x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024

വി. കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനോടുള്ള നൊവേന

1805 ഫെബ്രുവരി 10-ാം തീയതി കൈനകരിയിൽ ചാവറ കുടുംബത്തിലാണ് ചാവറ കുര്യക്കോസ് ഏലിയാസച്ചന്റെ ജനനം. 1815-ൽ സ്കൂൾ പഠനത്തിനു ശേഷം പള്ളിപ്പുറം സെമിനാരിയിൽ പാലയ്ക്കൽ തോമ്മ മല്പാന്റെ കീഴിൽ വൈദികപഠനം ആരംഭിച്ചു. 1829-ൽ 24-ാമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു.

വൈദിക ജീവിതത്തിന്റെ ആരംഭത്തിൽത്തന്നെ അർപ്പണജീവിതത്തെപ്പറ്റി ചാവറയച്ചന്റെ ഹൃദയത്തിലുണ്ടായിരുന്ന തീവ്രമായ ആഗ്രഹം രണ്ടുവർഷത്തിനു ശേഷം പൂവണിഞ്ഞു. 1831-ൽ ഭാരതത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസ സഭ (C.M.I) പാലയ്ക്കൽ തോമ്മാ മല്പാൻ, പോരൂക്കര തോമ്മാ മല്പാൻ എന്നിവരുടെ സഹായത്തോടുകൂടെ അദ്ദേഹം മാന്നാനം കുന്നിൽ സ്ഥാപിച്ചു. 1846 മുതൽ മരണംവരെ ഈ സന്ന്യാസസഭയുടെ നേതൃത്വവും അദ്ദേഹം വഹിച്ചു.

1861 മുതൽ കേരള സുറിയാനി സഭയുടെ വികാരി ജനറാളായിരുന്നു ചാവറയച്ചൻ. ആ കാലഘട്ടത്തിൽ സഭയിൽ ആഞ്ഞടിച്ച റോക്കോസ് ശീശ്മയെ പാടെ നിർമാർജ്ജനം ചെയ്തത് മാർപാപ്പായുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. 1832 മുതൽ 32 വർഷം മാന്നാനം കേന്ദ്രമാക്കി ആരാധനക്രമം, വിദ്യാഭ്യാസം, സാമൂഹ്യം, സാംസ്കാരികം മുതലായ മണ്ഡലങ്ങളിൽ എണ്ണമറ്റ സംഭാവനകൾ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ നല്കിയിട്ടുണ്ട്. പ്രസിദ്ധനായ ഒരു ഗ്രന്ഥകാരനെന്ന നിലയിലും ചാവറയച്ചന്റെ ശുശ്രൂഷകൾ സ്തുത്യർഹമാണ്.

ജീവിതത്തിൽ അവസാനത്തെ ഏഴുവർഷം കൂനമ്മാവായിരുന്നു വി. ചാവറ അച്ഛന്റെ പ്രവർത്തന കേന്ദ്രം. ഭാരതത്തിലെ പ്രഥമ ഏതദ്ദേശീയ സന്ന്യാസിനിസഭ (C.M.C) 1866-ൽ കൂനമ്മാവിൽ സ്ഥാപിച്ചതും ചാവറയച്ചനാണ്. അവസാനം 1871 ജനുവരി 3-ാം തീയതി കൂനമ്മാവിൽവെച്ചു തന്നെ ഈ ദൈവിക മനുഷ്യന്റെ പരിപാവനമായ ജീവിതത്തിനു തിരശ്ശീല വീണു.

