x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. അന്തോനീസിനോടുള്ള നൊവേന

Authored by : Liturgical Commission, Diocese Mananthavady On 10-Jul-2024

വി. അന്തോനീസിനോടുള്ള നൊവേന

അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസ് ജീവിച്ചിരുന്നപ്പോൾത്തന്നെ ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന ഒരു പോർച്ചുഗീസ് അഗസ്റ്റീനിയൻ വൈദികനായിരുന്നു വിശുദ്ധ അന്തോനീസ്. വളരെ തീക്ഷ്ണമതിയായ സുവിശേഷപ്രഘോഷകനായിരുന്നു അദ്ദേഹം. ഫ്രാൻസിലെയും ഇറ്റലിയിലെയും അനേകം പാഷണ്ഡതകളുടെ നിർമ്മാർജ്ജനത്തിന് അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ പ്രസംഗങ്ങൾ കാരണമായി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സജീവത വിലയിരുത്തി ഗ്രിഗറി ഒമ്പതാമൻ പാപ്പ അദ്ദേഹത്തെ 'ജീവിക്കുന്ന സുവിശേഷം' എന്നാണു വിശേഷിപ്പിച്ചത്.

1231 ജൂൺ പതിമൂന്നിന് അന്തരിച്ച വി. അന്തോനീസ് അടുത്ത വർഷം തന്നെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1946-ൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ അന്തോനീസിനെ വേദപാരംഗതനായി പ്രഖ്യാപിച്ചു. അത്ഭുതപ്രവർത്തകനെന്നും പാവങ്ങളുടെ കൂട്ടുകാരനെന്നും അദ്ദേഹം അറിയപ്പെടുന്നു. നഷ്ടപ്പെട്ടുപോയ സാധനങ്ങൾ കണ്ടെടുക്കുവാൻ വിശുദ്ധ അന്തോനീസിന്റെ മാദ്ധ്യസ്ഥം വിശ്വാസികൾ തേടാറുണ്ട്.

തിരുനാൾ ദിനം : ജൂൺ 13

പ്രാരംഭഗാനം

(നിത്യസഹായമാതേ... എന്ന രീതി)

വിശുദ്ധ അന്തോനീസേ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
നിൻ സവിധേ അണയും
ഭക്തർ തൻ മദ്ധ്യസ്ഥനേ

നഷ്ടപ്പെടുന്നവയെ
അങ്ങു തൻ മദ്ധ്യസ്ഥത്താൽ
വീണ്ടെടുത്തേകിയെന്നും
അത്താണിയാകേണമേ

ജീവിതവീഥികളിൽ
കാലിടറാതെയെന്നും
ഞങ്ങൾക്കു കാവലായി
കൂടെയുണ്ടാകേണമേ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, വി. അന്തോനീസിനെ ഞങ്ങൾക്ക് സ്വർഗ്ഗീയ മദ്ധ്യസ്ഥനായി നല്കിയതിന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ആവശ്യനേരങ്ങളിൽ സഹായിക്കുവാനും, സങ്കടങ്ങളിൽ ആശ്വസിപ്പിക്കുവാനും നഷ്ടപ്പെട്ടവ കണ്ടെത്തുവാനും എല്ലാവരിലും ദൈവസ്നേഹം നിറയ്ക്കുവാനും വി. അന്തോനീസിനെപ്പോലെ വിഷമതകളിൽ പരാതിയില്ലാതെ ജീവിക്കുവാനും പ്രലോഭനങ്ങളിൽ അങ്ങയിൽ മാത്രം ആശ്രയിക്കുവാനും വിശുദ്ധിയിലും വിവേകത്തിലും വളരുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: നഷ്ടപ്പെട്ടുപോയവ അന്വേഷിച്ചു കണ്ടെത്താൻ ഞങ്ങളെ സഹായിക്കുന്ന വിശുദ്ധ അന്തോനീസേ

സമൂ: വിശ്വാസപൂർവ്വം ഞങ്ങൾ കർത്താവിൽ ആശ്രയിക്കുന്നു. അങ്ങു ഞങ്ങൾക്ക് മദ്ധ്യസ്ഥനായിരിക്കണമെ

