x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

സീയന്നായിലെ വി. കത്രീനയോടുള്ള നൊവേന

Authored by : Liturgical Commission, Diocese Mananthavady On 10-Jul-2024

സീയന്നായിലെ വി. കത്രീനയോടുള്ള നൊവേന

1347 മാർച്ച് 25-ാം തിയതി ഇറ്റലിയിലെ സിയന്നായിൽ ജെക്കോപ്പ, ലാപ്പബെനിൻകാസാ എന്നിവരുടെ 25-ാമത്തെ മകളായി വി. കത്രീന ഭൂജാതയായി. ബാല്യം മുതൽ തികഞ്ഞ ദൈവവിശ്വാസവും ലൗകിക ജീവിതത്തോട് വിരക്തിയും ഉള്ളവളായിരുന്നു കത്രീന. സമർത്ഥയും ഭക്തയും നിഷ്കളങ്കയുമായി വളർന്നുവന്ന അവൾ ക്രിസ്തുവിനെ തൻ്റെ മണവാളനായി സ്വീകരിച്ചുകൊണ്ട് കന്യകയായി ജീവിക്കുവാൻ ഒരു സ്വകാര്യവ്രതമെടുത്തു. 12-ാമത്തെ വയസ്സിൽ മാതാപിതാക്കൾ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ അവൾ ശക്തമായി അതിനെ എതിർത്തു. മാതാപിതാക്കൾ അവളുടെ മനസ്സു മാറ്റുവാൻ കഠിനമായ ജോലികൾ നല്കിയെങ്കിലും അവളുടെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. എല്ലാദിവസവും അവൾ ദേവാലയത്തിൽ പോവുകയും ദിവ്യബലിയിൽ സംബന്ധിക്കുകയും ദിവ്യകാരുണ്യനാഥനോടൊത്ത് ഏറെസമയം ചിലവഴിക്കുകയും ചെയ്തു. തിരുസഭയ്ക്കും സഭാധികാരികൾക്കും വേണ്ടി അവൾ തീക്ഷ്ണമായി പ്രാർത്ഥിച്ചിരുന്നു. ചെറുപ്പം മുതൽ ഭക്ഷണകാര്യങ്ങളിൽ കടുത്ത നിയന്ത്രണം പാലിച്ചിരുന്നു. മാത്രമല്ല, വിലകുറഞ്ഞ ഉടുപ്പും പരുക്കൻ ശിരോവസ്ത്രവും ഇരുമ്പിന്റെ അരപ്പട്ടയും ധരിക്കുവാനും നിലത്തുകിടന്നുറങ്ങുവാനും അവൾ ശീലിച്ചിരുന്നു. മകളുടെ വിശുദ്ധിയിലും വിശ്വാസത്തിലും മതിപ്പ് തോന്നിയ മാതാപിതാക്കൾ തുടർന്നുള്ള അവളുടെ ജീവിതത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തു.

ശിശുസഹജമായ നിഷ്കളങ്കതയും സ്നേഹവും സൗമ്യമായ പെരുമാറ്റവും മറ്റുള്ളവരിൽ നന്മ മാത്രം കാണുവാനുള്ള അവളുടെ കഴിവും കത്രീനയെ എല്ലാവരുടെയും പ്രിയപ്പെട്ടവളാക്കി. അവളുടെ സാന്നിധ്യവും സഹവാസവും മറ്റുള്ളവർക്ക് ആനന്ദവും ആശ്വാസവും പകരുന്നവയായിരുന്നു.

