We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Sarojini Henry On 26-May-2021
സരോജിനി ഹെന്‍റി [1]
1882-ല്‍ ചാള്‍സ് ഡാര്‍വിന്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തെ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ അടക്കം ചെയ്യാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തീരുമാനിച്ചു. ഡാര്‍വ്വിന്‍ തന്‍റെ രാജ്യത്തിന്‍റെയും ബ്രിട്ടന്‍റെ ചരിത്രത്തിന്‍റെയും ഭാഗമാണെന്ന് ഇത് തെളിയിക്കുന്നു. ജീവലോകത്തിന്‍റെ പരിണാമത്തിനുള്ള സാധ്യതാമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചും നിരവധി തെളിവുകള്‍ ശേഖരിച്ചും തന്‍റെ സിദ്ധാന്തംകൊണ്ട് ഡാര്‍വ്വിന്‍ വലിയ സംഭാവനകള്‍ നല്കിയിരുന്നു. എന്നിരുന്നാലും ചിലര്‍ക്ക് അദ്ദേഹത്തെ എവിടെ അടക്കം ചെയ്യണമെന്നതിതില്‍ സംശയമുണ്ടായിരുന്നു. അദ്ദേഹം മനുഷ്യവ്യക്തിയുടെ തനിമ എന്ന ആശയത്തെ ഇല്ലാതാക്കുകയും സ്രഷ്ടാവായ ദൈവത്തിനുവേണ്ടിയുള്ള ഗംഭീരവാദങ്ങളെ ഇടിച്ചുതാഴ്ത്തുകയും ചെയ്തിരുന്നു. "വിശ്വാസത്തിന്‍റെ രഹസ്യശത്രുവിനെ ആബിയുടെ പരിശുദ്ധമായ അടിത്തറകള്‍ ആവരണം ചെയ്തു" എന്ന് "ഗാര്‍ഡിയന്‍" ജേണല്‍ വായനക്കാര്‍ക്ക് ഉറപ്പുനല്കി. കൂടാതെ, ഈ മൃതസംസ്കാരത്തിന്‍റെ ബഹുമതി "വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള അനുരജ്ഞനത്തിന്‍റെ പ്രതിഫലമായി" [2] ക്കൂടി കാണേണ്ടതുണ്ട്.
വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്‍റെ അടുത്തായും പ്രശസ്ത സുവിശേഷപ്രസംഗകനായ ഡേവിഡ് ലിവിംഗ്സ്റ്റണിന്‍റെ ശവകുടീരത്തില്‍ നിന്നും ഏതാനുമടി അകലത്തിലായുമാണ് ചാള്‍സ് ഡാര്‍വിന്‍ സംസ്കരിക്കപ്പെട്ടത്. ഇവരിരുവരുടെയും യാഥാസ്ഥിതികവിശ്വാസത്തെ ഡാര്‍വ്വിന്‍ പങ്കുവച്ചിരുന്നോ? കേംബ്രിഡ്ജില്‍ ദൈവശാസ്ത്രം പഠിച്ചിരുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരുപക്ഷേ സാധ്യതയുണ്ട്. എന്നാല്‍ HMS ബീഗിള്‍ യാത്രയില്‍ പങ്കുചേര്‍ന്നതുമുതല്‍ തന്‍റെ പരമ്പരാഗത ആംഗലേയവിശ്വാസങ്ങളോട് അദ്ദേഹം ഒട്ടിച്ചേര്‍ന്നു. ബീഗിള്‍ കപ്പലില്‍ അദ്ദേഹം ഒരു നാച്വറലിസ്റ്റ് എന്നു വിളിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ആ രാജ്യത്ത് ദൈവസൃഷ്ടിയെക്കുറിച്ച് പഠിക്കുന്ന പ്രകൃതിശാസ്ത്രപണ്ഡിതരായ നിരവധി ആംഗലേയപുരോഹിതരില്‍ ഒരാളായി ഡാര്‍വിനും മാറിപ്പോകുമായിരുന്നു. ബീഗിളിലെ യാത്രാനുഭവങ്ങള്‍ പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുക മാത്രമല്ല മറിച്ച് ചിന്തിക്കാന്‍ ധാരാളമവസരങ്ങളും, ജീവിതത്തെയും അതിന്‍റെ സങ്കീര്‍ണതയെയും കുറിച്ച് കാര്യക്ഷമമായ ചോദ്യങ്ങളും ആഴത്തിലുള്ള ചിന്തയും പ്രദാനം ചെയ്യുകയും ചെയ്തു.
ബീഗിള്‍ യാത്രാനന്തരം ഡാര്‍വിന്‍ തികച്ചും വ്യത്യസ്തനായ വ്യക്തിയായിത്തീര്‍ന്നു. പുതിയ മനോഘടനയില്‍ നിന്ന് പഴയനിയമത്തിലേയും പുതിയനിയമത്തിലെയും നിരവധി ചരിത്രവസ്തുതകളെ ഡാര്‍വിന്‍ ചോദ്യംചെയ്യാന്‍ തുടങ്ങി. അവയെല്ലാംതന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിരവധി ദാര്‍ശനികരും ദൈവശാസ്ത്രജ്ഞരും വീണ്ടും ചോദിക്കുന്നുണ്ട്. ഡാര്‍വിന്‍ അതിനോട് ഒന്നും കൂട്ടിച്ചേര്‍ത്തിരുന്നില്ല. നിരവധി സമകാലികപണ്ഡിതരെപ്പോലെ തന്നെ ഡാര്‍വിനും മതപരമായ വിശ്വാസങ്ങള്‍ക്ക് എങ്ങനെ നൈയാമികവും മതിയായതുമായ തെളിവുകള്‍ കണ്ടെത്താമെന്ന് കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
പരിണാമം സംഭവിച്ചിരിക്കാമെന്ന് അനുമാനിച്ച ആദ്യ പ്രകൃതിശാസ്ത്രജ്ഞന്‍ ഡാര്‍വിനായിരുന്നില്ല. ഗ്രീക്ക് നാഗരികതയിലെ പണ്ഡിതര്‍ മുതല്‍ അദ്ദേഹത്തിന്‍റെ മുത്തച്ഛനായിരുന്ന എരാസ്മൂസ് ഡാര്‍വിന്‍ വരെ പരിണാമം എന്ന ആശയത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. കുറേക്കാലം അത്തരം വിശ്വാസങ്ങള്‍ തെളിവുകളൊന്നുമില്ലാത്തതിനാല്‍ ആശയക്കുഴപ്പത്തില്‍ക്കിടന്നു. ഒരു ജീവിതകാലത്തെ ശ്രദ്ധാപൂര്‍വ്വമായ ശാസ്ത്രീയപഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പരിണാമത്തിനുള്ള നിരവധി തെളിവുകള്‍ നല്കുമ മാത്രമല്ല ഡാര്‍വിന്‍ ചെയ്തത്; സുദീര്‍ഘമായ കാലയളവുകളില്‍ സംഭവിക്കുന്ന ഇടവിട്ടുള്ള വ്യതിയാനങ്ങള്‍ നിരവധി ജീവരൂപങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായേക്കാമെന്ന പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ പ്രവര്‍ത്തനപദ്ധതിയും അദ്ദേഹം നിര്‍ദേശിച്ചു. ഡാര്‍വിന്‍ പ്രകൃതിനിര്‍ദ്ധാരണത്തെ നിര്‍വ്വചിക്കുന്നുണ്ട്, "ഗുണപരമായ വ്യതിയാനങ്ങള്‍ കാത്തുസൂക്ഷിച്ച് അപകടകരമായവയെ പുറന്തള്ളുന്ന പ്രവണതയെയാണ് ഞാന്‍ പ്രകൃതിനിര്‍ദ്ധാരണമെന്നു വിളിക്കുന്നത്. ഉപയോഗപ്രദമോ അപകടകരമോ അല്ലാത്ത വ്യതിയാനങ്ങള്‍ പ്രകൃതിനിര്‍ദ്ധാരണത്താല്‍ സ്വാധീനിക്കപ്പെടാതെ ഒരു അവശിഷ്ടഘടകമായി നിലനില്ക്കും." [3]
കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ജീവന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ച രീതി ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം തൃപ്തികരമായി വിശദീരിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. വളരെ കൃത്യമായ ശാസ്ത്രീയവിവരണങ്ങളാണ് ഡാര്‍വിന്‍ നല്കുന്നതെങ്കിലും പരിണാമം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എങ്ങനെയാണ് എന്ന ഒരു പ്രധാനവിടവ് അതിനെ അപൂര്‍ണ്ണമാക്കുന്നുണ്ട്. ഈ ആശയത്തിന്മേല്‍ അദ്ധ്വാനിച്ച വര്‍ഷങ്ങളത്രയും തന്‍റെ ജനത്തെയും കുടുംബത്തെയും ബ്രിട്ടീഷ് സഭയെയും സമൂഹത്തെയും അകറ്റിനിര്‍ത്തുന്നതിനേക്കുറിച്ച് ഡാര്‍വിന് ആന്തരികമായ ഭയമുണ്ടായിരുന്നു. അമ്പതുവയസ്സാകുന്നതു വരെ തന്‍റെ കണ്ടെത്തലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ വര്‍ഷങ്ങളിലെല്ലാം അദ്ദേഹം അദ്ധ്വാനിച്ചിരുന്നതെങ്ങനെയെന്നതും, പിന്നീട് അദ്ദേഹം തന്‍റെ സിദ്ധാന്തം പ്രസിദ്ധീകരിച്ചതെങ്ങനെയെന്നതുമെല്ലാം വിസ്മയകരമായ കഥകളാണ്. മതവും പരിണാമശാസ്ത്രവും വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ലോകത്തെ ഉള്‍ക്കൊള്ളാന്‍ ഒരു മനുഷ്യന്‍ നടത്തുന്ന ഉദ്യമങ്ങളുടെ കഥയാണിത്.
