്പെടെ പൊതുഘടകങ്ങളുള്ള നട്ടെല്ലിന്‍റെ ഭാഗങ്ങളുടെ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയിലാണ് പൊതുപിന്തുടര്‍ച്ച വിശദീകരിക്കപ്പെടുന്നത്. അത്തരം ജീവിവര്‍ഗ്ഗങ്ങളെല്ലാം ഒരു പൊതുപൂര്‍വ്വികനില്‍ നിന്നു വന്നിട്ടുള്ളതായിരിക്കണം. മനുഷ്യനും ചിമ്പാന്‍സിക്കും ഒരു പൊതുപൂര്‍വ്വികനുണ്ടായിരുന്നു എന്നു ചിന്തിക്കുന്നത് യുക്തിസഹമാണ്. പക്ഷേ അവ വ്യത്യസ്തശാഖകളിലാണ് ആവിര്‍ഭവിച്ചത്. ബൊണോബോ അല്ലെങ്കില്‍ പിഗ്മിചിമ്പാന്‍സി, ചിമ്പാന്‍സിയെപ്പോലെ തന്നെയുള്ള ജീവിവര്‍ഗ്ഗമാണെങ്കിലും മനുഷ്യവികാരങ്ങളായ സ്നേഹം, ദയ, അസൂയ, വെറുപ്പ് എന്നിവയെല്ലാം തന്നെ അതു പ്രകടിപ്പിക്കും. മനുഷ്യേതര പ്രിമേറ്റുകളിലില്ലാത്ത തനതായ ഒരു സ്വഭാവസവിശേഷതയും മനുഷ്യനില്‍ കണ്ടെത്തിയിട്ടില്ല. ആയുധങ്ങളുടെ ഉപയോഗം, യുക്തിചിന്ത, അത്ഭുതം, വാക്കുകളും അര്‍ത്ഥങ്ങളും പഠിക്കുക, അവബോധം, സ്വയാവബോധം, തമാശ ആസ്വദിക്കല്‍ തുടങ്ങി മാനുഷികമായി കണക്കാക്കപ്പെടുന്നവയെല്ലാം മൃഗങ്ങളും പങ്കുവയ്ക്കുന്നുണ്ട്. നിവര്‍ന്ന നട്ടെല്ല്, വിരലുകളുപയോഗിക്കാനുള്ള കഴിവ്, സ്വതന്ത്രമായി ശബ്ദം പുറപ്പെടുവിക്കാന്‍ തക്കവിധം വോക്കല്‍ കോഡുകളുടെ ക്രമീകരണം, തലച്ചോറിലെ എണ്ണമറ്റ ന്യൂറോണുകളുടെ സാന്നിദ്ധ്യം എന്നിങ്ങനെ മനുഷ്യനെ മറ്റു പ്രിമേറ്റുകളില്‍ നിന്നു വേര്‍തിരിക്കുന്നവ പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ ദാനമാണ് [8]. മനുഷ്യനും ചിമ്പാന്‍സികളും തമ്മിലുള്ള ജനിതകവിത്യാസം വെറും അഞ്ചു ശതമാനം മാത്രമാണ്. അതാകട്ടെ 100 മുതല്‍ 1000 വരെ ജീനുകള്‍ക്ക് തുല്യമാണ്. ജീനുകളിലുള്ള സാമ്യങ്ങള്‍ മനുഷ്യനിലും ചിമ്പാന്‍സിയിലും 95 ശതമാനം ഒരേ ജീനുകളാണെന്നും 5 ശതമാനം വ്യത്യസ്തമാണെന്നുമുള്ള നിഗമനത്തിലേക്ക് നമ്മെ എത്തിക്കുന്നു [9].
