x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. അൽഫോൻസാമ്മയോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024

വി. അൽഫോൻസാമ്മയോടുള്ള നൊവേന

കുടമാളൂരിൽ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ സന്താനമായി 1910 ആഗസ്റ്റ് 19-ന് അൽഫോൻസ ജനിച്ചു. അവളുടെ അമ്മ അധികം താമസിയാതെ മരിച്ചു. ജ്ഞാനസ്നാനസമയത്ത് അന്നക്കുട്ടി എന്ന പേരാണ് കൂട്ടിയ്ക്ക് നല്കപ്പെട്ടത്. അമ്മയുടെ സഹോദരിയായ മുട്ടുചിറ മുരിക്കൻ അന്നമ്മയുടെ കർശനമായ ശിക്ഷണത്തിലാണ് അവൾ വളർന്നത്. സുന്ദരിയും സുശീലയുമായ അന്നക്കുട്ടിയെ യഥാകാലം വിവാഹം കഴിച്ചുകൊടുക്കണമെന്ന് അന്നമ്മ ആഗ്രഹിച്ചു. എന്നാൽ അന്നക്കുട്ടിയാകട്ടെ ഒരു കന്യകയുടെ സമർപ്പിതജീവിതം നയിക്കാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

വിവാഹാലോചനകളിൽ നിന്നു രക്ഷപെടാനുള്ള ശ്രമത്തിൽ തന്റെ കാലുകൾ ഉമിത്തീയിൽ പൂഴ്ത്തി വികൃതമാക്കുവാൻ പോലും അവൾ മടിച്ചില്ല. കാലിലെ വ്രണമുണങ്ങാൻ ഒരു വർഷത്തോളം വേണ്ടിവന്നു. അതോടെ വിവാഹാലോചനകൾ നിർത്തിവച്ചു. മഠത്തിൽ പോകാൻ വളർത്തമ്മ സമ്മതിക്കുകയും ചെയ്തു.

ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ ചേർന്ന് അന്നക്കുട്ടി 1928 ആഗസ്റ്റ് 2-ന് അൽഫോൻസ എന്ന പേരിൽ ശിരോവസ്ത്രമണിഞ്ഞു. 1930 മെയ് 19-ന് മാർ ജെയിംസ് കാളാശേരിയിൽ നിന്ന് സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. ഒരു പുണ്യവതിയായിത്തീരുമെന്ന് അന്ന് പ്രതിജ്ഞയെടുത്ത അവൾ തന്റെ ജീവിതകാലം മുഴുവൻ ആ തീരുമാനത്തിൽ ഉറച്ചുനിന്നു.

വാകക്കാട് എന്ന സ്ഥലത്ത് അദ്ധ്യാപികയായിരുന്ന ഒരു കൊല്ലക്കാലമൊഴിച്ച് ജീവിതകാലം മുഴുവൻ രോഗശയ്യയിലാണ് അൽഫോൻസാമ്മ കഴിച്ചു കൂട്ടിയത്. നൊവീഷ്യേറ്റിൽ പ്രവേശിക്കുക അസാദ്ധ്യമായിരുന്നെങ്കിലും തീവ്രമായ പ്രാർത്ഥനയുടെ ഫലമായി രോഗവിമുക്തി ലഭിക്കുകയും 1935-ൽ നൊവീഷ്യേറ്റിൽ പ്രവേശിക്കുകയും ചെയ്തു. സഹനത്തോട് അൽഫോൻസാമ്മ ആഴമേറിയ ആദ്ധ്യാത്മിക നിലപാടാണ് സ്വീകരിച്ചത്. 'ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും, അഴിയുന്നെങ്കിലോ വളരെ ഫലം പുറപ്പെടുവിക്കും' എന്ന ക്രിസ്തുനാഥന്റെ വചനം അൽഫോൻസാമ്മ ആത്മാർത്ഥമായി ഉൾക്കൊണ്ടു. തനിക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും സഹിക്കാൻ അമ്മ തയ്യാറാകുമായിരുന്നു.

