We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 10-Jul-2024
വി. വിൻസെന്റ് ഡി പോളിനോടുള്ള നൊവേന
ഫ്രാൻസിൽ പാരീസിനടുത്ത് 'പോൾ' എന്ന ഗ്രാമത്തിൽ ജീൻ ഡി പോളിന്റെയും ബട്രൻ ഡി പോളിന്റെയും ആറു മക്കളിൽ മൂന്നാമനായി 1581-ൽ വിൻസെന്‍റ് പിറന്നു. സാധാരണ കർഷക കുടുംബമായിരുന്നതിനാൽ ചെറുപ്പത്തിലെ വിൻസെന്‍റ് ആടുമേയ്ക്കാൻ പോകുമായിരുന്നു. തീക്ഷ്ണമായ ദൈവസ്നേഹവും അതുല്യമായ ദൈവമാതൃ ഭക്തിയും അസാധാരണമായ സാധുജനസ്നേഹവും മറ്റുള്ളവരിൽ നിന്ന് വിൻസെന്റിനെ വ്യത്യസ്തനാക്കി.
സാമാന്യം നല്ല വിദ്യാഭ്യാസത്തോടെ 1600 സെപ്തംബർ 23-ന് വിൻസെന്റ് വൈദികനായി. 1605-ൽ മാർസെയിലേക്കു പോകുംവഴി വിൻസെന്റ് ആഫ്രിക്കൻ കടൽകൊള്ളക്കാരുടെ കയ്യിൽപ്പെടുകയും അവർ അദ്ദേഹത്തെ ഒരു മീൻപിടുത്തക്കാരന് വില്ക്കുകയും ചെയ്തു. മീൻ പിടുത്തം വശമില്ലാതിരുന്ന വിൻസെന്റിനെ മുക്കുവൻ ഒരു മുഹമ്മദീയ രസതന്ത്രജ്ഞന് വിറ്റു. അയാളുടെ മരണശേഷം മതത്യാഗിയായ ഒരു ക്രിസ്ത്യാനിയുടെ പക്കൽ എത്തിച്ചേർന്ന വിൻസെന്റ് ക്രമേണ സ്വതന്ത്രനായി.
1624-ൽ കോൺഗ്രിഗേഷൻ ഓഫ് മിഷൻ രൂപീകരിച്ചു. നാലു വൈദികർ മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇടവകകൾ സന്ദർശിച്ച് പോപ്പുലർ മിഷൻ ധ്യാനങ്ങൾ നടത്തി ജനങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുകയായിരുന്നു ലക്ഷ്യം. 1631 ജനുവരി 1-ന് എട്ടാം ഊർബൻ മാർപാപ്പ മിഷൻ സംഘത്തിന് ഔദ്യോഗികാംഗീകാരം നൽകി. വൃദ്ധരോടും ദരിദ്രരോടും അനാഥരോടും പരിത്യക്തരായ സമസ്തരോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവം കരുണാർദ്രമായിരുന്നു. "ഉപവിയുടെ സഹോദരികൾ" എന്നൊരു സന്ന്യാസിനിസഭയും അദ്ദേഹം തുടങ്ങി. സന്ന്യാസത്തോടൊപ്പം സംഘടിതമായ സാധുജനസേവനം നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം. വിശുദ്ധൻ സ്ഥാപിച്ച ഈ രണ്ടു സഭകളും ഇന്ന് ലോകത്തിന് വളരെയേറെ നന്മ ചെയ്തുകൊണ്ടിരിക്കുന്നു. 1660 സെപ്റ്റംബർ 27-ന് ദിവംഗതനായ വിൻസെന്റിനെ 1737 ജൂൺ 16-ന്, ക്ലമൻ്റ് പന്ത്രണ്ടാം മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. 1883 ൽ പതിമൂന്നാം ലെയോ മാർപാപ്പ, അദ്ദേഹത്തെ എല്ലാ പരസ്നേഹപ്രവർത്തനങ്ങളുടെയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു..
തിരുനാൾ ദിനം : സെപ്തംബർ 27 |
പ്രാരംഭഗാനം
(നിത്യസഹായമാതേ എന്ന രീതി)
വിശുദ്ധ വിൻസെന്റ് ഡി പോൾ
പാവങ്ങൾക്കാശ്രയമേ
സ്നേഹത്തിൻ മാതൃകയേ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
പ്രേഷിതയാത്രകളിൽ
അടിമയായ് തീർന്ന നേരം
സഹനവും പ്രാർത്ഥനയും
അവിടുത്തെ മാർഗ്ഗമായി
(വിശുദ്ധ...)
രോഗികളാകുലരും
വേദനിക്കുന്നവരും
നിൻചാരേ വന്നിടുമ്പോൾ
മദ്ധ്യസ്ഥമേകണമേ (വിശുദ്ധ...)