ഭൂമിയില്‍ സഞ്ചരിക്കുന്നതിന് സഹായകമായ നിരവധി മാറ്റങ്ങളുള്ള കുരങ്ങുകളില്‍ നിന്നും വാലില്ലാത്ത കുരങ്ങുകളില്‍ നിന്നും വ്യത്യസ്തമായ മനുഷ്യരുടെ പൊതുനാമമാണ് ഹോമിനിഡ്. ചിമ്പാന്‍സിയോടൊപ്പം നമുക്കുള്ള പൊതുപൂര്‍വ്വികന്‍ 6 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജീവിച്ചിരുന്നത്. ലൂസി എന്നു വിളിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ഫോസിലാണ് കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴക്കമേറിയതില്‍ ഒരെണ്ണം. അവള്‍ ഉള്‍പ്പെടുന്നത് ഓസ്ട്രലോപിത്തെക്കസ് അഫാരെന്‍സിസ് ജീവിഗണത്തിലാണ്. അവള്‍ വളരെ ചെറുതായിരുന്നു. എങ്കിലും അവളേക്കാള്‍ ചെറുതായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്തോനേഷ്യയിലെ ഒരു ഗുഹയില്‍ കണ്ടെത്തിയ ഹോബിത് എന്നു തമാശയായി വിളിക്കുന്ന ഹോമോ ഫ്ളോറെസിയസ്. തിരിച്ചറിയപ്പെട്ട മറ്റു മനുഷ്യവര്‍ഗ്ഗങ്ങളാണ് ഹോമോ ഇറക്തൂസ്, ഓസ്ട്രലോപിതെക്കൂസ് ആഫ്രിക്കാനസ്, ഹോമോ നിയാണ്ടര്‍താലെന്‍സിസ് എന്നിവ [10].
'സയന്‍സ്' എന്ന ജേര്‍ണലിന്‍റെ "ഈയാഴ്ചത്തെ ശാസ്ത്രവാര്‍ത്ത" [11] എന്ന കോളത്തില്‍ 2009-ലെ ഏറ്റവും സമുന്നതമായ കണ്ടെത്തലായി പുകഴ്ത്തപ്പെട്ട ആര്‍ഡിപ്പിത്തെക്കൂസ് റാമിഡൂസിന്‍റെ കണ്ടെത്തലാണ് ഏറ്റവും അവസാനത്തേത്. ആര്‍ഡിയുടെ ശരീരഘടന ജീവിച്ചിരിക്കുന്ന വാലില്ലാത്ത കുരങ്ങുകളുടേതോ പിന്നീടുള്ള ലൂസിയേപ്പോലുള്ള ഹോമിനിഡുകളുടേതോ അല്ല. അതിനാല്‍ പൊതുപൂര്‍വ്വികനും മനുഷ്യനും ഇടയിലുള്ള രൂപാന്തരീകരണഘട്ടത്തിലെ ജീവിവര്‍ഗ്ഗമായാണ് (കണ്ണി) അവളെ കണക്കാക്കുന്നത്.
ഓരോ ജീനും ഡി.എന്‍.എ.യുടെ ഒരു ഘടകവും ജീനോം എല്ലാ ജീനുകളുമുള്‍പ്പെടുന്ന കൂട്ടവുമാണ് [12]. അഡെനൈന്‍, സൈറ്റോസൈന്‍, ഗ്വാനൈന്‍, തൈമൈന്‍ എന്നീ ന്യൂക്ലിയോടൈഡുകളെ സൂചിപ്പിക്കുന്ന A,C,G,T എന്നീ നാലക്ഷരങ്ങളുടെ ബില്യണ്‍ കണക്കിന് പരസ്പരകൂടിച്ചേരലുകളിലൂടെയാണ് ഒരു പ്രത്യേകജീവിവര്‍ഗ്ഗത്തിന്‍റെ ഡി.എന്‍.എ ആയ പോളിമര്‍ മോളിക്യൂള്‍ രൂപമെടുക്കുന്നത്. ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ പരിണാമചരിത്രത്തിലെ ഓരോ സംഭവവും അതിന്‍റെ ഡി.എന്‍.എ.യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഓരോ ഉല്‍പ്പരിവര്‍ത്തനവും (mutation) നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഡി.എന്‍.എ.യിലെ നിരന്തരമാറ്റങ്ങളുടെ പരിണിതഫലമാണ് ഉല്‍പ്പരിവര്‍ത്തനം. ചില ഉല്‍പരിവര്‍ത്തനങ്ങള്‍ പ്രകൃതി സ്വീകരിക്കുകയും അവ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ബില്യണ്‍ കണക്കിന് വര്‍ഷങ്ങളോളം ചില ജീനുകള്‍ സൂക്ഷിക്കപ്പെടുകയും ബാക്കിയുള്ളവ പ്രകൃതിനിര്‍ദ്ധാരണത്തിലൂടെ തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. ക്രമരഹിതമായിട്ടാണെങ്കിലും ഉപയോഗപ്രദമായവയില്‍ മാത്രമാണ് പ്രകൃതിനിര്‍ദ്ധാരണം സംഭവിക്കുന്നത്. വ്യതിയാനത്തിന്‍റെ ഒരു സഹിഷ്ണുതാപരിധിയുള്ളതിനാല്‍ എല്ലാ ഉല്‍പ്പരിവര്‍ത്തനങ്ങളും ജൈവികമായ മാറ്റത്തില്‍ കലാശിക്കുന്നില്ല. ജൈവശാസ്ത്രപരമായി ഓരോ മനുഷ്യനും തനിമയുള്ള വ്യക്തിയായിരിക്കുന്നതിന്‍റെ പിന്നിലെ രഹസ്യം വ്യതിയാനങ്ങളാണ് [13]. പരിസ്ഥിതിയോടുള്ള ഒത്തുചേരലിലൂടെയാണ് പ്രകൃതിനിര്‍ദ്ധാരണം പ്രവൃത്തിക്കുന്നത്. ഉദാഹരണത്തിന്, പശ്ചാത്തലനിറത്തോട് സാധര്‍മ്മ്യം പുലര്‍ത്തുന്ന നിറമുള്ള ജീവികള്‍ക്ക് മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാനാകും. അങ്ങനെ യോജിക്കുന്ന നിറമുള്ളവ യോജിക്കാത്ത നിറമുള്ളവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നു. ഇത്തരം തിരഞ്ഞെടുപ്പുകളില്‍ ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ പ്രത്യേകത മറ്റൊന്നിനും തിരിച്ചും സഹായകമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മത്സരവും സഹകരണവും അങ്ങനെ ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാകുന്നു.
മതവുമായുള്ള സംഘര്‍ഷം
ഇരുകൂട്ടരും വ്യക്തമായി വിശകലനം ചെയ്യാത്ത വിഷയങ്ങളുടെ മേല്‍ മതവും ഡാര്‍വിനിസവും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. വേദഗ്രന്ഥത്തിലെ ഓരോ വാക്കും അക്ഷരാര്‍ത്ഥത്തിലെടുക്കുന്ന തീവ്രവാദികളായ മതവിശ്വാസികളെ മാറ്റിനിര്‍ത്തിയാല്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ചും അതിലെ ദൈവത്തിന്‍റെ സാദ്ധ്യതയെക്കുറിച്ചും സാവധാനം ഒരവബോധം രൂപപ്പെടുന്നതു കാണാം. ജീവിക്കുന്ന പദാര്‍ത്ഥത്തിന്‍റെ ശക്തികളില്‍ നിന്ന് ആവിര്‍ഭവിക്കുന്ന മനസ്സിനെക്കുറിച്ചുള്ള പരിണാമസിദ്ധാന്തത്തെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ [14] ചോദ്യം ചെയ്യുന്നത് ഒരുദാഹരണമാണ്. അത് മനുഷ്യമഹത്ത്വമെന്ന ആശയത്തോട് യോജിച്ചു പോകുന്നതല്ലത്രേ. മൃഗത്തില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. തുടര്‍പരിണാമത്തിലെ തുടര്‍ച്ചാരാഹിത്യം, ആത്മാവ് എന്ന വാക്ക് കൃത്യമായി ഉച്ചരിക്കുന്നില്ലെങ്കിലും അത് ദൈവം സൃഷ്ടിച്ചതാണെന്ന് അദ്ദേഹം അര്‍ത്ഥമാക്കുന്നു. അദ്ദേഹം പറയുന്നു, ". . . ആത്മാവബോധത്തിന്‍റെയും ആത്മവിചിന്തനത്തിന്‍റെയും ധാര്‍മ്മികമനഃസാക്ഷിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സൗന്ദര്യശാസ്ത്രപരവും മാതത്മകവുമായ അനുഭവങ്ങളുടെയും അതിഭൗതികഅറിവുകള്‍ ദാര്‍ശനികവിശകലനങ്ങളുടെ പരിധിയില്‍പ്പെടുന്നു. ദൈവശാസ്ത്രമാകട്ടെ സ്രഷ്ടാവിന്‍റെ പദ്ധതിയനുസരിച്ചുള്ള അതിന്‍റെ ആത്യന്തിക അര്‍ത്ഥത്തെ വെളിവാക്കുന്നു. . . " മനുഷ്യനില്‍ പരിണാമത്തിന്‍റേതല്ലാത്ത യാതൊന്നുമില്ലെന്ന് ഡാര്‍വിനിസ്റ്റുകള്‍ വാദിക്കുന്നു. കാരണം മനുഷ്യസദൃശ്യമായ കഴിവുകളുള്ള മൃഗങ്ങള്‍ ധാരാളമുണ്ട്.