18 വർഷങ്ങൾക്കു ശേഷം ഈ പുണ്യപുരുഷന്റെ തിരുശേഷിപ്പുകൾ കൂനമ്മാവിലെ വി.ഫിലോമിനയുടെ ദേവാലയത്തിൽ നിന്നും എടുത്തു മാന്നാനം ആശ്രമദേവാലയത്തിൽ സ്ഥാപിച്ചു. ജീവിച്ചിരിക്കുമ്പോൾത്തന്നെ ഒരു വിശുദ്ധനെന്നു പരിഗണിക്കപ്പെട്ടിരുന്ന ചാവറയച്ചൻ മരണശേഷം അനേകരുടെ ആവശ്യങ്ങളിൽ ശക്തമായ മദ്ധ്യസ്ഥസഹായം നല്കി. വി. അൽഫോൻസാമ്മയ്ക്ക് പ്രത്യക്ഷപ്പെട്ട് രോഗം സുഖമാക്കിയ കാര്യം അൽഫോൻസാമ്മ തന്നെ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ചാവറ അച്ചന്റെ നാമകരണ നടപടികൾ 1956-ൽ ആരംഭിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1986 ഫെബ്രുവരി 8-ാം തീയതി കോട്ടയത്തുവച്ച് ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.

തിരുനാൾ ദിനം : ജനുവരി 3

പ്രാരംഭഗാനം

(നിത്യസഹായമാതേ... എന്ന രീതി)

കർമ്മെല ചൈതന്യത്തിൻ
നിർമ്മലദർപ്പണമേ
കുര്യാക്കോസ് ധന്യാത്മാവേ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ.

ജീവിത വീഥികളിൽ
പാപമകറ്റീടുവാൻ
ആത്മാവിനാനന്ദവും
രക്ഷയും നേടീടുവാൻ -

കർമ്മെല...

രോഗവും പീഡകളും
ശാന്തമായ് സ്വീകരിക്കാൻ
ആശ്രയമെന്നുമെന്നും
ദൈവത്തിലർപ്പിക്കുവാൻ -

കർമ്മെല.....

കാർമ്മി: സകലത്തിന്റെയും കർത്താവായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങ് ഞങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ നന്മകളക്കുറിച്ചും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. സർവ്വ നന്മസ്വരൂപിയായ അങ്ങയെ ഞങ്ങൾ മുഴുഹൃദയത്തോടുകൂടി സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസനും ഞങ്ങളുടെ പിതാവുമായ വി. കുര്യാക്കോസ് ഏലിയാസച്ചന് നൽകിയിട്ടുള്ള സകല വിശിഷ്ട വരങ്ങളെക്കുറിച്ചും അദ്ദേഹത്തോട് ചേർന്നുകൊണ്ട് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. വി. കുര്യാക്കോസ് ഏലിയാസച്ചൻ വഴി ഞങ്ങൾ അർപ്പിക്കുന്ന ഈ പ്രാർത്ഥന കാര്യണ്യപൂർവ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

സമൂ: ആമ്മേൻ

കാർമ്മി: ബാല്യം മുതൽ ഹൃദയശുദ്ധതയോടെ ജീവിക്കുകയും മാമ്മോദീസായിൽ ലഭിച്ച വരപ്രസാദം ഉജ്ജ്വലിപ്പിച്ചുകൊണ്ട് ഭാഗ്യമരണം പ്രാപിക്കുകയും ചെയ്ത വി. കുര്യാക്കോസ് ഏലിയാസച്ചാ,

സമൂ: ജീവിതാന്ത്യം വരെ വരപ്രസാദപൂർണതയിൽ ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

