We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടുള്ള നൊവേന
പോളണ്ടിലെ വാദോവിച്ച് എന്ന ഗ്രാമത്തിൽ കരോൾ വൊയ്റ്റീവായുടെയും എമീലിയാ കസർവാെസ്കായുടെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയവനായി 1920 മെയ് 18-നാണ് കരോൾ ജനിച്ചത്. 1920 ജൂൺ 20-ന് ആയിരുന്നു വാദോവിച്ചിലെ ഇടവകപ്പള്ളിയിൽ കരോളിന്റെ ജ്ഞാനസ്‌നാനം. 1929-ൽ അമ്മയും 1941-ൽ പിതാവും ഒപ്പം രണ്ട് സഹോദരങ്ങളും മരണമടഞ്ഞതോടെ കരോൾ തികച്ചും അനാഥനായിത്തീർന്നു. എങ്കിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 1938-ൽ അദ്ദേഹം ക്രാക്കോവ് പട്ടണത്തിലെ ജാഗിയെല്ലോണിയൻ യൂണിവേഴ്സിറ്റിയിൽ നാടകപഠനത്തിൽ ഡിഗ്രിക്കായി ചേർന്നു. പോളണ്ട് കീഴടക്കിയ നാസി സൈന്യം 1939-ൽ യൂണിവേഴ്സിറ്റി അടച്ചുപൂട്ടിയതോടെ പഠനം നിലച്ചു. തുടർന്ന് ഉപജീവനത്തിനായി പണം കണ്ടെത്താൻ കരോൾ ഒരു കരിങ്കൽ ക്വാറിയിലും പിന്നീട് 1944 വരെ ഒരു രാസവസ്തു ഫാക്ടറിയിലും ജോലിയെടുത്തു. ഇതിനിടയിൽ 1942-ൽ അദ്ദേഹം ക്രാക്കോവിലെ രഹസ്യസെമിനാരിയിൽ വൈദികപഠനത്തിനും ചേർന്നിരുന്നു. അതോടൊപ്പം ഒരു നാടകക്കമ്പനിയും കരോൾ രൂപീകരിച്ചു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ പഠനവും നാടകസംഘത്തിന്റെ പ്രവർത്തനവും മുടങ്ങി. യുദ്ധത്തിൽ സൈനികസേവനവും ചെയ്യേണ്ടി വന്നു. യുദ്ധാനന്തരം ക്രാക്കോവിലെ മേജർ സെമിനാരി വീണ്ടും തുറന്നപ്പോൾ അവിടെ ചേർന്ന് കരോൾ വൈദികപരിശീലനംപുനരാരംഭിച്ചു. 1949 നവംബർ 1-ന് ക്രാക്കോവ് രൂപയ്ക്കുവേണ്ടി കരോൾ അഭിഷിക്തനായി. അധികം വൈകാതെ കരോൾ ഉപരിപഠനത്തിനായി റോമിൽ അയയ്ക്കപ്പെടുകയും പഠനശേഷം പോളണ്ടിലേക്ക് മടങ്ങുകയും വിവിധ ഇടവകകളിൽ വികാരിയായും യൂണിവേഴ്സിറ്റി ചാപ്ലൈനായും സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇതേ കാലയളവിൽത്തന്നെ പോളണ്ടിലെ ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റും ചെയ്തു. 1958 ജൂലൈ 4-ന് ഫാ. കരോൾ വൊയ്റ്റീവ ക്രാക്കോവ് രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1964 ജനുവരി 13-ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ക്രാക്കോവ് അതിരൂപതയുടെ മെത്രാപ്പോലീത്തായായി നിയമിച്ചു. 1967 ജൂൺ 26-ന് കർദ്ദിനാൾ പദവിയും കൊടുത്തു.
