We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-May-2021
ശാസ്ത്രത്തിന്‍റെ സമകാലീന അനുഭവങ്ങള്‍ ജ്ഞാനമീമാംസയുടെയും രീതിശാസ്ത്രത്തിന്‍റെയും അതിരുകള്‍ക്ക് ഉപരിയായി മതവും ശാസ്ത്രവും തമ്മില്‍ കാമ്പുള്ളതും ക്രിയാത്മകവുമായ ഒരു ഇടപഴകല്‍ സാദ്ധ്യമാക്കുന്നു. പരസ്പരം രഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ ദൈവവും ലോകവും തമ്മിലുള്ള പാരസ്പര്യ ബന്ധമാണ് ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള സംവാദം എളുപ്പമാക്കിത്തീര്‍ക്കുന്ന സൈദ്ധാന്തികപ്രചോദനം. ശാസ്ത്രം മനസ്സിലാക്കിയിരിക്കുന്നതുപോലെ ലോകപ്രകൃതിയുടെ അതിഭൗതികസാദ്ധ്യതകളെ കണ്ടെത്തുന്നത് ഒരുപക്ഷേ ദൈവികപ്രകൃതിയുടെയും ദൈവികപ്രവര്‍ത്തനങ്ങളുടെയും നാമിന്നേവരെ സ്വപ്നംകാണാത്ത നിരവധി സാദ്ധ്യതകളെ വെളിപ്പെടുത്തിയേക്കാം. ലോകത്തിന്‍റെ ഉത്ഭവം, പരിണാമം, ലക്ഷ്യം എന്നിങ്ങനെയുള്ള അറിവിനുവേണ്ടിയുള്ള മനുഷ്യാന്വേഷണത്തിലെ തീവ്രവും പ്രശ്നകലുഷിതവുമായ പരിഗണനകള്‍ ശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമിടയില്‍ ഉറപ്പുള്ള ഒരടിസ്ഥാനമായി നിലകൊള്ളുന്നു. ആധുനികപ്രപഞ്ചവിജ്ഞാനീയത്തിന്‍റെ ദൈവശാസ്ത്രപരികല്പനകള്‍ പരിശോധിക്കുന്നതിനുമുമ്പ് ലോകത്തിന്‍റെ ഉത്ഭവത്തെയും പരിണാമത്തെയും അന്ത്യത്തെയും കുറിച്ചുള്ള ശാസ്ത്രവിവരണങ്ങളെ ചുരുക്കത്തില്‍ ഒന്നപഗ്രഥിക്കാം.
മഹാവിസ്ഫോടനം
പ്രപഞ്ചത്തിന്‍റെ ഉത്പത്തി എപ്രകാരമെന്നുള്ള അന്വേഷണം ആധുനികശാസ്ത്രത്തിന്‍റെ സാഹസികകൃത്യങ്ങളില്‍ ഒന്നാണ്. തത്ഫലമായി പ്രപഞ്ചോത്പത്തി വിശദീകരിക്കുന്ന നിരവധി ശാസ്ത്രീയവിശദീകരണങ്ങള്‍ ആവിര്‍ഭവിക്കുന്നു. ഇന്ന് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ഏറ്റവും സ്വീകാര്യമായ സിദ്ധാന്തമാണ് മഹാവിസ്ഫോടനസിദ്ധാന്തം [1]. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ അതിര്‍ത്തിരഹിതസിദ്ധാന്തവും (no boundary theory) മഹാവിസ്ഫോടനസിദ്ധാന്തത്തോടൊപ്പം, അവയുടെ ദൈവശാസ്ത്രപരമായ വെല്ലുവിളികള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ, നാം പരിഗണിക്കുന്നു.
1. സൈദ്ധാന്തിക അനുമാനങ്ങള്‍
പൊതു ആപേക്ഷികതാസിദ്ധാന്തമാണ് (general relativity theory) മഹാവിസ്ഫോടനത്തിന്‍റെ അടിസ്ഥാനം. ഭൂഗുരുത്വത്തെക്കുറിച്ചുള്ള ഐന്‍സ്റ്റൈന്‍റെ ആപേക്ഷികസദ്ധാന്തത്തന്‍റെ കാഴ്ചപ്പടുകളള്‍ പ്രപഞ്ചം ചലനാത്മകവും പരസ്പരബന്ധിതവുമായ ഒരു മേഖലയാണെന്നു സ്ഥാപിച്ചു. ഹബിളിന്‍റെ പ്രപഞ്ചവികാസസങ്കല്പവും (expanding universe) അതിനെ സ്ഥിരീകരിച്ചു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് 1929-ല്‍ എഡ്വിന്‍ ഹബിള്‍ നിരീക്ഷിച്ചു. പ്രശസ്തമായ ഹബിള്‍ നിയമത്തില്‍ (Hubble’s Law) അദ്ദേഹം പ്രസ്താവിച്ചു, "ഒരു ഗ്യാലക്സി ഭൂമിയില്‍നിന്ന് എത്രമാത്രം അകലെയാണോ, അത്രയും അധികമാണ് അതിന്‍റെ വികാസവേഗം." [2] നമ്മുടെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ പ്രപഞ്ചത്തിന് സമയത്തില്‍ കൃത്യമായ ഉത്ഭവമുണ്ടെന്നുമുള്ള ആശയം അങ്ങനെ അവതരിച്ചു. തത്ഫലമായി സമയത്തിലാരംഭിച്ച ഈ വികാസപ്രക്രിയ അതാരംഭിക്കുന്ന ഒരു കേന്ദ്രത്തെയും സങ്കല്പിച്ചു. അങ്ങനെ പ്രപഞ്ചവിജ്ഞാനീയം (cosmology) ഇന്ന് മഹാവിസ്ഫോടനത്തിന്‍റെ പാതയിലാണ്. വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന അലക്സാണ്ടര്‍ ഫ്രീഡ്മാന്‍ ജര്‍മ്മന്‍ ജേര്‍ണലായ Zeitschrift fur Physik ല്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചെങ്കിലും ശാസ്ത്രവൃത്തങ്ങളില്‍ അത് പ്രതീക്ഷിച്ച ചലനങ്ങളുണ്ടാക്കിയില്ല. 'മഹാവിസ്ഫോടനം' (Big Bang) എന്ന വാക്ക് രൂപപ്പെടുത്തിയത് സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്‍റെ (Steady state theory) ഉപജ്ഞാതാവും മഹാവിസ്ഫോടനവാദഗതികളെ എതിര്‍ക്കുകയും ചെയ്ത ഫ്രെഡ് ഹോയ്ല്‍ ആണ്. 1927-ല്‍ പൊതുആപേക്ഷികതാസിദ്ധാന്തത്തിന്‍റെ സമവാക്യങ്ങളെക്കുറിച്ച് ചിന്തിക്കവേ അപ്രതീക്ഷിതമായിട്ടാണ് ഈ സിദ്ധാന്തത്തിലേക്ക് ഒരു ബല്‍ജിയന്‍ പുരോഹിതന്‍ കൂടിയായിരുന്ന ജോര്‍ജ്ജ് ലെമെയ്റ്റര്‍ എത്തുന്നത്. ആപേക്ഷികതാസിദ്ധാന്തപ്രകാരം പ്രായോഗികത ഒരേ അളവില്‍, എല്ലായിടത്തും, എല്ലാ ദിശകളിലേക്കും വികസിക്കുന്ന ഒരു പ്രപഞ്ചത്തെ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം വാദിച്ചു. [3] പ്രപഞ്ചത്തിലെ സകലപദാര്‍ത്ഥവും ഉള്‍ക്കൊണ്ടിരുന്ന അതിസാന്ദ്രമായ ഒരു ആദിആറ്റത്തിന്‍റെ റേഡിയോ-ആക്ടീവ് ശിഥിലീകരണം (radioactive disintegration) മൂലമുണ്ടായ ഒരു വിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം രൂപപ്പെട്ടതെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. സകലപദാര്‍ത്ഥവും, നക്ഷത്രങ്ങളും ഗാലക്സികളുമെല്ലാം നിശ്ചിതവും പുരാതനവുമായ ഒരിടത്ത് കേന്ദ്രീകരിക്കപ്പെട്ടിരുന്നു. ഹെയ്ന്‍സ് പെയ്ഗല്‍സ് ഇതിനെ 'പദാര്‍ത്ഥസൂപ്പ്' (matter soup) എന്നു വിശേഷിപ്പിക്കുന്നു. [4] ഈ പദാര്‍ത്ഥസൂപ്പ് അതിവേഗം വികസിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. അപ്രകാരം പൊട്ടിത്തെറിച്ച ശേഷം അത് സാവധാനം തണുത്ത് ന്യൂക്ലിയസ്സുകളായും ആറ്റങ്ങളായും അവസാനം ഗാലക്സികളായും നക്ഷത്രങ്ങളായും ഗ്രഹങ്ങളായും രൂപപ്പെട്ടു. ഈ വികാസം ഇന്നും തുടരുന്നു. മഹാവിസ്ഫോടനത്തിന്‍റെ ചരിത്രം ശാസ്ത്രീയമായി നമുക്ക് അപഗ്രഥിക്കാം.
