We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : S. John Brito On 26-May-2021
ആമുഖം
സൃഷ്ടി-പരിണാമ വിവാദം, ഭൂമിയുടെയും മനുഷ്യവംശത്തിന്‍റേയും ജീവന്‍റെയും പ്രപഞ്ചത്തിന്‍റെയും ഉത്ഭവങ്ങളെക്കുറിച്ച് സാംസ്കാരികവും രാഷ്ട്രീയപരവും ദൈവശാസ്ത്രപരവുമായി ആവര്‍ത്തിച്ച് സംഭവിക്കുന്ന കലഹങ്ങളാണ് [2]. സൃഷ്ടിവീക്ഷണം ഉയര്‍ത്തിപ്പിടിക്കുന്ന മതവിശ്വാസികളും ജീവശാസ്ത്രങ്ങളുടെ പിന്തുണയോടെ പരിണാമവാദം സ്വീകരിക്കുന്നവരും തമ്മിലുള്ള കലഹമാണിത്. പരിണാമാത്മക ജീവശാസ്ത്രത്തിന്‍റെ പരിധികള്‍ മാത്രമല്ല, ഭൗമശാസ്ത്രത്തിന്‍റെയും പുരാവസ്തുവിജ്ഞാനീയത്തിന്‍റെയും തെര്‍മോഡനാമിക്സിന്‍റെയും അണുഭൗതികത്തിന്‍റെയും പ്രപഞ്ചവിജ്ഞാനീയത്തിന്‍റെയും തലങ്ങളും ഈ കലഹത്തിലുള്‍പ്പെട്ടിരിക്കുന്നു [3]. ശാസ്ത്രസമൂഹത്തിലും പഠനസംഘങ്ങളിലും പരിണാമസിദ്ധാന്തത്തിന്‍റെ സ്വീകാര്യത സാര്‍വ്വത്രികമായിത്തീര്‍ന്നിരിക്കുന്നു [4]. അതേസമയം, ബൈബിളധിഷ്ഠിതവും സമാനമായ മറ്റു സൃഷ്ടിവിവരണങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്; അല്ലെങ്കില്‍ ആരുമില്ലെന്നുതന്നെ പറയാം [5]. ചിലപ്പോഴൊക്കെ ഈ സംവാദം മതവും ശാസ്ത്രവും തമ്മിലുള്ളതായും അവതരിപ്പിക്കപ്പെടാറുണ്ട്.
എന്തൊക്കെയാണെങ്കിലും ഇന്ന് കുറേയേറെ മതവിഭാഗങ്ങള്‍ ജീവജാലങ്ങളുടെ വൈവിധ്യത്തിന് കാരണമായി വിശ്വസിക്കുന്നത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടുള്ള ജൈവികപരിണാമത്തെയാണ്. പരിണാമസിദ്ധാന്തവും അതിന്‍റെ നിയമങ്ങളും തങ്ങളുടെ വിശ്വാസത്തിന് നിരക്കുന്നവയാണെന്ന് നിരീക്ഷിച്ചുകൊണ്ട് പലരും പ്രസ്താവനകളുമിറക്കിയിട്ടുണ്ട്. ദൈവവിശ്വാസവും പരിണാമത്തിന്‍റെ തെളിവുകളും തമ്മില്‍ തങ്ങളെ സംബന്ധിച്ചിടത്തോളം സംഘര്‍ഷങ്ങളില്ല എന്ന് വിശദീകരിച്ചുകൊണ്ട്, ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ആദരവോടും അത്ഭുതത്തോടും കൂടെ പ്രപഞ്ചത്തിന്‍റെ ചരിത്രത്തെയും ഭൂമിയിലെ ജീവനെയും കുറിച്ച് എഴുതിയിട്ടുണ്ട്. പരിണാമത്തില്‍ വിശ്വസിക്കാത്ത മതവിഭാഗങ്ങള്‍ തങ്ങളുടെ മതഗ്രന്ഥങ്ങളെ അക്ഷരാര്‍ത്ഥത്തിലെടുക്കുന്നവരാണ്.
വിവാദത്തിന്‍റെ ചരിത്രം ചുരുക്കത്തില്‍
ഭൗമശാസ്ത്രപരമായ കണ്ടെത്തലുകള്‍ ഒരു പുരാതനഭൂമിയെക്കുറിച്ചുള്ള നിരവധി സിദ്ധാന്തങ്ങളും, ഫോസില്‍ പഠനങ്ങള്‍ ലാമാര്‍ക്കിസം പോലുള്ള പരിണാമത്തെക്കുറിച്ചുള്ള ആദ്യകാല ആശയങ്ങളും രൂപപ്പെടുത്തിയ പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ് സൃഷ്ടി-പരിണാമവിവാദം ഉത്ഭവിച്ചത്. ഇംഗ്ലണ്ടില്‍ നിരന്തരമായ മാറ്റത്തെക്കുറിച്ചുള്ള ഈ ആശയങ്ങള്‍ നിശ്ചിത സാമൂഹികക്രമത്തിന് ഭീഷണിയാണെന്നു കണ്ട് നിശിതമായി അടിച്ചമര്‍ത്തുകയുണ്ടായി [6]. സാഹചര്യങ്ങള്‍ അയയുകയും 1884-ല്‍ വിവാദപരമായ 'അവശിഷ്ടങ്ങള്‍' ജീവിവര്‍ഗ്ഗങ്ങളുടെ ഉല്‍പരിവര്‍ത്തനത്തെ ജനകീയമാക്കുകയും ചെയ്തു. ശാസ്ത്രലോകം മുന്‍വിധികളോടെ അത് തള്ളികളയുകയും ഇംഗ്ലണ്ടിലെ സഭ കോപത്തോടെ പ്രതകരിക്കുകയും ചെയ്തു. പക്ഷേ നിരവധി യൂണിറ്റേറിയന്‍സും ക്വാക്കേഴ്സും ബാപ്റ്റിസ്റ്റുകളും സ്ഥാപിതസഭയുടെ നിലപാടുകളെ എതിര്‍ക്കുകയും നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ആശയങ്ങളെ പിന്താങ്ങുകയും ചെയ്യുന്നു [7].
1859-ല്‍ പ്രസിദ്ധീകരിച്ച് ചാള്‍സ് ഡാര്‍വിന്‍റെ "വംശോത്പത്തി" പരിണാമത്തിന് ശാസ്ത്രീയസാധുത നല്കുകയും അതിനെ ഒരു പഠനമേഖലയാക്കിത്തീര്‍ക്കുകയും ചെയ്തു [8]. ഡാര്‍വിന്‍റെ ഗ്രന്ഥത്തിന്‍റെ മതാത്മകമാനങ്ങളെക്കുറിച്ച് വളരെ താത്പര്യത്തോടെയുള്ള പഠനങ്ങള്‍ നടന്നു. പക്ഷേ ഇംഗ്ലണ്ടിലെ സഭയുടെ ശ്രദ്ധ, സ്വതന്ത്ര ക്രിസ്തീയ എഴുത്തുകാര്‍ അവതരിപ്പിച്ച വിമര്‍ശനത്തിന്മേലുള്ള ദൈവശാസ്ത്രസംവാദങ്ങളിലേക്ക് വ്യതിചലിക്കപ്പെട്ടുപോയി. നിരവധി ക്രിസ്ത്യാനികള്‍ ഈ ആശയങ്ങള്‍ക്ക് എതിരായിരുന്നു. ചാള്‍സ് ലില്‍, ആസ ഗ്രേ അടക്കം ഡാര്‍വിന്‍റെ അടുത്ത ചില സുഹൃത്തുക്കള്‍ക്കുപോലും അദ്ദേഹത്തിന്‍റെ ചില ആശയങ്ങള്‍ ഉള്‍ക്കൊള്ളാനായില്ല [9].
