x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. കൊച്ചുത്രേസ്യയോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024

വി. കൊച്ചുത്രേസ്യയോടുള്ള നൊവേന

2015-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച ലൂയി മാർട്ടിന്റെയും സെലിഗ്വരിന്റെയും ഒമ്പതാമത്തെ സന്താനമായി 1873 ജനുവരി 2-ാം തിയതി ഫ്രാൻസിലെ അലൈൻസോണിൽ കൊച്ചുത്രേസ്യ ജനിച്ചു. സെലിഗ്വരിൻ സ്തനാർബുദം പിടിപെട്ട് 1877-ൽ മൃതിയടഞ്ഞ ശേഷം ലൂയി മാർട്ടിനും കുടുംബവും ലിസ്യൂവിലെ ലിബ്യുസോണ എന്ന ഭവനത്തിലേക്ക് താമസം മാറ്റി.

ലിസ്യുവിലെ ബനഡിക്ടൈൻ സന്ന്യാസിനികളുടെ വിദ്യാലയത്തിലായിരുന്നു ത്രേസ്യയുടെ സ്കൂൾ വിദ്യാഭ്യാസം. പ്രഥമ ദിവ്യകാരുണ്യ സ്വീകരണമായിരുന്നു അവളുടെ സ്കൂൾ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ സംഭവമെന്ന് ആത്മകഥയിൽ അവൾ വിവരിക്കുന്നുണ്ട്. പഠനകാലത്ത് രോഗബാധിതയായ ത്രേസ്യയ്ക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥതയിൽ ലഭിച്ച രോഗശാന്തി അവളുടെ ജീവിതത്തിലെ വഴിത്തിരിവായിത്തീർന്നു. പിതാവിന്റെയും സഹോദരിമാരുടെയും ശിക്ഷണത്തിൽ പുണ്യാഭ്യസനത്തിൽ അഭിവൃദ്ധി പ്രാപിച്ച അവൾ, കർമ്മല മഠത്തിൽ ചേർന്ന് ദൈവമഹത്വത്തിനായി ജീവിക്കുവാൻ ചെറുപ്പം മുതലേ ആഗ്രഹിച്ചു. പതിനഞ്ചാം വയസ്സിൽ കർമ്മല മഠത്തിൽ ചേരാൻ സഭാ നിയമങ്ങൾ അനുകൂലമല്ലായിരുന്നെങ്കിലും അവളുടെ അത്യുൽകടമായ അഭിവാഞ്ഛ തിരിച്ചറിഞ്ഞ സഭാധികാരികൾ അവളെ അതിനനുവദിച്ചു. 1890-ൽ ആദ്യവ്രതാനുഷ്ഠാനം നടത്തിയ അവൾ ഉണ്ണീശോയുടെയും തിരുമുഖത്തിന്റെയും ത്രേസ്യ എന്ന പേരും സ്വീകരിച്ചു. ഈശോയുടെ സ്നേഹത്തിനു മാത്രമായി സമർപ്പിക്കപ്പെട്ട സന്യാസ ജീവിതം കൊച്ചുത്രേസ്യയ്ക്ക് സ്നേഹത്തിന്റെ ഒരു പ്രയാണം തന്നെയായിരുന്നു.

അമ്മത്രേസ്യ, കുരിശിന്റെ യോഹന്നാൻ തുടങ്ങിയ വലിയ വിശുദ്ധരുടെ പാത തനിക്ക് അഗമ്യമാണെന്നു പറഞ്ഞ കൊച്ചുത്രേസ്യ ഏവർക്കും പിന്തുടരാവുന്ന ആത്മീയശിശുത്വത്തിന്റെ പാത കണ്ടെത്തി. ജീവിതത്തിലെ ഓരോ നിമിഷവും ഓരോ പ്രവൃത്തിയും സ്നേഹത്താൽ പൊതിയുകയായിരുന്നു അവൾ കണ്ടെത്തിയ ഏകമാർഗ്ഗം. പിതാവായ ദൈവത്തിലുള്ള നിസ്സീമമായ ആശ്രയമായിരുന്നു ഈ ആത്മീയതയുടെ കാതൽ. സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴിയെന്നാണ് കൊച്ചുത്രേസ്യ ഇതിനെ വിശേഷിപ്പിച്ചത്.

