x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. മാർട്ടിൻ ഡി പോറസിനോടുള്ള നൊവേന

Authored by : Liturgical Commission, Diocese Mananthavady On 10-Jul-2024

വി. മാർട്ടിൻ ഡി പോറസിനോടുള്ള നൊവേന

ഒരു സ്പാനിഷ് പ്രഭുവായ ഡോ. ജുവാൻ ഡി പോറസിന്റെയും ഒരു പനാമ നീഗ്രോയായ അന്നാ വെലാസ്ക്വെസിന്റെയും സന്താനമായി 1579 ഡിസംബർ 9-ാം തിയതി മാർട്ടിൽ ലീമായിൽ ജനിച്ചു. ഇളയ സഹോദരിയായിരുന്ന ജയിനിന്റെ ജനനത്തെ തുടർന്ന് ഡോ. ജുവാൻ അമ്മയെയും കുട്ടികളെയും നിഷ്കരുണം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്കു പോയി.

മാർട്ടിന് എട്ടു വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ലീമായിലേക്ക് തിരിച്ചുവന്നു. ഒരു ദീനദയാലുവാണ് തന്റെ പുത്രനെന്നറിഞ്ഞ ജുവാൻ സന്തുഷ്ടനാവുകയും ആ ബാലന്റെ ഉപരിനന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ച് ഗ്വയാക്വിലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ രണ്ടു കൊല്ലക്കാലത്തെ വിദ്യാഭ്യാസത്തിനു ശേഷം 12-ാമത്തെ വയസ്സിൽ മാർട്ടിൻ, ക്ഷുരകനും ഡോക്ടറുമായി പ്രവർത്തിച്ചിരുന്ന ഒരാളുടെ കീഴിൽ ജോലിയാരംഭിച്ചു.

15-ാമത്തെ വയസ്സിൽ പ്രാർത്ഥനയ്ക്കും പ്രവർത്തനത്തിനും സമർപ്പിതജീവിതത്തിനുമായി തനിക്ക് ലഭിച്ച ആന്തരികപ്രേരണയനുസരിച്ച് ഡൊമിനിക്കൻ സന്യാസസഭയിൽ മൂന്നാം സഭാംഗമായി മാർട്ടിൻ ചേർന്നു. ഏറ്റവും താണ ജോലികൾ ചെയ്യുന്നതിൽ മാർട്ടിൻ അതീവതാത്പര്യം കാണിച്ചു. ഒരു തുണസഹോദരനായ അദ്ദേഹത്തിന്റെ പ്രാർത്ഥനാചൈതന്യം, ദീനസേവന സന്നദ്ധത, പ്രായ്ശ്ചിത്താരൂപി, പരസ്നേഹം തുടങ്ങിയ സുകൃതങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിച്ചു. ധനവാന്മാരിൽ നിന്ന് യാചിച്ചു വാങ്ങിയിരുന്ന തുകകൊണ്ട് ശരാശരി ഇരുന്നൂറു പേർക്ക് മാർട്ടിൻ പ്രതിദിനം ഭക്ഷണം കൊടുത്തിരുന്നു. “സാധുക്കളുടെ പിതാവ്” എന്നാണ് മാർട്ടിൽ അറിയപ്പെട്ടിരുന്നത്.

1639 നവംബർ 3-ന് മാർട്ടിൻ നിര്യാതനായി. മൃതദേഹം കാണുവാനായി എത്തിയത് ആയിരങ്ങളാണ്. അദ്ദേഹത്തിന്റെ ശവകുടീരം അത്ഭുതങ്ങളുടെ കേന്ദ്രമായി മാറി. 1837-ൽ പതിനാറാം ഗ്രിഗോറിയോസ് മാർപാപ്പ മാർട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1962 മെയ് 6-ന് 23-ാം യോഹന്നാൻ മാർപാപ്പ വാഴ്ത്തപ്പെട്ട മാർട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. നിരാലംബരുടെയും ക്ലേശമനുഭവിക്കുന്നവരുടെയും പ്രത്യേക മദ്ധ്യസ്ഥനാണ് വിശുദ്ധ മാർട്ടിൻ.

