x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയോടുള്ള നൊവേന

മറിയം ത്രേസ്യ 1876 ഏപ്രിൽ 26-ാം തിയതി, ചിറമേൽ മങ്കിടിയാൻ കുടുംബത്തിൽ തോമ, അന്ന എന്നിവരുടെ പുത്രിയായി ഇരിങ്ങാലക്കുട രൂപതയിൽ പുത്തൻചിറ ഗ്രാമത്തിൽ ജനിച്ചു. ആശാൻ കളരിയിൽ പഠിക്കുമ്പോൾത്തന്നെ ഏകാന്തജീവിതത്തിന്റെ ലക്ഷണങ്ങൾ മറിയം ത്രേസ്യ പ്രകടിപ്പിച്ചിരുന്നു. കൂട്ടുകാരെ ഒഴിവാക്കി നടന്നിരുന്ന അവൾ 'പുണ്യവതി' എന്ന വിളിപ്പേരു സമ്പാദിച്ചിരുന്നു. ഈശോയുടെ കൂടെ കരയാനും സഹിക്കാനും ഉണർന്നിരിക്കാനും പ്രാർത്ഥിക്കാനും വിളിക്കപ്പെട്ടിരിക്കുകയാണ് താൻ എന്ന് അവൾക്കു തോന്നി. മിശിഹായുടെ പീഡാനുഭവങ്ങളുടെ കുറവ് തന്റെ ശരീരത്തിൽ തികയ്ക്കുവാൻ അവൾ തീരുമാനിച്ചു. പ്രായശ്ചിത്തങ്ങളും സ്വയംപീഡനങ്ങളും അവൾ അനുഷ്ഠിച്ചു.

ഏകാന്ത ജീവിതത്തിനുള്ള താത്പര്യം നിമിത്തം ഒരു മഠത്തിൽ ജോലിക്കാരിയായി നിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കായികയാൽ, ആത്മീയപിതാവിന്റെ നിർദ്ദേശാനുസരണം അവൾ തന്റെ ഭവനത്തിൽ തന്നെ താമസം തുടർന്നു. പിശാചിന്റെ കടുത്ത ഇടപെടലുകളും പ്രലോഭനങ്ങളും മറിയം ത്രേസ്യയുടെ ജീവിതത്തിലുണ്ടായി. എങ്കിലും ഈശോയോടുള്ള സ്നേഹത്തെപ്രതി അവയെല്ലാം അതിജീവിച്ച മറിയം ത്രേസ്യ അഗതികളെയും രോഗികളെയും നിരാലംബരെയും ശുശ്രൂഷിക്കുന്നതിൽ അതീവതാത്പര്യം കാണിച്ചു. ഭവനസന്ദർശനങ്ങളും മനുഷ്യോപകാരപ്രവർത്തികളും തുടർന്ന മറിയം ത്രേസ്യയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നു. പിന്നീട്, കാലക്രമത്തിൽ ആത്മീയപിതാവിന്റെയും തൃശ്ശൂർ മെത്രാനായിരുന്ന അഭിവന്ദ്യ മേനാച്ചേരി പിതാവിന്റെയും ഹിതപ്രകാരം തിരുക്കുടുംബ സന്യാസിനിസഭയ്ക്ക് മറിയം ത്രേസ്യ തുടക്കം കുറിച്ചു(1914 മെയ് 14).

രോഗവും സഹനവും അവശയാക്കിയ മറിയം ത്രേസ്യ 1926 ജൂൺ 8-ാം തിയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2000-മാണ്ട് ഏപ്രിൽ 9-ാം തിയതി ജോൺ പോൾ രണ്ടാമൻ മാർപാപ്പ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

തിരുനാൾ ദിനം : ജൂൺ 8

പ്രാരംഭഗാനം

സ്വർഗ്ഗീയ പൂന്തോപ്പിൽ
സ്നേഹത്തിൻ പൂ ചൂടി
ആശ്വാസദീപം തെളിച്ച്
അമ്മ വാഴുന്നു
വാഴ്ത്തപ്പെട്ടവളായ്

ഭൂലോകത്തെല്ലാരും ദാഹത്തിൻ മനസ്സോടെ
വിശ്വാസദീപം തെളിച്ച്
മന്നിലെ ശരണാർത്ഥികൾക്ക്
വിണ്ണിലെ ആശാദീപമായി

സ്വർഗ്ഗീയ...

ദുഃഖിതരും പീഡിതരും പാപത്താൽ ബന്ധിതരും
പ്രത്യാശയോടെ വിളിക്കുമ്പോൾ
നൽവരങ്ങൾ നല്കുവാൻ
നിത്യനാഥനോടരുളണമേ

സർഗ്ഗീയ...

