x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. പാദ്രേ പിയോയോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024

വി. പാദ്രേ പിയോയോടുള്ള നൊവേന

ദക്ഷിണ ഇറ്റലിയിലെ പിയത്രോച്ചീനോയിൽ 1887 മെയ് 25-ന് വി. പിയോ ജനിച്ചു. മാതാപിതാക്കൾ ഗ്രാസിയോയും ജൂസപ്പായും സാധാരണക്കാരായ കർഷകരായിരുന്നു. പിയോയുടെ ആദ്യ പേര് ഫ്രാൻസിസ്കോ എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിനഞ്ചാം വയസ്സിൽ 1903-ൽ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയിൽ ചേർന്ന് പിയോ എന്ന പേരു സ്വീകരിച്ചു. അനാരോഗ്യം കാരണം ഏതാനും വർഷം സ്വന്തം വീട്ടിൽ തന്നെ താമസിക്കേണ്ടി വന്നു. 1910-ൽ പിയോ പൗരോഹിത്യം സ്വീകരിച്ചു. പാദ്രെ എന്നാൽ ഇറ്റാലിയൻ ഭാഷയിൽ 'ഫാദർ' എന്നാണർത്ഥം.

തുടർന്നുള്ള വർഷങ്ങൾ പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. അവയിലൂടെ സാർവ്വത്രികപ്രേഷിതവേലയ്ക്ക് ദൈവം തന്റെ ദാസനെ ഒരുക്കുകയായിരുന്നു. ദൈവകൃപയോട്, നിശ്ചയദാർഢ്യത്തോടെയുള്ള അദ്ദേഹത്തിന്റെ സഹകരണം ഇതിനു സഹായിച്ചു. അസാധാരണങ്ങളായ നിരവധി ആദ്ധ്യാത്മികവരങ്ങൾ കൊണ്ട് നിറഞ്ഞ വ്യക്തിയായിരുന്നു പാദ്രേ പിയോ. 1918-ൽ ക്രൂശിതന്റെ അഞ്ചു തിരുമുറിവുകളും പിയോയുടെ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ പഞ്ചക്ഷത ധാരിയായ പ്രഥമവൈദികനായി പിയോ മാറി.

ആത്മീയഗുരുക്കന്മാർക്കുള്ള അദ്ദേഹത്തിന്റെ കത്തുകളാണ് പല വസ്തുതകളും വെളിപ്പെടുത്തിയത്. ശാരീരികവും ആത്മീയവുമായി നിരന്തരം അദ്ദേഹമനുഭവിച്ച വേദനകൾ വർണ്ണനാതീതങ്ങളായിരുന്നു. പിയോ ജീവിതത്തിലുടനീളം ദൈവൈക്യത്തിലാണ് വർത്തിച്ചിരുന്നത്. ദിവ്യകാരുണ്യത്തോടും കന്യകാമാതാവിനോടുമുള്ള ഉജ്ജ്വലസ്നേഹത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. സാൻ ജൊവന്നി റൊത്തോന്തോയിലെ കപ്പൂച്ചിൻ ആശ്രമത്തിലെ അമ്പതുവർഷക്കാലജീവിതം ദുസ്സഹമായ വേദന നിറഞ്ഞതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സജീവപ്രേഷിതവേദിയും അവിടം തന്നെയായിരുന്നു. മണിക്കൂറുകളോളം പാപസങ്കീർത്തനവേദിയിലിരുന്ന് അനേകരെ മാനസാന്തരപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. 1968 സെപ്തംബർ 23-ന് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട ഫാ. പിയോയെ 1999 മെയ് 2-ന് വാഴ്ത്തപ്പെട്ടവനായും 2002 ജൂൺ 16-ന് വിശുദ്ധനായും ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചു.