ശാസ്ത്രത്തിന്മേല്‍ വൈദികര്‍ക്കുള്ള ആധിപത്യം അവസാനിപ്പിക്കുന്നതിനും ഡാര്‍വിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ശക്തമായി ശ്രമിച്ചുകൊണ്ടിരുന്ന തോമസ് ഹക്സലി, ദൈവത്തിന്‍റെ അസ്തിത്വം അറിയാനാവില്ല എന്ന തന്‍റെ നിലപാട് വിശദീകരിക്കുന്നതിന് അജ്ഞേയവാദി എന്ന പദം രൂപീകരിക്കുകയും പിന്നീട് ഡാര്‍വിന്‍ ഈ നിലപാടിനോട് യോജിക്കുകയും ചെയ്തു [10]. സഭ ഒരിക്കലും പരിണാമത്തെ ശപിച്ചുതള്ളിയിട്ടില്ല എങ്കിലും ആരംഭത്തില്‍ റോമിലെ യാഥാസ്ഥിതിക കത്തോലിക്കാനേതൃത്വം സാവധാനമാണ് ഈ നിലപാട് സ്വീകരിക്കാന്‍ തയ്യാറായത് [11].
ദൈവികപരിണാമം
വിശ്വാസം ജൈവികപരിണാമത്തിന് എതിരായി നില്ക്കുന്നതിനു പകരം ദൈവത്തെയും സൃഷ്ടിയെയും കുറിച്ചുള്ള സമഗ്രമായ എല്ലാ മതപഠനങ്ങളും ആധുനികശാസ്ത്രസിദ്ധാന്തങ്ങളോട്-പ്രത്യേകിച്ച്, പരിണാമസിദ്ധാന്തത്തോട്-യോജിച്ചു പോകുന്നതാണ് എന്ന പൊതുവായ വീക്ഷണമാണ് ദൈവികപരിണാമം. പ്രപഞ്ചത്തിന്‍റെ ആദികാരണവും അദൃശ്യപരിപാലകനും സ്രഷ്ടാവുമായ ദൈവത്തിന്‍റെ ഒരുപകരണമായി പരിണാമത്തെ ഈ കാഴ്ചപ്പാട് പരിഗണിക്കുന്നു; അക്കാരണത്താല്‍ ശക്തമായ ദൈവികബോധ്യങ്ങളുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അത് സ്വീകാര്യമാണ്. ഉത്പത്തി സൃഷ്ടികഥയുടെ വ്യാഖ്യാനത്തോട് ദൈവികപരിണാമത്തെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്; എന്നിരുന്നാലും അധികംപേരും ഉത്പത്തിയുടെ ആദ്യഅദ്ധ്യായങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുതെന്നും സാഹിത്യപരമായ ചട്ടക്കൂടോ അന്യാദേശകഥയോ ആയി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നവരാണ്. ദൈവികപരിണാമവാദികള്‍ സൃഷ്ടിവാദത്തെ ഏതിര്‍ക്കുന്നവരില്‍ പ്രധാനികളാണ്.
ദൈവികവാദം
വിശ്വാസത്തിലും വെളിപാടിലുമുപരിയായി യുക്തിയിലധിഷ്ഠിതമായി ഒരു ദൈവത്തിലോ ആദികാരണത്തിലോ വിശ്വസിക്കുന്നതിനാണ് ദൈവികവാദം എന്നു പറയുന്നത്. ഭൂരിഭാഗം ദൈവികവാദികളും ദൈവം ലോകത്തില്‍ ഇടപെടുന്നുവെന്നതും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നതും വിശ്വസിക്കുന്നില്ല. പ്രകൃതിനിയമങ്ങളും തദനുസൃതസംവിധാനങ്ങളും ഒരുക്കിക്കൊണ്ട് പരിണാമം സംഭവിക്കുന്ന ഒരു പ്രപഞ്ചത്തിന് സ്രഷ്ടാവ് ആരംഭം കുറിച്ചു എന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍ പരിണാമവിധേയമാകാന്‍ അനുവദിക്കുന്നതിനുമുമ്പ് ദൈവം ജീവന്‍ തന്നെയും സൃഷ്ടിച്ചു എന്ന് മറ്റുചിലരും വിശ്വസിക്കുന്നു. ജീവജാലങ്ങളെ മാറുന്ന സാഹചര്യങ്ങളോട് അനുരൂപപ്പെടുത്താന്‍ പരിണാമത്തെ അനുവദിക്കുന്നതിനുപകരം നേരിട്ട് നിരന്തരമായ മാറ്റങ്ങള്‍ വരുത്തുന്നത് ഒരു ദൈവത്തെ സംബന്ധിച്ചിടത്തോളം കുറച്ചിലാണെന്ന് അവര്‍ കരുതുന്നു. പ്രപഞ്ചനിയമങ്ങള്‍ പ്രാബല്യത്തിനായതിനു ശേഷം ദൈവംതന്നെ നിലനില്ക്കുന്നില്ലായെന്ന ശക്തമായ നിലപാടാണ് മറ്റ് ദൈവികവാദികള്‍ക്കുള്ളത് [12].
പ്രകൃതിവാദപരമായ പരിണാമം
ജൈവികപരിണാമവും അതിഭൗതികപ്രകൃതിവാദവും സ്വീകരിക്കുന്ന ഒരു നിലപാടാണ് ഇത് (അതിനാല്‍ ദൈവികവാദവും ദൈവികപരിണാമവും നിരാകരിക്കപ്പെടുന്നു). ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇതിന്‍റെ ശക്തനായ ഒരു പ്രവാചകനാണ്.
പടിപടിയായുള്ള സൃഷ്ടി ഭൂമിക്ക് നിരവധി വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കാണിക്കുന്ന ജ്യോതിശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ തെളിവുകളെ ഇവരും സ്വീകരിക്കുന്നു. ബൈബിളിലെ സൃഷ്ടികഥയില്‍ ദൈവത്തിന്‍റെ നിരവധി പ്രകൃത്യതീത സൃഷ്ടിപ്രവര്‍ത്തനങ്ങളെ വിവരിക്കുന്നുണ്ട്. അതില്‍ "ദിവസം/കാലം അടിസ്ഥാനമാക്കിയുള്ള വിവരണം" ആണ് ഏറ്റവും ഉത്തമമെന്ന് അവര്‍ കണ്ടെത്തുന്നു.
പരിണാമാത്മകസൃഷ്ടിവാദം
സ്രഷ്ടാവായ ദൈവം തന്‍റെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പരിണാമത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് പരിണാമാത്മക സൃഷ്ടിവാദം [13] വിശ്വസിക്കുന്നു. സൃഷ്ടിവാദത്തേക്കാള്‍ ഇത് ഒരുതരം പരിണാമമാണെന്നും 'ദൈവികപരിണാമ'ത്തില്‍ നിന്നും ഏറെ വ്യത്യസ്തമല്ലെന്നും യുജനി സ്കോട്ട് പ്രസ്താവിക്കുന്നു [14]. പ്രശസ്ത പരിണാമാത്മക സൃഷ്ടിവാദിയായ ഡെനിസ് ലവ്യൂറുക്സുമായുള്ള സംഭാഷണം ഉദ്ധരിച്ചുകൊണ്ട് സ്കോട്ട് പ്രസ്താവിക്കുന്നു: "പരിണാമാത്മകസൃഷ്ടിവാദവും ദൈവികപരിണാമവും തമ്മിലുള്ള വ്യത്യാസം ശാസ്ത്രത്തിലല്ല ദൈവശാസ്ത്രത്തിലാണുള്ളത്. പരിണാമത്തില്‍ ദൈവം വളരെ സജീവമായി പങ്കെടുത്തിട്ടുണ്ട് എന്നു കരുതുന്ന യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ പരിണാമാത്മകസൃഷ്ടിവാദത്തെ പിന്താങ്ങുന്നുണ്ട്" [15].