പാപികളുടെ മാനസാന്തരത്തിനും വൈദികരുടെ വിശുദ്ധിക്കുമായി കൊച്ചുത്രേസ്യ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. പഞ്ചഭൂഖണ്ഡങ്ങളിലും പ്രേഷിതവേല ചെയ്യാൻ ആഗ്രഹിച്ച ചെറുപുഷ്പം തന്റെ ജീവിതവും പ്രത്യേകിച്ച് സഹനവും പ്രേഷിതർക്കെല്ലാമായി സമർപ്പിച്ചു. ക്ഷയ രോഗം ബാധിച്ച കൊച്ചുത്രേസ്യ അതീവസഹനത്തിലൂടെയാണ് കടന്നുപോയിരുന്നത്. ശാരീരികവേദനകൾ കൂടാതെ ആത്മീയരാത്രിയുടെ സംഘർഷങ്ങളും അവളെ തേടിയെത്തി. എല്ലാ വേദനകളും ദൈവസ്നേഹത്തെ പ്രതി അവൾ പുഞ്ചിരിയോടെ ഏറ്റെടുത്തു. “ഞാൻ മരിക്കുകയല്ല. ജീവനിലേക്ക് പ്രവേശിക്കുകയാണ്..... ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു” എന്നു പറഞ്ഞ് 1897 സെപ്റ്റംബർ 30-ാം തിയതി തന്റെ പ്രിയനാഥന്റെ പക്കലേക്ക് അവൾ പറന്നുയർന്നു.

1908-ൽ കൊച്ചുത്രേസ്യായുടെ നാമകരണ നടപടികൾ ആരംഭിക്കുകയും 1925 മെയ് 17-ാം തിയതി പതിനൊന്നാം പിയൂസ് മാർപാപ്പ കൊച്ചു ത്രേസ്യ വിശുദ്ധയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1927-ൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനൊപ്പം അഖിലലോക മിഷൻ മദ്ധ്യസ്ഥയായും 1997-ൽ വേദപാരംഗതയായും തിരുസഭ പ്രഖ്യാപിച്ചു.

തിരുനാൾ ദിനം : ഒക്ടോബർ 1

പ്രാരംഭഗാനം

കൊച്ചുത്രേസ്യായേ ധനേൃ
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ
സോദരർ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹറാണീ (3 പ്രാവശ്യം)

കാർമ്മി: നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് ഞങ്ങളെ പഠിപ്പിച്ച ഈശോയെ, കന്യകയും വേദപാരംഗതയുമായ വി. കൊച്ചുത്രേസ്യായുടെ ധന്യമായ ജീവിതത്തിലൂടെ ശിശുതുല്യമായ എളിമയുടെയും ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും മഹനീയ മാതൃക ഞങ്ങൾക്കു നല്കിയല്ലോ. ഈ വിശുദ്ധയെ അനുകരിച്ച് അങ്ങയോടുള്ള സ്നേഹത്താൽ പൂരിതരായി ജീവിക്കുവാനും സഹോദരങ്ങളുടെ ആത്മരക്ഷയ്ക്കായി യത്നിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ, എന്നന്നേക്കും,

സമൂ: ആമ്മേൻ,

കാർമ്മി: സഹനത്തിന്റെ പാതയിലൂടെ നടന്ന മിശിഹായുമായി താദാത്മ്യം പ്രാപിക്കുകയും, സ്വർഗ്ഗവാസം ഭൂമിയിൽ നന്മ ചെയ്യാൻ ചെലവഴിക്കുമെന്ന് വാഗ്ദാനം നല്കുകയും ചെയ്ത ലിസ്യൂവിലെ വി. കൊച്ചുത്രേസ്യായേ,

സമൂ: അനുദിനജീവിതക്ലേശങ്ങളിലൂടെ വിശുദ്ധി പ്രാപിക്കാൻ ഞങ്ങളെ സഹായിക്കണമേ.

കാർമ്മി: ഈശോയുടെ വാത്സല്യഭാജനവും(സമൂഹവും ചേർന്ന്)/ വോദപാരംഗതയുമായ വി. കൊച്ചുത്രേസ്യായേ നിന്റെ മാതൃകയനുസരിച്ച്/ നിർമ്മലമായി ജീവിക്കുവാനും/ സ്വർഗ്ഗസ്ഥനായ പിതാവ് നല്കുന്ന/ സന്തോഷങ്ങളും ദുഃഖങ്ങളും നല്ല മനസ്സോടെ സ്വീകരിക്കാനും/ എന്റെ വിചാരങ്ങളും വചനങ്ങളും പ്രവൃത്തികളും/ ദൈവസ്തുതിക്കായി സമർപ്പിക്കാനും/ എന്നെ സഹായിക്കണമേ./ എന്റെ എല്ലാ പ്രാർത്ഥനകളിലും/ നിന്റെ സഹായം ഉണ്ടാകണമേ./ എന്റെ കുടുംബാംഗങ്ങളെയും സ്നേഹിതരെയും/ അയല്ക്കാരെയും കൈവിടല്ലേ./ വൈദികരെയും സന്യസ്തരെയും മിഷണറിമാരെയും/ അവരുടെ സമർപ്പണജീവിതത്തിന്റെ തീക്ഷണതയിൽ സംരക്ഷിക്കണമേ./ ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞ്/ നീ ഭാഗ്യമരണം പ്രാപിച്ച പോലെ/ കർത്താവ് എന്നെ വിളിക്കാൻ തിരുമനസ്സാകുന്ന സമയത്ത്/ ദൈവസ്നേഹത്തിലും പ്രസാദവരത്തിലും/ ഇഹലോകവാസം വെടിഞ്ഞ്/ നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുവാൻ എന്നെ സഹായിക്കണമേ./ ആമ്മേൻ

