We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024
ഈശോയുടെ തിരുമുഖത്തോടുള്ള
നൊവേന
രക്താഭിഷിക്തമായ ഈശോയുടെ തിരുമുഖം ലോകത്തിൻ്റെ പാപത്തിനു വേണ്ടി വേദനകളനുഭവിക്കുന്ന ദൈവത്തിൻ്റെ സ്നേഹത്തെയാണ് പ്രകടമാക്കുന്നത്. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ" എന്ന ഈശോയുടെ വചനം അന്വർത്ഥമാക്കിക്കൊണ്ടു ജീവിക്കുവാൻ അവിടുത്തെ തിരുമുഖധ്യാനം നമ്മെ പ്രചോദിപ്പിക്കുന്നു. ദൈവസ്നേഹത്തിൻ്റെ അവർണ്ണനീയമായ അനുഭവങ്ങൾ പകർന്നുതരുന്ന ഈശോയുടെ തിരുമുഖത്തോടുള്ള പ്രാർത്ഥന സഹനങ്ങളിൽ മിശിഹായോടു താദാത്മ്യപ്പെടാനുള്ള പ്രേരണയും ശക്തിയുമാണ്.
തിരുനാൾ ദിനം : വലിയ നോമ്പിലെ ആദ്യ ചൊവ്വ |
പ്രാരംഭഗാനം
(നിത്യസഹായമാതേ.. എന്ന രീതി)
ദൈവമേ നീ ക്ഷമിക്കാ
നിൻ ജനത്തോടു നാഥാ
കോപമായ് നോക്കീടല്ലേ
എന്നെന്നും ഞങ്ങളെ നീ (3)
കാർമ്മി: ഓ! എൻ്റെ ദൈവമേ അങ്ങ് ഏറ്റം നല്ലവനും ഏല്ലാ സ്നേഹത്തിനും യോഗ്യനും ആയതിനാൽ എല്ലാ വസ്തുക്കളെയുംകാൾ ഉപരിയായി പൂർണ്ണഹൃദയത്തോടും ആത്മാവോടും കൂടി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെ പ്രതി മറ്റെല്ലാവരേയും എന്നെപ്പോലെ തന്നെ ഞാൻ സ്നേഹിക്കുന്നു. എന്നെ ദ്രോഹിച്ചിട്ടുള്ള എല്ലാവരോടും ഞാൻ ക്ഷമിക്കുന്നു. ഞാൻ ദ്രോഹിച്ചിട്ടുള്ള എല്ലാവരോടും ഞാൻ മാപ്പുചോദിക്കുകയും ചെയ്യുന്നു. നിത്യം ജീവിക്കുന്ന അങ്ങയുടെ മക്കളായ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
കാർമ്മി: ഓ! ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാർത്ഥന അങ്ങേ തിരുസന്നിധിയിൽ എത്തുന്നതുവരെ ഞങ്ങളങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
സമൂ: പരിശുദ്ധനായ ദൈവമേ, സർവ്വശക്തനായ ദൈവമേ, മരണമില്ലാത്ത ദൈവമേ, ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നണമേ.
