x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വ്യാകുലമാതാവിനോടുള്ള നൊവേന

Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024

വ്യാകുലമാതാവിനോടുള്ള നൊവേന

പരിശുദ്ധ മറിയത്തിന്റെ ഏഴ് വ്യാകുലങ്ങളെക്കുറിച്ചുള്ള ധ്യാനം വിശുദ്ധ ഗ്രന്ഥത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ജറുസലേം ദേവാലയത്തിൽ ഈശോയെ കാഴ്ചവച്ചപ്പോൾ ശിമയോൻ ദീർഘദർശി നടത്തുന്ന പ്രവചനത്തോടെയാണ് മാതാവിന്റെ വ്യാകുലങ്ങൾ ആരംഭിക്കുന്നത്. രക്ഷകൻ അനുഭവിച്ച പീഡാനുഭവങ്ങൾക്ക് സമാനമായ വേദനകൾ മറിയത്തിന്റെ ജീവിതത്തിൽ നാം കാണുകയാണ്. ആ വ്യാകുലങ്ങളെ ഓർത്ത് മാതാവിന്റെ മാധ്യസ്ഥം യാചിച്ച് നമ്മുടെ ജീവിതക്ലേശങ്ങളെയും നേരിടാനുള്ള ശക്തിക്കായി പ്രാർത്ഥിക്കാം.

മാതാവിന്റെ ഏഴു വ്യാകുലങ്ങൾ

1. “ഒരു വാൾ നിന്റെ ഹൃദയത്തെ ഭേദിക്കും" (ലൂക്കാ 2,35)

2. ഹേറോദേസിൽ നിന്ന് രക്ഷപ്പെടാൻ ഉണ്ണീശോയേയും കൊണ്ട് ഈജിപ്തിലേക്കുള്ള പലായനം (മത്താ 2,14)

3. ബാലനായ ഈശോയെ ജറുസലെം ദേവാലയത്തിൽ കാണാതെ പോയത് (ലൂക്കാ 2,45)

4. ഗാഗുൽത്തായിലേക്ക് ഈശോ കുരിക്കും വഹിച്ചുകൊണ്ടു പോകുന്ന കാഴ്ച (പാരമ്പര്യം)

5. ഗാഗുൽത്തായിൽ ഈശോ കുരിശിൽ തറയ്ക്കപ്പെട്ടു മരിക്കുന്ന കാഴ്ച (മത്താ 27,56)

6. ഈശോയുടെ മൃതദേഹം മടിയിൽക്കിടത്തി വിലപിക്കുന്നത് (പാരമ്പര്യം)

7. ഈശോയുടെ മൃതദേഹസംസ്കാരത്തിൽ പങ്കെടുത്തത് (പാരമ്പര്യം)

തിരുനാൾ ദിനം : സെപ്തംബർ 15 

പ്രാരംഭഗാനം

വ്യാകുലമേറേ സഹിച്ച നാഥേ
വ്യാധികൾ പോക്കിടും മേരിമാതേ
വാനവരൊത്തിവർ സ്വസ്തി ചൊല്ലി
വാഴ്ത്തിടാം നന്മതൻ കേദാരമേ

ഏഴു വ്യാകുലവാളാൽ പിളർന്നു
ഏറെ വേദന തിങ്ങും ഹൃദന്തം
ഏറ്റം വിനീതയാം കർത്താവിൽ ദാസീ ഞാൻ 
ഏറ്റേറ്റുചൊല്ലീ നീ വ്യാകുലാംബേ (വ്യാകുലമേറേ)

കാർമ്മി: "നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും” (ലൂക്ക 2,35) എന്ന ശിമയോന്റെ പ്രവചനം അന്വർത്ഥമാക്കിക്കൊണ്ട് ഏഴ് വ്യാകുലങ്ങളാൽ പ്രിയപുത്രനെ കുരിശിന്റെ വഴിയെ അനുയാത്ര ചെയ്ത പരിശുദ്ധ അമ്മേ, അങ്ങേപ്പക്കൽ ശരണം വയ്ക്കുന്ന ഞങ്ങളുടെ സഹനങ്ങളും വേദനകളും ദൈവേഷ്ടപ്രകാരം സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ തിരുവ്യാകുലങ്ങളുടെ യോഗ്യതയെ പ്രതി ഞങ്ങളുടെ നിയോഗങ്ങൾ ശ്രവിച്ച് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.

