We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024
ഫാത്തിമ മാതാവിനോടുളള നൊവേന
1917 മെയ് 17-ന് പോർച്ചുഗലിലെ ഫാത്തിമ എന്ന സ്ഥലത്ത് ആടുകളെ മേച്ചുകൊണ്ടിരുന്ന ജസീന്ത, ലൂസി, ഫ്രാൻസിസ് എന്നീ കുട്ടികൾക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു. ഒരു ഓക്കുവൃക്ഷത്തിന്റെ ശിഖരങ്ങൾക്കു മുകളിൽ പ്രകാശവലയത്തിനുള്ളിൽ കയ്യിൽ ജപമാലയേന്തി നില്ക്കുന്ന ഒരു സ്ത്രീയേയാണ് കുട്ടികൾ കണ്ടത്. പരിശുദ്ധ മറിയം അവരോട് ഇപ്രകാരം പറഞ്ഞതായി അവർ അറിയിച്ചു. “ഒക്ടോബർ മാസം വരെ ഓരോ മാസത്തിന്റെയും 13-ാം തിയതി നിങ്ങൾ ഇവിടെ വരണം. ദിവസവും ജപമാല ചൊല്ലണം. ഞാനാരാണെന്നും എന്റെ ഉദ്ദേശ്യമെന്താണെന്നും ഞാൻ പിന്നീട് പറയാം. ദൈവമയയ്ക്കുന്ന എല്ലാ വേദനകളും സഹിക്കാൻ തയ്യാറാകണം. ജൂൺ 13-ന് കുട്ടികൾ വീണ്ടും അവിടെയെത്തിയപ്പോൾ കിട്ടിയ സന്ദേശം ഇതായിരുന്നു: “പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും അഭാവത്തിൽ വളരെപ്പേർ നിത്യനരകാഗ്നിക്കിരയാകും. അതിനാൽ വിമലഹൃദയഭക്തി പ്രചരിപ്പിക്കുകയും അതുവഴി നിത്യരക്ഷ ഉറപ്പാക്കുകയും ചെയ്യുക.” ജൂലൈ 13-ന് നല്കിയ ദർശനത്തിൽ നരകത്തിലെ ഭീകരമായ അവസ്ഥയെപ്പറ്റി പരാമർശിക്കുകയുണ്ടായി. ഒക്ടോബർ 13-ന് കിട്ടിയ ദർശനത്തിൽ മാതാവ് കുട്ടികളോട് പറഞ്ഞു, “ഞാൻ ജപമാല നാഥയാണ്. ജീവിതത്തെ നവീകരിക്കുവാനും പാപങ്ങൾക്ക് പരിഹാരം ചെയ്യുവാനുമുള്ള മുന്നറിയിപ്പുമായാണ് ഞാൻ വന്നിരിക്കുന്നത്. നമ്മുടെ കർത്താവിനെ ഇനിയും ദ്രോഹിക്കരുത്."
കുട്ടികൾക്കുണ്ടായ ദർശനങ്ങൾ അനേകായിരങ്ങളെ ഫാത്തിമായിലേക്ക് ആകർഷിച്ചു. ക്രമേണ അതൊരു തീർത്ഥാടനകേന്ദ്രമായി മാറി. അവിടെ വന്ന വിശ്വാസികൾ മാതാവ് കുട്ടികളോട് പറഞ്ഞ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ അവരിൽ പലരുടെയും ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ തന്നെ നടന്നു.
ദർശനം കിട്ടിയ കുട്ടികളിൽ ലൂസി പിന്നീട് സമർപ്പിതജീവിതത്തിൽ പ്രവേശിച്ചു. സിസ്റ്റർ ലൂസിയുടെ ആഗ്രഹപ്രകാരം ഫാത്തിമായിലെ അന്നത്തെ മെത്രാൻ പരിശുദ്ധ അമ്മയുടെ രണ്ട് തിരുസ്വരൂപങ്ങൾ പണിയിച്ച് ഒന്ന് പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും മറ്റേത് കിഴക്കൻ രാജ്യങ്ങളിലേക്കും വണക്കത്തിനായി അയച്ചു. 1947 ഒക്ടോബർ 13-നാണ് തീർത്ഥാടകരൂപങ്ങൾ പ്രയാണമാരംഭിച്ചത്. അങ്ങനെ മാതാവിന്റെ ഫാത്തിമാദർശനം ലോകം മുഴുവനും അറിയപ്പെടാനും പരിശുദ്ധ മറിയം “ഫാത്തിമാ മാതാവ്" എന്ന പേരിൽ വണങ്ങപ്പെടാനും തുടങ്ങി. അതോടൊപ്പം ജപമാലഭക്തി കൂടുതൽ വ്യാപകമാവുകയും ചെയ്തു.
തിരുനാൾ ദിനം : മെയ് 13 |
ഫാത്തിമനാഥേ അമ്മേ
കേഴുന്നു മക്കൾ ഞങ്ങൾ
അമ്മതൻ തനയർക്കായി
കാരുണ്യം വർഷിക്കണേ.