കാർമ്മി: എളിയവരെ ശക്തിപ്പെടുത്തുകയും വിനീതരെ ഉയർത്തുകയും പാപികളിൽ കരുണ വർഷിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, വി. വിൻസെന്റ് ഡി പോളിന്റെ മാദ്ധ്യസ്ഥം വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ ദയാപൂർവ്വം സ്വീകരിച്ച് ഞങ്ങളുടെ നിയോഗങ്ങൾ സഫലമാക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്‌തു കൊടുത്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്‌തു തന്നത് എന്ന മിശിഹായുടെ വാക്കുകളനുസരിച്ച് അനാഥർക്കും ദുഃഖിതർക്കും വേണ്ടി ജീവിതം മുഴുവൻ മാറ്റിവച്ച വി. വിൻസെന്റ് ഡി പോളെ,
സമൂ: ജീവകാരുണ്യപ്രവൃത്തികൾ ചെയ്യുന്നതിനും അവിടുന്നു കാണിച്ചുതന്ന പ്രാർത്ഥനയുടെ പാതയിലൂടെ ചരിക്കുന്നതിനും ഞങ്ങളെ സഹായിക്കണമേ.
കാർമ്മി: പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യസ്ഥനും/ (സമൂഹവും ചേർന്ന്) പാവങ്ങളുടെ ആശ്രയവുമായ വി. വിൻസെന്റ് ഡി പോളെ/ അങ്ങിൽ വിളങ്ങിയിരുന്ന/ അത്ഭുതകരമായ ചൈതന്യവും/ സ്നേഹവും എളിമയും/ രോഗികളോടും വേദനിക്കുന്നവരോടുമുള്ള കാരുണ്യവും/ അങ്ങയെ അത്ഭുതപ്രവർത്തകനാക്കിയല്ലോ./ പാവപ്പെട്ടവരിലും ശിശുക്കളിലും/ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരിലും/ ഈശോയ കണ്ടുകൊണ്ട് ശുശ്രൂഷ ചെയ്ത/ അങ്ങേക്കുണ്ടായിരുന്നതു പോലെ / ഈശോയുടെ സ്നേഹചൈതന്യം/ ഞങ്ങളിലും ജ്വലിക്കട്ടെ./ അഗാധമായ ദൈവസ്നേഹവും/ സഹോദരസ്നേഹവും വഴി/ ഈശോയെ പ്രാപിക്കാനുള്ള അനുഗ്രഹം/ അങ്ങ് ഞങ്ങൾക്കായ് വാങ്ങിത്തരണമേ./ ആമ്മേൻ.
സങ്കീർത്തനം (86)
കാർമ്മി: കർത്താവേ, ചെവി ചായ്ച്ച് എനിക്കുത്തരമരുളണമേ. ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
സമൂ: കർത്താവേ ചെവി ചായ്ച്ച് എനിക്ക് ഉത്തരമരുളണമേ.
കാർമ്മി: എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അങ്ങയുടെ ഭക്തനാണ്.
സമൂ: കർത്താവേ ചെവി ചായ്ച്ച് എനിക്ക് ഉത്തരമരുളണമേ.
കാർമ്മി: കർത്താവേ എന്നോടു കരുണ കാണിക്കണമേ. ദിവസം മുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
സമൂ: കർത്താവേ ചെവി ചായ്ച്ച് എനിക്ക് ഉത്തരമരുളണമേ.
കാർമ്മി: കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ.
സമൂ: കർത്താവേ ചെവി ചായ്ച്ച് എനിക്ക് ഉത്തരമരുളണമേ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസ
ശുശ്രൂ: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. വിൻസെന്റ് ഡി പോളേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: വി. വിൻസെന്റ് ഡി പോളേ, ഈശോയോട് അപേക്ഷിക്കണമേ
ശുശ്രൂ: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. വിൻസെന്റ് ഡി പോളെ, ഈശോയോട് അപേക്ഷിക്കണമേ
ശുശ്രൂ: ദൈവജനത്തെ ദൈവരാജ്യത്തിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങളിൽ എല്ലാ വൈദികമേലദ്ധ്യക്ഷന്മാരും വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കാനും,
സമൂ: വി. വിൻസെന്റ് ഡി പോളെ, ഈശോയോട് അപേക്ഷിക്കണമേ
ശുശ്രൂ: മിശിഹായുടെ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ ഇടയാക്കണമെന്ന്,
സമൂ: വി. വിൻസെന്റ് ഡി പോളെ, ഈശോയോട് അപേക്ഷിക്കണമേ
ശുശ്രൂ: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരാനും,
സമൂ: വി. വിൻസെന്റ് ഡി പോളെ, ഈശോയോട് അപേക്ഷിക്കണമേ
ശുശ്രൂ: പരസ്നേഹ പ്രവർത്തനങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി.വിൻസെന്റ് ഡി പോളെ, കരുണാർദ്രമായ സ്നേഹത്തിലൂടെ അങ്ങ് ലോകത്തെ കീഴടക്കിയതു പോലെ ഞങ്ങളും പരസ്നേഹ പ്രവർത്തികളിലൂടെ ഈശോക്ക് സാക്ഷ്യം വഹിക്കുന്നവരാകുവാൻ,
സമൂ: വി. വിൻസെന്റ് ഡി പോളെ, ഈശോയോട് അപേക്ഷിക്കണമേ
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്).