ദൈവികവാദികളായിരുന്ന പരിണാമാത്മകജീവശാസ്ത്രജ്ഞര്‍
പരിണാമാത്മകജീവശാസ്ത്രജ്ഞര്‍ പൊതുവേ അജ്ഞേയവാദികളോ (തോമസ് ഹക്സലി, ചാള്‍സ് ഡാര്‍വന്‍) നിരീശ്വരവാദികളോ (റിച്ചാര്‍ഡ് ഡോക്കിന്‍സ്) ആയിരുന്നെങ്കിലും ഏതെങ്കിലുമൊരുതരം ദൈവികവാദത്തില്‍ പലര്‍ക്കും വിശ്വാസമുണ്ടായിരുന്നു. 1858-ല്‍ ഡാര്‍വിനോടൊപ്പം ചേര്‍ന്ന് പ്രകൃതിനിര്‍ദ്ധാരണത്തിലൂടെയുള്ള പരിണാമം എന്ന സിദ്ധാന്തമവതരിപ്പിച്ച ആല്‍ഫ്രഡ് റസല്‍ വാലസ് (1823-1913) ഇതിലുള്‍പ്പെടുന്നു. തന്‍റെ പിന്നീടുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം ഒരു ദൈവികവാദിയായിരുന്നു: മനുഷ്യനിലും മൃഗങ്ങളിലും അവബോധവും ജീവനും സൃഷ്ടിക്കുന്നതില്‍ "ആത്മാവിന്‍റെ ഒരു അദൃശ്യപ്രപഞ്ചം" ഇടപെട്ടിട്ടുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. തന്‍റെ സിദ്ധാന്തത്തിന്‍റെ മുന്‍നിരപ്രചാരകനും സത്യസന്ധനായ പ്രസബിറ്റേറിയനുമായിരുന്ന അമേരിക്കന്‍ ബൊട്ടാണിസ്റ്റ് ആസാ ഗ്രേയുമായി ഡാര്‍വിന് നീണ്ടുനിന്ന സൗഹൃദമുണ്ടായിരുന്നു [16]. മതവിശ്വാസത്തോടും സ്വാഭാവികദൈവശാസ്ത്രത്തോടും പ്രകൃതിനിര്‍ദ്ധാരണത്തിനുള്ള ബന്ധത്തേക്കുറിച്ച് ഗ്രേ നിരവധി ലേഖനങ്ങളെഴുതി; എല്ലാ ജീവരൂപങ്ങളിലും പരിണാമത്തിലൂടെയുള്ള രൂപകല്പന അന്തര്‍ലീനമാണെന്നു പറഞ്ഞ ദൈവശാസ്ത്രജ്ഞരുടെ വീക്ഷണങ്ങളെ അദ്ദേഹം പിന്താങ്ങി [17]. "ഒരു മനുഷ്യന്‍ ദൈവവിശ്വാസിയും പരിണാമവാദിയുമായിരിക്കുന്നതിനെ സംശയിക്കുന്നത് അസംബന്ധമായി എനിക്കുതോന്നുന്നു" [18] എന്നെഴുതിയപ്പോള്‍ ഡാര്‍വിന്‍റെ മനസ്സില്‍ ഗ്രേയും ചാള്‍സ് കിംഗ്സ്ലിയുമുണ്ടായിരുന്നു.
ഇത്തരമൊരു സമീപനത്തിന്‍റെ പഴയൊരുദാഹരണം കംപ്യൂട്ടിംഗ് ആശയത്തിന്‍റെ ഉപജ്ഞാതാവായ ചാള്‍സ് ബാബേജാണ്. 1837-ലാണ് അദ്ദേഹം അനൗദ്യോഗികമായി ഒമ്പതാമത്തെ ബ്രിഡ്ജ്വാട്ടര്‍ ട്രീറ്റികള്‍ പ്രസിദ്ധീകരിച്ചത്. ഒരു പുതിയ ജീവിവര്‍ഗ്ഗം ആവശ്യമായി വരുമ്പോള്‍ നിരന്തരമായി അത്ഭുതകരമായ ഇടപെടലുകള്‍ നടത്തുന്നതിന് പകരം അവശ്യസന്ദര്‍ഭങ്ങളില്‍ ജീവിവര്‍ഗ്ഗങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ (പ്രവര്‍ത്തനപദ്ധതികള്‍) നിര്‍മ്മിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണവും സര്‍വ്വാതിശായികത്വവും ദൈവത്തിനുണ്ട് എന്ന വാദം അദ്ദേഹം മുമ്പോട്ടുവച്ചു.
പരിണാമത്തെ ക്രിസ്തീയധാരണകളുമായി സംയോജിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ധാരാളമായി എഴുതിയ ജസ്യൂട്ട് പുരോഹിതനാണ് ഷര്‍ദ്ദാന്‍ (1881-1955) [19]. ആദ്യം കത്തോലിക്കാസഭ ഏറെ എതിര്‍ത്തെങ്കിലും അദ്ദേഹത്തിന്‍റെ ദൈവശാസ്ത്രഗ്രന്ഥത്തിന് പിന്നീട് വലിയ സ്വാധീനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അത് മുഖ്യധാരയിലുള്ള കത്തോലിക്കാ-പ്രോട്ടസ്റ്റന്‍റ് സെമിനാരികളില്‍ പാഠപുസ്തകവുമായി.
ബോത് റൊണാള്‍ഡ് ഫിഷര്‍ (1890-1962), തിയഡോഷ്യസ് ഡോബ്ഴാന്‍സ്കി (1900-1975) എന്നിവര്‍ ക്രിസ്ത്യാനികളും ആധുനിക പരിണാമസംശ്ലേഷണത്തിന്‍റെ ശില്പികളുമാണ്. റഷ്യന്‍ ഓര്‍ത്തഡോക്സുകാരനായ ഡോബ്ഴാന്‍സ്കി [20] 1923-ല്‍ വളരെ പ്രശസ്തമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. "പരിണാമത്തിന്‍റെ വെളിച്ചത്തിലല്ലാതെ ജീവശാസ്ത്രത്തില്‍ ഒന്നിനും അര്‍ത്ഥമില്ല" എന്ന തലക്കെട്ടില്‍ പരിണാമാത്മകസൃഷ്ടിവാദത്തെ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഉത്പത്തിയുടെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെ പരിണാമം എതിര്‍ക്കുന്നു; എന്നിരുന്നാലും കത്തോലിക്കാസഭയുടെയും നിരവധി പ്രൊട്ടസ്റ്റന്‍റ് സഭയുടെയും അഭിപ്രായത്തില്‍ സൃഷ്ടിവിവരണത്തിന്‍റെ അക്ഷരാര്‍ത്ഥവ്യാഖ്യാനം നിര്‍ബന്ധമല്ല. ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തവും, ഹിട്ടണിന്‍റെ ഏകരൂപവാദവും രൂപപ്പെടുന്നതിനു വളരെ മുമ്പുതന്നെ ഉത്പത്തിയുടെ അന്യാദേശപരമായ വ്യാഖ്യാനങ്ങളേപ്പറ്റി സഭ ചിന്തിച്ചുതുടങ്ങിയിരുന്നു. വിശുദ്ധ അഗസ്റ്റിനാണ് (നാലാം നൂറ്റാണ്ട്) പ്രധാന ഉദാഹരണം. അദ്ദേഹം, ദൈവശാസ്ത്രനിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തില്‍ സകലവും സൃഷ്ടിച്ചത് ദൈവമാണെന്ന് വാദിച്ചു. എന്നാല്‍ അത് ഉത്പത്തിപുസ്തകത്തിന്‍റെ അക്ഷരാര്‍ത്ഥവ്യാഖ്യാനം വെളിപ്പെടുത്തുന്നതുപോലെ തുടര്‍ച്ചയായ ആറു ദിവസങ്ങളിലല്ല [21]. ഉത്പത്തിയിലെ ദിവസങ്ങളെ സാഹിത്യരൂപഘടനാവ്യാഖ്യാനം എന്ന ആശയത്തിലൂടെ സമീപിക്കുന്നവരാണ് ആധുനികദൈവശാസ്ത്രജ്ഞരായ മെരെഡിത്ത് ജി.ക്ലൈന്‍, ഹെന്‍റി ബ്ലോഷര്‍ എന്നിവര്‍.