ഫാത്തിമഗ്രാമമത്തിൽ
ആടിനെ മേച്ചിരുന്ന
മൂന്നു സഹോദരർക്കായ്
ദർശനമേകിയോളേ
കദനത്തിൻ ഭാരവുമായ്
കാലടി പുൽകിടുന്നു.
കണ്ണീർ തുടച്ച് തായേ
കനിവു നീ കാട്ടിടേണമേ...
നിൻദിവ്യ സാന്നിദ്ധ്യത്താൽ
ധന്യമീ ആലയത്തിൽ
താഴ്മയായർപ്പിക്കുന്നു
ഞങ്ങളെ പൂർണ്ണമായ്
കാർമ്മി: സ്നേഹപിതാവായ ദൈവമേ, രക്ഷണീയകൃത്യത്തിൽ അവിടുത്തെ ദിവ്യകുമാരന്റെ മാതാവായി പരി. കന്യകാമറിയത്തെ അവിടുന്നു തിരഞ്ഞെടുത്തുവല്ലോ. പരി.അമ്മയെ ഞങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായി നല്കിയനുഗ്രഹിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഫാത്തിമായിൽ കുട്ടികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ജപമാലയുടെ പ്രാധാന്യം ലോകത്തിന് മനസ്സിലാക്കിത്തന്ന ഫാത്തിമമാതാവിന്റെ പ്രത്യേക മദ്ധ്യസ്ഥതയിലൂടെ ഞങ്ങൾ സമർപ്പിക്കുന്ന ഈ നൊവേനയെ അവിടുന്ന് സ്വീകരിച്ചനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: അമലോത്ഭവയായ മാതാവേ (സമൂഹവും ചേർന്ന്)/ മാധുര്യവും കരുണയും നിറഞ്ഞ അമ്മേ /അങ്ങയെ ഞങ്ങളുടെ അമ്മയും നാഥയും സംരക്ഷകയുമായി ഞങ്ങൾ ഏറ്റുപറയുന്നു. /സ്നേഹം നിറഞ്ഞ അമ്മേ/ ഞങ്ങളുടെ കുടുംബങ്ങളെ സകലവിധ ആപത്തുകളിൽ നിന്നും, രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ./ ഓ മറിയമേ, ഞങ്ങളുടെ ഭവനത്തിൽ പാർക്കുന്ന എല്ലാവർക്കും അങ്ങയുടെ മാദ്ധ്യസ്ഥം ഉണ്ടാകണമേ./ പെട്ടെന്നുള്ള മരണത്തിൽ നിന്നും ശാരീരികവും ആത്മീയവുമായ സകല അപകടങ്ങളിൽ നിന്നും/ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യണമേ./ പ്രാർത്ഥനയിലൂടെയും ജപമാലയിലൂടെയും പ്രസാദവരത്തിൽ ജീവിക്കുന്നതിനുള്ള വരം അവിടുത്തെ തിരുക്കുമാരനിൽ നിന്നും ഞങ്ങൾക്ക് വാങ്ങിത്തരേണമേ, ആമ്മേൻ.
കാർമ്മി: എന്റെ ആത്മാവു കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
സമൂ: അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും.
കാർമ്മി: ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്.
സമൂ: അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാറോസൂസാ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി പരിശുദ്ധ ഫാത്തിമാ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കാം.