1946 ജൂലൈ 28-ന് നിത്യസമ്മാനത്തിനായി അൽഫോൻസാമ്മ വിളിക്കപ്പെട്ടു. 1986 ഫെബ്രുവരി 8-ന് കോട്ടയത്തു വച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായും, 2008 ഒക്ടോബർ 12-ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ റോമിൽ വച്ച് വിശുദ്ധയായും പ്രഖ്യാപിച്ചു.

തിരുനാൾ ദിനം : ജൂലൈ 28

പ്രാരംഭഗാനം

(നിത്യസഹായമാതേ.. എന്ന രീതി)

കേരളത്തിൽ കൊച്ചുറാണീ
അൽഫോൻസാ ത്യാഗശീലേ
സോദരർ ഞങ്ങൾ നിന്റെ
മാദ്ധ്യസ്ഥം തേടീടുന്നു

കാർമ്മി: എളിയവരെ ഉയർത്തുകയും പാപികളിൽ കരുണ വർഷിക്കുകയും ചെയ്യുന്ന സ്നേഹ സ്വരൂപനായ ദൈവമേ, വിശുദ്ധ അൽഫോൻസാമ്മയെ ഞങ്ങൾക്ക് മാതൃകയും മദ്ധ്യസ്ഥയുമായി നല്കിയതിനെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. കുരിശിലെ അങ്ങയുടെ ബലിയിൽ നിന്ന് സഹനത്തിന്റെ അർത്ഥം ഗ്രഹിച്ച് അവൾ ഞങ്ങൾക്ക് മദ്ധ്യസ്ഥയായിത്തീർന്നല്ലോ. അവളെപ്പോലെ സഹനത്തെ സന്തോഷപൂർവ്വം സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: ക്രൂശിതനും നിന്ദിതനും പരിത്യക്തനുമായ ഈശോയെ അടുത്തനുകരിച്ച അൽഫോൻസാമ്മേ,

സമൂ: ജീവിതത്തിൽ എല്ലാ സാഹചര്യങ്ങളിലും ദൈവതിരുമനസ്സ് നിറവേറ്റി ജീവിക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമേ.

കാർമ്മി: സ്നേഹസമ്പന്നനും പരമകാരുണികനുമായ ഈശോയേ (സമൂഹവും ചേർന്ന്)/ അങ്ങയുടെ പരിപാലന ഞങ്ങൾ അനുസ്മരിക്കുന്നു./ ഭാരതമക്കളുടെ എല്ലാ ആവശ്യങ്ങളിലും സഹായിക്കുവാൻ/ വിശുദ്ധ അൽഫോൻസാമ്മയെ തിരഞ്ഞെടുത്തതിന്/ ഞങ്ങൾ നന്ദി പറയുന്നു./ ഒരു സ്നേഹബലിയായി/ സ്വയം അർപ്പിക്കുവാൻ/അൽഫോൻസാമ്മയെ പ്രാപ്തയാക്കിയ ഈശോയെ/ വിശ്വാസം, ശരണം, ഉപവി എന്നീ ദൈവീകസുകൃതങ്ങളിലും,/ ദാരിദ്ര്യം, കന്യാവ്രതം, അനുസരണം എന്നീ സുവിശേഷപുണ്യങ്ങളിലും/ അവളെ അതിശയകരമാം വിധം അങ്ങു വളർത്തി./ വിശുദ്ധിയുടെ പാതയിൽ സ്ഥിരതയോടെ മുന്നേറിയ അവളെ/ രോഗം മൂലമുള്ള സഹനത്തിലൂടെ അങ്ങു വിശുദ്ധീകരിച്ച്/ രോഗികൾക്കുള്ള ആലംബമാക്കി./ പാപങ്ങളെക്കുറിച്ച് അനുതപിച്ച്/ തങ്ങളുടെ നിസ്സഹായത ഏറ്റു പറയുന്നവരെ/ അനുഗ്രഹിക്കുന്ന മദ്ധ്യസ്ഥയായി/ വിശുദ്ധ അൽഫോൻസാമ്മയെ നല്കിയതിന്/ ഞങ്ങൾ നിനക്ക് നന്ദി പറയുന്നു./ സകലത്തിന്റെയും നാഥാ, എന്നേക്കും. ആമ്മേൻ/