സമകാലിക ക്രിസ്തീയ ഉപവിഭാഗങ്ങള്‍
ദൈവികപരിണാമത്തെ പിന്താങ്ങുകയും സ്വീകരിക്കുകയും ചെയ്യുന്ന നിരവധി ക്രിസ്തീയ ഉപവിഭാഗങ്ങളുണ്ട്. ഉദാഹരണത്തിന് ചാള്‍സ് ഡാര്‍വിന്‍റെ 197-ാമത്തെ ജന്മദിനമായ 2006 ഫെബ്രുവരി 12 "പരിണാമത്തിന്‍റെ ഞായറാഴ്ച" ആയി ആചരിക്കുകയുണ്ടായി. ക്രിസ്തുവിന്‍റെ അനുയായികള്‍ സൃഷ്ടിയെക്കുറിച്ചുള്ള ബൈബിള്‍കഥകള്‍ക്കും പരിണാമത്തിനുമിടയില്‍ നിന്ന് സ്വീകരിക്കേണ്ടതില്ലാത്ത സന്ദേശമാണ് അന്നേദിനം അനവധി ക്രിസ്ത്യന്‍ ഉപവിഭാഗങ്ങളുടെ പ്രസംഗങ്ങളിലും ക്ലാസുകളിലും പഠിപ്പിച്ചത്. മെത്തേഡിസ്റ്റ്, ലൂഥറന്‍, എപ്പിസ്കോപ്പേലിയന്‍, പ്രസ്ബിറ്റേറിയന്‍, യൂണിറ്റേറിയന്‍, കോണ്‍ഗ്രിഗേഷണലിസ്റ്റ്, ബാപ്റ്റിസ്റ്റ്, കമ്മ്യൂണിറ്റി സഭകള്‍ എന്നിവ അതില്‍പ്പെടുന്നു [22].
ആംഗ്ലിക്കനിസം
രക്ഷക്കാവശ്യമായതെല്ലാം വിശുദ്ധഗ്രന്ഥം ഉള്‍ക്കൊള്ളുന്നുവെന്നും സത്യാന്വേഷണത്തില്‍ ശാസ്ത്രത്തിനും ക്രിസ്തീയദൈവശാസ്ത്രത്തിനുമിടയില്‍ പരസ്പരപൂരകമായി യാതൊന്നുമില്ലെന്നും ആംഗ്ലിക്കന്‍സ് വിശ്വസിക്കുന്നു. "മഹാവിസ്ഫോടന ഭൗമശാസ്ത്ര"ത്തെ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയോടും തുടര്‍സൃഷ്ടിയോടും ബന്ധപ്പെടുത്തിയാണ് അവര്‍ മനസ്സിലാക്കുന്നത്. ഒരു സ്രഷ്ടാവായ ദൈവത്തെയും സൃഷ്ടിയെക്കുറിച്ചുള്ള ശാസ്ത്രീയപഠനത്തെയും യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ അംഗീകരിക്കുന്നു.
കത്തോലിക്കാസഭയും പരിണാമവും
1859-ല്‍ ചാള്‍സ് ഡാര്‍വിന്‍റെ "വംശോത്പത്തി" പ്രസാധനം ചെയ്യപ്പെട്ടതുമുതല്‍ പരിണാമസിദ്ധാന്തത്തോടുള്ള കത്തോലിക്കാസഭയുടെ മനോഭാവം സാവധാനം ഭാവാത്മകമായിക്കൊണ്ടിരുന്നു. 100 വര്‍ഷത്തേക്ക് ആ വിഷയത്തിന്മേല്‍ ആധികാരികമായ യാതൊരു പ്രബോധനവും ഉണ്ടായിരുന്നില്ല. കത്തോലിക്കാ വിശ്വാസസത്യങ്ങള്‍ ലംഘിക്കപ്പെടാത്ത വിധത്തില്‍ പരിണാമത്തിന്‍റെ ശാസ്ത്രീയവശങ്ങള്‍ പഠിക്കാന്‍ 1950-ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ അനുമതി നല്കി. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിമുതല്‍ തുറന്ന മനോഭാവത്തോടെ സിദ്ധാന്തത്തെ സ്വീകരിച്ചുതുടങ്ങി. ജസ്യൂട്ട് ശാസ്ത്രജ്ഞരും കത്തോലിക്കാപണ്ഡിതരും ഉന്നതശീര്‍ഷരായ വൈദികരും ഉത്പത്തിയുടെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെയും ബുദ്ധിപൂര്‍വ്വകമായ രൂപകല്പനയെയും നിരാകരിച്ചു.
ഇന്ന്, ദൈവികപരിണാമമാണ് കത്തോലിക്കാസഭയുടെ അനൗദ്യോഗികനിലപാട്. മനുഷ്യോത്പത്തിയുടെ ആത്മീയവശവും മോണോജനിസവും വിശദീകരിക്കാന്‍ ദൈവാസ്തിത്വം ആവശ്യമാണെന്നും മനുഷ്യന്‍ പ്രത്യേകസൃഷ്ടിയാണെന്നും ഒക്കെയുള്ള വാദങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും, വിശ്വാസവും മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രീയനിഗമനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളില്ല എന്നതാണ് സഭാനിലപാട്. പരിണാമത്തെക്കുറിച്ച് മാര്‍പാപ്പയുടെയോ സൂനഹദോസുകളുടെയോ അപ്രമാദിത്വപരമായ പ്രബോധനങ്ങള്‍ ഉണ്ടായിട്ടില്ല.
