We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024
വി. യൂദാ ശ്ലീഹായോടുള്ള നൊവേന
ഈശോയുടെ ശിഷ്യനായ വിശുദ്ധ യൂദാതദേവൂസ് പലർക്കും അജ്ഞാതനായിരുന്നു. കാരണം, യൂദാസ്കറിയോത്ത കർത്താവിനെ ഒറ്റിക്കൊടുത്തതു മുതൽ യൂദാസ് എന്ന നാമം വഞ്ചനയുടെയും ചതിയുടെയും പര്യായമായിത്തീരുകയും, ക്രമേണ യൂദാസ് എന്ന പേരു തന്നെ വിസ്മരിക്കപ്പെടുകയും ചെയ്തു എന്നു കരുതപ്പെടുന്നു. അതിനാൽ "വിസ്മരിക്കപ്പെട്ട വിശുദ്ധൻ" എന്ന അപരനാമം യൂദാതദ്ദേവൂസിനുണ്ടായി.
ഈശോയുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരാളായ വി.യൂദാ തദേവൂസ് ചെറിയ യാക്കോബ് ശ്ലീഹായുടെ സഹോദരനും മിശിഹായോടും കന്യകാമറിയത്തോടും രക്തബന്ധം ഉള്ളവനുമായിരുന്നു. "ഈശോയുടെ സഹോദരൻ” എന്നാണ് വേദപുസ്തകം വി. യൂദാതദേവൂസിനെക്കുറിച്ച് പ്രസ്താവിക്കുന്നത് (മത്താ. 13,55).
കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ഏദേസ, സിറിയ, പേർഷ്യ മുതലായ രാജ്യങ്ങളിൽ ഈ വിശുദ്ധൻ തീക്ഷ്ണതയോടെ സുവിശേഷം പ്രസംഗിക്കുകയും അനേകരെ സത്യവിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം. അവസാനം പേർഷ്യയിൽ വച്ച് ശത്രുക്കൾ വിശുദ്ധനെ ഗദ കൊണ്ട് അടിച്ച് അവശനാക്കിയ ശേഷം കഴുത്തുവെട്ടി കൊല്ലുകയാണുണ്ടായത്. അങ്ങനെ അദ്ദേഹം ഈശോയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചു.
ഈശോ സ്വീഡനിലെ വി. ബ്രിജീത്തയ്ക്ക് ദർശനം നല്കിയപ്പോൾ അരുളിചെയ്തു: തദേവൂസ് എന്ന പേരിന്റെ അർത്ഥം "സ്നേഹമുള്ളവൻ' അഥവാ 'ഹൃദയാലു' എന്നാണ്. അതിനാൽ തന്റെ മാദ്ധ്യസ്ഥം തേടുന്നവരെ സഹായിക്കുന്നതിൽ ഈ വിശുദ്ധൻ സദാ ഉത്സുകനാണ്. വിഷമപ്രശ്നങ്ങളിൽ വി. യൂദാതദേവൂസിനോടുള്ള പ്രാർത്ഥന വളര ഫലപ്രദമാണെന്ന് അനേകായിരം അനുഭവസ്ഥർ സാക്ഷ്യം നല്കുന്നു. മാനുഷികശക്തിയെ വെല്ലുവിളിക്കുന്ന മാറാവ്യാധിയോ വൈദ്യശാസ്ത്രത്തിന്റെ കഴിവുകളെ കവിഞ്ഞുള്ള രോഗമോ, ദാരിദ്ര്യമോ നിരാശയോ മാനസികാസ്വാസ്ഥ്യമോ എന്തുതന്നെയായാലും അവയിൽ നിന്ന് ഒരു രക്ഷാമാർഗ്ഗം വിശുദ്ധൻ തന്റെ ഭക്തർക്ക് കാണിച്ചുകൊടുക്കും.
സഭയിലെങ്ങും ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥശക്തി മനസ്സിലാക്കി അദ്ദേഹത്തെ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി കരുതുകയും മാദ്ധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്നു.
തിരുനാൾ ദിനം : ഒക്ടോബർ 28 |
പ്രാരംഭഗാനം
(നിത്യസഹായമാതേ.. എന്ന രീതി)
യൂദാ വിശുദ്ധ ശ്ലീഹാ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
നിൻ ദാസർ ഞങ്ങൾക്കായ് നീ
പ്രാർത്ഥിക്ക ദയാനിധേ (3 പ്രാവശ്യം)
കാർമ്മി: ഈശോയുടെ ശിഷ്യനും അവിടത്തെ ചാർച്ചക്കാരനുമായ വി. യൂദാ തദേവൂസേ, അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി അങ്ങ് ഞങ്ങളെ സഹായിക്കുന്നുവല്ലോ. ദൈവം അങ്ങയിൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. നിരവധി ക്ലേശങ്ങൾ അനുഭവിക്കുന്ന ഞങ്ങൾ അങ്ങയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നു. ഞങ്ങളുടെ എളിയ പ്രാർത്ഥനയെ നിരസിക്കരുതെ. ജീവിത കാലം മുഴുവനും അങ്ങയെപ്പോലെ ഈശോയുടെ ദാസരായി ജീവിച്ചു കൊള്ളാമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കാർമ്മി: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസേ
സമൂ: നിസ്സഹായാവസ്ഥയിൽ ഞങ്ങളെ സഹായിക്കണമേ.