സങ്കീർത്തനം (27)

കാർമ്മി: കർത്താവ് എന്റെ പ്രകാശവും രക്ഷയുമാകുന്നു./ ഞാൻ ആരെ ഭയപ്പെടണം.

സമൂ: ഒരു സൈന്യം തന്നെ എനിക്കെതിരായി പാളയമടിച്ചാലും/ എന്റെ ഹൃദയം ഭയം അറിയുകയില്ല.

കാർമ്മി: കർത്താവ് എന്റെ കോട്ടയാണ്/ ഞാൻ ആരെ പേടിക്കണം.

സമൂ: എനിക്കെതിരായി യുദ്ധമുണ്ടായാലും/ ഞാൻ ആത്മധൈര്യം വെടിയുകയില്ല

കാർമ്മി: എന്നെ വലയം ചെയ്യുന്ന ശത്രുക്കളുടെ മുകളിൽ/ എന്റെ ശിരസ്സ് ഉയർന്നു നിൽക്കും

സമൂ: കർത്താവേ ഞാൻ ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുമ്പോൾ/ കാരുണ്യപൂർവ്വം എനിക്കുത്തരമരുളണമേ.

കാർമ്മി: അങ്ങയുടെ മുഖം എന്നിൽ നിന്നു മറച്ചുവയ്ക്കരുതേ/ അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ,

സമൂ: രക്ഷകനായ ദൈവമേ എന്നെ തിരസ്കരിക്കരുതേ/ അങ്ങയുടെ വഴി എനിക്കു കാണിച്ചു തരണമേ,

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. കൊച്ചുത്രേസ്യായേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വി. കൊച്ചുത്രേസ്യായേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ടങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വി. കൊച്ചുത്രേസ്യായേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ .................. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................ മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ......... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. കൊച്ചുത്രേസ്യായേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ................. മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും

സമൂ: വി. കൊച്ചുത്രേസ്യായേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിന്റെ മക്കളെപ്പോലെ ഈ ഇടവകാംഗങ്ങളല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വി. കൊച്ചുത്രേസ്യായേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും

സമൂ: വി. കൊച്ചുത്രേസ്യായേ, ഈശോയോട് അപേക്ഷിക്കണമേ,

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. കൊച്ചു ത്രേസ്യായുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: സ്നേഹപിതാവായ ദൈവമേ, അങ്ങേ പുത്രനോടുള്ള സ്നേഹത്താൻ എരിയുവാനും, ആത്മാക്കളുടെ രക്ഷയ്ക്കായി ജീവിതം സമർപ്പിക്കാനും ആഗ്രഹിച്ച വി. കൊച്ചുത്രേസ്യായെ അനുകരിച്ച് വിശുദ്ധിയിൽ വളരാൻ ഞങ്ങളേവരെയും അനുഗ്രഹിക്കണമേ. ഈ വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ സ്വീകരിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(നിത്യവിശുദ്ധയാം.. എന്ന രീതി)

കർമ്മലാരാമത്തിൽ പൂത്തുവിരിഞ്ഞൊരു
ഈശോ തൻ കൊച്ചുറാണീ
നന്മവരങ്ങളാലുന്നതയാം ധനേൃ
ഞങ്ങളിൽ പൂമഴ തൂകീടേണേ

സ്വർഗ്ഗപിതാവിനെ സ്നേഹിച്ചു സ്നേഹിച്ചു
നെയ്ത്തിരി പോലെയെരിഞ്ഞ കന്യേ (2)
ഞങ്ങളുമീലോക ജീവിതയാത്രയിൽ
നിൻപാത നിത്യം ചരിച്ചീടട്ടേ
നിൻപാത നിത്യം ചരിച്ചീടട്ടേ