തിരുനാൾ ദിനം : നവംബർ 3

പ്രാരംഭഗാനം

(നിത്യസഹായമാതേ... എന്ന രീതി)

മാർട്ടിൻ ഡി പോറസ് താതാ
സ്നേഹത്തിൻ മാതൃകയേ
ത്യാഗത്തിൻ പര്യായമേ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ

സേവനപാതകളിൽ
പ്രാർത്ഥനാദീപവുമായ്
കാരുണ്യം വർഷിച്ചു നീ
ഞങ്ങൾക്കു മാതൃകയായ്

സഹനത്തിൻ പാതകളിൽ
ഞങ്ങൾ അലഞ്ഞിടുമ്പോൾ
അവിടുത്തെ മദ്ധ്യസ്ഥത്താൽ
ഞങ്ങളെ കാത്തിടേണേ.

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു. അങ്ങേക്കെതിരായി ചെയ്തു പോയ പാപങ്ങളോർത്ത് ഞങ്ങൾ മനസ്തപിക്കുന്നു, അവയ്ക്കു ഞങ്ങൾ മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളെ അനുഗ്രഹിക്കണമേ. വി. മാർട്ടിൻ ഡി. പോറസിനെ അനുകരിച്ച്, അനാഥരിലും ക്ലേശിതരിലും അങ്ങയെ ദർശിക്കുവാനും അവർക്ക് സ്നേഹപൂർവ്വം സേവനം ചെയ്യുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്താലും സുകൃതസമ്പന്നമായ ജീവിതത്താൽ അങ്ങയെ പ്രസാദിപ്പിച്ച വിശുദ്ധന്റെ മദ്ധ്യസ്ഥതയാലും ഞങ്ങളുടെ പ്രാർത്ഥനകൾ കൈക്കൊള്ളണമേ. സകലത്തിന്റെയും നാഥാ എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്തു കൊടുത്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തു തന്നത് എന്ന മിശിഹായുടെ വാക്കുകളനുസരിച്ച് അനാഥർക്കും ദുഃഖിതർക്കും വേണ്ടി ജീവിതം മുഴുവൻ മാറ്റിവച്ച വി. മാർട്ടിൻ ഡി പോറസേ

സമൂ: ജീവകാരുണ്യപ്രവൃത്തികൾ ചെയ്യുന്നതിനും അവിടുന്നു കാണിച്ചു തന്ന പ്രാർത്ഥനയുടെ പാതയിലൂടെ ചരിക്കുന്നതിനും ഞങ്ങളെ സഹായിക്കണമേ.

കാർമ്മി: ക്ലേശകരമായ അദ്ധ്വാനങ്ങൾക്കിടയിലും (സമൂഹവും ചേർന്ന്)/ ദൈവവുമായി ഐക്യം പുലർത്തുകയും/ ദിവ്യനാഥനുമായി നിരന്തരം സംഭാഷിക്കുകയും ചെയ്തുകൊണ്ട്/ ജീവിതം മുഴുവൻ ഒരു ത്യാഗബലിയായി മാറ്റിയ/ വി. മാർട്ടിൻ ഡി പോറസേ/ അനുദിനജീവിതത്തിൽ/ സ്വർഗ്ഗോന്മുഖരായി വർത്തിക്കുവാൻ/ ഞങ്ങളെ സഹായിക്കണമേ./ പ്രാർത്ഥനയും പ്രായശ്ചിത്തകൃത്യങ്ങളും വഴി /ജീവിതബലി പൂർത്തിയാക്കിയ അങ്ങേക്ക്/ അത്ഭുതങ്ങൾ പ്രവർത്തിക്കുവാനുള്ള വരം നല്കിയ/ സർവ്വശക്തനായ ദൈവത്തിൽ നിന്ന്/ പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ചൈതന്യം/ ഞങ്ങൾക്കു പ്രാപിച്ചുതരികയും/സുവിശേഷോപദേശങ്ങൾ അനുസരിച്ചു ജീവിക്കുവാൻ/ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ./ സകലത്തിന്റെയും നാഥാ, എന്നേക്കും ആമ്മേൻ./

സങ്കീർത്തനം (62,63)

കാർമ്മി: ദൈവത്തിൽ മാത്രമാണ് എന്റെ ആശ്വാസം, അവിടുന്നാണ് എനിക്ക് രക്ഷ നല്കുന്നത്. അവിടുന്ന് മാത്രമാണെന്റെ അഭയശിലയും കോട്ടയും. ഞാൻ കുലുങ്ങി വീഴുകയില്ല.