തിരുനാൾ ദിനം : സെപ്തംബർ 23

പ്രാരംഭഗാനം

വിശുദ്ധ പാദ്രേ പിയോ
സഹനത്തിൻ മാതൃകയേ
പാപികൾ ഞങ്ങൾക്കായി
നിത്യവും പ്രാർത്ഥിക്കണേ

പഞ്ചക്ഷതങ്ങളാലെ
ഈശോതൻ സാക്ഷിയായി
ജീവിതം സമർപ്പിച്ച
താതനെ വണങ്ങീടാം

ഞങ്ങൾതൻ ജീവിതത്തിൽ
വന്നീടും മുറിവുകളെ
സ്വർഗ്ഗീയമദ്ധ്യസ്ഥത്താൽ 
സൗഖ്യമാക്കീടേണമേ.

കാർമ്മി: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെയടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” എന്നരുളിച്ചെയ്ത കർത്താവേ, ക്രൂശിതന്റെ തിരുമുറിവുകളെ ശരീരത്തിൽ വഹിച്ച വി. പാദ്രേ പിയോയുടെ നാമത്തിൽ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഈ ദാസരെ അങ്ങ് കടാക്ഷിക്കണമേ. സഹനത്തിന്റെയും വേദനയുടെയും തീച്ചൂളയിൽ അങ്ങയോടുള്ള സ്നേഹത്താൽ കത്തിജ്വലിച്ച വി. പാദ്രേ പിയോയുടെ മാദ്ധ്യസ്ഥം മുഖേന അവർണ്ണനീയമായ ദാനങ്ങൾ വർഷിക്കുന്ന കരുണാസമ്പന്നനായ ദൈവമേ, പാപികളും അയോഗ്യരുമായ ഞങ്ങൾ അങ്ങേ പക്കൽ സമർപ്പിക്കുന്ന പ്രാർത്ഥനകളും അർത്ഥനകളും ഈ വിശുദ്ധന്റെ യോഗ്യതയാൽ ഞങ്ങൾക്ക് തന്നരുളേണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: പഞ്ചക്ഷതധാരിയായ വി. പാദ്രേ പിയോയെ

സമൂ: ഈശോയുടെ കുരിശിൽ അഭിമാനിക്കുവാൻ ഞങ്ങളെയും പഠിപ്പിക്കണമേ.

കാർമ്മി: ആലംബഹീനരുടെ ആശ്രയവും (സമൂഹവും ചേർന്ന്)/രോഗികളുടെ ആശ്വാസവും/ പാപികളുടെ സങ്കേതവും/ദരിദ്രരുടെ പിതാവും/ ധനവാന്മാരുടെ മാർഗ്ഗദർശിയുമായിരുന്ന/ പാദ്രേ പിയോ പുണ്യവാനേ/ സഹനത്തിന്റെ ഏകാന്തതയിലും നിരാശയുടെ ആഴങ്ങളിലും/ ഈശോയിൽ പ്രത്യാശ വയ്ക്കുവാൻ/ ഞങ്ങളെയും പഠിപ്പിക്കണമേ./ പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോ/ ലാളിത്യത്തിലും വിധേയത്വത്തിലും/ എളിമയിലും ജീവിച്ചുകൊണ്ട്/ സുവിശേഷത്തിന് സാക്ഷികളാകുവാൻ/ ഞങ്ങളെ സഹായിക്കണമേ./ വഴിതെറ്റിയവരോട് കരുണ കാണിക്കുവാനും/ പാപികളെ നേർവഴിക്ക് തിരിക്കുവാനും/ അഗതികളെ ആശ്വസിപ്പിക്കുവാനും/ ഞങ്ങളെ പ്രാപ്തരാക്കണമേ,/ സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിക്കൊണ്ട്/ ജീവിതം നയിക്കുവാൻ/ ഞങ്ങൾക്കായി ദൈവത്തിന്റെ പക്കൽ/ അങ്ങ് മാദ്ധ്യസ്ഥം വഹിക്കണമേ./ ആമ്മേൻ./

സങ്കീർത്തനം (67)

