x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. മദർ തെരേസയോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024

വി. മദർ തെരേസയോടുള്ള നൊവേന

മേരി തെരേസ ബൊജാക്സ്യു (ആഗ്നസ്) 1910 ആഗസ്റ്റ് 26-ന് നിക്കോളാസ്  ബൊജാക്സ്യുവിന്റെയും ഡ്രാനാഫിൽ ബർണായുടെയും പുത്രിയായി അൽബേനിയായിലെ ചെറുപട്ടണമായ സ്കോപജെയിൽ ജനിച്ചു. ഉന്നതമായ മൂല്യബോധം കൊണ്ട് സമ്പന്നമായിരുന്നു ആഗ്നസിന്റെ കുടുംബം. തന്റെ അമ്മയെ അവൾ 'പരിശുദ്ധ' യെന്നാണ് വിളിച്ചിരുന്നത്. കാരണം അമ്മ അവളെ ഈശ്വരനെയും അയല്ക്കാരനെയും സ്നേഹിക്കാൻ പഠിപ്പിച്ചു. അച്ഛൻ ദാനശീലനും സാധുക്കളോട് ഒരിക്കലും പരുഷമായി പെരുമാറാത്തവനുമാണെന്ന് അവൾ സാക്ഷ്യപ്പെടുത്തുന്നു.

പന്ത്രണ്ടാമത്തെ വയസ്സു മുതൽ ഒരു കന്യാസ്ത്രീയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അവൾ 18-ാമത്തെ വയസ്സിൽ മഠത്തിൽ ചേർന്നു. “അവന്റെ കരങ്ങളിൽ നിന്റെ കൈവച്ച് എല്ലാ വഴികളിലും സഞ്ചരിക്കുക"യെന്ന പ്രിയമാതാവിന്റെ ഉപദേശം ഉൾക്കൊണ്ട് 1931-ൽ തെരേസയെന്ന നാമം സ്വീകരിച്ച് ലൊറേറ്റോ മഠത്തിലെ അംഗമായി. എന്റല്ലിയെന്ന കൽക്കത്തയുടെ പ്രാന്തപ്രദേശത്തെ ലൊറേറ്റോ കോൺവെന്റിന്റെ കീഴിലുള്ള സെന്റ് മേരീസ് സ്കൂളിൽ ആദ്യം അദ്ധ്യാപികയായും പിന്നീട് പ്രിൻസിപ്പാളായും സേവനം ചെയ്തു. 1946-ൽ പ്രത്യേക ഉൾവിളി സ്വീകരിച്ച്, മരണത്തോട് മല്ലടിക്കുന്ന ആരോരുമില്ലാത്ത വൃദ്ധജനങ്ങൾ, നിത്യരോഗികൾ, യാചകർ, തെരുവിലെറിയപ്പെട്ട ശിശുക്കൾ എന്നിവരുടെ സേവനത്തിനായി സ്വയം സമർപ്പിച്ചു.

അനാഥരുടെയും അശരണരുടെയും രോഗികളുടെയും ക്ഷേമത്തിന് ജീവിതം മുഴുവൻ ഹോമിച്ച മദർ തെരേസ അനുപമമായ സാമൂഹ്യ സേവനത്തിലൂടെ മനുഷ്യസ്നേഹത്തിന്റെ വലിയ പ്രവാചികയായി. രാജകീയശക്തിപ്രാഭവമോ മതമേധാവിത്വമോ അവകാശപ്പെടാനില്ലാത്ത ഒരു സാധാരണക്കാരി, ലോകം കണ്ട ഏറ്റവും വലിയ മിഷനറിയായി. മാഗ്സസേ അവാർഡും കെന്നഡി ഫൗണ്ടേഷൻ അവാർഡും നെഹ്റു അവാർഡും ടെമ്പിൾഡൺ അവാർഡും നൊബേൽ സമ്മാനവും ഭാരതരത്നയും രാജീവ്ഗാന്ധി സദ്ഭാവന അവാർഡും പത്മശ്രീയും ആ വ്യക്തിത്വത്തിന്റെ മാറ്റു കൂട്ടി.

45 വർഷം മിഷനറീസ് ഓഫ് ചാരിറ്റിയെന്ന സന്ന്യാസസമൂഹത്തിന്റെ മാർഗദർശിയും സംഘാടകയുമായി ലോകമെങ്ങുമുള്ള പാവങ്ങൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ 1997 സെപ്തംബർ 5-ന് ജീവിതത്തിന് തിരശ്ശീല വീണു. ഇന്ത്യാ ഗവൺമെന്റ് ഔദ്യോഗികബഹുമതികളോടെ കൽക്കട്ടയിൽ അമ്മയുടെ ഭൗതികശരീരം സംസ്‌കരിച്ചു. അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന നാനാജാതി മതസ്ഥരായ ആളുകൾക്ക് ഇന്നും അനേകം അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധിയുടെ പൂർണതയിലേക്ക് വളർന്ന അവളെ പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2003 ഒക്ടോബർ 19-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.