2. സിംഗുലാരിറ്റി (Singularity)
ഭൗതികശാസ്ത്രത്തിന്‍റെ എല്ലാ നിയമങ്ങളും തകര്‍ന്നുവീഴുന്ന അതിര്‍ത്തി അല്ലെങ്കില്‍ പരിധിരേഖയാണ് സിംഗുലാരിറ്റി. മഹാവിസ്ഫോടനത്തിന്‍റെ ആരംഭം ഒരു സിംഗുലാരിറ്റിയില്‍ നിന്നാണെന്ന് ശാസ്ത്രം കരുതുന്നു. മഹാവിസ്ഫോടനഘടികാരമനുസരിച്ച് പുറകോട്ടു പോവുകയാണെങ്കില്‍ നാം ഒരു ആരംഭത്തിലെത്തിച്ചേരും. അവിടെ പ്രപഞ്ചത്തിലെ സകലപദാര്‍ത്ഥവും അനന്തമായ സാന്ദ്രതയിലും മര്‍ദ്ദത്തിലും ഊഷ്മാവിലും ശേഖരിക്കപ്പെട്ടിരിക്കുന്നു. [5] ഭൗമശാസ്ത്രജ്ഞര്‍ ഈ പോയിന്‍റിനെ ' t=0' എന്നു വിളിക്കുന്നു. ഈ അവസ്ഥയാണ് സിംഗുലാരിറ്റി (singularity). ഇന്നത്തെ പ്രപഞ്ചത്തിന്‍റെ വികാസവും അതിന്‍റെ വേഗതയും അനുസരിച്ച് മുകളില്‍ സൂചിപ്പിച്ച ഏകത്വം എന്ന അവസ്ഥ 13.76 ബില്യണ്‍ (1376 കോടി) വര്‍ഷങ്ങള്‍ക്കുമുമ്പാണ് നിലനിന്നിരുന്നതെന്ന് കണക്കാക്കുന്നു.
3. ആദ്യനിമിഷം
കണങ്ങളെക്കുറിച്ചുള്ള ഭൗതികശാസ്ത്രത്തിന്‍റെ (Particle Physics) പുതിയ കണ്ടെത്തലുകള്‍ മഹാവിസ്ഫോടനത്തിനുശേഷം ആദ്യമൈക്രോസെക്കന്‍റിലെ പ്രപഞ്ചത്തിന്‍റെ ഭൗതികാവസ്ഥയും ഘടനയും വിശദീകരിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. അവരുടെ പരീക്ഷണരീതിശാസ്ത്രം പ്രോട്ടോണുകളെയും ഇലക്ട്രോണുകളെയും അതിവേഗത്തില്‍ ചലിപ്പിച്ച് പലവിധ ഊര്‍ജ്ജരൂപങ്ങളാക്കി മാറ്റി അവയെതമ്മില്‍ കൂട്ടിയിടിപ്പിച്ചുകൊണ്ടുള്ളതാണ്. ഇത്തരം കൂട്ടിയിടികള്‍ അല്പസമയത്തേക്കെങ്കിലും പ്രപഞ്ചത്തിന്‍റെ ആദ്യനിമിഷങ്ങളെ പുനരാവിഷ്കരിക്കാന്‍ പ്രാപ്തമാണ്. ലബോറട്ടറിയില്‍ സാദ്ധ്യമാകുന്ന ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജസംയോജനം ഇപ്പോള്‍ 1016 കെല്‍വിനാണ്. വിസ്ഫോടനത്തിനുശേഷം ആദ്യ സെക്കന്‍റിന്‍റെ 10-10 നിമിഷത്തില്‍ പ്രപഞ്ചത്തിന്‍റെ ഊഷ്മാവ് അതായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. പദാര്‍ത്ഥത്തെക്കുറിച്ച് ഈ ഘട്ടത്തിനപ്പുറം നമുക്കറിയില്ലെങ്കിലും ചില അനുമാനങ്ങളിലെത്താന്‍ കഴിയും. [6] പക്ഷേ ശാസ്ത്രീയഅനുമാനങ്ങള്‍ എല്ലായ്പോഴും സ്പര്‍ശ്യവും ഉയര്‍ന്ന കൃത്യതയുള്ളവയുമാണ്.ആദ്യ സെക്കന്‍റിന്‍റെ 10-10 മൈക്രോസെക്കന്‍റിന് മുമ്പ് പദാര്‍ത്ഥസൂപ്പിന്‍റെ ഭൗതികാവസ്ഥ എന്തായിരുന്നിരിക്കണം? പ്രകൃതിയുടെ നാല് അടിസ്ഥാനഊര്‍ജ്ജരൂപങ്ങള്‍ രൂപംകൊണ്ട സമയമാണ് 10-10-നും 10-43-നും ഇടയിലുള്ളത്. വളരെ ഉയര്‍ന്ന ഊര്‍ജ്ജത്തില്‍ പ്രപഞ്ചം നിരവധി രൂപാന്തരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 10-43 നിമിഷത്തില്‍ ഭൂഗുരുത്വബലവും മറ്റ് ബലങ്ങളും തമ്മിലുള്ള ശ്രേഷ്ഠമായ സമന്വയം (super unity) നഷ്ടപ്പെട്ടു. 10-35 നിമിഷത്തില്‍ വിദ്യുത്-കാന്തികബലവും (electro magnetic force) വേര്‍പിരിഞ്ഞു. ഇതാണ് മഹാഐക്യത്തിന്‍റെ (Grand Unity) കാലഘട്ടം. 10-10 നിമിഷത്തില്‍ ശക്ത അണുബലം (strong nuclear force) ദുര്‍ബലഅണുകേന്ദ്രബലത്തില്‍ (weak nuclear force) നിന്നും വേര്‍പെടുകയും ദുര്‍ബലഐക്യം (Weak Unity) സംജാതമാവുകയും ചെയ്തു. 10-4 നിമിഷത്തിന് മുമ്പുള്ള പ്രപഞ്ചം മൗലീകകണങ്ങളുടെ (elementary particles) സത്തായിരുന്നു: ലെപ്ടോണ്‍സ് (leptones), - (ഇലക്ട്രോണ്‍സ്, മ്യൂവോണ്‍സ് (muons), ടാവൂ (tau), ന്യൂട്രിനോസ് (neutrinos) - ഹാഡ്രോണ്‍സ് (hadrons) - (ക്വാര്‍ക്സ് (quarks), ഗ്ലൂവോണ്‍സ് (gluons) - മുതലായവ. വിസ്ഫോടനത്തിന് ശേഷം ഒരു മില്ലിസെക്കന്‍റിന്‍റെ പത്തിലൊന്ന് സമയത്തില്‍ (10-4) ന്യൂട്രോണുകളും പ്രോട്ടോണുകളും ഉണ്ടായിരുന്നില്ല. മറിച്ച് ഒരു ചുരുങ്ങിയ സമയത്തേക്ക് പ്രപഞ്ചം ഭീമാകാരമായ ഒരൊറ്റ ന്യൂക്ലിയസ്സ് ആയിരുന്നു. [7] പ്രപഞ്ചത്തിന്‍റെ ഊഷ്മാവും സാന്ദ്രതയും കുറഞ്ഞുവന്നത് ന്യൂട്രോണുകളുടെയും പ്രോട്ടോണുകളുടെയും ജനനത്തിന് കാരണമായി.
4. ക്വാര്‍ക്കുകളുടെയും ആന്‍റിക്വാര്‍ക്കുകളുടെയും രൂപീകരണം
ന്യൂട്രോണുകളുടെയും പ്രോട്ടോണുകളുടെയും ഭാഗങ്ങളായ അത്ഭുതകണങ്ങളാണ് ക്വാര്‍ക്കുകള്‍. പ്രപഞ്ചചരിത്രത്തിന്‍റെ ആദ്യമൈക്രോസെക്കിന്‍റില്‍ അതിസാന്ദ്രമായ പദാര്‍ത്ഥസൂപ്പ് നിലനിന്നിരുന്നത് ക്വാര്‍ക്കുകളുടെയും അവയുടെ ആന്‍റിക്വാര്‍ക്കുകളുടെയും രൂപത്തിലാണ്. കാരണം വളരെ ഉയര്‍ന്ന ഊഷ്മാവില്‍ പദാര്‍ത്ഥം സ്വതന്ത്രമായ ക്വാര്‍ക്കുകളുടെ രൂപത്തിലാണ് കാണപ്പെടുക. വിസ്ഫോടനത്തിലൂടെ രൂപപ്പെട്ട ക്വാര്‍ക്കുകളാണ് ഇന്നത്തെ പ്രപഞ്ചത്തിലെ സകലപദാര്‍ത്ഥവും നിര്‍മ്മിക്കുന്നത്. മഹാവിസ്ഫോടനത്തിന്‍റെ വെളിച്ചത്തില്‍ നമ്മുടെ പ്രപഞ്ചത്തിന്‍റെ തനതും രസകരവുമായ ഒരു പ്രത്യേകത അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആന്‍റിമാറ്ററിനേക്കാളും (anti-matter) പദാര്‍ത്ഥം (matter) കൊണ്ടു തന്നെയാണ് എന്നതാണ്. [8] പ്രപഞ്ചം ഉള്‍ക്കൊള്ളുന്ന ഏകദേശം 1078 പ്രോട്ടോണുകളും ന്യൂട്രോണുകളും, അതിനാനുപാതികമായി നിലനില്ക്കുന്ന പ്രോട്ടോണ്‍വിരുദ്ധവും പദാര്‍ത്ഥവിരുദ്ധവുമായ കണങ്ങളുടെ മിശ്രിതവും ഇല്ലായിരുന്നെങ്കില്‍ യാതൊന്നിന്‍റെയും നിലനില്പ് സാദ്ധ്യമായിരുന്നില്ല. [9] തണുത്തുകൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ക്വാര്‍ക്കുകള്‍ കട്ടപിടിച്ച് പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്‍ക്കൊള്ളുന്ന ഹാഡ്രണ്‍സ് എന്ന മിശ്രകണമായിത്തീര്‍ന്നു. ഈ സമയത്ത് ഊഷ്മാവ് ഒരു ട്രില്യന്‍ ഡിഗ്രി കെല്‍വിന്‍ ആയിരുന്നിരിക്കണം. ഇപ്രകാരം അനുകൂലമായ ഒരു പശ്ചാത്തലത്തില്‍ പ്രപഞ്ചത്തിലെ സകലപദാര്‍ത്ഥത്തിന്‍റെയും അടിസ്ഥാനഘടകങ്ങളായ പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും രൂപമെടുക്കാന്‍ സാധിക്കുന്നു.