1967-ല്‍ സസ്യശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസ് [15] നടത്തിയ രസകരമായ നിരീക്ഷണങ്ങള്‍ പ്രകാരം നമ്മുടെ പ്രവര്‍ത്തനങ്ങളായ മുലയൂട്ടല്‍, ശിശുപരിപാലന, ഉറക്കം, മല്പ്പിടുത്തം, ഇണചേരല്‍ എന്നിവയ്ക്കെല്ലാം മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍ പകര്‍പ്പുകളുണ്ട്. മതപരമായ കാഴ്ചപ്പാടിലെ പ്രധാനപ്രശ്നം ഹോമോസാപ്പിയന്‍സ് മാത്രമാണോ ആത്മാവുള്ള മനുഷ്യര്‍; മറ്റ് മനുഷ്യ/ഹ്യൂമനോയിഡ് ജീവിവര്‍ഗ്ഗങ്ങള്‍ ആത്മാവില്ലാത്തവയായിരുന്നോ എന്നിവയാണ്. 30,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂഗോളത്തെമ്പാടും ചിതറിത്താമസിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യര്‍ക്ക് വിശ്വാസത്തിന്‍റെ പ്രാക്രൂപമുണ്ടായിരുന്നതായി, അവര്‍ മൃതശരീരങ്ങള്‍ സംസ്കരിച്ചിരുന്ന രീതി വിശകലനം ചെയ്യുമ്പോള്‍ അനുമാനിക്കാനാവുന്നുണ്ട്. അവര്‍ പ്രകൃതിശക്തികളെ ദൈവമായി ആരാധിച്ചിട്ടുണ്ടാകാം. ഈ അനുമാനം പൂര്‍ണമായും ശരിയല്ല. മതം, കല, സംഗീതം, ഭാഷ എന്നിവ മനുഷ്യവംശത്തിന്‍റെ സാംസ്കാരികസാര്‍വ്വത്രികങ്ങളാണ്. 50,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏകദേശം ഒരേസമയത്താണ് ഇവ രൂപപ്പെട്ടത് എന്നാണ് വിദഗ്ദാഭിപ്രായം [16].
പ്രോത്തെയൂസ് മിറെബിലിസ് എന്ന ബാക്ടീരിയത്തില്‍ ആത്മാവബോധത്തിന്‍റെ ജനിതകാടിസ്ഥാനം മനസ്സിലാക്കുന്നതില്‍ പുരോഗതിയുണ്ടായിട്ടുണ്ട് [17]. ഖരപ്രതലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കൂട്ടംചേര്‍ന്ന് ഈ ബാക്ടീരിയ കോളനികളുണ്ടാക്കുന്നു. ഒറ്റ ജനുസില്‍പ്പെട്ട (single strain)കോളനികള്‍ തമ്മിലല്ല, ഒരേ ജനുസില്‍പ്പെട്ട (same strain) കോളനികള്‍ക്കിടയിലാണ് അതിര്‍ത്തികള്‍ രൂപപ്പെടുന്നത്. ആത്മാവും (self) അപരവും (other) തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവാണ് അതിര്‍ത്തിരൂപീകരണത്തിന്‍റെ അവശ്യഘടകം. ഉല്‍പരിവര്‍ത്തിതമായ ചില ബാക്ടീരിയകള്‍ തികച്ചും പുതിയ കോളനികള്‍ തുടങ്ങുന്നതിനുവേണ്ടി അവയുടെ ഉത്ഭവകോളനികളില്‍ നിന്ന് സ്വയം ഒറ്റപ്പെടുന്നതായിക്കാണാം. മനുഷ്യസ്വത്വവും ബാക്ടീരിയായുടെ സ്വത്വവും തമ്മില്‍ താരതമ്യങ്ങളൊന്നുമില്ലെങ്കിലും വ്യത്യാസം സങ്കീര്‍ണ്ണതയുടെ അളവില്‍ മാത്രമാണുള്ളത്. പ്രോട്ടീന്‍ നാരുകള്‍കൊണ്ട് ബന്ധിക്കപ്പെട്ട ഏകകോശ ജീവികളുടെ കോളനിയായി വേണമെങ്കില്‍ മനുഷ്യശരീരത്തെ കണക്കാക്കാം. അത് പ്രോത്തെയൂസ് മിറാബിലിസിന്‍റെ വൃന്ദം പോലെയായിരിക്കും. ഈ ബാക്ടീരിയാവൃന്ദത്തെ ഒരു ആത്മ-കൂട്ടായ്മയായി