സമൂ: എന്റെ മോചനവും മഹിമയും ദൈവത്തിലാണ്. എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

കാർമ്മി: ജനമേ, എന്നും ദൈവത്തിൽ ശരണം വയ്ക്കുവിൻ. അവിടുത്തെ മുമ്പിൽ നിങ്ങളുടെ ഹൃദയം തുറക്കുവിൻ. അവിടുന്നാണ് നമ്മുടെ സങ്കേതം.

സമൂ: ദൈവമേ, അവിടുന്നാണെന്റെ ദൈവം. ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേയ്ക്കായ് ദാഹിക്കുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. മാർട്ടിൻ ഡി പോറസേ ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വി. മാർട്ടിൻ ഡി പോറസേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വി. മാർട്ടിൻ ഡി പോറസേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.................. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ............... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ............... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. മാർട്ടിൻ ഡി പോറസേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ ...................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും

സമൂ: വി. മാർട്ടിൻ ഡി പോറസേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വി. മാർട്ടിൻ ഡി പോറസേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലുംവിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വി. മാർട്ടിൻ ഡി പോറസ, ഈശോയോട് അപേക്ഷിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി മാർട്ടിൻ ഡി പോറസിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: തീവ്രമായ പ്രാർത്ഥനയും നിരന്തരമായ പ്രവർത്തനവും വഴി ജീവിതം വിശുദ്ധമായി കാത്തു സൂക്ഷിച്ച വി. മാർട്ടിൻ ഡി പോറസേ ക്ലേശപൂർണമായ സേവനങ്ങളും മറ്റാരും ചെയ്യാനാഗ്രഹിക്കാത്ത ജോലികളും സന്തോഷപൂർവ്വം ഏറ്റെടുക്കുവാനും അവ വിശ്വസ്തതയോടെ പൂർത്തിയാക്കുവാനും ആവശ്യമായ സന്നദ്ധത ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. ഞങ്ങളുടെ എല്ലാ കർത്തവ്യങ്ങളും വിശ്വസ്തതയോടെ നിറവേറ്റുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന ചിന്ത ഞങ്ങളിൽ ഉജ്ജീവിപ്പിക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ,

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)

(ഭാരതം കതിരു കണ്ടു.. എന്ന രീതി)

വിശുദ്ധനാം മാർട്ടിൻ ഡി പോറസേ
അനുഗ്രഹം വർഷിച്ചീടണേ
സാധുക്കളായ ഞങ്ങൾ മുട്ടിവിളിച്ചിടുന്നു
കാരുണ്യം തൂകിടേണേ

ലീമായിൽ വിശുദ്ധിയിൽ വളർന്നു നീ
ത്യാഗത്തിൻ ക്ലേശത്തിൻ വഴിയിലും
ആതുരസേവന മനസ്സുമായി
സ്വർഗ്ഗീയപാതയിൽ ചരിച്ചു നീ

സ്നേഹത്തിലെന്നുമെന്നും വളരുവാൻ
വിശുദ്ധമാം ജീവിതം നയിക്കുവാൻ
ത്യാഗത്തിനു വഴികളെ പുണരുവാൻ
വഴികാട്ടിയായി വിളങ്ങിടേണമേ