5. അണുകേന്ദ്രസംശ്ലേഷണം (Nucleosynthesis)
മഹാവിസ്ഫോടനത്തിന് ഒരു സെക്കന്‍റ് ശേഷം 1010 K ഊഷ്മാവിലാണ് അണുകേന്ദ്രസംശ്ലേഷണം ആരംഭിച്ചത്. ആദ്യം ഹൈഡ്രജന്‍റെയും ഹീലിയത്തിന്‍റെയും ലിഥിയത്തിന്‍റെയും ന്യൂക്ലിയസ്സ് രൂപീകരിക്കപ്പെട്ടു. പിന്നീട് സമയത്തിന്‍റെ ആദ്യമിനിട്ടുകളില്‍ അണുസംയോജനപ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി (nuclear fusion reactions) മിശ്രഅണുകേന്ദ്രങ്ങളായ ഹീലിയം, ഡ്യൂട്ടെരിയം, ലിഥിയം എന്നിവ ഉത്പാദിപ്പിക്കപ്പെട്ടു. ഈ അണുപ്രവര്‍ത്തനം മൂന്ന് മിനുട്ട് നീണ്ടുനിന്നു. അണുകേന്ദ്രസംശ്ലേഷണഘട്ടം ഒരു ബില്യണ്‍ ഡിഗ്രി കെല്‍വിന്‍ ഊഷ്മാവില്‍ അവസാനിച്ചു. "ആദ്യകാലഅണുകേന്ദ്രസംശ്ലേഷണം അങ്ങനെ ഒരുതരത്തില്‍ പ്രപഞ്ചത്തിന്‍റെ ഓട്ടമത്സരമായിരുന്നു. പ്രപഞ്ചം ഒരു സെക്കന്‍റ് പ്രായമായപ്പോള്‍ ആരംഭവെടിയുതിര്‍ന്നു. അപ്പോള്‍ 'ന്യൂക്ലിയസ്സുകള്‍'ക്ക് അതിജീവിക്കാന്‍ തക്കവിധം ഊഷ്മാവ് താഴ്ന്നിരുന്നു. അപ്പോള്‍ ബീജകേന്ദ്രസംശ്ലേഷപ്രക്രിയയും മറ്റു ഘടകങ്ങളുടെ ഉത്പാദനവും ആരംഭിച്ചു. മത്സരം കൃത്യം മൂന്നുമിനിട്ടുകള്‍ക്കു ശേഷം സമാപിച്ചപ്പോള്‍ വികസിച്ചുകൊണ്ടിരുന്ന പ്രപഞ്ചം അണുസംയോജനപ്രതിപ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം ആറിത്തണുത്തിരുന്നു." [10]
6. ഗാലക്സി രൂപീകരണം
അടുത്ത 300,000 വര്‍ഷങ്ങള്‍ പ്രപഞ്ചം ആപേക്ഷികമായി മാറ്റങ്ങളൊന്നും സംഭവിക്കാത്ത ഒരവസ്ഥയിലായിരുന്നു (thermal equilibrium). ഹൈഡ്രജന്‍, ഹീലിയം ന്യൂക്ലെയികളുടെ ഒരു കടലും, ഫോട്ടോണുകളും സ്വതന്ത്രഇലക്ട്രോണുകളും പ്രപഞ്ചം മുഴുവന്‍ നിറഞ്ഞ് പരസ്പരം പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇത് ഉഷ്ണത്തിന്‍റെ സംതുലിതാവസ്ഥയെന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തില്‍ പ്രപഞ്ചം തണുത്തുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും ഫോട്ടോണുകളുടെ സാന്നിദ്ധ്യം ഘടനകള്‍ രൂപപ്പെടുന്നതിന് അനുവദിച്ചില്ല. 30000 K വരെ പ്രപഞ്ചം തണുത്തപ്പോള്‍ ഇലക്ട്രോണുകളും ആറ്റോമിക് ന്യൂക്ലെയികളും സംയോജിച്ച് സാധാരണആറ്റങ്ങള്‍, കൂടുതലായും ഹൈഡ്രജന്‍, ഉണ്ടാകുവാന്‍ തുടങ്ങി. ഇലക്ട്രോണുകളെ ന്യൂക്ലിയസുകളില്‍ നിന്ന് വേര്‍പെടുത്താനുള്ള ഊര്‍ജ്ജം ഫോട്ടോണുകള്‍ക്ക് പെട്ടെന്ന് നഷ്ടമായപ്പോള്‍ കണങ്ങള്‍ ഒന്നുചേര്‍ന്ന് ന്യൂട്രല്‍ ആറ്റങ്ങള്‍ രൂപപ്പെട്ടു. ഇപ്പോള്‍വരെ ഫോട്ടോണുകള്‍ക്ക് പദാര്‍ത്ഥവുമായി മറ്റ് യാതൊരു ബന്ധവുമില്ല. അപ്പോള്‍ ഹൈഡ്രജന്‍ ഹീലിയം ആറ്റങ്ങള്‍ ഗുരുത്വബലത്തിന് വിധേയമായി തകരാന്‍ തുടങ്ങും. ഈ തകര്‍ച്ച നക്ഷത്രങ്ങളും വാതകങ്ങളും മറ്റു പദാര്‍ത്ഥങ്ങളും ഗ്യാലക്സികളും ഉത്പാദിപ്പിക്കുന്നു.
7. നക്ഷത്രങ്ങളും ക്വേസാറുകളും
ഗ്യാലക്സികളുടെ ജനനത്തോടെ നക്ഷത്രങ്ങളുടെ ജനനവും ആരംഭിച്ചു. ഗാലക്സി മേഘലകളിലെ (galactic disc) വാതകങ്ങളുടെ രൂപഭേദമായ മേഘപടലങ്ങള്‍ക്കുള്ളിലാണ് (molecular clouds) നക്ഷത്രങ്ങള്‍ രൂപപ്പെട്ടത്. ക്വേസാറുകള്‍ അഥവാ വിദൂരപ്രകാശസ്രോതസ്സുകളുടെ രൂപീകരണം ഇക്കാലഘട്ടത്തിലെ ആവേശകരമായ ഒരു മുന്നേറ്റമാണ്. മഹാവിസ്ഫോടനത്തെ തുടര്‍ന്ന രണ്ട്-മൂന്ന് ബില്യണ്‍ വര്‍ഷങ്ങളില്‍, ഒരു വലിയ എണ്ണം ഗ്യാലക്സികളുടെ കേന്ദ്രസമൂഹങ്ങള്‍ നമ്മുടെ ഗ്യാലക്സി പോലുള്ള ആയിരമെണ്ണത്തിന്‍റേതിനേക്കാള്‍ ശോഭയേറിയതായിത്തീര്‍ന്നു. അവ ക്വേസാറുകളുടെ ജനനത്തിന് കാരണമായി. നമ്മില്‍നിന്നും അവ വളരെ ദൂരെയായതിനാല്‍ അവയെക്കുറിച്ച് പഠിക്കുക സാദ്ധ്യമല്ല. ക്വേസാറുകളെ ഭീമാകാരമായ തമോഗര്‍ത്തങ്ങള്‍ക്കു ചുറ്റുമുള്ള പ്രകാശവലയങ്ങളായുള്ള മാതൃകാചിത്രങ്ങള്‍ ഇതുവരെയുള്ള നിരീക്ഷണങ്ങളെ നിഷേധിച്ചിട്ടില്ല; എന്നുമാത്രമല്ല, നിരീക്ഷണവിധേയമായ ഘടകങ്ങളെ വിശദീകരിക്കുന്നതായും കാണപ്പെടുന്നു.[11]
പ്രപഞ്ചത്തിന്‍റെ ചരിത്രം12മഹാവിസ്ഫോടനത്തിനുള്ള തെളിവുകള്‍ മഹാവിസ്ഫോടനസിദ്ധാന്തം നിരവധി പ്രധാനനിരീക്ഷണങ്ങളില്‍ അധിഷ്ഠിതമാണ്. ഹബിള്‍ വികാസം, കോസ്മിക് മൈക്രോവേവ് പശ്ചാത്തലവികിരണം, COBE ഗവേഷണം, ബ്ലാക്ക്ബോഡി റേഡിയേഷന്‍റെ ഐകരൂപ്യം, രാത്രി ആകാശത്തിന്‍റെ ഇരുളിമ തുടങ്ങിയവ മഹാവിസ്ഫോടനത്തിന്‍റെ നിരീക്ഷിതതെളിവുകളാണ്.