പോൾ ആറാമൻ മാർപാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ജോൺ പോൾ ഒന്നാമൻ പാപ്പാ പൊടുന്നനവേ ദിവംഗതനാവുകയും 1978 ഒക്ടോബർ 16-ന് പാപ്പാസ്ഥാനത്തേക്ക് കർദ്ദിനാൾ വൊയ്റ്റീവ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിശുദ്ധ പത്രോസിന്റെ 263-ാമത്തെ പിൻഗാമിയായി 27 വർഷങ്ങൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയെ നയിച്ചു. 2005 ഏപ്രിൽ 2-ന് ഇറ്റാലിയൻ സമയം രാത്രി 9.37-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിത്യപിതാവിന്റെ ഭവനത്തിലേക്ക് യാത്രയായി. ഏപ്രിൽ 8-ന് പൂജ്യശരീരം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ക്രിപ്റ്റിൽ കബറടക്കി. 2005 ജൂൺ 8-ന് നാമകരണ നടപടികൾ ആരംഭിച്ചു. 2011 മെയ് 1-ന് വാഴ്ത്തപ്പെട്ടവനും 2013 ജൂലൈ 5-ന് വിശുദ്ധനുമായി പ്രഖ്യാപിക്കപ്പെട്ടു.
തിരുനാൾ ദിനം : ഒക്ടോബർ 22 |
പ്രാരംഭഗാനം
(നിത്യസഹായമാതേ.... എന്ന രീതി)
പാവനജീവിതത്താൽ
പാരാകെ മാതൃകയാം
വിശുദ്ധ ജോൺപോൾ പാപ്പാ
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ
രോഗദുരിതങ്ങളും
കഷ്ടനഷ്ടങ്ങളുമായി
യാത്രികരാം ഞങ്ങൾ നിൻ
മദ്ധ്യസ്ഥം തേടിടുന്നു
ഇടയന്മാർക്കിടയനായി നീ
ഇടറുന്നോർക്കാലംബമായി
ഇരുളിൻ താഴ്വാരത്തിലും
അലയുന്നോർക്കത്താണിയായി
കാർമ്മി: കർത്താവായ ദൈവമേ, വി. ജോൺ പോൾ രണ്ടാമനെ ഞങ്ങളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായി നല്കിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ലോകം മുഴുവനിലും സത്യവിശ്വാസത്തിന്റെ കാവൽഭടനും ധാർമ്മികജീവിതത്തിന്റെ സംരക്ഷകനുമായി അങ്ങയുടെ സ്നേഹം പങ്കുവച്ച് ഞങ്ങൾക്ക് മാതൃക നല്കിയ വിശുദ്ധന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ച് അങ്ങയുടെ സന്നിധിയിൽ വന്നിരിക്കുന്ന ഞങ്ങളെയും ഞങ്ങളുടെ കൂടുംബാംഗങ്ങളെയും ഇടവകാസമൂഹത്തെയും ഞങ്ങളുടെ നാടിനെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: ദൈവത്തിൽ മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്. അവിടുന്നാണ് സകല ആനന്ദത്തിന്റെയും ഉറവിടം എന്നും, പ്രാർത്ഥനയിലൂടെ മാത്രമേ ജീവിതസൗഭാഗ്യം ലഭിക്കുകയുള്ളു എന്നും സ്വന്തം ജീവിതത്തിലൂടെ ഞങ്ങൾക്കു കാണിച്ചു തന്ന വിശുദ്ധ ജോൺ പോൾ പിതാവേ,
സമൂ: എല്ലായ്പോഴും ദൈവത്തിൽ മാത്രം വിശ്വസിച്ചും ആശ്രയിച്ചും ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
കാർമ്മി: കാരുണ്യവാനായ ദൈവമേ (സമൂഹവും ചേർന്ന്)/ അങ്ങയുടെ പരിപാലനയിൽ /സഭയെ ധീരമായി നയിച്ച/ വിശുദ്ധ ജോൺ പോൾ രണ്ടാമനെ സ്മരിച്ചുകൊണ്ട്/ ആ പുണ്യാത്മാവിന്റെ മാദ്ധ്യസ്ഥം ഞങ്ങൾ തേടുന്നു./ സമാധാനസ്ഥാപകനായ വിശുദ്ധ ജോൺ പോൾ പിതാവേ/ വേദനകളുടെ നടുവിൽ അങ്ങ് ഈശോയിൽ മാത്രം ആശ്രയിച്ചുവല്ലോ./ ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന/ യാതനകളിലും ക്ലേശങ്ങളിലും/ ഈശോയിൽ ആശ്രയിച്ചുകൊണ്ട് മുന്നോട്ടു പോകുവാൻ/ ഞങ്ങളെ സഹായിക്കണമേ./ യുദ്ധങ്ങളെയും വിനാശങ്ങളെയും/ വിശ്വാസവിരുദ്ധ പ്രസ്ഥാനങ്ങളെയും/ സർവ്വോപരി, സ്വന്തം മരണത്തെയും അഭിമുഖീകരിച്ചിട്ടും/ അടിപതറാതെ അങ്ങ് ഈശോയിൽ ഉറച്ചുനിന്നതുപോലെ/ ജീവിതത്തിന്റെ ഏതു പ്രതികൂലസാഹചര്യത്തിലും/ ദൈവതിരുമനസ്സ്ദർശിച്ചുകൊണ്ടു ജീവിക്കുവാൻ/ ഞങ്ങളെയും ശക്തരാക്കണമേ. ആമ്മേൻ/