ശുശ്രൂ: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. വിൻസെന്റ് ഡി പോളിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: ദിവ്യഈശോയെ, അങ്ങയോടുള്ള സ്നേഹം കവിഞ്ഞൊഴുകുന്ന ഒരു ഹൃദയം വിശുദ്ധ വിൻസെന്റ് ഡി പോളിന് അങ്ങു നല്കിയല്ലോ. ദരിദ്രരിലും അനാഥരിലും രോഗികളിലും അങ്ങേ പ്രതിച്ഛായ ദർശിക്കുവാനും ഞങ്ങളുടെ സമയത്തിന്റെയും സമ്പത്തിന്റെയും കഴിവുകളുടെയും ഒരു ഓഹരി സന്തോഷപൂർവ്വം അവർക്കു നല്കുവാനും വിശുദ്ധനുണ്ടായിരുന്ന അതേ ഉപവിയുടെ തീക്ഷ്ണത ഞങ്ങൾക്കും നല്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും,
സമൂ: ആമ്മേൻ,
ഗാനം
(വിശുദ്ധനായ സെബസ്ത്യാനോസേ എ.മ.)
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു).
വിശുദ്ധനായ വിൻസെന്റ് ഡി പോൾ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
പാപികളെയും രോഗികളെയും
കരുണയോടെന്നും കാത്തിടേണേ
സൗഖ്യത്തിനായ് ഞങ്ങൾ മുട്ടിവിളിക്കുമ്പോൾ
മദ്ധ്യസ്ഥനായങ്ങു പ്രാർത്ഥിക്കണേ
(വിശുദ്ധനായ....)
പാവങ്ങളെയും ആകുലരെയും
സോദരരായ്ക്കണ്ട പുണ്യതാതാ
സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് വാസമൊരുക്കുവാൻ
മദ്ധ്യസ്ഥനായി സഹായിക്കണേ (വിശുദ്ധനായ....)
കാർമ്മി: കാരുണ്യവാനായ കർത്താവേ (സമൂഹവും ചേർന്ന്)/ അങ്ങേ വിശ്വസ്തദാസനായ/ വി. വിൻസെന്റ് ഡി പോളിനെ/ സ്നേഹം, എളിമ, വിശുദ്ധി/ എന്നീ വിശേഷപുണ്യങ്ങളാൽ അലങ്കരിക്കുകയും/ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനും രോഗശാന്തി നല്കുന്നതിനും/ വചനം പ്രഘോഷിക്കുന്നതിനും/ പ്രത്യേകവരം നല്കുകയും ചെയ്തുവല്ലോ./ വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി/ ഞങ്ങൾ സമർപ്പിക്കുന്ന യാചനകൾ ദയാപൂർവ്വം സ്വീകരിക്കണമേ./ സകലത്തിന്റെയും നാഥാ, എന്നേക്കും,/ ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: വി. വിൻസെന്റ് ഡി പോളെ, ' ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: അനന്തമായ സ്നേഹത്താൽ മനുഷ്യനെ സൃഷ്ടിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യുന്ന സ്നേഹപിതാവായ ദൈവമേ, അങ്ങു വാഴ്ത്തപ്പെട്ടവനാകട്ടെ. അങ്ങയുടെ ഏകജാതനെ ഞങ്ങൾക്ക് നല്കിക്കൊണ്ട് ദൈവികജീവനിൽ പങ്കുകാരാക്കിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പരസ്നേഹപ്രവർത്തനങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി വി. വിൻസെന്റ് ഡി പോളിനെ തിരഞ്ഞെടുത്ത ദൈവമേ, ആ വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി തൃപ്പാദത്തിങ്കൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനകൾ കനിവോടെ സ്വീകരിക്കണമേ. ഇന്നത്തെ തിരുക്കർമ്മങ്ങളിൽ പങ്കുചേരുന്ന എല്ലാവർക്കും ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാവട്ടെ . ഇപ്പോഴും + എപ്പോഴും + എന്നേക്കും +
സമൂ :ആമ്മേൻ
സമാപനഗാനം
വിശുദ്ധനാം വിൻസെന്റ് ഡി പോളേ
പാവങ്ങൾ തൻ പുണ്യതാതാ
യേശുവിൻ പാത പുല്കാൻ
ലോകപ്രതാപമെല്ലാം മോദമോടെ
കൈവെടിഞ്ഞു നീ
(വിശുദ്ധനാം…)
ഹൃദയം കവർന്നിടുന്ന സ്നേഹവും
മധുരം പകർന്നിടുന്ന ത്യാഗവും
സഹജീവികൾക്ക് തന്ന മാതൃക
തവ ദാസർക്കേകിടണെ മോദമായി
(വിശുദ്ധനാം…)
ക്രൂശിൽ ബലിയണച്ച നാഥനിൽ
ശരണം ഗമിച്ച നിന്റെ ജീവിതം
മോദാലനുകരിച്ചു ഞങ്ങളും
ശക്തരായിത്തീർന്നിടട്ടെ നിത്യവും
(വിശുദ്ധനാം…)
വി. വിൻസെന്റ് ഡി പോളിനോടുള്ള നൊവേന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206