കാർമ്മി: അത്ഭുതകരമായ സ്വർഗ്ഗീയമദ്ധ്യസ്ഥത്താൽ (സമൂഹവും ചേർന്ന്)/ ഞങ്ങളെ സഹായിക്കുന്ന വിശുദ്ധ അന്തോനീസേ/ ജീവിത വ്യഗ്രതകളാൽ ഭൂമിയിൽ ഞങ്ങൾ വലയുമ്പോൾ/ ഞങ്ങളുടെ സഹായത്തിനെത്തണമേ./ ഈശോയുടെ സന്നിധിയിലുള്ള/ അങ്ങയുടെ മാദ്ധ്യസ്ഥശക്തിയിൽ ശരണപ്പെട്ടുകൊണ്ട് നിൽക്കുമ്പോൾ/ ആലംബഹീനർക്കെന്നും മദ്ധ്യസ്ഥനാകണമേ./ ആത്മാക്കളെ രക്ഷിക്കണമെന്നുള്ള ആഗ്രഹത്താൽ/ ഈശോയുടെ സന്നിധിയിൽ ജീവിതം സമർപ്പിച്ച അന്തോനീസേ/ ആവശ്യനേരങ്ങളിൽ സഹായത്തിനെത്തണമേ./ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകിട്ടുന്നതിന്/ നമ്മുടെ കർത്താവായ ഈശോമിശിഹായുടെ സന്നിധിയിൽ/ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമെന്ന്/ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

സമൂ: ആമ്മേൻ

സങ്കീർത്തനം (16,18)

കാർമ്മി: ദൈവമേ എന്നെ കാത്തുകൊള്ളണമേ, ഞാൻ അങ്ങയിൽ ശരണം വച്ചിരിക്കുന്നു.

സമൂ: അവിടുന്നാണ് എന്റെ കർത്താവ്, അങ്ങയിൽ നിന്നല്ലാതെ എനിക്കു നന്മയില്ല

കാർമ്മി: കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു.

സമൂ: എന്റെ ദൈവത്തിന്റെ സഹായത്തിനായി ഞാൻ നിലവിളിച്ചു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടുംകൂടെ വിശുദ്ധ അന്തോനീസേ, ഈശോയോട് പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കാം.

സമൂ: വിശുദ്ധ അന്തോനീസേ, ഈശോയോട് പ്രാർത്ഥിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വിശുദ്ധ അന്തോനീസേ, ഈശോയോട് പ്രാർത്ഥിക്കണമേ

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ................പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ ..................മൈത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ ...................മൈത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വിശുദ്ധ അന്തോനീസേ, ഈശോയോട് പ്രാർത്ഥിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ.................. മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും

സമൂ: വിശുദ്ധ അന്തോനീസേ, ഈശോയോട് പ്രാർത്ഥിക്കണമേ

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വിശുദ്ധ അന്തോനീസേ, ഈശോയോട് പ്രാർത്ഥിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വിശുദ്ധ അന്തോനീസേ, ഈശോയോട് പ്രാർത്ഥിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വിശുദ്ധ അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: കുരിശുമരണം വഴി മനുഷ്യവർഗ്ഗത്തെ രക്ഷിച്ച പരമകാരുണികനായ കർത്താവേ, വി. അന്തോനീസിനെ അനുകരിച്ച് ത്യാഗത്തിന്റെയും സഹനത്തിന്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കുവാൻ ഞങ്ങൾക്ക് കൃപ നല്കണമേ. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി ഞങ്ങൾ യാചിക്കുന്ന എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ. ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു).

അത്ഭുതങ്ങൾ ചെയ്തു ഞങ്ങളിൽ
സ്വർഗ്ഗരാജ്യ രശ്മിയേകിടും
ക്രിസ്തുവിന്റെ പ്രേഷിതോത്തമാ
പൊൽപാദങ്ങളെന്നുമാശ്രയം

പാവനാത്മാവായോരങ്ങു തൻ
പ്രാർത്ഥനാസഹായശക്തിയാൽ
ശ്രെയസ്സാർന്നു ഞങ്ങൾ വാഴുവാൻ
പ്രീതനായി വരങ്ങൾ നല്കണേ.