സങ്കീർത്തനം (67)
കാർമ്മി: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ അവിടുന്ന് തന്റെ പ്രീതി നമ്മുടെ മേൽ ചൊരിയുമാറാകട്ടെ.
സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
കാർമ്മി: അവിടുത്തെ മാർഗ്ഗങ്ങൾ ഭൂമിയിലും രക്ഷാകരശക്തി ജനതകളുടെയിടയിലും അറിയപ്പെടട്ടെ.
സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
കാർമ്മി: ദൈവമേ, ജനതകൾ അങ്ങനെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
കാർമ്മി: ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ.
സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. ജോൺ പോൾ പിതാവേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: വി. ജോൺ പോൾ പിതാവേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. ജോൺ പോൾ പിതാവേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ................ പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ ................... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി. ജോൺ പോൾ പിതാവേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ.............. മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും
സമൂ: വി. ജോൺ പോൾ പിതാവേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: വി ജോൺ പോൾ പിതാവേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: വി. ജോൺ പോൾ പിതാവേ, ഈശോയോട് അപേക്ഷിക്കണമേ
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. ജോൺ പോൾ പിതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ വിശ്വസ്തദാസനും ഞങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ യോഗ്യതകൾ പരിഗണിച്ച് ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും സ്വീകരിച്ച് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.
(ആഴങ്ങൾ തേടുന്ന ദൈവം...എന്ന രീതി)
പത്രോസിൻ പിൻഗാമിയായ്
തിരുസ്സഭയിൽ ദീപ്തി പരത്തി
സ്വർഗ്ഗീയ ഗേഹത്തിൽ വാണരുളീടുന്ന
ജോൺ പോൾ രണ്ടാമൻ പിതാവേ
പത്രോസിൻ...
വിശ്വാസദീപവുമായി
സ്നേഹത്തിൻ പാതയിൽ
തിരുസ്സഭയെ നയിച്ചൊരു പുണ്യാത്മാവേ
സഹനത്തിന്റെ വഴികളിലും
ക്ഷമയെന്ന പുണ്യവുമായി
ലോകത്തിന് മാതൃകയായ് തീർന്നു
പത്രോസിൻ...
രോഗത്തിൻ പീഡകളാൽ
ജീവിതക്ലേശത്താൽ
അഴൽ തിങ്ങും ഹൃദയവുമായ് ഞങ്ങൾ
മദ്ധ്യസ്ഥം തേടുന്നു
താതാ നിൻ സവിധത്തിൽ
പ്രാർത്ഥിച്ചീടേണേ ഞങ്ങൾക്കായ്
പത്രോസിൻ...