മനുഷ്യവംശത്തിന് അതിനെക്കുറിച്ചുതന്നെയുള്ള സംവേദനതത്വത്തെ ഡാര്‍വിന്‍ വിപ്ലവവത്കരിക്കുകയും ക്രിസ്തീയ യാഥാസ്ഥിതികചിന്തയെ വെല്ലുവിളിക്കുകയും ചെയ്തു. ഇവിടെയാണ് ഡാര്‍വിന്‍റെ തന്നെയും വിശ്വാസയാത്ര അനുയോജ്യമാകുന്നത്. ഡാര്‍വിന്‍റെ മതപരമായ ജൈത്രയാത്രയുടെ ചെറിയ ചരിത്രമാണ് താഴെക്കൊടുത്തിരിക്കുന്നത്. അതിനുശേഷം ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തോട് ഇക്കാലത്തുണ്ടായിട്ടുള്ള ക്രിസ്തീയപ്രതികരണങ്ങളില്‍ ചിലത് വിശദീകരിക്കുന്നു. അവസാനമായി, ഡാര്‍വിന്‍റെ സിദ്ധാന്തത്തെ ക്രിസ്തീയ ആശയമായ ദൈവത്തോടും ദൈവികപ്രവൃത്തിയോടും ചില ദൈവശാസ്ത്രജ്ഞര്‍ പൊരുത്തപ്പെടുത്തുന്നതെങ്ങനെ എന്നതും ചര്‍ച്ച ചെയ്യുന്നു.
ഡാര്‍വിന്‍റെ വിശ്വാസയാത്ര
ക്രിസ്തീയസംസ്കാരത്തോട് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ആഡ്യത്വം നിറഞ്ഞ ഒരു ക്രൈസ്തവകുടുംബത്തിലാണ് ഡാര്‍വിന്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് റോബര്‍ട്ടും മുത്തച്ഛന്‍ എരാസ്മൂസ് ഡാര്‍വിനും ആംഗ്ലിക്കന്‍ വിശ്വാസികളായിരുന്നു. എന്നാല്‍ അമ്മയുടെ ബന്ധുക്കള്‍ വിക്ടോറിയന്‍ ചിന്താഗതിക്കാരായിരുന്നു. ത്രിത്വം, മനുഷ്യാവതാരം, വീഴ്ച, രക്ഷ, വെളിപാട് എന്നിവ അവര്‍ നിഷേധിച്ചു. അമ്മയുടെ ആഗ്രഹപ്രകാരം ചാള്‍സിനെ പഠിപ്പിച്ചിരുന്നത് ഒരു യൂണിറ്റേറിയന്‍ പുരോഹിതനായിരുന്നു. ഡാര്‍വിന്‍റെ എട്ടാമത്തെ വയസ്സില്‍ അമ്മ മരിക്കുകയും സഹോദരി അമ്മയുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. മൂത്ത സഹോദരിമാരാലും സേവകരാലും പരിരക്ഷിതരായി സമ്പത്തിന്‍റെയും സാന്ത്വനത്തിന്‍റെയും വിനോദങ്ങളുടെയുമിടയില്‍ ചാള്‍സ് വളര്‍ന്നുവന്നു.
പിതാവിനെപ്പോലെ ഒരു ഭിഷഗ്വരനായിത്തീരുന്നതിനുവേണ്ടി 1825-ല്‍ അദ്ദേഹം മെഡിസിന്‍ പഠിക്കാന്‍ എഡിന്‍ബര്‍ഗിലേക്കു പുറപ്പെട്ടു. മെഡിക്കല്‍ പഠനങ്ങള്‍ക്കു പേരുകേട്ട സ്ഥലമായിരുന്നു എഡിന്‍ബര്‍ഗ്. എന്നാല്‍ മെഡിസിനില്‍ അദ്ദേഹം വേണ്ടത്ര അക്കാദമിക താത്പര്യം കാണിച്ചില്ല എന്നു മാത്രമല്ല, ശസ്ത്രക്രിയകളുടെ മൃഗീയത അദ്ദേഹത്തെ ഞടുക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മെഡിസിന്‍ പഠനം ഉപേക്ഷിച്ചെങ്കിലും പ്രകൃതിയോടും ശാസ്ത്രത്തോടും ശക്തമായ താത്പര്യം എഡിന്‍ബര്‍ഗ് അദ്ദേഹത്തില്‍ സൃഷ്ടിച്ചിരുന്നു. ഈ സമയത്താണ് ഒരു ആംഗ്ലിക്കന്‍ വൈദികന്‍റെ വിളിയെക്കുറിച്ച് അദ്ദേഹത്തിന്‍റെ പിതാവ് അറിയിക്കുന്നത്.
1827 മെയ് 15-ന് കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജില്‍ ചാള്‍സ് ഒരംഗമായിത്തീര്‍ന്നു. മൂന്നു വര്‍ഷക്കാലത്തെ ദൈവശാസ്ത്രപഠനത്തിനിടയില്‍ ജൈവശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അദ്ദേഹം താത്പര്യം കാട്ടിത്തുടങ്ങി. വില്യം പാലിയുടെ പ്രകൃതിദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായി. പാലിയുടെ കാഴ്ചപ്പാടനുസരിച്ച്, ജീവനുള്ളവയുടെ സങ്കീര്‍ണ്ണഘടനകളും മൃഗങ്ങളുടെയും സസ്യങ്ങളുടെയും പ്രത്യക്ഷത്തിലുള്ള പൊരുത്തപ്പെടലുകളുമെല്ലാം ഒരു ബുദ്ധിയുള്ള രൂപകര്‍ത്താവിനെ ആവശ്യപ്പെടുന്നു. കേംബ്രിഡ്ജില്‍ ആദം സെഡ്ജ്വിക്കിനോടൊപ്പം ചാള്‍സ് ഭൗമശാസ്ത്രം പഠിക്കുകയും വെയ്ല്‍സില്‍ അദ്ദേഹത്തോടൊപ്പം ഒരു ഭൗമശാസ്ത്ര പഠനയാത്ര നടത്തുകയും ചെയ്തു. മടങ്ങിയെത്തിയപ്പോള്‍ ബീഗിള്‍ കപ്പലില്‍ ഒരു പ്രകൃതിശാസ്ത്രജ്ഞനായി യാത്ര ചെയ്യാനുള്ള ക്യാപ്റ്റന്‍ ഫിറ്റ്സ്ജെരാള്‍ഡിന്‍റെ ക്ഷണം കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു.
1831 ഡിസംബര്‍ 27-ന് ചാള്‍സ് ഡാര്‍വിന്‍ പ്ലൈമൗത്തില്‍ വച്ച് ബീഗിള്‍ കപ്പലില്‍ പ്രവേശിക്കുകയും അഞ്ചുവര്‍ഷം നീണ്ടുനിന്ന യാത്ര ആരംഭിക്കുകയും ചെയ്തു. യാത്രയ്ക്കു മുമ്പ് ചാള്‍സ് 'ഒരുതരം ക്രിസ്ത്യാനിയായിരുന്നു': ആംഗ്ലിക്കന്‍ രീതിയില്‍ ഒരു യാഥാസ്ഥിതികന്‍. എന്നാല്‍ അദ്ദേഹമവതരിപ്പിക്കുന്നതുപോലെ ബീഗിള്‍ യാത്രയ്ക്കു മുമ്പ് അത്ര യാഥാസ്ഥിതികനുമായിരുന്നില്ല അദ്ദേഹം. ഡാര്‍വിനെ സംബന്ധിച്ചിടത്തോളം യേശുവിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും വ്യക്തിപരമായ അനുഭവം തികച്ചും ഉപരിപ്ലവമായിരുന്നു. വിശുദ്ധഗ്രന്ഥം ക്രിസ്തീയസത്യങ്ങള്‍ വാദിക്കുന്നതിനുള്ള ഒരു ഉറവിടഗ്രന്ഥം മാത്രമായിരുന്നു. സഭയില്‍ സ്വീകരിക്കപ്പെട്ട വിശ്വാസപ്രമാണങ്ങളുടെ യുക്ത്യധിഷ്ഠിതമായ വിശദീകരണങ്ങള്‍ മാത്രമായിരുന്നു ഡാര്‍വിന് ക്രിസ്തീയത. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ-പ്രകൃതിയെയും ദൈവത്തെയും-കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഡാര്‍വിന്‍റെ രീതികളില്‍ ബീഗിള്‍ യാത്ര കാതലായ മാറ്റങ്ങള്‍ വരുത്തി. ബീഗിളിലെ ഡാര്‍വിന്‍റെ യാത്രയെക്കുറിച്ച് നിക്ക് സ്പെന്‍സര്‍ എഴുതുന്നു: "ബീഗിള്‍ ഡാര്‍വിന് പരിണാമസിദ്ധാന്തത്തിനുള്ള വിവരങ്ങള്‍ പകര്‍ന്നു നല്കിയെങ്കിലും അതിന്‍റെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചില്ലായെന്നതുപോലെ, ആ യാത്ര അദ്ദേഹത്തിന്‍റെ ക്രിസ്തീയവിശ്വാസം നഷ്ടപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ നല്കുകയും എന്നാല്‍ ആ നഷ്ടത്തിന് സാക്ഷ്യം വഹിക്കാതിരിക്കുകയും ചെയ്തു" [4].