8. ഹബിള്‍ വികാസം
പ്രപഞ്ചം അചഞ്ചലമാണെന്നാണ് എല്ലാ ശാസ്ത്രജ്ഞരും അനുമാനിച്ചിരുന്നത്. എല്ലാ ഗ്യാലക്സികളും നമ്മില്‍നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് 1920-ല്‍ എഡ്വിന്‍ ഹബിള്‍ നിരീക്ഷിച്ചു. വികാസഅളവിന്‍റെ കൃത്യമായ മൂല്യം ഹബിള്‍-ലെമായത്തര്‍ സ്ഥിരാങ്കം (Hubble-Lemaitre constant) എന്നറിയപ്പെടുന്നു. നമ്മുടെ ഗ്യാലക്സിയോട് ഏറ്റവുമടുത്ത ഗ്യാലക്സികള്‍ അകന്നുപോയിക്കൊണ്ടിരിക്കുന്നതായാണ് ഹബിള്‍ നിരീക്ഷിച്ചത്. എത്രയുമകലത്തിലാണോ അത്രയും വേഗതയില്‍ അത് നീങ്ങിക്കൊണ്ടിരിക്കുന്നു. ദൂരവും വേഗതയും (velocity) തമ്മിലുള്ള ബന്ധത്തെയാണ് ഹബിളിന്‍റെ നിയമം സൂചിപ്പിക്കുന്നത്. ഗ്യാലക്സികളില്‍ നിന്നുള്ള പ്രകാശകിരണങ്ങളാണ് പ്രവേഗം കണക്കാക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. പ്രിസം ഉപയോഗിച്ച് നക്ഷത്രത്തില്‍ നിന്നോ ഗ്യാലക്സികളില്‍ നിന്നോ ഉള്ള പ്രകാശകിരണങ്ങളെ ഘടകങ്ങളായി വേര്‍തിരിക്കുമ്പോള്‍ അതിന്‍റെ ഘടനയില്‍ ഹൈഡ്രജന്‍, ഹീലിയം, കാത്സ്യം, ഇരുമ്പ് എന്നിവയാല്‍ രൂപപ്പെടുന്ന നേര്‍രേഖകള്‍ കാണാനാകും. പ്രകാശത്തിന്‍റെ ഉത്ഭവം ചലിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ 'ഡോപ്ലര്‍ ഷിഫ്റ്റ്' എന്നറിയപ്പെടുന്ന പ്രതിഭാസം വഴി ഇത്തരം രേഖകളുടെ ആവര്‍ത്തനം (frequency) വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. സ്രോതസ്സ് നിരീക്ഷകന് നേരെയാണ് നീങ്ങുന്നതെങ്കില്‍ ഈ ആവര്‍ത്തനം കൂടുകയും നിരീക്ഷകനില്‍ നിന്ന് അകലേക്കു പോവുകയാണെങ്കില്‍ കുറയുകയും ചെയ്യും. 'ഡോപ്ലര്‍ ഷിഫ്റ്റ്' അടിസ്ഥാനമാക്കിയുള്ള ഹബിളിന്‍റെ നിരീക്ഷണങ്ങള്‍ ഗ്യാലക്സികള്‍ നമ്മില്‍ നിന്ന് അകലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് തെളിയിച്ചു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം ഭൂതകാലത്തിലെവിടെയോ അതിന് നിശ്ചിതമായ ഒരാരംഭം ഉണ്ടെന്നു തന്നെയാണ്.
പ്രാപഞ്ചിക പശ്ചാത്തലവികിരണം
മഹാവസ്ഫോടനത്തിനുള്ള ഏറ്റവും ശക്തമായ തെളിവ് 1965-ലാണ് അവതരിപ്പിക്കപ്പെട്ടത്. കാലിഫോര്‍ണിയയിലുള്ള ബെല്‍ ലബോറട്ടറിയിലുള്ള രണ്ട് ശാസ്ത്രജ്ഞര്‍ പ്രാപഞ്ചികപശ്ചാത്തലവികിരണത്തിന്‍റെ ഒരു സ്ഥിരതയാര്‍ന്ന ബഹിര്‍ഗ്ഗമനം (steady hiss) തിരിച്ചറിയുന്നതിന് ഇടയായി. ഇത്തരം സമാനസ്വഭാവമുള്ള [13] വികിരണം പ്രപഞ്ചം മുഴുവന്‍ ഉള്ളതായും ഒപ്പം ഈ താഴ്ന്നതരം വികിരണത്തിന്‍റെ റെഡ് ഷിഫ്റ്റിംഗ് (red shifting) ഇത് ഏകദേശം [14] ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്ഭവിച്ചതായും തെളിയിക്കുന്നു.[14] വികിരണത്തിന്‍റെ സാര്‍വ്വത്രികമായ ഒരേരീതിയിലുള്ള സാന്നിദ്ധ്യം മുന്‍നിര്‍ത്തി അത് പ്രപഞ്ചോത്പത്തിയോടൊപ്പം ആവിര്‍ഭവിച്ചതാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാനസ്വഭാവമുള്ള വിതരണം അത്തരത്തിലുള്ള വികാസത്തെയും സൂചിപ്പിക്കുന്നു. [15] നെമെസ്സറി അഭിപ്രായപ്പെടുന്നു: "ആദ്യകാലപ്രപഞ്ചം വളരെ ചൂടേറിയതും സാന്ദ്രവുമായിരുന്നതിനാല്‍ പ്രാപഞ്ചികപശ്ചാത്തലവികിരണം മഹാവിസ്ഫോടനത്തിന്‍റെ അവശിഷ്ട പ്രതിഫലനമാണ്. ആദ്യകാലപ്രപഞ്ചത്തിന്‍റെ തേജസ്സ് ഇന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നത് പ്രപഞ്ചത്തിന്‍റെ വിദൂരഭാഗങ്ങളില്‍ നിന്ന് പ്രകാശം നമ്മിലെത്തിച്ചേരുന്നത് ഇപ്പോഴായതിനാലാണ്. പ്രപഞ്ചത്തിന്‍റെ ശീഘ്രഗതിയിലുള്ള വികാസം കണക്കിലെടുത്ത് ഈ പ്രകാശകിരണങ്ങള്‍ റെഡ്ഷിഫ്റ്റ് ചെയ്യപ്പെടേണ്ടതുണ്ട്. വാസ്തവത്തില്‍ മൈക്രോവേവ് റേഡിയേഷന്‍ ആയി കാണപ്പെടുംവിധം ഈ വൈദ്യുതകാന്തികവികിരണത്തിന്‍റെ തരംഗദൈര്‍ഘ്യം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു." [16]
കോബ് (COBE) ഗവേഷണം ദ്രവ്യത്തിന്‍റെ കേന്ദ്രീകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഭൂഗുരുത്വ അസ്ഥിരതയാണ് ഗ്യാലക്സികളുടെ രൂപീകരണത്തിന് കാരണമായിരിക്കുന്നത്. മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷന്‍റെ ഊഷ്മാവിലുള്ള വ്യതിയാനങ്ങള്‍ പ്രപഞ്ചത്തിന്‍റെ ദ്രവ്യവിതരണത്തിന്‍റെ ഒരു ചിത്രം നമുക്ക് നല്കുന്നു. മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ള പ്രപഞ്ചത്തിലെ ദ്രവ്യത്തിന്‍റെ വിതരണം സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ ഒരു സൈദ്ധാന്തിക മാതൃക തയ്യാറാക്കി. ഈ മാതൃക ശരിയാണോയെന്നും പരിശോധിക്കുന്നതിനായി മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ള പ്രപഞ്ചത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനായി COBE (cosmic background explorer) എന്ന ഉപഗ്രഹം അയക്കുകയുണ്ടായി. പത്തുവര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തിന്‍റെ അതിവിദൂരതയെ നോക്കി ഈ സാറ്റലൈറ്റ് എടുത്ത ആദി പ്രപഞ്ചത്തിന്‍റെ ചിത്രം ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ സൈദ്ധാന്തിക മാതൃകയേയും ഗണിതശാസ്ത്ര നിഗമനങ്ങളേയും നൂറു ശതമാനം സ്ഥിരീകരിക്കുകയുണ്ടായി. മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ളപ്പോഴത്തെ പ്രപഞ്ചത്തിന്‍റെ ചിത്രം ണങഅജ W-MAP (Wilkonson’s Map) എന്നറിയപ്പെടുന്നു. 2014ല്‍ പൂര്‍ത്തീകരിച്ച ഈ മാപ്പ് ബിഗ് ബാംഗ് തീയറിയുടെ ഏറ്റവും ആധികാരികമായ തെളിവായി കണക്കാക്കുന്നു. [17]
ആദ്യമൈക്രോസെക്കന്‍റിന് മുമ്പ് പ്രപഞ്ചത്തിന്‍റെ ഉത്ഭവവും പരിണാമവും വിശദീകരിക്കുന്നതില്‍ ആധുനികശാസ്ത്രജ്ഞര്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും നമ്മുടെ പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് നിശ്ചിതവും കൃത്യവും പൂര്‍ണ്ണവുമായ ഒരറിവ് ലഭ്യമല്ല. ശാസ്ത്രത്തിന്‍റെ പുരോഗതി കണക്കിലെടുക്കാതെ പ്രപഞ്ചത്തിന്‍റെ ഉത്ഭവം എന്നും രഹസ്യമായിത്തന്നെ ശേഷിക്കും എന്നു വാദിക്കുന്ന ശാസ്ത്രജ്ഞരുണ്ട്. ഹെയ്സന്‍ബര്‍ഗിന്‍റെ അനിശ്ചിതത്വതത്ത്വം (uncertainty principle), ഇന്‍ഫ്ളേഷനറി ഹൈപ്പോത്തീസിസ് (inflationary hypothesis), ബഹുപ്രപഞ്ചപരികല്പന (multiple universe conjecture) എന്നിവ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമാണെന്ന് കാണിച്ചുതരുന്നു. അനിശ്ചിതത്വതത്ത്വമനുസരിച്ച് ഒരേ സമയം കൃത്യമായി ഒരു കണികയുടെ സ്ഥാനവും (position) ആവേഗവും (momentum) നമുക്ക് അറിയാനാവില്ല. അങ്ങനെ ആദ്യകാലപ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകള്‍ ശേഖരിക്കുന്നതിനുള്ള നമ്മുടെ കഴിവിനുമേല്‍ ഹെയ്സന്‍ബര്‍ഗിന്‍റെ അനിശ്ചിതത്വസിദ്ധാന്തം രണ്ട് പരിമിതികള്‍ അടിച്ചേല്‍പിക്കുന്നു. ആദ്യമായി, കണികകളുടെ അനിശ്ചിതത്വസ്വഭാവം ആദ്യകാലപ്രപഞ്ചത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നമ്മില്‍നിന്ന് അകറ്റിക്കൊണ്ടുപോയിരിക്കുന്നു എന്നതാണ്. രണ്ടാമത്, മഹാവിസ്ഫോടനാനന്തരം രൂപപ്പെട്ട ദ്രവ്യത്തിന്‍റെ ഓരോ ക്വാണ്ടവും സ്ഥലകാലത്തെ പിച്ചിച്ചീന്താന്‍ മാത്രം ഭാരമുള്ളതായിരുന്നു എന്നതും.