മനുഷ്യവംശത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിണാമസിദ്ധാന്തത്തിന്‍റെ വിശദീകരണങ്ങള്‍ ചുറ്റിപ്പറ്റിയുള്ളതാണ് കൂടുതലായും പരിണാമത്തെക്കുറിച്ചുള്ള കത്തോലിക്കാപരിചിന്തനങ്ങള്‍. ഭൗമശാസ്ത്രത്തിന്‍റെയും മറ്റു ശാസ്ത്രശാഖകളുടെയും പഠനപുരോഗതികള്‍ അപ്രസക്തമാക്കിയ ഉത്പത്തിപുസ്തകത്തിന്‍റെ സൃഷ്ടിവിവരണങ്ങളുടെ അക്ഷരാര്‍ത്ഥത്തിലുള്ള വായന 1859-ല്‍ത്തന്നെ സഭ നിരുത്സാഹപ്പെടുത്തിയിരുന്നു. മനുഷ്യേതര ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള പരിണാമസിദ്ധാന്തനിഗമനങ്ങളെ ഉന്നതസഭാനേതൃത്വത്തിന്‍റെ പ്രബോധനങ്ങള്‍ ആക്രമിച്ചിട്ടില്ല [24]. സഭാപിതാക്കന്മാര്‍ സൃഷ്ടിവാദമാണ് പഠിപ്പിച്ചത്. അല്കസാണ്ട്രിയയിലെ വിശുദ്ധ ക്ലമന്‍റ് [25] പഠിപ്പിച്ചതുപോലെ ആറുദിവസങ്ങള്‍ കൊണ്ടാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചത് എന്നതോ അഗസ്റ്റിന്‍ [26] പഠിപ്പിച്ചതുപോലെ ഒരു നിമിഷത്തിലാണ് സൃഷ്ടിമുഴുവന്‍ നടന്നത് എന്നതോ ശരിയാകുമായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമായിരുന്നു. ഉത്പത്തിയുടെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം മദ്ധ്യകാലഘട്ടങ്ങളിലും പിന്നീടും-ശാസ്ത്രം അത് ചോദ്യം ചെയ്യുന്നതുവരെ-നിലനിന്നിരുന്നു എന്നതാണ് സത്യം. സഭയുടെ ഉന്നതശ്രേണികളില്‍ ഈ കാഴ്ചപ്പാടിന് ഇന്ന് വലിയ പ്രാധാന്യമില്ല.
ഡാര്‍വിന്‍റെ "വംശോത്പത്തി"യെക്കുറിച്ച് ഔദ്യോഗികപ്രബോധനങ്ങള്‍ നല്കാന്‍ കത്തോലിക്കാസഭ ദശകങ്ങളെടുത്തു. സാധാരണ പുരോഹിതര്‍ "വംശോത്പത്തി"യെ നിശിതമായി വിമര്‍ശിച്ചെങ്കിലും അതൊരിക്കലും "നിരോധിക്കപ്പെട്ട" പുസ്തകങ്ങളുടെ [27] ഗണത്തില്‍പ്പെട്ടില്ല; എന്നാല്‍ ഹെന്‍റി ബെര്‍ഗ്സന്‍റെ ഡാര്‍വീനിയനല്ലാത്ത 'സൃഷ്ടിപരിണാമവാദം' (1907) 1948-1966 കാലഘട്ടത്തില്‍ ഇല്ലാതാക്കപ്പെടുന്നത് വരെ നിരോധിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ പട്ടികയിലുണ്ടായിരുന്നു [28].
ഡാര്‍വിന്‍ തന്‍റെ സിദ്ധാന്തം പ്രസിദ്ധീകരിച്ചതിനുശേഷം 1860-ല്‍ ഒരു ജര്‍മ്മന്‍ മെത്രാന്‍ സമിതിയില്‍ നിന്നാണ് ശ്രദ്ധേയമായ ആദ്യപ്രസ്താവന പുറപ്പെടുന്നത്: ഞങ്ങളുടെ ആദിമാതാപിതാക്കള്‍ ദൈവത്താല്‍ നേരിട്ട് സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാല്‍ അപൂര്‍ണപ്രകൃതത്തില്‍ നിന്നും കൂടുതല്‍ പൂര്‍ണമായതിലേക്കുള്ള നിരന്തരമായ രൂപമാറ്റത്തിന്‍റെ ഫലമായാണ് മനുഷ്യനും അവന്‍റെ ശരീരവും ആവിര്‍ഭവിച്ചത് എന്ന് പ്രഖ്യാപിക്കാന്‍ ഭയക്കാത്തവരുടെ അഭിപ്രായങ്ങള്‍ വിശ്വാസത്തിനും വിശുദ്ധഗ്രന്ഥത്തിനും വിരുദ്ധമാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു [29].
വത്തിക്കാന്‍ അതിനോട് പ്രതികരിച്ചില്ല എന്നത് യോജിപ്പിന്‍റെ ഭാഗമായിരുന്നു [35]. തുടര്‍ന്നുള്ള ദശകങ്ങളില്‍ തുടര്‍ച്ചയായി ആക്രമണോത്സുകമായ പരിണാമവിരുദ്ധനിലപാടുകളാണ് വളരെ പ്രധാനപ്പെട്ട ജസ്യൂട്ട് ജേണലായ ലാ സിവിള്‍ട്ട കാറ്റലിക്ക സ്വീകരിച്ചത്. അനൗദ്യോഗികമാണെങ്കിലും വത്തിക്കാന്‍ അധികൃതരുടെ പ്രവര്‍ത്തനങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണതിലുള്ളതെന്ന് പൊതുവില്‍ വിശ്വസിക്കപ്പെട്ടിരുന്നു [30].
1868-ല്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍ ഒരു പുരോഹിതനു നല്കിയ മറുപടിയില്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധാര്‍ഹമാണ്:
ദൈവികരൂപകല്പനയെക്കുറിച്ച് പറയുമ്പോള്‍, അതൊരു അനന്തമായ ജ്ഞാനത്തിന്‍റെ പ്രകാശനമാണ്. യുഗങ്ങള്‍ക്കുമുമ്പേ അത് പദാര്‍ത്ഥത്തിന് നിര്‍ദ്ദേശങ്ങള്‍ നല്കി. അവ കാലാന്തരത്തില്‍ പൂര്‍ണമായും കൃത്യമായും പ്രവര്‍ത്തിക്കുകയും ദൈവം ആദ്യമുദ്ദേശിച്ചതുപോലുള്ള ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അതിനാല്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും ഡാര്‍വിന്‍റെ സിദ്ധാന്തം നിരീശ്വരവാദമാകണമെന്നില്ല; അതൊരുപക്ഷേ ദൈവികമായ ദീര്‍ഘവീക്ഷണത്തെയും കഴിവിനെയും കുറിച്ചുള്ള വിശാലമായൊരാശയത്തിന്‍റെ അവതരണമാകാം. ഒരുപക്ഷേ താങ്കളുടെ സുഹൃത്തിനിന് എനിക്കുള്ളതിനേക്കാള്‍ വ്യക്തമായ ഒരു തെളിവ് കിട്ടിയിട്ടുണ്ടാവാം. ജീവജാലങ്ങളുടെ ആകസ്മികപരിണാമങ്ങള്‍ ദൈവികരൂപകല്പനയ്ക്കു വിരുദ്ധമാണെന്നും എനിക്കു തോന്നുന്നില്ല - നമ്മെ സംബന്ധിച്ചിടത്തോളം അവ ആകസ്മികമാണെങ്കിലും ദൈവത്തിനങ്ങനെയാകണമെന്നില്ലല്ലോ [37].
1894-ല്‍ ഒരു ദൈവശാസ്ത്രഗ്രന്ഥത്തിന് അനുമതിയാവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് വത്തിക്കാന് ലഭിക്കുകയുണ്ടായി. ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായിരുന്ന ഫാ. ലെറോയിയുടെ ആ ഗ്രന്ഥം ഡാര്‍വിന്‍ അനുഭാവം പ്രകടിപ്പിക്കുന്ന ഒന്നായിരുന്നു: L’evolution restreinte aux especes organiques, par le pere Lercy dominicain.