1837-39 കാലയളവില്‍ ക്രിസ്തീയ വേദഗ്രന്ഥത്തോടും അതിന്‍റെ സിദ്ധാന്തങ്ങളോടുമുള്ള ഡാര്‍വിന്‍റെ മനോഭാവം ഏറെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ "ഒക്ടോബര്‍ 2, 1836-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയതു മുതല്‍ ജനുവരി 29, 1839-ലെ എന്‍റെ വിവാഹം വരെ" എന്ന അദ്ധ്യായത്തിനുശേഷം "മതവിശ്വാസങ്ങള്‍" എന്ന ഒരു ചെറിയ അദ്ധ്യായമുണ്ട്. ബീഗിള്‍ യാത്രയില്‍ താനെത്രമാത്രം യാഥാസ്ഥിതികനായിരുന്നുവെന്നതിനെക്കുറിച്ചും ഇക്കാലയളവില്‍ ക്രിസ്തീയവിശ്വാസങ്ങള്‍ താന്‍ സംശയിക്കാനാരംഭിച്ചതിനെക്കുറിച്ചും ഡാര്‍വിന്‍ അവിടെ വിശദമാക്കുന്നുണ്ട്. ഡാര്‍വിന്‍റെ കുടുംബത്തില്‍ അവിശ്വാസം ഒരു സ്വീകാര്യഘടകമായിരുന്നുവെന്നതിന് അദ്ദേഹത്തിന്‍റെ പിതാവിന്‍റെയും മുത്തച്ഛന്‍റെയും സ്വതന്ത്രചിന്ത ഉദാഹരണമാണ്.
"പ്രത്യക്ഷത്തില്‍ത്തന്നെ തെറ്റായ ലോകചരിത്രം, ബബേല്‍ഗോപുരം, അടയാളമായുയരുന്ന മഴവില്ല് മുതലായവയുള്ള പഴയനിയമത്തെ" ചാള്‍സ് ഡാര്‍വിന്‍ സംശയിക്കാന്‍ തുടങ്ങി. പഴയനിയമഗ്രന്ഥകര്‍ത്താക്കള്‍ "ദൈവത്തെ ഒരു പ്രതികാരദാഹിയായ ഏകാധിപതിയായി" അവതരിപ്പിക്കുന്നുവെന്ന് ഡാര്‍വിന്‍ തിരിച്ചറിയുകയും "അത് ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പോലെയോ പ്രാകൃതരുടെ വിശ്വാസങ്ങള്‍ പോലെയോ" [5] ഉള്ള ഒന്നാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു. പുതിയനിയമത്തിന്‍റെ കാര്യത്തില്‍, അവ ഒരേസമയം എഴുതപ്പെട്ടവയാണോ എന്നദ്ദേഹം സംശയിച്ചു. കാരണം, പല പ്രധാനകാര്യങ്ങളിലും അവ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുമാത്രമല്ല അവയ്ക്ക് ദൃക്സാക്ഷിവിവരണത്തിന്‍റെ കൃത്യതയില്ല. പുതിയ നിയമത്തിലെ അത്ഭുതങ്ങളെക്കുറിച്ച് ഡാര്‍വിന്‍ പറയുന്നത്, പ്രകൃതിയുടെ സ്ഥിരനിയമങ്ങളെക്കുറിച്ച് കൂടുതലറിയുന്തോറും അത്ഭുതങ്ങള്‍ കൂടുതല്‍ അവിശ്വസനീയങ്ങളായി മാറും എന്നാണ്.
ജീവനെക്കുറിച്ചുള്ള ഇത്തരം പരിചിന്തനങ്ങളെല്ലാം തന്നെ ബൈബിളിന്‍റെ ലിഖിതവ്യാഖ്യാനങ്ങള്‍ സംശയിക്കുന്നതിലേക്കും അദ്ദേഹത്തെ കൊണ്ടെത്തിച്ചു. സുവിശേഷങ്ങള്‍ ദൃക്സാക്ഷികളില്‍ നിന്നാണോ? ഈ ശാസ്ത്രീയയുഗത്തില്‍ സുവിശേഷത്തിലെ അത്ഭുതങ്ങളെ എപ്രകാരമാണ് പരിഗണിക്കേണ്ടത്? ഉത്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ കഥ എത്രമാത്രം സത്യമാണ്? ആത്മകഥയില്‍ ഈ നിരീക്ഷണങ്ങളെല്ലാം ഡാര്‍വിന്‍ സംഗ്രഹിക്കുന്നുണ്ട്: "ഒരു ദൈവികവെളിപാടെന്ന നിലയില്‍ ക്രിസ്തീയതയെ ക്രമേണ ഞാന്‍ അവിശ്വസിച്ചു തുടങ്ങി"[6].
പ്രകൃതിനിര്‍ദ്ധാരണം എന്ന ആശയം രൂപപ്പെടുത്തിയതു മുതല്‍ ഡാര്‍വിനനുഭവിച്ചിരുന്നപീഡനങ്ങളെ സ്പെന്‍സറും ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു:
ബീഗിള്‍ യാത്രയ്ക്കു ശേഷമുള്ള വര്‍ഷങ്ങളിലെ ശക്തമായ പഠനങ്ങള്‍ ഡാര്‍വിന്‍റെ യുവത്വത്തിലെ ശാന്തമായ ക്രിസ്തീയതയെ അസ്ഥിരപ്പെടുത്തുകയുണ്ടായി. ഈ യാത്രയുടെ സമയത്തും അതിനു ശേഷവുമായി രൂപപ്പെടുത്തിയ പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള പരിണാമസിദ്ധാന്തം പുതിയ, പ്രശ്നകലുഷിതമായ രീതിയില്‍ സഹനത്തിന്‍റെ പ്രശ്നത്തെ ഉയര്‍ത്തിക്കാട്ടി [7].
സ്പെന്‍സര്‍ വീണ്ടും സൂചിപ്പിക്കുന്നു, "അതിനാല്‍, സ്വാഭാവികലോകം നാം ചിന്തിച്ചിരുന്നതുപോലെ ക്രമീകൃതമോ, ലക്ഷ്യവേധിയോ അല്ലെന്ന് അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞപ്പോള്‍ അതൊരത്ഭുതമായിരുന്നില്ല" [8]. 1851-ലെ ഈസ്റ്ററിന് തന്‍റെ പത്തു വയസ്സുകാരിയായ പ്രിയമകള്‍ ആനിയെ നഷ്ടപ്പെട്ടത് ഡാര്‍വിനുള്ള അവസാനപ്രഹരമായിരുന്നു. മതമോ സ്നേഹിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസമോ ദുഃഖത്തിന്‍റെ നിമിഷങ്ങളില്‍ യഥാര്‍ത്ഥത്തിലുള്ള ഒരു സാന്ത്വനവും ആശ്വാസവും നല്കുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു; അനീതിയെയും നഷ്ടത്തെയും കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹത്തില്‍ മുന്നിട്ടു നിന്നിരുന്നത്. സ്പെന്‍സര്‍ സംഗ്രഹിക്കുന്നു: "ആനിയുടെ മരണത്തെ ഒരിക്കല്‍ അദ്ദേഹം അതിജീവിച്ചിരുന്നു എങ്കിലും, ദൈവത്തെക്കുറിച്ചുള്ള ധാരണകൊണ്ട് അദ്ദേഹത്തിന് സഹനമെന്ന യാഥാര്‍ത്ഥ്യത്തോട് അനുരജ്ഞനപ്പെടാനായില്ല" [9].
താരതമ്യവിധേയമല്ലാത്ത നിരീക്ഷണപാടവവും നിശിതമായ ചിന്തയും ഡാര്‍വിനുണ്ടായിരുന്നു; അദ്ദേഹത്തിന്‍റെ രീതി തികച്ചും ചിന്താപരവും ആസൂത്രിതവുമായിരുന്നു. ഉത്പത്തിയിലെ സൃഷ്ടിവിവരണത്തിന്‍റെ തെറ്റു തിരിച്ചറിഞ്ഞ് പ്രപഞ്ചസൃഷ്ടിയെ ഒരു ശാസ്ത്രീയവീക്ഷണത്തില്‍ മനസ്സിലാക്കാന്‍ തന്‍റെ ക്രിസ്തീയസഹോദരങ്ങളെ തന്‍റെ സിദ്ധാന്തം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാനിടയുണ്ട്. എങ്കിലും ക്രിസ്തീയവിശ്വാസത്തെ തന്‍റെ സിദ്ധാന്തത്തോട് ബന്ധപ്പെടുത്തുന്നതില്‍ ഡാര്‍വിന് ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. നിക്ക് സ്പെന്‍സര്‍ പറയുന്നു: "മതവിശ്വാസത്തെ തന്‍റെ സിദ്ധാന്തത്തോട് അനുരൂപപ്പെടുത്താനാകുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. ജീവിതാന്ത്യം വരെ ആ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. 1879-ല്‍ അദ്ദേഹം ജോണ്‍ ഫോര്‍സീസിനോട് പറയുന്നത് ഇതിന് തെളിവാണ്: 'ഒരു മനുഷ്യന്‍ ഒരു വിശ്വാസിയും പരിണാമവാദിയുമായിരിക്കുന്നതിനെ സംശയിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അസംബന്ധമാണ്" [10].
ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തോടുള്ള ചില പ്രതികരണങ്ങള്‍
ജീവജാതികളുടെ ഉത്ഭവം പ്രസിദ്ധീകരിച്ചത് മനുഷ്യകുലത്തിന്‍റെ ബൗദ്ധികചരിത്രത്തില്‍ ഒരു പുതിയ കാലത്തിന്‍റെ ഉദയത്തിന് കാരണമായി. അത് പൊതുതാത്പര്യം പിടിച്ചെടുക്കുകയും നിരവധി പണ്ഡിതര്‍ ഡാര്‍വിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. അവരില്‍ പരിണാമസിദ്ധാന്തത്തോട് കൂറുപുലര്‍ത്തുന്ന വര്‍ത്തമാനകാലചിന്തകരാണ് റിച്ചാര്‍ഡ് ഡോക്കിന്‍സും ഡാനിയല്‍ ഡെന്നറ്റും. അവരിരുവരും ഡാര്‍വീനിയന്‍ ചിന്തകള്‍ക്കുമപ്പുറത്താണുള്ളത്; പരിണാമാത്മകജീവശാസ്ത്രത്തില്‍ പദാര്‍ത്ഥാധിഷ്ഠിത അതിഭൗതികശാസ്ത്രം കൂട്ടിച്ചേര്‍ത്തുകൊണ്ട് അന്ധവും ശ്രദ്ധയില്ലാത്തതുമായ പ്രകൃതിനിയമം ദൈവികമായ ഉദ്ദേശത്തിനും പരിപാലനയ്ക്കും പകരം വച്ചു. ജീവനെ വെറും രാസതന്ത്രത്തിലേക്കും പരിണാമസിദ്ധാന്തത്തെ യാന്ത്രികപ്രക്രിയയിലേക്കും ചുരുക്കാന്‍ ശ്രമിച്ചുകൊണ്ട് അവര്‍ ഡാര്‍വിനിസത്തെ നിരീശ്വരവാദത്തിന് തുല്യമാക്കി.