പരിഗണിക്കാമെങ്കില്‍ എന്തുകൊണ്ട് അതേ മാതൃക മനുഷ്യശരീരത്തെ വിശദീകരിക്കാന്‍ ഉപയോഗിച്ചുകൂടാ? അടി-മുടി രൂപഘടന ഉള്‍ക്കൊള്ളുന്ന ഈ ആത്മ-കൂട്ടായ്മ (self-assembly) [18] യുടെ തന്ത്രമാണ് ചിതല്‍പ്പുറ്റിന്‍റെയും ഉറുമ്പിന്‍കൂടിന്‍റെയും വികസിതഭ്രൂണത്തിന്‍റെയും രൂപീകരണത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ പ്രക്രിയകളിലൊന്നും തന്നെ അടി-മുടി നിയന്ത്രണങ്ങളോ നിര്‍ദ്ദേശങ്ങളോ നല്കപ്പെടുന്നില്ല. അതിനാല്‍ ഒരുദിവസം ചിലപ്പോള്‍ ആത്മത്തിന്‍റെയും മനസിന്‍റെയും രൂപീകരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടേക്കാം.
പ്രകൃതിനിര്‍ദ്ധാരണം ലളിതവും പക്ഷേ ശക്തവുമാണെന്ന് അത് രൂപംകൊടുത്തിട്ടുള്ള ഘടനകളും ക്രമവും ഉദ്ദേശത്തെക്കുറിച്ചുള്ള വിചിത്രഭാവനകളും വെളിവാക്കുന്നു. പരിണാമചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മനുഷ്യോദയം. ആ ഘട്ടത്തില്‍ ദൈവത്തിന്‍റെ ഇടപെടല്‍ കൊണ്ടുവരേണ്ട ആവശ്യമില്ല. കാരണം പരിണാമം അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല, മനുഷ്യന്‍ ആരോഗ്യം, ജീവിതദൈര്‍ഘ്യം, ക്രിയാത്മകത എന്നിവയില്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യനു പകരം ഏതെങ്കിലും ഉപരിജീവിവര്‍ഗ്ഗം ആവിര്‍ഭവിക്കില്ലായെന്ന് ആരറിഞ്ഞു! ആഗോളതാപനം നിമിത്തം ഭൂമിയിലെ സസ്യജാലങ്ങളെല്ലാം ഇല്ലാതാകാനുള്ള സാധ്യതയും ഒരുവന് തള്ളിക്കളയാനാവില്ല. നിരവധി ജീവിവര്‍ഗ്ഗങ്ങള്‍ അതിന്‍റെ പരിണിതഫലങ്ങള്‍ വരും ദശകങ്ങളില്‍ അനുഭവിക്കേണ്ടിവരും. തെര്‍മോഡൈനാമിക്സിന്‍റെ പശ്ചാത്തലത്തില്‍ പ്രപഞ്ചത്തിലെ ക്രമത്തെക്കുറിച്ചുള്ള വാദം അര്‍ത്ഥരഹിതമാണ്. കാരണം, പ്രപഞ്ചം ക്രമരാഹിത്യത്തിന്‍റെ അളവുകലെന്ന നിലയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചമാകുന്ന ക്രമരാഹിത്യത്തിന്‍റെ വിശാലസമുദ്രത്തിലെ ക്രമത്തിന്‍റെ ചെറുദ്വീപാണ് ജൈവതലം (biosphere). ഭൗമേതരജീവന്‍ കണ്ടെത്തിയാല്‍ക്കൂടിയും നെഗറ്റീവ് എന്‍ട്രോപ്പിക്കും ക്രമത്തിനുമായി എല്ലാ ജീവരൂപങ്ങളും കൂടി നല്കുന്ന ആകെ സംഭാവനകള്‍ വളരെ തുച്ഛമാണ്. മനുഷ്യോത്പത്തിയുടെ കാരണത്തില്‍ ദൈവത്തിന് സാധ്യത മാത്രം കല്പിക്കുന്നത് ഈശ്വരനില്‍ മനുഷ്യരൂപമാരോപിക്കുന്ന (anthropomorphic) ചിന്തയുടെ ഉദാഹരണമാണ്. അതിന് വിശ്വാസ്യതയില്ല. കാരണം, അപ്പോള്‍ അവയ്ക്കും മറ്റു ജീവിവര്‍ഗ്ഗങ്ങളെപ്പോലെ തന്നെ യാതൊരു നേട്ടവും അവകാശപ്പെടാനാവില്ല. ആത്മാനുകമ്പ, സ്നേഹം, വിശ്വസ്തത എന്നിവയില്‍ ചില മൃഗങ്ങള്‍ മനുഷ്യനേക്കാള്‍ ഉയര്‍ന്നു നില്ക്കുന്നു.