സങ്കീർത്തനം (91)

കാർമ്മി: എന്നോടു പ്രാർത്ഥിച്ചതുകൊണ്ട് ഞാനവനെ രക്ഷിക്കും. എന്റെ നാമം അറിഞ്ഞതുകൊണ്ട്/ ഞാനവനെ ശക്തിപ്പെടുത്തും.

സമൂ: എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാനവനുത്തരമരുളും

കാർമ്മി: അവന്റെ സങ്കടകാലങ്ങളിൽ/ ഞാനവന്റെ കൂടെയുണ്ടായിരിക്കും

സമൂ: ശക്തിയും ബഹുമാനവും അവനു ഞാൻ നല്കും

കാർമ്മി: ദീർഘായുസ്സ് നല്കിക്കൊണ്ട്/അവനെ ഞാൻ തൃപ്തനാക്കും.

സമൂ: രക്ഷിക്കുവാനുള്ള എന്റെ കഴിവ്/ അവനെ കാണിക്കുകയും ചെയ്യും

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. അൽഫോൻസാമ്മേ, ഈശായോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ............... പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................. മെത്രാപ്പോലീത്തായ്ക്കും തങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ................ മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. അൽഫോൻസാമ്മേ ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും,

സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്,

സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: കർത്താവേ അങ്ങ് പരിശുദ്ധനാകുന്നു. പരിശുദ്ധിയിലേക്ക് അങ്ങ് ഞങ്ങളെ വിളിക്കുന്നു. അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്ന ഞങ്ങളെ അങ്ങ് ആശ്വസിപ്പിക്കുന്നു. ഞങ്ങളുടെ പാപങ്ങൾപൊറുക്കുകയും തെറ്റുകൾ ക്ഷമിക്കുകയും ചെയ്യുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

സഹനത്തിൻ പുണ്യപുത്രീ
യേശുവിൻ സ്നേഹസൂനമേ
അൽഫോൻസാ ധന്യേ നിന്നിൽ ആശ്രയം
തേടിയെത്തും ദാസരെ കാത്തിടേണേ

സഹനത്തിൽ...

സുരലോക ശാന്തി നല്കി ഞങ്ങളെ
സ്വർഗ്ഗീയ നന്മയാൽ നിറച്ചു നീ
രോഗവും വൈരവും പോക്കി നീ
ശുദ്ധരാക്കി സ്വർഗ്ഗദൂതരാക്കി നീ

സഹനത്തിൻ....

ശരണം ഗമിപ്പു ഞങ്ങൾ നിൻപദേ
ശോകമൂക ഹൃത്തുമായി വരുന്നിതാ
ബാഷ്പകണങ്ങളായി തളർന്നിതാ
സ്വീകരിക്കു ധന്യേ ദീനവത്സലേ

സഹനത്തിൻ...

കാർമ്മി:  ഈശോ നാഥാ (സമൂഹവും ചേർന്ന്)/ അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ/ ഞങ്ങളെ മറയ്ക്കണമേ./ സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള/ ആശയിൽ നിന്നും ഞങ്ങളെ വിമുക്തരാക്കണമേ./ കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള/ ആശയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ./ ഒരു പരമാണുവും/ അങ്ങേ ദിവ്യഹൃദയത്തിലെ/ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ/ ഞങ്ങളെ എളിമപ്പെടുത്തണമേ./ സൃഷ്ടികളെയും ഞങ്ങളെത്തന്നെയും/ മറന്നുകളയുന്നതിനുള്ള അനുഗ്രഹം തരണമേ./ മാധുര്യവാനായ ഈശോയെ ലൗകികാശ്വാസങ്ങളെല്ലാം ഞങ്ങൾക്ക് കയ്പായി പകർത്തണമേ/ നീതിസൂര്യനായ ഇശോയെ/ അങ്ങയുടെ ദിവ്യകതിരിനാൽ ഞങ്ങളുടെ ബോധത്തെ തെളിയിച്ച് /ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച്/ അങ്ങയുടെ നേരെയുള്ള സ്നേഹത്താലെരിയിച്ച്/ ഞങ്ങളെ നിന്നോടൊന്നിപ്പിക്കണമേ, ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വി. അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനപ്രാർത്ഥന