സൃഷ്ടിവാദികള്‍ക്ക് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം യാതൊരു വിധത്തിലും സ്വീകാര്യമല്ല. ഉത്പത്തി പുസ്തകത്തില്‍ ദൈവനിവേശിതമായി രേഖപ്പെടുത്തിയിരിക്കുന്ന ആറുദിവസത്തെ സൃഷ്ടി എന്ന ബൈബിള്‍ സങ്കല്പത്തെ ഈ സിദ്ധാന്തം എതിര്‍ക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിച്ചു. സൃഷ്ടിവാദികളെക്കുറിച്ച് എഴുതിക്കൊണ്ട് ജോണ്‍ ഹോട്ട് വാദിക്കുന്നു, "ഡാര്‍വീനിയന്‍ പരിണാമം ശരിയാണെങ്കില്‍ അത് യുക്തിപരമായി ദൈവമെന്ന ആശയത്തെയും ലക്ഷ്യവേധിയായ പ്രപഞ്ചത്തെയും പുറന്തള്ളുമെന്ന് സംശയവാദികളോടൊപ്പം സമ്മതിക്കുന്ന ക്രിസ്തീയവിശ്വാസികളാണ് അവര്‍" [11]. ഡാര്‍വിന്‍റെ സിദ്ധാന്തത്തോടുള്ള ഈ എതിര്‍പ്പാണ് ബൈബിളിന്‍റെ അപ്രമാദിത്വവും അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനവും കാത്തുസൂക്ഷിക്കാന്‍ സൃഷ്ടിവാദികളെ പ്രേരിപ്പിച്ചത്. അവര്‍ ഉത്പത്തിയിലെ സൃഷ്ടികഥയ്ക്ക് ശാസ്ത്രീയവിശ്വാസ്യത അവകാശപ്പെട്ടുകൊണ്ട് ബൈബിളിലെ സൃഷ്ടികഥകളെ പരിണാമസിദ്ധാന്തത്തോടൊപ്പം ശാസ്ത്രീയ ആശയങ്ങളെന്ന നിലയില്‍ അവതരിപ്പിക്കുകയും ചെയ്തു.
പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള വംശോത്പത്തി എന്ന ഡാര്‍വീനിയന്‍ വിവരണം സ്വീകരിക്കുന്ന വിശ്വാസികളായ ക്രിസ്ത്യാനികള്‍ പോലും മനുഷ്യന്‍റെ ആത്മാവിന്‍റെ സൃഷ്ടിക്കാന്‍ ദൈവികമായ ഒരു ഇടപെടല്‍ വേണമെന്ന് വാദിക്കുന്നുണ്ട്. ബൈബിളനുസരിച്ച് മനുഷ്യന്‍ മറ്റു സൃഷ്ടജാലങ്ങളില്‍ നിന്ന് വ്യത്യസ്തനായാണ് സൃഷ്ടിക്കപ്പെട്ടത്. മനുഷ്യന്‍ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരും തീര്‍ച്ചയായും അവയെക്കാള്‍ ഉയര്‍ന്നവരുമാണെന്ന് ക്രിസ്ത്യാനികള്‍ സങ്കല്പിക്കുന്നു. അങ്ങനെ മനുഷ്യര്‍ തനിമയുള്ളവരാണെന്നും അന്ധമായ പ്രകൃതിശക്തികളുടെ ഉപോത്പന്നങ്ങളല്ലെന്നും നാം മനസ്സിലാക്കുന്നു. പരമപരിശുദ്ധമെന്ന് കരുതപ്പെട്ടിരുന്ന മനുഷ്യാസ്തിത്വം പ്രകൃതിശാസ്ത്രങ്ങളുടെ നിയമങ്ങള്‍ക്കുള്ളിലേക്ക് കൊണ്ടുവരപ്പെട്ടു. സ്രഷ്ടാവിന്‍റെ വളരെ പ്രത്യേകമായ ഒരു പൈതലെന്ന നിലയില്‍ നിന്ന് പെട്ടെന്ന് ഒഴിവാക്കപ്പെടുകയും മറ്റു മൃഗങ്ങളോടൊപ്പം മൃഗശാലയിലടയ്ക്കപ്പെടുകയും ചെയ്യുന്നത് ഒരു വല്ലാത്ത അനുഭവമായിരുന്നു.
ഡാര്‍വിനു മുമ്പ് ജീവലോകത്തിന്‍റെ ക്രമീകൃതവും പൊരുത്തമുള്ളതുമായ ഘടകങ്ങളുടെ വിശദീകരണം എന്നത് സ്രഷ്ടാവായ ദൈവം പ്രത്യേക ഉദ്ദേശത്തോടെ അവയെ രൂപപ്പെടുത്തി എന്നതാണ്. രൂപഘടനയില്‍ നിന്നുള്ള വാദഗതിക്ക് വില്യം പാലി രൂപം നല്കിയതു മുതല്‍ ഒരു സ്ഥിരപ്രപഞ്ചത്തില്‍ ജീവജാലങ്ങളുടെ വിവിധഭാഗങ്ങളുടെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളും ചുറ്റുപാടുകളോടുള്ള അവയുടെ ഏകീകൃത ഇഴുകിച്ചേരലും ബുദ്ധിമാനായ ഒരു രൂപകര്‍ത്താവിന് തെളിവ് നല്കുന്നുവെന്ന് വിശ്വസിക്കാന്‍ ക്രിസ്ത്യാനികള്‍ പ്രേരിപ്പിക്കപ്പെട്ടു. അതിനാല്‍ ഡാര്‍വിനിസം ബുദ്ധിപൂര്‍വ്വകമായ രൂപകല്പനയ്ക്ക് ഒരു വെല്ലുവിളിയായിത്തീര്‍ന്നു. കാരണം ലക്ഷ്യവേധിയായ ഒരു രൂപഘടനയ്ക്കു പകരം യാന്ത്രികവും മനോരഹിതവുമായ ഒരു പ്രക്രിയയ്ക്ക് അത് അവസരം നല്കി. അങ്ങനെ ആ പഴയ ചിന്ത ഇല്ലാതാകുന്നതിന് ഡാര്‍വിന്‍റെ പ്രകൃതിനിര്‍ദ്ധാരണത്തിലൂടെ പുതിയ ജീവരൂപങ്ങല്‍ എന്ന ആശയം കാരണമായി.
പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി ബൈബിളിലെ ചില ഭാഗങ്ങള്‍ സാംസ്കാരികമായ അടിഞ്ഞുകൂടലിന്‍റെ ഭാഗമാണെന്ന് ക്രിസ്ത്യാനികള്‍ക്കു മനസ്സിലായി. ബൈബിള്‍ഭാഷ്യത്തോട് തികച്ചും പൊരുത്തപ്പെടുന്നവയാണോ എന്നതായിരുന്നില്ല വിവാദം; മറിച്ച് പരിണാമത്തിന് കാരണമാകുന്ന അസംസ്കൃതപദാര്‍ത്ഥമായ വ്യതിയാനങ്ങള്‍ തികച്ചും ആകസ്മികവും അതിനാല്‍ത്തന്നെ ദൈവികയുക്തിയാല്‍ നിയന്ത്രിതവുമല്ലെന്നുള്ളതായിരുന്നു പ്രധാനപ്രശ്നം. ഇടവിട്ടുള്ള പ്രകൃതിനിര്‍ദ്ധാരണവും പുതിയ ജീവരൂപങ്ങളുടെ ആവിര്‍ഭാവവും കേന്ദ്രമാക്കിയുള്ള ഡാര്‍വിന്‍റെ കാഴ്ചപ്പാടുകള്‍ ലക്ഷ്യംവച്ചത് ദൈവികഉദ്ദേശവും രൂപഘടനയും പ്രകൃതിയില്‍നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ ഈ അരസികരീതി നാം ഒരു സ്നേഹരഹിതമായ ലോകത്തിലാണ് ജീവിക്കുന്നതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ക്രിസ്തീയചിന്തകരെ കുഴക്കിയ അടുത്ത പ്രശ്നം ദൈവവിജ്ഞാനീയവുമായി ബന്ധപ്പെട്ടതാണ്. പ്രകൃതിനിര്‍ദ്ധാരണത്തിലൂടെയുള്ള പരിണാമം, നിലനില്പിനുവേണ്ടിയുള്ള സമരത്തില്‍ വേദനയും ലക്ഷ്യമില്ലാതുള്ള അലച്ചിലും ജീവിതം പാഴാക്കലും ഉള്‍ക്കൊള്ളുന്നുവെന്ന് നമുക്കറിയാം. ഭൂമിയില്‍ ജീവനാരംഭിച്ചതുമുതല്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും പ്രധാനജീവനാശങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവുമവസാനം നടന്നത് 65 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അക്കാലത്തെ പ്രധാനജീവിവര്‍ഗ്ഗമായിരുന്ന ദിനോസറുകള്‍ ഇല്ലാതായതാണ്. ഒരു നിശ്ചിത എണ്ണം ജീവിവര്‍ഗ്ഗങ്ങള്‍ എന്തോ പ്രത്യേകലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളായിരുന്നുവെന്നും അവസാനം അവയ്ക്ക് വംശനാശം സംഭവിയ്ക്കുകയാണ് ചെയ്തത് എന്നും ഇത് ദ്യോതിപ്പിക്കുന്നുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ നിരവധിതരം ജീവിവര്‍ഗ്ഗങ്ങള്‍ക്ക് നേരിടേണ്ടി വന്ന സഹനങ്ങള്‍ പരിഗണിക്കുമ്പോള്‍, സ്നേഹിതനായ ഒരു ദൈവത്തെ നാം എങ്ങനെ അവതരിപ്പിക്കും എന്നതാണ് പ്രധാനചോദ്യം.