കാർമ്മി: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. അവിടുന്ന് തന്റെ പ്രീതി നമ്മുടെ മേൽ ചൊരിയുമാറാകട്ടെ

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: അവിടുത്തെ മാർഗ്ഗങ്ങൾ ഭൂമിയിലും രക്ഷാകരശക്തി ജനതകളുടെയിടയിലും അറിയപ്പെടട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടുംകൂടി വി. പാദ്രേ പിയോ ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം

സമൂ: വി.പാദ്രേ പിയോ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ

സമൂ: വി. പാദ്രേ പിയോ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ......... .....പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ.................. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ ................. മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ഉചിതമായി നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. പാദ്രേ പിയോ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ............... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ രൂപതയ്ക്കു ലഭിക്കുവാനും

സമൂ: വി. പാദ്രേ പിയോ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്,

സമൂ: വി. പാദ്രേ പിയോ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വി. പാദ്രേ പിയോ, ഈശോയോട് അപേക്ഷിക്കണമേ.

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. പാദ്രേ പിയോയുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: ജീവിതയാത്രയിൽ ഞങ്ങൾക്ക് സഹായവും സങ്കേതവുമായി മദ്ധ്യസ്ഥരെ നല്കിയനുഗ്രഹിക്കുന്ന ദൈവമേ, ഞങ്ങളങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളുടെ അനുദിനജീവിതത്തിൽ ദുഃഖങ്ങളും ക്ലേശങ്ങളും പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും ഞങ്ങളെ അലട്ടുമ്പോൾ പഞ്ചക്ഷതധാരിയായ വി. പാദ്രേ പിയോയെപ്പോലെ കുരിശിന്റെ ശക്തിയിലാശ്രയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ലോകത്തിലെങ്കിലും ലോകത്തിന്റേതല്ലാത്തവിധം ജീവിച്ചുകൊണ്ട് ലോകത്തിന്റെ പാപങ്ങൾക്കു വേണ്ടി പരിഹാരം ചെയ്യുവാൻ ഞങ്ങളെയും പ്രാപ്തരാക്കണമേ. സകലത്തിന്റേയും നാഥാ, എന്നേക്കും

സമൂ: ആമ്മേൻ,

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(ഭാരതം കതിരു കണ്ടു.. എന്ന രീതി)

ക്രിസ്തുവിൽ പഞ്ചക്ഷതങ്ങൾ
ഹൃദയത്തിലേറ്റുവാങ്ങി
സഹനത്തിൻ രൂപമായ് സ്നേഹത്തിൻ ദീപമായ്
വിശുദ്ധ പാദ്രേ പിയോ

പരിശുദ്ധ അമ്മതൻ ദാസനായ്
ദിവ്യകാരുണ്യത്തിൻ ഭക്തനായ്‌
ദൈവികസ്നേഹമതിൻ പാതയിൽ
ഞങ്ങൾക്കു മാതൃകയാണിന്നു നീ (

ക്രിസ്തുവിൻ....

ഈ ലോകജീവിതത്തിൻ പാതയിൽ
ഭാരങ്ങൾ പേറി ഞങ്ങളുഴലുമ്പോൾ
ആശ്വാസദീപവുമായ് വന്നു നീ
ആനന്ദമേകീടണേ നിത്യവും 

ക്രിസ്തുവിൻ....