സമന്വയം
ഭൂമിയില്‍ ജീവിവര്‍ഗ്ഗങ്ങളുടെ ഉദയത്തിനും അസ്തമയത്തിനും കാരണം പരിണാമമാണെന്നത് തികച്ചും വ്യക്തമാണ്. യോജിക്കാത്തവയെ നിര്‍ദാക്ഷിണ്യം തുടച്ചുമാറ്റിക്കൊണ്ട് അനുയോജ്യമായവയെ പ്രകൃതി തിരഞ്ഞെടുക്കുന്നു. പ്രകൃതി ഒരു സ്ഥിരപശ്ചാത്തലമല്ല; അത് ചലനാത്മകവും സ്ഥലബന്ധിയുമാണ്. ആഗോളതാപനം നിയന്ത്രിച്ചില്ലെങ്കില്‍ അത് പതിനായിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളെ നശിപ്പിക്കും. പ്രകൃതിയുടെ ചലനാത്മകസ്വഭാവത്തിന്‍റെ തെളിവാണിത്. പരിണാമത്തിനും അതിന്‍റേതായ ദുഷ്ഫലങ്ങളില്ലാതില്ല. ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ അതിനു കഴിഞ്ഞിട്ടില്ല. അതു സംബന്ധിച്ച് വ്യക്തമായ ഒരു സിദ്ധാന്തവും ഇപ്പോഴില്ല എന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നുണ്ട്. സിദ്ധാന്തവും നിരീക്ഷണവും സൂചിപ്പിക്കുന്നതുപോലെ ഇപ്പോഴത്തെ സാഹചര്യം മഹാവിസ്ഫോടനത്തിന്‍റെ ശേഷിപ്പ് മാത്രമാണ്. എന്നാല്‍ ഭൗതികശാസ്ത്രം ആ സാഹചര്യത്തില്‍ അപ്രസക്തമായതിനാല്‍ അതിന്‍റെ വിശദീകരിക്കപ്പെട്ട ഭൗതികപ്രക്രിയകള്‍ രഹസ്യമായിത്തന്നെ അവശേഷിക്കുന്നു. മോര്‍ട്ടിസ് [19] തന്‍റെ ഒരു ലേഖനത്തില്‍ ശാസ്ത്രീയ എഴുത്തുകാരനായ റിച്ചാര്‍ഡ് റോബിന്‍സണെ ഉദ്ധരിക്കുന്നുണ്ട്: "ജീവശാസ്ത്രജ്ഞര്‍ക്ക് ഒരു കോശം നല്കൂ, അവര്‍ നിങ്ങള്‍ക്ക് ഒരു ലോകം മടക്കിത്തരും.