കാലഘട്ടങ്ങളിലൂടെ ജീവിവര്‍ഗ്ഗങ്ങള്‍ നേരിടേണ്ടി വന്ന എല്ലാ വേദനകളും സഹനങ്ങളും കണക്കിലെടുത്തും ദൈവത്തെ ന്യായീകരിച്ചുകൊണ്ടും ജോണ്‍ ഹോട്ട് എഴുതുന്നു:
കോടിക്കണക്കിന് പരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ നാം കണ്ടെത്തുന്ന സഹനങ്ങളും, ലക്ഷ്യമില്ലാതുള്ള അലച്ചിലും, അമിതമായ പാഴാക്കലുമെല്ലാം ശക്തനും ദയാലുവുമായ ഒരു സ്രഷ്ടാവിന് അനുവദിക്കാനാവുന്നതെങ്ങനെ? പ്രകൃതിയുടെ ഇപ്പോഴുള്ള ക്രമത്തിന്‍റെ ശാന്തവും സ്ഥിരവുമായ ഉപരിതലത്തിനു കീഴില്‍ മറഞ്ഞുകിടക്കുന്ന കഷ്ടപ്പാടും വേദനയും ക്രൂരതയും മൃഗീയതയും മരണവും സ്നേഹവാനായ ഒരു ദൈവം സഹിക്കുന്നതെങ്ങനെ? [12]
പരിണാമസിദ്ധാന്തവും ക്രിസ്തീയദൈവശാസ്ത്രവും
സമകാലിക ബൗദ്ധികലോകത്തില്‍ ഡാര്‍വീനിയന്‍ ശാസ്ത്രം സുപ്രധാന പരിഗണനകള്‍ക്ക് വിധേയമാകുന്നുണ്ട്. പരിണാമത്തോടു ചേരുന്ന രീതിയില്‍ ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ ദൈവശാസ്ത്രത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ദൈവശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നു. നിരവധി ക്രിസ്ത്യാനികള്‍ ഡാര്‍വീനിയന്‍ ആശയങ്ങളെ എതിര്‍ക്കുന്നവരല്ല. അവര്‍ ഒന്നുകില്‍ പരിണാമസിദ്ധാന്തത്തെ അവഗണിക്കുകയോ അല്ലെങ്കില്‍ പരിണാമത്തെ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ഒരു രീതിയായി സ്വീകരിക്കുകയോ ചെയ്യുന്നു. ചില ദൈവശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ജോണ്‍ പോക്കിംഗ്ഹോണ്‍. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ശാസ്ത്രത്തിന്‍റെ ആകസ്മികതയില്‍ പ്രത്യേകമായ ദൈവികപ്രവൃത്തി മറഞ്ഞിരിക്കാന്‍ സാദ്ധ്യതയുണ്ട്. വില്യം ബിഡ്രീസ് ഉദ്ധരിക്കുന്നത് ഡി.ജെ. ബര്‍ത്തലോമിയോയുടെ വീക്ഷണമാണ്, "ആകസ്മികത ദൈവത്തിന്‍റെ വീക്ഷണകോണിലുള്ള ആകസ്മികത ആകാനും ഇടയുണ്ട്: ദൈവം തന്‍റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത് ഇത്തരം ആകസ്മികപ്രക്രിയകളിലൂടെയാവാം" [13].
പലര്‍ക്കും അഭിപ്രായവിത്യാസമുള്ള കാര്യം ഇടവിട്ടുള്ള രീതിയിലുള്ള പരിണാമമാണെന്ന് നാം കണ്ടുകഴിഞ്ഞു. ഡാര്‍വിന്‍റെ പ്രകൃതിനിര്‍ദ്ധാരണമനുസരിച്ച് നാം ഒരു വ്യക്തിപരമല്ലാത്ത ലോകത്തിലാണ് ജീവിക്കുന്നത് എന്നതിനെ ദൈവശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഡാര്‍വിന്‍ ശരിയാണെങ്കില്‍ത്തന്നെയും അദ്ദേഹം മുഴുവന്‍ കഥയും പറഞ്ഞിട്ടില്ലെന്ന് അവര്‍ വാദിക്കുന്നു. ജോണ്‍ ഹോട്ട് ഇതോടനുബന്ധമായിപ്പറയുന്നു: "അദ്ദേഹത്തിന്‍റെ കാലംമുതല്‍ തന്നെ പരിണാമത്തിന്‍റെ ശാസ്ത്രീയ ധാരണയില്‍ കാര്യമായ നവീകരണങ്ങള്‍ നടത്തിയിട്ടുണ്ട്; പ്രത്യേകിച്ച് ജനിതകശാസ്ത്രത്തിന്‍റെയും മോളിക്യുളാര്‍ ബയോളജിയുടെയും മേഖലയില്‍" [14]. മാറ്റങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച്, ഡാര്‍വിന് അജ്ഞാതമായിരുന്ന വിവരങ്ങള്‍ ഈ രണ്ടു മേഖലകള്‍ വെളിപ്പെടുത്തുന്നു. ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഡാര്‍വിന്‍റെ പരിണാമത്തിലുണ്ടായ ഈ രണ്ട് പ്രധാനനവീകരണങ്ങള്‍ തന്നെ ജീവന്‍റെ രഹസ്യങ്ങള്‍ പൂര്‍ണമായും അദ്ദേഹം അനാവരണം ചെയ്തിട്ടില്ല എന്നതിനുള്ള വ്യക്തമായ തെളിവുകളാണ്.
ഇത്തരമൊരു നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നിരവധി ദൈവശാസ്ത്രജ്ഞര്‍ പരിണാമസിദ്ധാന്തത്തില്‍ ലഭ്യമായ പ്രസക്തവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൃപ്തികരമായ രീതിയില്‍ ദൈവശാസ്ത്രസത്യങ്ങളെ മനസ്സിലാക്കാനും പുനഃക്രമീകരിക്കാനും പുനരവതരിപ്പിക്കാനും തുടങ്ങി. നാശോന്മുഖമായ മൂല്യങ്ങള്‍ മനസ്സിലാക്കുന്നതിനും പരിരക്ഷിക്കുന്നതിനുമായി ക്രിസ്തീയവിശ്വാസത്തില്‍ പരിണാമത്തിന്‍റെ സ്വാധീനത്തെക്കുറിച്ച് സംതുലിതമായ ചര്‍ച്ചകള്‍ ദൈവശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. പരിണാമസിദ്ധാന്തത്തെ ഗൗരവമായെടുക്കുന്നവിധത്തില്‍ നമ്മുടെ ദൈവശാസ്ത്ര സംവേദനത്വങ്ങള്‍ രൂപപ്പെടുത്താനും അവര്‍ പരിശ്രമിക്കുന്നുണ്ട്.
ക്രിസ്തീയവിശ്വാസമായ തുടര്‍സൃഷ്ടിയും പരിണാമസിദ്ധാന്തവും തമ്മിലുള്ള ഒന്നുചേരലിലേക്ക് നിരവധി ദൈവശാസ്ത്രജ്ഞര്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ദൈവം ആദിയില്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുക മാത്രമല്ല ചെയ്തത്; അവിടുന്ന് പ്രപഞ്ചത്തെ തുടര്‍ച്ചയായി പരിപാലിക്കുകയും ചെയ്യുന്നുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ കാരുണ്യവും പരിപാലനയും പ്രകടമാക്കുന്ന നിരവധി വിശുദ്ധഗ്രന്ഥഭാഗങ്ങളിലേക്കും അവര്‍ വിരല്‍ചൂണ്ടുന്നു. തുടര്‍സൃഷ്ടി കാര്യക്ഷമമായി വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തം ദൈവശാസ്ത്രത്തെ സഹായിക്കുന്നതായി കാണപ്പെടുന്നു. ആരംഭത്തില്‍ നിന്നും അല്പംപോലും കുറവില്ലാതെ ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ ഇന്നും സൃഷ്ടി നടക്കുന്നുണ്ട്. മഹാവിസ്ഫോടനപ്രപഞ്ചം തുടര്‍ച്ചയായി ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയും ഓരോ ദിവസവും സൃഷ്ടിയുടെ പ്രഭാതമായിത്തീരുകയും ചെയ്യുന്നു.
പ്രോസസ്സ് ദൈവശാസ്ത്രവും പരിണാമാത്മക ജീവശാസ്ത്രവും തമ്മിലുള്ള സാധര്‍മ്മ്യത്തെ പ്രോസസ്സ് ദൈവശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇയാന്‍ ബാര്‍ബര്‍ എഴുതുന്നു, "മനുഷ്യേതരമായവയുടെയും മനുഷ്യജീവന്‍റെയും ചരിത്രപരമായ തുടര്‍ച്ചയെക്കുറിച്ചുള്ള ധാരണകള്‍ പ്രോസസ് ചിന്ത പരിണാമാത്മക ജീവശാസ്ത്രവുമായി പങ്കുവയ്ക്കുന്നുണ്ട്" [15]. പുതുമ എന്ന പുതിയൊരു ഘടകത്തിലേക്ക് ജോണ്‍ ഹോട്ട് വിരല്‍ ചൂണ്ടുന്നുണ്ട്. അദ്ദേഹം എഴുതുന്നു, "പ്രോസസ്സ് ദൈവശാസ്ത്രമനുസരിച്ച് ദൈവം തന്‍റെ പൂര്‍വ്വസ്ഥിതി സംരക്ഷിക്കുന്നതിലും കൂടുതല്‍ പുതുമകളില്‍ താത്പര്യം കാണിക്കുന്നതാണ് പരിണാമം സംഭവിക്കുന്നതിനു കാരണം" [16].