കാർമ്മി: അനന്തമായ സ്നേഹത്താൽ മനുഷ്യനെ സൃഷ്ടിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യുന്ന സ്നേഹപിതാവായ ദൈവമേ അങ്ങ് വാഴ്ത്തപ്പെട്ടവനാകട്ടെ. ഭാരതമക്കളുടെയിടയിൽ നിന്ന് വിശുദ്ധ അൽഫോൻസാമ്മയെ തിരഞ്ഞെടുത്ത ദൈവമേ, അവളുടെ മാദ്ധ്യസ്ഥം തേടി തൃപ്പാദത്തിങ്കൽ അണഞ്ഞിരിക്കുന്ന ഞങ്ങളെ കനിവോടെ സ്വീകരിക്കണമേ. അങ്ങേ തിരുക്കുമാരന്റെ ഉത്തമസാക്ഷികളായി ജീവിക്കുവാൻ വേണ്ട പരിശുദ്ധിയും ആത്മശക്തിയും ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളെയും ക്ലേശങ്ങളെയും ക്ഷമാപൂർവ്വം നേരിടുവാനും പാപത്തിന്റെയും രോഗത്തിന്റെയും എല്ലാ ബന്ധനങ്ങളിൽ നിന്നും വിമുക്തി പ്രാപിക്കുവാനും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും +. എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

പൂമൃദു ചുണ്ടിൽ പുഞ്ചിരിയും
കുഞ്ഞിളം കയ്യിൽ പൂക്കളുമായി
എരിയും മെഴുതിരിനാളം പോലെ
പിഞ്ചോമനകൾ പ്രാർത്ഥിച്ചു.
ആ കബറിടം പുല്കി പ്രാർത്ഥിച്ചു

പ്രാർത്ഥന കേട്ടമ്മ കനിയണമേ
ഇവരെ പരീക്ഷയിൽ ജയിപ്പിക്കണേ

അവരുടെ കിളിമൊഴിയാലേ
ആ ഗ്രാമമാകെയുണർന്നു
നാനാജാതികൾ കബറിന്നരികേ
ഭജനയിരുന്നു വിളിച്ചു

അൽഫോൻസാമ്മ പ്രാർത്ഥിക്കണേ
ഇവരുടെ വേദന മാറ്റണമേ

അവിടെ തിരികളെരിഞ്ഞു
അത്ഭുതമനവധിയുണ്ടായി
തീർത്ഥാടകരുടെ പുളകം മണ്ണിൽ
പ്രാർത്ഥനയായി മുഴങ്ങി

അൽഫോൻസാമ്മേ പ്രാർത്ഥിക്കണേ
സ്വർഗ്ഗസുമങ്ങൾ പൊഴിക്കണമേ

ഭാരതമണ്ണിൽ നിന്നും
വിണ്ണിലുയർന്നൊരു ധന്യേ
പിതൃസിധിയിലിവർക്കായെന്നും
യാചന അരുളുക അമ്മേ

അൽഫോൻസാമ്മേ പ്രാർത്ഥിക്കണേ
സ്വർഗ്ഗസുമങ്ങൾ പൊഴിക്കണമേ.

വി. അൽഫോൻസാമ്മയോടുള്ള നൊവേന vi-alfonsaammayodulla-novena അന്നക്കുട്ടി Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message