സമൂ: പരിശുദ്ധ ഫാത്തിമമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: പരിശുദ്ധ ഫാത്തിമാ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ................... പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ...................... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: പരിശുദ്ധ ഫാത്തിമാ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ............... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും
സമൂ: പരിശുദ്ധ ഫാത്തിമാമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: പരിശുദ്ധ ഫാത്തിമാ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരാനും,
സമൂ: പരിശുദ്ധ ഫാത്തിമാമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ പരിശുദ്ധ ഫാത്തിമമാതാവിന്റെ മാധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ട് പ്രാർത്ഥനയുടെയും ജപമാലയുടെയും പ്രാധാന്യം ലോകത്തെ അറിയിച്ച പരിശുദ്ധ അമ്മേ, ഞങ്ങളുടെ യാചനകളെയും ദൈവത്തിന് സമർപ്പിക്കണമേ. സ്നേഹപിതാവായ ദൈവമേ, ഞങ്ങളുടെ ഈ പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങളെ തൃക്കൺപാർക്കണമേ. രോഗികളെയും ആകുലരെയും ആശ്വസിപ്പിക്കണമേ. സാമ്പത്തികഞെരുക്കങ്ങളിൽ വിഷമിക്കുന്നവരെ സഹായിക്കുണമേ. പരി.അമ്മയുടെ ജീവിതത്തിലെ പുണ്യമാതൃകകൾ ഞങ്ങളും പിന്തുടരാൻ ഇടയാക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
നന്മ നിറഞ്ഞവൾ മേരി
പൂർണ്ണലാവണ്യധാമമാം റാണി
സൂര്യനവൾക്കു വസനം
ചന്ദ്രൻ സുന്ദര പാദോപദാനം
പന്ത്രണ്ടു നക്ഷത്രമല്ലോ
റാണിക്കുന്നതമാകും കിരീടം
പാപക്കറ നിന്നിലില്ലാ
അമ്മേ ഞങ്ങൾക്കഭയം മറ്റില്ല
പാപത്തിൽ നിന്നുമകറ്റി
നിത്യം ആപത്തിൽ നിന്നും രക്ഷിക്ക
നേർവഴി തന്നിൽ നടത്താൻ
അമ്മേ കാരുണ്യപൂർവ്വം തുണയ്ക്ക
കാർമ്മി: ജന്മപാപമില്ലാതെ ഉത്ഭവിച്ചവളും (സമൂഹവും ചേർന്ന്)/ ദൈവകൃപ നിറഞ്ഞവളുമായ നന്മ നിറഞ്ഞ മറിയമേ/ പാപികളുടെ സങ്കേതവും ദുഃഖിതരുടെ ആശ്വാസവും ആശയറ്റവരുടെ പ്രതീക്ഷയുമായ അമ്മേ/ ഇപ്പോൾ തിരുസന്നിധിയിൽ നില്ക്കുന്ന ഞങ്ങളെ കനിവോടെ കടാക്ഷിക്കണമേയെന്ന്/ കണ്ണീരോടെ ഞങ്ങളപേക്ഷിക്കുന്നു./ ഞങ്ങളുടെ സകലപ്രതീക്ഷകളും അമ്മയിൽ അർപ്പിക്കുന്നു./ കാനായിലെ കല്യാണവിരുന്നിൽ/ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ അത്ഭുതം പ്രവർത്തിച്ചതുപോലെ/ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം സംഭവിക്കുവാൻ/ അമ്മ മദ്ധ്യസ്ഥത വഹിക്കണമേ./ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങൾ/ ഈശോയിൽ നിന്ന് നേടിയെടുക്കുന്നതിന്/ അമ്മയുടെ പ്രത്യേകസഹായം ഞങ്ങൾക്കു നല്കണമേ./ ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
സമൂ: പരിശുദ്ധ ഫാത്തിമാ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: നമ്മുടെ സ്വർഗ്ഗീയമദ്ധ്യസ്ഥയായ ഫാത്തിമനാഥയോടുള്ള നിസ്സീമമായ സ്നേഹത്താൽ പിതാവായ ദൈവം നമ്മോട് കരുണ കാണിക്കുകയും ആ നാഥയുടെ മദ്ധ്യസ്ഥത വഴിയായി നമ്മുടെ യാചനകളെല്ലാം സാധിച്ചുകിട്ടുന്നതിന് കൃപചൊരിയുകയും ചെയ്യട്ടെ. ഇവിടെ വന്ന് പ്രാർത്ഥനയിൽ സംബന്ധിച്ച് നിങ്ങളുടെ ജീവിതവഴികളെ അവിടുന്ന് പ്രകാശപൂർണ്ണമാക്കുകയും നിങ്ങളെ സംരക്ഷിക്കുവാൻ തന്റെ പരിശുദ്ധ ദൂതന്മാരെ നിയോഗിക്കുകയും ആത്മീയവും ഭൗതികവുമായ നന്മകളാൽ നിങ്ങളെ നിറയ്ക്കുകയും ചെയ്യട്ടെ. പരിശുദ്ധ മറിയത്തെ തന്റെ പുത്രന്റെ അമ്മയായി തിരഞ്ഞെടുത്ത പിതാവായ ദൈവത്തിന്റെ സ്നേഹവും, സ്വന്തം അമ്മയെ നമുക്ക് മാതാവായി നല്കിയ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പരിശുദ്ധ അമ്മയിൽ നിറഞ്ഞ് അവളിലൂടെ ഇന്നും പ്രവർത്തനനിരതനായ പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും+ എപ്പോഴും+ എന്നേക്കും+
സമൂ: ആമ്മേൻ.
സമാപനഗാനം
ഫാത്തിമാ മാതാവേ നിർമ്മലമാതാവേ
മാധ്യസ്ഥം തേടുമീ മക്കളെ നീ
തവതിരുസുതനുടെ ചേവടിയിൽ
ചേർത്തു നീ ഞങ്ങളെ അനുഗ്രഹിക്കൂ
ആവേ മരിയ ആവേ മരിയ
ആവേ മരിയ ആവേ മരിയ
novena-to-our-lady-of-fatima ജസീന്ത ലൂസി ഫ്രാൻസിസ് മെയ് 13 ഫാത്തിമ മാതാവിനോടുളള നൊവേന തിരുനാൾ ദിനം : മെയ് 13 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206