1365-ൽ 18-ാമത്തെ വയസ്സിൽ കത്രീന ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്ന് സഭാവസ്ത്രം സ്വീകരിച്ചു. അവളുടെ സ്വഭാവവൈശിഷ്ട്യത്തിൽ മതിപ്പുതോന്നിയ സഭാധികാരികൾ സ്വന്തം വീട്ടിൽ തന്നെ ജീവിക്കുവാൻ അനുവാദം കൊടുത്തു. തുടർന്നുള്ള മൂന്നുവർഷം ഏകാന്തതയിലും പ്രാർത്ഥനയിലും ധ്യാനത്തിലും സ്വന്തം പ്രാർത്ഥനമുറിയിൽ അവൾ കഴിഞ്ഞുകൂടി. ഈ കാലയളവിൽ കുമ്പസാരക്കാരനോടല്ലാതെ മറ്റാരോടും അവൾ സംസാരിച്ചിരുന്നില്ല. ദിവസത്തിൽ ഒരിക്കൽ വേവിച്ച പച്ചിലകൾ മാത്രമായിരുന്നു അവളുടെ ഭക്ഷണം. മൂന്നുവർഷത്തെ രഹസ്യജീവിതത്തിനുശേഷം ജീവകാരുണ്യപ്രവർത്തനങ്ങൾ അവൾ ആരംഭിച്ചു. പാവങ്ങളെ സഹായിക്കുക, രോഗികളെ സന്ദർശിക്കുക, അവരെ ശുശ്രൂഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവൾ ഏർപ്പെട്ടു. 1347-ൽ രാജ്യം സാംക്രമിക രോഗങ്ങളുടെ പിടിയിലമർന്നപ്പോൾ അനേകരെ കത്രീന ശുശ്രൂഷിച്ചു. 1375-ൽ പഞ്ചക്ഷതങ്ങൾ നല്കി ഈശോ അവളെ അനുഗ്രഹിച്ചു. ഈ കാലയളവിലാണ് അത്ഭുതകരമായി അവൾ എഴുതുവാനും വായിക്കുവാനും പഠിച്ചത്.

1316-ൽ ഫ്രഞ്ചുകാരനായ 22-ാം യോഹന്നാൻ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ട ഉടൻ പേപ്പൽ ആസ്ഥാനം റോമിൽ നിന്ന് അവിഞ്ഞോണിലേക്ക് മാറ്റിയിരുന്നു. 1370-ൽ പാപ്പാസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനൊന്നാമനോട് റോമിലേക്ക് മടങ്ങുവാൻ കത്രീന ആവശ്യപ്പെടുകയും അവളുടെ ഉപദേശം സ്വീകരിച്ച് മാർപാപ്പ റോമിലേക്ക് മടങ്ങുകയും ചെയ്തു. ഗ്രിഗറി 11-ാമൻ പാപ്പായുടെയും ഉർബൻ ആറാമന്റെയും ഉപദേഷ്ടാവായിരുന്നു കത്രീന.

1378 മുതൽ ഉർബൻ ആറാമൻ മാർപാപ്പയുടെ ഉപദേശപ്രകാരം കത്രീന റോമിൽ താമസം തുടങ്ങി. പ്രാർത്ഥനയിലും ധ്യാനത്തിലും കഴിഞ്ഞിരുന്ന കത്രീന ദിവ്യകാരുണ്യം മാത്രം ഉൾക്കൊണ്ടുകൊണ്ട് മരണം വരെ ജീവിച്ചു. യൂറോപ്പിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്തു. കഠിനമായ പ്രായ്ശ്ചിത്തവും അദ്ധ്വാനവും അവളെ രോഗിയാക്കുകയും 1380 ഏപ്രിൽ 29-ന്, 33-ാമത്തെ വയസ്സിൽ ഭാഗ്യമരണം പ്രാപിക്കുകയും ചെയ്തു.

1461-ൽ 2-ാം പിയൂസ് മാർപാപ്പ കത്രീനയെ വിശുദ്ധയെന്ന് നാമകരണം ചെയ്തു. 1970-ൽ ആറാം പൗലോസ് മാർപാപ്പ വേദപാരംഗതയെന്ന് പ്രഖ്യാപിച്ചു. ആതുരശുശ്രുഷകർ, ജീവകാരുണ്യപ്രവർത്തകർ, വിദ്യാർത്ഥികൾ, പെൺകുട്ടികൾ എന്നിവരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് വി. കത്രീന.

തിരുനാൾ ദിനം : ഏപ്രിൽ 29

പ്രാരംഭഗാനം

വിശുദ്ധ കത്രീനായേ
സിയന്നായിലെ റാണി
പാപികൾ ഞങ്ങൾക്കായി
പ്രാർത്ഥിച്ചിടേണേ നിത്യം

വേദപാരംഗതയായ്
ഐക്യത്തിൻ കാഹളമായ്
സ്വർഗ്ഗത്തിൽ വാഴും തായേ
ഞങ്ങൾക്കായ് പ്രാർത്ഥിക്കേണേ

വിശുദ്ധ...