ഈ പൊതുനിരീക്ഷണങ്ങളില്‍ നിന്നു വ്യത്യസ്തമായി, പ്രശ്നം ഗൗരവമായെടുത്ത് ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ഡാര്‍വിന്‍റെ സിദ്ധാന്തത്തില്‍ വിശ്വസിക്കണമെന്നതിന് വിശദീകരണങ്ങള്‍ നല്കുന്ന അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞരുണ്ട്. പരിണാമസിദ്ധാന്തം ക്രിസ്തീയവിശ്വാസത്തിലേക്ക് സ്വീകരിക്കുന്നതിലെ പ്രശ്നങ്ങളോട് പോരടിച്ച നിരവധി ദൈവശാസ്ത്രജ്ഞരില്‍ മൂന്നു പണ്ഡിതരാണ് തെയ്യാര്‍ദ്ദ് ഷര്‍ദ്ദാന്‍, വെന്‍റസല്‍ ഫോണ്‍ ഹിസറ്റീന്‍, ജോണ്‍ എഫ്. ഹോട്ട് എന്നിവര്‍. ഇവരെ ഒന്നു പരിചയപ്പെടാം.
തെയ്യാര്‍ദ്ദിയന്‍ വീക്ഷണം
പുരാവസ്തുശാസ്ത്രജ്ഞനും ദാര്‍ശനികനും വലിയ പണ്ഡിതനുമായിരുന്ന തെയ്യാര്‍ദ്ദ് ഷര്‍ദ്ദാന്‍ (1881-1955) പരിണാമസിദ്ധാന്തത്തെ ക്രിസ്തീയവിശ്വാസത്തോട് അനുരജ്ഞനപ്പെടുത്താന്‍ ശ്രമിച്ചു. മനുഷ്യാസ്തിത്വത്തെ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനധാരണയുടെ ഉത്തമമാതൃകയായി പരിണാമത്തിന്‍റെ സാധുത തന്‍റെ ശാസ്ത്രപഠനം വഴിയായി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍, ക്രിസ്തീയവിശ്വാസത്തിന്‍റെ സത്യത്തോടുള്ള തുറവിയും നവീകരണവും ഡാര്‍വിന്‍റെ ആശയങ്ങളുമായുള്ള അഭിമുഖങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, പരിണാമത്തെ ഗൗരവമായെടുക്കുന്ന തരത്തില്‍ അദ്ദേഹം ദൈവശാസ്ത്രസംവേദനത്വത്തെ രൂപാന്തരപ്പെടുത്തി.
തങ്ങളുടെ ഗവേഷണത്തിനുള്ള അസംസ്കൃതപദാര്‍ത്ഥമായി മറ്റു ശാസ്ത്രജ്ഞര്‍ പ്രകൃതിയെ കണ്ടപ്പോള്‍, ഷര്‍ദ്ദാന്‍ രഹസ്യ അറിവുകളുടെ ഉറവിടമായും ദൈവസാന്നിദ്ധ്യം പ്രസരിപ്പിക്കുന്ന ഇടമായും കണ്ടു. ആത്യന്തികമായതിനെ കണ്ടുമുട്ടുന്നതിനുള്ള ഒരു പശ്ചാത്തലമാണ് സ്വാഭാവികലോകം എന്നതാണ് "ദൈവമേഖല" എന്ന ഗ്രന്ഥത്തിന്‍റെ പ്രമേയം തന്നെ. യഥാര്‍ത്ഥത്തില്‍, തെയ്യാര്‍ദ്ദിന്‍രെ ദൈവാനുഭവങ്ങള്‍ പ്രധാനമായും പ്രകൃതിയിലൂടെയാണുണ്ടായിട്ടുള്ളത്. പ്രപഞ്ചത്തെയും അതിന്‍റെ പരിശുദ്ധിയെയും അവിടെ ദൈവത്തിന്‍റെ ഇടപെടലിനെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ധാരണകളില്‍ പരിണാമമാതൃക വലിയ മാറ്റങ്ങള്‍ വരുത്തി.
നിരവധി ജീവശാസ്ത്രജ്ഞരുടെ ശാസ്ത്രീയ ആശയങ്ങള്‍ അടിത്തറയിട്ടിരുന്ന ഭൗതികവാദപരമായ അതിഭൗതികവാദം, പരിണാമത്തിന്‍റെ ഘടകങ്ങള്‍ - പ്രത്യേകിച്ച് പുതുജീവനുണ്ടാകുന്നതിനെക്കുറിച്ച് - വിവരിക്കാന്‍ അപര്യാപ്തമാണെന്ന് തെയ്യാര്‍ദ്ദിന് അറിയാമായിരുന്നു. ജീവനും മനസ്സുമില്ലാത്ത പദാര്‍ത്ഥം മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന ഭൗതികവാദത്തെ നിരാകരിച്ചുകൊണ്ട് തെയ്യാര്‍ദ്ദ് ദൈവശാസ്ത്രപരമായ അതിഭൗതികശാസ്ത്രം രൂപപ്പെടുത്തി. അതനുസരിച്ച് പരിണാമത്തിലെ വിവരങ്ങള്‍ മുഴുവന്‍, ആവിര്‍ഭവിച്ച പുതുമയുള്‍പ്പെടെ എല്ലാം സാധൂകരിക്കപ്പെട്ടു.
ഒരു ആന്തരികചോദനയാല്‍ നയിക്കപ്പെടുന്നതും യാന്ത്രികമല്ലാത്തതുമായ പരിണാമത്തെ അവതരിപ്പിച്ച ഹെന്‍റി ബര്‍ഗ്സണ്‍ തെയ്യാര്‍ദ്ദിനെ സ്വാധീനിക്കുകയുണ്ടായി. ഈ സൈദ്ധാന്തിക ഉപകരണമുപയോഗിച്ച് തെയ്യാര്‍ദ്ദിന് പരിണാമത്തെ ക്രിസ്തീയ ദൈവശാസ്ത്രത്തോട് ഐക്യപ്പെടുത്തണമെന്നുണ്ടായിരുന്നു. അത് പരിണാമം ഒരു ദിശയിലേക്ക് കേന്ദ്രീകൃതമാണെന്ന - മനുഷ്യനിലേക്കും പിന്നീട് ഒമേഗ പോയിന്‍റിലേക്കും - ചിന്തയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഈ കാഴ്ചപ്പാടില്‍ കോടിക്കണക്കിന് വര്‍ഷങ്ങളില്‍ പ്രപഞ്ചത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെല്ലാം ദിശാവേധിയായിരുന്നു; ദിശ ഇപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഭൂമിയുടെ അജൈവപാളിയായ ഭൗമമണ്ഡലത്തിലല്ല, ജീവലോകത്തിലുമല്ല; മറിച്ച് മനുഷ്യാവബോധത്തിന്‍റെയും ചിന്തയുടെ തലമായ ആത്മമേഖലയിലാണത് (noosphere). അവിടെ നിന്നും വീണ്ടും മുന്നോട്ടുപോയി എല്ലാ അവബോധങ്ങളും ഒന്നുചേരുന്ന ഒമേഗ പോയിന്‍റില്‍ എത്തിച്ചേരുന്നു.
ഒമേഗപോയിന്‍റ് നാം എത്തിച്ചേരാന്‍ കൊതിക്കുന്ന ലക്ഷ്യവും പദാര്‍ത്ഥനിയമങ്ങളിലും സമയത്തിലും നിന്ന് സ്വതന്ത്രമായി നിലകൊള്ളുന്നതുമായ ഏറ്റവും ഉന്നതമായ അവബോധമാണ്. ഇവിടെ, വെളിപാടിലെ ക്രിസ്തുവിനെ ഷര്‍ദ്ദാന്‍ പരിണാമത്തിന്‍റെ ഒമേഗയായി തിരിച്ചറിയുന്നു. ഈ പ്രാപഞ്ചികക്രിസ്തുവിനോടൊപ്പമാണ് എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും ഒന്നിപ്പിക്കുക എന്ന ദൈവികഉദ്ദേശം ഫലമണിയുന്നത്. "എല്ലാ സംരംഭങ്ങളും ക്രിസ്തുവില്‍ ലോകത്തെ പൂര്‍ത്തിയാക്കാന്‍ സഹകരിക്കുന്നു" [17] എന്ന് ഷര്‍ദ്ദാന്‍ സമ്മതിക്കുന്നുണ്ട്.
തെയ്യാര്‍ദ്ദ് തിരഞ്ഞുകൊണ്ടിരുന്നതിന ഭാവിയുടെ അതിഭൗതികശാസ്ത്രം എന്നു വിളിക്കാവുന്നതാണ്. ഷര്‍ദ്ദാന്‍റെ അഭിപ്രായത്തില്‍, ഭൂതകാലത്തില്‍ നിന്നുള്ള നിര്‍ണായകസംഭവങ്ങളായല്ല മറിച്ച്, ലോകത്തെ ഭാവിയിലേക്ക് അടുപ്പിക്കുന്ന ഒന്നായിട്ടാണ് ദൈവചിന്തയെ പരിണാമസിദ്ധാന്തം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്. "പ്രവര്‍ത്തനത്തിലും പൂര്‍ണ്ണതയിലും ഒമേഗയായ ഒരു ദൈവത്തിനേ നമ്മെ തൃപ്തിപ്പെടുത്താനാകൂ" എന്ന് ഷര്‍ദ്ദാന്‍ തുടര്‍ന്നുപറയുന്നു. അദ്ദേഹം ചോദിക്കുന്നു, "എവിടെയാണ് നാം അത്തരമൊരു ദൈവത്തെ കണ്ടെത്തുക? . . . അവസാനം ആരാണ് പരിണാമത്തിന് അതിന്‍റേതായ ദൈവത്തെ നല്കുക?" [18]
ഹോട്ടിന്‍റെ അഭിപ്രായത്തില്‍ തെയ്യാര്‍ദ്ദ് "തന്‍റെ സമാന്തരആശയത്തെ ഒന്നിപ്പിക്കലിന്‍റെ അതിഭൗതികശാസ്ത്ര"മെന്നു വിളിച്ച ആളാണ്. അതായത്, ആകര്‍ഷണത്തിന്‍റെ ഒരു ആത്യന്തികശക്തിയാല്‍ ആഴമായ ഐക്യത്തിലേക്ക് എല്ലാ വസ്തുക്കളെയും സ്ഥിരമായി കൊണ്ടുവന്ന യാഥാര്‍ത്ഥ്യത്തിന്‍റെ സ്വാംശീകരണമാണ് അത്. അത് അമൂര്‍ത്തമായി ഒമേഗ എന്നറിയപ്പെടുകയും സത്താപരമായി ഒരു ഭാവിയാഥാര്‍ത്ഥ്യമായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു" [19]. പ്രപഞ്ചത്തിന്‍റെ പരിശുദ്ധമായ ആല്‍ഫയും ഒമേഗയും എല്ലാ വസ്തുക്കളെയും മുമ്പിലുള്ള ഒരു അതീതഭാവിയിലേക്ക് ക്ഷണിക്കുന്നതായി തെയ്യാര്‍ദ് മനസ്സിലാക്കുന്നു.