കാർമ്മി: അത്ഭുതകരങ്ങളായ വരങ്ങളാൽ (സമൂഹവും ചേർന്ന്)/ വിശുദ്ധരെ അലങ്കരിക്കുവാൻ/ തിരുമനസ്സായ ദൈവമേ/ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു./ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന/ വിശുദ്ധ യൂദാ തദേവൂസിന്റെ സുകൃതങ്ങൾ പരിഗണിച്ചുകൊണ്ട്/ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമേ./ ഈ വിശുദ്ധനെ അനുകരിച്ച് ദൈവ രാജ്യവും/ അവിടുത്തെ നീതിയും അന്വേഷിക്കുവാനും/ സ്വാർത്ഥത വെടിഞ്ഞ്/ സഹോദരങ്ങൾക്കുവേണ്ടി സേവനം ചെയ്യുവാനുമുള്ള അനുഗ്രഹം/ ഞങ്ങൾക്ക് നല്കണമേ./ ജീവിതയാഥാർത്ഥ്യങ്ങളെ/ വിശ്വാസത്തിന്റെ വെളിച്ചത്തിൽ കണ്ടുകൊണ്ട്/ യഥാർത്ഥ പ്രേഷിതനായി ജീവിക്കുകയും/ രക്തസാക്ഷി മകുടമണിയുകയും ചെയ്ത വി.യൂദാശ്ലീഹായേ/ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ ദൈവപരിപാലന ദർശിക്കുവാനും/ വിശ്വാസപ്രതിസന്ധികളിൽ തളരാതെ/ അങ്ങയെപ്പോലെ ഉറച്ചുനില്ക്കുവാനും ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ./ അങ്ങനെ ഞങ്ങളും സ്വർഗ്ഗത്തിൽ അങ്ങയോടു കൂടി/ ദൈവത്തെ സ്തുതിക്കുന്നതിനിടയാകട്ടെ./ ആമ്മേൻ.
സങ്കീർത്തനം (61, 62)
കാർമ്മി: ദൈവമേ എന്റെ നിലവിളി കേൾക്കണമേ, എന്റെ പ്രാർത്ഥന ചെവികൊള്ളണമേ.
സമൂ: ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ അതിർത്തിയിൽ നിന്ന് അവിടുത്തോട് വിളിച്ചപേക്ഷിക്കുന്നു.
കാർമ്മി: അങ്ങിൽ മാത്രമാണ് എനിക്കാശ്വാസം. അവിടുന്നാണ് എനിക്കു പ്രത്യാശ നല്കുന്നത്.
സമൂ: അവിടുന്ന് മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്ക് കുലുക്കം തട്ടുകയില്ല.
കാർമ്മി: എന്റെ മോചനവും മഹിമയും ദൈവത്തിലാണ്.
സമൂ: എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും,ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. യൂദാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: വി. യൂദാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. യൂദാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.................പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ.................മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷൻമാർക്കും ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി. യൂദാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ .....................മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും,
സമൂ: വി. യൂദാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്,
സമൂ: വി. യൂദാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: വി. യൂദാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വിശുദ്ധ യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: തന്നോടപേക്ഷിക്കുന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യുന്ന ഈശോനാഥാ, കരുണയും അനുഗ്രഹവും നിറഞ്ഞ അങ്ങയുടെ അരൂപിയെ ഞങ്ങളുടെ മേൽ അയയ്ക്കണമേ. അങ്ങയുടെ കരുണയിൽ അഭയം പ്രാപിച്ചിരിക്കുന്ന ഞങ്ങളെ വി. യൂദാതദേവൂസിന്റെ മദ്ധ്യസ്ഥതയിൽ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)
(ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു... എന്ന രീതി)
പുണ്യപൂർണ്ണനാം യൂദായെ അങ്ങേ
ധന്യപാദത്തിൽ നിത്യവും
ആശയോടെത്തും പാപികൾക്കങ്ങേ