കാർമ്മി: കേരളസഭയ്ക്ക് (സമൂഹവും ചേർന്ന്)/ നവജീവൻ നൽകുവാൻ/ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട/ വി. കുര്യാക്കോസ് ഏലിയാസ് അച്ചാ,/ മക്കളായ ഞങ്ങൾ അങ്ങയെ വണങ്ങുന്നു./ ദൈവം അങ്ങിൽ സംപ്രീതനായി/ അങ്ങേ ആത്മാവിനെ വിശിഷ്ട പുണ്യങ്ങളാൽ അലങ്കരിക്കുകയും/ സ്വർഗ്ഗത്തിൽ അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നതിൽ/ ഞങ്ങൾ അങ്ങയോടു ചേർന്ന്/ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്നു./ വി. കുര്യാക്കോസ് ഏലിയാസച്ചാ,/ സൈന്യങ്ങളുടെ കർത്താവായ ദൈവത്തെക്കുറിച്ചുള്ള/ തീക്ഷ്ണതയാൽ എരിഞ്ഞിരുന്ന ഏലിയ പ്രവാചകനെപ്പോലെ/ ദൈവിക തീക്ഷ്ണതയോടെ/ ആത്മാക്കളുടെ രക്ഷയ്ക്കായി/ ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച അങ്ങയെ അനുകരിച്ച്/ മക്കളായ ഞങ്ങളും/ ദൈവത്തിനു പ്രീതികരമാംവിധം ജീവിക്കുന്നതിനുവേണ്ട/ ദൈവകൃപയും/ അതോടുകൂടി ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന അനുഗ്രഹങ്ങളും/ അങ്ങേ മാദ്ധ്യസ്ഥ്യം വഴി വാങ്ങി തരണമെന്ന്/ ഞങ്ങൾ അപേക്ഷിക്കുന്നു, ആമ്മേൻ/

മത്തായി 5,2-9

കാർമ്മി: ആത്മാവിൽ ദരിദ്രർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.

സമൂഹം: വിലപിക്കുന്നവർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ അവർക്ക് ആശ്വാസം ലഭിക്കും.

കാർമ്മി: സൗമ്യശീലർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ, അവർ ഭൂമി കൈവശമാക്കും.

സമൂ: നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ അവർ സംതൃപ്തരാക്കപ്പെടും.

കാർമ്മി: കാരുണ്യമുള്ളവർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ, അവരുടെമേൽ കാരുണ്യമുണ്ടാകും.

സമൂഹം: ഹൃദയശുദ്ധിയുള്ളവർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ, അവർ ദൈവത്തെ ദർശിക്കും.

കാർമ്മി: സാമാധാനപാലകർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ, അവർ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും.

സമൂഹം: നീതിക്കുവേണ്ടി പീഡ സഹിക്കുന്നവർ അനുഗൃഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂഹം: ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. കുര്യാക്കോസ് ഏലിയാസച്ചാ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വി. കുര്യാക്കോസ് ഏലിയാസച്ചാ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വി. കുര്യാക്കോസ് ഏലിയാസച്ചാ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ............. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ............. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ................. മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിതങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. കുര്യാക്കോസ് ഏലിയാസച്ചാ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ.............. മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും,

സമൂ: വി. കുര്യാക്കോസ് ഏലിയാസച്ചാ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്,

സമൂ: വി. കുര്യാക്കോസ് ഏലിയാസച്ചാ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വി. കുര്യാക്കോസ് ഏലിയാസച്ചാ, ഈശോയോട് അപേക്ഷിക്കണമേ.

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. കുര്യാക്കോസ് ഏലിയാസച്ചന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: ഞങ്ങളുടെ പിതാവായ കുര്യാക്കോസ് ഏലിയാസച്ചനെ വിശിഷ്ടപുണ്യങ്ങളാൽ അലങ്കരിക്കുവാൻ തിരുമനസ്സായ ദൈവമേ, അദ്ദേഹത്തിന്റെ മക്കളായ ഞങ്ങളും ഈ ലോകത്തിൽ ജീവിക്കുന്ന നാളൊക്കെയും അദ്ദേഹത്തെപ്പോലെ പരിശുദ്ധമായി ജീവിക്കുവാനും വിശ്വസ്ഥതയോടെ അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്യുവാനും പരലോകത്തിൽ അദ്ദേഹത്തോടു കൂടെ നിത്യഭാഗ്യം പ്രാപിക്കുവാനും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(ഭാരതം കതിരു കണ്ടു... എന്ന രീതി)

വന്ദ്യനാം ചാവറയച്ചാ
മാർതോമാസഭയുടെ പുത്രാ 
നിൻ ചാരത്തണയുന്നീ ഭക്തരാം ഞങ്ങൾതൻ
മദ്ധ്യസ്ഥനാകേണമേ.