കാർമ്മി: കരയുന്നവരുടെ ആശ്വാസവും (സമൂഹവും കൂടി)/ വേദനിക്കുന്നവരുടെ/ സാന്ത്വനവുമായ ഈശോനാഥാ/ ദുഃഖിക്കുന്നവരോടു കൂടി ദുഃഖിക്കുവാനും/ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമായി/ അങ്ങേ മക്കളായ ഞങ്ങൾ/ സഹനത്തിന്റെ ദാസനായ/ വി. പാദ്രേ പിയോയുടെ മദ്ധ്യസ്ഥതയിൽ/ അങ്ങേപ്പക്കൽ അണഞ്ഞിരിക്കുന്നു./ രോഗികൾക്ക് സൗഖ്യവും/ ആകുലർക്ക് ആശ്വാസവും/ അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും/ വാഗ്ദാനം ചെയ്ത കർത്താവേ,/ ക്ലേശിതർക്കാശ്രയവും/ രോഗികൾക്കാശ്വാസവും/ ആസന്നമരണർക്ക് പ്രത്യാശയും/ അങ്ങ് പ്രദാനം ചെയ്യണമേ./ ഞങ്ങളുടെ കുടുംബങ്ങളിൽ പലവിധ രോഗങ്ങളാൽ/ ക്ലേശിതരായി കഴിയുന്നവരെയും/ ആത്മീയവും മാനസികവുമായ/ പലവിധ പീഡകളാൽ/ വേദനിക്കുന്നവരായ ഞങ്ങളെയും/ അങ്ങയുടെ തിരുരക്തത്താൽ കഴുകി സുഖപ്പെടുത്തണമേ./ ക്രിസ്തുവിന്റെ കുരിശിലല്ലാതെ/ മറ്റൊന്നിലും അഭിമാനിക്കാതെ/ ജീവിതത്തിലുണ്ടാകുന്ന കുരിശുകളെ സ്നേഹപൂർവ്വം സ്വീകരിക്കുവാനും ഞങ്ങൾക്കുണ്ടാകുന്ന സഹനങ്ങളെ/ ലോകരക്ഷാർത്ഥം കാഴ്ചവക്കുവാനും/ ഞങ്ങൾക്ക് ശക്തി തരണമേ./ നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും/ ആമ്മേൻ

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വി. പാദ്രേ പിയോ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സമാപനപ്രാർത്ഥന

കാർമ്മി: ഞങ്ങളുടെ കർത്താവായ ഈശോയേ, അങ്ങ് പാദ്രേ പിയോയെ ഉയർത്തുകയും അങ്ങയുടെ കുരിശിലെ മരണത്തെ ഞങ്ങൾ ധ്യാനിക്കുന്നതിനായി അദ്ദേഹത്തിൽ അഞ്ചു തിരുമുറിവുകൾ നല്കി അനുഗ്രഹിക്കുകയും ചെയ്തു. വിശുദ്ധന്റെ വിശ്വാസതീക്ഷ്ണതാ മാതൃക അനുകരിച്ച് സകലപാപങ്ങളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുകയും അങ്ങയുടെ പരിശുദ്ധഹിതത്തിന് ഞങ്ങളെത്തന്നെ സമർപ്പിക്കുകയും ചെയ്യട്ടെ. വിശുദ്ധന്റെ വിശ്വാസതീക്ഷ്ണതയും ദൈവാശ്രയബോധവും വിശുദ്ധിയിൽ വളരുവാൻ ഞങ്ങൾക്ക് പ്രചോദനമായിത്തീരുകയും ചെയ്യട്ടേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും +എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

അലിവെഴും താതാ പാദ്രെ പിയോ
അനുദിനം ദാനങ്ങൾ നല്കുന്നോനേ
അതുല്യകൃപാവര മഹിതാത്മ
അനുഗ്രഹമലിവായ് ചൊരിയണമേ

പാണിതലത്തിലും പാദത്തിലും
പാർശ്വത്തിലും കർതൃപഞ്ചക്ഷതം
പാവനമായി പാരം പേറിയ നിൻ
പാണികളാൽ സൗഖ്യം ചൊരിഞ്ഞീടണേ

മുക്തിക്കായ് തിരു സവിധേയണയും
ഭക്തരെ വാസനാ വൈഭവത്തിൽ
തൃപ്തരാക്കും പരഹൃദയജ്ഞാനി
ശക്തരാക്കീടണേ മാദ്ധ്യസ്ഥത്താൽ

അലിവെഴും......

വി. പാദ്രേ പിയോയോടുള്ള നൊവേന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message