സമൂ: ആമ്മേൻ.

കാർമ്മി: ജറുസലെം ദേവാലയത്തിൽ വച്ച് ശിമയോന്റെ പ്രവചനം ശ്രവിച്ചപ്പോൾ ഹൃദയം നുറുങ്ങിയ പരിശുദ്ധ വ്യാകുലമാതാവേ,

സമൂ: ഞങ്ങളുടെ ഹൃദയവേദനകളെ/ അങ്ങേ തിരുക്കുമാരന്റെ മുമ്പിൽ സമർപ്പിക്കണമേ.

കാർമ്മി: ഓ മറിയമേ (സമൂഹവും ചേർന്ന്), വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ/ അങ്ങയുടെ വ്യാകുലങ്ങളെപ്പറ്റി ധ്യാനിക്കുവാൻ ഞങ്ങളെ സഹായിക്കണമേ/ എല്ലാം സഹിച്ച് അങ്ങ്/ എല്ലാം ഈശോയുടെ സഹനങ്ങളോട് ചേർത്ത് കാഴ്ച വച്ചുകൊണ്ട്/ രക്ഷാകരപദ്ധതിയിൽ സഹകരിച്ചു./ ഞങ്ങളുടെ ദുഃഖങ്ങളെയെല്ലാം പ്രത്യാശയോടെ സഹിക്കുവാനും/ ഈശോയുടെ കുരിശിനോട് ചേർത്തു വയ്ക്കുവാനും/ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ./ ഞങ്ങളുടെ ജീവിതത്തിനാവശ്യമായ എല്ലാവിധ അനുഗ്രഹങ്ങളും/ അങ്ങേ ദിവ്യസുതനിൽ നിന്ന് വാങ്ങിത്തരണമേ./ ആമ്മേൻ.

സങ്കീർത്തനം (67)

കാർമ്മി: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. അവിടുന്ന് തന്റെ പ്രീതി നമ്മുടെ മേൽ ചൊരിയുമാറാകട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: അവിടുത്തെ മാർഗ്ഗങ്ങൾ ഭൂമിയിലും രക്ഷാകരശക്തി ജനതകളുടെയിടയിലും അറിയപ്പെടട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്ന് അപേക്ഷിക്കാം.

സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം സാമൂഹികസമാധാനത്തിലും മതൈക്യത്തിലും ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ.

സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മി: സാർവ്വതികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.............. പാപ്പായ്ക്കും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ........... മെത്രാപ്പോലീത്തായ്ക്കും, ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.............. മെത്രാപ്പോലീത്തായ്ക്കും, എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും, ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കുവാനുള്ള അനുഗ്രഹം നല്കണമേ.

സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മി: ഞങ്ങളുടെ രൂപതയും, ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ...... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും ഉള്ള അനുഗ്രഹം നല്കണമേ.

സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ.

സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും ഉള്ള അനുഗ്രഹം നല്കണമേ

സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ കന്യകാമറിയത്തിന്റെ പരിശുദ്ധമായ വ്യാകുലങ്ങളുടെ യോഗ്യതയാൽ ദൈവ തിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: ലോകരക്ഷയ്ക്കായ് ഹൃദയം കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട ഈശോയെ, ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളെയും ഹൃദയവ്യഥകളെയും പരിശുദ്ധ അമ്മയുടെ ഏഴ് വ്യാകുലങ്ങളോട് ചേർത്ത് അങ്ങ് സ്വീകരിക്കണമേ. അവയെല്ലാം ദൈവമഹത്വത്തിനും മനുഷ്യരക്ഷയ്ക്കുമായി അങ്ങ് സ്വീകരിച്ച് ഞങ്ങളെയും അങ്ങയുടെ രക്ഷാകരപദ്ധതിയിൽ പങ്കുചേർക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)

രക്ഷിതാവിന്റെയമ്മേ
വ്യാകുലയായോരമ്മേ
നിൻ ദിവ്യ പാദാന്തികേ
പ്രാർത്ഥിപ്പൂ ഞങ്ങൾ നിത്യം