സ്നേഹത്തിൻ മാതൃകയാം താതനേ
സഹനങ്ങൾ സുകൃതങ്ങളാക്കി നീ
വിശ്വാസപ്രതിസന്ധി വന്ന നാൾ
സത്യത്തിന് സാക്ഷിയായ ധീരനേ

വന്ദ്യനാം..

വിജ്ഞാനപാതകൾ തുറന്നു നീ
സാമൂഹ്യമാറ്റത്തിനായ് ദാഹിച്ചു
ഞങ്ങൾതൻ ജീവിതയാത്രയിൽ
സ്വർഗ്ഗീയമാദ്ധ്യസ്ഥം നീ നൽകണേ

വന്ദ്യനാം...

കാർമ്മി: കാരുണ്യവാനായ ദൈവമേ (സമൂഹവും ചേർന്ന്)/ അങ്ങ് ഞങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുന്നുവെന്നും/ ഞങ്ങളെ നിരന്തരം അനുഗ്രഹിക്കുന്നുവെന്നും ഞങ്ങളേറ്റു പറയുന്നു./ അങ്ങേ വിശ്വസ്തദാസനും ഞങ്ങളുടെ പിതാവുമായ/ വി. കുര്യാക്കോസ് ഏലിയാസച്ചനിലൂടെ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ ശ്രവിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ./ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കുകയും/ ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ സംരക്ഷിക്കുകയും ചെയ്യണമേ./ ധീരമായ സഭാസ്നേഹവും/ സത്യവിശ്വാസം കാത്തുസൂക്ഷിക്കാനുള്ള കരുത്തും ഞങ്ങൾക്കു നല്കണമേ./ ഈ യാചനകളെല്ലാം/ വി. കുര്യാക്കോസ് ഏലിയാസാച്ചന്റെ പുണ്യ യോഗ്യതകളെ അനുസ്മരിച്ച്/ സാധിച്ചു തരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വി. കുര്യാക്കോസ് ഏലിയാസച്ചാ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപന പ്രാർത്ഥന

കാർമ്മി: വി. കുര്യാക്കോസ് ഏലിയാസച്ചനെ ഞങ്ങൾക്ക് മാതൃകയും മദ്ധ്യസ്ഥനുമായി നൽകിയ കർത്താവേ, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം തേടുന്ന ഞങ്ങളെ ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ. പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും അരൂപിയാൽ ഞങ്ങളെ നിറയ്ക്കണമേ. വി. കുര്യാക്കോസ് ഏലിയാസച്ചന്റെ പുണ്യയോഗ്യതകളെ അനുസ്മരിച്ച്, അയോഗ്യരും പാപികളുമായ ഞങ്ങളെ വിശുദ്ധീകരിച്ച് സ്വർഗ്ഗഭാഗ്യത്തിന് യോഗ്യരാക്കണമെ. വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി ഞങ്ങളർപ്പിക്കുന്ന യാചനകൾ ശ്രവിച്ച് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

പുണ്യധീരനാം കുര്യക്കോസിനെ
ധന്യനാക്കിയ ദൈവമേ
നന്ദിയോടങ്ങേ ദിവ്യപാദങ്ങൾ
കുമ്പിടുന്നു വിനീതരായ്

ധന്യപാദന്റെയാശ്രയം തേടി
വന്നിടുന്നോരീ ദാസരിൽ
ദിവ്യദാനങ്ങൾ ചിന്തിടേണമേ
നവ്യചൈതന്യം തൂകണേ

കണ്ണുനീരിൽ നനഞ്ഞു നീങ്ങുന്ന
ജീവിതം നിറകാഴ്ചയായ്
നൽകിടുന്നു നിൻ ദാസനെയോർത്തെൻ
ദൈവമേ വരമേകണേ.

വി. കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനോടുള്ള നൊവേന vi-kuryaakkos-eliyaas-chaavara-pithaavinodulla-novena Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message