കാർമ്മി: നിത്യം ജീവിക്കുന്നവനും സ്നേഹസമ്പന്നനുമായ ദൈവമേ, അങ്ങയുടെ തിരുമുമ്പിൽ കത്തിജ്വലിക്കുന്ന ഒരു ദീപമായിത്തീരുവാൻ പ്രാർത്ഥിച്ച മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥസഹായം അപേക്ഷിച്ചണഞ്ഞിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് മാതൃകയും സഹായവുമായി വിശുദ്ധരെ പ്രദാനം ചെയ്യുന്ന ദൈവമേ, കുടുംബങ്ങൾക്ക് പ്രേഷിതയായി അമ്മയെ നല്കിയ അങ്ങയുടെ അനന്തകാരുണ്യത്തെ ഞങ്ങൾ എന്നെന്നും പ്രകീർത്തിക്കുന്നു. ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് എന്ന ദിവ്യവചസ്സുകൾ പ്രാവർത്തികമാക്കി നിരാംലബരെ സഹായിക്കുവാൻ സന്നദ്ധയായി മിശിഹായെ പൂർണമായും പിഞ്ചെന്ന മറിയം ത്രേസ്യയെ അനുകരിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ.

കാർമ്മി: ഈശോയുടെ കരുണാർദ്രസ്നേഹം കുടുംബങ്ങളിലേക്കെത്തിച്ച് അവർക്കു പ്രതീക്ഷ പകർന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായേ,

സമൂ: തിരുക്കുടുംബത്തെപ്പോലെ ധന്യമായ കുടുംബജീവിതം നയിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

കാർമ്മി: “എന്റെ ഹൃദയം മുഴുവൻ (സമൂഹവും ചേർന്ന്)/ കർത്താവിന് ഞാൻ കൊടുത്തിരിക്കുന്നു./ എനിക്ക് കർത്താവല്ലാതെ ലോകത്തിൽ യാതൊന്നും വേണ്ട”/ എന്നു പറഞ്ഞു കൊണ്ട് പരിശുദ്ധവും നിർമ്മലവുമായ ജീവിതം/ ചെറുപ്പം മുതൽ നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായേ/ വിശുദ്ധിയുടെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ./ ക്രൂശിതനായ ഈശോയോട് താദാത്മ്യം പ്രാപിച്ചുകൊണ്ട്/ അവിടുത്തെ തിരുമുറിവുകൾ ഏറ്റുവാങ്ങിയ അമ്മേ/ ഞങ്ങളുടെ ജീവിതത്തിലെ,/ സഹനത്തിന്റെ നിമിഷങ്ങളിൽ നിരാശരാകാതെ/ പ്രത്യാശാഭരിതമായ ജീവിതം നയിക്കാനുള്ള/ അനുഗ്രഹത്തിനായി, /ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ./ ആമ്മേൻ.

സങ്കീർത്തനം (67)

കാർമ്മി: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. അവിടുന്ന് തന്റെ പ്രീതി നമ്മുടെ മേൽ ചൊരിയുമാറകട്ടെ

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: അവിടുത്തെ മാർഗ്ഗങ്ങൾ ഭൂമിയിലും രക്ഷാകരശക്തി ജനതകളുടെയിടയിലും അറിയപ്പെടട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ.

സമൂ: ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.............പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................ മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ..................മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ ........... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും

സമൂ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ, ഈശോയോട് അപേക്ഷിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: ചെറുപ്പം മുതലേ ദൈവത്തെ സ്നേഹിക്കാനുള്ള തീക്ഷ്ണത കൊണ്ടു നിറഞ്ഞിരുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായേ, ദൈവതിരുസന്നിധിയിൽ ഞങ്ങൾക്കായ് മാദ്ധ്യസ്ഥം വഹിക്കണമേ. സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് ആശ്രയകേന്ദ്രമായിരിക്കണമേ. അമ്മയുടെ മാതൃക പിന്തുടരുവാനും പ്രാർത്ഥനയും പരിത്യാഗവും വഴി വിശുദ്ധി പ്രാപിക്കാനും ഞങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടി അമ്മ പ്രത്യേകം പ്രാർത്ഥിക്കണമേ,

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(തേടി വരുന്നു... എന്ന രീതി)

കുടുംബങ്ങൾ തൻ പ്രേഷിതസൂനം
മറിയം ത്രേസ്യ തൻ മാദ്ധ്യസ്ഥം
തേടുന്നിവരിൽ കനിയണമേ
അനുഗ്രഹമാരി ചൊരിയണമേ