തിരുനാൾ ദിനം : സെപ്തംബർ 5

പ്രാരംഭഗാനം

പാവങ്ങൾക്കമ്മയായി
മാലോകർ വാഴ്ത്തീടുന്ന
അമ്മേ മദർ തെരേസാ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.

അഗതികളെ സ്നേഹിക്കാനും
പാവങ്ങളെ സേവിക്കാനും
സ്വർഗ്ഗീയമദ്ധ്യസ്ഥത്താൽ
ഞങ്ങൾക്ക് ശക്തിയേകൂ.

ഞങ്ങൾ തൻ ജീവിതത്തിൽ
ക്ലേശങ്ങൾ വന്നീടുമ്പോൾ
പതറീടാതെന്നുമെന്നും
മുന്നേറാൻ തുണയാകണെ.

കാർമ്മി: സർവ്വശക്തനായ ദൈവമേ, വിശുദ്ധ മദർ തെരേസയെ ഞങ്ങൾക്ക് മദ്ധ്യസ്ഥയും മാതൃകയുമായി നല്കിയ അങ്ങയുടെ കാരുണ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു. ആ അമ്മയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങൾ ഇപ്പോൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ ദയാപൂർവ്വം ശ്രവിച്ച് ഞങ്ങളുടെ ജീവിതനിയോഗങ്ങളെ സഫലമാക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

സമൂ: ആമ്മേൻ.

കാർമ്മി: പാവങ്ങളുടെ അമ്മയായ മദർ തെരേസാ, കാരുണ്യവാനായ ഈശോയിലേക്ക് ഞങ്ങളെ അടുപ്പിക്കണമേ.

സമൂ: വേദനിക്കുന്നവരിലും കഷ്ടപ്പെടുന്നവരിലും ഈശോയെ ദർശിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

കാർമ്മി: അഗതികളുടെ അമ്മയും (സമൂഹവും ചേർന്ന്)/ ആലംബഹീനരുടെ ആശ്രയവുമായ മദർ തെരേസേ/ ജീവിച്ചിരിക്കെത്തന്നെ/ അമ്മയിൽ വിളങ്ങിയിരുന്ന/ അഗാധമായ ദൈവസ്നേഹവും/ ശ്രേഷ്ഠമായ പുണ്യങ്ങളും/ വേദനിക്കുന്നവരോടും/ രോഗികളോടും പാവപ്പെട്ടവരോടുമുള്ള/ നിസ്സീമമായ കാരുണ്യവും/ അമ്മയെ അത്ഭുതകരമായ ശക്തിവിശേഷണങ്ങൾക്ക്/ അർഹയാക്കിത്തിർത്തുവല്ലോ./ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥം വഴി/ എളിയവരായ ഞങ്ങൾക്ക് ആവശ്യമായ/ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു./ രോഗികളെ പരിചരിക്കുന്നതിലും/ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിലും/ പാവപ്പെട്ടവരോട് കരുണ കാണിക്കുന്നതിലും/ അമ്മ പ്രകടിപ്പിച്ച സ്നേഹം/ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കട്ടെ /അമ്മയുടെ പ്രേഷിതതീക്ഷ്ണതയും/ അഗാധമായ ദൈവസ്നേഹവും/ എളിയവരിൽ ഈശോയെ ദർശിക്കുവാനുള്ള അനുഗ്രഹവും/ അങ്ങ് ഞങ്ങൾക്കായ് വാങ്ങിത്തരേണമേ, ആമ്മേൻ!

സങ്കീർത്തനം(62)

കാർമ്മി: ദൈവത്തിൽ മാത്രമാണ് എന്റെ ആശ്വാസം, അവിടുന്നാണ് എനിക്ക് രക്ഷ നല്കുന്നത്. അവിടുന്ന് മാത്രമാണെന്റെ അഭയശിലയും കോട്ടയും, ഞാൻ കുലുങ്ങിവീഴുകയില്ല.

സമൂ: എന്റെ മോചനവും മഹിമയും ദൈവത്തിലാണ്. എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

കാർമ്മി: ജനമേ, എന്നും ദൈവത്തിൽ ശരണം വയ്ക്കുവിൻ. അവിടുത്തെ മുമ്പിൽ നിങ്ങളുടെ ഹൃദയം തുറക്കുവിൻ. അവിടുന്നാണ് നമ്മുടെ സങ്കേതം.

സമൂ: ദൈവമേ, അവിടുന്നാണെന്റെ ദൈവം. ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വിശുദ്ധ മദർ തെരേസാ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമു: വിശുദ്ധ മദർ തെരേസാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വിശുദ്ധ മദർ തെരേസാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.................. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ...................... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.................. മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വിശുദ്ധ മദർ തെരേസാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ.................. മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള ആത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും,

സമൂ: വിശുദ്ധ മദർ തെരേസാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്,

സമൂ: വിശുദ്ധ മദർ തെരേസാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരാനും

സമൂ: വിശുദ്ധ മദർ തെരേസാ, ഈശോയോട് അപേക്ഷിക്കണമേ.

