x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. ഫ്രാൻസിസ് അസ്സീസിയോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 26-Sep-2023

വി. ഫ്രാൻസിസ് അസ്സീസിയോടുള്ള നൊവേന

1182 സെപ്തംബർ 26-ന് ഇറ്റലിയിലെ അസീസ്സി നഗരത്തിൽ പീറ്റർ ബർനാദ്-പീക്കാ ദമ്പതികളുടെ മകനായി ഫ്രാൻസിസ് ഭൂജാതനായി. “രണ്ടാമത്തെ ക്രിസ്തു“ എന്നറിയപ്പെടുന്ന ഫ്രാൻസിസിന്റെ ബാല്യവും യൗവ്വനവും അത്രമേൽ വിശുദ്ധമായിരുന്നില്ല എന്ന് ജീവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. എങ്കിലും ജീവിതത്തിന്റെ ആഡംബരങ്ങളോടും പാപവഴികളോടും മടുപ്പു തോന്നിയ നാൾ മുതൽ ഈശോയെ അക്ഷരാർത്ഥത്തിൽ പിഞ്ചെല്ലുന്നതിൽ ഫ്രാൻസിസ് ഒരിക്കലും വീഴ്ചവരുത്തിയില്ല.

പ്രകൃതിയെയും എല്ലാ ജീവജാലങ്ങളെയും മനുഷ്യരെയും ദൈവത്തെയും അകമഴിഞ്ഞ് സ്നേഹിച്ച ഫ്രാൻസിസിന് എല്ലാവരും സഹോദരീസഹോദരന്മാരായിരുന്നു. ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ച ഫ്രാൻസിസ് ദരിദ്രനായി ജീവിക്കുന്നതിന്റെ ഉദാത്തമാതൃകയായിരുന്നു. വിശുദ്ധ ഫ്രാൻസിസിന്റെ സംഭവബഹുലമായ പുണ്യജീവിതം അനേകരെ വിശുദ്ധിയിലൂടെ നടത്തിയ മാർഗ്ഗദർശ്ശകമാണ്. മരണത്തിന് രണ്ടു വർഷം മുമ്പ് കൈകളിലും കാലിലും ശരീരത്തിന്റെ വശത്തും പഞ്ചക്ഷതങ്ങൾ ലഭിച്ച ഫ്രാൻസിസ് ക്രൂശിതന്റെ ജീവിക്കുന്ന പ്രതിരൂപമായി മാറി. 1226 ഒക്ടോബർ മാസം 3-ാം തിയതി വിശുദ്ധൻ തന്റെ സ്വർഗ്ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായി.

തിരുനാൾ ദിനം : ഒക്ടോബർ 4

പ്രാരംഭഗാനം

(ഭാരതം കതിരു കണ്ടു... എന്ന രീതി)

പൂജ്യനാം പുണ്യതാതാ
യേശുവിൻ സ്നേഹദൂതാ
ഫ്രാൻസീസേ നിന്റെ പക്കലാശ്രയം
തേടിയെത്തും ദാസരെ കാത്തിടേണേ

സുവിശേഷദീപ്തിയാൽ നിറഞ്ഞു നീ
സഭയിൽ പ്രകാശമേകാൻ വന്നു നീ
ക്രൂശിതന്റെ പാത നരനു കാട്ടുവാൻ
മറ്റൊരു ക്രിസ്തുവായി മാറി നീ

സ്നേഹം തിരഞ്ഞിടുന്ന മർത്യനിൽ
ആശകളസ്തമിക്കും വേളയിൽ
ആശ്വാസദായകനായി വന്നിടൂ
പഞ്ചക്ഷതങ്ങളേറ്റ താതനേ

പൂജ്യനാം...

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, ആത്മീയവും ശാരീരികവുമായ നന്മകളാലും അത്ഭുതവരസിദ്ധികളാലും ജീവിതകാലത്തു തന്നെ അസ്സീസിയിലെ വി. ഫ്രാൻസിസിനെ അനുഗ്രഹിക്കുവാൻ തിരുമനസ്സായ അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങയുടെ കരുണയിൽ ഞങ്ങൾ ശരണപ്പെടുന്നു. സുകൃതസമ്പന്നമായ ജീവിതത്താൽ അങ്ങയെ സംപ്രീതനാക്കിയ വി. ഫ്രാൻസീസിന്റെ മാദ്ധ്യസ്ഥത്തിൽ ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥനകൾ ദയാപൂർവ്വം സ്വീകരിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേൻ

കാർമ്മി: തീക്ഷ്ണമായ വിശ്വാസജീവിതത്തിന്റെ മാതൃക ഞങ്ങൾക്കു കാണിച്ചു തന്ന വി. ഫ്രാൻസിസ് അസ്സീസിയേ

സമൂ: ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ദൈവതിരുമനസ്സ് നിറവേറ്റുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

കാർമ്മി: സ്നേഹപിതാവായ ദൈവമേ, (സമൂഹവും ചേർന്ന്)/ അങ്ങയുടെ സുതനും/ ഞങ്ങളുടെ കർത്താവുമായ ഈശോയെ/ സേവിക്കുക സ്തുതിക്കുക എന്നീ സുകൃതങ്ങളിൽ/ വി. ഫ്രാൻസീസിനൊപ്പം ഞങ്ങളെയും വളർത്തണമേ./ അങ്ങേ തിരുക്കുമാരനോട് സദൃശ്യനാകുവാൻ/ വി. ഫ്രാൻസീസിന് കൃപ നല്കിയ ദൈവമേ/ അദ്ദേഹത്തിന്റെ യോഗ്യതകളാലും പ്രാർത്ഥനകളാലും/ ഞങ്ങളുടെ ഹൃദയങ്ങളിലും/ കർത്താവീശോമിശിഹായോടുള്ള സ്നേഹം/ കത്തി ജ്വലിക്കുവാൻ ഇടയാക്കണമേ./ വിശുദ്ധന്റെ മാതൃക പിഞ്ചെല്ലുന്നതിൽ ഞങ്ങളെ വിജയിപ്പക്കണമേ/ വിഷമതകളെ തരണം ചെയ്യുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ./ പരിപൂർണ്ണരാകുവാൻ ഞങ്ങളെ വിശുദ്ധീകരിക്കണമേ./ ഫലം പുറപ്പെടുവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ./ വിശുദ്ധന്റെ യോഗ്യതകളെ പ്രതി/ ഞങ്ങളുടെ പ്രാർത്ഥന കേട്ട്/ ഞങ്ങൾക്ക് സമാധാനവും സഹായവും നല്കേണമേ. ആമ്മേൻ.

സങ്കീർത്തനം (33)

കാർമ്മി: കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ വചനത്താൽ ആകാശം നിർമ്മിക്കപ്പെട്ടു.

സമൂ: കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

കാർമ്മി: അവിടുന്ന് സമുദ്രജലത്തെ ഒരുമിച്ചു കൂട്ടി, ആഴങ്ങളെ അവിടുന്ന് കലവറകളിൽ സംഭരിച്ചു.

സമൂ: കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

കാർമ്മി: അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി. അവിടുന്ന് കല്പിച്ചു, അതു സുസ്ഥാപിതമായി.

സമൂ: കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വി. ഫ്രാൻസീസ് അസ്സീസിയുടെ ശക്തിയേറിയ മദ്ധ്യസ്ഥതയിൽ ആശ്രയിച്ചുകൊണ്ട് അസ്സീസിപുണ്യവാനേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: അസ്സീസി പുണ്യവാനേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: അസ്സീസി പുണ്യവാനേ ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ............... പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ ...................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ.

സമൂ: അസ്സീസി പുണ്യവാനേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും.

സമൂ: അസ്സീസി പുണ്യവാനേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: അസ്സീസി പുണ്യവാനേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: അസ്സീസി പുണ്യവാനേ, ഈശോയോട് അപേക്ഷിക്കണമേ.

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ അസ്സീസി പുണ്യവാന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: സഭയുടെ നവീകരണത്തിനായി ലോകസുഖങ്ങളെയും പിതൃ ഗൃഹത്തെയും വീരോചിതമായി ത്യജിച്ച വി. ഫ്രാൻസിസിനെ സ്വർഗ്ഗീയനന്മകൾ നല്കി അനുഗ്രഹിച്ച കർത്താവേ, എല്ലാറ്റിലുമുപരിയായി ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവാനും സ്വയം മറന്നു സഹോദരങ്ങൾക്കു സേവനം ചെയ്യുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്കു നല്കണമേ. സകലത്തിന്റേയും നാഥാ, എന്നേക്കും

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(നിത്യസഹായമാതേ... എന്ന രീതി)

വിശുദ്ധ ഫ്രാൻസിസ് താതാ
അസീസ്സി തൻ പ്രഭയേ
യേശുവിൻ മാതൃകയേ
ഞങ്ങൾ തൻ മദ്ധ്യസ്ഥനേ

ലൗകിക ജീവിതത്തിൽ
മോഹനസ്വപ്നങ്ങളെ
ദൂരെയകറ്റിയങ്ങ്
എളിമതൻ മാതൃകയായ്

ഈലോക ജീവിതത്തിൻ 
മായയിൽ മുങ്ങിടാതെ
ആത്മീയവഴിയിലൂടെ
ഞങ്ങളെ കാത്തീടണേ.