ഇപ്രകാരം അനിശ്ചിതസ്വഭാവമുള്ള ഒരു സ്ഥലകാലരൂപം ആദ്യമൈക്രോസെക്കന്‍റിലെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള കൃത്യവും പൂര്‍ണ്ണവുമായ അറിവ് കരഗതമാക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. ഇന്‍ഫ്ളേഷനറി മാതൃകയിലുള്ള പ്രപഞ്ചവും നമ്മുടെ പ്രപഞ്ചസങ്കല്പത്തെ പരിമിതപ്പെടുത്തുന്നു. നാം കണ്ടതുപോലെ, ഈ അനുമാനമനുസരിച്ച് ആദ്യനിമിഷത്തിലെ വളരെ നിര്‍ണായകമായൊരു മുഹൂര്‍ത്തത്തില്‍ പ്രപഞ്ചം പ്രകാശത്തേക്കാള്‍ കൂടിയ വേഗത്തില്‍ വികസിക്കുകയുണ്ടായി. ഇത് പ്രപഞ്ചോത്പത്തിയെപ്പറ്റിയുള്ള നമ്മുടെ അറിവിനെ പരിമിതപ്പെടുത്തുന്നതെങ്ങനെയെന്ന് കാണിക്കാന്‍ ലാഫ്ലിന്‍ (Laughlin) പ്രഫ. ലിന്‍ഡിന്‍റെ ഒരു രൂപകം കടമെടുക്കുന്നു: "സ്ഥലകാലമാകുന്ന തുണിയില്‍ ആദ്യകാലപ്രപഞ്ചത്തെപ്പറ്റിയുള്ള വിവരങ്ങള്‍ എഴുതിവച്ചിരിക്കുന്നതായി സങ്കല്പിക്കുക. എഴുത്ത് എത്ര ചെറുതായാലും വായിക്കാന്‍ കഴിയുന്നത്ര വലിപ്പത്തില്‍ സന്ദേശം വികസിച്ചിട്ടുണ്ടാകും. ഓരോ നിരീക്ഷകനും ഒരക്ഷരത്തിന്‍റെ ഭാഗം മാത്രമേ കാണാനാകു എന്നതിനാല്‍ ആര്‍ക്കും അത് പൂര്‍ണ്ണമായി സ്വരുക്കൂട്ടാനാവില്ല. അത്തരമൊരു ചിത്രത്തില്‍ പ്രപഞ്ചോത്പത്തിയുടെ രഹസ്യം ആഗോളമായി വിവരിക്കാവുന്നതാണെങ്കിലും സ്ഥലബന്ധിയായി വിവരണാത്മകമല്ല. ഈയര്‍ത്ഥത്തില്‍ സൃഷ്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍ഫ്ളേഷന്‍ തുടച്ചുനീക്കിയിരിക്കുന്നു." [29] ബഹുപ്രപഞ്ചസാദ്ധ്യതയാണ് അടുത്ത പ്രശ്നം. ഒരു പ്രപഞ്ചത്തിന്‍റെ ഉത്ഭവം നാം കണ്ടെത്തിയാലും അതായിരിക്കണമെന്നില്ല മറ്റു പ്രപഞ്ചങ്ങളുടെ ഉത്ഭവകാരണം. ഇവിടെയും ഉത്ഭവം സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം തേടുന്നത്, മുന്തിരിത്തോട്ടത്തില്‍ ഒരു പ്രത്യേക മുന്തിരിശാഖയുടെ കൃത്യമായ ഉത്ഭവസ്ഥാനം എവിടെയാണെന്ന് അന്വേഷിക്കുന്നതുപോലെ ബുദ്ധിമുട്ടാണ്. [30] അര്‍നോള്‍ഡ് ബെന്‍ഡ് പറയുന്നതുപോലെ, "ഒരു ശൂന്യവ്യവസ്ഥിതിയുടെ പ്രവചനാതീതമായ ഭാവിയോട് പ്രതികരിച്ചുകൊണ്ട് അതിന്‍റെ ഭൂതകാലം അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നു. പോയവര്‍ഷങ്ങളുടെ കാലാവസ്ഥയും വിശദമായി കണക്കാക്കാനാവില്ല. വര്‍ത്തമാനകാലം പൂര്‍ണ്ണമായും പൂര്‍വ്വനിശ്ചിതമല്ലാത്തതിനാല്‍ ഭൂതകാലത്തിന് അതിന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നു. ആരംഭത്തെ ഒരിക്കലും അതിനെ പിന്തുടരുന്നതിന്‍റെയെല്ലാം നിയന്താവായി കണക്കാക്കാനാവില്ല." [31]
മഹാവിസ്ഫോടനത്തിന് മുമ്പ് ബിഗ് ബാംഗിന്‍റെ ആദ്യകാല നിഗമനങ്ങളില്‍ സ്ഥലവും കാലവും (space and time) മഹാവിസ്ഫോടനത്തോടൊപ്പം രൂപപ്പെട്ടതായി കണക്കാക്കിയിരുന്നതിനാല്‍ മഹാവിസ്ഫോടനത്തിന് മുമ്പ് എന്ത് എന്ന ചോദ്യം യുക്തിപരമായി അസാദ്ധ്യമായിരുന്നു. ആദ്യനിമിഷത്തിന്‍റെ 10-43 അംശത്തിന് മുമ്പ് എന്തായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ തിരയുന്നുണ്ട്. ഉയര്‍ന്ന ഊര്‍ജ്ജത്തെക്കുറിച്ചുള്ള ഭൗതികശാസ്ത്രത്തില്‍നിന്നും (high energy physics) ഏകീകൃത ഫീല്‍ഡ്സിദ്ധാന്തങ്ങളില്‍നിന്നും (unified field theories) ലഭ്യമാകുന്ന വിവരങ്ങളുപയോഗിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണിവിടെയുള്ളത്. മഹാവിസ്ഫോടനം സംഭവിച്ചതെങ്ങനെയാണ്? പൂര്‍ണ്ണമായും പരീക്ഷണങ്ങളിലും സിദ്ധാന്തങ്ങളിലും അടിസ്ഥാനപ്പെടുത്തി ഈ ചോദ്യങ്ങള്‍ക്കുത്തരം നല്കാന്‍ ഭൗതികശാസ്ത്രജ്ഞര്‍ക്ക് കഴിയില്ല. "പ്രപഞ്ചം എവിടെനിന്ന് വന്നു?" എന്ന ചോദ്യത്തിനുള്ള സൈദ്ധാന്തികമായ ഉത്തരം അത് ഊര്‍ജ്ജത്തില്‍ നിന്നും വന്നു എന്നതാണ്. ദൈവകണം ( God Particle) അഥവാ ഹിഗ്ഗ്സ് ബോസോണിന്‍റെ (Higgs Boson) കണ്ടുപിടുത്തത്തോടുകൂടി സ്ഥലവും കാലവും (Space and time) ബിഗ് ബാംഗിനു മുമ്പുതന്നെ നിലനിന്നിരുന്നു എന്ന കാഴ്ചപ്പാടിനാണ് ഇന്ന് ശാസ്ത്രത്തില്‍ കൂടുതല്‍ പ്രാബല്യം. അതിന്‍പ്രകാരം സര്‍വ്വവ്യാപിയായ ഹിഗ്ഗ്സ് ഊര്‍ജ്ജ മണ്ഡല (Higgs energy field) ത്തില്‍ നിന്നും ആവണം പ്രപഞ്ചം ഉണ്ടായത്. ഹിഗ്ഗ്സ് ഊര്‍ജ്ജ മണ്ഡലത്തിലുണ്ടായ ക്വാണ്ടം ചലനമാണ് ഊര്‍ജ്ജത്തെ പദാര്‍ത്ഥമാക്കി അഥവാ ബിഗ് ബാംഗ് ആക്കി മാറ്റിയത് എന്ന് കരുതപ്പെടുന്നു.