ആത്മീയ ശൈശവ ജീവിതപാതയിൽ
പൂർണയായിത്തീർന്നൊരു കന്യകേ (2)
ഞങ്ങളുമാവഴി പൂർണരായിത്തീരുവാൻ
സർവേശാനുഗ്രഹമേകൂ- ഞങ്ങളിൽ 
സർവേശാനുഗ്രഹമേകൂ

കാർമ്മി: “നിങ്ങൾ ശിശുക്കളെപ്പോലെയാകുന്നില്ലെങ്കിൽ (സമൂഹവും ചേർന്ന്)/ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല"/ എന്ന് അരുൾച്ചെയ്തുകൊണ്ട്/ ഞങ്ങളിൽ നിന്ന് സ്നേഹവും നിർമ്മലതയും പ്രതീക്ഷിക്കുന്ന മിശിഹായേ,/ അങ്ങേ വത്സലപുത്രിയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാദ്ധ്യസ്ഥത്താൽ/ തങ്ങൾക്കു സുകൃങ്ങളിൽ അഭിവൃദ്ധിയും,/ ക്ലേശങ്ങളിൽ സഹനശക്തിയും പ്രദാനം ചെയ്യണമേ./ സുവിശേഷപ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധയുടെ മാതൃകയനുസരിച്ച്/ പാപികളുടെ മാനസാന്തരത്തിനായി നിരന്തരം യത്നിക്കുവാനും/ സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുവാനുമുള്ള/ സന്നദ്ധതയും സന്മനസ്സും ഞങ്ങൾക്കു നല്കുകയും ചെയ്യണമേ. ആമ്മേൻ

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വി. കൊച്ചുത്രേസ്യായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപന പ്രാർത്ഥന

കാർമ്മി: അത്ഭുതകരങ്ങളായ വരങ്ങളാലും സ്വർഗ്ഗീയദാനങ്ങളാലും വി. കൊച്ചുത്രേസ്യായെ അലങ്കരിക്കാൻ തിരുമനസ്സായ ദൈവമേ, ഈ വിശുദ്ധയെപ്പോലെ അങ്ങയെ സ്നേഹിക്കുവാനും പുണ്യജീവിതത്തിൽ വളരാനും ആത്മാർത്ഥമായ ആഗ്രഹവും സ്ഥിരമായ പരിശ്രമവും ഞങ്ങൾക്കു നല്കണമേ. ശിശുസഹജമായ നിഷ്കളങ്കതയിലും ഹൃദയനൈർമല്യത്തിലും സദാ വ്യാപരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയിൽ നിരന്തരം ആശ്രയിക്കുവാനും അങ്ങേക്കു സമ്പൂർണമായി സമർപ്പിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. സഹനങ്ങളുടെ ഇടയിലും മരണവിനാഴികയിലും സ്നേഹഗീതമാലപിച്ച് അങ്ങയെ പുല്കിയ വിശുദ്ധ കൊച്ചുത്രേസ്യായെ അനുകരിച്ച് അനുദിനക്ലേശങ്ങളിൽ അവിടുത്തെ പരിപാലന ദർശിക്കുവാൻ ഞങ്ങൾക്കു വരം തരണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവത്തിന്റെ അനുഗ്രഹം നിങ്ങളിൽ വന്നു നിറയുകയും നിത്യം നിലനില്ക്കുകയും ചെയ്യട്ടെ, ഇപ്പോഴും +എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

(ഭാരതം കതിരു കണ്ടു... എന്ന രീതി)

ധന്യയാം കൊച്ചുത്രേസ്യായേ
ഈശോതൻ സ്നേഹറാണീ
സ്വർഗ്ഗത്തിൽ നിന്നു നീ
ഞങ്ങൾക്കായെന്നെന്നും
മദ്ധ്യസ്ഥയായിടണേ.

സ്നേഹം സ്നേഹത്താൽ വീട്ടപ്പെടുന്നൊരു
ആത്മീയ ശൈശവ മാർഗം
സ്വർഗ്ഗത്തിലെത്തുവാൻ
ഈശോയെ കാണുവാൻ
ഞങ്ങൾക്കായ് എന്നും നീ നല്കി

ദൈവവിളിക്കു നീ ഉത്തരം നല്കി
പാപികൾക്കായെന്നും നീ പ്രാർത്ഥിച്ചു
പ്രാർത്ഥന, ത്യാഗവും
സഹനങ്ങളെല്ലാം നീ
ക്രൂശിതനാഥനിൽ ചേർത്തുവച്ചു.

വി. കൊച്ചുത്രേസ്യയോടുള്ള നൊവേന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message