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ (സമൂഹവും ചേർന്ന്)/ ക്ലേശങ്ങളിലും അവഗണനകളിലും/ അങ്ങയുടെ തൃക്കരം ദർശിക്കുകയും/ അവയെ സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്ത/ വിശുദ്ധ മാർട്ടിൻ ഡി പോറസിനെ/ അത്ഭുതവരങ്ങളാൽ അങ്ങ് അനുഗ്രഹിച്ചുവല്ലോ./ ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥശക്തിയിൽ ആശ്രയിച്ചുകൊണ്ട്/ അങ്ങേ തിരുസന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങൾക്ക്/ ജീവിതക്ലേശങ്ങളെ സന്തോഷപൂർവ്വം നേരിടുവാനുള്ള അനുഗ്രഹം/ പ്രദാനം ചെയ്യണമേ./ ആത്മനാ ദാരിദ്ര്യമുള്ളവർക്ക് സ്വർഗ്ഗരാജ്യവും/ ശാന്തശീലർക്ക് ഭൗമികസമ്പത്തും/ കരയുന്നവർക്കാശ്വാസവും/ നീതിപാലകർക്കു സംതൃപ്തിയും/ കാരുണ്യം കാണിക്കുന്നവർക്ക് കൃപാകടാക്ഷവും/ ഹൃദയശുദ്ധിയുള്ളവർക്ക് ദൈവദർശനവും/ സമാധാനപാലകർക്ക് ദൈവപുത്രസ്ഥാനവും/ പീഡിതർക്ക് മോക്ഷഭാഗ്യവും/ അവഹേളിതർക്കും മർദ്ദിതർക്കും വർദ്ധിച്ച സ്വർഗ്ഗീയ പ്രതിഫലവും/ വാഗ്ദാനം ചെയ്ത അങ്ങേ തിരുക്കുമാരന്റെ കാലടികളെ/ വിശ്വസ്തതയോടെ പിഞ്ചെല്ലുവാനുള്ള കഴിവും അനുഗ്രഹവും/ അങ്ങേ ദാസനായ വി. മാർട്ടിന്റെ സുകൃതങ്ങൾ പരിഗണിച്ച്/ ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ/ ആമ്മേൻ /

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വി. മാർട്ടിൻ ഡി പോറസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനപ്രാർത്ഥന

കാർമ്മി: ഈ ലോകജീവിതത്തെ പ്രാർത്ഥനയും സഹനവും വഴി ധന്യമാക്കുകയും, സ്നേഹപൂർണമായ സേവനത്താൽ സമ്പന്നമാക്കുകയും ചെയ്ത വി. മാർട്ടിൻ ഡി പോറസിനെ ഇഹത്തിലും പരത്തിലും സമൃദ്ധമായി അനുഗ്രഹിച്ച ദൈവം നിങ്ങളെ കരുണാപൂർവ്വം കടാക്ഷിക്കട്ടെ. ദൈവസുതനായ ഈശോമിശിഹായുടെ സമാധാനം നിങ്ങളെ വലയം ചെയ്യട്ടെ. ഈശോയുടെ സ്നേഹം നിങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കട്ടെ. ഈശോയുടെ തീക്ഷ്ണത നിങ്ങളെ ഉത്തേജിപ്പിക്കട്ടെ. അവിടുത്തെ സത്ഗുണങ്ങൾ നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കട്ടെ. എല്ലാ രോഗങ്ങളിലും വേദനകളിലും നിന്ന് നിങ്ങൾ മോചിതരാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും+ എപ്പോഴും+ എന്നേക്കും+

സമൂ: ആമ്മേൻ.

സമാപനഗാനം

(വിശുദ്ധനായ സെബസ്ത്യാനോസേ... എന്ന രീതി)

നന്ദി തൻ കൂപ്പുകരങ്ങളുമായി
ഞങ്ങൾ നിന്നെ വണങ്ങീടുന്നു
വിശുദ്ധ മാർട്ടിൻ പുണ്യാളനരികെ
നന്ദിയോടിവരും പാടിടുന്നു
ലീമായിൽ വളർന്ന ദീനദയാലോ
പാവങ്ങൾ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ

                                   (നന്ദി തൻ.....)

ക്ലേശങ്ങളിലും വേദനകളിലും
താങ്ങായ് തണലായ് വന്നീടേണേ
രോഗം ദീനം തളർത്തീടുമ്പോൾ
ഞങ്ങൾ നിൻ മാദ്ധ്യസ്ഥം തേടീടുന്നു
                                     (നന്ദി തൻ.....)

“സാധുക്കളുടെ പിതാവ്” നിരാലംബരുടെയും ക്ലേശമനുഭവിക്കുന്നവരുടെയും പ്രത്യേക മദ്ധ്യസ്ഥനാണ് വിശുദ്ധ മാർട്ടിൻ. Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message