പൊതുപരിണാമസിദ്ധാന്തത്തെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഉത്ഭവത്തോട് ഒരു ആത്മാവ് കൊണ്ടു ബന്ധപ്പെടുത്തുന്നതിന് 'പ്രത്യേകമായ രൂപാന്തരീകരണം' എന്ന ആശയം രൂപമെടുത്തു. അതനുസരിച്ച് ആദ്യമനുഷ്യന്‍ ഡാര്‍വീനിയന്‍ പ്രക്രിയയിലടെ അപൂര്‍ണനായി രൂപപ്പെട്ടു. "ആദ്യമേ നിലനില്ക്കുന്നതും ജീവനുള്ളതുമായ ആ പദാര്‍ത്ഥ"ത്തിലേക്ക് (പന്ത്രണ്ടാം പിയൂസ്, ഹ്യുമാനി ജനെരിസ്) ദൈവം ആത്മാവിനെ സന്നിവേശിപ്പിച്ചു. അങ്ങനെ ആദ്യത്തെ പൂര്‍ണ്ണമനുഷ്യവ്യക്തിയുണ്ടായി. ഗര്‍ഭധാരണത്തിന്‍റെ സമയമായി വേണം സാധാരണഗതിയില്‍ ഇതു കണക്കാക്കാൻ [31]. ലെറോയിയുടെ ഗ്രന്ഥം മുന്നോട്ടുവച്ചതും ഈ ആശയമാണ്. എന്നാല്‍ സഭ അതു നിരാകരിക്കുകയാണുണ്ടായത്. കാരണം ആത്മാവുമാത്രമില്ലാത്ത പൂര്‍ണമായ മനുഷ്യാവസ്ഥയിലേക്ക് ദൈവികഇടപെടലുകളില്ലാതെ എത്തിച്ചേരാനാകുമെന്ന നിഗമനം തെറ്റാണ്. അടുത്ത വര്‍ഷം 1896-ല്‍ പ്രശസ്തനായ അമേരിക്കന്‍ പുരോഹിതന്‍ ജോണ്‍ അഗസ്റ്റിന്‍ സാം 'പരിണാമവും സത്യവിശ്വാസവും' പ്രസിദ്ധീകരിച്ചു. സഭാപ്രബോധനങ്ങളും വിശുദ്ധഗ്രന്ഥവും പരിണാമവും തമ്മില്‍ സംഘര്‍ഷത്തിലല്ല എന്നദ്ദേഹം വാദിച്ചു. 1898 ആയപ്പോഴേക്കും അതും നിരോധിതഗ്രന്ഥങ്ങളുടെ പട്ടികയില്‍പ്പെടുകയും തന്‍റെ കാഴ്ചപ്പാടുകളുപേക്ഷിക്കാന്‍ സാം നിര്‍ബന്ധിതനാവുകയും ചെയ്തു.
ഒമ്പതാം പിയൂസ് മാര്‍പാപ്പ
ഒമ്പതാം പിയൂസ് മാര്‍പാപ്പയുടെ കാലത്ത് ഒന്നാം വത്തിക്കാന്‍ സൂനഹദോസ് നടന്നുകൊണ്ടിരുന്നപ്പോഴാണ് (1869-1870) 'വംശോത്പത്തി' പ്രസാധനം ചെയ്യപ്പെടുന്നത് (1859). വിശ്വാസത്തെയും യുക്തിയെയും കുറിച്ചുള്ള ഒരു ചര്‍ച്ച സൂനഹദോസ് നടത്തുകയും ശാസ്ത്ര-വിശ്വാസബന്ധത്തെ വിലയിരുത്തുകയും ചെയ്തു:
വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായ ശാസ്ത്രീയ അഭിപ്രായങ്ങളെ പ്രത്യേകിച്ചും സഭ തിരസ്കരിച്ചിട്ടുള്ളവയാണെങ്കില്‍-ക്രിസ്തീയവിശ്വാസികള്‍ ഉപേക്ഷിക്കേണ്ടതുണ്ട്; സത്യത്തിന്‍റെ വേഷം കെട്ടി വഞ്ചിക്കുന്ന തെറ്റുകളായി അവയെ പരിഗണിക്കുവാന്‍ വിശ്വാസികള്‍ ബാദ്ധ്യസ്ഥരാണ്. വിശ്വാസത്തിനും യുക്തിക്കും പരസ്പരം എതിര്‍ക്കാന്‍ മാത്രമല്ല, പിന്താങ്ങാനും സാധിക്കും. കാരണം ഒരുവശത്ത് ശരിയായ യുക്തിവിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങള്‍ പാകുന്നു; അതിന്‍റെ വെളിച്ചത്തില്‍ ദൈവികവസ്തുതകളെ സംബന്ധിക്കുന്ന ശാസ്ത്രം പുരോഗതി പ്രാപിക്കുന്നു. മറുവശത്ത്, വിശ്വാസം യുക്തിയെ തെറ്റുകളില്‍ നിന്ന് രക്ഷിച്ച് അതിനെ സംരക്ഷിക്കുകയും പലതരം അറിവുകള്‍ കൊണ്ട് അതിനെ അലങ്കരിക്കുകയും ചെയ്യുന്നു (ഒന്നാം വത്തിക്കാന്‍ സൂനഹദോസ്).
ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയും പത്താം പിയൂസ് പാപ്പായും
വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തെക്കുറിച്ച് 1893 നവംബര്‍ 18-ന് പതിമൂന്നാം ലെയോ മാര്‍പാപ്പ ഇറക്കിയ ചാക്രികലേഖനമാണ് പ്രൊവിദെന്തിമൂസ് ദേവൂസ്. ശാസ്ത്രീയസിദ്ധാന്തത്തിന്‍റെ അസ്ഥിരവും മാറിക്കൊണ്ടിരിക്കുന്നതമായ സ്വഭാവത്തെ ഊന്നിക്കൊണ്ട് ശാസ്ത്രത്തിന്‍റെ "പുതുമയ്ക്കും പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ദാഹ"ത്തെ പാപ്പ വിമര്‍ശിച്ചു. അതേസമയം തന്നെ വിശുദ്ധ ഗ്രന്ഥത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം എല്ലായ്പോഴും സാധ്യമല്ല എന്ന വാദം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പത്താം പിയൂസ് മാര്‍പാപ്പയുടെ അനുവാദത്തോടെ 1909 ജൂണ്‍ 30-ന് പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ ഒരു ഡിക്രി പുറത്തിറക്കി. അതനുസരിച്ച്, "സമയത്തിന്‍റെ ആരംഭത്തിലുള്ള സകലത്തിന്‍റെയും സൃഷ്ടി, മനുഷ്യന്‍റെ പ്രത്യേകമായ സൃഷ്ടി, ആദ്യപുരുഷനില്‍ നിന്നുള്ള ആദ്യസ്ത്രീയുടെ രൂപീകരണം, മനുഷ്യവംശത്തിന്‍റെ ഐക്യം . . ." എന്നിവയെ സംബന്ധിച്ച് ഉത്പത്തിയുടെ ആദ്യ അദ്ധ്യായങ്ങളുടെ അക്ഷരാര്‍ത്ഥത്തിലുള്ള ചരിത്രപരമായ അര്‍ത്ഥം സംശയിക്കാനാവുന്നതല്ല. മനുഷ്യവംശത്തെ കുറിക്കാന്‍ മാത്രമാണ് "പ്രത്യേക സൃഷ്ടി" എന്ന പദം 1860-കളിലേതുപോലെ തന്നെ ഉപയോഗിച്ചിരുന്നത് [33].
പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ
1950-ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ പുറത്തിറക്കിയ ഹ്യുമാനി ജെനെരിസ് ആണ് പരിണാമത്തെക്കുറിച്ച് സംവദിക്കുന്ന ആദ്യത്തെ ചാക്രികലേഖനം. മനുഷ്യന്‍റെ പരിണാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു നിഷ്പക്ഷകാഴ്ചപ്പാടാണ് ചാക്രികലേഖനം സ്വീകരിച്ചത്. പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം:
1. മുമ്പേ നിലനില്ക്കുന്നതും ജീവനുള്ളതുമായ പദാര്‍ത്ഥത്തില്‍ നിന്നുള്ള മനുഷ്യശരീരത്തിന്‍റെ
ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യം യഥാര്‍ത്ഥത്തില്‍ പ്രകൃതിശാസ്ത്രങ്ങളുടെ അന്വേഷണവിഷയമാണ്. കത്തോലിക്കര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് ശ്രദ്ധാപൂര്‍വ്വമായിരിക്കണം. അവര്‍ വസ്തുതകളെ ആശയക്കുഴപ്പത്തിലാക്കരുത്. ഒപ്പം വെളിപാടിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നിര്‍വ്വചിക്കാനുള്ള സഭയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും വേണം.
2. മനുഷ്യാത്മാവ് ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് കത്തോലിക്കര്‍ വിശ്വസിക്കണം. ആത്മാവ് ഒരു ആത്മീയസത്തയായതിനാല്‍ പദാര്‍ത്ഥരൂപാന്തരീകരണത്തിലൂടെ അതുണ്ടാകുന്നില്ല. മറിച്ച് അത് ദൈവം നേരിട്ട് സൃഷ്ടിക്കുന്നു. അതാണ് ഓരോ വ്യക്തിയുടെയും തനിമ.
3. ആദം എന്ന വ്യക്തിയില്‍ നിന്നാണ് സകലമനുഷ്യരും ഉത്ഭവിച്ചത്. അദ്ദേഹമാണ് മനുഷ്യവംശത്തിന് ഉത്ഭവപാപം പകര്‍ന്നുനല്കിയതും. അതിനാല്‍ കത്തോലിക്കര്‍ പോളിജനിസത്തില്‍ വിശ്വസിക്കുന്നില്ല. ഒരു കൂട്ടം മനുഷ്യരില്‍ നിന്നാണ് മനുഷ്യവംശം രൂപപ്പെട്ടത് എന്ന ശാസ്ത്രീയസിദ്ധാന്തമാണത്. (അതായത്, നിരവധി ആദം-ഹവ്വമാര്‍ ഉണ്ടായിരുന്നുവെന്ന്).
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും വര്‍ത്തമാനകാലവും
'വംശോത്പത്തി' പ്രസാധനത്തിന്‍റെ 150-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2009 മാര്‍ച്ചില്‍ റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന അഞ്ചുദിവസം നീണ്ട കോണ്‍ഫറന്‍സ്, കത്തോലിക്കാദൈവശാസ്ത്രവും പരിണാമസിദ്ധാന്തവും തമ്മില്‍ സംഘര്‍ഷങ്ങളില്ലായെന്നതും കത്തോലിക്കാപണ്ഡിതര്‍ "ബുദ്ധിപൂര്‍വ്വകമായ രൂപകല്പന" നിഷേധിച്ചതും സ്ഥിരീകരിക്കുകയുണ്ടായി [36]. ഭൂമിയുടെ പ്രായം ഫോസില്‍ രേഖകളുടെ ആധികാരികത എന്നീ വിഷയങ്ങളിലെ ശാസ്ത്രീയനിലപാടുകളെ സഭ അംഗീകരിച്ചിട്ടുണ്ട്. ജീവന്‍റെ സാവധാനത്തിലുള്ള പ്രത്യക്ഷപ്പെടലിനെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ കര്‍ദ്ദിനാള്‍മാരുടെ കമന്‍ററികളും പേപ്പല്‍ പ്രഖ്യാപനങ്ങളും അംഗീകരിക്കുന്നു. അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷന്‍ 2004-ല്‍ പുറത്തിറക്കിയ രേഖയില്‍ അന്നത്തെ അതിന്‍റെ അദ്ധ്യക്ഷനും വിശ്വാസതിരുസംഘത്തിന്‍റെ തലവനുമായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍-ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ- വ്യക്തമാക്കിയത് ശ്രദ്ധേയമാണ്: പൊതുവില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രീയ വിവരണമനുസരിച്ച് 15 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ഉദ്ഭൂതമാവുകയും അന്നുമുതല്‍ അത് വികസിക്കുകയും തണുക്കുകയും ചെയ്തുകൊണ്ടിരി്കകുയുമാണ്. പിന്നീട് ആറ്റങ്ങളുണ്ടാകുന്നതിനാവശ്യമായ സഹചര്യങ്ങള്‍ അവിടെ രൂപപ്പെട്ടു. പിന്നീട് നക്ഷത്രങ്ങളും ഗ്യാലക്സികളും ക്രമീകരിക്കപ്പെടുകയും പത്തു ബില്യണ്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രഹങ്ങളുണ്ടാവുകയും ചെയ്തു. നമ്മുടെ സൗരസംവിധാനത്തിലും ഭൂമിയിലും (ഏകദേശം 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട) ജീവന്‍ രൂപപ്പെടുന്നതിന് അനുകൂലമായ സാഹചര്യങ്ങളുണ്ടായി. ഏറ്റവുമാദ്യത്തെ സൂക്ഷ്മജീവന്‍ ഉണ്ടായത് എപ്രകാരമാണെന്ന വിശദീകരണത്തില്‍ ശാസ്ത്രജ്ഞര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, 3.5-4 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് അത് ഭൂമിയില്‍ അധിവസിച്ചിരുന്നത് എന്ന കാര്യം എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ജനിതകഘടനയില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സത്യം പരിഗണിക്കുമ്പോള്‍ അവയെല്ലാം ഈയൊരു പൊതുപൂര്‍വ്വികന്‍റെ പിന്തുടര്‍ച്ചക്കാരാണെന്നത് തീര്‍ച്ചയാണ്. ജീവശാസ്ത്ര-ഭൗതികശാസ്ത്ര ശാഖകളുടെ പഠനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഭൂമിയില്‍ ജീവനും അതിന്‍റെ വൈവിദ്ധ്യങ്ങളുമുണ്ടായത് എങ്ങനെ എന്നു വിശദീകരിക്കുന്ന ഒരു പരിണാമസിദ്ധാന്തത്തിന് പിന്തുണ ലഭിക്കുന്നു. എങ്കിലും പരിണാമത്തിന്‍റെ വേഗതയെയും പ്രവര്‍ത്തനരീതികളെയും സംബന്ധിക്കുന്ന വിവാദങ്ങള്‍ ഇന്നും തുടരുന്നു [37].