മഹാവിസ്ഫോടനവും ദൈവവും
സൃഷ്ടിയുടെ മാഹവിസ്ഫോടന വിവരണത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെയും ദൈവശാസ്ത്രജ്ഞരുടെയും പ്രധാന ദൈവശാസ്ത്രപ്രതികരണങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു. സൃഷ്ടിയുടെ ശാസ്ത്രീയവും ബൈബിളധിഷ്ഠിതവുമായ വിവരണങ്ങള്‍ തമ്മിലുള്ള കൂടുതല്‍ ക്രിയാത്മകമായ സംവാദം ഗ്രന്ഥത്തിന്‍റെ മൂന്നാം ഭാഗത്തുണ്ട്.
മഹാവിസ്ഫോടനം സൃഷ്ടിയെ പിന്താങ്ങുന്നു സമയബന്ധിതമായ സൃഷ്ടിക്ക് മഹാവിസ്ഫോടനം പിന്തുണ നല്കുന്നുവെന്നും അതിനാല്‍ ഭൗമശാസ്ത്രത്തില്‍നിന്നും ദൈവാസ്തിത്വത്തെ മനസ്സിലാക്കാമെന്നും നിരവധി ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ചിന്തിച്ചു. പുരോഹിതനും ദൈവശാസ്ത്രജ്ഞനുമായ സ്റ്റാന്‍ലി ജാക്കി പ്രപഞ്ചത്തിന്‍റെ ആരംഭവും നൈമിഷികതയും സംബന്ധിച്ച ശാസ്ത്രവിവരണത്തിന്‍റെ പരിമിതികള്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ശാസ്ത്രീയഉത്തരങ്ങളുടെ അന്തഃസ്ഥിത അപര്യാപ്തത (built-in inadequacy) പ്രപഞ്ചം സംഭാവ്യമാണെന്ന് (contingent) തെളിയിക്കുന്നു. അതിന്‍റെ സംഭാവ്യത, "പ്രപഞ്ചത്തിന്‍റെ ശാസ്ത്രീയഅവതരണത്തോട് ചേര്‍ന്നിരിക്കുന്നു. ഭൗതികവാദികളുടെയും നിരീശ്വരരുടെയും അഭയമായ പ്രാപഞ്ചിക അനിവാര്യതാവാദത്തിന് (cosmic necessitarianism) നേരെ വിരുദ്ധമാണ് സംഭാവ്യപ്രപഞ്ചം." [33] വ്യതിരിക്തത (specificity) പരിമിതിയുടെ അടയാളമായതിനാല്‍ വ്യതിരിക്തമായ അസ്തിത്വങ്ങള്‍ പൂര്‍ണ്ണതയുടെ ആകെത്തുകയായ ഒരു സ്രഷ്ടാവിനോട് ബന്ധപ്പെടുത്തി മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. അതിഭൗതികമായ ഇത്തരമൊരു നിഗമനം കൂടാതെ ശാസ്ത്രം അനന്തമായ പിന്‍വാങ്ങല്‍ എന്ന തെറ്റിലകപ്പെട്ടു (fallacy of infinite regress) എന്ന് ജാക്കി വാദിക്കുന്നു. സൈദ്ധാന്തികമായ മുന്‍കാലസമയങ്ങളെ ശാസ്ത്രീയപ്രപഞ്ചദര്‍ശനത്തിന് ഒഴിവാക്കാനാവാത്തതിനാല്‍ "പ്രപഞ്ചം സ്വയംസമയത്തിന്‍റെ പാദമുദ്ര പേറുന്നു" [34] എന്നും അദ്ദേഹം ചിന്തിക്കുന്നു. "അമൂര്‍ത്തമായതിന്‍റെ ദര്‍ശനം കരഗതമാക്കാനും പ്രപഞ്ചത്തിന്‍റെ അതിഭൗതികാവസ്ഥയെ മനസ്സിലാക്കാനും തയ്യാറുള്ള ആരെയും മുകളിലേക്കുയര്‍ത്താന്‍ കഴിവുള്ള ഒരു വലിയ സ്പ്രിംഗ്ബോര്‍ഡാണ് പ്രപഞ്ചത്തിന്‍റെ സിംഗുലാരിറ്റി എന്നത്." [35] യഥാര്‍ത്ഥസൃഷ്ടിക്കുള്ള ഒരു തെളിവായി വര്‍തിംഗും മഹാവിസ്ഫോടനത്തെ കാണുന്നു. അദ്ദേഹം എഴുതുന്നു, "മഹാവിസ്ഫോടനമല്ലാതെ ആധുനികശാസ്ത്രത്തിന്‍റെ മറ്റൊരു സിദ്ധാന്തവും സൃഷ്ടിവിവരണത്തോട് കൂടുതല്‍ അടുത്ത് വന്നിട്ടില്ല. മഹാവിസ്ഫോടനസിംഗുലാരിറ്റിയില്‍ നിന്നുള്ള വികാസത്തെ നാം പിന്തുടരുകയാണെങ്കില്‍ പ്രപഞ്ചത്തിന്‍റെ ഉത്ഭവമോ സൃഷ്ടിയോ ഊഹിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രത്തില്‍ നാമെത്തിച്ചേരും." [36] മഹാവിസ്ഫോടനത്തോടുള്ള എല്ലാ പ്രതികരണങ്ങളും തന്നെ പ്രപഞ്ചത്തിന് സമയബന്ധിതമായ ഒരാരംഭം സങ്കല്പിക്കുകയും ഒരു നിത്യമായ പ്രപഞ്ചത്തെക്കുറിച്ചുള്ള ആശയത്തെ ഒഴിവാക്കുകയും ചെയ്യുന്നു. സമയത്തില്‍ സംഭാവ്യമായ (contingent) ഒരു പ്രപഞ്ചസങ്കല്പത്തെ ഏറ്റവും ശക്തമായി പിന്താങ്ങുന്നത് തെര്‍മോഡൈനാമിക്സിന്‍റെ രണ്ടാം നിയമമാണ്. അതനുസരിച്ച് പ്രപഞ്ചത്തിന്‍റെ എന്‍ട്രോപ്പി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിലെ ഉപയോഗയോഗ്യമല്ലാത്ത ഊര്‍ജ്ജത്തിന്‍റെ അളവാണ് എന്‍ട്രോപ്പി. സ്പിറ്റ്സറുടെ അഭിപ്രായത്തില്‍, "ജോലിയുടെ ഓരോ നിമിഷവും (ഒരു സംവിധാനത്തിലെ സ്വതന്ത്രഊര്‍ജ്ജത്തിന്‍റെ ഉപയോഗം) എന്‍ട്രോപ്പിയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ജോലിക്കുപയോഗപ്രദമാകുന്ന രീതിയില്‍ രൂപമാറ്റം വരുത്താവുന്ന ഊര്‍ജ്ജത്തിന്‍റെ അളവ് എല്ലായ്പോഴും കുറഞ്ഞുകൊണ്ടിരിക്കുന്നു." [37] പ്രപഞ്ചം നിത്യമായി നിലനില്ക്കുകയായിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന്‍റെ എന്‍ട്രോപ്പി അല്പംപോലും ഉപയോഗയോഗ്യമായ ഊര്‍ജമില്ലാതെ ഒരു തെര്‍മോഡൈനാമിക് സംതുലിതാവസ്ഥയില്‍ എത്തിച്ചേരുമായിരുന്നു. ഇന്നത്തെ പഠനങ്ങള്‍ നിത്യമായി നിലനില്ക്കുന്ന ഒരു പ്രപഞ്ചസാദ്ധ്യതയെ തള്ളിക്കളഞ്ഞ് എന്‍ട്രോപ്പിയുടെ അളവ് വളരെ കുറവാണെന്ന് രേഖപ്പെടുത്തുന്നു. ഏകതയ്ക്കു മുമ്പുള്ള അവസ്ഥയെക്കുറിച്ചുള്ള അവ്യക്തത ദൈവത്താലുള്ള പ്രപഞ്ചസൃഷ്ടി മനസിലാക്കുന്നതിനുള്ള ഒരു ദൈവശാസ്ത്രപരമായ ആരംഭബിന്ദുവാണ്. ടെഡ് പീറ്റര്‍ നിരീക്ഷിക്കുന്നു: "പ്രപഞ്ചത്തിന്‍റെ ഇന്ന് നിരീക്ഷിക്കുന്ന വികാസത്തില്‍നിന്ന് പുറകോട്ട് സഞ്ചരിച്ചുകൊണ്ടാണ് അനന്തമായ സാന്ദ്രതയും ഊഷ്മാവുമുള്ള പ്രാരംഭസിംഗുലാരിറ്റി എന്ന ആശയം വികസിപ്പിക്കുന്നത്. വിസ്ഫോടനം അല്ലെങ്കില്‍ പ്രാരംഭ സിംഗുലാരിറ്റിയാണ് സമയവും സ്ഥലവും രൂപപ്പെടുത്തിയത്. ഇത് ശാസ്ത്രഗവേഷണങ്ങളുടെ അതിര്‍രേഖയാണ്; കാരണം, വാനശാസ്ത്രജ്ഞര്‍ക്ക് അവരുടെ ഗവേഷണശാഖയുടെ പരിധിയില്‍ നിന്നുകൊണ്ട് ഏകതയെക്കുറിച്ചും അതിനുമുമ്പു നിലനിന്നിരുന്ന സാഹചര്യത്തെക്കുറിച്ചും പറയാനാകില്ല. നാം പ്രപഞ്ചത്തിന്‍റെ ഏറ്റവും ആദ്യമുള്ള സാഹചര്യത്തെപ്പറ്റിയല്ല സംസാരിക്കുന്നത്; എന്നിരുന്നാലും യഥാര്‍ത്ഥഏകതയുടെ ഉത്ഭവത്തെക്കുറിച്ച് നാം ഇതുവരെ സംസാരിച്ചിട്ടില്ല. അസ്തിത്വാത്മകമായ പ്രാധാന്യമുള്ള (സമയബന്ധിതമാകണമെന്നില്ല) പ്രാരംഭസാഹചര്യങ്ങളും നിലനില്ക്കുന്നുണ്ട്. ആരംഭത്തിനുമുമ്പ് എന്താണ് സംഭവിച്ചത് എന്നു ചോദിക്കുവാന്‍ വിസ്ഫോടനമാതൃക നമ്മെ അനുവദിക്കുന്നില്ല. ശാസ്ത്രീയമായി പറഞ്ഞാല്‍ നമുക്ക് പ്രാരംഭസിംഗുലാരിറ്റി വരെ പുറകോട്ട് പോകാം. അതിനുമുമ്പ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ശൂന്യതയിലേക്ക് പോവുക സാദ്ധ്യവുമല്ല. [38]"
ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയും യഥാര്‍ത്ഥ സൃഷ്ടിയും
ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയും യഥാര്‍ത്ഥസൃഷ്ടിയെക്കുറിച്ചുള്ള ആശയവും നിരവധി ദാര്‍ശനികര്‍ക്കും ദൈവശാസ്ത്രജ്ഞര്‍ക്കും സ്വീകാര്യമാണ്. വര്‍ത്തിങ്ങ് അഭിപ്രായപ്പെടുന്നു, "പ്രപഞ്ചത്തിന് ഒരാരംഭമുണ്ടെങ്കില്‍... അത് മുന്‍കാലസമയമോ സ്ഥലമോ ഇല്ലാത്ത ഒരു പുതിയ തുടക്കമായിരിക്കും. അത് മുന്‍കാലശൂന്യതയില്‍നിന്നോ അറിയപ്പെടാത്ത ഒരവസ്ഥയില്‍നിന്നോ ഉള്ള ഒരാരംഭമായിരിക്കുകയില്ല." [39] ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെ (ex nihilo) ദാര്‍ശനികമായ അയുക്തികത കൊണ്ട് പ്രോസസ് തിയോളജിയന്‍സ് നിരാകരിക്കുന്നു. നിയതമായ വസ്തുരൂപങ്ങളായി മാറാത്തതും വല്ലപ്പോഴും താഴ്ന്ന തരത്തിലുള്ള യഥാര്‍ത്ഥ അവസരങ്ങളുള്ളതുമായ കേവലശൂന്യതയാണ് (absolute chaos) അവര്‍ മുമ്പോട്ടുവയ്ക്കുന്നത്. കേംബ്രിഡ്ജിലെ ഭൗതികശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായ ജോണ്‍ പോക്കിംഗ്ഹോണ്‍ (John Polkinghorne) പ്രോസസ് ദാര്‍ശനികരുടെ വാദത്തെ നിരാകരിച്ചു. കാരണം അത് ശൂന്യതയില്‍നിന്നും പ്രപഞ്ചത്തെ ഇന്നത്തെ അവസ്ഥയില്‍ ക്രമപ്പെടുത്തിയ ഗ്രീക്ക്ചിന്തയിലെ ഒരു "Demiurge'-ലേക്കുള്ള പിന്‍വാങ്ങലായി അദ്ദേഹം മനസ്സിലാക്കി. ഇവിടെ ദൈവം 'വിടവുകളുടെ ദൈവം' (God of gaps) ആയി തരംതാഴ്ത്തപ്പെടുന്നു. ഇത്തരം ശ്രമങ്ങള്‍ ദൈവമായിരിക്കുന്നതിന് ദൈവത്തെ തടസ്സപ്പെടുത്തുന്നു. [40] വര്‍ത്തിങ്ങിന്‍റെ അഭിപ്രായത്തില്‍, "ഒരുപാടുപേര്‍ വിശ്വസിക്കുന്നതുപോലെ പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ സമയത്തിലും കാലത്തിലും നിയന്ത്രിതമാണെങ്കില്‍, അതിന്‍റെ ആരംഭം ശൂന്യതയില്‍ നിന്നായിരിക്കും (ex nihilo). ശൂന്യതയില്‍ നിന്നല്ലാത്ത ഒരാരംഭം അവതരിപ്പിക്കപ്പെട്ടാല്‍ അത് യഥാര്‍ത്ഥസ്ഥലകാലങ്ങളുടെ ആരംഭമല്ല; മറിച്ച്, നമ്മുടെ പ്രത്യേകസ്ഥലകാലത്തിന്‍റെ ആരംഭമാണ്... ഭൗതികശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രായോഗികകാഴ്ചപ്പാടില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ തത്വാധിഷ്ഠിതമായി നമുക്കു പ്രവേശനമില്ലാത്ത ഇത്തരമൊരു യാഥാര്‍ത്ഥ്യം പ്രശ്നത്തെ ഒരു രീതിയില്‍ അപ്രസക്തമാക്കുന്നു." [41] മറ്റുചിലര്‍ ശാസ്ത്രീയവും ബൈബിളധിഷ്ഠിതവുമായ സൃഷ്ടിവിവരണങ്ങള്‍ തമ്മില്‍ സാധര്‍മ്മ്യങ്ങള്‍ കണ്ടെത്തുന്ന തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നു. ഉദാഹരണത്തിന് പീറ്റര്‍ സ്റ്റോണറെ സംബന്ധിച്ചിടത്തോളം ഉത്പത്തിയുടെ ഒന്നാമദ്ധ്യായം രണ്ടാം വാക്യം (ഭൂമി ശൂന്യവും രൂപരഹിതവുമായിരുന്നു; ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു) നമ്മുടെ സൗരസംവിധാനത്തിന്‍റെ ഉത്ഭവത്തിന് കാരണമായ ഇരുണ്ട വ്യോമപടലത്തെക്കുറിച്ചുള്ള (dark nebula) സൂചനയാണ്. ഇതുപോലുള്ള നിരവധി താരതമ്യങ്ങള്‍ വചനം ആധികാരികമാണെന്നു കാണിക്കുന്നു. [42] ശാസ്ത്രവും വിശുദ്ധ ഗ്രന്ഥവും തമ്മില്‍ സാദൃശ്യം കണ്ടെത്തുമ്പോള്‍ വര്‍ത്തിങ്ങും ഈ മാര്‍ഗ്ഗത്തിലാണ് നീങ്ങുന്നത്: "പ്രപഞ്ചം അതിന്‍റെ നിലനില്പില്‍ ആത്യന്തികമായി നൈമിഷികമാണോ എന്ന പ്രശ്നം പരിഹരിക്കുന്നതിന് ആധുനികശാസ്ത്രം ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സൃഷ്ടിയോ ആരംഭമോ കണ്ടെത്തുന്നു. ശൂന്യതയില്‍നിന്നുള്ള സൃഷ്ടി എന്ന ക്രിസ്തീയവിശ്വാസം, പ്രപഞ്ചം അതിന്‍റെ സ്ഥലകാലപൂര്‍ണ്ണതയില്‍ ദൈവകേന്ദ്രീകൃതമാണെന്ന തിരിച്ചറിവാണ്; അങ്ങനെ, ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി എന്ന സങ്കല്പം സൃഷ്ടിയെ അതിവര്‍ത്തിക്കുന്ന ഒരു സൃഷ്ടാവിനെയും അനുവദിക്കുന്നു." [43]
മഹാവിസ്ഫോടനം ഇല്ല