അരുമസൂതനോടൊപ്പം
രക്ഷാകരപദ്ധതിയിൽ
സഹനങ്ങളേറ്റുവാങ്ങി
ഞങ്ങൾക്കും അമ്മയായ് നീ

ആകൂലമാനസരായ്
നിൻചാരേ വന്നിടുമ്പോൾ
വ്യാകുലമാതാവേ നീ
ഞങ്ങളെ കൈവിടല്ലേ

കാർമ്മി: പരിശുദ്ധ മറിയമേ (സമൂഹവും ചേർന്ന്)/ ജീവിതത്തിലെ ഹൃദയവ്യഥകളെ ദൈവേഷ്ടമായി സ്വീകരിച്ച പരിശുദ്ധ അമ്മേ/ അമ്മ സ്ത്രീകളിൽ അനുഗ്രഹീതയാണല്ലോ./ ഞങ്ങളുടെ ജീവിതാന്തസ്സിനു ചേർന്ന ക്ലേശങ്ങളും/ ആ ജീവിതത്തിൽ ഞങ്ങളനുഭവിക്കുന്ന ഞെരുക്കങ്ങളും പ്രലോഭനങ്ങളും/ അമ്മയോട് ചേർന്ന്/ പിതാവായ ദൈവത്തിന് സമർപ്പിക്കാൻ ഞങ്ങളെ സഹായിക്കണമേ./ ഞങ്ങളുടെ കുടുംബങ്ങളിലും/ ജോലിസ്ഥലങ്ങളിലും പ്രവർത്തനമേഖലകളിലും/ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ./ ഏഴു വ്യാകുലങ്ങളും ഹൃദയത്തിൽ സംഗ്രഹിച്ച/ പരിശുദ്ധ കന്യകാമാതാവേ/ ഞങ്ങൾക്കുണ്ടാകുന്ന വേദനകൾ സ്വീകരിക്കുവാനുള്ള കൃപ വാങ്ങിത്തരണമേ./ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും/ തിരുക്കുമാരനോട് മാദ്ധ്യസ്ഥം വഹിക്കണമേ./ ദിവ്യഈശോയെ, പരിശുദ്ധ വ്യാകുലമാതാവിന്റെ സ്തുതിക്കായ്/ ഞങ്ങൾ സമർപ്പിക്കുന്ന ഈ പ്രാർത്ഥന/ ദയാപൂർവ്വം സ്വീകരിക്കേണമേ, ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,

സമൂ: സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, അങ്ങേ വ്യാകുലങ്ങളെ പ്രതി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

സമാപനപ്രാർത്ഥന

കാർമ്മി: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നരുൾചെയ്ത കർത്താവേ, വ്യാകുലമാതാവ് വഴിയായി ഞങ്ങൾ സമർപ്പിച്ച ഈ പ്രാർത്ഥന കൈക്കൊള്ളണമേ. ഉത്തമവിശ്വാസത്തോടെയും പരിപൂർണ്ണ വിശുദ്ധിയോടെയും അങ്ങയെ അനുഗമിച്ച് ദൈവമഹത്വത്തിനും മനുഷ്യരുടെ നന്മയ്ക്കുമുതകുന്നവ ചിന്തിച്ചും പറഞ്ഞും ജീവിച്ചും മുന്നേറുവാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ പ്രാർത്ഥന ശ്രവിക്കുന്ന അങ്ങേക്ക് സ്തുതിയുണ്ടായിരിക്കട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും +എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

യേശുവിൻ ദിവ്യജനനീ
തിരുക്കുടുംബത്തിൻ നാഥേ
മാലാഖമാരും വിശുദ്ധരും വാഴ്ത്തുന്ന
സ്വർഗ്ഗത്തിൻ റാണി നീയേ

കാലിത്തൊഴുത്തിലെ ത്യാഗവും
കാൽവരിവഴിയിലെ സഹനവും
ദൈവേഷ്ടമേറ്റെടുത്ത വിനയവും
ത്രീലോകരാജ്ഞിയാക്കിയമ്മയെ

ജീവിതയാത്രയിലെ ഭീതിയും
ആകുലചിന്തകൾ തൻ ഭാരവും
പേറിടും ഞങ്ങളുടെ സന്നിധേ
പ്രാർത്ഥനാപൂർവ്വമിന്നു യാചിപ്പൂ

vyaakulamaathaavinodulla-novena ഏഴ് വ്യാകുലങ്ങളെക്കുറിച്ചുള്ള ധ്യാനം ഈശോയുടെ മൃതദേഹസംസ്കാരത്തിൽ പങ്കെടുത്തത് Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message