കാർമ്മി: ഓ! ഈശോയെ, (സമൂഹവുംകൂടി) അങ്ങയുടെ കയ്പേറിയ പീഡാസഹനം/ അങ്ങയെ മനുഷ്യരുടെ മുമ്പിൽ/ അതിദയനീയമായ/ ഒരു കാഴ്ചവസ്തുവാക്കുകയും/ ദുഃഖത്തിൻ്റെ/ മനുഷ്യനാക്കിത്തീർക്കുകയും ചെയ്‌തല്ലോ./ ഒരിക്കൽ സ്വർഗ്ഗീയപ്രഭയാലും/ മാധുര്യത്താലും പ്രശോഭിച്ചിരുന്ന/അങ്ങയുടെ തിരുമുഖത്തെ/ ഭക്ത്യാദരപൂർവ്വം ഞങ്ങൾ വന്ദിക്കുന്നു./ അങ്ങയുടെ തൃക്കണ്ണുകളിൽ നിറഞ്ഞിരിക്കുന്ന/ കണ്ണുനീർത്തുള്ളികൾ/വിലയേറിയ മുത്തുകളായി/ ഞങ്ങൾ കാണുന്നു./ സ്നേഹാതിരേകത്തോടെ/ അതിനെ ശേഖരിച്ച്/ പാപികളുടെ വിലയായി കൊടുത്ത്/ വീണ്ടും രക്ഷിക്കുവാൻ/ ഇടയാകുമാറാകട്ടെ./ ഓ! ഈശോയെ/ ഞങ്ങളെ അങ്ങയിലേക്കാകർഷിക്കുന്ന/ അങ്ങയുടെ തിരുമുഖം വഴിയായി/ ആ സ്വർഗ്ഗീയഛായ/ ഞങ്ങളുടെ ഹൃദയങ്ങളിൽ പതിക്കുകയും/ അങ്ങയുടെ മഹിമയേറിയ തിരുമുഖത്തെ/ ധ്യാനിക്കുന്നതിന്/ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. / ആമ്മേൻ
സങ്കീർത്തനം (103)
കാർമ്മി: എൻ്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക
സമൂ: എൻ്റെ അന്തഃരംഗമേ അവിടുത്തെ വിശുദ്ധ നാമത്തെ പുകഴ്ത്തുക.
കാർമ്മി: അവിടുന്ന് നിൻ്റെ അകൃത്യങ്ങൾ ക്ഷമിക്കുന്നു.
സമൂ: നിൻ്റെ രോഗങ്ങൾ സുഖപ്പെടുത്തുന്നു.
കാർമ്മി: അവിടുന്ന് നിൻ്റെ ജീവനെ പാതാളത്തിൽ നിന്നു രക്ഷിക്കുന്നു.
സമൂ: അവിടുന്ന് സ്നേഹവും കരുണയും കൊണ്ട് നിന്നെ കിരീടമണിയിക്കുന്നു.
കാർമ്മി: കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാകുന്നു.
സമൂ: അവിടുന്ന് എപ്പോഴും ശാസിക്കുന്നുമില്ല.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം
സമൂ: ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ.
കാർമ്മി: വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കുമെന്ന് അരുളിച്ചെയ്‌ത ഈശോയേ അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ ലോകരാഷ്ട്രങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ
കാർമ്മി: ദൈവജനത്തെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങളിൽ സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ....................... പാപ്പായെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ............................. മെത്രാപ്പോലിത്തായെയും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ .................................മെത്രാപ്പോലീത്തായെയും എല്ലാ വൈദികമേലദ്ധ്യക്ഷന്മാരെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ
കാർമ്മി: ഞങ്ങളുടെ രൂപതയെയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ .......................... മെത്രാനെയും എല്ലാ വൈദികരെയും സന്യസ്‌തരെയും അനുഗ്രഹിക്കണമെന്നും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു നല്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ
കാർമ്മി: ഞങ്ങളുടെ ഇടവകാംഗങ്ങളെല്ലാവരും യോജിപ്പിലും ഒരുമയിലും അങ്ങയുടെ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ ജീവിക്കുന്നതിന് ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലർത്തണമെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അങ്ങയെപ്പോലെ വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാൻ ഇടയാക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ സ്നേഹമായ ഈശോയുടെ തിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: ഏറ്റവും ആഴമേറിയ വേദന നിശബ്ദനായി സഹിച്ച ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളും വേദനകളും സന്തോഷപൂർവ്വം സഹിക്കുവാൻ വേണ്ട വരം തരണമേ, നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ ജീവിതത്തെ അലട്ടുന്ന ആത്മീയവും ലൗകികവുമായ എല്ലാ പ്രശ്നങ്ങളിൽനിന്നും വിമുക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)
തിരുവോസ്തിയിൽ ഞാൻ എന്നേശുവേ
നിൻ്റെ തിരുമുഖം കണ്ടു(2)
എത്ര മനോഹരം
എത്ര ചേതോഹരം (2)
എന്തെന്തു പാവനം നിൻ്റെ രൂപം
നിന്നെ കൂടാതെനിക്കില്ല ജീവിതം
ഇനി നിന്നോട് ചേർന്നാണെൻ ജീവിതം (2)
പാപാന്ധകാരം മൂടിയ പാതയിൽ നിന്നു നീ
എന്നെ പിടിച്ചകറ്റി (2)
ഇന്നെനിക്കേശുവേ, നീ തന്ന ജീവിതം
ഓർത്തോർത്ത് നന്ദി ചൊല്ലുന്നു (2) (നിന്നെ കൂടാതെ)
ഇന്നെൻ്റെ പാപം മുഴുവനുമീശോ
കഴുകിയ കൈകളാൽ തുടച്ചു തന്നു
ആ തിരുസ്നേഹമെന്നുള്ളിൽനിന്നൊരുനാളും
മായ്ക്കല്ലേ എൻ്റെ കർത്താവേ (2) (നിന്നെ കൂടാതെ)
കാർമ്മി: ഞങ്ങളുടെ രക്ഷകനും/ ഞങ്ങളോടുള്ള അഗാധമായ കരുണയാലും സ്നേഹത്താലും/ അനന്തമായ യോഗ്യതകൾ നേടിയവനുമായ/ ഈശോയുടെ തിരുമുഖമേ ഞങ്ങളങ്ങയെ ആരാധിക്കുന്നു./ പാപങ്ങൾക്ക് മോചനവും/ യഥാർത്ഥ മനഃസ്താപവും ഞങ്ങൾക്കു തരണമേ ഞങ്ങളുടെ ജീവിതവിശുദ്ധിയാലും/ വിശ്വാസ സാക്ഷ്യത്താലും അങ്ങേ തിരുമുഖത്തെ ഞങ്ങൾ ആശ്വസിപ്പിക്കട്ടെ./ നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും, ആമ്മേൻ.
കാർമ്മി: തിരുരക്തത്താൽ ആവൃതമായ ഈശോയുടെ തിരുമുഖമേ
സമൂ: നിൻ്റെ വിലയേറിയ തിരുരക്തത്തിൽ ഞങ്ങളെ കഴുകണമെ.
സമാപനപ്രാർത്ഥന
കാർമ്മി: ഞങ്ങളോടുള്ള അനന്തമായ സ്നേഹത്താൽ കണ്ണീരൊഴുക്കിയ ഈശോയുടെ തിരുമുഖമേ, അദ്ധ്വാനവും പ്രാർത്ഥനയും വഴി ജീവിതകർത്തവ്യങ്ങളെല്ലാം കൃത്യമായി നിർവഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. നമ്മുടെ കർത്താവിശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിൻ്റെ സ്നേഹവും, പരിശുദ്ധാത്മാവിൻ്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും
സമൂ: ആമ്മേൻ.
സമാപനഗാനം
തിരുമുഖഛായയിൽ മറഞ്ഞിരിക്കാനൊരു
മണൽ തരിയായ് ഞാൻ മാറിയെങ്കിൽ
കാറ്റിലും മഴയിലും പറന്നലിയാതെ നിൻ
ഉള്ളം കയ്യിൽ ഞാനിരുന്നെങ്കിൽ
ആരും കാണാതെ നിൻ പാദങ്ങൾക്കടിയിൽ
സ്പർശനമേറ്റ് ഞാൻ കിടന്നെങ്കിൽ
ആത്മരക്ഷയ്ക്കായ് നിൻ ത്യാഗത്തിൻ വഴിയിൽ
പ്രേഷിതനായി ഞാൻ തീർന്നെങ്കിൽ (തിരുമുഖഛായയിൽ)
eshoyudethirumukhathodulla-novena “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ" Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206