ജീവിത ഭാരവുമായ്
പാദം തളർന്നിടാതെ
യേശുവിൻ വഴിയിലൂടെ
മുന്നേറാൻ തുണയാകണെ

വിശുദ്ധ...

കാർമ്മി: അത്ഭുതകരമായ വരദാനങ്ങളാൽ വിശുദ്ധരെ അലങ്കരിച്ച ദൈവമേ, ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥയും സംരക്ഷകയുമായി സീയന്നായിലെ വിശുദ്ധ കത്രീനയെ നല്കുവാൻ അങ്ങു തിരുമനസ്സായല്ലോ. വിഷമഘട്ടങ്ങളിൽ തിരുസഭയുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും നവീകരിക്കുവാനുമുള്ള വി. കത്രീനയുടെ പ്രാർത്ഥനകളിലും പ്രവർത്തനങ്ങളിലും അങ്ങ് സംപ്രീതനായതുപോലെ, ഞങ്ങളുടെ ഇടവകയ്ക്കും കുടുംബങ്ങൾക്കും ഞങ്ങൾക്കോരോരുത്തർക്കും വേണ്ടിയുള്ള അവളുടെ പ്രാർത്ഥനയിൽ അങ്ങ് സംപ്രീതനാകണമേ. തിന്മനിറഞ്ഞ ഈ ലോകത്തിൽ ഞങ്ങൾ ജീവിക്കുമ്പോഴും വി. കത്രീനായെപ്പോലെ പാപമാലിന്യങ്ങൾ ഏൽക്കാതെ ജീവിക്കുവാനും ധീരതയോടെ ക്രൈസ്തവസാക്ഷ്യമേകുവാനും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമു: ആമ്മേൻ.

കാർമ്മി: വേദപാരംഗതയും കന്യകയും ഞങ്ങളുടെ മദ്ധ്യസ്ഥയുമായ വി. കത്രീനാ, ഞങ്ങളുടെ അപേക്ഷകൾ ദൈവസന്നിധിയിൽ സമർപ്പിച്ച് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

സമൂ: വിശുദ്ധിയുടെ പാതയിലൂടെ ചരിച്ച് വിജയകിരീടം ചൂടിയ വി. കത്രീനാ ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ ജ്വലിപ്പിക്കണമേ. സഹോദരസ്നേഹത്തിൽ ഞങ്ങളെ വളർത്തണമേ. മിശിഹായെ സദാ ഏറ്റുപറയുവാനും സഭയുടെ പാവനമായ അവകാശങ്ങൾ സംരക്ഷിക്കുവാനും ഞങ്ങളെ സഹായിക്കണമേ.

കാർമ്മി: സ്നേഹപിതാവായ ദൈവമേ (സമൂഹവും ചേർന്ന്)/ ഞങ്ങളങ്ങയെ സ്തുതിക്കുന്നു. ആത്മീയവും ഭൗതികവുമായ / നിരവധി നന്മകളാലും അത്ഭുതവരസിദ്ധികളാലും/ ജീവിതകാലത്തു തന്നെ/ വി. കത്രീനായെ അനുഗ്രഹിക്കുവാൻ തിരുമനസ്സായ അങ്ങ് / ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് / ഞങ്ങൾ വിശ്വസിക്കുന്നു./ ഈശോമിശിഹായിലുള്ള അചഞ്ചലമായ സ്നേഹത്താലും/ സുകൃത സമ്പന്നമായ ജീവിതത്താലും/ അങ്ങേയ്ക്ക് പ്രിയങ്കരിയായിത്തീർന്ന/ വി. കത്രീന വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ/ ദയാപൂർവ്വം സ്വീകരിക്കുകയും/ ഞങ്ങളുടെ അപേക്ഷകൾ സാധിച്ചുതരികയും ചെയ്യണമേ./ വിശ്വാസത്തിനും സന്മാർഗ്ഗത്തിനും എതിരെയുള്ള/ എല്ലാ പ്രതിസന്ധികളും തരണം ചെയ്യുവാനും/ വെല്ലുവിളികളെ നേരിടുവാനും/ സഭയോടൊത്ത്‌ ചിന്തിക്കുവാനും/ നീതിക്കുവേണ്ടി നിലകൊള്ളുവാനും/ ഞങ്ങളെ പ്രാപ്തരാക്കണമേ, ആമ്മേൻ.