ദാനമാരിയരുളണേ
യേശുവിൻ പക്കൽ സ്നേഹമോടെന്നും
പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായ് (2)
യേശുവിൻ പ്രിയ പ്രേഷിതൻ താതാ
സ്നേഹപൂർണ്ണനാം യൂദായെ
പാപവും ദുഷ്ട സാത്താൻ ശക്തിയും
ഞങ്ങളിൽ നിന്നകറ്റീടാൻ
ശുദ്ധമാനസരായി സ്നേഹത്തിൽ
ഒന്നായീടുവാൻ പ്രാർത്ഥിക്ക (2)
അത്ഭുതം ചെയ്ത വീഥികൾ തോറും
സൗഖ്യമേകിയ താതനെ
ആധിവ്യാധികൾ ദുഃഖവും
മനഃക്ലേശവും തിങ്ങും ഞങ്ങളിൽ
സൗഖ്യമേകിടാൻ യേശുവിൻ പക്കൽ
പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി (2)
കാർമ്മി: മിശിഹായുടെ വിശ്വസ്തസ്നേഹിതനും (സമൂഹവും ചേർന്ന്)/ അപ്പസ്തോലനുമായ വിശുദ്ധ യൂദാശ്ലീഹായേ/ ഒറ്റിക്കൊടുത്തവന്റെ പേരുമൂലം അങ്ങ് വിസ്മരിക്കപ്പെടുവാൻ ഇടയായല്ലോ./ എന്നാൽ ഞങ്ങൾ/ അങ്ങയെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു./ ആശയറ്റ സന്ദർഭങ്ങളിൽ/ ദൃശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന്/ അങ്ങേക്കുള്ള പ്രത്യേകവരത്തെ/ ഞങ്ങൾക്കുവേണ്ടി വിനിയോഗിക്കണമെന്ന്/ ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു./ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും/ കഷ്ടതകളിലും ദുഃഖങ്ങളിലും/ അങ്ങു ഞങ്ങളുടെ സഹായത്തിന് വരണമേ./ അങ്ങനെ അങ്ങയോടും മറ്റെല്ലാ വിശുദ്ധരോടും കൂടെ/ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന്/ ഞങ്ങൾക്കിടയാകട്ടെ./ ഓ വിശുദ്ധ യൂദായെ, ഈ വലിയ അനുഗ്രഹത്തെ/ ഞങ്ങൾ എന്നും സ്മരിക്കുന്നതാണെന്നും/ ഞങ്ങളുടെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി/ അങ്ങയെ വണങ്ങുന്നതിൽ ഞങ്ങൾ ഒരിക്കലും കുറവു വരുത്തുകയില്ലെന്നും/ അങ്ങയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന്/ ഞങ്ങളുടെ സർവ്വകഴിവുകളും വിനിയോഗിക്കുന്നതാണെന്നും/ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: വി. യൂദാ തദേവൂസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹാ ആത്മീയവും ശാരീരികവുമായ എല്ലാ വരങ്ങളും നല്കി നമ്മെ അനുഗ്രഹിക്കട്ടെ. വിശ്വാസത്തോടെയും വിശുദ്ധിയോടെയും ഈ ലോകജീവിതം പൂർത്തിയാക്കുന്നതിനും ദൈവവരപ്രസാദത്തിൽ മരിക്കുന്നതിനും സ്വർഗ്ഗഭാഗ്യത്തിനർഹരായിത്തീരുന്നതിനും അവിടുന്നു സഹായിക്കട്ടെ. അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദാശ്ലീഹാ തന്റെ പ്രാർത്ഥനകൾ വഴി നമുക്ക് രോഗങ്ങളിൽ നിന്ന് സൗഖ്യവും, നമ്മുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും, നാടിന് ഐശ്വര്യവും, നാം സമർപ്പിച്ച നിയോഗങ്ങളുടെ സാഫല്യവും ഈശോയിൽ നിന്ന് വാങ്ങിനല്കുമാറാകട്ടെ. നമ്മുടെ കർത്താവിശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടെയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം
പൂജ്യനാം പുണ്യതാത
യേശുവിൻ സ്നേഹദൂതാ
യൂദാ തദേവൂസേ നിൻ പാദപീഠത്തിൽ
കൈകൂപ്പി നിന്നിടുന്നു (പൂജ്യനാം പുണ്യതാതാ...)
ഒറ്റിക്കൊടുത്തവന്റെ പേരിനാൽ
പലരും മറന്നു നിന്നെയെങ്കിലും
മഹിമ പ്രതാപമോടെ വാനിലും
ഭൂവിലും ദീപ്തിയാർന്ന ദീപമേ (പൂജ്യനാം പുണ്യതാതാ..)
ക്ലേശം നിറഞ്ഞിടുന്ന പാതയിൽ
ആശകളസ്തമിക്കും വേളയിൽ
ശരണമില്ലാരുമീ തനയരിൽ
കൃപ നീ ചൊരിഞ്ഞിടൂ ദയാനിധേ (പൂജ്യനാം പുണ്യതാതാ..)
vishudha-yudhaasleehayude-novena “വിസ്മരിക്കപ്പെട്ട വിശുദ്ധൻ' "ഈശോയുടെ സഹോദരൻ” Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206