വെന്‍റ്സന്‍ വാന്‍ ഹിസ്റ്റീന്‍റെ കാഴ്ചപ്പാടുകള്‍
യുഗ്മഗാനമോ ദ്വന്ദയുദ്ധമോ? ഉത്തരാധുനികകാലത്തിലെ ശാസ്ത്രവും ദൈവശാസ്ത്രവും എന്ന തന്‍റെ ഗ്രന്ഥത്തില്‍ പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരിയിലെ ശാസ്ത്ര-ദൈവശാസ്ത്രപ്രൊഫസറയാ വെന്‍റ്സണ്‍ വാന്‍ ഹിസ്റ്റീന്‍ പറയുന്നു, "യഥാര്‍ത്ഥത്തില്‍ പരിണാമം എന്ന ആശയം നിരവധി വിവരണരീതികളുപയോഗിച്ച് ഇന്ന് ഒരു സിദ്ധാന്തമായി മാറിയിട്ടുണ്ട്. ആ സിദ്ധാന്തം നമ്മുടെ ലോകത്തിന്‍റെ സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങള്‍ക്കും വിദഗ്ദമായ വിശദീകരണങ്ങല്‍ നല്കുന്നു" [20]. പരിണാമം നമ്മുടെ ലോകത്തെയും നമ്മുടെ ജീവിവര്‍ഗ്ഗത്തെയും രൂപപ്പെടുത്തിയതിനാല്‍ തീര്‍ച്ചയായും നാം ലോകത്തെ അറിയുന്ന മാര്‍ഗ്ഗങ്ങളെയും അത് രൂപപ്പെടുത്തിയിട്ടുണ്ടാകാം എന്ന് അദ്ദേഹം ഉപസംഹരിക്കുന്നു. പരിണാമപ്രക്രിയയിലൂടെ മനുഷ്യബുദ്ധിക്ക് സ്വാഭാവികമായി രൂപം കൊള്ളാന്‍ കഴിയും എന്ന് നിരന്തരമായി തത്വചിന്തകര്‍ വാദിച്ചിരുന്നു എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തുടര്‍ന്നെഴുതുന്നു:
അതിനാല്‍, മറ്റു ജീവജാലങ്ങളെപ്പോലെ മനുഷ്യരായ നാമും പരിണാമപ്രക്രിയയില്‍ നിന്ന് രൂപംകൊള്ളുന്നു എന്നതാണ് പരിണാമാത്മകജ്ഞാന മീമാംസയുടെ അടിസ്ഥാനധാരണ. തത്ഫലമായി നമ്മുടെ മാനസിക കഴിവുകള്‍ (മേധാശക്തി, അതിഭൗതികവിശ്വാസങ്ങള്‍ രൂപീകരിക്കുന്നതിലുള്ള കഴിവ്) ജൈവികപരിണാമത്താല്‍ രൂപാകരിക്കപ്പെട്ടവയാണ് [21].
ഇതര്‍ത്ഥമാക്കുന്നത് നമ്മുടെ അറിവുകളെല്ലാം ജൈവപരിണാമത്തില്‍ അടിസ്ഥാനമിട്ടിരിക്കുന്നു എന്നത്രേ. അതിനാല്‍ ഹിസ്റ്റീന്‍ വാദിക്കുന്നു, "മനുഷ്യാറിവിന്‍റെ വിവിധ രൂപങ്ങള്‍ മാത്രമല്ല, പ്രത്യേകിച്ച് ശാസ്ത്രജ്ഞാനം മാത്രമല്ല മതപരമായ അറിവുകളും ജൈവപരിണാമത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്"[22].
നമ്മുടെ ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ അറിവുകള്‍ സാമൂഹികവും ചരിത്രപരവുമായ വേരുകളാല്‍ മാത്രമല്ല അവയുടെ ജീവശാസ്ത്രപരമായ ഉത്ഭവത്താലും സ്വാധീനിക്കപ്പെടുന്നുണ്ട് എന്നതാണ് ഉപസംഹാരം. ശരിയായി മനസ്സിലാക്കുകയാണെങ്കില്‍ പരിണാമത്തിന് നമ്മുടെ മതവിശ്വാസത്തെ പരിപുഷ്ടിപ്പെടുത്താനാകുമെന്ന വീക്ഷണം മതപരമായ അര്‍ത്ഥവും മൂല്യങ്ങളും ലക്ഷ്യവും രൂപീകരിക്കാന്‍ മനുഷ്യന് പ്രേരണ നല്കുന്നു. അങ്ങനെ, പരിണാമസിദ്ധാന്തം മതത്തെ ആക്രമിക്കുന്നതിനു പകരം, ദൈവത്തെക്കുറിച്ച് അര്‍ത്ഥനിര്‍ഭരമായ അറിവുകള്‍ സമ്പാദിക്കുന്നതിന് സഹായിക്കുന്ന എന്ന ഭാവാത്മകവീക്ഷണം രൂപപ്പെടുന്നു. ദൈവശാസ്ത്രജ്ഞനായ ഔബ്രേ മൂര്‍ വ്യക്തമായി എഴുതുന്നു, "ശത്രുവിന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഡാര്‍വിനിസം ഒരു മിത്രത്തിന്‍റെ ജോലിയാണ് ചെയ്തത്" [23].
ജോണ്‍ എഫ്. ഹോട്ടിന്‍റെ സമഗ്രദര്‍ശനം
ഡാര്‍വിനു ശേഷമുള്ള ദൈവം എന്ന തന്‍റെ ഗ്രന്ഥത്തില്‍ ജോര്‍ജ്ജ് കൗണ്‍ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രപ്രൊഫസറായ ജോണ്‍ എഫ്. ഹോട്ട്, സഹനം, പാഴാകല്‍, വേദന, കഷ്ടപ്പാടുകള്‍ എന്നിവയ്ക്ക് ദൈവശാസ്ത്രത്തിന് ഉത്തരം നല്കാനാകുമോ എന്ന, പരിണാമം നമുക്കു മുന്നിലുയര്‍ത്തിയ ചോദ്യത്തെ പരിശോധിക്കുന്നു. ഫിലി. 2,7-ലെ വചനത്തിന്‍റെ സ്വയംശൂന്യവത്കരണം എന്ന ദൈവികമായ കെനോസിസിനെ അദ്ദേഹം സൂചിപ്പിക്കുന്നു. സഭാപിതാക്കന്മാരാണ് സ്വയം ശൂന്യവത്കരണത്തെ വിജയകരമായി ക്രിസ്തുവിജ്ഞാനീയത്തിലേക്ക് സന്നിവേശിപ്പിച്ചത്. ക്രിസ്തുവിജ്ഞാനീയത്തിലെ സങ്കീര്‍ണതകള്‍ക്കു കാരണം ക്രിസ്തുവിന്‍റെ സ്വയംശൂന്യവത്കരണത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നതെന്ന് കണ്ടെത്തിയത് പതിനാറാം നൂറ്റാണ്ടിലെ ലൂഥറന്‍ ദൈവശാസ്ത്രജ്ഞരായിരുന്നു.
ലോകത്തില്‍നിന്ന് തന്‍റെ ദൈവികശക്തി ദൈവം പിന്‍വലിക്കുന്നതായാണ് ഹോട്ട് തന്നെയും കെനോസിസിനെ മനസ്സിലായത്. ഇപ്രകാരം ചെയ്യുക വഴി ലോകത്തിലെ സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രവും അനിശ്ചിതവുമായിത്തീര്‍ന്നു. ഹോട്ട് അഭിപ്രായപ്പെടുന്നു:
ദൈവികമായ എളിമയുടെ ബിംബം അവഗണിച്ചുകൊണ്ട്, ദൈവികമായ ശൂന്യവത്കരണത്തില്‍ ശുദ്ധമായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സൃഷ്ടിയുടെ ഭാഗം ആധികാരികമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതും എളുപ്പത്തില്‍ നമുക്കു മറക്കാനാകും. സ്വഭാവത്താല്‍ സ്നേഹത്തിന് നിര്‍ബന്ധിക്കാനാവാത്തതിനാല്‍ ആസൂത്രിതമായ നിയന്ത്രണശക്തി കൊണ്ടോ, സര്‍വ്വസംഹാരിയായ സാന്നിദ്ധ്യം കൊണ്ടോ സ്നേഹം സത്തയായുള്ള ഒരു ദൈവവും ലോകത്തെ ആഗിരണം ചെയ്യുന്നതായി പ്രതീക്ഷിക്കാനാവില്ല [24].