സങ്കീർത്തനം (76)

കാർമ്മി: ദൈവമേ, അങ്ങ് മഹത്വപൂർണനാകുന്നു; ശാശ്വതശൈലങ്ങളെക്കാൾ അങ്ങു പ്രതാപവാനാണ്.

സമൂ: ദൈവമേ അങ്ങ് മഹത്വപൂർണനാകുന്നു.

കാർമ്മി: യാക്കോബിന്റെ ദൈവമേ, അങ്ങു ശാസിച്ചപ്പോൾ കുതിരയും കുതിരക്കാരനും ഞടുങ്ങി നിലംപതിച്ചു.

സമൂ: ദൈവമേ അങ്ങ് മഹത്വപൂർണനാകുന്നു.

കാർമ്മി: ആകാശത്തിൽ നിന്ന് അങ്ങ് വിധി പ്രസ്താവിച്ചു. നീതി സ്ഥാപിക്കുവാനും ഭൂമിയിലെ പീഡിതരെ രക്ഷിക്കുവാനുമായി അങ്ങ് എഴുന്നേറ്റു.

സമൂ: ദൈവമേ അങ്ങ് മഹത്വപൂർണനാകുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസാ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. കത്രീനാ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വി. കത്രീനാ, ഈശോയോട് അപേക്ഷിക്കണമേ..

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വി. കത്രീനാ, ഈശോയോട് അപേക്ഷിക്കണമേ..

കാർമ്മി: സാർവ്വത്രിക സഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ................. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ............ മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷൻന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. കത്രീനാ, ഈശോയോട് അപേക്ഷിക്കണമേ..

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ..................മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും

സമൂ: വി. കത്രീനാ, ഈശോയോട് അപേക്ഷിക്കണമേ..

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വി. കത്രീനാ, ഈശോയോട് അപേക്ഷിക്കണമേ..

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വി. കത്രീനാ, ഈശോയോട് അപേക്ഷിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ് )

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി.കത്രീനയുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്‌ദം)

കാർമ്മി: വിശ്വാസപൂർവ്വം തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് ഉത്തരമരുളുന്ന പരമകാരുണികനായ ദൈവമേ, ഞങ്ങളങ്ങയെ സ്തുതിക്കുന്നു. ഇരുളടഞ്ഞ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും അങ്ങയുടെ ദിവ്യ പ്രകാശത്താൽ നിറക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥയും അത്ഭുതപ്രവർത്തകയുമായ വി. കത്രീനയുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ പ്രാർത്ഥനകൾ ശ്രവിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(നിർമ്മലമായൊരു... എന്ന രീതി)

സീയന്നായിലെ നിർമ്മലസൂനമേ
ദാസർക്കാശ്രയമായവളെ
ഭക്തിയൊടെങ്ങും നിൻസുതരിവരിൽ
അനുഗ്രഹപൂമഴ ചൊരിയണമേ

സ്നേഹം നിറയും തവതിരുജീവിതം
ധീരതയോടെന്നും പിന്തുടരാൻ (2)
കൂരിരുൾ തിങ്ങുമീ ജീവിതപാതയിൽ
ദീപമായെന്നും വിളങ്ങുക നീ (2)

നിർമ്മലമായൊരു ജീവിതത്താലെ
മാതൃകയായൊരു സ്നേഹമയീ
തിന്മയകറ്റി നന്മയിൽ വളരാൻ
നിൻകൃപയെന്നും തൂകണമേ

സീയന്നായിലെ........