ക്രൂശിതനേശുവിൻ പ്രേയസിയെ
കുരിശിൻ പാത പുണർന്നവളെ
പഞ്ചക്ഷതയാം കന്യകയെ
പ്രാർത്ഥിക്കണമെ തനയർക്കായ്

അസ്വസ്ഥതകളലട്ടുമ്പോൾ
ആശ്രയമില്ലാതലയുമ്പോൾ
അപകടവഴിയേ നീങ്ങുമ്പോൾ
അഭയം മക്കൾക്കരുളണമേ

കാർമ്മി: സർവ്വനന്മസ്വരൂപിയായ ത്രിത്വൈകദൈവമേ (സമൂഹവും ചേർന്ന്)/ അങ്ങയോടുള്ള സ്നേഹത്താൽ കത്തിജ്വലിക്കുകയും/ സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച്/ അഗതികൾക്കും ആർത്തർക്കും അത്താണിയാവുകയും/ കുടുംബങ്ങളെ ക്രൈസ്തവചൈതന്യത്താൽ നിറയ്ക്കുവാൻ/ ജീവിതം സമർപ്പിക്കുകയും ചെയ്ത മറിയം ത്രേസ്യയിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ./ സമാധാനമില്ലാത്ത കുടുംബങ്ങളിലും വ്യക്തികളിലും/ യേശുവിന്റെ ശാശ്വതമായ സമാധാനം വർഷിക്കണമേ,/ മദ്യപാനത്തിലും മറ്റു ദുശ്ശീലങ്ങളിലും നിന്ന്/ വ്യക്തികളെ വിടുവിക്കണമേ./ രോഗികളും ആകുലരും പീഡിതരും ക്ലേശിതരുമായ എല്ലാവർക്കും/ തങ്ങളുടെ വേദനകളിൽ ദൈവഹിതം ദർശിക്കുവാനുള്ള വരം നല്കണമേ./ നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും, ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനപ്രാർത്ഥന

കാർമ്മി: ദിവ്യരക്ഷകനായ മിശിഹായേ, അങ്ങയോടുള്ള സ്നേഹത്താൽ ജ്വലിച്ച് സഹനങ്ങളെ ഏറ്റുവാങ്ങിയ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥസഹായം തേടിവന്ന ഈ ദാസരെ ആശീർവ്വദിക്കണമേ. ജീവിതക്ലേശങ്ങളിൽ അങ്ങയുടെ കരം കാണുവാൻ, സന്തോഷസന്താപങ്ങളിൽ അങ്ങയെ മഹത്വപ്പെടുത്തുവാൻ, ഇവരെ പഠിപ്പിക്കണമേ. ഇവരുടെ കുടുംബങ്ങളിലും സമൂഹത്തിലും അങ്ങേ ശാന്തിയും സമാധാനവും വർഷിക്കണമേ. ഇവരുടെ ഓരോ നല്ല സംരംഭത്തിലും നീതിപൂർവ്വകമായ ആവശ്യങ്ങളിലും അമ്മ വഴി ധാരാളം അനുഗ്രഹങ്ങൾ നല്കണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും+

സമൂ: ആമ്മേൻ.

സമാപനഗാനം

കേരളനാടിൻ അഭിമാനമായി 
യേശുവിൻ പ്രേയസിയാം മറിയം ത്രേസ്യ
തിരുക്കുടുംബസഭാസ്ഥാപകേ ധന്യേ
അമ്മേ നിൻ പുകൾ പാടുന്നു ഞങ്ങൾ
അമ്മേ നിൻ പുകൾ പാടുന്നു... (2)

ത്യാഗസുമങ്ങൾ പ്രിയനായർപ്പിച്ചു
അവിടുത്തെ ചൈതന്യം ഏറ്റുവാങ്ങി
തൻതിരുമുറിവുകൾ സമ്മാനമായി നല്കി
കേരള പഞ്ചക്ഷതയായ് - അമ്മ
കേരള പഞ്ചക്ഷതയായ്... 

കേരള...

ആശയോടണയും അഗതികൾ ഞങ്ങളിൽ
അനുഗ്രഹവർഷം ചൊരിയണമേ (2)
സ്നേഹിക്കാനരുളിയ സ്നേഹിതനേശുവിൻ
സ്നേഹമല്ലോ നിൻ ജീവിതരഹസ്യം (2)

കേരള...

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയോടുള്ള നൊവേന vaazhthappetta-mariyam-thraciayodulla-novena പുണ്യവതി' Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message