വേദനിച്ചീടുന്ന ചേതസ്സും
നീരെഴുന്ന നീർമിഴികളും
കാഴ്‌ചവച്ചു കൂപ്പിടുന്നിതാ
കാതണച്ചു കേൾക്ക നായകാ

പാദുവായിൽ ആശയോടെ നിൻ
പദമാശ്രയിച്ചോരെഴകൾ
ആശനേടി നിന്നനുഗ്രഹാൽ
ആശിസ്സേകുകിന്നുമവ്വിധം

കാർമ്മി: അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനീസേ (സമൂഹവും ചേർന്ന്),/ നിസ്സഹായാവസ്ഥയിൽ ഞങ്ങൾ അങ്ങേ സഹായം തേടുന്നു./ ജീവിതകാലത്ത് നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു കടന്നുപോയ അവിടുന്ന്/ ആവശ്യനേരങ്ങളിൽ അപേക്ഷിക്കുന്നവരെ സഹായിക്കുന്നവരിൽ/ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലല്ലോ./ അങ്ങയോടുള്ള ഭക്തിവഴിയായി/ ദിവ്യകാരുണ്യ ഈശോയെ കൂടുതൽ സ്നേഹിക്കുവാനും/ അവിടുത്തെ ഇഷ്ടം നിറവേറ്റി ജീവിക്കുവാനും/ ഞങ്ങളെ സഹായിക്കണമേ,

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: പാദുവായിലെ വിശുദ്ധ അന്തോനീസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സമാപനപ്രാർത്ഥന

കാർമ്മി: അത്ഭുതകരമായ വരങ്ങളാൽ വിശുദ്ധരെ അലങ്കരിക്കുവാൻ തിരുവുള്ളമായ ദൈവം, വിശുദ്ധ അന്തോനീസിന്റെ സുകൃതങ്ങൾ പരിഗണിച്ച് ആവശ്യനേരങ്ങളിൽ നമ്മെ സഹായിക്കട്ടെ. എല്ലാവിധ ആപത്തുകളിൽ നിന്നും നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും കർത്താവ് സംരക്ഷിക്കട്ടെ. പാപസാഹചര്യങ്ങളിൽ ഉൾപ്പെടുത്താതെ അവിടുത്തെ ശാന്തിയും സമാധാനവും നല്കി അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും

സമൂ: ആമ്മേൻ.

സമാപനഗാനം

പാദുവായിലെ ധന്യൻ
വി. അന്തോനീസേ
ദൈവത്തിൻ സ്നേഹസുതാ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ

ജീവിതപാതയിൽ നീ
സുവിശേഷത്തിൻ സന്ദേശം
മനുജർക്കു നല്കിയോനേ
വരമേകൂ പുണ്യാത്മാവേ

അമലോത്ഭ കന്യ തന്റെ
സ്നേഹപുത്രനോടായ്
പരിശുദ്ധ അന്തോനീസേ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ

കുരിശിന്റെ ശക്തിയാൽ നീ
ദുഷ്ടത നീക്കിയോനേ
ദിവ്യവരൻ ശ്ലീഹായേ
മദ്ധ്യസ്ഥനാകണമേ

കഠിനപാപികളെ നീ
മാനസാന്തരം നല്കി
അനുഗ്രഹിച്ച ധന്യനെ
ഞങ്ങൾക്കും വരമേകണെ

വി. അന്തോനീസിനോടുള്ള നൊവേന 'ജീവിക്കുന്ന സുവിശേഷം' അത്ഭുതപ്രവർത്തകനെന്നും പാവങ്ങളുടെ കൂട്ടുകാരനെന്നും അദ്ദേഹം അറിയപ്പെടുന്നു. നഷ്ടപ്പെട്ടുപോയ സാധനങ്ങൾ കണ്ടെടുക്കുവാൻ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message