ദൈവികമായ പിന്‍വാങ്ങല്‍ ലോകത്തിലെ ദൈവത്തിന്‍റെ ഇടപെടലുകളെ അവശ്യം ഇല്ലാതാക്കുന്നില്ലെന്ന് ഹോട്ട് പറയുന്നു. യോഹന്നാന്‍ 3,16 അനുസരിച്ച് ദൈവം തീര്‍ച്ചയായും ലോകത്തെ സ്നേഹിക്കുന്നു. ദൈവികമായ പിന്‍വാങ്ങല്‍ കൊണ്ട് ഹോട്ട് ഊന്നല്‍ നല്കുന്നത് അസാന്നദ്ധ്യത്തിനാണ്, ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിനല്ല. അദ്ദേഹം തുടരുന്നു:
തീര്‍ച്ചയായും അനന്തമായ സ്നേഹം ഒരര്‍ത്ഥത്തില്‍ സ്വയം പിന്‍വാങ്ങുകയും ലോകത്തിന് സ്ഥലം അനുവദിക്കുകയും വേണം. അവിടെ ലോകം തന്നെ മറ്റൊന്നാകുകയും അത് സൃഷ്ടിപരമായ സ്നേഹത്തില്‍ നിന്നും തികച്ചും വേറിട്ടതായിത്തീരുകയും ചെയ്യുന്നു. അതിനാല്‍ അപരിമിതമായ സ്നേഹത്തില്‍ അടിസ്ഥാനമിട്ടിരിക്കുന്ന ഏതൊരു പ്രപഞ്ചത്തിനും അനിയന്ത്രിതമെന്നും ഇടവിട്ടതെന്നും നമുക്കു തോന്നുന്ന ഘടകങ്ങളുണ്ടാകാമെന്ന് നാം പ്രതീക്ഷിക്കണം [25].
ദൈവത്തിന്‍റെ ഭാഗത്തുനിന്നുള്ള വിനീതമായ ഈ പിന്‍വാങ്ങലാണ് ആപേക്ഷികമായ ഒരു സ്വാതന്ത്ര്യത്തോടെ ആവിര്‍ഭൂതമാകുന്ന പ്രപഞ്ചത്തെ അനുവദിക്കുന്ന ഒരു ലോകമാകാന്‍ അതിനെ അനുവദിക്കുന്നതെന്ന് ഹോട്ട് വാദിക്കുന്നു. ഹോട്ട് ഉപസംഹരിക്കുന്നു:
അതുകൊണ്ട് ആത്യന്തികയാഥാര്‍ത്ഥ്യം സത്താപരമായി സ്വയം നല്കുന്ന സ്നേഹമാണെങ്കില്‍, അപരനെ ആയിരിക്കാന്‍ അനുവദിക്കുന്നതാണ് സ്നേഹമെങ്കില്‍, ദൈവശാസ്ത്രപരമായി പറയുമ്പോള്‍ ലോകത്തിന്‍റെ ശരിയായ ആവിര്‍ഭാവവും സമയത്തിലൂടെയുള്ള ഡാര്‍വീനിയന്‍ രൂപാന്തരീകരണങ്ങളും ക്രിസ്തീയ ദൈവാനുഭവത്തോട് പരിപൂര്‍ണ്ണ ഐക്യത്തിലാണ് [26].
ഈ ഘട്ടത്തില്‍ പരിണാമാത്മകദൈവശാസ്ത്രത്തെ ഡാര്‍വിനിസവുമായുള്ള ദൈവശാസ്ത്ര ഇടപഴകലിന്‍റെ പ്രധാനരൂപമായി ഹോട്ട് പരിചയപ്പെടുത്തുന്നു. പരിണാമത്തില്‍ ദൈശാസ്ത്രത്തിനുള്ള പ്രകാശപൂര്‍ണ്ണമായ പശ്ചാത്തലം പരിണാമാത്മകദൈവശാസ്ത്രം തിരിച്ചറിയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍, പ്രാപഞ്ചികവും ജൈവശാസ്ത്രപരവുമായ പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ പുതിയ അവബോധം എങ്ങനെയാണ് ദൈവത്തെയും ലോകത്തിലെ ദൈവികപ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പരമ്പരാഗത പ്രബോധനങ്ങളെ വിശാലവും സമ്പുഷ്ടവുമാക്കുന്നതെന്ന് പരിണാമാത്മകദൈവശാസ്ത്രം അന്വേഷിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.
പരിണാമത്തിന്‍റെ ദൈവത്തെ ഭാവിയുടെ ദൈവമായി ഹോട്ട് വിശദീകരിക്കുന്നു. ഇവിടെ ഹോട്ട്, തെയ്യാര്‍ദ്ദിനോടൊപ്പം ഭാവിയുടെ അതിഭൗതികശാസ്ത്രത്തെ സ്വീകരിക്കുന്നു. പ്രകൃതിയെ സ്ഥിരമായി പരിഗണിക്കുമ്പോള്‍, അതിന് അതിന്‍റേതായ ഭാവി ഇല്ലാതാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ അദ്ദേഹം പ്രപഞ്ചത്തിന്‍റെ ചലനാത്മകസ്വഭാവത്തിന് ഊന്നല്‍ നല്കുകയും തെയ്യാര്‍ദ്ദിനെപ്പോലെ പുതുമയുടെ ആവിര്‍ഭാവത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു. ഹോട്ട് എഴുതുന്നു, "ഇത് സംഭവിക്കുമ്പോള്‍, പദാര്‍ത്ഥത്തില്‍ നിന്ന് ജീവനിലൂടെ മനസ്സിലേക്ക് കടന്നുപോകുന്ന പ്രകൃതിയുടെ പരിണാമാത്മകചിത്രം, അതിന്‍റെ വ്യത്യസ്തമായ ഭൂതകാലദശകളില്‍ പുതിയ അസ്തിത്വത്തിനവേണ്ടിയുള്ള സ്ഥിരസാധ്യതയെ തിരിച്ചറിയാന്‍ നമ്മെ അനുവദിക്കുന്നു" [27]. ഭാവിയുടെ അതിഭൗതികശാസ്ത്രത്തില്‍ പുതിയ സാധ്യതകളുടെ ഉറവിടമായും വര്‍ത്തമാനകാലത്തിന്മേല്‍ ഭാവിയുടെ കൂട്ടിമുട്ടലായും ദൈവം അനുഭവപ്പെടുന്നു. ഹോട്ട് ആത്മവിശ്വാസത്തോടെ വാദിക്കുന്നു, "ഭാവിയുടെ ബലം പരിണാമത്തിന്‍റെ ആത്യന്തികമായ അതിഭൗതികശാസ്ത്രവിവരണമാണ്"[28].
ഇതിനുകാരണം അത്തരമൊരു നിഗമനം സാധ്യതകള്‍ക്കും ശൂന്യതയ്ക്കും പുതുമയ്ക്കും ഉത്തരവാദിയാകുന്നതാണ്. സാധ്യത കൊണ്ട് ഹോട്ട് ഉദ്ദേശിക്കുന്നത് ഇടവിട്ടുള്ളതോ അപ്രതീക്ഷിതമായതോ സാന്ദര്‍ഭികമായതോ ആയ സംഭവങ്ങളെ അനുവദിക്കുന്ന ഘടകം എന്നതാണ്. പ്രവാചക ബൈബിള്‍പാരമ്പര്യം ഭാവിയുടെ ചക്രവാളത്തെ അടുത്തുകൊണ്ടുവന്ന് പരിണാമാത്മക ജീവശാസ്ത്രത്തോട് ഐക്യപ്പെടുത്തുന്നു; അവിടെ കാലക്രമേണ പുതിയ ജീവരൂപങ്ങളുണ്ടാകുന്നുവെന്ന് ഹോട്ട് അഭിപ്രായപ്പെടുന്നു. അദ്ദേഹം എഴുതുന്നു:
പ്രപഞ്ചത്തിന് ദൈവത്തിന്‍റേതായ ഒരു സങ്കീര്‍ണ്ണപദ്ധതി സങ്കല്പിക്കുന്നതിനേക്കാള്‍, പരിണാമാത്മക ജീവശാസ്ത്രം ഇഷ്ടപ്പെടുന്നത് അതിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ കാഴ്ചപ്പാടിനെക്കുറിച്ച് ചിന്തിക്കാനാണ്. ഡാര്‍വിനു ശേഷമുള്ള പ്രകൃതി ഒരു രൂപരേഖയല്ല, വാഗ്ദാനമാണ്. ദൈവത്തിന്‍റെ പദ്ധതി - നാം ഈ വാക്ക് തുടര്‍ന്നുപയോഗിക്കുകയാണെങ്കില്‍ - ഒരു ബ്ലൂപ്രിന്‍റ് അല്ല. മറിച്ച് പ്രപഞ്ചം എന്തായിത്തീരണമെന്നുള്ള ഒരു അഭിലാഷപ്രകടനം മാത്രമാണ് [29].
മനുഷ്യന്‍ അവന്‍റെ ആത്യന്തികസാക്ഷാത്കാരമായി പരിഗണിക്കുന്നതിനോടാണ് ബൈബിള്‍വിശ്വാസം ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ഹോട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പരിണാമാത്മകദൈവശാസ്ത്രത്തില്‍, ഹോട്ട് സൃഷ്ടിയുടെ യുഗാന്തോന്മുഖധാരണ മുമ്പോട്ട് വയ്ക്കുന്നു. അത് ഭാവിയുടെ അതിഭൗതികശാസ്ത്രമാണ്. അത് സൃഷ്ടിയുടെ ദൈവശാസ്ത്രത്തെയും ഡാര്‍വിനിയന്‍ സിദ്ധാന്തത്തിന്‍റെ ശാസ്ത്രത്തെയും ഒന്നുപോലെ വിശദീകരിക്കുന്നു. പരിണാമത്തിന്‍റെ ദൈവം വസ്തുക്കള്‍ മുന്‍കൂട്ടി രൂപകല്പന ചെയ്യുന്നില്ല. മറിച്ച്, പൂര്‍ണ്ണമാകാത്ത ഒരു പ്രപഞ്ചത്തില്‍ എല്ലാ ജീവജാലങ്ങളോടുമൊപ്പം ഒരു അനിയന്ത്രിതഭാഷയിലേക്കുള്ള തുറവി പങ്കുവയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഹോട്ട് ഉപസംഹരിക്കുന്നു.
darwin darwins evolution theory evolution theory Sarojini Henry Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206