ആദ്യകോശം എങ്ങിനെയോ രൂപപ്പെട്ടു എന്നനുമാനിക്കാതെ, നാലു ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജൈവാവസ്ഥയ്ക്കു മുമ്പുള്ള ലോകത്തു നിന്നും അതിന്‍റെ ആവിര്‍ഭാവത്തെ ജൈവശാസ്ത്രജ്ഞര്‍ എപ്രകാരം വിവരിക്കും?" മൈക്കോപ്ലാസ്മ ജെനിത്താലിയം എന്ന ഏറ്റവും ലളിതമായ ബാക്ടീരിയത്തിന് ഏതാണ്ട് 387 പ്രോട്ടീന്‍-കോഡിംഗ് ജീനുകളുണ്ട്. എന്നാല്‍ ഗില്‍ എത്ത് ആല്‍ നടത്തിയ ഒരു സൈദ്ധാന്തികപഠനമനുസരിച്ച് നിലനില്ക്കുന്ന ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞത് 216 ജീനുകള്‍ മതി. ഇത്രയധികം പ്രോട്ടീനുകളുടെ തികച്ചും സങ്കീര്‍ണ്ണമായ ഘടന സ്വയം ആവിര്‍ഭവിച്ചതെങ്ങനെയാണെന്നതാണ് ഏറ്റവും വലിയ ചോദ്യം. ആദ്യകാല ഭൂമിയുടെ കുറഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ ജലം, ഹൈഡ്രജന്‍, അമോണിയ, മീഥൈല്‍ എന്നിവയുടെ മിശ്രിതത്തിലുണ്ടായ തീപ്പൊരിയുടെ ഫലമായിട്ടാണ് അമിനോ ആസിഡുണ്ടായത് എന്ന് സ്റ്റാന്‍ലി മില്ലറുടെ [20] പ്രശസ്തമായ പരീക്ഷണം കാണിച്ചു തരുന്നുണ്ട്. അമിനോ ആസിഡില്‍ നിന്ന് ജീവകോശങ്ങളിലേക്കുള്ള പാത ഇരുളടഞ്ഞതാണ്. ഡി.എന്‍.എ.യുടെയും പ്രോട്ടീനിന്‍റെയും മുന്നോടിയാണ് ആര്‍.എന്‍.എ. എന്നവകാശപ്പെടുന്ന ഒരു സിദ്ധാന്തമുണ്ട്. ജനിതകവിവരങ്ങളുടെ വാഹകനായും രാസത്വരകമായും അതിന് ഒരേസമയം പ്രവര്‍ത്തിക്കാമെന്നതാണ് കാരണം. ഡി.എന്‍.എ.യ്ക്കും ആര്‍.എന്‍.എ.യ്ക്കും ഒന്നൊഴിച്ച് ബാക്കിയെല്ലാം ഒരേ ഘടകങ്ങളാണ്. തൈമൈനിന് പകരം ആര്‍.എന്‍.എ.യില്‍ യുറാസില്‍ ആണുള്ളത്. ലാബുകളില്‍ ആര്‍.എന്‍.എ.യില്‍ നിന്നാണ് ഡി.എന്‍.എ. നിര്‍മ്മിക്കുന്നതെങ്കിലും അതിന്‍റെ മുന്നോടിസ്ഥാനം ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. കൃത്യമായ നിഗമനങ്ങളിലെത്താതെ ഊഹാധിഷ്ഠിതമായ ചര്‍ച്ചകള്‍ വേറെയുമുണ്ട്.
ദാര്‍ശനികനും ഫോസില്‍ പഠനശാസ്ത്രജ്ഞനുമായ തെയ്യാര്‍ദ് ഷര്‍ദ്ദാന്‍ ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് [21] സംസാരിക്കുന്നതിപ്രകാരമാണ്: "ചരിത്രഗവേഷണങ്ങള്‍ക്കൊന്നും ഈ കഥയുടെ വിശദാംശങ്ങള്‍ തരാനാവില്ല. ലബോറട്ടറിയിലെ പ്രവര്‍ത്തനങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ നാളത്തെ ശാസ്ത്രം തയ്യാറായില്ലെങ്കില്‍ തന്മാത്രയില്‍ നിന്ന് അതിസൂക്ഷ്മമായതിന്‍റെയും, രാസഘടകങ്ങളില്‍ നിന്ന് ജീവന്‍റെയും ആവിര്‍ഭാവത്തിന് യാതൊരു തെളിവും ഒരിക്കലും നാം കണ്ടെത്തുകയില്ല. ഒരു കാര്യം ഉറപ്പാണ്, ലളിതമായ ഒരു