കാർമ്മി: കർത്താവേ (സമൂഹവും കൂടി)/ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ./ വിദ്വേഷമുള്ളിടത്ത് സ്നേഹവും/ ദ്രോഹമുള്ളിടത്ത് ക്ഷമയും/ സന്ദേഹമുള്ളിടത്ത് വിശ്വാസവും/ നിരാശയുള്ളിടത്ത് പ്രത്യാശയും/ അന്ധകാരമുള്ളിടത്ത് പ്രകാശവും/ സന്താപമുള്ളിടത്ത് സന്തോഷവും/ ഞാൻ വിതയ്ക്കട്ടെ./ ദിവ്യനാഥാ,/ ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും/ മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും/ സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും/ എനിക്കിടയാകട്ടെ./ എന്തുകൊണ്ടെന്നാൽ/ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്/ ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്./ മരിക്കുമ്പോഴാണ് ഞങ്ങൾ/ നിത്യ ജീവനിലേക്ക് ജനിക്കുന്നത്. ആമ്മേൻ!

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: അസ്സീസിയിലെ വി. ഫ്രാൻസീസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനപ്രാർത്ഥന 

കാർമ്മി: സമാധാനപ്രിയനും വിനീതനുമായ അസ്സീസിയിലെ വി. ഫ്രാൻസീസിന് അത്ഭുതപ്രവർത്തനങ്ങൾക്കുള്ള വരം നല്കി അനുഗ്രഹിച്ച ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ രക്ഷകനായ മിശിഹായുടെ നാമത്തിൽ പ്രാർത്ഥിക്കുവാനായി ഒരുമിച്ചു കൂടിയിരിക്കുന്ന എളിയവരായ ഈ മക്കൾ ആത്മീയവും ശാരീരികവുമായ അനുഗ്രഹങ്ങളാൽ സമ്പന്നരാകട്ടെ. ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട് പ്രലോഭനങ്ങളെ നേരിടുവാനുള്ള ശക്തി ഏവർക്കും ലഭിക്കുമാറാകട്ടെ. ആകുലതകളും ആശങ്കകളും കൂടാതെ ഈ ലോകജീവിതം വിജയപ്രദമായി നയിക്കുവാനും പരലോകത്തിൽ നിത്യസൗഭാഗ്യം അനുഭവിക്കുവാനും ഇന്നത്തെ ഈ നൊവേനയിൽ സംബന്ധിച്ച നിങ്ങൾക്കെല്ലാവർക്കും ഇടയാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും

സമൂ: ആമ്മേൻ.

സമാപനഗാനം

(കർമ്മല നാഥേ വാഴ്ക... എന്ന രീതി)

ഫ്രാൻസീസ് താതാ വാഴ്ക
അസ്സീസി സൂനമേ വാഴ്ക
നിൻ മദ്ധ്യസ്ഥം തേടി
ഞങ്ങൾ വരുന്നു സവിധേ ........ ഓ.....ഓ.......

ക്രൂശിതനെന്നും നീ പ്രിയൻ
തിരനുഭയ്ക്കെന്നും നീ ധന്യൻ
അർപ്പിതർക്കെന്നും നീ മാർഗ്ഗം
തനയരിൽ ചൊരിയൂ സ്നേഹം - സ്നേഹം ........ ഓ.....ഓ.......

ലോകസുഖങ്ങളെ നീ വിട്ട്
യേശുവിനെ നീ പിഞ്ചെന്നു
സുവിശേഷത്തിൻ ചൈതന്യം
ജീവിതമാർഗ്ഗമായി മാറ്റി- മാറ്റി........ ഓ.....ഓ.......

വി. ഫ്രാൻസിസ് അസ്സീസിയോടുള്ള നൊവേന vi-fraansis-aseesiyodulla-novena “രണ്ടാമത്തെ ക്രിസ്തു“ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message