ചിലരെ സംബന്ധിച്ചിടത്തോളം വ്യക്തമായ ദൈവികസ്വാധീനമുള്ള സൃഷ്ടിപോലെ തന്നെയാണ് മഹാവിസ്ഫോടനം. അത് സിദ്ധാന്തത്തിന്‍റെ ശാസ്ത്രീയവിശ്വാസ്യതയെ തകര്‍ക്കുന്നു. ശാസ്ത്രീയസിദ്ധാന്തം ഒരിക്കലും അതിഭൗതികശാസ്ത്രത്തിന്‍റെയോ കെട്ടുകഥകളുടെയോ ഘടകങ്ങള്‍ ഉള്‍ക്കൊള്ളരുത്. റാനസ് ആല്‍ഫ്വനും ഫ്രെഡ് ഹോയ്ലും പറയുന്നു, "മഹാവിസ്ഫോടനസിദ്ധാന്തത്തിന്‍റെ ആകസ്മികമായ തുടക്കം അരോചകമായ അതിഭൗതികആശയവും ശാസ്ത്രത്തില്‍ മതത്തിന്‍റെ ലയനവുമാണ്... ശാസ്ത്രീയസിദ്ധാന്തം ഒരിക്കലും അതിഭൗതികശാസ്ത്രത്തിന്‍റെയോ കെട്ടുകഥകളുടെയോ ഘടകങ്ങള്‍ ഉള്‍ക്കൊള്ളരുത്. എല്ലാ ഊഹാപോഹങ്ങളെയും പുറന്തള്ളി നിരീക്ഷണങ്ങളുടെ യുക്ത്യധിഷ്ഠിതമായ കൂട്ടിച്ചേര്‍ക്കലിലൂടെ പ്രപഞ്ചചിത്രം രൂപപ്പെടുത്തേണ്ടതുണ്ട്... വര്‍ത്തമാനകാല കെട്ടുകഥകള്‍ ആധികാരികതക്കുവേണ്ടി ശാസ്ത്രീയവേഷങ്ങളണിയുന്നതിനാല്‍ ഈ 'കാവല്‍നായ'പ്പണി ഏറെ ആവശ്യമാണ്." [44] മഹാവിസ്ഫോടനസിദ്ധാന്തം ലെമറ്റയറിന് സ്വീകാര്യമാകാന്‍ കാരണം "വിശുദ്ധ തോമസ് ഒരു വിശ്വാസപ്രമാണമാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ച ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിക്ക് അത് ന്യായീകരണമായതിനാലാണ്" [45] എന്ന് ആല്‍ഫ്വെന്‍ കരുതുന്നു. ഹോയ്ലും ആല്‍ഫ്വെനും മഹാവിസ്ഫോടനത്തെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഹീലിയത്തെക്കാള്‍ ഭാരമുള്ള മൂലകങ്ങളെക്കുറിച്ച് മഹാവിസ്ഫോടനം പറയുന്നില്ല. ഒപ്പം പ്രപഞ്ചത്തിന്‍റെ സാന്ദ്രതയെക്കുറിച്ചുള്ള സിദ്ധാന്തത്തിന്‍റെ ധാരണകളും തെറ്റാണ്. കൂടുതല്‍ കൂടുതല്‍ അധിവൃത്തങ്ങള്‍ (epicycles) ചേര്‍ത്തുകൊണ്ട് ടോളമിക് സംവിധാനത്തെ സംരക്ഷിച്ചതുപോലെ, താല്‍ക്കാലിക അനുമാനങ്ങള്‍ കൊണ്ടേ (ad hoc hypotheses) മഹാവിസ്ഫോടനത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളു. [46]
മഹാവിസ്ഫോടനം മതപരമായി നിഷ്പക്ഷം
നിരവധിപേര്‍ മഹാവിസ്ഫോടനത്തിന്‍റെ മതാത്മകനിഷ്പക്ഷതയെ ഉയര്‍ത്തിപ്പിടിക്കുന്നു. സമയത്തെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ധാരണകള്‍ പ്രപഞ്ചോത്പത്തിയില്‍ ഉപയോഗിക്കാനാവാത്തതും ആരംഭത്തിന്‍റെ സിദ്ധാന്തബന്ധനവുമാണ് (theory-ladenness). സമയത്തിന്‍റെ ഒരു വ്യത്യസ്തനിര്‍വ്വചനത്തില്‍ ഏകത അനേകകാലത്തിന് മുമ്പുള്ള ഒന്നായിരിക്കണം. ഘടികാരത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ സമയബോധം പ്രപഞ്ചോത്പത്തിയില്‍ പ്രയോഗിക്കാനാവില്ല. കാരണം ഒരു ക്ലോക്കിനും അനന്തമായ സാന്ദ്രതയും ഊഷ്മാവുമുള്ള ആ നിമിഷം വരെ പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍, "പ്രപഞ്ചത്തിന് പത്തോ ഇരുപതോ ബില്യന്‍ വര്‍ഷം പഴക്കമാണുള്ളത് എന്ന പ്രസ്താവന ദൈവശാസ്ത്ര-ദാര്‍ശനികചര്‍ച്ചകള്‍ക്ക് ചേര്‍ന്നതല്ല." [47] മില്‍ട്ടണ്‍ മുനിറ്റ്സിന്‍റെ അഭിപ്രായത്തില്‍ മഹാവിസ്ഫോടനത്തിന്‍റെ വിശദീകരിക്കാനാവാത്ത മേഖലകള്‍ മതപരമായ നിഗമനങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു ന്യായീകരണമല്ല. "മതിയായ യുക്തിയുടെ ആദര്‍ശത്തില്‍ (principle of sufficient reason) അടിസ്ഥാനമിട്ടതാണ് ശാസ്ത്രം. അതിനാല്‍ ഏതു സംഭവത്തിനും വിശദീകരണം നല്കുന്നതിനുള്ള സാദ്ധ്യത അത് അവശേഷിപ്പിക്കുന്നു. വിശദീകരണം നല്കാനാവാത്ത തനതായ ഒരു സംഭവം പ്രപഞ്ചോത്പത്തിയില്‍ ഉണ്ട് എന്നു പറയുന്നത് ശാസ്ത്രീയരീതികള്‍ക്ക് വിരുദ്ധമാണ്." [48] സ്ഥിരാവസ്ഥാസിദ്ധാന്തവും (steady state theory) മഹാവിസ്ഫോടനസിദ്ധാന്തവും വിശ്വാസപരമായും നിരീശ്വരവാദപരമായും വിശദീകരിക്കാനാകും എന്ന് നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പ്രപഞ്ചവും അതിന്‍റെ ശാസ്ത്രീയവിശദീകരണങ്ങളും തികച്ചും നിഷ്പക്ഷമാണെന്ന് മാത്രമേ നമുക്കു പറയാനാകു. [49] ജോണ്‍ ഹിക്കിന്‍റെ അഭിപ്രായവും പലരും ശരിവയ്ക്കുന്നു, "ശാസ്ത്രീയചിത്രം ഭാവിയില്‍ മാറ്റേണ്ടിവന്നാലും പുതിയ ഓരോ വിവരണവും ഒരു മതാത്മകവിവരണത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും." [50] സൃഷ്ടിയെക്കുറിച്ചുള്ള സംക്ഷിപ്തമായ ദൈവശാസ്ത്രവിചിന്തനങ്ങള്‍ വെളിപ്പെടുത്തുന്നത് അവയൊക്കെ തെളിയിക്കാനോ നിഷേധിക്കാനോ ശ്രമിച്ചത് ഒരുതരം വിടവുകളുടെ ദൈവത്തെയാണ് (God of the gaps) എന്നതാണ്. ശാസ്ത്രീയദൈവശാസ്ത്ര നിരീക്ഷണങ്ങള്‍ ആദിയില്‍ മാത്രം സന്നിഹിതനായിരുന്ന ദൈവസങ്കല്പത്തിന്‍റെ പിടുത്തത്തില്‍നിന്ന് സ്വതന്ത്രമാകേണ്ടതുണ്ട്. ഇത് മഹാവിസ്ഫോടനത്തിന്‍റെയും ഹോക്കിംഗ് മാതൃകകളുടെയും ദൈവശാസ്ത്രവത്കരണത്തിലും സത്യമാണ്.
ഹോക്കിംഗിന്‍റെ നിരീശ്വരവാദവും ഇതില്‍നിന്ന് സ്വതന്ത്രമല്ല. [71] ഹോക്കിംഗിന്‍റെ അതിര്‍ത്തിയില്ലാസിദ്ധാന്തത്തിലെ ദാര്‍ശനികപരിമിതികളും സൈദ്ധാന്തികപോരായ്മകളും അവതരിപ്പിച്ചുകൊണ്ട് ചില ശാസ്ത്രീയനിരീശ്വരവാദികള്‍ ഹോക്കിംഗിന്‍റെ ഹാനികരമായ ദൈവശാസ്ത്രവാദങ്ങള്‍ തെറ്റാണെന്നു വാദിച്ച് അകറ്റി നിര്‍ത്തുന്നു. ഹോക്കിംഗിന്‍റെ നിരീശ്വരവാദത്തെക്കുറിച്ച് അന്താരാഷ്ട്ര നിരീശ്വര സംഘടനയുടെ പ്രസിഡന്‍റായിരുന്നു ക്വെന്‍റിന്‍ സ്മിത്ത് പറയുന്നത് ഇതിനു തെളിവാണ്, "പാശ്ചാത്യചിന്തയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ നിരീശ്വരവാദമായിരിക്കും ഇത് എന്നതിനാല്‍ അതിനെ പ്രതിരോധിച്ച് ഞാന്‍ വായനക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നില്ല." [72] ബിഗ് ബാംഗ് സിദ്ധാന്തത്തിന്‍റെ മതവിമര്‍ശനം അപഗ്രഥിക്കുമ്പോള്‍ അവ അടിസ്ഥാനമിട്ടിരിക്കുന്നത്, ക്രിസ്തീയപടിഞ്ഞാറിന്‍റെ ദാര്‍ശനികലോകത്തില്‍ പ്രബലമായ അരിസ്റ്റോട്ടേലിയന്‍ തോമിസ്റ്റ് പാരമ്പര്യത്തിലെ അതീന്ദ്രിയസ്രഷ്ടാവ് എന്ന ആശയത്തിലാണെന്നു കാണാം.
an enquiry an enquiry to the origins science and theology big bang no boundary theory Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206