കാർമ്മി: മരിയഭക്തനായ വിശുദ്ധ ജോൺ പോൾ പിതാവേ (സമൂഹവും ചേർന്ന്)/ പരിശുദ്ധ അമ്മയോട്/ അങ്ങേയ്ക്കുണ്ടായിരുന്ന പ്രത്യേകസ്നേഹവും ഭക്തിയും/ ഞങ്ങളിലും നിറയ്ക്കണമേ./ ക്ഷമാ ശീലനായ വിശുദ്ധ ജോൺ പോൾ പിതാവേ/ ദിവ്യരക്ഷകനായ ഈശോ മിശിഹാ പകർന്നുതന്ന/ ക്ഷമയുടെ മാതൃക ജീവിതത്തിൽ പകർത്തിയ/ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. / ഉപദ്രവിച്ചവരോടും ശത്രുത വച്ചു പുലർത്തിയവരോടും/ ഹൃദയപൂർവ്വം ക്ഷമിച്ചുകൊണ്ട്/ യേശുനാഥന്റെ സുവിശേഷം/ ഭൂമിയിൽ അങ്ങ് അന്വർത്ഥമാക്കിയല്ലോ./ ദയാശീലനായ വിശുദ്ധ പിതാവേ/ ഈ നന്മകൾ ഞങ്ങൾക്കും ലഭിക്കുവാൻ/ പ്രാർത്ഥിക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു./ ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: വി. ജോൺ പോൾ പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സമാപനപ്രാർത്ഥന
കാർമ്മി: കാരുണ്യവാനായ കർത്താവേ, അങ്ങയുടെ വിശ്വസ്തദാസനും ഞങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെ വിശ്വാസത്തിലും ധാർമ്മികതയിലും ഉറച്ചുനിന്ന് വിശുദ്ധിയുടെ പാതയിൽ സഞ്ചരിച്ച് സ്നേഹത്തിലും ത്യാഗത്തിലും സാഹോദര്യത്തിലും വേരൂന്നി വളരുവാൻ അങ്ങയുടെ മകളായ ഞങ്ങളെ അനുഗ്രഹിക്കുവാനും അങ്ങേ തിരുവചനമനുസരിച്ച് വിശ്വസ്തതയോടെ ജീവിക്കുവാനുമുള്ള കൃപ ഞങ്ങൾക്കു നല്കണമേ. ഈ പ്രാർത്ഥനകളൊക്കെയും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മാദ്ധ്യസ്ഥം വഴി ഞങ്ങൾക്കു നല്കണമേ. നമ്മുടെ കർത്താവിശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും
സമൂ: ആമ്മേൻ.
സമാപനഗാനം
(ഭാരതം കതിരു കണ്ടു... എന്ന രീതി)
ക്രിസ്തുവിൻ വികാരിയായി
തിരുസ്സഭ തൻ തലവനായി
പാവനമാം ജീവിതത്തിൽ
മാതൃകയായ് തീർന്നൂ നീ
പാരിൽ പ്രതീക്ഷയായി
പാറമടയുടെയിരുളിലും
പാവനദീപം തെളിച്ചൂ നീ
നീറും നിരാശതൻ വേളയിൽ
വിശ്വാസനാളമായി ജ്വലിച്ചു നീ
സ്വന്തവും ബന്ധവും ആയവർ
കാലപ്രവാഹത്തിൽ മാഞ്ഞുപോയ്
നിർമ്മലചിത്തനായ് വളർന്നു നീ
ക്രിസ്തുവിന്റെ പാതയെ പുൽകുവാൻ
ദേശാന്തരങ്ങളിലൂടെയും
ശാന്തിതൻ ദൂതനായി നടന്നു നീ
ഭാരതത്തിന്റെ മണ്ണിനെ തൊട്ടു നീ
വിശ്വാസദീപ്തിയാൽ ജ്വലിക്കുവാൻ
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടുള്ള നൊവേന vi-jon-pol-randaaman-maarpaappayodulla-novena Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206