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വിശുദ്ധ മദർ തെരേസായുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: കാരുണ്യവാനായ കർത്താവേ, അങ്ങേ വിശ്വസ്തദാസിയായ മദർതെരേസയെ വിശേഷപുണ്യങ്ങളാൽ അലങ്കരിക്കുന്നതിനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനുള്ള ദൈവികശക്തി നല്കുന്നതിനും തിരുമനസ്സായ അങ്ങ്, അമ്മയുടെ മാദ്ധ്യസ്ഥം വഴിയായി ഞങ്ങൾ സമർപ്പിച്ച യാചനകൾ ദയാപൂർവ്വം സ്വീകരിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ,

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(നാഥാ ശിഷ്യഗണത്തിന്മേൽ... എന്ന രീതി)

ഭാരതഭൂവിൽ പ്രേഷിതയായി
വന്നു നിറഞ്ഞു വസിച്ചവളേ
വിശുദ്ധയായ തെരേസാ നീ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

മദർ തെരേസായേ നീ
മദ്ധ്യസ്ഥയാകണമേ
വാത്സല്യത്താൽ ഞങ്ങളെ നീ
മക്കളാക്കണമേ,

ദരിദ്രരെ സ്നേഹിക്കാൻ
സോദരസ്നേഹം നിറച്ചീടുവാൻ
രോഗികളാലംബഹീനരെയും
ദൈവത്തിങ്കലേക്കെത്തിക്കാൻ

മദർതെരേസായേ... 

കാർമ്മി: ലാളിത്യത്തിന്റെയും (സമൂഹവും ചേർന്ന്)/ കാരുണ്യത്തിന്റെയും മാതൃകയും/ അനാഥരുടെ ആശ്രയവുമായിരുന്ന മദർതെരേസാ/ ദയാപൂർവ്വം ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കുകയും/ ആശ്വസിപ്പിക്കുകയും ചെയ്യുന്നുവല്ലോ./ അമ്മയുടെ മാതൃകയാൽ പ്രേരിതരായി/ ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും/ സഹോദരരോടുള്ള ഐക്യത്തിലും ജീവിക്കുന്നതാണെന്ന്/ ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു./ ദയാനിധിയായ അമ്മേ,/ അങ്ങേ മഹത്വമേറിയ സഹായം എല്ലായ്പോഴും/ ഞങ്ങൾക്ക് അനുഭവപ്പെടാൻ ഇടയാക്കണമേ./ പരിശുദ്ധപരമദിവ്യകാരുണ്യത്തിന്റെ അഗാധഭക്തയായിരുന്ന മദർ തെരേസയേ/ അങ്ങയുടെ മാദ്ധ്യസ്ഥത്തെ ഞങ്ങൾ എന്നും നന്ദിയോടെ ഓർക്കുമെന്നും/ അങ്ങയോടുള്ള ഭക്തിവഴിയായി/ ദിവ്യകാരുണ്യനാഥനായ ഈശോയെ/ കൂടുതൽ സ്നേഹിക്കുമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു./ ആമ്മേൻ,

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വിശുദ്ധ മദർ തെരേസാ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സമാപനപ്രാർത്ഥന

കാർമ്മി: കൃപാനിധിയായ ദൈവമേ, അങ്ങേ വത്സലദാസിയായ മദർ തെരേസയുടെ യോഗ്യതകളും സുകൃതങ്ങളും പരിഗണിച്ച്, ഇന്നത്തെ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്ന എല്ലാവർക്കും ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ. സകലവിധ രോഗങ്ങളിൽ നിന്നും ശാരീരികാസ്വസ്ഥതകളിൽ നിന്നും മാനസികവിഷമങ്ങളിൽ നിന്നും എല്ലാവരും മോചിതരാകട്ടെ. സാമ്പത്തികമായ ഭദ്രതയും ഉദ്ദിഷ്ടകാര്യലബ്ധിയും നല്കി ഏവരേയും അനുഗ്രഹിക്കുകയും ചെയ്യണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

(എത്രയും ദയയുള്ള മാതാവേ... എന്ന രീതി)

പുണ്യപ്രഭാമയി മദർ തെരേസേ
നിൻനാമം ഞങ്ങൾ വാഴ്ത്തിടുന്നു
നിർമ്മല കന്യകേ ഞങ്ങൾക്കായ് നിൻ
സ്വർഗ്ഗീയ മദ്ധ്യസ്ഥം യാചിക്കുന്നു.

ഉപവിയും ദയയും കൈമുതലായ്
തെരുവിലലഞ്ഞൊരു സ്നേഹമയീ
കാരുണ്യത്തിൻ കതിരൊളിയായ്
ഞങ്ങൾക്ക് മാതൃകയേകിയല്ലോ

സഹനത്തിൻ പാതയിൽ നടന്നീടുവാൻ
ഞങ്ങൾക്കെന്നെന്നും പ്രഭയേകണേ
യേശുവിൽ പരിപൂർണരായിടുവാൻ
എന്നും നീ ഞങ്ങൾക്ക് തുണയാകണേ.

വി. മദർ തെരേസയോടുള്ള നൊവേന vi-madar-theresayodulla-novena Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message