കാർമ്മി: വേദപാരംഗതയും കന്യകയും (സമൂഹവും ചേർന്ന്)/ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥയുമായ കത്രീന/ ഞങ്ങളങ്ങയെ വണങ്ങുന്നു./ അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയിൽ ശരണപ്പെട്ടുകൊണ്ട്/ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങളുടെ നേരെ/ അങ്ങയുടെ കരുണാർദ്രമായ മുഖം തിരിക്കണമേ./ വിശുദ്ധിയും വിജ്ഞാനവും കൊണ്ട് അലംകതയും/ ദൈവസ്നേഹത്തിന്റെ ജ്വാലയുമായ കത്രീന/ ഞങ്ങൾക്കുവേണ്ടി നിരന്തരം മാദ്ധ്യസ്ഥം വഹിക്കണമേ./ എളിമയുടെയും സ്നേഹത്തിന്റെയും ഉത്തമമാതൃകയായി/ സഹോദരങ്ങൾക്ക് നന്മ ചെയ്തു കൊണ്ട്/ അവരെ ദൈവരാജ്യത്തിനുവേണ്ടി നേടുവാൻ/ അസാധാരണമായ അത്ഭുതസിദ്ധികൾ കരസ്ഥമാക്കിയ അങ്ങ്/ എല്ലാവരുടെയും സന്തോഷവും പ്രതീക്ഷയുമായിരുന്നുവല്ലോ./ അവിടുത്തെ ജ്വലിക്കുന്ന സ്നേഹവും മാദ്ധ്യസ്ഥശക്തിയും ഒരിക്കൽക്കൂടി പ്രകടമാക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ വിശ്വാസവും വിശുദ്ധിയും ദൈവസ്നേഹവും അനുദിനം വർദ്ധിച്ചുവരുവാൻ സഹായിക്കണമേ, ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: സീയന്നായിലെ വി. കത്രിനായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

സമാപനപ്രാർത്ഥന

കാർമ്മി: രോഗികളെ സുഖപ്പെടുത്തുന്നവനും ദുഃഖിതരെ ആശ്വസിപ്പിക്കുന്നവനും പരമകാരുണികനുമായ കർത്താവേ, അങ്ങിൽ അഭയം തേടുന്ന ഈ ദൈവജനത്തെ കരുണാപൂർവ്വം കടാക്ഷിക്കണമേ. വിവിധ രോഗങ്ങളാൽ പീഡിതരായിരിക്കുന്നവർക്ക് ശാന്തിയും സൗഖ്യവും പകരണമേ. കുഞ്ഞുങ്ങളെ നിർമ്മലരായി കാത്തുകൊള്ളണമേ. വിദ്യാർത്ഥീ വിദ്യാർത്ഥിനികളെയും യുവതീയുവാക്കന്മാരെയും പരിശുദ്ധാത്മാവിന്റെ പ്രകാശം നല്കി നേർവഴിയിൽ നടത്തണമേ. ഭാര്യാഭർത്താക്കന്മാരെ നിർമ്മലസ്നേഹത്തിൽ ബന്ധിക്കണമേ. കുടുംബഭദ്രതയെ തകർക്കുന്നതും ഭീതിവളർത്തുന്നതുമായ എല്ലാ നിഷിദ്ധകാര്യങ്ങളിൽ നിന്നും ഈ ദൈവജനത്തെ കാത്തുകൊള്ളണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ ഇപ്പോഴും + എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

(നന്ദിയെഴും നൽസ്തുതികൾ)

നൽവരങ്ങൾ ദാസർക്കെന്നും തൂകിടും
സ്നേഹമെഴും യേശുവിന് പ്രിയസൂനമേ
ഹൃത്തടത്തിൽ നന്ദിയോടെ വന്നിതാ
വാഴ്ത്തുകയായി നന്മ തൂകുമങ്ങയെ

നന്ദിയേകുന്നു നന്ദിയേകുന്നു നിൻപദ
ത്തിലൊന്നുചേർന്നു നന്ദിയേകുന്നു.

സീയന്നായിൽ വിളങ്ങിനി കൊച്ചുറാണിയെ
ഉൾക്കാമ്പിൽ സ്നേഹത്തിൻ സ്തോത്രഗീതമായ് (2)
നിൽക്കുന്നീ ദാസരിൽ കൃപ നീ ചൊരിഞ്ഞിടു
ക്രിസ്തുവിൻ സാക്ഷിയായി വളർന്നിടാൻ (2)

(നന്ദിയേകുന്നു....)

ക്ലേശം നിറഞ്ഞിടുന്ന പാതയൊന്നതിൽ
ഞങ്ങൾക്ക് ദീപമായി തെളിഞ്ഞിടേണമേ (2)
ഞങ്ങൾ തൻ വീടിനും ഞങ്ങൾ തൻ നാടിനും
ഏകുന്ന നന്മയോർത്തിന്നിതാ (2)

(നന്ദിയേകുന്നു... )

സീയന്നായിലെ വി. കത്രീനയോടുള്ള നൊവേന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message