ഉത്പത്തിഗ്രന്ഥത്തെക്കുറിച്ചുള്ള കാര്‍ഡിനല്‍ റാറ്റ്സിംഗറിന്‍റെ വ്യാഖ്യാനം "ആദിയില്‍ . . . " "സൃഷ്ടിയുടെയും പരിണാമത്തിന്‍റെയും വിശ്വാസത്തിന്‍റെയും യുക്തിയുടെയും ആന്തരികഐക്യ"ത്തെക്കുറിച്ച് പറയുന്നു. അറിവിന്‍റെ ഈ രണ്ടു തലങ്ങളും പരസ്പരപൂരകങ്ങളാണ്, പരസ്പരവിരുദ്ധങ്ങളല്ല. നാം കേട്ടിട്ടുള്ള ഭൂമിയിലെ പൊടിയുടെയും ദൈവത്തിന്‍റെ നിശ്വാസത്തിന്‍റെയും കഥ മനുഷ്യന്‍ എപ്രകാരം രൂപപ്പെട്ടു എന്നല്ല വിശദീകരിക്കുന്നത്, മറിച്ച് അവന്‍ എന്താകുന്നു എന്നതാണ്. അവന്‍റെ ആത്യന്തികമായ ഉത്ഭവം വ്യാഖ്യാനിക്കുകയും അവന്‍ ആയിരിക്കുന്നു എന്ന പദ്ധതിയിന്മേല്‍ വെളിച്ചം വീശുകയും ചെയ്യുന്നു; അതുപോലെ തിരിച്ചും. പരിണാമസിദ്ധാന്തം ജൈവശാസ്ത്രപരമായ രൂപപ്പെടല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അപ്രകാരം ചെയ്യുമ്പോള്‍, മനുഷ്യവ്യക്തിയെക്കുറിച്ചുള്ള പദ്ധതി എവിടെനിന്നാണ് വരുന്നത് എന്നും അവരുടെ ആന്തരികഉത്ഭവവും അവരുടെ പ്രത്യേകസ്വഭാവവും വിശദീകരിക്കാന്‍ ശാസ്ത്രത്തിനാവില്ല. ഇവിടെ നാം പര്സപരപൂരകങ്ങളായ രണ്ടു യാഥാര്‍ത്ഥ്യങ്ങളെ കണ്ടുമുട്ടുന്നു.
2006 സെപ്തംബര്‍ 2,3 തീയതികളില്‍ പരിണാമസിദ്ധാന്തത്തെയും സൃഷ്ടിയെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പഠനങ്ങളിന്മേല്‍ അതിനുള്ള സ്വാധീനത്തെയും കുറിച്ച് പരിശോധിക്കാനായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഗൊണ്ടോള്‍ഫ കൊട്ടാരത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുയുണ്ടായി. പ്രകൃതിശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരുമായ അദ്ദേഹത്തിന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലേഖനങ്ങള്‍ 2007-ല്‍ 'സൃഷ്ടിയും പരിണാമവും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പാപ്പായുടെ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്: "ശാസ്ത്രത്തെ പൂര്‍ണ്ണമായി പുറംതള്ളുന്ന ഒരു സൃഷ്ടിവാദത്തെയാണോ പ്രകൃതിശാസ്ത്രങ്ങളുടെ രീതിശാസ്ത്രപരമായ സാധ്യതകള്‍ക്കുപരിയായി നില്ക്കുന്ന ചോദ്യങ്ങളും അവയുടെ തന്നെ വിടവുകളും മറച്ചുവയ്ക്കുന്ന പരിണാമസിദ്ധാന്തത്തെയാണോ സ്വീകരിക്കേണ്ടത് എന്നതല്ല പ്രശ്നം. ശാസ്ത്രത്തിന്‍റെ തന്നെ തലങ്ങള്‍ക്കുപരിയായി നില്ക്കുന്നതും തത്വചിന്തയ്ക്ക് വിധേയമാക്കപ്പെടേണ്ടതുമായ ചോദ്യങ്ങളാണ് പരിണാമസിദ്ധാന്തം വിവക്ഷിക്കുന്നത് എന്നത് അടിവരയിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."
ഉപസംഹാരം
ശാസ്ത്രത്തെക്കുറിച്ചുള്ള ക്രിസ്ത്യാനിയുടെ കാഴ്ചപ്പാട് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്, അനുഭവങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും മനുഷ്യാത്മാവിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അല്ലെങ്കില്‍ മനുഷ്യന്‍റെ അപൂര്‍ണതകളും സഹനങ്ങളും കണ്ടുരസിക്കുന്നതിനുവേണ്ടി ദൈവം സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം എന്ന ധാരണകളിന്മേലാണ്. ദൈവം സ്നേഹമാണെന്നും മനുഷ്യന്‍റെ സഹനത്തിന് ഉദ്ദേശലക്ഷ്യങ്ങളുണ്ടെന്നും ആത്മീയവളര്‍ച്ചയെ അറിവ് സഹായിക്കുമെന്നും നാം വിശ്വസിക്കണം. എല്ലാ അറിവും ദൈവത്തിന്‍റെ സത്യത്തില്‍ ഒന്നായിച്ചേരുമെന്ന വിശ്വാസവും പരിശുദ്ധാത്മാവും നല്കുന്ന പ്രചോദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ക്രിസ്തീയതയ്ക്ക് ശാസ്ത്രത്തെ സ്വീകരിക്കാനാകും. തന്‍റെ സൃഷ്ടിയുടെ രൂപകല്പനകള്‍ നമുക്ക് വെളിപ്പെടുത്തിത്തരണമെന്നതാണ് ദൈവത്തിന്‍റെ ആഗ്രഹം. ദൈവത്തിന്‍റെ വഴികള്‍ നമുക്ക് ഉള്‍ക്കൊള്ളാനാവാത്തതിന്‍റെ കാരണം നമ്മുടെ ബൗദ്ധികമായ ഔദ്ധത്യമാണ്. ഈ പശ്ചാത്തലത്തില്‍ ചാള്‍സ് ഡാര്‍വിന്‍ രൂപീകരിച്ച പരിണാമസിദ്ധാന്തം നല്ലതെങ്കിലും അപൂര്‍ണമായൊരു ശാസ്ത്രമാണ്. എന്തുകൊണ്ടാണ് ശാസ്ത്രം അപൂര്‍ണമായിരിക്കുന്നത്, എന്തുകൊണ്ടാണ് ഈ അപൂര്‍ണത വിശ്വാസമുള്ളവരും ഇല്ലാത്തവരുമായ ശാസ്ത്രജ്ഞര്‍ക്കിടയിലെ സൈദ്ധാന്തികവ്യത്യാസങ്ങളിലേക്ക് നയിക്കുന്നത് എന്നീ വസ്തുതകള്‍ മനസ്സിലാകാന്‍ നാം ശ്രദ്ധാപൂര്‍വ്വം ശാസ്ത്രീയതെളിവുകളെ ശാസ്ത്രീയസിദ്ധാന്തങ്ങളില്‍ നിന്ന് വേര്‍പെടുത്തേണ്ടതുണ്ട്. കൂടാതെ, ഓരോ തെളിവിന്‍റെയും വിശ്വാസ്യതയുടെ അളവിനെ നാം ചോദ്യം ചെയ്യുകയും ദൈവത്തിന്‍റെ സൃഷ്ടിപദ്ധതികളെ കൃത്യമായി വിശദീകരിക്കാനാകുന്ന വ്യത്യസ്ത ആശയധാരകളെ പരിശോധിക്കുകയും വേണം. സൃഷ്ടി-പരിണാമ സംവാദത്തിലെ യഥാര്‍ത്ഥപ്രശ്നങ്ങളെ കണ്ടെത്തുകയും എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ പരിണാമസിദ്ധാന്തത്തിലൂടെ കരഗതമാക്കിയ അപൂര്‍ണമായ അറിവ് ദൈവത്തിന്‍റെ പ്രവൃത്തികളെക്കുറിച്ചുള്ള ആത്മീയധാരണകള്‍ രൂപപ്പെടുത്താന്‍ ഉപയോഗിക്കാത്തത് എന്ന് അന്വേഷിക്കുകയുമാണ് ഇതിലൂടെ നാം ഉദ്ദേശിക്കുന്നത്.
evolution Christian responses to evolution Christian responses S. John Brito Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206