തുടര്‍പ്രക്രിയയുടെ ഫലമായി ഇത്തരമൊരു രൂപാന്തരീകരണം പെട്ടെന്ന് സംഭവിക്കുയില്ല." എല്ലാ വസ്തുക്കളിലെയും ഉള്ളായ്മയുടെയും ഇല്ലായ്മയുടെയും (within and without) വിമര്‍ശനവിധേയമായെങ്കിലും ജൈവാവസ്ഥയ്ക്കു മുമ്പുനിന്നും ജൈവാവസ്ഥയിലേക്കുള്ള മാറ്റം ഒരു തുടര്‍ച്ചാരാഹിത്യപ്രക്രിയയായുള്ള അവതരണം ശ്രദ്ധേയമാണ്. സുഗമമായ പ്രക്രിയയായിരുന്നുവെങ്കില്‍ അത് പ്രപഞ്ചത്തില്‍ സര്‍വ്വസാധാരണമായിരുന്നേനേ. ഭൗമേതരജീവന്‍റെ ഇപ്പോള്‍ ലഭ്യമാകുന്ന തെളിവുകള്‍, പ്രത്യേകിച്ച് ബുദ്ധിയുള്ളവരുടെ ഭൗമേതരസാന്നിദ്ധ്യം പ്രബലമല്ല. അതിനാല്‍ ഭൂമിയിലെ ജീവന്‍റെ ആരംഭം പ്രപഞ്ചചരിത്രത്തിലെ അസാധാരണങ്ങളില്‍ അസാധാരമായ ഒരു സംഭവമാണ്. റഫറന്‍സ് രണ്ടില്‍ ഈ എഴുത്തുകാരന്‍ ഊര്‍ജ്ജത്തിന്‍റെയും വിവരത്തിന്‍റെയും സാധ്യതയുടെയും അടിസ്ഥാനത്തിലുള്ള ദൈവത്തിന്‍റെ ഒരു ശാസ്ത്രീയവിവരണം മുമ്പോട്ടു വയ്ക്കുന്നുണ്ട്. നിരീശ്വരവാദികള്‍ക്കു പോലും ഈ നിരീക്ഷണത്തോട് യോജിക്കാവുന്നതാണ്. ജോലി ചെയ്യാനുള്ള കഴിവാണ് ഊര്‍ജ്ജമെന്ന് ഭൗതികശാസ്ത്രജ്ഞര്‍ പറയുന്നു. ജോലി മാറ്റം കൊണ്ടുവരുന്നു. അതിനാല്‍ വിശ്വാസികള്‍ അത്ഭുതമായി അവതരിപ്പിക്കുന്ന ജീവന്‍റെ ആരംഭം അറിവിന്‍റെ ഉയര്‍ന്ന ഒരു തലത്തോടൊപ്പമോ അല്ലെങ്കില്‍ സാധ്യതയുടെ ഒരു താഴ്ന്ന തലത്തിലോ ഊര്‍ജ്ജത്തിന്‍റെ/ദൈവത്തിന്‍റെ ആവിഷ്കാരത്തെ പ്രതിനിധീകരിക്കുന്നു. ബാക്കി കഥ പരിണാമവാദികള്‍ പറയുന്നതുപോലെ തന്നെ.
ഉപസംഹാരചിന്തകള്‍
ജീവനുള്ളവ തങ്ങളുടെ പരിസ്ഥിതിയുമായി സംതുലിതാവസ്ഥയും സമാധാനവും വിലപേശുന്ന ഭൗതികപ്രക്രിയയാണ് പരിണാമം. ഇത് ഒരു സ്ഥിരാവസ്ഥയല്ലാത്തതിനാല്‍, സാഹചര്യങ്ങളോട് അനുരൂപപ്പെടുന്നതില്‍ ജീവിവര്‍ഗ്ഗങ്ങള്‍ ജയിക്കുകയോ തോക്കുകയോ ചെയ്യുന്നു. തോക്കുന്നവ വംശനാശഭീഷണിയും നേരിടുന്നു. ഭൂമിയിലെ ജീവന്‍റെ ആരംഭത്തെക്കുറിച്ച് ഇന്നുവരെ വിശ്വാസ്യമായ വിവരങ്ങളൊന്നുമില്ലാത്തതിനാല്‍, താഴ്ന്ന സാധ്യതയിലുള്ള ഒരു ഊര്‍ജ്ജക്കൈമാറ്റം മാത്രമായ സൃഷ്ടിയുടെ പ്രവര്‍ത്തനമായി അതിനെ പരിഗണിക്കാം. ഈ ഘട്ടത്തില്‍ ഭൗതികവും ആത്മീയവും ഏകീകരിക്കപ്പെടുന്നു. ആചാരങ്ങളോടു കൂടിയ സ്ഥാപിതമതങ്ങള്‍ ദാര്‍ശനികമോ ആത്മീയമോ ആയ കണ്ടുപിടുത്തങ്ങളല്ല, മറിച്ച് സാംസ്കാരികനിര്‍മ്മിതികളാണ്. അത് മതേതരത്വത്തെ പ്രബലമാക്കുന്നു.
evolution science metaphysics evolution and metaphysics K. Babu Joseph Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206